Tuesday, November 16, 2010

ജയൻ എലിയാസ് ജയരാജൻ

കോരപ്പുറത്തെ ബാലാട്ടന്റെ മോൻ ജയരാജന്റെ ലുക്കും ലൈക്കും കണ്ടാൽ ഏതോ കൊമ്പത്തെ വീട്ടിലെ ചെക്കനാണെന്നേ തോന്നൂ. വീട്ടിലെ അടുപ്പിൽ ചേര പായുന്നുണ്ട് എന്നാലും ജയന്റെ ഡ്രെസ്സിങ്ങും വാക്കിങ്ങും ഭയങ്കര ടിപ്ടോപ്പിലാണ്. പത്ത് സെന്റ് സ്ഥലത്ത് കറന്റ് പോലുമില്ലാത്ത ചെറിയൊരു ഓടിട്ട വീടാണ് വില്ല. പറമ്പിന്റെ അതിരിലെ കാടുപിടിച്ച മൂലയാണ് ടോയിലറ്റ്. മുറ്റത്തെ കിണറ്റിൻ‌കരയാണ് ബാത്‌റൂം. ചളുങ്ങിയൊരു അലൂമിനി ചെമ്പാണ് ബാത്ടബ്ബ്. ഇതൊക്കെയാണ് മൂപ്പരുടെ ആവാസ വ്യവസ്ഥയിലെ ആഢംബരങ്ങൾ. ഏതെങ്കിലും ലോണെടുത്ത് വീടൊന്ന് നന്നാക്കാൻ ബാലാട്ടൻ ആവുന്നത്ര പറഞ്ഞ് നോക്കിയെങ്കിലും ജയൻ മൈൻഡാക്കിയില്ല. ഒരു മിഠായിക്കമ്പനിയുടെ റപ്രസന്റേറ്റീവായാണ് ജോലി ചെയ്യുന്നത്. കിട്ടുന്നത് മുഴുവൻ ഡ്രെസ്സിനും ഷൂസിനും മൊബൈലിനുമായി ചെലവാക്കും. വീട്ടിലെ സ്ഥിതി ദു:സ്ഥിതിയായതൊന്നും ജയന്റെ എക്സിബിഷനിസത്തെ ബാധിച്ചിട്ടില്ല.

ഞങ്ങളുടെ നാട്ടിൽ ഫാഷനബിളായ ഡ്രെസ്സുകൾ ഇടുന്നത് ജയൻ മാത്രമാണ്. ജയന്റെ കോസ്റ്റ്യുംസ് എപ്പോഴും ട്രെൻ‌ഡിയായിരിക്കും. ഹാഫ് കൈ ചെക് ഷർട്ടിന്റെ കൂടെ ലേറ്റസ്റ്റ് ഫാഷനായ അരച്ചന്തി പാന്റ്സ് ഇൻ‌സൈഡ് ചെയ്തിരിക്കും. നടക്കുമ്പോൾ പാന്റ്സ് അരയിൽ നിന്നൂരി ഇപ്പോ താഴെപ്പോകുമെന്ന് തോന്നിക്കും. ചന്തിയുടെ ഷേപ്പ് അങ്ങനെയായത് കൊണ്ടാണ് പാന്റിടാൻ പറ്റുന്നതെന്ന അനാട്ടമി ലോയും വെയ്റ്റുള്ള വസ്തുക്കളെ ഭൂമി ആകർഷിക്കുമെന്ന ന്യൂട്ടന്റെ ഗ്രാവിറ്റി ലോയുമൊക്കെ ജയന്റെ പിന്നിൽ തോറ്റ് തൊപ്പിയിടും. പത്ത് പാസ്സാവാൻ മിനിമം 210 മാർക്ക് വേണമെന്ന പഴയ തെറ്റായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായാണ് പാവത്തിന്റെ ഐ.എ.എസ്. മോഹങ്ങൾ വാടിയും വാടാതെയും കരിഞ്ഞത്. ഇന്നായിരുന്നെങ്കിൽ മഴപെയ്യുമ്പോ സ്കൂളിൽ കയറി നിന്നാലും പാസ്സാകുമല്ലോ. എജുക്കേഷന്റെ ഷോർട്ടേജ് കൈയ്യിലുള്ള ഇംഗ്ലീഷ് ഇട്ട് ഗ്യാപ് ഫില്ലിങ്ങ് നടത്തും. വീട് സോമാലിയ വില്ലേജിലാണെങ്കിലെന്താ ജീവിക്കുമ്പോ ഗ്ലാമറായി ജീവിക്കണം, അതാണ് ജയരാജന്റെ പോളിസി.

വസ്ത്രധാരണത്തിലെ ഗ്ലോബലൈസേഷൻ പോലെ ശീലങ്ങളിലും ജയന് ചില പ്രത്യേകതകളുണ്ട്. നല്ല കോട്ടയം മലയാളത്തിലേ സംസാരിക്കൂ. ഞങ്ങളൊക്കെ “ഓൻ കണ്ടീമ്മ്ന്ന് ബീണിറ്റ് ബൈരം ബെച്ചു” എന്ന് എല്ലാർക്കും മനസ്സിലാകുന്ന ശുദ്ധ മലയാളത്തിൽ പറയുമ്പോൾ “അവൻ കയ്യാലയിൽ നിന്നും വീണ് കരഞ്ഞു” എന്ന് വളഞ്ഞ് പിടിച്ചാണ് ജയൻ പറയുക. അതൊക്കെ ആളുകളുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള നമ്പേഴ്സുകളാണ്. പരിചയപ്പെടുമ്പോൾ പേരു ചോദിച്ചാൽ തൊണ്ടയിൽ എക്സ്ട്രാ ബാസ്സ് കയറ്റി “ഞാൻ ജയരാജ്..” എന്ന് ജെയിംസ് ബോണ്ട് നിലവാരത്തിലേ പറയൂ. ജയൻ, ജയരാജൻ എന്ന് വിളിക്കുന്നത് ഒട്ടും ഇഷ്ടമല്ല. ജയൻ നാട്ടിൻപുറത്തൂടെ നടക്കുന്നത് കണ്ടാൽ സായിപ്പിറങ്ങിയെന്നാണ് ആളുകൾ പറയുക.

ഒരിക്കൽ ഏതോ കല്യാണ വീട്ടിൽ പോകുകയായിരുന്ന കളർ മുക്കിയ കോഴിക്കുഞ്ഞുങ്ങളെ പോലെയുള്ള നാലഞ്ച് കിടാവുകൾ വഴിതെറ്റി ജയന്റെ വീട്ടിലെത്തി. വീട്ടിൽ വന്ന ചാകര കണ്ടപ്പോൽ ജയൻ ഉഷാറായി അവരെ ഡീൽ ചെയ്യാനൊരുങ്ങി. പക്ഷേ അതിനു മുൻപ് കല്യാണിയമ്മ പിള്ളേരെ അറ്റൻ‌ഡ് ചെയ്തു. ആയമ്മയ്ക്കാണെങ്കിൽ വായ് നിറച്ചും നാവാണ്. വഴി പറഞ്ഞ് കൊടുക്കുന്നതിനു പകരം “നീ ഏട്യാ മോളെ,, അച്ഛനെന്താ പണി…” ഇങ്ങനെ പിള്ളേരുടെ ഓരോരുത്തരുടേയും വീട്ടുകാര്യമാണ് അവർ ചോദിക്കുന്നത്. അപ്പോഴാണ് അയലോക്കത്തെ വാസുവേട്ടൻ വിറക് കീറാൻ ഒരു മഴു കിട്ടുമോന്നറിയാൻ അവിടെ എത്തിയത്. ജയൻ ഉടനെ അക്കാര്യം ഏറ്റെടുത്ത് അമ്മയോട് ചോദിച്ചു.

“അമ്മേ,, നമ്മുടെ മഴു എവിടെയാണ്..?”

“ഈട മൌ‍വും ഇല്ല, ഒരു കുന്തോമില്ല… ചോറ് വെക്കാൻ അരിയില്ല, അന്നേരാന്ന് ഓന്റെ മൌ.. ” കല്യാണിയമ്മ ജയന്റെ മാനം തൂത്തുവാരിയത് കണ്ട് പെൺ‌പിള്ളേർ ചിരി അമർത്തിപ്പിടിച്ചു നിന്നു. എന്നാലും പെൺ‌പിള്ളേരുടെ മുന്നിൽ ഷൈൻ ചെയ്യാതിരുന്നിട്ട് ജയന് ക്ഷമ കിട്ടിയില്ല. അവൻ പിള്ളേർ കേൾക്കാനായി പറഞ്ഞു.

“ശോ.. കറന്റ് പോയതിനാൽ ഇസ്തിരി ഇടാൻ വയ്യ… ആഫീസിൽ എത്താൻ വൈകുമല്ലോ.. ഷിറ്റ്..”

