Sunday, December 20, 2009

കോളേജ് ഡേയില്‍ കോമളകുമാരി

മധുര മനോഹര മനോജ്ഞമായ കലാലയ കാലം. കോളേജില്‍ പോവുന്നതിന്‌ പ്രേമിക്കുക എന്നല്ലാതെ യാതൊരു ദുരുദ്ദേശവുമില്ല. പെണ്‍‌പിള്ളേരെ വളക്കാന്‍ ചെയ്ത മെഗാസീരിയലിലെ ഒരു എപ്പിസോഡാണ് കോമളകുമാരിയുടേത്. പ്രസ്തുത കുമാരി ഞങ്ങളുടെ കോളേജിലെ ഒരു ബ്യൂട്ടിബെല്‍ ആണ്‌. ഞാനും എന്റെ ക്ലാസ്സ്മേറ്റ് പപ്പനും ഒരേ സമയത്താണ്‌ അവളില്‍ അനുരാഗ വിലോചരരായത്. കോമളകുമാരിയില്‍ ലവ് ഇന്‍‌വെസ്റ്റ് ചെയ്യാന്‍ എനിക്ക് ഇന്ററസ്റ്റുണ്ടെന്ന് പറഞ്ഞിട്ടും അവന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ക്രിക്കറ്റ് കളിക്കുമ്പോള്‍ സിക്സര്‍ അടിക്കാന്‍ പാകത്തിന്‌ ഫുള്‍‌ടോസ് ബോള്‍ എറിഞ്ഞ് തരാമെന്ന വാഗ്ദാനത്തില്‍ അവന്‍ വീണു. അങ്ങനെ കോമളകുമാരീ പരിണയ പരിശ്രമത്തില്‍ ഞാന്‍ മാത്രായി.

ബ്രോഡ് മൈന്‍‌ഡഡ് പപ്പന്‍ മാറി തന്നെങ്കിലും ഞാനുടനെ ഡാന്‍‌സര്‍മാരെയും കൂട്ടി കണ്ണൂര്‍ ബസ് സ്റ്റാന്‍‌ഡില്‍ പോയി കോമളവുമായി ഡാന്‍‌സ് ചെയ്ത് ഡ്യുയറ്റ് പാടിയില്ല. കാരണം… അവ‌ള്‍‌ക്കൊരു ലൈഫ് കൊടുക്കാന്‍ തീരുമാനിച്ചത് ഞാനും പപ്പനുമല്ലാതെ വേറെയാരും, കോമളകുമാരി പോലും അറിഞ്ഞില്ല.


എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും ഞാന് കോ.കുമാരിയുടെ പിന്നില്‍ നടന്നു. ഓളു മൈന്‍ഡാക്കിയില്ല. അതു ശരി, അങ്ങനെ വിട്ടാ പറ്റില്ലല്ലൊ. അതു കൊണ്ട് കുറേ ദിവസം മുന്‍പില്‍ നടന്നു നോക്കി. എന്നിട്ടും സെയിം ഫലം. എന്നെ കണ്ടാല്‍ അവളുടെ മുഖം അവിലില്‍ കുത്തിയ പഴം പോലെയാകും.


അങ്ങനെയിരിക്കുമ്പോഴാണ്‌ അക്കൊല്ലത്തെ കോളേജ് കലോത്സവം വന്നത്. ലോക ചരിത്രത്തിലെ പല പ്രേമങ്ങളും പൂത്ത് വിടര്‍‌ന്ന് പര പരാഗണം നടത്തിയത് കലോത്സവ ദിവസത്തിലാണ്‌. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന്‌ ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌. മാഷന്മാരും കലാപരമായ നാറ്റമുള്ള പിള്ളേരുമെല്ലാം കലോത്സവത്തിന്റെ തിരക്കിലായതിനാല്‍ പെങ്കുട്ട്യോളുമായി ചാറ്റാന്‍ ഇഷ്ടം പോലെ അവസരം കിട്ടും. കോളേജ് ഡേയ്ക്ക് ഫുള്‍‌സ്റ്റൈലില്‍ പാന്റ്സൊക്കെയിട്ട് പോയി ഫോട്ടോയൊക്കെ എടുത്ത് വിലസിയാല്‍ കോമളകുമാരി എന്റെ കൂടെ വന്ന്‌ "ഹവാ ഹവാ.. കുച്ച്പ്പീ ലുട്ടാപ്പീ..." പാടുമെന്ന് ഞാനുറപ്പിച്ചു.


ഗൃഹനിലയൊക്കെ വളരെ ബെറ്ററായതിനാല്‍ ഞാനെപ്പോഴും മുണ്ടനാണ്‌. പാന്റിടാത്ത കന്യകന്‍. പാന്റും ആക്സസറീസും അടുത്ത വീട്ടിലെ ഉസ്മാന്റേത് വാങ്ങിക്കാം. അവന്റെ ചേട്ടന്മാരൊക്കെ ദൂഫായിലായതിനാല്‍ നല്ല സെറ്റപ്പിലാണ്‌. കോളേജ് ഡേയുടെ തലേ ദിവസം വൈകുന്നേരം ഞാന്‍ ഒരു ലക്സ് സോപ്പുമായി ഉസ്മാന്റെ വീട്ടിലെത്തി.


"എടാ.. എന്ത്ണ്ട്..? സുഖല്ലേ.....? കൊറേ നാളായല്ലോ കണ്ടിറ്റ്....?" ഞാന്‍ ലക്സ് ചെറുതായി ഉരച്ചു.
"നീ കാര്യം പറ.. ഒരു ആവശ്യവുമില്ലാതെ നീ ഈട വെരൂലല്ലോ....?" ഉസ്മാന്‍ മസില്‍‌മാനായി പറഞ്ഞു. സാധാരണ പ്രയോഗങ്ങളൊന്നും ഇവന്റടുത്ത് നടക്കില്ലാന്നു തോന്നുന്നു. അതു കൊണ്ട് ഞാന്‍ സോപ്പ് മാക്സിമം പതപ്പിച്ചു.


"എടാ.. നീ അന്നു ആ പുതിയ പാന്റും ഷര്‍‌ട്ടുമിട്ട് ബസ്സ് സ്റ്റോപ്പില്‍ നിന്നില്ലേ, അതു കണ്ട് എന്റെ കോളേജിലെ ലൈലയൊക്കെ എന്തൊരു സ്റ്റൈലനാ എന്നു പറയുന്നത് കേട്ടു..."


"ങേ... ഉള്ളതാ...?" അവന്റെ മുഖം പട്ടിണിക്കാരന്‌ ചില്ലി ചിക്കന്‍ ഫ്രീ കിട്ടിയത് പോലെ തിളങ്ങി. പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും. പിന്നെയല്ലേ ഉസ്മാന്‍. അങ്ങനെ പച്ചക്കള്ളം പറഞ്ഞ് ഉസ്മാനെ സുഖിയനാക്കി ഞാന്‍ കാര്യത്തിലേക്ക് കടന്നു.


"എടാ.. പിന്നെ.. അത്.. നാളെ കോളേജില്‍ കലോത്സവമാണ്... അപ്പോ എനിക്കിടാന്‍ ഒരു പാന്റും ഷര്‍‌ട്ടും വേണാരുന്നു.." ഞാന്‍ പറഞ്ഞു.


മോന്തായത്തിന്റെ തിളക്കത്തിന്‌ ഒരു സെന്റീമീറ്റര്‍ കുറവുവന്നെങ്കിലും അവന്‍ പാന്റും ഷര്‍‌ട്ടും എടുത്ത് തന്നു.


‘‘അല്ല, പാന്റിടുമ്പോള്‍ ചെരുപ്പ് ഇട്ടു പോകാന്‍ പറ്റില്ലല്ലോ. നിന്റെ ഷൂവും ബെല്‍‌റ്റും കൂടി വേണാരുന്നു…’’ ഞാന്‍ അടുത്ത കാര്യം കൂടി പറഞ്ഞു. മുഖകാന്തി ഒറ്റയടിക്ക് നാലിഞ്ച് കുറഞ്ഞെങ്കിലും സാധനങ്ങള്‍ കിട്ടി.


"എടാ. ക്യാമറയും ആ കൂളിങ്ങ് ഗ്ലാസ്സും കൂടി കിട്ടിയാല്...?"


അതോട് കൂടി ഉസ്മാന്റെ മുഖം ദോശക്കല്ല് പോലെയായെങ്കിലും അവനതും തന്നു.
ഞാന്‍ സാധനങ്ങളെല്ലാം സഞ്ചിയിലാക്കുമ്പോള്‍ അവന്‍ പറഞ്ഞു. "അല്ല, പാന്റും കുപ്പായവും എന്റെ.."


ഞാന്‍ പറഞ്ഞു “അതെ.”


"ഷൂവും ക്യാമറയും കണ്ണടയും ബെല്‍‌റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.
"അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.


അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"


സത്യമായിട്ടും അവനിത്ര നിലവാരം ഉണ്ടെന്ന് ഞാന്‍ കരുതിയില്ല.


രാവിലെ എഴുന്നേറ്റ് ടാറു പോലത്തെ ബോഡി വെളുപ്പിക്കാന്‍ കുറേ സമയം മെനക്കെട്ട് കുളിച്ചു. അഞ്ചാറു ബക്കറ്റ് വെള്ളമെടുത്ത് ലൈഫ് ബോയ് സോപ്പും, ചേരിക്കുച്ചുമിട്ട് മേലാകെ തേച്ച് ഉരച്ചു. വെളുക്കാന്‍ തേച്ചത് ചോരപ്പാണ്ഡാവുമെന്നായപ്പോള്‍ നിര്‍ത്തി. പിന്നെ പോണ്ട്സ് പൌഡര്‍ ഒന്നു രണ്ട് കോട്ട് അടിച്ച് മുഖത്തിന്റെ മാറ്റ് ഉറപ്പ് വരുത്തി. കാര്‍ക്കൂന്തല്‍ വെളിച്ചെണ്ണയിട്ട് പശു നക്കിയത് പോലെ ചീകിയൊതുക്കി.


അണ്ടര്‍‌വെയറിട്ട് കവചകുണ്ഡലങ്ങളെയൊക്കെ മറച്ച ശേഷം വെള്ള പാന്റും പച്ച ഷര്‍ട്ടുമിട്ട് ഇന്‍‌സൈഡ് ചെയ്ത് ബെല്‍റ്റിട്ടു. കണ്ടാല്‍ തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട്. ഫുള്‍‌ക്കൈ മടക്കി, ഷൂ ഇട്ട് നടക്കാന്‍ നോക്കുമ്പോ പാന്റിന് നീളം അധികമായത് കാരണം നിലത്തിഴഞ്ഞ് കിടക്കുന്നു. ഇങ്ങനെ പോയാല്‍ തൂപ്പുകാരൊക്കെ മടിയന്മാരായിപ്പോകും. ഷര്‍‌ട്ടിന്റെ കൈ പോലെ പാന്റിന്റെ എക്സസ് പോര്‍‌ഷനും മടക്കി ചുരുട്ടി വെച്ച് അഡ്ജസ്റ്റ് ചെയ്തു.
പുറപ്പെടാന്‍ വേണ്ടി വീടിന്റെ ഇറയത്ത് നില്ക്കുമ്പോഴാണ്‌ അമ്മൊമ്മ എന്നെ കണ്ടത്. ഉടനെ ചോദിച്ചു. "ഉസ്മാനേ നീയെപ്പാ വന്നേ...?" പണ്ടാരടങ്ങാന്‍! വയസ്സായാല്‍ അത്യാവശ്യം കണ്ണു കാണാനൊക്കെ പഠിക്കണം. പാന്റിട്ടവരെ ബഹുമാനിക്കാനറിയാത്ത പൂവര്‍ ഫാമിലി മെംബേഴ്സ്.
കോളേജിലെത്തി. പപ്പന്‍ എന്നെ കണ്ടിട്ട് ഒന്നും മിണ്ടുന്നില്ല. മുഖം കരിമ്പനടിച്ച വെള്ള ഷര്‍ട്ട് പോലെ. അടിമുടി നോക്കുന്നു. എന്നിട്ടൊരു ചോദ്യം. "ഇതിന്റെ അടിയിലുള്ളതെങ്കിലും നിന്റേതാണോ...?" കണ്‍‌ട്രി പപ്പന്‍! മുണ്ടുമുടുത്ത് വന്നിരിക്കുന്ന വെറും ലോക്കല്‍ ജെലസി ഗൈ.


കുറച്ച് കഴിഞ്ഞപ്പോള്‍ കോമളകുമാരി വന്നു. ആദ്യമായി അവളെന്നെ നോക്കി മനോഹരമായി ചിരിച്ചു. ശോ.. കുളിരുമഴയില്‍ നനഞ്ഞ പോലെയായി ഞാന്! അവളു നടന്നു പോയിട്ടും അത്ഭുതം കൊണ്ട് തുറന്ന എന്റെ വായ കുറേ സമയത്തേക്ക് അടഞ്ഞില്ല. കുറേ ഈച്ച ഫാമിലി വന്ന് വാട്ടര്‍ റൈഡ് കളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാന്‍ വായക്ക് ഷട്ടറിട്ടത്. കോമളകുമാരി എന്നോട് ചിരിക്കുന്നത് കണ്ട പപ്പന്റെ മുഖം അന്ധകാരത്തിന്റെ കൂരിരുട്ടിലെ കരിങ്കല്ലു പോലെയായി.
ഞങ്ങള്‍ ഓഡിറ്റോറിയത്തിലേക്ക് പോയി. കോമളകുമാരി ഇരിക്കുന്നതിന്റെ അടുത്ത് സ്ഥലം പിടിച്ചു. ഉദ്ഘാടനം കഴിഞ്ഞു. ഏതോ പട്ടിണിക്കാരിയുടെ ഭരതനാട്യമാണ്‌ നടക്കുന്നത്. സ്റ്റേജിന്റെയടുത്ത് പോയി ഒരു ഫോട്ടോ എടുക്കാമെന്ന് എനിക്ക് തോന്നി. എന്റെ ന്യൂ ലുക്ക് നാലാള്‌ അറീയട്ടെ. ഞാന്‍ കൂളിങ്ങ് ഗ്ലാസ്സ് എടുത്ത് ഇല്ലാത്ത പൊടി തുടച്ച് കളഞ്ഞ്, ക്യാമറയുമെടുത്ത് എഴുന്നേറ്റു.
പിള്ളേരുടെ ഇടയിലൂടെ നടക്കുമ്പോള്‍ മടക്കി വെച്ചിരുന്ന പാന്റ് അഴിഞ്ഞത് ഞാന്‍ കണ്ടില്ല… രണ്ടടി നടന്ന് കാണില്ല... അതില്‍ ചവിട്ടി ഞാന്‍ പഴംചക്ക വീണത് പോലെ നിലത്ത് വീണു. കോമളവും പിള്ളേരുമൊക്കെ തലയറഞ്ഞ് ചിരിക്കുകയാണ്‌… ദുഷ്ടന്‍ പപ്പന്‍ എഴുന്നേറ്റ് നിന്ന്‌ ഹാ .. ഹാ.. എന്ന് അലറുന്നു. ഇവനൊന്നും ഉണ്ടായിട്ടിന്നേവരെ ചിരിച്ചിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റ് നോക്കുമ്പോള്‍ കൂളിങ്ങ് ഗ്ലാസ്സും ക്യാമറയും പീസ് പീസായി കിടക്കുന്നു...! 


ഞെട്ടിപ്പിക്കുന്ന ആ ഡിസ്കവറിയില്‍ വീണപ്പോഴുണ്ടായ വേദനയും ചമ്മലും ഒന്നുമല്ലായിരുന്നു.
ഉസ്മാന്റെ മുഖമല്ല പേരു ഓര്‍‌ത്തപ്പോ തന്നെ എന്റെ ഫുള്‍ ജീവനും ഗുഡ് ബൈ പറഞ്ഞിരുന്നു. എങ്ങനെയാണ് അവനെയൊന്ന് സമാധാനിപ്പിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഉത്സവപ്പറമ്പില്‍ പെട്ടുപോയ ശവപ്പെട്ടിക്കച്ചവടക്കാരനെ പോലെ ഞാനിരുന്നു. മിമിക്രിയും മോണോ ആക്റ്റുമൊക്കെ അവാര്‍‌ഡ് പടം പോലെ ഫീല്‍ ചെയ്തു. പപ്പനോട് നല്ല തല വേദന എന്നും പറഞ്ഞ് ഉച്ച കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോയി. പിന്നീട് അന്നു മുഴുവന്‍ പുറത്തിറങ്ങിയില്ല. ഉസ്മാനോട് എന്തു പറയുമെന്നാലോചിച്ച് എന്റെ ഉറക്കം കംപ്ലീറ്റ് പോയി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പുറത്ത് വന്നപ്പോള്‍ ഉസ്മാന്‍ അതാ എന്നെയും കാത്തിരിക്കുന്നു! 


ഞാന്‍ പേടിച്ച് പേടിച്ച് ക്യാമറയും കണ്ണടയും ഇഹലോകവാസം വെടിഞ്ഞ വിവരം പറഞ്ഞു. എന്നിട്ട് കണ്ണുമടച്ച് തെറിവിളിക്കായി സൈലന്റ് വാലനായി നിന്നു. പക്ഷേ, അവനു യാതൊരു വിഷമവുമില്ല. ഒന്നും മനസ്സിലാകാതെ നില്ക്കുമ്പോള്‍ കാതില്‍ ഹണിറെയിന്‍ പോലെ അവന്റെ ശബ്ദം കേട്ടു.


“അതു പോട്ടെ.. എന്റെ വിസ വന്നു... അടുത്തയാഴ്ച ഗള്‍‌ഫിലേക്ക് പോകുകയാ..."
ഒരു ഫുള്‍‌ലെങ്ങ്ത്ത് ശ്വാസം വിട്ട് ഞാന്‍ പറഞ്ഞു. “ഉസ്മാനേ നീയൊരു ജെന്റില്‍‌മാന്‍ തന്നെ…”
അന്നു വൈകിട്ട് ഞാന്‍ വായനശാലയില്‍ നിന്നു പത്രം വായിക്കുകയായിരുന്നു. സായാഹ്ന പത്രമായ സുദിനത്തിലെ ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി.. പിന്നെ കോരാതെ തരിച്ചു…


... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....

