Saturday, April 30, 2016

പ്രതികാരം

കാദർക്ക-ആയിസത്ത ദമ്പതിമാരുടെ കടിഞ്ഞൂൽ കലാസൃഷ്ടിയാണ് ലത്തീഫ്. ഇവന്റെ താഴെയും നാലു കുഞ്ഞു താരകങ്ങൾ പ്രസ്തുത ദമ്പതിമാർക്ക് ഉണ്ടെങ്കിലും അവരെയൊന്നും ഇവിടെ പരിഗണിക്കുന്നില്ല. കാരണം ലത്തീഫ് എന്നത് കൂടെപ്പിറപ്പുകൾക്കും നാട്ടിലെ പിള്ളേർക്കും അടി ഇടി നുള്ളു ചവിട്ട് തെറി തുടങ്ങിയ സകല കുരുത്തക്കേടുകളും നിർലോഭം കൊടുക്കുന്ന മൊത്തക്കച്ചോട സ്ഥാപനമാണ്. കാദർക്കക്ക് വീട്ടു പറമ്പിൽ തന്നെ റോഡിനോട് ചേർന്ന് ഒരു അനാദിപ്പീടികയുണ്ട്. നന്നായി കടം പോകുമെങ്കിലും സ്വന്തം രണ്ട് മുറിപ്പീടീകയായതിനാൽ കച്ചോടം മോശമില്ലാണ്ട് ഒപ്പിച്ച് പോകാം. ഒരു മുറിയിൽ അനാദി സാധനങ്ങളും മറ്റേതിൽ സ്റ്റോക്കുമാണ്. രണ്ടാമത്തേതിന്റെ മുന്നിൽ വരാന്തയിൽ ഒരു വലിയെ ഉപ്പു പെട്ടിയുണ്ട്. ഉച്ചക്ക് ചോറു തിന്ന് വന്നിട്ട് കാദർക്ക അതിന്റെ മുകളിൽ റെസ്റ്റ് ഇൻ പീസ് ആയി കിടക്കും. അതിന്നിടക്ക് ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ ഉറക്കം തടസ്സപ്പെടുത്തിയ കോപത്തിൽ എടുത്തു കൊടുക്കും.
വരാന്തയുടെ അങ്ങേയറ്റത്ത് ഒരു ബക്കറ്റ് വെള്ളവും അടുത്ത് നായി കടിച്ച റൊട്ടി പോലെ ചുളുങ്ങിയ ഒരു ചെറിയ അലൂമിനിയം മൊന്തയും എപ്പോഴുമുണ്ടാകും. ഉപ്പ്, പുളി എന്നിവയൊക്കെ എടുത്ത് കൊടുത്താൽ കൈ കഴുകാനാണ് പ്രസ്തുത വാട്ടർ അതോറിറ്റി രൂപീകരിച്ച് വെച്ചിരിക്കുന്നത്. അങ്ങനെ കഴുകുന്ന വെള്ളം തിന്ന് തിന്ന് തടിച്ച് വലിയൊരു കാന്താരിച്ചെടി നിറഗർഭിണിയായി അവിടെ ഹാപ്പിയായി കഴിയുന്നുണ്ട്. ഈ മൊന്ത കൊണ്ട് വേറൊരു യൂസേജ് കൂടിയുണ്ട്. ഉറക്കമൊക്കെ കഴിഞ്ഞാൽ കാദർക്ക പീടീകയുടെ സൈഡിലെ കുറ്റിക്കാട്ടിൽ പോയി യൂറിൻ പാസ്സ് ചെയ്തതിനു ശേഷം ഹാൻഡ്പമ്പ് വൃത്തിയാക്കാനും കൂടിയാണ് മൊന്തയുടെ പ്രാധാന്യം.
പത്ത് പതിനാലു വയസ്സായിട്ടും ലത്തീഫിനെ കൊണ്ട് കാദർക്കക്ക് റേഷനരി തീർക്കുമെന്നല്ലാണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പഠിക്കുന്ന കാര്യം പണ്ടേ കിട്ടാത്ത കടം പോലെ എഴുതി തള്ളിയതുമാണല്ലോ. ചെറിയ പിള്ളേരുടെ അടുത്ത് തന്റെ താരാധിപത്യം തെളിയിക്കാൻ ശ്രമിക്കുന്നത് വഴി ലത്തീഫിന്റെ പേരിൽ നാട്ടിലും വീട്ടിലും നിറയെ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനൊക്കെ കോടതി ജഡ്ജിമാരെപ്പോലെ കാദർക്ക അന്നന്നത്തെ മൂഡിൽ പെറ്റിക്കേസിനുള്ള ശിക്ഷകൾ വിധിക്കുകയും ലത്തീഫ് അപ്പീൽ പോകാതെ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.
എന്നും കാദർക്ക ഉച്ചക്ക് ചോറു തിന്നാൻ പോകുമ്പോൾ ലത്തീഫായിരിക്കും കടയുടെ കസ്റ്റോഡിയൻ. മൂപ്പർക്ക് വൈകിട്ട് പൊറോട്ടയും ഭാജിയും അടിക്കാനുള്ള കാശ് ഈ അദർ ഡ്യൂട്ടിയിലാണ് അടിച്ചുമാറ്റുന്നത്. കൂടാതെ മുട്ടായിയും പലഹാരങ്ങളും കട്ടുതിന്നലും അന്നേരമാണ്. അപ്പോൾ ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ മുന്നിൽ കാണുന്ന സാധനമായാലും ഇല്ലാന്നേ ലത്തീഫ് പറയൂ. ചുരുക്കി പറഞ്ഞാൽ കാദർക്കയുടെ ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് ആണ് ലത്തീഫിന്റെ പവർപ്ലേ ടൈം.
അന്നൊരു ദിവസം കാദർക്ക ചോറിനു മീനില്ലാണ്ട് ദേഷ്യം പിടിച്ച് കുറച്ച് നേരത്തെ ലഞ്ച് ബ്രേക്ക് കട്ട്ഷോർട്ട് ചെയ്ത് പീടികയിലേക്ക് വന്നു. ഒരിക്കലും ലത്തീഫ് അങ്ങനെയൊരു റിട്ടേൺ പ്രതീക്ഷിച്ചില്ലായിരുന്നു. കാദർക്ക വരുമ്പോ ലത്തീഫ് കസേരയിലിരുന്ന് അരിച്ചാക്കിന്റെ മോളിൽ കാലു വെച്ച് മംഗലശ്ശേരി ലത്തീഫായി ഒരു ദിനേശ് കത്തിച്ച് വലിച്ച് അർദ്ധനിലീമിത നേത്രനായിരുന്നു..! കാദർക്കക്ക് അരിച്ചാക്ക് പൊട്ടിയത് പോലെ ദേഷ്യം വന്നു. മൂപ്പർ മുറ്റത്തുണ്ടായിരുന്ന പഴം എടുത്ത് ബാക്കിയായ ഫേസ്ബുക്കിന്റെ എമ്പ്ലം പോലത്തെ വാഴക്കുലമാമ്പ് കൊണ്ട് ലത്തീഫിനെ അറിഞ്ഞ് പെരുമാറി. ചെറിയ കിക്കിൽ സ്വയം മറന്നിരുന്ന് എഞ്ജോയ്മെന്റിലായായിരുന്ന ലത്തീഫിന് പെട്ടെന്നുള്ള അറ്റാക്ക് ഭീകരാനുഭവമായിരുന്നു. ബോധം വന്നപ്പോൾ വേദനമറന്ന് അവൻ ഹർഡിൽസ് പോലത്തെ ചാക്കുകൾ ചാടിക്കടന്ന് പിന്നാമ്പുറത്തേക്കോടി. കാദർക്ക പിന്നെയും ലത്തീഫിനെ തെറി പറഞ്ഞ് കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ശാന്തമായി ഉപ്പ്പത്തായത്തിന്റെ മുകളിൽ അനന്തശയനനായി.
കാദർക്കയുടെ കണ്ണടയുന്നതും കാത്ത് പ്രതികാരലത്തീഫ് പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഉപ്പയായാലും മോനായാലും പ്രതികാരം ആർക്കുമാരോടും എപ്പോഴും എങ്ങനെയുമാകാമല്ലോ. ലത്തീഫ് ഒളിച്ച് വന്ന് ബക്കറ്റിന്റട്ത്ത് എന്തൊക്കെയോ ചുറ്റിക്കളി നടത്തി സ്ഥലം വിട്ടു.
പള്ളിയുറക്കം വിട്ടുണർന്ന കാദർക്ക പതിവ് മൂത്രാശയ ഭാരം കുറക്കാനായി നിറമൊന്തയുമായി കുറ്റിക്കാട്ടിലേക്ക് നടന്നു. യൂറിൻ ഫ്രീയായപ്പോൾ ശുചീകരണ പ്രവൃത്തിക്കായി മൂപ്പർ മൊന്ത ചെരിച്ചു. “എന്റുമ്മോ... “ എന്നൊരലർച്ചയുമായി കാദർക്ക തുണികൂട്ടിപ്പിടിച്ച് പീടികയിലേക്കോടി...
മീൻ മൊളീശനിട്ട കറി തിന്ന ശേഷം സോപ്പിടാണ്ട് ആ കൈ കൊണ്ട് ജസ്റ്റ് സ്പർശിച്ചാൽ പോലും പുകഞ്ഞ് പോകുന്നത്രക്ക് ഹൈ സെൻസിറ്റീവായ പാർട്സിനാണ് കാദർക്ക ഒരു മൊന്ത കാന്താരി മൊളകിന്റെ വെള്ളം ഒഴിച്ചത്...!