“അയിന് ഈട വയറിങ്ങെന്നെ ചെയ്തിറ്റില്ലല്ലോ… എന്നിട്ടാന്ന് കരന്റ്…! നീ പോയിറ്റ് എറയം തേക്കാൻ ചാണം വാരീറ്റ് വാഡാ.. ഓന്റെയൊരു സ്റ്റൈലാക്കല്…” ജയന്റെ ലോല ഹൃദയത്തെ തറച്ച് മുറിച്ചായിരുന്നു ആ കൂരമ്പ് കടന്നു പോയത്. കളറുകളുടെ സൈലന്റ് ചിരി പൊട്ടിച്ചിരിയായി കൺ‌വേർട്ടായത് കണ്ട് ജയന്റെ മാനം ഭംഗപ്പെട്ടുപോയി. ഡിജിറ്റൽ കാലത്തെ മക്കൾക്ക് വാൽ‌വ് കാലത്തെ അമ്മമാർ വലിയൊരു ബാധ്യത തന്നെയെന്ന് ജയൻ വിചാരിച്ചു.

വീട്ടുകാർക്ക് ഗുണമൊന്നുമില്ലെങ്കിലും ബസ്സുകാർക്കും അതിലെ സ്ത്രീ യാത്രക്കാർക്കും ജയൻ വലിയ ഉപകാരിയാണ്. മറ്റുള്ളവരൊക്കെ കണ്ടക്റ്റർ പറഞ്ഞിടത്ത് നിൽക്കാതിരിക്കുമ്പോൾ ജയൻ ഏതിലിലൂടെ കയറിയാലും സ്ഥിരമായി നിൽക്കുന്ന സ്ഥലത്ത് പോയി നിന്നോളും. അവിടെയുമിവിടെയും നിന്ന് കണ്ടക്റ്റർക്ക് തടസ്സമുണ്ടാക്കില്ല. എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ടെന്ന് പറഞ്ഞത് പോലെ എവിടെ ലേഡീസുണ്ടൊ അവിടെയേ ജയനുണ്ടാവൂ. അതിപ്പോ സുന്ദരിയാകണമെന്നോ വെളുത്ത വർഗക്കാരിയാവണമെന്നോ ഒന്നുമില്ല. ഏത് ബസ്സിലും എപ്പോഴും ലേഡീസിന് കനത്ത പിൻ‌ തുണയുമായി ജയനുണ്ട്. കുണ്ടിലും കുഴിയിലും വീണ് ബസ്സിൽ ബാലൻസ് കിട്ടാത്ത പെണ്ണുങ്ങളുടെ രക്ഷയ്ക്കായി അവരുടെ പിറകിൽ ഒരു കമ്പിത്തൂണു പോലെ ജയനുണ്ടാവും. തിരക്കുള്ള ബസ്സാണെങ്കിൽ അവിടെ നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആബാലവൃദ്ധം ജനങ്ങളും മോഹിക്കുന്നൊരു പോസ്റ്റാണത്. അവിടെ ഒന്നാമനാവാൻ ആരോഗ്യത്തിന് കേട് വരുന്ന മത്സരം തന്നെ ചിലപ്പോൾ വേണ്ടിവരും.

ഒരു ദിവസം ജയൻ കണ്ണൂരിൽ നിന്നും നാട്ടിലേക്ക് ബസ്സ് കയറി. ഫുൾ ടൈറ്റ് ലോഡായിട്ടും ജയൻ മുഷി പോകുന്നത് പോലെ തിരക്കിന്നിടയിലൂടെ നൂണ് മോശമില്ലാത്ത മത്സരത്തിനു ശേഷം ലേഡീസിന്റെ പിറകിൽ ഡീസന്റായി നിന്നു. അന്ന് ബസ്സിൽ ചാകരയായിരുന്നു. ജയനെപ്പോലെ മോഡേണായൊരു പെണ്ണ് ലേഡീസിന്റെ ബൌണ്ടറിയിൽ നിൽക്കുന്നുണ്ടായിരുന്നു. കുളത്തിലെ പായലെടുത്ത് വാഴക്കുലക്ക് പൊതിഞ്ഞത് പോലെയുള്ള മുടി, മെഷിനിൽ കിടത്തി തയ്ച്ചെടുത്തത് പോലത്തെ ബോഡി സ്റ്റിച്ചഡ് പാന്റ്സും ബനിയനും, വെള്ള പാന്റ്സിന്റെയടിയിൽ സൌത്ത് ഇന്ത്യയുടെ ഭൂപടം പോലെ ഇന്നർവെയർ. മൊത്തത്തിൽ സമ്പദ്‌സ‌മൃദ്ധിയുള്ള തറവാട്ടിലെന്ന് ഫസ്റ്റ് സൈറ്റിൽ പറയിപ്പിക്കുന്ന ഫിഗർ. അത് കണ്ടപ്പോ മീൻ ചട്ടി കണ്ട പൂച്ചയെ പോലെ ജയൻ അവിടെ തന്നെ കോൺ‌സൻ‌ട്രേറ്റ് ചെയ്തു. എന്തൊരു തിരക്കെന്ന് ആളുകൾ പറഞ്ഞപ്പോൾ പോരാ പോരാ ഇനിയുമിനിയും കേറിക്കോട്ടെ എല്ലാരേം കയറ്റി പതുക്കെ പോയാ മതി എന്നാണ് ജയന്റെയുള്ളിൽ.

നല്ല ബെസ്റ്റ് റോഡായതിനാൽ ജയൻ ഒഴിച്ച് ബാക്കിയെല്ലാർക്കും അതൊരു നരകയാത്ര തന്നെയായിരുന്നു. റോഡൊക്കെ നല്ലതായിരുന്നെങ്കിൽ ജയനെപ്പോലെ ലേഡീസിന് പിൻ‌തുണ നൽക്കുന്നവർക്ക് ബസ്സ് യാത്രയൊക്കെ ഭയങ്കര ബോറായിരുന്നേനെ. മുക്കിയും മൂളിയും ബസ്സ് ടൌണിൽ നിന്നും നാട്ടിലെത്താറായി. ഓരോ സ്റ്റോപ്പിലും ആളുകൾ ഇറങ്ങാൻ തുടങ്ങി. ബസ്സിലെ തിരക്കും കുറഞ്ഞു. ചേലേരിമുക്ക് എത്തിയപ്പോൾ പിന്നിലുണ്ടായിരുന്ന സപ്പോർട്ടിങ്ങ് ക്യാരക്റ്റേഴ്സും യാത്രക്കാരും ഇറങ്ങിപ്പോയത് അവളുടെ സമ്പന്ന മധ്യവർഗ്ഗത്തിൽ കോൺ‌സൻ‌ട്രേറ്റ് ചെയ്ത് നിന്നതിനാൽ അവൻ അറിഞ്ഞില്ല. പിറകിലൊക്കെ സീറ്റുണ്ടായിരുന്നിട്ടും ജയൻ മാത്രം മരത്തടിക്ക് ആപ്പ് വെച്ചത് പോലെ നിൽക്കുകയായിരുന്നു. പെട്ടെന്ന് പിറകിൽ നിന്നൊരു കപ്പടാ മീശക്കാരൻ വന്ന് ജയനെ പിറകോട്ട് വലിച്ചു. അപ്പോഴാണ് ഗോളിയില്ലാത്ത പോസ്റ്റ് പോലെ ബാക്ക് മുഴുവൻ കാലിയായത് കണ്ടത്. ആ ചമ്മൽ മറക്കാൻ അവൻ അയാളോട് ചൂടായി.

“കൈ വിടെടാ.. ഞാൻ ഇവിടെ നിൽക്കുന്നതിന് നിങ്ങൾക്കെന്താ..?“

“അതെന്റെ മോളാ.. നീ ഇങ്ങോട്ട് മാറി നിക്കടാ...” അയാൾ ചെമ്പ് പാത്രത്തിന്നകത്ത് സാൻ‌ഡ്പേപ്പർ ഉരച്ചത് പോലെയുള്ള സൌണ്ടിൽ മുരണ്ടു. ബോഡി ഡിപ്പാർട്ട്മെന്റ് വീക്കാവും “എസ്കേപ്..!“ എന്ന് ഹെഡിൽ നിന്നും അലർട്ട് കിട്ടിയ ജയൻ മുങ്ങാൻ ശ്രമിച്ചെങ്കിലും ആ കീരിക്കാടൻ അപ്പോഴേക്കും അവനെ പൊക്കിയെടുത്തിരുന്നു. കൈകൊട്ടിക്കളിയിലും ചവിട്ടുനാടകത്തിലും എക്സ്പർട്ടാണെന്ന് മാത്രമല്ല, മോറോവർ അയാളൊരു പഴയ ഫുട്ബാൾ കളിക്കാരനുമായിരുന്നു.