Sunday, December 13, 2009

മാര്യേജ് ബ്രേക്കര്‍

എല്ലാ നാട്ടിലുമുള്ള സഹൃദയരായ കലാസ്നേഹികളാണല്ലോ കല്യാണം മുടക്കികള്‍. ഇവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമായി മുടങ്ങിപ്പോയ ആലോചനകള്‍ എത്ര ജിഗാബൈറ്റെന്ന് അളക്കാനേ പറ്റില്ല. അന്വേഷണവുമായി വരുന്നവര്‍ ഒരു പണിയും തൊരവുമില്ലാതെ വെറുതെ നില്‍ക്കുന്ന ഇവരുടെ കൈയ്യില്‍ തന്നെ കൃത്യമായി വന്നു പെടും. പെണ്ണിനെയോ ചെക്കനെയോ പറ്റി ഇക്കൂട്ടരോട് അന്വേഷിച്ചാല്‍ "ഓ.. അതോ.. അതു വേണോ..?... ഒരു കുട്ടിയുടെ ഭാവിയല്ലേ ഞാനൊന്നും പറയുന്നില്ലേ.. നിങ്ങളുടെ ഇഷ്ടം..." ഇമ്മാതിരി ഒരൊറ്റ എക്സ്ക്ലമേറ്ററി ഡയലോഗില്‍ കാര്യങ്ങള്‍ പീസ്പീസാക്കും. വന്നവര്‍ പ്ലേസ് ക്ലീനാക്കും. നല്ല നിലയില്‍ കഴിയുന്നവര്‍ പോലും ഇവരുടെ പണിയുടെ ഗുണം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ പ്രൊപ്പോസല്‍ ഡിഫ്യൂസിങ്ങ് സെന്ററാണ്‌ നാരായണന്‍ നായരുടെ ചായക്കട. ഇവിടെ നിന്നും പണി കിട്ടാത്ത കല്യാണാലോചനക്കാര്‍ വളരെ കുറവാണ്‌. ബാങ്കില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ ശരത്ത് ഇവരുടെ ഒരു വിക്റ്റിം ആയി‌.

ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്‌ ശരത്. മുപ്പത് വയസ്സ്, സുമുഖന്‍, സുന്ദരന്‍, സത്സ്വഭാവി. ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല. നല്ല സാമ്പത്തികമുള്ളത് കൊണ്ട് നോ അല്ലല്‍ ആന്റ് അലട്ടല്‍സ്. ഒരു വിഷമമുള്ളത് ശരത്തിന്റെ അനുജത്തി രമ്യ ഒരു അന്യമതക്കാരന്റെ കൂടെ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു എന്നുള്ളതാണ്‌. വാശിക്കാരനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ക്ക് അതു തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അതുകൊണ്ട് മകളുമായി പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ല.

എപ്പോ കണ്ടാലും മോന്റെ കല്യാണമൊന്നും ഇല്ലേ എന്നു പറഞ്ഞ് രാമകൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ ശല്യപ്പെടുത്തും. ജോലിക്കാര്യത്തിലും കല്യാണക്കാര്യത്തിലും അവനവനില്ലാത്ത ക്യൂരിയോസിറ്റി നാട്ടുകാര്‍ക്കുണ്ടാവുമല്ലോ. ഈ ചോദ്യം കേട്ട്കേട്ട് മടുത്ത് ശരത്തിനെ കല്യാണം കഴിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പെണ്ണു കാണാന്‍ കൂടെ പോകാന്‍ അകന്ന ബന്ധുവായ ബാബുമോനെ ഏര്‍പ്പാടാക്കി. ബാബുമോന് ഒരു ഇരുപത്തിയഞ്ച് വയസ്സ് കാണും. പക്ഷേ ഡയലോഗ് നൂറ്റിഇരുപത്തിയഞ്ചുകാരന്റേതാണ്. ഒരു വസ്തു അറിയില്ല എങ്കിലും എന്തു കാര്യത്തെക്കുറിച്ചും എത്ര സമയം വേണമെങ്കിലും സംസാരിക്കും. പ്രീഡിഗ്രി വരെ പഠിച്ചതിനാല്‍ യാതൊരു ജോലിക്കും പോകില്ല. അല്‍പ്പം ഒന്നു പൊക്കിയാല്‍ മതി; ബാബുമോന്‍ മൌണ്ട് എവറസ്റ്റ് വരെ കയറിക്കോളും. വിതൌട്ട് ഓക്സിജന്‍.

ഒരു ശനിയാഴ്ച്ച ശരത്തും ബാബുമോനും കൂടി പെണ്ണു കാണാനിറങ്ങി. അന്നും ഞായറാഴ്ച്ചയുമായി കുറേ പെണ്‍കുട്ടികളെ കണ്ടു. അതില്‍ ഇഷ്ടപ്പെട്ട ഏതാനും ജാതക കുറിപ്പുകള്‍ ചേരുമോ എന്നു നോക്കാന്‍ വേണ്ടി ജ്യോത്സ്യനെ ഏല്‍പ്പിച്ചു. അതില്‍ നിന്നും ജ്യോത്സ്യര്‍ അങ്ങേര്‍ക്കിഷ്ടപ്പെട്ട മൂന്നെണ്ണം സെലക്റ്റ് ചെയ്തു. അതു പ്രൊസീഡ് ചെയ്യാന്‍ വീട്ടില്‍ പറഞ്ഞേല്‍പ്പിച്ച് ശരത്ത് ബാംഗ്ലൂര്‍ക്ക് പോയി. പോകുമ്പോള്‍ രണ്ട് ദിവസം കൂടെ വന്നതിന്‌ ബാബുമോന് ഒരു വലിയ ഗാന്ധിയെ കൊടുത്തു. അവനത് വാങ്ങിയില്ല എങ്കിലും ശരത്ത് നിര്‍ബ്ബന്ധിച്ച് പോക്കറ്റിലിട്ടു കൊടുത്തു.

ആ ആലോചനകളൊക്കെ ശരത്ത് പിറ്റേ ആഴ്ച്ച വന്നപ്പോഴേക്കും ക്ലീന്‍ ബൌള്‍ഡായിരുന്നു. കാരണമായി പറഞ്ഞത് അനുജത്തിയുടെ അന്യമതക്കാരനുമായുള്ള വിവാഹമായിരുന്നു. പോയത് പോട്ടെ എന്നു വിചാരിച്ച് ആ ശനിയും ഞായറും കുറേ വീടുകളില്‍ പോയി. ജാതകപ്പൊരുത്തമുള്ള പെണ്‍കുട്ടികളുടെ ഡീറ്റയില്‍സ് പ്രൊസീഡ് ചെയ്യാനായി അച്ഛനെ ഏല്‍പ്പിച്ചു ശരത്ത് തിരിച്ച് പോയി. വേണ്ട വേണ്ടാ എന്നൊക്കെ പറഞ്ഞുവെങ്കിലും ബാബുമോന്‌ രൂപ കൊടുക്കാന്‍ മറന്നില്ല. പക്ഷേ ആ ആലോചനകളും നല്ലവരായ നാട്ടുകാരുടെ ഇടപെടലുകളാല്‍ തകര്‍ക്കപ്പെട്ടു.
നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞ് ബാബുമോന്‍ കുറേ അന്വേഷിച്ചുവെങ്കിലും ആലോചനകള്‍ മുടങ്ങിക്കോണ്ടേയിരുന്നു. എല്ലാ ആലോചനകളും നാരായണന്‍ നായരുടെ ചായക്കട വരെ വരുന്നുണ്ട്. പിന്നെ ബര്‍മുഡ ട്രയാങ്കിളില്‍പെട്ട കപ്പല്‍ പോലെ. കുറച്ച് ആലോചനകള്‍ നിശ്ച്ചയത്തോടടുത്തെത്തിയിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ അലസിപ്പോയി. അതോടെ ശരത്തിന്‌ മടുത്തു. ഇനി പെണ്ണുകാണാനില്ലെന്നു അവന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ രാമകൃഷ്ണന്‍ നമ്പ്യാരുടെ ആഫീസിലുള്ള വിജയന്‍ നമ്പ്യാരുടെ ബന്ധത്തിലുള്ള ഒരു ആലോചന വന്നു. കുറേ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇതിനു കൂടി പോകാമെന്നും മേലാല്‍ ഈ പണിക്കില്ലെന്നും പറഞ്ഞ് അവന്‍ ബാബുമോനെയും കൂട്ടി പെണ്ണു കാണാന്‍ പോയി.

പെണ്ണിന്റെ കുടുംബവും നല്ല സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. അച്ഛനുമമ്മയും ജോലിക്കാര്‍, ഒരു ആങ്ങളയുള്ളത് മുന്തിയ റാങ്കുള്ള പട്ടാളക്കാരന്‍. ചായ കുടിച്ച ശേഷം ശരത്ത് കുട്ടിയുമായി സംസാരിക്കാന്‍ പോയി. ബാബുമോന്‍ പെണ്ണിന്റെ ആങ്ങളയായ രാജനുമായി കുശലം പറഞ്ഞു. കുറച്ച് സമയം കൊണ്ട് തന്നെ ബാബുമോനെ രാജനു വളരെ ഇഷ്ടപ്പെട്ടു. സംസാരത്തിന്നിടെ ബാബുമോന്റെ ഫോണ്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും...." എന്നടിച്ചു. അവന്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ട് യുദ്ധമുന്നണിയില്‍ നിന്നും രാജന്‍ രക്ഷപ്പെട്ടു. അങ്ങോട്ട് വരുന്ന ദിവസം വിളിച്ച് പറയാന്‍ വേണ്ടി ബാബുമോന്റെ ഫോണ്‍ നമ്പര്‍ രാജന്‍ വാങ്ങിച്ചു.

തന്റെ പെണ്ണന്വേഷണ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിന്റെ വിഷമം ആദ്യമായി ശരത്ത് മറന്നു. അത്രയ്ക്ക് ക്യൂട്ടും, സുശീലാമ്മയും, ഏജുറിച്ചുമായിരുന്നു പെണ്‍കുട്ടി. ജാതകവും കറക്റ്റായിട്ട് മാച്ചി. ആലോചനകള്‍ പുരോഗമിച്ചു. പാരഗണ്‍ വരാതിരിക്കാന്‍ കാര്യങ്ങളൊക്കെ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്.

പക്ഷേ, നിശ്ചയ തീയതി തീരുമാനിച്ചപ്പോള്‍ പെണ്ണിന്റെ അച്ഛന് പത്മനാഭന്‍ നമ്പ്യാര്ക്ക് ഒരു അനോണി ഫോണ്‍ സന്ദേശം കിട്ടി. ശരത്തിന്‌ ബാംഗ്ലൂരില്‍ വേറെ ഭാര്യയുണ്ടെന്ന് മാത്രേ ആ നല്ല ശമരിയാക്കാരന്‍ പറഞ്ഞുള്ളൂ. അതൊന്നും കാര്യമാക്കാതെ ഇരു വീട്ടുകാരും ആലോചനയുമായി മുന്നോട്ട് പോയി. പക്ഷേ, നിശ്ചയത്തിന്റെ തലേന്ന് ഒരു കാള്‍ കൂടി വന്നു.

 ഇത്തവണ രാജനായിരുന്നു ഫോണ്‍ എടുത്തത്. പ്രായമുള്ള ഒരാളുടെ സംസാരം പോലെ രാജന് തോന്നി. കുറച്ച് സമയം അയാളുമായി സംസാരിച്ചതിനു ശേഷം നിങ്ങള്‍ ചെയ്ത് തന്നത് വളരെ ഉപകാരമാണെന്നും ഞങ്ങളുടനെ പോയി ആലോചന ഉപേക്ഷിച്ച വിവരം പറയുകയാണെന്നും രാജന്‍ പറഞ്ഞു. ഫോണ്‍ കട്ടായ ഉടനെ രാജന്‍ കാളര്‍ ഐ.ഡി.യില്‍ നിന്നും നമ്പരെടുത്ത് തിരിച്ച് വിളിച്ചു. ആരും എടുത്തില്ല. കുറച്ച് കഴിഞ്ഞ് എടുത്തപ്പോള്‍ അതു കോയിന്‍ ബോക്സ് ആണെന്നും വിളിച്ചത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞു. നാരായണന്‍ നായരുടെ ചായക്കടയുടെ അടുത്തുള്ള വായനശാലയിലേതായിരുന്നു ആ കോയിന്‍ ബോക്സ്.

 രാജന്‍ ഉടനെ തന്നെ ശരത്തിന്റെ വീട്ടില്‍ വിളിച്ച് സീരിയസ്സായി സംസാരിക്കാനുണ്ടെന്നും ഞാനും അച്ഛനും അങ്ങോട്ട് വരുന്നുണ്ടെന്നും നിങ്ങള്‍ ബന്ധുക്കളെല്ലാം വീട്ടില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞു. ഈ ആലോചനയും വേ മാറിപ്പോയി എന്നു ശരത്തിനു മനസ്സിലായി.
രാജനും പത്മനാഭന്‍ നമ്പ്യാരും ചെല്ലുമ്പോള്‍ വീട്ടില്‍ ശരത്തും അച്ഛനുമമ്മയും, മാമന്‍മാരും, ബാബുമോനും ഉണ്ടായിരുന്നു. ബാബുമോന്‍ രാജനോടും അച്ഛനോടും ലോഹ്യമൊക്കെ പറഞ്ഞ് കുടിക്കാന്‍ വെള്ളം കൊടുത്തു.

 എല്ലാവരും ആകെ ടെന്‍ഷനിലായിരുന്നു. പത്മനാഭന്‍ നമ്പ്യാര്‍ ഞങ്ങള്‍ക്ക് കിട്ടിയ ഫോണ്‍ കാളിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. ബാബുമോന്‍ ഉടനെ "അതൊക്കെ ആരോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ... " എന്നു പറഞ്ഞു. അപ്പോളവന്റെ ഫോണ്‍ റിങ്ങ് ചെയ്തു. അവന്‍ ഫോണെടുത്ത് ഹലോ .. ഹലോ.. എന്ന് കുറെ തവണ പറഞ്ഞു. ആരും എടുക്കാഞ്ഞിട്ട് ഫോണ്‍ പോക്കറ്റിലിട്ട് തിരിഞ്ഞപ്പോള്‍ രാജന്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ടു. അവന്‍ രാജന്റെ നേരെ നോക്കിയതും, ടപ്പേ.. ന്ന് പറഞ്ഞ് രാജന്റെ വലംകൈ ബാബുമോന്റെ കവിളില്‍ സീല്‍ഡായി.
  
എല്ലാവരും ഞെട്ടിത്തരിച്ച് നില്‍ക്കെ രാജന്‍ പറഞ്ഞു. "ഇവനാ.. കല്യാണം മുടക്കാന്‍ വിളിച്ചത്..." ബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു.

 ആരുമൊന്നും മനസ്സിലാകാതെ നിന്നപ്പോള്‍ രാജന്‍ കപ്പലിലെ കള്ളനായ ബാബുമോനെ പിടിച്ച കഥ പറഞ്ഞു. കല്യാണം മുടക്കാന്‍ വേണ്ടി വിളിച്ചയാളിനോട് എന്തെങ്കിലും സൂചന കിട്ടുമോ എന്നറിയാന്‍ വേണ്ടി രാജന്‍ മനപൂര്‍വ്വം അവന്‌ അനുകൂലമായി സംസാരിച്ചിരുന്നല്ലോ. ആ സമയത്ത് വിളിച്ചയാളിന്റെ മൊബൈല്‍ ബെല്ലടിച്ചു. ഫോണിലൂടെ ആ റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ രാജന്‌ ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി. പെട്ടെന്ന് ബാബുമോന്റെ മുഖത്തിന്റെ മോന്തായം മോണിറ്ററില്‍ മിന്നിമറിഞ്ഞു. ബാക്ക്ഗ്രൌണ്ടില്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെക്കാണാന്‍.. എന്നെക്കാളും ചന്തം തോന്നും...." എന്ന സോങ്ങും.

 ഇവിടെ എത്തിയതിനു ശേഷം ബാബുമോന്റെ മൊബൈലിലേക്ക് ഒന്നുകൂടി ഡയല്‍ ചെയ്ത് കണ്‍ഫേം ആക്കിയതിന്‌ ശേഷമാണ്‌ മോന്തയുടെ ഷേപ്പ് മാറ്റിക്കൊടുത്തത്.

എന്തിനാണ്‌ ബാബുമോന്‍ കല്യാണാലോചനകള്‍ മുടക്കിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. തന്റെ റെവന്യൂ സ്രോതസ്സ് നിര്‍ത്തലാക്കാന്‍ പട്ടാളക്കാരന്‍ എന്തു ബുദ്ധിയാണ് പ്രയോഗിച്ചതെന്ന് ബാബുമോനും മനസ്സിലായില്ല !

Sunday, December 6, 2009

കാണാമറയത്ത്...

ഐഡന്റിറ്റി കാര്‍ഡ് വരുന്നതിനു മുമ്പുള്ള ഒരു ഇലക്ഷന്‍ കാലം. നാട്ടിലെ യു.പി.സ്കൂളാണ്‌ ബൂത്ത്. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും തുല്യ ശക്തിയുള്ള പ്രദേശമാണ്. എങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ രണ്ട് പാര്‍ട്ടിക്കാരും കള്ള വോട്ട് ചെയ്യും. അതു കൊണ്ട് ബൂത്ത് ഏജന്റുമാര്‍ വളരെ അലര്‍ട്ട് ആയിരിക്കും. ഏജന്റുമാര്‍ അമേരിക്കയും താലിബാനും പൊലെയായത് കൊണ്ട് ബൂത്തില്‍ വാക്കേറ്റവും ഉന്തും തള്ളും പതിവാണ്‌.

