Monday, December 29, 2008

പന്തിയിലെ പക്ഷഭേദം

ഞങ്ങളുടെ നാട്ടിലെ പ്രധാന ആല്‍കഹോളിക് ആണു കപ്പല്‍ വാസു. കപ്പല്‍ എന്നു വെച്ചാല്‍ എപ്പോഴും വെള്ളത്തിന്റെ പുറത്ത് കിടക്കുന്ന സാധനമാണല്ലോ. അതു പോലെ വാസുകപ്പലും എല്ലാ ദിവസവും വെള്ളത്തിലായിരിക്കും. മെലിഞ്ഞ് നീണ്ട ശരീരം, ഒരു ബനിയനും ചെറിയൊരു കള്ളി ലുങ്കിയുമാണു കോസ്റ്റ്യുംസ്. ഇപ്പോഴത്തെ ആണ്‍പിള്ളേരും പെണ്‍പിള്ളേരും കുട്ടിഷര്‍ട്ടും ലോവെയിസ്റ്റ് പാന്റുമിട്ട് അണ്ടര്‍വെയറിന്റെ മുകളറ്റം കാണിക്കുന്നത് പോലെ കപ്പല്‍ ലുങ്കി മാടിക്കുത്തി അണ്ടര്‍വെയറിന്റെ കീഴറ്റം കാണിക്കും. അതാണു കപ്പല്‍ വാസു. വെരി ഫാഷനബിള്‍.

തെങ്ങു കയറ്റമാണു തൊഴില്‍. ദിവസവും കള്ളു കുടിക്കാനാവശ്യമായ തുകയ്ക്ക് മാത്രം പണിയെടുക്കും. അതു കിട്ടിക്കഴിഞ്ഞാല്‍ നേരെ അരയാല്‍ത്തറയ്ക്കു സമീപമുള്ള ഷാപ്പിലേക്ക് പോകും. പിന്നെ തിരിച്ചു വീട്ടിലേക്ക് വരുന്നത് രാത്രി എട്ടു മണിയോടെയാണു. അതൊരു വരവു തന്നെയാണു. നാട്ടുകാരേയും രാഷ്ട്രീയക്കാരേയും മുഴുവന്‍ തെറി പറഞ്ഞു റോഡിന്റെ വീതിയളന്നു ഇടയ്ക്ക് വീണു, വീട്ടില്‍ എത്തിയാല്‍ എത്തി. എത്തിയില്ലേലും വലിയ പ്രശ്നമില്ല. അവിടെ കാത്തു നില്ക്കാനൊന്നും ആരുമില്ല. അച്ഛനുമമ്മയും, പിന്നെ രണ്ട് അനിയന്മാരും ഒരു കൊച്ചു വീടുമാണുള്ളത്. അച്ഛനും അനിയന്മാരുമൊക്കെ ജോലിക്കു പോകുന്നവരാണു. കപ്പല്‍ ചെല്ലുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിരിക്കും. പിന്നെ അമ്മയെ വിളിച്ചുണര്‍ത്തി ഉള്ളത് എന്തെങ്കിലും കഴിച്ച് കോലായില്‍ വന്നു കിടക്കും. നോ ഡിസ്റ്റര്‍ബന്‍സ് ടു എനിബഡി.

പത്തു മുപ്പത്തിയെട്ട് വയസ്സായിട്ടും കല്ല്യാണം കഴിച്ചിട്ടില്ല. അതു കൊണ്ട് ഭാര്യയില്ല, ഭാര്യയില്ലാത്തത് കൊണ്ട് സ്റ്റെപ്പിനിയില്ല, മക്കളില്ല, ലോണില്ല, ടെന്‍ഷനില്ല, കുറിയില്ല, ഫണ്ടില്ല. കള്ളു കുടിക്കുന്നത് കൊണ്ട് ഷുഗറില്ല, കൊളസ്ട്രോളില്ല, പ്രഷറില്ല, ബുദ്ധിക്കൊരു കുഴപ്പവുമില്ല. പണിയെടുക്കുക, മാക്സിമം കള്ളു കുടിക്കുക ഇങ്ങനെയുള്ള ഹമ്പിള്‍ അംബിഷന്‍സ് മാത്രമേയുള്ളു. മാതൃകാപരമായ ലളിത ജീവിതം. എത്ര വെള്ളമടിച്ചാലും ഇന്നേ വരെ ആരോടും അടിയുണ്ടാക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്തിട്ടില്ല. കള്ളു കുടിക്കാത്തപ്പോള്‍ ഒരാളോടും മിണ്ടുകയില്ല. ഫുള്‍ ഗൌരവം. പക്ഷേ വെള്ളമടിച്ചു വരുമ്പോള്‍ മൂപ്പര്‍ നല്ല ലോഹ്യമായിരിക്കും.

നല്ല ഫിറ്റ് ആയാല്‍ ചിലരുടെ ഉള്ളിലുള്ള സര്‍ഗവാസന പുറത്തു വരുന്നത്പോലെ കപ്പലിനും ഒരു എക്സ്ട്രാ കരികുലര്‍ ആക്റ്റിവിറ്റി ഉണ്ട്. അതു കഥാപ്രസംഗമാണു. മൂപ്പരുടെ കഥാപ്രസംഗം മദ്യസാഹിത്യ ലോകത്തിനു ഒരു വലിയ സംഭാവനയാണു. ഇടതു കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് ചപ്ലാംകട്ടയ്ക്കു പകരം കൈവിരല്‍കൊണ്ട് ടപ് ടപ് എന്നു ശബ്ദമുണ്ടാക്കി, ബാലന്‍സ് തെറ്റി ആടിയാടി, “ഞങ്ങളാരംഭിക്കട്ടെ… കഥ തുടങ്ങുകയാണു… ലാ.. ലാ... ലാ.... ദാ... അങ്ങോട്ട് നോക്കൂ...” ഇങ്ങനെ ഒരു അലക്കാണു. പക്ഷേ ഒരിക്കലും കഥാപ്രസംഗം അവസാനിക്കാറില്ല. അതിനു മുന്‍പേ മൂപ്പര്‍ സൈഡാകും.

കല്യാണ വീട്ടില്‍ കപ്പലുണ്ടെങ്കില്‍ ആളുമുണ്ടാകും; പണിയും വേഗം തീരും. പ്രഥമന്റെ തേങ്ങാപ്പാലൊക്കെ പൈപ്പ് പൊട്ടിയതു പോലെ നിറയും. ചിരിച്ച് ചിരിച്ച് നേരം പോകുന്നതറിയില്ല. പെട്രോള്‍ തീരാറാവുമ്പോള്‍ ഇടയ്ക്കിടയ്ക്ക് അബ്കാരിയുടെ ചാര്‍ജ്ജുള്ളവന് ഒഴിച്ചു കൊടുക്കണമെന്നു മാത്രം. ഇന്ധനം നിറയ്ക്കുന്നതിനനുസരിച്ച് കഥാപ്രസംഗവും ഗംഭീരമാവും.

ഒരിക്കല്‍ ഒരു കല്ലാണ വീട്ടില്‍വെച്ച് കപ്പല്‍ കഥാപ്രസംഗവുമായി തകര്‍ത്തു വാരുകയാണു. ചുറ്റും പതിവുപോലെ നല്ല ആള്‍ക്കൂട്ടവുമുണ്ട്. ഇടയ്ക്ക് മൂപ്പര്‍ പറച്ചില്‍ നിര്‍ത്തി ഒരു ചോദ്യം ചോദിച്ചു. ''കഥ എങ്ങനെ കൊണ്ടു പോകും...? ''

കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു ''കഥ നമുക്ക് ചുമലില്‍ വെച്ച് കൊണ്ടു പോകാം വാസ്വേട്ടാ..'' കൂട്ടച്ചിരിയില്‍ പന്തല് പോലും പറന്നുപോയി.

ഒരു തിരുവോണ ദിവസം കപ്പല്‍ രാവിലെ തന്നെ ഷാപ്പില്‍ പോയി അടിച്ചു നല്ല ഫിറ്റായി. അന്ന് അവിടെ കിടന്നുറങ്ങി എന്‍ജോയ് ചെയ്യാമെന്നാണു മൂപ്പര്‍ വിചാരിച്ചിരുന്നത്. പക്ഷേ ടൌണില്‍ നിന്നും വാട്ടര്‍ടാങ്ക് പോലത്തെ ചെറുപ്പക്കാര്‍ വന്നു സാധനം കുടിച്ചു തീര്‍ത്തതിനാല്‍ ഷാപ്പ് നേരത്തെ അടച്ചു. കപ്പല്‍ ''പാന്റിട്ടു വന്നവന്മാരു മുഴുവനും തീര്‍ത്തു. നമ്മക്കൊന്നും കിട്ടീല്ല..'' എന്നൊക്കെ വിളിച്ചു പറഞ്ഞു പെന്ഡുലം പോലെ ആടിക്കൊണ്ട് ഉച്ചനേരത്ത് വീട്ടിലെത്തി.

അവിടെ എത്തിയപ്പോ അച്ഛനും അനിയന്മാരും സദ്യ കഴിക്കാന്‍ ഇരിക്കുകയാണു. കപ്പലും കൈ കഴുകി ഒരു പലകയെടുത്ത് അവരുടെ കൂടെ കുത്തിയിരുന്നു. ഇരുന്നപ്പോഴാണു കലശലായ മൂത്രശങ്ക തോന്നിയത്. അപ്പോഴേക്കും അമ്മ പ്ലേറ്റു മുന്നില്‍ വെച്ച് ചോറു വിളമ്പാന്‍ തുടങ്ങി. ഇനി ഏതായാലും ചോറു തിന്നിട്ട് മൂത്രം ഒഴിക്കാമെന്നു കരുതി പിടിച്ചു നിന്നു. കുറച്ച് കഴിഞ്ഞപ്പൊള്‍ എന്തോ നല്ല ആശ്വാസം തോന്നി.

എല്ലാവരും കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പല്‍ വളരെ സങ്കടത്തില് താണുപോയ തല പൊക്കിപ്പിടിച്ച്, ''അമ്മേ.. ആമ്മേ…. ഓണായിറ്റ്... വാസൂനു കഞ്ഞിയും.. ബാക്കി എല്ലാര്‍ക്കും.. ചോറ്വാ... ല്ലേ?''

Wednesday, December 17, 2008

കടല്‍ കൌതുകങ്ങള്‍

പ്രണയിനിയുടെ കരിനീല കണ്ണുകള്‍ പോലെ ഒരിക്കലും കണ്ടു മതിയാവാത്തതാണ് കടല്‍. ഒരേ സമയം കാമുകിയും അമ്മയുമാണു കടല്‍. നാമേത് അവസ്ഥയിലാണെന്നു അതു തെളിയിച്ചു തരുന്നു. കരഞ്ഞു സങ്കടപ്പെട്ട് വരുന്ന കുട്ടിക്ക് അമ്മയുടെ മടിത്തട്ട് എന്ന പോലെ കടല്‍ എപ്പോഴും നിറയെ സാന്ത്വനവും സ്നേഹവും നല്‍കി ആശ്വസിപ്പിക്കുന്നു. കാമുകിയെപ്പോലെ കരുത്തും ഊര്‍ജ്ജവും പകരുന്നു.

ജീവിതത്തിലെ നിര്‍ണ്ണായക പ്രതിസന്ധികളില്‍ പരശ്ശതം സന്ദേഹങ്ങള്‍ക്ക് ആശ്വാസമേകി ആ മാതൃഭാവം എത്രയോ തവണ എനിക്ക് സാന്ത്വനമേകിയിട്ടുണ്ട്. ഉള്ളില്‍ കനം വെച്ച് നീറിനോവിക്കുന്ന ചിന്തകളുമായി മനസ്സിന്റെ സന്തുലിതാവസ്ഥയുടെ അങ്ങേയറ്റത്ത് ഒരാശ്വാസം തേടി വെള്ളായിയപ്പന്‍ പാഥേയം സമര്‍പ്പിച്ച ആ കടല്‍ത്തീരത്ത് ഏറെ നാളുകള്‍ ഞാന്‍ അലഞ്ഞിരുന്നു.

മോഹിക്കാന്‍ മാത്രം കഴിയുന്ന സുന്ദരിയെ ദൂരെ നിന്നു കണ്ട് സംതൃപ്തിയടയുന്നത് പോലെ കടലിനെ അകലെ നിന്നു കാണുന്നതാണു ഇഷ്ടം. പയ്യാമ്പലം തീരത്തെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും അനേക സമയം ചെലവഴിക്കും. കടലിന്റെ സംഗീതം കേട്ടും, തീരങ്ങളിലത് നീണ്ടുവിടര്‍ന്ന കൈകളാലെന്തിനോ പരതി നിരാശയോടെ തിരിച്ചു പോകുന്നതും നോക്കി നില്‍ക്കും.

കടലിന്റെ രാത്രി സൌന്ദര്യത്തെപ്പറ്റി സഹൃദയനായ ഒരു സുഹൃത്താണു ഒരിക്കല്‍ പറഞ്ഞത്. അതില്‍ പിന്നെ രാത്രികളിലും നിത്യ സന്ദര്‍ശകനായി. പകലും രാത്രിയും കടര്‍ശ ഒരു പോലെ മനോഹരി തന്നെ. പകര്‍ശ ദൃശ്യസമ്പന്നമെങ്കില്‍ രാവില്‍ സാരംഗി വാദനം. മലര്‍ന്നു കിടന്നു നക്ഷത്രങ്ങളേയും നോക്കി തിരമാലകളുടെ മേളപ്പെരുക്കങ്ങളില്‍ സ്വയമലിഞ്ഞങ്ങനെ എത്രയോ രാവുകള്‍!

മറീന, കന്യാകുമാരി, കോവളം, കൊച്ചി, കോഴിക്കോട്, മുഴപ്പിലങ്ങാട്, പയ്യാമ്പലം, ബേക്കല്‍ ഇങ്ങനെ കടല്‍ത്തീരങ്ങളില്‍ നിന്നുമുള്ള അവാച്യമായ അനുഭൂതികള്‍ക്ക് പുറമേ വ്യതിര്യക്തങ്ങളായ അനുഭവങ്ങളും അനവധി. അവയില്‍ ചിലത് പരസ്പരം മത്സരിച്ച് ഓടി മുന്നിലെത്തുന്നു; തിരമാലകളെന്ന പോലെ.

കോവളം ബീച്ചില്‍ കച്ചവട കാഴ്ചകളാണു കൂടുതല്‍. നാട്ടുകാരേക്കാള്‍ അല്പ വസ്ത്രധാരികളായ വിദേശികളും. വെറുതെ ചുറ്റിത്തിരിയുമ്പോഴാണു ആ കാഴ്ച കണ്ടത്. തിരക്കില്‍ നിന്നകന്ന് സ്വര്‍ണ്ണത്തലമുടിയുള്ള അതിസുന്ദരിയായ ഒരു യുവതി കമിഴ്ത്തി വെച്ച വീണ പോലെ പൂഴിയില്‍ കിടക്കുന്നു. നഗ്നമായ മാറിടം കുഴികുത്തി മൂടിയിരിക്കുകയാണു. പുറവടിവില്‍ നിന്നുയര്‍ന്നു നില്ക്കുന്നത് ഒരു ടവ്വല്‍ കൊണ്ട് മറച്ചിരിക്കുന്നു. നേരെ മുന്നിലായി അല്‍പ്പമകലെ ഒരു തോണിയുടെ മറപറ്റി കുറേപേര്‍ അവള്‍ എഴുന്നേല്ക്കുന്നത് കാത്തിരിക്കുന്നു. തല പൊക്കുമ്പോള്‍ കുഴിച്ചിട്ടിരിക്കുന്നതിന്റെ എന്തെങ്കിലും ഭാഗം കാണാതിരിക്കില്ലല്ലോ!

കിലോമീറ്ററുകളോളം നീളത്തില്‍ വെണ്മണല്‍ വിരിച്ചു നില്‍ക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍-ബീച്ച് ആണു. മറ്റു സ്ഥലങ്ങളില്‍ കലിതുള്ളി സംഹാര രൂപിണിയായി ആര്‍ത്തലക്കുന്ന കടല്‍ ഇവിടെ നാണംകുണുങ്ങിയൊഴുകുന്ന ഒരു പുഴ പോല് ശാന്തനിശബ്ദയാണു. പട്ടുപാവാടയുടുത്ത് പഞ്ചാരമണലിനെ തഴുകി നടക്കുന്ന കൌമാരക്കാരിയെപ്പോലെ കടല്‍ കുഞ്ഞലകളിളക്കി അലസമായൊതുങ്ങി നില്‍ക്കുന്നു. അവളെ ഉമ്മവെക്കാനായി കതിരവന്‍ തന്റെ പ്രണയശോണിമയാര്‍ന്ന മുഖം താഴ്ത്തുന്നു.

ഡ്രൈവിങ്ങ് പഠിപ്പിച്ചു തരുമോ എന്ന കൂട്ടുകാരിയുടെ ആഗ്രഹ പ്രകാരമാണു സായന്തനത്തില്‍ അവളേയും കൂട്ടി കാറില്‍ അവിടേക്ക് പോയത്. കറുത്ത ഗ്ലാസുകള്‍ മറതീര്‍ത്ത കാറിനുള്ളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. സ്റ്റീയറിംഗിലും ഗിയര്‍ ലിവറിലും എന്റെ കൈകള്‍ അവളുടെ സുന്ദരമായ നീണ്ടു മെലിഞ്ഞ കൈകളെ പലവട്ടം തൊട്ടുരുമ്മി. അവളില്‍ നിന്നുമുയര്‍ന്ന സ്ത്രീ ഗന്ധം എന്നില്‍ അശുഭ വിചാരങ്ങള്‍ക്ക് മുളയേകി. അരക്കെട്ടിന്റെ വിളികള്‍ക്ക് കരുത്ത് കൂടുതലായിരുന്നു. ഒരു ഞൊടിയിട അറിയാതെ കൈകളെ സ്പര്‍ശിച്ചകന്ന മാറിടത്തിലെ പൂമൊട്ടുകള്‍ സഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും അറുത്തുമാറ്റി. ഞാന്‍ ഹാന്‍ഡ് ബ്രേക്ക് പിടിച്ച് വണ്ടിനിര്‍ത്തി. ഇടത്തു കൈയ്യാലവളുടെ കൈപിടിച്ച്, വലത് തോളിലൂടെ കൈയ്യിട്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ആ മുഖം എന്റെ നേര്‍ക്കടുപ്പിച്ച് പരമ കോടിയിലെത്തിയ ഹ്രുദയ താളത്തില്‍ ഉമിനീര്‍ വറ്റി പരുത്ത ശബ്ധത്തില്‍ അവളുടെ നീള്‍മിഴികളിലേക്ക് നോക്കി വിറയലോടെ ചോദിച്ചു.

''നിനക്ക് … നിനക്കൊന്നും തോന്നുന്നില്ലേ….?''
എന്റെ കണ്ണുകളില്‍ കണ്ണുകള്‍ ചേര്‍ത്ത് നിശ്ചലയായി അവള്‍ പറഞ്ഞു.
''ഇല്ല; എനിക്കൊന്നും തോന്നുന്നില്ല.''

ആകാശത്തോളമുയര്‍ന്ന പൌരുഷഗോപുരങ്ങള്‍ തകര്‍ന്ന് ഞാന്‍ വെറുമൊരു കീടമായി നിലം പതിക്കെ, കടല്‍ അതിന്റെ ഏറ്റവും സുന്ദരവും വശ്യവുമായ നിശാഭാവത്തിലേക്ക് കടക്കുകയായിരുന്നു.

ഓരോ നിമിഷവും ഓരോ ശ്വാസത്തിലും എന്റെയുള്ളില്‍ നിറഞ്ഞു നിന്നിരുന്ന മുഖം സ്വന്തമായെന്നഹങ്കരിച്ച നാളുകളൊന്നില്‍ കൂട്ടുകാരൊത്ത് ഒരു വൈകുന്നേരം ഞാന്‍ ബേക്കല്‍ തീരത്തെത്തി. തീരത്തെ പൂഴി മണലില്‍ അവളുടെ പേരു ഞാന് വെറുതെ കൈവിരലാല്‍ എഴുതിവെച്ചു. ഒരു ചെറുതിര വന്നു അതു മായ്ച്ചു കളഞ്ഞപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. കുറച്ച് ദൂരെ വീണ്ടും ഞാനാ പേരു കുറിച്ചു. ഒരു തിരമാലയില്‍ അതും ഒഴുകിപ്പോയി. പിന്നെയും രണ്ട് പ്രാവശ്യം അതെല്ലാം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വാശിയായി. ഒരിക്കലും തിര കയറിവരാത്തത്ര ദൂരത്ത് ആ പേരു വീണ്ടുമെഴുതി. അത്ഭുതപ്പെടുത്തി ഒരു കനത്ത തിര അതും കൊണ്ടുപോയി. കുറച്ച് നാളുകള്‍ക്ക് ശേഷം തിര പോലെ അവളും എന്നില്‍ നിന്നും തിരിച്ചൊഴുകിപ്പോയി.

ശേഷം അധമവഴികളിലേക്കെന്റെ ജീവിതദിശ മാറ്റിവിട്ട കൊടുങ്കാറ്റിന്റെ വരവറിയിച്ച ആ കടല്ത്തീരത്തേക്ക് പിന്നീടൊരിക്കലും പോകാന്‍ തോന്നാത്തതെന്തേ?

അപ്രതീക്ഷിത തിരകളില്‍പ്പെട്ട് കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ ഊര്‍ന്നു പോയി ജീവിത നടന കാഴ്ചകളില്‍ സ്വയം അന്ധനായി മാറുമ്പോള് ഒരു നാള് തീര്ച്ചയായും ഞാന്‍ കടല്‍കാഴ്ച്ചകള്‍ കാണാന്‍ പോകും; അവസാനമായി. എല്ലാ വ്യാകുലതകളേയും ഒരു കുളിര്‍ക്കാറ്റിനാലെന്ന പോലെ തഴുകിയെടുത്ത് തന്റെ അജ്ഞാത സ്നേഹതീരങ്ങളിലേക്ക് ആലിംഗനം ചെയ്തു കൊണ്ടുപോകുന്ന ആ നിത്യ പ്രണയിനി തന്റെ ആയിരം കൈകളാല്‍ എന്നെയും സ്വീകരിക്കുമായിരിക്കും. തീര്‍ച്ച.

Wednesday, December 10, 2008

കൊംപിയുടെ ചില വിശേഷങ്ങള്‍

ഞങ്ങളുടെ ആഫീസിലെ കാഷ്വല്‍ സ്വീപ്പറാണു ദിനേശന്‍. ആറടി പൊക്കം, കുറ്റി മുടി, രണ്ടായിരം വാട്ട്സ് ശബ്ദം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു കേള്‍ക്കുന്ന ഇടിവെട്ടു പോലെയുള്ള ചിരി. എപ്പോഴും ചളിയും കരിയും പിടിച്ച് കറുപ്പ് കളറിലുള്ള ഒരു പാന്റും ഷര്‍ട്ടുമായിരിക്കും വേഷം. ഒരിക്കല്‍ ആഫീസിലെ രസികന്മാര്‍ ദിനേശനോട് കടയില്‍ പോയി ഒരു വെള്ള കിറ്റ്കാറ്റ് വാങ്ങിക്കാന്‍ പറഞ്ഞു. പാവം ദിനേശന്‍!! സകല കടകളിലും കയറിയിറങ്ങി നിരാശനായി മടങ്ങി. എവിടെയോ ഒരു ചെറിയ നട്ട് ലൂസായിപ്പോയി. അത്രയേ ഉള്ളു. ഒരു ഐ.എസ്.ഒ. ടൂ തൌസന്റ് പൊട്ടന്‍. കക്ഷിയുടേതായി ഒട്ടേറെ തമാശകള്‍ പ്രചാരത്തിലുണ്ട്. അതില്‍ ചില സാമ്പിള്‍സ്.

ഒരു ദിവസം ഞങ്ങള്‍ പത്രം വായിക്കുകയായിരുന്നു. ദിനേശനും കൂടെയുണ്ട്. സ്പോര്ട്സ് പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് ഉണ്ടായിരുന്നു. ''ഹംപി മുന്നേറുന്നു.'' ചെസ്സ് കളിക്കാരിയായ കൊനേരു ഹംപിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അതു വായിച്ച ദിനേശന്‍ പറഞ്ഞു. ''ഹംപി..? ഓ… ഇംഗ്ലീഷ് ഫുട്ബാള്‍ ടീമാണല്ലേ..'' ചിരിയടക്കാന്‍ ഞങ്ങള്‍ക്ക് മരുന്നു കഴിക്കേണ്ടി വന്നു. അങ്ങനെയാണു ദിനേശന് കൊംപി എന്ന പേരു വീണത്.

ആഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. മുപ്പത് വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നാണു നിബന്ധന. ദിനേശനും അപേക്ഷിക്കണമെന്നുണ്ട്. പക്ഷേ വയസ്സ് മുപ്പതിലധികമായി. എന്തെങ്കിലും ഇളവു കിട്ടുമോ എന്നറിയാന്‍ കക്ഷി മനേജരെ പോയി കണ്ടു. മാനേജര്‍ പറഞ്ഞു. ''ദിനേശാ നിങ്ങള്‍ക്ക് വയസ്സ് നാല്‍പ്പത് ആയല്ലോ. മുപ്പത് വയസ്സുള്ളയാളെയേ എടുക്കാന്‍ സാധിക്കൂ..'' കൊംപി ഉടന്‍ വളരെ നിഷ്കളങ്കമായി, ''വയസ്സു കൂടിപ്പോയത് എന്റെ തെറ്റല്ലല്ലോ സാര്‍''.


ഒരു ദിവസം രാവിലെ കൊംപി ഗാഡനില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. മൂപ്പരെ ഒന്നു ചെണ്ട കൊട്ടിക്കണമെന്ന് അതിലേ പോവുകയായിരുന്ന സുരേഷിനു തോന്നി. അവന്‍ കൊംപിയോട് പറഞ്ഞു , ''ദിനേശാട്ടാ, ഇവിടെ ഹോര്‍ലിക്സ് ചെടിയില്ലേ''

''ഇല്ലാന്നു തോന്നുന്നു..'' കൊംപി മറുപടി പറഞ്ഞു.
''എന്നാ മാനേജരോട് പറഞ്ഞിട്ട് കുറേ നല്ല ഹോര്‍ലിക്സ് ചെടികള്‍ വാങ്ങി നടൂ, അതു നല്ല പൂക്കളുണ്ടാവുന്ന ചെടിയാണു.''

കൊംപി ഉടനെ ചാടിപ്പോയി മാനേജരോട് പറഞ്ഞു. ''സാര്‍ നമ്മക്ക് കൊറേ ഹോര്‍ലിക്സ് ചെടി വാങ്ങി നടണം. അതിലു നല്ല പൂക്കളുണ്ടാവും പോലും.'' ഗൌരവക്കാരനായ മാനേജര്‍ പോലും ചിരിച്ചു പോയി.

ഒരിക്കല്‍ ജോലിയില്‍ കൊംപി എന്തോ കാര്യമായ മണ്ടത്തരം ഒപ്പിച്ചു. മാനേജര്‍ ദേഷ്യപ്പെട്ടു നാളെ മുതല്‍ ജോലിക്ക് വരണ്ടാന്നു പറഞ്ഞു. കൊംപി ആകെ വിരണ്ടു. കുറേ എക്സ്ക്യൂസ് പറഞ്ഞു നോക്കി. മാനേജര്‍ അലിയുന്നില്ല. ഒടുവില്‍ കൊമ്പി ഒരു അറ്റകൈ പ്രയോഗം നടത്തി. മാനേജരുടെ കാലിനൊരൊറ്റ വീഴ്ച്ച. മാനേജര്‍ പറഞ്ഞു.

''നീ കാലു വിട് ദിനേശാ..''
''എന്നോട് ജോലിക്ക് കയറാന്‍ പറയാതെ ഞാന്‍ വിടില്ല സാറേ'' കൊംപി.
''അല്ല ദിനേശാ നീ കാലു വിട്. ഞാന്‍ പറയുന്നത് കേള്‍ക്ക്..''
''ഇല്ല സാര്‍ ഞാന്‍ വിടില്ല..''
''പിടി വിട് ദിനേശാ..''
''വിടില്ല സാറേ..''
''ദിനേശാ നീ മേശയുടെ കാലാ പിടിച്ചത്. അതു വിട്...''

Saturday, December 6, 2008

മാജിക് വടി

നാട്ടിലെ തല്ലിപ്പൊളി ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടന ചടങ്ങാണു വേദി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ ടീച്ചറാണു ഉദ്ഘാടക. യു.പി.സ്കൂള്‍ ഹെഡ് മാസ്റ്ററായ രാഘവന്‍ മാഷും, ക്ലബ്ബ് പ്രസിഡന്റും, വാര്‍ഡ് മെമ്പറും വേദിയിലിരിപ്പുണ്ട്. ഉദ്ഘാടനം കഴിഞ്ഞാല്‍ മാജിക് ഷോ ഉള്ളത് കാരണം കുട്ടികളടക്കം നല്ലൊരു ആള്‍ക്കൂട്ടം വന്നു ചേര്‍ന്നിട്ടുണ്ട്.

ഖദീജ ടീച്ചര്‍ മുന്നിലിരിക്കുന്ന കുട്ടികളെ ഉപദേശിച്ച് പ്രസംഗിക്കുകയാണു. പിള്ളേരാണെങ്കിലോ “ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേ ഞങ്ങളിതെത്ര കേട്ടതാ. സ്വന്തം അച്ഛനുമമ്മയും വിചാരിച്ച് നന്നാവാത്ത ഞങ്ങളെ ഇനി ഈ പെണ്ണുമ്പിള്ള എന്തോ നന്നാക്കാനാ” എന്നൊക്കെ വിചാരിച്ച് കലപില കൂട്ടി മാജിക് ഷോ കാണാന്‍ ആക്രാന്തം പിടിച്ചിരിക്കുകയാണ്. രാഘവന്‍ മാസ്റ്റര്‍ ഇടക്കിടക്ക് പിള്ളേരെ നോക്കി കണ്ണുരുട്ടുന്നുണ്ട്.

