Friday, June 6, 2008

ഒരു ക്രൂരമായ ‘റണ്ണൌട്ട്’

"എന്നെന്നേക്കുമായി എന്റെ ക്രിക്കറ്റ് ജീവിതം തകര്‍ക്കുന്നതിനു വേണ്ടി എന്നേക്കാള്‍ ഇളയ സചിന്‍ ടെന്‍ഡുല്‍ക്കര്‍ പല കളികളും കളിച്ചു." - സുഭാഷ്ചന്ദ്രന്‍. (ഒരു ടീനേജറുടെ ഡയറി)

എല്ലാവരും ഫുട്ബാള് കളിക്കുന്ന കാലത്ത് ഞങ്ങള്‍ കളിച്ചിരുന്നത് ക്രിക്കറ്റായിരുന്നു. മംഗലാപുരത്ത് പഠിക്കാന്‍ പോയ അപ്പനു ആണു വരുന്ന വഴിക്ക് കാട്ടാമ്പള്ളി പുഴയ്ക്കിപ്പുറത്തേക്കു കിറുക്ക് പിടിച്ച ഈ കളി കൊണ്ടുവന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പു വിജയവും തുടര്‍ന്നുവന്ന ആസ്ത്രലേഷ്യാ കപ്പ്, ബെന്‍സണ്‍ & ഹെഡ്ജസ് കപ്പ് വിജയങ്ങളും ടെലിവിഷന്റെ കടന്നുവരവും ഞങ്ങളില്‍ ഭക്ഷണമില്ലെങ്കിലും ക്രിക്കറ്റ് കളിക്കാന്‍‍ പറ്റിയാല്‍ മതിയെന്ന അവസ്ഥയുണ്ടാക്കി. ക്രിക്കറ്റ് കളിക്കുന്ന ഞങ്ങളൊക്കെ അന്ന് കളിയറിയാത്തവന്മാരുടെ മുന്‍പില് ഷൈന്‍ ചെയ്തു. തൊപ്പി വെക്കുകയും ചൂയിങ്ഗം ചവക്കുകയും ചെയ്താലേ ക്രിക്കറ്റ് കളിക്കാന്‍ പറ്റുകയുള്ളൂ എന്നാണു അക്കാലത്തെ വിചാരം.

ഇന്നത്തെപ്പോലെ ടെന്നിസ് ബോള്‍ അല്ലായിരുന്നു സ്റ്റിച്ച് ബോള്‍ കൊണ്ടാണു കളിച്ചിരുന്നതു. ആ ബോളിന്റെ ഒരു ഏറു കൊണ്ടവര്‍ക്കറിയാം അതിന്റെ വേദന. യാതൊരു വിധ പാഡുകളുടേയും സഹായമില്ലാതെ റോഡുകള്‍ പോലെ പൊട്ടിപ്പൊളിഞ്ഞ പിച്ചുകളില്‍ കുറ്റി അല്ലെങ്കില്‍ ബാറ്റുമായി നില്‍ക്കുന്നവന്റെ ശരീരം മാത്രം ലക്ഷ്യമാക്കി സകല ശക്തിയുമുപയോഗിച്ച് ബോളര് എന്ന 'മാങ്ങയേറുകാരന്‍' എറിയുമ്പോള്‍ ആയുസ്സ് തന്നത് ദൈവത്തിന്റെ കാരുണ്യം മാത്രമാവാം. കാലുകളില്‍ ഏറുകൊള്ളാത്ത സ്ഥലങ്ങളില്ല. എത്ര ഏറു കൊണ്ടാലും പിറ്റേന്നും ഞങ്ങള്‍ കളിക്കാന്‍ റെഡിയായിരിക്കും. വീട്ടുകാരും നാട്ടുകാരുമൊക്കെ ക്രിക്കറ്റിനെ അപകടസാദ്ധ്യത കാരണം ശക്തിയായെതിര്‍ത്തിരുന്നു. എന്നാലും ഞങ്ങള്‍ ക്രിക്കറ്റ് മാത്രം കളിച്ചു.