രമേശനാണ്‌ ഒരു പാര്‍ട്ടിയുടെ ഏജന്റ്. പോളിങ്ങ് ബൂത്തില്‍ വളരെ കര്‍ക്കശക്കാരനും പിടിവാശിക്കാര നുമാണ്‌ രമേശന്‍. യാതൊരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ല. മറ്റേ പാര്‍ട്ടിക്കാരുടെ ഒരു ഉള്‍ട്ട പരിപാടിയും രമേശന്റെയടുത്ത് ചെലവാകില്ല. നാട്ടിലുള്ള എല്ലാവരുടേയും ഡീറ്റെയില്‍സ് രമേശന്റെ കൈയ്യിലുണ്ട്. നാട്ടിലെ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നത്ര സ്വാതന്ത്ര്യവും കക്ഷിക്കുണ്ട്. അതു കൊണ്ടാവാം രമേശന്‌ ചില വീടുകളില്‍ എന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് ജെലസി പീപ്പിള്‍സ് പറയുന്നുണ്ട്. ആരോപണമില്ലെങ്കില്‍ പിന്നെന്ത് പൊതു പ്രവര്‍ത്തനം! ഈ മോഡേണ്‍ കാലത്ത് അതിലൊന്നും വലിയ കാര്യമില്ലല്ലോ. ബ്ലോഗില്‍ രണ്ട് കഥകള്‍ പെണ്ണുങ്ങളെപ്പറ്റി എഴുതിയാല്‍ അശ്ലീലമെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ. അത്രേള്ളു.

പ്രത്യേകിച്ചൊരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് തുടരുകയായിരുന്നു. ഉച്ച കഴിഞ്ഞു. അപ്പോഴാണ്‌ നീല സാരിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വോട്ട് ചെയ്യാന്‍ എത്തിയത്. അവള്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‌ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു. "അറുന്നൂറ്റി നാല്‍പ്പത്തിയഞ്ച്... പുതിയ പുരയില്‍ സരസു..." വോട്ടേഴ്സ് ലിസ്റ്റ് മാര്‍ക്ക് ചെയ്യുകയായിരുന്ന രമേശന്‍ പെട്ടെന്ന്‌ ഒരു പുഞ്ചിരിയോടെ തല ഉയര്‍ത്തി. അവന്റെ കവിളുകള്‍ തക്കാളി പോലെ ചുവന്നിരുന്നു.

വോട്ട് ചെയ്യാന്‍ വന്ന സ്ത്രീയെ കണ്ട രമേശന്റെ മുഖം കറുത്തു. അവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ പറഞ്ഞു. "ഇതു സരസുവല്ല.." എല്ലാവരും രമേശന്റെ ഒച്ച കേട്ട് ഞെട്ടി. ഞാന്‍ തന്നെയാണ്‌ സരസു എന്നു വന്ന സ്ത്രീ വിളിച്ച് പറഞ്ഞു. രമേശന്‍ വിട്ടില്ല. മറ്റേ പാര്‍ട്ടിക്കാരും സ്ത്രീയുടെ ഭാഗം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഒച്ചപ്പാട് കേട്ട് പ്രവര്‍ത്തകര്‍ പുറത്ത് തടിച്ച്കൂടി.

രമേശന്‍ ഭ്രാന്തെടുത്തത് പോലെ “ഇത് സരസു അല്ല.. കള്ള വോട്ട് ചെയ്യാന്‍ വന്നിന്..” എന്നൊക്കെ ഉറക്കെ പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്. മറ്റേ ഏജന്റും വന്ന സ്ത്രീയും അതിനെ എതിര്‍ത്തും പറയുന്നു. പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ രണ്ടു കൂട്ടരേയും ശാന്തരാക്കാന്‍ ആവുന്നത് ശ്രമിച്ചു. സംഗതി കയ്യാങ്കളിയിലെത്തുമെന്നു തോന്നിച്ചു.

അപ്പോള്‍ പോളിംഗ് ഓഫീസര്‍ രമേശനോട് ചോദിച്ചു. "ഇതു സരസു അല്ല എന്ന്‌ നിങ്ങള്‍ക്ക് എന്താണിത്ര ഉറപ്പ്? വല്ല തെളിവുമുണ്ടോ...?"

ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."

Wednesday, November 25, 2009

കിളിമാനം

ബസ്സ് പണിക്കാര്‍ നാട്ടിന്‍പുറങ്ങളിലെ ഗ്ലാമര്‍ താരങ്ങളാണ്. ഗള്‍ഫുകാരേക്കാള്‍ വെയ്റ്റാണിവര്‍ക്ക്. ഇവരോട് സൌഹൃദം കൂടാനും കല്യാണത്തിനും കുടിയലിനുമൊക്കെ ക്ഷണിക്കുവാനും എല്ലാവര്‍ക്കും ആവേശമാണ്. ആഘോഷ വീടുകളിലൊക്കെ ആളുകളെല്ലാം ഇവരുടെ ചുറ്റും ആയിരിക്കും. "ദാ.. ബസ്സുകാര് വന്നിട്ടുണ്ട്... അവര്‍ക്ക് വേഗം ചോറു കൊടുക്ക്.." എന്നും പറഞ്ഞ് വീട്ടുകാര് ഓടി നടക്കുന്നത് കാണാം. ഇവരെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധ പിന്നെ അങ്ങോട്ടാവും. ലേഡീസിന്റെ കാര്യം പ്രത്യേകം പറയാനുമില്ല. കരിമഷിയിട്ട മിസ്സൈലുകളും ലിപ്സ്റ്റിക്കിട്ട മെസ്സേജുകളും അവരുടെ ചുറ്റും കറങ്ങി നടക്കും.
ബസ്സ് പണിക്കാരെ ലീവിനു കണ്ടാല്‍ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് കേള്‍ക്കാം. "എപ്പാ ഇറങ്ങിയെ..?" കേട്ടാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയതാണെന്നു തോന്നും. നാട്ടിലെ പ്രണയ നായകന്‍മാര്‍ കൂടിയാണ് ബസ്സ് പണിക്കാര്‍. അതില്‍ തന്നെ ഡ്രൈവര്‍മാരായിരിക്കും കോടിപതികള്‍. ടിക്കറ്റില്‍ ഐലവ്യു എന്നെഴുതിക്കൊടുത്ത് പ്രണയം തുടങ്ങുന്നവരാണ് കണ്ടക്റ്റര്‍മാര്‍. തനിക്ക് തോന്നുന്ന ആളെ കയറ്റാന്‍ വേണ്ടി എവിടെ വെച്ച് എപ്പോഴും മണി മുട്ടാന്‍ റെഡിയാണ് ക്ലീനര്‍മാര്‍. ബസ്സോടുന്ന റൂട്ടിലെ ഓരോ സ്റ്റോപ്പിലും ഇവര്‍ക്ക് ലൈനുണ്ടായിരിക്കും. ഓരോ ബസ്സ് സ്റ്റോപ്പിലുമുള്ള ലൈനുകള്‍ക്ക് പുറമേ ഇവരില്‍ ചിലര്‍ക്ക് ബസ്സ് ഹാള്‍ട്ട് ചെയ്യുന്നിടത്ത് രാത്രി സംബന്ധവും ഉണ്ടാകാറുണ്ട്.
കണ്ണൂര്‍ ആശുപത്രി - കണ്ണാടിപ്പറമ്പ റൂട്ടില്‍ ഓടുന്ന വസന്ത ബസ്സിലെ ക്ലീനറാണ് കുട്ടന്‍. ഇരുപത്തിരണ്ട് വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില്‍ വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില്‍ ബുള്‍സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില്‍ നാലിഞ്ച് വീതിയില്‍ കറുത്ത് നരച്ച ചരട്. മാര്‍ബ്ബിള്‍ പോലെ തേച്ച് മിനുക്കിയ പ്രീമിയര്‍ റബ്ബര്‍ ചെരുപ്പ്. മുടി പിറകോട്ട് ചീകിയൊതുക്കി കുറച്ച് ഭാഗം തൂക്കണാംകുരുവിയുടെ കൂടു പോലെ നെറ്റിയിലേക്ക് ഇട്ടിരിക്കും. ഇടയ്ക്കിടയ്ക്ക് മുടിയും മീശയും ചീകി, കുരുവിക്കൂട് വലിച്ച് തൂക്കമൊപ്പിക്കും.
പത്താം ക്ലാസ്സില്‍ തോറ്റതിന് ശേഷം ബസ്സ് കഴുകാന്‍ പോയി, ഇടയ്ക്ക് മെയിന്‍ ക്ലീനര്‍ ലീവാകുമ്പോള്‍ മണി മുട്ടാന്‍ പോയി അങ്ങനെ സ്ഥിരമായതാണ് കുട്ടന്‍. ജോലി കിട്ടിയപ്പോള്‍ കൈയ്യില്‍ കാശു വന്നു, സ്റ്റൈല്‍ വന്നു, സംസാരത്തില്‍ ഭാഷയും, ബാസ്സും വന്നു, സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി കേസ്കെട്ട്സ്.
ബസ്സുകാരു തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന അടിപിടി കുട്ടന്‍ ഇങ്ങനെയാണ് വിവരിക്കുക. "എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന്‍ പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന്‍ എന്നോട് കളിക്കാന്‍ ബന്ന്.. ഞാന്‍ പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?" ബസ്സ് പണിക്കാരുടെ സംസാരത്തിന്റെ ഒരു സാമ്പിള്‍ ടെക്സ്റ്റ് കൂടിയാണിത്.
ലീവില്‍ ഇറങ്ങിയാലും ബസ്സിന്റെ കാര്യത്തില്‍ കുട്ടന്‍ ശ്രദ്ധാലുവാണ്. രാവിലെയും വൈകുന്നേരവും കോളേജുള്ള ദിവസങ്ങളില്‍ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നില്‍ക്കും. ബസ്സുകള്‍ നിര്‍ത്തിയാല്‍ ഡ്രൈവറുടെ ഡോറും പിടിച്ച് റോഡില്‍ നിന്ന് വളരെ സീരിയസ്സായി സംസാരിക്കുന്നുണ്ടാകും. തൊട്ടുമുന്നില്‍ പോയ ബസ്സിനെപ്പറ്റിയുള്ള സമയവിവരം പറഞ്ഞ് കൊടുക്കാനെന്നാണ് വെപ്പ്. പക്ഷേ, ബസ്സിലെ പെണ്‍കുട്ടികളെ കളറടിക്കലാണ് കുട്ടന്റെ ഹിഡണ്‍ അജണ്ട. സംസാരിക്കുന്നത് ഡ്രൈവറോടാണെങ്കിലും മനസ്സും ശരീരവും ഹൃദയവും ലക്ഷ്യവും പിറകിലെ വര്‍ണ്ണക്കിളികളിലായിരിക്കും.
ലീവിലായിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് കുട്ടന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കമെഴുന്നേറ്റപ്പോള്‍ നാലു മണി. ബസ്സ് വരാറായി. വിമന്‍സ് കോളേജില്‍ നിന്നുള്ള കുളിരുകളൊക്കെ അതിലാണ് വരുന്നത്. കുട്ടന്‍ വേഗം മുഖം കഴുകി കണ്ണാടി നോക്കി കുരുവിക്കൂടൊക്കെ പിടിച്ച് റെഡിയാക്കി. ഡ്രെസ്സിടാന്‍ നോക്കിയപ്പോള്‍ അണ്ടര്‍വെയര്‍ കാണുന്നില്ല. അതും പരതി നടന്നാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും. അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ. എന്നും കരുതി സമാധാനിച്ച് ഷര്‍ട്ടും ലുങ്കിയുമിട്ട് വിത്തൌട്ടായി കുട്ടന്‍ ബസ്സ് സ്റ്റോപ്പിലേക്ക് വെച്ച് പിടിപ്പിച്ചു.
ബസ് സ്റ്റോപ്പിലെ രണ്ട് ബസ്സ് ഷെല്‍ട്ടറിലും ചെമ്മീന്‍ ചാകര പോലെ പെണ്‍പിള്ളേരുണ്ട്. കുട്ടന്‍ അവരുടെ അടുത്ത് പോയി നിന്നു മൊബൈല്‍ എടുത്ത് ഒന്ന് രണ്ട് ചങ്ങാതിമാരെ വിളിച്ച് "നീ ഏട്യാ ഉള്ളത്...? ഞാന്‍ എറങ്ങീറ്റാ ഉള്ളത്.. രണ്ട് ദിവസം കയിഞ്ഞ് കേരണം.." എന്നൊക്കെ സംസാരിച്ച് കൊണ്ട് നിന്നു. അപ്പോഴേക്കും ബസ്സ് വന്നു.
കുട്ടന്‍ ഡോറും പിടിച്ച് ഡ്രൈവര്‍ ജയേട്ടനുമായി സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കാലു കൊണ്ട് കോഴി ചികയുന്നത് പോലെ വെറുതെ റോഡില്‍ വരയുന്നുമുണ്ട്. അപ്പോഴാണ് ഒരു ബൈക്കില്‍ രണ്ട് ചെറുപ്പക്കാര്‍ ഹൈ സ്പീഡില്‍ വന്നത്. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ബസ്സിനും കുട്ടന്‍ നിന്നതിനു ശേഷമുള്ള ഭാഗത്ത് കൂടി ബൈക്കിന് കഷ്ടിച്ച് പോകാനുള്ള സ്ഥലമേയുള്ളു. ചെറുപ്പക്കാരു പിള്ളേരല്ലേ അവര് ഹൈസ്പീഡില്‍ കുട്ടനെ മുട്ടിയുരുമ്മി പറപ്പിച്ച് വിട്ടു. അതൊരു വല്ലാത്ത പോക്കാണെന്നു എല്ലാവരും സമ്മതിച്ചു. കാരണം,
ആ പോക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ഒരു സാധനം കുടുങ്ങിപ്പോയിരുന്നു. കുട്ടന്റെ ഡെസ്ക് ടോപ്പ് ഐറ്റംസ് മറക്കാനുള്ള ഏക തുണിയായ ലുങ്കി....! താന്‍ ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന്‍ ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…
ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന്‍ തുടങ്ങി.
"ആട നിക്കടാ.. എന്റെ ലുങ്കി താടാ.." എന്നു പറഞ്ഞ് കുട്ടന്‍ ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില്‍ ഈസ്റ്റും പൊത്തിപിടിച്ച് ബൈക്കിന്റെ പിറകെ ഓടി…

Sunday, November 15, 2009

ദേവദാരു പൂത്തു. പക്ഷേ...പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ. ചില പാട്ടുകള്‍ എത്ര കേട്ടാലും മതിയാവില്ല. എന്നാല്‍ എനിക്ക് ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരു പാട്ടുണ്ട്. അതാണീ പാട്ട്.

"ദേവദാരു പൂത്തു.. എന്‍ മനസ്സിന്‍ താഴ്വരയില്‍
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍.."

ഈ പാട്ട് റേഡിയോയില്‍ കേട്ടാല്‍ ഞാനത് ഓഫാക്കും. ചാനലിലാണെങ്കില്‍ ആ ചാനല്‍ മാറ്റും, ആരെങ്കിലും എന്റെ മുന്നില്‍ വെച്ച് പാടിയാല്‍ പാടിയവന്റെ കഴുത്തിനു പിടിക്കും. ഇതൊന്നുമല്ലെങ്കില്‍ ചെവി പൊത്തും. മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ, കാബറെ ഡാന്‍സുകാരിക്ക് സാരി പോലെ അലര്‍ജ്ജിയാണ്‌ എനിക്കീ പാട്ട്.

എന്റെ മഹത്തായ പ്രീഡിഗ്രി സെക്കന്റിയര്‍. കോളേജിലെ കലോത്സവ ദിവസം. അന്നാണീ പണ്ടാറടക്കാനുള്ള പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. പാടുന്നത് ശ്രീദേവി. മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. വട്ട മുഖി, നീണ്ട മുടി അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപാവാട ആന്റ് ഗ്രീന്‍ ബ്ലൌസ്സ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.

അവളും സെക്കന്റിയര്‍ ആണെങ്കിലും വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു ഇദ് പാട്ട് കേട്ടതിന് ശേഷം എനിക്കവളോട് തോന്നി. "എന്തിനധികം പറയുന്നച്ഛാ, ചന്തു ചതിച്ച ചതിയാണച്ഛാ..." എന്നു ചങ്ങമ്പുഴ കുമാരനാശാന്‍ പാടിയത് പോലെ, ആ പാട്ട് എന്നെ ചതിച്ചു. കഷ്ടപ്പെട്ട് സംരക്ഷിച്ച് വന്ന എന്റെ കന്യകാത്വം നഷ്ടപ്പെട്ടു. ഞാന്‍ അനുരാഗ വികാര തരളിത മുഗ്ധലോല പുഷ്പനായി. എന്റെ രാവുകള്‍ അവളുടെ രാവുകളായി. മീന്‍സ് സ്ലീപ് ലെസ്സ്. സോണിയുടെ 90ന്റെ കാസറ്റില്‍ രണ്ടു സൈഡിലും ഞാന്‍ ദേവദാരു കുത്തിനിറച്ചു കേള്‍ക്കാന്‍ തുടങ്ങി. രാവിലെയും, സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോഴും എല്ലാ നേരവും വീട്ടില്‍ ദേവദാരു പൂത്തു വിടര്‍ന്നു. പാടിപ്പാടി നാഷണലിന്റെ മോണോ ടേപ്പ് റിക്കാര്‍ഡറിന്റെ ഹെഡ് തയഞ്ഞ് തീരാറായി.

അപ്പോഴാണ് പാട്ട് കാരണം പഠിക്കാന്‍ പറ്റുന്നില്ല എന്ന് എന്റെ ചേട്ടന്‍ ദേവദാസന്‍ പരാതിപ്പെട്ടത്. അതു കേട്ടയുടനെ ബൂര്‍ഷ്വാസികളായ അച്ഛനുമമ്മയും കാസറ്റെടുത്ത് അടുപ്പിലിട്ടു. നിന്ദ്യവും ക്രൂരവുമായ ഈ കാടന്‍ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഞാന്‍ രാവിലത്തെ ക്വാട്ടയായ പത്ത് ദോശ ബഹിഷ്കരിച്ചു. കുറേ കഴിഞ്ഞ് അമ്മ പശുവിനെ കെട്ടാന്‍ പോയ തക്കത്തിന് ഓരോന്നായി ചുരുട്ടി വായിലൂടെ ലോക്കറിലേക്ക് തട്ടി.

