Monday, July 9, 2012

എ ‘സ്പിരിച്വൽ’ ഫാമിലി


ഭാഷാപണ്ഡിതരായ ചില നാട്ടുകാരുടെ അഭിപ്രായത്തിൽ ചേലേരി എന്ന സ്ഥലപേരിന്റെ അർത്ഥം ചേല് ഏറിയ സ്ഥലം, അതായത് മോസ്റ്റ് ബ്യൂട്ടിഫുൾ ഏരിയ എന്നാണ്.  പക്ഷേ ഓപ്പറേഷൻ കഴിഞ്ഞയിടത്ത് സ്റ്റിച്ചിട്ടത് പോലെ പഴശ്ശി ജലസേചന കനാൽ കീറിമുറിച്ച ചേലേരി വില്ലേജിന് അങ്ങനെ പറയാനും മാത്രം ഗ്ലാമറൊന്നുമില്ല.  കോഴി ഗേൾഫ്രന്റും ബോയ്ഫ്രന്റും തമ്മിൽ എഗ് ഉൽ‌പ്പാദനത്തിനു വേണ്ടി നടത്തുന്ന ട്വന്റി ട്വന്റി മാച്ചിനും ചേലുകൂടൽ എന്ന് പറയാറുണ്ട്.  അങ്ങനെ ചേലുകൂടൽ ഏറിയ സ്ഥലമാണ് ഇതെന്ന് നാറാത്ത്, മയ്യിൽ ഭാഗത്തുള്ള ചില കൺ‌ട്രികൾ ആരോപിക്കുന്നുണ്ട്.  ആ പറച്ചിലിനു ഓലയുടെയോ കല്ലെഴുത്തിന്റെയോ ഗുഹയെഴുത്തിന്റെയോ സ്ക്രീൻഷോട്ടിന്റെയോ ലിങ്കിന്റെയോ സപ്പോർട്ടിങ്ങ്സ് ഇല്ലാത്തതിനാൽ ആദ്യത്തേത് മാത്രമാണ് ശരി.

ഏത് കാര്യത്തിലും “ഓ.. എന്തിനാപ്പാ ബേണ്ടാ‍ത്ത പണിക്ക് പോന്നെ..” എന്ന ടൈപ്പ് പിന്നോക്ക ചിന്താഗതി കാരണം ഒന്നാം പാനിപ്പത്ത് യുദ്ധത്തിലോ ഇന്ത്യാ പാക് യുദ്ധത്തിലോ സ്വാതന്ത്ര്യസമരമോ പോലുള്ള എറച്ചിക്ക് മണ്ണ് പെരങ്ങുന്ന ഒരു പരിപാടിക്കും ഞങ്ങളുടെ നാട്ടിലെ ആരും പങ്കെടുത്തിട്ടില്ല.  തൊള്ളായിരത്തി നാൽ‌പ്പത്തിയേഴിനു മുൻപുണ്ടായൊരു റോഡ് മാത്രമാണ് വികസന മാതൃക.  വില്ലേജാപ്പീസും റേഷൻ കടയുമാണ് കേരള സർക്കാരുമായി ബന്ധിപ്പിക്കുന്ന രണ്ടേരണ്ട് സ്ഥാപനങ്ങൾ.  അഞ്ച് കൊല്ലം കൂടുമ്പം വിസിറ്റ് വിസക്ക് വരുന്ന സ്ഥാനത്തിന് ആർത്തിയുള്ളവർ പോലും ഇങ്ങോട്ടേക്ക് കടക്കാറില്ല.  എന്ന് വെച്ച് ഇവിടെ മഹാൻ‌മാർ ജനിച്ചിട്ടില്ലെന്ന് കരുതണ്ട.  വളരാനുള്ള സാഹചര്യങ്ങൾ ഒട്ടുമില്ലാഞ്ഞിട്ടും നാടിന്റെ പേരും പെരുമയും ഉയർത്തിയ, ലോകത്തിന് മുന്നിൽ അഭിമാനപുരസ്സരം കാഴ്ചവെക്കാൻ പറ്റുന്ന, ചില മഹത് വ്യക്തികൾ ഇവിടെ ജനിച്ചിട്ടുണ്ട്.  അതിൽ ഫസ്റ്റ് പേഴ്സനാണ് കുഞ്ഞാമന്റെ മകൻ സുശീലൻ.  നന്നായി അദ്ധ്വാനിക്കുകയും അത് പോലെ കഴിക്കുകയും ചെയ്യുന്ന ഒരു സാദാ മലയാളിയാണ് കുഞ്ഞാമൻ.  മാണി കോൺഗ്രസ്സിന്റെ എംബ്ലം പോലെ കുഞ്ഞാമന് രണ്ട് മക്കളാണ്.  മൂത്ത മകൻ പ്രശാന്തനും, നാടിന്റെ രോമാഞ്ചവും യുവജന നൂറുകളുടെ അഭിമാനവുമായ സുശീലനും. 

