Friday, June 24, 2011

ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?


സൈബർ മീറ്റുകളുടെ ചാകരക്കാലമാണല്ലോ ഇത്. ബ്ലോഗ്, ബസ്, ഫേസ് ബുക്ക്, കൂട്ടം എന്നീ സോഷ്യൽ നെറ്റ് വർക്കുകളിലൂടെ സംവദിച്ചവർക്ക് നേരിൽ പരിചയപ്പെടാനുള്ള അവസരമാണ് ഇത്തരം മീറ്റുകൾ നൽകുന്നത്. പല രാജ്യങ്ങളിലും നാടുകളിലും താമസിക്കുന്നവർക്ക് നേരിൽ കണ്ട് സൌഹൃദം പുതുക്കുവാനുള്ള അവസരമെന്ന നിലക്ക് മീറ്റുകൾ പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നു. എന്നാൽ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങൾ മീറ്റുകളിൽ നടക്കുന്നുണ്ടെന്ന് പലർക്കുമറിയില്ല.

ഏപ്രിൽ മാസം തിരൂർ തുഞ്ചൻ പറമ്പിൽ ഒരു മീറ്റ് നടന്നിരുന്നല്ലോ. വളരെ നേരത്തെ തീരുമാനിച്ച് വിപുലമായ രീതിയിൽ നല്ല നിലയിൽ സംഘടിപ്പിക്കപ്പെട്ടതായിരുന്നു ആ മീറ്റ് എന്നതിൽ കുറ്റം പറയാനില്ല. പക്ഷേ ആ മീറ്റിൽ പങ്കെടുത്ത ഒരു പാവം ചെറുപ്പക്കാരനുണ്ടായ അനുഭവം വളരെ ക്രൂരമായിരുന്നു. മീറ്റുകളിൽ പങ്കെടുക്കുന്ന ഒരാൾക്കും അതു പോലൊരു ദുരനുഭവം ഇനിയുണ്ടാകരുതെന്ന് കരുതിയാണ് ഈ പോസ്റ്റ്. ഇത്തരം മീറ്റുകൾക്ക് ഇറങ്ങി പുറപ്പെടും മുൻപ് ആരായാലും ഒന്നു കൂടി ആലോചിക്കുന്നത് നന്നായിരിക്കും.

സൌകര്യത്തിനു വേണ്ടി നമുക്ക് ഈ ബാച്ചിലർ യൌവനത്തെ ശ്രീക്കുട്ടൻ എന്നു വിളിക്കാം. കേവലം ഇരുപത്തിയഞ്ച് വയസ്സ് പ്രായമുള്ള, ഊർജ്ജ്വസ്വലനും പുരോഗമന തൽ‌പ്പരനും സാഹിത്യ കലാ വാസനയുള്ളവനുമാണ് കക്ഷി. ബസ്സിലോ ബ്ലോഗിലോ എവിടെ വെച്ചു പോലും ഒരു നാരിയുടെ മുന്നിലും നാറിയിട്ടില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഗൾഫിലെ ഉന്നത ജോലി പോലും ഉപേക്ഷിച്ചവൻ. വല്ലപ്പോഴും സൌഹൃദത്തിനു വേണ്ടി അൽ‌പ്പം ബീയർ രുചിക്കുമെന്നല്ലാതെ ഒരു ദുശ്ശീലവുമില്ല. ഇന്നത്തെ കാലത്ത് അതൊരു പറയാൻ മാത്രമുള്ള കുറ്റമല്ലല്ലോ.

