Saturday, September 29, 2012

സുന്ദർ, ഒരു സമകാലിക കാമുകൻ



ഇരുപത്തിയൊന്ന് പ്രാവശ്യം ‘ഹാപ്പി ബേർത്ത്ഡേ..’ കേട്ട അഞ്ജലിയെന്ന കോളേജ് വിദ്യാർത്ഥിനിയുടെ സ്വൈരജീവിതത്തെ താളംതെറ്റിച്ചാണ് സുന്ദരനെന്ന റോമിയോ ഓട്ടോ ഓടിച്ച് കയറി വന്നത്.  അബദ്ധവശാൽ അമ്മയോടൊന്നിച്ച് മാർക്കറ്റിൽ പോയി വരുമ്പോൾ ഒരു ദിവസം സുന്ദരന്റെ ആട്ടോയിൽ കേറിയതായിരുന്നു തുടക്കം.  അന്നത്തെ അഞ്ച് കിലോമീറ്ററിൽ ഒരു മീറ്റർ പോലും സുന്ദരൻ പിന്നിലേക്കുള്ള കണ്ണാടിയിൽ നിന്നും കണ്ണെടുത്തുമില്ല; ഇരുപതിൽ കൂടുതൽ സ്പീഡിൽ ഓടിച്ചതുമില്ല.  സന്തോഷ് പണ്ഡിറ്റിന്റെ ബിരുദങ്ങൾ പോലെ കാമുകിമാർ ഒരു പാട് ഉണ്ടായിട്ടും അഞ്ജലിയെ കൂടി അക്കമ്മഡേറ്റ് ചെയ്യാനുള്ള തോന്നൽ അന്നാണ് സുന്ദരന്റെ മനോമുകുരാന്ധകാരത്തിൽ അങ്കുരിച്ചത്.   

സ്നേഹം കൊണ്ട് മൂടുന്ന അച്ഛനുമമ്മയും ചേട്ടനും, ഒരൊറ്റ ഹൃദയം പോലെയുള്ള മുംതാസ് എന്ന കൂട്ടുകാരി, ആഹ്ലാദഭരിതമായ കോളേജ് ജീവിതം- ഇതിന്നിടയ്ക്ക് പ്രണയമെന്ന വികാരമോ വിചാരമോ തോന്നിയിട്ടില്ല.  വനിതാ കോളേജിലായിരുന്നു പഠിക്കുന്നതെങ്കിലും, പോകുന്ന വഴിയിലും ബസ്സിൽ വെച്ചും അമ്പലത്തിലും ഷോപ്പിങ്ങിന്നിടയിലും കണ്ണുംകടാക്ഷവും ചുറ്റിക്കളിയുമായി പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും അതിലൊന്നും മനസ്സുടക്കാറില്ല.  കൂട്ടുകാരികളിൽ പലർക്കും പ്രണയമുണ്ടായിരുന്നിട്ടും വീട്ടുകാരെ പേടിയായത് കൊണ്ടും പഠനത്തിലുപരിയായൊരു കാര്യം മനസ്സിൽ ഇല്ലായിരുന്നു.  രണ്ടു കൈയ്യും കൂട്ടി മുട്ടിയാലേ ഒച്ചയുണ്ടാകൂ എന്നത് കൊണ്ട് ചൂളംവിളികൾക്കപ്പുറം ചിപ്പുകളെ പതപ്പിക്കുന്ന ഫോൺ‌വിളികളും ശേഷമുണ്ടാകേണ്ട കാര്യങ്ങളും സംഭവിച്ചില്ല.  അതിനാൽ വൊഡാഫോൺ മൊബൈൽ കമ്പനിക്ക് ഭേദപ്പെട്ട ഒരു കസ്റ്റമറെ നേടാനും പറ്റിയില്ല. 

