Thursday, March 31, 2011

വാനിറ്റി മാഡം

ചേലേരി വില്ലേജാഫീസിന്റെ കഞ്ഞി ലുക്ക് മാറിയത് ഇന്ദിരാ രത്നകുമാർ എന്ന ഉപരിമണ്ഡല ഗുമസ്ത അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതിന് ശേഷമായിരുന്നു.  ഏത് ആഫീസിനും ഒരു അലങ്കാരമാണ് ടി മഹിളാരത്ന.  സർക്കാർ ആഫീസിലുള്ളവരുടെ ജോലിക്കൊരു തനത് സ്റ്റാൻ‌ഡേർഡ് ഉണ്ടല്ലോ അതിനൊരു ചീത്തപ്പേരും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.  ഉടുപ്പിലും എടുപ്പിലും നടപ്പിലും ഡയലോഗിലുമുള്ള വറൈറ്റിയാണ് മൂപ്പത്തിയുടെ പ്രത്യേകത.

കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്.  നല്ല ഒന്നാം തരമൊരു പിടിവാശിക്കാരിയാണ്.  ആയമ്മ പറയുന്നത് മാത്രമായിരിക്കും ആധികാരികമായ അഭിപ്രായം. അവർ പട്ടാപ്പകൽ നട്ടുച്ച നേരത്ത് ഇപ്പോ പാതിരാത്രിയാണെന്ന് പറഞ്ഞാ അത് സമ്മതിച്ചേക്കണം.
 
എന്ന് വെച്ച് അവരൊരു സാഡിസ്റ്റോ നിർബ്ബന്ധബുദ്ധിക്കാരിയോ അഹങ്കാരിയോ അല്ല.  ആ പെട്ടി ഓട്ടോ പോലത്തെ ബോഡി നിറയെ പൊങ്ങച്ചം മാത്രമാണ്.  അതങ്ങ് സമ്മതിച്ച് കൊടുത്താൽ ആളു വളരെ ഉപകാരിയും സഹകാരിയുമായിരിക്കും.  അവരങ്ങനെ പെരുമാറുന്നതിൽ യാതൊന്നും കുറ്റം പറയാൻ പറ്റില്ല.  എടുത്ത് കളിക്കാൻ മാത്രം കേഷ് കൈയ്യിലുണ്ട്.  ആകെയുള്ളൊരു ഭർത്താവ്‌ ഒന്നാന്തരം ഗൾഫുകാരനാണ്.  അച്ഛനുമമ്മയ്ക്കും ഇഷ്ടം പോലെ സ്വത്തും വരുമാനവുമൊക്കെയുണ്ട്.  ആങ്ങളയായ സന്തോഷിനും ഗൾഫിൽ നല്ല സ്ഥിതിയുള്ള ജോലിയാണ്. ആപ്പീസിലെ സൊറപറച്ചിലിന്നിടയിൽ, അതൊക്കെ തന്നെയാണല്ലോ അവിടെയൊക്കെ മെയിൻ ജോലി, ആയമ്മ ഇടക്കിടക്ക് “എന്റേ രത്നേട്ടൻ...“ അല്ലെങ്കിൽ “എന്റേ സന്തോഷ്” എന്നു പറയും. മക്കളെപ്പറ്റിയാണെങ്കിൽ, “എന്റേ, ഷിനു..” “എന്റേ ഷൈനി..” ഇങ്ങനെ അമിത വാത്സല്യം കൊണ്ട് എന്തിനുമേതിനും എന്റേ എന്ന് ചേർത്തേ പറയൂ.
 
ചേലേരിയിൽ വന്ന് ഒരാഴ്ച കൊണ്ട് തന്നെ, ആഫീസറെയും കോ വർക്കേഴ്സിനേയും ആയമ്മ കൈയ്യിലെടുത്തു.  തന്റെ സ്വാധീനം കൊണ്ട് പെട്ടെന്ന് ഗ്യാസ് കുറ്റി സപ്ലൈ ചെയ്ത് കൊടുത്ത് ആഫീസർ രാജേന്ദ്രനേയും, കൈ വായ്പ്പ കൊടുത്ത് വില്ലേജ്മാൻ ഗണേശനേയും പ്യൂൺ വാസുവേട്ടനേയും പോലുള്ള താപ്പാനകളെ വരെ ഇന്ദിരാ രത്നകുമാർ കൈയ്യിലെടുത്തു.  പട്ടു സാരിയും സ്വർണ്ണശേഖരവും കണ്ടപ്പോൾ തന്നെ ഫ്ലാറ്റായിപ്പോയ എൽ‌.ഡി.ക്ലർക്ക് മിസ്.സുനന്ദ ഇന്ദിരാമ്മക്ക് പിന്നെ കരിക്കിൻ വെള്ളം പോലെയായിരുന്നു.  അതു വരേക്കും ഏകതാ‍രകമായി വിളങ്ങിയിരുന്ന സുനന്ദയുടെ ഇമേജ് പിന്നെ കരിക്കട്ട പോലെ ഡിമിനിഷിങ്ങായി.