ഷൂസിട്ട കാലു കൊണ്ട് ആനസിൽ ചവിട്ട് കിട്ടിയപ്പോൾ യുറാനസിനെ മാത്രമല്ല; പടിയടച്ച് പിണ്ഡം വെച്ച പ്ലൂട്ടോയെ വരെ ജയൻ കണ്ടു…!

Tuesday, November 9, 2010

അഗമ്യ ഗമനം


പുറത്ത് വെയിലിന്റെ കാഠിന്യം കുറയാൻ തുടങ്ങിയിരുന്നു. കറങ്ങുന്ന സീലിങ്ങ് ഫാൻ നോക്കി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്നു അനിത. എത്രയോ ദിവസങ്ങളായി കാണുന്നതാണെങ്കിലും ഒട്ടും മടുപ്പിക്കുന്നില്ലത്. മേശമേൽ അടച്ചുവെച്ച പാത്രങ്ങളിൽ ചോറും കറികളും തണുത്ത് കിടക്കുന്നു. ഒരു വറ്റ് പോലും കഴിക്കാൻ തോന്നുന്നില്ല. വല്ലാത്ത മടുപ്പ്. എപ്പോഴും ക്ഷീണം. അൽ‌പ്പ സമയം നിൽക്കുമ്പോൾ തന്നെ കിടക്കാൻ തോന്നുന്നു. ശരീരമാകെ തളരുന്നത് പോലെ. ഒട്ടും ഉറക്കം കിട്ടാത്തതിനാൽ രാത്രി തീർന്നാലും തീരില്ല. അൽ‌പ്പമൊന്ന് ഉറങ്ങിക്കിട്ടാനായി അവൾ കണ്ണുകൾ ഇറുക്കെ അടച്ച് അനങ്ങാതെ കിടന്നു. ആവുന്നില്ല. വയറിൽ എന്തോ അനക്കങ്ങൾ തോന്നുന്നത് പോലെ. എന്തൊക്കെയോ അടിമറയുന്നുവോ…? ഉണ്ട്… സാധാരണ പോലെയല്ല… എന്തോ പിടച്ച് തിളച്ചു മറിയുന്നത് പോലെ… അസ്വസ്ഥതകൾ കൂടുന്നു… സർവ്വാംഗം തളരുന്നു.. അവൾ തപ്പിപ്പിടിച്ചെഴുന്നേറ്റ് പേടിച്ചരണ്ട് നിലവിളിച്ചു. “അമ്മേ… അമ്മേ…”

താഴത്തെ മുറിയിൽ നിന്നും യശോദാമ്മ പടികൾ വലിയ ശബ്ദത്തോടെ ചവിട്ടി വന്നു. അവളുടെ വിയർത്ത് കുളിച്ച മുഖം കണ്ട് അവർ പരിഭ്രാന്തയായി ചോദിച്ചു. “എന്താ മോളേ…?”
“വയറിലെന്തോ പോലെ…”
“വേദനയുണ്ടോ…?”
“ഇല്ല. എന്തോ അടിമറയുന്നത് പോലെ…”
യശോദാമ്മ ഒന്നും പറയാതെ കട്ടിലിൽ ഇരുന്ന് അനിതയുടെ വീർത്ത വയറിൽ തടവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
“അത് കുട്ടി അടിമറിയുന്നതാണ് മോളേ.. എട്ടാം മാസമായല്ലോ..” അവരുടെ മുഖം തീർത്തും നിർവ്വികാരമായിരുന്നു. രണ്ടു പേരും ഒന്നും പറയാതിരുന്നു.
“നീ എന്താ ചോറ് തിന്നാത്തേ..?” ഭക്ഷണ പാത്രങ്ങൾ കൊണ്ട് വെച്ചത് പോലെയിരിക്കുന്നത് കണ്ട് യശോദാമ്മ ചോദിച്ചു.
“വിശപ്പില്ലാമ്മേ…”
“മോളേ.. ഇപ്പോ പാട് ചോറ് തിന്നണ്ട സമയാ… ഞാൻ വാരി തരാം.. കുറച്ച് തിന്ന് മോളേ..”
അവർ തന്നെ അൽ‌പ്പം ചോറ് ഒരു പ്ലേറ്റിലെടുത്ത് കുഴച്ച് അനിതയ്ക്ക് കൊടുത്തു. മൂന്നാല് ഉരുള കഴിച്ചപ്പോൾ അവൾ മതി എന്ന് പറഞ്ഞു. യശോദാമ്മ കുറേ നിർബ്ബന്ധിച്ചെങ്കിലും പിന്നെ ഒന്നും കഴിക്കാൻ സാധിച്ചില്ല. ബാത്ത് റൂമിൽ പോയി വായ കഴുകി വന്ന് വീണ്ടും കിടന്നു. യശോദാമ്മ പാത്രങ്ങളെടുത്ത് താഴേക്ക് പോയി.

അനിത വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി. ചുറ്റും ഇരുളാൻ തുടങ്ങിയിരുന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. തണുത്ത കാറ്റ് വീശുന്നു, മഴ പെയ്യുമെന്ന് തോന്നുന്നു. പക്ഷികളൊക്കെ ചിലച്ച് പറക്കുന്നു. ദൂരത്ത് നിന്നും നേർത്തൊരാരവം അടുത്ത് വരുന്നു. അതെ, മഴ വരുന്നുണ്ട്. ദൂരെ കുന്നിൻ മുകളിൽ കരഞ്ഞ് പെയ്യുന്നുണ്ടത്. ആദ്യം മഴയെത്തുന്നത് അവിടെയാണ്. നേർത്ത് തുടങ്ങി പതുക്കെ കനക്കുന്ന ഇരമ്പലുമായി ഇവിടെയുമെത്തും. നിന്നെ മറന്നില്ലെന്ന് പറഞ്ഞ് ഒരു കാമുക സാന്ത്വനം പോലെ മഴ അതിന്റെ എണ്ണമറ്റ കൈകളാൽ വിരഹിണിയായ ധരിണിയെ ആലിംഗനം ചെയ്യും. ഒരു കാലത്ത് മഴ അത്രമേൽ പ്രിയങ്കരമായിരുന്നു. മഴയെ കാണുന്ന വിധത്തിലായിരുന്നു കിടത്തം പോലും. പക്ഷേ, ഇന്നോ..? മുറിയിലേക്ക് തണുപ്പ് മെല്ലെ നിറഞ്ഞു. വേച്ച് വേച്ച് നടന്ന് ജനവാതിലുകൾ അടച്ച് ഒരു ബെഡ്ഷീറ്റെടുത്ത് പുതച്ച് കണ്ണടച്ച് കിടന്നു. വേണ്ടെന്ന് വിലക്കിയിട്ടും അവളുടെ ഓർമ്മകൾ പതുക്കെ പിറകിലേക്ക് പോയി. അപ്രതീക്ഷിതമായി വന്ന് ആർത്തലച്ച് പെയ്ത് സർവ്വവും നശിപ്പിച്ചൊരു മഴയിലേക്ക്…


അന്ന് കോളേജ് ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയിരുന്നു. ചേട്ടനും ഞാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ ഇറങ്ങിയ ഉടനെ ചേട്ടൻ “അച്ചൻ പോയി.. ഞാമ്പോട്ടേ..” എന്ന് വന്ന് ചോദിച്ചപ്പോൾ പാവമല്ലേ എന്ന് കരുതി ഞാൻ സമ്മതം മൂളി. അച്ഛൻ ഉണ്ടെങ്കിൽ ചേട്ടനെ എവിടെയും പോകാൻ സമ്മതിക്കില്ല. വീട്ടിൽ തന്നെ അനങ്ങാതെ മിണ്ടാതെയിരിക്കണം. അച്ഛൻ കാന്റീനിൽ ക്വാട്ട വാങ്ങാനോ മറ്റോ പോയാൽ ചേട്ടൻ അമ്മയെ ശല്യപ്പെടുത്തി പുറത്ത് പോകും. ദൂരെ എവിടെയും പോകരുത്, പെട്ടെന്ന് വരണം എന്നൊക്കെ സമ്മതിപ്പിച്ച് അമ്മ വിടും. “സുഖമില്ലാണ്ടായിപ്പോയീന്ന് വെച്ച്.. എത്ര കാലമാണെന്ന് വെച്ചാ വീട്ടിൽ പിടിച്ചിരുത്തുക? ഒരാങ്കുട്ടിയല്ലേ..?“ അങ്ങനെയാണ് അമ്മയുടെ ന്യായം. പിന്നെ പിന്നെ അതൊരു ശീലമായി. അച്ഛൻ പുറത്ത് പോയാൽ “അച്ചമ്പോയ്യി.. അച്ചമ്പോയി..” എന്ന് പറഞ്ഞ് ചേട്ടൻ അങ്ങാടിയിലേക്ക് തിരിക്കും. അങ്ങാടിയിൽ വെറുതെ പണിയില്ലാതിരിക്കുന്ന ചെക്കന്മാർക്ക് ചേട്ടൻ ഒരു കളിപ്പാട്ടമായിരുന്നു. അൽ‌പ്പം ബുദ്ധിമാന്ദ്യമുള്ള ചേട്ടനെ അവരൊക്കെ ദു:ശ്ശീലങ്ങൾ പഠിപ്പിച്ച് നശിപ്പിച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. ആ സ്വാതന്ത്ര്യത്തിന് കുരുതി കൊടുക്കേണ്ടി വന്നത് പല ജീവിതങ്ങളായിരുന്നു.

