Tuesday, December 29, 2015

ഊതിക്കൽ..

നല്ല നിലാവുള്ള രാത്രി, സുന്ദരമായ റോഡ്, കാറിൽ അല്പം മദ്യപിച്ച് സുന്ദരിയായ പുത്തൻ ഭാര്യയെ തൊട്ടു തലോടിയും കിന്നാരം പറഞ്ഞുമുള്ള യാത്ര.. ഇതൊക്കെ അനുഭവിച്ച് വീട്ടിലെത്താനുള്ള തിരക്കിൽ പോകുകയാണ് വക്കീൽ രാമകൃഷ്ണൻ.
ആ സുന്ദര നിമിഷങ്ങളെ നശിപ്പിച്ച് എടങ്ങേറാക്കാനായിട്ടാണ് ചെക്കിങ്ങ് നടത്തുന്ന പോലീസുകാർ കൈനീട്ടിയത്. അന്നേരം രാമകൃഷ്ണൻ വക്കീലിന്റെ സകല ഫിറ്റും ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞു.
കല്യാണം കഴിഞ്ഞ് അധികനാളായിട്ടില്ല, പുതുക്കക്കാരി ഭാര്യ ബീനയേയും കൂട്ടി ഒരു പാർട്ടി കഴിഞ്ഞ് വരികയാണ്. അവൾ കാണാതെ മൂന്നാലെണ്ണം വീശിയിട്ടുണ്ട്. കള്ളടിക്കലും പോലീസ് പിടിക്കലുമൊക്കെ മദ്യപാനജീവിതത്തിൽ സാധാരണമാണ്. ഭാര്യയുള്ളപ്പോ ആദ്യമായാണടിച്ചത്. അവന്മാർ ഊതിച്ചാൽ ഇവളെന്ത് വിചാരിക്കും.. എന്നോർത്ത് വക്കീലിന്റെ ഉള്ളുകാളി.
കാർ നിർത്തിയതും ഇറങ്ങാൻ പോലും സമ്മതിക്കാതെ പോലീസ് പഴയകാല മൊബൈൽ പോലത്തെ ഒരു സാധനമെടുത്ത് നീട്ടി ഊതാൻ പറഞ്ഞു. എത്ര മെല്ലെ ഊതിയിട്ടും പോലീസിന്റെ മെഷിൻ ഒച്ചയുണ്ടാക്കാനും വക്കീലിന്റെ നെഞ്ചിലെ മെഷീൻ പടപടാന്ന് അടിക്കാനും തുടങ്ങി.
“ഞാൻ കഴിച്ചിട്ടില്ല.. ഈ മെഷിൻ കമ്പ്ലയിന്റായിരിക്കും.. ഞാനൊരു വക്കീലാ.. നിങ്ങളെ പണി ഞാൻ തെറിപ്പിക്കും.. ഇത് കേടാണ്...” വക്കീൽ പിടിച്ച് നിൽക്കാൻ അവരോട് ചൂടായി.
“സാർ.. ഇത് കേടൊന്നുമല്ല.. “
“ഹേയ്.. അല്ലാണ്ട് ഇങ്ങനെ വെരാൻ സാധ്യതയില്ല...”
“എന്നാ വൈഫിനെക്കൊണ്ട് ഊതിക്കട്ടെ സാർ...”
“ഓ ആയ്ക്കോട്ടെ...” രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ വക്കീൽ.
ഭാര്യ ഊതിയതും ഫയർ എഞ്ചിന്റെ സൌണ്ടിൽ വിസിലടിക്കാൻ തുടങ്ങി...
ദയനീയമായി വൈഫിനെ നോക്കി വക്കീൽ പറഞ്ഞു..
“യൂ റ്റൂ... ബീനാ.....”

സ്പെഷൽ..!

താലികെട്ടാൻ പെണ്ണും ചെക്കനും എത്തുന്നതിന് മുൻപേ തന്നെ സദ്യ നടക്കുന്ന ഹാളിന്റെ മുന്നിൽ ജനക്കൂട്ടം തമ്പടിച്ചിരുന്നു. വാതിൽ തുറന്നതും ബണ്ട് പൊട്ടിയത് പോലെ തള്ളിക്കയറിയ വയറുകൾക്കിടയിലൂടെ ലോകമഹായുദ്ധം കഴിഞ്ഞാണ് രമേശൻ ഒരു സീറ്റ് ഒപ്പിച്ചെടുത്തത്. ആസനം വെക്കാനുള്ള ആക്രാന്തത്തിന്നിടയിൽ ഒരു കസേരക്ക് രണ്ട് അവകാശികളൊക്കെ സംഭവിക്കുന്നുണ്ടായിരുന്നു. സീറ്റ് കിട്ടിയവരൊക്കെ ‘എന്തിനാപ്പാ ഇവരൊക്കെ ഇങ്ങനെ ഉന്തിക്കേറി വരുന്നത്.. ഡീസന്റായിക്കൂടേ..’ എന്ന് പറഞ്ഞ് മാന്യതയുടെ വക്താക്കളായി. കിട്ടാത്തവർ ഫോണെടുത്ത് അർജന്റ് കോൾ വിളിച്ച് ചമ്മൽ മറച്ചു.
വിളമ്പുകാർ വെണ്ടയ്ക്ക് വളമിടുന്നത് പോലെ ഓരോ ഇലകളിൽ ഐറ്റംസ് നിക്ഷേപിച്ച് കൊണ്ട് തങ്ങളുടെ പണികൾ ചെയ്ത് പോയ്ക്കൊണ്ടിരുന്നു. വായിലെ വെള്ളം മറക്കാൻ ഒരു കഷണം കായവറവ് എടുത്ത് ചവച്ച് കൊണ്ടിരിക്കുമ്പോഴാണ് രമേശൻ തന്റെ പഴയൊരു പരിചയക്കാരൻ മസിൽ പിടിച്ച് വിളമ്പുകാരനായി വരുന്നത് കണ്ടത്.

“എടാ.. ബിജൂ നീ എങ്ങനെയാടാ ഇവിടെ...”
“രമേശാ.. ഞാൻ പെണ്ണിന്റെ അയലോക്കക്കാരനാടാ.. നീയോ..”
“ഞാൻ ചെക്കന്റെ കേറോപ്പിൽ വന്നതാ... നിനക്ക് സുഖമല്ലേ..“
“അതേടാ..”
“ഞാനിത് വിളമ്പിയിട്ട് വരട്ടെ പിന്നെ കാണാം കേട്ടോ..”
അത് പറഞ്ഞ് ബിജു അതിനകം പിന്നിലായിപ്പോയ തന്റെ റോൾ നിർവ്വഹിക്കാനായി നീങ്ങി. അപ്പോൾ രമേശൻ പറഞ്ഞു.
“അല്ല, ബിജൂ ഇപ്രത്ത് വിളമ്പിയ കൂമ്പ് വറവ്
നീ എനിക്ക് വിളമ്പിയിട്ടില്ല കേട്ടോ...”
രമേശന്റെ അപ്പുറത്തെ ഇല നോക്കിയ ബിജു ഒരു ഇന്റർനാഷണൽ ഞെട്ടൽ ഞെട്ടി. എന്നിട്ട് പതുക്ക രമേശനോട് പറഞ്ഞു.
“എടാ മിണ്ടണ്ടാ.. അത് എന്റെ വായിൽ നിന്ന് തെറിച്ച് പോയ ഹൻസാ..”