അന്നക്കുട്ടിയുടെ അവസാന സമ്മാനം

അന്നക്കുട്ടിയുടെ അവസാന സമ്മാനമാണിപ്പോ എന്നെ ബാധിച്ച പ്രധാന പ്രശ്നം. ഞങ്ങൾ കൊറച്ച് നാളായി പ്രേമത്തിലായിരുന്നല്ലോ. എന്ന് വെച്ചിറ്റ് അതൊരു തമാശപ്രേമമായിരുന്നില്ല കേട്ടൊ. എന്നിറ്റ് നിങ്ങളെന്താ കല്യാണം കഴിച്ചില്ലെന്നല്ലേ ചോയിക്കുന്നേ.. ഞാൻ പോയി പെണ്ണ് ചോയിച്ചില്ലെന്നേയുള്ളൂ. ഇപ്പം വന്ന ആലോചന ഉറപ്പിക്കുന്ന സമയത്ത് അന്നക്കുട്ടി ഓളുടെ വീട്ടിൽ എന്റെ കാര്യം പറഞ്ഞിരുന്നു. പക്ഷേ അവർക്കതിൽ ഇഷ്ടാകാത്തത് കൊണ്ടാ കെട്ടാൻ പറ്റാണ്ടിരുന്നേ. ജോലിയുണ്ടായിട്ടും കാണാൻ മോശമല്ലാതിരുന്നിട്ടും അവർക്ക് എന്താപ്പാ എന്നെ പിടിക്കാതിരുന്നത്..? ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് ഞാൻ പറഞ്ഞിട്ടും അന്നക്കുട്ടി അതിനു ഒട്ടുമേ സമ്മതിച്ചില്ല. അപ്പനുമമ്മച്ചിയേം ഇട്ട് പോരാനാകില്ലെനാ ഓളുടെ അഭിപ്രായം. അതും ശരിയാപ്പാ.. ഇത്രയും കാലം പോറ്റി വളർത്തിയവരല്ലേ എന്നെക്കാളും വലുത്. അല്ലാതെ എന്റെ ചങ്ങാതിമാർ പറയുന്നത് പോലെ ഓളു പറ്റിച്ചതാണെന്ന് എനക്ക് തോന്നുന്നില്ല.
അവരു പറയുന്നത് ഞാൻ ഓളെ മുതലാക്കണമെന്നായിരുന്നു. വൃത്തികെട്ടവന്മാർ.. എനിക്ക് ഓളോട് ഒരിക്കലും അങ്ങനെ എന്തെങ്കിലും ചെയ്യാൻ തോന്നിയിറ്റില്ല. രാത്രി കുർബ്ബാനക്ക് പള്ളിയിൽ പോകാണ്ട് വീട്ടിലിരുന്ന് അന്നക്കുട്ടി എന്നെ അങ്ങോട്ടേക്ക് വിളിച്ചിട്ടുണ്ട്. അയ്യേ... ഞാൻ പോയില്ല. ആദ്യരാത്രി പരിശുദ്ധരാത്രിയായിരിക്കണം എന്നാണെന്റെ ഒരു വിശ്വാസം. പണ്ട് സിനിമക്ക് പോയപ്പോഴും ബീച്ചിൽ വെച്ചും പള്ളിപെരുന്നാളിന്റന്ന് കറന്റ് പോയപ്പോഴും ഞങ്ങൾക്കങ്ങനെ ചാൻസുണ്ടായിരുന്നു. അന്നക്കുട്ടിക്ക് ഇതിലൊക്കെ കൊറച്ച് ഇന്ററെസ്റ്റ് കൂടുതലാണെന്നാ എനിക്ക് തോന്നുന്നേ. ഇങ്ങോട്ട് തൊടാനും പിടിക്കാനുമൊക്കെ ഓളു നിക്കാറുണ്ട്. ഒരീസം ഓൾടെ വീട്ടുകാർ കല്യാണത്തിനു പോയി വെരാൻ ലേറ്റായ സമയത്ത് രാത്രി എന്നെ അങ്ങോട്ട് വിളിച്ചിരുന്നല്ലോ. വാതിൽ കടന്നതും ഓളു കേറി വന്നെന്നെ ഒറ്റക്കെട്ടിപ്പിടിക്കൽ.. ഞാനാകെ പേടിച്ച് വിറച്ച് ഓളെ ഉന്തിത്തള്ളി പൊറത്തേക്ക് ഒറ്റയോട്ടമായിരുന്നു. കല്യാണത്തിനു മുൻപ് അമ്മാതിരി പരിപാടിക്കൊന്നും എന്നെ കിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു അന്നക്കുട്ടിയെ കണ്ട ലാസ്റ്റ് ദിവസം. പുലൂപ്പി പള്ളിയുടെ പിന്നിലെ അണ്ടിക്കാട്ടിൽ. ഓൾക്ക് കല്യാണത്തിനു എന്റെ വക രണ്ട് പവനാ ഞാൻ കൊടുത്തത്. കൊറഞ്ഞ് പോയോന്ന് അറിയില്ല. ചുരിദാറും സാരിയും ഇടക്കിടക്ക് മുട്ടുമ്പം പൈസയുമായി കൊറേ ഞാൻ കൊടുത്തിട്ടുണ്ട്. അങ്ങനെ ഞാനിപ്പം കൊറച്ച് കടത്തിലായോണ്ടാ അല്ലേൽ ഒരു രണ്ട് പവൻ കൂടി കൊടുക്കാരുന്നു. അത് വാങ്ങിയിറ്റ് പിന്നേം ഓളെന്നെ ഉമ്മ വെക്കാൻ നിന്നു. ഞാൻ പറഞ്ഞ് പോ.. അന്നക്കുട്ടീ.. പോ.. എന്തിനാപ്പാ വെർതെ.... ഓളന്നേരം എന്നെ നോക്കിയ നോട്ടം... ഹോ.. എന്തൊരു ദേഷ്യാരുന്നു ആ മുഖത്ത്.. ചൊകന്ന് ചൊകന്ന്..
ഓളിങ്ങോട്ട് ആദ്യായിറ്റാ ഒരു സമ്മാനം തെരുന്നേ.. പൊളിച്ചത് മൊതൽ എനിക്കൊരു കൺഫ്യൂഷ്യം... എന്താ ഓളുദ്ദേശിക്കുന്നേന്ന്..
ഇതിന്നകത്തുള്ളത് ഒരു സ്ലേറ്റും പെൻസിലും... എനിക്കൊന്നും തിരിയുന്നില്ലെന്റെ പുണ്യാളച്ചാ... എന്താ ഈന്റെയൊക്കെ അർഥം..!

എ ലേറ്റ് മാൻ

മറ്റെല്ലാ ദിവസങ്ങളേയും പോലെയല്ലായിരുന്നു തായക്കണ്ടി ഒതാനേട്ടന്റെ മോൻ പ്രശാന്തന് അന്നേ ദിവസം. എന്നിട്ടും സാധാരണയിൽ നിന്നും ഒരു മണിക്കൂറോളം ലേറ്റായിട്ടാണ് തല പൊന്തിയത്. അതും പുറത്ത് ചങ്ങാതിമാർ കാറുമായി അന്വേഷിച്ച് വന്നപ്പോൾ അമ്മ പാറുവേച്ചി വാതിൽ അടിച്ച് പൊളിച്ചതിനാൽ മാത്രം. “എന്താമ്മേ..” ന്ന് പറഞ്ഞ് ചൂടായപ്പോളാണ് ഇന്ന് തന്റെ തട്ടിക്കൊണ്ട് വരൽ കല്യാണമാണല്ലോയെന്ന പകൽവെളിച്ചം പോലത്തെ ഞെട്ടിപ്പിക്കുന്ന ദു:ഖസത്യത്തിലേക്ക് പ്രശാന്തൻ കടന്നത്.
തലേന്നേ വീട്ടിൽ പറഞ്ഞ് പെർമിറ്റ് എടുത്തും താലിമാലബൊക്കെ വണ്ടിസാക്ഷികളെല്ലാം അറേഞ്ച് ചെയ്ത് വന്നപ്പോൾ പാതിരാവായിരുന്നു. ആയത് കൊണ്ടാണ് ഉറങ്ങിപ്പോയതെന്ന് തോന്നിയാൽ തെറ്റാണത്. ആളൊരു കുഴിമടിയനാണ്. അല്ലെങ്കിലും പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ ഇരിക്കുന്നവർക്കാണല്ലോ പ്രേമിക്കാൻ സമയമുള്ളത്.
പത്തരക്കും പതിനൊന്ന് മണിക്കുമാണ് മുഹൂർത്തം. മുഹൂർത്തം ശുഭയാണൊ മഞ്ജുവാണോ ഗീതയാണോ എന്നൊക്കെ വരുന്ന പെണ്ണാണല്ലോ തീരുമാനിക്കേണ്ടത്.
പത്തര മണി ആയതേയുള്ളൂ, അമ്പലത്തിലേക്ക് എമ്പതിൽ പോയാൽ കാൽമണിക്കൂറേയുള്ളൂ, ടൈമുണ്ട് എന്നത് കൊണ്ട് മടിപിടിച്ചിരുന്നില്ല, ക്ലോസറ്റിലിരുന്ന് പല്ലുതേപ്പും കുളിയുമടക്കം ത്രീ ഇൻ ഒൺ രീതിയിൽ കേവലം അഞ്ച് മിനിട്ട് കൊണ്ട് ചെയ്ത് തീർത്തു. പുറത്തിറങ്ങിയപ്പോൾ ചങ്ങാതിമാർ ഇലക്ഷൻ ജയിച്ച സ്ഥാനാർത്ഥിയെപ്പോലെ പൊക്കി കൊണ്ട് കാറിലിരുത്തി. മെല്ലെപ്പോയാൽ മതിയെന്നിട്ടും ഡ്രൈവർ എമ്പതും കഴിഞ്ഞ് നൂറിലാണ് വിട്ടത്, പക്ഷേ തടസ്സം ഒരു ആക്സിഡന്റിന്റെ രൂപത്തിൽ കാട്ടാമ്പള്ളി റോഡിനു കുറുകെ കിടക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും ബ്ലോക്ക് തീരാൻ ചാൻസില്ലെന്നത് കൊണ്ട് സ്റ്റെപ്പ് റോഡ് വഴി പത്ത് കിലോമീറ്റർ വളഞ്ഞ് പിന്നെയും രാവിലത്തെ യാത്രാത്തിരക്കുകളിൽ പെട്ട് അമ്പലത്തിൽ എത്തിയപ്പോൾ ടൈം പതിനൊന്ന് പി.എം. ഓവർ.
താലിമാലബൊക്കെകളെടുത്ത് വരനും ചങ്ങാതിമാരും ഓടി അമ്പലത്തിലേക്ക് കേറാനൊരുങ്ങുമ്പോൾ പ്രതിശ്രുത വധു അതാ മറ്റൊരുത്തനൊത്ത് വിവാഹിതയായി ഇറങ്ങി വരുന്നു..!
പ്രശാന്തനെ കണ്ടതും അവൾ ആദ്യം പൊട്ടിത്തെറിച്ചും പിന്നെ ലജ്ജാവതിയുമായി ഇങ്ങനെ പറഞ്ഞു. “കാണാൻ പറയുമ്പോഴും സിനിമക്ക് പോകാനായാലും എവിടെ പോകാനായാലും എപ്പോഴെങ്കിലും നീ സമയത്തിന് വന്നിട്ടുണ്ടോ... ഇതും അങ്ങനെയാകുമെന്ന് എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് ഞാൻ രമേശാട്ടനോടും കൂടി വരാൻ പറഞ്ഞിരുന്നു.. നിന്നെ കാണാഞ്ഞപ്പോ ഞങ്ങൾ കല്യാണം കഴിച്ചു..”
മനുഷ്യർ ഉണ്ടാക്കിയ വണ്ടികൾക്ക് സ്റ്റെപ്പിനി ഉണ്ടെങ്കിൽ ന്യൂജനറേറ്റർ കാലത്ത് മനുഷ്യർക്കും അതുണ്ടാകുമെന്ന് പ്രശാന്തൻ അറിയേണ്ടതായിരുന്നു.