ഗൾഫിൽ നിന്നും നാട്ടിലെത്തി കുറച്ച് കഴിഞ്ഞ് ഒരു ദിവസം ചാറ്റിങ്ങിന്നിടയിൽ ഞാനാണ് തിരൂരിലെ ബ്ലോഗ് മീറ്റിനെപ്പറ്റി പറഞ്ഞത്. സി.വി. ഫോർവേഡ് ചെയ്യൽ മാത്രമല്ലാതെ വേറേ പണിയൊന്നുമില്ലാത്തത്ത് കൊണ്ട് കേട്ടയുടനെ അവനും വരുന്നുണ്ടെന്ന് പറഞ്ഞു. ബ്ലോഗേഴ്സായ ലുട്ടുവും, ഷമിത്തും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. തിരൂരിലേക്ക് പുലർച്ചെ അഞ്ച് മണിക്ക് കണ്ണൂരിൽ നിന്നുള്ള ട്രെയിനിൽ പോകാമെന്നാ‍യിരുന്നു തീരുമാനം. ശ്രീക്കുട്ടൻ കാസർഗോഡു നിന്നും വന്ന് സ്റ്റേഷനിൽ കാത്ത് നിൽക്കുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ പുലർച്ചെ നാലരയോടെ സ്റ്റേഷനിലെത്തിയ ഞങ്ങൾക്ക് അവനെ അവിടെയൊന്നും കാണാൻ പറ്റിയില്ല. മൊബൈലിൽ ഒരുപാട് വിളിച്ചെങ്കിലും ഫോണെടുക്കുന്നുമില്ല.

അവൻ കണ്ണൂരിൽ ലാൻ‌ഡ് ചെയ്തിട്ടുണ്ടെന്ന് തലേന്ന് രാത്രി പന്ത്രണ്ട് മണിക്ക് എസ്.എം.എസ് അയച്ചിരുന്നു. പിന്നെ ഇവനെവിടെ പോയെന്നോർത്ത് ഞങ്ങൾ ടെൻ‌ഷനിലായി. ട്രെയിൻ കറക്റ്റ് അഞ്ച് മണിക്ക് എടുക്കും. എവിടെയെങ്കിലും കിടന്നുറങ്ങിപ്പോയിരിക്കും എന്ന് വിചാരിച്ച് പ്ലാറ്റ്‌ഫോം മുഴുവൻ പരതി. എവിടെയും അവനെ കണ്ടില്ല. അങ്ങനെ നടന്ന് തളർന്ന് ഞാനൊരു സിമന്റ് ബെഞ്ചിലിരുന്നു. അപ്പോഴേക്കും ട്രെയിൻ എടുക്കാനായിരുന്നു. അവൻ ഇല്ലാതെ പോകാമെന്ന് തീരുമാനിച്ച് അവസാനമായി ഒരിക്കൽ കൂടി റിങ്ങ് ചെയ്തു. ഇരിക്കുന്ന ബെഞ്ചിന്റെ തൊട്ടു പിറകിൽ നിന്നും മൊബൈൽ അടിക്കുന്നത് കേട്ടു. ഏതോ അണ്ണാച്ചിയാണെന്ന് തോന്നുന്നു പുതച്ച് ചുരുണ്ട് കൂടി ഉറങ്ങുകയാണ്. അതിന്റകത്ത് നിന്നാണ് മൊബൈൽ അടിക്കുന്നത്. പുതപ്പിന്റെ സ്റ്റാൻ‌ഡേർഡ് വെച്ച് അത് അവനാകാൻ ഒട്ടും സാധ്യതയില്ലാത്തത് കൊണ്ട് മൊബൈൽ കട്ട് ചെയ്ത് ഒന്നു കൂടി റിങ്ങ് ചെയ്തു. അപ്പോഴും മാറ്റമില്ല. അവന്റെ ഫോൺ ഇയാൾ അടിച്ചു മാറ്റിയോ എന്ന കൺ‌ഫ്യൂഷനിലായ ഞങ്ങൾ പതുക്കെ ആ കീറപ്പുതപ്പ് പൊന്തിച്ചു. അതിന്റെയുള്ളിലെ സീൻ കണ്ടപ്പോ ഞങ്ങൾ ഞെട്ടിപ്പോയി..

ശ്രീക്കുട്ടനെയും കെട്ടിപ്പിടിച്ച് ഒരു അണ്ണാച്ചി പെണ്ണ് കിടന്നുറങ്ങുന്നു…! റെയിൽ‌വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലെ സിമന്റ് ബെഞ്ചിലൊരു രതിച്ചേച്ചിയും പപ്പുവും..!

