Thursday, April 23, 2009

ടീച്ചര്‍മാരുടെ ശ്രദ്ധയ്ക്ക്

നാട്ടിലെ യു.പി.സ്കൂളിലെ അദ്ധ്യാപികയാണു സൌദാമിനി ടീച്ചര്‍‍. ഗവ. ജോലിക്കാരനായ ഭര്‍ത്താവും ടൌണിലെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്ന രണ്ട് മക്കളുമടങ്ങുന്നതാണു ടീച്ചറുടെ കുടുംബം. സ്കൂളില്‍ നിന്നും ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കള്ളുഷാപ്പിന്റെ അടുത്താണു വീടു. ഇത്ര അടുത്താണെങ്കിലും ടീച്ചര്‍ നടന്നു സ്കൂളിലെത്തുമ്പോള്‍ പത്തേകാല്‍ പത്തര മണിയെങ്കിലും ആവും. എല്ലാ ദിവസവും സ്കൂളിലേക്കുള്ള ടീച്ചറുടെ തിരക്ക് പിടിച്ച ഓട്ട നടത്തം കണ്ടാല്‍ ''പാവം ഇന്നു മാത്രം ലേറ്റ് ആയി'' എന്നാണു തോന്നുക. രാവിലെ ലേറ്റാവുമെങ്കിലും വൈകുന്നേരം ടീച്ചര്‍ വളരെ പങ്ച്വല്‍ ആണു. നാലു മണി ബെല്ലടിച്ചാല്‍ പിള്ളേരെക്കാളും മുന്നില്‍ ടീച്ചര്‍ സ്കൂളു വിടുകയും ചെയ്യും. പഠിപ്പിക്കുന്ന കാര്യമാണെങ്കില്‍ പറയാനുമില്ല; കെ.എസ്.ആര്‍.ടി.സി. ബസ്സ് പോകുന്നത് പോലെ ടീച്ചര്‍ പാഠങ്ങള്‍ വായിച്ചു പോകും, പിള്ളേര്‍ അവരുടെ വഴിക്കും പോകും.

ടീച്ചര്‍ എപ്പോഴും ലേറ്റായി സ്കൂളില്‍ പോകുന്നത് നാട്ടുകാരുടേയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ പലതവണ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എങ്കിലും സ്വതവേ പാവങ്ങളായ നാട്ടുകാരായത് കൊണ്ട് ആരും തന്നെ ടീച്ചറെ ചോദ്യം ചെയ്തില്ല. ഹെഡ് മാസ്റ്ററായ അരവിന്ദാക്ഷന്‍ മാഷാണെങ്കില്‍, ഒന്നാം ക്ലാസ്സിലെ ടിന്റുമോന്‍ ''എന്തെടാ..?'' എന്നു ചോദിച്ചാല്‍ പോലും പേടിക്കുന്ന ഒരു 'നല്ല മനുഷ്യന്‍' ആയതിനാല്‍, ലേറ്റാവുന്നത് കൊണ്ട് സ്കൂളിലും പ്രശ്നമില്ല.

പക്ഷേ അപ്രതീക്ഷിതമായി ടീച്ചര്‍ക്ക് ടൈം പങ്ച്വാലിറ്റി കീപ്പ് ചെയ്യേണ്ടതായ ഒരു സംഭവമുണ്ടായി. നാട്ടിലെ വെല്‍നോണ്‍ കുടിയനായ കപ്പല്‍ വാസുവേട്ടനാണു ടീച്ചറെ വഴി തിരിച്ചുവിട്ട നല്ല ഇടയനായത്. ഒരു ദിവസം വാസുവേട്ടന്‍ രാവിലെ തന്നെ കള്ളുഷാപ്പില്‍ നിന്നും പുളിവെള്ളമടിച്ച് ഫിറ്റായി നടന്നു മമ്മദ്ക്കയുടെ അനാദികടയുടെ സമീപമെത്തി കള്ളു കുടിച്ച കാശു മുതലാക്കാന്‍ രാഷ്ട്രീയക്കാരെ തെറി വിളിക്കുകയായിരുന്നു. അപ്പോഴാണു സൌദാമിനി ടീച്ചര്‍ പതിവു പോലെ നേരം വൈകിയതില്‍ ഭയങ്കരമായി സങ്കടപ്പെട്ട് പട്ടാളക്കാരെ പോലെ സ്കൂളിലേക്ക് മാര്‍ച്ച് ചെയ്തു വരുന്നത് കണ്ടത്.

