Monday, April 30, 2012

സ്വയംവര സഹായ യന്ത്രം


സ്റ്റോറേജ് ഫുള്ളായ ഡിസ്ക് പോലെ സ്വന്തം മകൾ കല്യാണപ്രായം തികഞ്ഞ് നിൽക്കുമ്പോൾ അനിയന്റെ മകളുടെ വിവാഹം ഉറപ്പിക്കുകയെന്നത് ഏതൊരു അച്ഛനായാലും സാമാന്യം ഭേദപ്പെട്ട നിലയിൽ മാനസിക വിഷമം ഉണ്ടാക്കും.  അതും അമേരിക്കയിലുള്ള ഐ.ടി.എഞ്ചിനീയറുടേതെന്ന് കേട്ടാൽ ഇല്ലാത്ത അസൂയയും കിടക്കപ്പായീന്ന് ചാടിയെണീറ്റ് വരും.  വില്ലേജ് ആഫീസറായി നാട് ഭരിച്ച് ജീവിക്കുന്ന ശേഖരൻ നമ്പ്യാർക്കും ഇക്കാര്യത്തിൽ അങ്ങനെയുണ്ടായി.

“ഏട്ടാ മിനിക്ക് ഒരാലോചന ശരിയായിട്ടുണ്ട്..” എന്ന് സുരേന്ദ്രൻ വന്ന് പറഞ്ഞപ്പോൾ ഏതെങ്കിലും ലോക്കൽ ചെക്കൻ‌മാർ ആയിരിക്കുമെന്നേ കരുതിയുള്ളൂ.  ചെക്കൻ അമേരിക്കയിലാന്ന് കേട്ടപ്പോ അറ്റാക്ക് വന്നത് പോലെ ഞെട്ടിയത് കൊണ്ട് മിണ്ടാനായില്ല.  ചിലപ്പോൾ പെണ്ണുകാണാൻ വരുമ്പോ വഴി തെറ്റി അവന്റെ വീട്ടിൽ പോയി കയറിയതായിരിക്കും.  അല്ലാണ്ട് വില്ലേജ് ആഫീസറുടെ മോളിവിടെ നിക്കുമ്പോ ഒരു അനാദിക്കച്ചവടക്കാരന്റെ മോളെ കെട്ടാൻ കടല് കടന്ന് വരാനൊന്നും യാതൊരു ചാൻസുമില്ല.  കാര്യം ശരി തന്നെ, പെണ്ണ് പഠിക്കാനൊക്കെ നല്ലതാ.  അതിപ്പോ വിപിനയും മോശമായിരുന്നില്ല.  വിപിനയെ വെച്ച് നോക്കുമ്പോ ഇവളത്ര പറക്കുന്നതൊന്നുമല്ല.  മരുത്വയുടെ പരസ്യത്തിലെ ബിഫോർ ഫോട്ടോയാണ് മിനിയെങ്കിൽ ആഫ്റ്റർ ഫോട്ടോയാണ് വിപിന.  മിനിക്കാണെങ്കിൽ നല്ല കളറുണ്ടെന്നല്ലാണ്ട് പെണ്ണുങ്ങളുടേതായ യാതൊന്നും കാണാനില്ല.  മെലിഞ്ഞൊരു സാധനം, തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും. 

അമേരിക്കക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ചിലപ്പോൾ കാണാൻ ഒരു ലുക്കുണ്ടാകില്ല. ഈ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നോന്മാരൊക്കെ മൊട്ടയടിച്ച് താടീം മീശയുമില്ലാണ്ട് കുട്ടി ട്രൌസറുമിട്ടിട്ട് കണ്ടാൽ പെണ്ണിന്റെ അച്ഛനെ പോലെയുണ്ടാകും.  പണം, സ്റ്റാറ്റസ് എങ്ങനെ എല്ലാം കൊണ്ടും ചേരുന്ന എന്റെ മോളെ കാണാതെ ഇതൊന്നും പറയാനില്ലാത്ത അനിയന്റെ മോളെ കെട്ടാനെന്താ കാരണം എന്ന ചോദ്യത്തിന് മൂപ്പർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.  പാർട്ടി എന്തുകൊണ്ടു തോറ്റു എന്ന ഉത്തമന്റെ ചോദ്യം പോലെ പ്രസക്തമായിരുന്നു അതും.

