Saturday, March 31, 2012

കാർക്കൂന്തൽകെട്ടിനെന്തിന്…


പുതുമന വീട്ടിൽ രാവിലെ മുതൽ ആളും ഒച്ചയനക്കവുംവീടിന്റെ മുന്നിലെ അബൂബക്കറിന്റെ ചാ‍യപ്പീടികയിൽ ഇരുന്നവർ പറഞ്ഞു, കെട്ടിക്കാനായ പെൺകൊച്ച് ഉള്ളതല്ലേ വിശേഷം കാണും.  അതും കേട്ട് വന്ന ലോക്കൽ ന്യൂസ് ഏജന്റ് ജാനുവേടത്തിക്ക് നിക്കപ്പൊറുതി ഇല്ലാണ്ടായി.  “കൊറച്ച് കര്യാമ്പില പറിക്കട്ടെ..” എന്ന് ചോദിച്ച് അവരു അടുക്കളപ്പുറത്ത് എൻ‌ട്രി ചെയ്തു.  വീട്ടുകാരി കമലാക്ഷിയമ്മയോട് പറിക്കുന്ന കൂട്ടത്തിൽ തഞ്ചത്തിലൊരു ചോദ്യം: “എന്താപ്പാ ഈട ഇത്ര ആളു..?”  കമലാക്ഷിയമ്മ അൽ‌പ്പം ലോ വോള്യത്തിൽ, “അത്.. ബീനക്കൊരു ആലോചന..“

“ഓ.. .അദ്യാ!! ഏട്ന്നാ മോളേ” തള്ള വന്നതിന്റെ കാര്യത്തിൽ തീരുമാനമാകാതെ പോകില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ചെക്കന്റെം ഫാമിലീന്റെയും ആലോചന വന്ന വഴിയുമൊക്കെ ചുരുക്കി പറഞ്ഞു കൊടുത്തു.  കംപ്ലീറ്റ് ഡാറ്റാസും കലക്റ്റ് ചെയ്തപ്പോൾ ജാനുവേടത്തി, “ഇങ്ങള് പേടിക്കണ്ടാ ഇത് എന്തായാലും നടക്കും.. മുത്തപ്പനൊരു പയങ്കുറ്റി നേര്.. എല്ലാം ശരിയാകും..  ഞാനല്ലേ പറയ്‌ന്നേ..” എന്ന് പറഞ്ഞു.  ജാനുത്തള്ളയെ പ്രോത്സാഹിപ്പിക്കാനുള്ള മൂഡല്ലാത്തോണ്ട് കമലാക്ഷിയമ്മ കൂടുതലൊന്നും മിണ്ടിയില്ല.  “എന്നാ ശരി, ഞാൻ കരിയാമ്പില പറിച്ചിറ്റ് അങ്ങ് പോകും കേട്ടാ..”  അതും പറഞ്ഞ് കാര്യങ്ങൾ ഭൂതല സം‌പ്രേഷണം ചെയ്യാൻ വേണ്ടി ജാനുവേടത്തി സ്ലോമോഷനിൽ സീൻ കട്ട് ചെയ്തു.  ശേഷം ബ്രേക്കിങ്ങ് ന്യൂസ് ആയി അടുത്ത വീട്ടുകളിലൊക്കെ ബീനാ കല്യാണാലോചന പരന്നു.

പുതുമനയിൽ ആരൊക്കെ വരുന്നു പോകുന്നു എന്ന് പീടികത്തലക്ക് ഇരുന്നവർ ജാഗരൂകരായി വാച്ച് ചെയ്യവേ ഒരു കാറു സ്പീഡിൽ ഗേറ്റു കടന്നു വന്നു.  പുറത്ത് നിന്നും പല കണ്ണുകളും പൊങ്ങിത്താണു.  “ഹേയ് ഇത് പയ്യന്റെ വണ്ടിയല്ല, അവരു പുറപ്പെട്ടിട്ടേ ഉള്ളൂ‍..”  കോലായിൽ ഇരിക്കുന്ന അച്ചാച്ഛൻ പറഞ്ഞു.  വന്നത് പെണ്ണിന്റെ മാമനായിരുന്നു.  അതിൽ പിന്നെ വീട്ടിലാകെ സൈലൻസ്.  അദ്ദേഹം റിട്ട.പ്രിൻസിപ്പാൾ ആണ് വലിയ മുൻ‌കോപക്കാരൻ.  എല്ലാരിക്കും മുന്നിൽ വന്ന് സംസാരിക്കാൻ പേടിയാണ്.  അങ്ങേർക്ക് ഈ ആലോചന അത്രക്ക് രസിച്ചില്ലാരുന്നു.  ഒരു കോളേജ് അദ്ധ്യാപകനെക്കൊണ്ട് കെട്ടിക്കണം എന്നായിരുന്നു മൂപ്പരുടെ മനസ്സിൽ, വന്നതോ ഒരു എഞ്ചിനീയരുടേതും.

