Tuesday, June 24, 2008

പ്രണയശിക്ഷ

ജീവിതമെന്ന മഹാത്ഭുതത്തില്‍ നിന്നൊരു ദിനം.

ഹൈവേയില്‍ നിന്നും ഞാന്‍ കാറൊരു കട്ട് റോഡിലേക്ക് തിരിച്ചു. അതുവഴി ബാറിലേക്ക് എളുപ്പമുണ്ട്. അല്‍പ്പം ഇടുങ്ങിയ വഴിയാണെങ്കിലും ടൌണിലെ തിരക്കുമൊഴിവാക്കാം പെട്ടെന്നു എത്തുകയും ചെയ്യാം. 'അരണ്ട വെളിച്ചത്തില്‍' കാത്തിരിക്കുന്നവന്മാര്‍ മിസ്സ്കാളിന്റെ പെരുമഴ തന്നെ തീര്‍ക്കുന്നുണ്ട്. ഗള്‍ഫില്‍ നിന്നും വന്ന ഒരു ഫ്രന്റിന്റെ വക പാര്‍ട്ടിയാണു. ഈ നട്ടുച്ച നേരത്ത് എ.സി.യിലിരുന്നു തണുപ്പിച്ച ബീയര്‍ കഴിക്കുകയെന്നത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു പ്രലോഭനമാണു.

ഒരു വളവു കഴിഞ്ഞാല്‍ ചേരിപ്രദേശം പോലെ ചെറിയ കുടിലുകളുടെ ഒരു നിരയാണു. ടൌണിനടുത്ത് തന്നെയുള്ള ഒരു സകല മാലിന്യങ്ങളുടേയും ഗോഡൌണ്‍. റോഡരികില്‍ തകരപ്പാട്ടകളും വേസ്റ്റ് സാധനങ്ങളും, ചപ്പുചവറുകളും, ചാണകവുമൊക്കെ കൂട്ടിയിട്ടിരിക്കും. വല്ലാത്ത ദുര്‍ഗന്ധം. വണ്ടി ഞാന്‍ ശ്രദ്ധയോടെ ഓടിച്ചു. റോഡരികില്‍ നിറയെ ചെറിയ പിള്ളേര്‍ കളിക്കുകയും അടിപിടികൂടുകയുമൊക്കെ ചെയ്യുന്നുണ്ട്.

പെട്ടെന്നു ഒരു ചെറിയ കുട്ടി വലതു ഭാഗത്തു നിന്നും റോഡിനു കുറുകേ ഓടി. പ്രതീക്ഷിച്ചിട്ടും ഞാനൊന്നു ഞെട്ടി. ബ്രേക്ക് ആഞ്ഞു ചവിട്ടുകയും ഒപ്പം സ്റ്റീയറിങ് വലത്തേക്ക് തിരിക്കുകയും ചെയ്തു. ചാടിയിറങ്ങി. ചെക്കന്‍ ബമ്പര് തട്ടി താഴെ വീണു കിടക്കുകയാണു. ഉച്ചത്തില് കരയുന്നുണ്ട്. നാലോ അഞ്ചോ വയസ്സു വരും. ഒരു മുഷിഞ്ഞ പാന്റാണിട്ടിരിക്കുന്നത്. പിടിച്ചെഴുന്നേല്‍പ്പിച്ചു നോക്കി. പരിക്കൊന്നുമില്ല. കൈമുട്ടിന്റെ തൊലി അല്‍പ്പം പോയിട്ടുണ്ട്.