ഞങ്ങളുടനെ അവനെ പിടിച്ച് വലിച്ച് എഴുന്നേൽ‌പ്പിച്ചു. നിലാവത്ത് എണീറ്റ കോഴിയെപ്പോലെ അവനൊന്നും മനസ്സിലാകാതെ നിന്നു. ട്രെയിൻ വിടാറായി. വേഗം കയറെന്നു പറഞ്ഞ് എല്ലാവരും ട്രെയിനിലേക്ക് ഓടിക്കയറി. പിറകിലെ പുതപ്പിനുള്ളിൽ നിന്നും കൈ നീട്ടി “കുട്ടാ പോങ്കക്കൂടാതടാ… മുത്തേ..” എന്നൊരു പിൻവിളി അതിന്നിടയിൽ കേട്ടു.

കയറി ഇരിക്കാൻ നോക്കിയപ്പോൾ കം‌പാർട്ട്‌മെന്റ് മുഴുവൻ കാലി. അത് കണ്ണൂരിൽ നിന്നെടുക്കുന്ന ട്രെയിനായത് കൊണ്ടാവുമെന്നു ആശ്വസിച്ചപ്പോൾ “എണീക്കടാ..“ എന്ന് ഒരു പെണ്ണ് അലറി. “അയ്യോ ഇറങ്ങിക്കോ.. ഇത് ലേഡീസാ..“ എന്നും പറഞ്ഞ് നാലു പേരും അതിൽ നിന്നും ചാടി തൊട്ടടുത്ത കം‌പാർ‌ട്ട്‌മെന്റ് പിടിച്ചു. ഗോവിന്ദച്ചാമി ഇറങ്ങിയ കാലമായതിനാൽ അതിൽ കൂടുതൽ അവിടെ നിന്നിരുന്നെങ്കിൽ ആ പെണ്ണിന്റെ കൈക്ക് പണിയായേനേ.

ഒരു സീറ്റിലിരുന്ന ശേഷം ഞങ്ങൾ ശ്രീക്കുട്ടനോട് കൂടെ ഉറങ്ങുന്നത് കണ്ട പെണ്ണ് ഏതാണെന്ന് ചോദിച്ചു.

“അയ്യോ അതെനിക്കറിയില്ല.. ഞാനാ ആട ആദ്യം കിടന്നേ.. ആ പെണ്ണ്ങ്ങ രാത്രി എപ്പോ വന്ന് കെടന്നതാ… തണുപ്പ് കൊണ്ട് ഞാൻ ഉറക്കത്തിൽ പുതപ്പ് വലിച്ച് മേത്തിട്ടതായിരിക്കും.. ഞാനങ്ങനത്തെ ടൈപ്പല്ലെന്ന് നിങ്ങക്കറീല്ലേ…”

“പിന്നെ അവളെന്തിനാ നിന്റെ പേരു വിളിച്ചേ..?”

“അങ്ങനെ വിളിച്ചോ.. അതൊന്നും എനിക്കറീല്ലാ…”

“ഉറക്കത്തിലെന്തെങ്കിലും നടന്നിരിക്കുമോ.. ശ്രീക്കുട്ടാ…?”

ആ ചിന്ത താങ്ങാനാവാതെ ശ്രീക്കുട്ടൻ തലയിൽ കൈ കൊടുത്തിരുന്നു. അവന്റെ കഷ്ടകാലം അവിടെ തീർന്നെന്ന് കരുതിയെങ്കിൽ തെറ്റി. പിടിച്ചതിനേക്കാൾ വലിയത് മാളത്തിൽ എന്ന് പറഞ്ഞത് പോലായിരുന്നു മീറ്റ് സ്ഥലത്ത് നടന്നത്.