വിശുദ്ധ പത്രോസ് പുണ്യാളൻ

വയറ്റിലോട്ട് പോകേണ്ടുന്ന വസ്തുക്കൾ ഉണ്ടാക്കേണ്ട ദ്രവീകൃത പെട്രോളിയം ഉൽപ്പന്നത്തിന്റെ അഭാവമായിരുന്നു പുറം കേരളത്തിൽ ജോലി ചെയ്ത് ജീവിക്കുന്ന ജയരാജനെന്ന ഉത്തമ ഭർത്താവ് തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ പത്രോസിനെ അർജന്റായി വിളിക്കാൻ കാരണം. ഒരു ഗ്യാസ് കുറ്റി എന്ത് വില കൊടുത്തും വീട്ടിലേക്ക് സംഘടിപ്പിച്ച് കൊടുക്കണമെന്ന ക്വട്ടേഷൻ മുൻപിൻ നോക്കാതെ പത്രോസ് ഏറ്റെടുക്കാൻ കാരണം സുഹൃത്തിന്റെ ഭാര്യയുടെ അംഗലാവണ്യമോ പ്രലോഭനചെറുകാറ്റിൽ എങ്ങോട്ടുമുലയാവുന്ന മെഴുകുതിരിനാളം പോലത്തെ സ്വഭാവമോ അല്ലായിരുന്നു. കുറേ കാലം കുടിപ്പള്ളിക്കൂടത്തിലും പിന്നെ കുറേ തവണ ബാർപള്ളിക്കൂടത്തിലും ഒന്നിച്ച് പെരങ്ങിയവർ എന്ന വറ്റിയ കിണറിന്റെ ആഴം പോലെ അത്യഗാധ ബന്ധം മാത്രം, അത്രേള്ളു.
ഗ്യാസ് വീട്ടിൽ കൊണ്ട്കൊടുക്കുന്ന നേരത്തും പത്രോസ് എന്ന വലിയ മനുഷ്യപ്പിറവി, സുഹൃത്തിന്റെ ഭാര്യ, സുഷമകുമാരിയെന്ന നിറയൌവനത്തിന്റെ മുഖത്തല്ലാണ്ട് നോക്കാതിരിക്കാൻ കാരണം അവൻ തേഡ് ജെൻഡർ ആയതോണ്ടൊന്നുമല്ല, നന്ദികേട് കാട്ടണ്ടല്ലോ എന്ന സദ്ചിന്ത കൊണ്ട് മാത്രം. പക്ഷേ പ്രസ്തുത കുമാരിക്ക് ഗണപതിക്ക് തേങ്ങയുടച്ച് വിട്ട ഇന്ത്യൻ റോക്കറ്റ് പോലെയായിരുന്നു ആ തുടക്കം. മരുന്ന് വാങ്ങാനും മൊബൈൽ വാങ്ങാനും മിക്സി നന്നാക്കാനും മഴവിൽ മനോരമക്ക് ചാർജ് ചെയ്യാനും പിന്നെ പിന്നെ മനസ്സ് പങ്ക് വെക്കുവാനുമൊക്കെയായി പത്രോസിന്റെ ഫോണിലേക്ക് അന്നു മുതൽ സുഷമ തുരുതുരാ തരംഗങ്ങളുണ്ടാക്കിവിട്ടു.
പത്രോസാണെങ്കിൽ ഇത്തരം വിളികൾക്കും മെസേജുകൾക്കും സ്വബോധമുള്ളപ്പോൾ ഹൃദയത്തിലിടം കൊടുത്തില്ലെങ്കിലും ചോരയിൽ മറ്റവൻ റിമിടോമി കളിക്കുമ്പോൾ ബിഗ് ക്ലാപ്പ് കൊടുക്കാറുണ്ടായിരുന്നു. പിറ്റേന്ന് വെറും പത്രോസ്സായിരിക്കുമ്പോൾ ഇന്നലെകളോർത്ത് പരിതപിച്ച് വീണ്ടും ഓട്ടോ തിരുനക്കരെ കൊണ്ട് വെക്കും. പക്ഷേ സുഷമകുമാരി ഇടക്കിടക്കിടക്ക് എസ്.എം.എസ്. പ്രണയ അമ്പുകൾ എയ്ത് പത്രോസിന്റെ തിരുഹൃദയത്തെ ചുട്ട് പൊള്ളിച്ച് കൊണ്ടിരുന്നു.
അന്നൊരു ദിവസം തൃസന്ധ്യയും ഒരു മണിക്കൂറും കഴിഞ്ഞ നേരത്ത് നന്നാക്കിയ മിക്സി കൊണ്ട് കൊടുത്ത് അരമതിലിൽ അടുത്തടുത്തിരുന്ന് സുഷമകുമാരിയുമായി ലോക്കൽ ചാറ്റിങ്ങ് നടത്തുന്ന നേരത്ത് കെ.എസ്.ഇ.ബി.ക്കാർ മാലോകർക്കും പത്രോസിനും കറന്റ് കട്ടാക്കി പണി കൊടുത്തു. കൂരിരുട്ട് അല്ലെങ്കിൽ അപ്പുറമിപ്പുറം പല്ലുകൾ കാണുന്ന സമയത്ത് സുഷമകുമാരിയുടെ മൃദുലകോമള പാണികൾ പത്രോസിന്റെ റൺവേ പോലത്തെ തൈസിൽ, സിഗ്നൽ ടവറിന്നടുത്തായി ക്രാഷ് ലാന്റിങ്ങ് നടത്തി. സിഗ്നൽ കിട്ടിയില്ലെങ്കിലും മൂവ് ചെയ്യാമെന്നിരിക്കെ പത്രോസ് തിരുമണ്ടൻ രണ്ടാമതൊന്ന് ചിന്തിക്കാതെ കൈ സ്ലോമോഷനിൽ എടുത്ത് മാറ്റി അൾട്രാ സ്ലോമോഷനിൽ പത്രോസ് നാഗവള്ളിയായി പുറത്തെ ഇരുട്ടിലൊരു ബിന്ദുവായലിഞ്ഞു. ആ സീനിനു അടൂർ പടങ്ങളോട് സാദൃശ്യം തോന്നാൻ മറ്റൊരു കാരണം രാത്രി സീനുകളിലെ ക്ലീഷേയായ ചീവീടുകളുടെ ഒച്ചപ്പാടായിരുന്നു.
ആ കറന്റ് കട്ടില്ലായിരുന്നെങ്കിൽ എന്ന് പിന്നീട് ഫീലിങ്ങ്സ് വരുന്ന സമയങ്ങളിലെല്ലാം പത്രോസ് ചിന്തിക്കാറുണ്ട്. പത്രോസിന്റെ സാമൂഹിക ജീവിതത്തിൽ അമ്മാതിരി ദ്രോഹമായിരുന്നു അതുണ്ടാക്കിയത്.
പിറ്റേന്ന് മുതൽ രാവിലെ വരുന്ന ഗുഡ് മോർണിങ്ങ്, ഫുഡിയോ ?, ഗുഡ് നൈറ്റ്സ്, ഉമ്മാസ് തുടങ്ങിയ കെയർ ആന്റ് കാതര മെസേജുകളും നീരു ചോരയാക്കുന്ന കാളുകൾ കിട്ടാത്തതിനാലും പത്രോസിന്റെ മൊബൈലിനു ഫുൾ റെസ്റ്റായിരുന്നു. ബാറ്ററി തൊണ്ണൂറിൽന്ന് ഒരിക്കലും താണില്ല. താൻ ചെയ്തതാണ് ശരിയെന്ന് പത്രോസ് ഹരിശ്ചന്ദ്രൻ വിശ്വസിച്ചു. പക്ഷേ ഇങ്ങോട്ട് വന്നൊരു സ്ത്രീ അഭയാർത്ഥിയെ പിണക്കിയത് വഴി മൂർഖന്റെ പകയെന്ന മിത്താണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അറിയാൻ പത്രോസ് ജ്യോത്സ്യനല്ലെന്നു മാത്രമല്ല, അവനതിലൊരു വിശ്വാസവുമുണ്ടായിരുന്നില്ലെ.
പിന്നീട് ഒരാവശ്യത്തിനും വിളിക്കാറില്ലെന്നു മാത്രമല്ല, പത്രോസിനെ നേരിൽ കണ്ടാൽ പോലും സുഷമ മൈൻഡാക്കാറില്ലെന്ന വിധത്തിൽ വേറെ പ്രശ്നമില്ലാതെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റുണ്ടായത്. സുഷമയുടെ വീടിന്റെ പിന്നിലെ ഇടവഴിയിൽ വെച്ച് സുഷമയും ആട്ടോക്കാരൻ സുനിമോനും ഒരു ഫുൾബോട്ടിൽ തണുത്ത വെള്ളവും ഒരു ഫുൾലോഡ് ചൂട് പ്രണയവും കൈമാറുന്നത് പത്രോസിന്റെ ദിവ്യദൃഷ്ടിയിലല്ല, നേർക്കാഴ്ചയിൽ കണ്ടു. അപ്രതീക്ഷിതമായി എത്തിയ പത്രോസുറുമ്പിന്റെ മുന്നിൽ രണ്ടു പേരും കഷ്ടപ്പെട്ട് സാധാരണ മനുഷ്യരായെങ്കിലും അതൊരു റോങ്ങ് മീറ്റിങ്ങാണെന്ന് മനസ്സിലാകാൻ സദാചാരപോലീസൊന്നും ആകണ്ടായിരുന്നു.
ഒക്കത്തിരുന്ന കിളി പറന്നു പോയി വേറെ ഇളമരക്കൊമ്പിലിരുന്നത് പത്രോസിനെ ചെറുതായി അലട്ടാൻ തുടങ്ങി. അത് പിന്നെ അങ്ങനെയാണല്ലോ കണ്ണുള്ളപ്പോൾ ആൾക്കാർക്ക് കണ്ണിന്റെ വിലയറിയില്ലല്ലോ. തത്ഫലമായി തന്റെ സ്വഭാവത്തിലെ ഹരിശ്ചന്ദ്രനെ വീട്ടിലിട്ട് പൂട്ടിയാണ് പത്രോസ് അന്ന് പുറത്തേക്കിറങ്ങിയത്. സുഷമ എതിരെ വന്നപ്പോൾ കുറച്ച് കാലമായി മിണ്ടാതിരുന്നാൽ അങ്ങോട്ട് കയറി “സുഖമല്ലേ....” എന്ന് വെർതെ ലോഗ്യം പറഞ്ഞു. അതിലെ നാലാമത്തെ അക്ഷരത്തിന്റെ ടോൺ വാക്കിന്റെ ടോട്ടാലിറ്റിയെ ബാധിക്കുന്നില്ലല്ലോയെന്നും നീട്ടൽ കൊറേ നീണ്ടുപോയോന്നും അതിലെന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലേന്നും സുഷമക്ക് തോന്നിയത് മനസ്സിലെ കള്ളത്തരം കൊണ്ടായിരുന്നു. പാവം പത്രോസ്..!
ഒരു മണിക്കൂർ കഴിഞ്ഞില്ല, ജയരാജന്റെ ഫോൺ നമ്പർ പത്രോസിന്റെ മൊബൈലിലും വാക്കുകൾ തലയിലും മിന്നൽ പോലെ പതിച്ചു.
“എന്റെ ഓളോട് സുഖമല്ലേന്ന് ചോദിക്കാൻ നീയാരാടാ.. ഓളുടെ സുഖം നോക്കാൻ ഞാനുണ്ട്.. നീ നോക്കണ്ടാ കേട്ടോ..” ജയരാജൻ അലറി.
“എടാ.. ഞാൻ വെറുതെ ലോഗ്യം ചോദിച്ചതാ..” പത്രോസ് കുതറി.
“അന്ന് കറന്റ് പോയപ്പോൾ നീ ഓളെ കേറിപ്പിടിക്കാൻ നോക്കിയില്ലേടാ.. ഓളെല്ലാം എന്നോട് പറഞ്ഞിറ്റ്ണ്ട്... ഇന്നത്തോടെ നിർത്തിക്കോളണം... @#$%&...”
ഫോൺ കട്ടായിട്ട് കൊറേ നേരം കഴിഞ്ഞിട്ടാണ് പത്രോസിനു ബോധം വീണത്. നമ്മൾ മൂന്നു പേരും മാത്രം അറിയുന്ന ബിഗ് ഡിബേറ്റാണു മറന്നേക്കാം എന്ന് ആശ്വസിച്ച പത്രോസിനു തെറ്റി. സുഷമകുമാരിയുടെ കുടുംബശ്രീമീറ്റിങ്ങുകൾ പത്രോസിന്റെ പ്രലോഭനഗാഥകൾ ഒരു പേജിനു പത്ത് പേജായി കോപ്പി ചെയ്ത് കൊണ്ടിരുന്നു.
ഇവിടെ വെച്ചാണ് ഞങ്ങൾ സുഹൃത്തുക്കൾ കഥയിൽ ഇടപെടുന്നത്. രാത്രി കുന്നിൻപുറത്തെ അതിഥിയായി വസ്തുതാന്വേഷണത്തിനും വിശദീകരണത്തിനുമായി പത്രോസിനെ ഞങ്ങൾ ക്ഷണിച്ചു. രണ്ട് പെഗ് ബോഡിയിൽ ലയിച്ചപ്പോൾ പത്രോസ് എഴുന്നേറ്റ് നിന്ന് ഫോണെടുത്ത് പറഞ്ഞു. ഫിറ്റാകണ്ട തരത്തിലുണ്ടെങ്കിലും അവന്റെ ശബ്ദത്തിലതൊന്നും കണ്ടില്ല.
“ഓളെ പൂട്ടേണ്ട സകല തെളിവും ഇതിലുണ്ട്.... “
“പിന്നെന്തിനാടാ നീ അതൊന്നും ആരോടും പറയാത്തേ... ജയൻ വന്നാൽ ഇത് അവനു കാണിച്ച് കൊടുക്കണം..”
“വേണ്ടാ.. അത് ഞാൻ ചെയ്യില്ല...”
“എന്താ...”
“എത്ര സഹിച്ചും കഷ്ടപ്പെട്ടുമാണു ആളുകൾ ഒരു കുടുംബം കൊണ്ട് പോകുന്നതെന്ന് അറിയാമോ.. ഇപ്പോ എനിക്ക് വേണമെങ്കിൽ എന്റെ സൽപ്പേര് പുന:സ്ഥാപിക്കാം, പക്ഷേ അത് ഒരു കുടുംബം പിരിയാൻ കാരണമാകും.. അവരുടെ കുട്ടികൾ.. ജീവിതം.. ഒക്കെ പോകില്ലേ..”
പെട്ടെന്ന് ഞങ്ങൾക്കിടയിൽ വ്യാപിച്ച മൌനത്തെ വകഞ്ഞ് മാറ്റി ആരോ അശരീരീ പോലെ ഇങ്ങനെ ഉരുവിട്ടു..
“പത്രോസേ.. നീയാണു യഥാർത്ഥ മനുഷ്യൻ.. നീയാണു വാഴ്ത്തപ്പെടേണ്ടവൻ.. മരണ ശേഷമല്ല, ഇപ്പോൾ തന്നെ നീ വിശുദ്ധപദവി നേടിയിരിക്കുന്നു..”
അപ്പറഞ്ഞതിന്റെ ശരിയെന്നോണം പത്രോസിന്റെ തലക്ക് ചുറ്റും പൂർണചന്ദ്രൻ ഒരു കിർലിയൻ ഫോട്ടോചിത്രത്തിലേത് പോലെ ചേർന്നു വന്നു നിന്നു.

