Saturday, June 9, 2012

ബത്തക്കന്റവിട റഹീമും ആദ്യ പ്രലോഭനവും


ബത്തക്കന്റവിട റഹീം എന്റെ അയൽ‌വാസിയും ചേലേരി യൂ.പി.യിലെ പഴയ ബെഞ്ച്‌മേറ്റുമാണ്.  ദാനശീലം, ആത്മാർത്ഥത, സ്നേഹം, ദയ, സഹാനുഭൂതി എന്നതിന്റെയൊക്കെ അംബാസഡറാക്കാൻ പറ്റിയ ആളായിരുന്നു ഇഷ്ടൻ.  കഷ്ടപ്പെടുന്നവർക്ക് മനസ്സ് കൊണ്ടും പോക്കറ്റ് കൊണ്ടും അവനാലാകുന്ന എന്ത് സഹായവും ചെയ്ത് കൊടുക്കും.  സ്നേഹിച്ചാൽ അവൻ നക്കിക്കൊല്ലും, എന്നാൽ ദ്വേഷ്യപ്പെട്ടാൽ. ഒന്നും ചെയ്യൂല്ല, മിണ്ടാ‍ണ്ട് പോകും. 

അക്കാലത്തെ എല്ലാ കുട്ടികളേയും പോലെ സ്കൂളിൽ പോകാൻ നല്ല മടിയും തദ്വാരാ പഠിപ്പിന്റെ കാര്യത്തിൽ പിന്നോക്ക വിഭാഗക്കാരനുമായിരുന്നു കക്ഷി.  തോറ്റ് തോറ്റ്  അവൻ ഏഴാം ക്ലാസ്സിൽ തേഡ് സെമസ്റ്ററായപ്പോൾ കൂടെ ഞാനും എത്തി.  അരക്കൊല്ല പരീക്ഷക്ക് കേരളത്തിന്റെ മാപ്പ് വരച്ച് അഞ്ചുതെങ്ങ് അടയാളപ്പെടുത്തുകയെന്ന ചോദ്യത്തിന് റഹീം അഞ്ച് പീറ്റ തെങ്ങിന്റെ ചിത്രം വരച്ച് വെച്ചത് ആ വർഷത്തെ ക്ലാസ്സ് റൂം ജോൿസിൽ ടോപ് റാങ്കിങ്ങ് ആയിരുന്നു.  കടുകട്ടിയായിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായി അക്കൊല്ലവും പരാജയത്തിന്റെ പാവക്ക ജ്യൂസ് കുടിച്ചത് കൊണ്ട് അവന് പഠനത്തിൽ നിന്ന് വി.ആർ.എസ്. എടുക്കേണ്ടി വന്നു.  ഇന്നാണെങ്കിൽ അത് വേണ്ടി വരില്ലായിരുന്നു.  എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ആൻ‌സ്വർ ഷീറ്റിൽ അബദ്ധത്തിൽ മഷി കുടഞ്ഞു പോയവൻ വരെ ഇന്ന് പാസ്സാകുന്നുണ്ടല്ലോ.  അങ്ങനെ സ്കൂളിൽ പോക്ക് നിർത്തിയത് കൊണ്ട് ഞങ്ങളൊക്കെ പഠിക്കാൻ പോയി അടി വാങ്ങുന്ന സമയത്ത് അവൻ പണിക്ക് പോയി അരി വാങ്ങിക്കുമായിരുന്നു. 