അന്ന് ലെഗ് ബിഫോര്‍ വിക്കറ്റ് നിയമമൊന്നും ശരിക്കും ആര്‍ക്കും അറിയില്ലായിരുന്നു. അതോ തീരുമാനിക്കാനുള്ള എളുപ്പത്തിനൊ എന്നറിയില്ല.. വലതുകാലിനു ബോള് കൊണ്ടാല്‍ ഔട്ട് എന്നായിരുന്നു നിയമം. ഒരിക്കല് ഒരാള്‍ വലതു കാലിനു ഏറു കൊണ്ടിട്ടും ഇടതു കാല്‍ വേദനയെടുത്തത് പോലെ തടവി. എന്നിട്ട് ഔട്ട് അല്ലെന്നു പറഞ്ഞു
രക്ഷപ്പെട്ടു. (സംശയിക്കെണ്ട ഞാനാരാ മോന്!)

ടോസ്സ് കിട്ടിയാല്‍ ബാറ്റിനു വേണ്ടിയുള്ള ഓട്ടം, ബാറ്റിങ്ങ് കഴിഞ്ഞാല്‍ നേരെ ബോളിനും. കളിക്കുന്നവരെല്ലാം ആള്‍റൌണ്ടര്‍മാരാണു. എന്നാലും സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പങ്കന്‍, ഓപ്പണിങ്ങ് ബോളിങ്ങ് ചെയ്യുന്ന രാജു, നന്ദു. ക്യാപ്റ്റന്‍മാര്‍ ആകാറുള്ള രാജീവന്‍, അജു. ബാറ്റില്‍ നിന്നും മൂളിപ്പറന്നു വരുന്ന എല്ലാവരും തൊടാന് മടിക്കുന്ന പന്തുകള്‍ സ്ലിപ്പില് ഒറ്റക്കൈയ്യില് ഡൈവ് ചെയ്തു പിടിച്ച് ഒരു ചെറുചിരിയോടെ വട്ടം കറങ്ങി ആഘോഷിക്കുന്ന ബ്രുസ് റീഡ് എന്ന ബാബു, മനോഹരമായ ബോളിങ്ങ് ആക്ഷനുള്ള ശശി, ഷാജി, പ്രമോദ്, കുട്ടന്‍, തുടങ്ങിയവരെയൊക്കെ നല്ല കളിക്കാരായിരുന്നു.

ഞങ്ങളെ ക്ലാസ്സിക് ക്രിക്കറ്റ് പഠിപ്പിച്ചു തന്നത് അജുവായിരുന്നു. മനോഹരമായി ബാറ്റ് ചെയ്യും, നല്ലൊരു സ്പിന്‍ ബോളറുമായിരുന്നു അവന്‍‍. ഒരു ടീമെന്ന നിലയില് ‍അവന്‍ ഞങ്ങളെ ഒത്തിണക്കിക്കൊണ്ടുപോയി. കൂട്ടത്തില്‍ അവനായിരുന്നു സാമ്പത്തികമായി നല്ല സ്ഥിതിയിലെന്നതിനാലല്ല, അവന്‍ ടൌണില് പഠിക്കുന്നത് കൊണ്ടാണു എപ്പൊഴും ബോളും ബാറ്റും വാങ്ങുന്ന പണിയൊക്കെ അവന്റെ തലയിലായത്. കാശൊന്നും കൊടുത്തില്ലെങ്കിലെന്താ ഞങ്ങള്‍ അവന്‍ വാങ്ങിക്കൊണ്ടു വരുന്നതൊക്കെ അടിച്ചു പൊട്ടിക്കുന്നില്ലെ. (സഹാറയും, നൈക്കിയുമൊക്കെ ഇപ്പോ വന്നവരല്ലെ, നമ്മളിതൊക്കെ എപ്പൊഴെ നടപ്പിലാക്കിയതാ)