അപ്പോഴേക്കും പിള്ളേര്‍ കാറിന്റെ ചുറ്റും കൂടി. 'ഓടിവരണെ.. അഭീനെ കാറിടിച്ചു..' നശിച്ചവന്മാര്‍ വിളിച്ചു കൂവാന് തുടങ്ങി.
'എന്താ പറ്റിയെ.. വണ്ടി വിടല്ലേ..'
ഒന്നു രണ്ട് കിഴവന്‍മാരും കുറച്ച് പെണ്ണുങ്ങളും ചുറ്റും കൂടി. അവര് പരസ്പരം സംസാരിക്കാന് തുടങ്ങി.
'ഇതാരുടെ മോനാ?'
'ആ ശാദുലി ഹാജിയുടെ വാടക വീട്ടില്‍ താമസിക്കുന്ന, എപ്പോഴും വെള്ളമടിച്ചു നടക്കുന്ന ഓട്ടൊക്കാരനില്ലെ അവന്റേതാ.'
'അവന്‍ ആശുപത്രിയില്‍ നിന്നും വന്നോ?'
'മ്. വന്നു.'
'ആരെങ്കിലും പോയി അവന്റെ ഓളെ വിളിക്കു'
'പോയിട്ടുണ്ട്.'
'ഓനെ അന്വേഷിച്ചല്ലേ കഴിഞ്ഞയാഴ്ച പോലീസ് വന്നത്? കുത്തു കേസ്സ് എന്തായി?'
'അതു ഒത്തുതീര്‍പ്പാക്കി പോലും'

എന്റെ പിറകില്‍ നിന്നും ആള്‍ക്കൂട്ടത്തെ തള്ളി മാറ്റി 'എന്റെ മോനെന്താ പറ്റിയത്?' എന്നും ചോദിച്ച് മെലിഞ്ഞ് വെളുത്ത ഒരു യുവതി വെപ്രാളപ്പെട്ട് കടന്നു വന്നു. മുഷിഞ്ഞ് നിറം മങ്ങിയ ഒരു മേക്സിയാണു വേഷം. അത് അങ്ങിങു പിഞ്ഞിയിട്ടുണ്ട്. എണ്ണ മയമില്ലാത്ത പാറിപ്പറക്കുന്ന മുടി പിറകില്‍ വാരിക്കെട്ടിയിരിക്കുന്നു.
അവളവനെ വാരിയെടുത്തു. 'എന്താ മോനേ പറ്റിയത്?' അവനപ്പോ കരച്ചില് ഒന്നു ഉഷാറാക്കി.
'ചെറുതായി തൊലി പോയതേയുള്ളു. പേടിക്കാനൊന്നുമില്ല.' ഞാന്‍ പറഞ്ഞു.
അവള്‍ അവനെയെടുത്ത് തിരിഞ്ഞു എന്നെ നോക്കി.
എന്റെ ദൈവമേ... ലോകമിടിഞ്ഞു തലയില്‍ വീണ പോലെ ഞാന്‍ ഞെട്ടിത്തരിച്ചു. 'ലച്ചു...!' അവളും ഞെട്ടി. അത്ഭുതം കൊണ്ട് മുഖം വിടര്‍ന്നു. രണ്ടു വര്‍ഷം എന്റെ ജീവനും പ്രാണനുമായവളാണു എല്ലും തോലുമായി ഒരു ചേരിപ്രദേശത്ത് ഒരു നാടോടിയെപ്പോലെ നില്‍ക്കുന്നത്. പ്രണയത്തിന്റെ ഒരു വസന്തകാലത്തിനു പെട്ടെന്നു അവധി നല്‍കി എങ്ങോ പോയവള്‍.
'ലക്ഷ്മി എന്താ ഇവിടെ?' ഞാന്‍ ഞെട്ടലില്‍ നിന്നും മോചിതനായി ചോദിച്ചു.
'ഞാനിപ്പോ ഇവിടെയാ താമസിക്കുന്നത്.'
'നിങ്ങള് പരിചയക്കാരാണോ?' ഒരു കിഴവന്‍ ചോദിച്ചു.
'ങാ. എന്റെ കൂടെ പഠിച്ചതാ.' അവള്‍ മുഖം തിരിച്ച് അയാളോടായി പറഞ്ഞു.
'എവിടെക്കാ പോകുന്നത്?' അവള്‍ ചോദിച്ചു.
'ടൌണില്‍.' ഞാന്‍ പറഞ്ഞു.
'വരൂ. വീട്ടില്‍ കയറിയിട്ട് പോകാം.'

