Wednesday, April 28, 2010

ചിപ്ലിക്കൂട് !!!

മുജ്ജന്മത്തിലെ ശത്രുവാണ് റിവെഞ്ച് ചെയ്യാന് നടപ്പ് വര്‍ഷം മകനായി ജനിക്കുക എന്നൊരു ചൊല്ലുണ്ടല്ലോ. (ഉദാ രണ്ട് കുത്ത് ഒരു വര, ലീഡര്‍ ആന്റ് മോന്‍, അടുത്ത ജന്മം മുഖ്യമന്ത്രി ആന്റ് പാര്‍ട്ടി സെക്രട്ടറി). ഗോപാലന്‍ മാഷിനെ കണ്ടിട്ടായിരിക്കണം പ്രസ്തുത പ്രോവെര്‍ബ് ഉണ്ടാക്കിയത്. ചേലേരി സ്കൂളിലെ ഗോപാലന്‍ മാഷിന്റെയും അമ്മുവമ്മയുടേയും ഏക മകനാണ് ബാലിയെന്ന് വിളിക്കുന്ന ബാലഗോപാലന്‍ ഈശ്വര്‍. ആറ്റ മോനായത് കൊണ്ട് അമ്മുവമ്മ ബാലിയെ ലാളിച്ച് വഷളാക്കി ഭീകരനാക്കിയിരുന്നു. ഗോപാലന്‍ മാഷ് പണ്ട് കുറച്ച് കാലം വടക്കേ ഇന്ത്യയിലൊരു സ്കൂളില്‍ പഠിപ്പിച്ചിരുന്നു. അക്കാലത്തുണ്ടായ ഒരു സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായാണ് മകന് ഈശ്വരന്‍ എന്ന വാല് ഫിറ്റാക്കിയത്. അത് കൊണ്ട് റിയല്‍ ഈശ്വരനേയും സുഹൃത്ത് ഈശ്വരനേയും പറയിപ്പിക്കാനായി. അഞ്ച് കൊല നടത്തിയവന്റെ പേരു സുശീലനെന്നത് പോലെയും വായ തുറന്നാല്‍ നുണ മാത്രം പറയുന്നവന്റെ പേരു സത്യവാനെന്നതും പോലെ ബാലിയുടെ പേരിലെ ഈശ്വരനും വെറുമൊരു ഫോര്‍മാലിറ്റി മാത്രമാണ്. ജസ്റ്റ് ഫോര്‍ എ നെയിം സെയ്ക്ക്.

ഗോപാലന്‍ മാഷിന്റെ സ്കൂളില് തന്നെ പത്താം ക്ലാസ്സിലാണ് ബാലി പഠിക്കുന്നത്. പഠിക്കാനാണ് പോകുന്നതെന്നതൊക്കെ വെറും ഗോസ്സിപ്പ് അഥവാ റൂമര് മാത്രമാണ്. എല്ലാവരും പോകുന്നു ഞാനും പോകുന്നു. അത്ര ഇന്ററെസ്റ്റേ ബാലിക്കുള്ളു. സ്കൂളിലെ പിള്ളേരും മാഷന്മാരും ബാലി വരാതിരിക്കാന്‍ നേര്‍ച്ച പോലും നേരും. അത്രയ്ക്ക് ഇഷ്ടമാണ്. ബാലി വന്നാല്‍ എല്ലാരും അങ്ങോട്ട് പോയി ലോഹ്യം പറയും. (ഇല്ലെങ്കില്‍ വിവരം അറിയും.) ചൊറ എന്ന് വെച്ചാല് അവന ചൊറ. കുരുത്തക്കേടിന്റെ സൂപ്പര്‍ലെറ്റീവ്. ഒരു വസ്തു പഠിക്കില്ല. ബാക്ക് ബെഞ്ചാണ് ഹോം പേജ്. അവിടെയിരുന്ന് ടീച്ചര്‍മാരുടെ 'സോഫ്റ്റ് വയറി'ലേക്ക് കണ്ണും കടലാസ്സും കൊണ്ട് ആരോ അയക്കുക, മുമ്പിലിരിക്കുന്ന ഇഡ്ഡലിക്കണ്ണടയിട്ട പഠിപ്പിസ്റ്റ് പിള്ളേരെ കല്ലെടുത്തെറിയുക, കോമ്പസ്സ് കൊണ്ട് കുത്തുക. ഇതൊക്കെ ബാലിയുടെ കുഞ്ഞൂഞ്ഞ് കൌതുകങ്ങള്‍ മാത്രമാണ്.

കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്ക് ലവ് ലെറ്റര്‍ കൊടുക്കുക, തിരിച്ച് കൊടുക്കാത്തവരെ ശാരീരികമായി 'കൈ കാര്യം' ചെയ്യുക എന്നത് ബാലിയുടെ വൈകാരികമായ ക്രിയകളാണ്. കള്ളുഷാപ്പില്‍ പോയി ചാക്കണ തിന്നുക, ടച്ചിങ്ങ്സായി കള്ളടിക്കുക, പുകവലിക്കുക ഇതൊക്കെ സാമൂഹികമായ വിക്രിയകളും. സ്വയം നശിക്കുന്നതിന് പുറമേ കൂടെയുള്ള കുട്ടികളേയും ബാലി തന്റെ സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ച് ഒരു ഉത്തമ സമൂഹം കെട്ടിപ്പടുക്കാന്‍ മാക്സിമം പരിശ്രമിച്ചു കൊണ്ടിരുന്നു.

