Thursday, April 28, 2011

മംഗല്യം തന്തുനാനേന..

ചീനാം‌പൊയിലിലെ കമ്മാരക്കുറുപ്പിന്റെ വീട്ടിൽ ഭയങ്കര കലമ്പൽ.

കുറുപ്പും ഭാര്യ യശോദാമ്മയും, ഇളയ മകൾ ഷൈജയും ചേർന്ന നാറ്റോ സഖ്യം ഒരു സൈഡിലും മൂത്ത മകൾ ഉഷാകുമാരി ഒറ്റയ്ക്ക് മറ്റേ സൈഡിലും നിന്നാണ് യുദ്ധം. ഏജ് ഓവറായ ഉഷാകുമാരിക്ക് കൂത്തുപറമ്പിൽ നിന്നും വന്നൊരു ഗൾഫുകാരന്റെ അന്വേഷണം ഉറപ്പിക്കുമെന്ന് കുറുപ്പും സഖ്യകക്ഷികളും. എനിക്കയാളെ ഇഷ്ടമല്ല്ലെന്നു കുമാരിഉഷയും.

തുടർച്ചയായ പതിമൂന്നാമത്തെ കല്യാണ ആലോചനയാണ് ഉഷാകുമാരി റിജെക്റ്റ് ചെയ്യുന്നത്. ആർക്കും യാതോരു കുഴപ്പവും തോന്നില്ലെങ്കിലും കാണാൻ വരുന്ന ഏത് മമ്മൂട്ടിക്കും അവൾ എന്തെങ്കിലും കുറ്റോം കുറവും കണ്ടെത്തും. കൂടെ കഴിയേണ്ടത് ഞാനല്ലല്ലോ എന്നോർത്ത് കുറുപ്പും അതെല്ലാം മനസ്സില്ലാ മനസ്സോടെ ഒഴിവാക്കി. ആദ്യമാദ്യം വരുന്ന ആലോചനകളൊക്കെ തള്ളിക്കളയുന്നത് കാശുള്ള തറവാട്ടുകാരുടെ ലക്ഷണവുമാണല്ലോ. പക്ഷേ ഇന്നേ വരെ വന്നതിൽ വെച്ച് ഏറ്റവും നല്ല പ്രൊപ്പോസലായിട്ടും അതും ഇഷ്ടപ്പെട്ടില്ലെന്ന് ഉഷാകുമാരി പറഞ്ഞതും കുറുപ്പും യശോദാമ്മയും പല്ലും നാവും ഉപയോഗിച്ച് എതിർത്തു. ടീനേജിന്റെ ക്രീമിലെയറിൽ നിൽക്കുന്ന ഷൈജയും തന്റെ മുന്നിൽ പുല്ലുംവണ്ടി പോലെ ബ്ലോക്ക് ചെയ്ത് നിൽക്കുന്ന ചേച്ചിയെ എതിർക്കാൻ കൂടി. എന്തു കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ആലോചനകൾ ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്ന പരിഷത്ത് മോഡൽ ചോദ്യത്തിന് എന്നത്തെയും പോലെ മിണ്ടാതിരുന്നെങ്കിലും അവരുടെ സംയുക്താക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല.

അങ്ങനെ ഗത്യന്തരമില്ലാതെ അത്രയും നാൾ ഒളിപ്പിച്ചു വെച്ച ലവ് ഫയൽ ഉഷാകുമാരിക്ക് തുറക്കേണ്ടതായി വന്നു. ഫയലിൽ കണ്ടത് അങ്ങാടിയിലെ വെയിറ്റിംഗ് ഷെൽറ്ററിൽ യാതൊരു പണിക്കും പോകാതെ ഫ്രീ മൈൻഡ് ബോഡിയായി അനന്തശയനം കിടക്കുന്ന ബാബുക്കുട്ടന്റേതായിരുന്നു. വീട്ടുകാരും നാട്ടുകാരും പല ജോലികൾക്കും റെക്കമെന്റ് ചെയ്തിട്ടും പല്ലി ചിലക്കുന്നത് പോലെ ഒച്ചയുണ്ടാക്കി “അതൊന്നും ശരിയാവൂലപ്പ..” എന്ന് പറഞ്ഞ് മടിപിടിച്ചിരിക്കുന്ന ബാബുക്കുട്ടനാണ് ഉഷാകുമാരിയുടെ വൈവാഹിക വിരക്തിയുടെ പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയ നാറ്റോ സഖ്യത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

“ഫാ.. നായീന്റെ മോളേ… നിനക്കാ താണ ജാതീലുള്ള നായീന്റെ മോനെയേ കണ്ടുള്ളൂ..” കുറുപ്പ്.