കോളേജ് പഠിപ്പ് കഴിഞ്ഞതിനു ശേഷം റഹീമിന്റെ കൂടെ പഴയൊരു റാലി സൈക്കിളിൽ സിനിമ, നാടകം, തെയ്യം ഇത്യാദികൾ കണ്ട് നടക്കലായിരുന്നു എന്റെ മെയിൻ ഹോബി.  റഹീമിന്റെ വീട്ടുകാർക്ക് സിനിമ ഹറാമാണെങ്കിൽ അവനു ഹരമാണ്.  കമ്പിൽ ഗായത്രിയിലോ കണ്ണാടിപ്പറമ്പ് അശ്വതിയിലോ ഇന്ന ടാക്കീസ്, ഇന്ന പടം എന്ന പക്ഷഭേദമൊന്നുമില്ലാതെ മാറുന്ന എല്ലാ പടങ്ങൾക്കും സെക്കന്റ് ഷോക്ക് ഊത്തപ്പത്തിൽ ഉള്ളി പോലെ ഞങ്ങളുമുണ്ടാകും.  കൈയ്യിലൊരു സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നത് കൊണ്ട് പണിയും തൊരവുമില്ലാതെ നാടിനും വീടിനും വെയ്‌റ്റും വെയ്‌സ്റ്റുമായിരിക്കുന്ന എന്റട്ത്ത് നാച്വറലി, സിനിമ കാണാനൊന്നും പൈസ ഉണ്ടാകില്ല.  സോ, ടിക്കറ്റിനു പുറമേ തട്ടുകടയിൽ നിന്നും മുട്ട ഓം‌ലറ്റും ബ്രെഡും അവൻ വാങ്ങിത്തരുന്നത് നിറഞ്ഞ വയറോടെ ഞാൻ അനുഭവിച്ചിരുന്നു. 

സിനിമാ ഷോകളിൽ സെക്കന്റ് ഷോ കാണാനാണ് ഏറ്റവും രസം.  തിരക്കും ഒച്ചപ്പാടും കൂക്കുവിളികളും ഇല്ലാത്തതിനാൽ ഏകാഗ്രമായി ആസ്വദിക്കാം.  പടം തുടങ്ങിയാൽ വാതിൽ തുറന്നിട്ട് തണുത്ത കാറ്റേറ്റ് സിനിമ കാണാം.  മോർ ഓവർ, ‘ഒ’യുടെ ഉള്ളിൽ ‘എ’യുള്ള പടങ്ങളിൽ ഇന്ററെസ്റ്റുള്ളവർക്ക് തലയിൽ മുണ്ടിടാതെ കാണാം.  പടം കഴിഞ്ഞ് സൈക്കിളും ചവിട്ടി സിനിമയിലെ പാട്ടുകൾ അതുണ്ടാക്കിയവർക്ക് അറ്റാക്ക് വരുന്ന രീതിയിൽ പാടിയും, “തല്ലിപ്പൊളി സിനിമ സിൽക്ക് ഇല്ല, കഥ പോര.., ഇങ്ങനെ ആക്കാമായിരുന്നു, സ്റ്റണ്ട് അടിപൊളി..” എന്നൊക്കെ ചർച്ച ചെയ്തും രാത്രി യാത്ര ആസ്വദിക്കാം. 

അന്നൊരു വെള്ളിയാഴ്ച ദിവസം ബ്രഹ്മരക്ഷസ്സ് എന്ന ഭീകര മാന്ത്രിക സിനിമ കണ്ട് മടങ്ങുകയായിരുന്നു ഞങ്ങൾ.  പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ടായിരുന്നതിനാൽ സിനിമയെപ്പറ്റിയുള്ള റിവ്യൂകൾ ഒന്നും നടത്താൻ പറ്റിയ മൂഡിലായിരുന്നില്ല.  എത്രയും പെട്ടെന്ന് സേഫായി വീട്ടിലെത്തുക മാത്രമായിരുന്നു ലക്ഷ്യം.  കൊളച്ചേരിമുക്ക് കഴിഞ്ഞാൽ ചേലേരിയിലേക്ക് നാലു കിലോമീറ്ററോളം ദൂരമുണ്ട്.  ഇത്രയും ദൂരം വീടോ കടയോ ഒന്നുമില്ലാത്ത കാട് പിടിച്ച ഒണക്ക സ്ഥലമാണ്.  എത്രയോ നാളായി ഞങ്ങൾ അത് വഴിയാണ് രാത്രി വരുന്നത്.  അന്നൊന്നും തോന്നാത്ത ഒരു പേടി ഇപ്രാവശ്യം ഉണ്ടായിരുന്നു.  ആ റൂട്ട് മാറ്റി വേറെ വഴിയിലൂടെ പോകാമെന്ന് എനിക്ക് തോന്നിയിരുന്നെങ്കിലും മാനഭംഗപ്പെടുന്ന അഭിമാനത്തെയോർത്ത് മിണ്ടിയില്ല.  അതേ ചിന്താഗതി റഹീമിനുമുണ്ടായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്.  രണ്ടിൽ ആരെങ്കിലുമത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ റഹീമിന്റെ ആത്മകഥയിലെ ദാനശീല അധ്യായത്തിൽ രണ്ട് മൂന്ന് പേജുകൾ മിസ്സാകുമായിരുന്നു. 