ബാലിയുടെ ക്ലാസ്സ് ടീച്ചറാണ് സുന്ദരിയായ സിസിലി ടീച്ചര്‍. ഇന്നോവയുടെ ഫിനിഷിങ്ങും സാന്‍ട്രോയുടെ ഫംഗിയും, ആള്‍ട്ടോയുടെ മൈലേജും, ഫിയറ്റിന്റെ സ്പീഡുമുള്ള നല്ലൊരു ‘ബാക്ക് എഞ്ചിന്‍ വണ്ടി’. സിസിലി ടീച്ചറുമായി ഡിങ്കോള്‍ഫിക്കേഷനായത് കൊണ്ടാണ് ഗോപാലന്‍ മാഷ് തലമുടിയും മീശയും നെഞ്ചത്തെ രോമം പോലും കരിയോയില്‍ അടിച്ച് കമ്പ്ലീറ്റ് dude ആയി നടക്കുന്നത് എന്നൊരു ന്യൂസ് സ്കൂളിലും പരിസരത്തും കിടന്ന് കറങ്ങുണ്ട്. അതു കൊണ്ടായിരിക്കണം ബാലി എന്തൊക്കെ ആക്ഷന്‍ എടുത്താലും സിസിലി ടീച്ചര്‍ ഒരു ആക്ഷനുമെടുക്കില്ല.

പോര്‍ഷന്‍ തീര്‍ക്കാന്‍ ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സുണ്ടെന്ന് സിസിലി ടീച്ചര്‍ പറഞ്ഞപ്പോള്‍ ബാലിയും ക്രൂവും ക്രിക്കറ്റ് കളിയുണ്ട് വേണ്ടായെന്ന് എക്കോയിട്ടു. പൊന്നു പോലത്തെ മനസ്സുണ്ടെങ്കില്‍ വന്നാ മതിയെടാ പിള്ളേരെ എന്ന് പറഞ്ഞു ടീച്ചര്‍ തീരുമാനവുമായി മുന്നോട്ട് പോയി. ആവശ്യമില്ലാത്തത് ഞങ്ങളെ പഠിപ്പിക്കാന്‍ വന്നാല് ടീച്ചറെ പാഠം പഠിപ്പിക്കുമെന്ന് ബാലിയും അസിസ്റ്റന്റ്സും തീരുമാനിച്ചു.

ശനിയാഴ്ച ക്ലാസ്സ് തുടങ്ങി ജസ്റ്റ് ടെന്‍ മിനുട്ട്സ് കഴിഞ്ഞപ്പോളൊരു ഫോണ്‍ വന്നു. ടീച്ചറുടെ അച്ഛന്‍ മര്‍ഗയാ എന്നായിരുന്നു അതിന്റെ കണ്ടന്റ്. "അയ്യോ എന്റച്ഛന്‍ പോയേ..." എന്നും പറഞ്ഞ് ക്ലാസ്സ് പിരിച്ച് വിട്ട്, കാറു പിടിച്ച് വെച്ച് അതില് ക്രയോജനിക് എഞ്ചിന്‍ പിടിപ്പിച്ച് ടീച്ചര്‍ പറപ്പിച്ച് വിട്ടു. അപ്പോക്ക് കണ്ട് അനാദിക്കടയിലിരുന്ന് ബാലിയും അസിസ്റ്റന്റ് ഡയറക്ടേഴ്സും വായിലൂടെ കട്ടപ്പുക വട്ടത്തില്‍ വിട്ടു രസിച്ചു.

ഒരായുസ്സിലൊരിക്കല്‍ മാത്രം അനുഭവിക്കേണ്ടത് ഏതാനും മണിക്കൂര്‍ കൊണ്ട് അനുഭവിച്ച സിസിലി ടീച്ചര്‍ക്ക് പിറ്റേന്ന് സ്കൂളിലെത്തിയിട്ടും കരച്ചിലടക്കാന്‍ പറ്റിയില്ല. ആരായിരിക്കും ആ ഫോണ്‍കാളിന്റെ പിറകിലെന്ന് കണ്ട് പിടിക്കാന്‍ സി.ബി.ഐക്കൊന്നും റഫര്‍ ചെയ്യേണ്ടല്ലോ. ഇമ്മാതിരി പണി എടുക്കാന്‍ മാത്രം കിഡ്‌നിയുള്ളത് സ്കൂളില്‍ ബാലിക്ക് മാത്രമാണ്. അന്വേഷണം ആ വഴിക്ക് നീങ്ങിയെങ്കിലും വിറ്റ്നസ്സ് ഇല്ലാത്തതിനാല്‍ ബാലിക്കെതിരായ കേസ്സ് തള്ളിപ്പോയി.