“എന്തെങ്കിലും ഒരു പണി ഉള്ളോനായിരുന്നെങ്കിൽ..!” യശോദാമ്മ.

“എന്നാലും ആ കഞ്ഞിയെ മാത്രല്ലേ ഏച്ചിക്ക് കിട്ടിയുള്ളൂ…!“ ഷൈജ.

ബ്ലൂടൂത്ത് ഇനേബിൾ ചെയ്ത മൊബൈൽ ഫോൺ പോലെയാണല്ലോ പെമ്പിള്ളേരുട മനസ്സ്. എപ്പോ വേണേലും എവിടെ നിന്നും ഫയൽ‌സ് ഡൌൺ‌ലോഡ് ചെയ്യപ്പെട്ടേക്കും. അതു പോലെ ബാബുക്കുട്ടൻ എപ്പൊഴോ ഉഷാകുമാരിയുടെ മെമ്മറി കാർഡിൽ കടന്നു കൂടിയിരുന്നു. പേരുകേട്ട വറ്റുണക്കിയും ഫോർവേഡ് കാസ്റ്റ് തിങ്കിങ്ങുമായിരുന്ന കുറുപ്പിന് കുമാരിയുടെ സ്നേഹബന്ധം അവിഹിത ബന്ധമായിരുന്നു. നീ എന്ത് പറഞ്ഞാലും ശരി അവനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്നും, കൂത്തുപറമ്പുകാരന് വാക്ക് കൊടുക്കുകയാണെന്നും കുറുപ്പ് ഓർഡർ ഇട്ടു. സമ്മതിക്കില്ല, ഇല്ല, ഇല്ലാ.. എന്ന് ഉഷാകുമാരിയും. അവളുടെ തർക്കുത്തരം കേട്ട് ദ്വേഷ്യം പിടിച്ച കുറുപ്പ് അവളുടെ മേൽ സിംഗിളും ഡബിളും ത്രിബിളുമൊക്കെ എടുക്കാൻ തുടങ്ങി. യശോദാമ്മയോ ഷൈജയോ തടുക്കാൻ പോയതേയില്ല. ലിമിറ്റഡ് ഓവറല്ലെങ്കിലും കൈ കഴച്ചത് കൊണ്ട് കുറുപ്പ് തല്ല് നിർത്തി. ഉഷാകുമാരി സീറ്റ് കിട്ടാത്ത രാഷ്ട്രീയ നേതാവിനെപ്പോലെ വലിയ വായിൽ നിലവിളിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.

ആ സമയം കൊളച്ചേരി സബീന പാർക്കിലിരുന്ന് ഷാജി, ബിജു, സുരേശൻ എന്നീ ഫെയ്മസ് കുടിയൻ ചങ്ങാതിമാരുടെ കൂടെ കട്ടയിട്ട് കുപ്പി വാങ്ങി അടിക്കുകയായിരുന്നു ലവർ ബാബുക്കുട്ടൻ. അപ്പോഴാണ് ഉഷാകുമാരിയുടെ ഫോൺ വന്നത്. സബീന പാർക്കെന്നത് ചുറ്റുപാടും അണ്ടിക്കാടുകൾ നിറഞ്ഞൊരു കാലി പറമ്പാണ്. പണ്ടൊരിക്കൽ സബീന എന്നൊരു പാവം മീറ്റ് മെർച്ചന്റ് അവിടെ ചില ക്ലയന്റ്സിന്റെ കൂടെ ഡിസ്കഷൻ നടത്തുമ്പോൾ അലൌകികവാദികളായ ചില നാട്ടുകാർ കൈയ്യോടെ പിടിച്ച് തല്ലി ഓടിച്ച് വിട്ടിരുന്നു. അതിനു ശേഷമാണ് ഹ്യൂമർസെൻസുള്ളൊരു തദ്ദേശവാസി ആ സ്ഥലത്തിന് സബീന പാർക്ക് എന്ന പേരിട്ടത്.