കാരണവന്മാരും ബന്ധുക്കളും കോലായിൽ സ്ഥാനം ഉറപ്പിച്ചു. മസിലുള്ളവർ പത്രം വായിക്കുന്നെന്ന സ്റ്റൈലിൽ മസിൽ പിടിച്ചിരുന്നു,  അതില്ലാത്തവർ അന്യോന്യം വർത്താനം പറഞ്ഞിരുന്നു.  അടുക്കളയിൽ കുടുംബസ്ത്രീകളുടെ സീരിയൽ അവലോകങ്ങൾ തകർക്കുന്നു.  ആളുകളുടെ വരവിനനുസരിച്ച് ഗ്യാസ് അടുപ്പിൽ ചായയും പതച്ചു തുടങ്ങി.  എന്ത് ചെയ്യണം എന്നറിയാതെ അൽ‌പ്പം മാറി കല്യാണാലോചന പെൺ‌കുട്ടി നിൽ‌പ്പുണ്ട്.  വല്യമ്മ പറഞ്ഞു:  “മോൾ‌ന്റെ പയ്യനെ കണ്ടിട്ടുണ്ടോ.. ഞാൻ കണ്ടിറ്റ്ണ്ട്.. നല്ല ചെക്കനാ.. എന്റെ മോൻ പ്രശാന്തിനെ പോലെയാ കാണാൻ.. നല്ല മുടി.. നല്ല ഉയരം.. നല്ല സ്വഭാവം..”  പെണ്ണ് താഴോട്ട് നോക്കി കുലവാഴയുടെ കൂമ്പ് പോലെ മുഖവുമാക്കി നിന്നു.  “എന്താ ബീനേ നാണം വരുന്നുണ്ടോ..?”  ചുറ്റും കൂടിയ പെണ്ണുങ്ങളിലാരോ കൂട്ടച്ചിരിക്ക് തിരി കൊളുത്തി.

സമയം പ്രതിരോധ മന്ത്രാലയത്തിലെ ഫയൽ പോലെ ഇഴഞ്ഞിഴഞ്ഞ് നീങ്ങി. “അല്ല, അവരെ കണ്ടില്ലല്ലോ..” ചെറിയച്ഛനു ഇത് തീർന്നിട്ട് വേറേം പരിപാടിയുണ്ട്.  അപ്പോൾ ഗേറ്റിന്നടുത്ത് ഒരു കാർ നിർത്തിയ പോലെ.. “അദാ അവരു വന്നു..”  ചെക്കനും അമ്മയും അച്ഛനും ബ്രോക്കറുമാണ് വന്നത്.  വുഡ്‌ലാൻസ് ഷൂസും ലീ ജീൻസും ലെവി ടീഷർട്ടും പയ്യന്റെ വേഷം, ക്ലീൻ ഷേവും ചോക്ലേറ്റ് ഫേസും ഒന്ന് കണ്ടാലാരും പിന്നേം നോക്കും, അത്രക്ക് മൊഞ്ചൻ.  കാഞ്ചീപുരത്തെ പച്ചപ്പട്ടും, ചെവിയിൽ മട്ടിയും ചുണ്ടിൽ ചായവുമായി ഒരു ജാഡമരം പോലെ പയ്യന്റമ്മ.  അച്ഛനെപ്പറ്റി വലുതായൊന്നും എൿസ്‌പ്ലയിൻ ചെയ്യാനില്ല, അമ്മ തീപ്പെട്ടിക്കൂടാണെങ്കിൽ മൂപ്പർ അതിൽ ഒരു കൊള്ളിയെപ്പോലെ.  