ചേട്ടൻ ഉച്ചയായിട്ടും തിരികെ വന്നില്ല. പെട്ടെന്ന് ആകാശമൊക്കെ ഇരുണ്ട് മഴ വരുന്ന ലക്ഷണം കണ്ടു. ഭക്ഷണം കഴിക്കാതെ കാത്ത് നിന്ന് ക്ഷീണിച്ചപ്പോൾ കുറച്ച് സമയം വായിക്കാമെന്ന് കരുതി ഞാൻ ഒരു പുസ്തകവുമെടുത്ത് വാതിൽ ചാരി മുറിയിൽ പോയി കിടന്നു. കീറ്റ്സിന്റെ ode on Grecian urn, സുരേഷ് സാറിന്റേതായിരുന്നു ആ സെലക്ഷൻ.

..Heard melodies are sweet, but those unheard
Are sweeter; therefore, ye soft pipes, play on;
Not to the sensual ear, but, more endeared,
Pipe to the spirit dities of no tone.
Fair youth, beneath the trees, thou canst not leave
Thy song, nor ever can those trees be bare;
Bold Lover, never, never canst thou kiss..

അത് വരെ എത്തിയപ്പോൾ പെട്ടെന്നുദിച്ച ചിരി കാരണം വായിക്കാൻ തോന്നിയില്ല. പുസ്തകം നെഞ്ചിൽ അമർത്തിപ്പിടിച്ച് വെറുതെ കിടന്നു. ജനവാതിലുകളുടെ തടസ്സ വാദങ്ങൾ കൂട്ടാക്കാതെ കുന്നിൻ‌മുകളിൽ നിന്നൊരു തണുപ്പൻ കാറ്റ് മുറിയിലേക്കോടി വന്നു. ഒപ്പം സുരേഷ് സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും. ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയിൽ വെച്ച് അന്ന് മാഷ് പതിവിലേറെ സംസാരിച്ചു. വീട്ടിൽ അനിയെപ്പറ്റി പറഞ്ഞു, അവർക്കിഷ്ടമാണ്. കോഴ്സ് കഴിഞ്ഞയുടനെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കും. വെക്കേഷന് കല്യാണം. പിന്നെ… അതൊക്കെ കേട്ട് കണിക്കൊന്നപോലെ പൂത്തുലഞ്ഞ് നാണിച്ച് നിൽക്കെ, ആദ്യമായി അന്ന് മാഷിത്തിരി കൂടുതൽ സ്വാതന്ത്ര്യം എടുത്തു. പതുക്കെ അരയിലൂടെ ചുറ്റിപ്പിടിച്ച് കോരിയടുപ്പിച്ച് പാറിയ മുടിയിഴകൾ തഴുകി ചുണ്ടിൽ ആദ്യത്തെ മുദ്രകളർപ്പിച്ചു. ആ കുളിരനുഭൂതിയിൽ ഞാൻ സ്വയമേവ അടഞ്ഞ കണ്ണുകളുമായി ഒരു തൂവൽ പോലെ ഭാരമില്ലാതെ പാറി നടന്നു… കുറേ സമയം… പിന്നെ മാഷിന്റെ മുഖത്ത് നോക്കാനേ പറ്റിയില്ല.. എന്തോ അത് വരെ അറിയാത്തൊരു ഗന്ധമായിരുന്നു മാഷിന്. അതായിരിക്കും ആണിന്റെ മണം! അതൊക്കെ ഓർത്തപ്പോൾ മേലാകെ പൊട്ടിവിടർന്നു. ഇപ്പോൾ മാഷ് ഉണ്ടായിരുന്നെങ്കിൽ…! മാഷിന്റെ കട്ടിമീശ കവിളിൽ ഇക്കിളിയാക്കിയെങ്കിൽ… ഹോ…! ആ നിമിഷങ്ങളിലേക്ക് വീണ്ടും അലിഞ്ഞ് ചേരുകയായിരുന്നു മനസ്സും ശരീരവും…

പുറത്ത് മഴ കനത്ത് പെയ്യുകയായിരുന്നു. എവിടെയോ വാതിൽ‌പ്പാളികൾ ശബ്ദത്തോടെ വന്നടയുന്നു. കെട്ടിപ്പുണരുകയായിരുന്നു ഞങ്ങൾ. മാഷിന്റെ കൈകൾക്കെന്ത് ശക്തിയാണ്..! അമർത്തി വാരി അടുപ്പിക്കുകയാണവ… സുഖമുള്ളൊരു വേദനയായിരു ശരീരത്തിലെ ഓരോ പരമാണുവും പൊട്ടിത്തരിക്കുകയായിരുന്നു… കണ്ണുകളിറുകെപ്പൂട്ടി തനുവിന്റെ ആഘോഷത്തിമിർപ്പിൽ മനസ്സിനേയും യഥേഷ്ടം വിട്ടു. മാഷിന്റെ ചുണ്ടുകളെവിടെ..? അതെന്തേ എന്റെ ദാഹിക്കുന്ന ചൊടികൾ കാണുന്നില്ല..! എവിടെ അത്..? ഹോ.. അതെന്നെ തേടി വന്നു... ഉമ്മ വെക്ക്… അമർത്തിയമർത്തി.. കടിച്ച് പിടിക്ക്.. മാഷിന്റെ ഗന്ധം അറിയണമെനിക്ക്.. ആ ചുണ്ടുകൾക്ക് സ്വാഗതമോതാനായ് മുഖമുയർത്തവെ…. എന്തോ വല്ലാത്തൊരു മണമാണല്ലോ ഇത്..! സിഗരറ്റും കള്ളുമൊക്കെ കൂടിക്കലർന്നൊരു മനം‌പിരട്ടുന്ന വൃത്തികെട്ട മണം..! മാഷ് വലിക്കാറില്ലല്ലോ…! കുറ്റിരോമങ്ങൾ കവിളിലുരുമ്മുന്നു…! മാഷ് ക്ലീൻ ഷേവാണല്ലോ.. ആരാണിത്..? അയ്യോ.. ചേട്ടാ… ചേട്ടാ‍… എന്നെ……

സ്വപ്നാവസ്ഥയിൽ നിന്നും ഞെട്ടിയുണർന്ന് പിന്നെ ഭൂമി പിളർന്ന് താണു പോകുന്നത് പോലൊരു നടുക്കത്തിൽ അവൾ നടുങ്ങി. പ്രതിഷേധിക്കാൻ ആവുന്നത് ശ്രമിച്ചിട്ടും, ആ ഭ്രാന്തൻ ആക്രമണത്തിന് മുന്നിൽ അവൾ നിസ്സഹായയായി കീഴടങ്ങി. പിന്നെ അബോധാവസ്ഥയിലേക്ക് വീണു.