പിള്ളേരുടെ ഒച്ചപ്പാട് കണ്ട് ഖദീജ ടീച്ചര്‍ വിഷയം മാറ്റി. “എനിക്കറിയാം ..ങ്ങളൊക്കെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നു… അതോണ്ട് ഞാന്‍ കൂടുതലൊന്നും പ്രസംഗിക്കുന്നില്ല… കുട്ടിക്കാലത്ത് ഞാനും ഇതു പോലന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങള്ടെ സ്കോളിലും ഒരു മാജിക്കുകാരന്‍ വന്നു.... അയാളൊരു ബയങ്കര മാജിക് കാണിച്ചു… നീണ്ടു കറുത്ത ഒരു വടി എടുത്ത് ഒരു പെട്ടിയിയിലിട്ടു.. പിന്നെ, കറുത്ത ഒരു തുണിയെടുത്ത് അതു മൂടി… എന്തൊക്കെയോ മന്ത്രം ചൊല്ലി… എന്നിറ്റ് എന്നെ വിളിച്ച് തുണി പൊക്കി നോക്കാന്‍ പറഞ്ഞു.... ഞാന്‍ പോയി ആ തുണി പൊക്കി നോക്കിയപ്പോ… അതില്‍ നിന്നും അറ്റം ചുവന്ന ഒരു സാധനം നീണ്ടു നീണ്ടു പുറത്തേക്ക് വന്നു.... ഞങ്ങളെല്ലാരും കൈയ്യടിച്ചു…’’

ടീച്ചര്‍ പിന്നെ പ്രസംഗിച്ചതൊന്നും ചിരിയുടെ മാലപ്പടക്കത്തില്‍ ആരും കേട്ടില്ല. എന്തിനാണു ആളുകളിങ്ങനെ ചിരിക്കുന്നതെന്ന് ടീച്ചര്‍ക്കും മനസ്സിലായില്ല.

Tuesday, November 25, 2008

രവിതെയ്യത്തിന്റെ അന്വേഷണം

കുന്നിന്‍ മുകളിലെ കാവില്‍ തിറമഹോത്സവമാണ്. ഗ്രാമത്തിലെ മിക്കവരും പുലര്‍ച്ചെയുള്ള തണുപ്പ് വകവെക്കാതെ തെയ്യം കാണാനെത്തിയിട്ടുണ്ട്. തിറ നടക്കുന്ന ദിവസം മാത്രമേ ആ ഭാഗത്ത് ജനങ്ങള്‍ എത്തി നോക്കാറുള്ളു. മറ്റുള്ള ദിവസങ്ങളില്‍ കാവും പരിസരവും കാടുപിടിച്ചു വിജനമായിരിക്കും. ഉത്സവ രാത്രിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചവും ചാന്ത്, വളകള്‍, ബലൂണുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവടക്കാരുടെ വാണിഭ ചന്തകളും, ഒക്കെയായി അവിടം ഒരു പുതിയ ലോകം പോലെ ആയിരിക്കും.

രാമന്‍ പണിക്കരുടെ മകന്‍ രവിയാണു തെയ്യം കെട്ടിയത്. രവി ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. കക്ഷി ആളൊരു 'പുഷ്പ'നാണെന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ പറയാറുണ്ട്. ടൌണിലെ ഒരു തുണികടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. കാവുകളില്‍ തെയ്യക്കാലമാകുമ്പോള്‍ രവി കടയില്‍ നിന്നും ലീവെടുത്ത് ഫുള്‍ ടൈം ദൈവമായി മാറും.

തോറ്റവും, കെട്ടിയാട്ടവും, മേലേരി തുള്ളലും കഴിഞ്ഞ് രവിതെയ്യം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്ന തിരക്കിലാണു. സ്ത്രീ ജനങ്ങളാണു കൂടുതലും. ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും പകരമായി ''ഭഗോതി കാക്കും ട്ടോ'' എന്നിങ്ങനെ കുറേ അനുഗ്രഹ വചനങ്ങള്‍ക്കൊപ്പം മഞ്ഞള്‍ പൊടിയും, തെച്ചിപ്പൂവും പ്രസാദമായി കൊടുക്കും. പെണ്ണുങ്ങള്‍ക്ക് അത്രയൊക്കെ മതിയല്ലോ. നോട്ടുകളും നാണയങ്ങളും തെയ്യത്തിന്റെ കൈയ്യില്‍ നിന്നും രാമന്‍പണിക്കന്‍ വാങ്ങി കൈയ്യോടെ തന്റെ അരയില്‍ കെട്ടിയ തുണി സഞ്ചിയിലിടുന്നുമുണ്ട്.

നാട്ടിലെ എല്‍.പി.സ്കൂളിലെ ഹെഡ്മാസ്റ്ററായ രാഘവന്‍ മാഷിന്റെ ഭാര്യ ഭവാനിയമ്മയും മകളായ പത്തില്‍ പഠിക്കുന്ന രമ്യയും പ്രസാദം വാങ്ങിക്കാന്‍ നില്‍ക്കുന്നുണ്ട്. മൂത്ത മകളായ കോളേജില്‍ പഠിക്കുന്ന വിദ്യയെ കൂടെ കാണുന്നില്ല.

രവിതെയ്യം രാമന്‍പണിക്കന്റെ കൈയ്യില്‍ നിന്നും മഞ്ഞള്പൊടിയും തലയിലെ ചമയത്തില്‍ നിന്നും തെച്ചിപ്പൂവും തുമ്പപ്പൂക്കളും എടുത്തു രമ്യയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു. ''ഒരാപത്തും വരാതെ ഭഗോതി കാക്കും ട്ടോ.. ഗുണം വരുംട്ടോ….''

പിന്നീട് സ്വരത്തിന്റെ ടോണ്‍ മാറ്റി,
''…ഏച്ചി വന്നിട്ടില്ലേ........?''

Wednesday, November 12, 2008

കോയമ്പത്തൂരിലെ തെറ്റിദ്ധാരണ

ആഫീസിലെ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആസ്ഥാന കാര്യവാഹകാണു ഉന്മേഷ് ലാല്‍. അഞ്ച് അഞ്ചരയടി പൊക്കം, വെളുപ്പു നിറം, വെല്‍ഡ്രെസ്സ്ഡ്, എപ്പോഴും വളരെ ഹാപ്പിയായിരിക്കും. പാടത്തെ നെല്‍ക്കതിരുകള്‍ വശങ്ങളിലേക്ക് ചാഞ്ഞ് വീണു നടവരമ്പ് മാത്രം തെളിഞ്ഞു കാണുന്നത് പോലെ മുടി നടുവിലൂടെ പകുപ്പെടുത്ത് ചീകി ഒതുക്കിയിരിക്കും. രണ്ട് കക്ഷത്തിലും ഓരോ ഇഷ്ടിക വെച്ച് ഇല്ലാത്ത മസില്‍ ഉണ്ടാക്കിക്കാണിക്കും. അതി വിനയത്തോടും അക്ഷരശുദ്ധിയോടും കൂടി പതുക്കെയേ സംസാരിക്കു. അതുകൊണ്ട് ഉന്മേഷ് ലാലിനു 'നടന്‍' എന്നൊരു വിളിപ്പേരു കൂടിയുണ്ട്.

കല്ല്യാണം-മരണ വീടുകളില്‍ പോകാനും, യൂനിയന്‍ മീറ്റിങ്ങിന് പോകാനും ആഫീസിലുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയി-കൊണ്ട് വരിക, ടൂര്‍ സംഘടിപ്പിക്കുക, മാസത്തില്‍ നടക്കുന്ന കള്ളുകുടി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സ്ഥലം, സമയം, ഡ്രിങ്ക്സ്, ടച്ചിങ്സ് എന്നിവ റെഡിയാക്കുക, ഷെയര്‍ പിരിക്കുക ഇതൊക്കെയാണു ഞങ്ങളുടെ ആഫീസിലെ ഇവന്റുകള്‍. എന്തു കാര്യവും ഏടുത്ത് അവന്റെ തലയില്‍ വെച്ച് ‘പൊക്കി’ കൊടുത്താല്‍ മതി. അവന്‍ സസന്തോഷം, ഭംഗിയായി അതു നടത്തിക്കോളും. ഒരു കുറ്റം പറയാനുള്ളത് സാരി, ചുരിദാര്‍ തുടങ്ങിയ തുണികള്‍ ചുറ്റിയ ‘വസ്തുക്കളോടുള്ള’ വീക്നസ്സ് മാത്രമാണ്.

ഒരിക്കല്‍ ടൂറിനിടയില്‍ ഞങ്ങള്‍ കോയമ്പത്തൂരില്‍ ചായ കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. സ്ത്രീകളുള്‍പ്പെടെ ഒരു ബസ്സ് നിറയെ ആളുകളുണ്ട്. രാവിലെ ഒന്‍പത് മണിയായിട്ടേ ഉള്ളു. സാമാന്യം വലിയ ഹോട്ടലായിരുന്നു. എല്ലാവരും കല്യാണ സദ്യയ്ക്കെന്ന പോലെ ഇരച്ചു കയറി മുഴുവന്‍ സീറ്റും കയ്യടക്കി. ചാകര കിട്ടിയ സന്തോഷത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ തലങ്ങും വിലങ്ങും പാഞ്ഞു ഓര്‍ഡറെടുത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി.

ഞാനും സുബ്രഹ്മണ്യനും റഷീദും ഒരു മേശയ്ക്കു ചുറ്റുമാണു ഇരുന്നത്. ഉന്മേഷ് കൈയ്യിലൊരു ഹാന്‍ഡ് ബാഗും, കക്ഷത്തില്‍ ഇഷ്ടികയും വെച്ച് ലേഡീസിന്റെ ടേബിളില്‍ ചെന്ന് “ദാ ഇവിടെ രണ്ട് പുട്ട്, ദാ അവിടെ നാലു ഇഡ്ഡലി, അവിടെ പൊറോട്ട കൊടുക്കു” എന്നൊക്കെ വിളിച്ചു പറഞ്ഞ് ഷൈന്‍ ചെയ്തു നില്ക്കുകയാണു. ഞങ്ങളെയൊന്നും മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. അവന്റെ നില്‍പ്പും കൈകാര്യം ചെയ്യലും കാണുമ്പോള്‍ ഹോട്ടലിലെ സ്റ്റാഫ് ആണെന്നു തോന്നും.

അപ്പോള്‍ കറുത്ത് തടിച്ച ഒരു കൊമ്പന്‍ മീശക്കാരന്‍ ഞങ്ങളുടെ അടുത്തുള്ള ചെയറില്‍ വന്നു ഇരുന്നു. അയാളു കുറേ സമയമായി ഒരു ചായക്കു പറയുന്നു. സപ്ലയര്‍മാരെല്ലാം ഞങ്ങളുടെ വയര്‍ നിറക്കലുമായി എന്‍ഗേജ്ഡായതിനാല്‍ അയാളുടെ ചീളു ചായക്കേസൊന്നും ആരും അറ്റന്‍ഡ് ചെയ്തില്ല.

ഞാന്‍ റഷീദിനോട് പറഞ്ഞു. “ടാ നമുക്ക് ഉന്മേഷിനു ഒരു പണി കൊടുത്താലോ?”
റഷീദ് പറഞ്ഞു “എങ്ങനെ?”
“അതൊക്കെയുണ്ട് നീ കണ്ടോ.”
ഞാന്‍ ഉന്മേഷിനോട് ഒരു “ഏയ് ഇവിടെ ഒരു പൊറോട്ട” എന്നു പറഞ്ഞു. എന്നിട്ട് ആ തടിയന്‍ കേള്‍ക്കെ റഷീദിനോട് പറഞ്ഞു “ഇവിടത്തെ സപ്ലയര്‍മാരൊന്നും കൊള്ളില്ലന്നെ”
ഉന്മേഷ് ഇപ്പോ കൊണ്ടു വരാം എന്നു പറഞ്ഞു കിച്ചനിലേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു. അത് കണ്ടയുടനെ അയാള്‍ ഉന്മേഷിനോട് “ഒരു ചായ” എന്ന് പറഞ്ഞു.

അയാള്‍ രണ്ട് പ്രാവശ്യം കൂടി വിളിച്ചു പറഞ്ഞു. അവന്‍ ലേഡീസിനെ ഊട്ടുന്ന തിരക്കിലത് കേട്ടില്ല. ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെട്ടു. അയാള്‍ ഉന്മേഷിനോട് ഉച്ചത്തില്‍ “ടേയ് ഇങ്കൈ വാ…” എന്നു പറഞ്ഞു. ഉന്മേഷ് ലേഡീസിനോട് “കണ്ടില്ലേ കോയമ്പത്തൂരിലും എനിക്ക് സുഹ്രുത്തുക്കളുണ്ട്. ഞാനിപ്പോ വരാട്ടോ” എന്നു പറഞ്ഞ് വിളിച്ചതെന്തിനെന്നറിയാനെത്തി.

ആ തടിമാടന്‍ ഉന്മേഷിനെ കോളര്‍ പിടിച്ച് പൊക്കിയെടുത്ത് പറഞ്ഞു. '’തിരുട്ട് പയലേ.. എവ്വളവു നേരമാച്ച് ഞാന്‍ ഉങ്കളോട് ടീക്ക് ചൊല്ലുന്നു..? തിരുട്ട് മൂഞ്ചി.’'

കക്ഷത്തിലെ ഇഷ്ടികയൊക്കെ പൊടിഞ്ഞ് ഉന്മേഷ് കാറ്റഴിച്ച ബലൂണ്‍ പോലെയായി. രണ്ടു കൈയ്യും കൂപ്പി അവന്‍ പറഞ്ഞു. ''…ഞാനിങ്കൈ ആളല്ല... പിടി വിടണ്ണാ.. പിടിവിട്…’’

Tuesday, October 28, 2008

അഡ്വാന്റേജസ് ഓഫ് കമ്പ്യുട്ടറൈസേഷന്‍

ആഫീസില്‍ അന്നു പതിവിലേറെ തിരക്കുണ്ടായിരുന്നു. ഞാന്‍ വളരെ അര്‍ജന്റായി പുട്ടപ്പ് ചെയ്യേണ്ട ഒരു ഫയല്‍ നോക്കുകയായിരുന്നു. അതിനാല്‍ മുന്നിലൊരു ആളനക്കം ശ്രദ്ധയില്‍ പെട്ടില്ല. ''സാര്‍....'' എന്നൊരു വിറയാര്‍ന്ന ശബ്ദം കേട്ട് നോക്കിയപ്പോ പത്തുപതിനഞ്ച് വയസ്സുള്ള ഒരു കുട്ടി ഒരു കടലാസും നീട്ടി മുന്നില്‍ നില്‍ക്കുന്നു. മെലിഞ്ഞു കറുത്ത ശരീരം. എണ്ണ തേക്കാത്തതിനാല്‍ പാറിപ്പറന്ന മുടി. മുഷിഞ്ഞ പാന്റും ഷര്‍ട്ടുമാണു വേഷം. കണ്ടാല്‍ തന്നെ ഒരു പാവമാണെന്നു തോന്നും. ഞാന്‍ അവന്റെ കൈയ്യില്‍ നിന്നും കടലാസ് വാങ്ങി നോക്കി. ഒരു അപേക്ഷയാണു. എന്റെ സെക്ഷനിലല്ല അതു കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് അല്‍പ്പം അകലെയുള്ള സുകുമാരന്‍ സാറിനെ ചൂണ്ടിക്കാണിച്ചിട്ട് അവനോട് പറഞ്ഞു. ''മോനേ.. ആ സാറിനാണു കൊടുക്കേണ്ടത്.'' അവന് അങ്ങോട്ട് പോയശേഷം ഞാനെന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു.

പെട്ടെന്നൊരു ഒച്ചപ്പാട് കേട്ടു നോക്കിയപ്പോ സുകുമാരന്‍സാര്‍ ഉച്ചത്തില്‍ ആ കുട്ടിയോട് കയര്‍ക്കുകയാണു. അവന്‍ പരിഭ്രമിച്ചു നില്‍ക്കുന്നു.

''ഇതൊന്നും ഇങ്ങനെയല്ല പൂരിപ്പിക്കേണ്ടത്. എന്താ ഇതു?. എന്തെങ്കിലും എഴുതിക്കൊണ്ട് വന്നാ മതിയോ?.. ഓരോ രീതിയൊക്കെ ഇല്ലേ?.. സമയമെത്രയായി… ഇവിടെ മനുഷ്യന്‍ പണി തീരാഞ്ഞു കഷ്ടപ്പെടുകയാ ... അപ്പോഴാ ഓരോ കടലാസും കൊണ്ട് ഓരോരുത്തരു വരുന്നത്.. അയിലാണെങ്കില്‍ ഒന്നും എഴുതിയിട്ടുമില്ല... മുഴുവനും പൂരിപ്പിച്ചിട്ടു കൊണ്ട് വന്നാ മതി. എനിക്ക് ഇതു മാത്രം നോക്കിയാ മതിയോ?.. വേറെ പണിയെടുക്കണ്ടേ?..’’

ആഫീസ് പെട്ടെന്നു നിശബ്ധമായി. അവന്‍ സാറിന്റെ മേശയുടെ ഒരു മൂലക്ക് പിടിച്ച് ഇപ്പോ കരയുമെന്ന ഭാവത്തില്‍ താഴോട്ട് നോക്കി നില്‍ക്കുകയാണു. സാര്‍ നിര്‍ത്തുന്നേയില്ല.

''ഇതൊന്നും നോക്കാന്‍ പറ്റില്ല. പോയാട്ടെ.. പിന്നെ വാ.. എന്താ ഇതു.. വെറുതെ എന്തെങ്കിലും എഴുതിക്കൊണ്ട് വന്നാമതിയോ?''

എന്നിട്ട് ആ കടലാസ്സെടുത്ത് അവന്റെ നേര്‍ക്കെറിഞ്ഞു. പാവം കുട്ടി. അവനാ കടലാസ്സുമെടുത്ത് പതുക്കെ പുറത്തേക്ക് നടന്നു. കണ്ണുകള്‍ നിറഞ്ഞിരുന്നു. എനിക്കു വല്ലാത്ത സങ്കടം വന്നു. സുകുമാരന്‍ സാറിന്റെ സ്വഭാവം അങ്ങനെയാണു. ഒരു കാരണവുമില്ലാതെ ചൂടാവും, പൊട്ടിത്തെറിക്കും. എങ്കിലും ഇത്ര ചെറിയ കുട്ടിയോട് ഇങ്ങനെ പെരുമാറുമെന്നു പ്രതീക്ഷിച്ചില്ല. പത്തു നാല്പ്പത്തിയഞ്ചു വയസ്സായി. എന്തിനാണു ഈ സുകുമാരന്‍സാര്‍ ഇങ്ങനെ പെരുമാറുന്നത്. ഓഫീസില്‍ വരുന്നവരോട് എങ്ങനെ പെരുമാറണമെന്നത് ഇനിയും അറിയില്ല.

ഞാനങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച്ചിരിക്കെ അറ്റന്‍ഡര്‍ റഷീദ് എന്റെയടുത്തു വന്നു ഫയല്‍ എടുക്കാനെന്ന ഭാവത്തില്‍ കുനിഞ്ഞു എന്നിട്ട് പതുക്കെ പറഞ്ഞു..

''കഷ്ടമായിപ്പോയി അല്ലേ?''
''ഉം..'' ഞാന്‍ തലകുലുക്കി.

റഷീദ് തുടര്‍ന്നു. "ആ കുട്ടിയുടെ പ്രായത്തില്‍ അയാള്‍ ഏതെങ്കിലുമൊരു ഓഫീസില്‍ തനിയെ പോകുമായിരുന്നോ? അയാളുടെ മകന്റെ വയസ്സേ ഉണ്ടാവൂ ആ കുട്ടിക്ക്. തനി ദുഷ്ടന്‍ തന്നെ."

പിന്നീട് അന്നു മുഴുവനും വീട്ടിലെത്തി ഉറങ്ങാന്‍ കിടക്കുമ്പോഴും ആ കുട്ടിയുടെ കണ്ണീരണിഞ്ഞ മുഖം ഒരു നീറ്റലായി എന്റെ ഉള്ളില്‍ നിറഞ്ഞുനിന്നു. ചിലപ്പോ അവനു അച്ഛനോ ചേട്ടനോ ഉണ്ടായിരിക്കില്ല അതു കൊണ്ടായിരിക്കും അവന്‍ തനിച്ച് വന്നിരിക്കുക. വേറെ ഡിപ്പാര്‍ട്ട്മെന്റ് കൈകാര്യം ചെയ്യുന്ന പേപ്പറായത്കൊണ്ട് എനിക്കാ കുട്ടിയെ സഹായിക്കാനും പറ്റില്ല. അങ്ങനെ ചെയ്താല്‍ അതു പിന്നെ വേറെ പല പ്രശ്നങ്ങളുമുണ്ടാക്കും.

പിറ്റേന്നു രാവിലെ ഞാന്‍ ആഫീസിലെത്തി പത്രം വായിക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വരുന്നതേയുള്ളു. സുകുമാരന്‍സാര്‍ കയറി വന്നു സീറ്റിലിരുന്നു. മുഖത്ത് ഒരു ക്ഷീണം പോലെ.

"എന്താ സാറേ സുഖമില്ലേ." അടുത്ത സീറ്റിലിരിക്കുന്ന സുബ്രഹ്മണ്യന്‍ കുശലം ചോദിച്ചു.

"എന്തു പറയാനാ.. ഇന്നലെ വൈകുന്നേരം ഓഫീസ് വിട്ടു പോകുമ്പോ ബസ്സ്ന്ന് എന്റെ പോക്കറ്റടിച്ചു…" സുകുമാരന്‍സാര്‍ വിഷണ്ണനായി പറഞ്ഞു.

"അയ്യോ കഷ്ടായിപ്പോയല്ലോ.. എത്ര രൂപയുണ്ടായിരുന്നു….?" സുബ്രഹ്മണ്യന്‍ ആകാംക്ഷയോടെ ചോദിച്ചു.

"അയ്യായിരം രൂപ." സുകുമാരന്‍സാര്‍ പറഞ്ഞു.

സുബ്രഹ്മണ്യനും സുകുമാരന്‍സാറും പോക്കറ്റടിയെപ്പറ്റി സംസാരിക്കുമ്പോള്‍
പെട്ടെന്നു എന്റെ മനസ്സില്‍ തലേ ദിവസം സുകുമാരന്‍സാര്‍ ഇറക്കി വിട്ട കുട്ടിയുടെ മുഖം കടന്നു വന്നു.

അല്‍പ്പം കഴിഞ്ഞു റഷീദ് എന്റെ അടുത്തുവന്നു ചിരിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.

"എന്താ കുമാരേട്ടാ ദൈവം അവിടെയും കമ്പ്യൂട്ടറൈസ് ചെയ്തു എന്നു തോന്നുന്നല്ലോ"

"അതേ… വിത്ത് ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍." ഞാന്‍ പറഞ്ഞു.

Tuesday, October 7, 2008

കുമാരന്‍ റൈറ്ററുടെ നാള്‍വഴി പുസ്തകം

ഡിഗ്രി പഠനം കഴിഞ്ഞ് ഞാന്‍ നേരെ പോയത് മുഹമ്മദ്ഹാജീക്കയുടെ മലഞ്ചരക്ക് കടയിലെ കണക്കെഴുത്തു ജോലിയിലേക്കായിരുന്നു. കോളേജില്‍ പഠിച്ചതും കടയിലെ പ്രാക്റ്റിക്കലും തമ്മില്‍ വകയിലെ അമ്മാവന്റെ ബന്ധം പോലുമില്ല. യഥാര്‍ത്ഥ കണക്കും സര്‍ക്കാറിനു കൊടുക്കുന്ന കണക്കും ഷക്കീലയും ശോഭനയും പോലെ. ഹാജീക്കയുടെ കണക്കുകൂട്ടലും എന്റെ തലവരയും ഒരിക്കലും ടാലി ആയില്ല. കാരണം കണക്കിന്റെ കാര്യത്തില്‍ ഞാന്‍ അധികം ബുദ്ധിമുട്ടാറില്ല. നമുക്കൊക്കെ ഇത്ര മാര്‍ക്ക് കിട്ടുമെന്നു പറഞ്ഞിട്ടുണ്ട്. അത്രയൊക്കെയേ കിട്ടു. കണക്കിനു ലഭിച്ച കൂടിയ മാര്‍ക്ക് എസ്.എസ്.എല്‍.സി.പരീക്ഷയ്ക്കു കിട്ടിയ 50ല്‍ 18 (കറക്റ്റ് പാസ്സ് മാര്‍ക്ക്!) കുറഞ്ഞത് എട്ടാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷയ്ക്കു ശാരദ ടീച്ചര്‍ പാവം ചെക്കനല്ലെ ഡെക്കാവണ്ട എന്നു കരുതി വെറുതെ ദാനം തന്ന, ക്ലാസ്സിലെ 29 പൊട്ടന്മാരുടെയും 33 ഐശ്വര്യറായിമാരുടേയും ഇടയില്‍ എന്റെ മാനം കാത്ത 1 മാര്‍ക്കും! അന്നത്തെ ആ 1 മാര്‍ക്കിനു അഭിനവ് ബിന്ദ്രയ്ക്ക് കിട്ടിയ തങ്കപ്പെട്ട മെഡലിനേക്കാള്‍ വിലയുണ്ടായിരുന്നു.

ഹാജീക്ക ആളു ഭയങ്കര ദേഷ്യക്കാരനായിരുന്നു. ആദ്യ ദിവസം തന്നെ കണക്കിലെ എന്റെ കഴിവുകള്‍ അങ്ങേരു തിരിച്ചറിഞ്ഞു. ഡേബുക്കും തുറന്നു ഒന്നും പിടികിട്ടാതെ അന്തംവിട്ടു നില്ക്കുന്ന എന്നോട് “ജ്ജ്.. കയ്യക്ഷരം നല്ലതായത് കൊണ്ട് പാസ്സായതാ അല്ലേ..’’ എന്നു തുറന്നടിച്ചു. അവിടെ ജോലി ചെയ്ത കാലം മുഴുവനുമെന്നെ രക്ഷിച്ച ഒരു മണ്ടന്‍ ചിരിയോടെ ഞാനത് അതിജീവിച്ചു. പിന്നീടെനിക്ക് മനസ്സിലായി ഹാജീക്കക്കു ആകെ രണ്ട് കോളങ്ങളേയുള്ളു വരവും ചിലവും. ആ രണ്ടു കോളങ്ങളില്‍ മാത്രം കണക്കെഴുതി ഞാന്‍ പതുക്കെ രക്ഷപ്പെട്ടു. റൈറ്ററെന്നാണു എന്റെ ഉദ്യോഗപേരു. ശമ്പളമോ? ഓ.. ഇനി ഞാന്‍ ആണല്ലാന്നു വേണ്ട.

ചില്ലറ കച്ചവടക്കാരുടെയടുത്ത് നിന്നും കുരുമുളക്, അടക്ക തുടങ്ങിയവ ക്രെഡിറ്റിനു വാങ്ങി ഉത്തരേന്ത്യയിലെ നാഗ് പൂര്, കാണ്‍പൂര് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ച് വില്ക്കുന്നതാണു ബിസിനസ്സ്. വെറും വാക്കിന്റെ പുറത്ത് ലക്ഷങ്ങളുടെ സാധനങ്ങളാണു കടം വാങ്ങുക. അതു തരംതിരിച്ച് പാക്ക് ചെയ്ത് കയറ്റി അയച്ച് അവിടെ നിന്നും ഡിഡി വന്നതിനു ശേഷം കാശു കൊടുക്കും. സാധനങ്ങളുടെ മാര്‍ക്കറ്റ് അറിയാനും വില്പ്പനയ്ക്കുമായി ധാരാളം ഫോണ്‍കാളുകള്‍ വരും. ഹാജീക്ക എല്ലാ സമയവും കടയില്‍ ഉണ്ടാവാറില്ല. അതുകൊണ്ട് ഞാന്‍ പിന്നെ വിളിക്കാന്‍ പറഞ്ഞ് ഒഴിയും. നാഗ്പൂരിലെ കമ്മീഷന്‍ ഏജന്റുമാരായ സഞ്ജു ഭായി, കിഷന്‍ ഭായി, ശ്യാം ഭായ് തുടങ്ങിയ മാര്‍വാഡികളോട് ഹാജീക്ക സംസാരിക്കുന്നത് ഇഹിമ ഭാഷയിലാണു. ആ ഭാഷ മൂപ്പര് സ്വന്തമായി കണ്ടുപിടിച്ചതാണു. അവന്‍മാര്‍ക്ക് ഹിന്ദിയേ അറിയൂ, ഇംഗ്ലിഷ് കുറച്ചറിയാം. പക്ഷേ ഹാജീക്കയ്ക്കു ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളം പോലും ശരിക്കുമറിയില്ല. അതുകൊണ്ട് ഇഹിമ ഭാഷ കണ്ടുപിടിച്ച് ഹാജീക്ക ലക്ഷങ്ങളുടെ കച്ചവടം ചെയ്തു.

എനിക്ക് ഇഹിമ ഭാഷ പഠിക്കാനൊരു അവസരം പെട്ടെന്നു തന്നെ വന്നു ചേര്‍ന്നു. ഹാജീക്ക ഇല്ലാതിരുന്ന ദിവസം ഒരു ഹിന്ദി കാള്‍ വന്നു. ഞാനാണെങ്കില്‍ ജയറാം ‘സന്ദേശം’ സിനിമയില്‍ പറഞ്ഞ പോലെ പ്രീഡിഗ്രിക്ക് സെക്കന്റ് ലാംഗ്വേജ് മലയാളമായിരുന്നല്ലോ. ഹിന്ദി ഒരു വക അറിയില്ല, ഇംഗ്ലീഷിന്റെ കാര്യം പറയാനുമില്ല.