കൊച്ചു വർത്താനം കഴിഞ്ഞ് രണ്ടുകൂട്ടരും പരിചയപ്പെട്ടു. പിന്നെ അരയോളം ഇടതൂർന്ന് നീണ്ട മുടിയിൽ തുളസിയും കേരളാ സാരിയുമുടുത്ത് ലാവിഷ് ചെസ്റ്റും വെയിസ്റ്റുമായി പെണ്ണു സ്ലോമോഷനിൽ നടന്നു വന്നു.  രണ്ടിനെയും കാണാൻ കട്ടക്ക് മാച്ച്, വീട്ടുകാർക്കും വന്നവർക്കും എല്ലാം ഇഷ്ടപ്പെട്ടു.  അതിനാൽ വേറെ കുറ്റമൊന്നും ഫീൽ ചെയ്തില്ല.  രണ്ടു പേർക്കും തനിച്ച് സംസാരിക്കാൻ ഒരു മുറി കാണിച്ചു കൊടുത്ത് കള്ളച്ചിരിയുമായി ചേട്ടത്തിയമ്മ പിൻ‌വാങ്ങി.  സിനിമയിലെ ആയിരത്തൊന്ന് ക്ലീഷെകൾ എന്ന് പറഞ്ഞ് വിമർശിച്ചേക്കുമെന്നു വെച്ച് അതൊന്നും ഒഴിവാക്കാനാവില്ലല്ലോ.  ആ മുറിയിൽ ഇരിക്കാൻ ഒന്നുമില്ലായിരുന്നു.  ഷെൽഫും ടി.വി.വെച്ചൊരു മേശയും മാത്രം.  പെണ്ണ് അൽ‌പ്പം മാറി ജനലരികെ ചാരി നിന്നു.  പയ്യൻ ഇരിക്കാനോ ചാരാനോ ഒന്നുമില്ലാതെ ചമ്മി നിന്നു.  ചെർതായി വിയർപ്പ് പൊടിഞ്ഞു.  ഇവിടെ ഫാനൊന്നും ഇല്ലേ.. കുട്ടി ഫാൻ ഇടൂ..“ അത് പറഞ്ഞ് അവൻ പരിചയപ്പെടൽ ഫ്ലാഗോഫ് ചെയ്തപ്പോൾ അവൾ ഫാനോൺ ചെയ്തു.  ആദ്യത്തെ പെണ്ണുകാണലായിരിക്കണം എന്തൊക്കെയാ ചോദിക്കേണ്ടതെന്ന് ആൾക്കൊരു തിരിപാടും കിട്ടിയില്ല.

“ഇവിടെ ഏതാ ടി.വി..?” എന്ന് ചോദിച്ച് അവൻ മൌനത്തെ മാനഭംഗം ചെയ്തു.
പെണ്ണ് ഒന്ന് ഞെട്ടി.. “ഒനിഡ..”
“എത്ര കാലം ആയി വാങ്ങീറ്റ്..?”
“കൊറേ ആയി”  
“എൽ.സി.ഡി.ആണോ എൽ.ഇ.ഡി. ആണോ..?
“രണ്ടുമല്ല”  
“ഇവിടെ എയർടെലിനു റെയ്ഞ്ച് ഉണ്ടോ..?”
“അറിയില്ല
……………
“ഇനി കുട്ടി ചോദിക്കൂ.. ഞാൻ പറയാം” 
“ചോദിക്കൂ പറയാം അത് പണ്ട് പൂമ്പാറ്റയിലെ ഒരു പംക്തി അല്ലേ..” എന്ന് അവൾ. 

ഇവളെന്താ കുറിയേടത്ത് താത്രിക്കുട്ടിയുടെ കുടുംബക്കാരിയാണോ.. അവനു കുഞ്ഞി ഡെസ്പായി.  ഒരു സപ്പോർട്ടിനു മേശമേൽ ചാരി തൂവാല കൊണ്ട് ഫേസ്ബുക്കിലെ വെള്ളം തുടച്ചു.  അത് പിഴിഞ്ഞ് തറയിലൊഴിച്ച് പിന്നെയും തുടച്ചു. മേശമേലുണ്ടായിരുന്ന ഗ്ലോബ് കൈ തട്ടി താഴെ വീണുരുണ്ടു. കൺ‌ട്രോൾ വിട്ടൊരു ചിരി അവളിൽ നിന്നുമുയർന്നു.  ഫാൻ അഞ്ചിൽ കറങ്ങിയിട്ടും അവൻ വിയർത്തു കുളിച്ചു.