കുഞ്ഞാമന് വെള്ളം തുള്ളി അകത്ത് ചെന്നാൽ അപ്പോ തന്നെ പാട്ട് പാടണം.  “കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച..” എന്ന ഒറ്റപ്പാട്ട് മാത്രമേ പാടൂന്ന് മാത്രം.  എവിടെങ്കിലും ഇരുന്നാ പിന്നെ സെൽഫ് എടുക്കില്ലാന്ന് മാത്രമല്ല ബാക്കിയുള്ളോര് പിടിച്ച് പൊക്കണമെന്നൊരു സൈഡ് ഇഫൿട് കൂടിയുണ്ട്.  പക്ഷേ എത്ര ഫിറ്റായാലും എക്സസ്സായി ഒരു തെറിവാക്ക് ആ നാവിൽ നിന്നും വീഴില്ല.  പണ്ടത്തെ കുടിയന്മാരുടെ ഒരു ഗുണമാണല്ലോ അത്.  വല്ലാണ്ട് മുഷിഞ്ഞാൽ “ഞാൻ കള്ള് കുടിക്കും, പച്ചേങ്കില് കള്ള് എന്നെ കുടിച്ചിട്ടില്ല..” എന്ന കിണ്ണംകാച്ചിയ ഡയലോഗ് ഇടക്കിടക്ക് പറയും; അത്രമാത്രം.  സൊസൈറ്റിക്ക് ബാധ്യതയല്ലാത്ത മാന്യനും തറവാടിയും നിഷ്കളങ്കനുമായ ഒരു കുടിയൻ ആയിരുന്നു ടിയാൻ. 

സുശീലന് ഇരുപത് വയസ്സ് ആകുന്നതേയുള്ളൂ.  പഠിച്ചു കഴിഞ്ഞു എന്ന് പത്ത് തോറ്റപ്പോൾ അവൻ പറഞ്ഞത് കൊണ്ട് പിന്നെ പഠിക്കാൻ പോയിട്ടില്ല.  അവിടെ എത്തിയപ്പോ തന്നെ അവന്റെ വായിൽ നിന്നും പത വന്നു.  പഠിക്കുന്ന കാലത്ത് സോഷ്യൽ‌സ്റ്റഡീസിലും ഫിസിക്സിലും കെമിസ്ട്രിയിലും താൽ‌പ്പര്യമില്ലെങ്കിലും ബയോളജിയിൽ അവന് ഫുൾ ഇന്ററസ്റ്റായിരുന്നു.  പ്രത്യുൽ‌പ്പാദനത്തിന്റെ പ്രായോഗിക പരിശീലനത്തിന് ബയോളജി പഠിപ്പിക്കുന്ന സാവിത്രി ടീച്ചറുടെ വീട്ടിൽ തന്നെ പോകുകയും ഒളിഞ്ഞ് നോക്കുമ്പോൾ കൈയ്യുംകാലുമോടെ പിടിക്കപ്പെടുകയും പ്രസ്തുത പാർട്സുകൾ ഒടിക്കപ്പെടുകയും അക്കാദമിക് ഗ്രാഫ് ചുളിയപ്പെടുകയുണ്ടായി.  ബ്രാഹ്മണൻ എന്ന പദം വിഗ്രഹിച്ച് സമാസം പറയുകയെന്ന ചോദ്യത്തിന് ബ്രാ മണക്കുന്നവൻ ആരോ ബ്രാഹ്മണൻ എന്ന് പറഞ്ഞതിന് ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടത് അനേകം ഗെറ്റൌട്ടുകളിലെ ഒരു ഫലിതബിന്ദു മാത്രമായിരുന്നു.  പരാജയകരമായ സ്കൂളിങ്ങിനു ശേഷം സുശീലൻ അച്ഛന്റെ പാത പിന്തുടർന്ന് സൽ‌പ്പുത്രനാണെന്ന് തെളിയിച്ചു.  ബാക്കിയൊക്കെ ടാർ റോഡായത് കാരണം അച്ഛൻ പോയ മദ്യാലയത്തിലേക്കുള്ള പാത മാത്രമേ ആ സൽ‌പുത്രന് ഫോളോ ചെയ്യാനായുള്ളൂ.  അച്ഛന്റെ ആക്റ്റിവിറ്റീസിന്റെ ട്രൂകോപ്പിയായത് കൊണ്ട് ഡേറ്റ് ഓഫ് ബർത്ത്, മിഡിൽ ബർത്തായ ട്വന്റി ഇയേഴ്സ് എത്തിയപ്പോഴേക്കും സുശീലന്റെ പെരുമ ചേലേരി വില്ലേജിന്റെ ബൌണ്ടറികൾ കടന്നിരുന്നു.