'മുഹമ്മദ് ഹാജി കഹാ ഹെ?'
എന്നു കേട്ടപ്പോ തന്നെ കാലു മുതല്‍ തല വരെ അണ്ടര്‍ഗ്രൌണ്ട് കേബിളില്‍ കൂടി സിഗ്നല്‍സ് കടന്നു പോയി. ഞാന്‍ വിറക്കാന്‍ തുടങ്ങി. ഹൃദയം വര്‍ക്ക് നിര്‍ത്തി ഇവനെന്താ ഒപ്പിക്കുക എന്നു നോക്കി നിന്നു. എന്റെ ഇംഗ്ലീഷും, അയാളുടെ ഹിന്ദിയും തമ്മില്‍ രാമായണം സീരിയലില്‍ യുദ്ധസീനുകള്‍ കാണിക്കുമ്പോള്‍ അമ്പുകള്‍ ഷൂഊഊഊഊഊ.... എന്നു കൂട്ടിമുട്ടുന്നത് പോലെ മുട്ടാന്‍ തുടങ്ങി.
'ഹാജീക്ക നഹി… നഹി' വിറ കാരണം ആദ്യത്തെ നഹി ഔട്പുട് ആയില്ല.
'തു കോന്‍ ഹെ..?'
'...ഐ ആം ദി റൈറ്റര്‍ ഓഫ് ഹാജീക്ക..'
‘……………………………’
'കോന്‍ ഹെ?'
'അയാം ദി റൈറ്റര്‍ ഓഫ് ഹാജീക്ക...’
'റൈറ്റര്‍?...അക്കൌണ്ടന്റ്?
'ആ... ആ..'
'മാര്‍ക്കറ്റ് കൈസാ ഹെ?'
'എനിക്ക് നഹി മാലൂ.. ഹാജീക്കയോട് ടോള്‍ഡ് ചെയ്..'
'ഒ.കെ. ' അയാള്‍ ഫോണ്‍ വെച്ചു. ഹൃദയം വീണ്ടും വര്‍ക്കിങ്ങ് കണ്ടിന്യു ചെയ്തു.

അങ്ങനെ ഹാജീക്ക ലക്ഷക്കണക്കിനു രൂപയുടെ ബിസിനസ്സ് നടത്തുന്ന ഇംഗ്ലീഷ്-ഹിന്ദി-മലയാളം മിക്സ് ചെയ്ത ഇഹിമ ഭാഷ കേവലം ഒരൊറ്റ ദിവസം കൊണ്ട് ഞാന്‍ പഠിച്ചു.

ഞങ്ങളുടെ കടയുടെ ഇടതു വശത്തെ സ്റ്റേഷനറി കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയും വലതു വശത്തു സ്വന്തമായി വീഡിയോ ഷോപ്പ് നടത്തുന്ന അശോകനുമാണു അവിടത്തെ എന്റെ പ്രധാന സുഹ്രുത്തുക്കള്‍. ഹാജീക്ക എന്നെ തെറി പറയുന്നത് നോക്കി ചിരിക്കലാണു ഇവന്മാരുടെ മെയിന്‍ തൊഴില്‍. ഞങ്ങളുടെ മൂന്നു പേരുടെയും കടകള്‍ കഴിഞ്ഞു ഒരു കട്ട് റോഡ്. പിന്നെ വീണ്ടും കെട്ടിടങ്ങള്‍, കുറച്ച് ദൂരം കഴിഞ്ഞു ഹൈസ്കൂള്‍, പാരലല്‍ കോളേജ് തുടങ്ങിയ ഭൂകമ്പ പ്രഭവ ഏരിയകളും. എന്നും വൈകിട്ട് 4 മണി കഴിഞ്ഞാല്‍ ഞങ്ങള്‍ മൂന്നു പേരും സെന്‍സസ് ജോലിയുള്ളത്കൊണ്ട് ഫുള്‍ ബിസിയായിരിക്കും. ഹൈസ്കൂളില്‍ നിന്നും പാരലല്‍ കോളേജില് നിന്നും വരുന്ന പെണ്‍പിള്ളേരുടെ വായി നോക്കുന്നതിനാണു സെന്‍സസ് എടുക്കുക എന്നു പറയുന്നത്.

സ്കൂളില്‍ നിന്നും അണക്കെട്ടു പൊട്ടിയ പോലെ ആര്‍ത്തിരമ്പി വരുന്ന ആണ്‍കുട്ടികളും, മന്ദം മന്ദം കുളിര്‍കാറ്റ് പോലെ തഴുകിയൊഴുകി വരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെണ്‍കുട്ടികളും, അതിനു ശേഷം വൃദ്ധന്മാരെപ്പോലും രോമാഞ്ചമണിയിച്ചു കൊണ്ട് ജുനിയര്‍ ഐശ്വര്യറായി മിസ്. ജമീലയുടെ നേതൃത്വത്തില്‍ കമല കോളേജിലെ ആല്‍മരം പോലെ വളര്‍ന്നു പന്തലിച്ച പെണ്‍കുട്ടികള്‍ ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചു വിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വര്‍ണ്ണ കാഴ്ചകളൊക്കെ ഒഴിവാക്കി വെറുതെ ഡീസന്റാവാന്‍ ഞങ്ങള്‍ കണ്ണുപൊട്ടന്മാരോ ടൌണ്‍ഹാളിന്റെ മുന്നില്‍ ഒരു പണിയുമെടുക്കാതെ വെറുതെ സുഖിച്ച് കൈചൂണ്ടി നില്‍ക്കുന്ന രാഷ്ട്രീയ നേതാവിന്റെ കോണ്‍ക്രീറ്റ് പ്രതിമയോ അല്ലല്ലോ.

സുന്ദരിയാണു; അതിന്റെ അഹങ്കാരവും ആവശ്യത്തിനുണ്ട് എങ്കിലും ജമീലയ്ക്കു വേണ്ടിയായിരുന്നു ഞങ്ങളുടെ മല്‍സരം. അവളുടെ ഒരു കൃപാകടാക്ഷത്തിനു വേണ്ടി ഞങ്ങള്‍ മൂന്നു പേരും വേള്‍ഡ് വാര്‍ തന്നെ നടത്തി. ആദംകുട്ടി ഒരു സ്റ്റെപ്പ് കൂടുതല്‍ കടന്നു. അതിനവനു അവളുടെ വായില്‍ നിന്നും കിട്ടുകയും ചെയ്തു. ഒരിക്കല്‍ ആദംകുട്ടിയുടെ കടയില്‍ സാധനം വാങ്ങിക്കാന്‍ ചെന്നപ്പോള്‍ അവന്‍ അവളുടെ കൈക്ക് മെല്ലെയൊന്നു തട്ടി. അവള്‍ 'ഫ.. പോടാ പട്ടീ' എന്നു ആട്ടി. അതിനു ശേഷം ഞങ്ങള്‍ ആദംകുട്ടിയെ 'ആട്ടിയകുട്ടി'യാക്കി.

അങ്ങനെയൊരു ദിവസം ഞങ്ങള്‍ പെണ്‍കുട്ടികളുടെ സെന്‍സസ് എടുത്തു കഴിഞ്ഞു ബോറഡിച്ചിരിക്കുമ്പോഴാണു ഞങ്ങളുടെ ലിസ്റ്റില്‍ പെടാത്ത ഒരു സുന്ദരി വരുന്നത് കണ്ടത്. ജുനിയര്‍ ഐശ്വര്യ ജമീല ഒന്നുമല്ല അവളുടെ മുന്നില്‍. കണ്ട മാത്രയില്‍ ഞങ്ങള്‍ ചോക്ലേറ്റിന്റെ പരസ്യം പോലെ അവളിലലിഞ്ഞു പോയി. മൂന്നു പേരും അന്തംവിട്ട് നില്‍ക്കെ അവള്‍ ഞങ്ങളുടെ ബില്‍ഡിങ്ങിന്റെ സൈഡിലുള്ള കട്ട്റോഡിലൂടെ നടന്നു പോയി. പിറ്റേന്നും അതേ സമയത്ത് അവളെ കണ്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ ഡീറ്റെയില്‍സ് കിട്ടി. അതു ഹൈസ്കൂളിനടുത്തുള്ള രാംകുമാര്‍ ഡോക്റ്ററുടെ ക്ലിനികിലെ ഫാര്‍മസിസ്റ്റാണു. പേരു ദിവ്യ. ഞങ്ങളുടെ കടയുടെ സൈഡില്‍ കൂടെ പോകുന്ന റോഡിലൂടെയാണു അവളുടെ വീട്ടിലേക്കു പോകേണ്ടത്. പിറ്റേന്നു മുതല്‍ ‘ദിവ്യ’പ്രഭാവലയത്തില്‍ മയങ്ങി ഞങ്ങള്‍ ജമീലയുടെയും പെണ്‍കുട്ടികളുടേയും സെന്‍സസ് എടുക്കുന്ന ജോലി നിര്‍ത്തി എന്നു കരുതിയാല്‍ തെറ്റി. ഒരാളെ കൂടി അക്കമ്മഡേറ്റ് ചെയ്യാന്‍ സമയവും തരിശു വയലു പോലത്തെ വിശാല ഹൃദയവും ഞങ്ങള്‍ക്ക് ഉണ്ടല്ലൊ.

ഞങ്ങള്‍ മൂന്നു പേരിലും വെച്ച് എനിക്ക് ഗ്ലാമര്‍ അല്പം കൂടിപ്പോയത് കൊണ്ടോ, ഹാജീക്കയുടെ കൂടെ ഞാന്‍ കാറില്‍ പോകുന്നത് കണ്ടത് കൊണ്ടോ എന്നറിയില്ല ദിവ്യയ്ക്കു ഒരിത്തിരി.. ഒരിഞ്ച്, ഒരു സെ.മി., ഒരു മി.മി. താല്പര്യം എന്നോടില്ലേ എന്നെനിക്കു തോന്നി. അവന്മാരില്ലെങ്കില്‍ എന്നെ നോക്കി അവള്‍ പുഞ്ചിരിക്കും. ആ ചിരി കണ്ടാല്‍ പിന്നെ ഭക്ഷണം, ജോലി ഒന്നുമൊരു പ്രശ്നമല്ലെന്നായി. ആ തോന്നലിനു ശേഷം എങ്ങനേയും വൈകുന്നേരമായിക്കിട്ടാന്‍ കാത്തിരിപ്പായി. കണക്കു എത്ര വേണേലും തെറ്റിക്കോട്ടെ; ഹാജീക്കയോട് പോയി പണി നോക്കാന്‍ പറ. എനിക്കു ദിവ്യയെ മതി.

ഹാജീക്ക ഇല്ലാതിരുന്ന ഒരു ദിവസം സ്ഥിരം കസ്റ്റമറായ ജോസഫേട്ടന്‍ മാര്‍ക്കറ്റ് അന്വേഷിച്ച് വിളിച്ചു. ഞാന്‍ റേറ്റ് പറഞ്ഞു. അയാളുടനെ 60 ചാക്ക് കുരുമുളക് വില്‍ക്കാനുണ്ടെന്നു പറഞ്ഞു. ഹാജീക്കയെ എവിടെ വിളിച്ചിട്ടും കിട്ടുന്നില്ല. പെട്ടെന്നു എനിക്കൊരു തോന്നല്‍ എന്തുകൊണ്ട് എനിക്കു തന്നെ വാങ്ങിക്കൂടാ? കഴിവു തെളിയിക്കാന്‍ കിട്ടിയ ആദ്യ അവസരമല്ലേ. വില ഉറപ്പിച്ചു. ഇപ്പൊ തന്നെ സാധനം കയറ്റി അയക്കാമെന്നു പറഞ്ഞു ജോസഫേട്ടന്‍ ഫോണ്‍ വെച്ചു. ഞാന്‍ സ്വന്തമായി ബിസിനസ്സ് ചെയ്ത സന്തോഷത്തില്‍ മതിമറന്നു നിന്നു. മൂന്നു നാലു ലക്ഷത്തിന്റെ ബിസിനസ്സ് നടത്തിയിട്ടാടാ മന്ദബുദ്ധികളേ ഞാന് നില്ക്കുന്നതെന്നു പറഞ്ഞു ഞാന് അശോകന്റേയും ആട്ടിയകുട്ടിയുടേയും മുന്നിലൂടെ വരാന്തയില്‍ കൂടി നെഞ്ചും വിരിച്ചു നടന്നു. അവന്മാരുടെ മുഖത്തെ അസൂയ ഞാന്‍ ആസ്വദിച്ചു.

കുറേ സമയം കഴിഞ്ഞു ഹാജീക്ക വന്നു. ഞാന്‍ ചരക്കു വാങ്ങിയ കാര്യം പറഞ്ഞു. ഹാജീക്കയ്ക്ക് സന്തോഷമായി. “അങ്ങനെയല്ലേ കച്ചോടം പഠിക്കുക. ജ്ജ് ഇനി സ്വന്തമായി ബിസിനസ്സ് ചെയ്യുമല്ലൊ.” ഞാന്‍ ഹാജീക്കയുടെ പ്രശംസയില്‍ മതിമറന്നു നിന്നു.
അപ്പോള്‍ ചരക്കിറക്കി ജോസഫേട്ടന്‍ ബില്ലാക്കാന് വന്നു. ഹാജീക്കയും ജോസഫേട്ടനും സംസാരിക്കാന് തുടങ്ങി. ഇനി അവരെന്തേലുമാകട്ടെ, ഞാന്‍ ചെയ്യേണ്ടത് ചെയ്തു. ബിസിനസ്സ് ചെയ്തു ക്ഷീണിച്ചു. തന്നെയുമല്ല സ്കൂള്‍ വിടേണ്ട സമയമായി. എനിക്കു സെന്‍സസ് എടുക്കണമല്ലൊ.

''ടാ കുമാരാ...'' പെട്ടെന്നു പിന്നില്‍ നിന്നു ഹാജീക്കയുടെ അലര്‍ച്ച കെട്ട് ഞാന്‍ നടുങ്ങി. ഹാജീക്ക വിറച്ചു തുള്ളി നില്ക്കുന്നു. ''എത്രയാടാ ഇന്നത്തെ മാര്ക്കറ്റ്?'' ഞാന് മാര്‍ക്കറ്റ് പറഞ്ഞു. ''ഫ.. ആരാടാ നിന്നോടത് പറഞ്ഞത്? ....'' എന്നു പറഞ്ഞ് ഹാജീക്ക ചീത്തയോട് ചീത്ത. എന്റെ കഷ്ടകാലത്തിനു മാര്‍ക്കറ്റ് ഡൌണായിരുന്നു. ഞാന്‍ ഇന്നലത്തെ റേറ്റിനാണു വാങ്ങിയത്. ആ ജോസഫേട്ടന്‍ തെണ്ടി കഴുത എന്നെ കുടുക്കിയതാ. ഒറ്റയടിക്ക് ഞാന്‍ ഹാജീക്കയ്ക്കു 20000 രൂപ തീര്‍ത്തുകൊടുത്തു. ഞാന്‍ അവിടെ എത്ര കൊല്ലം പണിയെടുത്താലാണാ കടം വീട്ടുകയെന്നോര്‍ത്തപ്പോ എന്റെ തല കറങ്ങി.

അവസാനം കുറേ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജോസഫേട്ടന്‍ കോമ്പ്രമൈസ് ചെയ്തു. റേറ്റ് കുറച്ചു; ലാഭമെടുക്കാതെ ഹാജീക്ക ബില്ലാക്കി. എന്നിട്ട് എന്നോട് ചായക്കടയില്‍ പോയി 2 ചായയ്ക്കു പറയാന് പറഞ്ഞു. അപ്പോഴേക്കും സ്കൂള്‍ വിട്ടു പിള്ളേരൊക്കെ പൊയ്ക്കഴിഞ്ഞിരുന്നു. അന്നത്തെ സെന്‍സസ് കുളമായി. അശോകന്റെ ഷോപ്പിന്റെ സൈഡിലുള്ള കട്ട് റോഡിലൂടെയാണു ഹോട്ടലിലേക്ക് പോകേണ്ടത്. ഞാന്‍ അവിടെയെത്തി ചായ കടയിലേക്ക് കൊടുത്തു വിടാന്‍ പറഞ്ഞു. “അവിടെ കൊണ്ടു തരാന്‍ പിള്ളേരൊന്നും ഇവിടെയില്ല. നീ തന്നെ കൊണ്ടു കൊണ്ടു പോകുമോ?”. ഹോട്ടലുടമ രാമേട്ടന്‍ ചോദിച്ചു. ഞാനാകെ കുഴങ്ങി. നേരം വൈകിയാല്‍ ഹാജീക്കയ്ക്കു ഒരു കാരണം കൂടിയാവും. അല്ല്ലെങ്കില് തന്നെ അങ്ങേരെന്നെ കൊല്ലാന്‍ കാത്തു നില്ക്കുകയാണു. അഭ്യസ്ഥവിദ്യാധരനായ ഞാന്‍ ആളുകളുടെ മുന്നിലൂടെ ചായ ഗ്ലാസും എടുത്ത് പോകുന്നത് ആരെങ്കിലും കണ്ടാല്‍ അയ്യോ ... ഓര്‍ക്കുമ്പോ തന്നെ പാന്റഴിഞ്ഞു പോകുന്ന അവസ്ഥ. അതാണെങ്കില്‍ പോലും ഇത്രേം വരില്ലാരുന്നു.

വേറൊരു രക്ഷയുമില്ലാഞ്ഞു ഞാന്‍ രണ്ടു കൈയ്യിലും ഓരോ ചായഗ്ലാസുമായി പുറത്തിറങ്ങി. ഞാന്‍ നടന്നു പകുതി ദൂരമായി. അപ്പോഴതാ മെയിന്‍ റോഡില്‍ നിന്നും പതുക്കെ പൊട്ടി വീഴുന്നു മായിക മോഹിനി ‘ദിവ്യ’പ്രഭാവലയം!! ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. തിരിച്ചു നടക്കാനും പറ്റില്ല. അവളെങ്ങാനും കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കുന്നതെന്തിനു. പെട്ടെന്നു എനിക്കൊരു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തോന്നി. ഞാന്‍ ചായ ഗ്ലാസുകള്‍ പതുക്കെ പാന്റിന്റെ ഇരു പോക്കറ്റുകളിലേക്കും താഴ്ത്തി. ലൂസ് പാന്റായത് കൊണ്ടും ഇന്സൈഡ് ചെയ്യാത്തത് കൊണ്ടും ആര്‍ക്കും കണ്ടാല്‍ മനസ്സിലാവില്ല. നല്ല ചൂടുണ്ട് എന്നാലും മുന്നോട്ടല്‍പ്പം കുനിഞ്ഞു നിന്നാല്‍ അതറിയില്ല.

ഞാന്‍ അഡ്ജസ്റ്റ് ചെയ്തു വളരെ മെല്ലെ നടന്നു. അടുത്തെത്തിയപ്പോള്‍ അവള് ചിരിച്ചു. എനിക്ക് എന്തേലും പറയണമെന്നുണ്ട്. പക്ഷേ സാഹചര്യം അനുകൂലമല്ലല്ലോ. അവള്‍ കടന്നു പോയി . തിരിഞ്ഞു നോക്കുമെന്നു കരുതി ഞാന്‍ പിന്നോട്ടേക്കു നോക്കി നിന്നു. പെട്ടെന്നു കാതടപ്പിക്കുന്ന ഒരു ഹോണടി മുഴങ്ങി. മുമ്പിലൊരു ബൈക്കു എന്നെ മുട്ടി മുട്ടിയില്ലാന്നു പറഞ്ഞ പോലെ വന്നു നില്ക്കുന്നു. ഞാന്‍ അതിന്റെ ഹാന്ഡില്‍ ബാറില്‍ തട്ടി മുന്നോട്ടാഞ്ഞു. ''അയ്യോ.... അമ്മേ....'' രണ്ടു നിലവിളികള്‍ മുഴങ്ങി.

''രണ്ടും എന്റേതു തന്നെയായിരുന്നു.'' ആദ്യത്തെ നിലവിളി ബൈക്ക് കണ്ടു ഞെട്ടിയതു കൊണ്ടായിരുന്നു. രണ്ടാമത്തേത് ചൂട് ചായ തുളുമ്പി മര്മ്മസ്ഥാനത്ത് വീണതു കൊണ്ടും. ബൈക്കുകാരന്‍ രൂക്ഷമായി നോക്കി ഓടിച്ചു പോയി. ഞാന്‍ ഗ്ലാസുകള്‍ പെട്ടെന്നു പുറത്തെടുത്തു. അതു ഏകദേശം മുഴുവനും മറിഞ്ഞു തുളുമ്പി പോയിരുന്നു. ഞാന്‍ വേദന കടിച്ചമര്‍ത്തി തിരിച്ചു ഹോട്ടലിലേക്കോടി പോയി വേറെ രണ്ട് ചായ വാങ്ങി ഇടംവലം നോക്കാതെ കടയില്‍ കൊണ്ടു കൊടുത്തു. ജോസഫേട്ടന് ചായ കുടിച്ചു പോയ ഉടനെ ഹാജീക്ക തെറി പറയാന്‍ തുടങ്ങി. അര ഭാഗത്തെ വേദനയും തെറി വിളിയുടെ വേദനയും സഹിച്ച് ഞാന്‍ നിന്നു. ഹാജീക്ക പോയിക്കഴിഞ്ഞു ആദംകുട്ടിയും അശോകും പതുക്കെ അടുത്തു വന്നു ചോദിച്ചു. കുറച്ചു കുരുമുളക് വില്ക്കാനുണ്ടായിരുന്നു വേണോ? തെണ്ടികുരങ്ങന്മാര്‍ ശവപ്പെട്ടിയിലടിക്കാന്‍ ആണിയും കൊണ്ട് വന്നതാ.

സന്ധ്യയ്ക്കു കടയടച്ച് വീട്ടിലെത്തി പാന്റഴിച്ചു സംഭവ സ്ഥലം നോക്കി വേദനയുണ്ട് വലിയ ഡാമേജില്ല. അന്നു രാത്രി എങ്ങനെയെല്ലാമോ തള്ളി നീക്കി. പിറ്റേന്നു രാവിലെ നോക്കിയപ്പോ മര്‍മ്മസ്ഥാനത്ത് പൊള്ളലുണ്ട് വേദന പോയിട്ടുമില്ല. എനിക്കു ചെറിയ പേടിയായി. മള്‍ട്ടിപര്‍പ്പസ് അവയവമാണു വര്‍ക്കിങ്ങിനെ ബാധിച്ചാല്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാന്‍ പോലും പറ്റില്ല. കട തുറക്കുന്നതിനു മുമ്പ് രാംകുമാര്‍ ഡോക്റ്ററിന്റെ ക്ലിനിക്കില്‍ പോയി ഏതെങ്കിലും ഓയിന്റ്മെന്റ് വാങ്ങിക്കാമെന്നു തീരുമാനിച്ചു. അപ്പോള്‍ ദിവ്യയേയും മീറ്റ് ചെയ്യാലോ. അവിടെ ഒന്നു പോകാന്‍ വേണ്ടി ചെറിയ ഒരു പനിയെങ്കിലും വരാന്‍ എത്ര നാളായി കാത്തിരിക്കുന്നു. ക്ലിനിക്കിലേക്ക് കയറുമ്പോള്‍ ഫാര്‍മ്മസിയില്‍ നോക്കി. അവളില്ല; ലീവാണെന്നു തോന്നുന്നു. ഞാന്‍ ഡോക്റ്ററെ കണ്ട് കാര്യം പറഞ്ഞു.
“പൊള്ളിയതാണു.’’
ഡോക്റ്റര്‍ സൈഡ് ബെഡ് കാട്ടിയിട്ടു പറഞ്ഞു. “കിടക്കു”.
അയാളങ്ങനെയാണു. ജലദോഷം വന്നാല്‍ പോലും കിടത്തി ചെക്കപ്പ് ചെയ്യും. ഞാന്‍ ഷര്‍ട്ടുമഴിച്ചു മലര്ന്നു കിടന്നു. ഡോക്റ്റര്‍ ഒരു തെര്‍മ്മോമീറ്റര്‍ എന്റെ വായിലിട്ടു തന്നിട്ട് അകത്തെ മുറിയില്‍ പോയി വന്ന് അതെടുത്തു നോക്കി ഏതോ പാത്രത്തിലിട്ടു. എന്നിട്ട് പറഞ്ഞു.
"എവിടെയാണു കാണട്ടെ.."
ഞാന്‍ അരക്കെട്ടു കാണിച്ചു പറഞ്ഞു .“ഇവിടെ….”
“അഴിക്കു .”
അങ്ങനെ വേണ്ടി വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ അഴിക്കാതെ നിന്നു. അയാള്‍ നിര്‍ബ്ബന്ധിച്ചപ്പോ മടിച്ചു മടിച്ചു പാന്റ്സ് താഴ്ത്തി. ഡോക്റ്റര്‍ ദുരന്തബാധിത പ്രദേശം കണ്ടു.
“ഇതെങ്ങനെയാടോ പറ്റിയത്..? തീയോടാണോ കളി..?” കൂടെ ഒരു അത്യുഗ്രന്‍ പൊട്ടിച്ചിരിയും.
“അതു.. ചായ... ഗ്ലാസ്സ് ..”
“ഇതു ചായയും കുടിക്കുമോടോ? ഹ ഹ ഹ...”
ഡോക്റ്ററുടെ ചിരിക്ക് ഡ്യുയറ്റായി ഒരു ഫീമെയിലിന്റെ അയ്യേ.. എന്നൊരു ചിരി കേട്ടാണു ഞാന്‍ തലക്ക് മുകളിലേക്കു നോക്കിയത്.... അവിടെ വെള്ള സാരിയും ബ്ലൌസുമുടുത്ത് ദിവ്യ മുഖം പൊത്തി ചിരിച്ചു നില്‍ക്കുന്നു!!!

Wednesday, September 24, 2008

കലാലയ കുറിപ്പ്

ഉല്‍സവപ്പറമ്പിലെ രസകരമായ അനൌണ്‍സ്മെന്റിനെക്കുറിച്ച് കുഞ്ഞന്‍ എഴുതിയ പോസ്റ്റും അതിനു കമന്റുകളെഴുതിയവര്‍ പറഞ്ഞ ഇന്നര്‍മീനിങ്ങുള്ള അനൌണ്‍സ്മെന്റിനെക്കുറിച്ചും വായിച്ചപ്പോ കോളേജ് പഠനകാലത്ത് ഞങ്ങളെ ഒത്തിരി ചിരിപ്പിച്ച ഒരു സംഭവം ഓര്‍മ്മ വന്നു. ഇന്നത്തെ പോലെ ഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതിരുന്ന കാലത്തെ ആശയ വിനിമയത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. അതൊരു ഞി.. പോസ്റ്റാക്കി എഴുതുന്നു. സദയം അനുഭവിച്ചാലും.

ഡിഗ്രി പഠന കാലത്താണീ സംഭവം. പരലല്‍ കോളേജായിട്ടും വളരെ തീവ്രമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ നടന്നിരുന്നു. നടനും പ്രാസംഗികനുമായിരുന്ന രാജീവനായിരുന്നു യൂനിറ്റ് നേതാവ്. സുരേഷ്, ഗീത, രാധാമണി തുടങ്ങിയവര്‍ ഛോട്ടകളും. നേതാവായതിന്റെ അഹങ്കാരത്തിലും, എല്ലാം ചിട്ടയായി നടക്കണമെന്ന പിടിവാശിയിലും അവന്‍ ഛോട്ടകളെയെല്ലാം അടക്കിയൊതുക്കി ഭരിച്ചിരുന്നു. എപ്പോകണ്ടാലും ആഗോളീകരണവും ലോകബാങ്കും ഗാട്ടുകരാറും വെച്ച് അലക്കലും ചര്‍ച്ചകളും, മീറ്റിങ്ങുകളുമായി അവന്‍ പാവം കേരളത്തെയും ഇന്ത്യയേയും രക്ഷിക്കാന്‍ ഓടിച്ചാടി നടന്നു.

രാജീവനുമായുള്ള അടുത്ത സൌഹ്രുദം കൊണ്ട് ഞാനും അവരുടെ കൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ഏതോ പ്രകടനത്തിനു പോകാന്‍ എല്ലാവരേയും സംഘടിപ്പിക്കുന്ന തിരക്കില്‍ അവന്‍ എനിക്കൊരു കത്തെഴുതി കോളേജ് ബസ്സ്റ്റോപ്പിലെ മുറുക്കാന്‍ കടയില്‍ ഏല്‍പ്പിച്ച് മറ്റെന്തോ ആവശ്യത്തിനായി പോയി. ഞാനത് പൊട്ടിച്ചു വായിച്ചു. അതില്‍ ഇങ്ങനെ എഴുതിരുന്നു.

''കുമാരന്,
സുരേഷ് വന്നാല്‍
രാധാമണിയുമായി ബന്ധപ്പെടാന്‍ പറയുക.''

Friday, August 29, 2008

അങ്ങനെ ഒരു കഥാകൃത്തുണ്ടായി

ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന റോമിയോ ആണു ജയകുമാര്‍. 15 മുതല്‍ 20 വരെ വയസ്സാണു അവന്റെ റെയ്ഞ്ച്. കല്ല്യാണ വീടുകളിലെ അടുക്കള ഭാഗവും പ്രൈവറ്റ് ബസ്സുകളിലെ മുന്‍ഭാഗവുമാണു ഇഷ്ട സ്ഥലങ്ങള്‍. എല്ലാ പെണ്‍കുട്ടികളുമായും അവന്‍ അഗാധമായ പ്രേമത്തിലാവുമെങ്കിലും ഒരെണ്ണം പോലും അധികകാലം നില്‍ക്കില്ല. എന്തെങ്കിലും കാരണത്താല്‍ ഒക്കെ തട്ടിമാറിപ്പോകും. അങ്ങനെ പാളിപോയ ഒരു പ്രേമത്തിനു ശേഷമാണു ജയകുമാറിലൊരു കഥാകൃത്തുണ്ടെന്നുള്ള കാര്യം ഞങ്ങള്‍ അറിഞ്ഞത്. പ്രണയ പരാജയത്തിന്റെ ദിവസമെഴുതിയ ആ കഥ എവിടെയും പ്രസിദ്ധീകരിച്ചില്ലെങ്കിലും കഥാകൃത്തെന്ന പേരില്‍ അവന്‍ നാട്ടില്‍ പ്രശസ്തനായി.


