Wednesday, February 27, 2013

ന്യൂ മീഡിയ, ന്യൂ ഫാൻസ്

“ചരിത്രമുറങ്ങുന്ന കോലത്തുനാട്ടിലേക്ക് കാലു കുത്തുന്നു..” എന്ന് മൊബൈലിലൂടെ ഫേസ്ബുക്കിൽ അപ്ഡേറ്റ് ചെയ്ത് രവി പാറക്കോടൻ കണ്ണൂർ റെയിൽ‌വേ സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു.  ടൌൺഹാളിലെ സാഹിത്യവിചാര സംഗമമായിരുന്നു വരവിന്റെ ലക്ഷ്യം.  അവിടെ നവമാധ്യമത്തിനെപ്പറ്റി ഒരു പ്രസംഗവും തന്റെ പുസ്തകത്തിന്റെ വിൽ‌പ്പനയുമാണ് മറ്റൊരു ഉദ്ദേശം.  പറയാനുള്ള കാര്യങ്ങളൊക്കെ നോട്ടാക്കി വെച്ചിട്ടുണ്ട്.  ഒരു അരമണിക്കൂറെങ്കിലും ശ്യാംലാൽ തരാതിരിക്കില്ല.  മുഖ്യധാരക്കാരെ ഒന്ന് അലക്കി വിടണം, എതിർപ്പുണ്ടാകും എന്നാലും ശ്രദ്ധിക്കപ്പെടും.  നാളത്തെ പത്രത്തിലൊക്കെ അതൊരു ചർച്ചയായേക്കും.   ഫേസ്ബുക്കിലും ബ്ലോഗിലും നിന്നുമായി നെറ്റിൽ ആയിരക്കണക്കിന് കമന്റുകളും ഹിറ്റുകളുമേറ്റു വാങ്ങുന്ന നമ്പർവൺ എഴുത്തുകാരനായ തനിക്കൊരു അവസരം തന്നില്ലെങ്കിൽ പിന്നെ ആർക്കാ കിട്ടുക.  നെറ്റിൽ നിന്നും പുറത്ത് വന്നതിൽ ശ്രദ്ധേയമായ രചന എന്ന് ബ്ലോഗർ അരിങ്ങോടൻവർക്കി തന്റെ പുസ്തകത്തെ വിശേഷിപ്പിച്ചിട്ടുമുണ്ടല്ലൊ.  അതൊക്കെ എല്ലാർക്കുമറിയുന്നതാണ്. 

''മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർ  അവർക്ക് പ്രിയപ്പെട്ട എഴുത്തുകാരന്റെ/കാരിയുടെ കൃതി  വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന പുതിയൊരു സാഹിത്യവിചാരം... സാഹിത്യസംഗമത്തിലെ  പ്രത്യേക പരിപാടി. നിങ്ങളും വരിക... ടൌൺ ഹാളിലേക്ക് സംവദിക്കാൻ...''  എന്ന  ശ്യാം ലാലിന്റെ ഫെയിസ്ബുക്ക് സ്റ്റാറ്റസ്  ലൈക്കിയപ്പോഴാണ് ഓണ്‍ലൈനിൽ നിന്നു ചാറ്റിലേക്ക് ഒരു ക്ഷണവും ചാടിവീണത്.  “ലൈക്കിയാൽ പോര, വരണം കേട്ടോ. ഞാനാണ്  പ്രോഗ്രാം കോ ഓര്‍ഡിനേറ്റർ. താങ്കളെപ്പോലുള്ളവർ തീര്‍ച്ചയായും അവിടെ ഉണ്ടാവണം, എന്തെങ്കിലും സംസാരിക്കണം. പുതിയ എഴുത്തുകാരെ ലോകം അറിയട്ടെ. സാഹിത്യ കാരണവന്‍മാരുടെ അനുഗ്രഹം വാങ്ങാനുള്ള അവസരം കൂടിയല്ലേ..” അതും കൂടി ആയപ്പോൾ പിന്നെ മടിച്ച് നിൽക്കാനായില്ല.  ഒന്നുമില്ലെങ്കിലും ഏതെങ്കിലുമൊരു സാഹിത്യകാരന്റെ കൂടെ ഇതൊക്കെ നിസ്സാരമെന്ന പോസ്സിൽ നിൽക്കുന്ന പടമെടുത്ത് എഫ്.ബി.യിലിട്ടാൽ താനൊരു സംഭവമാണെന്ന് കാണുന്നവർ വിചാരിക്കുമല്ലോ.  ഇനി അവന്മാർക്ക് കുപ്പി വാങ്ങിക്കൊടുത്താലേ പടമെടുക്കാൻ സമ്മതിക്കൂ എങ്കിൽ അതിനും റെഡി.  കുപ്പി വാങ്ങിക്കൊടുത്ത് പടം എടുക്കുന്നതാണല്ലോ പൊതുവെ കണ്ടു വരുന്നത്. 