ഉഷാകുമാരി ബാബുക്കുട്ടനോട് കരഞ്ഞ് നിലവിളിക്കാനൊന്നും നിന്നില്ല. ഒറ്റ ഡയലോഗ്. എന്നെ കെട്ടുമെങ്കിൽ ഇപ്പോൾ വന്ന് കൂട്ടിക്കൊണ്ട് പോകണം, ഇല്ലെങ്കിൽ ഇന്ന് രാത്രി ഞാൻ തൂങ്ങിച്ചാവും. അതും പറഞ്ഞ് വെറും പത്ത് സെക്കന്റ് ബില്ലിങ്ങിൽ കാര്യം അവതരിപ്പിച്ച് അവൾ ഫോൺ കട്ട് ചെയ്തു. സാധാരണ ആളുകൾക്ക് മദ്യം കഴിക്കാതിരുന്നാലാണ് വിറക്കുക, പക്ഷേ രണ്ടര പെഗ് അടിച്ച് ഫോമിലായിട്ടും ബാബുക്കുട്ടന്റെ കൈയ്യും കാലും ബോഡീസും വിറക്കുന്നത് കണ്ട് ചങ്ങാതിമാർ എന്താണെന്നു ചോദിച്ചു. കുപ്പിയിൽ ബാക്കിയുള്ളത് അണ്ണാക്കിലേക്ക് കമിഴ്ത്തിക്കൊണ്ട് അവൻ സംഭവങ്ങൾ പറഞ്ഞു. എന്തോ ലേഡീസ് ഡിംഗൊൾഫിക്കേഷൻ ഉണ്ടെന്നറിഞ്ഞെങ്കിലും ഇത്രമാത്രം ക്രിട്ടിക്കൽ സ്റ്റേജിലാണെന്ന് അവർ അപ്പോഴേ അറിഞ്ഞുള്ളൂ. സംഗതികൾ പരിധിക്ക് പുറത്തായ സ്ഥിതിക്ക് ഇനി പിൻ‌മാറാൻ പറ്റില്ല. അവളെന്തെങ്കിലും ചെയ്താൽ പിന്നെ നാട്ടിൽ ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് റെഡിയാണെങ്കിൽ നിന്റെ വീട്ടിൽ അവതരിപ്പിച്ച് സമ്മതം വാങ്ങി കല്യാണം നടത്തിത്തരാമെന്ന് ആ നല്ല ചങ്ങായിമാർ പറഞ്ഞു.

“കെട്ടുന്നതിന് വിഷമമുണ്ടായിട്ടല്ല… താലി വാങ്ങാൻ ഒരുറുപ്പിക കയ്യിലില്ല്ലാതെങ്ങനെയാ...” എന്ന് ബാബുക്കുട്ടൻ.

“അതൊക്കെ തൽക്കാലം കടം വാങ്ങാം. പിന്നെ ബാങ്കിൽ നിന്നും പേഴ്സണൽ ലോണെടുക്കാമല്ലോ. അല്ലെങ്കിൽ ഓളെ കഴുത്തിലും കാതിലും എന്തെങ്കിലുമുണ്ടാകില്ലേ.. അത്‌ന്ന് കുറച്ച് വിറ്റ് കടമൊക്കെ വീട്ടാമല്ലോ..” സുരേശന്റെ അഭിപ്രായത്തോട് മറ്റെല്ലാവരും യോജിച്ചു.

ബാബുക്കുട്ടനെ ടെൻ‌ഷനടിപ്പിക്കാതെ ഫ്രീയായി വിട്ട് മൂന്നു പേരും കാര്യങ്ങൾ മുന്നോട്ട് നീക്കി. ആദ്യമായി ബാബുക്കുട്ടന്റെ വീട്ടിൽ പോയി വിഷയം അവതരിപ്പിച്ചു. അവർ ഞെട്ടൽ രേഖപ്പെടുത്തിയെന്നല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല. പോത്ത് പോലെ വലുതായിട്ടും ഒരു പണിയും എടുക്കാത്ത ഇവൻ കല്യാണശേഷമുള്ളതെങ്കിലും മര്യാദയ്ക്ക് ചെയ്താൽ മതിയായിരുന്നു എന്ന് മാത്രായിരുന്നു അവർടെ സ്റ്റേറ്റ്‌മെന്റ്. വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയപ്പോൾ ബാബുക്കുട്ടൻ ഉഷാകുമാരിയെ വിളിച്ച് രാവിലെ ആറു മണിക്ക് അമ്പലത്തിൽ പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞു. രണ്ട് പറമ്പ് അപ്പുറം കാറുമായി കാത്തു നിൽക്കും. അവൾ വന്നാലുടൻ നേരെ ഇരിട്ടിയിലേക്ക് പോകുന്നു, അവിടെ വിവാഹം രജിസ്‌റ്റർ ചെയ്യുന്നു. ഈ രീതിയിൽ പ്ലാൻ ചെയ്ത ശേഷം എല്ലാവരും ടൌണിൽ പോയി പരിചയമുള്ള ഒരു ജ്വല്ലറിയിൽ നിന്നും താലിമാലയും ടെൿസ്റ്റൈൽ‌സ് ഷോപ്പിൽ നിന്നും സാരിയും കടം വാങ്ങി ബാബുക്കുട്ടനെ ഏൽ‌പ്പിച്ച് ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.