എന്ത് ശബ്ദം കേട്ടാലും പേടിച്ച് വിറക്കുക, ആരെങ്കിലും പിറകിലുണ്ടോ എന്ന് ഇടക്കിടക്ക് ചെക്ക് ചെയ്യുക, മരത്തിന്റെ പിന്നിൽ അനക്കമുണ്ടോന്ന് നോക്കുക ഇങ്ങനെ പേടിച്ച് പേടിച്ച് കൊളച്ചേരിമുക്ക് കഴിഞ്ഞു.  അത് വരെ ഉള്ളതിനേക്കാൾ ഡേഞ്ചറസ് ഏരിയയിലൂടെയാണ് ഇനി പോകേണ്ടത്.  ചുറ്റുപാടും മരങ്ങളൊന്നുമില്ലാത്ത വിജനമായ പറമ്പുകൾ, തെങ്ങിൻ തോട്ടങ്ങൾ, കരിമ്പാറകളുള്ള മൊട്ടക്കുന്ന് അങ്ങനെയാണ് റോഡിന്റെ ഇരുവശങ്ങളും.  പാറകളുടെ ഷേപ്പ് കണ്ടാൽ ആളേത് പാറയേത് എന്നൊന്നും ഇരുട്ടത്ത് മനസ്സിലാകില്ല.  അങ്ങിങ്ങായി ഓരോ പനകളുമായി സിനിമയിൽ കണ്ട അതേ ലൊക്കേഷൻ.  വല്യപെരുന്നാളും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്നത് പോലെ യക്ഷിസിനിമയും വെള്ളിയാഴ്ചയും; പേടിക്ക് പുറമെ ബോണസ്സായി വിറയും വരാൻ പിന്നെന്ത് വേണം! 

റഹീം സൈക്കിളിന്റെ മേൽ കഠിനാദ്ധ്വാനം നടത്തുകയാണ്.  അലക്ക് കല്ലിന്റെ പുറത്ത് ഓന്ത് ഇരുന്നത് പോലെ പിറകിൽ ഞാനും.  പെട്ടെന്ന് സൈക്കിൾ നിന്നു.  എന്താടാന്ന് ചോദിച്ചപ്പോൾ അവൻ മുന്നിലേക്ക് നോക്കി പേടിച്ച് നിക്കുന്നു.  ഇറങ്ങി നോക്കിയപ്പോൾ റോഡരികിലെ പനയുടെ ചുവട്ടിൽ വെളുത്ത വസ്ത്രമിട്ടൊരു സ്ത്രീരൂപം...!  എന്റടുത്ത് ബാക്കിയുണ്ടായിരുന്ന ധൈര്യം പറന്ന് പോയ അതേ സമയത്ത് റഹീമിന്റെ സ്ഥാവരോം ജംഗമോം നനഞ്ഞ് യൂറിനൽ ഓവർ‌ഫ്ലോ ആയ സ്‌മെല്ലും സൌണ്ടും കേട്ടു.  മുന്നോട്ടോ പിന്നോട്ടോ എങ്ങോട്ടെങ്കിലും ഓടി സ്ഥലം കാലിയാക്കണമെന്ന് തോന്നി.  പക്ഷേ കാലനക്കാൻ പറ്റിയിട്ട് വേണ്ടേ.  അത് വരെ ഞങ്ങൾ രണ്ട് ബോഡിയും രണ്ട് ചിന്തയുമുള്ള രണ്ട് മനുഷ്യരായിരുന്നെങ്കിൽ അന്നേരം കാലും കൈയ്യും അനക്കാ‍ൻ പറ്റാത്ത ഒരൊറ്റ മനുഷ്യനായിരുന്നു. 