സിസിലി ടീച്ചര്‍ വിഷമിച്ചാല്‍ ഗോപാലന്‍ മാഷിനത് സഹിക്കാനാവില്ലെന്ന് പറയാനില്ലല്ലോ. ഭാര്യ ഡെയിലി കരഞ്ഞാലും കാമുകിയുടെ കണ്ണ് പൊടി വീണ് പോലും നനയരുതെന്നല്ലേ സ്റ്റെപ്പിനികിത്താബില്‍ പറഞ്ഞിരിക്കുന്നത്. സോ, ഗോപാലന്‍ മാഷ് വിറച്ച് കോമരം.കോം ആയിട്ടാണ് വൈകിട്ട് വീട്ടിലെത്തിയത്. വന്നയുടനെ ഒരു ചെമ്പരത്തിക്കമ്പ് ഡൌണ്‍ലോഡ് ചെയ്ത് ചാറ്റിങ്ങ് തുടങ്ങി. ബാലി ഇതെത്ര കണ്ടതാ.. കൊണ്ടതാ...! യാതൊരു സ്പെഷ്യല്‍ ഫീലിങ്ങ്സും അവനുണ്ടായില്ല. അമ്മുവമ്മ എന്റെ മോനെ തല്ലല്ലേ എന്ന് പറഞ്ഞ് പിടിച്ച് വെക്കാന്‍ നോക്കിയപ്പോ അവര്‍ക്കിട്ടും ഒന്ന് രണ്ടെണ്ണം പ്രീമിയത്തിന് കിട്ടി.

അച്ഛന്മാര്‍ അടിക്കും മക്കള് കൊള്ളും എന്ന് കരുതി എല്ലാത്തിനുമൊരു പരിധിയൊക്കെ വേണ്ടേ? ലിമിറ്റഡ് ഓവര്‍ കഴിഞ്ഞിട്ടും ബാറ്റിങ്ങ് നിര്‍ത്തുന്നില്ലെന്ന് കണ്ട് ബാലി ചോദിച്ചു. "സിസിലി ടീച്ചര്‍ക്ക് വിഷമം ആയതിന് അച്ഛനെന്താ...?" അത് കേട്ടപ്പോള്‍ മാഷുടെ തലയിലൊരു ചുവന്ന ലൈറ്റ് മിന്നി. കൈ ഓട്ടമാറ്റിക്കായി നിന്നു. ചെറിയൊരു പതറിച്ചയോടെ മാഷ് അമ്മുവമ്മയെ നോക്കി. അവിടെ മാറ്റ ഭാവമൊന്നും കണ്ടില്ലെങ്കിലും ബാലിയെ നോക്കാന്‍ മാഷിന് തരക്കേടില്ലാത്ത ചമ്മലുണ്ടായി.

സിസിലി ടീച്ചറുടെ പൂങ്കണ്ണീരിന്റെ റിഫ്ലക്ഷനായത് കൊണ്ട് അടിയുടെ ക്വാണ്ടിറ്റിയും ക്വാളിറ്റിയും നല്ലോണം കൂടി ഐ.എസ്.ഒ. നിലവാരത്തിലെത്തിയിരുന്നു. ബാലിക്ക് അത് തീരെ പിടിച്ചില്ല. പണി കിട്ടിയാല്‍ സ്വന്തം അച്ഛനായാല്‍ പോലും തിരിച്ച് കൊടുക്കണമെന്ന വിശ്വാസക്കാരനായിരുന്നു ബാലി. എവരി അടി ഹാസ് ഏന്‍ ഈക്ക്വല്‍ ആന്റ് ഓപ്പസിറ്റ് തിരിച്ചടി എന്ന് ന്യൂട്ടന്‍ പറഞ്ഞത് തെറ്റായിരിക്കാനും വഴിയില്ലല്ലോ. മാഷ് കുളിക്കുന്നതിന് മുമ്പേ ബാലി കുളിമുറിയില്‍ കയറി സോപ്പ് ഐസ്ക്രീം പോലെ പതപ്പിച്ച് അതിന്റെയുള്ളിലൊരു ബ്ലേഡ് രണ്ട് പീസാക്കി തിരുകി വെച്ചു. ഗോപാലന്‍ മാഷ് കുളിമുറിയില്‍ കയറി വെള്ളമൊഴിച്ച ശേഷം സോപ്പെടുത്ത് കൈകളിലും നെഞ്ചത്തും പരപരാന്ന് തേച്ചു.

"അയ്യോഓഓഓഓഓ..." എന്നൊരലര്‍ച്ചയാണ് പിന്നെ കേട്ടത്. അമ്മുവമ്മ മാഷ് പോയേ.. എന്നും പറഞ്ഞ് ഓടിവന്നപ്പോള്‍ ഗോപാലന്‍ മാഷ് ചിപ്ലിയിട്ട മരം പോലെ "അയ്യോ.. അയ്യോ.." എന്ന ബി.ജി.എമ്മോടെ സോപ്പ് പതയും ചോരയുമൊഴുക്കി നില്ക്കുന്നു..! വെണ്ണീറിട്ട് തോലുരിച്ച കയ്ച്ചല്‍ മീനിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് ആയിരുന്നു ആ നിപ്പ്…!

കുറച്ച് കഴിഞ്ഞ് ഇറയത്തെ അരമതിലില്‍ സീബ്രാ ലൈനിട്ട ഹൈവേ പോലെ കിടക്കുന്ന ഗോപാലന്‍ മാഷിനോട് താടിക്ക് കൈ കൊടുത്തിരിക്കെ അമ്മുവമ്മ ചോദിച്ചു. "എന്നാലും മനുഷ്യാ.. നിങ്ങള്‍ക്ക് സോപ്പ് കൈയ്യില്‍ പതപ്പിച്ച ശേഷം തേച്ചാ മതിയായിരുന്നില്ലേ... എങ്കില് മേത്തെ തൊലി പോകില്ലായിരുന്നല്ലോ..?"