മെയ്ക്ക് ഓവർ

മെയ്ക്ക് ഓവർന്നു പറഞ്ഞാൽ അദാണ്.
ആനന്ദവവല്ലി പതുക്കെ വന്ന് മുന്നിൽ നിന്നിട്ടും രണ്ട് വർഷത്തോളം അടുത്തടുത്ത സീറ്റിൽ ഇരുന്ന് ജോലി ചെയ്ത രതീഷിനോ വിനോദനോ ആളെ മനസ്സിലായില്ല. ഒരു വെള്ളി കഴിഞ്ഞ് തിങ്കൾ ആയതേ ഉണ്ടായിരുന്നുള്ളൂ. അതിന്നിടയിലാണ് ആനന്ദവല്ലിക്ക് മേക്കോവർ ചെയ്യാൻ തോന്നിയത്.
ടെലിഫോൺ വയർ പോലെ ചുരുണ്ട മുടി അടിച്ച് പരത്തി സ്ട്രെയ്റ്റൻ ചെയ്തതും, ഷാൾ ലെസ്സ് ചെസ്റ്റും, കൈയ്യില്ലാത്ത ചുരിദാറും മങ്കി ബലൂൺ പോലത്തെ ലെഗ്ഗിങ്ങ്സും കട്ടിക്കറുപ്പ് കണ്ണടയും ആനന്ദവല്ലിയെ അത്രക്ക് മാറ്റിക്കളഞ്ഞിരുന്നു.
മുഖത്തോട്ട് നോക്കി ചിരിച്ചിട്ടും ഹലോന്ന് ലോഗ്യം പറഞ്ഞിട്ടും രണ്ടാളുടെ മനസ്സിലും ഇതാരാണപ്പാ എന്ന സംശയവാതിൽ തുറക്കപ്പെട്ടില്ല. അന്നേരമൊരു ഫോൺ വിളി വന്നതിനാൽ മുന്നിലെ സ്ത്രീരത്നം അത് അറ്റൻഡ് ചെയ്യാൻ പിൻതിരിഞ്ഞപ്പോൾ രണ്ടു പേരും ഒരൊറ്റ വായിൽ ഒരൊറ്റ ശബ്ദത്തിൽ ആശ്ചര്യപ്പെട്ടു.