കനത്ത പോളിങ്ങ്

നടിമാരുടെ കണ്ണീർ കൊണ്ട് ടി.വി. വരെ നനഞ്ഞ് പോകുന്ന ആ സന്ധ്യാ നേരത്താണ് ചിട്ടിക്കമ്പനി മാനേജർ ഭാഗ്യനാഥന്റെയും മെഡിക്കൽ കോളേജിലെ നഴ്സ് റീനയുടെയും കുടുംബത്തിൽ കണ്ണീർച്ചാലുകൾ ഒഴുകിയത്. എല്ലാവരുടെയും അംഗീകാരവും അസൂയയും ഏറ്റുവാങ്ങിയ ആ മാതൃകാ കുടുംബം അന്ന് വേർപിരിയാനുള്ള തീരുമാനത്തിൽ എത്തി, അല്ല എത്തിപ്പെടുകയായിരുന്നു. ഭാഗ്യനാഥന്റെ കൂടെ ബൈക്കിൽ വന്ന ഒരു സുന്ദരിയായിരുന്നു കാരണം. വാതിൽ തുറന്നതും പുറത്ത് ഭർത്താവിന്റെ കൂടെ അപരിചിതയായൊരു സുന്ദരി പുറപ്പെട്ട് വന്നത് പോലെ ലഗേജുമായി നിൽക്കുന്നത് കണ്ടപ്പോൾ റീനയിൽ പണ്ട് താൻ കൈയ്യോടെ പിടിച്ച പല കേസുകെട്ടുകളുടെയും സംശയങ്ങൾ കനലുകളായെരിഞ്ഞു. അതിന്റെ ഷോക്കിൽ അവളിൽ നിന്നും വിലാപങ്ങളുതിർന്നു.
“നിങ്ങളിത്രക്ക് മോശമാണെന്ന് ഞാനറിഞ്ഞില്ല, ഞാനുള്ള സമയത്ത് ഒരുത്തീനെ കൂട്ടി വന്നെങ്കിൽ എനക്ക് നൈറ്റുള്ളപ്പോ നിങ്ങളെന്തെല്ലാം ചെയ്തിറ്റ്ണ്ടാകും.. ഇതല്ലേ എപ്പോം കമ്പ്യൂട്ടറിന്റെ മുന്നില് നിക്കുന്നത്.. ബാക്കി സമയം ഫോൺ വിളിയും.. ഞാനട്ത്ത് വരുമ്പം ഓഫാക്കും.. നിങ്ങളെ പല കളിയും ഞാൻ പിടിച്ചതല്ലേ.. മെയിലയക്കലും.. വാട്സാപ്പും...എനിക്കെല്ലാമറിയാം.. എന്റെ കഷ്ടകാലത്തിനാ ഞാനീ കല്യാണത്തിന് സമ്മതിച്ചേ.. വേണ്ടാ വേണ്ടാന്ന് വീട്ടുകാരെല്ലാം എത്ര പറഞ്ഞതാ... എന്റെ വിധി ഗുരുവായൂരപ്പാ..”
“ നീ ഒച്ചയാക്കല്ല റീനേ.. ആൾക്കാർ കേക്കും..”
“കേക്കട്ട് എല്ലാരും കേക്കട്ട്, നാട്ടുകാരും ബന്ധുക്കളും എല്ലാമറിയട്ട്.. വൃത്തികെട്ടവൻ.. നാണമില്ലാത്തോൻ.. എന്റെ വീട്ടില് പറ്റൂല ഇതൊന്നും.. ഞാനും പൈസ തന്നിറ്റ്ണ്ടാക്കിയ വീടല്ലേ ഇത്.. പോയ്ക്കോ.. ഓളൊപ്പരം പോയ്ക്കോ..“
“നീ എന്നെ പറയാൻ വിട്..”
“വേണ്ടാ നിങ്ങളൊന്നും പറയണ്ട... ഞാനും മോനുമല്ലേ നിങ്ങക്ക് ശല്യം.. വാ മോനേ.. നമ്മക്ക് ചാകാം... നമ്മളിപ്പോ കെരണ്ടിലു തുള്ളിച്ചത്ത് തരാം.. പിന്നെ ആരിക്കൊപ്പരെങ്കിലും നിന്നോ..”
“നീ മോന്റെ കൈ വിട്.. ഞാൻ പറയുന്നത് കേക്ക്..”
“ഇല്ലാ.. എനിക്കൊന്നും കേക്കണ്ടാ... ഞാനിപ്പം ചാകും...”
“എടീ.. ഇത് എന്റെ ഓഫീസിലു പണ്ട് വർക്ക് ചെയ്ത കുട്ടിയാ...”
“ആയ്ക്കോട്ടേ.. അപ്പം ഇത്ര കാലം നിങ്ങളിവളെ മനസ്സിലു കൊണ്ട് നടക്ക്വാരുന്നല്ലേ.. അപ്പം പണ്ട് ഫോൺ വന്നത് ഏതോളെയാ..”
“എടീ.. ഇവൾ നമ്മളെ സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാടീ... അവിടെ താമസ സൌകര്യമില്ലാത്തോണ്ട് ഇങ്ങോട്ട് കൂട്ടിയതാ..”
..............
“അയ്യോ.. എന്നാ നേരത്തെ പറഞ്ഞൂടേ..”
“പറയാൻ നീ വിട്ടിറ്റ് വേണ്ടേ... ഫോൺ വിളിച്ചപ്പം എടുത്തുമില്ല..”
“സോറീ... കേട്ടോ.. ഞാൻ.. ഒന്നും ബിജാരിക്കല്ലേ ഇവളേ..”
ഇടികൊണ്ട തെങ്ങ് പോലെ നിൽക്കുന്ന വിരുന്നുകാരി പെൺകുട്ടി പറഞ്ഞു..
“വോട്ടെടുപ്പിനു മുൻപേ കനത്ത പോളിങ്ങായിപ്പോയീ ചേച്ചീ...”

Tuesday, November 3, 2015

പ്രഭാത സവാരിഗൾഫിൽ നിന്നും നാട്ടിൽ വന്ന് കൃത്യം അഞ്ചാം ദിവസം രാവിലെ അഞ്ച് മണികഴിഞ്ഞ്, ഒരു പ്രഭാതകൃത്യം നടത്തിയതിനു ശേഷം കരയിലടിഞ്ഞ സ്രാവിനെ പോലെ കട്ടിലിൽ കിടക്കുന്ന ഭാര്യയെ നോക്കിയപ്പോൾ കുന്നത്തെങ്ങിൽ സഹദേവനു കഠിനമായ നിരാശ തോന്നി.  വിവാഹശേഷം ഗൾഫിൽ നിന്നുള്ള ഓരോ വരവിനും താൻ ഡാറ്റാ സ്റ്റോറേജ് ഡിവൈസുകൾ പോലെ ചെറുതായും ഭാര്യ മൊബൈൽ ഫോൺ പോലെ വലുതായും മാറുന്നതിൽ അയാൾക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. കല്യാണത്തിനു മുൻപ് തടിച്ച പെണ്ണിനെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നതിൽ അത്ര തന്നെ ആത്മനിന്ദ തോന്നി.