വാസുവേട്ടന്‍ ഉടനെ മമ്മദ്ക്കയുടെ കടയുടെ പിന്നിലേക്ക് ചെന്നു. എന്നിട്ട് അവിടെയുള്ള പറമ്പില്‍ കൊഴിഞ്ഞുവീണു കിടക്കുന്ന ഉണങ്ങിയ തെങ്ങോല പറിച്ചെടുത്ത് ഒരു ചൂട്ട് കെട്ടിയുണ്ടാക്കി. എന്നിട്ട് അത് കത്തിച്ച് ആഞ്ഞ് വീശി ടീച്ചറുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.

''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''

എന്നിട്ട് ടീച്ചറുടെ കൂടെ സ്കൂളു വരെ ''ഹൊയ്…, ഹൊയ്…'' എന്നു ശബ്ദമുണ്ടാക്കി നടന്നു. ആകെ ചമ്മി നാശകോശമായ സൌദാമിനി ടീച്ചര്‍ പിന്നെയൊരിക്കല് പോലും സ്കൂളിലേക്ക് ലേറ്റായി പോയിട്ടില്ല.

Friday, April 10, 2009

ശരിയായ കരച്ചില്‍ !!!

കണ്ണോത്ത് വീട്ടിലെ രാഘവന്‍ നമ്പ്യാര്‍ മരിച്ചു. കുറേ നാളുകളായി വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു അദ്ദേഹം. രാഘവന്‍ നമ്പ്യാര്‍ക്ക് രണ്ട് ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമാണുള്ളത്. മൂത്ത മകളായ സുമതി സഹകരണ ബാങ്കില്‍ ക്ലാര്‍ക്കും, സുലേഖ യു.പി.സ്കൂളില്‍ ടീച്ചറുമാണു. ആണ്‍മക്കളായ ശശിധരനും, രവീന്ദ്രനും സര്‍ക്കാര്‍ ജോലിക്കാരാണു. എല്ലാവരും കല്ല്യാണമൊക്കെ കഴിഞ്ഞ് വെവ്വേറെ വീടുകളില്‍ കുടുംബമായി ജീവിക്കുന്നു.

രാഘവന്‍ നമ്പ്യാര്‍ക്ക് തെങ്ങിന്‍ പറമ്പുകളും, നെല്‍ വയലുകളുമായി ധാരാളം ഭൂസ്വത്തുക്കളുണ്ടായിരുന്നു. അദ്ദേഹം കിടപ്പിലായപ്പോള്‍ സ്വത്തിനു വേണ്ടി മക്കള്‍ തമ്മില്‍ കുറേ തര്‍ക്കങ്ങളുണ്ടായിരുന്നു. സുമതിയും സുലേഖയും തമ്മിലാണു കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത്. രണ്ടു പേരും അതിനു ശേഷം മായാവതിയേയും സോണിയാഗാന്ധിയേയും പോലെയാണു. നേരിട്ട് കണ്ടാല്‍ പോലും മിണ്ടാറില്ല. പലരും ശ്രമിച്ചിട്ടും തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിക്കാന്‍ കഴിഞ്ഞില്ല. തെറ്റിയതിനു ശേഷം രണ്ടുപേരും ഏതു കാര്യത്തിനും എപ്പോഴും മത്സരമാണു. സുലേഖ മുറ്റത്ത് ഇന്റര്‍ലോക്ക് ഇഷ്ടിക വെച്ചാല്‍ സുമതിയും ഉടനേ അതു പോലെ ചെയ്യും, സുമതി വീടിന്റെ രണ്ടാം നില പണിതാല്‍ സുലേഖയും ഉടനെ ചെയ്യും, സുലേഖ കാറു വാങ്ങിച്ചാല്‍ സുമതിയും വാങ്ങും. ഇവരുടെ വീട്ടില്‍ പോകാന്‍ പിരിവുകാര്‍ക്ക് നല്ല ഉത്സാഹമാണു. കാരണം ''മറ്റേ ചേച്ചി ഇത്രയാണു തന്നത് കേട്ടോ..'' എന്നു ചുമ്മാ വലിയൊരു സംഖ്യ പറയും. അതിലധികം തുക ഉടനെ കയ്യോടെ കിട്ടും.