രണ്ടാളുടെ നീളമുണ്ട്, നല്ല വണ്ണം, നല്ല മധുരം, തടിക്ക് മാത്രം ചെറിയൊരു കേടുണ്ട് എന്ന് കരിമ്പിനെക്കൊണ്ട് പറഞ്ഞത് പോലെയാണ് സുശീലന്റെ അവസ്ഥ.  കാണാൻ സുന്ദരൻ, സൽ‌സ്വഭാവി, ടൈറ്റ് ചുരിദാറിട്ട പെണ്ണുങ്ങളുടെ മുഖത്തെന്നല്ല മറ്റെവിടെയും നോക്കില്ല, ഒരു വാക്ക് മോശമായി പറയില്ല.  പക്ഷേ, മദ്യം ശരീരത്തിന്റെ മധ്യഭാഗത്ത് കയറിയാൽ സുശീലൻ കൺ‌വേർട്ടഡ് ആയി ദുശ്ശീലനാകും.  പിന്നെ തറയല്ല, കുയ്യാട്ടയാണ്.  ആരെന്നോ എന്തിനെന്നോ നോക്കില്ല തെറി തുടങ്ങും, നാച്വറലി അത് ഉന്തും പിടിയിലും പിന്നെ സംഘട്ടനത്തിലുമെത്തും.  ഡ്യൂപ്പില്ലാത്തതിനാൽ അടിപിടിയുടെ ആഫ്‌റ്റർ ഇഫക്റ്റായി ബോഡിയിൽ ബാർ‌കോഡ് പോലെ മുറിവിന്റെ കലകളും ഉണ്ടായി.  കുഞ്ഞാമൻ ഉണ്ടാക്കിയ പൂവർമാൻ ഇമേജ് മുഴുവൻ സുശീലൻ ചെറിയ കാലം കൊണ്ട് നെരപ്പാക്കി.  സന്മനസ്സുള്ള ചിലർ ഫ്രീ ആയി ഉപദേശിച്ചിട്ടും അവന്റെ സ്വഭാവത്തിൽ ഒരു കെ.ബി. പോലും മാറ്റമുണ്ടായില്ല.    

നാട്ടിലെ മുഖ്യ പൌരനായിരുന്നു ചേലേരി യൂ.പി.യിൽ നിന്നും റിട്ടയർ ചെയ്ത വാസുമാഷ്.  പിരിഞ്ഞതിനു ശേഷം പൊതുവെയുള്ള ട്രെൻഡ് പ്രകാരം എൽ.ഐ.സി. ഏജൻസിയും കുറച്ച് സ്വത്ത് കച്ചോടവും അമ്പലം വിഴുങ്ങലുമായി നടക്കുകയാണ് കക്ഷി.  താൻ പറഞ്ഞത് ആരും അനുസരിക്കുമെന്നൊരു ഓവർ കോൺഫി മൂപ്പർക്കുണ്ട്.  ഒരു ദിവസം സുശീലനെ പറ്റി ഒരു പരാതി സമർപ്പിക്കാൻ കുഞ്ഞാമൻ വാസുമാഷിനെ കണ്ടു. 

“മാഷ് ഒന്ന് വീട് വരെ വരണം.. സുശീലന് എന്നെ തീരെ വിലയില്ല..”
മാഷ് : “നീ ഇങ്ങനെ ഏതു നേരവും കുടിക്കുന്നത് കൊണ്ടാകും..” 
കുഞ്ഞാമൻ : “ഹേയ് അതൊന്നുമാവില്ല, ഞാൻ ജനിച്ചപ്പോ തൊട്ട് തുടങ്ങിയതാ കുടി...“
മാഷ് : “എടോ.. നീ ഇങ്ങനെ എപ്പോഴും കുടിച്ച് നടക്കുന്നത് അവന് നാണക്കേടായിരിക്കും.. അവനൊരു ചെറുപ്പക്കാരനല്ലേ..”
കുഞ്ഞാമൻ : “പണി കയിഞ്ഞ് വരുമ്പം ഞാൻ കൊറച്ച് കുടിക്കുമെന്ന് മാഷക്ക് അറിയാമല്ലോ.. കാറാട്ട് ഷാപ്പിൽ എനക്ക് പറ്റായിരുന്നു,   ഞാൻ ഒരാഴ്ച അടിക്കുന്നത് അവൻ ഒരു ദിവസം കൊണ്ട് അടിച്ച് പറ്റ്ബുക്ക് നിറച്ചപ്പോ കള്ള് നിർത്തി പെഗ് ആക്കി.  ബിവറേജിൽ ക്യു നില്‍ക്കുന്നത് പ്രശാന്തന് നാണക്കേടാന്ന് പറഞ്ഞതോണ്ട് ഇപ്പോ ആളെ വിട്ട് വാങ്ങിപ്പിച്ച് വീട്ടിൽ കൊണ്ട് പോയാണ് അടിക്കുന്നത്.  ആ കുപ്പിയാ അവനെടുത്ത് മറിച്ചു കളഞ്ഞത്..  അവനു തീരെ അനുസരണയില്ല.. ബിയർ ആണേൽ മടിയിൽ വെക്കാം, ബിവറേജസ് ആയാലോ.. മാഷേ.."

“അങ്ങനെയാണോ..? എന്നാ വാ ചോദിച്ചിട്ട് തന്നെ കാര്യം..”  എന്ന് പറഞ്ഞു കുഞ്ഞാമനും മാഷും സുശീലനെ കാണാൻ പോയി.  പച്ചയ്ക്കായത് കൊണ്ട് മാഷിനെ കണ്ടപ്പോൾ സുശീലൻ കടയുടെ ഷട്ടർ ഇടുന്നത് പോലെ കാവിമുണ്ടിന്റെ മാടിക്കെട്ട് അഴിച്ചിട്ട് ബഹുമാനപ്രകടനം നടത്തി.
  