ഒരു റിലാക്സിന് പുറത്തിറങ്ങി റോഡിലേക്ക് നോക്കിയപ്പോൾ പ്രഭാതസവാരിക്കായി ആണും പെണ്ണും മതഭേദമന്യേ ഇടതും വലതുമായി ഒഴുകുന്നു.  യുവതികൾ മുതൽ നെയ്മുറ്റിത്തികഞ്ഞവർ വരെ നടത്തുന്ന ആ രാഷ്ട്രസേവനത്തിൽ തെരുവുപട്ടികൾ പോലും ബഹുമാനിച്ച് ഒതുങ്ങി നിൽ‌പ്പുണ്ടായിരുന്നു.  രാവിലെ മുതൽ വറുത്തതും പൊരിച്ചതും കരിഞ്ഞതുമായി അഞ്ചാറുപേർക്കുള്ളത് ഒറ്റയ്ക്ക് അകത്താക്കി എന്നിട്ട് അമിത കലോറി കുറയ്ക്കാൻ ഇക്കൂട്ടർ പെടുന്ന കഷ്ടപ്പാടിൽ അയാൾക്കും താല്പര്യം തോന്നി.  പ്രഭാത സവാരിക്ക് പോയാൽ പണ്ട് പ്രണയിച്ചവരും പിന്നാലെ നടന്നവരുമായ ലേഡീസിനെ കാണാം, ഇനി അങ്ങനെ അല്ലാത്തവർ ആയാലും കുഴപ്പമില്ല രണ്ട് മാസത്തെ ലീവിൽ ഒരു എഞ്ജോയ്മെന്റ് ആകുമല്ലോ എന്ന് കരുതി സഹദേവനും നടക്കാൻ പോയാലോന്നൊരു ഉൾവിളിയുണ്ടായി.

അകത്ത് ചെന്ന് ഭാര്യയെ കുത്തിയും കുലുക്കിയും ഇളക്കിയും വിളിച്ചിട്ടും അവളിൽ പാടിക്കുന്നിന്റെ അടിത്തട്ടിൽ ഒരു എലിക്കുഞ്ഞ് തുള്ളിയ ഭാവം മാത്രമേ ഉളവാക്കിയുള്ളൂ എന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ച് ഒരു ജീൻസും ടീഷർട്ടുമിട്ട് കളകളമിളകുമൊരു അരുവി പോലെ പോകുന്ന ആ പെൺകൂട്ടത്തിൽ അയാളുമൊരു കുളിരും പുളകവുമായി അലിഞ്ഞുചേർന്നു.  അന്നേരം പീടിക വരാന്തയിൽ അഗാധമായ ഉറക്കത്തിലായിരുന്ന ടിപ്പു എന്ന കൊടിച്ചിപ്പട്ടി ഏതോ ഗൾഫുകാരൻ നടക്കാനിറങ്ങിയിട്ടുണ്ടല്ലോ എന്ന് കണ്ണുതുറക്കാതെ പ്രവചിക്കാൻ കാരണം ആ പഞ്ചാ‍യത്ത് മുഴുവൻ വ്യാപിച്ച ഗ്യാസ് ടാങ്കർ ലീക്കായത് പോലത്തെ സ്പ്രേ മണമായിരുന്നു.

വെറും രണ്ട് ദിവസത്തെ നടത്തത്തിന്റെ ഫലമായി സഹദേവൻ ഒരു യുവതിയുമായി നോക്കാനും ചിരിക്കാനും ഐമെയിലൊക്കെ അയക്കാനും തുടങ്ങി.  തത്ഫലമായി ഭാര്യയോട് തോന്നിത്തുടങ്ങിയ വെറുപ്പ് ഇല്ലാണ്ടാവുകയും ചെയ്തു.  നാലഞ്ച് പേരടങ്ങിയ ഒരു പെൺകൂട്ടത്തിലെ ഏറ്റവും സുന്ദരിയും ഏറ്റവും പിന്നിൽ നടക്കുന്നവളുമായിരുന്നു സഹദേവന്റെ മാനസികോല്ലാസത്തിനു കാരണം. വളവും തിരിവും നിറഞ്ഞ ഏരിയയിൽ എത്തുമ്പോൾ രണ്ടുപേരും പലപ്പോഴും ഒന്നിച്ചാകുമെങ്കിലും രാവിലത്തെ ഇലപൊഴിയും നിശബ്ദതയിൽ സഹവാക്കിയുടെ പേരുപോലും ചോദിക്കാൻ കോ ദേവനായില്ല്ല.  അതെങ്ങനെ തരണം ചെയ്യണമെന്ന ആലോചനയുടെ വെളിമ്പുറത്താണ് ഒരു വളവിൽ വെച്ച് ആരും കാണാതെ സഹദേവൻ മൊബൈൽ ഫോൺ നമ്പറെഴുതിയ ഒരു സ്ലിപ്പ് ആ വോട്ടർക്ക് നൽകിയത്.  അതിസുന്ദരമായ ഒരു ചിരിയോടെയും പ്രതീക്ഷാനിർഭരമായ നോട്ടത്തോടെയും വാങ്ങിക്കൊണ്ടുപോയിട്ടും ഒരു മിസ്സ് കാൾ പോലും അവൾ അടിച്ചില്ലെന്നത് സഹദേവന്റെ അന്തരാളത്തെ പകലും രാത്രിയും പൊള്ളിച്ചു നിരാശാഭരിതനായ കാമുകനാക്കി.  ഇന്ററെസ്റ്റില്ലെങ്കിൽ പോട്ടെ നടത്തം നാളെ മുതൽ റൂട്ട് മാറ്റിവിടാമെന്നും പോയവൾ പോകട്ടെ പോടീയെന്നും ആ നിത്യപ്രണയൻ കടുപ്പത്തിൽ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ നടത്തത്തിനു ഒരുങ്ങുമ്പോൾ ആന കുളിച്ച് എണീക്കുന്നത് പോലെ കഷ്ടപ്പെട്ട് തിരുശരീരം ഉയർത്തി ഭാര്യയും നടത്ത സന്നദ്ധത അറിയിച്ചു.  വരൂ നായികേ നിത്യം നടക്കാൻ വരൂ നായികേ..’ എന്ന് പറഞ്ഞ് സഹദേവനും ആ തീരുമാനത്തെ ലൈക്കി.
ഇന്നലത്തെ സ്ലിപ്പ് പ്രവൃത്തിക്ക് പ്രതികരണമില്ലാത്തതിനാൽ ദിശമാറി നടക്കാമെന്ന തീരുമാനത്തെ ആ റോഡ് മുഴുവൻ കുണ്ടും കുഴിയുമാണ്.. ഇപ്രത്തേക്ക് നടക്കാം..’ എന്ന വൊയ്ഫിന്റെ സുപ്രീം കോടതി വിധിയെ ആ ഉത്തമ ഭർത്താവ് നിരങ്കുശം അംഗീകരിച്ചു.   