ഏറെ നേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ നടന്നതൊക്കെ ഒരു ഭീകരസ്വപ്നമായിരിക്കണേ എന്നാണ് കൊതിച്ചത്. പക്ഷേ, പിച്ചിചീന്തപ്പെട്ട ശരീരവേദനകൾ അത് നിരാകരിച്ചു. ഒന്നനങ്ങാൻ പോലുമാവാതെ കിട്ടിയതെടുത്ത് വാരിപ്പുതച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ അവിടെ വീണു. അച്ഛനും അമ്മയും വരുമ്പോഴും ഞാൻ ആ കിടപ്പ് തന്നെയായിരുന്നു. അമ്മ എന്താ മോളേ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. കുറേ സമയം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. പാറിപ്പറന്ന മുടിയും കീറിയ വസ്ത്രങ്ങളും അതിലെ ചെഞ്ചായപ്പൊട്ടുകളുമൊക്കെ കണ്ട് അമ്മ പരിഭ്രമിച്ച് എന്താ.. എന്താ.. എന്ന് ചോദിച്ചു. എങ്ങനെ പറയണമെന്നോ എന്ത് പറയണമെന്നോ എനിക്കറിയില്ലായിരുന്നു. അമ്മ ചോദിച്ച് പിന്നെയും പിന്നെയും ചോദിച്ചപ്പോൾ “ചേട്ടൻ.. എന്നെ…” അത്രേ പറയാൻ കഴിഞ്ഞുള്ളൂ. അത് കേട്ടതും അമ്മ ഞെട്ടിത്തരിച്ചു പോയി. “എന്റെ മോളേ…” എന്നു പറഞ്ഞ് തലയിട്ടുരുട്ടി വീണു കരഞ്ഞു. കുറേ സമയം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് കിടന്നു. പിന്നെ അമ്മ എഴുന്നേറ്റ് അച്ഛന്റെയടുത്ത് പോയി എന്തോ പറഞ്ഞു. അച്ഛൻ ഷോക്കടിച്ചത് പോലെയായി. ഒന്നും മിണ്ടാതെ കണ്ണിൽ നിന്നും ദു:ഖം ചാലിട്ടൊഴുകി. അപ്പോഴാണ് ചേട്ടൻ എവിടെയോ കറങ്ങിത്തളർന്നു വന്നത്. ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ അച്ഛൻ ചാടിയെഴുന്നേറ്റ് അടുക്കളയിൽ നിന്നും തടിച്ചൊരു വിറകിൻ കഷണമെടുത്തു അവന്റെ നേർക്കോടി. അച്ഛന്റെ ദേഷ്യം പിടിച്ച മുഖവും കൈയ്യിലെ മരക്കഷണവും കണ്ട് അവൻ അവിടെ നിന്നു. അച്ഛൻ ഓടിച്ചെന്ന് അവനെ പൊതിരെത്തല്ലാൻ തുടങ്ങി. എന്തൊക്കെയോ നിലവിളിച്ചു കൊണ്ട് ചേട്ടൻ ഗേറ്റ് കടന്ന് ഓടി. അന്ന് മുതൽ വീടിന്റെ ഓരോ കോണുകളിൽ നിശബ്ദമായി ഞങ്ങൾ മൂന്ന് ശരീരങ്ങൾ കഴിഞ്ഞു കൂടി.

കുറച്ച് ദിവസം നിർവ്വികാരമായി കടന്നു പോയി. യാന്ത്രികമായി കോളേജിൽ പോയി. ഒന്നിലും ഒരു താൽ‌പ്പര്യമുണ്ടായിരുന്നില്ല. ക്ലാസ്സിൽ വെറും കാഴ്ചക്കാരിയായിരുന്നു. എല്ലാവരും എന്താ പറ്റിയതെന്ന് ചോദിച്ചു. ഒന്നും പറയാൻ ആവുമായിരുന്നില്ലല്ലോ. ലൈബ്രറിയിൽ പോകാതെ സുരേഷ് സാറിനെ പൂർണ്ണമായും ഒഴിവാക്കി. അന്വേഷിച്ച് വന്നപ്പോൾ ചങ്ക്പൊട്ടുന്ന വേദന കടിച്ച് പിടിച്ച് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു.

മുറിവിൽ തീരാവേദനയായി ഒരു ദുരന്തം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാ മാസവും പതിവായി വരുന്ന അസ്വസ്ഥതകൾ അത്തവണ എത്താതിരുന്നപ്പോൾ മുതലായിരുന്നു എല്ലാം കീഴ്മേൽ മറിഞ്ഞത്. സംശയം പറഞ്ഞതും അമ്മ എന്റെ മുത്തപ്പാ എന്ന നിലവിളിയോടെ നിലത്ത് വീണു. വൈകുന്നേരം അടുക്കളയിൽ ചായക്ക് കാത്തിരിക്കുമ്പോഴാണ് അമ്മ അത് അച്ഛനോട് പറഞ്ഞത്. കടുത്ത വേദന കൊണ്ട് അച്ഛൻ പുളയുകയായിരുന്നു. തല കുനിച്ച് ഇടറുന്ന കാലുമായി ചുമരും പിടിച്ച് അച്ഛൻ മുറിയിൽ ചെന്ന് വീണു. അന്ന് വീട്ടിൽ അടുപ്പ് എരിഞ്ഞില്ല. ആരും ഉറങ്ങിയതുമില്ല.

ഒരു ദിവസം അച്ഛനുമമ്മയും ഒരു ഡോക്ടറെ കാണാൻ പോയി. ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരിക്കുമ്പോൾ ആരെങ്കിലും പരിചയമുള്ളവർ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ നിറയെ. ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. മുഖത്ത് നോക്കാറുമില്ല. പിന്നെ വീട്ടിൽ വാക്കുകളില്ലാത്ത പരദേശികളെ പോലെ മൂന്നു പേർ.

ഹോസ്പിറ്റലിൽ പോയതിന് ശേഷം പിന്നെ കോളേജിൽ പോകുന്നത് നിർത്തിയിരുന്നു. വീടിന്റെ മുകളിലെ മുറിയിൽ തന്നെയായിരുന്നു എന്നും. പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായി. കൂട്ടുകാരികൾ കോളേജിൽ പോകുന്നത് മുകളിലെ മുറിയിൽ നിന്നും നോക്കി നിൽക്കാറുണ്ടായിരുന്നു. കൈവിരലിൽ നിന്നൂർന്ന് വീഴുന്ന ജലകണങ്ങൾ പോലെ ആ സന്തോഷം ഇനിയൊരിക്കലും കിട്ടില്ല എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങി കണ്ണീർ ചാലുകളായൊഴുകി. ആദ്യമൊക്കെ കൂട്ടുകാരികൾ അന്വേഷിച്ച് വന്നിരുന്നു. ഞാൻ താഴെ ഇറങ്ങിയില്ല. പിന്നെ അവരൊന്നും വരാറില്ല. റോഡിൽ കൂടി പോകുമ്പോൾ പകച്ച നോട്ടങ്ങളുമായി അവരിങ്ങോട്ട് ഇടക്ക് ശ്രദ്ധിക്കാറുണ്ട്. സുരേഷ് സാർ ഒന്നു രണ്ട് തവണ വിളിച്ചിരുന്നു. ഇനി എന്നെ വിളിക്കണ്ട എന്ന് കനപ്പിച്ച് പറഞ്ഞു. പിന്നെ മാഷും വിളിക്കാതെയായി. അറിഞ്ഞിരിക്കും.. എല്ലാം… എല്ലാം.

ആ നാളുകളിൽ എപ്പോഴും തലകറക്കമായിരുന്നു. എന്ത് കഴിച്ചാലും മനംപിരട്ടൽ. കൂടെ കൂടെ ഛർദ്ദിയും ക്ഷീണവും. അടുക്കളയിലേക്ക് പോകാറേയില്ല. ഭക്ഷണമൊക്കെ അമ്മ മുകളിൽ കൊണ്ട് തരും. കഴിക്കാനൊന്നും തോന്നില്ല. വെറുതെ പാത്രത്തിൽ വിരലിട്ട് ചിത്രങ്ങളെഴുതി അടച്ച് വെച്ച് പോയി കൈകഴുകും. മറ്റു ചിലപ്പോൾ വല്ലാത്ത ആർത്തി തോന്നി കുറച്ച് കഴിക്കുകയും ചെയ്യും. അച്ചാർ, പപ്പടം, മോര് അതൊക്കെ തിന്നാൻ കൊതിയായിരുന്നു. പക്ഷേ, അമ്മയോട് അതൊന്നും പറയാൻ തോന്നില്ല. കരച്ചിലായിരുന്നു അമ്മയുടെ സ്ഥായിയായ ഭാവം. ചോറ്‌ കൊണ്ടു വന്നാൽ കട്ടിലിലിരുന്ന് ഒച്ചയില്ലാതെ കരയും. തിന്നാൻ നിർബ്ബന്ധിക്കുമ്പോൾ അത് കാണാതിരിക്കാൻ എന്തെങ്കിലും കഴിക്കുന്നതായി ഭാവിക്കും. അക്കാലത്ത് പതുക്കെ വയറിൽ ചില അനക്കങ്ങളൊക്കെ രൂപപ്പെട്ടിരുന്നു. അപ്പോൾ സർവ്വാംഗം ഉളുത്ത് കയറുന്നത് പോലെ തോന്നും.


“മോളെ…. മോളേ… എഴുന്നേൽക്ക്…” പെട്ടെന്ന് ഓർമ്മകളിൽ നിന്നും അനിത ഞെട്ടിയുണർന്നു. അമ്മ ചായയും കൊണ്ട് വന്നതാണ്. മഴ പെയ്ത് തോർന്നിരുന്നു. ചുറ്റും നല്ല ഇരുട്ടായി നിശ്ശബ്ദത മൂടിക്കെട്ടിയിരുന്നു. പഴയതൊക്കെ ഓർത്ത് കിടന്നതിനാൽ സമയം പോയതറിഞ്ഞില്ല. യശോദാമ്മ നിർബ്ബന്ധിച്ചപ്പോൾ എഴുന്നേറ്റ് ഒരു പാവകണക്കെ കുളിച്ച് ചായ കുടിച്ചു.