വായയുടെ ബ്ലോക്ക് മാറിയപ്പോൾ ചോദിച്ചു.  “അ.. അ ആരാ?”  മറുപടിയായി ഹോർലിക്സ് കുപ്പി നിലത്ത് വീണു പൊട്ടിയത് പോലെ നീണ്ടോരു ചിരി.  ഓടിപ്പോകാൻ കാലുകൾക്ക് മെസേജ് അയച്ചെങ്കിലും അതൊന്നും ഡെലിവേഡ് ആയില്ല.  യക്ഷിയൊക്കെ അന്ധവിശ്വാസമാണെന്ന് പറയുന്നുണ്ടെങ്കിലും ഇല്ലാ‍ന്ന് തറപ്പിച്ച് പറയാൻ മാത്രം ഉറപ്പൊന്നും നമ്മടെ കൈയ്യിൽ ഇല്ലല്ലോ.  സൂക്ഷിച്ച് നോക്കിയപ്പോൾ തേറ്റപ്പല്ലൊന്നും കാണുന്നില്ല, റോളർ സ്കേറ്റിങ്ങിൽ നടക്കുന്നതിന് പകരം വികെസി ചപ്പലിട്ട കാലു നിലത്ത് മുട്ടുന്നുമുണ്ട്, പനങ്കുല പോലത്തെ മുടിയില്ല, ഉള്ളത് ടെന്നീസ് ബോൾ പോലെ പിന്നിൽ കെട്ടിയൊതുക്കി വെച്ചിട്ടുണ്ട്.  ഓടിപ്പോകാതിരിക്കാൻ റഹീമിനെയും ഒരു ധൈര്യത്തിന് സൈക്കിളിനെയും മുറുക്കെ പിടിച്ച് അടുത്ത് പോയപ്പോൾ വെളുത്ത സാരിയും ബ്ലൌസ്സുമിട്ട ഭൂമിയിലെ മാലാഖമാരിലൊരുവൾ.  കാണാൻ സുന്ദരി, സുമുഖി, സുഹാസിനി.  ഞങ്ങൾടെ പേടിയും വിറയലും കണ്ട് അവൾ പറഞ്ഞു.

“ഞാനുമൊരു മനുഷ്യജീവി തന്നെയാണ്
“എന്തിനാ ഈട വന്നേ.. ഏട്‌ത്തേക്കാ പോണ്ടേ?”
“അങ്ങനെയൊന്നുമില്ല എവിടേക്കും പോകാം
“വീടും കുടിയും ജോലിയുമൊന്നുമില്ലേ
“അതൊക്കെയുണ്ട്.. അവിടെ രാവിലെ പോയാൽ മതിയല്ലോ

“എടാ ഇത് മറ്റേ കേസാ...” ഞാൻ പതുക്കെ റഹീമിനോട് പറഞ്ഞു. 

“ഏത് കേസ്?”  പാണ്ടിലോറി പോലത്തെ സൈസുണ്ടെന്നേയുള്ളൂ, ട്യൂബ്‌ലൈറ്റാണ്.  ജി.കെ., കോമൺ‌സെൻസ് രണ്ടും ഒട്ടുമില്ല; വെറുതെയല്ല ഏഴിൽ മൂന്ന് വട്ടമിരുന്നത്.  ഞാൻ വികാര വ്യാപാരിണിയുടെ കോഡ് ഡീ കോഡ് ചെയ്ത് ചെവിയിൽ ഓതിക്കൊടുത്തു.  “ങേ.. അതിയാ..! എന്നാ വാ നമ്മക്കും ചോദിക്കാം”  ജനിച്ചിട്ട് അത്രയും സന്തോഷം അവന്റെ മുഖത്ത് ഇതു വരെ കണ്ടിട്ടില്ല.  “അയ്യോ വേണ്ടടാ ഞാനില്ല”  ഞാൻ പറഞ്ഞത് അവൻ മൈൻഡ് ചെയ്തില്ല.  “നിനക്ക് വേണ്ടെങ്കിൽ വേണ്ടാ.. ഞാൻ ചോദിക്കട്ടെ. നീ മിണ്ടാണ്ട് നിക്ക്