അൽ‌പ്പദൂരം നടക്കുമ്പോഴേക്കും തന്റെ പ്രണയിനി ഏകയായി നടക്കുന്നത് കാമുകദേവൻ കണ്ടെങ്കിലും ഭാര്യ കൂടെയുള്ളതിനാൽ പ്രാണഭയമുള്ള ആ പുരുഷൻ തലപോലും തിരിക്കാതെ നടന്നു.  അന്നേരം പിന്നിൽ നിന്നും ഒരു ബൈക്ക് വരുന്നത് കണ്ട് ട്രാഫിക് നിയമത്തെ പറ്റി ബോധ്യമുള്ള ആ ഗൾഫുകാരൻ ഒഴിഞ്ഞു നിന്നെങ്കിലും, അത് നേരെ വന്ന് മുന്നിൽ ചവിട്ടി നിർത്തുകയും മരത്തടിയിൽ പൊരിച്ചാക്ക് വെച്ചത് പോലത്തെ രണ്ട് തടിമാടന്മാർ ചാടിയിറങ്ങുകയും സഹദേവന്റെ ഷർട്ടിൽ പിടിച്ച് പൊക്കി എയറിൽ സം‌പ്രേഷണം ചെയ്യാനും തുടങ്ങി.  എന്തിനാ എന്നെ തല്ലുന്നതെന്ന് ചോദിച്ച് വായിലെ നാവിന്റെ എനർജിയും വെള്ളവും പല്ലിന് തേയ്മാനവും വരുത്തേണ്ടി വന്നില്ല, “നീ എന്തിനാടാ നമ്മളെ പെങ്ങൾക്ക് നിന്റെ നമ്പർ കൊടുത്തത്.. ഡോഗിന്റെ മോനേ... നായിന്റെ സണ്ണേ... @#$%&..”

ആന പനമ്പട്ട തുമ്പിക്കൈയ്യിൽ എടുത്ത് തിന്നാനുള്ള ആക്രാന്തത്തിൽ തലകുലുക്കി നടക്കുന്നത് പോലെ ഭാര്യയുടെ കൈപ്പിടിയിൽ വീട്ടിലേക്ക് പോകുമ്പോൾഇങ്ങനെയൊരു ദുർവിധി ഒരാൾക്കും ഉണ്ടാക്കരുതേ എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ..” എന്നൊരു ഒച്ച കേട്ടത് അശരീരി ഒന്നുമല്ലായിരുന്നു, തെങ്ങിൻ മുകളിൽ നിന്നും മോണിങ്ങ് ചാറ്റ് നടത്തിയിരുന്ന ചെത്തുകാരൻ സുരന്റേതായിരുന്നു.

Wednesday, October 21, 2015

കഥാവശേഷൻ ഗോയിന്നൻമരിച്ച് മോളിലെ ലോകത്തിന്റെ സിറ്റൌട്ടിൽ നിൽക്കുകയാണ് ഗോയിന്നൻ.  താഴന്ന് മോളിലേക്കുള്ള ദൂരം വെറും സെക്കന്റുകൾ മാത്രമാണ്.  സാധാരണ നിലക്ക് അവിടെ എത്തിയാൽ ഉടനെ തന്നെ സ്വർഗമോ നരകമോ എന്ന് തീരുമാനിച്ച് സ്പോട്ട് അഡ്മിഷൻ കിട്ടേണ്ടതാണ്.  കാത്ത് നിന്ന് അക്ഷമനായപ്പോൾ ഗോയിന്നൻ കാവൽക്കാരനോട് ചൂടായി.  അല്ല ചങ്ങായീ ഞാൻ വന്നിറ്റെത്ര നേരായി.. ബിവറേജസിൽ പോലും ഞാനിത്ര നിക്കാറില്ലല്ലോ..”
മൂപ്പർ കക്കൂസിൽ പോയതാ.. ഇപ്പോ വരും.. നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ.. ആട നിക്കടാ..”
ആ എന്നാ ശരി എന്നും പറഞ്ഞ് ആ ചാറ്റ് ഫിനിഷ് ചെയ്തപ്പോ ദൈവം വന്ന് ഗോയിന്നന്റെ കേസ് വിളിച്ചു.
.. നീയും തൂങ്ങിച്ചത്തതാ അല്ലേ.. ഇമ്മാതിരി കേസാണല്ല്ലോ ഇപ്പോ ഈട കൂടുതൽ വെരുന്നത്..”
അല്ല, പിന്നെ, ഞാൻ പണീം കയിഞ്ഞ് വെരുമ്പോ ഓളു വേറൊരുത്തന്റെ ഒപ്പരം കെടക്ക്ന്ന്.. പിന്നെ ഞാനെന്ത് ചെയ്യാനാ.. നിങ്ങള് പറ മൂപ്പരേ..”
നീ പ്രേമിച്ച് കെട്ടിയതല്ലേടൊ.. എന്നിറ്റെന്താടോ ഇങ്ങനെ ചെയ്തേ..”
കൊറേ പ്രാവിശ്യം ഞാനോളെ പറഞ്ഞ് നന്നാക്കാൻ നോക്കിയതാ.. ഇനി ഓനെ കാണൂല്ലാ, മിണ്ടൂല്ലാ എന്ന് പറഞ്ഞപ്പം പിള്ളേരെയോർത്ത് ഞാൻ ഷെമിച്ച്.. ഇന്നും കയ്യോടെ പിടിച്ചപ്പം ഞാൻ പിന്നെന്ത് ചെയ്യാനാ..”
നീ വേറെ പാപമൊന്നും ചെയ്തിറ്റില്ലാ.. എന്നാലും ആത്മഹത്യ ചെയ്തോണ്ട് ചെറിയൊരു പണിഷ്മെന്റ് കഴിഞ്ഞാ നിനക്ക് സ്വർഗത്തിൽ പോകാം..”
ഓ ശരി.. ശരി...”
അന്നേരം വിറച്ച് വിറച്ച് ആടിയാടി ഒരു ചെറുപ്പക്കാരി സിറ്റൌട്ടിലെത്തി.
അല്ല പെണ്ണുമ്പിള്ളേ.. നിങ്ങളെന്താ വെള്ളമടിച്ച് ചത്തതാണോ..”
അയ്യോ.. അല്ല.. എന്നെ ഭർത്താവ് കുത്തിയതാ.. അയാളേം ഒരുത്തിയേം എന്റെ വീട്ടിൽ ഞാൻ കണ്ടു.. കലമ്പായി.. അടിപിടിയായി.. ഓനെന്നെ കുത്തി.. എനിക്ക് ഓനെ ഒന്നും ചെയ്യാൻ പറ്റിയില്ല..”
അത് കഷ്ടമായിപ്പോയി.. എനിറ്റും നീ ചത്തില്ലല്ലോ..”
ഇവൾടെ ജീവൻ പോയിറ്റില്ലാ.. ഇവളെ ഓൻ ആസ്പത്രീലാക്കീറ്റ്ണ്ട്..”
എനിക്കോനെ കൊല്ലണം.. എന്നെ ഒന്ന് താഴേക്ക് വിട്..”
അതൊന്നും പറ്റില്ല..” ദൈവം.
പ്ലീസ് .. ഞാൻ ഓനെ കുത്തിക്കൊന്നിറ്റ് ഇപ്പം വരാം..”
ഹേയ്.. ചത്തുകൊണ്ടിരിക്കുന്നയാളാ നീ.. ഇപ്പത്തന്നെ പകുതി ചത്തു.. അമ്മാതിരി കുത്തല്ലേ..”
വെർതെ കാഴ്ച കണ്ടിരിക്കുന്ന ഗോയിന്നൻ അപ്പോ ഇടപെട്ടു. “അല്ല കാർന്നോരേ.. നിങ്ങളു ഓളെ വിടപ്പാ.. ഓൾ ഓനെ കൊന്നിറ്റ് ഇപ്പം വെരൂലേ..”
ജീവിപ്പിക്കണമെങ്കില് സ്വർഗത്തിൽ പോകുന്ന ഒരാളെ റെക്കമെന്റ് ഉണ്ടെങ്കിലേ വിടാൻ പറ്റൂ.. ഇവിടെ റൂൾസൊക്കെ സ്ട്രിക്റ്റാ...”
എന്നാലെന്റെ കേറോപ്പിൽ ഓളെ ജീവിപ്പിക്ക്...”
ഇവളിങ്ങ് തിരിച്ച് വന്നില്ലെങ്കിൽ നിന്റെ കാര്യം പോക്കാ.. നീ നരകത്തിൽ പോകേണ്ടി വരും..”
ഓ അങ്ങനെയാണോ..”
ചെറുപ്പക്കാരി ഗോയിന്നന്റെ കാലുപിടിച്ചു പറഞ്ഞു. “ഞാൻ പോയിറ്റ് ഓനെ കൊന്നിറ്റ് ഞാനും ചത്ത് വേഗം വരും.. നിങ്ങളെന്നെ ഒന്ന് റെക്കമെന്റ് ചെയ്യ്...”
അവളുടെ കണ്ണീരു കണ്ട് ഗോയിന്നൻ ദൈവത്തിന്റെ ഫയലിൽ ഗ്യാരണ്ടർ ആയി ഒപ്പ് വെച്ചു.  ആ പെണ്ണ് ഗോയിന്നന് നന്ദിയുടെ പാലും തേനുമർപ്പിച്ച് തിരിച്ച് പോകുകയും ചെയ്തു.
പിറ്റേന്ന് ദൈവം വന്ന് ഗോയിന്നനെ നരകത്തിലേക്ക് റിക്രൂട്ട് ചെയ്തു.  “അല്ലപ്പാ നിങ്ങളല്ലേ പറഞ്ഞത് എന്നെ സ്വർഗത്തിലാക്കാമെന്ന്.. എന്നിറ്റിപ്പോ.. ഞാൻ കൊടിപിടിക്കും കേട്ടാ..” ഗോയിന്നൻ പ്രതിഷേധിച്ചു.
“എടാ മണ്ടൻ ഗോയിന്നാ നീ താഴേക്ക് നോക്ക്.. നീ ഗാരണ്ടി തന്ന് വിട്ട പെണ്ണതാ ഓൾടെ കെട്ടിയോന്റെ കൂടെ ഇരുന്ന് കഞ്ഞി കുടിക്ക്ന്ന്.. ഓളിനി വരൂല്ല മോനേ..”
“പണ്ടാരാണ്ട് പറഞ്ഞത് പോലെ നായിന്റെ വാല് ഓടക്കൊഴലിലിട്ടത് പോലെ ആയല്ലോ ദൈവമേ..” പാവം ഗോയിന്നൻ.