സന്തോഷ് ഗൾഫിൽ നിന്നും വന്നപ്പോൾ ആപ്പീസർക്ക് ഇന്ദിര ഒരു നോക്കിയ ഫോൺ കൊണ്ടുകൊടുത്തു.  അതും കൂടിയായപ്പോൾ പിന്നെ ഇന്ദിരയുടെ ഡ്യൂട്ടി ടൈം പതിനൊന്ന് മണി മുതൽ നാലു മണി വരെയായി കുറഞ്ഞു.  ഇനിയിപ്പോൾ വന്നില്ലെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലെന്നായി.  സന്തോഷ് വന്നത് മുതൽ പിന്നെ എന്നും ഇന്ദിരേച്ചിക്ക് പറയാൻ ലോഡ് കണക്കിന് വിഷയങ്ങളായി.  “എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” അക്കൂട്ടത്തിൽ സന്തോഷിന്റെ കല്യാണാലോചനകൾ കൂടിയായപ്പോൾ പൂർത്തിയായി.  “അവന് യാതോരു ഡിമാന്റുമില്ല. പെണ്ണ് നല്ല സുന്ദരിയായിരിക്കണം.. എന്തെങ്കിലും സർക്കാർ ജോലിയുണ്ടെങ്കില് നല്ലത് കൊറച്ചെന്തെങ്കിലും സാമ്പത്തികമുള്ള വീടാണെങ്കിൽ കൊള്ളാരുന്നു.  ഒന്നിനുമല്ലപ്പ, എന്നാലും ഓന് കേറിപ്പോകുമ്പം ഒന്നൂല്ലാത്ത വീടായിരിക്കരുതല്ലാ..

യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട് ഇതിലിപ്പോ ഇനി ഇല്ലാത്തതെന്ത് എന്ന് ആപ്പീസിലുള്ളവർ ഡൌട്ടടിച്ചെങ്കിലും, മിസ്.സുനന്ദ തറയിലെ സിമന്റ് പൊട്ടിയ പൂഴിമണ്ണിലെ കുഴിയാനക്കുഴികൾ നിരപ്പാക്കി പുതിയ ലിപികൾ വരക്കുകയായിരുന്നു.  സന്തോഷ് കാണാനെങ്ങനെ എന്ന് സുനന്ദ മനസ്സിൽ ചിന്തിച്ചത് ആരുടെയോ വായിലൂടെ പുറത്ത് വന്നു.  “കാണാൻ ഭയങ്കര സുന്ദരനാ, നല്ല ഉയരമുണ്ട്, നല്ല കളറും..” അപ്പോൾ സുനന്ദയുടെ ഉള്ളിൽ ശിവകാശിയിലുണ്ടാക്കിയ മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു.  സുനന്ദ ഇല്ലാത്ത സമയത്ത് സുനന്ദയെ ആലോചിച്ചൂടേ എന്ന് ആരോ സജസ്റ്റ് ചെയ്തു.  ശരിയാണല്ലോ നമുക്ക് അത് വേണമെങ്കിൽ പ്രൊപ്പോസ് ചെയ്യാമെന്ന് ഇന്ദിരാമ്മയും സമ്മതിച്ചു.  സുനന്ദയും സന്തോഷും കാണാനൊരു അവസരം അടുത്ത ദിവസം തന്നെയുണ്ടായി.