മീറ്റ് ഹാളും പരിസരവും വൻ ആൾക്കൂട്ടമായിരുന്നു. ഫോട്ടോ എടുപ്പും, സൌഹൃദ സംഭാഷണങ്ങളും പരിചയപ്പെടലുമൊക്കെയായി സമയം പോയതറിഞ്ഞതില്ല. ഇടക്ക് എപ്പോഴോ ശ്രീക്കുട്ടൻ മിസ്സായി എന്ന് ഞങ്ങൾ അറിയാൻ വൈകി. എവിടേം തിരഞ്ഞിട്ട് കണ്ടില്ല; പഴയത് പോലെ ഫോണെടുക്കുന്നില്ല. ഇവനെക്കൊണ്ട് ചൊറ ആയല്ലോ ദൈവമേ എന്ന് ഞങ്ങൾ വിചാരിച്ചു. അപ്പോഴുണ്ട് അവൻ ഓടിക്കിതച്ച് വരുന്നു.

“അത് പിന്നെ,, ഞാൻ വേറെ സ്ഥലത്തായിപ്പോയി…”

“വാ വേഗം ചോറു തിന്നാം…”

അവൻ അടുത്ത് വന്ന് നാണപ്പനായി പറഞ്ഞു. “കുമാരേട്ടാ… അതില്ലേ… എന്റെ ബ്ലോഗ് സുഹൃത്തില്ലേ ഹിമശൈല സൈകത ഭൂമിണി…, അവളിപ്പോ ഫോൺ വിളിച്ചു ഫുഡ് പുറത്ത് നിന്നുമാക്കാമെന്ന്… അത് കഴിച്ച് ഞാനവളുടെ വീട്ടിലേക്ക് പോകും.. നിങ്ങൾ മീറ്റ് കഴിഞ്ഞ് നാട്ടിലേക്ക് വിട്ടോ… ചിലപ്പോ ഞാൻ ഇന്ന് വരലുണ്ടാവില്ല…”

“ആരാടാ അത്.. ഞങ്ങൾക്കും കൂടി ഒന്ന് കാണിച്ച് താ..”

“അവളിവിടെ വന്നിട്ടില്ല. ടൌണിലുണ്ട്. എന്നോടങ്ങോട്ട് പോകാൻ പറഞ്ഞു… ഇങ്ങോട്ട് വരുന്നില്ലെന്ന്… ഈട ഈ ലോക്കൽ പരിപാടിയൊക്കെ അല്ലേ… ആരു വരാനാ… അപ്പോ പറഞ്ഞ പോലെ, നാട്ടിൽ വെച്ച് കാണാം…”

അതും പറഞ്ഞ് ശ്രീക്കുട്ടൻ ബാഗും തൂക്കി സ്ഥലം വിട്ടു. അസൂയ കൊണ്ട് എനിക്ക് പിന്നെ ഒരു മണി വറ്റ് ഇറങ്ങിയില്ല. ബാക്കിയുള്ളോൻ കുറേ കാലമായി ബ്ലോഗും ബുക്കിലുമൊക്കെ ചൂണ്ടയിട്ട് ഇരിക്കാൻ തുടങ്ങീറ്റ്. ഇന്നേ വരെ പെണ്ണ് പോയിറ്റ് ആണൊരുത്തൻ പോലും ഒരു കാലിച്ചായ വാങ്ങിത്തന്നിറ്റില്ല. മീറ്റെന്ന് കേട്ടപ്പോ ഇവൻ ചാടിക്കേറി വന്നതിന്റെ ഗുട്ടൻസ് ഇതായിരുന്നു.

നാലു മണിയോടെ മീറ്റിൽ നിന്നും ഇറങ്ങി അടുത്ത ട്രെയിനിൽ നാട് പിടിക്കാനായി ഞങ്ങൾ ഒരു ഓട്ടോയിൽ റെയിൽ‌വേ സ്റ്റേഷനിലേക്ക് വിട്ടു. ഇടക്ക് വെറുതെ ഒരു കട്ടുറുമ്പാവാൻ വേണ്ടി ശ്രീക്കുട്ടന്റെ മൊബൈലിലേക്ക് അടിച്ചു. അത് സ്വിച്ച് ഓഫ് എന്നാണ് കേട്ടത്.