“എപ്പോഴും സാരി ഇട്ടാൽ മതി. ചുരിദാർ എനിക്കിഷ്ടമേയല്ല,..” അവൻ കണ്ടിന്യൂഡ്.
….......
“ഇത് പോലത്തെ നീണ്ട മുടിയാണ് എനിക്ക് ഇഷ്ടം..”
.......”
 “ജോലിക്ക് പോകണമെന്നില്ല കേട്ടൊ...”
“മ്

സംഭാഷണം അങ്ങനെ കുറച്ചൂടെ പുരോഗമിച്ച് ഒരു ട്രാക്കിൽ കയറിയപ്പോഴേക്കും ഇളയമ്മ വാതിൽക്കലെത്തി ആ മീറ്റിങ്ങ് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചു.  രണ്ടുപേരും കൂടെ ഹാളിലെത്തി.  അവിടെ എല്ലാവരും പായസം കഴിക്കുകയായിരുന്നു.  പയ്യന്റെ മുന്നിൽ ഇരിക്കുന്ന പായസം എടുത്ത് കുടിക്കാൻ അച്ചാച്ഛൻ നിബ്ബന്ധിച്ചു.  അവനത് എടുക്കാൻ നോക്കുമ്പോഴേക്കും “അയ്യോ ഉണ്ണിക്ക് പായസം ഇഷ്ടമല്ല” ആയമ്മ ഇടപെട്ട് തടഞ്ഞു.  പയ്യനും പെൺകുട്ടിയും പരസ്പരം നോക്കി ഞെട്ടി.  അൽ‌പ്പം മുൻപ്  പായസം കിട്ടിയാൽ വേറൊന്നും വേണ്ടെന്ന് പറഞ്ഞ നാക്ക് അകത്തോട്ട് എടുത്തിരുന്നില്ല. 
 
“അമ്പലത്തിലൊന്നും പോകുന്നതും ഇഷ്ടമല്ല അല്ലേ ഉണ്ണീ
“അതെ.. അതെ..” ഉണ്ണീന്റെ വായിലൂടെ മിക്സ്ചറിലെ കടല നാവ് തൊടാതെ കടന്നു പോയി.
“ജോലിക്ക് പോയ്‌ക്കോ കേട്ടൊ വെറുതെ ഇരിക്കണ്ട.. ഈ സാരിയൊന്നും വേണ്ട. ജീൻസ് ഒക്കെയാ നല്ലത്.. അല്ലേ ഉണ്ണീ
പയ്യന്റെ മുഖത്ത് അവൾ ഒന്നൂടെ നോക്കി.  ആള് തലയും താഴ്ത്തി ഇരിപ്പാണ്. 
“കല്യാണം എ.സി.ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ വേണം.. ഉണ്ണീന്റെ ഫ്രന്റ്സ് ഒക്കെ വരുന്നതാ അല്ലേ ഉണ്ണീ” 

എല്ലാ ‘അല്ലേ ഉണ്ണി‘ക്കും ഉണ്ണിയും അച്ഛനും തലയാട്ടുന്നുണ്ട്.  ആട്ടാൻ മറന്നാലോന്ന് പേടിച്ച് സംശയിച്ച് ആയമ്മയുടെ ഹസ്ബൻഡ് രണ്ടുമൂന്നെണ്ണം അധികം ആട്ടുന്നുണ്ട്.

“മുടി ഇത്രക്ക് വേണ്ട കേട്ടൊ ഉണ്ണിക്ക് ഇഷ്ടമല്ല എനിക്ക് അറിയുന്ന പാർലർ ഉണ്ട് അവിടെ മുറിപ്പിക്കാം.. അല്ലേ ഉണ്ണീ” ഫുട്‌ബോളിന്റെ കൂടെ ടെന്നീസ് ബോൾ വെച്ചത് പോലെ കെട്ടിയ തലമുടിയുമായി ഉണ്ണീന്റമ്മ അടുത്ത അഭിപ്രായം പറഞ്ഞു.  അതും കൂടി കേട്ടപ്പോ ബീന ഒട്ടും സഹിക്കാൻ പറ്റാണ്ട് പയ്യനെ നോക്കി.