അന്നത്തെ ആസ്ട്രേല്യന്‍ ടീമിലെ ഒരു പ്രധാന ഫാസ്റ്റ് ബോളറായിരുന്നു ബ്രൂസ് റീഡ്. അയാളെപ്പോലെ മെലിഞ്ഞു നീളം കൂടിയവനായത് കൊണ്ടാണു ബാബുവിനു ആ പേരു വീണത്. സ്ലിപ്പില് അവന്‍ അസാധ്യമായ ക്യാച്ചുകള്‍ ഈസിയായി എടുത്തിരുന്നു. റ്റീമിലെ ഉത്സാഹകമ്മിറ്റിക്കാരന്‍. ആരോടും ദേഷ്യപ്പെടാന്‍ കഴിയാത്ത, എല്ലാവരോടും വിനയത്തോടും ബഹുമാനത്തോടും മാത്രം ഇടപെടുന്നവന്‍. പരീക്ഷകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചു തന്നെയും ഭാവന പോലുമില്ലാതിരുന്ന അക്കാലത്ത് അവനൊരു വഴികാട്ടിയായിരുന്നു. ഞങ്ങളുടെ നാട്ടില്‍ ഒരു വായനശാല തുടങ്ങിയാലോ എന്ന് ആദ്യം ആലോചിച്ചത് അവനായിരുന്നു. ഭാരവാഹികളെ തീരുമാനിച്ചപ്പോ നാട്ടിലെ വലിയവര്‍ അകത്തും ഞങ്ങള്‍ പുറത്തുമായെങ്കിലും അതിന്റെ കെട്ടിടം പണിക്ക് കല്ലും മണ്ണും ചുമക്കുവാന്‍ അവന്‍ പാതിരാത്രിയിലും ഞങ്ങളോടൊപ്പം ഉറക്കമിളച്ചു. അവനു പണ്ടൊരിക്കല്‍ അപസ്മാരം വന്നിരുന്നെന്നു കുറേക്കാലം കഴിഞ്ഞാണു ഞങ്ങളറിഞത്.

അന്നു ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടു ഞങ്ങള്‍ക്ക് മാച്ചുകള്‍ കളിച്ചു 'ശക്തി തെളിയിക്കാന്‍' ടീമുകളെ തേടി ദൂരെ പൊകേണ്ടി വന്നിരുന്നു. അങ്ങനെ ഒരിക്കല്‍ അടുത്ത പഞ്ചായത്തിലൊരു ടീമുമായി അവരുടെ 'ഹോംഗ്രൌണ്ടില്' വെച്ച് ഒരു മാച്ച് കളിക്കാന്‍ ഞങ്ങള്‍ പോയി. എന്തോ എന്നറിയില്ല അന്നു ഞങ്ങള്‍ ദയനീയമായി തോറ്റു. തൊപ്പിയുമിട്ട് നാട്ടിലേക്ക് നടന്നു വരുന്നതിനടുത്തായി ഒരു പുഴയുണ്ടായിരുന്നു. കൂട്ടത്തിലാരോ പറഞ്ഞു അവിടെപ്പോയി കുളിച്ചിട്ടു പോകാമെന്ന്. നീന്തലറിയാത്ത എന്നെ കരയിലാക്കി എല്ലാവരും വെള്ളത്തില്‍ അര്‍മാദിക്കാന്‍ തുടങ്ങി. നന്നായി നീന്തുന്നവന് വെള്ളത്തിലിറങ്ങിയാല്‍ പിന്നെ ജലപ്പിശാച് പിടിച്ചത് പോലാണു. കയറുകയേ ഇല്ല. എന്നെപ്പോലത്തെ നീന്തലറിയാതെ ആട്ടം കാണുന്നവര്‍ ഇവന്മാരോട് മതിയെടാ.. കയറെടാ.. എന്നു പറഞ്ഞു മടുക്കും.

എല്ലാവരും കളി തോറ്റ സങ്കടം മറക്കാന്‍ വെള്ളത്തില്‍ കിടന്നു മറിയുകയായിരുന്നു. ഞാനൊരു തെങ്ങിന്റെ ചുവട്ടില്‍ ചാരി ദൂരെ മണല് വാരുന്ന തോണിക്കാരേയും നോക്കിയിരുന്നു. പെട്ടെന്നു ബാബു കൈകാലുകളിട്ടടിച്ച് പിടക്കാന്‍ തുടങ്ങി. അവന്റെ കണ്ണുകള് തുറിച്ച് വായില്‍നിന്നും നുരയും പതയും വെള്ളത്തില്‍ കലര്‍ന്നു. 'എടാ.. ബാബുവിനെ പിടിക്കെടാ...' കരയില് നിന്നും ഞാനലറി. നന്ദുവും രാജുവും ശശിയും അവനെ പിടിക്കാന്‍ നോക്കി. അവര്‍ക്കാവുന്നില്ല. അവന്‍ അമാനുഷികമായ ശക്തിയിലായിരുന്നു കൈകാലുകളിട്ടടിക്കുന്നത്. പിടിക്കാന്‍ പോയവരെല്ലാം തെറിച്ചുപോയി. രക്ഷിക്കാന്‍ വരുന്ന കൈകളെയാണു അവന്റെ അസുഖം അടിച്ചു തെറിപ്പിക്കുന്നതെന്ന് പാവം അവനറിയില്ലല്ലോ.