എല്ലാവരും പിരിഞ്ഞു പോകാന്‍ തുടങ്ങി. ഞാന്‍ കാറൊതുക്കിയിട്ട് ലോക്ക് ചെയ്തു അവളുടെ പിറകെ നടന്നു. മകന്‍ അവളുടെ ഒക്കത്തിരുന്നു സാകൂതം എന്നെത്തന്നെ നോക്കി. നല്ല ഓമനത്തമുള്ള മുഖം. ശരിയായി ഭക്ഷണം കഴിക്കാത്തതിന്റെ വിളര്‍ച്ചയുണ്ട്. വീടുകളുടെ അരികിലൂടെ ലക്ഷ്മിയെ പിന്തുടരുമ്പോള്‍ എന്റെ മനസ്സില്‍ നിറയെ അവളെ ഇത്തരമൊരു സാഹചര്യത്തില്‍ കണ്ടുമുട്ടിയതിന്റെ ഞെട്ടലിലായിരുന്നു.

നല്ലൊരു കുടുംബത്തില്‍ യാതൊരു വിഷമങ്ങളുമറിയാതെ വളര്‍ന്നവള്‍ ഇപ്പോളൊരു ചേരിയില്‍ വെറുമൊരു തെണ്ടിയെപ്പോലെ കഴിയുകയെന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല.

7 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഫ്രന്റിന്റെ കല്യാണത്തിനാണു ഞാന്‍ ലക്ഷ്മിയെ പരിചയപ്പെടുന്നത്. സുന്ദരി. അടുത്ത ജില്ലയില്‍ എംസിഎ ചെയ്യുന്നു. നല്ല സാമ്പത്തിക സ്ഥിതിയുള്ള കുടുംബം. അച്ഛനുമമ്മയും ജോലിക്കാര്. 2 മക്കള്. അനുജത്തി ഹൈസ്കൂളില് പഠിക്കുന്നു.

പിന്നീടൊരിക്കല്‍ അവിചാരിതമായി അവള്‍ എന്റെ ആഫീസിലേക്കു ഒരു സഹായം ചെയ്തു കൊടുക്കുവന് വേണ്ടി വിളിച്ചു. അന്നു അവളുടെ വീട്ടിലെ ഫോണ് നമ്പര്‍ തന്നു. പിന്നീട് ഇടക്കിടക്ക് ഞങ്ങള് ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതു പതുക്കെ അതിലോലവും തീവ്രവുമായ പ്രണയത്തിന്റെ വര്‍ണലോകത്തേക്ക് എന്നെ പതുക്കെ കൊണ്ടുപോയി. ആദ്യം നിരാകരിച്ചുവെങ്കിലും പിന്നെ ഇഷ്ടമാണെന്നു അവളും പറഞ്ഞു.


ആദ്യപ്രണയത്തിന്റെ അതിരറ്റ ആവേശത്തോടും കൂടി ഞാനവളെ ആത്മാര്‍ഥമായി സ്നേഹിച്ചു. നന്നായി കത്തുകളെഴുതുമായിരുന്നു അവള്‍. എല്ലാ ആഴ്ച്ചയിലും ഫോണില്‍ സംസാരിക്കുമെങ്കിലും കത്തുകളായിരുന്നു ഞങ്ങളുടെ പ്രധാന ആശ്രയം. പകര്‍ത്തിയെഴുതിയ പ്രണയ വാചകങ്ങളും കവിതകളുമായി പേജ് കണക്കിനു കത്തുകള്‍ ആഴ്ച്ചതോറും ഞാനവള്‍ക്കെഴുതി. അവളുടെ കത്തുകള്‍ കിട്ടുന്ന ദിവസമായിരുന്നു ഏറ്റവും സന്തോഷമുള്ള ദിവസം. കൈയ്യില്‍ കിട്ടിയാല്‍ വായിച്ച് മതിയാവില്ല.