“അയ്യോ ഇത് ആനന്ദവല്ലിയല്ലേ...!!“

ഫോർ ജി പ്രണയം

വാട്സാപ്പിൽ അബദ്ധവശാൽ വഴിതെറ്റി വന്നൊരു പ്രണയസന്ദേശമായിരുന്നു കാലമിത്രയും തന്റെ ചങ്കും കരളുമായി കൊണ്ട് നടന്നിരുന്ന പ്രിയമാനതോഴി റോജാകുമാരിയെ സംശയലിസ്റ്റിൽ പെടുത്തുവാൻ കാമുകൻ ശരത്കുമാറിന് തോന്നിയത്.
വളരെ കടുപ്പപ്പെട്ടതും പ്രണയം നിറഞ്ഞ് നുരഞ്ഞ് പതയുന്നതുമായ അത്തരമൊരെണ്ണം തനിക്കിത് വരെ അവൾ അയച്ചിട്ടില്ലല്ലോ എന്നതിൽ നിന്നും പ്രസ്തുത കുമാരിയുടെ ലപ്പിന്റെ ഡെപ്ത് കുമാരനു പെട്ടെന്നു പിടികിട്ടി. ഹാർഡ് കോപ്പി പോലൊരു സുവ്യക്തവും ശക്തവുമായൊരു തെളിവ് കിട്ടിയിട്ടും ഹാർട്ട് പപ്പടം പോലെ പൊട്ടിച്ചിതറിയിട്ടും അവളെ വിളിച്ച് തെറിപറയാനോ അടികൂടാനോ കാമുകനു തോന്നിയില്ല. കൂടുതൽ ശക്തമായ തെളിവുശേഖരണത്തിനായി ആൽത്തറമുക്കിലെ തന്റെ കൂട്ടുകാരോട് ഇത് വരെ പറയാതിരുന്ന തന്റെ പ്രണയം വെളിപ്പെടുത്തുകയും പൊതു അഭിപ്രായം തേടുകയുമാണ് ആ സീരിയസ് പ്രണയദേവൻ ചെയ്തത്.
ഇടിവെട്ടുമ്പോ കുമിൾ പൊന്തുന്നത് പോലെ അന്നേരം രണ്ട് പേരുകൾ കൂടി റോജാകുമാരിയുടെ അക്കൌണ്ടിൽ ചേർക്കപ്പെട്ടു. അതും ദൃക്സാക്ഷികളുടെ സത്യവാങ്ങ്മൂലം സഹിതം. ഞാനും പിന്നെ വേറെ മൂന്ന് പേരെ കൂടി ഹൃദയത്തിൽ ആവാഹിച്ചിട്ടാണ് ഇത്രയും നാൾ ആ കശ്മല തന്റെ ഐസ്ക്രീമും ചുരിദാറും ചോക്ലേറ്റും സമ്മാനങ്ങളും ഫോൺ വിളികളുമായി സഹകരിച്ചതെന്ന് ഓർത്തപ്പോ പാവം ശരത്കുമാരകാമുകന് അവളെ വിളിക്കാതെ നിൽക്കാനോ ഇരിക്കാനോ കിടക്കാനോ ആയില്ല.
“നിനക്ക് വേറെ മൂന്ന് പേരോടും ഇഷ്ടമുണ്ടായിരുന്നല്ലേ...” എന്ന ചോദ്യത്തിന് കുമാരി ആദ്യം ഭയങ്കരമായി ദേഷ്യപ്പെട്ട് നിഷേധിക്കുകയും ഫോൺ വിളി വെട്ടിമുറിക്കുകയും ചെയ്തെങ്കിലും നേരത്തെ സമാഹരിച്ച വാങ്ങ്മയ ദൃശ്യങ്ങളുടെ ബലത്തിൽ അവൻ വാദിച്ചപ്പോൾ പിന്നെ അവൾക്ക് ചുമരിൽ പിടിക്കാണ്ട് നിക്കാനായില്ല.
കലിപ്പിളകിയ ആ പ്രണയാന്വിതൻ സങ്കടക്കനം കൊണ്ട് പലതും കലമ്പി വിതുമ്പി പുലമ്പിയെങ്കിലും അവളല്ലാതെ ഒരുത്തിയുടെ വിഗ്രഹം തന്റെ ഹൃദയാമ്പലത്തിൽ വെച്ചാൽ സ്വർണപ്രശ്നത്തിൽ ഉടക്കുണ്ടാകുമെന്ന് കണ്ട് അങ്ങോട്ട് പറഞ്ഞ തെറികൾക്കെല്ലാം കണ്ടമാനം സോറി പറഞ്ഞും കണ്ണുനീരിറ്റ് വീഴുന്ന ഇമോജികളെയ്തും കോമ്പ്രമൈസാക്കി.
എന്നാലും അവസാനം വെടിക്കോപ്പുകൾ പൊട്ടിത്തീർന്ന്, വാക്കുകൾ ഒലിച്ച് തീർന്ന നിശബ്ദനേരത്ത് അവനിങ്ങനെ പറയാണ്ടിരിക്കാനായില്ല.
“എങ്ങനെ സാധിക്കുന്നു ഒരേ സമയം നാലു പേരെ പ്രേമിക്കാൻ.. വെറുതെയല്ല ഹൃദയത്തിന് നാലറകൾ ഉണ്ടെന്ന് പറയുന്നത് അല്ലേ..?”
“ആരു പറഞ്ഞു കുമാരേട്ടാ നാലറയാണെന്ന്...” റോജാകുമാരി ചരിത്രത്തെയും ശാസ്ത്രത്തെയും പാഠപുസ്തകങ്ങളെയും ഒരേനിമിഷം വെല്ലുവിളിച്ചു.
“അങ്ങനെയല്ലേ സ്കൂളിൽ പഠിച്ചത്...”
“നാലറയല്ല, നാലു ജി.ബി.യാ..”
“അപ്പോ.....?!!!!???”
“ഉം.. അതെന്നെ..”

തിരിച്ചറിയൽ പരേഡ്

കല്യാണ വീട്ടിൽ മുഖത്തോട് മുഖം മുട്ടിയിട്ടും തന്റെ പേഷ്യന്റായ കുഞ്ഞിരാമൻ മൈൻഡാക്കാത്തതിൽ മൂലക്കുരു ചികിത്സാവിദഗ്ദൻ മൊയ്ദീൻ ബാഷയ്ക്ക് ചെറുതായിട്ട് ഒരു സങ്കടം പൊടിഞ്ഞു. അങ്ങോട്ട് ചിരിച്ചിട്ടും രോഗി ഒട്ടുമേ തിരിച്ചറിഞ്ഞ ഭാവമില്ല.
തന്റെ ചികിത്സാ പിഴവാണോ കാരണമെന്ന ഒരു സംശയം ആ പാവം വൈദ്യനിൽ പതുക്കെ തിങ്ങിനിറഞ്ഞു. അതിന്റെ മൂർദ്ധന്യത്തിലാണ് “എന്താടോ ഞാളെ അറിയ്വോ...?” എന്നുരിയാടാൻ തോന്നിയത്.
“അയ്യോ ഡോക്ടറെ.. അറിയാണ്ട് പിന്നെ..”
“എന്നിറ്റാ നീ മിണ്ടാണ്ടിരിക്കുന്നത്..?”

കുഞ്ഞിരാമൻ മടിച്ച് മടിച്ച് പറഞ്ഞു. “അത് പിന്നെ.. ഞാൻ ബിജാരിച്ച്.. ഡോക്ടർക്ക് മുഖം കണ്ടാൽ ആളെ തിരിയൂലാന്ന്..”