പിന്നെയുള്ള ഓരോ ദിവസങ്ങളും അവൾക്ക് ദുസ്സഹമായിരുന്നു. ഭാരമുള്ള വയറും വലിച്ച് നടക്കാൻ അവൾ വളരെ കഷ്ടപ്പെട്ടു ഓരോ അനക്കങ്ങളിലും കുഞ്ഞിന്റെ ചവിട്ടലുകളിലും അവൾ നടുങ്ങി. നല്ല ഭക്ഷണമില്ല, മരുന്നില്ല, സാന്ത്വനമില്ല, കാത്തിരിക്കാനാരുമില്ല. വിധിയുടെ ക്രൂരതാണ്ഡവമേറ്റ് മരവിപ്പോടെ അവൾ ദിവസങ്ങൾ പിന്നിട്ടു.

കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് അടിവയറ്റിൽ കൊളുത്തിപ്പിടിക്കുന്നൊരു വേദനയുമായി ആ വരവ് അവൾക്ക് അനുഭവപ്പെട്ടു. ആദ്യം വയറു വേദനയാണെന്നാണ് കരുതിയത്. പക്ഷേ പൊക്കിളിനു തൊട്ട് താഴെ കുത്തിപ്പറിക്കുന്നത് പോലെ വേദനയുണ്ടായപ്പോൾ അതുറപ്പിച്ചു. എല്ലാം ഇതോടെ തീർന്ന് പോകുന്നുണ്ടെങ്കിൽ കഴിയട്ടെന്ന് കരുതി അമ്മയോട് ഒന്നും പറഞ്ഞില്ല. വേദന കൂടിക്കൂടി വന്നു. വയർ വീർക്കുകയും ചുരുങ്ങുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും സഹിക്കാനാവാതെ കിടന്ന് പുളയാൻ തുടങ്ങി. രാത്രിയായപ്പോൾ അമ്മയെ വിളിച്ച് കൂവിപ്പോയി. യശോദാമ്മ വരുമ്പോൾ അവൾ കിടക്കയിൽ വിയർപ്പിൽ കുളിച്ച് പിടക്കുകയായിരുന്നു. യശോദാമ്മ അവളെ ആശ്വസിപ്പിച്ച ശേഷം ഓടിപ്പോയി അടുത്ത വീട്ടിലെ ജാനുവമ്മയെ വിളിച്ച് കൊണ്ടുവന്നു. ജാനുവമ്മ അവളുടെ ഉടുത്തതൊക്കെ അഴിപ്പിച്ച് വയറിൽ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. യശോദാമ്മ ഒരു പാത്രത്തിൽ ചൂട് വെള്ളവും തുണികളുമായി വന്നു. അപ്പോഴൊക്കെ അവൾ വേദന കൊണ്ട് അലറുകയായിരുന്നു. “മുക്ക്.. അമർത്തി മുക്ക്.. എന്ന് ജാനുവമ്മ പറഞ്ഞ് കൊണ്ടിരുന്നു. ഒന്നും ചെയ്യാനാവുന്നില്ല. കാലുകൾ രണ്ടും പരമാവധി അകറ്റിപ്പിടിച്ച് കിടന്നു. കട്ടിലിലിൽ കൈകൾ പിടിച്ച് തലയിട്ടുരുട്ടി വേദനകൊണ്ട് പല്ലു കടിച്ച് പിടിച്ച് കിടന്നു പിടച്ചു. താനിപ്പോ മരിച്ച് പോകുമെന്ന് അവൾക്ക് തോന്നി. കൈകാലിട്ടടിച്ച് നിലവിളിച്ചു കൊണ്ട് അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അൽ‌പ്പസമയത്തിന് ശേഷം ഉപസ്ഥത്തെ കീറിമുറിച്ച് കൊണ്ട് കൊഴുത്ത ചോരച്ചാലുകളിലൂടെ തീരാവേദനകളിലേക്ക് പങ്കാളിയായി ആ കുഞ്ഞ് പുറത്തേക്ക് വന്നു. അനന്തരം അവൾ ചേതനയറ്റ് നിശബ്ദയായുറങ്ങി. ഏറെ നാളുകൾക്ക് ശേഷം.

കുറേക്കഴിഞ്ഞ് ബോധം വന്നപ്പോൾ അവൾ തളർന്ന് ക്ഷീണിതയായി കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്ത് വെള്ള വിരിപ്പിൽ കുഞ്ഞ് കണ്ണുകളടച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചുവന്നിരുണ്ട് ചുക്കിച്ചുളിഞ്ഞ ശരീരവും ചെറിയ കൈകാലുകളും ചോര കട്ടപിടിച്ച വലിയ പൊക്കിളും കുറ്റിമുടിയുമായി അതിനെ കാണാൻ ഒരു ഭംഗിയുമുണ്ടായിരുന്നില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിൻ കൂട് ഉയർന്ന് താഴ്ന്ന് ഇപ്പോ നിലക്കുമെന്ന് തോന്നിച്ചു. അവൾക്കതിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അമ്മയും ജാനുവമ്മയും ആരും അടുത്തില്ല. എന്തിനാ തന്നെ പോലെ ഇനിയൊരു പാഴ്ജന്മം..? വേണ്ടാ.. ഇത് ജീവിക്കണ്ടാ.. അവളുടെ കൈകൾ അതിന്റെ കഴുത്തിലേക്ക് നീങ്ങി. മനമൊന്ന് പിടഞ്ഞപ്പോൾ കൈകൾ തെല്ലൊന്ന് ബലഹീനമായി പിന്നെ വീണ്ടും ദൃഢമായി താഴ്ന്നു. ഉറക്കത്തിലെങ്ങനെയോ ആ കുഞ്ഞിളം കൈകൾ അവളുടെ വിരലുകളിൽ മുറുകെ പിടിച്ചു. ജന്മജന്മാന്തരങ്ങൾ താണ്ടി ഏതോ പുരാതന ഗിരിശൃംഗങ്ങളിൽ നിന്നും തന്നിലേക്കെന്തോ അദൃശ്യമായ തരംഗങ്ങൾ പ്രവഹിക്കുന്നത് പോലെ അവൾക്ക് തോന്നി. ശരീരത്തിന്റെ ഓരോ പരമാണുകണങ്ങളിലും ആ ജന്മബോധം പകർന്ന നിർവൃതിയിൽ ഒരു നിമിഷം അവൾ കോരിത്തരിച്ചുപോയി. പിന്നെ ആ കുഞ്ഞിളം നെറ്റിയിൽ പതുക്കെ ചുണ്ടുകളമർത്തി. രണ്ട് തുള്ളി കണ്ണീർ ചാലിച്ച്.

Monday, November 1, 2010

പോക്ക് വരവ്

റെഡ് ഡാറ്റാ ബുക്കിൽ ഉൾപ്പെടുത്തേണ്ടൊരു തൊഴിലായി മാറിയിരിക്കുകയാണ് ഇന്ന് തെങ്ങ് കയറ്റം. വേറെന്ത് പണിയും ഒരു വക അനങ്ങാൻ പറ്റുന്ന എല്ലാർക്കും എടുക്കാൻ പറ്റും. പക്ഷേ നല്ല ധൈര്യവും ഫിറ്റ്നസ്സുമുള്ള ആളുകൾക്കേ തെങ്ങിൽ കയറാൻ സാധിക്കൂ. ഒരുപാട് അഡ്വാന്റേജസ് ഉള്ളൊരു തൊഴിലാണിത്. തെങ്ങ് കയറ്റക്കാർക്ക് ഭൂമിയിൽ നടക്കുന്നതെന്തും രഹസ്യമായി കാണാൻ സാധിക്കും. മൊബൈൽ ഫോണിന് റേഞ്ചില്ലെന്ന് പരാതി പറയാത്തവർ തെങ്ങ് കയറ്റക്കാർ മാത്രമാണ്. ഏത് സമയത്തും എവിടെയും ഏത് വീട്ടിലും ബിക്കിനി ഇട്ട് നടക്കാൻ തെങ്ങ് കയറ്റക്കാർക്കല്ലാതെ വിദേശികൾക്ക് പോലും പറ്റില്ല.  വലിയ റിസ്ക് ഫാക്റ്ററുള്ളത് കൊണ്ടും, സൈറ്റിൽ അറ്റൻ‌ഡ് ചെയ്താൽ മതി പണിയെടുത്താലും ഇല്ലെങ്കിലും വൈകുന്നേരം കാശ് കിട്ടും എന്ന തരത്തിൽ മറ്റെല്ലാ തൊഴിൽ മേഖലകളും പുരോഗമിച്ചതിനാലും തെങ്ങ് കയറാൻ ഇന്ന് ആളെ കിട്ടാനില്ല.