ഗോപാലന്‍ മാഷ് പറഞ്ഞു. "എടീ.. എന്നും തേക്കുന്നത് പോലെ തേച്ചിരുന്നെങ്കില്‍ വേറെന്തൊക്കെയോ ചെത്തി പോയേനേ.."

Monday, April 19, 2010

മറക്കാനാവാത്ത പാട്ട്

ചെറിയൊരു ടൌണിലെ റോഡരികിലുള്ള പഴഞ്ചന്‍ കെട്ടിടമാണ്‌ തെക്കുംകൂര്‍ പാലസ്.  ജസ്റ്റ് ഒന്ന് കൈ വെച്ചാ മതി എപ്പോ വേണേലും വീഴാം എന്ന പൊസിഷനില്‍ നില്‍ക്കുന്ന ആ തട്ടുക്കൂട്ട് കല്ലുമര ഉരുപ്പടിക്ക് പാലസെന്ന പേരിട്ടത് ആരാണെന്നറിയില്ല. പക്ഷേ, ഒന്നുറപ്പാണ്‌. അയാളൊരു കണ്ണു പൊട്ടനായിരിക്കും.

ചെറിയ വാടക എന്ന വലിയ പ്രലോഭനത്തില്‍ പലയിടങ്ങളില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ അഞ്ച് പേര്‍ ആ മടയില്‍ കുറച്ച് കാലം ഗുമാക്കുത്ത് കളിച്ച് താമസിച്ചിരുന്നു.  ജോലി കഴിഞ്ഞ് ആറു മണിയോടെ മുറിയിലെത്തുക, കട്ടയ്ക്ക് കാശിട്ട് കുപ്പി വാങ്ങുക, ശേഷം തട്ടുകടയിലെ പുട്ടും ബീഫും തട്ടുക, റോഡിലൂടെ പോകുന്ന പെണ്‍സിനെ നോക്കി പീഢിപ്പിക്കുക. ഇത്യാദി ചെറിയ ആഗ്രഹങ്ങളില്‍ ഞങ്ങള്‍ വളരെ കംഫര്‍ട്ടായിരുന്നു.  ഇന്നത്തെപ്പോലെ ഒരു മുറിയിലുള്ള അഞ്ച് പേരു പരസ്പരം മിണ്ടാതെ പത്ത് സിം ഇട്ട് ഇരുപത് പെണ്ണുങ്ങളുമായി പഞ്ചാരമേളം നടത്താന്‍ അന്ന് മൊബൈല്‍ ഫോണുണ്ടായിരുന്നില്ല.

എപ്പോഴാണെന്നറിയില്ല, സഹമുറിയന്‍മാരിലൊരാളായ മജീദാണത് ആദ്യം ശ്രദ്ധിച്ചത്.  റൂമിന്റെ തൊട്ട് പിറകു വശത്തെ വീട്ടില്‍ നിന്നും എപ്പോഴും ഒരു സിനിമാപ്പാട്ട് കേള്‍ക്കുന്നു.  എത്ര നല്ല പാട്ടായാലും ഒരു നേരം കേട്ടാല്‍ ആസ്വദിക്കാം കുറച്ച് നേരം കേട്ടാല്‍ ഷെമിക്കാം. ഒരു ദിവസം മുഴുവനും കേട്ടാലും സഹിക്കാം. എല്ലാ ദിവസവും ഇത് തന്നെ കേട്ടാലോ? തലേന്നത്തെ പള്ളിയടി കഴിഞ്ഞ് ഞങ്ങള്‍ എട്ട് മണിക്കാണ്‌ തല പൊക്കുന്നത്. ആറു മണി മുതല്‍ ഏഴ് മണി വരെയുള്ള ഡീപ് സ്ലീപ് ടൈമിലാണ്‌ ദിവസവും പാട്ട് കേള്‍ക്കുന്നത്.

മുകളിലത്തെ നിലയിലാണ്‌ ഞങ്ങളുടെ പള്ളി റൂം.  പിന്നിലത്തെ വീടിന്റെ രണ്ടാം നിലയിലെ ജനാലയിലൂടെയാണ്‌ പാട്ട് വരുന്നത്. ആ വീട്ടിലെ ആരെയും ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നില്ല. പോത്ത് പോലെ കിടന്നുറങ്ങുന്ന പുലര്‍ക്കാലത്തിന്റെ സ്വച്ഛന്ദ ശാന്തതയെ പൊളിച്ചടുക്കുന്ന പാട്ടിന്റെ പ്രായോജകനെ കണ്ടു പിടിക്കാന്‍ ഗുഹ ഞങ്ങള്‍ 'ഗ്ലോബ്' ഡിറ്റക്റ്റീവ് ഏജന്‍സിയുടെ ആപ്പീസാക്കി.  പല തവണ ശ്രമിച്ചിട്ടും ഒരിക്കല്‍ നീല വിരിയിട്ട ജാലകത്തിനപ്പുറം പൊന്‍വളയിട്ടൊരു വെളുത്ത കൈകള്‍ കണ്ടതല്ലാതെ വേറൊരു ഗ്ലൂവും കിട്ടിയില്ല.  ആ കൈ കണ്ടതില്‍ പിന്നെ സമാധാനായി ഉറങ്ങാന്‍ ഞങ്ങള്‍ക്കാര്‍ക്കും പറ്റിയതുമില്ല.  അമ്മാതിരി വെളുത്തുരുണ്ട് ഹൈക്കൌണ്ട് പൈപ്പ് പോലത്തെ കൈ ആയിരുന്നത്.