റിട്ടയർ ചെയ്ത പഴയ വില്ലേജ് ആപ്പീസറുടെ മകന്റെ കല്യാണത്തിന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു എല്ലാവരും.  സുനന്ദയും ഇന്ദിരാമ്മയും എല്ലാവരും കൂടി ഒരു ടെം‌പോ ട്രാവലറിലായിരുന്നു യാത്ര.  ഭക്ഷണത്തിന് മുൻപായി വയറിനൊരു റിലാക്സ് കിട്ടാൻ ഒന്നോ രണ്ടോ പെഗ് അടിച്ചാലോ എന്ന് ഏതോ നിത്യ മദ്യപാനി സജസ്റ്റ് ചെയ്തതും ആപ്പീസർ ദാമോദരൻ നമ്പ്യാരടക്കം എല്ലാ ആണുങ്ങളും അതിനെ പിൻ‌താങ്ങി.  അതനുസരിച്ച് ഹൈവേയിലുള്ളൊരു ബാറിന്റെ മുന്നിൽ നിർത്തി.  ഉടനെ ഇന്ദിര തിരിഞ്ഞ് നിന്ന് എന്താപ്പാ ഈട നിർത്തിയേ എന്ന ക്രമപ്രശ്നം ഉന്നയിച്ചു.  അൽപ്പം ദാഹജലം കുടിക്കാനാണെന്ന് പ്യൂൺ വാസുവേട്ടൻ പറഞ്ഞതും, ഇന്ദിര അടിയന്തിരാവസ്ഥയിലെ ഇന്ദിരയായി ടെമ്പോ ഡ്രൈവറോട് അലറി.  “വണ്ടി എട്ക്ക് അപ്പരിപാടിയൊന്നും ഞാനുള്ളപ്പോ വേണ്ട, എന്റേ രത്നേട്ടനോ, എന്റേ സന്തോഷോ ആരും കുടിക്കുന്നത് പോയിട്ട് ബാറിന്റെ അട്ത്ത് പോലും പോകൂല്ല..”  ആയമ്മ പെട്ടെന്ന് ഭീകരവാദിയായത് കണ്ട ഡ്രൈവർ വണ്ടി ടോപ്പിലാക്കി ആഡിറ്റോറിയത്തിലേക്ക് വിട്ടു.  കുടിവെള്ളം കിട്ടാത്ത കുടിയൻ‌മാർ ഇന്ദിരാമ്മയായത് കൊണ്ടൊന്നും പറയാനാവാതെ ദാഹവും ദ്വേഷ്യവും സഹിച്ചിരുന്നു.  സുനന്ദയ്ക്ക് ഇന്ദിരയോടുള്ള റെസ്പെക്റ്റ് ഒറ്റയടിക്ക് ഡബിൾ ചെയ്തു.  അതോടൊപ്പം മനസ്സിന്റെ ഡെസ്ൿടോപ്പിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു ഗ്ലാമർ യൂത്തിന്റെ പടം വാൾപേപ്പറായി.
   
ആഡിറ്റോറിയത്തിലെത്തി കല്യാണവും കൂടി, ഭക്ഷണവും കഴിച്ച് എല്ലാവരും വണ്ടിയിൽ മടങ്ങുകയായിരുന്നു.  തളിപ്പറമ്പിലെത്താനായി.  അപ്പോഴാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്ത് ഒരു നീലമാരുതി കാർ പാഞ്ഞു പോയത്.  അത് കണ്ട ഇന്ദിരാമ്മ ഉടനെ തന്നെ, “എന്റേ സന്തോഷിന്റെ കാറല്ലേ അത്.. എനിക്കതിന് പോയാൽ വേഗം വീട്ടിലെത്താം.. അല്ലെങ്കിൽ ബസ്സൊക്കെ പിടിച്ച് ലേറ്റാകും.. ഞാനതിന് പോട്ടേ..” എന്ന് പറഞ്ഞു.  അതെല്ലാവരും ശരിവെച്ചു.  ഇന്ദിരാമ്മ ഉടനെ ടെം‌പോ ഡ്രൈവറോട് ആ നീലമാരുതിയെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു.  നല്ല സ്പീഡിൽ പോയിരുന്ന ആ നീലമാരുതിയെ കടത്താൻ ടെം‌പോ ഡ്രൈവർ പാടുപെട്ടു.  രണ്ട് കാറുകളും കുറച്ച് സമയം പിടികൊടുക്കാതെ മത്സരിച്ചോടി.  അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്.  ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിത ബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി.  അന്നേരം സുനന്ദയുടെ  ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.

തളിപ്പറമ്പ് കഴിഞ്ഞ് ഏഴാം മൈലെത്തിയപ്പോൾ നീലമാരുതി ഇൻ‌ഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞ് ഒരു മൂന്നു നില കെട്ടിടത്തിന്റെ കോം‌പൌണ്ടിലേക്ക് കയറി.  അതിൽ നിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി മുണ്ടൊക്കെ വാരിപ്പൊത്തിയുടുത്ത് ആടിയാടി അകത്തേക്ക് കയറി.  ഡോറിന്റെയടുത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അവരെ കണ്ട് ചിരപരിചിതരെപ്പോലെ പുഞ്ചിരിച്ച് സല്യുട്ട് ചെയ്തു.  അവർ എന്തോ ലോഹ്യം പറഞ്ഞ് അയാളുടെ പുറത്തേക്ക് തട്ടി കയറിപ്പോയി.  ഇന്ദിരാമ്മയും ടീമും കയറിയ കാർ അതിന്റെ മുന്നിലെത്തി.  വലത്തോട്ട് പോകണോ മുന്നോട്ട് പോകണോ എന്ന ലുക്കുമായി ഡ്രൈവർ ഇന്ദിരാമ്മയെ നോക്കി.  ഇറങ്ങുന്നതിന് മുൻപ് ഇന്ദിരാമ്മ കെട്ടിടത്തിന്റെ പേരു നോക്കി. ‘ചെമ്പരത്തി‘  