വാസു മാഷ് ചെന്നയുടനെ ചോദിച്ചു, “നിനക്കെന്താ സുശീലാ അച്ഛനെ ഒരു വിലയുമില്ലാത്തെ?“
സുശീലൻ : “അങ്ങനെയൊന്നുമില്ല മാഷേ
മാഷ് : “നിന്നെ ഇത്ര വരെ വളർത്തിയില്ലേ? പഠിപ്പിച്ചില്ലേ? ഇപ്പോഴും പണിയെടുത്ത് പോറ്റുന്നില്ലേ.. നിങ്ങളുടെ കാര്യങ്ങൾക്കൊന്നും ഒരു മുടക്കോം വരുത്തുന്നില്ലല്ലോ..?“ 
സുശീലൻ : “ആ എന്റെ കാര്യത്തിന് മുടക്കമുണ്ട്..”
മാഷ് : “എന്ത് മുടക്കം..?” 
സുശീലൻ : “ഇത്ര നാളും നല്ല സാധനം വാങ്ങി അടിച്ചോണ്ടിരുന്ന അച്ഛൻ ഇപ്പൊ കൂതറ റമ്മാ വാങ്ങി വെക്കുന്നത്.. വെള്ളമടിക്കാൻ പൈശ കൊടുക്കണ്ടാന്നുള്ളതാ അച്ഛനെക്കൊണ്ട് ആകെയുള്ള ഉപകാരം.. ഇപ്പോ അതും പറ്റാണ്ടായി..”

ഈ പോത്തിന്റെ ചെവിയിൽ വേദമോതുന്നത് ബീയറിൽ വെള്ളം ഒഴിച്ച് കുടിക്കുന്നത് പോലെ വേസ്റ്റാണെന്ന് വെളിപാടുണ്ടായ വാസുമാഷ് മേലാൽ കുഞ്ഞാമന്റെയെന്നല്ല ഒരു കുടിയന്റെയും തർക്കങ്ങളിൽ ഇടപെടില്ലാന്ന് ഓൺ ദി സ്പോട്ടിൽ ഡിസൈഡ് ചെയ്ത് ആ സ്പോട്ടിൽ നിന്ന് സ്കൂട്ടായി.

പക്ഷേ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രശാന്തൻ ഒരു പരാതിയുമായി വാസുമാഷിനെ കാണാൻ വന്നു.  സുശീലനുണ്ടാക്കുന്ന കുഴപ്പങ്ങൾക്ക് പുറമേ കല്യാണം കഴിഞ്ഞ് മൂന്നാല് കൊല്ലമായിട്ടും കുട്ടികൾ ആയില്ലെന്നൊരു സങ്കടം കൂടി അവനുണ്ട്.  പരാതി സുശീലനെപ്പറ്റിയായത് കൊണ്ട് ഇടപെടാൻ മാഷ് മടിച്ചെങ്കിലും പ്രശാന്തന്റെ തിളക്കമാർന്ന സി.വി. ഓർത്ത് മനസ്സിൽ ചെറിയൊരു ദോളനമുണ്ടായി.  പ്രശാന്തൻ മദ്യപിക്കില്ല, പുകവലിക്കില്ല, ഭാര്യയല്ലാണ്ട് വേറെ ചീത്ത കൂട്ടുകെട്ടുകളുമില്ല.  ഓട്ട് കമ്പനിയിലെ ജോലിയും നോക്കി സുഖമായി കഴിയുന്നു.  അവന്റെ ഭാര്യയോട് സുശീലൻ അപമര്യാദയായി പെരുമാറിയെന്ന് കേട്ടപ്പോൾ സ്ത്രീപീഠനമായത് കൊണ്ട് ഇടപെടണമെന്ന് വാസുമാഷ് ഉറപ്പിച്ചു.  മാഷാണെന്ന് വെച്ച് വീൿനെസ്സ് ഉണ്ടായിക്കൂടെന്നില്ലല്ലോ.  സിംഗിളായി കളിച്ചാൽ ഒരു ടൂർണമെന്റിലും രണ്ടാം റൌണ്ട് കാണാത്ത ഇന്ത്യൻ ടെന്നീസ് കളിക്കാർ മിക്സഡ് ഡബിൾസിൽ ഏത് കപ്പും പൊക്കുന്നത് പോലെ ലേഡീസുണ്ടെങ്കിൽ ചിലർക്കൊരു പ്രത്യേക ഉണർവ്വാണല്ലോ.  പോരാത്തതിന്‌ പത്രങ്ങളിൽ ഇന്നത്തെ പീഢന കോളവും ചാനലുകളിലെ പീഢന ന്യൂസ് ബുള്ളറ്റിനും ദിവസവും കാണുന്നുമുണ്ട്.  മഹാശ്വേതാദേവിയും സാറാജോസഫും സുഗതടീച്ചറുമൊക്കെ വരുന്നതിനു മുൻപ് ഇടപെട്ടാൽ പത്രത്തിൽ പേരു വരുമെന്നോർത്ത് കോരുകയും ന്യൂസ് അവറിൽ വിഷ്വൽ‌സ് വരുമെന്നോർത്ത് തരിക്കുകയും ചെയ്ത വാസുമാഷ് പ്രശാന്തനെയും കൂട്ടി ഇമ്മീഡിയറ്റായി സുശീലനെ കണ്ടു. 