ഓട്ടോ ഹോട്ടൽ ഹൈവേ പ്ലാസയുടെ മുന്നിലെത്തിയപ്പോൾ “ഊൺ തയ്യാർ” എന്നെഴുതിയ ഒരു ബോർഡും പിടിച്ച് ഒരുത്തൻ നിൽക്കുന്നത് കണ്ടു.

“ഇവനൊക്കെ നാട്ടിൽ തേപ്പിന്റെ പണിക്കെങ്ങാനും പോയിക്കൂടേ.. ദിവസം ചെലവും കയിച്ച് നാനൂറ് രൂപ കിട്ടും.. വെറുതെ ഇവിടെ നിന്ന് നേരം കളയുന്നു…” ഷമിത്ത് പറഞ്ഞു.

അതെ എന്ന് പറയാൻ തുറന്ന വായ പിന്നെ എനിക്ക് അടക്കാൻ പറ്റിയില്ല. ക്ഷീണിച്ച് കരുവാളിച്ച ആ മുഖവും ബോഡിയും ശ്രീക്കുട്ടന്റേത് മാത്രമായിരുന്നു….!

വായിൽ കൈ ഇട്ടാൽ പോലും കടിക്കാത്തൊരു പാവം ചെറുപ്പക്കാരനെ മീറ്റിനു വന്നാൽ പലതും തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുക, എന്നിറ്റ് ഹോട്ടലിൽ കൊണ്ട് പോയി മൂക്കും മുട്ടെ തട്ടിയിട്ട് പേഴ്സും മൊബൈലും ബാഗുമൊക്കെ അടിച്ചു മാറ്റി സ്ഥലം വിടുക.. ആ പാവം അനാക്രാന്ത കുസുമൻ ഹോട്ടലുകാരുടെ ഇടി പേടിച്ച് അവരു പറയുന്ന പണികളെടുക്കുക.. ഇതൊക്കെ തിരൂർ മീറ്റിൽ നടന്ന ചാനൽകാർ പോലുമറിയാത്ത കാര്യങ്ങളാണ്.

അതു കൊണ്ട് ഇമ്മാതിരി മീറ്റുകൾ ഇനീം വേണോ? അല്ല നിങ്ങള് തന്നെ പറ.

ഓർമ്മ മഴയിൽ...


വൈകുന്നേരം വരെ മഴ പെയ്യുന്നൊരു ലക്ഷണമേ ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് ബസ്സിൽ കയറിയ മുതൽ പെട്ടെന്ന് ആകാശം ഇരുണ്ടു മഴ കനത്ത് പെയ്യാൻ തുടങ്ങി. കുടയുണ്ട് പേടിക്കാനില്ലെന്ന് കരുതിയെങ്കിലും ആ സമാധാനം വെറുതെയായിരുന്നു. ബസ്സിറങ്ങി നേരെ ഷെൽ‌ട്ടറിലേക്ക് ഓടിക്കയറി ബാഗിൽ നിന്നും കുടയെടുത്ത് തുറക്കാൻ നോക്കി. പക്ഷേ അത് തുറന്നില്ല. നല്ല മഴ. പാതിയും ചോർന്നൊലിക്കുന്ന വെയ്റ്റിംഗ് ഷെൽട്ടറിന്നുള്ളില്‍ നനഞ്ഞുനിന്ന് കുട പിടിച്ചും വലിച്ചും തുറക്കാൻ ശ്രമിച്ചു. ശരിയാവുന്നില്ല. കൂടെ ഇറങ്ങിയവരൊക്കെ പോയി. എതിർഭാഗത്തെ പീടികകളിലൊക്കെ ആരൊക്കെയോ ഉണ്ട്. മുടിയിഴകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന മഴയിൽ നനഞ്ഞു നിന്ന് മുഖം വീര്‍പ്പിച്ച് പുറത്തേക്ക് നോക്കി. അപ്പോൾ റോഡ് മുറിച്ച് കടന്ന് ഒരു ചേച്ചി വന്ന് കുട വെച്ച് നീട്ടി. ഗ്ലാസ്സിന്റെ നീലപ്പിടിക്കുള്ളിൽ പച്ചത്തത്തയുള്ള പുത്തൻ കുട. എന്തോ നല്ലൊരു മണവും. ആ ചേച്ചിയെ സ്ഥിരമായി ബസ്സിൽ കാണുന്നതാണ്. എപ്പോഴും കണ്ടാൽ ചിരിക്കുമെന്നല്ലാതെ കൂടുതൽ പരിചയമൊന്നുമില്ല. എന്നാലെന്താ ഇപ്പോ അവർ രക്ഷക്കെത്തിയല്ലോ.