സുന്ദരൻ എന്നത് പേരിൽ മാത്രമേയുള്ളൂ എന്ന കാര്യം ആ പേരുകാരന് ഒഴിച്ച് ലോകത്തെല്ലാവർക്കും അറിയാമായിരുന്നു.  അത് ഒരിക്കൽ വണ്ടി ചെക്കിങ്ങിന്നിടയിൽ പോലീസുകാരൻ നേരിട്ടും ചോദിച്ചതാണ്.  “എന്താടാ നിന്റെ പേരു..?” എസ്.ഐ.യുടെ തല ജീപ്പിന്റെ ഫ്രണ്ടിൽ ഉണ്ടായിട്ടും കോൺസ്റ്റബിൾ വാലാട്ടി.  “സുന്ദരൻ..” സുന്ദരൻ ഉവാച.  അത് കേട്ടയുടനെ പോലീസുകാരൻ “നിനക്കത്രക്കൊന്നും ഗ്ലാമറില്ലല്ലോടാ..” എന്ന് പറഞ്ഞ് ഉത്തരം മുട്ടിച്ചപ്പോഴെങ്കിലും സ്വന്തം ഗ്ലാമറിലുള്ള വിശ്വാസം അവന് കുറക്കാമായിരുന്നു.  അതിനു പകരം ഇത്രേം നല്ല പേരിട്ട അച്ഛനോടായിരുന്നു കക്ഷിക്ക് ദ്വേഷ്യമുണ്ടായത്. 

ഈ ലോലകാമുകന്മാർക്ക് മുഖം പോലെ പേരിനോടും ഭയങ്കര സ്നേഹമായിരിക്കും.  പഴഞ്ചൻ പേരിട്ട് തങ്ങളെ അപരിഷ്കൃതരാക്കിയ വീട്ടുകാരോട് അവർക്ക് കടുത്ത ദ്വേഷ്യമായിരിക്കും.  കാണാൻ ഭംഗിയുള്ള ചെറുപ്പക്കാർ കുഞ്ഞിരാമൻ, സർവ്വോത്തമൻ, വനജൻ, ഭക്തവത്സലൻ, കനകാംബരൻ, രാധാകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയ താളിയോലക്കാലത്തെ പേരുമായി ഐഫോൺ യുഗത്തിലെ പെൺകുട്ടികളോട് സംസാരിക്കാൻ പെടുന്ന പാടിന് കഷ്ടപ്പാടെന്ന് പറഞ്ഞാൽ പോര.  പേരിലെ അപരിഷ്കൃതത്വം മാറ്റി മോഡേണാവാൻ  ർ, ൽ,ൻ, തുടങ്ങിയ ചില്ലക്ഷരങ്ങൾ മീശ പോലെ വെട്ടിയൊതുക്കിയാൽ മതിയെന്നാണ് അവരുടെ വിശ്വാസം.  പ്രശാന്തൻ-പ്രശാന്ത്, ശശിധരൻ-ശശിധർ, സതീശൻ-സതീഷ്, കുമാരൻ-കുമാർ, മത്തായ്-എം.എ.തായ്, കുഞ്ഞിരാമൻ-കെ.എൻ.റാം എന്നിങ്ങനെ പേരുകൾ മോഡിഫൈ ചെയ്ത് ആത്മവിശ്വാസം നേടുന്നത് പോലെ സുന്ദരനും സുന്ദർ എന്നേ പരിചയപ്പെടുത്താറുള്ളൂ.  സുന്ദരൻ എന്ന് പറയുമ്പോൾ ഒരു കഞ്ഞി ഫീലാണെങ്കിൽ സുന്ദർ എന്ന് പറഞ്ഞാ ആരുമൊന്ന് ശ്രദ്ധിക്കും.  ബൈക്ക് ആൾട്ടർ ചെയ്തത് പോലെ പേരു വെട്ടിയതിനു ശേഷം കക്ഷിക്ക് പരിചയപ്പെടുന്നവരോട് പേരു പറയാൻ ഭയങ്കരമായ ഒരു ഉത്സാഹ തള്ളിച്ചയായിരുന്നു.  എന്തൊക്കെ മാറ്റിയാലും കോലവും, പലപൂവിൽ തേൻ‌നുകരൽ സ്വഭാവവും മാറ്റാൻ കഴിയാത്തത് പോലെ സുന്ദരനും ഒന്നാംതരം പുഷ്പനും ശാന്തസമുദ്രം പോലെ കാമുകിമാരുള്ളവനുമായിരുന്നു.  ടിഷ്യൂ പേപ്പർ പോലെയാണ് വിദ്വാൻ കാമുകിമാരെ ഉപയോഗിക്കുന്നതും കളയുന്നതും.  ഗ്ലാമർ മാറ്റി നിർത്തിയാൽ നാട്ടിലെല്ലാവർക്കും അറിയാവുന്ന ആ അനാവശ്യ അധിക യോഗ്യത തന്നെയായിരുന്നു അഞ്ജലിക്കും രണ്ടാമതൊന്ന് ആലോചിക്കാതെ സുന്ദരന്റെ ഫ്രീ ലൈഫ് ലിഫ്റ്റ് നിരസിക്കാൻ പ്രേരണയായത്.