“നീയെന്താടാ പ്രശാന്തന്റെ ഭാര്യയോട് മോശമായി പറഞ്ഞത്..?” വാസുമാഷ് റഫ് ആന്റ് ടഫ്.
“ഞാനൊന്നും പറഞ്ഞില്ല മാഷേ..” സുശീലൻ കാം ആന്റ് ക്വയറ്റ്.
പ്രശാന്തൻ : “ഇവൻ അവളുറങ്ങാൻ പോകുമ്പം വേണ്ടാത്ത വർത്താനം പറഞ്ഞു മാഷേ..”
മാഷ് : “നീ എന്താടാ പറഞ്ഞത്?”
സുശീലൻ : “ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ല..”
പ്രശാന്തൻ : “രാത്രി കിടക്കാൻ പോകുമ്പം ഇവൻ വൃത്തികേട് പറഞ്ഞിന് മാഷേ..”
സുശീലൻ : “ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞിറ്റില്ല..”
പ്രശാന്തൻ : “പറഞ്ഞിന്..”
മാഷ് : “നിർത്ത്.. നിർത്ത്.. അവൾ ഉറങ്ങാൻ പോകുമ്പം നീ എന്താ പറഞ്ഞതെന്ന് പറയ്..”
സുശീലൻ : “ഓള് അമ്മയോട് ഞാൻ ഉറങ്ങാൻ പോകട്ടേന്ന് പറഞ്ഞപ്പം..”
മാഷ് : “പറഞ്ഞപ്പം
സുശീലൻ നിഷ്കളങ്കൻ : “അപ്പോ ഞാൻ പറഞ്ഞു, കുറേ കാലമായല്ലോ ആട കിടക്കുന്നേ.. എന്നിറ്റ് വിശേഷമൊന്നും ഇല്ലല്ലോ.. ഇനി ഇവിടെ കിടന്ന് നോക്ക് എന്ന്.. അത്രേള്ളൂ‍..”

പുട്ട് തൊണ്ടയിൽ കുടുങ്ങിയത് പോലെ സ്റ്റക്കായി കണ്ണ് തള്ളിയ വാസുമാഷ് ഉപദേശ ഫീൽഡിൽ ഫ്യൂച്വർ ഇല്ലാണ്ടായിപ്പോകുമല്ലോ എന്നോർത്ത് ഡെസ്പുമായി.  അപ്പോഴാണ് മുറ്റത്ത് ആടു പാമ്പേ ആടാടു പാമ്പേ എന്ന മോഡലിൽ നിൽക്കുന്ന കുഞ്ഞാമനെ കണ്ടത്.

“എന്താ കുഞ്ഞാമാ ഇത്..! നിങ്ങളെയൊക്കെ വിശ്വസിച്ചല്ലേ ആ പെങ്കുട്ടീന്റെ അച്ഛനുമമ്മയും പ്രശാന്തന് കെട്ടിച്ച് കൊടുത്ത് വീട്ടിലേക്കയച്ചത്.. എന്നിട്ട് ഇങ്ങനെയാണോ അതിനോട് പെരുമാറേണ്ടത്.. അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ.. തെറ്റല്ലേ അവൻ പറഞ്ഞത്..?”

കുഞ്ഞാമൻ : “അതെ മാഷേ തെറ്റാണ്.., ഞാൻ അപ്പോ തന്നെ അവന് പറഞ്ഞ് കൊടുത്തിന്..”

മാഷ് സന്തോഷവാനായി : “അത് നന്നായി.. അങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് കൊടുത്തു അല്ലേ.. നന്നായി.  ആട്ടെ എന്താ പറഞ്ഞത്..?”

പതയാതിരിക്കാൻ ചെരിക്കുന്ന ബിയർ ഗ്ലാസ്സിനെ പോലെ മാഷിന്റെ അടുത്തേക്ക് ചെരിഞ്ഞു കൊണ്ട് കുഞ്ഞാമൻ, “ശ്, മാഷേ ആല മാറ്റിക്കെട്ടീന്ന് വെച്ച്  മച്ചിപ്പശു ചെന പിടിക്കൂലല്ലോ..”
                                                                                                                                                                                                                           ടീച്ചറില്ലാത്ത ക്ലാസ്സ് റൂമിൽ പെട്ടെന്ന് ഹെഡ് മാസ്റ്റർ വന്നത് പോലെ, സിനിമക്കിടയിൽ ബിറ്റ് ഇട്ടത് പോലെ, ബിവറേജസ് ക്യൂവിലേത് പോലെ, ഒരു ബ്രഹ്മാണ്ഡ നിശ്ശബ്ദത അവിടെയുണ്ടായി.  ആ മൌന മല ബ്രേക്ക് ചെയ്ത് വാസുമാഷ് പറഞ്ഞു.  “..എവിടെയോ പോകാനുണ്ട്, ഞാൻ പോട്ടേ” ഇംഗ്ലീഷ് സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് പോലെ ചുണ്ട് അനങ്ങി കുറേ കഴിഞ്ഞാണ് മാഷിന്റെ സൌണ്ട് കേട്ടത്.