ഇന്റർനെറ്റിൽ ചാറ്റ് ചെയ്താണ് ചെക്കനെ പരിചയപ്പെട്ടതെന്ന് പിന്നെയാണ് അറിഞ്ഞത്.  അത് ശരി.. അപ്പോ നേരായ വഴിക്ക് വന്നതല്ല.. കമ്പ്യൂട്ടറിന് ഇങ്ങനത്തെ ഉപയോഗങ്ങളും ഉണ്ടായിരുന്നല്ലേ..  സുരേന്ദ്രാപ്പൻ കമ്പ്യൂട്ടർ വാങ്ങിയെന്ന് പറഞ്ഞ് വിപിനയും മോനും വീട്ടിൽ കുറേ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കമ്പ്യൂട്ടറ്.. പോടാ ന്നും പറഞ്ഞ് രണ്ടിനേം കലമ്പി പേടിപ്പിച്ചു.  അന്നത് വാങ്ങിക്കൊടുത്താ മതിയായിരുന്നു. വിപിനക്ക് മുൻപ് മിനിയുടേത് ശരിയാകുമെന്ന് ഒരിക്കലും കരുതിയില്ല.  പണത്തിനു മീതെ കല്യാണാലോചന നടക്കാൻ തുടങ്ങിയോ.  ഏട്ടന്റെ മോള് നിക്കുമ്പോ അനിയന്റെ മോളുടെ കല്യാണം നടക്ക്വാന്നൊക്കെ വെച്ചാൽ ആളുകള് എന്തൊക്കെ പറയും..! ഇതൊരുമാതിരി പോസ്റ്ററൊട്ടിക്കുന്നവനെ വിട്ട് വേറെ പാർട്ടിയിൽ നിന്നു വന്നവന് സ്ഥാനം നൽകുന്നത് പോലെയായിപ്പോയി.  എങ്ങനെയെങ്കിലും വിധത്തിൽ ഇതൊന്ന് മൊടങ്ങിയാ മതിയാരുന്നു ദൈവമേ...  സകല നാട്ടിലുമുണ്ടാകും കല്യാണം മുടക്കികൾ.  ഇന്നാട്ടിലെ ക്ണാപ്പൻ‌മാരെയൊന്നും കൊണ്ട് ഒരു ഉപകാരവുമില്ല.  നമ്പ്യാരുടെ റെസ്റ്റ്‌ലെസ്സായ ശീർഷത്തിൽ നിന്നും ആത്മഗതങ്ങൾ ഇങ്ങനെ പുകഞ്ഞ് കൊണ്ടേയിരുന്നു.

ക്യാഷ് ഓഫറൊന്നും കൊടുക്കാത്തത് കൊണ്ടാവണം മൂപ്പരുടെ ക്വട്ടേഷൻ പ്രാർത്ഥന ദൈവം എടുത്തില്ല.  എൻ‌ഗേജ്‌മെന്റ് അതിഗംഭീരമായി കഴിഞ്ഞു. കല്യാണം ആറു മാസത്തിനു ശേഷം മാത്രമേയുള്ളൂ.  സുരേന്ദ്രൻ നാട്ടിൽ വളരെ ലിബറലായത് കൊണ്ട് ആളുകളെല്ലാം സജീവമായിരുന്നു. അസൂയ കൊണ്ട് നമ്പ്യാർക്ക് അധികം അടുക്കാനും തോന്നിയില്ല; മസിലുള്ളത് കൊണ്ട് താഴേക്ക് കുനിയാനും പറ്റിയില്ല.  ആളുകളോട് മിംഗിൾ ചെയ്യാനാവാ‍തെ കൂറ ബംഗാളത്ത് പോയത് പോലായിരുന്നു മൂപ്പരുടെ അവസ്ഥ.  പയ്യനാണെങ്കിൽ സുന്ദരൻ, സുമുഖൻ, സുവിനയൻ, സുമധുര സംഭാഷണൻ.  വീട്ടുകാരും പണത്തിന്റെതായ അഹങ്കാരമില്ലാത്ത നല്ല മനുഷ്യർ.  സ്ഥല കച്ചവടത്തിന് ടോക്കൺ കൊടുക്കുന്നത് പോലെ പെണ്ണിനിട്ട് കൊടുത്ത വള തന്നെ പത്ത് പവനുണ്ടായിരുന്നു.  പയ്യന്റെ കൂടെ വന്ന വണ്ടികളുടെ കൂട്ടത്തിൽ ഒരു ഫോറിൻ രജിസ്‌ട്രേഷൻ കാർ കണ്ടത് ലോക്കൽ ചാനലിൽ പോലും വന്നു.  അന്നാട്ടിൽ ഇത്രയും നല്ല ബന്ധം വേറെയാർക്കും കിട്ടിയിരുന്നില്ല.  താഴ്ന്ന കുടുംബത്തിൽ വന്ന് സ്ത്രീധനമൊന്നും വാങ്ങാതെ പെണ്ണിനെ മാത്രം നോക്കി കല്യാണം കഴിക്കാനുള്ള ചെക്കന്റെ തീരുമാനത്തെ എല്ലാവരും ലൈക്കി.  കേട്ടവർ കേട്ടവർ നെറ്റിലെ സ്വയംവര വർത്താനം ടാഗ് ചെയ്ത് റീഷെയർ ചെയ്തു.