നെറ്റിലെ താപ്പാനകളെ തിരിച്ചറിയാന്‍ കഴിഞ്ഞതും അവരുടെ വാളുകളിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാ‍തെ ചളിപ്പില്ലാതെ കമന്റാൻ കഴിയുന്നതുമാണ് തന്റെ വിജയരഹസ്യമെന്ന് രവിക്കറിയാം. വലിയ എഴുത്തുകാരെന്ന് ലോകം പറയുന്നവരെ തിരഞ്ഞു പിടിച്ച് ഫ്രണ്ട് ലിസ്റ്റിൽ ചേര്‍ക്കുക, അവരുടെ എഴുത്തുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക എന്നത് മറ്റൊരു നേരമ്പോക്ക്. നെറ്റിൽ അവരൊന്നും അത്രക്ക് ആക്റ്റീവല്ലാത്തതിനാൽ അക്രമമുണ്ടാവുകയുമില്ല. നെറ്റിലെ വായന കുറഞ്ഞ ചെറുപ്പക്കാരികൾക്ക് താനെന്തോ കാര്യപ്പെട്ട ഇനമാണെന്ന് വരുത്തിതീർക്കുകയുമാവാം.  അവരുടെ ആരാധനകൾ, ലൈക്കുകൾ എന്നിവയിൽ മുങ്ങിക്കുളിക്കാം. കമന്റാത്തവന്മാരെ ആദ്യം മയത്തിൽ ചാറ്റിയും വഴങ്ങാത്തവരെ ഫോണിൽ തെറി പറഞ്ഞും പോസ്റ്റ് കൊള്ളില്ലാന്ന് പറഞ്ഞവന്മാരുടെ ബ്ലോഗിലും വാളിലും അനോണി ഐ.ഡി.യുണ്ടാക്കി കമന്റിട്ട് ഒതുക്കിയും ഓടിച്ച് വിട്ടുമൊക്കെയാണ് ഇന്ന് കാണുന്ന പേരും പെരുമയും കമന്റുകളും ഉണ്ടാക്കിയെടുത്തത്.  ഒരു പോസ്റ്റിട്ടാൽ പത്തു സെക്കന്റിനകം ഇത്ര കമന്റ് വീണിരിക്കണമെന്ന് കണക്കും നിർബ്ബന്ധവുമുണ്ട്.  അതിനു വേണ്ടി കുറേയെണ്ണത്തിനെ സോപ്പിട്ടും ചെറിയ സാമ്പത്തികമൊക്കെ കൊടുത്ത് സഹായിച്ചും ഒരുക്കി വെച്ചിട്ടുമുണ്ട്.  പോരാത്തതിനു പത്തോളം അനോണി ഐ.ഡി.കളുമുണ്ട്.  ആനുകാലികത്തിൽ ഒരു കഥ വരുന്നതിന്റെ ഇരട്ടിപ്പണിയുണ്ട് ബ്ലോഗിലൊക്കെ ഒന്ന് നിന്ന് പിഴച്ച് പോകാനെന്ന് ആര് അറിയാനാണ്. 

ഓട്ടോ ടൌൺഹാളിന്റെ മുന്നിലെത്തി.  പുറത്ത് അവിടവിടയായി മരത്തിന്റെ ചുവട്ടിൽ ചിലർ നിന്നുമിരുന്നും സംസാരിക്കുന്നുണ്ട്. എന്റെ ഫാൻസ് ആരെങ്കിലും കണ്ടാൽ ഇപ്പോൾ ഓടിവന്ന് കെട്ടിപ്പിടിക്കുമായിരിക്കും. ഒന്ന് മസിൽ പിടിച്ച് വളരെ ബുദ്ധിമുട്ടിയെത്തി എന്ന നിലയിൽ നിന്നു.  പക്ഷേ ചെറുപ്പക്കാരെയൊന്നും കാണുന്നില്ല, പെണ്ണുങ്ങൾ ഒട്ടുമില്ല, വന്നത് നഷ്ടമായോ. ഇങ്ങനെ പോയി രവിയുടെ ചിന്തകൾ.  എന്നാൽ ഹാളിൽ കയറിച്ചെല്ലുമ്പോൾ കണ്ട കാഴ്ച്ച അതിശയിപ്പിക്കുന്നതായിരുന്നു.  ഉള്ളിൽ ഇത്രയേറെ ആളുകൾ കൂടിയിരിക്കുന്നുണ്ടെന്ന് അറിയുകയേ ഇല്ല. അത്ര നിശ്ശബ്ദം.  വേദിയിൽ തല നരച്ചതും അല്ലാത്തതുമായ സാഹിത്യ നായകന്മാരുടെ നിര തന്നെയുണ്ട്.

