Saturday, December 31, 2011

കാമിനി മൂലം......


അച്യുതാനന്ദൻ നേതാവിനെയും സുരേഷിനെയും പോലെ, ആന്ദ്രേ അഗാസിയേയും സ്റ്റെഫിഗ്രാഫിനേയും പോലെ, സിം കാർഡും മൊബൈൽ ഫോണും പോലെ, ദിലീപനും ബാബുവും എപ്പോ കണ്ടാലും ഇരച്ച് കെട്ടിയ തേങ്ങ പോലെ ഒരുമിച്ചായിരിക്കും.

രണ്ടു പേരും അംഗൻ‌വാടി മുതൽ ബി.എ.ഇക്കണോമിക്സ് വരെ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്നവരാണ്.  പീയെസ്സി എഴുതി പിടിച്ച് ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി സർവ്വീസിൽ ഒരേകാലം കയറിയവർ. പൊളിറ്റിക്സായാലും സിനിമയായാലും സാഹിത്യമായാലും ഏത് കാര്യത്തിലും രണ്ടാൾക്കും ഒരേ വികാരം, ഒരൊറ്റ ശബ്ദം, വൺ ആൻഡ് ഓൺലി അഭിപ്രായം. ബട്ട്, ഒരു കാര്യത്തിൽ മാത്രം രണ്ടുപേർക്കും യോജിപ്പില്ല.  അത് ലേഡീസ് കേസായിരുന്നു.  ആണുങ്ങൾക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളായ വായ്‌നോട്ടവും ട്യൂണിങ്ങും ചാറ്റിങ്ങും ഉള്ളയാളാണ് ദിലീപനെങ്കിൽ, ബാബുവിന് പെണ്ണുങ്ങളെ ഇഷ്ടമേയല്ല.  ബാബു അവരെ കണ്ടാൽ തുറിച്ച് നോക്കില്ല, തിരിഞ്ഞ് നോക്കില്ല, ഒരു കണ്ണടച്ച് നോക്കില്ല.  ജീവിതം മുഴുവൻ കല്യാണം കഴിക്കാതെ ആഡംബര നികുതിയടച്ച് ഹാപ്പിയായി കഴിയണമെന്നാണ് അവന്റെ തീരുമാനം. എന്നാൽ ഈ വിയോജിപ്പ് അവരുടെ അടുപ്പത്തെ ഒരിക്കലും ബാധിച്ചില്ല.

പ്രണയത്തിനും വിവാഹത്തിനും ജീവിതത്തിനുമെന്നത് പോലെ സൌഹൃദത്തിനും ഒരു അവസാനമുണ്ടല്ലോ.  ഇവരുടെ പാമ്പൻ പാലം പോലത്തെ ബന്ധം ഒരു ദിവസം ദി എൻഡ് കാർഡ് കണ്ട് അവസാനിച്ചു.  പല ലോകമഹായുദ്ധങ്ങൾക്കും പിന്നിലെന്നത് പോലെ വില്ലൻ റോൾ കെട്ടിയാടിയത് സ്ത്രീ കഥാപാത്രമാണ്.  ദിലീപന്റെ മേൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദമുണ്ടായത് മുതലാണ് സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്.  ദിലീപൻ പൂർണ്ണ മനസ്സോടെയാണ് പെണ്ണുകാണാൻ ഇറങ്ങിയതെങ്കിൽ ബാബു ഒട്ടും മനസ്സില്ലാതെയാണ് കൂടെ പോയത്.  തങ്ങളുടെ ചങ്ങാത്തത്തിന്റെ അവസാന റൌണ്ടായിരിക്കും ഇതെന്ന് ബാബു പേടിച്ചു.  ഭാര്യയെന്ന മൂന്നാം കക്ഷി കലക്കിയ ബന്ധങ്ങളുടെയും കുടുംബങ്ങളുടെയും എണ്ണം സ്റ്റോർ ചെയ്യാൻ ഗൂഗിളിന്റെ സർവ്വർ വരെ പോരല്ലോ.  പെണ്ണുകെട്ടിയാ കണ്ണുപൊട്ടി, പെൺബുദ്ധി പിൻ ബുദ്ധി, നാരി ഭരിച്ചിടം നാഥനില്ലാത്തിടം, മണ്ടന്മാർ വിവാഹം കഴിക്കുന്നു ബുദ്ധിമാന്മാർ അവിവാഹിതരായിരിക്കുന്നു എന്ന മുന്നറിയിപ്പുകളും ബാബുവിന്റെ മുന്നിലുണ്ടായിരുന്നു.  എന്തായാലും ഫ്രണ്ട്ഷിപ്പിന്റെ മണ്ടക്ക് ആസിഡ് വെക്കുന്ന യാതോരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് ബാബു പെണ്ണുകാണൽ വണ്ടിയിലേക്ക് കാലെടുത്ത് കുത്തിയത്.

വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് പോകേണ്ട സ്ഥലം.  വീടും സ്‌പോട്ടുമൊന്നും കറക്റ്റായി അറിയില്ല.  വീട്ടിലെ ഫോൺ നമ്പർ കൈയ്യിലുള്ളത് കൊണ്ട് വിഷമിക്കാനൊന്നുമില്ല, അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.  അങ്ങനെ വണ്ടി ഇരിക്കൂർ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാമെന്ന നിർണ്ണായകമായ നിർദ്ദേശം കൂടെ വന്ന മനോജിൽ നിന്നുണ്ടായി.  കല്യാണം പോലെ പെണ്ണുകാണലിന്റെയും ഒരു പ്രധാന ചടങ്ങാണ് കെട്ടാൻ പോകുന്ന ഹതഭാഗ്യന്റെ ചെലവിൽ ഫുഡടിക്കുകയെന്ന ഫോൿലോർ ആർട്ട്.  ചങ്ങാതിമാരുടെ അരവയറൊക്കെ നിറവയറാകുന്നത് അന്നാണ്.  പെണ്ണുകാണാൻ സ്ഥിരമായി കൂടെ പോയി തടിച്ചു ഷുഗറും കൊളസ്‌ട്രോളും വന്നവർ ഒരുപാടുണ്ട്.  കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.  നാട്ടിൻ‌പുറത്തെ ആ ഹോട്ടലിലെ മെനുകാർഡ് വളരെ ലക്ഷൂറിയസ്സായിരുന്നു, പൊറോട്ട വിത്ത് മുട്ടക്കറി ഓർ കടല.  ഓസിനു വറൈറ്റി ഫുഡ് കഴിക്കാമെന്ന ആലോചന തൽക്കാലം മാറ്റി വെച്ച് മൂന്നുപേരും പൊറോട്ടക്കും കടലക്കും ഓർഡർ ചെയ്തപ്പോൾ ദിലീപൻ മുട്ടക്കറി വരുത്തി, കാരണം അത് പണ്ടേ അവന്റെയൊരു വീൿനെസ്സായിരുന്നു.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.  കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ദിലീപനു വയറ്റിൽ എന്തൊക്കെയോ ബല്ലേ.. ബല്ലേ.. തോന്നി തുടങ്ങി.  ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി.  വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

പെണ്ണുകാണൽ കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലിന്റെ ടോയ്‌ലറ്റിൽ പോയി ഫ്രീയാവാമെന്ന് കരുതി തൽക്കാലം ശ്വാസം പിടിച്ച് അഡ്ജസ്റ്റ് ചെയ്തു.  പക്ഷേ കുറച്ചൂടെ കഴിഞ്ഞപ്പോൾ സംഗതികൾ നിയന്ത്രണാതീതമായേക്കുമെന്ന് അവനു ഉൾവിളിയുണ്ടായി.  ഏതെങ്കിലും ഹോട്ടൽ കണ്ടാലുടൻ നിർത്തണമെന്നും ചിലപ്പോ എമർജെൻസി ലാൻഡിങ്ങ് വേണ്ടി വരുമെന്നും അവൻ ജിതേഷിനോട് പറഞ്ഞു.  ആ കാട്ടുമൂലക്ക് അങ്ങിങ്ങായി ഓരോ വീടുകളല്ലാതെ ഹോട്ടൽ പോയിട്ട് അനാദിപ്പീടിക പോലുമുണ്ടായിരുന്നില്ല.  വല്ല മുസ്ലിം പള്ളിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവിടെ കയറി കാര്യം പറഞ്ഞ് സംഗതി നടത്താമായിരുന്നു.  അതും ആ ഭാഗത്ത് കണ്ടില്ല.

എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.  ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്.  മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.  അതിന്റിടക്ക്  കാർ ഒരു കുഴിയിൽ വീണപ്പോൾ സംഗതികൾ കൺ‌ട്രോൾ വിട്ട് പോയോ എന്ന് ഡൌട്ടായി.  ക്രിട്ടിക്കൽ സിറ്റുവേഷനാണ് ക്രാഷ് ലാൻ‌ഡിങ്ങ് വേണം ഉടനെ വണ്ടി നിർത്ത് എന്ന് ദിലീപൻ പറഞ്ഞപ്പോൾ റോഡരികിൽ കണ്ട ഒരു വീട്ടിന്റെ മുറ്റത്ത് ജിതേഷ് വണ്ടി നിർത്തിക്കൊടുത്തു.  കാറിൽ നിന്നും തട്ടാതെ മുട്ടാതെ കാൽ അകറ്റാതെ ഇറങ്ങി വീടിന്റെ ഇറയത്തുണ്ടായിരുന്ന ആളിനോട് കക്കൂസിൽ പോകണമെന്ന് പറഞ്ഞു.  വീട്ടിൽ കയറി വന്ന് വേറൊന്നും പറയാതെ അക്കാര്യം ചോദിക്കേണ്ടി വന്നവന്റെ ഭീകരാവസ്ഥ പെട്ടെന്ന് ഗ്രാസ്പ് ചെയ്ത വീട്ടുകാരൻ വേഗം എണീറ്റ് വീടിന്റെ സൈഡിലുള്ള എസ്.ടി.ഡി. ബൂത്ത് പോലത്തെ ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു.  അതിൽ കേറിയതും പാന്റും സ്റ്റെപ്പിനിയും വലിച്ചഴിച്ച് ഇരുന്നതും മാത്രേ ദിലീപനു ഓർമ്മയുണ്ടായിരുന്നുള്ളൂ.  ബാർ‌കോഡ് പോലെയായിരുന്നു പോയത്.

കാര്യം കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു ദിലീപന്റെ വിഷമം.  ഒരു വിധത്തിൽ ടവ്വൽ കൊണ്ട് മുഖം തുടക്കുന്നത് പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു മുറ്റത്തേക്ക് നടന്നു.  അപ്പോഴേക്കും കൂടെ വന്നവരും വീട്ടുകാരുമൊക്കെയായി വലിയ കൂട്ടായിരുന്നു.  അത് പിന്നെ പറയാനില്ലല്ലോ, രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.  ബി.അബൂബക്കറിന്റെ സിനിമാ നിരൂപണത്തിൽ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കുന്നത് പോലെ എന്തിലും ഏതിലും രാഷ്ടീയം കാണുന്ന ഒരു ഏർപ്പാടുണ്ട് നാട്ടിൻപുറത്ത്.  ദിലീപൻ അങ്ങോട്ട് നോക്കാതെ കാറിനടുത്തേക്ക് നടന്നു.  അവിടെ നിന്ന് എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കിയാ മതി എന്ന് മാത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ.  കൂടെ വന്നവൻ‌മാരാണെങ്കിൽ ഇറങ്ങുന്നുമില്ല.  വീട്ടിനകത്തു നിന്നും അയാളുടെ ഭാര്യയോ മക്കളോ ആരൊക്കെയോ തല നീട്ടി പുറത്തേക്ക് നോക്കുന്നു.  അടക്കിപ്പിടിച്ച ചിരികളും പരിഹാസ നോട്ടങ്ങളും..  നിന്ന നില്പിൽ താണു പോയെങ്കിലെന്ന് ദിലീപനു തോന്നി.   “ഇതൊക്കെ ആർക്കാ സംഭവിച്ചൂടാത്തെ, വാ കേറിയിരിക്ക്..” എന്ന് വീട്ടുകാരൻ ക്ഷണിക്കുന്നു.  ദിലീപൻ വരണ്ട ശബ്ദത്തിൽ “വേണ്ടപ്പാ.. പോവ്വായിന്ന്..” എന്ന് പറഞ്ഞ് കാറിൽ കേറിയിരുന്നു.  അപ്പോൾ ബാബു ഞെട്ടിപ്പിക്കുന്ന, നെഞ്ചിൽ തറക്കുന്ന തുണിയുടുക്കാത്ത ആ സത്യം പറഞ്ഞു.


“എടാ നമ്മൾ അന്വേഷിച്ചു വന്ന വീട് ഇത് തന്നെയാ നീ പെണ്ണിനെ കാണുന്നില്ലേ…? നല്ല സുന്ദരിപ്പെണ്ണാണെടാ

“@#$%.. നീ വണ്ടിയിൽ കേറ്.. “  ആഗോള മലയാളികൾ നല്ല സ്നേഹം വരുമ്പോഴും നല്ല ദ്വേഷ്യം വരുമ്പോഴും ഒരു പോലെ ഉപയോഗിക്കുന്നൊരു തെറിവാക്കിൽ ദിലീപൻ ദ്വേഷ്യമടക്കി.  അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും വന്ന് കാറിൽ കയറി.  എന്താണെന്നറിയില്ല ദിലീപനോട് ഒട്ടും യോജിക്കാതെയാണ് ബാബു മടങ്ങിയത്.

മാലോകരാകെ മാതൃകാപരമെന്ന വാഴ്ത്തിയ ഒരു സൌഹൃദത്തിന്റെ എലിമിനേഷൻ ഡേ ആയിരുന്നു അന്ന്.  പാലും പഞ്ചാരയും പോലെയുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ കഷായക്കുരു പോലൊരു സ്ത്രീജന്മം പുണ്യജന്മം വന്നത് ആ ദിവസമായിരുന്നു.  അതിനു ശേഷം ബാബു എന്ന് കേട്ടാൽ തന്നെ ദിലീപൻ ദ്വേഷ്യം വന്ന് വിറക്കും.  പിന്നീട് മുഖത്തോട് മുഖം മുട്ടിയാൽ പോലും അവൻ ബാബുവിനെ കണ്ടാൽ നോക്കിയിട്ടുമില്ല, മിണ്ടിയിട്ടുമില്ല.

അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!

Thursday, December 22, 2011

മാനം വിറ്റ് മാനം വാങ്ങൽഅന്യായ കാശ് കൊടുത്താലും അവനോനു ഇഷ്ടമുള്ളവരോടൊപ്പം അടിച്ചു പൊളിച്ചു യാത്ര ചെയ്യാവുന്ന ബാംഗ്ലൂർ - തൃശ്ശൂർ റൂട്ടിലെ എ.സി.സ്ലീപ്പർ ബസ്സിലെ ഒരു രാത്രി യാത്രയിലാണ് ഈ സംഭവം നടന്നത്. 
 
ചാർജ്ജ് എത്രയായാലും ഇമ്മാതിരി ബസ്സുകളിലെ സീറ്റുകൾ മുഴുവൻ ഫുള്ളായിരിക്കുമല്ലോ.  ലാവിഷായി യാത്ര ചെയ്യാൻ എത്ര കാശ് വേണേലും ചെലവാക്കുന്നതിന് ആളുകൾക്ക് മടിയില്ല.  കുഴപ്പക്കാരല്ലാത്ത യാത്രക്കാരും ഗട്ടറില്ലാത്ത റോഡും, സുഖായി ഉറങ്ങാൻ മോഹൻലാലിന്റെ പുതിയ സിനിമയുമായി ബസ്സ് കേരളത്തിലേക്ക് പോവുകയായിരുന്നു.  സേലത്ത് എത്താറായപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നുമൊരു ജീൻസ് താഴെയുള്ള ഒരാളുടെ മേൽ പുഷ്പവൃഷ്ടി പോലെ വീണു.  ഉറക്കത്തിലായിരുന്ന ആ പാവത്തിന് ഇതെവിടന്ന് മേൽജാതമായി എന്ന് മനസ്സിലായില്ല.  ചുറ്റും നോക്കി പലരോടും ചോദിച്ചെങ്കിലും എല്ല്ലാരും മൻ‌മോഹൻ മോഡിലായിരുന്നു.  വല്ല സ്വർണ്ണമോ രൂപയോ മറ്റോ ആയിരുന്നെങ്കിൽ എന്റേതാന്ന് പറഞ്ഞ് ബിവറേജസിലേത് പോലെ ലെങ്ത്തി ക്യൂ ആയിരുന്നേനെ.  ഇതിപ്പോ മുഷിഞ്ഞൊരു ജീൻസ് ആർക്കുമത് വേണ്ട.  അയാൾ ജീൻസ് ഡ്രൈവർക്ക് കൊണ്ട് കൊടുത്ത് പോസ് ചെയ്ത ഉറക്കം കണ്ടിന്യൂ ചെയ്തു.  അങ്ങനെ ആ സീൻ കഴിഞ്ഞു, സിനിമ കഴിഞ്ഞു, രാത്രി കഴിഞ്ഞു, കർണാടകവും തമിഴ്നാടും കഴിഞ്ഞു.

നേരം പുലർന്നു, ബസ്സ് തൃശ്ശൂരിലേക്ക് പോവുകയാണ്.  ഓരോരോ സ്റ്റോപ്പിലായി ആളുകൾ ഇറങ്ങിത്തുടങ്ങി.  അപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നും ഒരു ചെറുപ്പക്കാരൻ താഴെ ഇറങ്ങി.  ടൈറ്റ്ഫിറ്റ് ജീൻസും വിതൌട്ട് ഇൻ ടീഷർട്ടുമിട്ട ക്ലീൻ ഷേവ് ചെയ്‌തൊരു സുമുഖ സുന്ദര ടെക്കി കുമാരൻ.  രാത്രി തീരെ ഉറങ്ങിയില്ലെന്ന് മുഖ ലക്ഷണം കണ്ടാലറിയാം.  ക്ഷീണത്തേക്കാൾ വലിയ പരിഭ്രമത്തോടെ അവൻ ചോദിച്ചു. “എന്റെയൊരു ജീൻസ് താഴെ വീണിട്ടുണ്ട്.. ആർക്കെങ്കിലും കിട്ടിയോ?” ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി ഇരിക്കുകയായിരുന്ന ജീൻസ് കിട്ടിയ ആൾ അത് ഡ്രൈവറുടെ കൈയ്യിൽ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.  അവൻ സമാധാനത്തോടെ ഡ്രൈവറുടെ ക്യാബിനിലേക്ക് പോയി ചോദിച്ചു.


“ചേട്ടാ, എന്റെയൊരു ജീൻസ് വീണുപോയി, അത് ഇവിടെ തന്നിട്ടുണ്ടെന്ന് ഒരാളു പറഞ്ഞു


“ജീൻസോ, ഇവിടെ കിട്ടിയിട്ടില്ല” മുരടനും മുഷ്കനുമായ ഡ്രൈവർ മുരണ്ടു കൊണ്ട് ഗിയർ മാറ്റി.


ക്യാബിനിലുള്ള ഡ്രൈവറുടെ അസിസ്റ്റന്റ് ചങ്കരനും ഡിറ്റൊ.  ജീൻസ് ഇവിടെ കൊടുത്തെന്ന് പറഞ്ഞയാൾ കള്ളം പറയേണ്ട കാര്യമില്ലല്ലോ അത് കൊണ്ട് അവൻ വീണ്ടും വീണ്ടും ചോദിച്ചു.  ഡ്രൈവർ നിഷ്കരുണം ഇല്ലാന്നു പറഞ്ഞ് ചുരത്തിലൂടെ പോകുമ്പോൾ പോലും കാണിക്കാത്ത കോൺസൻ‌ട്രേഷനിൽ വണ്ടി ഓടിക്കാൻ തുടങ്ങി.  അയാൾ അയയുന്നില്ലെന്ന് കണ്ട് കുമാരൻ സഹതാപം വർക്കൌട്ട് ചെയ്യുമെന്ന് കരുതി പറഞ്ഞു.