വലിയ പിടിവാശിക്കാരിയായിരുന്നു അവള്‍. ഒരുകാര്യം തീരുമാനിച്ചാല്‍ പിന്നെ അതില്‍നിന്നും പിന്നോട്ടേക്കില്ല. അതുകൊണ്ട് അവള്‍ക്കു കത്തുകളെഴുതുമ്പോ ശരിയായ ഇനീഷ്യല്‍സിനു പകരം അവളെ ചൊടിപ്പിക്കാന്‍ ഞാന്‍ 'പി.വി.' എന്നാണെഴുതാറ്. (പിടിവാശി എന്നതിന്റെ ചുരുക്കം.) എന്ത് പ്രശ്നം വന്നാലും ഒന്നിച്ച് മാത്രമേ ജീവിക്കുകയുള്ളു എന്നു ഞങ്ങള്‍ തീരുമാനിച്ചു. വീക്കെന്റുകളില് ഞാനവളെ കൂട്ടിക്കൊണ്ടു വരാന്‍ പോകും. മൂന്നു മണിക്കൂര്‍ ക്ലാസ്സിലെ വിശേഷങ്ങളൊക്കെ ഒന്നിച്ചിരുന്നു ഒരു യാത്ര. നാട്ടിലെത്തി അവള്‍ അവളുടെ നാട്ടിലേക്കുള്ള ബസ്സിനു പോകുമ്പോള് സങ്കടംകൊണ്ട് കണ്ണു നിറയും.

സന്തോഷത്തിന്റെ ദിനങ്ങള്‍ പതിവുപോലെ ദൈവം അധികം തന്നില്ല. ഒരു ദിവസം ബസ്സില്‍ വെച്ച് കനത്ത മഴ പുതപ്പിച്ച ഇരുളിമയില്‍, ഞെരമ്പിലോടുന്ന ലഹരിയുടെ ധൈര്യത്തില്‍ ഞാനവളെ ഉമ്മ വെക്കാന്‍ ശ്രമിച്ചു. അവള്‍ എന്നെ തട്ടിമാറ്റിയതും 'മിണ്ടണ്ടാ എന്നോട്’ എന്നു പറഞ്ഞു ചീറിയതും ഒരുമിച്ചായിരുന്നു. ഞാന്‍ പതറിപ്പോയി. അവള്‍ തലകുനിച്ചിരുന്നു മുഖംപൊത്തി കുറേ നേരം കരഞ്ഞു. ഞാനൊരുപാട് സോറി പറഞ്ഞെങ്കിലും പിന്നീടു യാത്രയിലുടനീളം അവളെന്നോട് മിണ്ടിയില്ല. സ്റ്റാന്റിലെത്തിയപ്പോള്‍ തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി. പിന്നെ പലവട്ടം വിളിച്ചിട്ടും, കത്തുകളെഴുതിയിട്ടും, നേരില്‍ കാണാന്‍ ശ്രമിച്ചിട്ടും ഒരു ഫലവുമുണ്ടായിരുന്നില്ല. അവളുടെ മനസ്സില്‍ നിന്നും ഞാന്‍ ആ നശിച്ച മഴക്കാലസന്ധ്യയില് തന്നെ ഇല്ലാതായിരുന്നു.

കുറേക്കാലം അവളുടെ യാതൊരു വിവരവുമുണ്ടായിരുന്നില്ല. അവളെയോര്‍ത്തും, എന്റെ ചെയ്തികള്‍ കാരണമാണല്ലോ ഇങ്ങനെ സംഭവിച്ചതെന്ന കുറ്റബോധത്തില് നീറിയും ഞാന്‍ കഴിഞ്ഞു. കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കല്യാണം കഴിഞ്ഞുവെന്നറിഞ്ഞു. പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊരു ഒളിച്ചോട്ടമായിരുന്നെന്ന വാര്‍ത്ത എന്നെ ഞെട്ടിപ്പിച്ചു. അതോട് കൂടി അവളോട് വെറുപ്പും പകയുമെല്ലാമായി. അതു പിന്നീട് സ്ത്രീകളോട് മുഴുവനുമായി. പിന്നീടൊരു പെണ്ണിനേയും സ്നേഹിക്കാനും കഴിഞ്ഞില്ല.

