Saturday, December 25, 2010

ആലീസ് ഇൻ വീഗാലാൻ‌ഡ്

പെണ്ണുകാണാൻ പോകുമ്പോൾ സ്ത്രീധനം കഴിഞ്ഞാൽ പിന്നെ പെണ്ണ് വെളുത്ത് സുന്ദരിയായിരിക്കണമെന്ന ഒരേയൊരു നിബന്ധനയേ ജോണിക്കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. ഇരുട്ടത്ത് നിന്നാൽ ആരെങ്കിലും മേത്ത് തട്ടാതിരിക്കണമെങ്കിൽ ചിരിച്ച് നിൽക്കണം എന്ന ജനിതക വൈകല്യമൊഴിച്ചാൽ ജോണിക്കുട്ടി അങ്ങനെ ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല. കാണാൻ അഞ്ച് അഞ്ചരയടി ഉയരത്തിൽ തികഞ്ഞ ജെന്റിൽമാൻ. പേർഷ്യയിൽ പോയി നല്ല കാശുമുണ്ടാക്കിയിട്ടുണ്ട് എന്നാലും സ്ത്രീധനത്തിൽ വിട്ടു വീഴ്ചയൊന്നും ചെയ്യാൻ ഉദ്ദേശമില്ല. ജോണിക്കുട്ടിയുടെ അപ്പനായ മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിക്കും നേരെ മറിച്ചാണ് ചിന്ത. പെണ്ണിന് ഗ്ലാമർ ഇത്തിരി കുറഞ്ഞാലും സ്ത്രീധനക്കാശൊട്ടും കുറയരുത്.

കുര്യാക്കോസായിരുന്നു ബ്രോക്കർ. മൂപ്പർ ഈ ഫീൽഡിൽ നല്ല തയക്കവും പയക്കവും വന്നൊരാളായിരുന്നു. മുന്തിയ കാശിന്റെ പല ആലോചനകളും മത്തായിച്ചേട്ടന് നല്ലോണം പിടിച്ചെങ്കിലും ജോണിക്കുട്ടി അടുപ്പിച്ചില്ല. ജോണിക്കുട്ടിയുടെ ദിർഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള കപ്പാസിറ്റിയൊന്നും സിമ്പലായി വേഷം മാറിയിട്ടും മത്തായിച്ചേട്ടന്റെ രൂപയ്ക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മുറുമുറുത്ത് മിണ്ടാതിരുന്നു.
കുറച്ച് നാളത്തെ കഠിന പ്രയത്നത്തിന് ശേഷം ജോണിക്കുട്ടി തന്റെ വാരിയെല്ലിനെ കണ്ടെത്തി. ഉടുമ്പൻചോലക്കാരി ആലീസ്. ഒരൽ‌പ്പം തടി കൂടുതലാണെങ്കിലും തന്റെയും അപ്പന്റെയും സങ്കൽ‌പ്പങ്ങളോട് ഒരു എയ്റ്റി പേർസന്റേജെങ്കിലും യോജിപ്പുണ്ടെന്ന് കണ്ടതിനാൽ ജോണിക്കുട്ടി ആ കെട്ട് ഉറപ്പിക്കാൻ സമ്മതിച്ചു. പിന്നത്തെ കാര്യങ്ങളൊക്കെ എടു പിടീന്നായിരുന്നു. പെണ്ണിന്റെ തൂക്കത്തിന് പണം കിട്ടിയത് കൊണ്ട് ജോണിക്കുട്ടിയെക്കാളും സന്തോഷം മത്തായിച്ചേട്ടനായിരുന്നു. ചടപടാന്ന് കല്യാണം കഴിഞ്ഞു.

ആലീസിനെ കെട്ടിയതിൽ ജോണിക്കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു. അത്രയ്ക്ക് മിക്സ് എൻ മാച്ചായിരുന്നു രണ്ടു പേരും. കല്യാണത്തിന്റെയന്ന് ആലീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും.