ഇതെന്താ നേഴ്സറി ഗാർഡനാണോ, വീട്ടിലേക്ക് ചെടികൾ വാങ്ങാനായിരിക്കും എന്ന ആലോചന ഒരു സെക്കന്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വരി വായിച്ചപ്പോൾ നിന്ന നിൽ‌പ്പിൽ ഭൂമി തുരന്ന് പോകുക, ഐസായിപ്പോകുക അങ്ങനെയെന്തെങ്കിലും നടന്നെങ്കിൽ എത്ര നന്നായേനെ എന്ന് മാത്രമാണ് ഇന്ദിരാമ്മ ചിന്തിച്ചത്.

‘chemBARathi BAR‘ !!!

Sunday, March 13, 2011

വണ്ണാത്തിമാറ്റ്

വിശാലമായ വയലിനെ കൈതത്തോടും ഇരു കരകളെ കൂട്ടിയിണക്കുന്ന നടവരമ്പും അധികചിഹ്നം പൂ‍ണ്ട് നാലായി വേർതിരിച്ചിരിക്കുന്നു. മഴ, വേനൽ ഭേദമില്ലാതെ സദാ നിറസ‌മൃദ്ധിയിലൊഴുകുന്ന ആ തോടിലാണ് വയലിന്റെ കരകളിലുള്ള നാട്ടുകാരുടെ അലക്കും കൃഷിയും. തോടിന്റെ ഏകദേശം നടുഭാഗത്തായുള്ള കടവിലാണ് എല്ലാവരും അലക്കുന്നത്. അവിടെ തോടിന് ആഴം കുറവും അലക്കാൻ കുറേ കല്ലുകളുമുണ്ട്. കുറേ താഴേക്ക് മാറി കൈതക്കാടിന്റെ ഇടയിൽ ചെറിയൊരു കടവുണ്ട്. വണ്ണാത്തി ചിരുതൈ അല്ലാതെ വേറാരും അവിടെ അലക്കാൻ പോകാറില്ല. പ്രസവം, പുറത്താകൽ, പുലവാലായ്മ, തിരണ്ട് കല്യാണം എന്നീ സമയത്ത് വലിയ വീടുകളിലെ തുണികൾ അലക്കുന്നത് ചിരുതൈയാണ്. മെലിഞ്ഞ് ചുളിവുകൾ വീണ ശരീരം, കഴുത്തില്‍ കറുത്ത ചരടില്‍ തൂക്കിയ ഒരു കാശ് , മുട്ടോളം കയറ്റിയുടുത്ത മുണ്ടും റൌക്കയുമാണ് വേഷം. മടിയിൽ എപ്പോഴും മുറുക്കാൻ പൊതിയുണ്ടാകും, അതില്ലാത്തപ്പോൾ മുണ്ടിന്റെ കോന്തല താഴ്ത്തിയിട്ടിരിക്കും.