ടൌണില്‍ കമ്പ്യുട്ടര്‍ കോഴ്സിനു പഠിക്കുകയാണു ജയകുമാര്‍. കാണാന്‍ വലിയ കുഴപ്പമില്ല. മെലിഞ്ഞു ഇരുനിറം. എപ്പോഴും നല്ല ഡ്രെസ്സിട്ട് വശീകരണ പൊട്ടും തൊട്ടു കുട്ടപ്പനായിരിക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കൊടുക്കാനായി ഒരു പുഞ്ചിരി റെഡിയാക്കി വെച്ചിരിക്കും. നാട്ടിലെ പൂട്ടിയിട്ട ചകിരി കമ്പനിയുടെ അടുത്താണു വീട്. ആ സ്ഥലം ചേരിക്കുണ്ട് എന്ന പേരിലാണു അറിയപ്പെടുന്നത്. അച്ഛനുമമ്മയും മൂന്നു പെങ്ങന്‍മാരുമാണു വീട്ടിലുള്ളത്. അച്ഛന്റേയും അമ്മയുടേതുമല്ലാതെ മറ്റാരുടേയും കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനാല്‍ വീട്ടില്‍ യാതൊരു ക്രമസമാധാന പ്രശ്നവുമില്ല.


പെണ്‍കുട്ടികളെ ലൈനാക്കാന്‍ അവനു ചില ട്രേഡ് സീക്രട്സ് ഒക്കെയുണ്ട്.
അതിലൊന്നു സ്വന്തം കാര്യമൊക്കെ മറച്ചു വെക്കുകയെന്നതാണു. അച്ഛന്‍ ഗള്‍ഫില്‍, അമ്മ ഹൌസ് വൈഫ്, പെങ്ങന്‍മാര് മൂന്നില്‍ നിന്നും ഒന്നായി ചുരുക്കും. ഗള്‍ഫിലേക്ക് പോകാന്‍ വിസ റെഡി. അതിനുമുന്‍പായി ഒരു കമ്പ്യുട്ടര്‍ കോഴ്സ് ചെയ്യുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലേ ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ വീഴൂ എന്നവനറിയാം. വീട്ടിലെ ശരിക്കുള്ള സ്ഥിതിയൊക്കെ അറിഞ്ഞാല്‍ 'ചേട്ടനെനിക്ക് പിറക്കാതെ പോയ ചേട്ടനാണു ചേട്ടാ' എന്നും പറഞ്ഞു അവളുമാര്‍ മുങ്ങുമല്ലോ.


കമ്പ്യുട്ടര്‍ കോഴ്സിനു ചേരുമ്പോ നല്ല പെണ്‍പിള്ളേരുള്ള സ്ഥലത്തേ ചേരൂ എന്ന ഒറ്റ നിബന്ധനയേ അവനുണ്ടായിരുന്നുള്ളു. നല്ല അന്തരീക്ഷത്തില്‍ പഠിച്ചാല്‍ പഠിപ്പിക്കുന്നത് പെട്ടെന്നു തലയില്‍ കയറുമല്ലോ. അവിടെ കാണാന്‍ മോശമായ എത്രയോ കുട്ടികളുണ്ടെങ്കിലും അവനു കൂടുതല്‍ ഇഷ്ടം തോന്നിയത് സുന്ദരിയായ ഷീനയോട് മാത്രമാണു. അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതി. എല്ലാ സ്വത്തിനും ഒറ്റ അവകാശി. ഇതിലധികം പിന്നെയെന്തു വേണം. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ജയന്റെ നയപരമായ ഇടപെടലിലും ട്രേഡ് സീക്രട്സിലും ഷീന വീണു. അവള്‍ക്കും ജയനെ വളരെ ഇഷ്ടമായി.


തനിക്കു കിട്ടിയതിലേക്ക് വെച്ച് ഏറ്റവും നല്ല കണക്ഷനായത് കൊണ്ട് എന്തു വിലകൊടുത്തും അവസാനം വരെ കൊണ്ട് പോകണമെന്നു അവന്‍ തീരുമാനിച്ചു.


അങ്ങനെ ആ പ്രണയ റിവര്‍ യാതൊരു അണക്കെട്ടിന്റെയും പാലത്തിന്റെയും തടസ്സമില്ലാതെ മുന്നോട്ട് പോകുമ്പോഴാണു വില്ലന്‍ കടന്നു വരുന്നത്. കമ്പ്യുട്ടര്‍ പഠിക്കാന്‍ വന്ന സുന്ദരനും സുമുഖനും സര്‍വ്വോപരി ബൈക്കും ഷൂവും മൊബൈല് ഫോണുമുള്ള വിനോദ്. വേറെ എത്ര പെണ്‍പിള്ളേര്‍ ഭൂമിയിലുണ്ട് പക്ഷേ വിനോദിനും ഷീനയെ തന്നെയാണിഷ്ടപ്പെട്ടത്. ഷീന പക്ഷേ ജയനുമായി ഫെവിക്കോളിട്ടപോലെ ഉറച്ചു പോയതിനാല്‍ വിനോദിനു സംഗതി എളുപ്പത്തില്‍ നടക്കില്ലെന്നു ബോധ്യമായി. അതിനു വേണ്ടി വിനോദ് ജയകുമാറിനേയും ഷീനയേയും അകറ്റാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.


ജയകുമാര്‍ ഇല്ലാത്ത സമയങ്ങളില്‍ അവനെ കുറ്റം പറഞ്ഞു ചിരിക്കുക, അവന്റെ ഡ്രെസ്സിനെപറ്റിയും നടത്തത്തിനെ പറ്റിയും പരിഹസിക്കുക. ഷീനക്കും കൂട്ടുകാരികള്‍ക്കും മിഠായി വാങ്ങിക്കൊടുക്കുക, മൊബൈലിലെ എസ്.എം.എസ്, വിഡിയോ ക്ലിപ്പിങുകള് അവരെ കാണിക്കുക, എന്നിങ്ങനെ പല പല നമ്പര്‍ പയറ്റി വിനോദ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.


പാവം ജയനു വിനോദിനെ തീരെ സംശയമുണ്ടായിരുന്നില്ല. അവനു വിനോദ് എത്രവരെ പോകുമെന്നതിനെക്കുറിച്ച് ഒരു വിദൂര സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ല.


ഒരു ഞായറാഴ്ച്ച ഞങ്ങള്‍ വായനശാലയുടെ താഴത്തെ വരാന്തയിലുള്ള ഇബ്രായിയുടെ കടയില്‍ വെറുതെ തമാശ പറഞ്ഞിരിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. അപ്പോള്‍ ഒരു ബൈക്ക് വന്നു നിര്‍ത്തി, മഴക്കോട്ടും ഹെല്‍മറ്റുമിട്ട ഒരാള്‍ താഴെയിറങ്ങി ചോദിച്ചു.

'ജയകുമാറിന്റെ വീടേതാ?'
'ഏതു ജയകുമാര്‍?'
'കമ്പ്യുട്ടര്‍ സെന്ററില്‍ പഠിക്കുന്ന...?'
'ഓ. അത് ദാ ഈ ഇടവഴി നേരെ പോയി അവസാനിക്കുന്നിടത്ത്. നിങ്ങളാരാ?'
'ഞാന്‍ ജയന്റെ കൂടെ പഠിക്കുന്നതാ… എന്നാ വരട്ടെ താങ്ക്സ്.'

അയാള്‍ ബൈക്കില്‍ കയറി ഇടവഴിയിലൂടെ ഓടിച്ചു പോയി. മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും.


പിന്നീടാണു ഞങ്ങള്‍ സംഭവങ്ങളറിഞ്ഞത്. അന്നു വഴി ചോദിച്ചത് വിനോദായിരുന്നെത്രെ. കാര്യങ്ങളൊന്നുമറിയാതിരുന്ന ഞങ്ങള്‍ ജയന്റെ വീട്ടിലേക്കുള്ള വഴി കിറുകത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. വിനോദ് അവിടെയെത്തിയപ്പോള്‍ പാവം ജയകുമാര്‍ ഒരു കൈലിയുമുടുത്ത് അവന്റെ കുടില്‍ പോലത്തെ വീട്ടിന്റെ അരമതിലിലിരുന്ന് മംഗളം വാരികയിലെ മാത്യുമറ്റത്തിന്റെ നോവല്‍ വായിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിനോദ് ആ ഭാഗത്തുള്ള അവന്റെയൊരു ഫ്രന്റിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. ജയകുമാറിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തന്റെ വീട് ചെറിയതായതിന്റെ ഇത്തിരി ചമ്മലൊക്കെയുണ്ടായിരുന്നെങ്കിലും അവന്‍ പെങ്ങന്‍മാരോട് പറഞ്ഞ് ചായ ഇട്ട് വിനോദിനെ സല്‍ക്കരിച്ചു. ജയന്റെ അച്ഛനുമമ്മയേയുമൊക്കെ പരിചയപ്പെട്ട് കുറച്ച് സമയം ചുറ്റിപറ്റി നിന്ന ശേഷം വിനോദ് സ്ഥലം വിട്ടു.


പിറ്റേന്ന് ജയകുമാര്‍ കമ്പ്യുട്ടര്‍ സെന്‍റ്ററില്‍ ചെല്ലുമ്പോള്‍ ഷീനയും വിനോദും അടുത്തടുത്തിരുന്നു പൊട്ടിച്ചിരിക്കുന്ന കാഴ്ച്ചയാണു കണ്ടത്. വിനോദിന്റെ കൈയ്യിലെ മൊബൈലില്‍ നിന്നും അവരെല്ലാവരും ജയന്റെ വീടും വീട്ടുകാരെയുമൊക്കെ കണ്ടിരുന്നു. ഷീന ഒറ്റ നോട്ടമേ നോക്കിയുള്ളു. ജയകുമാറിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആ നിമിഷം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നു തരിപ്പണമായി.


അന്നു വൈകുന്നേരം ഞങ്ങള്‍ ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയകുമാര്‍ ആകെ തളര്‍ന്ന് പരവശനായി കയറി വന്നു. അവന്‍ ഒരു കസേലയിലിരുന്നു സിഗരെറ്റെടുത്ത് വലിച്ച് ജനലിലൂടെ പുകയൂതി വിട്ട് ദൂരേക്ക് നോക്കിയിരുന്നു. പിന്നെ ഒരു വെള്ളക്കടലാസ്സെടുത്ത് എഴുതാന്‍ തുടങ്ങി. കുറേ കഴിഞ്ഞ് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ കണ്ടത് അവന്‍ കുത്തിയിരുന്നു കുനുകുനേ കഥയെഴുതുകയാണു. പേരു 'കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍' അതു എത്രയും പെട്ടെന്നു എഴുതി അയച്ച് അടുത്തയാഴ്ചത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ ഷീനയ്ക്കു വീണ്ടും അവനോട് സഹതാപ പ്രേമം വരുമല്ലോ.


അവന്റെ പ്രേമം പിന്നെയും പൊട്ടിയല്ലോ എന്നതോര്‍ത്ത് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു വിധമായി. കൂട്ടത്തില്‍ രസികനായ ബാബൂട്ടി പറഞ്ഞു. കഥാകൃത്താവുമ്പോള്‍ വെയ്റ്റിനു ഒരു തൂലികാനാമം വേണം. ശരിയാണു ഞങ്ങളും അനുകൂലിച്ചു. ബാബൂട്ടി തന്നെ പേരുമിട്ടു. ജയകുമാര്‍ താമസിക്കുന്നത് ചേരിക്കുണ്ടിനടുത്താണല്ലോ. അതുകൊണ്ട് പേരിലെ ജയന്‍ മാറ്റി ഇങ്ങനെയാക്കി 'കുമാര്‍ ചേരിക്കുണ്ട്.'


അങ്ങനെയാണു ഞങ്ങളുടെ നാട്ടില്‍ ഒറ്റ കഥ പോലും പ്രസിദ്ധീകരിക്കാതെ പ്രശസ്തനായ കുമാര്‍ ചേരിക്കുണ്ടെന്ന കഥാകൃത്തുണ്ടായത്.

Wednesday, August 13, 2008

പറയാന്‍ മറന്നു പോയത്...

പത്തു പന്ത്രണ്ട് കൊല്ലം മുന്‍പൊരു ദിവസത്തിലെ നട്ടുച്ച നേരം. ഞാന്‍ കണക്കെഴുത്തുകാരനായി ജോലി ചെയ്യുന്ന കടയുടെ ഷട്ടര്‍ താഴ്ത്തി കൂട്ടുകാരനായ സജീവന്റെ വീട്ടില്‍ അക്ഷമനായി അവളേയും കാത്തിരിക്കുകയാണു.


കുറേ നാളുകളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു സുന്ദരിയേയാണു ഞങ്ങള്‍ കാത്തിരിക്കുന്നത്. പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്നു. സജീവന്റെ വീടിന്റെ അടുത്തൂടെയാണു അവളുടെ വീട്ടിലേക്ക് പോകേണ്ടത്. അവള്‍ ഇവന്റെ നാട്ടിലാണെന്നതു കൊണ്ട് മാത്രം ഈ തെണ്ടി കഴുവേറിയെ ഞാന്‍ പരിചയപ്പെട്ട് എന്റെ സുഹ്രുത്താക്കിയതാണു. അതു വഴി അവളുടെ നാട്ടിലേക്കൊരു പാലം തുറന്നു കിട്ടുമല്ലോ എന്നു കരുതി. അവനു പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിലും, എന്റെ പ്രീമിയര്‍ ചെരിപ്പിന്റെ ദേഹകാന്തിക്കായി തേഞ്ഞു തീര്‍ന്ന സോപ്പുകളായും, പാറപ്പുറത്തെ പുരപ്പുല്ലു പോലെ കുത്തനെ നില്‍ക്കുന്ന എന്റെ തലമുടി ലെവല്‍ ചെയ്യാന്‍ ഒഴുക്കിത്തീര്‍ത്ത വെളിച്ചെണ്ണയായും, പുത്തന്‍ പാന്റ്സും ഷര്‍ട്ടുമായും അങ്ങനെ ഒരുപാടു ഇന്‍വെസ്റ്റ്മെന്റ്സ് ഈ പ്രഥമ പ്രണയ പ്രസ്ഥാനത്തില്‍ ഞാന്‍ മുതല്‍മുടക്കിയിട്ടുണ്ട്.


അവള്‍ക്ക് ഉച്ചയ്ക്കാണു ക്ലാസ്. എല്ലാ ദിവസവും ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ അവളെന്റെ കടയുടെ മുന്നിലൂടെ കോളേജിലേക്ക് പോകും. ദിവസവും കണ്ട് കണ്ട് പിന്നെ എനിക്ക് സില്‍ക്ക് സ്മിതയുടെ സിനിമ പോലെ അവളെ കാണാതിരിക്കാന്‍ പറ്റില്ലെന്നായി. ഏതൊരു സുന്ദരിയേയും യാതൊരു ഉപാധിയും കൂടാതെ സ്നേഹിക്കാന്‍ മാത്രം തങ്കപ്പെട്ട മനസ്സുള്ളവനായിരുന്നല്ലോ ഞാന്‍. കണ്ണിലൂടെ അയക്കുന്ന ഇന്‍ഫ്രാറെഡ് സിഗ്നല്‍സൊക്കെ കറക്റ്റായത് കാരണം അവള്‍ക്കുമെന്നെ ഇഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. എപ്പോ കണ്ടാലും മധുരമനോഹരമായ ഒരു ചിരി അവളെനിക്കു തരുമെങ്കിലും എന്റെ പ്രണയവിവരം അവളെയൊന്ന് അറിയിക്കാനിതു വരെ പറ്റിയില്ല. അവളുടെ വീട്ടില്‍ ഫോണുമില്ല, മറ്റെവിടെയും അവളെ സൌകര്യത്തിനു ഒറ്റയ്ക്കു കിട്ടിയതുമില്ല. റോഡില്‍ നിന്ന് പറയാമെന്നു വെച്ചാ ഞാന്‍ തമിഴ് സിനിമയിലെ നായകനൊന്നുമല്ലല്ലോ. എന്റെ അനുരാഗ നദിയിലൂടെ അവള്‍ വേറെ വല്ല യമഹ എഞ്ചിന്‍ പിടിപ്പിച്ച വള്ളത്തില്‍ കയറി പോകുന്നതിനു മുന്‍പ് അവളോട് “ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ..” എന്ന പാട്ടും പാടി എന്റെ പാണ്ടിച്ചങ്ങാടത്തില്‍ കയറ്റാന്‍ കുറേ നാളായി ഞാന്‍ കാത്തിരിക്കുന്നു. അങ്ങനെ ഇന്നു ഇന്നുച്ചയ്ക്കു അവള്‍ കോളേജില്‍ പോകുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിക്കണം എന്നുറപ്പിച്ചു. സജീവന്റെ വീടിനടുത്താണു അതിനു പറ്റിയ സ്ഥലം കണ്ടെത്തിയത്.


അവന്റെ വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇംഗ്ലീഷില്‍ 'C' എന്നെഴുതിയത് പോലെ വളവുകളുള്ള ഒന്നരയാള്‍ പൊക്കമുള്ള ഇടവഴിയാണു. ഒരു വളവു കഴിഞ്ഞു കുറേ ദൂരം നേരെ. പിന്നെ വീണ്ടും വളവ്, അതു കഴിഞ്ഞു മെയിന്‍ റോഡ്. മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും അങ്ങിങ്ങായി മുകളില്‍ നിന്നും താഴെ നടവഴിയിലേക്ക് വീണു കിടന്നിരിക്കും. അതിന്റെ മറവില്‍ നിന്നാല്‍ ദൂരെ നിന്നും വരുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ല. ഉച്ച സമയമായതിനാല്‍ ആരുമതുവഴി വരാനുമില്ല. ഒരു ചരിത്ര പ്രണയത്തിലെ അനശ്വര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന് ഭാഗ്യം കിട്ടിയ ഇടവഴി!!


എന്റെ തൊട്ടടുത്ത കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയോട് അവന്റെ ഇരുണ്ട മുഖം കണ്ടില്ലെന്നു നടിച്ച് കടം വാങ്ങിയ സൈക്കിളും ചവിട്ടിത്തളര്‍ന്നു ഇവിടെ വന്നു അവളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറേയായി. അവളെ ഇനിയും കാണുന്നില്ല. മുതലാളിയായ ഹാജീക്ക വരുന്നതിനു മുന്‍പ് എനിക്ക് കടയിലെത്തണം. ഇല്ലെങ്കില്‍ കട അടച്ചിട്ടതിനു അങ്ങേരെന്റെ അച്ഛനുമമ്മയേയുടേയും സ്നേഹാന്വേഷണം നടത്തും. അവളെയോര്‍ത്ത് കണക്കെഴുതി തെറ്റിപ്പോയതിനു ഇപ്പോള്‍തന്നെ എന്റെ പേരില്‍ തെറി ഡെബിറ്റ് ബാലന്‍സാണു. അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. എങ്ങനെ തുടങ്ങുമെന്ന യാതൊരു ഐഡിയയുമില്ല. വല്ല ലവ് കോച്ചിങ്ങ് സെന്ററുമുണ്ടെങ്കില്‍ പോകാമായിരുന്നു.

'അവളിന്നു ലീവാണോ സജീവാ.. കാണുന്നില്ലല്ലോ?' ഞാന്‍ ചോദിച്ചു.
'വരും സമയമാകുന്നതേയുള്ളല്ലോ' അവനെന്നെ ആശ്വസിപ്പിച്ചു. അവന്‍ എഴുന്നേറ്റ് വഴിയിലേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു. 'എടാ വരുന്നുണ്ട്..'

എന്റെ തലയിലൊരു ബോംബ് സ്ഫോടനം നടന്നു. സര്‍വ്വാംഗം വിറയ്ക്കാന്‍ തുടങ്ങി. എന്റെ ദൈവമേ.. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും? നെഞ്ചിനുള്ളിലെ മെഷീന്‍ ടപ് ടപ് എന്നു വര്‍ക്കു ചെയ്യാന്‍ തുടങ്ങി. വായിലെ വെള്ളം വറ്റി. വയറില്‍ സുനാമി രൂപംകൊള്ളുന്നു. കക്കൂസില്‍ പോകണമെന്നു വയറ്റില് നിന്നും ഹെഡ് ഓഫീസിലേക്ക് ഇ-മെയില്‍ പോയി.

അവളതാ പതുക്കെ നടന്നു വരുന്നു. എന്റെ കാഴ്ച്ചശക്തി കുറഞ്ഞു, എല്ലാം മങ്ങിത്തുടങ്ങി. കരളില്‍ തറിക്കുന്ന ഒരു നോട്ടവും കൂടെ ഏതു പടുവിനേയും പതിനെട്ടുകാരനാക്കുന്ന ഒരു ചിരി തികച്ചും സൌജന്യമായും തന്നു അവള്‍ ഇടവഴിയിലൂടെ നടന്നു.

'പിറകെ പോടാ..' സജീവന്‍ പറഞ്ഞു. എനിക്കു ഒരടി പോലും മുന്നോട്ട് വെക്കാനാവുന്നില്ല. കൈകാലുകള്‍ വിറയ്ക്കുന്നു. ജീവിതത്തിലാദ്യത്തെ അനുഭവമാണു. ഒന്നും വേണ്ടായിരുന്നു ദൈവമേ… വെറുതെ ചിരിച്ച് അങ്ങനെ കഴിഞ്ഞാല്‍ മതിയായിരുന്നു.

വറ്റിവരണ്ട തൊണ്ടയുമായി ഞാന്‍ വേച്ചു വേച്ച് സൈക്കിളില്‍ കയറി. അടികിട്ടിയ പാമ്പിനെപ്പോലെ അതു മുന്നോട്ട് വളഞ്ഞും പുളഞ്ഞും നീങ്ങി. തൊണ്ടിന്‍മേല്‍ തവളയെപ്പോലെ അതിന്റെ മുകളില്‍ ഞാനും.

ആദ്യത്തെ വളവു കഴിഞ്ഞു. എന്തൊരത്ഭുതം! അവളെവിടെപ്പോയി!! നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴിയിലൊന്നുമാരുമില്ല. ഇത്ര പെട്ടെന്ന് ഇവളെവിടെപ്പൊയി? അത്ഭുതത്തോടെ ഞാന്‍ സൈക്കിള്‍ മുന്നോട്ട് ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടതുഭാഗത്തെ വള്ളിപ്പടര്‍പ്പിലൊരനക്കം. നോക്കിയപ്പോ എന്റെ കണക്കു മുഴുവന് തെറ്റിച്ച പ്രാണ പ്രിയേശ്വരി, മഹേശ്വരി, എല്ലാര്‍ ഈശ്വരി.. അതാ, ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ ബ്രാന്റ് അമ്പാസഡര്‍ പോലത്തെ ഒരു ചെക്കനുമായി സര്‍വ്വം മറന്നു മണ്‍തിട്ടയും ചാരി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു നില്‍ക്കുന്നു...

Monday, July 28, 2008

സാവോയിലെ ക്ളോസ് ഫ്രന്റ്

എന്റെ സുഹ്രുത്തായ സതീഷ് എന്ന മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് കാരണം ഞാന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് മുന്‍പെഴുതിയതോര്‍ക്കുമല്ലോ. ആ സതീഷിന്റെ വിടുവായത്തം കൊണ്ട് അവനുണ്ടായ ഒരു അനുഭവം.


ഐഡിയ മൊബൈലിന്റെ പോസ്റ്റ് പെയിഡ് വിങ്ങിലാണു സതീഷ് ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങുകാരുടേതായ സകല ജാഡകളും, കാണാന്‍ മോശമില്ലാത്തതിന്റെ അഹങ്കാരവും ആവശ്യത്തിലധികമുണ്ട്. വെളുത്ത് മെലിഞ്ഞു അഞ്ചരയടി ഉയരം, ടാക്കീസില്‍ സെക്കന്റ് ഷോ കാണാന്‍ ആള്‍ക്കാരെന്ന പോലെ അഞ്ചാറു രോമങ്ങള് താടിമീശയുടെ സ്ഥാനത്തുണ്ട്. മാര്‍ക്കറ്റിംഗ് മീറ്റിംഗിനു പോകുമ്പോഴും മാര്‍ക്കറ്റില്‍ മീനിനു പോകുമ്പോഴും ഷര്‍ട്ട് ഇന്‍ ചെയ്ത് ഷൂ ഇട്ട് അടിപൊളി ഡ്രെസ്സിലായിരിക്കും. നാട്ടിലെ സകല അമ്പലത്തിലും പൂജിച്ച ചരടുകള്‍ കൈയ്യില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വിയര്‍പ്പും ചെളിയുമേറ്റ് ചരടിന്റെ നിറമൊക്കെ പോയി അഴുക്ക് കട്ടപിടിച്ചിരിക്കും. അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.


ആണവകാര്യം മുതല്‍ ആട്ടിന്‍കാട്ടം വരെ എന്തിനെപറ്റിയും അഭിപ്രായം പറയും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായാലുമില്ലെങ്കിലും അറ്റാക്ക് ചെയ്ത് വന്നു പരിചയപ്പെട്ടു വധിക്കും. ഈ ലോകം ഒറ്റക്ക് ചുമലിലേറ്റുന്നതിനാല്‍ എപ്പോഴും അതീവ ഗൌരവം. ഒരു പണിയുമില്ലെങ്കിലും എപ്പോഴും തിരക്കു തന്നെ, മിനിമം മൂന്നു മൊബൈലെങ്കിലും കൈയ്യിലുണ്ടാവും. ചെവിയില്‍ നിന്നും ശരീരത്തിന്റെ പല ഭാഗത്തേക്കും ‘വയറിങ് ’ നടത്തിയിരിക്കും, കൂളിങ്ഗ്ലാസ് എവിടെ വെക്കണമെന്നറിയാത്തത്കൊണ്ട് ഒന്നുകില്‍ അതു നെഞ്ചോട് ചേര്‍ന്നു ഷര്‍ട്ടിന്റെ മുകളിലായി കൊളുത്തിയിട്ടിരിക്കും, അല്ലെങ്കില്‍ അതു തലയില്‍ വെച്ചിരിക്കും. ഗര്‍ഭിണിയുടെ വയറു പോലെ തടിച്ചു വീര്‍ത്തൊരു പേഴ്സും അതില്‍ കുറേ എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും കാണും, ചുമലിലൂടെ ഒരു ബാഗുമുണ്ടാവും.


'ഹായ്, ടാ.., അവന്‍ വിളിച്ചാരുന്നു, ഞാന്‍ കാണത്തില്ല, കസ്റ്റമറെ കോണ്ടാക്റ്റ് ചെയ്തു, നാളെ ഞാന്‍ ട്രിവാന്‍ഡ്രത്താണു, ഫ്രൈഡെ ബാംഗ്ലൂരിലായിരിക്കും.. ' ഇങ്ങനെ പ്രിന്റ് ഭാഷയിലും ഒരു പ്രീഡിഗ്രി ഫെയില്‍ഡിനെക്കൊണ്ടാവുന്നത്ര ഇംഗ്ലീഷ് കലര്‍ത്തിയുമേ സംസാരിക്കു. മലയാളത്തോടും സ്വന്തം നാടിനോടും തീരാത്ത പുച്ഛം. ഒരു നേഴ്സിനെ കല്യാണം കഴിച്ചു അവളുടെ ‘ഭാര്യയായി’ അമേരിക്കയ്ക്കു പോകണമെന്നാണു അന്ത്യാഭിലാഷം. സ്വന്തം ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്ന ‘സദുദ്ദേശ്യ’ത്തിനു വേണ്ടി, ആരെയും വിളിച്ചില്ലെങ്കിലും ഞെട്ടിപ്പിക്കുന്നൊരു ബില്ല് മാസാമാസം വരുന്ന ഒരു കണക്ഷന്‍ അടുത്ത സുഹ്രുത്തുക്കളെപോലും പിടിപ്പിക്കുവാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവന്‍. അച്ഛനുമമ്മയും പോലും ‘കസ്റ്റമറാ’യിരിക്കും.


കടം വാങ്ങിയാല്‍ പറഞ്ഞ തീയ്യതിക്ക് തിരിച്ചു കിട്ടുമെന്ന യാതൊരു ഭയവും വേണ്ട. കാരണം മൂപ്പര് പണം തിരിമറിയുടെ രാജാവാണു. മിക്ക ബാങ്കുകളിലും ലോണ്‍ ഉണ്ട്. പങ്ച്വാലിറ്റിയാണു മൂപ്പരുടെ ‘വീക്ക്നെസ്സ്’. എവിടെയെങ്കിലും പോകണമെങ്കില്‍ പറഞ്ഞ സമയം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞാലേ അവനെത്തൂ. ടൌണിലെ എല്ലാ വി.ഐ.പി. കളേയുംപറ്റി പറയുമ്പോള്‍ ‘ഓ.. അതെന്റെ ക്ളോസ് ഫ്രന്റാ..’ എന്നു പറയും. യാതൊരുവിധ പരിചയമില്ലെങ്കിലും ഒരു വെയിറ്റിനു വേണ്ടി എല്ലാവരേയും അറിയുമെന്നു പറയുന്നതാണു. അവനെ നന്നായി അറിയുന്നത്കൊണ്ട് ഞങ്ങളതൊന്നും മെമറിയില്‍ സേവ് ചെയ്യാറില്ല. പൊങ്ങച്ചത്തിനു വേണ്ടി എന്തു കോലവും കെട്ടും. ആരെന്തു പറഞ്ഞാലും യാതൊരു ഉളുപ്പുമില്ല. മൂന്നു ബിഗ് 'ബി' കള്‍ക്കു വേണ്ടിയാണു ജീവിക്കുന്നതു തന്നെ. ബൈക്ക്, ബാര്‍, ബില്ല്.