ബുക്കിന്റെ പത്തമ്പത് കോപ്പികൾ കുത്തിത്തിരുകിയ ബാഗുമായി ഹാളിനകത്ത് രവിയൊന്നു വട്ടം കറങ്ങി. ശ്യാമെവിടെയാണ്? പരസ്പരം പ്രൊഫൈൽ ഫോട്ടോയിൽ കണ്ട പരിചയമേ ഉള്ളു. രവിക്കാണെങ്കിൽ കാഴ്ച്ചയിൽ പ്രായം അൽ‌പ്പം കൂടുതലാണെന്നാണ് നേരിട്ടു കണ്ടവരുടെ അഭിപ്രായം. വേദിയുടെ മൂലയിൽ നിന്നു ഫോൺ ചെയ്യുന്നയാള്‍ക്ക് അവന്റെ ഛായ ഉണ്ട്.  രവി ബാഗിന്റെ വള്ളി വലിച്ചു നേരെയാക്കി അടുത്തു ചെന്നു. ഒരു നിമിഷം സംശയത്തോടെ നോക്കി രണ്ടുപേരും ചിരിച്ചു. “ശ്യാം?” “അതേടോ ഇരിക്കു.. എല്ലാരുമെത്തിക്കൊണ്ടിരിക്കുന്നു” അവൻ തിരക്കിൽ കൈയ്യൊന്ന് പിടിച്ചെന്ന് വരുത്തി എങ്ങോട്ടോ പോയി.  സംഘാടകന്റെ ബദ്ധപ്പാട്.