അന്ന് രാവിലെ താഴത്തെ കടവിൽ തുണി അലക്കുകയായിരുന്നു ചിരുതൈ. കറ പോകാനും വെളുക്കാനുമായി തുണികളിൽ ചാണകം തളിച്ച് കാരം കൊണ്ട് കഴുകി, കല്ലിൽ തച്ചലക്കിയ ശേഷം നീലത്തിൽ മുക്കി എല്ലാം ആറാനിട്ടു. കുറച്ചധികം അലക്കാനുണ്ടായതിനാൽ അപ്പോഴേക്കും ക്ഷീണിച്ചു പോയി. പിന്നെ ‌കരയിലെ കൈതയുടെ ചോട്ടിൽ കാലുകൾ നീട്ടി ചാരിയിരുന്ന് മടിയഴിച്ച് മുറുക്കാൻ പൊതി തുറന്ന് ചവക്കാൻ തുടങ്ങി. അതിന്നിടെ തുണിയിൽ വെക്കാൻ കുറച്ച് കൈതപ്പൂവുകൾ നോക്കിവെച്ചു. ചവച്ചു കൊണ്ടിരുന്നപ്പോൾ നേരം പോകാൻ ഓരോരോ കാര്യങ്ങൾ ആലോചിച്ച് കിടന്നു. ഈ തുണികളെല്ലാം ആറിയിട്ട് കരുവാരത്തില്ലത്തേക്കാണ് പോകേണ്ടത്. ഇല്ലത്തമ്മയുടെ ഇളയ മോളുടെ തിരണ്ടു കല്യാണമാണ്. അവർ നല്ല മാതിരിയാണ്. പോയാൽ കാര്യമായിട്ട് എന്തെങ്കിലും തരും. എന്നിട്ട് വേണം കാരവും സോപ്പുമെല്ലാം വാങ്ങിക്കാൻ. വയലിലെ തണുത്ത കാറ്റിൽ ഉറക്കം വരുന്നത് പോലെ തോന്നി. അങ്ങനെ അറിയാതെ കുറച്ച് നേരം കണ്ണടച്ചു പോയി. എന്തോ ശബ്ദം കേട്ട് ഉണർന്നപ്പോൾ രാമൻ കൈക്കോറുടെ അനന്തരവൻ മാധവനുണ്ട് മുന്നിൽ നിൽക്കുന്നു. അവനെ കണ്ടാൽ ഉറക്കത്തിൽ നിന്നെണീറ്റ് വരുന്നത് പോലെയുണ്ട്. കണ്ണുമ്മുന്നില്‍ വളര്‍ന്ന ചെക്കനാണെങ്കിലും ആണൊരുത്തന്റെ മുന്നിലങ്ങനെ കെടന്നൂടല്ലോ. പെടഞ്ഞെണീറ്റപ്പോൾ അഴിഞ്ഞുവീണ മുടിയിഴകൾ ഒരു കയ്യാലൊതുക്കി “എന്തേനും..” എന്ന് ചോദിക്കുന്നതിന് മുൻപ് അവൻ കിതച്ചു കൊണ്ട് പറഞ്ഞു.

“ചിരുതേയീനോട് അമ്മോൻ ആട്‌ത്തേക്ക് വരാൻ പറഞ്ഞിന്..”
“എന്തിനാ..?”
“നീ അറീല്ലേ… സരസു തൂങ്ങി മരിച്ചു…”

“ഉയ്യെന്റെ ദൈവേ…” ഒരു ഞെട്ടൽ ചിരുതൈയുടെ നെറ്റിയിൽ വീണ് പൊട്ടിത്തെറിച്ചു. ചുളിവുകൾ പിന്നെയും കൂടി, കണ്ണുകൾ പുറത്തേക്ക് വന്നു. നടുങ്ങിയതിനാൽ വായ താനേ തുറന്ന് പോയി.

“എപ്പോ..? ഞാൻ രാവിലേ ഈട വന്നതല്ലേ… ഒന്നുമറീല്ലേനു… എന്തിനാപ്പാ എന്നോട് ബെരാൻ പറഞ്ഞേ…?”
“ആട ഒര്പാട് ആള് കൂടീറ്റ്‌ണ്ട്... അവരെന്തെല്ലോ കച്ചറയാക്ക്ന്ന്.. നീ വേഗം വാ..”

രാമൻ കൈക്കോറുടേതാണ് നാടിലെ മുക്കാൽ ഭാഗം സ്ഥലവും. ആളൊരു പഞ്ചദുഷ്ടനും മുൻ‌കോപിയുമാണ്. നാട്ടുകാർക്കൊന്നും അയാളെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. രാമൻ കൈക്കോറുടെ മകളാണ് സരസ്വതി. ഏകദേശം ഒരു ഇരുപത്തിയഞ്ച് വയസ്സുണ്ടാകും. സുന്ദരി. അച്ഛന്റെ ദുഷ്ടത്തരമൊന്നുമില്ലാത്ത ഒരു പാവം പെൺ‌കുട്ടി.