ഇങ്ങനെയൊക്കെയാണെങ്കിലും ആളു വളരെ ഉപകാരിയാണു. കള്ളു കുടിക്കാനും കളറടിക്കാനും എന്നു വേണ്ട ഏതു കാര്യത്തിനും മുന്നിലുണ്ടാവും. വെറുതെ പൊക്കിവെച്ചാ മതി ആര്‍ക്കു വേണ്ടിയും എവിടെപ്പോകാനും ബൈക്കുമെടുത്ത് റെഡിയായിരിക്കും. അതുകൊണ്ട് തീരെ ഒഴിവാക്കാനും പറ്റില്ല.


പുതിയ ഇരകളെ വലയിലാക്കുന്നതിനു വേണ്ടി ഇടക്കിടക്ക് അവന്‍ കാസര്‍ഗോഡ് പോകാറുണ്ട്. എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ടീമുണ്ടാവുമല്ലോ. അതുപോലെ കണ്ണൂര്‍-കാസര്‍ഗോഡ് പാസഞ്ചറിലും നാലാം നമ്പര് കമ്പാര്‍ട്ട്മെന്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന 10 പേരടങ്ങിയ ഒരു ടീമുണ്ട്. ഈ ടീമുമായി സതീഷ് നല്ല കമ്പനിയാണു. അവരുടെ രണ്ടുവരി സീറ്റില്‍ വേറെ ആരുമിരിക്കില്ല. പത്രം വായിച്ചും അതിലെ 'തമാശകള്‍' പറഞ്ഞു പൊട്ടിച്ചിരിച്ചും അവരുടെ കൂടെയുള്ള യാത്ര രസകരമായിരുന്നു. ഇടയ്ക്ക് ആരെങ്കിലും വീട്ടില് നിന്നും ഭക്ഷണം കൊണ്ടുവരും. എല്ലാവരും ഒന്നിച്ചിരുന്നു അതു കഴിക്കും. കുറേ മാസങ്ങള്‍ കൂടുമ്പോള്‍ ഏതെങ്കിലും ബാറില്‍ വെച്ച് പാര്‍ട്ടി നടത്തും. പലര്‍ക്കും നാട്ടിലേതിനേക്കാള്‍ അടുത്ത ഫ്രന്റ്സ് ട്രെയിനിലാണു. ഫിഷറീസില് വര്‍ക്ക് ചെയുന്ന ജോണേട്ടന്‍, കലക്റ്ററേറ്റിലെ രവീന്ദ്രന്‍, വാട്ടര് അതോറിറ്റിയിലെ രാജേഷ് എന്നിവരായിരുന്നു അവരുടെ കണ്‍വീനര്‍മാര്.


ഒരു ദിവസം സതീഷ് ചെവിയില്‍ ബ്ലൂടൂത്ത് ഫിറ്റ് ചെയ്താണു ട്രെയിനിലെത്തിയത്. ജോണേട്ടനു ബ്ലൂടൂത്ത് കണ്ട് ഇതെന്താണിവന്റെ ചെവിയില്‍ പിടിപ്പിച്ചതെന്നു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു. 'അല്ല സതീഷേ... നിനക്ക് കേള്‍വിശക്തി കുറവാണോ? ശ്രവണ സഹായി പിടിപ്പിച്ചല്ലൊ'. ജോണേട്ടനു ബ്ലൂടൂത്തിനെപ്പറ്റി അറിയാത്തത് കൊണ്ട് പറഞ്ഞതാണെങ്കിലും എല്ലാവരും പൊട്ടിച്ചിരിച്ചു. സതീഷ് കാറ്റഴിച്ചുവിട്ട ബലൂണ് പോലെയായി.


'അല്ല.. നമ്മുടെ പാര്‍ട്ടി എപ്പോഴാണു?' സതീഷ് വിഷയം മാറ്റാനായി ചോദിച്ചു.
'അതു ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സാവോയ് ബാറില്‍ വെച്ചു.' രവീന്ദ്രന്‍ പറഞ്ഞു.
' അയ്യോ സാറ്റര്‍ഡെ എനിക്കു എറണാകുളത്ത് മീറ്റിംഗാണു. അതും കഴിഞ്ഞു ഞാന്‍ സണ്‍ഡെ ഈവനിംഗിലേ എത്തുകയുള്ളു' സതീഷ് പറഞ്ഞു.
'എന്താ ചെയ്യുക, എല്ലാവര്‍ക്കും സൌകര്യമുള്ള ദിവസമാ അന്നു. പിന്നെ അടുത്തൊന്നും ആരും ഫ്രീയല്ല.' ജോണേട്ടന്‍ പറഞ്ഞു.
'അയ്യോ പ്ലീസ് മാറ്റിവെക്കു.. എനിക്കു മീറ്റിംഗുള്ളത് കൊണ്ടല്ലെ. അല്ലേല്‍ ഞാന്‍ വന്നേനെ..' താനില്ലെങ്കില്‍ പരിപാടി മാറ്റിവെക്കുമെന്നാണു സതീഷ് കരുതിയത്. പക്ഷേ അവര്‍ വഴങ്ങുന്നില്ല. ഒരു രക്ഷയും കാണാഞ്ഞ് അവന്‍ പറഞ്ഞു.

'സാവോയിലെ ഗുണ്ട, കുട്ടപ്പന്‍ എന്റെ ക്ലോസ് ഫ്രന്റാണു. അവന്റെ റൂം വേണമെങ്കില്‍ ഞാന്‍ അറേഞ്ച് ചെയ്തു തരാം. എന്നെയും കൂട്ടണം.' ബാറുകളിലുണ്ടാകുന്ന തല്ലുകള്‍ അടിച്ചും ഒതുക്കിയും തീര്‍ക്കുവാന്‍ ബാര് മുതലാളിമാര്‍ ഓരോ ഗുണ്ടകളെ കാശും കള്ളും പിന്നെന്തൊക്കെയോ കൊടുത്ത് വളര്‍ത്തും. അക്കൂട്ടത്തിലൊരാളായിരുന്നു സതീഷ് തന്റെ ക്ലോസ്ഫ്രന്റാണെന്നു പറയുന്ന കുട്ടപ്പന്‍. പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ അവനിയാളെ കണ്ടിട്ടു പോലുമില്ല. പക്ഷേ പെണ്ണു കാണാന്‍ ചെറുക്കനെത്തുമെന്നു പറഞ്ഞ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്ന പെണ്ണിനെപ്പോലെ കള്ളു കുടിക്കാന്‍ ആക്രാന്തം മൂത്തിരിക്കുന്ന അവന്‍മാരെയുണ്ടോ ഇളക്കാന്‍ പറ്റുന്നു. നാലാം നമ്പര്‍ ടീം ഒറ്റശബ്ദത്തില്‍ പറഞ്ഞു. 'നിന്റെ മീറ്റിംഗ് വേണേല്‍ മാറ്റിക്കോ'.

'എങ്കില്‍ നിങ്ങള്‍ പാര്‍ട്ടി നടത്തുന്നതൊന്നു കാണാമല്ലോ ഞാന്‍ കുട്ടപ്പനോട് പറഞ്ഞ് നിങ്ങളുടെ പാര്‍ട്ടി കലക്കും..' സതീഷ് ചിരിച്ചുകൊണ്ട് അവരെ വെറുതെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞു.

നല്ല തണ്ടും തടിയുമുള്ള രാജേഷ് ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റിക്കൊണ്ട് പറഞ്ഞു. 'നിന്റെ കുട്ടപ്പനേക്കാളും വലിയ ഗുണ്ടയാ ഞാന്‍. ആരെ വേണേലും കൂട്ടി വാ.'

'എന്നെ കൂട്ടാതെ പാര്‍ട്ടി നടത്താനോ… എന്നാലതൊന്ന് കാണണമല്ലോ.. എനിക്കിന്നു കാഞ്ഞങ്ങാടാണു ഡ്യൂട്ടി. അതുകൊണ്ട് ഞാനിവിടെ ഇറങ്ങുകയാണു. അപ്പോ നമുക്കു അടുത്തയാഴ്ച്ച കാണാം.. ' സതീഷ് അവരെ വെല്ലുവിളിച്ച് അവിടെയിറങ്ങി.


അവന്ന്‍ വെറുതെ വിടുവായത്തം പറയുന്നതായത്കൊണ്ട് ആരുമത് കാര്യമാക്കിയില്ല. മുന്‍നിശ്ചയമനുസരിച്ച് വീട്ടില്‍ ലൈസന്‍സുള്ള കുടിയന്‍മാര്‍ ഭാര്യമാരോടൊന്നും പറയാതെയും ആ മന്ദബുദ്ധികള്‍ ഞായറാഴ്ച്ചയായിട്ടും എവിടെയാ പോകുന്നതെന്നു ചോദിച്ചപ്പോ ഒന്നും മിണ്ടാതെ നോക്കിപ്പേടിപ്പിച്ചും, ലൈസന്‍സില്ലാത്ത കുടിയന്മാര് യൂനിയന്റെ മീറ്റിംഗുണ്ടെന്നു കള്ളം പറഞ്ഞും ഞായറാഴ്ച്ച 11 മണിക്കു തന്നെ ബാറില്‍ ഹാജരായി.


പതിവുപോലെ 2 പെഗ് മാത്രം മതി, അര്‍ജന്റായി പോകാനുണ്ടെന്നു പറഞ്ഞ് തുടങ്ങുകയും 1 ഫുള്ള്, 2 ഫുള്ള്, 3 ഫുള്ള് എന്നിങ്ങനെ ബ്രാണ്ടിക്കുപ്പികള്‍ ഗള്‍ഫുകാര്‍ നാട്ടില്‍ വരുന്നത് പോലെ തടിച്ച് വീര്‍ത്ത് സുന്ദരക്കുട്ടപ്പന്‍മാരായി ടേബിളിലേക്ക് വരികയും കുറച്ച് നാള്‍ കഴിഞ്ഞ് വീട്ടിനും നാട്ടിനും ബാധ്യതയാവുന്നത് പോലെ ടേബിളിന്റെ മൂലയിലേക്കും പിന്നെ നിലത്തേക്കും വലിച്ചെറിയപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കോഴിയുടെ ഭൌതിക ദേഹാവശിഷ്ടങ്ങള്‍, എന്റെ ദേഹത്ത് ഇനിയെന്തേലും ബാക്കിയുണ്ടോ ദുഷ്ടന്‍മാരേ എന്ന ആന്‍സ്വര്‍ലെസ്സ് ക്വസ്റ്റ്യനോടെ മേശമേല്‍ വിറകുകൊള്ളികള്‍ അട്ടിയിട്ടതുപോലെ കിടന്നു.


രണ്ടെണ്ണം അകത്ത് ചെന്നാല്‍ ആരോടെങ്കിലും ഒന്നു കൊളുത്തണമെന്നു ആണായി പിറന്ന ഏതൊരു കുടിയനും തോന്നുമല്ലോ. തികച്ചും നാച്വറല്‍! (തോന്നാത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അത് ഡ്യൂപ് മദ്യമായിരിക്കും. ബാറോ ബ്രാന്റോ മാറ്റി നോക്കുക.) അതു പോലെയുള്ള ഒരു നല്ല മനുഷ്യനായിരുന്നു രാജേഷ്. വെരി നൈസ് ഫെലോ. ‘ഒരു ചില്ലിചിക്കന്‍ കൊണ്ടു വരാന്‍ പറഞ്ഞിട്ടു നേരമെത്രയായെടാ.. നമ്മളെന്താ കാശു തന്നെയല്ലേടാ എണ്ണിതരുന്നത്.. പുളിങ്കുരുവാണോ? നീ അപ്പുറത്തെ ടേബിളില് ശരിക്കു സര്‍വ്വ് ചെയ്യുന്നുണ്ടല്ലോ..’ എന്നു പറഞ്ഞ് രാജേഷ് സപ്ലയറോട് ചൂടായി. അവനത് കേട്ട് മിണ്ടാതിരുന്നാ പോരേ.. പക്ഷേ അവന്‍ എന്തോ പിറുപിറുത്തു. അതു കേട്ട രാജേഷ് വളരെ പതുക്കെ.. ടി.വി.യിലെ ക്രിക്കറ്റ് കമന്റടിക്കാരന്‍ പറയുന്നത് പോലെ ബാറ്റിന്റെ മിഡിലില്‍ തന്നെ പന്തു സ്വീകരിച്ചു… അവന്റെ ചെവിക്കുറ്റി നോക്കി ഒന്നു പൂശി. ആ പാവം ബാലന്‍സ് തെറ്റി അടുത്തുള്ള ടേബിളില് ചെന്നുവീണു. പിന്നെ അവിടെ കുടിച്ചു കൊണ്ടിരിക്കുന്നവന്‍മാരും രാജേഷുമായി ഉന്തും തള്ളുമായി. സോള്‍വ് ചെയ്യാന്‍ പോയ ജോണേട്ടനും രവിയുമായും അവന്‍മാര് വഴക്കായി.


അപ്പോള്‍ സൂര്യന്‍ തോറ്റുപോകുന്ന കറുപ്പുള്ള ഒരു തടിയന്‍ അജാനുബാഹു, കരിങ്കുറ്റിയാന്‍ അവരുടെ അടിപിടിയില്‍ ഇടപെടാനെത്തി. രാജേഷിനു തടിയന്റെ വരവ് ഒട്ടും പിടിച്ചില്ല. നമ്മള്‍ കള്ളുകുടിയന്‍മാര്‍ തമ്മില്‍ പല പ്രശ്നവുമുണ്ടാകും. നീ ഇതിലിടപെടേണ്ട എന്നും പറഞ്ഞു രാജേഷ് അവനിട്ടൊന്നു കൊടുത്തു. അത്രേള്ളു.. പിന്നെ……
…….കരിമരുന്നുപ്രകടനത്തില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയതു പോലെ അടിയുടെ പൂരമായിരുന്നു. രാജേഷിനും രവീന്ദ്രനും ടീമിനു മുഴുവനും ഡി.ഏ., അലവന്‍സ്, ബോണസ് അരിയേഴ്സ് അടക്കം മൊത്തമായി കിട്ടി.

തടിയന്റെ കൈയ്യില്‍ നിന്നും ‘സ്റ്റാന്റിങ്ങില്‍' രണ്ടെണ്ണം ഇരുകവിളുകളിലും ഈക്വലായി പടപടാന്നു വാങ്ങി, അവന്‍ മറ്റുള്ളവരില്‍ ‘കോണ്‍സന്‍ട്രൈറ്റ്’ ചെയ്ത സമയം ഓടി രക്ഷപ്പെട്ട് മൂലയിലുള്ള ഒരു മേശയുടെ അടിയില്‍ അഭയം പ്രാപിച്ച ജോണേട്ടന്‍ തനിക്കു മുന്‍പേ അവിടെ സ്ഥാനം പിടിച്ച ഒരുത്തനോട് ചോദിച്ചു. ‘അതാരാ.. ആ തടിയന്‍..?’ അവന്‍ പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു..

'ശ്..ശ്..അതാണു കുട്ടപ്പന്‍…!!!'

* * * *
'ഹായ് ഡാ.. പറയെടാ.. ഞാനിന്നലെ രാത്രിയെത്തി... ആ കുഴപ്പമില്ല.. ഓക്കേടാ.. പിന്നെ വിളിക്കാം.. ബൈ..' സതീഷ് സംസാരം നിര്‍ത്തി നാലാം നമ്പര് ടീം ഇരിക്കുന്ന സീറ്റിന്റെ പാസ്സേജിലെത്തി. സാധാരണ സതീഷിനു സീറ്റ് കൊടുക്കാന്‍‍ എല്ലാവര്‍ക്കും ഇഷ്ടമാണു. ഇന്നെന്തോ ആരുമൊന്നും മിണ്ടുന്നില്ല. ഉറക്കക്ഷീണം പോലെ എല്ലാവരുടെയും മുഖം വീര്‍ത്തു കെട്ടിയിരിക്കുന്നു. ചിലര്‍ കൈയ്യിലും മുഖത്തും ബാന്‍ഡ് എയിഡ് ഒട്ടിച്ചിട്ടുമുണ്ട്.

സതീഷ് ചോദിച്ചു. 'എന്താ ആരുമൊന്നും മിണ്ടാത്തത്?'
'...................................................'
'പാര്‍ട്ടി എങ്ങനെയുണ്ടാരുന്നു...?'
'...................................................'
രാജേഷിന്റെ ഇടത് കൈയ്യില് ബാന്‍ഡേജിട്ടത് കണ്ട് സതീഷ് ചോദിച്ചു. 'അല്ല.. രാജേഷേ ഇതെന്താ പറ്റിയത്..?'

ആരുമൊന്നും സതീഷിനോട് മിണ്ടുന്നില്ല. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുന്നു. കുറേ ചോദിച്ചിട്ടും ഇവന്‍മാരെന്താ ഒന്നും മിണ്ടാത്തതെന്നു സതീഷിനു മനസ്സിലായതുമില്ല.


കുറേ നേരം കഴിഞ്ഞിട്ടും ആരും മൈന്‍ഡാക്കാത്തത് കണ്ടപ്പോള്‍ സതീഷിനു എന്തോ ഒരു പന്തികേട് ഫീല്‍ ചെയ്തു. അവനും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി അവിടെ തന്നെ നിന്നു. വണ്ടി കളനാട് സ്റ്റേഷന്‍ എത്താറായി. മൂന്നു മിനിട്ടു നേരം ഒരു തുരങ്കത്തിലൂടെയാണു വണ്ടി പോകേണ്ടത്. പെട്ടെന്നു രവീന്ദ്രന്‍ ജനലരികിലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൈ കൊടുത്ത് സതീഷിനോട് പറഞ്ഞു. 'വാ സതീഷേ ഇരിക്കു..'
'കണ്ടോ.. എന്നോട് രവിയേട്ടനേ സ്നേഹമുള്ളു.. ഇറങ്ങാറായെങ്കിലും കുറച്ചു നേരമിരിക്കാം..' സതീഷ് വളരെ സന്തോഷത്തോടെ രവീന്ദ്രന്റെ കൈ പിടിച്ചു.

അപ്പോഴേക്കും വണ്ടി തുരങ്കത്തില്‍ കടന്നു. കമ്പാര്‍ട്ട്മെന്റില്‍ ഇരുട്ടായി. രവീന്ദ്രന്‍ സതീഷിന്റെ കൈ പിടിച്ചു വലിച്ച് തല കുനിച്ച്പിടിച്ച് കാലുമടക്കി അവന്റെ അടിവയറിലൊന്നു കൊടുത്തു. അടുത്തത്.. രാജേഷ് തന്റെ വലതു കൈ കൊണ്ട് മുതുകില്‍.. പിന്നെ എല്ലാവരും അവരുടെ സങ്കടങ്ങള്‍ അവന്റെ ശരീരത്തില്‍ തടവിതീര്‍ത്തു. സതീഷ് അവരുടെ കാലുകള്‍ക്കിടയിലേക്കു മൂക്കു കുത്തി വീണു. 'ഏയ്.. എന്താ പ്രശ്നം.. അയ്യോ.... എന്റമ്മേ.. യ്യോ..' സതീഷിന്റെ കരച്ചില്‍ ട്രെയിനിന്റെ ഒച്ചപ്പാടിലമര്‍ന്നുപോയി.

വണ്ടി തുരങ്കം കഴിഞ്ഞു. വെളിച്ചം വന്നു. എല്ലാവരും ഇറങ്ങാനായി വാതില്‍ക്കലേക്കു നടന്നു. സതീഷ് മാത്രം കാലിയായ സീറ്റുകള്ക്കിടയില് ജനാലയുടെ കീഴെ ബോഗിയും ചാരി, ഉലഞ്ഞ മുടിയുമായി, തലയും കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവനൊന്നും മനസ്സിലായില്ല. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുമ്പോള്‍ രാജേഷ് പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് അവന് ഓര്‍ത്തെടുക്കുകയായിരുന്നു.

'നായിന്റെ മോനേ.. നീ ഞങ്ങളെ കുട്ടപ്പനെക്കൊണ്ട് തല്ലിക്കും അല്ലേടാ..'

Tuesday, July 15, 2008

ഒരു പ്രവാസിയുടെ അമ്മ

ആരോ പിടിച്ചു വലിച്ചത് പോലെ തോന്നി ഞാന്‍ മയക്കത്തിന്റെ കയങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അമ്മക്കു കാപ്പി കൊടുത്ത് 2 മണിക്കു കയറിക്കിടന്നതാണു. സമയം നോക്കി. 4.50 ഇന്നു റൈറ്റ് ടൈമാണല്ലോ. എല്ലാവരും ഇറങ്ങാനുള്ള പുറപ്പാടിലാണു. താഴത്തെ ബര്‍ത്തില്‍ അമ്മ നല്ല ഉറക്കത്തിലാണു. തലക്ക് ചുറ്റിയ വെള്ളത്തുണി മാറി മുടി കൊഴിഞ്ഞു പോയത് പുറത്തേക്ക് കാണുന്നു. ഞാന്‍ താഴെക്ക് ചാടിയിറങ്ങി. തുണി നേരെയാക്കി വെച്ചു. താഴെ എല്ലാവരും കൂറ്റന്‍ പെട്ടികളും ബാഗുകളുമെടുത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണു. മലയാളിക്ക് ചെറിയ യാത്രയില്‍ പോലും കൈനിറയെ പെട്ടികളാണു. തിരക്കൊന്നൊഴിയട്ടെ മെല്ലെയിറങ്ങാം. ഷട്ടര്‍ പൊക്കി നോക്കിയപ്പോ പ്ലാറ്റുഫോമില്‍ ജനസമുദ്രം. അനൌണ്‍സ്മെന്റുകളുടെ ഘോഷയാത്ര കേള്‍ക്കാം. കമ്പാര്‍ട്ടുമെന്റിലെ തിരക്കൊന്നു കുറഞ്ഞപ്പോ അമ്മയെ മെല്ലെ വിളിച്ചു. 'എത്തിയോ മോനെ?' ക്ഷീണം വകവെക്കാതെ അമ്മ പെട്ടെന്നു എഴുന്നേറ്റു. ബാഗ് ചുമലിലിട്ട് അമ്മയെ താങ്ങിപ്പിടിച്ച് ഞാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. ഖദര്‍ ധാരികളും കണ്ണൂര്‍ മുണ്ടുടുത്ത കമ്മൂണിസ്റ്റുകാരും പരസ്പരം കൊമ്പ് കോര്‍ക്കാതെ ചിരിച്ച് കുഴഞ്ഞ് നടക്കുന്നത് കാണാമായിരുന്നു. പലരും ഉറക്കത്തിന്റെ ആലസ്യത്തിലാണു നടക്കുന്നത്.

റെയില്‍വേ പ്ലാറ്റുഫോം എപ്പോഴും അങ്ങനെയാണു. പുഴയില്‍ വേലിക്ക് വെള്ളം കേറുന്നതു പോലെ പെട്ടെന്നു നിറഞ്ഞൊഴുകും പിന്നെ കാണില്ല. ഞങ്ങളങ്ങനെ ഒരു വിധം മെല്ലെ എന്റ്രന്‍സ് കടന്നു. പുറത്താണെങ്കില്‍ വെട്ടുകിളികളെപ്പോലെ ഓട്ടോക്കൂട്ടം പാഞ്ഞടുക്കുന്നു. തിരുവനന്തപുരം നഗരമുണരുന്നത് കണ്ണൂര്‍ എക്സ്പ്രസ്സിന്റെ വരവോട് കൂടിയാണു. എല്ലാവരും ഓട്ടോ പിടിക്കാനുള്ള പരക്കംപാച്ചിലിലാണു. 'സമയം 5 മണി ആയിട്ടേയുള്ളു’ ഞാന്‍ അമ്മയോടു പറഞ്ഞു.

അമ്മയെ ഞാനവിടെ സീറ്റിലിരുത്തി. തിരക്കൊന്നു കുറഞ്ഞപ്പൊള്‍ ടാക്സി പിടിക്കാന്‍ താഴേക്കിറങ്ങി. സമയം നീളുന്നു. ഹോസ്പിറ്റലില്‍ രോഗികള്‍ നിറയുംമുമ്പേ അവിടെയെത്താനുള്ളതാണു. ഒരു വിധം ഒരു ടാക്സി തരപ്പെടുത്തി ഞാന്‍ മെല്ലെ അമ്മയെ അതില്‍ പിടിച്ചിരുത്തി.

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. പാതിരാവില്‍ പെയ്ത മഴയില്‍ റോഡില്‍ അങിങായി വെള്ളംകെട്ടിക്കിടക്കുന്നുണ്ട്. രാക്ഷസന്‍കോട്ട പോലെയുള്ള പുതിയ നിയമസഭാമന്ദിരത്തിനു മുകളിലായി കാളിയന്‍ പത്തി വിടര്‍ത്തിയതു പോലെ കരിമേഘം. സ്റ്റാച്യു ജംഗ്ഷന്‍ കഴിഞ്ഞു ചെറുതായി മഴ പെയ്തു തുടങ്ങി. ചാറല്‍ അടിക്കാതിരിക്കാന്‍ ഞാന്‍ വ്ണ്ടിയുടെ ഗ്ലാസ് പൊക്കിവെച്ചു‍. അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്. ഈ കീമോ കഴിഞ്ഞിട്ട് ബാക്കി റ്റ്രീറ്റ്മെന്റ് തുടങ്ങാമെന്നാണു ഡോക്റ്റര്‍ പറഞ്ഞത്. അമ്മയെ തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു. അമ്മ എന്റെ മടിയിലേക്കു ചാഞ്ഞുകിടന് അമ്മയുടെ തലയില്‍ ചുറ്റിയ വെള്ളത്തുണി പാറിപോകാതിരിക്കാന്‍ ഞാന്‍ പിടിച്ചു വെച്ചു. പാവം മരുന്നിന്റെ ചൂട് കൊണ്ട് അമ്മയുടെ മുടിയെല്ലാം കൊഴിഞ്ഞ്പൊയിരിക്കുന്നു വയസ്സ് എഴുപതുണ്ടെങ്കിലും അമ്മയുടെ മുടി അധികമൊന്നും നരച്ചിട്ടുണ്ടായിരുന്നില്ല. കാച്ചിയ എണ്ണയുടെ മണമാ അമ്മയുടെ മുടിക്ക്, നല്ല മുറ്റുമുണ്ടായിരുന്നു. ഇളയമ്മ വീട്ടില് വരുമ്പോള്‍ അമ്മ എപ്പോഴും മുടിയുടെ മേനിപറച്ചില്‍ നടത്തുമായിരുന്നു. കാട്ടുപടവലത്തിന്റെ വള്ളി ചതച്ച പ്രത്യേകതരം എണ്ണക്കൂട്ടായിരുന്നു അമ്മയുടെ മുടിയുടെ രഹസ്യം, നീരെറക്കത്തിന്നും തലവേദനയ്ക്കും അമ്മയുടെ കാണപ്പെട്ട ദൈവം. കുമാരന്‍ വൈദ്യരു പറഞ്ഞ്കൊടുത്ത എണ്ണയായിരുന്നു അത് , കാട്ടുപടുപടവലം എവിടെ കണ്ടാലും കുറ്റിയൊടെ അമ്മ പറിച്ചു കൊണ്ടുവരുമായിരുന്നു.

“എന്തിനാ ഏടത്തീ ഈ വള്ളി “എന്നാരെങ്കിലും ചോദിച്ചാല്‍ അമ്മ അഭിമാനത്തൊടെ പറയും, “എന്റെ എണ്ണക്കാ മോളേ..”