മരിക്കുമ്പോള്‍ ഇളയ മകനായ രവീന്ദ്രനും കുടുംബവും, രാഘവന്‍ നമ്പ്യാരുടെ ഭാര്യ അമ്മു അമ്മയുമാണു വീട്ടില്‍ ഉണ്ടായിരുന്നത്. രവീന്ദ്രന്‍ ഉടനെ മറ്റുള്ള മക്കളെയെല്ലാം ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. മൂത്ത മകളായ സുമതിയാണു ആദ്യമെത്തിയത്. അവരു വന്ന് അകത്ത് നിലത്ത് കിടത്തിയിരിക്കുന്ന അച്ഛനെ കെട്ടിപ്പിടിച്ച് ''അയ്യോ അച്ഛന്‍ പോയേ, എനിക്കിനി ആരുമില്ലേ...'' എന്നിങ്ങനെ പറഞ്ഞ് നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി.

കുറച്ച് കഴിഞ്ഞാണു സുലേഖ എത്തിയത്. സുമതി തനിക്ക് മുമ്പേ എത്തിയെന്നു കണ്ട് സുലേഖ ഒന്നു ഡൌണ്‍ ആയി. അതു മെയ്ക്കപ്പ് ആക്കാന്‍ മുറ്റത്തു നിന്നു കൊണ്ടു തന്നെ ''അയ്യയ്യോ എന്റച്ഛന്‍ പോയേ...'' എന്നു ഉച്ചത്തില്‍ കരഞ്ഞു നെഞ്ചത്തടിച്ചു കൊണ്ട് അച്ഛന്റെ കാലിന്റെ സമീപത്ത് ചെന്നു വീണു. അതു കേട്ട് ആളുകളൊക്കെ സുലേഖയുടെ നേരെ നോക്കി. ആള്‍ക്കാരുടെയൊക്കെ ശ്രദ്ധ തന്നില്‍ നിന്നും മാറിയെന്നു കണ്ട് സുമതി കരച്ചിലിന്റെ വോള്യം കൂട്ടി. അപ്പോള്‍ സുലേഖ അങ്ങനെ ഇപ്പോ എന്നെ തോല്‍പ്പിക്കണ്ടാ എന്നു മനസ്സില്‍ പറഞ്ഞു പിന്നേയും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.

അങ്ങനെ രണ്ടു പേരും മത്സരിച്ച് നിലവിളിച്ച് കരഞ്ഞു കൊണ്ടിരിക്കെ നാട്ടിലെ പ്രായമുള്ള ജാനകി ചേച്ചി അവരോട്, ''പോയ ആളു പോയി, എനി കരഞ്ഞിട്ടെന്താ.. കരയാതിരിക്ക് മക്കളേ.. '' എന്നു പറഞ്ഞു സമധാനിപ്പിക്കാന്‍ നോക്കി. അപ്പോള്‍ സുലേഖ നെഞ്ചത്ത് രണ്ടടി പടെ.. പടെ.. എന്നു കൂടുതല്‍ അടിച്ചു കൊണ്ട് പറഞ്ഞു:

''എന്റെ കരച്ചിലാണേ ശരിക്കുള്ള കരച്ചില്….. അവളുടേത് കള്ളക്കരച്ചിലാണേ....''