ഇതൊക്കെ കണ്ടും കേട്ടും ശേഖരൻ നമ്പ്യാർ അന്ന് മുഴുവൻ കഞ്ചാവടിച്ച കോഴിയെപ്പോലായിരുന്നു.  എന്താ ചെയ്യേണ്ടതെന്ന് മൂപ്പർക്കൊരു തിരിപാട് കിട്ടിയില്ല.  പെട്ടെന്ന് മനസ്സിലൊരു ഐഡിയ ഉണ്ടായി.  വീട്ടിലും ഒരു കമ്പ്യൂട്ടർ വാങ്ങിയാലോ..?  അത് വഴി ചാറ്റിങ്ങ് നടത്തി വിപിനക്കും നല്ല ചെക്കനെ കിട്ടിയാൽ മിനിയുടെ കല്യാണത്തിനു മുൻപ് തന്നെ ഇവളുടേത് നടത്താം.  ഇത് പോലെ സ്ത്രീധനമൊന്നും വേണ്ടാത്ത മണ്ടനെ കിട്ടിയാൽ രക്ഷപ്പെട്ടു.  അങ്ങനെയാണെങ്കിൽ കാശെത്രയാ ലാഭം.   

അങ്ങനെ ശേഖരൻ നമ്പ്യാർ വീട്ടിലേക്ക് നെറ്റ് കണക്ഷൻ എടുത്ത് കമ്പ്യൂട്ടർ വാങ്ങി വന്നു.  കമ്പ്യൂട്ടർ കണ്ടപ്പോൾ വിപിനയും വിനീതും വെള്ളം‌വണ്ടി കണ്ട വൈപ്പിൻ‌കാരെപ്പോലെ ഓടിവന്നു.  അവർക്കത് വിശ്വസിക്കാനേയായില്ല.  വിനീത് ബൈക്കിന് കരഞ്ഞ് പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത, വീട് കെട്ടിയ കാലം മുതൽ വീട് പെയിന്റ് ചെയ്യാണ്ട് വിപിനയുടെ കല്യാണമാവട്ടെ എന്നിട്ട് ചെയ്യാം എന്ന് പറഞ്ഞയാൾ ആരും നിർബ്ബന്ധിക്കാതെ തന്നെ കമ്പ്യൂട്ടർ വാങ്ങിയിരിക്കുന്നു !  ദേശത്തെ പിശുക്കന്മാരുടെ ടീമിന്റെ ഐക്കൺ പ്ലെയറായിരുന്നു ശേഖരൻ നമ്പ്യാർ.  വീട്ടിലേക്ക് ഒരുറുപ്പികയുടെ സാധനം വാങ്ങുന്നുണ്ടെങ്കിലും കുറഞ്ഞ വില നോക്കി പത്ത് കടകളിൽ കയറിയിറങ്ങും.  കൈയ്യിൽ ചിക്കിലി ഇഷ്ടം പോലെ ഉണ്ടായിട്ടും പിരിവുകാർ വന്നാൽ ഒന്നും കൊടുക്കില്ല,  മീൻ‌കാരോടും പത്രക്കാരനോടും അമ്പത് പൈസക്ക് വരെ അടികൂടും.  ഡിസ്‌കൌണ്ട് വിൽ‌പ്പന വരുമ്പോ മാത്രമാണ് ഡ്രെസ്സെടുക്കുന്നത്.  വില കുറഞ്ഞതല്ലാതെ ക്വാളിറ്റിയുള്ളത് ഒന്നും വാങ്ങിക്കില്ല.  പുറത്തെവിടെയെങ്കിലും പോയാൽ ഒരു നാരങ്ങാവെള്ളം പോലും കുടിക്കില്ല.  പരിപ്പുണക്കിയെന്ന് പേരിൽ പഞ്ചായത്ത് മുഴുവൻ ഫെയ്‌മസായിരുന്ന മൂപ്പരുടെ ഈ മാറ്റത്തിൽ ഇന്ദിരാമ്മയും കോറസും അന്തം വിട്ടു.

