Tuesday, December 31, 2013

ഫിപ്പോ അഥവാ ഹിപ്പോ

 ഫിലിപ്പോസ് പോത്തൻ ഒരു മനുഷ്യ നിരീക്ഷകനും സാമൂഹ്യ ഇടപെടലുകാരനുമാണ്.  നാട്ടിലും കുടുംബങ്ങളിലും നടക്കുന്ന സകല ചലനങ്ങളും ഇദ്ദേഹത്തിന്റെ വായിലൂടെ കടന്ന് ഓരോ ചെവികളിലും പിന്നെയും വായകളിലൂടെ പുനർജ്ജന്മപ്പെട്ട് ഭേദഗതികളോടെ അനേകം ചെവികളിലെക്കും എത്തപ്പെടുന്നു.  പ്രായലിംഗ ഭേദമന്യേ സമസ്ത നാട്ടുകാരുടേയും വിശേഷങ്ങളിൽ ഇടപെട്ട് അത് ബ്രേക്കിങ് ന്യൂസാക്കി സം‌പ്രേഷണം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ അസാമാന്യമായ കാര്യശേഷിയെ ജനം പൊന്നാട നൽകാതെ തന്നെ അംഗീകരിച്ചിരുന്നു.  

ഫിലിപ്പോസ് പോത്തൻ എന്ന പേരിനെ സമയക്കുറവുള്ള ഏതോ സമ്പന്ന ഭാവനക്കാരൻ മനോഹരമായി ചുരുക്കി പരിഷ്കരിച്ചിരുന്നു.  ഫിപ്പോ എന്നാണ് ആ ചുരുക്കെഴുത്തുകാരൻ ഉദ്ദേശിച്ചതെങ്കിലും ദുഷ്ടാത്മാക്കൾ അത് ഹിപ്പോ എന്ന് കരുതിക്കൂട്ടി രൂപഭേദം വരുത്തിയാണ് വിളിച്ചിരുന്നത്.  ചളിക്കുണ്ടിൽ കിടന്ന് ലോകത്തെ ആസ്വദിക്കുന്ന ഹിപ്പോപൊട്ടാമസിന്റെ സ്വഭാവം ഈ മനുഷ്യപ്പിറവിയിലും പലരും കണ്ടിരിക്കണം.  ഹിപ്പോ എന്നായാലും ഫിപ്പോ എന്നായാലും കേൾക്കുമ്പോ ഒരുമാതിരിപ്പെട്ട ആർക്കും തിരിച്ചറിയാൻ പറ്റാതിരുന്നതിനാൽ അത്, എന്നെ ആക്കിയാ‍ണോ ആക്കാതെയാണോ എന്ന് മനസ്സിലാക്കാതെ ഫിപ്പോ വിളി കേട്ടിരുന്നു.


ഹിപ്പോയുടെ പ്രവൃത്തി മണ്ഡലത്തിൽ ഇന്ന ടൈപ്പ് കാര്യങ്ങളേ പെടുകയുള്ളൂ എന്നൊന്നില്ല.  നാട്ടിൽ നടക്കുന്ന എന്ത് കാര്യവും മൂപ്പർ ഒരു മൊബൈൽ ടവർ പോലെ ട്രാൻസ്മിറ്റ് ചെയ്തു കൊണ്ടിരുന്നു; പ്രത്യേകിച്ച് ഒരു ചാർജും ഈടാക്കാതെ.  