ആസ്ബറ്റോസ് ഷീറ്റുകള്‍ മേഞ്ഞ ഒരു വീടിന്റെ മുന്നിലെത്തി അവള്‍ നിന്നു. ചെറിയ ഒരു വരാന്ത. അതിന്റെ ഒരു ഭാഗത്തു കത്തിക്കുവാനുള്ള വിറക് അടുക്കിവെച്ചിരിക്കുന്നു. ഒരു പഴകിയ പ്ലാസ്റ്റിക് കസേലയിലുള്ള മുഷിഞ്ഞ തുണികളെടുത്ത് അവള്‍ പറഞ്ഞു. 'ഇരിക്കു'
ഞാനനുസരിച്ചു. അകത്തേക്കു നോക്കി. ചെറിയ ഒരു മുറിയും ഒരു അടുക്കളയുമുള്ള കൊച്ചു വീട്.

'ഒരിക്കലും പ്രതീക്ഷിച്ചില്ല അല്ലേ?' അവള്‍ ഒരു വിളറിയ ചിരിയോടെ പറഞ്ഞു.
'ഇല്ല.'
ഞാനവളെ തന്നെ നോക്കി. പാറക്കല്ലില്‍ അലക്കിയ ഒരു പഴന്തുണി പോലെ അവള്‍. ആര്‍ക്കും സഹതാപമുണ്ടാക്കുന്ന ഒരു പേക്കോലം. എന്റെ കണ്ണില്‍ നോക്കാതെ അവള്‍ എങ്ങോട്ടോ അലക്ഷ്യമായി നോക്കിക്കൊണ്ടു വാതില്‍പ്പടിയില് നിന്നു. മകന്‍ അവളുടെ വസ്ത്രത്തിന്റെ തുമ്പ് പിടിച്ച് എന്നെ നോക്കിനിന്നു.
'എന്താ മോന്റെ പേരു?' ഞാനവനോട് ചോദിച്ചു. അവനൊന്നും പറയാതെ നാണിച്ച് നിന്നു.
'പറഞ്ഞു കൊടുക്കു മോനെ.' അവള്‍ പ്രോത്സാഹിപ്പിച്ചു.
‘അഭിജിത്ത്.’ അവള്‍ തന്നെ പറഞ്ഞു.
എന്തു പറയണം എവിടെ തുടങ്ങണം എന്നു പറയാനാവാതെ ഞാനിരുന്നു.
'എന്താ നിനക്ക് പറ്റിയത്?' അവളൊന്നും മിണ്ടിയില്ല.
'എന്താ വീട്ടില്‍ നിന്നിറങ്ങിപ്പോയി കല്ല്യണം കഴിച്ചത്? അവര് സമ്മതിച്ചില്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'എന്റെ വീട്ടിലാര്‍ക്കും ഇഷ്ടമായിരുന്നില്ല കല്യാണം.. രഞ്ജിത്തേട്ടന്റെ വീട്ടുകാര്‍ക്ക് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അവരുടെ വീട്ടില്‍ സാമ്പത്തികമായി മോശമായിരുന്നു. അന്നോടിച്ചിരുന്നത് സ്വന്തം കാറായിരുന്നു. ഇവന് ജനിച്ച് കുറച്ച് നാള് കഴിഞ്ഞ് ഒരു ആക്സിഡെന്റുണ്ടായി. വണ്ടിക്ക് ഇന്‍ഷൂറന്‍സ് ഉണ്ടായിരുന്നില്ല. അതു കാരണം വീടും സ്ഥലവും വിറ്റ് ആ പ്രശ്നങ്ങള് തീര്‍ത്തു. അഛനുമമ്മയേയും പെങ്ങളുടെ വീട്ടിലാക്കി. പിന്നെ ഓരൊരോ വാടക വീടുകള്‍ മാറി മാറി ഇങ്ങനെ കഴിയുന്നു. ഇപ്പോ ഇവിടെയുമെത്തി.' ലക്ഷ്മി നിര്‍വ്വികാരതയോടെ പറഞ്ഞു നിര്‍ത്തി.
'നല്ലവണ്ണം മദ്യപിക്കുമല്ലേ?'
കുറച്ച് സമയത്തെ നിശബ്ദതയ്ക്കു ശേഷം അവള്‍ പറഞ്ഞു തുടങ്ങി.