ഞങ്ങള്‍ പൂഴിയിലൂടെ 'ഓടിവായോ.. രക്ഷിക്കണേ..' എന്നു ചങ്കുപൊട്ടി നിലവിളിച്ചു ഓടി നടന്നു. ആരൊക്കെയോ ഓടിവരുന്നതും ചാടുന്നതും കണ്ണീര്‍മഴയിലൂടെ അവ്യക്തമായി ഞാന്‍ കണ്ടു. കുറേനേരത്തെ തിരച്ചിലിനു ശേഷം അവര്‍ ബാബുവിന്റെ ശരീരവുമായി കരയിലെത്തി. 'പോയി....' ആരോ പറഞ്ഞു. അതുകേട്ടു ഞാന്‍ വിറച്ച് ശരീരം തളര്‍ന്നു വീണു. ചങ്കില് കത്തി കുത്തിയിറക്കിയതു പോലത്തെ വേദനയില്‍ ഒന്നും ചെയ്യാനാവാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു തലതല്ലിക്കരഞു. ഓടിക്കൂടിയ ആ പ്രദേശത്തുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ വിവരമറിയിച്ചു. ആളുകള്‍ വന്നു അവന്റെ ദേഹം നാട്ടിലെത്തിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളും മരവിച്ച മനസ്സുകളുമായി ഞങ്ങളുമവരെ അനുഗമിച്ചു. വീട്ടുകാരുടേയും നാട്ടുകാരുടേയും ശകാരവും കുറ്റപ്പെടുത്തലുകളും ധാരാളം കിട്ടി.

പിന്നീടൊരിക്കലും ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചില്ല. മാറിയ പന്തും സാഹചര്യങ്ങളൂം സ്റ്റിച്ച് ബോളുമായി കളിച്ച് പരിചയിച്ച ഞങ്ങള്‍ക്ക് വഴങ്ങുമായിരുന്നില്ല.

അടിസ്ഥാനപരമായി നോക്കിയാല്‍ ജീവിതമെന്നത് എത്ര ചെറിയ ഇന്നിങ്സാണു! എപ്പോള്‍ വേണമെങ്കിലും ആരും പുറത്താകാം. വാഴ്ത്തിയ നാവുകള് തന്നെ നിന്ദിക്കും. ജീവിതത്തിന്റെ പരിമിതമായ ക്രീസില് ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോള് ഒരു 'ലൈഫ്' പോലും കൊടുക്കാതെ ദൈവം എന്തിനവനെ റണ്ണൌട്ടാക്കി? പതിനൊന്നു പേരും പിന്നെ ആയിരങ്ങളും നിഷ്കരുണം ആക്രോശിക്കുമ്പോള്‍ കളി ജയിപ്പിക്കാന്‍ ബാധ്യതപ്പെട്ട ബാറ്റ്സ്മാനെപ്പോലെ അവന്‍ മൈതാനമധ്യത്ത് ഒറ്റപ്പെട്ടതെനന്തേ??

ക്രിക്കറ്റെന്ന ചോര ഞെരമ്പിലോടുന്നിടത്തോളം കാലം അവന്റെ കാച്ച് എടുത്തതിനു ശേഷമുള്ള ആഘോഷം എങ്ങനെ മറക്കാനാണു!

പ്രിയപ്പെട്ട ബാബൂ, നീ തുടങ്ങിവെച്ച വായനശാലയുടെ ചുമരിലൊരു ഫോട്ടോയില്‍ നിന്നും തൂമന്ദഹാസം പൊഴിച്ച് നീ എന്നും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് സ്നേഹതിന്റെ മാധുര്യത്തെക്കുറിച്ചല്ലെ?

33 comments:

 1. Babuvine kurichulla ormakal orikkalum manassil ninn mayilla ente cheruppakala best frnd ayirunnu babu ennum schoolil poyal avante veetilayirunnu ente adikasamayavum idak vellam kudikkan enna peril avide pokum avante amma enik enthenkilumokke kazhikkanum tharumayirunnu avante samaprayakkaranaya enik avide spcl permission undayirunnu avante achan korach strict ayirunnengilum ennod ath kanikkarillayirunnu okke innu kazhinja pole orkkunnu babuvine kurich veendum ormikkan idayakkiyathinu valare nandi.