ചേട്ടന്‍ എന്റെ കോളേജില്‍ തന്നെ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ഇവനെക്കൊണ്ട് എനിക്കെപ്പോഴും ചീത്ത കേള്‍ക്കാനേ നേരമുള്ളു. ഞാന്‍ കളിക്കാന്‍ പോകുന്ന നേരത്ത് ഇവന്‍ ഇരുന്ന് പഠിക്കുകയായിരിക്കും. അപ്പോ കേള്‍ക്കാന്‍ തുടങ്ങും, “ഏട്ടനെ നോക്കെടാ, അവനിരുന്നു പഠിക്കുന്നത് കണ്ടില്ലേ, നിനക്കെപ്പോഴും കളിച്ച് നടന്നാ മതി.. പോയി പഠിക്കെടാ..” ലെവന്‍ ഒരു പഠിപ്പിസ്റ്റാണ്. ഞാനാണെങ്കില്‍ പരമ്പരാഗത കുടില്‍ വ്യവസായമായ കോപ്പിയടി കൊണ്ട് കടന്ന്കൂടുന്നവനും. സ്കൂളിലും കോളേജിലും ഇവന്റെ പേര്‍ എപ്പോഴും തിരുത്തിക്കുറിക്കലാണ് എന്റെ പണി. "നിന്റെ ചേട്ടന്‍ എന്തു നന്നായി പഠിക്കുമായിരുന്നു.. നീ എന്താ ഇങ്ങനെ ആയിപ്പോയത്..?" എന്നത് മാഷന്മാര്‍ എനിക്ക് എല്ലാ ദിവസവും തരുന്ന ഗുഡ് സര്‍ട്ടിഫിക്കറ്റാണ്.

അതിലൊന്നും ഇത്ര വിഷമിക്കാനില്ല. കാരണം കോട്ടി കളിക്കാനോ, ക്രിക്കറ്റ് കളിക്കാനോ, അടിപിടിയുണ്ടാക്കാനോ, തിരക്കുള്ള ബസ്സില്‍ മുന്‍ വാതിലില്‍ കയറാനോ, പഞ്ചാരയടിക്കാനോ പോലും അവനെക്കൊണ്ട് പറ്റില്ല. അതൊക്കെ നമ്മള് നന്നായി സ്കോര്‍ ചെയ്യുന്ന ഫീല്‍ഡാണ്. കോളേജില്‍ ഒന്നാമതായത് കൊണ്ടും കാണാന്‍ സുന്ദരനായത് കൊണ്ടും, പെണ്‍‌പിള്ളേരൊക്കെ അവന്റെ ഫാന്‍സാണ്. പക്ഷേ അവനാണെങ്കില്‍ പെണ്‍പിള്ളേരോട് മിണ്ടില്ല, ചിരിക്കില്ല, അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി ഓരോ ലൈന്‍ ഉണ്ടാക്കിയേനെ. എന്തു ചെയ്യാനാ, ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

ലവ് ജിഹാദുകാര്‍ കാസറ്റ് കത്തിച്ചെങ്കിലും, എന്റെ പ്രണയ താജ്മഹലിന്റെ ഒരു ചെങ്കല്ലിന് പോലും കേട് വന്നില്ല. കോളേജിലെത്തിയാല്‍ പിന്നെ ശ്രീദേവി വരുന്നതും നോക്കി നില്ക്കലാണ് എന്റെ പ്രൈം ജോബ്. അവള്‍ വരുന്നു, എന്നോട് ചിരിക്കുന്നു, പോകുന്നു, വൈകുന്നേരം വീണ്ടും കാണുന്നു, ചിരിക്കുന്നു, അവളുടെ പിറകെ മണത്ത് ബസ്സ് സ്റ്റോപ്പ് വരെ പോകുന്നു. ഡിറ്റോ.. ഡിറ്റോ.. അഹാ.. അനുരാഗത്തിന്റെ സുന്ദര ദിനങ്ങള്‍! പക്ഷേ എന്നും ഇങ്ങനെ വെറുതെ ചിരിച്ച് നടന്നാല്‍ പോരല്ലോ. പ്രേമം എന്നു വെച്ചാല്‍ ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില് ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില് പോണം കുട മറച്ച് പിടിക്കണം. ഹൊയ്യാരാ... ഹൊയ്യാര ഹൊയ്യാ.. രാപ്പാടീ... അതൊക്കെ ഓര്‍ത്തപ്പോ തന്നെ രോമരാജിയും രാജന്മാരുമൊക്കെ സിനിമാറ്റിക് ഡാന്‍സ് തുടങ്ങി. സോ, അവളോട് ഐലവ്യു പറഞ്ഞ് കാര്യങ്ങള്‍ക്കൊക്കെ സ്പീഡാക്കണമെന്ന് ഞാന്‍ ഡിസൈഡിച്ചു. അതിന്‌ ലൌ ലെറ്റര്‍ കൊടുക്കുക എന്ന ഒരൊറ്റ പുരാതന മാര്‍ഗ്ഗമേ ധൈര്യവാനായ എന്റെ മോണിറ്ററില്‍ തെളിഞ്ഞുള്ളു.

വിത്ത് ദി ഹെല്‍പ്പ് ഓഫ് മൈ ക്ലാസ്സ്മേറ്റ് പപ്പന്‍, ഞാനൊരു ലെറ്റര്‍ തയ്യാറാക്കി. അത് അവള്‍ക്ക് കൊടുക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ട് ദിവസം കോളേജിലെ ഏണിപ്പടിയുടെ മുകളില്‍ രാവിലെ തന്നെ കാത്ത്നിന്നു. രണ്ട് തവണയും അവളുടെ കൂടെ വേറെ കുറേ കാട്ടുകാലികളും ഉണ്ടായിരുന്നു. അതു കൊണ്ട് കൊടുക്കാന്‍ പറ്റിയില്ല. അവള്‍ ചിരിച്ചു, തിരിഞ്ഞ് നോക്കി പിന്നേം ചിരിച്ചു സ്ലോമോഷനില്‍ നടന്ന്പോയി.

മൂന്നാമത്തെ ദിവസം അവള്‍ തനിച്ചാണ്‌ വന്നത്. പപ്പന്‍ തൂണിന്‌ മറഞ്ഞ്നിന്നു എന്നോട് പറഞ്ഞു. “ദാടാ, അവള്‌ വെള്ള ചുരിദാറാ ഇട്ടത്, വെള്ള നല്ല ലക്ഷണമാ,, ഇന്ന് തന്നെ കൊടുക്കണം.." ഞാന്‍ പതുക്കെ ഏണിപ്പടി ഇറങ്ങി. പേടിച്ച് വിറക്കുന്ന കൈവരിക്ക് എന്റെ ബോഡി കൊണ്ട് സപ്പോര്‍ട്ട് കൊടുത്തു. അവള്‍ പുഞ്ചിരിച്ച് പടികള്‍ കയറി വരുന്നുണ്ടായിരുന്നു. ഈ കത്ത് കൊടുക്കുക എന്നതൊക്കെ പറയാന്‍ എളുപ്പമാണ്. കൊടുക്കാന്‍ നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്‍ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.

എന്റെ നെഞ്ച് കിടന്ന് പിടക്കാന്‍ തുടങ്ങി. (അതിനൊക്കെ എന്തിന്റെ കേടാ..?) തൊണ്ടയില്‍ വെള്ളം വറ്റി.. കക്കൂസില് പോകാന്‍ മുട്ടുന്നു.. ആകെ മൊത്തം സം ടോട്ടല്‍ വിറക്കാന്‍ തുടങ്ങി... കൈയ്യിലെ രോമങ്ങളൊക്കെ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നേറ്റ് നിന്നു. ശ്രീദേവി, എന്റെ ഫ്യൂച്വര്‍ വൈഫ്, സ്വപ്ന ദേവത, ഹൃദയാരാമത്തിന്റെ രോമാഞ്ചം.. ഒരു വെള്ളക്കുതിരയെപ്പോലെ പടികള്‍ കയറി വന്ന് എന്റെ അടുത്തെത്തി. ഞാന്‍ മനസ്സിന്റെ ഏതൊക്കെയോ ഫോള്‍ഡറില്‍ നിന്നും ധൈര്യം ഡൌണ്‍ലോഡ് ചെയ്ത് കത്തെടുക്കാനായി കൈ പൊന്തിച്ചു.. ബിഫോര്‍ ദാറ്റ്, അവള് ഒരു കത്തെടുത്ത് എനിക്ക് നേരെ നീട്ടി. അതു ശരി.. ഇവള് ആളു കൊള്ളാമല്ലോ.. ഞാന്‍ അങ്ങോട്ട് കൊടൂക്കുന്നതിന് മുമ്പ് ഇങ്ങോട്ടേക്കോ? നാണിച്ച് കാലു കൊണ്ട് സിമന്റില്‍ തറ പറ എന്നെഴ്തി ഞാനത് വാങ്ങി. ആ പൊട്ടന്‍ പപ്പന്‍ എന്റെ സൌഭാഗ്യം കണ്ട് അസൂയപ്പെട്ടിരിക്കുന്നുണ്ടാവും.. പ്രൊഫൈലില്‍ സ്റ്റാറ്റസ് കമ്മിറ്റഡ് എന്ന് ചെയ്ഞ്ച് ചെയ്യുന്ന കല്ല്യാണപ്പെണ്ണിനെ പോലെ കോരിത്തരിച്ച് ഞാന്‍ നില്‍ക്കെ, അവളുടെ ഡയലോഗ് കേട്ട് ഞാന്‍ ഞെട്ടി..

"കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."

അത് എന്റെ കൈയ്യിലിട്ട് അവള്‍ സ്റ്റെപ്പ് കയറിപ്പോയി. ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.

ഹര്‍ത്താല്‍ ദിവസത്തിലെ ട്രാഫിക് അയലന്റ് പോലെ നിശ്ശബ്ധശൂന്യ നിര്‍വ്വികാരനായി ഞാന്‍ നില്ക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ടില്‍ പപ്പന്റെ കാളരാഗം കേട്ടു..

"ദേവദാസന്‍ തൂങ്ങി… ശ്രീദേവീന്റെ മനസ്സിന്‍ കൊമ്പത്ത്..."

കണ്‍സൊലേഷന്‍ തോട്ട്:- പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.

Sunday, November 1, 2009

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .

ക്ലാസ്സിലെ സീനിയര്‍ മെംബേഴ്സിനാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ക്ക് രണ്ട് പിരിയഡ് കഴിഞ്ഞ് ഉപ്പുമാവുണ്ടാക്കാന്‍ പോകാം. മാഷന്മാരുടെ ചൂരല്‍ പ്രയോഗങ്ങളില്‍ നിന്നും രക്ഷനേടുകയുമാവാം.

“ആരാ ഉപ്പുമാവുണ്ടാക്കാന്‍ പോകുന്നത്..?” എന്നു കുഞ്ഞമ്പുമാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്നും അജി, അച്ചപ്പന്‍ സന്തോഷ്, വെറിയന്‍ രാജന് തുടങ്ങിയവര്‍ ധീരജവാന്മാരായി എഴുന്നേറ്റ് പോകും. രണ്ടു മൂന്നു വര്‍ഷങ്ങളായി മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണികളായി സെയിം ക്ലാസ്സില്‍ സെയിം ബെഞ്ചില്‍ സെയിം പൊസിഷനില്‍ വിലസുന്ന ചെറുപ്പക്കാരാണിവര്‍.

അടുത്ത പിരിയഡിലെ ചോദ്യങ്ങളില്‍ നിന്നും അതിനുശേഷം ഉറപ്പായി പ്രതീക്ഷിക്കാവുന്ന അടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാനും ഉപ്പുമാവുണ്ടാക്കാന്‍ എഴുന്നേറ്റ് നിന്നാല്‍ തന്നെ പ്രയോജനമില്ല. “നീ പോണ്ട, ആട ഇരിക്ക്” എന്നു പറഞ്ഞ് ഇരുത്തിക്കളയും കണ്ണില് ചോരയില്ലാത്ത മാഷന്മാര്‍. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.

ഉപ്പുമാവ് ഉണ്ടാക്കുന്ന ഓയില്‍ അമേരിക്കയില്‍ നിന്നും സപ്ലൈ ചെയ്യുന്നതാണ്. പത്ത് ലിറ്റര്‍ കൊള്ളുന്ന ചെറിയ ഇരുമ്പ് ടിന്നുകളിലായിരിക്കും ഈ ഓയില്‍ സൂക്ഷിച്ചിരിക്കുക. ഉപ്പുമാവുണ്ടാക്കിയതിന് ശേഷം കാലിയാകുന്ന ഈ ടിന്നുകള്‍ ചെറിയ പൈസയ്ക്ക് കുട്ടികള്‍ക്ക് വാങ്ങാവുന്നതാണ്. ഈ ടിന്നുകള്‍ കൊണ്ട് പല ഉപയോഗങ്ങളുണ്ട്. വെള്ളം നിറച്ച് വെക്കാം, മണ്ണെണ്ണ വാങ്ങാം, ഒരു വശം മുറിച്ച് കളഞ്ഞ് പഴയ റബ്ബര്‍ ചെരുപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടിയുണ്ടാക്കാം. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

ഒരു മണി ബെല്ല് അടിച്ചാല്‍ തേനീച്ചക്കൂടിളകിയ പോലെ നൂറു കണക്കിന് കാലിവയറുകള്‍ കഞ്ഞിപ്പുരയുടെ നേര്‍ക്ക് സകല ബഞ്ചും ഡെസ്കും കടന്നുതുള്ളി ഓടും. ചിലപ്പോള്‍ ഏതെങ്കിലും ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നുണ്ടാകും. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.

ഉപ്പുമാവ് ഉണ്ടാക്കിയ ദേശസ്നേഹികള്‍ തന്നെയാണ് സപ്ലൈ ചെയ്യുന്നതും. അവിടെ ക്രമസമാധാന പരിപാലനത്തിന് അനന്തന്‍ മാഷോ ഗിരിജ ടീച്ചറോ വടിയെടുത്ത് നില്‍പ്പുണ്ടാകും. ഉപ്പുമാവ് വാങ്ങുന്നത് വാട്ടിയ വാഴയിലയിലോ, ഉപ്പില ചപ്പിലോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തിലോ ആയിരിക്കും. ചിലര്‍ രാവിലെ വീട്ടിലെ അടുപ്പില്‍ വെച്ച് വാട്ടിയെടുത്ത വാഴയില മടക്കി നോട്ട്പുസ്തകത്തില്‍ വെച്ചിട്ടുണ്ടാകും. വേറെ ചിലര്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഉപ്പിലമരത്തിന്റെ ഇല പറിച്ചെടുത്ത് പുസ്തകത്തില്‍ വെക്കും. ഇതൊന്നുമില്ലെങ്കില്‍ പാഠപുസ്തകത്തിലോ കൈയ്യിലോ വാങ്ങിക്കും. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്.

വരി നില്ക്കുന്ന എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ ചീനച്ചട്ടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ ചീനച്ചട്ടിയുടെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. ഒരാള്‍ക്ക് ഓരോ കയില് അത്രേ ഉണ്ടാവൂ. അതു തന്നെ എല്ലാര്‍ക്കും കിട്ടുകയുമില്ല. അപ്പോഴേക്കും ഉപ്പുമാവ് കഴിയാറായിട്ടുണ്ടാകും. അന്നേരം അച്ചപ്പന്‍ സന്തോഷോ, വെറിയന്‍ രാജനോ ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി ചീനച്ചട്ടിയില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!

എന്റെ ക്ലാസ്സില്‍ കുട്ടിരാമന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു അവാര്‍ഡ് ടൈപ്പ്. കീറിത്തുടങ്ങിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൌസറും. പാറിപ്പറക്കുന്ന തലമുടി. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കും. ഉച്ച സമയമാവുമ്പോഴാണ് അവനില്‍ വല്ല ചലനവും കാണുന്നത് തന്നെ. മാഷന്മാര് വല്ല ചോദ്യവും ചോദിച്ചാല്‍ വെറുതെ എഴുന്നേറ്റ് നില്ക്കും , യാതൊരു വികാരവുമില്ലാതെ കിട്ടുന്ന അടിയും വാങ്ങി ഇരിക്കും. ഏസ് യൂഷ്വല്‍ ആള്‍വെയ്സ്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവന്റേത്. അച്ഛനുമമ്മയും അന്നന്ന് കൂലിപ്പണിയെടുത്ത് കൊണ്ട് വരുന്നതില്‍ നിന്നു അരിയും സാമാനങ്ങളും വാങ്ങിയിട്ട് വേണം ആറു മക്കളടങ്ങിയ ആ വീട്ടില്‍ ചോറു വെയ്ക്കാന്‍. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്കൂളില്‍ പോയാല്‍ കിട്ടുന്ന ഒരു നേരത്തെ ഉപ്പുമാവിന്റെ വില എത്ര രൂപയില്‍ ഒതുക്കാനാവും..!

ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ കുട്ടിരാമനുമുണ്ടായിരുന്നു. "വാരിക്കോ.." എന്ന അച്ചപ്പന്‍ സന്തോഷിന്റെ അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം കുട്ടിരാമനും ചട്ടിയില്‍ കൈയിട്ടു. അക്രാന്തത്തോടെ ഉപ്പുമാവിന്നായി പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കുട്ടിരാമനും ആവത് ശ്രമിച്ചു. കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ഉപ്പുമാവെന്നു കരുതി അവന്‍ കുട്ടിരാമന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ കുട്ടിരാമന്‍ ചട്ടിയിലേക്ക് കോയന്‍ ബോക്സ് മുകളിലാക്കി തലയും കുത്തി വീണു. അവന്‍ ചട്ടിയില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. സന്തോഷും രാജനും കൂടി കുട്ടിരാമന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.

തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

"വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.

Sunday, October 25, 2009

ആശുപത്രിയിലെ അതിക്രമം

കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ ഹാപ്പിയായി നടക്കുന്ന കാലം. ദിവസവും രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ പോയിരിക്കുക, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരുക, ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലത്തൊക്കെ എത്തുക ഇതൊക്കെയാണ് ഹോബീസ്. കൂട്ടിന് സുരേശനും ഹൂപ്പറെന്നു വിളിക്കുന്ന പ്രദീപനുമുണ്ടാകും. പ്രദീപനെ ഹൂപ്പര്‍ എന്നു വിളിക്കാന്‍ കാരണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാള്‍ ഹൂപ്പറിന്റെ കാര്‍ബ്ബണ്‍ കോപ്പി ആയത് കൊണ്ടാണ്.