ആ കുടയും ചൂടി വീട്ടിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ മറക്കാതെ ആ ചേച്ചിക്ക് കുട തിരിച്ച് കൊണ്ടു കൊടുത്തു. അപ്പോൾ അവർ പറഞ്ഞു അതവരുടെതല്ലെന്ന്. അയ്യോ പിന്നാരുടേതാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു. കുട്ടിക്ക് തരാൻ പറഞ്ഞ് ആ കടയിൽ ഉണ്ടായിരുന്നൊരു ചെറുപ്പക്കാരൻ തന്നതാണെന്ന്. ബസ്‌സ്റ്റോപ്പിന്റെ മുന്നിലുണ്ടായിരുന്ന ദിനേശേട്ടന്റെ കടയിൽ കുട കൊടുത്തു കാര്യം പറഞ്ഞു. അപ്പോ “ഇദ് നമ്മുടെ അച്ചൂന്റെ കുടയല്ലേ.. ഇദ് മോൾക്ക് തന്ന് അവൻ മഴ നനഞ്ഞു പോയി.. എന്ത് മഴയായിരുന്നു, ചെക്കന് പനി പിടിച്ചിറ്റ്ണ്ടാവും” എന്ന് പറഞ്ഞു ദിനേശേട്ടൻ.

“ആരാ അത്..”

“അദ് ഗോയിന്നൻ മാഷിന്റെ മോനാ..”

വരുമ്പോൾ കൊടുത്തേക്കെന്ന് പറഞ്ഞ് കുട നിരപ്പലകയുടെ ഉള്ളിൽ ചാക്കുകളുടെ ഇടയിലായി വെച്ച് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു. ദിനേശേട്ടന്റെ വാക്കുകൾ മാത്രമായിരുന്നു മനസ്സിൽ. എനിക്കറിയാത്തൊരു അച്ചു സ്വയം കഷ്ടപ്പെട്ട് എന്നെ സഹായിച്ചെന്നോ. ആളെ ഒന്ന് കാണണമെന്ന് കരുതി ആ കുട ആരെങ്കിലും എടുക്കുന്നുണ്ടോ എന്നു നോക്കി നിന്നു. ബസ്സ് വരുന്നത് വരെ അതാരും എടുത്തില്ല. ക്ലാസിലെത്തീട്ടും മനസ്സില്‍ അത് മാത്രമായിരുന്നു. സ്കൂൾ വിട്ട് ബസ്സ് ഇറങ്ങിയപ്പോൾ കുട അവിടുണ്ടോന്ന് അറിയാൻ മഷി തീർന്ന പേന നിറക്കാനെന്ന കാരണമുണ്ടാക്കി ദിനേശേട്ടന്റെ കടയിൽ കേറി. അതാരും കൊണ്ടു പോയിട്ടില്ല. പിറ്റേ ദിവസം രാവിലെയും ആകാംക്ഷയോടെ കുടയുണ്ടോ അവിടെ എന്ന് നോക്കി. അനക്കമില്ലതിന്. മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ അത് കാണാനില്ല.