അന്നത്തെ ദിവസവും പതിവുപോലെ ഒരു സുപ്രഭാതമായിരുന്നു.  ഹിപ്പോ ചേട്ടൻ തന്റെ ഒരു ദിവസം എങ്ങിനെ ഫലപ്രദമായി പരദൂഷണം നടത്തി വിനിയോഗിക്കാം എന്ന ഗഹനമായി ആലോചിച്ച് ചുറ്റുപാടുകൾ നിരീക്ഷിച്ച് നാട്ടിലൂടെ നടക്കുകയാണ്.  ബസ്‌ സ്റ്റോപ്പിലോ വായനശാലയിലോ ചായക്കടയിലോ പ്രത്യേകിച്ച് പുനരുപയുക്തമായ ഒരു മാറ്ററും വീണു കിട്ടിയില്ല.  ചുറ്റിക്കളിയേയൊ, ഒളിച്ചോട്ടത്തേയോ, പ്രണയത്തേയോ, കല്യാണാലോചനയേയോ സംബന്ധിച്ച ഒരു വാർത്തയും കണ്ടെത്താൻ പറ്റാത്തതിനാൽ നാട്ടുകാരൊക്കെ നന്നായോ എങ്കിൽ തന്റെ ടൈം‌പാസ്സ് ഇല്ലാതാകുമോ എന്ന ചിന്തയിൽ നടക്കുമ്പോഴാണ് ഒരു സംഭവം കണ്ടെത്താനായത്.  ഗൾഫുകാ‍രൻ ബാബുരാജന്റെ ഭാര്യ മല്ലിക അവരുടെ വീടും അടച്ച് പൂട്ടി ബാഗുമെടുത്ത് ഒരു കാറിൽ കയറുന്നു.  ‘ഗൾഫുകാരന്റെ ഭാര്യ‘ എന്ന ടൈറ്റിലിൽ മംഗളത്തിൽ ഒരു നോവലോ ചാനലിൽ ഒരു സീരിയലോ തുടങ്ങിയാൽ വാരിക വാങ്ങാൻ കിട്ടാതാവുകയും ചാനൽ റേറ്റിങ്ങിൽ ഒന്നാമതാവുകയും ചെയ്യും വിധം മോഹിപ്പിക്കുന്ന ഒന്നാണല്ലോ.  വർക്ക് ചെയ്താൽ ഇത് പൊലിപ്പിക്കാമെന്ന് ഹിപ്പോയിലെ ഇളമനസ്സ് എളുപ്പം തിരിച്ചറിഞ്ഞു.

സാർവ്വലൌകികമായ ക്യൂരിയോസിറ്റിയും ജന്മസിദ്ധമായ അന്വേഷണ ത്വരയും കാരണമാണ് അവിടെ തന്നെ നിന്ന് ഹിപ്പോ തന്റെ ഒരു കണ്ണ്‌ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട കമ്പിവേലികൾ എന്ന ബോർഡ് വായിക്കുന്നതിനും മറ്റേ കണ്ണ് മല്ലികയിലുമായി ഡ്യൂട്ടി വിഭജനം നടത്തിയത്.  മല്ലിക ഒരേസമയം വിവാഹം കഴിഞ്ഞ ഒരു മകളുടെയും, കഴിയാത്ത ഒരു മകന്റെയും സുന്ദരിയായ അമ്മയും അതേ സമയം ലൌകിക ജീവിത സാഹചര്യങ്ങൾ ആഗ്രഹിക്കുന്ന, യൌവനത്തിന് കോട്ടം സംഭവിക്കാത്ത സുന്ദരിയുമാണ്.  ബാബുരാജേട്ടൻ ഗൾഫിൽ കിടന്ന് മാസാമ്മാസം അയക്കുന്നതിന്റെ നല്ലൊരു ഭാഗം ആയമ്മ സൌന്ദര്യം വർദ്ധിപ്പിക്കാനും നഗ്നത കുറക്കാനുമുള്ള വസ്തുവകകൾക്ക് വേണ്ടി ലോഭമന്യേ ചെലവാക്കിയിരുന്നു.  എവിടെയും പോകാനില്ലെങ്കിലും കൈകാൽ നഖങ്ങളിലെ പോളിഷ് പോലും പല വർണ ഡിസൈനുകളിൽ നിത്യവും മാറ്റി അണിഞ്ഞൊരുങ്ങി ചമഞ്ഞ് നിൽക്കുന്ന നല്ല സ്റ്റൈലിഷ് ലേഡിയാണ്.  സാരിക്കും കോസ്മെറ്റിക്സിനും മേക്കപ്പിനും വേണ്ടി ആയമ്മ ഉദാരവൽക്കരണ നയം അനുവർത്തിച്ചു.  ഈ എക്സിബിഷനിസത്തിന്റെ ഫലമായി വെളുത്ത് കൊഴുത്ത ആ മദാലസയുടെ അംഗലാവണ്യത്തിൽ ആണുങ്ങളായവരെല്ലാം ഈയാംപാറ്റകളായിരുന്നു.  വീട്ടിൽ അമ്മയോ ഭാര്യയോ ചോറു വെക്കാൻ അരി വാങ്ങിത്തരുമോന്ന് ചോദിച്ചാൽ മൈൻഡാക്കാത്തവർ മല്ലിക ചേച്ചി മല്ലിപ്പൊടി വാങ്ങിത്തരുമോന്ന് ചോദിച്ചാൽ ബി.എം.ഡബ്ല്യു. പിടിച്ചുപോലും വാങ്ങിക്കൊണ്ട് കൊടുക്കും.  സ്ത്രീ അബലയാണ് ദുർബ്ബലയാണ് എന്നൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് കഥ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ കൂടെ ഒരു ജനത മൊത്തമുണ്ടാകും കാണാൻ ഗുണമുണ്ടെങ്കിൽ.