കൈയുടെ ഓണറെ കാണാന്‍ ഞങ്ങള്‍ കള്ളും, കുടിയും ഉപേക്ഷിച്ച് കാത്തിരുന്നു. മൂന്ന് മുറികളുടെ ഒരു നിരയായിരുന്നു ഞങ്ങളുടെ മട. സ്റ്റെയര്‍കേസ് കയറിയാല്‍ ആദ്യം കിടപ്പ് മുറി, പിന്നെ പഴയ സാധനങ്ങളിട്ടൊരു സ്റ്റോര്‍ മുറി. അതിന്റെയപ്പുറത്ത് ബാത്ത് റൂം.  ജനാലകളിലൂടെ അവളുടെ വീടിന്റെ ഓരോ ഭാഗങ്ങള്‍ കാണാം. ഉറക്കം കട്ട് ഷോര്‍ട്ട് ചെയ്ത് രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ഓരോരുത്തരും അവളുടെ വീടിന്റെ ഓരോ ഏരിയ നോക്കി നിന്നു.  ജനല്‍ നോക്കാന്‍ സുനില്‍ ഷെട്ടി.  അവനൊരു ജെട്ടിക്കമ്പനിയുടെ റെപ്പ് ആണ്‌. പേരിന്റെ കൂടെ ജെട്ടി ചേര്‍ത്ത് വിളിക്കുന്നത് സ്ഥിരമായപ്പോള്‍ അവന്‍ തന്നെ അതങ്ങ് മോഡേണൈസ് ചെയ്ത് ഷെട്ടി എന്നാക്കിയതാണ്‌.

മനസ്സും ശരീരവും നല്ല വൃത്തിയും വെടിപ്പുമുള്ള കൂട്ടത്തിലായതിനാല്‍ കുളിമുറിയുടെ സൈറ്റ് ആയിരുന്നു എനിക്ക് താല്പ്പര്യം.  എണീറ്റയുടനെ പല്ലു പോലും തേക്കാതെ  ജനലിന്റെയടുത്ത് എത്തിയതുമായിരുന്നു.  പക്ഷേ തോമസ് എന്നേക്കാള്‍ മുമ്പേ അവിടെ കുറ്റിയടിച്ചിരുന്നു.  പിടിച്ച് മാറ്റാന്‍ ശ്രമിച്ചാലൊന്നും നടപ്പില്ല. കുരിപ്പിന്‌ നല്ല കട്ട ബോഡിയാണ്‌.  മുകളിലത്തെ വരാന്തയുടെ കാവല്‍ കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന മജീദിനായിരുന്നു. ഫ്രണ്ട് വാതിലിന്റെ ചാര്‍ജ്ജ് ഷാജിക്കാണ്‌.  വീടിന്റെ ഗേറ്റിന്റെ ചാര്‍ജ്ജായിരുന്നു എനിക്ക്.  ആറു മണി മുതല്‍ കാത്ത് നിന്നിട്ടും അവളുടെ പൊടി പോലും കണ്ടില്ല. ഏഴു മണിയായി. എല്ലാവര്‍ക്കും മടുത്തു.  ഞാന്‍ പുറത്തേക്കിറങ്ങി സ്റ്റെയര്‍കേസില് നിന്ന് വെറുതെ റോഡിലേക്ക് നോക്കി.

അപ്പോളൊരു സ്കൂള്‍ ബസ്സ് അവിടെയെത്തി നിര്‍ത്തി ഹോണടിച്ചു.  വീട്ടില്‍ നിന്നും സാരിയുടുത്തൊരു സുന്ദരി വന്ന് ബസ്സില്‍ കയറി. കയറുന്നുന്നതിന്‌ മുമ്പ് അവളൊന്നു തെക്കുംകൂര്‍ പാലസ്സിലേക്ക് നോക്കി.  സ്റ്റെയര്‍കേസില്‍ അന്തം വിട്ട് കണ്ണും തള്ളിയിരിക്കുന്ന ഞാന്‍ ചിരിച്ചില്ല.  ആഗ്രഹമില്ലാഞ്ഞല്ല. അഹങ്കാരം കൊണ്ടുമല്ല.  ചിരിക്കാന്‍ ശ്രമിച്ചതുമാണ്‌.  പക്ഷേ, ഉറക്കത്തില്‍ വായിലെ ചേറൊഴുകി കട്ട പിടിച്ചത് കാരണം ചുണ്ടുകള്‍ കോടിപ്പോയിരുന്നു.  കവിളിലൂടെ അഡീഷണല്‍ പല്ലുകള്‍ മുളച്ചതിനാല്‍ ലുങ്കിയുടുത്ത ഡ്രാക്കുളയെ പോലെയായിരുന്നു രൂപം.