ബസ്സ്‌സ്റ്റോപ്പിലും ബസ്സിലും ക്ലാസ്സിലും അന്ന് മുഴുവൻ അതായിരുന്നു ആലോചന. ആരായിരിക്കും അത് കൊണ്ടു പോയത്.! എങ്ങനെയെങ്കിലും ലാസ്റ്റ് ബെല്ല് അടിച്ചാ മതിയായിരുന്നു. അന്നു കുട തന്ന ചേച്ചിയെ കണ്ടിരുന്നെങ്കിൽ അയാളെപ്പറ്റി ചോദിക്കാമായിരുന്നു. പക്ഷേ ആ ചേച്ചി എന്തെങ്കിലും വിചാരിച്ചാലോ..? അപ്പോ ഒരു നന്ദി പറയാൻ വേണ്ടിയാ എന്ന് പറയാം. ബസ്സിൽ നല്ല തിരക്കായിരുന്നു. ആളുകള്‍ക്കിടയിലൂടെ ഉരുമ്മിയനങ്ങി അവസാനം ആ ചേച്ചിയുടെ അടുത്ത് നിന്ന് അന്ന് കുട തന്നതാരാന്ന്‌ ചോദിച്ചു. “ഗോയിന്നൻ മാഷിന്റെ മോന്റെ കുടയാ അത്. അവനാ എന്റെ കൈയ്യിൽ തന്നിട്ട് കുട്ടിക്ക് തരാൻ പറഞ്ഞത്..”

“ചേച്ചി അയാളെ പിന്നെ കണ്ടില്ലേ…”

“ഇല്ല..”

ഗോവിന്ദൻ മാഷിനെ അറിയാം. ചേട്ടനെ പഠിപ്പിച്ച മലയാളം മാഷാണ്. ഒരിക്കൽ ചേട്ടന്റെ കൂടെ സ്കൂളിൽ പോയപ്പോൾ കണ്ടത് ഓർമ്മയുണ്ട്. നല്ല മലയാളം പുസ്തകങ്ങൾ വായിക്കാൻ മാഷിന്റെ കൈയ്യിൽ നിന്നും വാങ്ങിയിരുന്നു. അന്ന് മാഷിന്റെ കൂടെ ആരോ ഉണ്ടായിരുന്നു. അതാണോ മകൻ..?!

ബസ്സ്‌ സ്റ്റോപ്പിലിറങ്ങി. നല്ല മഴയുണ്ട്. കുട നിവർക്കാൻ നോക്കുമ്പോൾ അതേ നീല പിടിയുള്ള കുട നടന്നു വരുന്നു. അതേ നീലപ്പിടിയും ഉള്ളിൽ പച്ചക്കിളിയും..! മുഖം കാണുന്നില്ല. പിടി മാത്രം കാണാം. കുട തുറക്കാൻ പോലും മറന്ന് മഴ കൊണ്ട് ആകാംക്ഷയോടെ അയാളെ കാണാൻ നോക്കി നിന്നു. പക്ഷേ മുഖം കാണാനായില്ല. മഴപ്പാറലിനെതിരെ കുട പിടിച്ച് അയാൾ നടന്നു പോയി. നിൽക്കാൻ പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വരാത്തത് പോലെ.. ഈശ്വരാ എങ്ങനെയായിരിക്കും അയാൾ..‍? ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ..!