സ്പെഷ്യൽ ചായ

ഇരുന്നൂറ് ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രമ്മിലെ വെള്ളം മുഴുവനും കൊണ്ടാണ് കുളിച്ചത്, ഒരു കട്ട സോപ്പും രണ്ട് ഫെയർ ആന്റ് ലവ്ലിയും ഉരച്ചും പെരട്ടിയും തീർത്തു, എന്നിട്ടും ജന്മസിദ്ധമായ കറുപ്പിന് വലിയ കുറവൊന്നും വന്നിട്ടില്ല. വായ്നാറ്റം അകറ്റാൻ വായിൽ പേസ്റ്റ് അരമണിക്കൂർ പിടിച്ച് നിർത്തി ഗാർഗിൾ ചെയ്തു, അത് ഏറ്റെന്ന് തോന്നുന്നു പിന്നെ കൈ വെച്ച് നോക്കിയപ്പോൾ നാറ്റമില്ല. അപ്പോ അർജുനന് ഒരു ആത്മവിശ്വാസം തോന്നി. വെള്ളമുണ്ടും ഷർട്ടുമെടുത്തിട്ട് ഒരു ബോട്ടിൽ പെർഫ്യൂം മുഴുവനും ബോഡിയിൽ പ്രയോഗിച്ചു തീർത്തു. എന്നിട്ട് കിടക്കയിലെ പുതിയ ഷീറ്റിന് ചുളിവുകളില്ലെന്ന് കൺഫേമാക്കി കട്ടിലിൽ കൈ കുത്തി ആദ്യരാത്രിയെ വാം വെൽകം ചെയ്യാനൊരുങ്ങി. അപ്പോഴാണ് ഭീമാട്ടൻ അകത്തേക്ക് വന്നത്.
“എന്താ മോനേ.. ഇന്ന് കുളിച്ച ലക്ഷണമുണ്ടല്ലോ..”
ഈ പണ്ടാരക്കാലനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നതെന്ന് വിചാരിച്ച് ആദ്യരാത്രി ഒടക്കാൻ നിക്കണ്ടാന്ന് കരുതി മിണ്ടാണ്ടിരുന്നു.
“എന്താ ഒരു മൂഡോഫ്.. പെഗ് ഒന്നും കിട്ടിയില്ലേ..”
“ഇന്നെന്റെ ആദ്യ രാത്രിയാ ഡേഷേ… ഒന്ന് പോയി തന്നാട്ടെ…” അർജുനന് കലിപ്പിളകി.
“ബുഹഹഹ…. “ എന്ന് അലറിച്ചിരിച്ച് ഭീമൻ കട്ടിലിളക്കി.
“നീയെന്തിനാ കോപ്പേ ഇളിക്കുന്നേ.. ഓളെ അച്ഛൻ ഒറ്റയേറിന് തേങ്ങ ഇടുന്നോന് എന്റെ മോളെ കെട്ടിച്ച് തരുമെന്ന് പറഞ്ഞ് ബെറ്റില് ഞാനല്ലേ ജയിച്ചിറ്റുള്ളൂ.. നീയൊക്കെ എറിഞ്ഞ കല്ല് ആ തെങ്ങിന്റെ പരിസരത്തേ പോയിറ്റില്ല്ലല്ലോ.. ഞാൻ കൊണ്ടന്ന പെണ്ണ് അകത്തുണ്ട് പിന്നെന്താ എനക്ക് ആദ്യരാത്രിയുണ്ടാവൂലേ…”
“ഹീ ഹീ..ഹീ… “ഭീമന്റെ ചിരി സീരിയൽ പോലെ അനന്തമായി നീണ്ടു.
“നീയെന്താ മരപ്പൊട്ടാ ഇളിക്കുന്നേ..”
“ഹീ… ഹീ.. ഹീ… നീയൊന്നും ബിജാരിക്കല്ല… ഹിഹി.. നിന്റെ പ്ലാനൊക്കെ പൊട്ടി പോയെടാ..”
“അതെങ്ങനെ… ഓള് ഒളിച്ചോടിപ്പോയാ..”
“അതാണേങ്കിൽ എത്ര നന്നായിരുന്നു..”
“പിന്നെന്താ..”
“എടാ.. നമ്മളിപ്പം നിക്കുന്ന വീട്.. സ്ഥലം… കാറ്.. ലോണ്… എല്ലാം നമ്മളെല്ലാരും ഒന്നിച്ചല്ലേ വാങ്ങിയത്..”
“അതെ..”
“നമ്മളെ വീട്ടില് ഇപ്പം ഒരടുക്കളയല്ലേ ഉള്ളൂ..:“
“അതെ..”
“നമ്മളെല്ലാം ഓരോ കല്യാണം കഴിച്ച് കൊണ്ടന്നാൽ അഞ്ച് പെണ്ണുങ്ങൾ ഈ വീട്ടിൽ വന്നാ ഇതൊക്കെ പിറ്റേന്ന് അടി തുടങ്ങൂലേ..”
“അതും ശരിയാ…”
“അത് കൊണ്ട് ഇപ്പം നീ കെട്ടിക്കൊണ്ടന്ന ഓള് മതി എല്ലാർക്കും എന്നാ തീരുമാനം..”
“ഫാ… ഇതാരു പറഞ്ഞു..”
“അമ്മ… പറഞ്ഞു..”
“അമ്മയോ... !@#$%^^^@!@#$!@#$!@#$!#…” അർജുനൻ കലിപ്പ് ചുമരിന്റെ മേൽ തീർത്തു… ഭീമൻ ചിരിയമർത്തി നിഗൂഢസ്മിതനായി.
“എന്നാൽ പോട്ടെ,, ഇന്ന് എനിക്ക് ആദ്യ രാത്രി കഴിക്കുന്നതിൽ പ്രശ്നമില്ലല്ലോ..”
“അതുണ്ട് അനിയാ.. മൂത്തവർക്കാ സീനിയോരിറ്റി എന്നത് നീ മറന്നോ.. ആദ്യത്തെ കൊല്ലം യുധിയേട്ടന്.. പിന്നത്തെ കൊല്ലം എനക്ക്.. എന്നിറ്റേ നിനക്ക് ആ രാത്രി ഉണ്ടാവൂ മോനേ.. അതും കയിഞ്ഞ് ചെക്കന്മാർക്ക്..”
“എന്റെ അമ്മ പണ്ടാരത്തള്ളേനെ ഞാനിന്ന് കൊല്ലും…”
“അത് നടക്കൂല മോനേ.. എന്റെ കൈ മാങ്ങ പറിക്കാൻ പോയിറ്റൊന്നുമില്ല..”
ഭീമനോട് അടിച്ച് നിക്കാനുള്ള കപ്പാസിറ്റിയില്ലാത്തതിനാൽ അർജുനൻ ഡെസ്പായി കട്ടിലിൽ സൈഡായി.
പിന്നെ മെല്ലെ ചോദിച്ചു.
“അപ്പോ ആദ്യത്തെ കൊല്ലം ചേട്ടന്റെ കയിഞ്ഞ്..”
“കയിഞ്ഞ്…”
“ഓളെ പേറും കയിഞ്ഞ്, നിങ്ങളതും പേറും കയിഞ്ഞേ എനക്ക് കിട്ടൂ.. അല്ലേ…”
“അതേഡാ… അത്രേള്ളൂ.. ഹിഹിഹി..”
“അപ്പോ എനക്ക് ഇനി ഓളെ കിട്ടണെങ്കില് മിനിമം നാലു കൊല്ലം കയ്യണം.. അല്ലേ..”
“അതെ അനിയാ…” ഭീമന്റെ ചിരി നിൽക്കുന്നേയില്ല.. അർജുനൻ ബാഗെടുത്ത് ഷർട്ടും പാന്റുമൊക്കെ പാക്ക് ചെയ്യാൻ തുടങ്ങി.
“നീ ഏട്യാ പോന്നേ..”
“നടത്തറ വിലാസിനീന്റട്ത്ത്.. നാലു കൊല്ലം കയിഞ്ഞ് കാണാം.. ആരെങ്കിലും ചോയിച്ചാൽ ഞാൻ കുന്നുമ്മൽ ശിവന്റട്ത്ത് പുതിയ അടവ് പഠിക്കാൻ പോയിനെന്ന് പറഞ്ഞാ മതി..”
“രണ്ടും ഒന്ന് തന്നെടാ അനിയാ.. നീ പോയി വാ..”