ടോയ്ലറ്റ് ബ്രഷ് പോലത്തെ മുടിയും പല്ലിളകിയ ചീർപ്പ് പോലത്തെ മീശയും സർവ്വേക്കല്ലിൽ കാക്ക തൂറിയത് പോലത്തെ ഗോപിപൊട്ടും ബോണ്ട പോലെ കൊഴുത്ത മോന്തായവും പുട്ടുകുറ്റിക്ക് ചൂടി ചുറ്റിയത് പോലെ കൈയ്യിൽ കെട്ടിയ ചരടുകളും ഷർട്ടിനുമേൽ കാക്കിഷർട്ടുമിട്ട രൂപവും എല്ലാമെല്ലാം സഹിക്കാമായിരുന്നു.  പേഴ്സിന്റെ സിബ്ബ് പോലെ നീളത്തിൽ ഒരുപാതി തുറന്ന ഗേറ്റ് പോലെ പല്ല് കാണിച്ചുള്ള ചിരി; അത് മാത്രം അഞ്ജലിക്ക് അൺസഹിക്കബിളായിരുന്നു.  കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ, ടൌണിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ, അമ്പലത്തിലും മാർക്കറ്റിലും പോകുമ്പോൾ എല്ലായിടത്തും സുന്ദരൻ അഞ്ജലിയർപ്പിക്കാനായി വീട്ടിൽ നിന്ന് പുറത്താക്കിയ പൂച്ച നിൽക്കുന്നത് പോലെ കാത്തിരിക്കുന്നുണ്ടാകും.  എത്ര അവഗണിച്ചിട്ടും മുഖം കറുപ്പിച്ചിട്ടും നോക്കാണ്ടിരുന്നിട്ടും യാതൊരു ഫലവുമുണ്ടായിരുന്നില്ല.  അവന്റെയത്ര ക്ഷമയും ഊർജ്ജവും ആത്മാർത്ഥതയും എല്ലാരും കാണിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകത്ത് ഒന്നാം നമ്പർ ആകുമായിരുന്നു.

കരയുദ്ധത്തിൽ ഫലമില്ലാണ്ട് വ്യോമയുദ്ധം തുടങ്ങുന്ന പട്ടാളത്തിനെപ്പോലെ സുന്ദരന്റെ അടുത്ത ശ്രമം അഞ്ജലിയുടെ സെൽഫോണിലേക്കായിരുന്നു.  രാത്രി ഉറങ്ങാൻ കിടന്നപ്പോൾ “ഞാനാണ്.. സുന്ദർ.” എന്ന സൌണ്ട് കേട്ടപ്പോ ആ മോന്തക്ക് ഇതിലും മേച്ചായൊരു ശബ്ദം ഒരു കടയിലും കിട്ടില്ലാന്ന് അവൾക്കുറപ്പായിരുന്നു.  എന്താ വേണ്ടതെന്നതിന് “ഒന്നുല്ല,, വെറുതെ.. വിളിച്ചതാണ്..” എന്ന കൊഞ്ചൻ വർത്താനം കട്ടാക്കിയ ഉടനെ ആ നമ്പർ “നായിന്റെ മോൻ” എന്നാക്കി ഗൂഗിളിൽ നിന്നൊരു പട്ടിയുടെ പടവും ചേർത്ത് സേവ് ചെയ്തു വെച്ചു.  ഞെക്കുവിൻ എടുക്കപ്പെടും എന്ന കാമുക മൂലമന്ത്ര പ്രകാരം ഡോഗ്സൺ പലതവണ രാത്രിപകൽ ഭേദമില്ലാതെ വിളിച്ചെങ്കിലും വൊഡാഫോൺ കമ്പനിക്ക് ഭാഗ്യമുണ്ടായിരുന്നില്ല.  കാമുകന്റെ അടുത്ത ശ്രമം എസ്.എം.എസ്. വഴി പ്രണയലേഖനം അയച്ചായിരുന്നു.  “നീയില്ലാത്തെ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ.., ഉദിക്കും സൂര്യന്റെ തിളക്കം കാണുമ്പോ ഓർക്കും ഞാനെന്റെ അഞ്ജുനെ, ഊഷരമായ എന്റെ ലൈഫിലെ ഉർവ്വശിയാണ് നീ.., കരകാണാക്കടലിൽ കണ്ട ക്യൂൻഎലിസബത്താണ് നീ” ഇത്യാദിയുള്ള ആട്ടോ കാമുകന്റെ കീമുത്തുകൾ പലതും വായിച്ച് നോക്കാതെ ഡെലീറ്റ് ചെയ്യപ്പെട്ടു.  ഇനി അഥവാ ഡെലീറ്റ് ചെയ്യാണ്ടിരുന്നാ എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ അവൾ മെസേജ് ഡെലീറ്റ് ചെയ്യാണ്ടിരുന്നേ എന്നെങ്ങാനും അവൻ ചോദിച്ചേക്കും.  ഇന്ന് ഇട്ട ചുരിദാറിൽ അതിസുന്ദരിയായിട്ടുണ്ട് എന്ന മെസേജ് കിട്ടിയതിൽ പിന്നെ ആ ചുരിദാർ അവൾ വീട്ടുജോലിക്ക് വരുന്ന ചേച്ചിയുടെ മകൾക്ക് കൊടുത്തു.