പിറ്റേന്ന് വരാന്തയിൽ നനഞ്ഞ കുട തുറന്ന് വെച്ച് ക്ലാസ്സിലേക്ക് കയറുമ്പോൾ അതേ കുടയുണ്ട് അപ്പുറം ആറാൻ തുറന്ന് വെച്ചിരിക്കുന്നു…! ക്ലാസ്സ് തുടങ്ങി. ശ്രദ്ധ മുഴുവൻ ആരാ കുട എടുക്കുക എന്നായിരുന്നു. ക്ലാസ്സിൽ കെമിസ്ട്രി ടീച്ചറായിരുന്നു. ഇടക്കിടെ ജനാലയിലൂടെ കുടയെ നോക്കും. ചെറിയ കാറ്റിൽ അനങ്ങിയും നീങ്ങിയും അതെന്റെ മനസ്സിനെ ഇളക്കിക്കൊണ്ടിരുന്നു. ആ കുടയ്ക്കു കീഴിൽ മുഖമുള്ളൊരു രൂപം കിട്ടാനായി നോട്ടം പുറത്തേക്ക് ചാടിക്കൊണ്ടിരുന്നു. പെട്ടെന്ന് വാച്ചു കെട്ടിയ ഒരു കൈ വന്ന് കുട പൊക്കിയെടുത്തു. ആകും പോലൊക്കെ ചാഞ്ഞു നോക്കീട്ടും ഇല്ല, കാണാനാകുന്നില്ല. എന്റെ വെപ്രാളങ്ങൾ കണ്ട് പിടികൂടിയ ടീച്ചർ ഒരു ചോദ്യം. “എങ്ങനെയാ‍ണ് ഇലയിൽ നിന്നും ക്ലോറൊഫിൽ വേര്‍തിരിച്ചെടുക്കുന്നത്..?” ഒന്നും പിടികിട്ടിയില്ല. അടുത്തിരുന്ന കുട്ടി എന്തോ പിറുപിറുത്തു. അതേറ്റു പറയാൻ ശ്രമിച്ച് പരാജയപ്പെട്ട് സീറ്റിൽ ഇരുന്നപ്പോഴേക്കും കുട അപ്രത്യക്ഷമായിരുന്നു.

ബെൽ അടിച്ചു. വരാന്ത നിറയെ ആൺ‌‌കുട്ടികൾ. ആരുടെ കൈയ്യിലാണ് കുട എന്ന് മനസ്സിലാവുന്നില്ല. തിക്കി തിരക്കി ഇറങ്ങി ഓടി നോക്കി. അതിന്നിടയിൽ ബാഗ് തുറന്നത് അറിഞ്ഞില്ല. പെട്ടെന്ന് ബാഗിലെ പുസ്തകങ്ങൾ റോഡിൽ ചിതറി വീണു. അക്ഷരങ്ങളോടൊപ്പം കണ്ണും നനഞ്ഞു. കൂട്ടുകാർ ആരൊക്കെയോ ബുക്ക് വാരി ബാഗിൽ നിറച്ചു തന്നു. അപ്പോൾ, പിറകിൽ നിന്നൊരു സ്വരം. “ബുക്ക് ഒക്കെ സൂക്ഷിക്കണ്ടെ…” അതിലൊന്നും ശ്രദ്ധ പോയില്ല. അയാൾ കുനിഞ്ഞ് ഇന്‍സ്ട്രുമെന്റ് ബോക്സ് എടുത്ത് കൈയ്യിൽ തന്നു. താങ്ക്സ് പറയാൻ തുനിഞ്ഞപ്പോൾ ശ്രദ്ധ ബോക്സില്‍ മാത്രമായിപ്പോയി. തിരിയുമ്പോഴാണ് കണ്ടത് ആ നീല പിടിയുള്ള കുട..! ഊര്‍ന്നു പോയ ബാഗും കുടയുമായി സ്തംഭിച്ചു നിൽക്കവെ വീണ്ടും അകന്നു പോയി. ആരവങ്ങൾക്കും തിരക്കുകൾക്കുമിടയിൽ ഏകയായി ആ മഴയിൽ ഞാൻ നനഞ്ഞു കുതിർന്നു നിന്നു.

മഴയുടെയും കണ്ണീരിന്റെയുമിടയിൽ എന്നിലേക്ക്‌ ഒരു കുസൃതി നോട്ടവും കള്ള ചിരിയും പതിച്ചിട്ടുണ്ടാവുമോ..?

അകലേക്ക് മറഞ്ഞിറങ്ങുന്ന കുടയെ നോക്കി കവിളിലൂടെ പെയ്യുന്ന കണ്ണീര്‍മഴയുമായി ഉള്ളിലിപ്പോഴും ഒരു കുട്ടി അതേ നില്‍പ്പ് നില്‍ക്കുന്നുണ്ട്...