പുതിയ ഫാരതം

ഇരുന്നൂറ് ലിറ്ററിന്റെ പ്ലാസ്റ്റിക് ഡ്രമ്മിലെ വെള്ളം മുഴുവനും കൊണ്ടാണ് കുളിച്ചത്, ഒരു കട്ട സോപ്പും രണ്ട് ഫെയർ ആന്റ് ലവ്ലിയും ഉരച്ചും പെരട്ടിയും തീർത്തു, എന്നിട്ടും ജന്മസിദ്ധമായ കറുപ്പിന് വലിയ കുറവൊന്നും വന്നിട്ടില്ല. വായ്നാറ്റം അകറ്റാൻ വായിൽ പേസ്റ്റ് അരമണിക്കൂർ പിടിച്ച് നിർത്തി ഗാർഗിൾ ചെയ്തു, അത് ഏറ്റെന്ന് തോന്നുന്നു പിന്നെ കൈ വെച്ച് നോക്കിയപ്പോൾ നാറ്റമില്ല. അപ്പോ അർജുനന് ഒരു ആത്മവിശ്വാസം തോന്നി. വെള്ളമുണ്ടും ഷർട്ടുമെടുത്തിട്ട് ഒരു ബോട്ടിൽ പെർഫ്യൂം മുഴുവനും ബോഡിയിൽ പ്രയോഗിച്ചു തീർത്തു. എന്നിട്ട് കിടക്കയിലെ പുതിയ ഷീറ്റിന് ചുളിവുകളില്ലെന്ന് കൺഫേമാക്കി കട്ടിലിൽ കൈ കുത്തി ആദ്യരാത്രിയെ വാം വെൽകം ചെയ്യാനൊരുങ്ങി. അപ്പോഴാണ് ഭീമാട്ടൻ അകത്തേക്ക് വന്നത്.
“എന്താ മോനേ.. ഇന്ന് കുളിച്ച ലക്ഷണമുണ്ടല്ലോ..”
ഈ പണ്ടാരക്കാലനെന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നതെന്ന് വിചാരിച്ച് ആദ്യരാത്രി ഒടക്കാൻ നിക്കണ്ടാന്ന് കരുതി മിണ്ടാണ്ടിരുന്നു.
“എന്താ ഒരു മൂഡോഫ്.. പെഗ് ഒന്നും കിട്ടിയില്ലേ..”
“ഇന്നെന്റെ ആദ്യ രാത്രിയാ ഡേഷേ… ഒന്ന് പോയി തന്നാട്ടെ…” അർജുനന് കലിപ്പിളകി.
“ബുഹഹഹ…. “ എന്ന് അലറിച്ചിരിച്ച് ഭീമൻ കട്ടിലിളക്കി.
“നീയെന്തിനാ കോപ്പേ ഇളിക്കുന്നേ.. ഓളെ അച്ഛൻ ഒറ്റയേറിന് തേങ്ങ ഇടുന്നോന് എന്റെ മോളെ കെട്ടിച്ച് തരുമെന്ന് പറഞ്ഞ് ബെറ്റില് ഞാനല്ലേ ജയിച്ചിറ്റുള്ളൂ.. നീയൊക്കെ എറിഞ്ഞ കല്ല് ആ തെങ്ങിന്റെ പരിസരത്തേ പോയിറ്റില്ല്ലല്ലോ.. ഞാൻ കൊണ്ടന്ന പെണ്ണ് അകത്തുണ്ട് പിന്നെന്താ എനക്ക് ആദ്യരാത്രിയുണ്ടാവൂലേ…”
“ഹീ ഹീ..ഹീ… “ഭീമന്റെ ചിരി സീരിയൽ പോലെ അനന്തമായി നീണ്ടു.
“നീയെന്താ മരപ്പൊട്ടാ ഇളിക്കുന്നേ..”
“ഹീ… ഹീ.. ഹീ… നീയൊന്നും ബിജാരിക്കല്ല… ഹിഹി.. നിന്റെ പ്ലാനൊക്കെ പൊട്ടി പോയെടാ..”
“അതെങ്ങനെ… ഓള് ഒളിച്ചോടിപ്പോയാ..”
“അതാണേങ്കിൽ എത്ര നന്നായിരുന്നു..”
“പിന്നെന്താ..”
“എടാ.. നമ്മളിപ്പം നിക്കുന്ന വീട്.. സ്ഥലം… കാറ്.. ലോണ്… എല്ലാം നമ്മളെല്ലാരും ഒന്നിച്ചല്ലേ വാങ്ങിയത്..”
“അതെ..”
“നമ്മളെ വീട്ടില് ഇപ്പം ഒരടുക്കളയല്ലേ ഉള്ളൂ..:“
“അതെ..”
“നമ്മളെല്ലാം ഓരോ കല്യാണം കഴിച്ച് കൊണ്ടന്നാൽ അഞ്ച് പെണ്ണുങ്ങൾ ഈ വീട്ടിൽ വന്നാ ഇതൊക്കെ പിറ്റേന്ന് അടി തുടങ്ങൂലേ..”
“അതും ശരിയാ…”
“അത് കൊണ്ട് ഇപ്പം നീ കെട്ടിക്കൊണ്ടന്ന ഓള് മതി എല്ലാർക്കും എന്നാ തീരുമാനം..”
“ഫാ… ഇതാരു പറഞ്ഞു..”
“അമ്മ… പറഞ്ഞു..”
“അമ്മയോ... !@#$%^^^@!@#$!@#$!@#$!#…” അർജുനൻ കലിപ്പ് ചുമരിന്റെ മേൽ തീർത്തു… ഭീമൻ ചിരിയമർത്തി നിഗൂഢസ്മിതനായി.
“എന്നാൽ പോട്ടെ,, ഇന്ന് എനിക്ക് ആദ്യ രാത്രി കഴിക്കുന്നതിൽ പ്രശ്നമില്ലല്ലോ..”
“അതുണ്ട് അനിയാ.. മൂത്തവർക്കാ സീനിയോരിറ്റി എന്നത് നീ മറന്നോ.. ആദ്യത്തെ കൊല്ലം യുധിയേട്ടന്.. പിന്നത്തെ കൊല്ലം എനക്ക്.. എന്നിറ്റേ നിനക്ക് ആ രാത്രി ഉണ്ടാവൂ മോനേ.. അതും കയിഞ്ഞ് ചെക്കന്മാർക്ക്..”
“എന്റെ അമ്മ പണ്ടാരത്തള്ളേനെ ഞാനിന്ന് കൊല്ലും…”
“അത് നടക്കൂല മോനേ.. എന്റെ കൈ മാങ്ങ പറിക്കാൻ പോയിറ്റൊന്നുമില്ല..”
ഭീമനോട് അടിച്ച് നിക്കാനുള്ള കപ്പാസിറ്റിയില്ലാത്തതിനാൽ അർജുനൻ ഡെസ്പായി കട്ടിലിൽ സൈഡായി.
പിന്നെ മെല്ലെ ചോദിച്ചു.
“അപ്പോ ആദ്യത്തെ കൊല്ലം ചേട്ടന്റെ കയിഞ്ഞ്..”
“കയിഞ്ഞ്…”
“ഓളെ പേറും കയിഞ്ഞ്, നിങ്ങളതും പേറും കയിഞ്ഞേ എനക്ക് കിട്ടൂ.. അല്ലേ…”
“അതേഡാ… അത്രേള്ളൂ.. ഹിഹിഹി..”
“അപ്പോ എനക്ക് ഇനി ഓളെ കിട്ടണെങ്കില് മിനിമം നാലു കൊല്ലം കയ്യണം.. അല്ലേ..”
“അതെ അനിയാ…” ഭീമന്റെ ചിരി നിൽക്കുന്നേയില്ല.. അർജുനൻ ബാഗെടുത്ത് ഷർട്ടും പാന്റുമൊക്കെ പാക്ക് ചെയ്യാൻ തുടങ്ങി.
“നീ ഏട്യാ പോന്നേ..”
“നടത്തറ വിലാസിനീന്റട്ത്ത്.. നാലു കൊല്ലം കയിഞ്ഞ് കാണാം.. ആരെങ്കിലും ചോയിച്ചാൽ ഞാൻ കുന്നുമ്മൽ ശിവന്റട്ത്ത് പുതിയ അടവ് പഠിക്കാൻ പോയിനെന്ന് പറഞ്ഞാ മതി..”
“രണ്ടും ഒന്ന് തന്നെടാ അനിയാ.. നീ പോയി വാ..”

വെരി ഷോർട്ട് ലൈഫ് ഫിലിം

സീൻ ഒന്ന് രാത്രി (ഇൻഡോർ)
(മിഡിൽ ഈസ്റ്റിലേയോ മറ്റേതെങ്കിലും പുറം രാജ്യത്തെയോ ഒരു വാടക മുറി. ഒരു കട്ടിലിൽ എന്തോ വായിച്ചു കൊണ്ട് ഒരാൾ കിടക്കുന്നുണ്ട്. മധ്യവയസ്കനായ അൽപ്പം കഷണ്ടി കയറിയ ഒരാൾ ഫോണിൽ സംസാരിക്കുന്നു. മറുതലക്കൽ നിന്നുള്ള ഒരു സ്ത്രീ ശബ്ദവും കേൾക്കാം)
“ഹലോ.. രജനീ.. ഞാനാ..“
രജനി : “ആ വിശ്വേട്ടാ.. റൂമിലെത്തിയോ..? ഭക്ഷണം കഴിച്ചോ..”
വിശ്വൻ: “ആ തിന്നു.. ചപ്പാത്തിയും വെജിറ്റബിൾ കറിയും.. നീ എന്താ ആട ചെയ്യ്ന്നത്.. ഒച്ചപ്പാട് കേക്കുന്ന്..:“
രജനി : “ഞാൻ അടുക്കളേലാ വിശ്വാട്ടാ.. പാത്രം കഴുക്വാ..”
വിശ്വൻ : “ഇപ്പോ ആട പതിനൊന്ന് മണിയായില്ലേ.. എന്നിറ്റും പണി തീർന്നില്ലേ..”
രജനി : “നിങ്ങക്ക് നമ്മളെ കഷ്ടപ്പാട് എന്തെങ്കിലും അറിയണോ.. അടുക്കള പണി, തുണി അലക്കൽ, പാത്രം കഴുകൾ എല്ലാം കയ്യുമ്പം ഈ സമയാകും..”
വിശ്വൻ : “ഹം.. എന്നാ നാളെ വിളിക്കാം.. ഞാൻ കിടക്കട്ടെ..”
രജനി : “ശരി വിശ്വേട്ടാ...”
(വിശ്വേട്ടൻ എന്ന പുരുഷൻ തിരിഞ്ഞ് സഹമുറിയനോട്)
വിശ്വൻ : “പാവം.. അവൾക്കവിടെ ഭയങ്കര പണിയാണ്.. അടുത്ത മാസം ഓൾക്കൊരു വള വാങ്ങിക്കൊടുക്കണം..”
(അപ്പോളേക്കും ഉറങ്ങിക്കഴിഞ്ഞിരുന്ന സഹമുറിയനെ ഒന്ന് നോക്കി വിശ്വനും കട്ടിലിലേക്ക്)

സീൻ രണ്ട് (എ) പകൽ (ഔട്ട് ഡോർ)
(ചെറിയൊരു നഗരം. ഒരു ലോഡ്ജിൽ നിന്നുമിറങ്ങുന്ന ഒരു കാർ. അതിൽ ഒരു ചെറുപ്പക്കരനും യുവതിയും ഇരിക്കുന്നുണ്ട്. കാർ അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ നിർത്തുന്നു.
ചെറുപ്പക്കാരൻ : “രജനി ഇവിടെ ഇരിക്ക്.. ഞാനിപ്പം വരാം..”
(പിൻ സീറ്റിലുള്ള ബാഗുകൾക്കിടയിൽ നിന്നും വലിയൊരു പ്ലാസ്റ്റിക് സഞ്ചി എടുത്ത് ചെറുപ്പക്കാരൻ പുറത്തിറങ്ങുന്നു.)
സീൻ രണ്ട് (ബി) കടയുടെ ഉൾവശം (ഔട്ട് ഡോർ)
ചെറുപ്പക്കാരൻ (പ്ലാസ്റ്റിക് സഞ്ചി നീട്ടി) : “ഇത് ഇന്നലെ ഇവിടന്ന് വാങ്ങിയ പാത്രങ്ങളാണ്.. ഇത് തിരിച്ചെടുത്ത് അതിന്റെ വില തരണം.. ഫുള്ളില്ലെങ്കിൽ എന്തെങ്കിലും കുറച്ചാലും കുഴപ്പമില്ല.. ഉപയോഗിച്ചിട്ടൊന്നുമില്ല, ബില്ലുണ്ട്..”
(ഒന്നും തിരിപാട് കിട്ടാണ്ട് നിൽക്കുന്ന കടക്കാരനിലേക്ക് ക്യാമറ)
ശുഭം.