  ReplyDelete
 2. കൊള്ളാം ..
  വളരെ വലിയ മാറ്റം
  വളരെ വലുതാക്കാമായിരുന്ന ഒരു
  കഥ ചുരുക്കി പറഞ്ഞിട്ടും അതിന്റെ ഫീലിങ്സ് നഷ്ട്ടമാകാതെ സൂക്ഷിക്കാന്‍ കഴിഞ്ഞു.
  അവസാനം കണ്ണു നിറഞ്ഞു പോയി. പാവം.
  ഇതരം ചില മരണങ്ങള്‍ കാണുമ്പോളാണു നമ്മള്‍ ദൈവത്തീ വെറുത്തു പോകുക..
  ഇനിയും എഴുതുക..
  എല്ലാ ഭാവുകങ്ങളും...

  ReplyDelete
 3. nannayittundu.avasanam kannu niranju poyi.eniyum ezhuthuka. Best wishes

  ReplyDelete
 4. ശരിയ്ക്കും ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്. ബാബുവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു പിടി കണ്ണീര്‍പ്പൂക്കള്‍.

  ReplyDelete
 5. ഇന്നു പുലര്‍ച്ചെ യു.എ.ഇ.യിലെ റാസല്‍ ഖൈമയില്‍ വച്ചുണ്ടായ ഒരു കാറപകടത്തില്‍ എന്റെ സുഹൃത്തും ഒരുവര്‍ഷം മുന്‍പുവരെ സഹപ്രവര്‍ത്തകനുമായിരുന്ന നൌഷാദും ഭാര്യയും മകളും മരിച്ചു...
  മരണം രംഗബോധമില്ലാത്ത കോമാളിയെന്നുപറയുന്നത് എത്ര ശരിയാണല്ലേ?

  ReplyDelete
 6. ur pages yellow became green and real .......keep it up-sb chombala

  ReplyDelete
 7. പ്രിയപ്പെട്ട ബാബൂ, നീ തുടങ്ങിവെച്ച വായനശാലയുടെ ചുമരിലൊരു ഫോട്ടോയില്‍ നിന്നും തൂമന്ദഹാസം പൊഴിച്ച് നീ എന്നും ഞങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് സ്നേഹതിന്റെ മാധുര്യത്തെക്കുറിച്ചല്ലെ?.....

  ഉം....

  ReplyDelete
 8. റണ്ണൌട്ട് ക്രൂരം തന്നെ, ഏകദേശം ഇതേ പോലെ തന്നെയല്ലെ സാജന്‍ ചേലേരിയും മരിച്ചത്.. പതിവായി എഴുതൂ...

  ReplyDelete
 9. കുമാര..

  ബാബുവിന്റെ മരണം വല്ലാത്തൊരു നൊമ്പരമാകുന്നു.

  ആ മരണത്തിന്റെ കാര്യം ഇല്ലെങ്കില്‍ ഇതൊരു ഗംഭീര തമാശ പോസ്റ്റായി മാറിയേനെ.

  ReplyDelete
 10. narmmavum vedanayum kalarnna nalla post. avasana bhagam vannappol sthambicchu poyi.

  -sul

  ReplyDelete
 11. ഹൃദയസ്പര്‍ശിയായ പോസ്റ്റ്.

  ReplyDelete
 12. G.manu said...
  ആശംസകള്‍

  മനു
  ദയവായി ഈ പോസ്റ്റൊന്ന് വായിച്ചു നോക്കൂ
  എന്നിട്ട് സ്വയം ഒന്ന് ചോദീച്ചേ ആശംസകള്‍ തന്നെയാണോ ഇവിടെ വേണ്ടതെന്ന്.