നാട്ടുകാരുടെ വലിയൊരു സംശയമായിരുന്നു സുശീലൻ എന്താ ദുശ്ശീലനായത് എന്നത്.  അന്നത്തോടെ ആ ഡൌട്ട് ക്ലിയർ ചെയ്യപ്പെട്ടു.  മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്നത് പോലെ, പുല്ലു മൂത്താൽ വടിയുമാവില്ലല്ലോ.

62 comments:

 1. സിംഗിളായി കളിച്ചാൽ ഒരു ടൂർണമെന്റിലും രണ്ടാം റൌണ്ട് കാണാത്ത ഇന്ത്യൻ ടെന്നീസ് കളിക്കാർ മിക്സഡ് ഡബിൾസിൽ ഏത് കപ്പും പൊക്കുന്നത് പോലെ ലേഡീസുണ്ടെങ്കിൽ ചിലർക്കൊരു പ്രത്യേക ഉണർവ്വാണല്ലോ.

  ReplyDelete
 2. അന്നത്തോടെ ആ ഡൌട്ട് ക്ലിയർ ചെയ്യപ്പെട്ടു

  എല്ലാ ഡൌട്ടും ക്ലിയര്‍ ആയി
  എന്തൊരു ഉപമകളാണ്. എങ്ങിനെ ചിരിക്കാതിരിക്കും!!

  ReplyDelete
 3. ഗൊള്ളാം.പതിവ് പോലെ ഉപമകള്‍ കലക്കി. പിന്നെ പീഠനം എന്നു പറഞാല്‍ പീഢിപ്പിക്കലിന്റെ ആക്കം ഒന്നു കൂടുമെന്ന് വെച്ചാണോ അങ്ങനെ എഴുതീത്...

  ReplyDelete
 4. കലകലക്കൻ!

  (പീഠനവുമല്ല; പീഢനവുമല്ല. പീഡനം ആണ് ശരി. അതിനെ ഇത്ര കടുപ്പിക്കണ്ട!)

  ReplyDelete
 5. ഉപമകളെക്കൊണ്ട് തോറ്റു... ഹി ഹി “ ആ പറച്ചിലിനു ഓലയുടെയോ കല്ലെഴുത്തിന്റെയോ ഗുഹയെഴുത്തിന്റെയോ സ്ക്രീൻഷോട്ടിന്റെയോ ലിങ്കിന്റെയോ സപ്പോർട്ടിങ്ങ്സ് ഇല്ലാത്തതിനാൽ ആദ്യത്തേത് മാത്രമാണ് ശരി.“
  ഇതിഷ്ട്ടായി...

  ReplyDelete
 6. പ്രത്യുൽ‌പ്പാദനത്തിന്റെ പ്രായോഗിക പരിശീലനത്തിന് ബയോളജി പഠിപ്പിക്കുന്ന സാവിത്രി ടീച്ചറുടെ വീട്ടിൽ തന്നെ പോകുകയും ഒളിഞ്ഞ് നോക്കുമ്പോൾ കൈയ്യുംകാലുമോടെ പിടിക്കപ്പെടുകയും പ്രസ്തുത പാർട്സുകൾ ഒടിക്കപ്പെടുകയും അക്കാദമിക് ഗ്രാഫ് ചുളിയപ്പെടുകയുണ്ടായി. ബ്രാഹ്മണൻ എന്ന പദം വിഗ്രഹിച്ച് സമാസം പറയുകയെന്ന ചോദ്യത്തിന് ബ്രാ മണക്കുന്നവൻ ആരോ ബ്രാഹ്മണൻ എന്ന് പറഞ്ഞതിന് ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടത് അനേകം ഗെറ്റൌട്ടുകളിലെ ഒരു ഫലിതബിന്ദു മാത്രമായിരുന്നു.

  ഹഹ ഈ ഒറ്റ ബിന്ദു മതി ചിരിച്ച് മറിയാൻ

  ReplyDelete
 7. സംഭവം വായിച്ചു പഠിക്കട്ടെ,,,
  പിന്നെ ഈ ചേല് ഏറിയ നാട് നമ്മുടെ ‘ചേലോറ’ ആയിരുന്നു. അവിടെയാണ് ദുഷ്ടന്മാരായ കണ്ണൂർ വാസികൾ മാലിന്യം നിറച്ചത്.

  ReplyDelete
 8. കലക്കന്‍ ...

  ഭാവുകങ്ങള്‍ ...

  ReplyDelete
 9. പൊളിക്കും കുമാരേട്ടാ... ഇഷ്ടായി...

  ReplyDelete
 10. സിംഗിളായി കളിച്ചാൽ ഒരു ടൂർണമെന്റിലും രണ്ടാം റൌണ്ട് കാണാത്ത ഇന്ത്യൻ ടെന്നീസ് കളിക്കാർ മിക്സഡ് ഡബിൾസിൽ ഏത് കപ്പും പൊക്കുന്നത് പോലെ ലേഡീസുണ്ടെങ്കിൽ ചിലർക്കൊരു പ്രത്യേക ഉണർവ്വാണല്ലോ. എന്റമ്മോ ... നമിച്ചു

  ReplyDelete
 11. ആപ്പീസില്‍ ഇരുന്നു വായിക്കാഞ്ഞതു കാര്യമായി..വീട്ടിലാകുമ്പോള്‍ ചിരിച്ചു മറിയാലോ!