'പണ്ട് വല്ലപ്പോഴും കഴിക്കുമായിരുന്നു. ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായപ്പോ അതു വല്ലാതെ കൂടി. എല്ലാം ഞാന്‍ കാരണമാണെന്നു പറഞ്ഞ്.. കുടിച്ച് വന്ന് തെറിയും.. അടിയും.. പോലീസ് കേസുകളും'
'നിനക്ക് സ്വന്തം വീട്ടില് പോയി നിന്നുകൂടെ?' ശബ്ദിച്ചു തുടങ്ങിയ ഫോണ്‍ ക്യാന്‍സല് ചെയ്ത് സൈലന്റിലിട്ടു ഞാന്‍ ചോദിച്ചു.
'അവര് വന്നു വിളിച്ചതാ. ഞാന്‍ പോയില്ല. എന്റെ ജീവിതം ഞാന്‍ നശിപ്പിച്ചതാ. ഇതാണെന്റെ വിധി. എനിക്കാരോടും പരിഭവമില്ല. ഒരാഗ്രഹവുമില്ല. ഒരിക്കലും ഞാന്‍ വീട്ടിലേക്കു പോവില്ല.'
വിധിയുടെ പ്രഹരത്തില്‍ തളര്‍ന്നു മരവിച്ച ആ പാവം പെണ്ണിന്റെ മുന്നിലധികം നില്‍ക്കാനെനിക്ക് കഴിയുമായിരുന്നില്ല. എന്റെ കണ്ണുകള് നിറഞ്ഞ് തുടങ്ങിയിരുന്നു. ഞാന്‍ എഴുന്നേറ്റു.
'നിങ്ങള്‍ സ്നേഹത്തിലായിട്ടും എന്തിനാണെന്നെ വെറുതെ മോഹിപ്പിച്ചത്?' ജീവിതത്തിലെന്നെങ്കിലും ഏതെങ്കിലും കോണില് വെച്ച് കണ്ടുമുട്ടിയാല് ചോദിക്കാന് വെച്ചിരുന്ന ഒരേയൊരു ചോദ്യം ഞാന്‍ ചോദിച്ചു.
'വേറെയാരെയും ഞാന്‍ സ്നേഹിച്ചിട്ടില്ല അനുവിനെയല്ലാതെ. ഈ നിമിഷം വരെ'
'പിന്നെ ഇക്കാണുന്നതൊക്കെ?'
'അത്.. എല്ലാമെന്റെ വിധിയാണു.'
'ഞാനന്നു ബസ്സില്‍വെച്ച് മോശമായി പെരുമാറിയത് കൊണ്ടാണോ?'
'ഹേയ്.. ഞാനത് സീരിയസായി എടുത്തിരുന്നില്ല.'
'പിന്നെ എന്തു കൊണ്ട്….'
കുറച്ച് നിമിഷം അവള്‍ മിണ്ടാതെ നിന്നു.
'ഭാര്യയാവുന്ന ഒരു പെണ്ണിനു എന്തൊക്കെ ഉണ്ടായിരിക്കണം?'
'വിദ്യാഭ്യാസം?'
'സൌന്ദര്യം?'
'സാമ്പത്തികം?'
ഞാന്‍ പറയുന്നത് അവളോരോന്നായി നിഷേധിച്ച് കൊണ്ടിരുന്നു. പിന്നെ ഒരിടര്‍ച്ചയുമില്ലാതെ പറഞ്ഞു.
'ഇതൊന്നുമല്ല. ഒരു പെണ്ണു കന്യകയായിരിക്കണം, ഞാനതല്ലായിരുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചു പോയി.. പിന്നെ മറ്റൊരാളിനെ ചതിക്കാന്‍ തോന്നിയില്ല.....'
ഇലക്ട്രിക് ഷോക്കടിച്ചതു പൊലെ ഞാന്‍ ഞെട്ടിത്തരിച്ചു.
'നീ വെറുതെ പറയുന്നതല്ലേ..' ഞാന്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു.
'ലോകത്തിലൊരു പെണ്ണും സ്വന്തം കന്യകാത്വത്തെ നിഷേധിക്കില്ല.' അവളുടെ ശബ്ദം പ്രപഞ്ചത്തിലെ ആദിമ നാദംപോലെ എന്റെ ചെവിയില്‍ മുഴങ്ങി.