ജനിച്ചതിനെല്ലാം മരണമുണ്ട്, പുസ്തകത്തിനെല്ലാം അവസാന പേജുണ്ട്, സിനിമക്ക് ക്ലൈമാക്സുണ്ട്, മുറിക്കെല്ലാം വാതിലുണ്ട്, എല്ലാ കുപ്പിയിലും ലാസ്റ്റ് സിപ്പുണ്ട്, റിയാലിറ്റിഷോവിലെല്ലാം എലിമിനേഷനുണ്ട് എന്നൊക്കെ പോലെ ഈ കഥയിലും ഒരു അവസാനം വേണ്ടേ.  അത് നൂറു ദിവസം കളിക്കുന്ന കോമഡിയാണോ അരദിവസം ഓടുന്ന അവാർഡാണൊ എന്നൊക്കെ അറിയാൻ അധിക ദൂരമൊന്നും ഓടേണ്ടി വന്നില്ല.  നെറ്റിലും ടി.വി.യിലും വീട്ടിലും റോഡിലും ബസ്സിലും ചെയ്യുന്നതും കാണുന്നതുമെല്ലാം പരസ്പരം ഷെയർ ചെയ്യുന്നവരായിരുന്നു അഞ്ജലിയും മുംതാസും.  വൺ‌വേ കാമുകനെപ്പറ്റി ആദ്യം മുതലേ മുംതാസിനെ അറിയിച്ചിരുന്നു.  പക്ഷേ, അഞ്ജലിയെപ്പോലെ പ്രണയകാര്യങ്ങളിൽ കടുത്തൊരു എതിരഭിപ്രായം ആയിരുന്നില്ല മുംതാസിന്റേത്.  ഇങ്ങനെ എന്നും പിറകെ നടത്തിക്കുന്നതിൽ അവൾക്ക് യോജിപ്പുണ്ടായിരുന്നില്ല.  ഇത്രമാത്രം മോഹിക്കപ്പെട്ട് നിരന്തരമായി നിരാശാരഹിതനായി പിന്തുടരുന്ന ആ സുന്ദരരൂപനെ ഒന്ന് കാണണമെന്ന് അവൾ പറയുകയുമുണ്ടായി.  അത് പറഞ്ഞ നാവ്‌ അകത്തേക്കിട്ട് പിന്നെയും ആയിരക്കണക്കിന് പറഞ്ഞിട്ടും അരിയും ഗോതമ്പും റവയും മൈദയുമായി കൊറേ സാധനങ്ങൾ നാവിലൂടെ അകത്തേക്ക് പോയതിനും ശേഷമാണ് “ഇയാളാണോ.. ആ സുന്ദരൻ..!“ എന്ന ആശ്ചര്യം ആ നാവിലുണ്ടായത്.