Monday, October 19, 2015

പ്രതിഷേധം

കയിൽക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത് ഒരു കിണ്ണം ചോറ് മോരൊഴിച്ച മത്തിക്കറി ചേർത്ത് ഫിനിഷ് ചെയ്തതിനു ശേഷം കുറ്റ്യേറയത്ത് പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുമ്പോഴാണ് നാട്ടിലെ ചെറുപ്പക്കാരുടെ നിദ്രാവിഹീനരാത്രികളിലെ കൊതുകുറാണിയായിരുന്ന അങ്ങ്ട്ടേലെ സുലുവും ഫ്രന്റ്സും കൂടി സിനിമാപ്പടം കാണാൻ പോകുന്നത് ഓമനക്കുട്ടൻ കണ്ടത്. കണ്ട സിനിമയാണെങ്കിലും കൂടെ പോയാൽ ഒന്നിച്ചോ പിന്നിലോ ഇരിക്കാൻ പറ്റിയാലോ എന്നൊരു ചിന്ത പെട്ടെന്നു പൊട്ടിമുളച്ച് വളർന്ന് വിരിഞ്ഞ് പൂവായി കായായി മാറി.
മഹദ്കാര്യങ്ങൾ മറ്റന്നാളത്തേക്ക് മാറ്റിവെക്കരുതെന്നല്ലേ സീനിയേഴ്സ് പറഞ്ഞിരിക്കുന്നത്. ലെവളുമാരുടെ ഒരു പത്തടി ഗ്യാപ്പിൽ കണ്ട സിനിമ തന്നെ കാണാൻ കൊട്ടകയിലേക്ക് കുട്ടനും ചൽത്താ രഹാ ഹെ.
ആണുങ്ങളുടെ ക്യൂവിൽ തിരക്കുണ്ടെങ്കിൽ അവളെ കൊണ്ട് ടിക്കറ്റെടുത്ത് തരാൻ പറയണം അപ്പോ അവരുടെ മുന്നിലോ പിന്നിലോ ഒപ്പരമോ ഇരിക്കാം, ടിക്കറ്റെടുക്കാൻ പറയുമ്പോൾ മുണ്ട് മാടിക്കെട്ടണോ അഴിച്ചിടണോ, ഒന്നിച്ചിരുന്നാൽ എന്തൊക്കെ ചെയ്യണ്ട.. ഇമ്മാതിരിയുള്ള ചിന്തകൾ ടാക്കീസിലെത്തിയപ്പോ തന്നെ പൊളിഞ്ഞ് പാളീസായി. കാരണം ആണുങ്ങളുടെ ക്യൂവിൽ വളരെ കുറച്ചാളുകൾ മാത്രം. പോട്ടെ, സാരമില്ല എല്ലാ കാര്യങ്ങളും നുമ്മ വിചാരിച്ച പോലെ നടന്നാൽ പിന്നെ ദൈവത്തിനു പണിയില്ലാണ്ടായിപ്പോകില്ലേ..
ടാക്കീസിനകത്ത് കയറി അവളുടെ തൊട്ട് പിന്നിൽ ഇരിക്കാം എന്നാൽ ടച്ചപ്പെന്തെങ്കിലും നടത്താം എന്ന ആലോചനയും മാലപ്പടക്കത്തിന്റെ അവസാന എണ്ണം പോലെ പൊട്ടിത്തീർന്നു. അവളുമാർ ലാസ്റ്റ് വരിയിലെ ചുമരിന്നടുത്താണിരുന്നത്, നേരെമുന്നിലായി ഏതോ ഫാമിലീസും. ദൈവത്തിന്റെ പണി തന്നെ.
പിന്നെ വന്നവരൊക്കെ ആ വരിയിൽ മാത്രമായിരുന്നു ഇരുന്നത്. കുട്ടൻ മാത്രം പിറകിൽ ഒരു കസേരയിൽ, മുന്നിലൊക്കെ കളം കാലി.
സീനിമ തുടങ്ങി ഇടക്ക് കറന്റ് പോയപ്പോൾ ആൺപിറന്നവന്മാർ കൂവാനും കസേരയിൽ ചവിട്ടി ഒച്ചപ്പാടുണ്ടാക്കിയും തങ്ങളുടെ സർഗശേഷി പുറത്തെടുത്തു. അത് കണ്ട് ഇവനൊരാണാണോ ആണോ എന്നൊന്നു സുലൂം ടീമും സംശയിച്ചാലോന്ന് വെച്ച് ഓമനക്കുട്ടനും തന്നാലായ രീതിയിൽ മുന്നിലെ കസേരയിൽ ചവിട്ടി പ്രതിഷേധിച്ചു.
കഷ്ടകാലം! അത് ഒരു വരിയിൽ നിരനിരയായി ഉറപ്പിച്ച കസേരകളായിരുന്നു. ചവിട്ട് കൊണ്ടത് പോയി അതിന്റെ മുന്നിലത്തേതിന്റെ മോളിൽ വീണു, അത് പോയി മറ്റതിന്റെ മോളിലും, അത് അതിനടുത്തതിന്റെ മോളിലും.. ചടെ പടെ എന്ന് പറഞ്ഞ് പത്ത് വരി കസേരകളും മറിഞ്ഞുവീണു..
അമ്മാതിരി ചെയ്ത്ത് ചെയ്തവനെ ലേഡീസെല്ലാം ബഹുമാനത്തോടെ നോക്കി, കുട്ടൻ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു. അപ്പോഴേക്കും കറന്റും വന്നു, യുവവിപ്ലവകാരിയെ അന്വേഷിച്ച് ടാക്കീസിലെ നടത്തിപ്പുകാരായ തടിയന്മാരും വന്നു. ഒരു സപ്പോർട്ടിനു കുഴപ്പം ഉണ്ടാക്കിയവന്മാരെ നോക്കിയെങ്കിലും ഒരുത്തനും മൈൻഡാക്കിയില്ല. കർണനെ വിശ്വസിച്ച് മഹാഭാരത യുദ്ധത്തിന്റെ ക്വട്ടേഷൻ എടുത്ത ദുര്യോധനന്റെ അവസ്ഥ.
ഓരോന്നായി വീണുകിടന്ന കസേരകൾ കഷ്ടപ്പെട്ട് നിവർത്തി വെക്കുമ്പോൾ സുലുവും ടീമും ആർത്തട്ടഹസിച്ച് ചിരിക്കുന്നത് സിനിമയിൽ കോമഡി സീൻ കണ്ടായിരിക്കും എന്നാകണേ എന്നായിരുന്നു ഓമനക്കുട്ടന്റെ പ്രാർത്ഥന.