യാത്രപോലും പറയാന്‍ മറന്ന് ഇടറുന്ന കാലുകളോടെ തലകുനിച്ച് ഞാനിറങ്ങി. അവളുടെ മകനു സ്വീറ്റ്സ് വാങ്ങുവാന് എന്തെങ്കിലും കൊടുക്കാമായിരുന്നു. അവള്‍ വാങ്ങുമായിരുന്നോ?

ക്ഷണഭംഗുരമായ ഈ ജീവിതത്തിലിനിയും എത്രയോ കണ്ണീര്‍ച്ചാലുകള് താണ്ടണം?

ബാറിലേക്ക് തിരിയാനുള്ള ട്രാഫിക് അയലന്റില്‍ തലയില്‍ നിറയെ പക്ഷികളുടെ വിസര്‍ജ്യങ്ങളുമായി ഏതോ മഹാന്റെ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. അതുംകടന്നു വണ്ടി ഞാന് മുന്നോട്ടേക്ക് ഓടിച്ചു. ഫോണില്‍ മിസ്ഡ് കാളുകള് നിറഞ്ഞുകവിഞ്ഞിരുന്നു.

27 comments:

  1. 'ചൂടാതെ പോയ് നീ ഞാന്‍ ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍..
    കാണാതെ പോയ് നീ ഞാനെന്റെ
    പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍..'

    ചുള്ളിക്കാടിന്റെ 'ആനന്ദധാര'
    യില്‍ നിന്നും.

    ReplyDelete
  2. കുമാരേട്ടാ...
    ആദ്യത്തെ തേങ്ങ എന്റെ വക
    (((“ഠേ!”)))

    ഇതിനെ വിധി എന്നല്ലാതെ എന്താ പറയുക? അങ്ങനെ കരുതി സമാധാനിയ്ക്കാം.

    എഴുത്ത് ടച്ചിങ്ങാണ് ട്ടോ. ആ ആദ്യ കവിതാ കമന്റും നന്നായി ചേരുന്നു, ഈ പോസ്റ്റിന്.
    :)

    ReplyDelete
  3. hello kumaretta so nice.............

    swantham anubhavam thanne ano?

    ReplyDelete
  4. kumara....
    nannavunnund ketto..?
    Dairyamayi ezhuth thudarnnolu..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. വളരെ കഠിനമായ ഒരു അനുഭവമാണിത്.
    പാവം ലക്ഷ്മി. എനിക്കുമറിയാമല്ലോ അവളുടെ ബോള്‍ഡ്നെസ്സ്.
    എങ്കിലുമിത് നിങ്ങള്‍ എഴുതേണ്ടായിരുന്നു..