“ആലീസ് മോളു കൊള്ളാല്ലോടീ നല്ല സ്റ്റൈല്ണ്ട്…”
“അതെ.. മോഖമൊക്കെ തെളങ്ങ്ണ്.. ചുണ്ടൊക്കെ എന്നാ ചെമപ്പാണ്..!”
“എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
“അതെന്താ മനുഷ്യാ..”
“ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
“ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”

കല്യാണം കഴിഞ്ഞു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേതും പോലെ സംഭവബഹുലമായ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞ് മൂന്നാമത്തെ ദിവസം ജോണിക്കുട്ടിയും ആലീസും ഹണിമൂണിനായി വീഗാലാൻഡിലേക്ക് പോയി. അവിടെയെത്തി വസ്ത്രങ്ങൾ മാറ്റിയ ശേഷം രണ്ടു പേരും വേവ് പൂളിലിറങ്ങി. കുറച്ച് പ്രാവശ്യം തിരകളിൽ കളിച്ച ശേഷം ജോണിക്കുട്ടി കരയിൽ വന്നിരുന്ന് ബാക്കിയുള്ള കളേഴ്സ് നോക്കാൻ തുടങ്ങി. വേവ് പൂളിനു ചുറ്റുമായിരിക്കും ആളുകൾ ഏറ്റവും ഉണ്ടാവുക. പണ്ടത്തെ പുഴക്കടവുകളിൽ കാണുന്ന കാഴ്ചകൾ ഇന്ന് ഇവിടെ ആരെയും പേടിക്കാതെ കാണാമല്ലോ. ആൺപിറന്നവന്മാരെല്ലാം പേരിനൊന്ന് കുളിച്ചെന്ന് വരുത്തി സീനറി കാണാൻ വേഗം കരക്ക് കയറി ഇരിക്കുകയാണ്. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരം‌കയറ്റം മറക്കില്ലല്ലൊ.

പൂളിലെ ഈറൻ കാഴ്ചകൾ കണ്ട് നിന്നപ്പോ കുറച്ച് സമയം ആലീസിനെ മറന്നു പോയി. താൻ മറ്റുള്ളവളുമാരെ നോക്കുന്നത് കണ്ടാൽ ആലീസെന്ത് വിചാരിക്കുമെന്ന് കരുതി പെട്ടെന്ന് ജോണിക്കുട്ടി തിരിച്ച് പൂളിലേക്ക് നോക്കി. അപ്പോൾ ആലീസിനെ കാണാനില്ല. അവിടെ ആണും പെണ്ണും ആർത്ത് അട്ടഹസിച്ച് നീന്തിത്തുടിക്കുകയാണ്. പെണ്ണുങ്ങളുടെ ഇടയിലൊന്നും അവളെ കാണുന്നേയില്ല! ഇനി നീന്തലറിയാതെ മുങ്ങിപ്പോയിരിക്കുമോ എന്റെ കർത്താവേ..? തന്റെ പതിനഞ്ച് ലക്ഷം വെള്ളത്തിലായോ..” ജോണിക്കുട്ടി ഭ്രാന്തെടുത്തത് പോലെ “ആലീസേ.. ആലീസേ… “ എന്നു പൂളിലേക്ക് നോക്കി നിലവിളിക്കാൻ തുടങ്ങി. അതു കണ്ട് ആളൂകളൊക്കെ എന്തു പറ്റിയെന്ന് അന്വേഷിച്ച് ചുറ്റും കൂടി. ജോണിക്കുട്ടി പരിഭ്രാന്തനായി ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പിന്നെയും വിളിച്ച് കൂവി.

“ആലീസേ.. ആലീസേ…”
“എന്താ ചേട്ടാ.. ഞാൻ ഇവിടെയുണ്ടല്ലോ..” തൊട്ടടുത്ത് നിന്നും ഒരു സ്ത്രീശബ്ദം.
“നിങ്ങളെയല്ലാ, ഞാനെന്റെ ഭാര്യയേയാ വിളിച്ചത്…” ആ കറുമ്പിപ്പെണ്ണിനോടത് പറഞ്ഞ ശേഷം വീണ്ടും പൂളിലേക്ക് തന്നെ നോക്കി ആലീസേന്ന് നിലവിളിക്കാൻ തുടങ്ങി.
“അയ്യോ.. ജോണിക്കുട്ടിച്ചായാ.. ഞാൻ തന്നെയാ ആലീസ്.. ഞാനൊന്ന് കുളിച്ചതല്ലേയുള്ളൂ..”

ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ നിൽക്കുന്ന ആലീസിനെ കണ്ട് ജോണിക്കുട്ടി തരിച്ച് നിന്നു പോയി. അവന്‍ സ്വയമിങ്ങനെ പറഞ്ഞു. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”

Wednesday, December 8, 2010

പേള്‍ ഓഫ് ചേലേരി

ടൌണിൽ നിന്നും ഒരു പത്ത് പതിനെട്ട് കിലോമീറ്റർ അകലെ, ഹെവി ഫുഡ് കഴിച്ച് മൂവ് ചെയ്യാൻ പറ്റാത്ത പാമ്പിന്റെ പൊസിഷനിൽ സൈലന്റ് വാലിയായി കിടക്കുന്ന ചേലേരി എന്ന ഗ്രാമം കണ്ണൂർ മെട്രോക്ക് നൽകിയ കനത്ത സംഭാവനകളിൽ പ്രഥമനാണ് ഗുണശേഖരൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ കണ്ണൂർ പട്ടണത്തിലെ ഏകദേശം എല്ലാ കടകളിലും സെയിൽ‌സ്മാനായി ജോലി ചെയ്തെന്ന ഗുണശേഖരന്റെ കരിയർ റെക്കോർഡ് ഇനിയാർക്കും ബ്രേക്ക് ചെയ്യാൻ പറ്റാത്തതാണ്.

എല്ലാ പെണ്ണുങ്ങളേയും അമ്മപെങ്ങന്മാരായി മാത്രം കാണുക, കൃത്യമായി ജോലിക്ക് പോകുക, നേരത്തെ കുടിയടങ്ങുക, മദ്യം കഴിക്കാതിരിക്കുക എന്നതൊക്കെയാണല്ലോ നല്ല ചെറുപ്പക്കാരനെന്ന് പറയിപ്പിക്കാനുള്ള മാനദണ്ഡം. ഇന്നാണെങ്കിൽ ഇതൊന്നുമില്ലാത്തവൻ വേവ് കുറവെന്ന പേരിലാണ് ബ്രാൻ‌ഡ് ചെയ്യപ്പെടുക. ഈ ഓൾഡ് ക്രൈറ്റീരിയ അനുസരിച്ച് ഗുണശേഖരൻ ചേലേരിയിലെ നല്ല ചെക്കൻ‌മാരിൽ നമ്പർ വൺ ആണ്. ചേലേരി ഒരു സ്മാൾ സ്കെയിൽ വില്ലേജ് ആയത് കൊണ്ടും കഴിവ് തെളിയിക്കാൻ പറ്റിയ മേഖലകളൊന്നും ഇല്ലാത്തതിനാലുമാണ് ഗുണശേഖരൻ തന്റെ ലാവണം ടൌണിലാവട്ടെയെന്ന് തീരുമാനിച്ചത്. ആ തീരുമാനം കണ്ണൂരിലെ വ്യാപാരി സമൂഹം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഗുണശേഖരന്റേതൊരു ശുദ്ധനിഷ്കളങ്കിത ഹൃദയമാണ്. തനിക്ക് തോന്നുന്ന അഭിപ്രായം എപ്പോഴും എവിടെ വെച്ചും ഫ്രന്റും ബാക്കും നോക്കാതെ പറയുന്നത് അവന്റെ മെയിൻ ഫീച്ചേഴ്സാണ്. ആളുകൾ കുളിക്കുന്നതിനു പുറമേ മിണ്ടുന്നതിനും സോപ്പ് ഉപയോഗിക്കുന്ന ഇക്കാലത്ത് മുഖം നോക്കാതെ അഭിപ്രായം പറയുന്നത് വലിയൊരു കാര്യമാണ്. വെളുത്ത് മെലിഞ്ഞ ശരീരവും ബ്രിൽക്രീം തേച്ചത് പോലെ പറ്റിച്ചു ചീകിയ മുടിയും ഹാഫ് സ്മൈലിയുമായി ഗുണശേഖരൻ വന്ന് ജോലിക്ക് ചോദിച്ചാൽ ആരുമങ്ങ് ഏറ്റെടുത്ത് പോകും. കസ്റ്റമേഴ്സുമായുള്ള ഇടപെടലുകളും വളരെ പ്ലീസിങ്ങാണ്. ആരെയും വെറുപ്പിക്കുകയുമില്ല. ഇങ്ങനെ വിനയശിരോമണിയും വിനയകുലോത്തുംഗനും വിനയേന്തിരനുമൊക്കെയായിട്ടും അത്ഭുതമെന്ന് പറയട്ടെ, ഗുണശേഖരനെ കുറച്ച് കാലത്തിലധികം ആരും നിർത്താറില്ല.