ജീവിതം അങ്ങനെ ആനന്ദസുരഭിലമായി പോകുമ്പോഴാണ് എനിക്ക് ജോലി കിട്ടിയത്. അതിന്റെ വകയില്‍ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് രണ്ടു പേരും എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. വേണമെങ്കില്‍ നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ആ പിള്ളേരാണ് എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു ക്രിയക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു.

കണ്ണൂരിലെ കുടിയന്മാര്‍ക്ക് കോഴിക്കോട് എയര്‍‌പോര്‍ട്ടില്‍ പോകാന്‍ ഭയങ്കര ഇഷ്ടമാണ്. യാത്ര അയക്കുവാനുള്ള വണ്ടിയില്‍ കയറാന്‍ ആളുകള്‍ രക്തദാനസേന പോലെ റെഡിമണിയായിരിക്കും. പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും ലോ കോസ്റ്റിനു ഹൈ ക്വാണ്ടിറ്റി മദ്യം കിട്ടുമെന്നത് കൊണ്ടാണിത്. സ്വന്തം മക്കളേത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു ചോദിച്ചാല്‍ അറിയില്ലെങ്കിലും മാഹിയിലെയും കണ്ണൂരിലെയും കുപ്പിയുടെ വില വ്യത്യാസം അവര് കൃത്യമായി പറഞ്ഞു തരും. മാഹിയില്‍ മദ്യത്തിന് പകുതി വില മാത്രമാവാന്‍ കാരണം കേരളം ഭരിക്കുന്നത് മലയാളികളും, മാഹി ഭരിക്കുന്നത് ഹിന്ദിക്കാരും ആയത് കൊണ്ടാണ്.

മാഹിയുടെ തന്നെ ഭാഗമാണ് കോപ്പാലം എന്ന സ്ഥലം. അവിടേക്ക് തലശ്ശേരിയില്‍ നിന്നും മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു. മാഹിയിലെ ഒച്ചപ്പാടും ശല്യവുമില്ല. സ്കൂള്‍ കെട്ടിടം പോലത്തെ വിശാലമായ മുറികളൊക്കെ നീറ്റും സ്പേഷ്യസുമാണ്. പരിചയമുള്ള ആരും അവിടെ ഉണ്ടാകില്ല. അതു കൊണ്ട് ആരെയും റെസ്പെക്റ്റ് ചെയ്തില്ലയെന്ന പരാതിയില്ലാതെ മദ്യം പാനം ചെയ്ത് പാനിയാവാം.

കണ്ണൂരു വെച്ച് പാര്‍ട്ടി നടത്തിയാല് കുറേ മാസത്തെ ശമ്പളം പൊകയാവും. അത്രയ്ക്കുണ്ട് എന്റെ ഗ്രോസ്സ് സാലറി. അതുകൊണ്ട് കോപ്പാലത്ത് വെച്ച് പാര്‍ട്ടി നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ കോപ്പാലത്തെ കോമളപുഷ്പമാല എന്ന ബാറിലെത്തി. ഈ ബാറിന്റെ പേരിന്റെ പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ വനവാസകാലത്ത് ഭീമസേനന്‍ ഇവിടെയെത്തി. കലശലായ ദാഹം നിമിത്തം മൂപ്പര്‍ ഈ ബാറില്‍ കയറി 10 ലിറ്റര്‍ ഓ.പി.ആര്‍ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അതു കണ്ട് അത്ഭുതപ്പെട്ട കറിവെപ്പുകാരി കോമള ഒരു പുഷ്പമാല എടുത്ത് ഭീമന്റെ കഴുത്തിലിട്ടു. അങ്ങനെയാണ് ഈ ബാറിന് കോമളപുഷ്പമാല എന്ന പേരു വീണത്.

ഓസിന് കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന പാര്‍ട്ടികളാണ് സുരേശനും ഹൂപ്പറും. കിട്ടിയ അവസരം രണ്ടു പേരും ശരിക്കും യൂട്ടിലൈസ് ചെയ്തു. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു. ഞാനാണെങ്കില്‍ നീയൊക്കെ ജനിച്ചിട്ട് ഇന്നേ വരെ ഒന്നും കഴിച്ചിട്ടില്ലേടാ എന്ന ഉള്ളില്‍ നിര്‍ത്തിയ ചോദ്യവുമായി കോളവെള്ളം കടിച്ച് പൊട്ടിച്ച് കുടിച്ചു പോക്കറ്റും പിടിച്ച് ഇരുന്നു. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!

രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട വെപ്രാളത്തിന് ശേഷം വയറിലൊരു മില്ലീ ലിറ്റര്‍ പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

പിന്നെ ഒരു ബസ്സ് പിടിച്ച് തലശ്ശേരിയെത്തി. അവിടെ നിന്നും കണ്ണൂരേക്ക് ഒരു കെ.എസ്.ആര്.ടി.സി. ബസ്സാണ് കിട്ടിയത്. അതിലാണെങ്കില്‍ ഞങ്ങള്‍ക്ക് പുറമേ കണ്ടക്റ്ററും ഡ്രൈവറുമേയുള്ളു. സുരേശന്‍ പോയി ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്ന് മലര്‍ന്ന് കിടന്നു. ഹൂപ്പര്‍ മുകളിലെ കമ്പിയില്‍ പിടിച്ച് മുകളിലേക്ക് പൊന്തുകയും താഴുകയും ചെയ്തു കൊണ്ട് പറഞ്ഞു. "കുറേ ദിവസായി എക്സര്‍സൈസ് ചെയ്തിട്ട്..." ഇവന്മാരെക്കൊണ്ട് ഇനിയെന്തെല്ലാം പുലിവാലുണ്ടാകുമോ ദൈവമേ എന്നാലോചിച്ച് ടെന്‍ഷനടിച്ച് ഞാനിരുന്നു. ഭാഗ്യത്തിന് പ്രശ്നമൊന്നുമുണ്ടാകാതെ കണ്ണൂരെത്തി.

ബോംബേറും കൊലപാതകവുമൊക്കെയായി രാഷ്ട്രീയ കുഴപ്പങ്ങളുടെ നാളുകളായതിനാല്‍ ടൌണില്‍ ആളുകള്‍ കുറവായിരുന്നു. നാട്ടിലേക്കുള്ള ബസ്സ് കയറാന്‍ നില്ക്കുമ്പോള്‍ ഹൂപ്പറിനൊരു വെളിപാടുണ്ടായി. ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞമ്പുവേട്ടന്‍ പനി കാരണം സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. മൂപ്പരെ കണ്ടിട്ട് നാട്ടിലേക്ക് പോകാം. ശരിയെന്നു ഞാനും സുരേശനും സമ്മതിച്ചു.

മൂന്നാം നിലയിലാണ് കുഞ്ഞമ്പുവേട്ടന്‍ കിടക്കുന്നത്. ഞങ്ങള്‍ മൂപ്പരെ കണ്ട് വിശേഷങ്ങള്‍ തിരക്കിയ ശേഷം പുറത്തിറങ്ങി. ഹൂപ്പറും സുരേശനും ഓരോരോ വാര്‍ഡിലും വെറുതെ കയറിയിറങ്ങി നടക്കാന്‍ തുടങ്ങി. പെട്ടുപോയല്ലോ എന്നോര്‍ത്ത് ഞാനും അവരെ അനുഗമിച്ചു. അങ്ങനെ നടന്ന് ആരുമില്ലാത്ത ഒരു വാര്‍ഡിലെത്തി. ഹൂപ്പര്‍ അവിടെയുള്ള ഒരു കട്ടിലില്‍ മലര്‍ന്ന് കിടന്ന് പറഞ്ഞു. “ശോ.. എപ്പോഴാണ് ഇവിടെയൊന്ന് കിടക്കുക..!”

''അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല വെറുതെ നടന്നു പോകുന്നവനെ പോലും ബോംബ് എറിയുന്ന കാലമാണ്. റോഡിലൂടെ നടന്നാല്‍ മതി. ഉടനെ നിനക്കിവിടെ എത്താം.'' സുരേശന്‍ പറഞ്ഞു.

പെട്ടെന്ന് ഹൂപ്പറിന്റെ കണ്ണുകള്‍ ചുവരില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ബള്‍ബുകളില്‍ തങ്ങി. അവന്‍ പറഞ്ഞു. "ഇവിടെ വരെ വന്നിട്ട് ഒന്നും കൊണ്ടു പോയില്ലാന്നു വേണ്ട.." എന്നിട്ട് കട്ടിലില്‍ കയറി ബള്‍ബുകള്‍ അഴിക്കാന്‍ തുടങ്ങി. ഒരെണ്ണം അഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. പിന്നെ അഴിച്ച മൂന്നെണ്ണമെടുത്ത് മുണ്ട് പൊക്കി അണ്ടര്‍വെ‍യറില് ഇട്ടു. ഞാന്‍ തടഞ്ഞിട്ടൊന്നും അവന്‍ അനുസരിച്ചില്ല.

പിന്നെ ഞങ്ങള്‍ താഴേക്കിറങ്ങി റിസപ്ഷനിലെത്തി. അണ്ടര്‍വെയറില്‍ ബള്‍ബുകളുള്ളത് കാരണം ഹൂപ്പര്‍ ഹാന്‍ഡില്‍ വിത്ത് കെയറില്‍ പതുക്കെയാണ് നടക്കുന്നത്. റിസപ്ഷനില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളിലെല്ലാം ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒരു കാലുമുഴുവന്‍ പ്ലാസ്റ്ററിട്ട ഒരാളും അക്കൂട്ടത്തിലുണ്ട്. എന്‍‌ക്വയറി കൌണ്ടറില്‍ പെട്ടി ഓട്ടോറിക്ഷ പോലൊരു പെണ്ണ് ഫോണില്‍ ആരോടോ ഷുഗര്‍ബീറ്റ് ചെയ്യുന്നു. പുറത്തേക്കുള്ള വാതിലിന്റെയടുത്ത് നീല യൂനിഫോമും തൊപ്പിയും കപ്പടാ മീശയുള്ള ഒരു സെക്യൂരിറ്റിക്കാരന്‍ പ്രതിമ പോലെ നില്ക്കുന്നു. ഞാന്‍ ഹൂപ്പറിന്റെ പിറകിലായി അയാളെങ്ങാനും ബള്‍ബ് മോഷ്ടിച്ചത് കണ്ടു പിടിച്ചാലോ എന്നു പേടിച്ച് പേടിച്ച് നടക്കുകയാണ്...

പെട്ടെന്ന് ഭയങ്കര മുഴക്കത്തില്‍ “ഠോ...” എന്നൊരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ബള്‍ബുകള്‍ താഴെ വീണ് പൊട്ടിച്ചിതറി കിടക്കുന്നു.. കസേരയിലിരിക്കുന്നവര്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടുനില്ക്കുന്നു. സെക്യൂരിറ്റിക്കാരന്‍ ഉണ്ടക്കണ്ണന്‍ ഞങ്ങളെ തുറിച്ച് നോക്കുന്നു..

പെട്ടെന്ന് എന്റെ തലയില്‍ വേറൊരു ബള്‍ബ് കത്തി. ഞാന്‍ "ബോംബ്..... ഓടിക്കോ..." എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തേക്കോടി.... എന്റെ പിറകെ ഹൂപ്പര്‍, സുരേശന്‍, കസേരയിലിക്കുന്നവരെല്ലാം.. ആന ഇടഞ്ഞ ഉത്സവപ്പറമ്പ് പോലെയായി റിസപ്ഷന്‍. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു..

ഞാന്‍ ഹൂപ്പറോട് ചോദിച്ചു. "എങ്ങനെയാടാ ബള്‍ബ് വീണത്...?"

അവന്‍ ചമ്മലോടെ പറഞ്ഞു.. "അത്... ഷഡ്ഡി കീറിയതായിരുന്നു..."

"നിനക്കാ അരിപ്പക്കലം മാറ്റി വേറെ നല്ലതിട്ടൂടായിരുന്നോ..?"

"പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."

Sunday, October 11, 2009

ഉമ്മക്കൂടിനുള്ളിലെ കുളി സീന്‍

മുന്‍‌കൂര്‍ ജാമ്യം:‌- മുസ്ലിം വീടുകളിലെ കുളിമുറിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കുന്ന അരവാതിലിനു ചുറ്റുമായി ചതുരത്തില്‍ ഉണ്ടാക്കുന്ന കോണ്‍ക്രീറ്റ് മറയ്ക്ക് പറയുന്ന പേരാണ് ഉമ്മക്കൂട്. കുളിമുറിയില്‍ നില്‍ക്കുന്നവര്‍ക്ക് പുറത്തെ കാഴ്ചകള്‍ കാണാന്‍ അതില്‍ കുറേ ദ്വാരങ്ങളുമുണ്ടായിരിക്കും. മുസ്ലിം സ്ത്രീകളെ പൊതുവെ ഉമ്മ എന്നായിരുന്നു പണ്ടുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിളിച്ചിരുന്നത്. അതു കൊണ്ടായിരിക്കണം ഒരു കൂടു പോലെയുള്ള ഈ കോണ്‍ക്രീറ്റ് മറയ്ക്ക് ഉമ്മക്കൂടെന്ന് പേരു വന്നത്.

ഞങ്ങളുടെ നാട്ടിലെ യാതൊരു ദു:ശ്ശീലങ്ങളുമില്ലാത്ത ഒരേയൊരു ചെറുപ്പക്കാരനാണ്‌ സുനില്‍കുമാര്‍. കള്ളുചെത്തുകാരന്‍ രാമാട്ടന്റെയും, ഭാര്യ ലീലേച്ചിയുടേയും രണ്ടാമത്തെ മകന്‍. മൂത്തവനായ സന്തോഷ് കുമാറിനെക്കൊണ്ട് വീട്ടിലും നാട്ടിലുമെന്നല്ല, കേരളത്തിലും ഇന്ത്യയില്‍പോലും യാതൊരു പ്രയോജനവുമില്ല. കാരണം അവന്‍ ദൂഫായിലാണ്.

സുനിലിന് 25 വയസ്സായി. ഇക്കിളി മാറാത്ത പ്രായം. കാണാന്‍ തരക്കേടില്ല. വിരിച്ചിടത്ത് കിടക്കാത്ത സ്വഭാവമായതിനാല്‍ ജോലിക്കൊന്നും പോകില്ല. എന്തു ജോലിക്ക് പോയാലും രണ്ട് ദിവസം കഴിഞ്ഞ് ''..ഓ.. അദ് നമ്മക്കൊന്നും ശരിയാകൂല.." എന്നും പറഞ്ഞ് മതിയാക്കും. ചേട്ടന്‍ ദൂഫായില്‍ എ.സി.യിലിരുന്ന് കഷ്ടപ്പെട്ട് ധാരാളം സമ്പാദിക്കുന്നത് കൊണ്ടും, അച്ഛന്‍ ജോലിക്ക് പോകുന്നത് കൊണ്ടും, സുനില്‍കുമാറിന് ഫൈനാന്‍ഷ്യലി നോ ഡിഫികല്‍‌ട്ടി. നോ ജോബ്, ബട്ട് നോ അണ്‍‌ ഹാപ്പി.

പക്ഷേ സുനിലിന്റെ സ്വഭാവം 916 ടച്ച്. കള്ളു കുടിക്കില്ല, സിഗര്‍ട്ട് വലിക്കില്ല, ലേഡീസ് ഡിങ്കോള്‍‌ഫിക്കേഷന്‍ ഇല്ല. പെണ്ണുങ്ങളുടെ മുഖത്തെന്നല്ല അതിനു താഴോട്ടും ഡിക്കിയില്‍പോലും നോക്കില്ല. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഇവന്‍ ജീവിച്ചിട്ടെന്തു പ്രയോജനം എന്നു തോന്നും. പക്ഷേ, മോണിക്കയ്ക്കും മോഹന്‍ലാലിനും മലയാളിക്കുമെന്നത് പോലെ സുനില്‍കുമാറിനുമുണ്ട് ഒരു വീക്ക് നെസ്സ്. രാത്രിയാവുമ്പോള്‍ മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തുന്ന കാമസ്സോമുകളുടെ പ്രവര്‍ത്തനഫലമായി അവന്‍ ഏതെങ്കിലും വീടിന്റെ കുളിമുറി നോക്കി നടക്കും... പാവം സുനില്‍കുമാരന്‍..! ഇത്തരം വീക്ക് നെസ്സ് ഒരു മാരക അസുഖമൊന്നുമല്ലല്ലോ. സൈക്കോളജിയുടെ ഇടവഴിയിലിറങ്ങി ചിന്തിച്ചാല്‍ അതൊരു രോഗലക്ഷണം മാത്രമാണ്. ആക്ച്വലി ഇറ്റീസ് എ ടൈപ്പ് ഓഫ് ക്രൈറ്റീരിയ.

മനുഷ്യ മനസ്സുകളെ ഇട്ട് കൊത്തങ്കല്ലു കളിക്കുന്ന അഖിലാണ്ഡ ടെലിവിഷന്‍ പ്രശസ്തനായ മെന്റല്‍ കമ്പൌണ്ടര്‍ പി.എം.മത്തി വലയ്ക്കന്നൂര്‍ ഈ വീക്നസ്സിന് പേരിട്ടിരിക്കുന്നത് 'ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ' എന്നാണ്. അദ്ദേഹം തന്റെ നാലു മടക്ക് പുസ്തകമായ ‘സ്റ്റീല്‍ കോക സയന്‍‌സി’ല് ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണു. “..സീനറികള്‍ ആസ്വദിക്കുക എന്നതാണ് ഈ അസുഖത്തിന്റെ ലക്ഷണം. മലകളുടേതോ പുഴകളുടേതോ ആകാശത്തിന്റെയോ സീനറികളല്ല. സ്ത്രീകളൊക്കെ വൃത്തിയായി കുളിക്കുന്നുണ്ടോ എന്ന കുളി സീനറികളാണ് ആസ്വദിക്കുക… ഈ രോഗലക്ഷണമുള്ളവര്‍ക്ക് ശരീരത്തിലെ പല്ലിന്റെ എണ്ണം കുറവും എല്ലിന്റെ എണ്ണം കൂടുതലും ആയിരിക്കും…" പെണ്ണുങ്ങളുടെ കഷ്ടകാലവും, സുനില്‍കുമാറിന്റെ സീന്‍കരിയറിലെ മികച്ച സമയവും ടോപ്പ് റാങ്കില്‍ ആയതിനാല്‍ നാട്ടുകാര്‍ക്കും അവന്റെ എല്ലൂരി കോല്‍‌ക്കളി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.