പിറ്റേന്ന് മുതല്‍ എല്ലാ ദിവസവും ഏഴ് മണിക്ക് അഞ്ച് സന്നദ്ധ ഭടന്‍മാര്‍ സ്റ്റെയര്‍കേസിന്റെ മുകളില്‍ പ്രസന്റായി. എന്നും രാവിലെ എഴുന്നേറ്റ് അവളുടെ വീടും നോക്കി നില്‍ക്കുക, ഇറങ്ങാറാവുമ്പോ സ്റ്റെയര്‍കേസില്‍ നിന്ന്‌ യാത്രാമംഗളങ്ങള്‍ നേരുക. അതിനിടയില്‍ താഴത്തെ കച്ചവടക്കാരനില്‍ നിന്നും അവളുടെ രജിസ്ട്രേഷന്‍ ഡീറ്റെയില്‍സ് സംഘടിപ്പിച്ചിരുന്നു.  പേരു കല്യാണി.  പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടീച്ചര്‍.  സര്‍ക്കാര്‍ ജോലിക്കാരായ അച്ഛനുമമ്മയുടേയും ഒരേയൊരു മകള്‍.  
അതിനു ശേഷം ഞങ്ങളുടെ ലൈഫില്‍ പെട്ടെന്നൊരു ചെയ്ഞ്ചുണ്ടായി.  അതിന്റെ തിക്തഫലം അനുഭവിച്ചത് ബിവറേജസ് കോര്‍പ്പറേഷനും മടയുടെ ഉടമസ്ഥനുമാണ്‌.  നല്ലൊരു കുടിയന്‍മാരായിത്തീരുമായിരുന്ന ഞങ്ങള്‍ പെട്ടെന്ന്‌ കുടി നിര്‍ത്തി.  ഒരു ബക്കറ്റ് വെള്ളമുണ്ടെങ്കില്‍ അഞ്ച് പേര്‍ക്കും ഒരു ദിവസം ലാവിഷായി കുളിക്കാമായിരുന്നു.  ഇപ്പോളത് ഒരാള്‍ക്ക് ഒരു ടാങ്ക് വെള്ളം എന്ന അവസ്ഥയിലായി.

സുനില്‍ ഷെട്ടിയും, മജീദും, തോമസും കട്ട ബോഡിയുമായി വെളുത്ത് തുടുത്ത ഗ്ലാമറന്‍മാരായിരുന്നു.  എന്റെ ഷെയ്പ്പ് കറക്റ്റ് ബോള്‍പെന്നിന്റെ റീഫില്ലര്‍ പോലെയായിരുന്നു.  ഷാജിയുടെ കളര്‍ ബ്ലാക്കായിരുന്നതിനാല്‍ അവനെ പവര്‍കട്ടെന്നായിരുന്നു വിളിച്ചിരുന്നത്.  കക്ഷി ഒരു പാരലല്‍ കോളേജില്‍ മാഷാണ്. ഒരു എക്സ് വിവാഹിതന്‍ കൂടിയാണ്‌.  ലസ്സ് ലഗേജ് മോര്‍ കംഫര്‍ട്ട് എന്ന ആശയപ്രകാരം വിവാഹം വേര്‍പെടുത്തി രണ്ടാം ബാച്ചിലര്‍ ലൈഫ് ആമോദം ആസ്വദിക്കുന്നു.  ലവ് ഫീല്‍ഡില്‍ എന്റെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ലെങ്കിലും ആഗ്രഹങ്ങള്‍ക്ക് ബൌണ്ടറികളില്ലല്ലോ.  അണ്ണാന്‍കുഞ്ഞും തന്നാലായത് എന്നു പറഞ്ഞത് പോലെ കല്യാണീ സ്വയംവര പൂജയില്‍ ഞാനും മത്സരാര്‍ത്ഥിയായി.  കല്യാണിയാണെങ്കില്‍ ഞങ്ങളെ പ്രത്യേകിച്ച് ആരെയും സ്നേഹിച്ചുമില്ല അവഗണിച്ചുമില്ല.  എല്ലാവരോടും ചിരിക്കും.  സംസാരിക്കാന്‍ അവസരം കിട്ടാത്തതിനാല്‍ ആര്‍ക്കും അവളുടെ ഹൃദയത്തില്‍ കയറാന്‍ പറ്റിയില്ല.
അങ്ങനെ സ്വപ്നലോകത്തില്‍ കുറച്ച് നാളുകള്‍ കടന്ന് പോയി.  ഒരു ദിവസം രാവിലെ ഞാന്‍ കുറച്ച് നേരത്തെ എഴുന്നേറ്റ് സ്റ്റോര്‍ മുറിയുടെ ജനാലയിലൂടെ കല്യാണിയേയും നോക്കി നില്‍ക്കുകയായിരുന്നു.  മുറിയില്‍ ലൈറ്റ് കാണുന്നില്ല.  ജനല്‍ അടച്ചിട്ടിരിക്കുന്നു.  കുറച്ച് സമയം കാത്തു നിന്നു. അപ്പോഴാണ് മടയുടെ വാതിലില്‍ ഉച്ചത്തില്‍ മുട്ടുന്നത് കേട്ടത്.   കിടന്നുറങ്ങുന്ന പോത്തുകളിലേതെങ്കിലും പോയി തുറക്കട്ടെ എന്ന് കരുതി ഞാന്‍ അനങ്ങാതിരുന്നു.  കുറച്ച് കഴിഞ്ഞപ്പോള്‍ മജീദ് വാതില്‍ തുറക്കുന്നത് കണ്ടു.  എന്തൊക്കെയോ ഒച്ച കേട്ട് ഞാന്‍ എത്തി നോക്കിയപ്പോള്‍ അഞ്ചാറു തടിയന്‍മാര് മജീദിനെ എടുത്തിട്ട് പെരുമാറുകയാണ്‌.  ഇവന്‍ കൊറിയര്‍ കൊടുക്കാന്‍ പോയിടത്ത് വെച്ച് എന്തെങ്കിലും ഒപ്പിച്ചു കാണും.  എങ്കില്‍ പിന്നെ അവനായി അവന്റെ പാടായി.  നമ്മളെന്തിനാ വേണ്ടാത്ത കാര്യത്തിലൊക്കെ ശ്രദ്ധിക്കാന്‍ പോണത്. ഞാന്‍ പുറത്തിറങ്ങിയില്ല. അപ്പോഴാണ്‌ സുനില്‍ ഷെട്ടിയും തോമസും എഴുന്നേറ്റ് എന്താ കാര്യം എന്നു ചോദിച്ചത്.  വായ കൊണ്ട് പറഞ്ഞ് ടൈം വെയിസ്റ്റാക്കാതെ തടിയന്‍മാര് ‘ആംഗ്യഭാഷ’യിലാണ്‌ കമ്യൂണിക്കേറ്റ് ചെയ്തത്.