ഒരു കടയിൽ തന്നെ സ്ഥിരമായി ജോലിയെടുക്കണം എന്നല്ലാതെ എല്ലാ കടയിലും ജോലി ചെയ്ത് റെക്കോർഡിടണമെന്ന് യാതൊരു നേർച്ചയും അവൻ ചെയ്തിട്ടില്ലായിരുന്നു. എന്നിട്ടും അറിഞ്ഞും അറിയാതെയും ജോലികൾ ഒന്നൊന്നായി കിട്ടിയും പോയുമിരുന്നു. തൊഴിലാളി നേതാക്കളുമായി ബന്ധമില്ലാത്തതിനാൽ അവനു വേണ്ടി വാദിക്കാൻ ആരും വരികയുമില്ല. ഓരോ കടയിലുമുള്ള ഗുണശേഖരന്റെ സർവ്വീസ് റെക്കോർഡ് മിനിമം ഒരു മാസം, കൂടിയാൽ നാലു മാസം. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോലിയിൽ കയറി ഏതാനും മണിക്കൂറുകൾക്കകം പിരിച്ചുവിടപ്പെട്ട അനുഭവവും ഗുണശേഖരനുണ്ട്. ടൌണിലെ വലിയൊരു ടെക്സ്റ്റൈൽസ് കടയുടെ മുതലാളിയാണ് ആ ചെയ്ത് ചെയ്തത്.

ഗുണശേഖരന്റെ സി.വി. കണ്ടാൽ ആരും ജോലി കൊടുത്തു പോകുമല്ലോ. അത്രയ്ക്ക് എക്സ്പീരിയൻ‌സ്ഡ് ഹാൻ‌ഡാണല്ലോ അവൻ. ഒരു വിധമുള്ള എല്ലാ കടകളിലും അവൻ വർക്ക് ചെയ്തിട്ടുണ്ട്. അത് കൊണ്ട് ടെക്സ്റ്റൈൽ‌സ് മുതലാളിക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല. ഉടനെ അപ്പോയന്റ്മെന്റ് കൊടുത്തു. ജോലിക്ക് കയറി തന്റെ സ്മാർ‌ട്നെസ്സ് കൊണ്ട് സഹജോലിക്കാരെയും മുതലാളിയെയും നല്ലത് പറയിപ്പിച്ച് ഷൈൻ ചെയ്ത് നിൽക്കുകയായിരുന്നു ഗുണശേഖരൻ. ഉച്ച കഴിഞ്ഞൊരു മൂന്ന് മണി നേരം. അപ്പോഴാണ് ആനയേയും ജിറാഫിനേയും പോലത്തെ രണ്ട് പെൺ‌കുട്ടികൾ ഗുണശേഖരന്റെ കൌണ്ടറിലെത്തിയത്.