ഒരു താരാവതാരം

വിരസമായ ആഫീസ് ദിവസങ്ങളെ കോരിത്തരിപ്പിച്ചു കൊണ്ടായിരുന്നു അനിതാമാത്യൂസിന്റെ പുതിയ നിയമനമുണ്ടായത്. സുന്ദരി, ആധുനിക വസ്ത്രധാരിണി, ആരെക്കൊണ്ടും നല്ലത് പറയിപ്പിക്കുന്ന പെരുമാറ്റം, സദാ പ്രസന്നവതി, പാലുംവെള്ളം പോലത്തെ ഇംഗ്ലീഷ്. ആഫീസിലാണെങ്കിൽ പൊതുവെ ലേഡീസ് കുറവ്, ഉള്ളവരൊക്കെ മധ്യവയസ്കരായ പ്രാരാബ്ധക്കാർ. അനിതയുടെ വരവോട് കൂടി ആഫീസൊന്ന് ഉണർന്നു. ഇൻസൈഡും ഇസ്തിരിയും ഉപയോഗിക്കാത്തവരൊക്കെ വളരെ പെട്ടെന്ന് ഡൈ ചെയ്ത് കുട്ടപ്പന്മാരായി ഹിന്ദു പത്രം മാത്രം വായിക്കുന്നവരായി.
അനിതയുടെ ആദ്യ പ്രവൃത്തിയിടം മാർക്കറ്റിങ്ങിലായിരുന്നു. അവിടെയുള്ളവരൊക്കെ അവൾക്ക് കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കാനും സഹായിക്കാനും കൂടെ നിന്ന് കൈ കഴുകാൻ പൈപ്പ് തുറന്നു കൊടുക്കാൻ വരെ സന്നദ്ധസേവകരായി. പക്ഷേ ഒറ്റ മാസം കൊണ്ട് അവിടത്തെ പഠിപ്പ് മതിയാക്കി അനിത അക്കൌണ്ട്സിലേക്ക് മാറി. അക്കൌണ്ട്സിൽ വർക്ക് ലോഡെന്ന ചീഫിന്റെ പരാതിയായിരുന്നു ആ മാറ്റത്തിന്റെ പിറകിലെന്നാണ് കേട്ടത്. അവിടന്ന് പിന്നെ സ്റ്റോർ ആന്റ് പർച്ചേസിലേക്കും.
സ്റ്റോർ ആന്റ് പർച്ചേസിന്റെ എല്ലാമെല്ലാം വേണുഗോപാലായിരുന്നു. ആഡിറ്റർമാരൊക്കെ വന്നാൽ സ്റ്റോക്ക് പക്കയായിരിക്കും. എല്ലാവർക്കും പഞ്ചിങ്ങുള്ള സ്ഥാപനത്തിൽ വേണുവിന്റെ മുന്നിൽ മാത്രം മെഷിൻ കണ്ണടക്കും. പർച്ചേസിന്റെ ഏജന്റുമാരൊക്കെ വേണുവിന്റെ മേശക്ക് ഒരു കൂടിക്കാഴ്ച്ചയ്ക്കായി കാത്തു നിൽക്കുമായിരുന്നു. കമ്പനി മാനേജർക്ക് എല്ലാമെല്ലാമായിരുന്നു വേണു. ഒരു സാധനവും ഇല്ലെന്ന പരാതിയുണ്ടാവില്ല. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ആരുടെ എവിടെ തപ്പാനും സെക്യൂരിറ്റിക്കാർ ചെക്ക്പോസ്റ്റിലെ പോലീസുകാരെ പോലെ നിൽക്കുമെങ്കിലും വേണുവിന്റെ തടിച്ച് വീർത്ത ബാഗ് തൊടാൻ അവർക്ക് പോലും പേടിയാണ്. വേണുവാണെങ്കിൽ സുന്ദരൻ, ചൊങ്കൻ, അവിവാഹിതൻ.
കമ്പനി ഡോർമിറ്ററിയിൽ അവനു സ്പെഷ്യൽ റൂമാണ്. വൃത്തിയും ഭംഗിയുമായി അവനെപോലെ തന്നെ നീറ്റ്. അലമാരയിൽ എപ്പോഴും കുപ്പിയുണ്ടാകും. അറ്റൻഡർമാർ പിള്ളേരൊക്കെ വേണുവേട്ടന്റെ പിറകെ എന്തെങ്കിലും സഹായം വേണോന്ന് ചോദിച്ച് നടക്കുന്നതിന്റെ ചേതോവികാരം ഈ ഓസി കുപ്പിയും പിന്നെ മാനേജരിലുള്ള വേണുവിന്റെ പിടിപാടുമാണ്. അവനു ആൾക്കാരെ സൽക്കരിക്കുന്നത് ഇഷ്ടമാണ്. പക്ഷേ സിൽബന്ധികളെ മാത്രേ അടുപ്പിക്കുകയുള്ളൂ. രണ്ട് പെഗേ അടിക്കൂ; പക്ഷേ അടിച്ചാൽ ഒരു പാട്ട് പാടണം. ‘ചന്ദനമണിവാതിൽ പാതിചാരി..’ അതേ പാടൂ, കൊതുകിന്റേത് പോലത്തെ ആ പാട്ടിന്റെ ആദ്യത്തെ മൂളിച്ച തൊട്ട് ഫുള്ളായി പാടും. അത് എല്ലാവരും മിണ്ടാണ്ട് കേട്ടുനിന്ന് സൂപ്പർ എന്ന് പറയുകയും വേണം. അത് പറ്റുന്നവർക്ക് മാത്രമേ അവന്റെ മുറി തുറക്കപ്പെടുകയുള്ളൂ.
അനിത വന്നതോട് കൂടി വേണുവിന്റെ ജോലിഭാരവും മസിലുപിടുത്തവും കുറഞ്ഞു. കർക്കശക്കാരനായ വേണുവിന്റെ മനസ്സിൽ പത്ത് കെ.ബി.യുടെ ഫയൽ ഡൌൺലോഡാകുന്ന മാത്രയിൽ അനിത ഒരു സ്പൈഡർഗേളായി കയറിക്കൂടി. കാലിൽ വുഡ്ലാൻഡ്സും കൈയ്യിൽ ഐഫോണും രണ്ട് മൂന്ന് ക്രെഡിറ്റ് കാർഡുകളും ഐ.റ്റ്വെന്റി കാറും വന്നു ചേർന്നു. ഒക്കെ അനിതയുടെ മുന്നിൽ സ്റ്റാറാകാൻ മാത്രം. എല്ലാവർക്കും ലീവുള്ള ദിവസങ്ങളിൽ അവർ രണ്ടും മാത്രം ഡ്യൂട്ടിക്കുണ്ടാകും, കാരണം വർക്ക് ലോഡെന്ന സ്ഥിരം പല്ലവി. ചായക്ക് പോകുമ്പോഴും ചോറിനു പോകുമ്പോഴും സ്റ്റോക്കെടുപ്പിനു ഗോഡൌണിൽ പോകുമ്പോഴും രണ്ടുപേരും യുവമിഥുനനും മിഥുനയുമായി. വേണു അനിതയെ കല്യാണം കഴിക്കുമെന്ന ശ്രുതി ആഫീസ് നോട്ടീസ് ബോർഡിനു പോലും അറിയാമെന്നായി. അതോടെ ബാക്കിയുള്ളോർക്കൊക്കെ വേണുവിനോട് കലിപ്പും അനിതയോട് വെറുപ്പുമായി. ആയിടക്ക് നടന്ന് കമ്പനി വാർഷികത്തിന്റെ താരം വേണുവായിരുന്നു. ഓരോ മണിക്കൂർ കഴിയുമ്പോഴും വേണു റൂമിൽ പോയി കുളിച്ച് ഷർട്ട് മാറ്റി പെർഫ്യൂമടിച്ച് ഫ്രെഷായി വരും. കൈയ്യിലൊരു ബാഗും തൂക്കി വരവു ചെലവൊക്കെ മെയിന്റെയിൻ ചെയ്ത് സ്റ്റാറായി ഓടിനടന്നു. വൈകിട്ടത്തെ ഗാനമേളക്ക് വേണുവും അനിതയും ഒന്നിച്ച് ഡാൻസ് കളിക്കുക പോലുമുണ്ടായി.
പക്ഷേ വാർഷികം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ അനിതയെ കാണാനില്ല. ലീവാണോ നാട്ടിൽ പോയോ എന്നൊന്നും ആർക്കുമറിയില്ല. വേണുവിനു പോലും.
രണ്ട് ദിവസം കഴിഞ്ഞൊരു വൈകിട്ട് ക്വോട്ടയും ലംഘിച്ച് കള്ളടിച്ച് കൊണ്ടിരിക്കുമ്പോൾ ഗദ്ഗദം കാരണം വേണുവിന് ചന്ദനമണിവാതിൽ തുറക്കാൻ പോലുമായില്ല. “എത്ര ബിരിയാണി,, ഐസ്ക്രീം,, സിനിമ,, ചുരിദാർ,, സാരി.. പൈസ എത്ര ഓൾക്ക് ഞാൻ കൊടുത്തതാ.. എന്നിറ്റാ ഓളെന്നോടിങ്ങനെ ചെയ്തത്…” വേണുവിലാപഗാനം കേട്ട് ഉള്ളിൽ ചിരിയുണ്ടെങ്കിലും കൂടെ കുടിക്കുന്ന പിള്ളേർ വേണുവിന്റെ പുറത്ത് തട്ടി ഒരു അനിത പോയാൽ ഒമ്പത് അനിത വരും എന്ന് പറഞ്ഞ് ചെലവില്ലാത്ത ആശ്വാസവാക്കുകളോതി.
പിറ്റേന്ന് രാവിലെ ഹെഡാഫീസിൽ നിന്നും സ്പെഷ്യൽ മെസഞ്ചർ വന്ന് വേണുവിന് ഒരു കവർ കൊടുത്തു.
ഡിസ്മിസൽ ഓർഡർ..!
പർച്ചേസിൽ നടത്തിയ രഹസ്യ അഴിമതി അറിയാൻ കമ്പനി നിയോഗിച്ച ഡിറ്റക്റ്റീവ് സ്ഥാപനത്തിന്റെ ഒരു ഏജന്റായിരുന്നു അനിതമാത്യൂസ്..
ആനയും പെണ്ണും ഒരുപോലെയാ, എത്ര സ്നേഹിച്ചാലും എപ്പോളാ പിണങ്ങ്വാ പണി തര്വാ എന്ന് പാവം വേണു അറിയാൻ കൊറേ വൈകി..