വേദിയിലിരിക്കുന്നവരിൽ ചിലരെ രവിക്കറിയാം. ആനുകാലികങ്ങളിൽ കാണുന്ന മുഖങ്ങളാണ്.  അങ്ങോട്ട് പോയി മിണ്ടേണ്ട ഗതികേടിലൊന്നുമല്ല താൻ. നെറ്റിലെ ആൺപെൺ ആൾക്കാരുടെ ആരാധനാ പാത്രമാണ് താനെന്ന് അവരറിയില്ലല്ലോ. കണ്ണടയെടുത്ത് തുടച്ച് കനത്തിൽ തന്നെ ഇരുന്നു. ശ്യാം വരട്ടെ, എന്നിട്ട് തീരുമാനിക്കാം, എവിടെ, ആരുടെ അടുത്ത് ഇരിക്കണമെന്ന്. വിശിഷ്ടാതിഥിയും പരിവാരങ്ങളും വേദിയിലേക്ക് വരുന്നുണ്ട്. ഇനി വൈകിക്കൂടാ. രവി ശ്യാമിനെ നോക്കി. അവനറിയുന്നേയില്ല. അടുത്തെത്തിയപ്പോൾ മെല്ലെ കയ്യിൽ പിടിച്ചൊന്നു വലിക്കുക തന്നെ ചെയ്തു. അവന്റടുത്ത് തനിക്കങ്ങനെ ഫോര്‍മാലിറ്റിയൊന്നും വേണ്ടല്ലോ. “ങ്ഹാ, രവി, ഇവിടെത്തന്നെ ഉണ്ടാവുമല്ലോ, കാണണം വിശദമായി. ഇതൊന്നു കഴിയട്ടെ..” കൈ കുടഞ്ഞെടുത്ത്  ശ്യാം തിടുക്കത്തിൽ അവര്‍ക്കൊപ്പം നടന്നു. ഇതെന്താ ശ്യാമീ കാട്ടുന്നത്? അല്ലെങ്കിൽ അവര്‍ക്കൊപ്പം നടന്നാലോ. രവി പിറകെ ചെന്നു. നിരത്തി വച്ച കസേരകളിൽ ഓരോരുത്തരായി ഉപവിഷ്ടരായി. വേദി നിറഞ്ഞ് കവിഞ്ഞ് തുളുമ്പി. സീറ്റൊന്നും ബാക്കിയില്ല്. മ്യൂസിക്കൽ ചെയറിൽ ഔട്ടായ പാര്‍ട്ടിസിപ്പെന്റിന്റെ അവസ്ഥ. കലശയായ അമര്‍ഷം തോന്നി രവിക്ക്. ശ്യാമിതൊക്കെ ശ്രദ്ധിക്കേണ്ടെ? വെറുതെ ആളെ വിളിച്ച് വരുത്തിയിട്ട്.. ഇടയിലൊരു തവണ കണ്ണുകളിടഞ്ഞപ്പോൾ ശ്യാം മുഖം തിരിച്ചു.
കുറച്ചു നേരം അവിടെ കാത്ത് നിന്ന് രവി ഓഡിറ്റോറിയത്തിലെ ഒരു മൂലയിൽ പോയിരുന്നു. സമ്മേളനം  ഔപചാരികതയും കടന്ന് ചര്‍ച്ചകളിലേക്ക്. സര്‍ഗ്ഗ വേളയിലെ കൌതുകങ്ങളിലേക്ക്, ഭൂഖണ്ഡങ്ങൾ ഭേദിച്ചുള്ള സമാനതകളിലേക്ക്, ഇതിഹാസങ്ങളിലെ ഇനിയും ബാക്കിയുള്ള പുല്‍പ്പരപ്പുകളിലേക്ക്, ഉത്തരാധുനികതയും അനന്തരാധുനികതയും. കാടും മലയും കടന്ന് ചിറകടിച്ചു പറക്കുന്ന സര്‍ഗ്ഗ സംവാദം. രവിക്ക് പക്ഷേ, ഇരിപ്പുറയ്ക്കുന്നേയില്ല. ശ്യാമാണെങ്കിൽ മൈൻഡാക്കുന്നുമില്ല, പേരുകേട്ട സാഹിത്യകാരന്മാർക്ക് വെള്ളം കൊടുത്തും ചെവി തിന്നും അവൻ ഓടി നടക്കുകയാണ്.  ഇടക്ക് ചില പെണ്ണുങ്ങളോട് പോയി എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.

എഫ്.ബി.യിൽ താൻ കണ്ണൂരിലുണ്ടെന്ന് സ്റ്റാറ്റസിട്ടിട്ടും ഒരാൾ പോലും വിളിക്കുകയോ കാണാൻ വരികയോ ചെയ്തില്ലല്ലോ.  ഫേസ്ബുക്കിലോ ബ്ലോഗിലോ പ്ലസ്സിലോ ഉള്ള ഒരുത്തനും ഒരുത്തിയും ഈ ഭാഗത്തൊന്നുമില്ലാന്ന് തോന്നുന്നു, കൺ‌ട്രി കണ്ണൂരുകാർ.  വെറുതെ വന്ന് കാശ് കളഞ്ഞു.  എല്ലാത്തിനും കാരണം ആ തെണ്ടി ശ്യാമാണ്.  വീട്ടിലെത്തട്ടെ അവന്റെ പോസ്റ്റുകളിൽ അനോണി ഐ.ഡി.യിൽ പോയി വെട്ടിനിരത്തണം. നെറ്റിന് പുറത്ത് എല്ലാവനും പ്രിന്റിലെ കാരണവന്മാരെ തൊഴുത് നിൽക്കുന്ന പച്ചത്തുള്ളന്മാർ തന്നെ.  വെറുതെയല്ല ബ്ലോഗുകാർ രക്ഷപ്പെടാത്തത്. കെട്ടിപ്പേറി കൊണ്ട് വന്ന പുസ്തകത്തിനാണെങ്കിൽ പണ്ടാരക്കനം. ഇവിടെ എങ്ങാനും കളഞ്ഞ് പോകാമെന്ന് തോന്നുന്നു.  കോമ്പൌണ്ടിൽ ഇറങ്ങി, ‘ഹേ മലയാളമേ, എന്നും മഹത്തായ സൃഷ്ടികളെ ഇരുട്ടിലൊളിപ്പിച്ചു വെക്കാനാണ് നിന്റെ വിധി.‘ തന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത്  കമന്റുകളോ ലൈക്കുകളോ കാത്തു നില്‍ക്കാതെ  രവി പുറത്തേക്ക് നടന്നു. 