“അത് എന്റെ പെങ്ങളുടേതാ.. പ്ലീസ് താ ചേട്ടാ


അപ്പറഞ്ഞത് സർവ്വാബദ്ധമായിരുന്നു.  അത് കേട്ടപ്പോ “എങ്കിൽ പെങ്ങളോട് വരാൻ പറ..” എന്നായി ആ കശ്മലൻ.

ഖൽബ് തുറന്ന് ചിരിച്ചിട്ടും കാലു പിടിച്ച് പറഞ്ഞിട്ടും കാശ് വെച്ച് നീട്ടിയിട്ടും കുപ്പി തരാമെന്ന് മോഹിപ്പിച്ചിട്ടും ഡ്രൈവർ അയഞ്ഞില്ല.  റിക്വസ്റ്റുകളൊക്കെ ക്രോസ്സ് ബാറിനു തട്ടിയ ബോളുകൾ പോലെ പോയി.  ഒരു രക്ഷയുമില്ലാഞ്ഞ് അവൻ വയറു പൊട്ടിയ കൂറയെ പോലെ തിരിച്ച് മുകളിലെ ബർത്തിലേക്ക് കയറി.  കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിന്റെ മുക്കാൽ ഭാഗം മാത്രം എത്തുന്ന ജീൻസും ടീ ഷർട്ടുമിട്ടൊരു മിസ്.കുമാരി മുകളിൽ നിന്നിറങ്ങി.  നല്ലോണം തടിച്ച ഷെയ്പ്പായതിനാൽ ആ ടൈനി ജീൻസ് അവളുടെ ഭൂമിക ഫുൾകവർ ചെയ്യാൻ ഒട്ടും മതിയാവില്ല.  ഒരുമാതിരി ആന ത്രീഫോർത്ത് ഇട്ടത് പോലെയുണ്ട്.  മുഖകമലങ്ങളിലെ പരിഭ്രാന്തിയും കൺ‌കമലങ്ങളിലെ നിദ്രാവിഹീനതയും കണ്ടാൽ മാത്രം അവന്റെ കൂടെ പിറന്ന പെങ്ങളാണെന്ന് പറയാം.  അല്ലാതെ നോക്കിയാൽ സെറീനാ വില്യംസും ജോൺ അബ്രഹാമും പോലെയേ തോന്നൂ. ഷർട്ടിനും ജീൻസിനും ഇടയിലെ ഹോട്ട് സ്പേസ് ടീഷർട്ട് വലിച്ച് താഴ്ത്തി ഫിൽ ചെയ്തു കൊണ്ട് അവൾ ഡ്രൈവറുടെ ക്യാബിനിലെത്തി.  മലയാളം ലാംഗ്വേജും ബോഡി ലാംഗ്വേജും ഉപയോഗിച്ച് ചോദിച്ചെങ്കിലും ഷൈലോക്ക് ഡ്രൈവർ ജീൻസ് തരില്ലാന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. 
 
ബസ്സാണെങ്കിൽ തൃശ്ശൂർ എത്താനായി, നല്ല വെളിച്ചമായി, ആളുകളൊക്കെ ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി.  എലിക്ക് എലിമിനേഷനാണെങ്കിൽ പൂച്ചക്ക് ടൈം പാസ്സ് എന്ന് പറഞ്ഞത് പോലെ ഡ്രൈവർ അവളെ വെറുതെ ഇട്ട് കളിപ്പിച്ചു.  അവളുടെ നിൽ‌പ്പ് കണ്ട് ക്ഷമ പോലും നാണിച്ചു പോയി.  ബസ്സ് തൃശ്ശൂരെത്തി, എല്ലാവരും ഇറങ്ങി. ഡ്രൈവറും അസിസ്റ്റന്റും കുമാരിയും മുകളിലെ ബർത്തിൽ മാറ്റക്കച്ചയില്ലാതെ ദിഗംബരനായിരിക്കുന്ന ടെക്കിക്കുട്ടനും മാത്രമായി.  അപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ വ്യവസ്ഥയിൽ ജീൻസ് തരാമെന്ന് ഡ്രൈവർ സമ്മതിച്ചു.
 
അത് ഇത്തിരി കൂടിയ ഒരു എക്സ്‌ചേഞ്ച് വ്യവസ്ഥയായിരുന്നു.  അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വളരെ കുറവായിട്ടും പെട്രോളിനു അന്യായ വില കൊടുക്കേണ്ടി വരുന്നത് പോലെ, ബിവറേജസിൽ അമ്പത്തഞ്ചിനു വിൽക്കുന്ന സെയിം ബിയർ ബാറിൽ നൂറ്റിപ്പത്തിനു വിൽക്കുന്നത് പോലെ, ഒരു ജീൻസിന്റെ വില എത്രയോ കുറവാണെങ്കിലും ബസ്സിലെ അന്നേരത്തെ മാർക്കറ്റ് വാല്യു വളരെ വലുതായിരുന്നു.  പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ കാശിനേക്കാൾ വലുത് മാനമല്ലേ.  അഭിമാനമല്ല, ആപ്പിൾ തിന്നുന്നതിനു മുൻപ് ഹവ്വക്കില്ലാതിരുന്നത്. 
 
അന്തസ്സിനും അഭിമാനത്തിനും വേറെന്തിനേക്കാളും വില കൊടുക്കുന്ന ആ ധീര വനിത രണ്ട് പവന്റെ സ്വർണ്ണമാല കൈവിറക്കാതെ ഊരിക്കൊടുത്ത് ജീൻസ് തിരിച്ച് വാങ്ങി തന്റെയും തറവാടിന്റെയും നാടിന്റെയും രാജ്യത്തിന്റെയും യശസ്സുയർത്തി.


പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ എന്നല്ലേ പുതിയ പഴഞ്ചൊല്ല്.

Monday, November 21, 2011

കന്യാഛേദംമരങ്ങളെല്ലാം നിലാവെള്ളിലകൾ ചൂടി നിന്നൊരു രാത്രിയിൽ വീടിന്റെ മുകളിലത്തെ മുറിയിൽ ഗീതാഗോവിന്ദം മറിച്ച് നോക്കിയിരിക്കെയാണ് പാർവ്വതിക്കുട്ടിയിൽ ഗന്ധർവ്വൻ കൂടിയത്.

വിലങ്ങനെ കമ്പികളുള്ള ജാലകത്തിലെ നീലവിരികളെ പാടേ തോൽ‌പ്പിച്ച് കാറ്റിൽ പാലപ്പൂമണം ഇരച്ചുകയറി വന്ന് മുറിയിൽ നിറഞ്ഞപ്പോൾ പാർവ്വതി കണ്ണടച്ച് ദീർഘമായൊരു ഉൾശ്വാസത്തിൽ അതിനെ അകത്തേക്ക് നിറച്ചു.  എഴുന്നേറ്റ് ജനലരികിൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ വീട്ടുപറമ്പിന്റെ പുറത്ത് റോഡരികിലെ വലിയ പാലമരം മലർ പുടവയുടുത്ത് നിൽക്കുന്നത് കണ്ടു.  നിലാവിൽ അധികരിച്ച ശ്വേതാംബരവുമണിഞ്ഞ പാലമരത്തെ നോക്കി നിന്നും, ഉൾപ്പുളകമുണർത്തുന്ന മണം എത്ര വട്ടം നുകർന്നിട്ടും മടുത്തതേയില്ല.  ഭാരമില്ലാതായി ഏതോ മായിക ലോകത്തെത്തുന്നതായും ദേഹത്തെ ഓരോ ബിന്ദുവിലും ഉമ്മവെച്ചുണർത്തി എന്തൊക്കെയോ ഇഴഞ്ഞ് നടക്കുന്നത് പോലെയും അവൾക്ക് അനുഭവപ്പെട്ടു.  അങ്ങനെ തന്നെ നിന്നപ്പോൾ പാലമരത്തിൽ നിന്നുമൊരു പ്രകാശകിരണം പതുക്കെ ഇറങ്ങിവരുന്നത് കണ്ടു.  സ്വപ്നമോ യാഥാർത്ഥ്യമോ എന്നതിൽ വിഭ്രമിച്ച് നിൽക്കേ അത് കാറ്റിലൊഴുകി വീടിനു നേർക്ക് വന്ന് വിരികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നപ്പോൾ പാർവ്വതി പേടിച്ച് പിന്നിലേക്ക് ഞെട്ടിമാറി, ഒന്നും മിണ്ടാനാവാതെ നിന്നു.  അത് മുറിയിലാകെ ചുറ്റി മേശമേലിരുന്ന സെൽഫോണിന്റെ മുകളിലേക്കിറങ്ങി പിന്നെ കാണാതായി.
ഉടനെ ഫോൺ റിങ്ങ് ചെയ്തു.
“ഹലോ പാർവ്വതിയല്ലേ..?”
“അതെ, ആരാ..?”
“നല്ല രസണ്ട് കേട്ടോ, നീലപ്പാവാടയും ബ്ലൌസുമിട്ട് കാണാൻ.. സുന്ദരിയാണ്”
“നിങ്ങളാരാ.. എവിടന്നാ സംസാരിക്കുന്നേ?”  ഞെട്ടി ചുറ്റും തിരിഞ്ഞ് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ.. നിന്റെ അടുത്തുണ്ട് ഈ പാലമരത്തിനടുത്ത്..”
“പാലമരത്തിലോ.. നിങ്ങളാരാ ഗന്ധർവ്വനാ..?”
“ഹഹഹ അതെ.. നിന്നെ കാണാനായി മാത്രം വന്ന ഗന്ധർവ്വൻ..”


മറുതലക്കലെ ഹൃദ്യമായ ചിരിയിൽ എതിർത്ത് പറയാനോ ഫോൺ വെക്കാനോ അവൾക്കായില്ല.  അയാൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നെങ്കിലും അവൾ ഒന്നിനും പ്രതികരിച്ചില്ല.  പിന്നെ അവന്റെ സ്വരമാധുരിയിലും വാക്ചാതുര്യത്തിലും അലിഞ്ഞ് വാക്കുകൾക്ക് മറുകുറി പറഞ്ഞു തുടങ്ങി.  കൌമാര വസന്തത്തിന്റെ പരാഗമേറ്റ് നിൽക്കുന്ന അവൾക്ക് നവാനുഭൂതിയായിരുന്നത്.  വെറുതെ മുറിയിലൂടെ അലസം നടന്നും, പിന്നെ ഇരുന്നും, കട്ടിലിൽ കിടന്നും ഒട്ടും ഉറക്കമില്ലാതെ ആ രാവ് പൂർണ്ണതയിലേക്ക് നീങ്ങി കൊഴിയുന്നത് വരെ സംസാരിച്ചു കൊണ്ടിരുന്നു.  പിന്നെയെപ്പോഴോ അങ്ങനെ തന്നെ കിടന്ന് ഉറങ്ങിപ്പോയി.  രാവിലെ വൈകി എഴുന്നേറ്റപ്പോൾ ഫോണിൽ ഒരു സുപ്രഭാതാശംസ അവളെ കാത്തിരിപ്പുണ്ടായിരുന്നു.  തലേന്ന് രാത്രി സംസാരിച്ച്  ഉറങ്ങാൻ വൈകിയതോർത്ത് ലജ്ജിച്ച് കോളേജിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി. 


അന്ന് മുതൽ പിന്നെ അവളുടെ ഇരവുകളും പകലുകളുമെല്ലാം അവനോടൊത്ത് മാത്രമായിരുന്നു.  അവനുമായി മിണ്ടിയും കൊഞ്ചിയും മനപൂർവ്വം അടിപിടി കൂടിയും പിണങ്ങിയും ഇണങ്ങിയും സ്വപ്നം കണ്ടും പുലർച്ച വരെ മിണ്ടിപ്പറഞ്ഞും നിമിഷങ്ങളോടൊത്ത് നടന്നു.  അവന്റെ പ്രതിരൂപമായ സെൽ ഫോൺ ആരും കാണാതിരിക്കാൻ സ്തനദ്വയങ്ങൾക്കിടയിൽ ഒളിച്ചു വെച്ചു.  കലാലയത്തിലെ വിരസമായ പകലുകൾ ദുസ്സഹമായി തള്ളി നീക്കി അവനോട് മിണ്ടിയുറങ്ങുന്ന രാത്രികൾക്കായി കൊതിയോടെ കാത്തിരുന്നു.


ആരാലും ശ്രദ്ധിക്കാതെ പൂക്കാതെ തളിർക്കാതെ നിന്ന കൊന്നമരം മേട സ്പർശനത്താൽ പൂത്ത് വിടർന്ന് പൂമരങ്ങളിൽ റാണിയാവുന്നത് പോലെയായിരുന്നു അവളിലുണ്ടായ മാറ്റങ്ങൾ.  തെങ്ങിൻ കതിരോല പോലെ നീണ്ട് മെലിഞ്ഞ് വെളുത്തവൾ പൊടുന്നനെ എല്ലാ അഴകളവുകളും തികഞ്ഞൊരു പെൺ‌കിടാവായി മാറി.  വിടർന്ന കണ്ണുകളിൽ കൺ‌മഷിയും വാഴക്കാമ്പ് പോലത്തെ കൈകളിൽ കിലുങ്ങും കുപ്പിവളകളും പട്ടുപാവാടയുമിട്ട് ഗ്രാമീണ സൌന്ദര്യത്തിന്റെ പ്രതിരൂപമായി പാറിപ്പറന്നു നടന്നു. കവിളോരങ്ങൾ സൌന്ദര്യവർദ്ധകങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ചെമന്ന് തുടുത്തു, ആ ചൊടികളോട് മത്സരിക്കാനാവാതെ അസ്തമന സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ച് കടലിൽ‌ മുങ്ങി മറഞ്ഞു.  കറുത്ത് ചുരുണ്ട മുടിയിഴകൾ ഓടിക്കളിക്കുന്ന നെറ്റിത്തടത്തിലെ ചന്ദനക്കുറികൾ അവയെ ആരും തിരിച്ചറിയാഞ്ഞ് വരച്ച മാത്രയിൽ പിണങ്ങിപ്പൊടിഞ്ഞ് വീഴും.  സ്വപ്നങ്ങളിൽ മുഴുകി ചിരിക്കുന്നത് കാണാനും ലജ്ജ പൂക്കുമ്പോൾ മൊട്ടിടുന്ന നുണക്കുഴികൾ കാണാനും അസൂയാലുക്കൾ പോലും കാത്തിരുന്നു.  കൂട്ടുകാരികളുടെ ചെറുതമാശകൾ പോലും അവളിലൊരു വെള്ളച്ചാട്ടത്തിന്റെ കിലുകിലാരവത്തെ സൃഷ്ടിച്ചിരുന്നു.


പക്ഷേ നിമിഷനേരം പോലും ഇടകൊടുക്കാതെ നിശ്വാസങ്ങളും സ്വപ്നങ്ങളും പകുത്ത് രാവുകൾ ഉത്സവങ്ങളാക്കുമ്പോഴും അവനെ കാണാത്തതിൽ വിഷമം പൊടിയുന്നുണ്ടായിരുന്നു.  ഇഷ്ടം കൂടിക്കൂടി ഒരിക്കലും പിരിയാത്തവിധം ഒന്നായിത്തീരുമ്പോഴും അത്രയും കാണാത്തതിലുള്ള വേദനയും വളരുന്നുണ്ടായിരുന്നു.  അവൻ എങ്ങനെയിരിക്കുമെന്ന് അലോചിച്ച് മനസ്സിൽ ഒരായിരം ചിത്രങ്ങൾ അവൾ സങ്കൽ‌പ്പിച്ചു.  ഒന്ന് കാണണമെന്ന് പറഞ്ഞ് കുറുമ്പ് കാട്ടിയാൽ എല്ലാ പിണക്കങ്ങൾക്കുമെന്നതു പോലെ കുട്ടിക്കളിയെന്ന് ചൊല്ലി ചിരിച്ച് തള്ളി ആ പറച്ചിൽ അവസാനിപ്പിക്കുമായിരുന്നു. 


ഒടുക്കം മോഹത്തിന്റെയും പിണക്കത്തിന്റെയും പരിഭവങ്ങൾക്കും അറുതിയായി ധനുമാസത്തിലെ തിരുവാതിര രാത്രിയിൽ കാണാമെന്ന് അവൻ സമ്മതിച്ചു.  ദേഹം മുഴുവൻ വ്യാപിച്ച് അലിയുന്നൊരു കോരിത്തരിപ്പോടെയായിരുന്നു അവളത് കേട്ടത്.  പിന്നെ ഇഴഞ്ഞ് പോകുന്ന ദിവസങ്ങളെ വേഗം പോകാഞ്ഞ് പ്രാകിയും അവനെ കാണാൻ സർവ്വാത്മനാ കൊതിച്ചും ദിനസരികളെ കഴിച്ചുകൂട്ടി.


അങ്ങനെ കന്യകമാർ മംഗല്യ സാക്ഷാത്ക്കാരത്തിനു വേണ്ടി നോമ്പ് എടുക്കുന്ന ധനുമാസത്തിലെ തിരുവാതിര വന്നു ചേർന്നു


അന്ന് രാവിലെ നോമ്പെടുത്ത് കുളിച്ചൊരുങ്ങി കരിമഷി കണ്ണുകളിൽ പ്രണയജ്വാലകൾ തെളിച്ച്, പിടക്കും തനു ഇടക്ക് എവിടെയെങ്കിലും ചാരി നിർത്തി വിറക്കും മനവുമായ് അവൾ രാത്രിയാവാൻ കാത്തിരുന്നു.  അതുവരെ ഇടാതെ മാറ്റിവെച്ച സ്വർണ്ണ തൊങ്ങലുകൾ അതിരിട്ട പുതിയ വെള്ള പട്ടുപാവാടയായിരുന്നു ഉടുത്തിരുന്നത്.  ദീർഘങ്ങളായ നിമിഷങ്ങൾക്കൊടുവിൽ പാലമരത്തെയും നോക്കിക്കിടന്ന് ജനവാതിലുകൾ അടക്കാതെ അൽ‌പ്പനേരം കണ്ണടച്ചുപോയി.  ഏതോ നിമിഷത്തിൽ മയിൽ‌പ്പീലി കൊണ്ടുള്ള ലാളനയാൽ ഉണർത്തപ്പെട്ടപ്പോൾ കട്ടിലിൽ ഒരു ചെറുപ്പക്കാരനെ കണ്ട് ഒന്ന് ഞെട്ടിത്തരിച്ച് പിന്നെ നാണിച്ച് ഹർഷപുളകിതയായി. 


ആദ്യമായ് കണ്ട പരിഭ്രമത്താൽ അവൾക്കൊന്നും മിണ്ടാൻ പോലുമായില്ല.  ഈറനുണക്കിയ ഇടതൂർന്ന മുടിയിൽ അവൻ ദശപുഷ്പം ചൂടിച്ചപ്പോൾ മനസ്സിലുറപ്പിച്ച മുഖത്തിന്റെ സാമ്യചേരുവകൾ തേടുകയായിരുന്നവൾ.  കാണുമ്പോൾ പറയാൻ കരുതിയിരുന്നതെല്ലാം മറന്ന് ലജ്ജാഭാരത്താൽ ശിരസ്സുയർത്താനാവാതെ നിൽക്കുമ്പോൾ മേഘക്കൂട്ടം പോലെ ഇടതിങ്ങിയ ചുരുൾ മുടിയിഴകൾ കോരിയൊതുക്കി തിങ്കൾ മുഖം ഇരുകൈകളാലും പതുക്കെ തഴുകിയടുപ്പിച്ച് അവൻ ആ തരളിത കന്യയിൽ ആദ്യ ചുംബനത്തിന്റെ മധു പകർന്നു.  കാമുക സമാഗമത്തിൽ ആസക്തയായിരുന്ന ആ തന്വാംഗി മലർലത പോലെ അവന്റെ കരുത്തുറ്റ കരങ്ങളിൽ വാടിയമർന്നു.  പിന്നെ നിശ പോലും നാണിച്ച് പോകുന്ന മദിരോത്സവമായിരുന്നു ആ മുറിയിൽ.  അസംഖ്യം രതിപുഷ്പങ്ങൾ മൊട്ടിട്ട് വിടർന്ന ആ പൂത്തിരുവാതിര രാത്രി മറ്റാരും കാണാതിരിക്കാൻ പവന കരങ്ങൾ വാതിലുകൾ ശബ്ദലേശമന്യേ തഴുകിയടച്ചു.  കാറ്റിനൊപ്പം ഒളിച്ചു കടന്ന പാലപ്പൂമണം മാത്രമായിരുന്നു മറക്കാനാവാത്ത ആ രാവിന്റെ നേർസാക്ഷ്യം.