Friday, April 3, 2009

നാരായണന്‍ മാഷിന്റെ വോട്ട്

നാട്ടിലെ ഏക കോണ്‍ഗ്രസ്സുകാരനാണു പോസ്റ്റ് മാസ്റ്റര്‍ ആയി റിട്ടയര്‍ ചെയ്ത നാരായണന്‍ മാഷ്. പക്ഷേ മാഷിന്റെ ഏക മകന്‍ രമേശന്‍ വിപ്ലവ പാര്‍ട്ടിക്കാരനാണു. രമേശനു പാര്‍ട്ടി കഴിഞ്ഞേ എന്തുമുള്ളൂ. പാര്‍ട്ടി ട്രെയിനിനു തല വെക്കാന്‍ പറഞ്ഞാല്‍ അടുത്ത വണ്ടിക്ക് രമേശന്‍ തല വെച്ചിരിക്കും. കോണ്‍ഗ്രസ്സുകാരനാണെങ്കിലും മാഷിന്റെ വോട്ട് ഒരിക്കലും കോണ്‍ഗ്രസ്സിനു കിട്ടാറില്ല. മാഷ് ഒന്‍പതു മണിക്ക് ബൂത്തിലെത്തുമ്പോഴേക്കും, പ്രായമായവരൊക്കെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നാട്ടിലെ പാര്‍ട്ടിക്കാരായ ചുള്ളന്‍മാര്‍ രാവിലെ തന്നെ വോട്ടെല്ലാം ഡാറ്റാ എന്‍ട്രി ചെയ്ത് മെഷ്യനിലാക്കിയിരിക്കും. മാഷ് ജനാധിപത്യത്തിന്റെ സാമ്രാജ്യത്വവല്‍ക്കരണം കണ്ട് സങ്കടത്തോടെ തിരിച്ചു പോകും.

കഴിഞ്ഞ ഇലക്ഷന്‍ കാലം. ഇത്തവണ എന്തു വന്നാലും വോട്ട് ചെയ്യണമെന്നു കുറുപ്പ് മാഷ് തീരുമാനിച്ചു. അതനുസരിച്ച് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായി ആറു മണി ആയപ്പോള്‍ ചുള്ളന്‍മാരും, ഉദ്യോഗസ്ഥരും വരുന്നതിനു മുമ്പേ തൊട്ടടുത്തുള്ള സ്കൂളിലെ പോളിങ്ങ് ബൂത്തിലെത്തി വാതിലിന്റെ മുന്നില്‍ ആദ്യം വോട്ട് ചെയ്യാന്‍ വേണ്ടി റെഡിയായി നിന്നു. അല്പ്പം കഴിഞ്ഞപ്പോള്‍ പോളിങ്ങ് ഉദ്യോഗസ്ഥന്മാരും, പാര്‍ട്ടിക്കാരും എത്തി. രമേശനാണു പോളിങ്ങ് ഏജന്റ്. മൂപ്പര്‍ തലേന്നു വീട്ടിലൊന്നും പോകാതെ അവിടെ തന്നെ കിടന്നുറങ്ങുകയായിരുന്നു. പുറത്ത് പാര്‍ട്ടിക്കാരൊക്കെ മാഷിനെ കണ്ട് ദേഷ്യം പിടിച്ചിരിക്കുകയാണു. മാഷ് ഒരാളെയും അകത്തേക്ക് കയറ്റി വിടാതെ വാതിലിന്റെ മുന്നില്‍ ഒന്നാമതായി നില്‍ക്കുകയാണു.

ഒടുവില്‍ ഏഴു മണിയായി. പോളിങ്ങ് തുടങ്ങാറായി. മാഷ് സ്ലിപ്പുമായി അകത്തേക്ക് കയറി. ഉദ്യോഗസ്ഥന്റെ കൈയ്യില്‍ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു “ആയിരത്തി ഇരുനൂറ്റി മുപ്പത്തി ഒന്നു... കേ.കേ.നാരായണന്‍...”

പിന്നെ മാഷിന്റെ ശബ്ദമുയര്‍ത്തിയുള്ള സംസാരം കേട്ടു എല്ലാവരും ആകാംക്ഷാപൂര്‍വ്വം എത്തി നോക്കി. മാഷ്, ''...ആരു ചെയ്തു?... എപ്പോ...? എന്താ ഇതു?....'' എന്നൊക്കെ ഒച്ചത്തില്‍ ചോദിക്കുന്നുണ്ട്. കുറേ ഒച്ചപ്പാടുണ്ടാക്കിയ ശേഷം മാഷ് തല കുനിച്ച് പുറത്തേക്ക് വന്നു. കാരണം മാഷിനു അത്തവണയും വോട്ട് ചെയ്യാന്‍ പറ്റിയില്ല. മാഷ് ബൂത്തിലേക്ക് കയറുന്നതിനു മുമ്പേ, മാഷിന്റെ വോട്ട് ആരോ ചെയ്തിരുന്നു.

ആരായിരിക്കും അതു ചെയ്തത്? മാഷിനു മനസ്സിലായില്ല.

വേറെ ആരു? പോളിങ്ങ് ഏജന്റായ രമേശന്‍ തന്നെ...