Tuesday, October 13, 2015

ഏൻ എമർജൻസി കേസ്

രാഘവാട്ടൻ ആശുപത്രി കട്ടിലിൽ കിടന്നു ഭാര്യ സാവിത്രിയേച്ചി പൊളിച്ചു കൊടുത്ത ഒരു ഓറഞ്ച് തിന്നുമ്പോഴാണ് വളരെ തിരക്ക് പിടിച്ച രീതിയിൽ ഒരു ചെറുപ്പക്കാരൻ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയത്. അപരിചിതനായതിനാൽ രണ്ടുപേരും, ഒരു കസേരയിലിരുന്ന് ഫേസ്ബുക്കിൽ ലൈക്കടിച്ച് കൊണ്ടിരുന്ന മകൾ സുപ്രിയയും ഞെട്ടിയെണീറ്റു.
“രാഘവേട്ടനല്ലേ.. ഞാൻ വിവേക്..” ഏത് വിവേകമില്ലാത്തവനാണിത് തനിക്ക് ചേരാത്ത പേരും കൊണ്ട് വന്നതെന്നായി രാഘവാട്ടന്റെ മനോരഥം.
“എന്നെ അറിയില്ലല്ലേ.. ഞാൻ പരിചയപ്പെടുത്താം.. ഒരു മിനിറ്റേ.. ഇപ്പോ വരാം..” അതും പറഞ്ഞ് അയാൾ ടോയിലറ്റിൽ കയറി വാതിലടച്ചു.
അച്ഛനെ അറിയുന്ന വല്ലവരുമാകാം, കാണാൻ കൊള്ളാലോ, മൊഞ്ചനാ.. എന്ന് സുപ്രിയയുടെ മനസ്സിൽ.
എനിക്കറിയാത്ത ഒരാൾ ഏതാപ്പാ ഇങ്ങേരെ അറിയുന്നതായിട്ട്.. കാണാൻ കൊള്ളാം നല്ല ജോലിയൊക്കെ ഉള്ളതാണെന്ന് തോന്നുന്നു.. എന്ന് സാവിത്രിയേച്ചിയുടെ മനസ്സിൽ.
ഇതേതാ എനിക്കറിയാത്ത ഒരുത്തൻ? സുപ്രിയയുടെ കൂടെ പഠിക്കുന്നവന്മാരോ മറ്റോ ആകുമോ? ലൈനാണോ?? ഇനി സാവിത്രിയുടെ ആരെങ്കിലും അടുപ്പക്കാരാണോ?? ഇന്നത്തെ ചെക്കന്മാർക്ക് പ്രായമുള്ള പെണ്ണുങ്ങളോടും ചാട്ടമുണ്ടല്ലോ... അങ്ങനെ രാഘവേട്ടന്റെ മനസ്സിലും ചിന്തകൾ തിളച്ചു മറിഞ്ഞ് മറീനാ ബീച്ച് പോലായി.
പരസ്പരം ചോദിച്ചപ്പോൾ ആർക്കും അയാളെ അറിയില്ല, സുപ്രിയക്ക് പറ്റിയ ചെക്കനാണെന്ന് സാവിത്രിയേച്ചി പറഞ്ഞപ്പോൾ സുപ്രിയ ലൈക്കടി നിർത്തി കണ്ണാടി നോക്കി ചെറുപ്പക്കാരനെ നേരിടാനൊരുങ്ങി. ചെമന്ന മുഖത്ത് ഇപ്പോഴത്തെ ഫാഷനായ മുഖക്കുരു ഇല്ലാത്തതിൽ അവൾക്കൊരു വിഷമം തോന്നാതിരുന്നില്ല.
അപ്പോഴേക്കും പുറത്ത് വന്ന ചെറുപ്പക്കാരൻ പറഞ്ഞു. “ഒന്നും വിചാരിക്കല്ലേ.. എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും അറിയില്ല, പുറത്ത് വെച്ച് ബോർഡ് നോക്കിയാണ് പേരു മനസ്സിലായത്... ഒരു അത്യാവശ്യമായതോണ്ടാ.. ഒന്ന് ടോയിലറ്റിൽ പോകാൻ വന്നതാ...”
‘ഒരു മിനിറ്റാണെകിൽ ഒരു മിനിറ്റ്, നീ എന്നെ മോഹിപ്പിച്ചല്ലോടാ ദുഷ്ടാ.. നിന്റെ കോർക്കിളകാൻ കണ്ട സമയം..‘ സുപ്രിയ ഇങ്ങനെ പിറുപിറുത്തു.