രണ്ടുപേരും ബസ്സ് കയറാൻ കോളേജ് സ്റ്റോപ്പിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് സുന്ദരൻ നാട്ടിലേക്കാണ് കയറിക്കോന്ന് പറഞ്ഞ് മുചക്രം മുന്നിൽ കൊണ്ട് വന്ന് നിർത്തിയത്.  ഈ പണ്ടാരക്കാലനെക്കൊണ്ട് ഇവിടേം സൈര്യമില്ലാണ്ടായല്ലോന്ന് മനസ്സിൽ പറഞ്ഞ് ദൂരെയെങ്ങാണ്ടും നോക്കി ഇല്ലാന്ന് തലയാട്ടി.  പി.റ്റി.ഉഷക്ക് ലോസാഞ്ചലസിൽ പോയതിന്റെത്ര ദശാംശക്കണക്ക് സെക്കന്റുകൾ പോലും മുംതാസിന് ആളെ മനസ്സിലാക്കാൻ വേണ്ടി വന്നില്ല.  അവളുടെ മുഖത്ത് അഞ്ജലിയുടേത് പോലെ കറുപ്പോ വെറുപ്പോ ചവർപ്പോ ആയിരുന്നില്ല, നല്ല അത്തർ പൂശിയ ഒന്നാംതരം അറേബ്യൻ പുഞ്ചിരിയായിരുന്നു.  തിരിച്ച് ഓടിക്കുമ്പോൾ സുന്ദരന്റെ മനസ്സിൽ ആ ചിരി നോട്ട് ചെയ്യപ്പെട്ടു.

“എടീ.. ഇത് അവനല്ലേ.. സുന്ദർ..ർ..ർ.ർ..”
“മ് അവൻ കുറേ കൂടുന്നുണ്ട്.. ഇന്ന് ഞാൻ ചേട്ടനോട് പറയും..”
“നീ ചേട്ടനെ കൊണ്ട് തല്ലിക്കുമോ..”
“പോട്ടേന്ന് വിചാരിച്ചതാ.. പക്ഷേ അവൻ തന്നേ.. തന്നേന്ന് പറയുകയാണ്..”
“എടീ.. കൊതുകിനെ ആരെങ്കിലും വെടി വെച്ച് കൊല്ലുമോ..”
“അവൻ കൊതുകല്ല, കൂതറയാ..”
“എടീ.. നിനക്ക് വേണ്ടെങ്കിൽ ആ ഫയൽ ഇങ്ങോട്ട് സെന്റ് ചെയ്യ്..”
“നിനക്കെന്തിനാ.. പ്രേമിക്കാനോ..”
“എന്താ പ്രേമിച്ചാൽ...”
“നീ പ്രേമിച്ചോ.. അവന്റെ അഹങ്കാരം തീർക്കണം..”
“അത് തീർത്തോളാം പൌഡർ ടിന്ന് പോലെ.. നീ നമ്പർ താ..”

സ്ഥിരം ക്വാട്ടയായ മൂന്നടിച്ച് തവളപ്പാറ മിനിസ്റ്റേഡിയത്തിന്റെ പടവിൽ കിടന്ന് ആകാശത്തെ തേങ്ങാപ്പൂളും നോക്കി ഫോണിൽഏതോ ഒരുത്തിയെ ട്യൂൺ ചെയ്യുമ്പോഴാണ് സുന്ദരന് അജ്ഞാത നമ്പറിൽ നിന്നുള്ള മിസ്കാൾ വന്നത്.  ഓട്ടോയുടെ പിറകിൽ ഏരിയൽ ഫോണ്ടിൽ മാക്സിമം വലുപ്പത്തിൽ ബോൾഡാക്കി വൺ‌മിസ്കാൾ എന്ന് ഫോൺ നമ്പർ എഴുതി വെച്ചതിനാൽ ഒത്തിരി കാളുകളും കോളുകളും അത് വഴി കിട്ടിയിരുന്നു.  സേവ് ചെയ്യാത്ത നമ്പറിൽ നിന്നും മിസ്കാൾ വന്നാൽ ഏതൊരു ആ‍ണിനും തോന്നുന്ന ഒരു ത്വര, ഉന്മേഷം, ആവേശം, പ്രതീക്ഷ ഇവയൊക്കെ കൊണ്ട് ഏതെങ്കിലും പെണ്ണായിരിക്കണമേ എന്ന പ്രാർഥനയോടെ വിളിച്ച് കൊണ്ടിരുന്നവളെ കട്ടാക്കി വന്നതിലേക്ക് ഞെക്കി.  മറുതലക്കലെ കളമൊഴിനാദം കേട്ടയുടനെ ഫിറ്റായി തൂങ്ങിയിരുന്ന സകല ഞെരമ്പിലൂടെയും ചോര പരന്നൊഴുകി രോമക്കൊടികൂപങ്ങൾ കൊടിമര രൂപികളായി.  നമ്മൾ ഇന്ന് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ മനസ്സിലായില്ലെങ്കിലും അഞ്ജലിയുടെ കൂടെയെന്ന് പറഞ്ഞപ്പോൾ ബ്രേക്ക് ലൈറ്റ് പോലെ പെട്ടെന്ന് കത്തി.