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയെ സോപ്പിടാന് ഏറ്റവും നല്ല പണി കാട്ടുപടവലത്തിന്റെ വള്ളി കൊണ്ട് വരലാണ് , തമ്പിയേട്ടന്റെ പറമ്പില്‍ നിന്നും ഞാന്‍ സ്ഥിരമായി കാട്ടുപടവലം പൊട്ടിച്ചുകൊണ്ടു വരും. വള്ളി കാണുമ്പോഴെക്കും അമ്മയുടെ കണ്ണുകള്‍ ചെറിയ കുട്ടികളുടെത് പോലെ വിടര്‍ന്ന്‌വരും. അതുകാണാന്‍ നല്ല രസമാ. അന്നത്തെ ദിവസം അമ്മയ്ക്ക് എന്നോട് കൂടുതല് വാത്സല്യമായിരിക്കും. അച്ഛനും ചേച്ചിയും കേള്‍ക്കെ പറയും 'എന്റെ മോന് കൊണ്ടുത്തന്ന വള്ളിയാ ഇത്'. ഏറ്റവും രസം രാത്രിയില്‍ വള്ളി ഉരലിട്ടിടിച്ച് പിഴിയാന്‍ സഹായിയായി കൂടാം, അന്നത്തെ ദിവസം പുസ്തകത്തോടു വിട. എന്റെ ചിന്തകള്‍ കാട്ടുപടവലത്തിന്റെ വള്ളിപോലെ പടര്‍ന്നുപോയി…

ഹൊ ഇന്ന് 21 ആയല്ലൊ ഈശ്വരാ..., രണ്ടാമത് അനുവദിച്ച ലീവും തീരാന്‍ ദിവസങള്‍ മാത്രം... മനസ്സില്‍ വല്ലാത്ത ഭയം. കരഞ്ഞ് പറഞ്ഞാണ് ഒരു മാസത്തെക്ക് ലീവ് അനുവദിച്ചത്‌. അമ്മയുടെ അസുഖത്തിന്റെ സീരിയസ്നെസ്സ്, ഞാന്‍ മാത്രമെ മകനായിട്ടുള്ളൂ.. ഇവയൊക്കെ പറഞ്ഞ് പറഞ്ഞാണു അവസാനം ഈജിപ്ത്കാരന്‍ GM 15 ദിവസത്തെക്ക് കൂടി നീട്ടിത്തന്നത്. ”do not extend your leave further.. this is last” അയാളുടെ വാക്കുകള്‍ കാതില്‍ മുഴങുന്നു ഇനി എന്താ മുന്നിലുള്ള വഴി ഒന്നിനും ഒരു രൂപവും ഇല്ല. അവിടെ ഫ്ളാറ്റില്‍ അനുവും മക്കളും തനിച്ചാണ് അവള്‍ ജോലിക്ക് പൊയി ത്തിരിച്ച് വരുമ്പോള്‍ മക്കള്‍ Day care-ല് ആയിരിക്കും എത്രദിവസമായി മക്കളെ കണ്ടിട്ട്……… ഇവിടെ രോഗിയായ അമ്മയെ ഒരു വലിയവീട്ടില്‍ ഹോംനേഴ്സിന്റെ അരികിലാക്കി എങിനെ തിരിച്ചു പോകും? ഒന്നിനും ഒരുപിടിയും കിട്ടുന്നില്ല. അമ്മ ഒരു കൊച്ചുകുട്ടിയെ പൊലെ മടിയില് തല ചായ്ച്ചു കിടക്കുന്നു പാവം ... എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. പുറത്തുള്ള ഒന്നും കാണാന്‍ പറ്റുന്നില്ല. എല്ലാം നിറംമങിയ നിഴലുകള്. അമ്മ കാണാതിരിക്കാന്‍ ഞാന്‍ കര്‍ച്ചീഫ് എടുത്ത് കണ്ണു തുടച്ചു. പെട്ടെന്നു എതൊ ഒരു അദ്രുശ്യശക്തി എന്നില്‍ സന്നിവേശിച്ചതുപൊലെ തോന്നി...ആരൊ പകര്‍ന്ന് തന്നതുപോലെ ഒരു ധൈര്യം.. വരുന്നടുത്ത് വെച്ചുകാണാം. ജോലി പൊകുന്നങ്കില്‍ പോകട്ടെ. അവരെയൊക്കെ നാട്ടിലെക്ക് കൊണ്ടുവരാം. അമ്മയെ തനിച്ചാക്കി എവിടെക്കും ഇല്ല. ഞാന്‍ അമ്മയെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഇന്നത്തെ റിസള്‍ട്ട് കിട്ടിയാല്‍ എല്ലാം സധാരണ പോലെയാവണേ... ഞാന്‍ സകല ദൈവങ്ങളേയും പ്രാര്‍ഥിച്ചു...

വണ്ടി ഏതോ ഹംബില്‍ കയറി ഒന്നു ചാടി. ഹൊ മെഡിക്കല്‍ കൊളേജ് എത്തിയിരിക്കുന്നു.

ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഞങ്ങള്‍ റൂമെടുത്തു. പെട്ടെന്നുതന്നെ കുളിച്ചു ഫ്രെഷായി. അവിടന്നു തന്നെ പ്രാതലും കഴിച്ചു. അപ്പോഴേക്കും സമയം ആറരയാവുന്നതേയുള്ളു. പേടിക്കാനില്ല സമയം ആവുന്നതേയുള്ളു. ആവശ്യത്തിനു സാധനങ്ങള്‍ മാത്രം ബാഗിലെടുത്ത് മുറിപൂട്ടി അമ്മയുടെ കൈപിടിച്ച് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ഓട്ടോയും മറ്റ് വാഹനങ്ങളും വരുന്നതേയുള്ളു.

മോനേ നമുക്ക് മെല്ലെ നടക്കാം അത്രയല്ലേയുള്ളൂ. അമ്മ പറഞ്ഞു. മാത്രമല്ല, അമ്മ എപ്പോഴും അങ്ങനെയാണു ഏതു നാട്ടില്‍ പോയാലും അവിടത്തെ ചെറിയ ചെറിയ കാഴ്ചകള്‍ അമ്മയ്ക്കു കൌതുകമാണു. ഇവിടുത്തെ തടിച്ച മാലിപ്പെണ്ണുങ്ങള്‍, സ്റ്റതസ്കോപ്പ് തൂക്കിയിട്ടു നടക്കുന്ന മെഡിക്കല്‍ സ്റ്റുഡെന്റ്സ്, വഴിയിലൂടെ പോകുന്ന കൊച്ചുകുട്ടികള്‍, കൊളെജ് ഗാര്‍ഡനിലെ പൂത്ത്നില്ക്കുന്ന ചെടികള്‍ അങ്ങനെ പോകുന്നു അമ്മയുടെ കാഴ്ച്ചകള്‍. ഓരോന്നിനും അമ്മയുടെ തന്നെ അഭിപ്രായവുമുണ്ടാവും. പണ്ടായിരുന്നെങ്കില്‍ കാക്കയോടും പൂച്ചയോടും സംസാരിക്കുന്ന ആളാ. ഞാന്‍ അമ്മയുടെ കൈപിടിച്ച് മെല്ലെ നടന്നു.

ആര്‍സി.സി. എത്താറായി. എന്റെ ഹ്രിദയമിടിപ്പിന് വേഗം കൂടി. ഇനി മറ്റൊരു ലോകമാണു. ജീവന്റെ വഴിയില്‍ നിഴല്‍ വീണവരുടെ ലോകം. അവരുടെ ആര്‍ദ്രമായ കണ്ണുകള്‍ നമ്മുടെ മനസിനെ പിടിച്ചുലക്കും. പരിചയപ്പെട്ടവരില്‍ നല്ല ആത്മവിശ്വാസമായിരുന്നു തിരുവനന്തപുരതുകാരന്‍ പ്രകാശേട്ടനു. പക്ഷേ ദിവസങ്ങള്‍ കൊണ്ട് ആ പ്രകാശം അണഞ്ഞു പോയി. പക്ഷേ വളരെ സീരിയസ്സായിരുന്ന മനോഹരനും സേവിയര്‍ക്കും നല്ല മാറ്റമുണ്ട്. എല്ലാം ‘മുകളിലെ വലിയ വൈദ്യന്റെ’ തീരുമാനങ്ങള്‍.

രജിസ്റ്റ്രേഷന്‍ കൌണ്ടറില്‍ ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇനിയെല്ലാം പടിപടിയായി ചെയ്യാനുള്ളതാണു. ആദ്യം രക്തപരിശോധന, ലാബ് തുറക്കുന്നതേയുള്ളു. രക്തം കൊടുത്തതിനു ശേഷം അമ്മയേയും കൂട്ടി കൌണ്ടറില്‍ വന്നിരുന്നു. റിസള്‍ട്ട് കിട്ടാന്‍ ഒരു മണിക്കൂറെങ്കിലും വൈകും. തിരക്കു കൂടിവരുന്നു. കുട്ടികള്‍, ചെറുപ്പക്കാരികള്‍ അങ്ങനെ പോകുന്നു. രോഗികളുടെ നീണ്ടനിര കണ്ട്‌ കണ്ട് കണ്ണിന് ശീലമായി. പിന്നെ എല്ലാം എല്ലാം യാന്ത്രികമാവുന്നു.

കിട്ടിയ റിസല്‍ട്ടുമായി നേരെ ഡോക്റ്ററുടെ ക്യാബിനിലേക്ക്. അത് ഡോക്ടറുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചിരുന്നു. എന്താണീശ്വരാ പറയാന്‍ പോകുന്നത്? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ‘നല്ല കുറവുണ്ടല്ലൊ. നമുക്ക് ഈ പ്രാവശ്യം കൂടി കീമോ ചെയ്താല് മതി.

'സാരമില്ല ഞങളുടെ മരുന്നും അമ്മയുടെ ധൈര്യവും കൂടിയാവുമ്പോള്‍ എല്ലാം പെട്ടന്ന് ശരിയാവും.’ ഡോക്ടര്‍ അമ്മയുടെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു. അവിടുന്ന് ഇറങുമ്പോള്‍ മനസ്സിന്ന് നല്ല ആശ്വാസം. പെട്ടെന്നുതന്നെ മരുന്നു വാങ്ങി വന്നു. തിരക്ക് വര്‍ദ്ധിച്ചു വരുന്നു. സെക്യുരിറ്റിക്കാരന്റെ ഉച്ചത്തിലുള്ള് ആജ്ഞകള് കോറിഡോറിലൂടെ കേള്‍ക്കാമായിരുന്നു. ഇവര്‍ക്ക് എങിനെ കഴിയുന്നു ഇത്ര ക്രൂരമായി പെരുമാറാന്. വ്രിത്തികെട്ട ഇനം.

മരുന്നു സഞ്ചിയും ചാര്‍ട്ടും സിസ്റ്ററെ ഏല്‍പ്പിച്ചു. പെട്ടെന്നുതന്നെ അവര് ഡ്രിപ് സ്റ്റാര്‍ട്ട് ചെയ്തു. ഇനി മൌനത്തിന്റെ നിമിഷങ്ങളാണു. ഏകദേശം നാലു മണിക്കൂറെങ്കിലുമെടുക്കും ഇതു കഴിയാന്‍. വളരെ പതുക്കെയേ ഡ്രിപ് കൊടുക്കുകയുള്ളു. ഞെരമ്പിലൂടെ കയറുന്ന മരുന്നു നല്ലതും ചീത്തയുമായ മുഴുവന് കോശങ്ങളേയും നശിപ്പിക്കുന്നു. ഒരു തരം വാഷൌട്ട്. എലിയെപ്പിടിക്കാന്‍ ഇല്ലം ചുടുന്നത്പോലെ. ഇതാണു കീമോതെറാപ്പിയുടെ രസതന്ത്രം. ഏറ്റവും വിഷമം ഇതു കഴിഞ്ഞുള്ള ദിവസങ്ങളാണു. എല്ലാം മനക്കരുത്തു കൊണ്ട് അമ്മ സഹിക്കുന്നു. വേറെ വഴിയില്ലല്ലോ.

തൊട്ടടുത്ത ക്യാബിനുകളിലൊക്കെ പേഷ്യന്റ്സ് വന്നുകൊണ്ടിരിക്കുന്നു. . ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ഒപ്പിക്കൊണ്ടിരുന്നു. വല്ലാത്ത അസ്വസ്ഥത. ഞാന്‍ അമ്മയുടെ കാല്‍പാദം തടവികൊടുത്തു അങനെ ചെയ്യുന്നത് അമ്മയെക്ക് പണ്ടേ ഇഷ്ടമാണു, പെട്ടെന്നു ഒരു ഞരക്കത്തോടെ അമ്മ മയക്കത്തില് നിന്നുണര്‍ന്നു. 'മോനേ കുറച്ചു കഞ്ഞി കിട്ടുമോ കിട്ടിയെങ്കില്‍ നന്നായേനെ?'

എന്റെയീശ്വരാ.. ഒരാളെ കൂടെ കൂട്ടാത്തതിന്റെ മണ്ടത്തരമോര്‍ത്ത് എനിക്കു കരച്ചില്‍ വന്നു.

അമ്മയുടെ അടുത്ത് ആരു നില്‍ക്കും? കഞ്ഞി കിട്ടണമെങ്കില്‍ ഹോസ്പിറ്റലിന്റെ വെളിയില്‍ പോകണം. ഈശ്വരാ എന്ത് ചെയ്യു? ഞാന് സിസ്റ്ററുടെ അടുത്തേക്കോടി. നിങ്ങളുടെ കൂടെ വേറാരുമില്ലേ? ഞാനൊന്നും പറയാതെ നിന്നു. എന്റെ നിസ്സഹായത കണ്ടിട്ടാവണം അവര് കൂടുതല്ലൊന്നും പറഞ്ഞില്ല. ശരി. വേഗം പോയി വരു.. അമ്മയെ ഞാന്‍ നോക്കിക്കൊള്ളാം. ഞാന് പാത്രവുമെടുത്ത് സിസ്റ്ററെ ദയനീയമായി നോക്കി താഴേക്കോടി. ഹോസ്പിറ്റലില്‍ നിന്നും കുറച്ച് ദൂരമുണ്ട് കഞ്ഞി കിട്ടുന്ന ഹോട്ടലിലേക്ക്.

റോഡിലൂടെയുള്ള എന്റെ ഓട്ടം ചിലരൊക്കെ നോക്കുന്നുണ്ട്. പെട്ടെന്നു തന്നെ അവിടെയെത്തി. കഞ്ഞി ഒഴിക്കുമ്പോള് അയാള്‍ പറഞ്ഞു. നിങ്ങളുടെ കൈയ്യില് ഈ പാത്രമേയുള്ളോ.. നല്ല ചൂടുണ്ട്. സൂക്ഷിക്കണം. ഞാന് പാത്രം കൈയ്യിലെടുത്തു. എന്റമ്മേ.. ഭയങ്കര ചൂട് ഈശ്വരാ.. ഇതു മറിഞ്ഞ് പോകുമോ? ഞാന്‍ പാത്രം കൈകള്‍ മാറ്റി മാറ്റി പിടിച്ചു . ചൂടുകൊണ്ട് ഞാന്‍ റോഡില് നിന്നും തുള്ളി പോകുന്നുന്ന്ട് എന്തുവന്നാലും ഇതു മറിക്കില്ല. ഞാന്‍ തീരുമാനിച്ചു അമ്മക്ക് ഇതു മ്രുതസഞ്ജീവനി പൊലെയാണ്. പെട്ടെന്നു മുന്നിലുടെ പൊയ ഒരു ഓട്ടോ ബ്രേക്കിട്ട് സൈഡില്‍ നിര്‍ത്തി. ഡ്രൈവറൊരു സഞ്ചിയുമായി വന്ന് ഏതോ അടുത്ത പരിചയക്കാരനെ പോലെ എന്നോട് ചോദിക്കാതെതന്നെ പാത്രം കൈയ്യില്‍നിന്നും വാങ്ങി സഞ്ചിയിലിട്ട് എന്റെ കൈയ്യില്‍ തിരിച്ചേല്‍പ്പിച്ചു.

‘സാറേ കയറിക്കോളൂ. ഞാന് ഹോസ്പിറ്റലിറക്കിത്തരാം.’
‘അയ്യോ വേണ്ട നടക്കാനുള്ള ദൂരമല്ലേയുള്ളു. ഇതു തന്നെ വലിയ ഉപകാരം.’

‘പൈസ ഒന്നും വേണ്ടസാറേ നമ്മളൊക്കെ മനുഷ്യരല്ലേ’. അയാളെന്നെ നിര്‍ബ്ബന്ധിച്ച് വണ്ടിയില് കയറ്റി ഹോസ്പിറ്റലിന്റെ ഉള്ളിലിറക്കിത്തന്നു. ഞാന്‍ താങ്ക്സ് പറയുന്നതിനു മുമ്പ് അയാള്‍ തിരിഞ്ഞു നോക്കാതെ വണ്ടിയുമെടുത്ത് പോയ്ക്കഴിഞ്ഞിരുന്നു. ദൈവം ഓട്ടോക്കാരന്റെ രൂപത്തിലോ?

ഞാന്‍ പെട്ടന്ന്‌തന്നെ മുകളില്‍ എത്തി അശ്വാസം. അമ്മയുടെ തൊട്ടടുത്തു തന്നെ സിസ്സര്‍ നില്‍ക്കുന്നുണ്ട്. അമ്മ അവരൊട് എന്തോ പറഞു ചിരിക്കുന്നു. എത്ര പെട്ടന്നാ അമ്മ അവരെ കമ്പനി ആക്കിയത്! നിങള്‍ ഇത്ര പെട്ടന്ന്‌ പരിചയക്കരായൊ? അവര്‍ ചിരിച്ചു . കഞ്ഞി നന്നായി ആറ്റിയതിനു ശേഷമെ അമ്മയ്ക്ക് കൊടുക്കാവൂ എനിക്കുള്ള നിര്‍ദ്ധേശവും തന്ന്‌ അവര്‍ പൊയി. ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി തണുപ്പിച്ച് എന്റെ മടിയില്‍ കിടത്തി ഒന്നു രണ്ട് സ്പൂണ് കൊടുത്തപ്പോഴേക്കും അമ്മയുടെ കണ്ണുകള്‍ പ്രകാശമാനമായി.... പഴയ അമ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നിയെനിക്ക്. അമ്മയ്ക്ക് നല്ല ആശ്വാസം തോന്നി. പിന്നെ അമ്മ ഒരു പാട് സംസാരിച്ചു അച്ഛനെ പറ്റിയും ചേച്ചിയെ പറ്റിയും.... അച്ഛന്‍ മരിക്കുമ്പോള്‍ എറ്റവും ദുഃഖം ചേച്ചിയെ ഓര്‍ത്തായിരുന്നു..... തറവാട്ട്മഹിമ നോക്കി അച്ചന്റെ നിര്‍ബന്ധത്തിനു വഴങിയായിരുന്നു അവളുടെ കല്ല്യാണം........... ഒക്കെ അവളുടെ വിധി എന്റെ മൊളെ ഒന്ന് കണ്ടാല്‍
മതിയായിരുന്നു അതിനും അവന്‍ അനുവദിക്കുന്നില്ലലോ ……. അമ്മയുടെ കണ്ണുകള്‍ നിറ്ഞ്ഞു. ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു ............ കുറച്ച് നേരത്തെ മൌനത്തിനു ശേഷം അമ്മ എന്നോട് ചോദിച്ചു. ‘നിന്റെ ലീവ് എപ്പഴാ കഴിയുന്നത് മോനെ?’

കുറച്ച് മുന്‍പ് എനിക്ക് കിട്ടിയ ധൈര്യം ചോര്‍ന്നു പോയോ. ഒരു നിമിഷം ഞാന്‍ ഒന്ന് പതറിയൊ?.....
‘അമ്മയുടെ അസുഖം മാറിയെ ഞാന്‍ പോകുന്നുള്ളൂ’

‘അതൊന്നും വെണ്ട മോനെ.. ഇപ്പോള്‍തന്നെ നിന്റെ ലീവ് ഒരുപാടായില്ലെ. അസുഖം കുറവുണ്ടെന്നല്ലെ ഡോക്ടര്‍ പറഞ്ഞത് പിന്നെ എന്തു പേടിക്കാനാ.... വീട്ടില്‍ ചുറ്റിലും എന്തു സഹായത്തിനും നമുക്ക് ആള്‍ക്കാരില്ലെ? പിന്നെ ഹൊംനേഴ്സില്ലെ.. മാത്രമല്ല അസുഖം മാറിയാലും അമ്മയൊക്കെ ഇനി എത്രകാലമാ ...? ഇത്രയും നല്ല ജോലി പോയാല്‍ പിന്നെ കിട്ടുമോ ? അനുവും മക്കളും അവിടെ തനിച്ചല്ലേ നീ വേഗം തിരിച്ചു പോകണം’ പിന്നെ ഏന്തങ്കിലും വിശേഷം അറിയാന്‍ ഒന്ന് വിളിച്ചാപ്പോരെ....പാറഞ്ഞ്‌തീരുമ്പോഴേക്കും അമ്മയുടെ വാക്കുകള്‍ ഇടറിയൊ..?

‘അമ്മ ഇപ്പോള്‍ ഇതൊന്നും ആലോചിക്കെണ്ട’ ഞാന്‍ അമ്മയെ തടഞ്ഞു അമ്മ നന്നായി ഒന്ന് ഉറങിയാട്ടെ’

ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുകള്‍ ഒപ്പിക്കളഞ്ഞു. വിശറി എടുത്ത് മെല്ലെ മെല്ലെ വീശിക്കൊടുത്തു...... അമ്മയുടെ കണ്ണുകള്‍ മയക്കത്തിലേക്ക് ആണ്ടാണ്ട് പോയി..................ഡ്രിപ്പില് നിന്നും നാഴികമണി പോലെ മരുന്നു തുള്ളിതുള്ളിയായി വീണു കൊണ്ടിരിക്കുന്നു……..

ആകാശത്ത് കരിമേഘം കൊണ്ട് വന്ന കാറ്റ് ഹൊസ്പിറ്റലിന്റെ ജനാലകള്‍ കൂട്ടത്തോടെ തച്ചടക്കുന്നു...

Tuesday, July 8, 2008

ഒരു പുലിവാല്‍ കഥ

അതൊരു മഴക്കാറുള്ള ദിവസമായിരുന്നു. ഞാനുമെന്റെ ഫ്രന്റായ പ്രദീപും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ഓഫീസ് വിട്ടതിനു ശേഷം ടൌണില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ടായിരുന്നതിനാല്‍ കുറേ വൈകി. സമയം ഏകദേശം രാത്രി ഏഴു മണി ആയിരുന്നു. ടൌണ്‍ കഴിഞ്ഞു അധികം കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങി. റോഡരികിലുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഞങ്ങള്‍ വരാന്തയിലേക്ക് കയറി നിന്നു. അപ്പോഴേക്കും ഒന്നു രണ്ട് ബൈക്കുകാരും അവിടേക്കെത്തി. അടച്ചിട്ടിരുന്ന ആ കടയുടെ ചെറിയ വരാന്ത നിറയെ ആളുകളായി.

അടുത്തൊന്നും ചായ കുടിക്കാന്‍ ഒരു ഹോട്ടലു പോലുമില്ലാത്ത സ്ഥലത്തെത്തിയപ്പോഴാണു മഴ തുടങ്ങിയത്. മഴയെ ശപിച്ച് ഞങ്ങളോരോന്ന് സംസാരിച്ചുകൊണ്ട് നിന്നു. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഫ്രന്റായ സതീഷിനെക്കുറിച്ചും സംസാരിക്കാനിടയായി. അവനിപ്പോ പഴയ ജോലി വിട്ട് ഐഡിയ മൊബൈലിലാണു ജോലി ചെയ്യുന്നത്.

പെട്ടെന്ന് ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തേക്ക് ഒരാള് ഓടിക്കയറി വന്നു. ഏകദേശം 45 വയസ്സ് കാണും. അല്‍പ്പം കഷണ്ടിയുണ്ട്. നല്ല ഉയരവും ഒത്ത തടിയും. കണ്ടാല്‍ ഒരു ഗുണ്ടാ ലുക്ക്. ബനിയനും കാവി ലുങ്കിയുമാണു വേഷം.

അയാള്‍ ലുങ്കി കൊണ്ട് തല തുവര്‍ത്തി. അതിനുശേഷം ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
'എന്തൊരു മഴയാ അല്ലേ!' പ്രദീപ് ശരിയെന്നു തലകുലുക്കി.
മഴക്കാലത്ത് അപരിചിതരായ ആളുകള് പരസ്പരം പരിചയപ്പെടാന് തുടങ്ങുന്നത് മഴയെ കുറ്റപ്പെടുത്തിയാണല്ലോ.

അയാള്‍ മഴയെപറ്റി ഓരോന്നു പറയാന് തുടങ്ങി. കക്ഷി നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ഞങ്ങളുടെ തൊട്ടടുത്തു നിന്നാണു അയാള് സംസാരിക്കുന്നത്. രൂക്ഷമായ മദ്യഗന്ധം ഞങ്ങളുടെ മൂക്കിലേക്കടിച്ചു കയറി. പിന്നീടയാള് ചോദിക്കാതെ തന്നെ അയാളെപറ്റി പറയാന് തുടങ്ങി.

'ഞാന്‍ കെ.എസ്.ഇ.ബി.യില് എഞ്ചിനീയറാണു. ഇവിടെ എന്.ജി.ഒ. കോട്ടേഴ്സിലാണു താമസം. വൈഫ് എമ്പ്ലോയ്ഡാണു. ഈ കൈലി ഉടുത്തതൊന്നും കാര്യമാക്കണ്ട. പാന്റ്സൊക്കെ ഓഫീസില്‍ ‍പോകുമ്പോ മാത്രം. എന്റെത് വളരെ ലളിത ജീവിതമാണു. എനിക്ക് ചൊറിയാന്‍ തോന്നുമ്പോ ചൊറിയണം, മാടിക്കുത്തണം അതാണു കൈലി ഉടുക്കുന്നത്..'

തുടര്‍ന്ന് അയാളെന്നോട് ചോദിച്ചു. 'എവിടെയാണു വര്‍ക്ക് ചെയ്യുന്നത്?' പൊങ്ങച്ചക്കാരനണെന്ന് തോന്നിയതിനാലും നല്ല ‘വെള്ള’ത്തിലാണെന്നതിനാലും എനിക്കയാളോട് സംസാരിക്കുവാനേ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അയാളെ ഒഴിവാക്കാന്‍ വേണ്ടി എന്റെ കമ്പനിയുടെ പേരിനു പകരം അല്‍പ്പം മുന്‍പ് സംസാരിച്ച ഓര്‍മ്മയില്‍ സതീഷിന്റേത് പറഞ്ഞു. ‘ഐഡിയേല്’.

അതു കേട്ടയുടന്‍ അയാള് വളരെ ആവേശത്തോടെ പറയാന്‍ തുടങ്ങി. 'ഹ. എന്തു കമ്പനിയാണു നിങ്ങളുടേത്. എനിക്കൊരു പോസ്റ്റ് പെയിഡ് കണക്ഷനുണ്ടായിരുന്നു. ഒരു എക്സിക്യുട്ടീവില്ലേ.. എന്താ അവന്റെ പേര്... ആ കിട്ടി.. സതീഷ്.. അവന്‍ വന്നു കാലു പിടിച്ച് പറഞ്ഞത് കൊണ്ട് മാത്രം എടുത്തതാ.. ഒരു ചെറുപ്പക്കാരന്റെ ജോലിയല്ലേന്ന് കരുതി.. ചേര്‍ക്കാന്‍ വരുമ്പോഴത്തെ പെരുമാറ്റമൊന്നുമല്ല ബില്ലു വരുമ്പോ.. എനിക്ക് നാലായിരത്തി അഞ്ഞൂറു രൂപേടെ ബില്ലു വന്നിന്.. ഞാനാണെങ്കില്‍ ഒരാളെപോലും വിളിക്കാറുമില്ല.. ഞാനവനെ വിളിച്ചു പറഞ്ഞി.. അവന് അതുമിതും പറയുന്നു.. ഞാന്‍ പറഞ്ഞു ബില്ലടക്കില്ലാന്നു.. അവന്‍ കേസ്സ് കൊടുക്കുംപോലും. കൊടുക്കട്ടെ. എന്നോടാ അവന്റെ കളി..’

അയാള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. പ്രദീപ് എന്നെ നോക്കി ചിരിക്കാനും തുടങ്ങി. വഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വെച്ചു എന്നു പറഞ്ഞ അവസ്ഥയിലായി ഞാന്‍. വെറുതെ പറഞ്ഞ ഒരു കള്ളം ഇത്രേം പ്രശ്നമുണ്ടാകുമെന്ന് ആരറിഞ്ഞു. എടാ സതീഷേ ഇമ്മാതിരി ആള്‍ക്കാര്‍ക്കൊന്നും നീ മേലാല്‍ കണക്ഷന്‍ കൊടുക്കരുത്. ഞാന്‍ സതീഷിനെ മനസ്സില്‍ ചീത്ത പറഞ്ഞു. ഇയാള്‍ കള്ളുംകുടിച്ചു കിട്ടിയ നമ്പരിലൊക്കെ വിളിച്ചു കത്തിവെച്ചിരിക്കും. പിന്നെങ്ങനെ ബില്ലു വരാതിരിക്കും.

എനിക്കാണെങ്കില്‍ മദ്യത്തിന്റെ മണമടിച്ച് വല്ലാത്ത ഒരു അസ്വസ്ഥത തോന്നാനും തുടങ്ങി. മനംപിരട്ടുന്നത് പോലെ. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഫോണ്‍ വന്നതു പോലെ ഞാനെന്റെ മൊബൈലെടുത്ത് ചെവിയില്‍ വച്ചു അല്‍പ്പം മാറിനിന്നു.

അയാള്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ച് ആടിയാടി എന്റെ അടുത്തു വന്നു വീണ്ടും സംസാരിക്കാന്‍ തുടങ്ങി.

' ഞാനത് അടക്കില്ല കേട്ടോ.. ഞാനിതെത്ര കണ്ടതാ.. എന്റെ അളിയന്‍ പോലീസിലാ.. എന്റെ ക്ലോസ് ഫ്രന്റാണു കോടിയേരീന്റെ ഗണ്‍മാന്‍.. എന്നെ എന്തു ചെയ്യാനാ നിങ്ങള്.. കാണിച്ചു തരാം ഞാനാരാണെന്നു..'

സിഗരറ്റിന്റെയും ബ്രാണ്ടിയുടേയും കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം കാരണം ഞാനിപ്പോ ശര്‍ദ്ദിക്കുമെന്ന നിലയിലായി. ഒപ്പം അയാളെന്നെ കൈവെച്ചേക്കുമോ എന്ന പേടിയും തുടങ്ങി. പിറകില് കടയുടെ ഷട്ടറാണു ഇനിയും നീങ്ങിനില്‍ക്കാന് സ്ഥലമില്ല.

'എടാ പോകാം...മഴ കുറഞ്ഞു' എന്നും പറഞ്ഞു ഞാന്‍ പ്രദീപിനേയും പിടിച്ചു വലിച്ച് മഴയത്തേക്കിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോ അയാള്‍ എന്തോ വിളിച്ചു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ടായിരുന്നു.

ഏറെയൊന്നും പോകാന്‍ കഴിഞ്ഞില്ല. ബൈക്കു റോഡരികില് നിര്‍ത്തി ഞാനതില് നിന്നു തന്നെ വാളു വെച്ചു.

ഒരാള്‍ ശര്‍ദ്ദിച്ചു കുഴയുമ്പോ ഒന്നു തടവിത്തരികപോലും ചെയ്യാതെ തലയറഞ്ഞു ചിരിക്കുന്ന ഒരു ദുഷ്ടനായ സ്നേഹിതനെ ഞാനന്നു കണ്ടു.