Thursday, October 8, 2015

പെണ്ണുകാണൽ കഥ

പോകുമ്പോഴേ കൂട്ടുകാർ പറഞ്ഞതായിരുന്നു ആ പെണ്ണു വേണോന്ന്. പെണ്ണിന്റപ്പൻ ചെരിപ്പു പോലുമിടാത്ത, എപ്പോഴും ഖദറിട്ട് പച്ചക്കറി മാത്രം കഴിക്കുന്ന ഒരു സ്കൂൾമാഷ്. പെണ്ണിന്റെ വീട്ടുകാരും പച്ചക്കറി തന്നെ. വല്ലപ്പോഴും പെണ്ണുവീട്ടിൽ പാർക്കാൻ പോയാൽ ഒരു കമ്പനി തരുന്ന അമ്മായിയപ്പൻ പോരേടാ എന്ന് പറഞ്ഞത് കേട്ടില്ല, സുമേഷെന്ന പെണ്ണന്വേഷി. അതിന്റെ ഭവിഷ്യത്ത് കിട്ടി എന്ന് മാത്രം പറഞ്ഞാ മതിയല്ലോ. ആറ്റുനോറ്റ് പെണ്ണുകാണാൻ പോയിട്ട് അത് തന്നെ ‘ഗോപീ’സുന്ദറായി.
പെണ്ണുകെട്ടിയാ കള്ളടി ഒഴിവാക്കി തങ്കപ്പെട്ടവനാകണമെന്നുള്ള ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല പഹയന്. ബ്രോക്കർ ഒരാലോചന കൊണ്ടുവന്നു, അത് നേരിടാൻ പോകുന്നു, അത്രമാത്രം.
പെണ്ണുകാണാൻ പോകണമെന്ന് ചിന്തിച്ച മുതലേ ഒരു വിറയുണ്ടായിരുന്നെങ്കിലും അത് ടോപ്പിലെത്തിയത് പെൺ‌വീട്ടിലെത്തി സോഫയിലിരുന്ന് അമ്മായിയപ്പന്റേയും വീട്ടിനകത്തെ പെണ്ണുങ്ങളുടേയും നേരിട്ടും ഒളിഞ്ഞുമുള്ള സ്കാനിങ്ങ് കണ്ടത് മുതലായിരുന്നു. അത് ആരുടെയും കണ്ണിൽ പെടാതിരിക്കാൻ കൈകൂട്ടിത്തിരുമിയും ചുമരിൽ നോക്കിയുമിരുന്നു, എന്നിട്ടും ആപാദചൂഢം പൊട്ടിവിരിഞ്ഞ വിറയും പരിഭ്രമവും സുമേഷിനു ഫലപ്രദമായി കൈകാര്യം ചെയ്യാനായില്ല.
പെണ്ണു വന്നു ഒരു ട്രേയിൽ ചായ ടീപ്പോയിൽ വെച്ച് മൂലയ്ക്ക് ചുമരും താങ്ങി നിന്നു. അക്കൂട്ടർക്ക് പിന്നെ വിറക്കുന്നത് പോയിട്ട് ആ വാക്ക് പോലും അറിയില്ലല്ലോ. അവളുടെ ചിരി കളിയാക്കലാണോ എന്നൊരു ഡൌട്ട് വന്നത് മുതൽ പിന്നെ വിറ കണ്ട്രോൾ രഹിതമായി. അത് അമ്മായിയപ്പന്റെ ഫോൾഡറിലേക്ക് ഡൌൺലോഡായി.
ചായകുടിക്കാൻ ആരോ പറഞ്ഞത് കേട്ട് സുമേഷ് ചായയെടുത്തു... പിന്നെ കേട്ടത് പെണ്ണിന്റച്ഛന്റെ ‘ഗെറ്റൌട്ട്’ എന്ന അലർച്ചയായിരുന്നു.
പുറത്ത് കടന്നതും സുമേഷ് കൂട്ടുകാരനു നീയറെസ്റ്റ് ബാറിലേക്ക് പോകാൻ നിർദ്ദേശം നൽകി. പാവം പെണ്ണുകാണാൻ പോയിട്ട് അപമാനിക്കപ്പെട്ടവൻ അത് തീർച്ചയായും ചെയ്യും..
അടിച്ച് കിക്കായപ്പോൾ കൂട്ടുകാരൻ പറഞ്ഞു. “ആ ചായയാണ് പ്രശ്നമുണ്ടാക്കിയത്...”
വിറയും പരിഭ്രമവും മുൻപരിചയവുമില്ലാതിരുന്നതിനാൽ ആലോചന മുളയിലേ മുടങ്ങി. കാരണം പിടികിട്ടിയോ.. ?
കാരണം, കീടാണുവൊന്നുമല്ല, സുമേഷ് കടുത്ത മുത്തപ്പഭക്തനും കാർന്നോന്മാരെ സ്മരിച്ച് മാത്രം വെള്ളമടി തുടങ്ങുന്നവനുമായിരുന്നു..!
ഒന്നും മനസ്സിലായില്ലേ? ഇതാ പറഞ്ഞത് കള്ളടിക്കണം, അല്ലെങ്കിൽ അക്കൂട്ടരുടെ കൂടെയിരിക്കണം ആദ്യഗ്ലാസ്സ് കുടിക്കുന്നതിനു മുൻപെങ്കിലും.