ലോകത്തിന്നേ വരെ ഇങ്ങനെയൊരു സിറ്റുവേഷനിൽ ഒരു കാൽമുഖനും (കാൽ ഭാഗം മാത്രം മുഖമുള്ളവൻ, അതായത് മുക്കാൽ ഭാഗവും മുഖം നഷ്ടപ്പെട്ടവൻ) ഉറങ്ങിയിട്ടുണ്ടാവില്ല. ബാബുക്കുട്ടന് ഉറങ്ങാൻ പോയിട്ട് കിടക്കാൻ പോലുമായില്ല. ഉഷാകുമാരിയാണെങ്കിൽ ഹാപ്പികുമാരിയായി മുറിയിൽ നിന്നിറങ്ങി ടി.വി.യിൽ ആറര മുതൽ പത്ത് വരെയുള്ള പരമ്പരാഗത പരമ്പരകളൊക്കെ കണ്ട് മത്തിക്കറിയും ചീര വറവും ഉരുളയാക്കിയടിച്ച് ഉറങ്ങാൻ കിടന്നു. രാത്രി വീട്ടിലെല്ലാവരും ഉറങ്ങിയ ശേഷം, സൈലന്റായി അലമാര തുറന്ന് ആഭരണങ്ങളെല്ലാം പൊതിഞ്ഞ് വെച്ച് മുകളിൽ രണ്ട് ചുരിദാറുമെടുത്തിട്ട് ഒരു ബാഗിലാക്കി പറമ്പിന്റെ അതിരിലൊരു തൈക്കുണ്ടിൽ കൊണ്ട് വെച്ചു. എന്നിട്ട് നാളെ മുതൽ തനിച്ചുറങ്ങി കഷ്ടപ്പെടണ്ടല്ലോ എന്നോർത്ത് സുഖമായി കിടന്നുറങ്ങി. പാവം ബാബുക്കുട്ടൻ ഓരോ നിമിഷങ്ങളെയും കല്ലെടുത്തോടിച്ച് ഇരുന്നും നടന്നും കിടന്നും കണ്ണടക്കാനാവാതെ നേരം കഴിച്ചു കൂട്ടി.

പ്ലാൻ അനുസരിച്ച് ഉഷാകുമാരി അതിരാവിലെ എഴുന്നേറ്റ് യശോദാമ്മയോട് അമ്പലത്തിൽ പോകുന്നെന്ന് പറഞ്ഞ് കുളിച്ച് റെഡിയായി. യശോദാമ്മ അടുക്കളയിൽ നിന്നും ടോയ്‌ലറ്റിലേക്ക് പോയ സമയം നോക്കി പുറത്തേക്കിറങ്ങി തൈക്കുണ്ടിൽ നിന്നും ബാഗുമെടുത്ത് ബാബുക്കുട്ടന്റെ സവിധാലയത്തിലേക്ക് ഓടി. പിന്നെ മൊബൈൽ സ്വിച്ചോഫ് ചെയ്ത് ഇരിട്ടിയിലേക്ക് പുറപ്പെട്ടു. ബാബുക്കുട്ടനെ തലേന്ന് തുടങ്ങിയ വിറയൽ ഒട്ടും മാറിയില്ലെങ്കിലും, ഉഷാകുമാരിക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവൾ കണ്ണിൽ ഉന്മാദപൂത്തിരികളുമണിഞ്ഞ് നാണികുമാരിയായി ഒതുങ്ങിയിരുന്നു. ഇരിട്ടിയിലെ രജിസ്‌ട്രാർ ആഫീസിൽ സംഗതി റിക്കാഡിക്കലാക്കിയ ശേഷമാണ് ബാബുക്കുട്ടന് ശ്വാസം നേരെ വീണത്. കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചതിന്റെ സന്തോഷത്തിൽ ഒരു ഹോട്ടലിൽ കയറി എല്ലാവർക്കും പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുത്തു.