ചിരുതൈയുടെ മകൾ വാസന്തിക്കും സരസ്വതിക്കും ഒരേ വയസ്സാണ്. അത് കൊണ്ട് സരസ്വതിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആ കുട്ടി എന്തിനാണത് ചെയ്തതെന്ന് ചിന്തിച്ച് നിൽ‌ക്കുമ്പോൾ വേറൊരു കാര്യമോർത്ത് നടുങ്ങിപ്പോയി. കഴിഞ്ഞ മൂന്ന് പ്രാവശ്യവും മാറ്റാൻ തുണി കൊടുക്കാൻ പോയപ്പോൾ സരസ്വതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ മാറ്റിയിട്ട തുണികളിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് ഒരു ഞെട്ടലോടെയാണ് കണ്ടത്. രണ്ടെണ്ണേ ബാക്കിയുള്ളു എങ്കിലും അഞ്ചാറു പെറ്റതല്ലേ ചിരുതൈ. അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ടെന്നു തോന്നിയതാ. പക്ഷേ, “ചിരുതൈയേച്ചി ഇത് കൊണ്ട് പോണം, ആരോടും പറയരുതേ.., അച്ഛനറിഞ്ഞാൽ എന്നെ…” എന്ന് ദൈന്യമായി കേണു പറഞ്ഞപ്പോൾ അതനുസരിക്കാനേ തോന്നിയുള്ളൂ. എപ്പോഴും തരുന്നതിൽ കൂടുതൽ പൈസ വെച്ച് നീട്ടിയത് വാങ്ങിയില്ല. എന്താ മോളേ ഇങ്ങനെയെന്ന് ചോദിക്കാൻ പോലും സരസ്വതി നിന്ന് കൊടുത്തില്ല. അമ്മ ഇപ്പോ വരും പോയ്ക്കോ എന്ന് പറഞ്ഞൊഴിയും. അന്ന് മുതൽ തന്നെ സരസ്വതി മൂടിയ കനലുകൾ ചിരുതൈയുടെ ഉള്ളിലേക്കും കയറിയിരുന്നു.

എന്തിനായിരിക്കും കൈക്കോർ വിളിച്ചതെന്ന് ആലോചിച്ച് പേടിച്ച് കൊണ്ടും സരസ്വതിയെക്കുറിച്ച് ഓർത്ത് നെഞ്ചുരുകിയും ചിരുതൈ തുണികളെല്ലാം മടക്കി കെട്ടാക്കിവെച്ചു. മുടി അഴിച്ച് കൈകൊണ്ട് കോതി കെട്ടിയ ശേഷം കൈതക്കാടിലേക്ക് തിരിഞ്ഞ് മുണ്ട് അഴിച്ച് കുലുക്കിയുടുത്തു, ഒരു വെള്ള തോർത്തെടുത്ത് നെഞ്ചത്തിട്ടു. എന്നിട്ട് തുണിക്കെട്ടെടുത്ത് തോളിലിട്ട ശേഷം മാധവനോട് പോകാമെന്ന് പറഞ്ഞു.

കൈതക്കാടൊഴിഞ്ഞ് അലക്ക് കടവിന്റെ മുകളിലെ തെങ്ങിൻ പാലം കയറിയിറങ്ങി വയൽ‌വരമ്പിലൂടെ കൈക്കോറുടെ വീട്ടിലേക്ക് നടക്കുമ്പോൾ മാധവൻ കണ്ണോത്ത് തറവാട്ടിലെ ദുരന്തത്തിനെപ്പറ്റി പറഞ്ഞു.

രാവിലെ മുറി അടിക്കാൻ പോയ വേലക്കാരി നാണിയാണ് സരസ്വതി തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഞെട്ടിവിറച്ച അവൾ നിലവിളിച്ച് കൊണ്ടോടി രാമൻ കൈക്കോറിന്റെ മുറിയുടെ വാതിലിൽ മുട്ടി. ഉറങ്ങുകയായിരുന്ന കൈക്കോറും ഭാര്യ ഭാഗീരഥിയമ്മയും ചാടിയെണീറ്റ് വന്നപ്പോൾ കരഞ്ഞ് കൊണ്ട് നിൽക്കുന്ന നാണിയെയാണ് കണ്ടത്. അവളെ കണ്ട് രാമൻ കൈക്കോർ ദ്വേഷ്യപ്പെട്ടു. “എന്താടീ നായീന്റെ മോളേ രാവിലെന്നെ…?”

“സരസു മോൾ… ആട…!” കിതപ്പും കരച്ചിലും കാരണം നാണിക്ക് പിന്നെയൊന്നും പറയാനായില്ല. ഞെട്ടിത്തരിച്ചുപോയ രാമൻ കൈക്കോറും ഭാഗീരഥിയമ്മയും സരസ്വതിയുടെ മുറിയിലേക്ക് ഓടി. കണ്ണ് തുറിച്ച് തൂങ്ങിയാടി നിൽക്കുന്ന ശരീരം കണ്ടതും “എന്റെ മോളേ…” എന്ന് പറഞ്ഞ് നിലവിളിച്ച് ഭാഗീരഥിയമ്മ പിന്നോട്ടേക്ക് വീണു. കൈക്കോർ സർവ്വാംഗം തളർന്ന് അനങ്ങാനാവാതെ ഇരുന്നു പോയി.