അന്തിച്ചെത്ത് തേർഡ് സീസൺ


സമയം അർദ്ധരാത്രി, പൂവൻ കോഴി പിടക്കോഴിയെപ്പോലെ ചെറിയ തടിയൻ സൂചി പന്ത്രണ്ട് മണി പോയന്റിനെ പിടിക്കാനായി കുതിക്കുന്നു. വല്ലിയേച്ചിയുടെ വീടിന്റെ വിറകുകൾ വെക്കുന്ന ഞാലിപ്പുരയിൽ നമ്മളുടെ പഴയ കഥാനായകൻ ചെത്തുകാരൻ സുരൻ തന്റെ വ്രതം മുറിക്കാനായി നിൽക്കുകയാണ്. കെട്ടിയോനും കുട്ടികളും ഉറങ്ങിയ ശേഷം കാമുകസമാഗമ സംഗമത്തിനായി പുറത്തിറങ്ങി വരാമെന്നാണ് ആ ചേച്ചി പറഞ്ഞത്. പണ്ടത്തെ ദയനീയമായി ഒടുങ്ങിപ്പോയ സംരംഭങ്ങളുടെ നീറിനോവിക്കുന്ന സ്മരണകൾ സുരന്റെ മെമ്മറിയിലൂടെ സ്റ്റേറ്റ് ബസ്സ് പോലെ കടന്നുപോയി.
ചുറ്റും ചിതറിക്കിടക്കുന്ന വിറകുകളും ഓലക്കെട്ടുകളും പെറുക്കിമാറ്റി, ചാക്കുകൾ വിരിച്ച് അതിന്റെ മുകളിൽ തന്റെ ലുങ്കി അഴിച്ച് വിരിച്ച് സുരൻ ആറടിനീളത്തിലും രണ്ടടി വീതിയിലും പടനിലം ഒരുക്കി. അവിടെ മുല്ലപ്പൂ വിതറാൻ നോക്കിയപ്പോ സീസണല്ലാത്തോണ്ട് ചെമ്പരത്തിപ്പൂ മാത്രേ ആ പരിസരത്തുണ്ടായിരുന്നുള്ളൂ. മൂപ്പർ ചോപ്പിന്റെ പാർട്ടിക്കാരനായത് കൊണ്ട് അത് പൊട്ടിച്ച് ഇടാനൊരു വൈമനസ്യമുണ്ടായി. അതിനാൽ മൂലയ്ക്കൊരു ചാക്കിൽ വെച്ചിരുന്ന ഉമിയെടുത്ത് വിതറി അഡ്ജസ്റ്റ് ചെയ്തു. പൊന്നു വെക്കുന്നിടത്ത് പൂ വെക്കുന്നത് പോലെ. ബട്ടൺസഴിക്കുന്നതിനു മുമ്പ് ഡാം തകർന്നാലോന്ന് പേടിച്ച് ഷർട്ടഴിച്ച് ഞാലിയിൽ തൂക്കിയിട്ട് കുംഭമേളക്ക് പോകുന്ന ദിഗംബരനായി അക്ഷമയുടെ പര്യായമായി ഇടക്കിടക്ക് രശ്മിനായനാരുടെ പേജിൽ പുതിയ അപ്ഡേറ്റ്സ് വല്ലതും വന്നോ എന്നും നോക്കിയിരുന്നു.
പണ്ടത്തെ പിള്ളേർ എട്ടുമണിയാകുമ്പോൾ മലബാർ എക്സ്പ്രസ്സിലെ ലോക്കൽ കമ്പാർട്ട്മെന്റ് പോലെ അട്ടിക്കിടുമെങ്കിൽ ഇപ്പോഴത്തെ പിള്ളേർ പരമ്പരാഗത സീരിയലുകൾ കണ്ട് ഉറങ്ങുമ്പോഴേക്കും പാതിരായാകും. ടി.വി.യൊക്കെ പിള്ളേരെ മാത്രമല്ല പ്രണയത്തേയും നശിപ്പിക്കുമെന്ന് സുരൻ വിചാരിച്ചു.
പന്ത്രണ്ട് മണികഴിഞ്ഞപ്പോൾ വീട്ടിലെ ഒച്ചപ്പാടും വെളിച്ചവും നിന്നു. കായക്കുല ചാക്കിൽ പൊതിഞ്ഞത് പോലെ വല്ലിയേച്ചി ഒരു നൈറ്റിയിട്ടുകൊണ്ട് വന്നു. അത് കണ്ടപ്പോൾ ഉറങ്ങിയ സിംഹം ഗുഹയിൽ നിന്നും എഴുന്നേൽക്കുന്നത് പോലെ അന്ന മാതിരി എഴുതാനും പറയാനും സുരൻ എം.ടി.യൊന്നുമല്ല സ്ഥലം കുടജാദ്രിയും. അവൻ വല്ലിയേച്ചിയെ കണ്ടാൽ ഉറങ്ങാറേയില്ലായിരുന്നു. മൃദംഗവിദ്വാന്മാർ പൊതിഞ്ഞ് വെച്ച തുണിയഴിക്കുന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ നൈറ്റിപൊക്കി ശിലാഫലകം അനാച്ഛാദനം ചെയുമ്പോഴുള്ള രാഷ്ട്രീയ നേതാവിനെ പോലെ നിന്നു. അന്നേരമാണ് അവനു ഓറെയൊന്ന് മൊബൈൽ വെളിച്ചത്തിൽ കാണണമെന്ന് തോന്നിയത്. അതിപ്പോ ഫാഷനാണല്ലോ കണ്ടാലും പോര പിടിച്ചാലും പോര മൊബൈലിൽ തന്നെ പിടിക്കണം.
കളിക്കാരെത്തുന്നതിനു മുൻപുള്ള ഈഡൻ ഗാർഡൻസിലെ ബൌണ്ടറി റോപ്പ് പോലെയുള്ള അരനൂൽ മാത്രമിട്ട വല്ലിയേച്ചിയുടെ ബോഡി ലാംഗ്വേജിന്റെ മധ്യപ്രദേശ് കണ്ടപ്പോൾ സുരന്റെ മനസ്സിൽ ചില അക്ഷരങ്ങൾ പൊട്ടിമുളച്ച് ഒരു ഉപമ രൂപപ്പെട്ടു.
“വൈ..”
“ക്യാപ്പിറ്റൽ വൈ..”
“ഇംഗ്ലീഷ് ക്യാപ്പിറ്റൽ വൈ പോലെ..”
രണ്ട് ദിഗംബര രൂപികളും നെടുനാളത്തെ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിന് വെമ്പൽകൊള്ളവെയാണ് സുരന്റെ കണ്ണിൽ തിളങ്ങുന്ന രണ്ട് കണ്ണുകൾ കണ്ടത്. മൊബൈൽ വിളക്കിൽ നോക്കുമ്പോൾ ചിരപരിചിത സ്ഥലത്ത് രണ്ട് ചിരപരിചിതരെ അസമയത്ത് കണ്ടതിൽ അന്തംവിട്ട് നിൽക്കുന്ന ഒരു പെരുച്ചാഴിയെയാണത്. കൈയ്യിൽ കിട്ടിയ ഒരു വിറക് കൊള്ളിയെടുത്ത് വഴിമാറിപ്പോ മുണ്ടക്കൽ ദിനേശാ എന്ന് പറഞ്ഞ് ഒരേറ് വെച്ച് കൊടുത്തു. അവിടെയാണ് പിഴച്ചത്, അതും മൂന്നാമത്..
പിന്നെ കേട്ടത് ഒരു മൂളലായിരുന്നു. സ്വര്യമായി ഹണീ ഉൽ‌പ്പാദനം നടത്തിക്കൊണ്ടിരിക്കുന്ന ബീസിനോടായിരുന്നു സന്താനോൽ‌പ്പാദനം നടത്താൻ വന്ന സുരന്റെ പരാക്രമം. തേനീച്ചക്കൂട്ടം റാണിയെയും കൂടിനെയും ഉപേക്ഷിച്ച് ബീഫ് ഫെസ്റ്റിവലെന്ന് കേട്ടത് പോലെ സംഘടിതരായി കമിതാക്കളെ പൊതിഞ്ഞു. അരയിലെ നൂലിന്റെ ബന്ധനത്തിന്റെ ധൈര്യത്തിൽ വല്ലിയേച്ചി അകത്തേക്കും ഒരു നൂലുമില്ലാതെ സുരൻ പുറത്തേക്കും പറപറന്നു...
വീട്ടിലെത്തി പുറത്തെ മുറി തുറന്ന് കട്ടിലിൽ വീണ് ലൈറ്റിട്ട് തന്റെ കാരിരുമ്പ് പോലത്തെ ബോഡി മുരിക്ക്മരം പോലെ ആയ കാഴ്ച കണ്ട് സുരൻ ഞെട്ടി. നാളെ ഇത് ഏത് ഡോക്റ്ററെ കാണിക്കുമെന്നോർത്തപ്പോൾ തേനീച്ചക്കുത്തിന്റെ വേദന ഒരു വേദനയേ അല്ലാതായി.
അധോമുഖനായപ്പോൾ കക്കിരി, കൈപ്പക്ക തുടങ്ങിയ ചില പച്ചക്കറികളുടെ താരത‌മ്യം അവനോർമ്മ വരാൻ കാരണം ജൈവകൃഷിയുടെ വക്താവായത് കൊണ്ട് മാത്രമാണ്.

Tuesday, August 18, 2015

ഉല്ലാസയാത്രികർ

18-7-15നു മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്നത്.