എന്നെ അനുസരിക്കാതെ അവൻ ആ പെണ്ണിന്റെയടുത്ത് പോയി സംസാരിക്കാൻ തുടങ്ങി.  എന്നിട്ട് തിരിച്ച് വന്ന് “എന്റട്ക്ക ഓള് പറയുന്നത്ര പൈസ ഇല്ല, ഞാൻ വീട്ടിൽ പോയിറ്റ് എടുത്തിറ്റ് ഇപ്പം വരാം.. എടാ നീ ഇവിടെ നിക്ക്..” എന്നും പറഞ്ഞ് സൈക്കിളിൽ കയറി പറപ്പിച്ച് വിട്ടു.  ഇപ്പോളവന് നട്ടപ്പാതിരയും കട്ട ഇരുട്ടും പേടിയും വിറയും ഒന്നുമില്ല; സ്ത്രീശാക്തീകരണത്തിന്റെ ഒരു മഹിമ..! 

അർദ്ധരാത്രിയിൽ ആരോരുമില്ലാത്ത സ്ഥലത്ത് ദിവസങ്ങൾക്ക് മുൻപ് മാത്രം പ്രായപൂർത്തിയായ ഒരു യുവമിഥുനനും മിഥുനയും മാത്രം..!  ടൈംബോംബും ക്ലോക്കും പോലെ, അമിട്ടും തീപ്പെട്ടിയും പോലെ, പെട്രോളും തീയും പോലെ, കാന്തവും ഇരുമ്പ് പൊടിയും പോലെ നല്ല കോമ്പിനേഷൻ.  “എന്തെങ്കിലും പറയ്..” അവൾക്ക് മിണ്ടണമെത്രെ!  ശോ.. നാണം കൊണ്ട് ഞാനപ്പോ ഊമനായിപ്പോയി.  “ഇങ്ങടുത്ത് നിക്ക്..”  നാണം പൂത്ത്, ആ വിടർന്ന ലാവണ്യത്തിന്റെ മുന്നിൽ ഞാൻ അനങ്ങാതെ നിന്നപ്പോൾ അവൾ വന്നെന്നെ മുട്ടി മുട്ടി നിന്നു.!!  അപ്പോഴാണ് എനിക്ക് ജീവിതത്തിൽ ആദ്യത്തെ രോമാഞ്ചമുണ്ടായത്.  വെയിങ്ങ് മെഷിനിൽ കാലു വെക്കുകയും എടുക്കുകയും ചെയ്യുമ്പോഴത്തേത് പോലെ മനസ്സിന്റെ സൂചി മുന്നോട്ടും പിന്നോട്ടും അനങ്ങിക്കൊണ്ടിരുന്നു.  തൊടണോ.. തോണ്ടണോ.. മിണ്ടണോ.. കൊടുക്കണോ..  രക്തക്കുഴലുകളിലൂടെ വികാര നൌകയും ബോട്ടും കപ്പലും ഓടാൻ തുടങ്ങി.  മനസ്സിലെ പുത്തരിയങ്ക കളരിയിൽ മോഹൻ‌ദാസ് കെ.ഗാന്ധിയും ബാലൻ കെ.നായരും അങ്കം വെട്ടി.  ശരി-തെറ്റ്, സൻ‌മാർഗം-അസൻ‌മാർഗം, നല്ലത്-മോശം ഇങ്ങനെ പല സ്റ്റേജുകളിൽ ഫൈറ്റ് തുടങ്ങി.  വെറുമൊരു ഫ്രൂട്ട് കണ്ടപ്പോൾ ഹവ്വയ്ക്കും, തോണിയിലൊരു പെൺ‌കുട്ടിയെ കണ്ടപ്പോൾ പരാശരമഹർഷിക്കും സാരിയുടുത്ത മഹാവിഷ്ണുവിനെ കണ്ടപ്പോ ശിവനും സാമ്രാജ്യത്തിലെ അൺ‌കൌണ്ടബിൾ ലേഡീസിനെ കണ്ട് യയാതിക്കും വരെ ഇന്ദ്രിയങ്ങളിലുള്ള കൺ‌ട്രോൾ കം‌പ്ലീറ്റ് ലോസ്സായിരുന്നു.  സുന്ദരമായൊരു താരനിശയിൽ ആരുമില്ലാത്ത സ്ഥലത്ത് ഒരു മോഹിനിയുടെ സ്നേഹത്തോടെയുള്ള ഓഫർ ഓവർകം ചെയ്യുകയെന്നത് പുരുഷുമാർക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  അതും തൊട്ടാൽ ചോര ഷാമ്പെയ്ൻ പോലെ തെറിക്കുന്ന ഇരുപത്തൊന്നാം വയസ്സിൽ. 