ഒച്ചപ്പാടും കരച്ചിലുമൊക്കെ കേട്ട് മാധവനും അയൽക്കാരും നാട്ടുകാരുമൊക്കെ ഓടി വന്നു. ആരൊക്കെയോ ചേർന്ന് ശവശരീരമഴിച്ച് പായയിൽ കിടത്തി. ബന്ധുക്കളെ അറിയിക്കാൻ കുറച്ച് പേർ പലവഴിക്ക് പോയി. ശവം അഴിക്കാനും തേങ്ങ മുറിച്ച് വെക്കാനും കാലും മുഖവും തുണികൊണ്ട് കെട്ടാനുമൊക്കെ മുന്നിലുണ്ടായിരുന്ന നക്സലൈറ്റ് സത്യനാണ് ആ സം‌ശയം പതുക്കെ പറഞ്ഞത്. “അവൾക്ക് വയറ്റിലുണ്ട്..!” കേട്ടവർ അവൻ മന:പൂർവ്വം പറയുന്നതാണെന്ന് കുറ്റപ്പെടുത്തി. വയലിലെ പണിക്കാർക്ക് കൂലി കുറച്ച് കൊടുക്കുന്നതിന്ന് സത്യൻ കൈക്കോറെ എതിർക്കാറുണ്ടായിരുന്നു. പക്ഷേ സരസ്വതിയുടെ വീർത്ത വയർ അവരെയും കുഴക്കി. ആളുകളൊക്കെ സംശയാലുക്കളായി പലതും പറയാൻ തുടങ്ങി.

കൈക്കോറുടെ അടുത്ത ബന്ധുവായ ശങ്കരമാമ അകത്ത് പോയി കൈക്കോറുമായി എന്തൊക്കെയോ കുശുകുശുത്ത് പുറത്ത് വന്ന്, “ഇനിയാരും വെരാനില്ല, ശവസം‌സ്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തൂടേ… ആരെങ്കിലും പോയി കുന്നുമ്പുറത്തെ മാവ് മുറിക്ക്… എല്ലാം വേഗായ്ക്കോട്ടെ...“ എന്ന് പറഞ്ഞു.

“പോലീസ് വരട്ടെ, എന്നിറ്റെടുത്താൽ മതി..” സത്യൻ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. കുറച്ച് സമയം ആരുമൊന്നും മിണ്ടിയില്ല. പിന്നെ കരിയിലകളിൽ മഴ പെയ്യുന്നത് പോലെ ചില മുറുമുറുപ്പുകളായി അത് വർദ്ധിച്ചു. ആളുകൾ എല്ലാവരും സത്യനെ വളഞ്ഞ് തർക്കിക്കാൻ തുടങ്ങി. അവരോടൊക്കെ അവൻ ഒച്ചയുയർത്തി സംസാരിക്കാനും തുടങ്ങി. അപ്പോൾ രാമൻ കൈക്കോർ പുറത്തേക്ക് വന്ന് എല്ലാരോടും മിണ്ടാതിരിക്കാൻ പറഞ്ഞു. കണ്ണുകൾ കലങ്ങി മുഖം അൽ‌പ്പം ക്ഷീണിച്ചിരുന്നെങ്കിലും ആ തലയെടുപ്പിനോ ശബ്ദത്തിനോ യാതൊരു തളർച്ചയുമുണ്ടായിരുന്നില്ല. “വണ്ണാത്തിമാറ്റിന് ചിരുതൈ എല്ലാ മാസവും ഈട വന്നിനല്ലോ.. പിന്നെങ്ങനെയാ..? ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കരുത്…” കൈക്കോർ സത്യനോടായി ഘനഗംഭീര ശബ്ദത്തിൽ പറഞ്ഞു. കൈക്കോറിന്റെ കൂർപ്പിച്ച നോട്ടത്തിലും ഇടിവെട്ട് പോലത്തെ ശബ്ദത്തിലും അൽ‌പ്പം പതറിയെങ്കിലും, സത്യൻ “എന്നാ വണ്ണാത്തി ചിരുതൈയെ കൂട്ടി വാ… ഓള് പറയട്ടെ…” എന്ന് പറഞ്ഞു. അക്കാര്യം കൈക്കോറും നാട്ടുകാരുമെല്ലാം സമ്മതിച്ചു. അങ്ങനെയാണ് മാധവൻ ചിരുതൈയെ കൂട്ടാൻ വന്നത്.