കമ്പിവേലി പരസ്യ ബോർഡിലെ നമ്പറുകൾ വായിച്ച് തീരുമ്പോഴേക്കും മല്ലിയേച്ചിയും വണ്ടിയും റോഡിലൂ‍ടെ പോയിക്കഴിഞ്ഞിരുന്നു.  അപ്പോൾ മാത്രം കണ്ടത് പോലെ നോക്കി ഹിപ്പോ ഡ്രൈവറുടെ മുഖം തന്റെ മനസ്സിന്റെ ഗൂഗിൾമാപ്പിൽ തപ്പിനോക്കിയെങ്കിലും ‘നിങ്ങൾ തപ്പിയവനെ നമ്മക്ക് അറിയൂലപ്പ‘ എന്ന മറുപടിയാണ് കിട്ടിയത്.  വീടുമടച്ച് പൂട്ടി ബാഗുകളുമെടുത്ത് കാറിൽ അജ്ഞാതനാ‍യ ചെറുപ്പക്കാരൻ ഡ്രൈവറുമൊത്ത് മദാലസയും സുന്ദരിയുമായ മല്ലിക എന്ന യുവതിയുടെ യാത്ര ഹിപ്പോയുടെ മനസ്സിൽ ചില സദാചാര ആശങ്കകളുണർത്തി. 
റേഞ്ചില്ലാത്ത ഫോൺ സംഭാഷണം പോലെ അവ്യക്തവും അപൂർണവും സാഹചര്യത്തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാൽ മാത്രം ക്ലാരിഫൈ ചെയ്യാത്തതുമായ ചില വാർത്താചിത്രങ്ങളിൽ മല്ലികേച്ചി സെന്റർ പേജ് അലങ്കരിച്ചിരുന്നു.  തനിച്ച് താമസിക്കുന്ന പെണ്ണുങ്ങളുടെ പാതിവ്രത്യത്തിന്റെ കാവൽഭടന്മാരായ നാട്ടുകാർക്ക് മല്ലിയേച്ചിയെപ്പറ്റി കഥകളുണ്ടാക്കാൻതക്ക തെളിവുകൾ അത് വരെ കിട്ടിയിരുന്നില്ല.  ഇന്നത്തോടെ നാട് മൊത്തം ആകാംക്ഷയോടെ കാത്തിരുന്ന ആ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഹിപ്പോ തീർച്ചയാക്കി.
അന്ന് രാവിലെ മുതൽ ഹിപ്പോചേട്ടന്റെ ചിന്തകളിൽ മായിക മന്ദഹാസത്തോടെ മല്ലിക കാറിലേക്ക് കയറുന്ന സീൻ മാത്രമായിരുന്നു.  വഴിയിൽ കണ്ട ഒന്ന് രണ്ട് അയൽ‌വാസികളോടും ചായപ്പീടികയിലെ കുറ്റിക്കാരോടും നിഷ്കളങ്കനായി “അല്ലപ്പാ.. നിങ്ങളെ മല്ലിക ഏട്യാ പോന്നത് കണ്ടേ” എന്ന് അന്വേഷിച്ച് നോക്കിയെങ്കിലും പ്രതീക്ഷിച്ച ഒരുത്തരവും കിട്ടിയില്ല.  ഉത്തരം ഇല്ലെങ്കിലും മല്ലിക കാറിൽ അജ്ഞാതനായ ചെറുപ്പക്കാരന്റെ കൂടെ പോയെന്ന വാർത്ത ട്രയൽ എഡിഷനിൽ കുറച്ച് കോപ്പികൾ അടിച്ചു അപ്പോ വിതരണം ചെയ്തു.  പക്ഷേ ഹിപ്പോയെ അമ്പരപ്പിലാഴ്ത്തിക്കൊണ്ട് മല്ലികാമ്മ അന്ന് രാത്രി തിരിച്ച് വന്നില്ല.