Tuesday, June 24, 2008

പ്രണയശിക്ഷ

ജീവിതമെന്ന മഹാത്ഭുതത്തില്‍ നിന്നൊരു ദിനം.

ഹൈവേയില്‍ നിന്നും ഞാന്‍ കാറൊരു കട്ട് റോഡിലേക്ക് തിരിച്ചു. അതുവഴി ബാറിലേക്ക് എളുപ്പമുണ്ട്. അല്‍പ്പം ഇടുങ്ങിയ വഴിയാണെങ്കിലും ടൌണിലെ തിരക്കുമൊഴിവാക്കാം പെട്ടെന്നു എത്തുകയും ചെയ്യാം. 'അരണ്ട വെളിച്ചത്തില്‍' കാത്തിരിക്കുന്നവന്മാര്‍ മിസ്സ്കാളിന്റെ പെരുമഴ തന്നെ തീര്‍ക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നും വന്ന ഒരു ഫ്രന്റിന്റെ വക പാര്‍ട്ടിയാണു. ഈ നട്ടുച്ച നേരത്ത് എ.സി.യിലിരുന്നു തണുപ്പിച്ച ബീയര്‍ കഴിക്കുകയെന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രലോഭനമാണു.

ഒരു വളവു കഴിഞ്ഞാല്‍ ചേരിപ്രദേശം പോലെ ചെറിയ കുടിലുകളുടെ ഒരു നിരയാണു. ടൌണിനടുത്ത് തന്നെയുള്ള ഒരു സകല മാലിന്യങ്ങളുടേയും ഗോഡൌണ്‍. റോഡരികില്‍ തകരപ്പാട്ടകളും വേസ്റ്റ് സാധനങ്ങളും, ചപ്പുചവറുകളും, ചാണകവുമൊക്കെ കൂട്ടിയിട്ടിരിക്കും. വല്ലാത്ത ദുര്‍ഗന്ധം. വണ്ടി ഞാന്‍ ശ്രദ്ധയോടെ ഓടിച്ചു. റോഡരികില്‍ നിറയെ ചെറിയ പിള്ളേര്‍ കളിക്കുകയും അടിപിടികൂടുകയുമൊക്കെ ചെയ്യുന്നുണ്ട്.

പെട്ടെന്നു ഒരു ചെറിയ കുട്ടി വലതു ഭാഗത്തു നിന്നും റോഡിനു കുറുകേ ഓടി. പ്രതീക്ഷിച്ചിട്ടും ഞാനൊന്നു ഞെട്ടി. ബ്രേക്ക് ആഞ്ഞു ചവിട്ടുകയും ഒപ്പം സ്റ്റീയറിങ് വലത്തേക്ക് തിരിക്കുകയും ചെയ്തു. ചാടിയിറങ്ങി. ചെക്കന്‍ ബമ്പര് തട്ടി താഴെ വീണു കിടക്കുകയാണു. ഉച്ചത്തില് കരയുന്നുണ്ട്. നാലോ അഞ്ചോ വയസ്സു വരും. ഒരു മുഷിഞ്ഞ പാന്റാണിട്ടിരിക്കുന്നത്. പിടിച്ചെഴുന്നേല്‍പ്പിച്ചു നോക്കി. പരിക്കൊന്നുമില്ല. കൈമുട്ടിന്റെ തൊലി അല്‍പ്പം പോയിട്ടുണ്ട്.

അപ്പോഴേക്കും പിള്ളേര്‍ കാറിന്റെ ചുറ്റും കൂടി. 'ഓടിവരണെ.. അഭീനെ കാറിടിച്ചു..' നശിച്ചവന്മാര്‍ വിളിച്ചു കൂവാന് തുടങ്ങി.
'എന്താ പറ്റിയെ.. വണ്ടി വിടല്ലേ..'
ഒന്നു രണ്ട് കിഴവന്‍മാരും കുറച്ച് പെണ്ണുങ്ങളും ചുറ്റും കൂടി. അവര് പരസ്പരം സംസാരിക്കാന് തുടങ്ങി.
'ഇതാരുടെ മോനാ?'
'ആ ശാദുലി ഹാജിയുടെ വാടക വീട്ടില്‍ താമസിക്കുന്ന, എപ്പോഴും വെള്ളമടിച്ചു നടക്കുന്ന ഓട്ടൊക്കാരനില്ലെ അവന്റേതാ.'
'അവന്‍ ആശുപത്രിയില്‍ നിന്നും വന്നോ?'
'മ്. വന്നു.'
'ആരെങ്കിലും പോയി അവന്റെ ഓളെ വിളിക്കു'
'പോയിട്ടുണ്ട്.'
'ഓനെ അന്വേഷിച്ചല്ലേ കഴിഞ്ഞയാഴ്ച പോലീസ് വന്നത്? കുത്തു കേസ്സ് എന്തായി?'
'അതു ഒത്തുതീര്‍പ്പാക്കി പോലും'

എന്റെ പിറകില്‍ നിന്നും ആള്‍ക്കൂട്ടത്തെ തള്ളി മാറ്റി 'എന്റെ മോനെന്താ പറ്റിയത്?' എന്നും ചോദിച്ച് മെലിഞ്ഞ് വെളുത്ത ഒരു യുവതി വെപ്രാളപ്പെട്ട് കടന്നു വന്നു. മുഷിഞ്ഞ് നിറം മങ്ങിയ ഒരു മേക്സിയാണു വേഷം. അത് അങ്ങിങു പിഞ്ഞിയിട്ടുണ്ട്. എണ്ണ മയമില്ലാത്ത പാറിപ്പറക്കുന്ന മുടി പിറകില്‍ വാരിക്കെട്ടിയിരിക്കുന്നു.
അവളവനെ വാരിയെടുത്തു. 'എന്താ മോനേ പറ്റിയത്?' അവനപ്പോ കരച്ചില് ഒന്നു ഉഷാറാക്കി.
'ചെറുതായി തൊലി പോയതേയുള്ളു. പേടിക്കാനൊന്നുമില്ല.' ഞാന്‍ പറഞ്ഞു.
അവള്‍ അവനെയെടുത്ത് തിരിഞ്ഞു എന്നെ നോക്കി.
എന്റെ ദൈവമേ... ലോകമിടിഞ്ഞു തലയില്‍ വീണ പോലെ ഞാന്‍ ഞെട്ടിത്തരിച്ചു. 'ലച്ചു...!' അവളും ഞെട്ടി. അത്ഭുതം കൊണ്ട് മുഖം വിടര്‍ന്നു. രണ്ടു വര്‍ഷം എന്റെ ജീവനും പ്രാണനുമായവളാണു എല്ലും തോലുമായി ഒരു ചേരിപ്രദേശത്ത് ഒരു നാടോടിയെപ്പോലെ നില്‍ക്കുന്നത്. പ്രണയത്തിന്റെ ഒരു വസന്തകാലത്തിനു പെട്ടെന്നു അവധി നല്‍കി എങ്ങോ പോയവള്‍.
'ലക്ഷ്മി എന്താ ഇവിടെ?' ഞാന്‍ ഞെട്ടലില്‍ നിന്നും മോചിതനായി ചോദിച്ചു.
'ഞാനിപ്പോ ഇവിടെയാ താമസിക്കുന്നത്.'
'നിങ്ങള് പരിചയക്കാരാണോ?' ഒരു കിഴവന്‍ ചോദിച്ചു.
'ങാ. എന്റെ കൂടെ പഠിച്ചതാ.' അവള്‍ മുഖം തിരിച്ച് അയാളോടായി പറഞ്ഞു.
'എവിടെക്കാ പോകുന്നത്?' അവള്‍ ചോദിച്ചു.
'ടൌണില്‍.' ഞാന്‍ പറഞ്ഞു.
'വരൂ. വീട്ടില്‍ കയറിയിട്ട് പോകാം.'

എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങി. ഞാന്‍ കാറൊതുക്കിയിട്ട് ലോക്ക് ചെയ്തു അവളുടെ പിറകെ നടന്നു. മകന്‍ അവളുടെ ഒക്കത്തിരുന്നു സാകൂതം എന്നെത്തന്നെ നോക്കി. നല്ല ഓമനത്തമുള്ള മുഖം. ശരിയായി ഭക്ഷണം കഴിക്കാത്തതിന്റെ വിളര്‍ച്ചയുണ്ട്. വീടുകളുടെ അരികിലൂടെ ലക്ഷ്മിയെ പിന്തുടരുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ അവളെ ഇത്തരമൊരു സാഹചര്യത്തില്‍ കണ്ടുമുട്ടിയതിന്റെ ഞെട്ടലിലായിരുന്നു.

നല്ലൊരു കുടുംബത്തില്‍ യാതൊരു വിഷമങ്ങളുമറിയാതെ വളര്‍ന്നവള്‍ ഇപ്പോളൊരു ചേരിയില്‍ വെറുമൊരു തെണ്ടിയെപ്പോലെ കഴിയുകയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല.

7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫ്രന്റിന്റെ കല്യാണത്തിനാണു ഞാന്‍ ലക്ഷ്മിയെ പരിചയപ്പെടുന്നത്. സുന്ദരി. അടുത്ത ജില്ലയില്‍ എംസിഎ ചെയ്യുന്നു. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. അച്ഛനുമമ്മയും ജോലിക്കാര്. 2 മക്കള്. അനുജത്തി ഹൈസ്കൂളില് പഠിക്കുന്നു.

പിന്നീടൊരിക്കല്‍ അവിചാരിതമായി അവള്‍ എന്റെ ആഫീസിലേക്കു ഒരു സഹായം ചെയ്തു കൊടുക്കുവന് വേണ്ടി വിളിച്ചു. അന്നു അവളുടെ വീട്ടിലെ ഫോണ് നമ്പര്‍ തന്നു. പിന്നീട് ഇടക്കിടക്ക് ഞങ്ങള് ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതു പതുക്കെ അതിലോലവും തീവ്രവുമായ പ്രണയത്തിന്റെ വര്‍ണലോകത്തേക്ക് എന്നെ പതുക്കെ കൊണ്ടുപോയി. ആദ്യം നിരാകരിച്ചുവെങ്കിലും പിന്നെ ഇഷ്ടമാണെന്നു അവളും പറഞ്ഞു.


ആദ്യപ്രണയത്തിന്റെ അതിരറ്റ ആവേശത്തോടും കൂടി ഞാനവളെ ആത്മാര്‍ഥമായി സ്നേഹിച്ചു. നന്നായി കത്തുകളെഴുതുമായിരുന്നു അവള്‍. എല്ലാ ആഴ്ച്ചയിലും ഫോണില്‍ സംസാരിക്കുമെങ്കിലും കത്തുകളായിരുന്നു ഞങ്ങളുടെ പ്രധാന ആശ്രയം. പകര്‍ത്തിയെഴുതിയ പ്രണയ വാചകങ്ങളും കവിതകളുമായി പേജ് കണക്കിനു കത്തുകള്‍ ആഴ്ച്ചതോറും ഞാനവള്‍ക്കെഴുതി. അവളുടെ കത്തുകള്‍ കിട്ടുന്ന ദിവസമായിരുന്നു ഏറ്റവും സന്തോഷമുള്ള ദിവസം. കൈയ്യില്‍ കിട്ടിയാല്‍ വായിച്ച് മതിയാവില്ല.

വലിയ പിടിവാശിക്കാരിയായിരുന്നു അവള്‍. ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍നിന്നും പിന്നോട്ടേക്കില്ല. അതുകൊണ്ട് അവള്‍ക്കു കത്തുകളെഴുതുമ്പോ ശരിയായ ഇനീഷ്യല്‍സിനു പകരം അവളെ ചൊടിപ്പിക്കാന്‍ ഞാന്‍ 'പി.വി.' എന്നാണെഴുതാറ്. (പിടിവാശി എന്നതിന്റെ ചുരുക്കം.) എന്ത് പ്രശ്നം വന്നാലും ഒന്നിച്ച് മാത്രമേ ജീവിക്കുകയുള്ളു എന്നു ഞങ്ങള്‍ തീരുമാനിച്ചു. വീക്കെന്റുകളില് ഞാനവളെ കൂട്ടിക്കൊണ്ടു വരാന്‍ പോകും. മൂന്നു മണിക്കൂര്‍ ക്ലാസ്സിലെ വിശേഷങ്ങളൊക്കെ ഒന്നിച്ചിരുന്നു ഒരു യാത്ര. നാട്ടിലെത്തി അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസ്സിനു പോകുമ്പോള് സങ്കടംകൊണ്ട് കണ്ണു നിറയും.

സന്തോഷത്തിന്റെ ദിനങ്ങള്‍ പതിവുപോലെ ദൈവം അധികം തന്നില്ല. ഒരു ദിവസം ബസ്സില്‍ വെച്ച് കനത്ത മഴ പുതപ്പിച്ച ഇരുളിമയില്‍, ഞെരമ്പിലോടുന്ന ലഹരിയുടെ ധൈര്യത്തില്‍ ഞാനവളെ ഉമ്മ വെക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ തട്ടിമാറ്റിയതും 'മിണ്ടണ്ടാ എന്നോട്’ എന്നു പറഞ്ഞു ചീറിയതും ഒരുമിച്ചായിരുന്നു. ഞാന്‍ പതറിപ്പോയി. അവള്‍ തലകുനിച്ചിരുന്നു മുഖംപൊത്തി കുറേ നേരം കരഞ്ഞു. ഞാനൊരുപാട് സോറി പറഞ്ഞെങ്കിലും പിന്നീടു യാത്രയിലുടനീളം അവളെന്നോട് മിണ്ടിയില്ല. സ്റ്റാന്റിലെത്തിയപ്പോള്‍ തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി. പിന്നെ പലവട്ടം വിളിച്ചിട്ടും, കത്തുകളെഴുതിയിട്ടും, നേരില്‍ കാണാന്‍ ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ നിന്നും ഞാന്‍ ആ നശിച്ച മഴക്കാലസന്ധ്യയില് തന്നെ ഇല്ലാതായിരുന്നു.

കുറേക്കാലം അവളുടെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. അവളെയോര്‍ത്തും, എന്റെ ചെയ്തികള്‍ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചതെന്ന കുറ്റബോധത്തില് നീറിയും ഞാന്‍ കഴിഞ്ഞു. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞുവെന്നറിഞ്ഞു. പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊരു ഒളിച്ചോട്ടമായിരുന്നെന്ന വാര്‍ത്ത എന്നെ ഞെട്ടിപ്പിച്ചു. അതോട് കൂടി അവളോട് വെറുപ്പും പകയുമെല്ലാമായി. അതു പിന്നീട് സ്ത്രീകളോട് മുഴുവനുമായി. പിന്നീടൊരു പെണ്ണിനേയും സ്നേഹിക്കാനും കഴിഞ്ഞില്ല.

ആസ്ബറ്റോസ് ഷീറ്റുകള്‍ മേഞ്ഞ ഒരു വീടിന്റെ മുന്നിലെത്തി അവള്‍ നിന്നു. ചെറിയ ഒരു വരാന്ത. അതിന്റെ ഒരു ഭാഗത്തു കത്തിക്കുവാനുള്ള വിറക് അടുക്കിവെച്ചിരിക്കുന്നു. ഒരു പഴകിയ പ്ലാസ്റ്റിക് കസേലയിലുള്ള മുഷിഞ്ഞ തുണികളെടുത്ത് അവള്‍ പറഞ്ഞു. 'ഇരിക്കു'
ഞാനനുസരിച്ചു. അകത്തേക്കു നോക്കി. ചെറിയ ഒരു മുറിയും ഒരു അടുക്കളയുമുള്ള കൊച്ചു വീട്.

'ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലേ?' അവള്‍ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.
'ഇല്ല.'
ഞാനവളെ തന്നെ നോക്കി. പാറക്കല്ലില്‍ അലക്കിയ ഒരു പഴന്തുണി പോലെ അവള്‍. ആര്‍ക്കും സഹതാപമുണ്ടാക്കുന്ന ഒരു പേക്കോലം. എന്റെ കണ്ണില്‍ നോക്കാതെ അവള്‍ എങ്ങോട്ടോ അലക്ഷ്യമായി നോക്കിക്കൊണ്ടു വാതില്‍പ്പടിയില് നിന്നു. മകന്‍ അവളുടെ വസ്ത്രത്തിന്റെ തുമ്പ് പിടിച്ച് എന്നെ നോക്കിനിന്നു.
'എന്താ മോന്റെ പേരു?' ഞാനവനോട് ചോദിച്ചു. അവനൊന്നും പറയാതെ നാണിച്ച് നിന്നു.
'പറഞ്ഞു കൊടുക്കു മോനെ.' അവള്‍ പ്രോത്സാഹിപ്പിച്ചു.
‘അഭിജിത്ത്.’ അവള്‍ തന്നെ പറഞ്ഞു.
എന്തു പറയണം എവിടെ തുടങ്ങണം എന്നു പറയാനാവാതെ ഞാനിരുന്നു.
'എന്താ നിനക്ക് പറ്റിയത്?' അവളൊന്നും മിണ്ടിയില്ല.
'എന്താ വീട്ടില്‍ നിന്നിറങ്ങിപ്പോയി കല്ല്യണം കഴിച്ചത്? അവര് സമ്മതിച്ചില്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'എന്റെ വീട്ടിലാര്‍ക്കും ഇഷ്ടമായിരുന്നില്ല കല്യാണം.. രഞ്ജിത്തേട്ടന്റെ വീട്ടുകാര്‍ക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ സാമ്പത്തികമായി മോശമായിരുന്നു. അന്നോടിച്ചിരുന്നത് സ്വന്തം കാറായിരുന്നു. ഇവന് ജനിച്ച് കുറച്ച് നാള് കഴിഞ്ഞ് ഒരു ആക്സിഡെന്റുണ്ടായി. വണ്ടിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. അതു കാരണം വീടും സ്ഥലവും വിറ്റ് ആ പ്രശ്നങ്ങള് തീര്‍ത്തു. അഛനുമമ്മയേയും പെങ്ങളുടെ വീട്ടിലാക്കി. പിന്നെ ഓരൊരോ വാടക വീടുകള്‍ മാറി മാറി ഇങ്ങനെ കഴിയുന്നു. ഇപ്പോ ഇവിടെയുമെത്തി.' ലക്ഷ്മി നിര്‍വ്വികാരതയോടെ പറഞ്ഞു നിര്‍ത്തി.
'നല്ലവണ്ണം മദ്യപിക്കുമല്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'പണ്ട് വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായപ്പോ അതു വല്ലാതെ കൂടി. എല്ലാം ഞാന്‍ കാരണമാണെന്നു പറഞ്ഞ്.. കുടിച്ച് വന്ന് തെറിയും.. അടിയും.. പോലീസ് കേസുകളും'
'നിനക്ക് സ്വന്തം വീട്ടില് പോയി നിന്നുകൂടെ?' ശബ്ദിച്ചു തുടങ്ങിയ ഫോണ്‍ ക്യാന്‍സല് ചെയ്ത് സൈലന്റിലിട്ടു ഞാന്‍ ചോദിച്ചു.
'അവര് വന്നു വിളിച്ചതാ. ഞാന്‍ പോയില്ല. എന്റെ ജീവിതം ഞാന്‍ നശിപ്പിച്ചതാ. ഇതാണെന്റെ വിധി. എനിക്കാരോടും പരിഭവമില്ല. ഒരാഗ്രഹവുമില്ല. ഒരിക്കലും ഞാന്‍ വീട്ടിലേക്കു പോവില്ല.'
വിധിയുടെ പ്രഹരത്തില്‍ തളര്‍ന്നു മരവിച്ച ആ പാവം പെണ്ണിന്റെ മുന്നിലധികം നില്‍ക്കാനെനിക്ക് കഴിയുമായിരുന്നില്ല. എന്റെ കണ്ണുകള് നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാന്‍ എഴുന്നേറ്റു.
'നിങ്ങള്‍ സ്നേഹത്തിലായിട്ടും എന്തിനാണെന്നെ വെറുതെ മോഹിപ്പിച്ചത്?' ജീവിതത്തിലെന്നെങ്കിലും ഏതെങ്കിലും കോണില് വെച്ച് കണ്ടുമുട്ടിയാല് ചോദിക്കാന് വെച്ചിരുന്ന ഒരേയൊരു ചോദ്യം ഞാന്‍ ചോദിച്ചു.
'വേറെയാരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല അനുവിനെയല്ലാതെ. ഈ നിമിഷം വരെ'
'പിന്നെ ഇക്കാണുന്നതൊക്കെ?'
'അത്.. എല്ലാമെന്റെ വിധിയാണു.'
'ഞാനന്നു ബസ്സില്‍വെച്ച് മോശമായി പെരുമാറിയത് കൊണ്ടാണോ?'
'ഹേയ്.. ഞാനത് സീരിയസായി എടുത്തിരുന്നില്ല.'
'പിന്നെ എന്തു കൊണ്ട്….'
കുറച്ച് നിമിഷം അവള്‍ മിണ്ടാതെ നിന്നു.
'ഭാര്യയാവുന്ന ഒരു പെണ്ണിനു എന്തൊക്കെ ഉണ്ടായിരിക്കണം?'
'വിദ്യാഭ്യാസം?'
'സൌന്ദര്യം?'
'സാമ്പത്തികം?'
ഞാന്‍ പറയുന്നത് അവളോരോന്നായി നിഷേധിച്ച് കൊണ്ടിരുന്നു. പിന്നെ ഒരിടര്‍ച്ചയുമില്ലാതെ പറഞ്ഞു.
'ഇതൊന്നുമല്ല. ഒരു പെണ്ണു കന്യകയായിരിക്കണം, ഞാനതല്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചു പോയി.. പിന്നെ മറ്റൊരാളിനെ ചതിക്കാന്‍ തോന്നിയില്ല.....'
ഇലക്ട്രിക് ഷോക്കടിച്ചതു പൊലെ ഞാന്‍ ഞെട്ടിത്തരിച്ചു.
'നീ വെറുതെ പറയുന്നതല്ലേ..' ഞാന്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു.
'ലോകത്തിലൊരു പെണ്ണും സ്വന്തം കന്യകാത്വത്തെ നിഷേധിക്കില്ല.' അവളുടെ ശബ്ദം പ്രപഞ്ചത്തിലെ ആദിമ നാദംപോലെ എന്റെ ചെവിയില്‍ മുഴങ്ങി.

യാത്രപോലും പറയാന്‍ മറന്ന് ഇടറുന്ന കാലുകളോടെ തലകുനിച്ച് ഞാനിറങ്ങി. അവളുടെ മകനു സ്വീറ്റ്സ് വാങ്ങുവാന് എന്തെങ്കിലും കൊടുക്കാമായിരുന്നു. അവള്‍ വാങ്ങുമായിരുന്നോ?

ക്ഷണഭംഗുരമായ ഈ ജീവിതത്തിലിനിയും എത്രയോ കണ്ണീര്‍ച്ചാലുകള് താണ്ടണം?

ബാറിലേക്ക് തിരിയാനുള്ള ട്രാഫിക് അയലന്റില്‍ തലയില്‍ നിറയെ പക്ഷികളുടെ വിസര്‍ജ്യങ്ങളുമായി ഏതോ മഹാന്റെ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. അതുംകടന്നു വണ്ടി ഞാന് മുന്നോട്ടേക്ക് ഓടിച്ചു. ഫോണില്‍ മിസ്ഡ് കാളുകള് നിറഞ്ഞുകവിഞ്ഞിരുന്നു.

Friday, June 6, 2008

ഒരു ക്രൂരമായ ‘റണ്ണൌട്ട്’

"എന്നെന്നേക്കുമായി എന്റെ ക്രിക്കറ്റ് ജീവിതം തകര്‍ക്കുന്നതിനു വേണ്ടി എന്നേക്കാള്‍ ഇളയ സചിന്‍ ടെന്‍ഡുല്‍ക്കര്‍ പല കളികളും കളിച്ചു." - സുഭാഷ്ചന്ദ്രന്‍. (ഒരു ടീനേജറുടെ ഡയറി)

എല്ലാവരും ഫുട്ബാള് കളിക്കുന്ന കാലത്ത് ഞങ്ങള്‍ കളിച്ചിരുന്നത് ക്രിക്കറ്റായിരുന്നു. മംഗലാപുരത്ത് പഠിക്കാന്‍ പോയ അപ്പനു ആണു വരുന്ന വഴിക്ക് കാട്ടാമ്പള്ളി പുഴയ്ക്കിപ്പുറത്തേക്കു കിറുക്ക് പിടിച്ച ഈ കളി കൊണ്ടുവന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പു വിജയവും തുടര്‍ന്നുവന്ന ആസ്ത്രലേഷ്യാ കപ്പ്, ബെന്‍സണ്‍ & ഹെഡ്ജസ് കപ്പ് വിജയങ്ങളും ടെലിവിഷന്റെ കടന്നുവരവും ഞങ്ങളില്‍ ഭക്ഷണമില്ലെങ്കിലും ക്രിക്കറ്റ് കളിക്കാന്‍‍ പറ്റിയാല്‍ മതിയെന്ന അവസ്ഥയുണ്ടാക്കി. ക്രിക്കറ്റ് കളിക്കുന്ന ഞങ്ങളൊക്കെ അന്ന് കളിയറിയാത്തവന്മാരുടെ മുന്‍പില് ഷൈന്‍ ചെയ്തു. തൊപ്പി വെക്കുകയും ചൂയിങ്ഗം ചവക്കുകയും ചെയ്താലേ ക്രിക്കറ്റ് കളിക്കാന്‍ പറ്റുകയുള്ളൂ എന്നാണു അക്കാലത്തെ വിചാരം.

ഇന്നത്തെപ്പോലെ ടെന്നിസ് ബോള്‍ അല്ലായിരുന്നു സ്റ്റിച്ച് ബോള്‍ കൊണ്ടാണു കളിച്ചിരുന്നതു. ആ ബോളിന്റെ ഒരു ഏറു കൊണ്ടവര്‍ക്കറിയാം അതിന്റെ വേദന. യാതൊരു വിധ പാഡുകളുടേയും സഹായമില്ലാതെ റോഡുകള്‍ പോലെ പൊട്ടിപ്പൊളിഞ്ഞ പിച്ചുകളില്‍ കുറ്റി അല്ലെങ്കില്‍ ബാറ്റുമായി നില്‍ക്കുന്നവന്റെ ശരീരം മാത്രം ലക്ഷ്യമാക്കി സകല ശക്തിയുമുപയോഗിച്ച് ബോളര് എന്ന 'മാങ്ങയേറുകാരന്‍' എറിയുമ്പോള്‍ ആയുസ്സ് തന്നത് ദൈവത്തിന്റെ കാരുണ്യം മാത്രമാവാം. കാലുകളില്‍ ഏറുകൊള്ളാത്ത സ്ഥലങ്ങളില്ല. എത്ര ഏറു കൊണ്ടാലും പിറ്റേന്നും ഞങ്ങള്‍ കളിക്കാന്‍ റെഡിയായിരിക്കും. വീട്ടുകാരും നാട്ടുകാരുമൊക്കെ ക്രിക്കറ്റിനെ അപകടസാദ്ധ്യത കാരണം ശക്തിയായെതിര്‍ത്തിരുന്നു. എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് മാത്രം കളിച്ചു.

അന്ന് ലെഗ് ബിഫോര്‍ വിക്കറ്റ് നിയമമൊന്നും ശരിക്കും ആര്‍ക്കും അറിയില്ലായിരുന്നു. അതോ തീരുമാനിക്കാനുള്ള എളുപ്പത്തിനൊ എന്നറിയില്ല.. വലതുകാലിനു ബോള് കൊണ്ടാല്‍ ഔട്ട് എന്നായിരുന്നു നിയമം. ഒരിക്കല് ഒരാള്‍ വലതു കാലിനു ഏറു കൊണ്ടിട്ടും ഇടതു കാല്‍ വേദനയെടുത്തത് പോലെ തടവി. എന്നിട്ട് ഔട്ട് അല്ലെന്നു പറഞ്ഞു
രക്ഷപ്പെട്ടു. (സംശയിക്കെണ്ട ഞാനാരാ മോന്!)

ടോസ്സ് കിട്ടിയാല്‍ ബാറ്റിനു വേണ്ടിയുള്ള ഓട്ടം, ബാറ്റിങ്ങ് കഴിഞ്ഞാല്‍ നേരെ ബോളിനും. കളിക്കുന്നവരെല്ലാം ആള്‍റൌണ്ടര്‍മാരാണു. എന്നാലും സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പങ്കന്‍, ഓപ്പണിങ്ങ് ബോളിങ്ങ് ചെയ്യുന്ന രാജു, നന്ദു. ക്യാപ്റ്റന്‍മാര്‍ ആകാറുള്ള രാജീവന്‍, അജു. ബാറ്റില്‍ നിന്നും മൂളിപ്പറന്നു വരുന്ന എല്ലാവരും തൊടാന് മടിക്കുന്ന പന്തുകള്‍ സ്ലിപ്പില് ഒറ്റക്കൈയ്യില് ഡൈവ് ചെയ്തു പിടിച്ച് ഒരു ചെറുചിരിയോടെ വട്ടം കറങ്ങി ആഘോഷിക്കുന്ന ബ്രുസ് റീഡ് എന്ന ബാബു, മനോഹരമായ ബോളിങ്ങ് ആക്ഷനുള്ള ശശി, ഷാജി, പ്രമോദ്, കുട്ടന്‍, തുടങ്ങിയവരെയൊക്കെ നല്ല കളിക്കാരായിരുന്നു.