ചിരുതൈ കൈയ്യിലെ തുണിക്കെട്ട് വീട്ടിലേക്കുള്ള പടികൾ കഴിഞ്ഞുള്ള ഇരുത്തിയിൽ വെച്ചു. അരയിൽ കുത്തിയ കോന്തലയഴിച്ച്, തോർത്ത് ശരിക്ക് നെഞ്ചിൽ പിടിച്ചിട്ട് ഒന്നു കുനിഞ്ഞ് വലത്തു കൈയ്യിലെ രണ്ട് വിരലുകൾ ചുണ്ടിൽ വെച്ച് മുറുക്കാൻ അതിന്നിടയിലൂടെ തുപ്പിക്കളഞ്ഞ് മാധവന്റെ പിറകെ നടന്നു. മുറ്റത്തുള്ള ആളുകൾ ആകാംക്ഷാ ശബ്ദങ്ങളുമായി അവർക്ക് മാറിക്കൊടുത്തു. സത്യൻ ഒരു മൂലയ്ക്ക് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. മാധവൻ ആളുകളുൾക്കിടയിലൂടെ പടിഞ്ഞാറേ മുറ്റത്തേക്ക് നടന്നു. ചിരുതൈ തല പൊക്കാതെ മാധവന്റെ കാലുകൾ മാത്രം നോക്കി നടന്നു. ഇറയത്ത് ചാരു കസേലയിൽ രാമൻ‌കൈക്കോർ ഇരിക്കുന്നുണ്ടായിരുന്നു. ചിരുതൈ കൈക്കോറെ കണ്ട് കൈകൾ നെഞ്ചത്ത് പിടിച്ച് കുനിഞ്ഞ് ബഹുമാനിച്ചു.

“നീ കയിഞ്ഞ മാസം സരസ്വതിക്ക് മാറ്റാൻ തുണി കൊണ്ട് കൊടുത്തിറ്റില്ലേ…”

ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ പൊള്ളലേറ്റത് പോലെ ചിരുതൈ നടുങ്ങി. ഞെട്ടി തല പൊന്തിച്ച് നോക്കിയപ്പോൾ രാമൻ കൈക്കോറിന്റെ കണ്ണുകൾ മുഖത്ത് തന്നെ തറിച്ചിരിക്കുകയായിരുന്നു. അതും കൂടി കണ്ടപ്പോൾ ചിരുതേയിയെ വിറക്കാൻ തുടങ്ങി. ഒരില വീണാൽ വേർതിരിക്കാവുന്ന നിശബ്ദതയിൽ നെഞ്ചിൽ അസുരവാദ്യത്തിമർപ്പുമായി ചിരുതൈ വിറക്കുന്ന കാലുകൾ നിലത്തുറപ്പിക്കാൻ പാടുപെട്ടു. ചുറ്റും അനേകം ചെവികൾ മഴയോ കനലോ എന്നറിയാൻ നെഞ്ചിടിപ്പ് പോലുമില്ലാതെ കാത്തിരുന്നു. തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു. ഉള്ളിൽ സരസ്വതിയുടെ വലിയ നിഷ്കളങ്കമായ കണ്ണുകൾ ദീനം വിധി കാത്തു നിന്നു.

“സരസൂന് തുണി മാറ്റിക്കൊടുത്തിന് കൈക്കോറെ..” അൽ‌പ്പം ഇടറിയ വാക്കുകൾ വഴിതുറക്കാൻ വിസമ്മതിച്ചെങ്കിലും പുറമേക്ക് അത് സുവ്യക്തമായിരുന്നു. നിശബ്ദതയുടെ നിമിഷ ദൈർഘ്യങ്ങൾക്കൊടുവിൽ പൊടുന്നനെ അഗ്നികുണ്ഠങ്ങൾ തണുത്തുറഞ്ഞു. അധികസ്പന്ദനങ്ങൾ ക്രമരൂപം കൈവരിച്ചു.

“ഇപ്പം എല്ലാർക്കും തൃപ്തിയായല്ലോ… ഓരോ നായീന്റെ മോനൊക്കെ പറയുന്ന കേട്ട് തുള്ളാൻ കൊറേയെണ്ണം.. ഇവനെയൊക്കെ തച്ച് കൊല്ലാനാളില്ലാഞ്ഞിട്ടാ‍ന്ന്...” കൈക്കോർ സത്യനെ കലമ്പിക്കൊണ്ടിരിക്കെ ചിരുതൈ തിരിഞ്ഞ് നടന്ന് തുണിക്കെട്ടെടുത്ത് പടിയിറങ്ങി.

സരസ്വതിയെ കണ്ടില്ലല്ലോ എന്നാലോചിച്ചപ്പോൾ കാലുകൾ ഒരു ഞൊടിയിട  അനങ്ങാതിരുന്നെങ്കിലും അനന്തരം സദൃഢം മുന്നോട്ട് നീങ്ങി.