അവര്‍ക്കും അടികിട്ടുന്നത് കണ്ടപ്പോ ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള ഗിഫ്റ്റ് ആണെന്ന് മനസ്സിലായി.  അടുത്ത കണ്ടസ്റ്റന്റ് ഞാനായിരിക്കും.  അവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ എന്ത് ചെയ്യുമെന്നോര്‍ത്ത് ഞാന്‍ ചുറ്റും നോക്കി. അവിടെയൊരു ഫ്രിഡ്ജിന്റെ കാലി പാക്കിങ്ങ് കേസ് കിടക്കുന്നുണ്ടായിരുന്നു.  ഞാനുടനെ അതില്‍ കയറി കുത്തനെ നിന്നു.  അതിന്റെ എയര്‍ഹോളിലൂടെ എനിക്ക് മുറിയിലെ ഫൈറ്റ് രംഗങ്ങള്‍ തടസ്സമില്ലാതെ കാണാനും പറ്റി.
ഗസ്റ്റുകളില്‍ രണ്ടെണ്ണം സുനിലിനെ കുനിച്ച് നിര്‍ത്തി മുതുകത്ത് കൈമുട്ട് മടക്കി ഇടിക്കുകയാണ്‌.  യാതൊരു മയവുമില്ല.  സുനിലിന്റെ പുറം കട്ടില്‍ പോലെ വീതിയുള്ളത് കൊണ്ട് അവര്‍ക്ക് നല്ല അരങ്ങായിരുന്നു.  തോമസ് നിലത്ത് വീണ്‌ കിടപ്പായിരുന്നു.  പാവത്തിന്‌ എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. കാരണം രണ്ട് ബകന്‍മാര്‍ ഉരലില്‍ നെല്ലു കുത്തുന്നത് പോലെ മാറി മാറി ചവിട്ടുകയാണ്‌.   ആദ്യ സമ്മാനം നിറഞ്ഞ ശരീരത്തോടെ ഏറ്റു വാങ്ങി മജീദ് കണ്ണും പൂട്ടി കിടപ്പാണ്‌.  ഇടയ്ക്ക് കാര്യങ്ങളൊക്കെ എന്തായെന്നറിയാന്‍ അവന്‍ പതുക്കെ കണ്ണു തുറന്നു.  ഫിനിഷായില്ലെന്ന്‌ കണ്ട് പിന്നെയും ബോധമില്ലാത്തത് പോലെ കിടന്നു.  അതൊക്കെ കണ്ട് എനിക്ക് ചിരി അടക്കാന്‍ വയ്യാണ്ടായി.  പൊട്ടിപ്പോകുമെന്ന് കരുതി ഞാന്‍ തെര്‍മ്മോക്കോള്‍ കടിച്ച് പിടിച്ചു. അപ്പോഴാണ്‌ അവരിലൊരുത്തന്‍ സ്റ്റോര്‍ മുറിയിലേക്ക് വരുന്നത് കണ്ടത്. അവനെങ്ങാനും കണ്ടാലത്തെ അവസ്ഥയോര്‍ത്ത് ഞാന്‍ വിറക്കാന്‍ തുടങ്ങി. ഞാന്‍ സ്ഥിരം ദൈവങ്ങളെ മുഴുവന്‍ വിളിച്ചു ഹെല്‍പ്പ് റിക്വസ്റ്റ് ചെയ്തു. മാറ്റര്‍ സീരിയസ്സായത് കൊണ്ട് രണ്ട് മൂന്ന് ദൈവങ്ങളെ അഡീഷണലായും വിളിച്ചു.