ഞങ്ങളുടെ നാട്ടിലെ പെർമനന്റ് തെങ്ങു കയറ്റക്കാരനായിരുന്നു സുശീലൻ. പേരു പോലെതന്നെ ജോലിയിലും വളരെ സിൻസിയറാണ്. പേട്ട ബസ്സിന്റെ ജാക്കി പോലത്തെ ബോഡി ലാംഗ്വേജ്. വിളിച്ചാൽ കൃത്യമായി പണിക്ക് വരും. ഏത് പീറ്റത്തെങ്ങിലും കയറും. അതു പോലെ തന്നെ കട്ട് ആന്റ് ഡ്രൈ ആയി കൂലിയും വാങ്ങും. കയറിയ എണ്ണത്തിനനുസരിച്ച് തേങ്ങയും എടുക്കും. ഒടുക്കത്തെ കൂലിയിലും ടിപ്പായി തേങ്ങയെടുക്കുന്നതിലും വിഷമമുണ്ടെങ്കിലും വേറൊരു വഴിയുമില്ലാത്തത് കൊണ്ട് ചുട്ട് പോട്ടേ എന്ന് മനസ്സിൽ പറഞ്ഞ് നാട്ടുകാർ അവൻ ചോദിച്ച കാശ് കൊടുത്തിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം മുൻ‌കൂർ നോട്ടീസൊന്നുമില്ലാതെ സുശീലൻ തെങ്ങ് കയറ്റം നിർത്തി വാർപ്പിന്റെ പണിക്ക് പോകാൻ തുടങ്ങി. തെങ്ങ് കയറ്റം വിട്ടതിന്റെ കാരണം അന്വേഷിച്ചപ്പോൾ സുശീലൻ യാതൊന്നും ഉരിയാടിയില്ല. പകരം, കൈകൊണ്ട് സ്വന്തം കവിൾത്തടം മന്ദമാരുതൻ മോഡലിൽ ഒന്ന് തഴുകും. പിന്നെ, സൈലന്റായി ഒരു ദീര്‍ഘനിശ്വാസം ഉണ്ടാകും. അത്ര മാത്രം. പക്ഷേ, സുശീലനെ ആട്ടോക്കാരൻ ചന്ദ്രൻ തല്ലിയെന്നും അതിന് ശേഷമാണ് തെങ്ങ് കയറ്റം നിർത്തിയത് എന്നൊരു ന്യൂസ് ഗോപാലാട്ടന്റെ ബാർബർ കട, കാദർക്കാന്റെ ചായപ്പീടിക തുടങ്ങിയ സ്ഥലങ്ങളിൽ സ്ക്രോൾ ആയി ഓടാൻ തുടങ്ങി.

ചന്ദ്രൻ പാവപ്പെട്ടൊരു കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു. കണ്ടാൽ സുമുഖൻ (കണ്ടില്ലെങ്കിലും അങ്ങന്നെ), സത്സ്വഭാവി, മദ്യപിക്കില്ല, പെണ്ണുങ്ങളെ കമന്റടിക്കില്ല (ആണുങ്ങളേയും). ഒരു ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നു. എന്ന് വെച്ച് സുഖജീവിതമാണെന്ന് തെറ്റിദ്ധരിക്കണ്ട. സമാധാനായി ഉറങ്ങാതിരിക്കാനുള്ള എല്ലാ വകയും അച്ഛനുമമ്മയും കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്കാദ്യം എനിക്കാദ്യം കല്യാണം എന്നു പറഞ്ഞ് കെട്ടു പ്രായം തികഞ്ഞ് നിൽക്കുന്ന നാല് പെങ്ങന്മാരുണ്ട് വീട്ടിൽ. അരഡസൻ വയറിന്റെയും സ്വന്തം വയറിന്റേയും ഏക ഉത്തരവാദിയാണവൻ. കൽ‌പ്പാന്തകാല ബാധ്യതകളുമായി പെഗ്സ്, ഹഗ്സ്, ഹാൻസ്, വിമൻസ് തുടങ്ങിയ യാതൊരു എൻ‌ജോയ്മെന്റുമില്ലാത്ത ജീവിതം. ചന്ദ്രൻ സുശീലനെയിട്ട് പെരുമാറിയെന്നത് ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ പറ്റിയില്ല. രണ്ടുപേരും അതിനു മുൻപ് യാതൊരു പിണക്കവും ഇല്ലായിരുന്നു. അപ്പോൾ പിന്നെ അതിന്റെ പിറകിൽ എന്തെങ്കിലും സ്ട്രോങ്ങ് റീസൺ ഉണ്ടാവും എന്ന് എല്ലാരും ഉറപ്പിച്ചു. ചന്ദ്രന്റെ പെങ്ങന്മാരെയെങ്ങാനും ശല്യം ചെയ്തത് കൊണ്ടാണോ എന്ന് ചിലരൊക്കെ ന്യായമായി സംശയിച്ചെങ്കിലും സുശീലനാണെങ്കിൽ ഭാര്യ, മക്കൾ അതിൽ കവിഞ്ഞ് വേറെ ഭൂമിയിലെന്ത് നടക്കുന്നെന്ന് യാതോരു വിവരമില്ലത്തോനും.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ മകൾ കുസുമറാണിയുടെ കല്യാണത്തിന്റെയന്ന് വൈകിട്ടായിരുന്നു ചന്ദ്രൻ സുശീലന്റെ മേൽ താണ്ഡവം നടത്തിയത്. സന്ധ്യയ്ക്ക് അങ്ങാടിയിൽ നിന്നും മീനും വാങ്ങി ജൽദിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു സുശീലൻ. അപ്പോഴാണ് ചന്ദ്രൻ ഫുൾ ഫിറ്റിൽ അവിടെ എത്തിയത്. കണ്ടയുടനെ സുശീലനെ തടഞ്ഞ് നിർത്തി പണി തുടങ്ങി. സുശീലൻ കരിമ്പനയിലെ ജയനെപ്പോലെ കാണാൻ നല്ല കട്ട ബോഡിയൊക്കെയാണ്. പക്ഷേ ധൈര്യം ഒരു dpi പോലുമില്ല. അത് കൊണ്ട് അടി അടിയായും മീറ്ററായും അളന്ന് വാങ്ങി. കണ്ടു നിന്നവർ തടയാൻ നോക്കിയെങ്കിലും ചന്ദ്രൻ അതൊന്നും കൂട്ടാക്കിയില്ല. സിനിമയിലായാലും ജീവിതത്തിലായാലും അടിയുടെ ഇടക്ക് ഡയലോഗ്സ് ഉണ്ടാകും. അതാണല്ലോ നാട്ടു നടപ്പ്. അതും ചന്ദ്രന് തെറ്റിച്ചില്ല. “ഇനി നീ ഈ പണി എടുക്കരുത്… ഈ തെണ്ടിയാണെന്റെ പെണ്ണിനെ ഇല്ലാണ്ടാക്കിയത്..” എന്നിങ്ങനെ പഞ്ചൊന്നുമില്ലാത്ത വെറും മലയാളം ഡയലോഗ്സ് ചന്ദ്രൻ പറയുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ അവിടെ എത്തിയത്. പാവപ്പെട്ട സഹനടനെ രക്ഷിക്കാൻ സ്റ്റണ്ട് സീനിന്റെ ഇടയിൽ വരുന്ന നായകനെ പോലെ കോൺ‌ട്രാക്റ്റർ കാറിൽ നിന്നിറങ്ങി ചന്ദ്രനെ ദഹിപ്പിക്കുന്നത് പോലെ നോക്കി. ചന്ദ്രൻ ഉടനെ അടി നിർത്തി 70 എം.എം. സ്ലോമോഷനിൽ ആടിയാടി നടന്നു പോയി. എന്തിനാ കുഴപ്പമെന്ന് കോൺ‌ട്രാക്റ്ററും ചോദിച്ചില്ല. അടിപിടിയെക്കുറിച്ച് ചന്ദ്രനും സുശീലനും ഒന്നും പറയാത്തതിനാൽ അത് കണ്ടുപിടിക്കേണ്ടത് ഉത്തരവാദിത്വമുള്ള പൌരന്മാരുടെ ബാധ്യതയാണല്ലോ. ആൽത്തറയിലിരുന്ന് പെണ്ണുങ്ങളെ നോക്കുന്നതിൽ മാത്രം തീരുന്നതല്ലല്ലോ ചെറുപ്പക്കാരായ ഞങ്ങളുടെ സോഷ്യൽ വെൽഫെയർ ആക്റ്റിവിറ്റി. ഈ സംഭവങ്ങളുടെ ആരൂഢ സ്ഥാനം അന്വേഷിച്ച് ഞങ്ങൾ ചെന്നെത്തിയത് ഒരു മഹിളാമണിയിൽ ആയിരുന്നു. അതിൽ അത്ഭുതപ്പെടാനില്ല. ഏദൻ‌തോട്ടത്തിൽ ഹവ്വയെ പോലെ, മഹാഭാരതത്തിൽ പാഞ്ചാലിയെ പോലെ, എവിടെ എന്ത് കുഴപ്പമുണ്ടായാലും അവിടെ ഒരു പെണ്ണുണ്ടാവും. അതൊരു പ്രകൃതി നിയമമാണ്.