അഞ്ജലിക്ക് ഇക്കാര്യത്തിലൊന്നും താല്പര്യമില്ലെന്നും പേടിയാണെന്നും എന്നെ വേണമെങ്കിൽ വിളിച്ചോയെന്നും കേട്ടപ്പോൾ കിട്ടിയതിന്റെ നൂറിരട്ടി ഊർജ്ജമാണ് പ്രേമിച്ച് കല്യാണം കഴിക്കുന്നതൊക്കെ മണ്ടത്തരമാണെന്ന് അവൾ മൊഴിഞ്ഞപ്പോൾ സുന്ദറിന് കിട്ടിയത്.  സുന്ദർ ഒരു സൂരി നമ്പൂതിരിപ്പാടാകുമോ എന്ന കൊഞ്ചൽ ചിരിചോദ്യത്തിന് ഇ.എം.എസിനെപ്പോലെ എനിക്ക് വിക്കുണ്ടോ എന്നാണ് സുന്ദർ ആകാംക്ഷപ്പെട്ടത്.  സംസാരിച്ച അരമണിക്കൂറിന്നിടക്ക് വാഷർ ലൂസായ ടാപ്പിൽ നിന്ന് വെള്ളം വീഴുന്നത് പോലെ മിനിറ്റിന് മിനിറ്റിന് കാൾസ് വന്നു കൊണ്ടിരിക്കുന്നത് കണ്ട് ഇതാരാ ഇങ്ങനെ രാത്രി വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ കസ്റ്റമർ കെയറീന്നാ എന്നായിരുന്നു സുന്ദരൻ മറുപടി.  നാളെത്തന്നെ പുതിയ സിമ്മെടുത്ത് അതിൽ നിന്ന് വിളിക്കാമെന്ന് നോട്ടായെഴുതുകയും ചെയ്തു.  ഒപ്പം എന്നും രാത്രിയിൽ വിളിക്കുന്നവളെ മനസ്സിൽ തെറിപറഞ്ഞു.  നാളെ കോളേജ് സ്റ്റോപ്പിൽ വെച്ച് കാണാമെന്ന് പറഞ്ഞ് ആ നവകാമുകയുവമിഥുനങ്ങൾ അന്നത്തെ രാത്രിയോട് ഗുഡ്നൈറ്റ് പറഞ്ഞു.

ചറപറ ചറപറ മഴ പെയ്യുന്നത് പോലെയായിരുന്നു ആ രാത്രി മുതൽ പിറ്റേന്ന് വൈകുന്നേരം വരെ മുംതാസിന്റെ ഫോണിൽ എസ്.എം.എസ്. വന്ന് നിറഞ്ഞത്.  കോളേജിൽ ലഞ്ച് ബ്രേക്കിന് ദിനേശ് ബീഡിക്കാരുടെ പത്രവായന പോലെ ഒരാളതൊക്കെ വായിക്കുകയും മറ്റുള്ളവർ ആർത്ത് ചിരിക്കുകയും ചെയ്തു.  അവയിൽ പലതും തനിക്ക് അയച്ചതിന്റെ കോപ്പിയാണല്ലോന്ന് അഞ്ജലി തിരിച്ചറിഞ്ഞു. 