    ReplyDelete
  7. കുമാരന്റെ ബെസ്റ്റ് കഥ. ആഖ്യാനവും. ലക്ഷ്മിയുടെ വെളിപാട് ഒന്നാന്തരം പരിണാമഗുപ്തി. അവിടം വരെ വായിച്ചപ്പോള്‍ ഈ കമന്റ് എഴുതിയിട്ടേ ബാക്കി വായിക്കൂ എന്നു തീരുമാനിച്ചു.

    ReplyDelete
  8. കുമാരേട്ടാ, ഇതു സ്വന്തം അനുഭവം തന്നെ ആണോ? ഒരു വല്ലാത്ത അനുഭവം തന്നെ ഈ കഥ... ശ്വാസം അടക്കിപ്പിടിച്ചു മുഴുവനും വായിച്ചു.. ഒന്നു ഇമവെട്ടാന്‍ പോലും പറ്റിയില്ല.. അത്രയ്ക്ക് സുന്ദരമായ കഥ... സമ്മതിച്ചു... താങ്കള്‍ എഴുത്തില്‍ ഒരു പുലി തന്നെ... പ്രണയത്തില്‍ ഒരു എലി ആയിരുന്നെങ്കിലും... പോട്ടെ... സാരമില്ല..

    ReplyDelete
  9. കലക്കീടാ വിഷ്ണു..
    എല്ലാം നല്ലതിനു സംഭവിക്കുന്നു എന്നല്ലേ.
    കമന്റ് എഴുതിയതിനു നന്ദി.

    ReplyDelete
  10. 3മാസം ബൂലോകത്തില്‍ ഇല്ലായിരുന്നു, അതാ വായിക്കാന്‍ വൈകിയത്,
    ഓര്‍മ്മക്കുറിപ്പ് അവതരണം നന്നായിരുന്നു, എങ്കിലും എവിടെയോ ഒരു വിങ്ങല്‍.കുമാരസംഭവം തുടര്‍ച്ചയായി വായിച്ചിരുന്നതു കൊണ്ട് വിട്ടുപോയതെല്ലാം വായിക്കട്ടെ.നന്മകള്‍നേരുന്നു.

    ReplyDelete
  11. കിലുക്കാംപെട്ടി.. വളരെ നന്ദി.

    ReplyDelete
  12. വായിച്ചു വല്ലാതായി :'(

    ReplyDelete
  13. ഹും..കന്യകാത്വം ...

    ശൈലി കൊള്ളാം കുമാരാ. പക്ഷെ പ്രമേയം ഇഷ്ടപെട്ടില്ല.

    ReplyDelete
  14. kumaretta...valare ishtapettu....manasil thattunna oru kadha....

    ReplyDelete
  15. അമ്പതു വയസ്സായ എനിക്കുപോലും തോന്നുന്നില്ല ഈ കാലത്ത് കന്യകാത്വം ഇത്ര വലിയ ഒരു സംഭവമാണെന്ന്. അതിന്റെ പേരില്‍ ഒരു ജീവിതം നശിപ്പിച്ചു കളയുക എന്നത് സങ്കടകരമാണ്.

    I am not recommending promiscuity before or after marriage, but this is an unnecessary hang-up in my opinion.

    ReplyDelete
  16. കുമാര്‍ജിയുടെ വായിച്ചവയില്‍ ഏറ്റവും ബെസ്റ്റ് (പഴയ പോസ്റ്റുകള്‍ തുടങ്ങിയതേ ഉള്ളു)

    ReplyDelete
  17. hats off...kumaran.

    മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുന്നു.

    ReplyDelete
  18. വേദ വ്യാസന്, കവിത - kavitha, vigeeth, ജനരന്ജന്, ചെലക്കാണ്ട് പോടാ, പള്ളിക്കരയില് : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  19. അന്നവൾ കുമാരേട്ടനിൽ നിന്നും ഒളിച്ചോടാതെ, ഒക്കെ തുറന്നു പറഞ്ഞിരുന്നെങ്കിലോ???

    ReplyDelete
  20. ithanu sthreeyude bhava shudhi..
    aval athu marachu vachu chathichillallo..

    ReplyDelete