  തകര്‍ത്തു കുമാരേട്ടാ..നമിച്ചു നിങ്ങളെ..

  ReplyDelete
 12. ഇഷ്ടായി.....തകര്‍ത്തു !

  ReplyDelete
 13. പുതുമയുള്ള ഉപമകളും നര്‍മങ്ങളും കൊണ്ട് ഒരു സാധാരണ സംഭവത്തെ 'കുമാരസംഭവ' മാക്കിത്തീര്‍ത്തല്ലോ... അഭിനന്ദനങ്ങള്‍ കുമാരാ...!

  ചിത്രം നന്നായിട്ടുണ്ട്, ആരാണ് വരച്ചത്...?

  ReplyDelete
 14. ഉണർവേ ഉണർവ്വ്....വാസു മാഷിന്റെ ഉപദേശങ്ങൾ കോർക്കൂരി ചീറ്റിച്ചു കളഞ്ഞ ഷാമ്പെയ്ന് കുപ്പി പോലാക്കിയല്ലോ...ദുശീലനും കുടുമ്പവും...

  ReplyDelete
 15. നമിചോട്ടെ ഞാൻ ഈ വരികളെ. വെടിക്കെട്ട് പോലെ. തുടങ്ങിയതു മുതൽ അവസാനം വരെ നിന്നു കത്തി. സൂപ്പർ കുമാരേട്ടാ..

  ReplyDelete
 16. ത്രൂ-ഔട്ട്‌ ഉപമകളാണല്ലോ..........കലകലക്കന്‍ !!!!!

  ReplyDelete
 17. പതിവുപോലെ മറ്റൊരു 'കുമാര സംഭവം'... ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ...

  ReplyDelete
 18. " ഇംഗ്ലീഷ് സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് പോലെ ചുണ്ട് അനങ്ങി കുറേ കഴിഞ്ഞാണ് മാഷിന്റെ സൌണ്ട് കേട്ടത്" . :) :) :)

  ReplyDelete
 19. ആ ഡൌട്ട് ക്ലിയർ ചെയ്യപ്പെട്ടു

  ReplyDelete
 20. ന്യൂ ജനറേഷൻ ഉപമകൾ :)
  രസിപ്പിച്ചു കുമാരാ. നന്ദി :))

  ReplyDelete
 21. എഴുതുന്നതു ഏതുവിഷയമാണെങ്കിലും അതിന്‍റെ "കുമാരന്‍ ടച്ച്" അപാരം.

  ReplyDelete
 22. " പുല്ലു മൂത്താല്‍ വടിയവില്ലല്ലോ.. " ഹ ഹ ഹ .. ബെസ്റ്റ് കുമാരണ്ണാ ബെസ്റ്റ്.

  ReplyDelete
 23. ദൈവമേ! ഇത്രേം മാരക ഉപമകള്‍ എവിടുന്നു കിട്ടുന്നു! അതും ഒരു വമ്പന്‍ കഴിവാണ് കേട്ടോ!!!

  പാവം പാവം മാഷ്‌ ! ക്ലൈമാക്സില്‍ ആകെ കുടുങ്ങിപ്പോയി!

  എനിക്കും എങ്ങോട്ടോ പോകാനുണ്ട്... ഞാനും പോണ് !

  ReplyDelete
 24. "ബിയര്‍ ആണേല്‍ മടിയില്‍ വെക്കാം, ബിവറേജസ് ആയാലോ"

  ആ ചൊല്ലിന് വലിയൊരു ഭാവിയുണ്ട്. ഒരു പേറ്റന്റ് എടുക്കുന്നത് നന്നായിരിക്കും.

  ReplyDelete
 25. അപാര ഉപമകൾ........:))

  ഓർത്തോർത്ത് ചിരിച്ചു....:))

  ReplyDelete
 26. ഡാ ബ്രാഹ്മണന്‍ എന്നുള്ളതിന്റെ മീനിംഗ് ഇപ്പൊ പിടികിട്ടി കെട്ടാ....നീ തകര്‍ക്കുവാണല്ലോ ആശാനെ ...

  ReplyDelete
 27. പൊരിച്ചു... വെറും പൊരിയല്ല... പൊരിപൊരിച്ചു...

  ReplyDelete
 28. തകര്‍പ്പ്ന്‍ മാഷെ വയിച്ചു തീര്‍ന്നപ്പോ ഒന്ന് ചാര്‍ജ്ജ് ചെയ്തതുപോലുണ്ട്.

  ReplyDelete
 29. തുടക്കത്തിൽ ഒരുപാട് ഉപമകൾ!!

  :)) ഇതൊരു സംഭവമാണു കുമാരാ...