  മനു ഈ പോസ്റ്റ് വായിക്കാത്തത് കൊണ്ടോ കമന്‍റെഴുതാത്തത് കൊണ്ടോ ഒന്നും സംഭവിക്കില്ല
  പക്ഷെ ഇത്തരം കമന്‍റുകള്‍ മനുവിനോടുള്ള ഇഷ്ടത്തിനെ നോവിക്കുന്നു

  ReplyDelete
 13. ഹൃദയ സ്പൃക്ക് ആയിട്ടുണ്ട്

  ReplyDelete
 14. കുമാരേട്ടാ...
  കുമാരേട്ടന്റെ എഴുത്ത് ഇഷ്ടപ്പെട്ടതു കൊണ്ടു തന്നെ ആണ് എല്ലാം വായിച്ച് കമന്റിട്ടത് :)
  എന്റെ മെയില്‍ ഐഡി ചോദിച്ചിരുന്നല്ലോ. [sreesobhin@gmail.com]
  :)

  ReplyDelete
 15. “അടിസ്ഥാനപരമായി നോക്കിയാല്‍ ജീവിതമെന്നത് എത്ര ചെറിയ ഇന്നിങ്സാണു! എപ്പോള്‍ വേണമെങ്കിലും ആരും പുറത്താകാം.”
  ആദ്യമായിട്ടാണ് ഇവിടെ, എന്റെ മഷിത്തണ്ടിലെ കുഞ്ഞിക്കഥയിലൂടെയാണ് ഞാന്‍ ഇവിടെ വന്നത്.
  ആദ്യമ്മയി വായിച്ച്തു ഇത്രയും വെദനിപ്പിക്കുന്ന ഒന്നായി.സമയം പോലെ എല്ലാം വായിക്കാം.പിന്നെ എന്റെ കിലുക്കാമ്പെട്ടിയിലും സമയം ഉണ്ടങ്കില്‍ ഒന്നു വരുക.

  ReplyDelete
 16. സനല്‍
  അവനെപറ്റി കൂടുതലൊന്നും
  എഴുതാന്‍ പറ്റില്ലല്ലോ.
  വായിച്ചതിനും നല്ലൊരു കമന്റു
  എഴുതിയതിനും വളരെ നന്ദി.
  ഗ്രീഷ്മാ,
  മനു,
  രശ്മി,
  ശ്രീക്കുട്ടന്‍,
  ക്രിഷ്,
  ഹരിയണ്ണന്‍,
  സുരേഷ്,
  ചിതല്‍
  കണ്ണൂരാന്‍,
  കുഞ്ഞന്‍,
  സുല്‍,
  അജ്ഞാതന്‍,
  അനോണി,
  സാഹിര്‍,
  കിലുക്കാംപെട്ടി.....
  വളരെ വളരെ നന്ദി...

  ReplyDelete
 17. കുമാര്‍ജിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ സഹിക്കാനാവുന്നില്ല.

  ആ പന്തിന്‍റെ ഏറ്, അത് അനുഭവിച്ചു തന്നെ അറിയണം. പണ്ട് നമ്മുടെ നാട്ടിലെ ചേട്ടന്മാര്‍ ഇത് പോലെ കളിക്കും, നമുക്കെല്ലാം ഫീല്‍ഡിങ്ങ് മാത്രം(അതാ നല്ലത്).

  നമ്മുടെ സമയമായപ്പോള്‍ പാഡും ഗ്ലൌവുമെല്ലാം വന്നു, എന്നാലും ഇടയ്ക്കൊക്കെ കിട്ടാറുണ്ട്.

  ജീവിതമെന്ന ഇന്നിംഗ്സില്‍ റണ്‍ഔട്ട് ആവുന്പോള്‍ നിന്ദിച്ചവരും നല്ലത് പറയുകയല്ലേ പതിവ്. എനിയ്ക്കങ്ങനെയാണ് തോന്നിയിട്ടുള്ളത്.

  ReplyDelete
 18. കുമാരേട്ടാ, ഒറിജിനല്‍ സ്റ്റോറി ആണല്ലേ?
  ട്രാജിക് ആണെകില്‍ കൂടി, അതില്‍ ചില്ലറ തമാശകള്‍ ചേര്‍ത്തു.. നന്നായിടുണ്ട്..
  പഴയത് ഒക്കെ വായിച്ചു നോക്കട്ടെ..

  ReplyDelete
 19. ചെലക്കാണ്ട് പോടാ, ഹാപ്പി ബാച്ചിലേഴ്സ് : നന്ദി.

  ReplyDelete
 20. കിക്കറ്റിനോട് വലിയ താല്പര്യമില്ലാത്തതുകൊണ്ട് ഒന്നോടിച്ചു വായിക്കുകയായിരുന്നു, എന്നാൽ അവസാനഭാഗത്തു എത്തിയപ്പോ, ശരിക്കും വായിച്ചു…

  ReplyDelete