രാവിലെ, മേനിയിലെ നഖ-ദന്തമുനകളുടെ വേദനയിലും രതിസുഖത്തിന്റെ ആലസ്യത്തിലും എഴുന്നേൽക്കാൻ വൈകി കണ്ണു തുറക്കാതെ കൈകളാൽ അവനെ തിരഞ്ഞപ്പോൾ പാതിയിടം ശൂന്യമായിരുന്നു.  കട്ടിലിലും മുറിയിലും ചതഞ്ഞ പൂക്കളുടെ മൃതഗന്ധം മാത്രം.  തണുത്തുറഞ്ഞ സെൽ‌ഫോണിൽ പതിവ് ശുഭദിനാശംസയും കാണാഞ്ഞ് അവൾ പരിഭ്രമിച്ച് അവനെ വിളിച്ചു.  പക്ഷേ വിളി കേള്‍ക്കുന്ന ലോകത്തിനുമപ്പുറത്തായിരുന്നു അവൻ.  കന്യാഛേദം കഴിഞ്ഞാൽ ഗന്ധർവ്വൻ‌മാർ പെൺ‌കൊടിമാരെ എന്നെന്നേക്കുമായി വിസ്മരിക്കുമെന്ന് പാർവ്വതിക്കുട്ടിക്ക് അറിയില്ലായിരുന്നല്ലോ. 


കരിക്കട്ട പോലത്തെ സെൽ‌ഫോണും പിടിച്ച് പാര്‍വ്വതിക്കുട്ടി കാത്തിരിക്കുകയാണ്...

Monday, October 31, 2011

ആദ്യ രാത്രി ശിവരാത്രി“സോനാ സോനാ.. നീ ഒന്നാം നമ്പർ..”
എന്ന പാട്ട് ഓൺ ചെയ്താൽ ആദ്യം കിട്ടുന്ന വിധത്തിൽ സി.ഡി.യിൽ സെറ്റ് ചെയ്ത് മുറിയിൽ അക്ഷമനായി നടക്കുകയാണ് സോമദാസൻ.  അതിന്റിടക്ക് ഒന്നു രണ്ട് പ്രാവശ്യം കിടക്കവിരിയുടെ ഇല്ലാ ചുളിവുകൾ നിവർത്തി മുല്ലപ്പൂക്കൾ എല്ലാ ഏരിയയിലേക്കും പെറുക്കി വെച്ചു.  ഈ മുല്ലപ്പൂവുകൾക്കൊക്കെ പണ്ടേ ഇത്ര മണമുണ്ടായിരുന്നോ എന്ന് അവനു തോന്നി.   ക്ലോക്കിൽ നോക്കി സമയം പോകുന്നില്ലെന്ന് കണ്ട് ഒരിക്കൽ കൂടി ബാത്ത്‌റൂമിൽ പോയി പേസ്റ്റെടുത്ത് വായിൽ കവിൾ കോളി തുപ്പി, വായ്നാറ്റമില്ലെന്ന് കൈ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചു.

അപ്പോൾ രണ്ട് മൂന്ന് ഫോണുകൾ വന്നു.  ഗൾഫിലെ റൂം മേറ്റ്സും സുഹൃത്തുക്കളുമാണ്.  എല്ലാ പണ്ടാരങ്ങൾക്കും അറിയേണ്ടത് ഒറ്റക്കാര്യമാണ്.  “എന്തായെടാ.. തുടങ്ങിയോ.. എവിടെ വരെ ആയി..?” ഇവൻ‌മാർക്കൊന്നും യാതൊരു ജോലിയുമില്ലേ, എന്ന് പറഞ്ഞ് സോമൻ ഫോൺ ഓഫാക്കി മേശയിൽ വെച്ചു.  സമയം പത്തു മണി കഴിഞ്ഞു.  അവളിങ്ങോട്ട് വരാണ്ട് എന്തോന്ന് തുടങ്ങാനാ..?

വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും സോനയായിരിക്കുമെന്ന് കരുതി ഉള്ളതിലേക്ക് വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് പാട്ട് വെക്കാനായി റിമോട്ടിൽ വിരലമർത്തി നിന്നു.  എപ്പോഴും അടുക്കളയിൽ അടുപ്പും വെപ്പും മാത്രം നോക്കി ജീവിക്കുന്ന വെല്ല്യേച്ചിയാണ് പുറത്തൂടെ ഇടക്കിടക്ക് ഉലാത്തുന്നത്.  ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?  ഈ സോന ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് വേഗം ഇങ്ങോട്ട് വന്നൂടേ.   

കമ്പ്യൂട്ടറൊക്കെ പഠിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല.  നമ്മളാണെങ്കിൽ വെറും പത്താം ക്ലാസ്സും.  വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി.  ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം.  അവിടെ ലെബനീസ് റെസ്റ്റോറന്റിൽ സെയിൽ‌സ്മാനാണെന്ന് ആരും അറിഞ്ഞിട്ടില്ല, ചോദിക്കുന്നവരോട് സെയിൽ‌സ് മാനേജരാണെന്നാണ് പറയാറ്.  ഒന്ന് രണ്ട് അക്ഷരം കൂടിപ്പോയെന്ന് വെച്ച് അതൊരു വലിയ കുറ്റമൊന്നുമല്ലല്ലോ.  റോളയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.   

അറബിയുടെ കാലു പിടിച്ച് കിട്ടിയ മൂന്നിൽ രണ്ടു മാസം മുഴുവൻ പെണ്ണുകാണാൻ പോയി തീർത്തു.  അവിടെ ഇരിക്കുമ്പോ വിചാരിക്കും പെൺപിള്ളേരൊക്കെ ഗൾഫെന്ന് കേട്ടാൽ ഓടി വരുമെന്ന്.  കാലം പോയി ഇപ്പോ പത്തിൽ പത്തും തോറ്റ പെണ്ണു പോലും ഗൾഫിലേക്ക് കൊണ്ടു പോകുമോ എന്നാ ചോദിക്കുന്നേ.  ചാനലുകാരെക്കൊണ്ടും പത്രക്കാരെക്കൊണ്ടും കിട്ടിയ ഗുണമാ അതൊക്കെ.  കണ്ണാടി പോലത്തെ റോഡുകളും അടിപൊളി മാളുകളും കോം‌‌പ്ലക്സുകളുമൊക്കെ കാണിച്ച് ഇവറ്റകളുടെ ബ്രെയിനൊക്കെ അവൻ‌മാർ വൈറ്റ് വാഷ് ചെയ്തു കളഞ്ഞു.  
രണ്ട് മാസം കൊണ്ട് നാൽ‌പ്പത്തി മൂന്ന് പെണ്ണു കാണൽ നടത്തിയെങ്കിലും അതിൽ പകുതി മുക്കാലും പെങ്ങൻ‌മാരും അളിയൻ‌മാരും നാട്ടുകാരും ചേർന്ന് സംയുക്തമായി തട്ടിമാറ്റി.  ബാക്കി കാൽ പെണ്ണുവീട്ടുകാരും.  നല്ല സുന്ദരി പെൺ‌പിള്ളേരുടെ ആലോചനയൊക്കെ നിസ്സാര കാര്യങ്ങൾക്ക് പെങ്ങൻ‌മാർ വേണ്ടാന്നു പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാണ്ട് വിഷമിച്ചിരുന്നിട്ടുണ്ട്.  പെണ്ണിന്റെ അച്ഛനുമമ്മയും വയസ്സന്മാരാ, ഒറ്റ മോളായിപ്പോയി, അല്ലെങ്കിൽ എല്ലാം പെണ്ണുങ്ങളായിപ്പോയി, മുടി കുറവ്, പല്ലിന് ഗ്യാപ്പുണ്ട്, തടി കുറഞ്ഞാ കുഴപ്പം, കൂടിയാ കുഴപ്പം, സൌണ്ട്, നടത്തം, സംസാരം ഇങ്ങനെ ഓരോ കായിക ക്ഷമതാ പരീക്ഷകൾ നടത്തുമ്പോഴും ആലോചനകൾ തട്ടി വീണു കൊണ്ടിരുന്നു.  പെങ്ങന്മാരുടെ ഡിമാൻഡുകൾക്ക് മുന്നിൽ സ്വന്തം ആഗ്രഹങ്ങൾക്ക് ഒരു ഫേസ് വാല്യു ഉണ്ടായിരുന്നില്ല.  ഒന്നും പറയാനും പറ്റില്ലല്ലൊ, കെട്ടിയിട്ട് ഇവിടെ ആക്കി പോകേണ്ടതല്ലേ.  വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനെ ഇവിടാക്കി എങ്ങനെ മനസ്സമാധാനത്തിൽ അവിടെ കഴിയാനാ.

സോനയെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.  നിഷ്കളങ്കയായ നാടൻ ബേഡ്.  ഇത് ലാസ്റ്റ് പെണ്ണുകാണലാണ്, ഇനി പെണ്ണുകാണാൻ പോകില്ല, (അതിനു സമയവുമുണ്ടായിരുന്നില്ല) വേണമെങ്കിൽ ഇതിനെ കെട്ടാം എന്ന് പറഞ്ഞ് നിർബ്ബന്ധിച്ചപ്പോ അളിയൻ‌മാർക്കും പെങ്ങൻ‌മാർക്കും ഡിമാൻ‌ഡുകൾ പുറത്തെടുക്കാൻ പറ്റിയില്ല.  കൂടുതൽ പഠിച്ചു പോയെന്ന പരാതി കേൾക്കാൻ നിന്നില്ല.  പെണ്ണിന്റെ വീട്ടുകാർക്ക് കെട്ടിച്ച് തരുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെ ഇവർക്കെന്താ.  “മോളെ ഗൾഫിലേക്ക് കൊണ്ടു പോക്വോ..“ എന്ന് നിയുക്ത അമ്മായിഅപ്പൻ ചോദിച്ചപ്പോൾ ഫ്ലാറ്റിലെ എട്ട് പേർക്കുള്ളതും, പന്ത്രണ്ടു പേർ ഇടതിങ്ങിപ്പാർക്കുന്നതുമായ മുറിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഓ.. കൊണ്ടു പോകും..” എന്ന് പുറത്തും “എയർപോർട്ട് വരെ..” എന്ന് മനസ്സിലും പറഞ്ഞു.  

കല്യാണം കഴിഞ്ഞാ പിന്നെ ഇവരതും പറഞ്ഞ് കേസ് കൊടുക്കാനൊന്നും വരില്ലല്ലോ.  ആദ്യ ചാൻസിനു തന്നെ അവൾക്ക് മാതൃദേവോ മന്ത്രം പഠിപ്പിച്ചു കൊടുക്കണം.  പിന്നെ കൊച്ചിനേം നോക്കി ഓമനത്തിങ്കൾ കിടാവോ മന്ത്രം ജപിച്ച് ഇവിടിരുന്നോളും.  എപ്പോഴെങ്കിലും കണാമുണാന്ന് മിണ്ടാൻ വന്നാ അപ്പോ കാണിച്ചു കൊടുക്കാം.  കൊണ്ടു പോണം പോലും.. അവളുടെ അച്ഛന്റെ  ഈ ഗൾഫൊക്കെ എപ്പോഴാ ഉണ്ടായേ.. അതുണ്ടാകുന്നതിനു മുമ്പും ആളുകൾ കല്യാണം കഴിച്ചിട്ടില്ലേ

പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കം കേട്ടപ്പോൾ കേരളത്തിലെ സകല അമ്മായിയപ്പൻ‌മാരോടും തോന്നിയ ദ്വേഷ്യം ഐസ് പോലെ അലിഞ്ഞു.  ആദ്യരാത്രിയിൽ പെണ്ണ് മുറിയിലേക്ക് വരുന്ന സമയത്തുള്ള കാലൊച്ചയും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൌണ്ട്..! ഹോ.. ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തനൊന്ന് കേട്ടിട്ടില്ല.  ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു.  സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു.  ഇവളിതു വരെ സാരിയും ആഭരണങ്ങളുമൊന്നും അഴിച്ചു വെച്ചിട്ടില്ലേ? അതിനു മെനക്കെടുന്ന സമയവും നഷ്ടമായല്ലോ ദൈവമേ...  ആകെ ഒരാഴ്ചത്തെ ടൈമേയുള്ളൂ.  കല്യാണത്തിനു ചെലവായ മൂന്നു ലക്ഷം അതിന്റെയിടക്ക് എങ്ങനെ മൊതലാക്കാനാ.   ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും.  അപ്പോ ഒരു മിനിറ്റ് ലേറ്റായാ ഹൺ‌ഡ്രഡ് മണീസാ പോകുന്നത്.

സോനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതു വരെ ലോണെടുത്ത് വെച്ച ധൈര്യമൊക്കെ ഒലിച്ചു പോയി.  എന്തൊക്കെയോ പഠിച്ച് മെട്രോ സിറ്റിയിൽ ടെക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ്.  എന്ത് പറയണം, അവളുടെ രീതികളൊക്കെ എങ്ങനെയാണ്, എന്തെങ്കിലും നാക്കെടുത്ത് വളച്ച് ചളമായാലോ അങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോ വയറിലെ ലോലെയറിൽ നിന്നൊരു കാൾ വന്നു, കൈകാലുകളിൽ തെങ്ങിൻ പൂക്കുലാദി വിറ ബാധിച്ചു.  ഇരിക്ക് എന്നൊക്കെ പറയാൻ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേക്ക് വന്നില്ല.  അവൾ കളിയാക്കി ചിരിക്കുന്നുണ്ടോ.. ഹേയ്.. കൈ രണ്ടും കട്ടിലിൽ കുത്തിപ്പിടിച്ച് അടങ്ങ് വിറേ.. അടങ്ങ് വിറേ.. എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെ അടങ്ങുന്ന ടൈപ്പൊന്നുമല്ലായിരുന്നു.  ആദ്യരാത്രി കണ്ടു പിടിച്ചതിൽ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ നൈറ്റിലും വിറയും ഉണ്ടായിരുന്നു.  അത് രണ്ടും ഒരമ്മ പെറ്റ മക്കളാ.

ചിലപ്പോ ചെറിയ വിറയലൊക്കെ കാണുമെന്ന് മുൻ‌കൂട്ടി കണ്ടത് കൊണ്ടാവണം സുരേഷ് രണ്ട് പെഗ് അടിക്കാൻ പറഞ്ഞത്.  ഹേയ് എനിക്കതിന്റെ ആവശ്യമൊന്നുമില്ല എന്നൊക്കെ ഡയലോഗ് അടിച്ചെങ്കിലും അഥവാ വേണ്ടി വന്നാലോ എന്നു കരുതി സ്മിനോഫ് വോഡ്ക സെവനപ്പിന്റെ ബോട്ടിലിൽ വാട്ടർ മിക്സ് ചെയ്ത് വെച്ചിരുന്നു.  കണ്ടാൽ പച്ച വെള്ളമാണെന്നേ ആരും കരുതൂ.  അതേതായാലും നന്നായി.  പതുക്കെ നടന്ന് അലമാര തുറന്ന് ഏഴപ്പിന്റെ പച്ച ബോട്ടിലെടുത്ത് കുടിക്കാൻ തുനിയുന്നതിനു മുൻപായി “വെള്ളം വേണോ..” എന്ന് സോനയോട് മര്യാദയുടെ ഭാഷയിൽ ചോദിച്ചു.  അവൾ ഉത്തരം പറയുന്നതിനു മുൻപായി വാതിലിൽ മുട്ടു കേട്ടു.  ദേ പിന്നേം നൂറു രൂപ പോയി എന്നു പറഞ്ഞ് ബോട്ടിൽ മേശമേൽ വെച്ച് വാതിൽ തുറന്നു നോക്കി.  ഇളയ പെങ്ങൾ ഒരു ഗ്ലാസ്സ് പാലും കൊണ്ട് നാണിപ്പെങ്ങളായി നിൽക്കുന്നു.  ഈ പണ്ടാരത്തിനൊക്കെ വരാൻ കണ്ട നേരം!  ഇവളുടെ ആദ്യരാത്രിയിലല്ല ഒരു രാത്രിയിലും ഞാൻ വാതിലിൽ മുട്ടാൻ പോയിട്ട് ആ പഞ്ചായത്തിൽ പോലും പോയിട്ടില്ലല്ലോ. കോമൺസെൻസ് വേണമെടീ പൊതുവിജ്ഞാനം.. എന്ന് മനസ്സിൽ പറഞ്ഞ് കൈ നീട്ടി മിൽമ ഗ്ലാസ്സ് വാങ്ങിയപ്പോൾ കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു.  നോക്കുമ്പോ അവളുടെ പൊട്ടിത്തെറിച്ച ചെക്കൻ ഓടി കട്ടിലിൽ കയറിത്തുള്ളുന്നു.  പിടിക്കാൻ കിട്ടുന്നതിനു മുൻപ് കുരുത്തംകെട്ടവൻ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ വിരിച്ചതൊക്കെ അലങ്കോലമാക്കി.  വല്ല വിധേനയും അതിനെ പിടിച്ച് പുറത്താക്കി വാതിലടച്ച് തിരിഞ്ഞ് നോക്കിയപ്പോൾ സോനാ രാജകുമാരി സെവൻ‌അപ്പിന്റെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി മടമടാന്ന് കുടിക്കുന്ന എക്സ്ക്ലൂസിവ് ഹാർട്ട് ബ്രേക്കിങ്ങ് വിഷ്വലാണ് കണ്ടത്!!

സോനേ അത് കുടിക്കരുതെന്ന് പറഞ്ഞെങ്കിലും വേഡ്സ് സ്പീക്കറിലേക്ക് ഔട്ട്പുട്ടായില്ല, തടയണമെന്ന് ആഗ്രഹിച്ചെങ്കിലും കാലുകൾ നീങ്ങിയില്ല.  ദേഹത്ത് കൂടിയിരുന്ന വിറയൽ ബാധയൊക്കെ പമ്പയും സന്നിധാനവും പത്തനംതിട്ടയും കടന്നു.  പാൽ ഗ്ലാസ്സ് എവിടെയോ വെച്ച് ഒരു സപ്പോർട്ടിനായി കട്ടിലിലിരുന്ന് വിളിച്ചു.

“സോനേ..”
“ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ..”