പിറ്റേന്ന് രാവിലെ ഹിപ്പോ മല്ലികേച്ചിയുടെ വീടിനു മുന്നിലൂടെ ഒരു നിരീക്ഷണ നടത്തം ചെയ്തെങ്കിലും വീട് അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു.  വൈകുന്നേരം വളരെ ജാഗ്രതയോടെ ഹിപ്പോ പോയി നോക്കിയെങ്കിലും മല്ലികാമ്മ തിരിച്ചു വന്നതിന്റെ ലക്ഷണമൊന്നുമില്ല.  പിറ്റേന്നു രാവിലെയും നോക്കിയതും പിന്നെ ഹിപ്പോയ്ക്ക് പിടിച്ച് നിൽക്കാനായില്ല.  മൂപ്പർ ഉടനെ ബാബുരാജന്റെ നമ്പർ സംഘടിപ്പിച്ച് ബൂത്തിൽ കയറി ഗൾഫിലേക്ക് വിളിച്ചു.

“അലോ.. ബാബുരാജനല്ലേ.. നിന്റെ ഭാര്യയില്ലേ മല്ലിക.. ഓള് രണ്ട് ദെവസായിറ്റ് വീട്ടിൽ ഇല്ല.. ഏതോ ഒരു ചെറുപ്പക്കാരന്റെ കൂടെ കാറിൽ പോകുന്ന കണ്ടു
“അയ്യോ.. ആരാ ഇത് പറഞ്ഞേ.. നിങ്ങളാരാ വിളിക്കുന്നത് ?” മറുതലക്കൽ ബാബുരാജൻ ഞെട്ടി.
“വിളിക്കുന്ന ആളിന്റെ കാര്യം വിട്.. നിങ്ങൾക്ക് മോശം വരാതിരിക്കാൻ പറയുന്നതാ
“എന്നാലും ആരാന്ന് പറയ്.”
“നിങ്ങൾക്ക് വേണ്ടപ്പെട്ടയാളാണെന്ന് കരുതിയാ മതി... വേഗം നാട്ടിൽ വന്ന് അന്വേഷിക്ക്.”
“അതിപ്പോ പെട്ടെന്ന് നാട്ടിലേക്ക് വരികാന്നൊക്കെ വെച്ചാൽ..”
“എടോ.. നിന്റെ ഭാര്യയെ വേണെങ്കിൽ നീ വരണ്ടി വരും.. അല്ലെങ്കിൽ വരണ്ടാ.. ഞാൻ വെക്കട്ടെ.. എന്റെ പൈസയാ പോന്നത്
“നിർത്ത്.. നിർത്ത് ഞാൻ വരാം അതിനു മുൻപ് ഒരാൾക്ക് ഫോൺ കൊടുക്കാം
“ആരിക്കാ.. കൊട്ക്ക്” ഫോൺ കൈമാറുന്നത് കേട്ട് ഹിപ്പോ അക്ഷമനായി നിന്നു.
“ഹലോ ഹിപ്പോ ചേട്ടാ ഇത് ഞാനാ മല്ലിക.”
“ങേ…………!!!“
ഫോൺ വിളിച്ച് നിൽക്കുന്ന ഒരാളുടെ പ്രതിമ അതിനു ശേഷം അവിടെയുണ്ടായി.