“ഇന്ന് വൈകിട്ട് കാണാൻ വരും, ആ സുന്ദരനെ ഞാൻ സ്നേഹിച്ച് കൊല്ലാക്കൊല ചെയ്യും നീ കണ്ടോ..“  മുംതാസ് പറഞ്ഞു. 
“നിനക്കെന്തിന്റെ കാറ്റാ..? കൊല്ലുകയോ പോറ്റുകയോ എന്തെങ്കിലും ചെയ്യ്. അവസാനം മൂലക്കിരിക്കുന്ന മഴു എടുത്ത് കാലിനിട്ടത് പോലെയാവരുത്..”
“കുറച്ച് കാലം ടൈം‌പാസ്സും മണിസേവറും കോളേജിൽ വരാൻ മൂഡ്പ്രൊവൈഡറുമായി ഒരാൾ. അങ്ങനത്തെ ലളിതമായ ആഗ്രഹങ്ങൾ എനിക്കുണ്ടായിക്കൂടേ..” മുംതാസ് അത് പറഞ്ഞയുടനെ ഇന്റർവെൽ ആയി.

രണ്ട് രൂപയുടെ ചിക് ഷാമ്പൂ വാങ്ങി വണ്ടി നന്നായി കഴുകി ഫ്ലോർ മാറ്റുകൾ നിലത്തിട്ട് ബ്രഷ് കൊണ്ടുരച്ച്, ഒരുമണിക്കൂർ എടുത്ത് കുളിച്ച് മൂന്ന് പ്രാവശ്യം ഷേവ് ചെയ്ത്, മീശ ചീപ്പിട്ട് ചീകി, കടലാസ്സ് മടക്കിയത് പോലെ ഇസ്തിരിയിട്ട ഷർട്ടിട്ട്, ടാങ്ക് കണക്കിന് തുപ്പലിറക്കി ചുണ്ട് നനച്ച്, മൂന്നരയ്ക്ക് വിടുന്ന കോളേജിന്റെ മുന്നിൽ മൂന്ന് മണിക്ക് തന്നെ സുന്ദരൻ ഹാൾട്ടായി.  തന്റെ പ്രണയ ഹൈവേ യാത്രയിൽ ഇത് വരെ കണ്ടുമുട്ടിയിട്ടില്ലാത്ത ഒരു സവിശേഷപുഷ്പമാണ് കൈയ്യിലൊതുങ്ങാൻ പോകുന്നത് എന്നതിന്റെ എല്ലാ തയ്യാറെടുപ്പുകളും കോരിത്തരിപ്പുകളും ആ കാമുക ദേഹത്തിലുണ്ടായിരുന്നു. 

മൂന്നരയായി, കോളേജ് വിട്ടു, മെഷീനിൽ നിന്ന് പോപ്പ്കോണുകൾ പൊരിഞ്ഞ് വരുന്നത് പോലെ സുന്ദരികളായ പെൺകൂട്ടങ്ങൾ പുറത്തേക്കിറങ്ങി.  ഗേറ്റിന്റെയും ബസ്സ് സ്റ്റോപ്പിന്റെയും അൽ‌പ്പമകലെ ആൽമരത്തിന്റെ ചുവട്ടിൽ വെച്ച വണ്ടിയിൽ ബോഡി ചായ്ച്ച്, വിറയകറ്റാൻ കൈകൾ കെട്ടി, ഷൂസിട്ട കാൽ കൊണ്ട് ചിക്കിച്ചികഞ്ഞ് മൾട്ടികോണ പ്രണയ നായകൻ കാത്തിരുന്നു.  ചിലപ്പോ ഇതൊരു തട്ടിപ്പാണെങ്കിലോ എന്ന നെഗറ്റീവ് എനർജിയെ തകർത്ത് തരിപ്പണമാക്കി മുംതാസ് നടന്നു വന്നു.  എന്താണ് ഇവളുടെ ഉദ്ദേശം എന്ന അമ്പരപ്പിൽ അഞ്ജലിയും സഹപാഠിനികളും ഫ്ലെക്സ് ബോർഡുകൾക്ക് മറപറ്റി നിന്നു.