ആ വല ഭാഷ സോമദാസനു പിടികിട്ടിയില്ല.  അവൻ കം‌പ്ലീറ്റ് ബ്ലാങ്കായി നിർവ്വികാരപരബ്രഹ്മദാസനായി നിൽക്കെ സോന ബോട്ടിൽ പകുതിയാക്കി കട്ടിലിലേക്ക് പിടിയാനയെപ്പോലെ ചെരിഞ്ഞു.  എല്ലാ പ്ലാനിങ്ങും പിഴച്ചു പോയ സോമദാസൻ പതുക്കെ വിളിച്ചു. 
“മോളേ

“ഫ..!!! ആരാടാ നിന്റെ മോള്.. ഇരിക്കണ ഇരിപ്പ് കണ്ടാലും മതി.. കോന്തൻ.. എത്ര രൂപേന്റെ സാരിയാടാ നീ വാങ്ങിയ കല്യാണ സാരി..? അയ്യായിരം ഉറുപ്പ്യേന്റെ സാരിയും വാങ്ങീറ്റ് എന്നോട് പറഞ്ഞ് മുപ്പതിനായിരത്തിന്റേതാന്ന്ന്ന്.. അത് പോട്ടെ.. പൊന്നു കൊറവാണെന്ന് എന്നോട് ! ഇത്രയും പൊന്ന് കൊണ്ടന്ന എന്നോട് നിന്റെ പെങ്ങൻ‌മാർ പറയ്യാ.. അവളുടെയൊക്കെ മേത്തെന്താ ഉള്ളേ.. ഒരു നൂ‍ലു പോലത്തെ താലി.. എല്ലാത്തിനും ഞാൻ വെച്ചിറ്റ്ണ്ട്  നിന്റെ അമ്മയും കണക്കാ തള്ളേന്റെ മുഖത്തിനൊരു തെളിച്ചമില്ലല്ലോ.. എനിക്ക് കളറു കുറവാണ് പോലും..!  തള്ളക്ക് ഞാൻ കൊടുത്തോളാ..  ഒറ്റ മാസം ഞാനീട നിക്കും, അയിന്റെടക്ക് എന്നെ ഗൾഫിലേക്ക് കൊണ്ടൊയില്ലേങ്കില്.. ങാ.... എന്നിട്ട് മാത്രം എന്നെ തൊട്ടാ മതി അല്ലാണ്ട് എന്തെങ്കിലും വിചാരിച്ച് മണപ്പിച്ച് ഇങ്ങോട്ട് വന്നാ.. കാണിച്ച് തരും സോനയാരാണെന്ന്… ഗുഡ് നൈ..

രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ സോമദാസന്റെ ചെവിയിൽ ഈ പാട്ടുകൾ അലയടിച്ചു.

“ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ..
വികാര തരളിത ഗാത്രികൾ വിവാഹ പൂർവ്വ രാത്രികൾ..”

Friday, September 30, 2011

വാട്ടർ ഡാൻസ്പ്രായപൂർത്തി തെകഞ്ഞ് കൊല്ലം കൊറേ ആയിട്ടും ജോലിക്കൊന്നും പോകാതെ കൂട്ടുകാരനായ അശോകനുമൊന്നിച്ച്  കുറച്ച് പാർട്ടി പ്രവർത്തനം, ലേശം പഞ്ചാരയടി, ഇത്തിരി ഡ്രിങ്ക്സുമൊക്കെയായി ആമോദപൂർവ്വം ജീവിക്കുന്ന നല്ലോരു ചെറുപ്പക്കാരനാണ് ഹരീശൻ.  പാരമ്പര്യമായി തെയ്യം കെട്ടുന്ന കുടുംബമാണ് ടിയാന്റേത്.  അച്ഛനായ മാധവന് വയസ്സായി, തെയ്യം കെട്ടാനൊന്നും കഴിയാണ്ടുമായി.  ഹരീശനോട് കൂടെ പോയി സഹായിക്കാനും തെയ്യം കെട്ടാനും പലതവണ റിക്വെസ്റ്റ് ചെയ്തിട്ടും അവനത് ആക്സപ്റ്റ് ചെയ്തില്ല.  മോൻ തെയ്യം കെട്ടാൻ വരുന്നില്ലാന്ന് മൂപ്പർ വരുന്നോരോടും പോന്നോരോടും പായ്യാരം പറയാനും തുടങ്ങി.  അത് സഹിക്കാൻ വയ്യാണ്ടായപ്പോ കുലത്തൊഴിലേക്ക് ഇറങ്ങാമെന്ന് ഹരീശൻ അർദ്ധമനസ്സോടെ തീരുമാനിച്ചു.

ബേസിക്കലി തെയ്യം, അമ്പലം, കാവ് എന്ന പിന്തിരിപ്പൻ ഏർപ്പാടുകളോട് പാർട്ടി എതിരാണെങ്കിലും ഒരു നാടൻ കലാരൂപമെന്ന നിലക്ക് തെയ്യങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് പാർട്ടി സർകുലർ ഇറക്കിയതും ഹരീശന്റെ മനസ്സ് മാറ്റാന്നിടയാക്കി.  പണ്ടത്തെ കാലം പോലെയല്ല, ഇപ്പോൾ തെയ്യം കെട്ടുന്നതിന് കൂലിയായും വരവായും നല്ല കാശ് കിട്ടുന്നുണ്ട്. കൊല്ലത്തോളം ചോറ് വെക്കാനുള്ള അരി, വയറു നിറയെ കള്ള്‌, നാട്ടുകാരുടെ ബഹുമാനം, ആരെയും പേടിക്കാതെ പ്രിയമുള്ളവളുമാരുടെ കൈ പിടിക്കൽ ഇതൊക്കെ അഡീഷണൽ ബെനഫിറ്റ്സും.  സർവ്വോപരി എന്തിനും ഏതിനും അശോകന്റെ സാന്നിദ്ധ്യം കൂടി ഉറപ്പായപ്പോൾ തെയ്യം ഫീൽഡിൽ ഇറങ്ങാൻ ലേറ്റായതിൽ ലോസ്സ് ഓഫ് മെന്റാലിറ്റി തോന്നി.
  
മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ മുത്തപ്പൻ വെള്ളാട്ടം കഴിക്കണമെന്ന് തട്ടുപറമ്പിൽ രാഘവാട്ടൻ തീരുമാനിച്ചിരുന്നു.  കുറേ കാലം പല ആലോചനകളും വഴി മാറിപ്പോയതിനു ശേഷമാണ് ഈ ആലോചന ഫിക്സായത്.  മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കാമേ എന്ന് നേർച്ച നേർന്നത് കൊണ്ടായിരിക്കണം അതു വരെ വന്നതിലേക്കും വെച്ച് ഏറ്റവും നല്ല ആലോചനയായിരുന്നത്.  കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വെള്ളാട്ടം.  കല്യാണ സൽക്കാരവും അന്നു വെക്കാം, കല്യാണത്തിന്റെ പന്തലുള്ളത് കൊണ്ട് വേറെ പന്തൽ ഇടണ്ട, ഒരു ചെലവിൽ എല്ലാം ഒത്തു പോകും.  അങ്ങനെയാണ് തെയ്യമില്ലാത്ത കാലത്ത് തെയ്യക്കാർക്ക് അന്നം കൊടുക്കുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടാൻ ആദ്യമായി ഹരീശൻ പണിക്കന് ജോബ് ഓർഡർ കിട്ടുന്നത്.

ഈ വെള്ളാട്ടം എന്ന് പറഞ്ഞാൽ ശരിക്കും വാട്ടർ ഡാൻസ് തന്നെയാ‍ണ്.  മുത്തപ്പന്റെ പ്രധാന വഴിപാട് കള്ളോ, വാറ്റോ, ഫോറിനോ ആയ വിവിധ തരം മദ്യങ്ങളാണ്.  കെട്ടിയാടിക്കുന്ന വീട്ടിൽ സാധനം ഇഷ്ടം പോലെ അവൈലബിൾ ആയത് കൊണ്ട് വെള്ളാട്ടവും, പരികർമ്മിയും മടയനും വാദ്യക്കാരും വീട്ടുകാരും നാട്ടുകാരുമെല്ലാം അന്ന് ഫിറ്റായിരിക്കും.

വിചാരിച്ചത് പോലെ വെള്ളാട്ടം കാണാൻ നല്ല ആളുകളുണ്ടായിരുന്നു.  സ്വന്ത ബന്ധുക്കളും ചെക്കന്റെ ബന്ധുക്കളുമായി നല്ലൊരു ആൾക്കൂട്ടം.  നാട്ടിലെ കല്യാണപ്രായമായ പെൺ‌കുട്ടികളുമൊക്കെ കൂടിയതിനാൽ ഹരീശൻ നല്ല പെർഫോർമൻസായിരുന്നു.  അശോകനാണ് മടയൻ.  മുത്തപ്പനു വീത്ത് എന്നും പറഞ്ഞ് ആളുകൾ വെളുപ്പും ചോപ്പുമായി ഇന്ധനം ഇടക്കിടക്ക് കൊണ്ടു കൊടുക്കുന്നത് കഴിച്ച് ഹരീശനും അശോകനും മാക്സിമം ഫിറ്റാണ്. 

അമ്പും വില്ലുമെയ്ത് തേങ്ങ പിളർക്കുന്ന ചടങ്ങാണ് വെള്ളാട്ടത്തിന്റെ ഹൈലൈറ്റ്.  ഒറ്റ അമ്പിന് തേങ്ങ കൃത്യം രണ്ടായി പിളരും.  അങ്ങനെ സംഭവിച്ചാൽ നടത്തുന്ന വീട്ടുകാർക്ക് ഭയങ്കര സന്തോഷമായിരിക്കും.  അവരത് കാലാകാലം മേനി പറഞ്ഞ് നടക്കുകയും ചെയ്യും.  അമ്പെടുത്ത് വില്ലിന്റെ ചരടിൽ കോർത്ത് കുറേ പ്രാവശ്യം ഉന്നം നോക്കി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും ദ്രുതതാളത്തിൽ നടക്കുകയാണ് ഹരീശൻ.  വാദ്യക്കാർ ചെണ്ടപ്പുറത്ത് അർമാദിച്ച് കൊട്ടുകയാണ്, ആളുകളൊക്കെ തേങ്ങക്ക് അമ്പെയ്യുന്നത് കൊള്ളുമോ തേങ്ങ കറക്റ്റായി പിളരുമോ എന്ന് കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്.  പക്ഷേ തേങ്ങക്ക് ഉന്നം വെക്കുന്നതിനു മുൻപ് ഹരീശന്റെ കൈ വഴുതി അമ്പ് റിലീസായി അശോകന്റെ കാലിൽ തറിച്ചു.  തരിപ്പായാലെന്താ വേദന അറിയാണ്ടിരിക്കുമോ?  ഹരീശൻ മാലോകരാകെ വണങ്ങുന്ന ദൈവമാണ് എന്നൊന്നും ഓർക്കാതെ അശോകൻ പ്രാണ വേദനയോടെ  വിളിച്ചു പറഞ്ഞു പോയി.  “ഏട നോക്കിയാടാ എയ്യുന്നത് നായിന്റെ മോനേ..?”

പ്രധാന ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയോളമായിരുന്നു.  ഒരു പീഠത്തിലിരുന്ന് കിരീടത്തിലെ തെച്ചിപ്പൂവും തുമ്പപ്പൂവും പറിച്ചെടുത്ത് അനുഗ്രഹം കൊടുക്കുകയാണ് ഹരീശൻ.  റിട്ടേൺസായി ഒറിജിനൽ ഇന്ത്യൻ റുപ്പീസ് അശോകൻ അസിസ്റ്റന്റ് കലക്റ്റ് ചെയ്യുന്നുമുണ്ട്.  അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഹരീശന്റെ നിലവിലെ ലൈനുകളിലൊരാളായ വനജയെ കണ്ടത്.  വനജ കാണാൻ തരക്കേടില്ലാത്തൊരു പീസാണ്.  ഹരീശനാണെങ്കിൽ തെയ്യം കെട്ടാൻ തുടങ്ങിയതിൽ പിന്നെ വനജയെ ശരിക്ക് കാണാൻ പറ്റിയിട്ടില്ല.  അത് കൊണ്ട് വനജയ്ക്ക് ഇത്തിരി കൂടുതൽ അനുഗ്രഹം കൊടുത്തേക്കാം എന്ന് കരുതി അവളുടെ കൈ പിടിച്ചതും, കൃത്യമായി കറന്റു പോയി ചുറ്റും നല്ല ഇരുട്ടായി. 
കറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.

കുറിയും അനുഗ്രഹം കൊടുക്കലുമൊക്കെ കഴിഞ്ഞ് വെള്ളാട്ടത്തിന്റെ അവസാന സ്റ്റേജിലെത്തി.  ഇനി ഒരു റൌണ്ട് ആടിക്കഴിഞ്ഞ് ചെണ്ടകൊട്ടലിന്റെ ക്ലൈമാക്സിൽ കിരീടം ഊരി പീഠത്തിൽ വെക്കലാണ് ലാസ്റ്റ് ചടങ്ങ്.  അതും കൂടി കഴിഞ്ഞാൽ ഹരീശൻ ഫ്രീയാവും.  വരന്റെ വീട്ടുകാരും നാട്ടുകാരുമൊക്കെ പോയി.  രാഘവാട്ടന്റെ ഫാമിലിയും അടുത്ത ബന്ധക്കളുമേയുള്ളൂ.  അന്നേരം മുറ്റത്തിന്റെ മൂലക്ക് കൂട്ടിൽ ബന്ധനസ്ഥനായ അനിരുദ്ധനെ പോലെ കിടക്കുകയായിരുന്ന കിട്ടു എന്ന നായ വയലന്റായി കുരക്കാൻ തുടങ്ങി. 

ചെണ്ടകൊട്ടലിന്റെ ഒച്ചയുടെ ഒരു ഗ്യാപ്പിൽ ഹരീശൻ കിട്ടുവിന്റെ കഷ്ടപ്പാട് കൊണ്ടുള്ള ഒച്ചപ്പാട് കേട്ടു.  ഹരീശൻ ഉടനെ കൂടിന്റെ മുന്നിൽ പോയി ഉറഞ്ഞാടിക്കൊണ്ട് അരുളി ചെയ്തു.  “എന്റെ വാഹനത്തെ എന്തിനാണ് ബന്ധിച്ചിരിക്കുന്നത്. തുറന്നു വിടൂ. ഹൂം. തുറന്നു വിടൂഏഴീ
അത് കേട്ടപ്പോൾ രാഘവേട്ടന്റെ മോൻ ജിക്കു കൂട് തുറന്നു കൊടുത്തു.  തുറന്നതും കിട്ടുപ്പട്ടി ഹരീശന്റെ നേർക്ക് ഒറ്റച്ചാട്ടം.  അപകടത്തിന്റെ സ്മെൽ അടിച്ച ഹരീശൻ തിരിഞ്ഞ് ഓടാൻ ശ്രമിച്ചെങ്കിലും കിട്ടു അവന്റെ പിൻ ഭാഗത്തെ ‘ധ’ എന്ന ഏകാക്ഷരത്തെ ഒറ്റക്കടിക്ക് കൂട്ടക്ഷരമാക്കി മാറ്റി.

Sunday, August 28, 2011

മാലിനിയുടെ തീരങ്ങൾ


നല്ല പച്ച പ്ലാവില പോലത്തെ ഇരുപത്തിയഞ്ച് പെൺ‌പിള്ളേർക്ക് കത്രിക പോലത്തെ പത്ത് ആൺ‌പിള്ളേർ, അതായിരുന്നു ജയന്തി കോളേജിലെ പ്രീഡിഗ്രി രണ്ടാം കൊല്ല ക്ലാസ്സ്.  ആൺപിറന്നവൻ‌മാരെ പെൺ‌കുട്ടികൾ വിളിക്കുന്നത് ഇംഗ്ലീഷ് വേഡ് ചെയിനിൽ a മുതൽ i വരെ എന്നാണ്.  ഓരോരുത്തൻ‌മാരായി ക്ലാസ്സിലേക്ക് കേറുമ്പോൾ മീനാക്ഷിയും മാനാക്ഷിയും വാലാക്ഷിയുമെല്ലാം a വന്നു.., b വന്നു.. എന്ന് കോറസായി പറയും.  അരുൺ, ബാബു, ചന്ദ്രൻ, ദിനേശൻ, ഇബ്രാഹിം, ഫാസിൽ, ഗോവിന്ദൻ, ഹാഷിം തുടങ്ങിയവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് a മുതൽ h വരെ.  മനോജിനും എനിക്കും കൂടിയാണ് i.  കൂട്ടത്തിൽ കാണാൻ ചെറുതായത് (കാണാൻ മാത്രം) കൊണ്ട് എന്നെ വിളിക്കുന്നത് i ക്ക് മുകളിലെ കുത്ത് എന്നായിരുന്നു.  അത് കട്ട് ഷോർട്ട് ചെയ്ത് കുത്ത് എന്ന് വിളിക്കും.  ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട, അവരൊന്നും അങ്ങനത്തെ സ്നേഹമില്ലാത്ത ടൈപ്പൊന്നുമല്ല.    

ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നതിന്റെ മടുപ്പ്, കോളേജിൽ പോകാനുള്ള മടി, ബോറടി എന്നതിനെയൊക്കെ ഓവർകം ചെയ്യാൻ ഈ 25 തുടുത്ത തക്കാളികൾ വളരെ സഹായിച്ചിരുന്നു.  അക്കൌണ്ടൻസിയിലെ ബാലൻസ് ഷീറ്റുകൾ ടാലിയാകാത്തതിന്റെ വിഷമം ഈ നാരീസരോവരത്തിൽ ജസ്റ്റ് നോക്കിയാൽ അപ്പൊ തീരും.  ഇരുപത്തിയഞ്ചിൽ മുക്കാൽ ഭാഗവും സുന്ദരികളായിരുന്നെങ്കിലും ഏത് തേനീച്ച കൂട്ടിലും ഒരു റാണിയല്ലേ ഉണ്ടാവൂ.  ക്വീൻ ഓഫ് കോളേജ് എന്ന് ഉറപ്പിച്ച് തറപ്പിച്ച് പറയാം മാലിനിയെപ്പറ്റി.  രണ്ടാം വർഷ ക്ലാസ്സിലാണ് ആ താരാ‍വതാരം കോളേജിലുണ്ടായത്.

സുന്ദരിയെന്ന് വെച്ചാ ഓർഡിനറി സുന്ദരിയല്ല, അതി മനോഹര സുന്ദരി.  ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് കൊഴുത്ത് തുടുത്ത് മധ്യപ്രദേശ് വരെ നീണ്ട മുടിയുമുള്ളൊരു ബട്ടർ സ്റ്റോൺ സ്റ്റാച്യു.  പൊതുവെ സുന്ദരികൾ  പഠന വൈകല്യം ബാധിച്ചവരായിരിക്കും.  എന്നാൽ മാലിനി എല്ലാരെക്കാളും നന്നായി പഠിക്കും.  തരക്കേടില്ലാത്ത ഇരുപത്തിയഞ്ചെണ്ണം ഉണ്ടായിട്ടും വീതം വെച്ചാൽ ഒരാൾക്ക് രണ്ടരയെണ്ണം കറക്റ്റായി കിട്ടുമെന്നിട്ടും ഞങ്ങൾ ദശപുഷ്പൻമാർക്ക് മാലിനിയോട് മാത്രമായിരുന്നു പ്രേമം തോന്നിയത്.  അത് പിന്നെ വണ്ടികൾ എത്രയുണ്ടായാലും ബെൻസ് ബെൻസ് തന്നെയാണല്ലോ. 

കൂട്ടത്തിൽ ഏറ്റവും സ്മാർട്ടും പ്രണയ കാര്യങ്ങളിൽ ഡിഗ്രിക്കാരനുമായിരുന്ന അരുൺ മുതൽ എണ്ണത്തിലും വണ്ണത്തിലും ഗുണത്തിലും പത്താമനായിരുന്ന ഞാൻ വരെ മാലിനിയെന്ന ജ്വാലയിൽ മയങ്ങിയ മഴപ്പാറ്റകളായിരുന്നു.  അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു.  ഗോവിന്ദൻ അവന്റെ പെങ്ങളുടെ കുട്ടിക്ക് മാലിനി എന്ന് പേരിടാൻ പറഞ്ഞപ്പോ അളിയൻ സമ്മതിച്ചില്ല.  അപ്പോൾ അവൻ അളിയന്റെ തന്തക്ക് തെറി പറഞ്ഞു. പെങ്ങളുടെ കല്യാണം കഴിയാത്തതിന് അന്നാദ്യമായി ഞാൻ സങ്കടപ്പെട്ടു.  അത്രക്ക് ഇന്റിമസിയായിരുന്നു ആ പേരിനോട്.  ‘ഗാന്ധർവ്വ’ത്തിലെ ലാലേട്ടനെപ്പോലെ “മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ..“, എന്ന പാട്ടും പാടി മാലിനിയുടെ കൂടെ ഡാൻസ് ചെയ്ത് മലക്കുത്തം മറിയുന്നത് സ്വപ്നം കണ്ട് എനിക്ക് ഉറങ്ങാനേ പറ്റിയില്ല.   