അവർ രണ്ടു പേർക്കും ചുരിദാറായിരുന്നു വേണ്ടത്. കുറേ സമയം തിരഞ്ഞ് അതെട്ക്ക്, ഇതെട്ക്ക്.. എന്ന് പറഞ്ഞ് കം‌പ്ലീറ്റ് ഐറ്റംസും അവർ വലിച്ചിട്ടു. ഷെൽഫുകൾ കാലിയായപ്പോൾ ഏറ്റവും ആദ്യം കണ്ടതിലോരോന്ന് തന്നെ സെലക്റ്റ് ചെയ്യുകയും ചെയ്തു. ഒക്കെ വലിച്ചിട്ട് ഗുണശേഖരൻ തളർന്നു. ഇമ്മാതിരി വിത്തുകൾ വന്നാൽ ഒരു ദിവസം പോയിക്കിട്ടുമെന്ന് അവൻ മനസ്സിലോർത്തു. ഇത് മുഴുവൻ തിരിച്ച് അകത്താക്കാൻ ഇവളുമാരുടെ അപ്പൻസ് വരുമോ എന്ന് പറയാൻ വിചാരിച്ചെങ്കിലും വേറെന്തെങ്കിലും വേണോ..? എന്ന് മാത്രമേ അവൻ ചോദിച്ചുള്ളു. ആ പതിവ് ചോദ്യം ഇന്നർവെയർ വേണോ എന്നതിന്റെയൊരു കോഡ് കൂടിയാണ്. അത് കേട്ടയുടനെ പെൺപിള്ളേർസ് രണ്ടാൾക്കും കുചകവചങ്ങൾ കൂടി വേണമെന്ന് പറഞ്ഞു. രണ്ടു പേരുടെയും എക്സ്ട്രീം‌ലി വറൈറ്റി ഫിസിക്സാണ്. ഫാറ്റിയുടെ ഫ്രന്റ് ഓഫീസ് ഷക്കീലയുടേത് പോലെ കുറച്ചധികം ലാവിഷാണെങ്കിൽ മറ്റവളുടേത് കട്ടിലിന്റെ പലക പോലെ നി‌മ്നോന്നതങ്ങളില്ലാത്തതും.

ഒരു മുപ്പത്തിയെട്ട് കാരറ്റ് എന്ന് മനസ്സിൽ കരുതി ഗുണശേഖരൻ കൂടുതലൊന്നും തിരയാതെ ഉണ്ടായിരുന്നതിൽ വെച്ചേറ്റവും വലിയ സൈസിൽ ഒരെണ്ണം എടുത്ത് തടിച്ചിക്ക് കൊടുത്തു. അവൾ അത് ഇഷ്ടപ്പെട്ട് പാക്ക് ചെയ്യാൻ സമ്മതിച്ചു. എല്ലുസ്കിയ പെണ്ണിന് ഒന്നെടുത്ത് കൊടുത്തപ്പോൾ അതവൾക്ക് സ്യൂട്ടാവാത്തതിനാൽ വേണ്ടെന്ന് പറഞ്ഞു. അവൻ അതിലും ചെറിയതെടുത്ത് കൊടുത്തു. അതുമവൾ സെലക്റ്റ് ചെയ്തില്ല. കുറേ സമയം തിരഞ്ഞ് സൈസ് കുറഞ്ഞ ഒരുപാടെണ്ണം നോക്കിയെങ്കിലും മെല്ലിക്ക് പറ്റിയ ഒരെണ്ണം പോലും കിട്ടിയില്ല. അപ്പോഴേക്കും ഗുണശേഖരൻ തളർന്ന് ഒരു വിധമായിരുന്നു. സഹികെട്ട് അവൻ മുതലാളി എന്നും ഇടുന്ന ഒരു ബോട്ടിൽ നൈസിൽ പൌഡറെടുത്ത് അവൾക്ക് കൊടുത്ത് പറഞ്ഞു.

“ഇതുപയോഗിച്ചാ മതി കുറഞ്ഞ് കൊള്ളും…, അതൊന്നും വാങ്ങി വെർതെ കാശ് കളയണ്ട..”

അറ്റ് പ്രസന്റ് ഗുണശേഖരൻ ഒരു തൊഴിൽ രഹിതനാണ്.