“സാരമില്ലമ്മേ.. മുടി മുറിക്കണ്ട” പയ്യൻ അമ്മയോട് പതുക്കെ പറഞ്ഞു. 
“നീണ്ട മുടി ഇഷ്ടല്ലാന്ന് നീയല്ലേ എപ്പോഴും പറയല്.. ഉണ്ണീ”  മകനൊരു തിരുത്തൽ ശക്തിയായത് ആയമ്മക്ക് പിടിച്ചില്ല.
“ഇല്ലമ്മെ.. അങ്ങനെ വേണ്ട മുറിക്കണ്ട” പയ്യൻ വിക്കിപീഡിയനായി.
“നിങ്ങൾക്കോർമ്മയില്ലേ.. ഇവനെപ്പോഴും നീണ്ട മുടീനെ കുറ്റം പറയുന്നത്” അവർ ഹസ്‌ബൻ‌ഡിന്റെ സഹായം തേടി.  മൂപ്പർ അത് കേട്ട് ഞെട്ടി അഞ്ചാറ് തവണ ശരിയെന്ന് തലയാട്ടി.

“കേട്ടില്ലേ ഉണ്ണീ.. നീ മറന്നു പോയതാണ്..”
“ഇല്ലമ്മേ.. എനിക്ക് നീണ്ട മുടിയാ ഇഷ്ടം.. മുറിക്കണ്ട
“നീ പെണ്ണു കണ്ടയുടനെ ഇങ്ങനെ ആയല്ലോ അപ്പോ കുറച്ച് കഴിഞ്ഞാൽ പിന്നെ എന്തായിരിക്കും
“അമ്മേ.. അത്.. ഞാനങ്ങനെ പറഞ്ഞിട്ടില്ലമ്മേ” ഉണ്ണീന്റെ ഒച്ച കുറച്ച് കൂടി ഉറച്ചു.
“എന്തായാലും എനിക്കിഷ്ടമല്ല.. മുടി മുറിക്കണം” ആയമ്മ അതിനേക്കാൾ ഒച്ചത്തിൽ.
“വേണ്ടമ്മേ.. മുറിക്കണ്ട” ഉണ്ണി.
“അത് നീയാണോ തീരുമാനിക്കുന്നേ” ആയമ്മ എഴുന്നേറ്റ് നിന്ന് ഉണ്ണിയോട് കയർത്തു.
“അമ്മേ അമ്മ ഇരിക്ക്..” ഉണ്ണി കാം ഉണ്ണിയായി.
“ഇത്രയും കാലം നിന്റെ കാര്യങ്ങൾ നോക്കിയത് ഞാനാ ഇനിയും അത് അങ്ങനെ മതി.. മുടി മുറിക്കണം എന്ന് പറഞ്ഞാ മുറിക്കണം” ഉണ്ണീന്റമ്മ ഭദ്രകാളിയായി.  ബ്രോക്കറും വീട്ടുകാരും അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നിന്നു.
“അമ്മേ

ആയമ്മക്ക് അടുത്ത ഡയലോഗിനു മുൻപായി ബീന “ശ് ശ്” എന്നു ഒച്ചയുണ്ടാക്കി ഇടയിൽ കയറി.  അവൾ തലയിലെ വിഗ് മുടി എടുത്ത് ടീപ്പോയിൽ വെച്ച് പറഞ്ഞു:

“ഇതിനെപ്പറ്റി ഒരു തർക്കം വേണ്ട” 


മൊബൈൽ ഫോണിന്റെ ആന്റിന പോലത്തെ തലമുടി കണ്ടപ്പോൾ കണ്ണുകൾക്ക് എൿസൈറ്റ്‌മെന്റായി കാണുന്ന എൿസ്‌ട്രാസും ഇങ്ങനെ തന്നെ ആയിരിക്കുമോ എന്നായിരുന്നു ബ്രോക്കറുടെ മനസ്സിൽ.