മുൻ‌ഗണനാക്രമം അനുസരിച്ച് ആദ്യമായി മാലിനിയ്ക്ക് ലവ് ലെറ്റർ കൊടുത്തത് അരുണനായിരുന്നു.  അക്കാര്യത്തിൽ സീനിയോരിറ്റിയൊന്നും ഞങ്ങൾ വയലേറ്റ് ചെയ്യില്ല.  പക്ഷേ അവൾ വാങ്ങി വായിച്ച് കൂളായി റിജെക്റ്റ് ചെയ്തു.  അരുണന്റെ അപ്ലിക്കേഷൻ തട്ടിപ്പോയപ്പോൾ ബാബു കൊടുത്തു.  അതിനും ഫലമില്ലാതെയായപ്പോൾ അടുത്തയാൾ. അങ്ങനെ ഓരോന്നായി എട്ടു പേരെയും ആസാക്കിയൊരു ചിരി കൊണ്ട് മാലിനി നിഷ്കാസനം ചെയ്തു.  അവസാനം i യും കുത്തും മാത്രം ബാക്കിയായി.  കണ്ണിലെ കൃഷ്ണമണി പോലെ കറുത്ത മനോജിനെയും അത്രത്തോളം മാത്രം ഉയരവും നിറവുമുള്ള എന്നെയും സാധാരണയായി പ്രണയ പരീക്ഷകളിലൊന്നും അവൻ‌മാർ അടുപ്പിക്കാറില്ല.  

ആഗോള കാമുകൻ‌മാരുടെ മാനം സംരക്ഷിക്കുന്നതിനു് വേണ്ടി അഷ്ടാവക്രന്മാർ എന്നെയും മനോജിനെയും കൂടി സ്റ്റെയർകേസിന്റെ മുകളിൽ മാലിനിയെ തടഞ്ഞ് വെച്ചു.  അവൾ ഒട്ടും കുലുങ്ങാതെ ചിരിച്ച് കൊണ്ട് “എന്തേനും?” എന്ന് ചോദിച്ചു.  “ഞങ്ങളെ അല്ലെങ്കിൽ പിന്നെ ആരെയാ നിനക്ക് ഇഷ്ടം എന്ന് പറയണം..”  ദശ കാമുകൻ‌‌മാർക്ക് വേണ്ടി അരുൺ സ്‌പോൿമെൻ ആയി.  ഒരു കില്ലിങ്ങ് സ്മൈലോടെ മാലിനി a മുതൽ i യുടെ മുകളിലെ കുത്തിന്റെ മുഖം വരെ ഓരോന്നായി നോക്കി.  i യും കഴിഞ്ഞ് കുത്തിലെത്തിയപ്പോൾ ഒന്ന് നിന്നു.  പല്ലിയെ പോലെ വയറും ലിവറും ഹാർട്ടുമെല്ലാം കാണുന്ന ഗ്ലാസ്സ് ബോഡിയുള്ള ഞാനോ എന്നാലോചിച്ച് എല്ലാവരും ഞെട്ടി.  ഞാൻ മാത്രം ഞെട്ടിയതേയില്ല, ബോധമുണ്ടായിട്ട് വേണ്ടെ ഞെട്ടാൻ..!! പക്ഷേ അതേ പോലെ ഒരു സ്റ്റെപ്പ് പിന്നോട്ട് പോയി അവൾ മനോജിന്റെ മുഖത്ത് ഹാൾട്ട് ചെയ്തു.  എന്നിട്ട് പുരികം കൊണ്ട് ചൂണ്ടിക്കാണിച്ച് നാണാ വിവശയായി ഓടിപ്പോയി.  ഇടിവെട്ടേറ്റത് പോലെ നിശ്ചലരായ ഒൻ‌പത് പ്രതിമകളുടെ ഇടയിൽ നിന്ന് ജീവനുള്ള മനോജെന്ന പ്രതിമ ബോധമറ്റ് നിലം‌പതിച്ചു.  എപ്പോഴോ നിരാശാഭരിതനായ ഏതോ സഹപാഠൻ പറയുന്നത് കേട്ടു “കറുപ്പിന് ഏഴഴക് മാത്രമല്ല, പിന്നെയൊരു കുളിരുമുണ്ട്..” വെറുതെ പറഞ്ഞതായിരിക്കുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും വൈകാതെ അവളുടെ ക്ലാരിഫിക്കേഷൻ എത്തി.  ആൾക്ക് കറുപ്പ് നിറക്കാരെ ഭയങ്കര ഇഷ്ടമാണെത്രെ.! ഇഷ്ട ദൈവം ശ്രീകൃഷ്ണൻ.  പക്ഷേ ചില കറുപ്പു വിരോധികളെപ്പോലെ കൃഷ്ണനെ നീലയാക്കാനൊന്നും അവൾ മെനക്കെട്ടില്ല.  തന്റെ കണ്ണൻ കറമ്പനാണെന്ന് അവൾ പറഞ്ഞു.

പി.ടി.ഉഷക്ക് ലോസാഞ്ചലസിൽ മെഡൽ പോയത് പോലെ, അവസാന ബോളിൽ ഒരു റൺ എടുക്കാനാവാതെ തോറ്റത് പോലെ, ടിക്കറ്റ് കൌണ്ടറിൽ കൈ ഇടുമ്പോൾ ക്ലോസ്ഡ് ബോർഡ് വീണത് പോലെ ലിപ്പിനും കപ്പിനുമിടക്ക് എനിക്ക് മെഡൽ നഷ്ടപ്പെട്ടു.  ‘കറുപ്പ് താൻ അവൾക്ക് പിടിച്ച കളറ്‌‘ എന്നറിഞ്ഞിരുന്നെങ്കിൽ ദിവസോം കരിപൂശി വരുമായിരുന്നു.  അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.  പത്രത്തിലും ടി.വിയിലുമൊക്കെ ഇടക്ക് കാണാറില്ലേ കൊളച്ചേരിക്കാരന് അയർലൻ‌ഡിൽ നിന്നും വധു, പയ്യന്നൂർക്കാരന് കനഡയിൽ മാംഗല്യം എന്നൊക്കെ.  എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ ആഫ്രിക്കക്കാരൻ വരൻ അല്ലെങ്കിൽ മൊറോക്കോ വധു എന്ന്?  ഉണ്ടാവില്ല, പെണ്ണുകാണാൻ പോകുമ്പോ എല്ലാരും പറയും പെണ്ണ് കറുത്താലെന്താ മനസ്സല്ലേ വലുത്, കറുപ്പിന് ഏഴഴകാണ് എന്നൊക്കെ.  ഇതൊക്കെ ആളുകൾ ഭംഗിവാക്ക് പറയുമെന്നേ ഉള്ളൂ, ഒരു കല്യാണത്തിനു പോയാൽ പെണ്ണ് അല്ലെങ്കിൽ ചെക്കൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ‘ഓ കറുത്തിട്ടാണ്..’ എന്നേ പറയൂ.  പക്ഷേ ഒരുപാട് സുന്ദരികളായ മാലിനിമാർക്ക് കറുത്ത നിറക്കാരെയാണ് ഇഷ്ടം.  വെറുതെ പറയുന്നതല്ല, സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറയുന്നതാ. 

മാലിനി തന്റെ ടേസ്റ്റ് അറിയിച്ചതിൽ പിന്നെ മനോജ് ഇന്ത്യ പിടിച്ചടക്കിയ സായിപ്പിനെ പോലെ നടക്കാൻ തുടങ്ങി.  കൂടുതൽ കറുക്കാൻ വേണ്ടി അവൻ കുളി പോലും നിർത്തിയെന്ന് തോന്നിപ്പോയി.  നെറ്റിയിൽ അമ്മിപ്പുറത്ത് മഞ്ഞൾ വെച്ചത് പോലൊരു കുറിയും വരച്ച് വായിൽ എപ്പോ നോക്കിയാലും മാലിനി നദിയും കണ്ണാടി നോക്കലും. ഞങ്ങളാണെങ്കിൽ മ എന്ന അക്ഷരം മുൻചിഹ്നങ്ങൾ ഇല്ലാതെ പിന്നെ ഉച്ചരിച്ചിട്ടില്ല.  ഗോവിന്ദൻ അവന്റെ അളിയന്റെ ബൈക്ക് പറയാതെ തന്നെ കഴുകിക്കൊടുത്തു.  ഞങ്ങൾ മനസ്സാ ശപിച്ച് പണ്ടാരടക്കുമ്പോൾ അവർ എല്ലാരും കാൺ‌കെ മിണ്ടാനും ചിരിക്കാനും ഒന്നിച്ച് നടക്കാനും തുടങ്ങി.  രണ്ടിനെയും കാണാൻ ചായപ്പൊടിയും പഞ്ചസാരയും പോലെയുണ്ട്.  അതൊക്കെ കണ്ട് ഞെരിപിരി കൊണ്ടപ്പോൾ അവരുടെ പ്രണയം പൊളിക്കാൻ ഞങ്ങൾ ലക്ഷ്മണൻ മാസ്റ്ററെ ഇറക്കി.  പണ്ടേ മാലിനിയെ നോട്ടമുള്ള മാഷ് ഇത് കേട്ടതിൽ പിന്നെ കടുപ്പമുള്ള ചോദ്യങ്ങൾ മനോജിനായി പ്രിപ്പയർ ചെയ്തു.  അവൻ മുകളിലെ ഉത്തരം നോക്കി ഉത്തരമില്ലാതെ അടി വാങ്ങുമ്പോൾ മാലിനി കുത്തോട്ട് നോക്കി മിഴിനീർ പുറപ്പെടുവിക്കും.  ഇതൊക്കെ കണ്ട് ഞങ്ങളുടെ അന്തരാത്മാവിൽ ആനന്ദാശ്രുക്കൾ പുറത്തേക്ക് തുള്ളിത്തുളുമ്പി.

കുറേ നാൾ കഴിഞ്ഞപ്പോൾ വാശിയും പ്രതികാരവും കുറഞ്ഞ് നള-ദമയന്തിയെ പോലെ, ലൈലാ-മജ്നുവെ പോലെ, ദിലീപ്-കാവ്യമാരെ പോലെ അവരെയും അംഗീകരിച്ചു.  പിന്നെ ആസന്നമായ ലോൿസഭാ ഇലക്ഷൻ എന്ന കൂട്ട് ആസന്നമായ യൂനിവേഴ്സിറ്റി പരീക്ഷയുടെ ടെൻ‌ഷനിലായി.  തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ പരീക്ഷ എഴുതാൻ മനോജും മാലിനിയും ബസ്സിൽ ഒരു സീറ്റിലിരുന്നായിരുന്നു പോയത്.  ബെല്ലടിക്കുന്നതിനു മുമ്പ് വരെ മരച്ചുവട്ടിൽ ഇരുന്ന് മനോജിനെ മാലിനി  ഡെബിറ്റും ക്രെഡിറ്റും പഠിപ്പിക്കും.  അവസാന ദിവസം വൈകുന്നേരം മനോജിന്റെ തോളിൽ ചാരി പൊട്ടിക്കരയുന്ന മാലിനിയെക്കണ്ട് ഞങ്ങൾ കൈ ചുരുട്ടി സ്കൂളിന്റെ ചുമരിൽ ഇടിച്ചു കൈക്ക് വേദന കൊടുത്ത് മനസ്സിന്റെ വേദന മാറ്റി.

രണ്ട് മാസം കഴിഞ്ഞ് റീസൾറ്റ് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ മാലിനി നന്നായി ജയിക്കുകയും മനോജ് നന്നായി തോൽക്കുകയും ചെയ്തു.  അത് മാത്രമായിരുന്നു പിന്നീട് അവരെ പറ്റി കിട്ടിയ വിവരം.  പത്തു പേരും പിന്നെ കൂട്ടിമുട്ടാത്ത വിധം അവനവന്റെ പേരെഴുതി വെച്ചിട്ടുള്ള അരി തേടി പല വഴിക്ക് യാത്രയായി.

പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും വരുന്നൊരു ബന്ധുവിനെ കൂട്ടാൻ എയർപോർട്ടിൽ നിൽക്കുകയായിരുന്നു ഞാൻ.  ലഗേജുമായി ആളുകൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തിൽ ടൈറ്റ് ഫിറ്റ് പാന്റ്സും ടീഷർട്ടുമിട്ടൊരു പെണ്ണമ്മ ട്രോളിയും തള്ളിക്കൊണ്ട് വരുന്നത് കണ്ടു.  അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക്.  പിന്നിൽ വരുന്ന ആരെയോ നോക്കാൻ അവൾ തിരിഞ്ഞ് നിന്ന് കൈ പൊക്കി കണ്ണട തലയിലേക്ക് ഡിഷ് ആന്റിന പോലെ പൊന്തിച്ച് വെച്ചപ്പോൾ ടിഷർട്ട് ഉയർന്ന് പിന്നിലെ ബി നിലവറ തുറന്നു. 

കണ്ണട മാറ്റിയപ്പോൾ ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി.  റിവൈൻ‌ഡ് ചെയ്ത് കൊല്ലങ്ങളെ പിന്നോട്ട് മാറ്റിയപ്പോൾ തിരശ്ശീലയിൽ മാലിനിയുടെ മുഖം തെളിഞ്ഞു.  പഴയ നാടൻ പെണ്ണിൽ നിന്നും ഒരുപാട് മാറി ഡ്രെസ്സ് ചെയ്ത ലഗോൺ കോഴി പോലെയുണ്ട്.  അവൾ കാത്തിരിക്കുന്നത് മനോജിനെയായിരിക്കും, കുറേ കാലങ്ങൾക്ക് ശേഷം രണ്ട് പഴയ സഹപാഠികളെ ഒന്നിച്ച് കാണാമല്ലോ എന്നു കരുതി ആകാംക്ഷയോടെ നിന്ന എനിക്ക് തെറ്റി.  മലമ്പുഴ യക്ഷിയുടെ ബോയ് ഫ്രണ്ട് പോലെ, ആഫ്രിക്കയിലെ ഘോര വനങ്ങളിൽ മാത്രം കാണപ്പെടുന്ന ആറരയടി ഹൈറ്റുള്ളൊരു മെൻ ഇൻ ബ്ലാക്ക് നീഗ്രോ മാലിനിയുടെ തീരങ്ങൾ തഴുകി ചേർത്ത് പിടിച്ച് നടന്നു വന്നു.

പെർ‌ഫെക്ഷൻ, അല്ലെങ്കിലും അത് അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !

Sunday, August 21, 2011

'ഹരിമുരളീ'രവംഅമ്പലം ബസ് സ്റ്റോപ്പിലെ സ്ഥിരതാമസക്കാരായ ഞങ്ങളുടെ ടീമിലെ കുറുമുന്നണിയാണ് ഹരിദാസനും മുരളിയും. വെള്ളത്തിലൊഴിച്ച വെളിച്ചെണ്ണ പോലെ ഇവർ കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കും.  എല്ലാവരും കൂടി സിനിമക്കോ തെയ്യത്തിനോ പോകുമ്പോ ഇവരു രണ്ടും സെപ്പറേറ്റ് ആയാണ് ഇരിപ്പും നടപ്പും.  തെയ്യം കാണുമ്പോൾ ഞങ്ങളൊക്കെ ആണുങ്ങളുടെ ഭാഗത്ത് നിന്ന് പെണ്ണുങ്ങളെ നോക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ നിന്ന് ആണുങ്ങളെ നോക്കും.  സിനിമാ ടാക്കീസിൽ ഞങ്ങൾ തിരക്കില്ലാത്തിടത്ത് ഇരിക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ ഇരിക്കാൻ തിരക്ക് കൂട്ടും.  ബസ്സിൽ ഞങ്ങൾ പിന്നിലൂടെ കേറുമ്പോൾ അവർ ഏത് ഡോറിലൂടെ കേറിയാലും തരുണികളുടെ പിന്നിൽ അണി ചേരും.  രണ്ടു പേരും കടുത്ത ഫെമിനിസ്റ്റുകളാണ്.  ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്.

മുരളി പൊതുവെ ഒരു പാവമാണ്.  മാതൃകാ പുരുഷൻ എന്നൊക്കെ പറയുന്നത് പോലെ ഒരു മാതൃകാ യൂത്തൻ.  മനപൂർവ്വം ഒരു പെണ്ണിനെയും തൊട്ടിട്ടില്ല, മുട്ടീട്ടില്ല, കമന്റടിച്ചിട്ടില്ല, ലൈനടിച്ചിട്ടില്ല, ലൈക്കിയിട്ട് പോലുമില്ല.  പക്ഷേ അവന്റെ വീൿനെസ്സാണ് ഹരിദാസൻ.  ഇവർ രണ്ടും പാർട്ടിയും മെം‌ബറും പോലെയാണ്.  പാർട്ടി പിരിക്കാൻ പറഞ്ഞാ പിരിക്കും, അടിക്കാൻ പറഞ്ഞാ അടിക്കും, ബോംബെറിയാൻ പറഞ്ഞാ ബോംബെറിയും, വണ്ടിക്ക് തല വെക്കാൻ പറഞ്ഞാ തല വെക്കും.  അത് പോലെ ഹരിദാസൻ പറഞ്ഞാൽ പിന്നെ മുരളിക്ക് അപ്പീലില്ല.   തത്ഫലമായി ഹരിദാസൻ പോയി വീഴുന്ന എല്ലാ അബദ്ധങ്ങളിലും മുരളി നോൺ‌‌സ്ട്രൈക്കറായി ഉണ്ടാകും.

ഇവരെ രണ്ടിനെക്കൊണ്ടും ഉണ്ടായ തമാശകൾക്കും സംഭവങ്ങൾക്കും കൈയ്യും കണക്കുമില്ല.  ഒരു ഞായറാഴ്ച വൈകുന്നേരം ഞങ്ങളെല്ലാം ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ ഫസ്റ്റ് ഷോക്ക് പോയാലോ എന്ന് ആരോ പറഞ്ഞു.  എല്ലാവരും ഒ.കെ. പറഞ്ഞെങ്കിലും ഹരിദാസൻ മാത്രം ഞാനില്ലാന്നു പറഞ്ഞു. 

“എന്താ നീ വരാത്തെ..” മുരളി ചോദിച്ചു.
“വരണംന്ന്‌ണ്ട്.. ബസ്സ് വരാനായില്ലേ, വീട്ടിൽ പോയിറ്റ് വരാൻ സമയമില്ല്ലല്ലോ..” 
“പൈസ ഇല്ലഞ്ഞിറ്റാന്നോ? ടിക്കറ്റ് ഞാൻ എടുത്തോളാം, നീ വാ..” എന്ന് മുരളി. 
“അതല്ലടാ, ഞാൻ സെക്കന്റ് പേപ്പർ ഇട്ടിട്ടില്ല.. അത് കൊണ്ടാ..”
“ബസ്സ് കേറി നാല് സ്റ്റോപ്പ് കഴിഞ്ഞാൽ ടാക്കീസെത്തീല്ലേ.. അല്ലെങ്കിലും ആരാ ഇതൊക്കെ ചെക്ക് ചെയ്ത് നോക്കുന്ന്.. നീ വാ..” എന്ന് മുരളി നിബ്ബന്ധിച്ചു.

ബസ്സ് വന്നയുടനെ ഞങ്ങൾ എല്ലാവരും പിന്നിൽ കയറിയപ്പോൾ ഹരിദാസനും മുരളിയും ഏസ് യൂസ്വൽ ഫ്രണ്ട് ഡോറിലൂടെ കയറി.  മരണ തിരക്കായിരുന്നു ബസ്സിൽ.  ആടി കുലുങ്ങി ഒരു വിധം ടാക്കീസിന്നടുത്ത് എത്താനായി.  അപ്പോൾ മുന്നിൽ നിന്നും ഏതോ പെണ്ണുമ്പിള്ള “ആരാൺ‌ട്രാ കൊടേരെ കമ്പി കൊണ്ട് കുത്തുന്നേ” എന്ന് വിളിച്ച് കൂവുന്നത് കേട്ടു.  തനി നാടൻ സ്റ്റൈലിലുള്ള ഡയലോഗ് കേട്ട് ബസ്സിൽ കൂട്ടച്ചിരി ഉയർന്നു.  ടാക്കീസ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഹരിദാസൻ ചാടിയിറങ്ങി ലുങ്കി മാടിക്കെട്ടി തിരിഞ്ഞ് നോക്കാതെ നടക്കുന്നത് കണ്ടു.  അറ്റാച്ച്‌ഡ് വിത്ത് മുരളി.jpeg. 