ഒരിക്കലെങ്കിലും വാളു വെക്കാത്ത കുടിയന്മാരുണ്ടാകില്ലല്ലോ. അതു പോലെ സുനിലിനും ഒരു ഫാള്‍ട്ട് പറ്റി.

ഒരു ദിവസം രാത്രി ഏഴു മണി ആയപ്പോള്‍ സുനില്‍‌കുമാറിന് വീക്ക് നെസ്സ് തുടങ്ങി. അവന്‍ ആ സുഖത്തിന്റെ കുളിരലയില്‍ അല്‍പ്പം അകലെയുള്ള ലൈലയുടെ വീട്ടിലേക്ക് നടന്നു. ലൈല ഡിഗ്രിക്ക് പഠിക്കുന്ന ഒരു തരുണീമണിയാണ്. അവളെ സുന്ദരി, അതി സുന്ദരി എന്നു മാത്രം പറഞ്ഞാല്‍ പോര, അള്‍‌ട്ടിമേറ്റ് സുന്ദരിയാണ്. ആപ്പിള്‍ പോലത്തെ കവിള്, ചെന്തെങ്ങിന്റെ കരിക്ക് പോലത്തെ എം., പാലപ്പത്തിന്റെ കളര്‍, ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്. കണ്ടാല്‍ ആരും അവളില്‍ മയങ്ങിപ്പോകും, ശംഭു വെച്ചത് പോലെ. അവിടെയാണെങ്കില്‍ അവളുടെ ഉമ്മയും, ഉമ്മൂമ്മയും, അനിയനുമേ ഉള്ളൂ. നോ മെയില്‍ ഹോം, സോ ലോ റിസ്ക്, ഹൈ എഞ്ജോയ്മെന്റ്.

ലൈലയുടെ വീടിന്റെ കുളിമുറിയുടെ എതിര്‍ഭാഗം കുറ്റിക്കാടുകള്‍ നിറഞ്ഞ് ആള്‍‌താമസമില്ലാത്ത വിജനമായ കാട്‌ പിടിച്ച സ്ഥലമാണ്‌. മനസ്സില്‍ സ്നേഹമുള്ളവര്‍ക്ക് കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പുമെല്ലാം ഫൈബര്‍ മെത്തയാണല്ലോ! സുനില്‍ ആ പറമ്പിലൂടെ കുളിമുറി ലക്ഷ്യമാക്കി നടന്നു. വീട്ടുവളപ്പിന്റെ അതിരില്‍ കിണറിന്റെ അടുത്തായി നിറയെ ചക്കകളുമായി നില്ക്കുന്ന ഒരു പ്ലാവുണ്ട്. സുനില്‍ പ്ലാവില്‍ കയറി താഴ്ന്ന് കിടക്കുന്ന കൊമ്പിലൂടെ കുളിമുറിയുടെ വാര്‍പ്പില്‍ ഇറങ്ങി ലൈലയുടെ എഴുന്നള്ളത്തും കാത്തിരുന്നു. വളരെയേറെ ക്ഷമ വേണ്ടൊരു ടാര്‍ഗറ്റാണ് സുനിലിന്റേത്. ബ്ലോഗില്‍ പോസ്റ്റ് ഇട്ട് കമന്റ് കാത്തിരിക്കുന്നവര്‍ക്കും, ബിവറേജില്‍ കുപ്പിക്ക് വരി നില്ക്കുന്നവര്‍ക്കുംപോലും ഇത്ര ക്ഷമ കാണില്ല. സുനില്‍കുമാറൊരു ക്ഷമകുമാര്‍ കൂടിയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ കുളിമുറിയില്‍ വെളിച്ചം വന്നു. ഉമ്മക്കൂടിന്റെ ദ്വാരത്തിലൂടെ വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ പുറത്തേക്ക് നീണ്ടു നിവര്‍ന്ന് കിടന്നു. സുനില്‍ അകത്ത് നടക്കുന്നതെന്തായിരിക്കുമെന്നു ആലോചിച്ചു. ലൈല ഇപ്പോള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചിടുകയായിരിക്കും... വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു... ഇനി അവള്‍ തന്റെ ബട്ടര്‍ ഫെയില്‍ഡ് ബോഡിയില്‍ സോപ്പ് തേക്കുകയായിരിക്കും... അതോര്‍ത്തപ്പോള്‍ തന്നെ സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി. അവന്‍ കോണ്‍ക്രീറ്റില് കമിഴ്ന്നു കിടന്ന് കിണറിലേക്ക് തല നീട്ടി ഉമ്മക്കൂടിന്റെ ഓട്ടയിലൂടെ കുളിമുറിയിലേക്ക് നോക്കി.

പെട്ടെന്ന് അവന്‍ ഞെട്ടി... അവന്റെ പ്രതീക്ഷകള്‍ക്ക് ജസ്റ്റ് ഓപ്പസിറ്റായിരുന്നു അവിടെ കണ്ടത്....

ആപ്പിളിന് പകരം ഉണക്ക മുന്തിരി പോലെ...
കരിക്കിന് പകരം കൊട്ടത്തേങ്ങ..
ഉജാലയ്ക്ക് പകരം തകരപ്പാട്ട..
പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി..

സുനിലിന് ഒന്നും മനസ്സിലായില്ല.. കണ്‍‌ഫ്യൂഷന്‍ തീര്‍ക്കുന്നതിനായി തൊട്ടു താഴെയുള്ള ദ്വാരത്തിലൂടെ നോക്കാനായി അവന്‍ അല്‍പ്പം കൂടി താഴേക്ക് കുനിഞ്ഞു... അത്രേള്ളു.... പെട്ടെന്ന് ഇസ്ക്കന്‍ നാണ്വേട്ടന്‍ മൂവാണ്ടന്‍ മാവിന്റെ കീഴില്‍ കുത്തിയിരുന്ന് കണ്ടുപിടിച്ച കുരുത്വാകര്‍ഷണത്തിന്റെ ഫലമായി ബാലന്‍സ് നഷ്ടപ്പെട്ട് അവന്‍ കിണറിലേക്ക് മൂക്കും കുത്തി വീണു... ഒരു സ്പ്രിങ്ങ് ബോര്‍ഡ് ഡൈവ്.

ഒച്ച കേട്ട് കുളിമുറിയില്‍ നിന്നും കദീജ ഉമ്മുമ്മ വിളിച്ച് പറഞ്ഞു... "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."


വിവരമറിഞ്ഞെത്തിയ നാട്ടുകാരായ കണ്‍‌ട്രികള്‍ക്ക് സുനിലിന് ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ എന്ന അസുഖമാണെന്നു അറിയില്ലായിരുന്നു. ആ തെണ്‍‌ട്രികള്‍ അവനെ വലിച്ച് കയറ്റി കൂടുതലുള്ള പല്ലുകളും, കുറവുള്ള എല്ലുകളും റിപ്പയര്‍ ചെയ്ത് ശരിയാക്കി.

* * * * * *

പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍...? അങ്ങനിപ്പം തോന്നണ്ട. അത്രന്നെ…

Monday, September 28, 2009

കുട്ടിപ്പാച്ചന്റെ ക്രയ വിക്രിയകള്‍

സംസാരിക്കുമ്പോള്‍ പേരുകളും വാക്കുകളും പരമാവധി ചുരുക്കി സമയം ലാഭിക്കുന്നത് എന്റെ നാട്ടുകാരുടെ ഒരു ശീലമാണ്‌. "വേഗം ഇറങ്ങൂ..", എന്നതിന്‌ "ബേംകീ..", എന്നും, "അവിടെ" എന്നതിന്‍ "ആട" എന്നൊക്കെയാണ്‌ ഞങ്ങളുടെ ക്ലാസ്സിക് ഭാഷാ പ്രയോഗങ്ങള്‍. പേരു പറയുമ്പോള്‍ ലക്ഷ്മിചേച്ചിയെ ദെച്ചുഏച്ചി എന്നും, പത്മിനിയെ പപ്പാതി എന്നും, പ്രകാശനെ പാച്ചനെന്നും ഷോര്‍ട്ടാക്കി മാറ്റും.
ഇങ്ങനെ ഷോര്‍ട്ട് ഫോമില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു വില്ലേജാഫീസില്‍ പ്യൂണായ കുഞ്ഞിരാമേട്ടന്റേയും ഭാര്യ രമണിയേച്ചിയുടേയും മകനായ കുട്ടിപ്പാച്ചന്‍. പ്രകാശനെന്ന പേരാണ്‌ പേരിടീലിന് രജിസ്റ്റര്‍ ചെയ്തത്. വീടിനടുത്ത് പീറ്റത്തെങ്ങു പോലത്തെ വേറൊരു പ്രകാശനുണ്ടായതിനാല്‍ ഉയരം കുറഞ്ഞ ഇവന്‍ കുട്ടിപ്പാച്ചനായി മാറി. ഒരേയൊരു മകനായതിനാല്‍ വീട്ടുകാര്‍ ലാളിച്ചു ലാവിഷാക്കി വഷളാക്കിയിരുന്നു. ഡ്യൂ റ്റു ദിസ്, അവനില്ലാത്ത കുരുത്തക്കേടുകളുണ്ടായിരുന്നില്ല. എന്തു ചെയ്താലും അച്ഛനുമമ്മയും വഴക്കൊന്നും പറയുകയില്ല. വല്ലപ്പോഴും രമണിയേച്ചിയൊന്ന്‌ അടിക്കാന്‍ ഓങ്ങിയാല്‍ തന്നെ പാച്ചന്‍ അച്ഛമ്മയായ ദേവു അമ്മയുടെ അടുക്കല്‍ സറണ്ടറാവും.
കുട്ടിപ്പാച്ചന്‍ ആളൊരു കുട്ടിച്ചാത്തനാണ്‌. പതിനഞ്ച് വയസ്സായി. അനുസരണക്കേടിന്റെയും വികൃതിത്തരത്തിന്റേയും ബ്രാന്റ് അംബാസ്സഡര്‍. മെലിഞ്ഞ് കറുത്ത ശരീരം, ജനിച്ചിട്ടിന്നേ വരെ ചീര്‍പ്പ് കാണാത്ത തലമുടി. സംരക്ഷിത പട്ടികയില്‍പ്പെടുന്ന നൂറോളം ഇനം അപൂര്‍വ്വ പേനുകള്‍ അതിനുള്ളില്‍ ഫാമിലിയായി കഴിയുന്നു. എട്ടാം ക്ലാസ്സില്‍ മൂന്ന് തവണ പരാജയമാണ്‌ അക്കാദമിക് റെക്കോര്‍ഡ്. അതോടെ പഠിത്തം നിര്‍ത്തി അമ്മയെ അടുക്കളയില്‍ തിന്നു സഹായിക്കുന്നു.
വീട്ടില്‍ നിന്നും ഫണ്ട് അടിച്ച് മാറ്റി പൊറോട്ടയും ബീഫും തിന്നുക, ദിനേശ് വാങ്ങി കടും പുകയിടുക, ലോകോത്തര സിനിമകളായ കിന്നാരത്തുമ്പികള്‍, തങ്കത്തോണി, ഊരാന്‍ പെട്ട പാട്‌, നീ നടക്ക് ഞാന്‍ വരാം എന്നിവ കാണുക. ഇതൊക്കെയാണ്‌ ഡെയിലി എക്സര്‍സൈസ്. ഇത്തരം സര്‍ഗ്ഗാത്മക കാര്യങ്ങള്‍ക്ക് വേണ്ട മൂലധനത്തിന് അച്ഛനുമമ്മയേയും ശല്യപ്പെടുത്തും. കൊടുത്തില്ലെങ്കില്‍ വീട്ടിലെ പാത്രങ്ങളും സാധനങ്ങളുമെടുത്ത് ഡിസ്കസ് ത്രോ പരിശീലിക്കും, എന്നിട്ടും സാങ്ക്ഷന്‍ ആയില്ലെങ്കില്‍ കിണറില്‍ ചാടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. അപ്പോള്‍ അമ്മയോ അച്ഛമ്മയോ കാശ് കൊടുക്കും; കുട്ടിപ്പാച്ചന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഇതൊരു പ്രതിമാസ കലാ പരിപാടിയായിരുന്നു.
ഒരു ദിവസം കുട്ടിപ്പാച്ചന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ അയ്യായിരം രൂപ വേണമെന്നു പറഞ്ഞു വീട്ടില്‍ ബഹളമുണ്ടാക്കി. സാങ്ക്ഷന്‍ ലിമിറ്റിലും മേലെയായതിനാല്‍ ലോക ബാങ്കായ കുഞ്ഞിരാമേട്ടന്‍ ഫണ്ട് അനുവദിച്ചില്ല. കുറേ പാത്രങ്ങള്‍ വലിച്ചെറിഞ്ഞിട്ടും, വാഴയും ചെടികളുമൊക്കെ അരിഞ്ഞിട്ടിട്ടും ആരും പ്രതികരിച്ചില്ല. അവസാനം പാച്ചന്‍ ഗൂഗ്ലി എറിയാന്‍ തീരുമാനിച്ചു. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന്‌ മുകളിലെ ഞാലിയുടെ പട്ടികയില്‍ പിടിച്ച് ലേലം ഒരു തരം രണ്ടു തരം മൂന്നു തരം എന്നു പറയുന്നത് പോലെ കുറേ തവണ ''ഞാനിപ്പോ തുള്ളും.. തുള്ളും..." എന്നു പറഞ്ഞു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. സ്ഥിരം ആശ്രയമായ അച്ഛമ്മ പോലും നെവര്‍ മൈന്‍ഡ്…
കാമുകിയുടെ മുന്നില്‍ വെച്ച് കളസം കീറിപ്പോയ കാമുകനെപ്പോലെ തന്റെ മൂല്യം ഡിമിനിഷിങ്ങ് ആവുന്നത് കണ്ട് ഫീലിങ്ങ്സായ കുട്ടിപ്പാച്ചന്‍ ആരും പ്രതീക്ഷിക്കാത്ത കടുംകൈ ചെയ്തു…
പെട്ടെന്ന്‌ കിണറില്‍ വീഴുന്ന ശബ്ദം കേട്ടു എല്ലാവരും പേടിച്ച് വന്നു എത്തിനോക്കി. പഴയ കിണറായിരുന്നു. നല്ല ആഴമുണ്ട്. പാറോത്തിലയും കാട്ടുചെടികളും വളര്‍ന്നതിനാല്‍ ഒന്നും കാണുന്നില്ല. വെള്ളം അനങ്ങുന്നത് മാത്രം കാണാം. കുഞ്ഞിരാമേട്ടനും ദേവുഅമ്മയും രമണിചേച്ചിയും നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി..
കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവന്നു. അവരുടെ പത്തിരട്ടി അഭിപ്രായവും അവിടെയുണ്ടായി.. ആരും കിണറ്റിലിറങ്ങുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അടുത്തെവിടെയോ കിണര്‍ കുഴിക്കുന്ന ആള്‍ക്കാര്‍ വന്ന്‌ കമ്പക്കയറിട്ട് കിണറിലിറങ്ങി. കുറേ സമയം തിരഞ്ഞിട്ടും പാച്ചനെ കാണുന്നില്ല.. എല്ലാവര്‍ക്കും ആധിയായി. ഇത്രയായിട്ടും കിട്ടാത്ത സ്ഥിതിക്ക് ഫയര്‍ ഫോഴ്സിനെ വിളിക്കുന്നതാണ്‌ നല്ലതെന്നു ആരൊക്കെയോ പറഞ്ഞു. അതനുസരിച്ച് ഒരാള്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ .......…… അപ്പോള്‍, വീട്ടുവളപ്പിന്റെ മൂലയ്ക്കെ മാവിന്റെ മറവില്‍ നിന്നും “ഡോണ്ട് പ്ലേ വിത്ത് മീ..” എന്ന ഭാവത്തോടെ കുട്ടിപ്പാച്ചന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു……
കുട്ടിപ്പാച്ചന്‍ ആളു ജര്‍മ്മനാണെന്നു അന്നാണ്‌ നാട്ടുകാര്‍ക്ക് പിടികിട്ടിയത്. അവന്‍ ആള്‍മറയുടെ അടുത്ത് അരമതിലിന്റെ മുകളില്‍ വെച്ചിരുന്ന അമ്മിക്കല്ല്‌ ഉന്തി കിണറിലിട്ട ശേഷം സ്ഥലം വിട്ടതായിരുന്നു...വെറുമൊരു സാദാ മലയാളി വിധേയനായിരുന്ന കുഞ്ഞിരാമേട്ടന്‍ ഒരു താലിബാന്‍ തീവ്രവാദിയാകുന്നത് അന്നെല്ലാവരും കണ്ടു... മൂപ്പര്‍ ടപ്പേന്നു പാച്ചന്‌ നാലഞ്ചെണ്ണം പൊട്ടിച്ചു കൊടുത്തു. അത് പാച്ചന്റെ പ്രതീക്ഷകളുടെ ബിയോണ്‍ഡ് ലിമിറ്റായിരുന്നു. പ്രതീക്ഷിക്കാത്ത അറ്റാക്കായതിനാല്‍ അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഓടിക്കൂടിയവരെല്ലാം അവന്റെ കാറല്‍ കേട്ട് വന്നതിന്റെ ഇരട്ടി സ്പീഡില്‍ സ്ഥലം കാലിയാക്കി.പിറ്റേ ദിവസം കുഞ്ഞിരാമേട്ടന്‍ തൊടിയില്‍ അടയ്ക്ക പറിക്കാന്‍ പോകുമ്പോള്‍ പാച്ചനും കൂടെപ്പോയി. ഞാന്‍ പറിച്ചു തരാമച്ഛാ എന്നും പറഞ്ഞു പാച്ചന്‍ കവുങ്ങില്‍ കയറി. “മോന്‍ നല്ല കുട്ടിയായല്ലോ, വെറുതെ ചെക്കനെ അടിച്ചു.. പാവം..” എന്നൊക്കെ വിചാരിച്ച് സന്തോഷിച്ച് കുഞ്ഞിരാമേട്ടന്‍ താഴെ നിന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാശ് കൊടുക്കാത്തതിന്റേയും, നാട്ടുകാരുടെ മുന്നില്‍ വെച്ച് അടിച്ചതിന്റേയും വികാര നിര്‍ഭരമായ സീനുകള്‍ പാച്ചന്റെ മനസ്സില്‍ ഫ്ലാഷ് ബാക്കായി പ്ലേ ചെയ്യുന്നത് സിനിമ ഇഷ്ടമല്ലാത്ത കുഞ്ഞിരാമേട്ടനെങ്ങനെ അറിയാനാണ്‌! പാച്ചന്‍ ഒരു കുല അടയ്ക്ക പറിച്ചെടുത്തു. എന്നിട്ട് അച്ഛന്‍ നില്‍ക്കുന്ന സ്ഥലം നോക്കി. കുല മെല്ലെ കുഞ്ഞിരാമേട്ടന്റെ തലയ്ക്ക് കൃത്യം മുകളിലേക്കിട്ടു. തലയ്ക്ക് തൊട്ട് മുകളിലെത്താറായപ്പോള്‍ "അച്ഛാ.. കുല വരുന്നുണ്ടേ.. മാറിക്കോ..." എന്നു വിളിച്ചു പറഞ്ഞു.വെരി പുവര്‍ കുഞ്ഞിരാമേട്ടന്‍!... എവിടെ മാറാനാണ്...‌! പാച്ചന്റെ കാല്‍ക്കുലേഷനൊക്കെ ഹണ്‍ഡ്രഡ് പേഴ്സന്റേജ് കറക്റ്റല്ലേ.....
മൂപ്പര് അലറിക്കൊണ്ട് പിറകോട്ട് വീണു. അയല്‍ക്കാരൊക്കെ ഓടിക്കൂടി ആശുപത്രിയില്‍ കൊണ്ടു പോയി. ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല്‌ പോക്കറ്റിലുമിട്ടു. അടയ്ക്കാ കുല അബദ്ധത്തില്‍ തലയില്‍ വീണതിന്‌ കുറ്റം പറയാന്‍ പറ്റില്ലല്ലോ...! പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്‌... പാഷനാണ്‌.. പാഷാണമാണ്‌.
രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം രാത്രി പാച്ചന്‍ പറഞ്ഞു. "ഞാനിന്ന്‌ അച്ഛമ്മയുടെ കൂടെയാണ്‌ കിടക്കുന്നത്.." സാധാരണ എല്ലാ ദിവസവും പാച്ചന്‍ അമ്മയോടൊപ്പമാണ്‌ കിടന്നുറങ്ങുന്നത്. അതു കൊണ്ട് രമണിച്ചേച്ചി വേണ്ടാന്നു പറഞ്ഞു. അതു കേട്ട് പാച്ചന്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. അതു കേട്ടു വന്ന ദേവുഅമ്മ രമണിച്ചേച്ചിയെ വഴക്ക് പറയാന്‍ തുടങ്ങി. "മൊനെന്റെ കൂടെ ഒരു ദിവസം കിടന്നാല്‍ നിനക്കെന്താ..? ഓനും ആശയുണ്ടാവൂലേ അച്ഛമ്മേന്റൊപ്പരം കിടക്കാന്‍? മോന്‍ വാ എന്റെയൊപ്പരം കെടക്കാം...."

കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില്‌ ഓട്ട ഉണ്ടാക്കണ്ടല്ലോ എന്നു കരുതി രമണിച്ചേച്ചി പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. ദേവുഅമ്മ പാച്ചനേയും കൂട്ടി ഉറങ്ങാന്‍ പോയി.
ദേവുഅമ്മ പാച്ചനേയും കെട്ടിപ്പിടിച്ച് "മോനിനി എപ്പോം അച്ഛമ്മേന്റെ കൂടെ കിടന്നാ മതി കേട്ടോ,, കുരുത്തക്കേട് കളിക്കാണ്ട് നല്ല മോനാവണം,,.." എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പാച്ചന്‍ അച്ഛമ്മയുടെ നെഞ്ചത്ത് മുഖമമര്‍ത്തി കിടക്കുകയാണ്‌. കുറച്ച് കഴിഞ്ഞപ്പോള്‍ ദേവു അമ്മ ഉറങ്ങി. പാച്ചന്‍ ഉറങ്ങിയില്ല. അവന്‍ ഉറങ്ങാനല്ലല്ലോ അച്ഛമ്മയുടെ കൂടെ കിടക്കുന്നത് തന്നെ…പാച്ചന്‍ കണ്ണടച്ച് അനങ്ങാതെ വായ തുറന്നു… എന്നിട്ട് ദേവുഅമ്മയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണമാല പതുക്കെ കടിച്ച് പൊട്ടിച്ച് വായിലാക്കി… പിന്നെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അമ്മയുടെ കൂടെ പോയി കിടന്നു.
പിറ്റേന്ന് ദേവുഅമ്മ മാലയും നോക്കി നടക്കുമ്പോള്‍ കുട്ടിപ്പാച്ചന്‍ തന്റെ പുതിയ നോക്കിയ ഫോണില്‍ ഞെക്കി നടക്കുകയായിരുന്നു.

Wednesday, September 9, 2009

മീനാക്ഷിയുടെ ക്യൂടെക്സ്രാവിലെ വീടിന്റെ ഉമ്മറത്തെ ചാരുകസേലയിലിരുന്ന് പത്രം വായിക്കുകയാണ്‌ ചന്ദ്രോത്ത് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍. കാലുകള്‍ രണ്ടും അരമതിലില്‍ കയറ്റി വെച്ചിരിക്കുന്നു. ഒരു ലുങ്കി മാത്രമാണ്‌ വേഷം. ഏകദേശം അമ്പത്തിയഞ്ച് വയസ്സുണ്ടാകും. അരോഗദൃഢഗാത്രന്‍. അല്‍പ്പം കഷണ്ടിയുണ്ട്. ഡൈ ചെയ്ത കട്ടിമീശയും തലമുടിയും.

രാഘവന്‍ നമ്പ്യാരുടെ ഭാര്യയായ മാലതിയമ്മ മുറ്റമടിക്കുകയാണു. നമ്പ്യാര്‍ ഇരിക്കുന്നതിന്റെ നേരെ എത്തിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു.

"അല്ല.. ഇതെന്താ.. വയസ്സാന്‍ കാലത്ത് കാലില്‍ ക്യൂടെക്സൊക്കെ ഇട്ടിരിക്കുന്നത്...?"

നമ്പ്യാര്‍ പെട്ടെന്നൊന്നു ഞെട്ടി പിന്നീട് പറഞ്ഞു. ".... ഇത്.. കുഴിനഖം വരാതിരിക്കാന്‍... അബൂബക്കറിന്റെ കടയില്‍ നിന്ന് പുരട്ടിയതാ.. ഒന്നു രണ്ട് ദിവസായല്ലോ... നീ ഇതുവരെ കണ്ടിട്ടില്ലേ.....?"

"അതെയോ.. ഞാന്‍ കണ്ടില്ലാരുന്ന്..." മാലതിയമ്മ അതും പറഞ്ഞ് മുറ്റമടി തുടര്‍ന്നു.

രാഘവന്‍ നമ്പ്യാര്‍ പത്രം വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ പത്രത്തിലാണെങ്കിലും മനസ്സ് അവിടെയല്ലായിരുന്നു. നമ്പ്യാരുടെ ഓര്‍മ്മകള്‍ മൂന്നു ദിവസം പിറകിലേക്ക് പോയി…….....


രാഘവന്‍ നമ്പ്യാര്‍ക്ക് വീട്ടില്‍ നിന്നും കുറേ അകലെയായി ഒരു പാടശേഖരമുണ്ട്. അന്നു അവിടെ കൊയ്ത്തായിരുന്നു. ജോലിക്കാരെയും നോക്കി വയല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ നമ്പ്യാര്‍ക്ക് കലശലായ ദാഹം തോന്നി. വീട്ടിലേക്കാണെങ്കില്‍ കുറേ ദൂരം പോകണം. അതു കൊണ്ട് നമ്പ്യാര്‍ തൊട്ടടുത്തുള്ള പറമ്പിലെ ഭവാനിയമ്മയുടെ വീട്ടിലേക്ക് നടന്നു. ഭവാനിയമ്മ സുഖമില്ലാതെ കിടപ്പിലാണ്‌. അവരും, മകളായ മീനാക്ഷിയും മാത്രമാണ്‌ അവിടെ താമസം. മീനാക്ഷി അതിസുന്ദരിയായ ഒരു യുവതിയാണു. വെളുത്ത് മെലിഞ്ഞ ശരീരം, വിരിഞ്ഞ ജഘനം, ദുര്‍മ്മേദസ്സില്ലാത്ത ഒതുങ്ങിയ വയര്‍. മുപ്പത്തിയഞ്ച് വയസ്സായെങ്കിലും ഒരു ഇരുപത്തിയഞ്ചേ തോന്നിക്കൂ. മീനാക്ഷിയുടെ കല്യാണം പണ്ടേ കഴിഞ്ഞതായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു പോയി. പിന്നെ വേറെ കല്യാണമൊന്നും കഴിച്ചില്ല.

നമ്പ്യാര്‍ ചെല്ലുമ്പോള്‍ മീനാക്ഷി ലുങ്കിയും ബ്ലൌസ്സുമുടുത്ത് അരമതിലില്‍ തൂണും ചാരി ഇരിക്കുകയായിരുന്നു. "എന്താ രാഘവേട്ടാ വന്നത്...? മീനാക്ഷി എഴുന്നേറ്റ് സുന്ദരമായ ഒരു ചിരിയുടെ അകമ്പടിയോടെ ചോദിച്ചു.

"കുടിക്കാന്‍ കുറച്ച് വെള്ളം വേണമായിരുന്നു..." നമ്പ്യാര്‍ പറഞ്ഞു. ഇരിക്ക് ഇപ്പോള്‍ കൊണ്ടു വരാമെന്നു പറഞ്ഞ് മീനാക്ഷി അകത്തേയ്ക്ക് പോയി. അവളുടെ സമൃദ്ധമായ പിന്‍ഭാഗത്തിന്റെ ഇളക്കങ്ങള്‍ നമ്പ്യാരുടെ മനസ്സില്‍ ചില ഓളങ്ങളുണ്ടാക്കി. ഇത്രയും സുന്ദരിയായ ഇവളെ എന്തേ ഇത്ര നാളും വേണ്ടതു പോലെ കാണാന്‍ വിട്ടുപോയെന്നു നമ്പ്യാര്‍ അത്ഭുതപ്പെട്ടു. ഒന്നു ശ്രമിച്ച് നോക്കാന്‍ നമ്പ്യാര്‍ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ മീനാക്ഷി ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു. നമ്പ്യാര്‍ പാത്രം വാങ്ങിക്കുമ്പോള്‍ മനപൂര്‍വ്വം മീനാക്ഷിയുടെ വിരലുകളില്‍ പിടിച്ചു. മീനാക്ഷി ഒരു ചിരിയോടെ കുത്തോട്ട് നോക്കി നാണിച്ചു നിന്നു. വള്ളം താന്‍ വിചാരിച്ച കടവില്‍ തന്നെ അടുക്കുമെന്നു രാഘവന്‍ നമ്പ്യാര്‍ക്ക് മനസ്സിലായി.

"പണി കഴിഞ്ഞാല്‍ പിന്നെ രാഘവേട്ടനെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ...?" മീനാക്ഷി കണ്‍മുനകളിലൊരു കൊളുത്തുമായി ചോദിച്ചു.

"ദാഹിച്ചാ ഇനിയും വരാമല്ലോ... വന്നാ വെള്ളം തരുമൊ?.." രാഘവന്‍ നമ്പ്യാര്‍ മറുപടിയില്‍ ഒരു മുനവെച്ചു.

"ചേട്ടനെപ്പോ വെണേലും വന്നോ.." മീനാക്ഷി നാണിച്ച് കൊണ്ട് പറഞ്ഞു.

രാഘവന്‍ നമ്പ്യാര്‍ പാത്രം മീനാക്ഷിയുടെ കൈയ്യില്‍ കൊടുത്ത് അവളുടെ കൈകള്‍ പിടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു. "എന്നാ ഞാന്‍ ഇന്ന് സന്ധ്യയ്ക്ക് വരും.." മീനാക്ഷി ലജ്ജയോടെ തല കുലുക്കി സമ്മതിച്ചു.

അന്നു സന്ധ്യയ്ക്ക് ആരും കാണാതെ നമ്പ്യാര്‍ മീനാക്ഷിയുടെ വീട്ടിലെത്തി. അവള്‍ അയാളെയും കൂട്ടി മുകളിലെ തന്റെ കിടപ്പു മുറിയിലേക്ക് പോയി. മീനാക്ഷി പകല്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരുന്നു. അഴിച്ചിട്ട നീണ്ട മുടി, കരിമഷിയിട്ട കണ്ണുകള്‍, നെറ്റിയില്‍ സിന്ദൂരപ്പൊട്ട്. ചുവന്ന ബ്ലൌസ്സും വെള്ളമുണ്ടുമാ ണ്‌ വേഷം. മാറിടം ബ്ലൌസ്സിന്റെ കുടുക്കുകള്‍ പൊട്ടിച്ച് പുറത്തേക്ക് ചാടുമെന്നു നമ്പ്യാര്‍ക്ക് തോന്നി. മദമിളകിയ നമ്പ്യാര്‍ മീനാക്ഷിയെ കെട്ടിപ്പിടിക്കാന്‍ ആഞ്ഞു.

ഒഴിഞ്ഞു മാറിക്കൊണ്ട് മീനാക്ഷി നമ്പ്യാരോട് കട്ടിലിലിരിക്കാന്‍ പറഞ്ഞു. നമ്പ്യാര്‍ മനസ്സില്ലാ മനസ്സോടെ അനുസരിച്ചു. മീനാക്ഷി അലമാരയില്‍ നിന്നു ഒരു കുപ്പി ക്യൂടെക്സെടുത്ത് കട്ടിലിരുന്നു. എന്നിട്ട് നമ്പ്യാരുടെ കാലുകളെടുത്ത് മടിയില്‍ വെച്ച് കാല്‍നഖങ്ങളില്‍ ക്യൂടെക്സ് ഇടാന്‍ തുടങ്ങി. അവളുടെ ചെയ്തി കള്‍ നമ്പ്യാര്‍ അത്ഭുതത്തോടെയും, അക്ഷമയോടെയും നോക്കിയിരുന്നു.

മീനാക്ഷി പതുക്കെ ഓരോരോ വിരലുകളായി ക്യൂടെക്സ് പുരട്ടുകയാണ്‌. അവളുടെ പൂവിതള്‍ പോലെയുള്ള വിരലുകളുടെ നനുത്ത സ്പര്‍ശം നമ്പ്യാരില്‍ ആസക്തിയുടെ കൊടുമുടികളുയര്‍ത്തി. നമ്പ്യാര്‍ ക്ഷമ കെട്ട്, “മതി മതി.. നീ ഒന്നു വേഗം വാ…” എന്നു പറഞ്ഞു. മീനാക്ഷി അതൊന്നും കൂട്ടാക്കാതെ പതുക്കെ ഓരോരോ വിരലുകളായി ചായം പുരട്ടിക്കൊണ്ടിരുന്നു. അവസാന വിരലിലും ചായമിട്ട ശേഷം അവള്‍ കുപ്പിയൊക്കെ മാറ്റി വെച്ച് നമ്പ്യാരുടെ അടുത്തേക്ക് എത്തി. അപ്പോഴേക്കും ക്യൂടെക്സ് ഉണങ്ങിയിരുന്നു.

പിന്നത്തെ മേളത്തെ പറ്റി ഓര്‍ത്തപ്പോള്‍ നമ്പ്യാര്‍ക്ക് മേലാസകലം തീപ്പിടിക്കാന്‍ തുടങ്ങി. സഹശയനത്തിനു മുന്പത്തെ ക്യൂടെക്സ് പ്രയോഗം പോലെ മീനാക്ഷിക്ക് ചില പ്രത്യേക ശീലങ്ങള്‍ കിടപ്പറയിലുമുണ്ടായിരുന്നു. നമ്പ്യാര്‍ അവളുടെ പുത്തന്‍ അടവുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിലംപതറിപ്പോയി.പെട്ടെന്ന് ആരോ വന്ന് പേപ്പറില്‍ പിടിച്ചപ്പോഴാണ്‌ കോരിത്തരിപ്പിക്കുന്ന ആ ഓര്‍മ്മകളില്‍ നിന്നും നമ്പ്യാര്‍ ഞെട്ടിയുണര്‍ന്നത്. മകന്‍ സതീശനാണ്‌. രാവിലെ എഴുന്നേറ്റയുടനെ പത്രം വായിക്കാന്‍ വന്നതാണ്‌. നമ്പ്യാര്‍ പത്രത്തിന്റെ ഒരു ഷീറ്റ് അവന് കൊടുത്തു. സതീശന്‍ അതെടുത്ത് നിലത്ത് പോയിരുന്ന് വായിക്കാന്‍ തുടങ്ങി.

മാലതിയമ്മ അപ്പോള്‍ മുറ്റമടി കഴിഞ്ഞ് കൈ കഴുകി അവിടേക്ക് വന്നു. അവര്‍ സതീശനോട് ചോദിച്ചു. "ഇന്നലെ രാത്രി എവിടെയായിരുന്നെടാ?"

"സിനിമയ്ക്ക് പോയതാണ്‌.." സതീശന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.

മാലതിയമ്മ സതീശന്റെ കാലുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.