മുറിയിലെല്ലായിടത്തും ബാത്ത്റൂമിലും നോക്കി അവന്‍ തിരിച്ച് നടന്നു. പാക്കിങ്ങ് കേസിന്റെയുള്ളില്‍ പഴുപ്പിക്കാന്‍ വെച്ച കായക്കുല അവന്‍ കണ്ടില്ല. ഭാഗ്യം..! അപ്പോഴേക്കും തടിയന്മാര്‍ ജോബ് ഫിനിഷ് ചെയ്തിരുന്നു.  എന്റെയടുത്ത് വന്നവനോട് അതിലൊരുത്തന്‍ ചോദിച്ചു.

“അവിടെയാരെങ്കിലുമുണ്ടൊ..?”

"ഇല്ല.." അവന്‍ പറഞ്ഞു.

"എന്നാ പോകാം.." അതു പറഞ്ഞ് കൈത്തരിപ്പ് തീരാഞ്ഞിട്ട് അവന്‍ നിലത്ത് കിടന്നിരുന്ന തടിച്ചൊരു മരക്കഷണം എടുത്ത് പാക്കിങ്ങ് കേസിന്റെ നേര്‍ക്കെറിഞ്ഞു.  അത് പറന്ന് വരുന്നത് എനിക്ക് കാണാമായിരുന്നു.  ഒഴിഞ്ഞ് മാറാമെന്ന് വെച്ചാ അനങ്ങാന്‍ പാടില്ലല്ലോ.  ഞാന്‍ കണ്ണും പൂട്ടി വേദന സഹിക്കാനായി റെഡിയായി നിന്നു.  പക്ഷേ അത് കറക്റ്റായി എന്റെ ക്യാപിറ്റല്‍ സ്ഥാനത്താണ് കൊണ്ടത്.   സകല കണ്ട്രോളും വിട്ടു പോയി. "അയ്യോ‍ാ‍ാ‍ാ‍ാ‍ാ........" ഏറു കൊണ്ട ഡോഗിന്റെ സെയിം പിച്ചായിരുന്നു എന്റെ സൌണ്ടിന്‌.
വന്ന തടിയന്‍മാരും വീണ പോരാളികളും ഒരുമിച്ച് ഞെട്ടി.

“…നില വിളിക്കുന്ന പാക്കിങ്ങ് കേസോ..!!"

ഒരുത്തന്‍ വന്ന്‌ പാക്കിങ്ങ് കേസ് എടുത്ത് മാറ്റി ഉള്ളിലെ പ്രൊഡക്റ്റ് അണ്‍ലോഡിങ്ങ് ചെയ്തു.  മൂന്നു സാമാന്യം ഭേദപ്പെട്ടയാളുകളെ പെരുമാറിയിട്ടും ക്ഷീണമില്ലാത്ത ആ പഞ്ചഭീമന്‍മാര്‍ക്ക് ഞാന്‍ മൂക്കിപ്പൊടി പോലെയായിരുന്നു. ഒരുത്തന്‍ ഇടത് കൈ കൊണ്ട് എന്നെ പൊക്കി വലത് കൈ കൊണ്ട് ഇടിക്കും, എന്നിട്ട് ബൈഹാന്‍ഡായി എയറില്‍ അടുത്തവന്‌ കൈമാറും.. പിന്നെ വേറൊരുത്തന്‍.. ഈ പൊന്നീച്ച പറക്കുക എന്നതൊക്കെ സത്യമാണെന്ന് അന്ന് മനസ്സിലായി.  എണ്ണാന്‍ പറ്റില്ലെന്ന് മാത്രം..!  ഇടയ്ക്കൊരു കൈയ്യൊഴിവ് വന്ന ഇന്റര്‍വെല്ലില്‍ ഞാനൊരു ന്യായമായ ക്വസ്റ്റ്യന്‍ ചോദിച്ചു...

"മാറിമാറി അടിക്കാന്‍ ഞാനെന്താ അമ്പല മണിയാണോ..? കാര്യമെന്താണെന്നെങ്കിലും പറഞ്ഞിട്ട് അടിക്ക് ചേട്ടന്‍മാരേ..."

മറുപടി കേട്ടതില്‍ പിന്നെ അടിക്കും ഇടിക്കും കുത്തിനും കോമയ്ക്കുമൊന്നും യാതൊരു പവറും പെയിനുമുണ്ടായിരുന്നില്ല....

"നിന്റെയൊക്കെ കൂട്ടുകാരനില്ലേ ആ ഷാജി.. അവന്‍ കല്യാണിയേം കൊണ്ട് നാടു വിട്ടെടാ തെണ്ടികളെ..."

കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ എന്റെ ചെവിയിലേക്കൊരു പാട്ടൊഴുകി വന്നു. കല്യാണിയുടെ ഫേവറിറ്റ് സോങ്ങ്...

കാക്കക്കറുമ്പന്കണ്ടാല്കുറുമ്പന്
കാര്വര്ണ്ണന്നീല കാര്വര്ണ്ണന്
കാക്കക്കറുമ്പന്കണ്ടാല്കുറുമ്പന്
കാര്വര്ണ്ണന്എന്റെ കാര്വര്ണ്ണന്‍..”

ചില പാട്ടുകള്‍ക്കൊക്കെ എന്തൊക്കെ അര്‍ഥങ്ങളായിരിക്കും‌..!