രണ്ടുപേരും എന്നത്തെയും പോലെ ടാക്കീസിൽ കയറിയപ്പോൾ ഞങ്ങളെ ഒഴിവാക്കി ഏതോ ഫാമിലിയുടെ കൂടെയുള്ളൊരു സുന്ദരിപ്പെൺകുട്ടിയുടെ പിന്നിൽ ഇരുന്നു.  സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു റിലീഫ് കിട്ടാൻ മുരളി കാലു മുന്നിലേക്ക് നീട്ടി വെച്ചു.  പെൺ‌കുട്ടിയുടെ കാലിൽ മുട്ടിയതിനാൽ ഷോക്കടിച്ചത് പോലെ കാലു പിന്നോട്ട് വലിച്ചു.  ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ ധൈര്യമില്ലെങ്കിലും ഹരിദാസനൊക്കെ പറഞ്ഞ് കേട്ടതിൽ നിന്നും ചാൻസ് കിട്ടിയാൽ ഫൂട്ട് മസാജിങ്ങ് നടത്തണമെന്ന് അവന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു.  പേടിയുള്ളത് കൊണ്ട് വേണോ വേണ്ടണോ എന്ന് മനസ്സാക്ഷിയുമായി രണ്ടു മൂന്ന് ഓൺ‌ലൈൻ ചോദ്യോത്തരം നടത്തിയതിനു ശേഷം ഒന്നൂടെ റിസ്ക് എടുക്കാമെന്ന് അവൻ തീരുമാനിച്ചു.  അല്ലെങ്കിലും എന്തു കാര്യത്തിനായാലും ആണുങ്ങളാണല്ലോ മുൻ ‌കാൽ എടുക്കേണ്ടത്.  വേൾഡ് ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ കടം വാങ്ങിയ ധൈര്യം കൊണ്ട് അവൻ കാലു നീട്ടി ഒരിക്കൽ കൂടി അവളുടെ കാലിൽ തൊട്ടു. 

നല്ല ഒറിജിനൽ മെറ്റീരിയൽ ആയത് കൊണ്ടാണ് അല്ലെങ്കിൽ അപ്പോ തന്നെ ഹാർട്ട് പൊട്ടിത്തെറിച്ചേനേ.  അമ്മാതിരി ഒച്ചയിലായിരുന്നു ആ മെഷിൻ പിടച്ചു കൊണ്ടിരുന്നത്.  എന്നാൽ റിസൽട്ട് പേടിച്ചത് പോലൊന്നും അല്ലായിരുന്നു.  അവൾ കാല് അവിടെ നിന്നും മാറ്റിയില്ല, ആരോടും പറഞ്ഞതുമില്ല.  നല്ല ഡീസന്റ് പെരുമാറ്റം.  പെൺ‌കുട്ടികളായാൽ ഇങ്ങനെ വേണം.  പ്രശ്നമില്ലെന്ന് കണ്ടപ്പോൾ മുരളി കള്ളുകുടിക്കുന്നവർ അച്ചാറിൽ തൊടുന്നത് പോലെ ഇടക്കിടക്ക് കാലിൽ ടച്ച് ചെയ്തു കൊണ്ടേയിരുന്നു.  നല്ല കോമഡി സിനിമയായിട്ടും അതൊന്നും അറിയാതെ മുരളി അവളുടെ കാൽ‌വണ്ണയിൽ കഖഗഘങ, യരലവ, ശഷസഹ എന്നൊക്കെ എഴുതി പഠിച്ചു.  

ആളുകളൊക്കെ എഴുന്നേറ്റപ്പോഴാണ് സിനിമ കഴിഞ്ഞെന്ന് അവൻ അറിഞ്ഞത്.  വാതിൽക്കൽ നിന്നാൽ അവളുടെ മുന്നിലെത്തി മുഖം കാണിക്കാമല്ലോ എന്നു കരുതി ആരെയും കൂട്ടാതെ അവൻ വേഗം നടന്നു.  വട്ടച്ചീർപ്പ് കൊണ്ട് മുടിയൊക്കെ ലെവലാക്കി, പല്ലു പുറത്ത് കാട്ടാതെ, മുഖത്ത് കൈയ്യിലുള്ളതിൽ നല്ലൊരു ചിരിയും ഫിറ്റ് ചെയ്ത് വാതിൽക്കൽ കാത്തു നിന്നു.  പക്ഷേ അവൾ ഇങ്ങനെയൊരുത്തൻ ഉണ്ടെന്ന് മൈൻഡാക്കാതെ നടന്നു പോയി..!! 

പാദങ്ങൾ തമ്മിൽ ആരും കാണാതെ നടത്തിയ ഫൂട്ട് കിസ്സുകളെപ്പറ്റിയൊന്നും അവൾക്ക് ഇപ്പോൾ ഓർമ്മയേയില്ല. അല്ലെങ്കിലും ഈ പെൺ‌കുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആർക്കറിയാം.  അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി, “എടാ വേഗം വാ, ആ പെണ്ണിന്റെ പുറകേ പോയി ഏത് ബസ്സിനാ പോന്നതെന്ന് നോക്കണം” മുരളി ഹരിദാസനോട് പറഞ്ഞു.

“അതെയതെ.. ഏട്യാ ഓളെ വീട്..”
“അപ്പോ, നീ എല്ലാം കണ്ടു അല്ലേ
“എന്ത്..?”
“ഞാനും അവളും, കാലും.. കാലും..?”
“നീയോ..?  പോടാ ഞാനിത്ര നേരോം ആ പെണ്ണിന്റെ കാലിനു മുട്ടി ഇരിക്കാരുന്നു..”

ആ ചങ്ക് തകർപ്പൻ വാക്കുകൾ കേട്ട് മുരളിയുടെ ഐ.സി. അടിച്ചു പോയി.  ഇവളെന്താ ഡ്യൂവൽ സിം ഇടുന്ന സെറ്റ് ആണോ എന്ന് അവൻ വിചാരിച്ചു.  ഹരിദാസന്റെ മനസ്സിൽ അത് മഹാ പോക്ക് കേസാണല്ലോ ഒരേ സമയം രണ്ട് പേരെയും തൊട്ടുരുമ്മാൻ എന്നായിരുന്നു.  ആകെ ഡെസ്പായെങ്കിലും അത്രേം നേരം മുട്ടിയുരുമ്മിയ ആ പൂവിതള്‍ പാദത്തിലേക്ക് വെറുതെ നോക്കിയ മുരളി നിറയെ മുത്തുകള്‍ കൊരുത്ത പാദസരമിട്ട കാലടികള്‍ കണ്ട് ഹരിയെ തോണ്ടിയപ്പോള്‍ അവനും അതു തന്നെ നോക്കി തരിച്ചു നിൽക്കുന്നു...!! 

ഞങ്ങൾ ചെല്ലുമ്പോൾ രണ്ടു പേരും സൈക്കിളിൽ നിന്നും വീണത് പോലുള്ള ചിരിയുമായി മുഖാമുഖം നടത്തുകയായിരുന്നു.

വേറൊരു ദിവസം സിനിമ കാണാൻ ടാക്കീസിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.  പടം തുടങ്ങാനായില്ല.  ഞങ്ങളുടെ അതേ വരിയിൽ അൽ‌പ്പമകലെയായി മുല്ലപ്പൂവൊക്കെ കുത്തിയ ഒരു സ്ത്രീ തനിച്ച് ഇരിക്കുന്നുണ്ടായിരുന്നു.  അവളെ കണ്ടപ്പോൾ ഹരിദാസന് അവിടെ ഇരിക്കണമെന്ന് ഒരു ഉദിപ്പുണ്ടായി.  ലൈറ്റ് ഉള്ളതിനാൽ ആളുകളുടെ മുന്നിൽ വെച്ച് അവിടെ പോയിരിക്കാൻ ചെറിയൊരു മടിയും.  അവിടെ ഇരിക്കുകയും വേണം, മാനം പോകാനും പാടില്ല.  കുറച്ച് ആലോചിച്ച് അവനൊരു പ്ലാൻ തയ്യാറാക്കി.  ഇപ്പോൾ പുറത്ത് പോകുക, പടം തുടങ്ങിയാൽ ലൈറ്റ് ഓഫാക്കുമല്ലോ അപ്പോൾ അകത്തേക്ക് വന്ന് അറിയാത്തത് പോലെ അവളുടെ അടുത്തിരിക്കാം.  ആരും കാണാനും പോകുന്നില്ല, അഭിലാഷങ്ങൾ നടക്കുകയും ചെയ്യും. 

അവൻ ഉടനെ മുരളിയേയും കൂട്ടി പുറത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫായി, പരസ്യ സ്ലൈഡുകൾ കാണിച്ചു തുടങ്ങി അതും കഴിഞ്ഞ് സിനിമ തുടങ്ങി.  ഞങ്ങളെല്ലാം അവരെ മറന്ന് സിനിമയിലായി.  പെട്ടെന്ന് ഒരു അടിയും ഒച്ചപ്പാടും കേട്ടു നോക്കുമ്പോൾ ആളുകളൊക്കെ വളഞ്ഞ് നിന്ന് രണ്ടു പേരെ പെരുമാറുകയാണ്.  ബഹളം കാരണം സിനിമ നിർത്തി ലൈറ്റ് ഇട്ടപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഹരിദാസന്റെയും മുരളിയുടെയും കരച്ചിൽ കേട്ടു.  “ഇരുട്ടത്ത് ആളു മാറിപ്പോയതാണേ.. “    

സത്യം പറഞ്ഞാൽ അക്കാര്യത്തിൽ അവർ തീർത്തും നിഷ്കളങ്കരായിരുന്നു.  നോട്ട് ചെയ്ത് വെച്ചിരുന്ന കക്ഷി ഇവർ പുറത്തിറങ്ങിയപ്പോൾ സീറ്റ് മാറി വേറെ സ്ഥലത്ത് പോയിരുന്നു.  ആ സീറ്റിൽ വേറൊരു സ്ത്രീയും കൂടെ ബാറ്റിങ്ങ് പവറുള്ള കൈയുമായി ഒരു പുരുഷോത്തമനും വന്ന് ഇരുന്ന വിവരം അവൻ‌മാർക്ക് പാസ്സ് ചെയ്യാൻ ഞങ്ങൾ മറന്നു പോയി.

മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല.     

Sunday, July 31, 2011

ഹൈ സ്കൂൾ ഡെയ്സ്കമ്പിൽ ഹൈ സ്കൂളിൽ ചേരുന്ന ചേലേരി യു.പി.ക്കാർക്ക് ഇന്ത്യയിൽ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു.  കമ്പിൽ ഹൈ സ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതൽ എം വരെ ഡിവിഷനുകൾ  ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകൾ നൽ‌കിയിരുന്നത് ഞങ്ങൾ ചേലേരി യു.പി.ക്കാരാണ്.  അതു കൊണ്ടായിരിക്കും ഞങ്ങളെ മുന്തിയ ഇനം പൌരൻ‌മാരായി കണക്കാക്കി ഇരിക്കാൻ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാൽ അത് വെറും മിസ് അണ്ടർസ്റ്റാൻ‌ഡിങ്ങ് മാത്രമാണ്.

കമ്പിലും ചേലേരിയും തമ്മിൽ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ‍ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും ഞങ്ങൾ അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. കമ്പിൽ സ്കൂളിലെ മാഷൻ‌മാർ ഞങ്ങളുടെ ഒരു വാക്ക് കേട്ടാൽ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു.  ഞാൻ എട്ടാം ക്ലാസ്സിൽ ചേർന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവർ.  രവീന്ദ്രൻ മാഷ് അറ്റൻഡൻസ് എടുക്കുകയാണ്.  മാഷ് രജിസ്റ്റർ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കൻ‌മാർ എഴുന്നേറ്റ് സ്മാർട്ടായി നിന്ന്, “പ്രസന്റ് സർ..” അല്ലെങ്കിൽ “പ്രസന്റ് ടീച്ചർ..” എന്നു പറയുന്നു.  പേരിലെ ആൽഫാ ഗുണം കൊണ്ട് എന്റെ ഊഴം വേഗം വന്നു.  ഞാൻ എഴുന്നേറ്റ് കോൺഫിഡൻസിന്റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു.  “ആജർ..!!!” ചേലേരി യു.പി.യിൽ നിന്ന് ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ.  അതു കേട്ടതും എയ്ത്ത് എച്ച് മൊത്തം സൈലന്റ്‌വാലിയായി. 

മാഷ് തല പൊന്തിച്ച് “നീ ഏട്യാ.. ചേലേരിയാ.. ?”
ഞാൻ വിറച്ചു കൊണ്ട് “അതെ..” 
“വേറെ ആരെല്ലാ ചേലേരീന്ന്..?” 

സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു. 
“നിങ്ങളെല്ലാം ബേക്കിൽ പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..”

മണ്ടൻ‌മാരും അപരിഷ്കൃതരുമായ മുൻ‌ഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻ‌മാരുമായ ഞങ്ങളെന്ത് പിഴച്ചു?

ക്ലാസ്സിൽ മാത്രമല്ല പീടികയിൽ പോയി മുട്ടായി വാങ്ങിയാൽ പോലും ഞങ്ങളുടെ മാനം കപ്പൽ കേറുമായിരുന്നു.  അന്ന് കമ്പിൽ സ്കൂളിന്റെ മുന്നിൽ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു.  ഇന്റെർവെൽ സമയത്ത് വെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്റെ മുന്നിൽ ഓടിക്കൂടും.  ആ കടന്നൽ കൂട്ടത്തിലൂടെ കൈയിട്ട് ഞാൻ പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു റിബേറ്റ്..” കടക്കാരൻ “എന്നാ..??“ ഞാൻ പിന്നേം, “റിബേറ്റ്..“ കടക്കാരൻ ഒന്നും തിരിയാണ്ട് എന്നെ വിട്ട് വേറെ ചെക്കൻ‌മാർക്ക് മുട്ടായി എടുത്ത് കൊടുക്കാൻ തുടങ്ങി.  അപ്പോ പിറകിൽ നിന്നൊരു സീനിയർ ചേലേരിക്കാരൻ, “എടാ അതിന്റെ പേരു അങ്ങനൊന്ന്വല്ല.. അത് നാട്ടിലെ രാമൻമാരാർ ഇടുന്നതല്ലേ“ എന്ന് പറഞ്ഞു.

ചേലേരി സ്കൂളിന്റടുത്തുള്ള രാമൻ മാരാരുടെ പീടികയിലെ റിബേറ്റ്, പാലീസ്, ഒയൽച്ച, തൊണ്ടക്കൊരൽ എന്ന മുട്ടായികളുടെ ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു.  നാട്ടിലെ പേരു പറഞ്ഞാ കടക്കാർക്കൊന്നും മനസ്സിലാകൂല്ല.  അതിൽ പിന്നെ മുട്ടായി വാങ്ങുമ്പോൾ ഞാൻ അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ.  വെറുതെ കാശ് കൊടുത്ത് മാനക്കേട് വാങ്ങണ്ടല്ലോ.  എന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു.  പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.

കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു.  അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു.  ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺ‌ട്രോൾ വേണം. 

തങ്കമണി ടീച്ചറാണ് ഞങ്ങൾക്ക് മലയാളം എടുത്തിരുന്നത്.  എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും.  അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു.  എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല.  അപ്പോൾ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീർക്കും.  അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചർക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് ഞങ്ങൾക്കും നന്നായറിയാം.  ക്ലാസ്സൊന്നും എടുക്കാൻ ടീച്ചർ മെനക്കെട്ടില്ല.  വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാൻ തുടങ്ങി.  ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാർക്ക് കിട്ടണമെങ്കിൽ എല്ലാരും ഫാസൻ ഗൈഡ് വാങ്ങിക്കോ..”  ഗൈഡ് വാങ്ങി പഠിച്ചോളാൻ പറയുന്ന ടീച്ചർമാരുടെയൊക്കെ ഒരു സ്റ്റാൻ‌ഡേർഡ്..! 

ഞങ്ങളുടെ ക്ലാസ്സിൽ ഇസ്മായിൽ എന്നൊരു തമാശക്കാരനുണ്ടായിരുന്നു.  എപ്പോഴും എന്തെങ്കിലും കോമഡി അവൻ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു കൊണ്ടിരിക്കും.  ഒരു ക്ലാസ്സ് പരീക്ഷക്ക് തങ്കമണി ടീച്ചർ നഖശിഖാന്തം എന്ന് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞു.  ഇസ്മായിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു.’

ഇസ്മായിലിന്റെ വേറൊരു കോമഡിയുണ്ട്.  ഒരു ദിവസം തങ്കമണി ടീച്ചർ നോട്ട് പറഞ്ഞു തരികയായിരുന്നു.  “മലേഷ്യയുടെ തലസ്ഥാനം., കോലാലം‌പൂർ” എല്ലാവരും നിശബ്ദമായി എഴുതുമ്പോൾ ഇസ്മായിൽ കേൾക്കാത്തത് പോലെ ഒച്ചത്തിൽ, “ടീച്ചറേ.. കോലാലം??” 
ടീച്ചർ ബാക്കി വാക്ക് പൂരിപ്പിച്ചു.  ഇസ്മായിൽ നിഷ്കളങ്കനായി പിന്നെയും, “കോലാലം..???”  അപ്പോഴേക്കും ഇസ്മായിലിന്റെ അടുത്തിരിക്കുന്നവരിൽ നിന്നും ഒരു അടക്കിപ്പിടിച്ച ചിരി മുളച്ചു പൊന്തി.  മനസ്സിൽ കുരുട് ഒന്നുമില്ലാത്ത ടീച്ചർ വീണ്ടും ഫിൽ ചെയ്തു.  ഇസ്മയിൽ ഒട്ടും ചിരിക്കാതെ, പഠിക്കാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് വീണ്ടും, “കോലാലം” അതും കൂടി ആയപ്പോൾ ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞു.

ഞങ്ങളെ പഠിപ്പിക്കുന്നത് നിത്യഗർഭിണിയേയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു. ആ ടീച്ചർ മാല ഇടില്ല, വള ഇടില്ല, കാത് പോലും കുത്തിയിട്ടില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചർ സാരി ഉടുക്കുക.  ടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാൻ പോകുന്ന വഴിയിൽ ആൺ‌കുട്ടികൾ കൂടി നിൽക്കും.  എപ്പോഴെങ്കിലും ടീച്ചർ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ കേറിയെങ്കിൽ എന്നെല്ലാരും ആശിക്കാറുണ്ട്.  പക്ഷേ ഞങ്ങൾക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായില്ല.  അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.

രാജേന്ദ്രൻ എന്നൊരു മാഷുണ്ടായിരുന്നു.  അയാൾക്ക് എപ്പോഴും സിഗരറ്റ് വലിക്കണം.  ഇടക്ക് ഞങ്ങളിലാരെയെങ്കിലും പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും.  മാഷൻ‌മാർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേർക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.  ഒരു ദിവസം ഇസ്മായിലിനെ ആണ് അയച്ചത്.  വാങ്ങിക്കൊണ്ട് വന്നപ്പോൾ ഒരെണ്ണം കുറവ്.  അതെവിടാടാ എന്ന് ചോദിച്ചപ്പോൾ അവൻ കൂളായി പറഞ്ഞു.  “അത് ഞാൻ വലിച്ചിന് മാഷേ..” പിള്ളേരെക്കൊണ്ട് വാങ്ങിപ്പിക്കൽ അന്നത്തോടെ മാഷ് നിർത്തി.