"അല്ല, നിനക്കുമുണ്ടോ അച്ഛനെ പോലെ കുഴിനഖം...?"


രാഘവന്‍ നമ്പ്യാരും സതീശനും ഞെട്ടി......

രണ്ടു പേരും പരസ്പരം കാലിലേക്കും മുഖത്തേക്കും മാറി മാറി നോക്കി ഒന്നും പറയാനാവാതെ നിന്നു...

എത്ര അര്‍ത്ഥഗര്‍ഭമായിരുന്നു അപ്പോഴവിടെ തളം കെട്ടി നിന്ന മൌനം!

Sunday, August 30, 2009

രാജേശ്വരിയുടെ കടുംകൈ

രാജീവന്റേയും രാജേശ്വരിയുടേയും വീടുകള്‍ അടുത്തടുത്ത് തന്നെയായിരുന്നു. രാജീവന്‍ രാവിലെ പല്ലു തേക്കാന്‍ വീടിന്റെ മുറ്റത്ത് നില്ക്കുമ്പോള്‍ രാജേശ്വരിയും പല്ലു തേച്ച് കൊണ്ട് അവളുടെ വീടിന്റെ മുന്നിലുണ്ടാവും. പല്ലു തേപ്പിന്നിടയ്ക്ക് രണ്ടു പേരും കൈകൊണ്ടും ബ്രഷ് കൊണ്ടും എയറില്‍ ഓരോരോ കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും. ആ തേപ്പ് ഒരു മണിക്കൂറൊക്കെ നീണ്ടു നില്‍ക്കുകയും ചെയ്യും. അങ്ങനെയായിരുന്നു അവര്‍ തമ്മില്‍ പ്രണയത്തിലായത്.

രാജേശ്വരിയുടെ വീട്ടുകാര്‍ സാമ്പത്തികമായി രാജീവനേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നു. രാജീവനാണെങ്കില്‍ ഒരു മരക്കമ്പനിയില്‍ കണക്കെഴുത്താണ്‌ ജോലി. ശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.

രാജേശ്വരിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ വീട്ടുകാര്‍ ഒരു പാട് ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. രാജേശ്വരിയെ കുറേ ഉപദേശിച്ചിട്ടും അവള്‍ക്ക് മനംമാറ്റമുണ്ടായില്ല. ഇവളോടിനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അങ്ങനെ തേച്ച് തേച്ച് പല്ലു തീരുന്നതിനു മുമ്പ് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു.

കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ എല്ലാവരുടേതും പോലെ വളരെ രസമായിരുന്നു. എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി. വിരുന്നിനൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പോക്കറ്റ് ഉപ്പ് വെച്ച കലം പോലെയായി. ശമ്പള അഡ്വ്വാന്‍സ് ചോദിച്ചപ്പോള്‍ മുതലാളിയുടെ മുഖവും ബ്ലാക്ക് ഷേഡ് ആയി. (അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ..) ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ രാജേശ്വരിയുടെ ബന്ധത്തില്‍ രണ്ട് കല്യാണവും അതിന്റെ കൂടെ വന്നു ചേര്‍ന്നു. അതൊക്കെ വളയും മോതിരവുമായി വലിയ സമ്മാനങ്ങള്‍ കൊടുക്കേണ്ടതായിരുന്നു.. നില്‍ക്കക്കള്ളിയില്ലാഞ്ഞ് അതു രാജേശ്വരിയുടെ ആഭരണങ്ങള്‍ പണയം വെച്ചു സോള്‍വാക്കി.

ഇതേ പോലെ പോയാല്‍ കട്ടപ്പുക ആകുമെന്നു രാജീവനു മനസ്സിലായി. അതു കൊണ്ട് ഗള്‍ഫിലേക്ക് പോകാമെന്നു അവന്‍ തീരുമാനിച്ചു. അതനുസരിച്ച് ഒരു ഏജന്റുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ, എല്ലാ പുതുക്കക്കാരികളായ ഭാര്യമാരെ യും പോലെ രാജേശ്വരിയും ഗള്‍ഫില്‍ പോകുന്നതിനെ ശക്തമായെതിര്‍ത്തു. പോകുന്നെങ്കില്‍ എന്നെയും കൂടെ കൊണ്ടു പോകണമെന്നു നിര്‍ബ്ബന്ധിച്ചു. രാജീവന്റെ കാര്യം തന്നെ ഒന്നും ശരിയായില്ല; അതിനിടയ്ക്കാണു എന്നെയും കൂടെ കൊണ്ട് പോകണമെന്നു പറഞ്ഞ് അവള്‍ കുഴപ്പണ്ടാക്കുന്നത്. വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്!

വിസയൊക്കെ ശരിയായാല്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി രാജീവന്‍ പിന്നെ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല.

ഒരു ദിവസം രാത്രി ഏജന്റ് ഫോണില്‍ വിളിച്ച് നാളെ രാവിലെ ഇന്റര്‍വ്യുവിനു ചെല്ലണമെന്നു പറഞ്ഞു. രാജീവന്‍ ഉടനെ മുറിയില്‍ ചെന്ന് പാസ്സ് പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ എടുത്ത് മേശമേല്‍ വെച്ച ശേഷം കുളിക്കാന്‍ പോയി. രാജേശ്വരി കഞ്ഞിക്കലം പോലെ മുഖവുമാക്കി കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.

രാജീവന്‍ തിരികെ മുറിയിലെത്തിയപ്പോള്‍ മുറിയില്‍ നിറയെ പുകപടലങ്ങള്‍..! എന്താ സംഭവിച്ചതെന്നു കരുതി പേടിച്ച് നോക്കുമ്പോ പാസ്സ്പോര്‍ട്ടതാ കിടന്ന് കത്തുന്നു… അടുത്ത് തീപ്പെട്ടിയുമെടുത്ത് കറുത്തമ്മയായി രാജേശ്വരി നില്‍ക്കുന്നു..

പ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും.. പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല.

Monday, August 10, 2009

പ്രണയാഗ്നിയില്‍ ഒരാള്‍

എന്റെ ക്ലോസ് ഫ്രന്റായിരുന്നു ഒരു എക്സ്പോര്‍ട്ടിങ്ങ് സ്ഥാപനത്തില്‍ മെര്‍ചന്‍ഡൈസറായി ജോലി ചെയ്യുന്ന സീമ. നന്നായി വായിക്കുമെന്നതിനാല്‍ ഞാന്‍ അവള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇടയ്ക്ക് കൊണ്ടു കൊടുക്കാറുണ്ട്. (ഒരു മാതിരിപ്പെട്ട പെണ്‍പിള്ളേരുമായി കമ്പനിയാകാന്‍ പുസ്തകങ്ങള്‍ മതീന്നെ..) അവളുടെ സഹപ്രവര്‍ത്തകയാണ് പ്രിയംവദ. വെളുത്ത് മെലിഞ്ഞ് സുന്ദരിയാണ് പ്രിയംവദ. ഞാന്‍ പുസ്തകങ്ങള്‍ കൊടുക്കാന്‍ സീമയുടെ ആഫീസില്‍ പോകുമ്പോള്‍ അവളുടെ കൂടെ എപ്പോഴും പ്രിയംവദയുമുണ്ടാവും. അങ്ങനെ പ്രിയംവദയും എന്റെ നല്ല സുഹൃത്തായി മാറി.

ആയിടയ്ക്ക് അവരുടെ കൂടെ ജോലി ചെയ്യുന്ന ശിവദാസന്‍ എന്നൊരു ചെറുപ്പക്കാരനു പ്രിയംവദയോട് കടുത്ത റൊമാന്റിക് ഫീവര്‍ തുടങ്ങി. ആഫീസില്‍ വെച്ചും വീട്ടിലെത്തിയാല്‍ ഫോണ്‍ വിളിച്ചും ശിവദാസന്‍ പ്രിയംവദയെ ഫോളോ ചെയ്യാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് അവനെ ഇഷ്ടമല്ലായിരുന്നു. ശിവദാസനെ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ പ്രിയംവദ സീമയുടെ സഹായം തേടി. അതനുസരിച്ച് പ്രിയംവദക്കൊരു ലൈന്‍ ഉണ്ടെന്നും നീ വെറുതെ മെനക്കെടേണ്ടെന്നും സീമ ശിവദാസനോട് പറഞ്ഞു. അതാരാണെന്നു പറയണമെന്നു പറഞ്ഞ് ശിവദാസന്‍ ശല്ല്യപ്പെടുത്തിയപ്പോള്‍ സീമ എന്റെ പേര്‍ പറഞ്ഞു. അങ്ങനെ തല്‍ക്കാലം ശിവദാസന്‍ ഒതുങ്ങി.

ഇക്കാര്യങ്ങളൊക്കെ സീമ എന്നോട് പറയാറുണ്ടായിരുന്നു. ഒരു രസത്തിനു വേണ്ടി അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നു ഞാനും സമ്മതിച്ചു. ഒരു സുന്ദരിയുടെ കാമുകനായി അഭിനയിക്കുന്നതില്‍ നമുക്കെന്ത് നഷ്ടം! (ജീവിതത്തില്‍ ഭര്‍ത്താവായിട്ട് വരെ അഭിനയിക്കേണ്ടി വരുമല്ലോ!)

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഏതാനും പുസ്തകങ്ങള്‍ സീമയ്ക്ക് കൊടുക്കുവാന്‍ വേണ്ടി ഒരു ദിവസം ഞാന്‍ അവരുടെ ആഫീസിലേക്ക് പോയി. റിസപ്ഷനില്‍ ഇരുന്ന് സീമയോടും പ്രിയംവദയോടും അല്‍പ്പ സമയം സംസാരിച്ചു. നിങ്ങള്‍ സംസാരിക്ക്, ഞാനിപ്പോ വരാമെന്നും പറഞ്ഞ് സീമ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി. പ്രിയംവദ എന്റെ തൊട്ടടുത്ത് ഇരുന്ന് എ.അയ്യപ്പന്റെ കവിതകള്‍ മറിച്ചു നോക്കുകയായിരുന്നു. “ഈ വരികള്‍ കൊള്ളാമല്ലേ..” എന്നു പറഞ്ഞ് അവള്‍ പുസ്തകം എന്റെ നേര്‍ക്ക് നീട്ടി. ഞാന്‍ എത്തി നോക്കി.

“നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവ്യമായിരുന്നു.
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ചഞെരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍
ഇന്നു നിന്റെ മുഖം കാണാം…”

“അതെയതേ..” എന്നു പറയാന്‍ അവളുടെ നേര്‍ക്ക് നോക്കിയപ്പോള്‍ ചുരിദാറിന്റെ ഇടയിലൂടെ ബ്രാ പുറത്തായത് കണ്ടു. ഞാന്‍ അവളോട് പറഞ്ഞു.

“പക്ഷേ, ഞാന്‍ കണ്ടത് നിന്റെ മുഖമല്ല…”

“ങേ…..” അവള്‍ സാകൂതം എന്റെ നേര്‍ക്ക് നോക്കി.

“നിന്റെ സെക്കന്റ് പേപ്പറാ….” ഞാന്‍ അവളുടെ നെഞ്ചത്ത് നോക്കി പറഞ്ഞു.

“ശോ…. ..” അവളു പുസ്തകം കൊണ്ടെന്റെ തലക്കൊരു കിഴുക്ക് തന്ന ശേഷം ഷാള്‍ പിടിച്ച് നേരെയിട്ടു നാണിച്ച് ചുവന്നു നിന്നു. ഞാന്‍ പൊട്ടിപൊട്ടിചിരിച്ചു.

പെട്ടെന്നാണ് വാതില്‍ക്കല്‍ സീമയും ഒരാളും നില്‍ക്കുന്നത് ഞാന്‍ കണ്ടത്. സീമ മുന്നോട്ട് വന്നു എന്നെ പരിചയപ്പെടുത്തി. “കുമാര്‍ജീ…ഇതാണ് ശിവദാസ്…..”

ഞാന്‍ എഴുന്നേറ്റ് അവനു കൈ കൊടുത്തു. തണുത്ത് മരവിച്ച് മൃദുലമായ കൈ. നിര്‍ജ്ജീവമായ വിളറിയ മുഖം. വെളുത്ത് മെലിഞ്ഞ ശരീരം. “ഹലോ…” ഞാന്‍ പറഞ്ഞു. അവന്‍ നിര്‍വ്വികാരമായി പതുക്കെ തലകുലുക്കി. പ്രിയംവദയ്ക്ക് അവനൊട്ടും മാ‍ച്ചല്ല എന്ന് ആരും പറയും. അതു കൊണ്ടാവണം അവളും അവനെ നിരസിക്കുന്നത്.

“എന്തായിരുന്നു രണ്ടു പേരും തമ്മിലൊരു പ്രണയ സല്ലാപം…?” സീമ ചോദിച്ചു.

“ഹേയ്.. ഞങ്ങള്‍ വെറുതെ..” ഞാനും പ്രിയംവദയും പറഞ്ഞു.

സീമ പിന്നെയും എന്നെയും പ്രിയയേയും തമ്മില്‍ ചേര്‍ത്ത് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോട്ടേയെന്നും പറഞ്ഞ ശിവദാസന്‍ പോയി. ശരിയെന്ന് ഞാന്‍ തലകുലുക്കി. കുറച്ച് കഴിഞ്ഞ് ഞാനും മടങ്ങി. അന്നു രാത്രി തികച്ചും അപ്രതീക്ഷിതമായി ശിവദാസന്‍ എന്നെ ഫോണില്‍ വിളിച്ച് പ്രിയംവദയുമായി ഇഷ്ടത്തിലാണോ എന്നു ചോദിച്ചു. ഞാന്‍ അതെയെന്നും പറഞ്ഞു. ഉടനെ അവന്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പിറ്റേന്ന് ആഫീസിലെത്തി കുറച്ച് കഴിഞ്ഞയുടനെ എനിക്ക് സീമയുടെ ഫോണ്‍ വന്നു. ശിവദാസന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു !! തലക്കടിയേറ്റതു പോലെ ഞാന്‍ തരിച്ചിരുന്നു പോയി. കുറേ നേരത്തേക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം പ്രതീക്ഷിക്കാത്ത ഒരു ദുരന്തത്തിലാണ് കൊണ്ടെത്തിച്ചത്.

ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നെന്നും അവൾ നിരസിച്ച ദു:ഖം സഹിക്കാന്‍ പറ്റാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നെന്നും ശിവദാസന്‍ കത്തെഴുതി വെച്ചിരുന്നു. പ്രിയംവദയായിരുന്നു അതെന്ന് ഞങ്ങളല്ലാതെ വേറെയാരുമറിഞ്ഞില്ല. അതു കൊണ്ട് ആരോപണങ്ങളില്‍ നിന്നും അവള്‍ രക്ഷപ്പെട്ടു.

ചാരം മൂടിയ കനലുകള്‍ പോലെയായിരുന്നു ശിവദാസന്‍. അവന്‍ ഇങ്ങനെ കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല. ശിവദാസന്റെ തീവ്രപ്രണയത്തെ ആദരിക്കുമ്പോള്‍ തന്നെ അവന്‍ അത്രയ്ക്ക് ചെയ്യേണ്ടിയിരുന്നില്ല എന്നാണെനിക്ക് തോന്നിയത്. ഇതു പോലെ തീവ്രമായ പ്രണയാനുഭവം എനിക്കുമുണ്ടായിരുന്നു. അവള്‍ നിഷ്കരുണം ഒഴിവാക്കിയിട്ടും, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പെണ്‍ മനസ്സിലൊരിടം പിടിച്ചു വാങ്ങേണ്ട ഒന്നല്ലല്ലോ.

പ്രണയം പോലെ മഹത്തായ അനുഭൂതി വേറെയില്ല. മോഹിച്ചവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും തെറ്റല്ല. പക്ഷേ, പ്രണയത്തിന്റെ പുറംമോടിയില്‍ മയങ്ങി, പ്രതിസന്ധികളില്‍ സ്വയം തകരരുത്. പ്രണയമെന്നത് കാറ്റും കോളും നിറഞ്ഞ കടലിലൂടെയുള്ള ഏകാന്തമായ ഒരു യാത്ര എന്നല്ലേ. പെണ്ണിനേയും പ്രണയത്തേയും സമചിത്തതയോടെ കൈകാര്യം ചെയ്യാനറിയാത്തവരുടെ ജീവിതം ശിവദാസന്റേത് പോലെ സ്വയമുരുകി ഇല്ലാതാവുകയെയുള്ളു. ആണില്‍ നിന്നും വ്യത്യസ്തമായി പെണ്ണിനു എന്തെങ്കിലും പ്രത്യേകതയുള്ളത് അവരുടെ ശരീരസൌന്ദര്യമാണു. അതുവെച്ച് അവള്‍ പുരുഷനെ നിഷ്കരുണം അപമാനിക്കുകയും കീഴടക്കുകയും ചെയ്യുന്നു. എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാന്‍ പറ്റാത്തതാണ് സ്ത്രീ മനസ്സ്.

ശിവദാസന്റെ അപ്രതീക്ഷിത മരണം ഏറെക്കാലം ഞങ്ങളെ മൂവരെയും തീരാദു:ഖത്തിലാഴ്ത്തി. മന:പൂര്‍വ്വം അവനെ കളിയാക്കാനോ വേദനിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്ന്‍ സമാശ്വസിച്ച് ദൈവസന്നിധിയില്‍ മാപ്പപേക്ഷിച്ച് ഞങ്ങള്‍ പതുക്കെ അതൊക്കെ മറന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിയംവദ വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി.

വല്ലപ്പോഴും ഗൾഫിൽ നിന്നും അവളുടെ മിസ്സ്കാള്‍ കാണുമ്പോള്‍ ശിവദാസന്റെ നിര്‍വ്വികാര മുഖം എന്റെ മനസ്സിലുണരുന്നു. പ്രണയാഗ്നിയില്‍ സ്വയം ശിരസ്സ് സമര്‍പ്പിച്ചവന്റെ ഓര്‍മ്മപ്പെടുത്തലോടെ.


* * * * * * * *
“തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ
ശരിക്കും പ്രേമത്തിന്റെ രുചിയറിയൂ..” (യൂസഫലി കേച്ചേരി.)