ഞങ്ങളിങ്ങനെ കണ്ണും കണ്ണും നോക്കി നിൽക്കെ വായുദേവൻ മൂപ്പരുടെ ഇളയ മകൻ മാസ്റ്റർ മന്ദമാരുതനെ പറഞ്ഞയച്ച് ചുറ്റും എയർകണ്ടീഷൻ ചെയ്തു.  അതിനു തണുപ്പ് കൂടുതലായതിനാൽ എന്നെ കുളിരു കോരി കൈയ്യും കാലും വിറക്കാനും, പല്ലു കൂട്ടിയിടിക്കാനും തുടങ്ങി.  അവൾ ഐസിലിട്ട അയല പോലത്തെ തണുത്ത കൈ കൊണ്ട് എന്നെ പിടിച്ചു.  “അയ്യേ.. ഇതെന്താ ഇങ്ങനെ വിറക്കുന്നെ..” അവളൊരു ആക്കിയ ചിരിചിരിച്ചു.  ഇങ്ങനെ വിറച്ചാൽ ഒരു കാര്യവും ഫിനിഷ് ചെയ്യാൻ പറ്റില്ലല്ലോന്ന് ആലോചിച്ച് ടെൻഷനായിരിക്കെ എനിക്കൊരു ഐഡിയ തോന്നി.  ഞാനുടനെ കൈകൾ നീട്ടി ഇരിക്കാനും എണീക്കാനും തുടങ്ങി.  ജിമ്മിൽ എക്സർസൈസുകൾക്ക് മുൻപായി ബോഡി ഹീറ്റാക്കാൻ ഇങ്ങനെ ബൈടെക്ക് എടുക്കാറുണ്ട്.  അതൊരു അമ്പതെണ്ണം ആയപ്പോൾ തണുപ്പൊക്കെ പോയി ബോഡിയും മനസ്സും ഹീറ്റായി, മൂഡായി, റെഡിയായി ‘സോണിയാ.. വന്നോട്ടേ..’ന്ന് പറഞ്ഞു.  വാതിലിന്റെയും ജനലിന്റെയും സകല കൊളുത്തുകളുമിട്ട് ബന്ധവസ്സാക്കിയ മുറിയിൽ, പയ്യന്നൂർ ഖാദിയുടെ ഉന്നക്കിടക്കയിൽ, കാഞ്ഞിരോട് വീവേഴ്സിന്റെ ബെഡ്‌ഷീറ്റിൽ ആഘോഷിക്കേണ്ടിയിരുന്ന ചരിത്ര പ്രധാനമായ ആദ്യരാത്രിയാണ് റോഡരികിലുള്ള ഈ പാറപ്പുറത്ത് ഓപ്പൺ എയറിൽ അൽ‌പ്പസമയത്തിനകം നടക്കാൻ പോകുന്നത്..!!  ഞാൻ എന്റെ ആദ്യ കന്യക.. അല്ലെങ്കിൽ അത് വേണ്ട, ആദ്യ രതിസൂനപരാഗ രാഗിണിയുടെ മൃദുല സുന്ദര കോമള പാണികൾ സ്പർശിക്കാൻ നോക്കവെ