സ്കൂളിലൊക്കെ റാഗിങ്ങ് ഉണ്ടെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ.  എന്നാ കമ്പിൽ സ്കൂളിൽ ഞങ്ങൾക്ക് അതും അനുഭവിക്കേണ്ടി വന്നു.  സ്കൂളിലെ വില്ലൻ റോൾ കൈകാര്യം ചെയ്തിരുന്ന അബ്ദുൽ കാദറാണ് ഞങ്ങളെ റാഗ് ചെയ്ത് പീഢിപ്പിച്ചത്.  ഞങ്ങളുടെ കൂടെ എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്ററാണ് കാദർ.  എല്ലാവർക്കും പേടിയിൽ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്.  ഒരു ദിവസം അവന്റെ വകയൊരു ഓർഡറിറങ്ങി. ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതൽ മുണ്ട് ഉടുത്തേ വരാൻ പാടുള്ളൂ.  ഞാനും പിന്നെ നാലഞ്ച് കുട്ടികളും മാത്രമേ അന്ന് ട്രൌസറിടാറുള്ളൂ.  പാന്റ്സൊക്കെ അന്ന് വലിയ ലക്ഷ്വറിയാണ്.  ബഹുഭൂരിപക്ഷം കുട്ടികളും മുണ്ടാണ് ഉടുക്കുന്നത്.  ഞങ്ങൾ ട്രൌസ്സർ ഇട്ട് വരുന്ന സംഘികൾ ആദ്യമൊന്നും അവനെ കാര്യമാക്കിയില്ല.  പക്ഷേ ഓരോ ദിവസവും കാദറും കൂട്ടാളികളും ഞങ്ങളെ പിടിച്ച് നിർത്തി തുട പിടിച്ച് ഞെരിച്ച് തലക്ക് മേട്ടാൻ തുടങ്ങിയപ്പോൾ അവരൊക്കെ മുണ്ടൻ‌മാരായി. അവസാനം ഞാൻ മാത്രമായി. 

പൊതുവെ ഈ വില്ലൻ‌മാരുടെ ഒരു പ്രശ്നം ഇതാ‍ണ്.  അവരെ അനുസരിക്കുന്നില്ലെന്ന് കണ്ടാൽ വിട്ടു കളയുന്നതിനു പകരം അതൊരു ചലഞ്ച് ആയെടുക്കും.  അവന്റെ ക്ലാസ്സിൽ തന്നെയുള്ളൊരുത്തൻ പറഞ്ഞത് കേട്ടില്ലെന്ന് കണ്ടപ്പോ കാദറിന്റെ വാശി ഡബിൾഡ് ആയി.  പ്രതികാര ദുർഗനായ കാദറിന്റെയും അസിസ്റ്റന്റിന്റെയും തുടയിൽ നുള്ളു കൊണ്ട് എന്റെ കണ്ണിലൂടെ സുവർണ്ണ ചകോരങ്ങൾ പറക്കാൻ തുടങ്ങി.  കാദറിങ്ങ് മാഷൻ‌മാരോട് പറയാമെന്ന് വെച്ചാ പിന്നെ എന്റെ സ്കൂളിൽ പോക്ക് തന്നെ ഉണ്ടാവില്ല.  വീട്ടിലാണെങ്കിൽ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല.  അതൊക്കെ നമ്മൾ ജനിച്ചത് മുതൽ കാണുന്നതാണല്ലോ.  ചേട്ടനു പോലും പുതിയ മുണ്ട് വാങ്ങുന്നത് ഓണത്തിനും വിഷുവിനുമാണ്.  അപ്പോ പിന്നെ എന്തായിരിക്കും റിപ്ലൈ എന്ന് ഭാഗ്യ പരീക്ഷണം നടത്തി ഡെയിലി കിട്ടുന്നതിനു പുറമേ രണ്ടടി കൂടുതൽ വാങ്ങിക്കുന്നതെന്തിനാ.  അതിന്നിടയിൽ അടുത്തയാഴ്ച മുതൽ മുണ്ടുടുത്ത് വന്നില്ലെങ്കിൽ നിന്റെ അവസാനമാ ഡേഷ് മോനേ എന്ന് വെള്ളിയാഴ്ച കാദർ എനിക്ക് ലാസ്റ്റ് വാണിങ്ങ് തന്നു.

ശനിയും ഞായറും കുത്തിയും കുത്താതെയും ഇരുന്ന് ആലോചിച്ചപ്പോൾ ചേട്ടന്റെ മുണ്ട് ഉടുത്ത് പോകാമെന്ന് ഒരു ബൾബ് കത്തി.  തിങ്കൾ രാവിലെ ചേട്ടന്റെ ഒരു ഡബിൾ പോളിയെസ്റ്റർ സെക്കന്റ് ഹാന്റ് മുണ്ട് എടുത്ത് ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാൻ വീതി മടക്കി ഉടുത്ത്, അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി. ആദ്യമായി മുണ്ട് ഉടുക്കുന്നതിന്റെ വിഷമം അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റൂ.  ഇടക്കിടക്ക് മാടിക്കെട്ടാൻ തോന്നും, അഴിഞ്ഞു പോയോ എന്ന് തൊട്ട് നോക്കിക്കൊണ്ടിരിക്കും.  അടിയിലൂടെ കാറ്റടിച്ച് കയറുന്നുണ്ടാകും, വലതു കൈയ്യിലാണെങ്കിൽ ഒരു കെട്ട് പുസ്തകമുണ്ട്.  മുണ്ടനായതിന്റെ ചമ്മലുമായി ഞാൻ സ്കൂളിന്റെ ഗേറ്റിലെത്തി.  അപ്പോഴേക്കും ഉള്ളിൽ നിന്നൊരാരവം കേട്ടു.  ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി.  പക്ഷേ എന്നെ സ്വീകരിക്കാൻ വരുന്ന കാദറിന്റെയും ടീമിന്റെയും ഒച്ചപ്പാടായിരുന്നു അത്.  ആ തെണ്ടികളെല്ലാം എന്നെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി.  ഞാൻ ചമ്മി ശ്വാസകോശമായി നിന്നു.  എന്നെ  ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവൻ‌മാർ പോയി.  കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും വേറെ ചില പിള്ളേരുടെ കൂവൽ കേട്ടു.  ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി.  തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!!  പുസ്തകക്കെട്ടും പിടിച്ച് താലമേന്തിയ സാലഭഞ്ജികയെ പോലെ ഞാൻ ഗേറ്റിൽ നിന്നു.

തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു.  വീട്ടിലെത്തി അതിന്റെ കോലം കണ്ടപ്പോൾ ഏട്ടനൊന്നും പറഞ്ഞില്ല.  അക്കാലത്ത് അവൻ അമ്മായി മാഷിന്റടുത്ത് ചെണ്ട പഠിക്കാൻ പോകുന്നുണ്ടായിരുന്നു.  അന്ന് അമ്മിക്കല്ലിനു പകരം എന്നെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്.  അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകൾ വേസ്റ്റാക്കുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തിലില്ല.

അന്നത്തെ നാണക്കേടിന് എങ്ങിനെ പകരം വീട്ടണം എന്നായിരുന്നു പിന്നെ മനസ്സിൽ നിറയെ.  രണ്ടാഴ്ചത്തെ ലീവിനു ഗൾഫിൽ നിന്നും വന്നവന് കല്യാണത്തലേന്ന് തോന്നുന്നത് പോലെ എന്ത് വേണം എങ്ങനെ വേണം എന്നറിയാത്തൊരു ദുരവസ്ഥ.   നേരിട്ട് ഏറ്റുമുട്ടുന്നത് എന്തായാലും ആലോചിക്കയേ വേണ്ട.  ആര്യൻ സിനിമയിലെ മോഹൻ‌ലാലിനെ പോലെ നാടുവിട്ട് ബോംബെയിൽ പോയി വലിയ ഗുണ്ടയായി തിരിച്ചു വന്ന്  കാദറിനെ അടിച്ച് നിരത്തുന്നത് ഞാൻ എല്ലാ ദിവസവും സ്വപ്നത്തിൽ റീപ്ലേ ചെയ്തു കണ്ടു.  ചില വലിയ സംഭവങ്ങൾക്ക് പിറകിൽ കുഞ്ഞി കുഞ്ഞി സ്വപ്നങ്ങളായിരിക്കും എന്ന ചരിത്ര സത്യം എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.

സ്കൂളിന്റെ ഗ്രൌണ്ടിൽ നിന്നും കുറച്ച് താഴത്തോട്ടായി ഒരു വീടുണ്ടായിരുന്നു.  കള്ളുചെത്തുകാരൻ ബാലനും ഭാര്യ അമ്മിണിയുമാണ് ആ വീട്ടിൽ ഇരുമെയ്യും ഒരു ലിവറുമായി കഴിയുന്നത്.  അമ്മിണി അതിസുന്ദരിയാണ്; അത് എല്ലാവരേക്കാളും ഒരു ഇഞ്ച് എങ്കിലും കൂടുതൽ ബാലനായിരിക്കുമല്ലോ അറിയുന്നത്.  അതു കോണ്ട് തന്നെ മൂപ്പർ അൺ‌ലിമിറ്റഡായി ഭാര്യയെ സ്നേഹിക്കുന്നൊരാളാണ്.  ചെത്തു കഴിഞ്ഞു വന്നാൽ പിന്നെ അമ്മിണിയേയും ചെത്തി വീട്ടിൽ തന്നെ ഇരിക്കും; തനിച്ചാക്കി ദൂരെ എവിടെയും പോകില്ല.  ബാലൻ എല്ലാ ദിവസവും ഒരു നാലര കഴിഞ്ഞാൽ അന്തിക്കേറാൻ ഏറ്റുപാട്ടത്തിലേക്ക് പോകും.  പിന്നെ വരുന്നത് ആറര  മണി കഴിഞ്ഞായിരിക്കും.  കണവൻ പോയാൽ അമ്മിണി അടുക്കള ഭാഗത്തുള്ള ഓപ്പൺ എയർ ഓലമറപ്പുരയിൽ കുളിക്കാൻ തുടങ്ങും.  വൈകിട്ട് ഉസ്കൂൾ വിട്ട ശേഷം അബ്ദുൾ കാദർ വീടിന്റടുത്തെ ഒരു മാവിൽ കയറി ഇതു കാണാറുണ്ടെന്ന് ക്ലാസിലെ എന്റെ ക്ലോസ് ഫ്രന്റ് ബിജു സീക്രട്ടായി എന്നോട് പറഞ്ഞു. 

ഒരു വെള്ളിയാഴ്ച വൈകുന്നേരം.  അന്ന് നാലരയ്ക്കാണ് സ്കൂൾ വിടുന്നത്.  ബെല്ലടിച്ചയുടനെ എല്ലാവരും പുറത്തേക്കോടിയപ്പോൾ കാദർ ഗ്രൌണ്ടിലേക്കുള്ള ചെറിയ ഗേറ്റിലൂടെ വെച്ചത് എടുക്കാൻ പോകുന്നത് പോലെ കത്തിച്ചു വിടുന്നത് കണ്ടു.  ഞങ്ങൾ കാദറിന്റെ ബോഡി പ്രൊഫൈലിനെ ഫോളോ ചെയ്തു. കുറച്ച് ദൂരം പോയപ്പോൾ ബാലൻ വരുന്നത് കണ്ടു.  ഞാനും ബിജുവും മുൻ‌പേ എഴുതി വെച്ച ഡയലോഗുകൾ അയാൾ കേൾക്കെ പറഞ്ഞു.  “എടാ കാദർ ഗ്രൌണ്ടിന്റെ അപ്രത്തൊരു വീട്ടിൽ കുളി സീൻ കാ‍ണാൻ പോയിറ്റ്ണ്ട്...” “അതവന്റെ സ്ഥിരം പരിപാടിയല്ലേടാ.. ഭയങ്കര സ്റ്റൈലാന്ന് പോലും.. അതേതോ ഏറ്റുകാരന്റെ വീടാ..” വെള്ളിത്തിരയിലെ സ്ഫടികം ജോർജ്ജിന്റെ വില്ലേജ് രൂപമായ ബാ‍ലൻ അത് കേട്ട് സ്റ്റക്കായി ഞങ്ങളെ തുറിച്ചു നോക്കി.  കരിമരുന്നിനു തിരി കൊളുത്തി ഓടുമ്പോൾ പോലും വെടിക്കെട്ടുകാരൻ തിരിഞ്ഞു നോക്കാറുണ്ട്.  പക്ഷേ ഞങ്ങൾ തിരിഞ്ഞ് നോക്കിയതേയില്ല. 

കുറച്ച് കഴിഞ്ഞ് പിള്ളേരുടെ ഒച്ചപ്പാടും കൂക്കി വിളികളും കേട്ട് നോക്കിയപ്പോൾ ബാലി രാവണനെയും കോണ്ട് പോകുന്നത് പോലെ ബാലൻ കാദറിനെയും തൂക്കി ഹെഡ്മാഷിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു.

Sunday, July 24, 2011

മൂന്നാമത്തെ രാത്രി

മംഗലാപുരത്തേക്കുള്ള എക്സ്പ്രസ്സ് ട്രെയിൻ തലശ്ശേരി സ്റ്റേഷനിൽ വന്നു നിന്നു.  കം‌പാർട്ട്‌മെന്റിന്റെ വാതിൽക്കൽ തന്നെ നിന്നിരുന്ന ആനന്ദ് ഷോൾഡർ ബാഗ് നേരെ പിടിച്ചിട്ട് സ്റ്റേഷനിലിറങ്ങി.  അവിടെ ഇറങ്ങാൻ വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളൂ.  ഇറങ്ങിയ ഉടനെ അവരൊക്കെ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി കുതിച്ചു.  ഏതോ ട്രെയിനിനു പോകാനുള്ള ആളുകൾ ബെഞ്ചുകളിൽ ലഗേജുമായി ഇരിക്കുന്നുണ്ട്.  ആനന്ദ് അവരെയൊക്കെ കടന്ന് മുന്നോട്ട് നടന്ന് പ്ലാറ്റ്‌‌ഫോമിലെ അവസാന ബെഞ്ചിലിരുന്ന് ഷൂ അഴിച്ചു കെട്ടി ചാരിയിരുന്നു.  അപ്പോഴേക്കും ട്രെയിൻ കടന്നു പോയി, സ്റ്റേഷൻ നിശബ്ദമായി.  അവൻ വാട്ടർ ബോട്ടിലെടുത്ത് മുഖവും വായും കഴുകി ചീപ്പെടുത്ത് മുടി ചീകി എന്നിട്ട് മൊബൈലിൽ “സെറീനാ ഞാനെത്തി സ്റ്റേഷനിൽ തന്നെ ഇരിക്കുവാ.. ശരി.. എന്നിട്ട് വരാം.. ഓകെ..” എന്ന് പറഞ്ഞു.  കുറച്ച് സമയം കൂടി അവിടെ ഇരുന്നതിനു ശേഷം ഇരുട്ടാകാൻ തുടങ്ങിയപ്പോൾ ബാഗുമെടുത്ത് ട്രെയിൻ പോയതു വഴിയേ പാളത്തിലൂടെ മുന്നോട്ടേക്ക് നടന്നു.

കുറച്ച് ദൂരം കഴിഞ്ഞ് ഒരു പുഴയുടെ മുകളിലെ പാലത്തിലെത്തി.  അതിന്റെ മുകളിൽ നിന്നും അസ്തമയം വളരെ മനോഹരമായിരുന്നു. മൊബൈലിൽ കുറച്ച് ചിത്രങ്ങളെടുത്ത ശേഷം വീണ്ടും നടന്നു. അൽ‌പ്പം കഴിഞ്ഞപ്പോൾ റോഡ് റെയിൽ‌പ്പാളം മുറിച്ചു കടന്നു പോകുന്ന ലെവൽ ക്രോസ്സിലെത്തി.  അവിടെ നിന്നും ഇടത് ഭാഗത്തെ റോഡിലൂടെ നടന്നു.  ഇരു വശത്തും മതിൽക്കെട്ടിനുള്ളിൽ വലിയ വീടുകൾ.  സ്ട്രീറ്റ് ലൈറ്റില്ലാത്തതിനാൽ മങ്ങിയ സന്ധ്യാ വെളിച്ചം സഹായകമായി.  അപ്പോൾ ഇടതുഭാഗത്തെ വീടിന്റെ ഗേറ്റ് തുറന്ന് മധ്യ വയസ്കയായ ഒരു സ്ത്രീ കൈയ്യിലൊരു പാക്കറ്റുമായി ധൃതി പിടിച്ച് നടന്നു വന്നു.  അവൻ പിന്നെയും ഫോണെടുത്ത് സംസാരിച്ചു. “വീട് കണ്ടുഒകെ... ശരി വെക്കട്ടെ

ആ വീടിന്റെ മതിൽ കഴിഞ്ഞപ്പോൾ റോഡിൽ നിന്നും ഇടത്തേക്ക് വേറൊരു ചെറിയ റോഡ് കണ്ടു.  ഇടതും വലതും രണ്ട് വലിയ വീടുകളുടെ ഇടയിലൂടെ പുഴക്കരയിലേക്ക് പോകുന്ന റോഡാണത്.  മുന്നിലും പിറകിലും അശ്രദ്ധമായെന്ന പോലെ സൂക്ഷിച്ചു നോക്കി ആരും കാണുന്നില്ലെന്നു ഉറപ്പ് വരുത്തി അയാളങ്ങേക്ക് തിരിഞ്ഞു.  വലതു ഭാഗത്തെ വീട് വെളിച്ചമൊന്നുമില്ലാതെ നിശ്ശബ്ദം ഇരുട്ടിൽ മുങ്ങിയിരിക്കുന്നു.  ഇടതു ഭാഗത്തെ മതിലിനോട് ചേർന്ന ടെലഫോൺ പോസ്റ്റിലും മതിലിന്റെ വിള്ളലിലും ചവിട്ടിക്കയറി കോം‌പൌണ്ടിലേക്ക് ഇറങ്ങി. പിന്നെ ശബ്ദമുണ്ടാക്കാതെ മരങ്ങളുടെ മറപറ്റി നടന്ന് വീടിന്റെ പിന്നിൽ അടുക്കള ഭാഗത്തിനടുത്തുള്ള മാവിന്റെ ചുവട്ടിലെത്തി.  നൂറ്റാണ്ടോളം പഴക്കമുള്ളൊരു മൂന്നു നില ഓടിട്ട വീടായിരുന്നത്. വലിയൊരു പറമ്പിൽ നിശബ്ദ ഗാംഭീര്യത്തോടെ അത് നിറഞ്ഞു നിന്നു.  അവിടെ ഇരുമ്പ് ഗ്രില്ലിന്റെ വാതിൽക്കൽ വെളുത്ത ചുരിദാറിട്ടൊരു യുവതി പ്രത്യക്ഷപ്പെട്ടു.  അവളെ കണ്ടപ്പോൾ ആനന്ദ് മരത്തിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നു.  അവൾ വീട്ടിന്നകത്തേക്ക് പാളി നോക്കി അവനെ കൈ മാടി വേഗം വാ എന്ന് വിളിച്ചു.  അവിടെയെത്തിയപ്പോൾ അവനെ വേഗത്തിൽ കൈ പിടിച്ച് അകത്തേക്ക് കയറ്റി ഗ്രിൽ അടച്ചു പൂട്ടിയ ശേഷം മുറികൾ കടന്ന് കോണിപ്പടിയിലൂടെ മുകളിലേക്ക് കയറി.  മൂന്നാം നിലയിലെ മുറിയിലെത്തി വാതിലടച്ച ശേഷം അതിൽ ചാരി കണ്ണടച്ച് അവൾ ദീർഘശ്വാസം വിട്ടു.  അയാൾ ഒരു നിമിഷം അത് കൌതുകത്തോടെ നോക്കി നിന്നതിനു ശേഷം പതുക്കെ അവളുടെ മുടികൾ പിന്നിലേക്ക് കോതിയൊതുക്കി താടി പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തു.  ഒരു നിമിഷം അതിൽ ലയിച്ചു നിന്ന ശെഷം അകന്നു മാറി.  “ഞാൻ ചായ കൊണ്ട് വരാം അപ്പോഴേക്കും കുളിച്ച് ഫ്രെഷാവൂ.. പുറത്തെ വരാന്തയിൽ കുളിമുറിയുണ്ട്..”  കുളിച്ച് ഫ്രെഷായി വന്നപ്പോൾ അവൾ ചായയും പലഹാരങ്ങളും കൊണ്ട് വെച്ചിരുന്നു. 