ഒളിച്ചോടിയ കമിതാക്കളും പ്രായോജകരും ഉച്ചയോടെ ബാബുക്കുട്ടന്റെ വീട്ടിലെത്തി. ജനിച്ചിട്ട് ആദ്യമായിട്ട് മോൻ സ്വന്തമായൊരു കാര്യം ചെയ്ത ആശ്ചര്യത്തിൽ അച്ഛനുമമ്മയും അവരെ പത്രഭാഷയിലെന്ന പോലെ ഊഷ്മളമായി സ്വീകരിച്ചു. അപ്പോഴേക്കും പുതിയ പെണ്ണിനെ കാണാൻ അയൽപക്കത്തുള്ളവർ വരാൻ തുടങ്ങി. നാട്ടിലെ പെണ്ണുങ്ങൾ പുതിയപെണ്ണിന്റെ ലുക്കും വാക്കും ക്രിട്ടിസൈസ് ചെയ്യുമ്പോൾ അക്കൂട്ടത്തിൽ നിന്നു മാറി ഷാജിയും ബിജുവും സുരേശനും ഉഷാകുമാരിയുടെ അനാട്ടമി ആകെ മൊത്തം സ്കാൻ ചെയ്തു റിപ്പോർട്ടാക്കി.

“പെണ്ണ് നല്ലോണം മെലിഞ്ഞിട്ടാണ് അല്ലേ…” ഷാജി.

“ഉം… ചിലതൊക്കെ കുറച്ച് ഓവറാണല്ലേ…” ബിജു.

“അതോർത്ത് വെഷമിക്കണ്ടാ.. വള്ളിക്ക് കായ ഭാരമല്ല…” സുരേശൻ.

എല്ലാവരും പോയിക്കഴിഞ്ഞ് രാത്രി മുറിയിലെത്തിയിട്ടാണ് ബാബുക്കുട്ടന്റെ വിറയലും ചമ്മലും കൺ‌ട്രോളിലായത്. ഇന്നത്തെ രാത്രി ഫസ്റ്റ് നൈറ്റാണല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് കുത്തനെ നിന്നു. പെട്ടെന്ന് താലിമാലയുടെയും സാരിയുടെയും കാശ് കൊടുക്കണമല്ലോയെന്ന ചിന്ത മിന്നൽ പോലെ വന്ന് കം‌പ്ലീറ്റ് മൂഡും കളഞ്ഞു. പിടിച്ച് കെട്ടിക്കാനും ഇറക്കിക്കൊണ്ട് വരാനുമൊക്കെ എല്ലോനും ഉണ്ടാകും. കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നെ അവനവൻ തന്നെ എല്ലാം കെട്ടി വലിക്കേണ്ടി വരും. അൽ‌പ്പം ചമ്മലോടെയാണെങ്കിലും ഉഷാകുമാരിയോട് ഇതൊക്കെ ഒപ്പിച്ച വിധം പറഞ്ഞപ്പോൾ ഞാൻ കൊണ്ടു വന്ന സ്വർണ്ണം വിൽക്കുകയോ പണയം വെക്കുകയോ ചെയ്തോളാൻ അവൾ പറഞ്ഞു. അതു കേട്ടപ്പോൾ ബാബുക്കുട്ടൻ റിലാക്സ്ഡായി.

ഉഷാകുമാരി ഉടൻ തന്നെ ബാഗെടുത്ത് ചുരിദാർ പുറത്തിട്ട ശേഷം ആഭരണ സഞ്ചി തുറന്ന് കട്ടിലിലേക്ക് കമിഴ്ത്തി. പക്ഷേ രണ്ടു പേരുടേയും ഹൃദയം തകർത്തു കൊണ്ട് അതിൽ നിന്നും സ്വർണ്ണത്തിനു പകരം കുറേ ചക്കക്കുരു തെറിച്ച് പുറത്തേക്ക് വീണു. കൂടെ ഒരു കത്തും.

“മകളേ കുമാരീ, ഞങ്ങൾ ഉറപ്പിച്ച കല്യാണം ഇഷ്ടമല്ലെങ്കിൽ ഞങ്ങളുടെ ആഭരണവും നിനക്ക് വേണ്ട. ഇനി മേലാൽ ഒരു കാര്യത്തിനും ഇങ്ങോട്ടേക്ക് വരണ്ട. ആ കല്യാണം ഞാൻ ഷൈജക്ക് ഉറപ്പിച്ചു..

കുറിപ്പ് : മരുമോനേ.. പൊന്നു മോനേ,, ആ കട്ടിൽ കണ്ട് പനിക്കണ്ട...”