ഞങ്ങളെ ക്ലാസ്സിക് ക്രിക്കറ്റ് പഠിപ്പിച്ചു തന്നത് അജുവായിരുന്നു. മനോഹരമായി ബാറ്റ് ചെയ്യും, നല്ലൊരു സ്പിന്‍ ബോളറുമായിരുന്നു അവന്‍‍. ഒരു ടീമെന്ന നിലയില് ‍അവന്‍ ഞങ്ങളെ ഒത്തിണക്കിക്കൊണ്ടുപോയി. കൂട്ടത്തില്‍ അവനായിരുന്നു സാമ്പത്തികമായി നല്ല സ്ഥിതിയിലെന്നതിനാലല്ല, അവന്‍ ടൌണില് പഠിക്കുന്നത് കൊണ്ടാണു എപ്പൊഴും ബോളും ബാറ്റും വാങ്ങുന്ന പണിയൊക്കെ അവന്റെ തലയിലായത്. കാശൊന്നും കൊടുത്തില്ലെങ്കിലെന്താ ഞങ്ങള്‍ അവന്‍ വാങ്ങിക്കൊണ്ടു വരുന്നതൊക്കെ അടിച്ചു പൊട്ടിക്കുന്നില്ലെ. (സഹാറയും, നൈക്കിയുമൊക്കെ ഇപ്പോ വന്നവരല്ലെ, നമ്മളിതൊക്കെ എപ്പൊഴെ നടപ്പിലാക്കിയതാ)

അന്നത്തെ ആസ്ട്രേല്യന്‍ ടീമിലെ ഒരു പ്രധാന ഫാസ്റ്റ് ബോളറായിരുന്നു ബ്രൂസ് റീഡ്. അയാളെപ്പോലെ മെലിഞ്ഞു നീളം കൂടിയവനായത് കൊണ്ടാണു ബാബുവിനു ആ പേരു വീണത്. സ്ലിപ്പില് അവന്‍ അസാധ്യമായ ക്യാച്ചുകള്‍ ഈസിയായി എടുത്തിരുന്നു. റ്റീമിലെ ഉത്സാഹകമ്മിറ്റിക്കാരന്‍. ആരോടും ദേഷ്യപ്പെടാന്‍ കഴിയാത്ത, എല്ലാവരോടും വിനയത്തോടും ബഹുമാനത്തോടും മാത്രം ഇടപെടുന്നവന്‍. പരീക്ഷകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയും ഭാവന പോലുമില്ലാതിരുന്ന അക്കാലത്ത് അവനൊരു വഴികാട്ടിയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരു വായനശാല തുടങ്ങിയാലോ എന്ന് ആദ്യം ആലോചിച്ചത് അവനായിരുന്നു. ഭാരവാഹികളെ തീരുമാനിച്ചപ്പോ നാട്ടിലെ വലിയവര്‍ അകത്തും ഞങ്ങള്‍ പുറത്തുമായെങ്കിലും അതിന്റെ കെട്ടിടം പണിക്ക് കല്ലും മണ്ണും ചുമക്കുവാന്‍ അവന്‍ പാതിരാത്രിയിലും ഞങ്ങളോടൊപ്പം ഉറക്കമിളച്ചു. അവനു പണ്ടൊരിക്കല്‍ അപസ്മാരം വന്നിരുന്നെന്നു കുറേക്കാലം കഴിഞ്ഞാണു ഞങ്ങളറിഞത്.

അന്നു ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഞങ്ങള്‍ക്ക് മാച്ചുകള്‍ കളിച്ചു 'ശക്തി തെളിയിക്കാന്‍' ടീമുകളെ തേടി ദൂരെ പൊകേണ്ടി വന്നിരുന്നു. അങ്ങനെ ഒരിക്കല്‍ അടുത്ത പഞ്ചായത്തിലൊരു ടീമുമായി അവരുടെ 'ഹോംഗ്രൌണ്ടില്' വെച്ച് ഒരു മാച്ച് കളിക്കാന്‍ ഞങ്ങള്‍ പോയി. എന്തോ എന്നറിയില്ല അന്നു ഞങ്ങള്‍ ദയനീയമായി തോറ്റു. തൊപ്പിയുമിട്ട് നാട്ടിലേക്ക് നടന്നു വരുന്നതിനടുത്തായി ഒരു പുഴയുണ്ടായിരുന്നു. കൂട്ടത്തിലാരോ പറഞ്ഞു അവിടെപ്പോയി കുളിച്ചിട്ടു പോകാമെന്ന്. നീന്തലറിയാത്ത എന്നെ കരയിലാക്കി എല്ലാവരും വെള്ളത്തില്‍ അര്‍മാദിക്കാന്‍ തുടങ്ങി. നന്നായി നീന്തുന്നവന് വെള്ളത്തിലിറങ്ങിയാല്‍ പിന്നെ ജലപ്പിശാച് പിടിച്ചത് പോലാണു. കയറുകയേ ഇല്ല. എന്നെപ്പോലത്തെ നീന്തലറിയാതെ ആട്ടം കാണുന്നവര്‍ ഇവന്മാരോട് മതിയെടാ.. കയറെടാ.. എന്നു പറഞ്ഞു മടുക്കും.

എല്ലാവരും കളി തോറ്റ സങ്കടം മറക്കാന്‍ വെള്ളത്തില്‍ കിടന്നു മറിയുകയായിരുന്നു. ഞാനൊരു തെങ്ങിന്റെ ചുവട്ടില്‍ ചാരി ദൂരെ മണല് വാരുന്ന തോണിക്കാരേയും നോക്കിയിരുന്നു. പെട്ടെന്നു ബാബു കൈകാലുകളിട്ടടിച്ച് പിടക്കാന്‍ തുടങ്ങി. അവന്റെ കണ്ണുകള് തുറിച്ച് വായില്‍നിന്നും നുരയും പതയും വെള്ളത്തില്‍ കലര്‍ന്നു. 'എടാ.. ബാബുവിനെ പിടിക്കെടാ...' കരയില് നിന്നും ഞാനലറി. നന്ദുവും രാജുവും ശശിയും അവനെ പിടിക്കാന്‍ നോക്കി. അവര്‍ക്കാവുന്നില്ല. അവന്‍ അമാനുഷികമായ ശക്തിയിലായിരുന്നു കൈകാലുകളിട്ടടിക്കുന്നത്. പിടിക്കാന്‍ പോയവരെല്ലാം തെറിച്ചുപോയി. രക്ഷിക്കാന്‍ വരുന്ന കൈകളെയാണു അവന്റെ അസുഖം അടിച്ചു തെറിപ്പിക്കുന്നതെന്ന് പാവം അവനറിയില്ലല്ലോ.

ഞങ്ങള്‍ പൂഴിയിലൂടെ 'ഓടിവായോ.. രക്ഷിക്കണേ..' എന്നു ചങ്കുപൊട്ടി നിലവിളിച്ചു ഓടി നടന്നു. ആരൊക്കെയോ ഓടിവരുന്നതും ചാടുന്നതും കണ്ണീര്‍മഴയിലൂടെ അവ്യക്തമായി ഞാന്‍ കണ്ടു. കുറേനേരത്തെ തിരച്ചിലിനു ശേഷം അവര്‍ ബാബുവിന്റെ ശരീരവുമായി കരയിലെത്തി. 'പോയി....' ആരോ പറഞ്ഞു. അതുകേട്ടു ഞാന്‍ വിറച്ച് ശരീരം തളര്‍ന്നു വീണു. ചങ്കില് കത്തി കുത്തിയിറക്കിയതു പോലത്തെ വേദനയില്‍ ഒന്നും ചെയ്യാനാവാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു തലതല്ലിക്കരഞു. ഓടിക്കൂടിയ ആ പ്രദേശത്തുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ വിവരമറിയിച്ചു. ആളുകള്‍ വന്നു അവന്റെ ദേഹം നാട്ടിലെത്തിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളും മരവിച്ച മനസ്സുകളുമായി ഞങ്ങളുമവരെ അനുഗമിച്ചു. വീട്ടുകാരുടേയും നാട്ടുകാരുടേയും ശകാരവും കുറ്റപ്പെടുത്തലുകളും ധാരാളം കിട്ടി.

പിന്നീടൊരിക്കലും ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചില്ല. മാറിയ പന്തും സാഹചര്യങ്ങളൂം സ്റ്റിച്ച് ബോളുമായി കളിച്ച് പരിചയിച്ച ഞങ്ങള്‍ക്ക് വഴങ്ങുമായിരുന്നില്ല.

അടിസ്ഥാനപരമായി നോക്കിയാല്‍ ജീവിതമെന്നത് എത്ര ചെറിയ ഇന്നിങ്സാണു! എപ്പോള്‍ വേണമെങ്കിലും ആരും പുറത്താകാം. വാഴ്ത്തിയ നാവുകള് തന്നെ നിന്ദിക്കും. ജീവിതത്തിന്റെ പരിമിതമായ ക്രീസില് ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോള് ഒരു 'ലൈഫ്' പോലും കൊടുക്കാതെ ദൈവം എന്തിനവനെ റണ്ണൌട്ടാക്കി? പതിനൊന്നു പേരും പിന്നെ ആയിരങ്ങളും നിഷ്കരുണം ആക്രോശിക്കുമ്പോള്‍ കളി ജയിപ്പിക്കാന്‍ ബാധ്യതപ്പെട്ട ബാറ്റ്സ്മാനെപ്പോലെ അവന്‍ മൈതാനമധ്യത്ത് ഒറ്റപ്പെട്ടതെനന്തേ??

ക്രിക്കറ്റെന്ന ചോര ഞെരമ്പിലോടുന്നിടത്തോളം കാലം അവന്റെ കാച്ച് എടുത്തതിനു ശേഷമുള്ള ആഘോഷം എങ്ങനെ മറക്കാനാണു!

പ്രിയപ്പെട്ട ബാബൂ, നീ തുടങ്ങിവെച്ച വായനശാലയുടെ ചുമരിലൊരു ഫോട്ടോയില്‍ നിന്നും തൂമന്ദഹാസം പൊഴിച്ച് നീ എന്നും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് സ്നേഹതിന്റെ മാധുര്യത്തെക്കുറിച്ചല്ലെ?

Tuesday, May 13, 2008

ഗുരുദക്ഷിണ

എന്റെ വീട്ടി‍ലെ ഏറ്റവും ഇളമുറക്കാരനായിരുന്നു‍ ഞാന്‍ (ലേറ്റ്‌ കമര്‍). തൊട്ടു മുന്‍പിലെ പ്രൊഡക്ഷനേക്കാള്‍ 12 വയസ്സ്‌ കുറവ്‌. അതുകൊണ്ട്‌ വീട്ടിലെ ഓമനത്തിങ്കള്‍ക്കിടാവായിരുന്നു ഞാന്‍. അച്ഛന്‌ 52 വയസ്സായപ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. (ഏകദേശം നാലു മാസത്തോളം ഞാന്‍ പിടികൊടുത്തിരുന്നി‍ല്ലെത്രെ. ഈ പിടികൊടുക്കായ്മയും ഒളിച്ചിരിക്കലും തുടര്‍ജീവിതത്തിലുമുണ്ടായിരുന്നു.)

എന്നാ‍ല്‍ കൗമാരത്തിലേക്ക്‌ കടന്നപ്പോള്‍ അതെല്ലാം നഷ്ടമായി. പിതാശ്രീയുടെ ഉപരോധങ്ങളായിരുന്നു‍ ജീവിതത്തില്‍ നിറച്ചും. അവനോട്‌ കൂട്ടു‍ കൂടരുത്‌, അവരുടെ കൂടെ കളിക്കരുത്‌, വൈകിട്ട്‌ 6 മണിയോടെ കൂടണയണം. വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ അന്യഗ്രഹജീവിയെപ്പോലെ പിള്ളേരെല്ലാം തുറിച്ചു നോക്കും. അങ്ങനെ 'മാന്യന്‍മാരോടൊന്നും കൂട്ടു‍കൂടാനാവാതെ എന്റെ കൗമാരം താലിബാന്റെ ഭരണത്തിന്‍ കീഴിലെ അഫ്ഗാന്‍കാരനെ പോലെയായിരുന്നു.

ഇതില്‍ നിന്നും ചെറിയ ഒരു പരോള്‍ വല്ലപ്പോഴും അനുവദിക്കുന്നതു ഓര്‍ക്കാട്ടേരിയിലുള്ള മൂത്ത ചേച്ചിയുടെ വീട്ടിലേക്കുള്ള യാത്രയാണ്‌. അവിടെ എന്റെ അടുത്ത കൂട്ടുകാര്‍ സ്വന്തം മരുമകനും പിന്നെ 'ഏന്തിക്കുത്ത്‌' ശശിയുമായിരുന്നു. മരുമകനും മാമാശ്രീയുമായുള്ള 'അടുത്ത ബന്ധം' ആ ഭാഗത്ത്‌ ചര്‍ച്ചാവിഷയമായിരുന്നു. നടക്കുന്നതും ചിന്തിക്കുന്നതും പറയുന്നതുമെല്ലാം മെല്ലെയായതിനാല്‍ അവനെ എല്ലാവരും വിളിക്കുന്നത്‌ 'അവാര്‍ഡ്‌' എന്നാ‍യിരുന്നു. ശശി ഞങ്ങളുടെ ഗുരുവും വഴികാട്ടി‍യും എല്ലാമാണ്‌. നാണം മറക്കാന്‍ ഉടുതുണി പോലുമില്ലാത്ത 'പാവപ്പെട്ട' സിനിമാനടികളുടെ ഫോട്ടോകളും, നാലായി മടക്കിയ 'താളിയോലഗ്രന്ഥങ്ങളും' മൂപ്പരുടെ ശേഖരത്തിലുണ്ട്‌. മുറിയന്‍ ബീഡി വലിച്ച്‌ വെള്ളപുക വളയങ്ങളായി പുറത്തേക്ക്‌ വിടാനും അതുതന്നെ‍ അകത്തേക്കെടുക്കാനും ശശിക്ക്‌ കഴിയുമായിരുന്നു. ശശി നടക്കുമ്പോള്‍ പിന്നില്‍ നിന്നും നോക്കിയാല്‍ ഭൂമിക്ക്‌ കാറ്റ്‌ അടിക്കുതാണെന്നു തോന്നിപ്പോകും. ശശിയുടെ വലതു കാലിന്റെ കാല്‍പ്പാദം 'റ' എതു പോലാണ്‌. നടക്കുമ്പോള്‍ ഇടതുകാല്‍ മുന്നോട്ടു‍ വെച്ച്‌ ആഞ്ഞുവലിച്ചു വലതു കാല്‍ മുന്നോട്ടു‍ വെച്ച്‌ ഗിയറൊന്നു‍ മാറ്റിയാലേ വണ്ടി മൂവാകൂ. അതു കൊണ്ടാണ്‌ 'ഏന്തിക്കുത്ത്‌ ശശി' എന്ന പേരു വന്നത്‌.

പക്ഷേ നാട്ടു‍കാര്‍ക്കും വീട്ടുകാര്‍ക്കും ഓമനയാണ്‌ ശശി. നന്നായി പഠിക്കും. എന്നാ‍ല്‍ ഓല മടയാന്‍ വരുന്ന നാണിയമ്മ ചേച്ചിയോട്‌ ഒരിക്കല്‍ ഇങ്ങനെ പറയുന്നതു കേട്ടിട്ടു‍ണ്ട്‌.
'ആ ചെക്കന്റെ നോട്ടം തീരെ ശരിയല്ല. മറ്റേക്കാലും ആരെങ്കിലും ചവിട്ടി ഒടിക്കും. പെണ്ണുങ്ങളെ കണ്ടാലൊരാര്‍ത്തിയാ ചെക്കന്‌. നിനക്കറിയണോ. ചെക്കനെപ്പോഴും എന്റെ ശോഭേടടുത്ത്‌ പോയീം വന്നും കളിക്കും. വറ്റിട്ട കൈകൊണ്ട്‌ കോയീനെ തെളിച്ചപോലെ. മാറൂല്ല. എനക്കൊരാധിയാ.. പറ്റിയാ പറ്റീല്ലെ'

അങ്ങനെ ഒരു 'എല്ലില്ലാത്ത' പരീക്ഷ എഴുതിയ മധ്യവേനല്‍ അവധിയില്‍ അച്ഛന്‍ അനുവദിച്ച 5 ദിവസത്തെ വിസയില്‍ ഞാന്‍ ഓര്‍ക്കാട്ടേരിക്ക്‌ കുതിച്ചു. മാമാശ്രീയെ കാത്ത്‌ മരുമകനും ഗുരുവും നില്‍പ്പുണ്ടായിരുന്നു. മരുമകന്റെ പഞ്ചറായ സൈക്കിളുന്തി ഓര്‍ക്കാട്ടേരി ഹോസ്പിറ്റലിന്റെ പിന്‍വശത്തുള്ള വിശാലമായ വയലിലേക്ക്‌ നീങ്ങി. അതിന്റെ ഓരങ്ങളായിരുന്നു‍ ഞങ്ങളുടെ വിഹാരകേന്ദ്രം. അവിടത്തെ ഒരു പീറ്റത്തെങ്ങില്‍ ചാരിനി്ന്നു ഗുരു പോക്കറ്റില്‍ നി്‌ന്നും ബീഡിയെടുത്ത്‌ കത്തിച്ച്‌ ആഞ്ഞുവലിച്ച്കൊണ്ട്‌ ചോദിച്ചു.

'എടാ.. നിങ്ങള്‍ കുളിസീന്‍ കണ്ടിട്ടു‍ണ്ടോ....?'
'ഏയ്‌ എവിടെ കാണാനാ...'
'കാണണോ...'
ഞങ്ങള്‍ രണ്ടുപേരും വാ പൊളിച്ചിരുന്നു.
ഗുരു തെങ്ങിന്റെ സപ്പോര്‍ട്ടോ‍ടെ നേരെ നി്‌ന്നു പാര്‍ലമെന്റിനു മുമ്പിലെ അംബേദ്ക്കറിന്റെ പ്രതിമപോലെ കൈ ചൂണ്ടുവിരല്‍ നീട്ടി.
'അതാ അങ്ങ്‌ .....'
മരുമകന്‍ പറഞ്ഞു 'അത്‌ ആസിയാത്താന്റെ വീടല്ലേ.?'
'അതേ. ആസിയാത്തയുടെ മോള്‌ സൈനബ എല്ലാ ദിവസവും രാത്രി ഏഴരയ്ക്ക്‌ കുളിക്കാന്‍ കയറും. കുളിമുറി ഭാഗത്ത്‌ വയലായതുകൊണ്ട്‌ ആരുമതുവഴി വരില്ല. കുളിമുറി തുറന്നിട്ടു ലൈറ്റിട്ടു കൊണ്ട്‌ വിസ്തരിച്ചാണ്‌ കുളി. ഞാന്‍ കുറച്ച്‌ ദിവസമായി ഏഴര മുതല്‍ എട്ടു വരെ സ്ഥിരം കാഴ്ചക്കാരനാണ്‌.'

കേട്ടപ്പോ തന്നെ എന്റെ ഹൃദയം പടപടാന്നു അടിക്കുവാന്‍ തുടങ്ങി. വൈകിട്ടു ഏഴുമണിയാകാനായിരുന്നു പിന്നീടു ധൃതി. അങ്ങനെ ഏഴുമണിയായപ്പോള്‍ മൂന്നു നുഴഞ്ഞു കയറ്റക്കാര്‍ തോടും വയലും വെള്ളരിക്കുണ്ടുകളും താണ്ടി ആസിയാത്തയുടെ വീട്ടി‍െ‍ന്‍റ പിന്‍ഭാഗത്ത്‌ ടെന്റടിച്ചു. ചീവീടിന്റെയും തവളയുടെയും ബാക്ക്ഗ്രൗണ്ട്‌ മ്യൂസിക്‌. അതോടൊപ്പം നെഞ്ഞത്ത്‌ നിന്നു‍ള്ള ഡ്രംബീറ്റ്സും മാത്രം. നെഞ്ഞിടിപ്പ്‌ കൂടിക്കൂടി അത്‌ പൊട്ടിത്തെറിക്കുമെന്നു‌ ഞാന്‍ പേടിച്ചു.

ഗുരു ഒരു കമാന്‍ഡറെ പോലെ പറഞ്ഞു.
'ടെയ്ക്ക്‌ പൊസിഷന്‍സ്‌.. ഒുന്നും പേടിക്കണ്ടാ.. ഇതു വഴി ഒരു പൂച്ചയും വരില്ല.
മഗ്‌രിബ്‌ കൊടുത്തു കഴിഞ്ഞാല്‍ അവള്‍ വരും.'

അപ്പോ കുറച്ച്‌ ധൈര്യമായി. വയലിനു തൊട്ടടുത്തുള്ള പറമ്പില്‍ ചെറിയൊരു മാവുണ്ടായിരുന്നു. മാവിന്റെ മുകളില്‍ കയറിയാല്‍ സ്പോട്ടു വ്യക്തമായി കാണാം.
'നമുക്കാ മരത്തിന്റെ മുകളില്‍ കയറിനോക്കിയാലോ?' മരുമകന്റെ തല നിറച്ചും ബുദ്ധിയാണ്‌.
ഗുരു പറഞ്ഞു. 'അതൊന്നും വേണ്ട. ഞാനീ കല്ലിന്റെ മുകളില്‍ കയറി ഏന്തിപ്പിടിച്ചു നോക്കലാണ്‌.'

പക്ഷേ 'ക്ലോസപ്പ്‌ ഷോട്ടിനെപ്പറ്റിയുള്ള മരുമകന്റെ വര്‍ണനക്കു മുന്‍പില്‍ ഗുരുവും വഴങ്ങി. മെല്ലെ ഞങ്ങള്‍ ആ ചെറിയ വയല്‍ കടന്നു, മാവിന്‍ ചുവട്ടി‍ലേക്കു നീങ്ങി. ദൂരെ അങ്ങാടിയില്‍ കൂടി ഓടു ബസിന്റെ ലൈറ്റ്‌ മാവിന്‍ തലപ്പിലേക്ക്‌ വരുമ്പോള്‍ എന്റെ ഹൃദയമിടിപ്പിന്‌ വേഗതകൂടി. ഞാനും മരുമകനും മാവിലേക്കു മെല്ലെ മെല്ലെ വലിഞ്ഞുകയറി. ഗുരുവിന്‌ കയറാന്‍ സാധിക്കുന്നി‍ല്ല. അവന്‍ കാള പശുവിന്റെ പുറത്ത്‌ കയറുന്നതുപോലെ ഒുന്നു‍ ട്രൈ ചെയ്തു നോക്കി. പറ്റുന്നില്ല. അവന്റെ 'റ' പോലത്തെ പാദം വഴങ്ങുന്നില്ല. പാവം.. ഞാന്‍ മെല്ലെ ഇറങ്ങി അടുത്തുള്ള ഒരു കല്ലെടുത്ത്‌ മാവിനടുത്തായി അവനൊരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുത്തു. ഗുരുവല്ലേ..

ഞാനും മരുമകനും തേന്‍മാവിന്‍കൊമ്പില്‍, ഗുരു താഴെ. സമയം ഇഴഞ്ഞുനീങ്ങുന്നു. ഇരുട്ടു കൂടിവരുന്നു. ആകാശത്ത്‌ നല്ല കരിമേഘമുണ്ട്‌. ഒുന്നു‍ രണ്ടു നക്ഷത്രങ്ങളും ഞങ്ങളുടെ കൂടെ കൂടി.

'എടാ ഇവളിന്നു കുളിക്കില്ലേ.. സൈനബ ഇല്ലെങ്കില്‍ അയിഷാത്തയെങ്കിലും മതിയായിരുന്നു.' ഞാന്‍ പറഞ്ഞു.
മിണ്ടാതിരിയെടാ..' ഗുരു താഴെ നിന്നും മുരണ്ടു.

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കൊടുവില്‍ കിണറ്റിന്‍ പടവില്‍ തൊട്ടി അനങ്ങുന്ന ശബ്ദം കേട്ടു. ഞങ്ങളുടെ ശ്വാസം നിലച്ചു. എല്ലാവരും വീണ്ടും ടെയ്ക്ക്‌ പൊസിഷന്‍സ്‌.....
പെട്ടെന്നു കുളിമുറിക്കകത്ത്‌ ലൈറ്റ്‌ തെളിഞ്ഞു.
ഗുരുവിന്‌ വ്യക്തമായി കാണാനാവുന്ന‍ല്ല. കല്ലിന്‍മേല്‍ നി്ന്നും‌ മാവില്‍ പിടിച്ചുകൊണ്ട്‌ ഏന്തി നോക്കുന്നു‍ണ്ടായിരുന്നുന്നു.

കുളിമുറിയുടെ വാതില്‍ തുറന്നു.
അതാ സൈനബ ലൈവ്‌...

തലയില്‍ തട്ടമില്ലാതെ ആദ്യമായാണ്‌ അവളെ കാണുത്‌. കരിമേഘം വഴിമാറിയ പൂന്തിങ്കളിനെ പോലെ അതാ സുബൈദ ഉദിച്ചുനില്‍ക്കുന്നു. ബ്ലൌസിന്റെ ഹുക്കുകള്‍ കുറേ അഴിഞ്ഞിട്ടു‍ണ്ടായിരുന്നു. അതിനിടയിലൂടെ രണ്ടു കണ്ണുകള്‍ ഇരുട്ടി‍ലേക്ക്‌ നോക്കുന്നു. താഴെ മാവിനുചുവ‍ട്ടില്‍ തന്റെ പരമാവധി ശക്തിയെടുത്ത്‌ ഗുരു ഏന്തിയേന്തി നോക്കുകയായിരുന്നു. അവന്‍ എന്തായെടാ... എന്തായെടാ... എന്നു വിറയാര്‍ന്ന ശബ്ദത്തില്‍ ചോദിച്ചുകൊണ്ടിരുന്നു.

സൈനബ നീരാട്ടു തുടങ്ങി. 'ഓ... സൈനബാ...'

കവി പാടിയതുപോലെ 'വെണ്ണതോല്‍ക്കുമുടലില്‍' സൈനബ സോപ്പു തേച്ചുകൊണ്ടേയിരുന്നു.

താഴെ നിന്നും‍ ഗുരു പല്ലു കടിച്ചുപിടിച്ചു കൊണ്ട്‌ വീണ്ടും.
'എന്തായെടാ..'
'എന്തായെടാ..' ഇപ്പോള്‍ ശബ്ദത്തിന്‌ കൂടുതല്‍ വിറയലുണ്ട്‌.
'നായിന്റെ മക്കളെ നിങ്ങളെന്താ ഒു‍ന്നും മിണ്ടാത്തെ'

മരുമകന്‍ പ്രസന്റ്‌ സിറ്റ്വേഷന്‍ വിവരിച്ചു കൊടുത്തു. ഞാന്‍ താഴോട്ടു നോക്കുമ്പോള്‍ ഗുരു മാവിനെ കെട്ടി‍പ്പിടിച്ച്‌ ഉമ്മകള്‍ കൊടുക്കുന്നു.
പെട്ടെന്നു സൈനബ പൊസിഷന്‍ മാറ്റി. ആര്‍ത്തി മൂത്ത മരുമകന്‍ വ്യക്തമായ പിക്ചര്‍ കിട്ടാ‍ന്‍ കൊമ്പ്‌ മാറ്റിചവിട്ടിയതും....... കൊമ്പൊന്നു‍ ഞെരിഞ്ഞു.

'........പ്ടേ........' എന്നൊരു ശബ്ദം......

താഴെ നിന്നും 'അമ്മേ...... എന്നെക്കൊന്നേ........' എന്നൊരു ദീനരോദനം.
കൃത്യമായി ഗുരുവിന്റെ തലയില്‍ തന്നെയൊണ്‌ കൊമ്പു വീണത്‌. ചക്ക വെട്ടി‍യിട്ടതുപോലെ ഇരുവശത്തായി ഞങ്ങള്‍ 'മൂന്നുപേരും'.

ശബ്ദം കേട്ട മാത്രയില്‍ സൈനബ 'അള്ളോ.... കള്ളനീ‍യ്‌.....'എന്നു‍ വിളിച്ചു കൂവി.
'പേടിക്കണ്ടാ... പേടിക്കണ്ടാ... കള്ളനൊന്നു‍മല്ല... മരക്കൊമ്പ്‌ പൊട്ടിയതാ....' മരുമകന്‍ വിളിച്ചുകൂവി.

'ഫാ.. നായീന്റെ മോനേ... നിന്റെ അമ്മേ......ഃ@*%&'
ഞാനെന്റെ പെങ്ങളെ തന്നെ‍ തെറി പറഞ്ഞു.

മരക്കൊമ്പിലുരഞ്ഞുണ്ടായ വേദനകള്‍ മറന്നു ഞങ്ങള്‍ ചാടിയെണീറ്റു. ഞാന്‍ ഗുരുവിനെ എഴുന്നേ‍ല്‍പ്പിക്കാന്‍ ശ്രമിച്ചു. പൊക്കാന്‍ പറ്റുന്നില്ല. അവന്റെ കാലുകള്‍ ഗുണിതത്തിലെ 'x' മാര്‍ക്ക്‌ പോലെ പിണഞ്ഞുപോയിരുന്നു. അപ്പോഴേക്കും ടോര്‍ച്ച്ലൈറ്റുകള്‍ മാവിനെ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.

ഗുരുവിനെ ഉപേക്ഷിക്കാതെ രക്ഷയില്ല..

പല്ലി വാല്‍മുറിച്ചിട്ടതുപോലെ ഗുരുവിനെ ഉപേക്ഷിച്ച്‌ ഞാനും മരുമകനും വെള്ളരിക്കുണ്ടുകളും, തോടുകളും, വയലുകളും തൊടാതെ പറന്നു. 'പോകല്ലടാ.....' ഗുരുവിന്റെ ദയനീയമായ വിളി ഞങ്ങള്‍ കേട്ടതേയില്ല. ദൂരെ ചെന്നു തിരിഞ്ഞുനോക്കിയപ്പോ കുറേ ടോര്‍ച്ചുലൈറ്റുകള്‍ മാവിന്‍ ചുവട്ടിലെത്തിയിരുന്നു.

വെളുത്ത എന്തോ സാധനങ്ങള്‍ മേലോട്ടും താഴോട്ടും ഉയരുന്നതും താഴുന്നതും മാത്രം കാണാമായിരുന്നു. അതോടൊപ്പം 'അയ്യോ......' അലമുറയും കേട്ടു.