പെട്ടെന്ന് എവിടെയോ നിന്ന് ചുണ്ടിനും കപ്പിനുമിടയിൽ ഒരു അജാനുബാഹു പ്രത്യക്ഷപ്പെട്ടു.  അയാൾ ധൃതിയിൽ അവളുടെ കൈയ്യിൽ അധികാരത്തോടെ പിടിച്ച്, “കാശൊത്തു.. വാ പോകാം..” എന്ന് പറഞ്ഞ് നടന്നു.  പോകുമ്പോൾ എന്നെ നോക്കി ചോദിച്ചു.  “ഏതാ ഈ ചെക്കൻ..?”  “ആ.. എനിക്കറിയില്ല..” അവൾ അയാളുടെ കൂടെ നടക്കുമ്പോൾ പറഞ്ഞു.  ബെല്ലി ഡാൻസ് കളിക്കാൻ എഴുന്നേറ്റ രോമങ്ങളൊക്കെ ഇലക്ഷനിൽ തോറ്റ പാർട്ടിയാഫീസ് പോലെ അനക്കമില്ലാണ്ട് നിശ്ശബ്ദമായി.  പോതിയത്ത് പറമ്പിലെ ദൈവത്താറാണെ സത്യം, എനിക്കൊരു നിരാശയും തോന്നിയില്ല.  ഇത് പോലത്തെ എന്തൊക്കെ പ്രലോഭനങ്ങൾ ഞമ്മള് നേരിട്ടിരിക്കുന്നു..!  ശ്രമിച്ചാൽ  ലൌകികവിചാരങ്ങളെ (ശരിക്ക് വായിക്കണം) നമുക്ക് ഈസിയായി കൺ‌‌ട്രോൾ ചെയ്യാവുന്നതേയുള്ളൂ.  ഒക്കെ വെറും മായയല്ലേ, കാട്ടാക്കട പറഞ്ഞത് പോലെ വെറും ഭ്രമം.  ഇത് കേട്ടാൽ ചിലർ ഫോക്സ് വിത്ത് അൺ‌അവയിലബിൾ ഗ്രേപ്പ് എന്നൊക്കെ പറഞ്ഞേക്കാം, അതിലൊന്നും കാര്യമില്ലന്നേ, മഹത്തായ കാര്യങ്ങൾ ചെയ്താൽ ജെലസി ഗൈസ് അങ്ങനെയൊക്കെ പറഞ്ഞേക്കാം.  ആരും വീണു പോകുന്ന അവസ്ഥയിൽ ഇന്ദ്രിയങ്ങളുടെ കഠിന പ്രലോഭനത്തെ വിജയകരമായി തരണം ചെയ്തതിനാൽ ജിതേന്ദ്ര എന്നായിരുന്നു ഞാൻ പിന്നീട് അറിയപ്പെടേണ്ടിയിരുന്നത്.  അല്ലെങ്കിലും പാവപ്പെട്ടവരുടെ മഹത്പ്രവൃത്തികൾ ചരിത്രമെഴുതിയവർ എന്നും അവഗണിച്ചിട്ടേയുള്ളൂ..   
 
കുറച്ച് കഴിഞ്ഞപ്പോൾ മാമാങ്കത്തിന് വരുന്ന ചാവേറിനെ പോലെ റഹീം പറന്നു വന്നു.  “ഓളോട്ത്തൂ..?”  കിളി പണത്തിന്റെ കൂടെ പറന്നു പോയെന്നറിഞ്ഞപ്പോൾ ബലിപെരുന്നാളിനു പള്ളി പൂട്ടിയെന്ന് കേട്ടത് പോലെ അവൻ നിരാശനായി.   

“ഇതെന്താടാ?” കൈയ്യിലെ പാക്കറ്റ് കണ്ട് ഞാൻ ചോദിച്ചു.

“അത് ഉമ്മാന്റെ പഴയൊരു സാരിയാ.. ഓക്ക് കൊടുക്കാൻ കൊണ്ടന്നയാ...” 

ചോദിച്ചതും അതിനപ്പുറവും കൊടുക്കും; എത്ര ദാ‍നശീലനായിരുന്നു എന്റെ ചങ്ങായി..!!!