എന്തായാലും കിട്ടിയ ചാൻസ് വിപിനയും വിനീതും നല്ലവണ്ണം ഉപയോഗിച്ചു.  ആദ്യമൊക്കെ ഇന്റർനെറ്റെന്ന സമുദ്രത്തിന്റെ തീരത്ത് ദാസേട്ടനെ പോലെ അന്തം വിട്ട് നിൽക്കുന്ന കുഞ്ഞികുട്ടിയായിരുന്നു വിപിന.  പതുക്കെ മിനിയോട് ‘എന്താ ഉച്ചക്ക് കൂട്ടാൻ, ചായക്കെന്താ കടി..’ എന്നിങ്ങനെ ചാറ്റ് ചെയ്തു തുടങ്ങി.  സുഹൃദ് വലയം വലുതാകുന്നതനുസരിച്ച് പിന്നെ ഓൺ‌ലൈനിൽ കണ്ടാലും നേരിൽ കണ്ടാലും വല്ലതും പറഞ്ഞാലായി.  വിനീത് ‘ഇന്ന് ഉച്ചക്ക് ഞാനൊരു സ്റ്റോൺ ചുമന്നു, രാവിലെ എഴുന്നേറ്റ് പുട്ടും കടലയും കഴിച്ചു, മാർക്കറ്റിൽ ഇന്ന് നല്ല മത്തിയുണ്ടായിരുന്നു..’ എന്നൊക്കെ എഫ്.ബി.യിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയതും, വല്ലവരും റോഡിൽ ചപ്പ്ചവറുകൾ കൊണ്ടിടുമ്പോൾ അയാളെ എതിർക്കാതെ പ്ലസ്സിൽ പോയൊരു പോസ്റ്റ് ഇട്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. നമ്പ്യാർക്കാണെങ്കിൽ കമ്പ്യൂട്ടറിൽ വലിയ താൽ‌പ്പര്യമില്ലായിരുന്നു.  പക്ഷേ അമേരിക്കയിൽ പോയാൽ ബുദ്ധിമുട്ടണ്ടെന്ന് കരുതി അത്യാവശ്യം വേണ്ടുന്നത് പഠിച്ചെടുക്കാമെന്ന് വെച്ചു.  അതു കൊണ്ട് വിപിന നമ്പ്യാർക്കും ഇന്ദിരാമ്മക്കും ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി മെയിലയക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു.  ഉച്ചക്കത്തെ കഞ്ഞിക്ക് അരച്ച ചമ്മന്തിയുടെ ഫോട്ടോ നെറ്റിൽ ഇട്ടപ്പോൾ നൂറുകണക്കിന് ആളുകൾ വന്ന് “വൌ.. നൊസ്റ്റാൾജിക്.. കൊതിപ്പിച്ചു.. വായിൽ വെള്ളമൂറി.. ഇതിന്റെ റെസിപ്പി തരുമോ..” എന്നൊക്കെ കമന്റിട്ടപ്പോൾ ഇന്ദിരാമ്മക്കും നെറ്റിൽ താൽ‌പ്പര്യം വർദ്ധിച്ചു.  ആരെങ്കിലുമൊരാളെ എപ്പോ നോക്കിയാലും സിസ്റ്റത്തിന്റെ മുന്നിൽ കാണും.  പണ്ടോക്കെ കുറച്ചധികം സമയം ടി.വി. വെച്ചാൽ പോലും ഓഫാക്കുന്ന നമ്പ്യാർ, കമ്പ്യൂട്ടർ എത്ര സമയം ഉപയോഗിച്ചാലും ഒന്നും പറയില്ല.     