  ReplyDelete
 30. താങ്കളെ പരിചയപ്പെടാന്‍ വൈകി. ഇതെന്തൊരെഴുത്ത്‌ കുമാരാ. മലവെള്ളപ്പാച്ചില്‍പോലെ. വാഗ്ദേവത താങ്കളെ കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. ചിരിച്ചുചിരിച്ചു എല്ലുനുറുങ്ങിപ്പോയി

  ReplyDelete
 31. ഹിഹിഹി ഉപമകൾ കൊണ്ട് കലക്കിമറിച്ചല്ലോ കുമാരേട്ടോ... :)

  ReplyDelete
 32. ഉപമകൾ കലക്കി കുമാരാ.

  ReplyDelete
 33. കലക്കീട്ടാ മാഷേ! ഇഷ്ടംസ് ഒരുപാടായി...

  ReplyDelete
 34. ഉപമകളൊക്കെ തകര്‍ത്തൂട്ടാ....

  ReplyDelete
 35. പുതുമുള്ള ഉപമകള്‍ ഒന്നൊന്നായി മാലപടക്കത്തിന് തിരികൊളുത്തിയപോലെ പൊട്ടിച്ചിതറുകയല്ലേ?എല്ലാം ഒന്നിനൊന്നു മനോഹരവും നര്‍മം നിറഞ്ഞതും...
  എല്ലാവരെയും ഇങ്ങിനെ ചിരിപ്പിച്ചു അവരുടെ ആയുസ്സ് കൂട്ടുന്നതിനായി ഇനിയും പോരട്ടെ പുതിയ കുമാരസംഭവങ്ങള്‍ :-)
  ആയുഷ്മാന്‍ഭവ:

  ReplyDelete
 36. ചേലേരിയില്‍ ഇനിയുമുണ്ടോ ഇങ്ങനത്തെ ശീലന്മാര്‍?

  ReplyDelete
 37. പുതുമുള്ള ഉപമകള്‍ ഒന്നൊന്നായി മാലപടക്കത്തിന് തിരികൊളുത്തിയപോലെ പൊട്ടിച്ചിതറുകയല്ലേ?എല്ലാം ഒന്നിനൊന്നു മനോഹരവും നര്‍മം നിറഞ്ഞതും...
  എല്ലാവരെയും ഇങ്ങിനെ ചിരിപ്പിച്ചു അവരുടെ ആയുസ്സ് കൂട്ടുന്നതിനായി ഇനിയും പോരട്ടെ പുതിയ കുമാരസംഭവങ്ങള്‍ :-)

  ReplyDelete
 38. ഒരു തനി നാടന്‍ പ്ലോട്ടില്‍ ലേറ്റസ്റ്റ്‌ നര്‍മ്മവും ഉപമയും കോര്‍ത്ത്‌ കാച്ചിയ കഥ തകര്‍പ്പനായി. ഒത്തിരി ഇഷ്ടമായി.
  ആശംസകള്‍ കുമാരേട്ടാ.

  ReplyDelete
 39. ഭാര്യയല്ലാണ്ട് വേറെ ചീത്ത കൂട്ടുകെട്ടുകളുമില്ല ! Kalakki kalakki !

  ReplyDelete
 40. ഉപമഗുരോ, നമസ്ക്കാരം.........

  ReplyDelete
 41. ഉപമകള്‍ ആണ് ഇതിലെ മാസ്റ്റര്‍ പീസ്. മാലപടക്കത്തിനു തിരി കൊളുത്തിയ പോലെ..ആശംസകള്‍

  ReplyDelete
 42. ബ്രാ മണക്കുന്നവൻ ആരോ ബ്രാഹ്മണൻ........... ഈ സംഭവം കഴിഞ്ഞിട്ട്ട് അര മണിക്കൂര്‍ കഴിഞ്ഞിട്ടാണ് ഞാന്‍ ബാക്കി വായിച്ചത്............................................................................................................................

  ReplyDelete
 43. ബിയർ ആണേൽ മടിയിൽ വെക്കാം, ബിവറേജസ് ആയാലോ.. മാഷേ.."

  എന്തെല്ലാം ഉപമകളാണു!

  ReplyDelete
 44. എനിക്ക് വയ്യ കുമാരേട്ടാ ..ങ്ങടെ കണ്ണൂര്‍ ഭാഷേം ..ഈ ജ്ജാതി വാര്‍ത്താനോം ...ചിരിച്ചു ചത്ത്‌...

  ReplyDelete
 45. കുമാര ..കലക്കന്‍ /.. ഒന്നും പറയാന്‍ ഇല്ല ഉപമക്ക് നീ കഴിച്ചിട്ടില്ലേ ഉള്ളു ആരും

  ReplyDelete
 46. സംഭവം എനിക്കിഷ്ടായി ..

  ReplyDelete
 47. ഉപമകളുടെ സം സ്ഥാന സമ്മേളനം... കലക്കി കുമാരാ..കലക്കി

  ReplyDelete
 48. ഹ ഹ ഹ .. ബെസ്റ്റ് കുമാരണ്ണാ ബെസ്റ്റ്.ഉപമകളുടെ സം സ്ഥാന സമ്മേളനം.

  ReplyDelete
 49. nice share ... Use crown wave brush best for makeup... it's my recommendation you'll like for sure

  ReplyDelete
 50. Kik Messenger is best for dating and make new relation please check kik girls for kik girls and boys

  ReplyDelete