“താഴെ ആരൊക്കെയുണ്ട്..?” അയാളത് കഴിച്ചു കൊണ്ട് ചോദിച്ചു.   
“ഇപ്പോ ഗ്രാൻപായും ഗ്രാൻ‌മായുമേയുള്ളൂ.. അവർ ടി.വി.കാണുകയാ ഒരു സെർവന്റ് ഉള്ളത് അൽ‌പ്പം മുൻപേ പോയി.. നാളെ രാവിലെ വരും...”
“ഇതൊരു കൊച്ചു കൊട്ടാരം തന്നെയാണല്ലോ.. എന്തോരം മുറികളുണ്ടാകുമിതിൽ..!“ അവൻ അത്ഭുതത്തോടെ ചോദിച്ചു.
“കൊറേ ഉണ്ട് എല്ലാം അടച്ചിട്ടിരിക്കുവാ ഗ്രാൻ‌പായുടെ ഫാദർ ബ്രിട്ടീഷ് ഗവർൺ‌മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. അന്ന് കൺ‌സ്‌ട്രക്റ്റ് ചെയ്തതാ ഇത്..”
അയാൾ ഭക്ഷണം കഴിച്ച് ടവലിൽ കൈ തുടച്ചു.  “ഞാൻ അവരൊക്കെ ഉറങ്ങിയ ശേഷം വരാമേ.. അത് വരെ എന്തെങ്കിലും വായിച്ചിരിക്ക്..”  അതും പറഞ്ഞ് പാത്രങ്ങളെടുച്ച് അവൾ താഴേക്ക് പോയി.  ആനന്ദ് ടീപ്പോയിലിരുന്ന പുസ്തകങ്ങളെടുത്ത് മറിച്ച് നോക്കി ബെഡിലിരുന്നു.  ഇടക്ക്  ഒന്ന് രണ്ട് ഫോൺ വിളിച്ചു. എന്നിട്ടും സമയം പോകാഞ്ഞ് ലാപ് എടുത്ത് നെറ്റ് കണക്ട് ചെയ്തു.

ഒൻപത് മണി കഴിഞ്ഞപ്പോൾ അവൾ ഒരു കാസറോളിൽ ഫ്രൈഡ് റൈസുമായി വന്നു.  കസേരയിലിരുന്ന് അവൾ അത് അവനെക്കൊണ്ട് കഴിപ്പിച്ചു.  ഇടക്ക് അവൻ അവൾക്കും വാരിക്കൊടുത്തു.

“നെറ്റിൽ കാണുന്നതിലും ഒരുപാട് ക്ഷീണിച്ചത് പോലെ...”  ബെഡിൽ കിടന്ന് അവൾ പറഞ്ഞു. 
“അത് ജെനറൽ കം‌പാർട്ട്‌മെന്റിൽ ഗുസ്തി പിടിച്ച് വന്നത് കൊണ്ടാ...“ അവൻ പറഞ്ഞു.
“പെട്ടെന്നാണ് വിസ വന്നത്.. ഞാൻ പ്രതീക്ഷിച്ചതേയില്ല. അവിടെ പപ്പ ജോബ് റെഡിയാക്കിയിട്ടുണ്ട്.“ 
“പോയാൽ പിന്നെ നീയെന്നെ ഓർക്കുമോ..?” അവൻ ചോദിച്ചു.  അത് കേട്ടവൾ പോ.. എന്ന് പരിഭവിച്ച് തിരിഞ്ഞു കിടന്നു.  കുറച്ച് കഴിഞ്ഞപ്പോൽ അവന്റെ അനുനയത്തിൽ കീഴടങ്ങി അവൾ തിരിഞ്ഞു കിടന്നു.  അവൾ ചാറ്റിങ്ങിൽ കാണുന്നതിലും സുന്ദരിയാണെന്നു അവനും തിരിച്ച് അവളും പറഞ്ഞു.  പല വിശേഷങ്ങൾ പറഞ്ഞ് പാതിരാത്രി കഴിഞ്ഞപ്പോഴേക്കും അവൻ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി.  അവൾ കുറേ സമയം മുഖം നോക്കി ഉറങ്ങാതിരുന്ന് പിന്നെ അവന്റെ മടക്കിയ കൈകൾ തലയിണയാക്കി കണ്ണടച്ചു.

രാവിലെ എഴുന്നേറ്റ് ബാത്ത്‌റൂമിൽ പോയി വന്നപ്പോഴേക്കും ചായയും പലഹാരവും മുറിയിൽ റെഡിയായിരുന്നു.  “കുറച്ച് കഴിഞ്ഞാൽ സെർവന്റ് വരും, പിന്നെ ഞാനിങ്ങോട്ട് വല്ലപ്പോഴുമേ വരൂ.. ഉച്ചക്ക് ചോറ് അവർ കാണാതെ കൊണ്ടു തരാം.. ക്ഷമയോടെ ഇരിക്കണം കേട്ടൊ...” അവൾ കൊഞ്ചലോടെ പറഞ്ഞു.  അവൻ വായിച്ചും ഇരുന്നും നെറ്റിൽ സമയം കളഞ്ഞും കഴിച്ചു കൂട്ടി.  അവൾ ഇടയ്ക്ക് വന്ന് പോയിക്കൊണ്ടിരുന്നു.  രണ്ടു മണിയായപ്പോൾ ഇതേ കൊണ്ടു വരാൻ പറ്റിയുള്ളൂ എന്ന സങ്കടവുമായി അവൾ അൽ‌പ്പം ചോറു കൊണ്ടു വന്നു.  അത് കഴിച്ച് കുറേ നേരം കിടന്നുറങ്ങി.  
അന്നു രാത്രി അവളവനെയും കൂട്ടി ഉറങ്ങിക്കിടക്കുന്ന ഉപ്പൂപ്പയേയും ഉമ്മൂമ്മയേയും പിന്നെ വീട്ടിലെ മുറികളുമൊക്കെ കാണിച്ചു കൊടുത്തു. ആ വീട്ടിലെ ആന്റിക് സാധനങ്ങളിൽ പലതും അവൻ ജീവിതത്തിലാദ്യമായിട്ട് കാണുകയായിരുന്നു.  വീട്ടിൽ വന്ന കൂട്ടുകാരിക്ക് കൌതുക വസ്തുക്കൾ കാണിച്ചു കൊടുക്കുന്ന ഒരു സ്കൂൾ കുട്ടിയെ പോലെ അവളവന്റെ കൈപിടിച്ച് കൊണ്ട് പോയി ഓരോന്നും കാണിച്ചു.  പുറത്തെ വരാന്തയിൽ കസേരയിട്ടിരുന്ന് കുറേ സമയം സംസാരിച്ചു. പിന്നെ പുലരാറായപ്പോൾ മുറിയിൽ പോയിക്കിടന്നു.

അന്നു പകലും തലേന്നത്തതിന്റെ തനിയാവർത്തനമായിരുന്നു.  എങ്കിലും അവനതൊന്നും മടുപ്പിച്ചതേയില്ല.  മരങ്ങൾക്കിടയിലൂടെ ഒളിച്ച് വിഷമിച്ച് ജനലിലൂടെ എത്തുന്ന പുലരികളും ശ്രദ്ധിച്ചാൽ കേൾക്കാവുന്ന പുഴയുടെ ആരവങ്ങളും പാലത്തിന്റെയടുത്തെത്തുമ്പോൾ വേഗത കുറച്ച് ഡ്രംബീറ്റ്സുമായി പോകുന്ന ട്രെയിനിന്റെ ശബ്ദവീചികളും നഗരത്തിരക്കിൽ നിന്നും പാടേ വ്യത്യസ്തമായ അനുഭൂതിയായിരുന്നു.  ഓൺ‌ലൈൻ വഴി ജോലി ചെയ്തും സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തും പുസ്തകം വായിച്ചും വിശക്കുമ്പോൾ പഴങ്ങളെടുത്ത് കഴിച്ചും അജ്ഞാതവാസം ആസ്വദിച്ചു.  അവളെ കാണണമെന്ന് മനസ്സിൽ വിചാരിക്കുമ്പോഴേക്കും കുളിർക്കാറ്റ് പോലെ അവളെത്തുകയും നെറ്റിയിലൊരുമ്മ തന്ന് ഓടിപ്പോവുകയും ചെയ്തിരുന്നു.
 
മൂന്നാമത്തെ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനു മുൻപായി അവൻ ബാഗിൽ നിന്നൊരു കുപ്പി എടുത്തു. “ഇതൊക്കെ വാങ്ങിയിട്ടാണോ വന്നേ..!“ അതു കണ്ട് പരിഭവിച്ച് അവൾ പറഞ്ഞു.  അവൻ നിശ്ശബ്ദമായൊന്ന് ചിരിച്ച ശേഷം ഡ്രിങ്ക്സ് മിക്സ് ചെയ്ത് കഴിക്കാൻ തുടങ്ങി.  അവൾ കട്ടിലിൽ കിടന്ന് ലാപ് തുറന്ന് മെയിൽ ചെക്ക് ചെയ്തു.  ഭക്ഷണമൊക്കെ കഴിച്ച ശേഷം ഒരു ഗ്ലാസ്സ് അവൾക്കും കൊടുത്തു.   
“അയ്യോ... എനിക്ക് വേണ്ടാ
“വോഡ്കയാ.. ഒന്നും ആവില്ല കഴിക്ക്..” അവൻ നിർബ്ബന്ധിച്ചപ്പോൾ അവൾ മടിയോടെ കഴിച്ച് ഗ്ലാസ്സ് കാലിയാക്കി. 
“പുറത്ത് നല്ല തണുത്ത കാറ്റുണ്ടെന്ന് തോന്നുന്നു..”  
“നമുക്ക് പുഴക്കരയിലേക്ക് പോയാലോ” അവൾ ചോദിച്ചു.

ഒച്ചയുണ്ടാക്കാതെ താഴെ ഇറങ്ങി, ഗ്രിൽ പുറത്തു നിന്നും പൂട്ടി തെങ്ങിൻ തടത്തിലെ വരമ്പിലൂടെ മൊബൈലിന്റെ വെളിച്ചത്തിൽ കൈ കോർത്ത് പിടിച്ച് അവർ പുഴക്കരയിലേക്ക് നടന്നു.  മതിൽക്കെട്ടിന്റെ വശത്തുള്ള പുറത്തേക്ക് തള്ളിയ കൽപ്പടികൾ ചവിട്ടി മുകളിലെത്തി. ആവിടെ രണ്ടടി വീതിയിൽ പുഴയിലേക്ക് നീട്ടി ഇരുമ്പ് കൈവരികൾ കെട്ടിയ ഒരു പ്ലാറ്റ് ഫോം ഉണ്ടായിരുന്നു.  അവിടെ നിന്നും നോക്കിയാൽ കണ്ടൽക്കാടുകൾ അതിരിട്ട് ശാ‍ന്തമായൊഴുകുന്ന പുഴയും അകലെ റെയിൽ‌പ്പാലവും കാണാം.  “ഇവിടെ ഇരുന്ന് ഞങ്ങൾ ചൂണ്ടൽ ഇടാറുണ്ട്” 

“ചൂണ്ടൽ ഉണ്ടെങ്കിൽ ഇടാമായിരുന്നു
“നിന്റെ ചൂണ്ടയിൽ ഞാൻ വീണില്ലേഡാ..”

“അത് ചൂണ്ടയല്ലല്ലോ.. നെറ്റ് അല്ലേ”  ഒരേ താളത്തിലുള്ള പൊട്ടിച്ചിരിയിൽ അവർ ലയിച്ചു. പിന്നെ നേർത്ത നിലാവെളിച്ചത്തിൽ വെളുത്ത് തിളങ്ങിയൊഴുകുന്ന ഓളങ്ങൾ നോക്കി നിന്നു.  അപ്പോൾ മഴയുടെ ആദ്യ തുള്ളികൾ വന്നു പൊതിഞ്ഞു.  “അയ്യോ.. മഴ പെയ്യും.. വാ പോകാം..” അവൾ ധൃതി കൂട്ടി.  അവൻ വേണ്ടെന്ന് വിലക്കി.  നനയുമെന്ന് പറഞ്ഞപ്പോൾ നനയട്ടെ എന്ന് അവൻ.  മഴ പതുക്കെ കനത്തു തുടങ്ങി.  തലയിലെ ഷാളെടുത്ത് അവൾ രണ്ടു പേരെയും അതിനകത്താക്കി. മഴത്തുള്ളികൾ അവളുടെ കൺപോളകളിലൂടെ തഴുകിയപ്പോൾ മുഖം കൊണ്ടവൻ കുടയായി.    കുടുക്കുകൾ അഴിക്കാൻ അവൻ വിഷമിച്ചപ്പോൾ എളുപ്പത്തിൽ അവളത് അഴിച്ചു കാണിച്ചു.  മേഘമാലകൾ അകന്ന് ചന്ദ്രബിംബം പോലെ അവൾ അനാവൃതയായി.  അസക്തിയുടെ അഗ്നിനാളങ്ങൾ തണുപ്പിനെ മറികടന്നു.  തനുവിന്റെ ഓരോ അണുവിലും നീർപ്പളുങ്കുകൾ ചുംബനവർഷം നടത്തി.  പരസ്പരം കെട്ടിപ്പുണർന്നും ചുംബിച്ചും രതിമഴയിൽ ഒന്നായൊഴുകി.  നേർത്തും കരുത്താർജ്ജിച്ചും പിന്നെ വന്യമായും പുഴയിലലിഞ്ഞ് കുത്തിയൊഴുകി ഏറെ സമയത്തിനു ശേഷം ശാന്തമായി.

മുറിയിൽ കട്ടിലിൽ അടുത്ത് കിടന്ന് അനന്തതയിലെങ്ങോ നോക്കി കിടക്കുകയായിരുന്നു അവർ.  പാതിരാത്രിയും കഴിഞ്ഞ് എത്രയോ നേരമായിരുന്നു.  അവളിൽ നിന്നൊരു വിതുമ്പലുയർന്നപ്പോൾ അവളുടെ കണ്ണീർച്ചാലുകൾ മായ്ച്ച് വൃഥായെന്നറിഞ്ഞിട്ടും സോറിയെന്ന് പറഞ്ഞു.  “സാരമില്ല, എനിക്കും ഇഷ്ടമായിരുന്നു... ഒക്കെ അറിഞ്ഞ് തന്നത് തന്ന്യാ..  അത് കൊണ്ടല്ല നിനക്ക് പോകാനായല്ലോ എന്നോർത്തപ്പോ സഹിക്കാനാവുന്നില്ല..” നിറഞ്ഞ് മറിയുന്ന ഗദ്ഗദം അടക്കി അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. 
   
“നീ എന്നെ മറക്കുമെന്ന് എന്റെ മനസ്സ് പറയുന്നു ഗൾഫിലെത്തിയാൽ പിന്നെ പുതിയ സാഹചര്യം.. ആളുകൾ.. പപ്പേം മമ്മീം പറയുന്നത് നിനക്ക് കേൾക്കാതിരിക്കാൻ പറ്റില്ല.. ഇത് നമ്മുടെ അവസാന കാഴ്ചയാവുമെന്ന് എന്തോ എന്റെ ഉള്ളിലാരോ പറയുന്നു..”  പിന്നെ പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ പൊത്തി. 
 
“ഞാൻ അവിടെ എത്തി ജോയിൻ ചെയ്തയുടനെ നിനക്ക് വിസിറ്റിംഗ് എടുത്ത് തരാം..  നിനക്കവിടെ നല്ല പോസ്റ്റെന്തേലും കിട്ടും..  എന്നിട്ട് പപ്പേം മമ്മീം കണ്ട് കാര്യം പറഞ്ഞാൽ മതി.  അവർ സമ്മതിക്കാതിരിക്കാൻ വഴിയില്ല, ഇല്ലെങ്കിലും നമുക്ക് അവിടെ ജീവിക്കാം.  വേണ്ട എമൌണ്ട് ഞാൻ നിന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്” അവൾ പറഞ്ഞു. 
 
ഒന്നും പറയാതെയും ഒരുപാട് പറഞ്ഞും അവരാ രാത്രി ഒട്ടുമുറങ്ങാതെ തീർത്തു.  അഞ്ചു മണിയായപ്പോൾ അവൻ യാത്രക്ക് റെഡിയായി.  “ടിക്കറ്റ് കൺ‌ഫേമായിട്ടുണ്ട്.. സ്റ്റേഷനിലെത്തിയാൽ വിളിക്കണെ... പോകുമ്പോ ശ്രദ്ധിക്കണം..” ബാഗ് എടുത്ത് മുറിയിൽ നിന്നിറങ്ങുമ്പോൾ അവൾ പറഞ്ഞു.  പിരിയാൻ ഒട്ടും മനസ്സില്ലാതെ കഠിനമായി വിഷമിച്ചു കൊണ്ട് അവർ രണ്ടും താഴേക്കിറങ്ങി.  “നീ പറയുന്നതൊന്നും നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല,  ചെയ്യാൻ പറ്റുമെന്ന തോന്നൽ മാത്രമാണ്... അവർ നിന്റെ പാസ്സ്‌പോർട്ട് എടുത്ത് വെച്ചാൽ നീയെന്താ ചെയ്യുക.. ഇത് നമ്മുടെ അവസാന കാഴ്ചയാവാം.....” അടഞ്ഞ ഗ്രില്ലിൽ വെച്ച അവളുടെ തണുത്ത കൈത്തലത്തിൽ തൊട്ട് അവൻ പിൻ‌തിരിഞ്ഞു.   അവൾ നടുങ്ങി ഞെട്ടി നിഷേധാർത്ഥത്തിൽ തലയാട്ടി എന്നിട്ട് വായ് പൊത്തിപ്പിടിച്ചു കൊണ്ട് അകത്തേക്ക് ഓടി. 

തിരിച്ചു പോകുമ്പോൾ വരുമ്പോഴത്തെ ശ്രദ്ധയൊന്നും ഉണ്ടായിരുന്നില്ല.  ആരെങ്കിലും കണ്ടോട്ടെ  എന്ത് വേണമെങ്കിലുമാവട്ടെ ഒക്കെ നശിച്ചു പോട്ടെ എന്നൊക്കെ കരുതി കുറച്ച് സമയം വെറുതെ പാളത്തിൽ കിടന്നു.  പിന്നെ എഴുന്നേറ്റ് സ്റ്റേഷനിലേക്ക് നടന്നു.  പാലത്തിനു മുകളിലെത്തിയപ്പോൾ പുഴയിലേക്ക് ചാടിയാലോ എന്ന് കരുതി കുറേ ആലോചിച്ചു നിന്നു.  പിന്നെ ബാഗിൽ നിന്നും കുപ്പിയെടുത്ത് രണ്ട് കവിൾ വിഴുങ്ങിയ ശേഷം അത് പുഴയിലേക്ക് വലിച്ചെറിഞ്ഞു ആടിയാടി സ്റ്റേഷനിലേക്ക് നടന്നു. 
 
പ്ലാറ്റ്‌ഫോമിലെ ബെഞ്ചിലിരുന്ന് മുഖം കൈയിൽ താങ്ങി അവൻ പൊട്ടിക്കരഞ്ഞു. സങ്കടം കൊണ്ട് ഭ്രാന്ത്  പിടിച്ച അവസ്ഥയിലെത്തിയിരുന്നു. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു തണുത്ത കൈ വന്നു ചുമലിൽ തൊട്ടു.  ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ നിറമിഴികളുമായി ചുണ്ടു കടിച്ചമർത്തി അവൾ നിൽക്കുന്നു...

ട്രെയിൻ വരാനായി അവർ കാത്തിരുന്നു.