ഭാസ്കരൻ കോൺ‌ട്രാക്റ്ററുടെ ഏക മകളായ കുസുമറാണിയായിരുന്നു സംഭവങ്ങളുടെ പ്രഭവ കേന്ദ്രം. റാണിയുടെ ഫ്രന്റ് വ്യൂ കണ്ടാൽ മോറിസ് മൈനറിന്റേയും റിയർവ്യൂ കണ്ടാൽ മംഗലാപുരം ഓട്ടോറിക്ഷയുടേയും ലുക്കുണ്ട്. ഡിഗ്രിക്ക് പഠിക്കുന്നു. നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന ബ്യൂട്ടിപാർട്സും (അംഗ ലാവണ്യം) കൊഞ്ചിക്കുഴഞ്ഞുള്ള വാക്കിങ്ങും കണ്ടാലറിയാം മിസ്.റാണിക്ക് പഠനത്തിലൊന്നും വലിയ ഇന്ററസ്റ്റില്ല. തട്ടി മുട്ടി അങ്ങനെ പോകുന്നെന്ന് മാത്രം. ഭാസ്കരൻ കോൺ‌ട്രാക്റ്റർ എല്ലാ മുതലാളിമാരേയും പോലെ റഫ് ആന്റ് ടഫ് ആണെങ്കിലും ഒരു വൃക്ഷ സ്നേഹിയാണ്. കാരണം ടെറസ്സിന് മുട്ടി നിൽക്കുന്ന തെങ്ങ് മുറിക്കാതെയാണ് വീടുണ്ടാക്കിയത്. കോൺ‌ട്രാക്റ്ററുടെ വീട്ടിലേയും തേങ്ങ പറിക്കുന്നത് സുശീലനാണ്. തേങ്ങ പറിക്കുമ്പോൾ കോൺ‌ട്രാക്റ്ററും സുശീലന്റെ കൂടെയുണ്ടാവും. അവനോട് നാട്ടു വിശേഷമൊക്കെ സംസാരിച്ച് അങ്ങനെ മുറ്റത്ത് നിൽക്കും. സുശീലനും ചന്ദ്രനും തമ്മിലുള്ള അടി ഉണ്ടാവാൻ കാരണമായ തീപ്പൊരി വീണത് ഒരു ദിവസം കോൺ‌ട്രാക്റ്ററുടെ വീട്ടിൽ തേങ്ങ പറിക്കുമ്പോഴായിരുന്നു.

വീട്ടിന് മുട്ടി നിൽക്കുന്ന തെങ്ങിൽ കയറാൻ തുടങ്ങുകയായിരുന്നു സുശീലൻ. കാലിലും കൈയ്യിലും തളയിട്ട് കയറാൻ നോക്കുമ്പോൾ അവൻ പെട്ടെന്ന് വഴുതി താഴെ വീണു.
“എന്താടാ പറ്റിയത്..?” കോൺ‌ട്രാക്റ്റർ ചോദിച്ചു.
“പിടുത്തം കിട്ടുന്നില്ല.. കൈ സ്ലിപ്പാകുന്നു…” എന്ന് പറഞ്ഞ് അവൻ പിന്നെയും കയറാൻ നോക്കി. എന്നിട്ടും കഴിഞ്ഞില്ല. തെങ്ങ് അടിച്ചാരവും പൊടിയുമൊന്നില്ലാതെ മിനുസമായത് കൊണ്ട് ഗ്രിപ്പ് കിട്ടുന്നില്ല. അടുത്ത തവണ നെഞ്ചിട്ടുരസി പൊത്തിപ്പിടിച്ച് എങ്ങനെയൊക്കെയോ കുറച്ച് ദൂരം മുകളിൽ കയറിയിട്ട് അവൻ പറഞ്ഞു. “മുതലാളീ.. ഈട്ന്നങ്ങോട്ട് കേറാൻ കൊയപ്പമില്ല…”

കോൺ‌ട്രാക്റ്റർ നോക്കിയപ്പോൾ വീടിന്റെ ഒന്നാം നിലയുടെ പാരപ്പറ്റ് വരെ തെങ്ങ് ചിപ്ലി പിടിച്ചത് പോലെ മിനുസമായിട്ടാണുള്ളത്. ഈ തെങ്ങ് എന്താ ഫെയർ ആന്‍ഡ് ലവ്‌ലി തേക്കുന്നോ, ഇത്ര സോഫ്റ്റ് സ്കിൻ ഉണ്ടാവാൻ എന്നാലോചിച്ച് കോൺ‌ട്രാക്റ്റർ വണ്ടറടിച്ച് നിന്നു. അപ്പോഴാണ് മതിലിന്റെ അപ്പുറത്തുള്ള റോഡിലൂടെ ചന്ദ്രന്റെ ഓട്ടോറിക്ഷ ഹോണുമടിച്ച് വന്നത്. ആ ഹോണടി ഒരു സിഗ്നലായിരുന്നു. പെട്ടെന്ന് കുസുമറാണി മുകളിലെ തന്റെ മുറിയിലെ ജനലിന്റെയടുത്ത് ഓടിയെത്തി കൈ കൊണ്ട് എന്തൊക്കെയോ മെസേജസ് സെന്റ് ചെയ്യാൻ തുടങ്ങി. ചന്ദ്രൻ ഓട്ടോയിൽ നിന്ന് അതിന് മറുപടിയായി ഐ മെയിലും കൈ മെയിലും ലിപ് മെയിലും അയച്ചു. ഭാസ്കരൻ കോൺ‌ട്രാക്റ്റർ ഈ ലൈവ് സ്ട്രീമിങ്ങ് കണ്ട് നിൽക്കുന്നത് അവർ രണ്ടു പേരും ശ്രദ്ധിച്ചില്ലായിരുന്നു.

ആയ കാലത്ത് ഇമ്മാതിരി പല പല മെയിലുകൾ അറ്റാച്ച്മെന്റായി ഒരുപാട് ഇൻ ബോക്സുകളിലേക്ക് അയച്ചയാളാണ് ഭാസ്കരൻ കോൺ‌ട്രാക്റ്റർ. പഴയ ബ്രൌസറായിട്ടും ആ മെയിൽസ് വായിക്കാൻ വേറെ സോഫ്റ്റ് വെയറൊന്നും ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നില്ല. ചന്ദ്രന്റേയും കുസുമത്തിന്റേയും സകലതും മറന്നുള്ള ഇടപാടുകൾ കണ്ടപ്പോൾ ഇതത്ര നല്ലൊരു റിലേഷൻ അല്ലല്ലോ എന്ന് മൂപ്പർക്ക് തോന്നി. ഓപ്പൺ എയറിൽ ലോകം മറന്ന് ഇങ്ങനെ കണ്ണും കൈയ്യും കാലും കാണിക്കാൻ മാത്രം ആ ബന്ധം എത്രത്തോളം ഡീപ്പ് ആയിരിക്കും എന്നാലോചിച്ചതും ഒരു അപകട മെസേജ് മൂപ്പരുടെ തലയിൽ നിന്നിറങ്ങി തെങ്ങിലൂടെ കയറി വീടിന്റെ പാരപ്പറ്റിൽ പിടിച്ച് ബാൽക്കണിയിലൂടെ കുസുമറാണിയുടെ മുറിയിലേക്ക് പോയി ആ വഴിയേ തന്നെ തിരിച്ചിറങ്ങി വന്നു.

അത് കഴിഞ്ഞ് തൊട്ടടുത്തയാഴ്ചയാണ് രണ്ട് സംഭവങ്ങളും ഉണ്ടായത്. ആദ്യം ഒരു അമേരിക്കൻ സെറ്റിൽഡ് ഐടി.ക്കാരന്റെ കൂടെ കുസുമറാണിയുടെ കല്യാണം കഴിഞ്ഞു. സെയിം ഡേ വൈകുന്നേരം ചന്ദ്രൻ സുശീലനെ അടിച്ച് പഞ്ചറാക്കുകയും അതിന്റെ ബൈപ്രൊഡക്റ്റായി അനേകായിരം തെങ്ങുകളെ വിധവകളാക്കി സുശീലൻ പണി മതിയാക്കുകയും ചെയ്തു.

പകലും തെങ്ങിൽ കയറുന്ന ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഞങ്ങളിപ്പോൾ.