മുംതാസിന്റെ ഓരോ ചുവടിനനുസരിച്ച് കാറ്റടിക്കുമ്പോ നിവരുന്ന ടയർ പോലെ സുന്ദരൻ സന്തോഷിച്ചുണർന്നു, ഒരടി ഗ്യാപ്പിലെത്തി മുംതാസ് നിന്നു.  ആദ്യരാത്രി കഴിഞ്ഞ് പുറത്തിറങ്ങിയ മണവാട്ടിയെ പോലെ സുന്ദരൻ നാണിച്ചു.  മുംതാസ് ഹായ് പറഞ്ഞു, സുന്ദരന്റെ വരണ്ട തൊണ്ടയിൽ നിന്നും കാറ്റല്ലാണ്ട് ഒന്നും വന്നില്ല.  മുംതാസ് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു, സുന്ദരന്റെ ബീയർതുടുപ്പ് കവിൾ പിന്നേം ചോക്കുന്നു, മുംതാസ് കുണുങ്ങി ചിരിക്കുന്നു, സുന്ദരന്റെ വായുടെ സിബ്ബടയുന്നേയില്ല.  ഇതൊക്കെ കണ്ട്, “അവന്റെ വൃത്തികെട്ട പല്ലിന്റെ ഗ്യാപ്പ്.. അതെപ്പഴാ ഒന്നടക്ക്വാ..”ന്ന് പറഞ്ഞ് അഞ്ജലി പല്ല് ഞെരിച്ചു.

ശ്രീശാന്ത് റണ്ണപ്പ് അടക്കം ഒരോവർ എറിഞ്ഞ് തീരുന്നത്ര സമയം, അപ്പോഴേക്കും രണ്ട് ബൈക്കിൽ നാലഞ്ച് ചെറുപ്പക്കാർ പറന്ന് വന്ന് സഡൻ ബ്രേക്കിട്ട് നിർത്തി.  “നീ ഞമ്മന്റെയാള് പെണ്ണിനോട് മിണ്ട്വോടാ..” എന്ന് പറഞ്ഞ് സുന്ദരന്റെ കഴുത്തിന് പിടിച്ചു.  വീപ്പ മറിഞ്ഞൊഴുകി ടാർ പരന്ന സ്ഥലമായത് കൊണ്ട് മാത്രമല്ല കറക്റ്റ് ടൈമിൽ മുങ്ങിയതും കൊണ്ട് കൂടിയാണ് മുംതാസ് നിന്നയിടത്ത് പിന്നൊരിക്കലും പുല്ല് മുളക്കാഞ്ഞത്.  പേടിച്ച് അമ്പരന്നു പോയ സുന്ദരൻ ഇതെന്റെ ഫ്രണ്ടാന്ന് പറഞ്ഞപ്പോ ആദ്യത്തെ അടി ഫ്രണ്ട് ബോഡിക്ക് കിട്ടി.  പിന്നെ മൊത്തിക്ക് അടിക്കുന്നു, വയറിനിടിക്കുന്നു, പിന്നാമ്പുറത്ത് കൈമുട്ട് മടക്കി കുത്തുന്നു, നിലത്തിട്ട് ചവിട്ടുന്നു, ഉരക്കുന്നു, തേക്കുന്നു..  നടുവിന് ചവിട്ട് കൊണ്ട് ബോഡി റിറ്റ്സ് കാറിന്റെ ബാക്ക് പോലെയും, മുഖത്തിന്റെ മുക്കാൽഭാഗത്തും അടികൊണ്ട് വീർത്തതിനാൽ ശരിക്കും കാൽമുഖനുമായി.  

ടോം ആന്റ് ജെറി റേഡിയോയിൽ കേട്ടത് പോലെ ഒന്നും മനസ്സിലാകാണ്ട് നിന്ന അഞ്ജലിയും പിള്ളേരും ചോദിച്ചു.  “എടീ അവന്മാരേതാ നിന്റെ ക്വട്ടേഷനാണോ..?”

പൊട്ടിച്ചിരിച്ച് കൊണ്ട് മുംതാസ്.  “അയ്യോ എനിക്കവരെ അറിയുകയേ ഇല്ല.  കാലം മാറിയതറിഞ്ഞില്ലേ മക്കളേ.. ഇതാണ് സദാചാര പോലീസുകാർ…!!!

പിന്നീട് സുന്ദരൻ സ്വന്തം അമ്മയെ വരെ പെങ്ങളേ എന്നാണ് വിളിച്ചിരുന്നത്.