രണ്ട് മാസം കഴിഞ്ഞപ്പോൾ വിപിന റിയാലിറ്റി ഷോയിലെ ജഡ്‌ജിമാരെപ്പോലെ ചെവിയിൽ ഇയർഫോൺ വെച്ച് പാതിരാത്രിയിൽ ആരോടോ സംസാരിക്കുന്നതും ചുണ്ടിൽ പുഞ്ചിരി ചാലിച്ച് കീബോർഡിൽ പഞ്ചാരിയുതിർക്കുന്നതും കണ്ടപ്പോൾ മോളുടെ വലയിലേതോ അയക്കൂറ കുടുങ്ങിയെന്നുറപ്പിച്ചു.  ഇന്റർനെറ്റിന്റെ അതിവിശാല മേഘലകളിൽ വിപിന വ്യാപരിക്കുമ്പോൾ നമ്പ്യാർ അമേരിക്കൻ മരുമകന്റെ ആലോചന കാത്തിരുന്നു.  വിസിറ്റിങ്ങിന് സ്റ്റേറ്റ്‌സിൽ പോകുന്നതും മരുമകന്റെ കൂടെ വാഷിങ്ങ്‌ടൺ സിറ്റിയിൽ നിന്ന് മിയാമി ബീച്ചിലേക്ക് നടക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.  നയാഗ്രയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കണമെന്നും അത് ഫേസ്‌ബുക്കിലിട്ട് മുഴുവനാളുകളെയും ടാഗ് ചെയ്ത് ദ്രോഹിക്കണമെന്നുമോർത്ത് പുളകിതരോമഗാത്ര ഹർഷനമ്പ്യാരായി.  പോയി വന്നാലിടുന്ന ഫോട്ടോകളിൽ ലൈക്കുകൾ കണ്ടമാനം കൂടുന്നത് കിനാവ് കണ്ട് നമ്പ്യാർ സുഖമായുറങ്ങി.

കുനിയുമ്പോൾ കീറാത്ത ട്രൌസർ പോലുമില്ലാത്ത ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ ഒളിമ്പിക്സിൽ സ്വർണ്ണം കിട്ടുന്നത് സ്വപ്നം കാണുന്നത് പോലെ വിഷസ് ആർ വിഷൻലെസ്സ്.  നമ്പ്യാരും ഭാവനയ്ക്ക് വിലങ്ങിടാതെ ഒരുപാട് മോഹിച്ചു.  പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മേശയിൽ വെച്ച മൊബൈൽ ഫോണിന്റെ താഴെ നിന്നും മൂപ്പർക്കൊരു കത്ത് കിട്ടി.  വെറുതെ എഴുതിയിട്ടെന്തിനാ കടലാസ്സിന്റെ കാശ് കളഞ്ഞത്.. മെയിൽ അയച്ചാൽ മതിയായിരുന്നല്ലോന്നും പറഞ്ഞ് നമ്പ്യാർ അത് വായിച്ചു നോക്കി. 

“ജീവിതമെന്തെന്ന് ഇപ്പോഴാണറിഞ്ഞത്.. നിങ്ങളോടൊപ്പം ജീവിച്ച് മതിയായി.. ഫേസ്‌ബുക്കിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ഞാൻ പോവുകയാണ്നിങ്ങളെ ബ്ലോക്കുന്നു.. ഇനി എന്നെ അന്വേഷിക്കണ്ടാ.. എന്ന്, ഇന്ദിരാമ്മ.”

ഹെയർ റിമൂവറെടുത്ത് മീശക്ക് തടവിയവൻ രാവിലെ എഴുന്നേറ്റ് കണ്ണാടി കണ്ടപ്പോൾ ബോഡി ഹർത്താൽ പ്രഖ്യാപിച്ചത് പോലെ നമ്പ്യാരും സ്റ്റക്കായി. പിന്നെ, “ ലൈഫ് ബുക്കിൽ ഞാൻ ലൈക്കിയ പോസ്റ്റ് ആരാണപ്പാ റീഷെയർ ചെയ്‌തെ..” എന്നും പറഞ്ഞ് ബാലൻസ്‌ലെസ്സായി പുറകോട്ട് വീണു.