അന്നേരമാണ് ഒരു ഓട്ടോ ഗേറ്റ് കടന്ന് വരുന്നത്. കണ്ടത് ഇനി അത് പിടിച്ച് റെയിൽ‌വേ സ്റ്റേഷനിലേക്ക് പോകാം. അപ്പോൾ വെളുത്ത ടോപ്പും ജീൻസും ധരിച്ച സുന്ദരിയായ ഒരു പെൺ‌കുട്ടി അതിൽ നിന്നിറങ്ങി ഓട്ടോക്കാരന് കാശ് കൊടുക്കുകയായിരുന്നു.  രവി അതിലേക്ക് കേറാനായി ഒരുങ്ങി. 

“സർ രവി പാറക്കോടൻ അല്ലേ?” ഇറങ്ങിയ പെൺകുട്ടി വിടർന്ന മിഴികളിൽ സംശയം ചാലിച്ച് ചോദിച്ചു. 
തൃശ്ശൂർ പൂരത്തിന്റെ അമിട്ടുകളെല്ലാം രവിയുടെ മനസ്സിലും മുഖത്തും ഒന്നിച്ച് വിരിഞ്ഞു.  ഈ കണ്ണൂർ അത്ര മോശം സ്ഥലമൊന്നുമല്ല, അത് പിന്നെ ടി.പത്മനാഭന്റെ സ്ഥലമല്ലേ മോശമാകുമോ.  തന്നെ അറിയുന്ന ഒരാളെങ്കിലും ഇവിടെ എത്തിയല്ലോ.  അതും എണ്ണം പറഞ്ഞ സിനിമാനടി പോലൊരു സുന്ദരിക്കൊച്ച്.  കണ്ണട ഒന്ന് ഒതുക്കി ഉള്ളിലെ അർമാദത്തിരകളിൽ മുഖത്തിന്റെ ഗൌരവതീരങ്ങൾ ഒലിച്ച് പോകാതെ രവി പഞ്ചസാര നാണിക്കുന്ന ശബ്ദത്തിൽ അതെ എന്ന് പറഞ്ഞു. 

“സാർ കണ്ണൂരിലുണ്ടെന്ന്‌ ഫേസ്ബുക്കിൽ കണ്ടു.. ഒന്ന് കാ‍ണാനായി വന്നതാണ്” 

ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ എന്ന് വാളിലെഴുതാൻ രവിയുടെ കൈകൾ തരിച്ചു.  ഓട്ടോഡ്രൈവർ അസൂയ കലർന്ന കണ്ണുകളുമായി ഓട്ടോ വളച്ചെടുത്ത് ഓടിച്ചു പോയി.  ഈ ആരാധികയുമൊത്ത് നിൽക്കുന്ന പടമെടുത്ത് വാളിൽ ഇടണമെന്ന് രവി ആലോചിക്കുമ്പോൾ “എന്നെ അറിയോ..?”  എന്ന മധുരസ്വരമുണർത്തി.  ഫേസ്ബുക്കിലോ ബ്ലോഗിലോ ഇങ്ങനെയൊരു മുഖം ഓർമ്മയില്ല. കണ്ടാൽ വിടുകയുമില്ലല്ലോ.  താനറിയാതെ ഇത്രയും സുന്ദരിയായൊരു ആരാധികയോ..!   അറിയുമെങ്കിലും ഇല്ലാന്ന് പറയുന്നതാണ് ശീലം, എന്നാൽ ഇത്തവണ അറിയില്ലാന്ന് പറഞ്ഞത് സത്യസന്ധമായിരുന്നു.

“എന്നാൽ ഇനി മറക്കില്ല” സർവ്വശക്തിയുമെടുത്ത് രവിയുടെ മുഖത്ത് ഒരെണ്ണം പൊട്ടിച്ചു കൊണ്ട് അവൾ അലറി. “ഞാൻ മേഘയാണെടാ.. നിന്റെ കഥ ബോറാണെന്ന് പറഞ്ഞതിന് നീയൊക്കെ ബ്ലോഗിൽ നിന്നും ഓടിച്ച മേഘ.. അതും പോരാഞ്ഞ് നീയെന്റെ സ്വഭാവം മോശമാണെന്ന് ഭർത്താവിനോട് വരെ വിളിച്ചു പറഞ്ഞില്ലേടാ.. പത്തിരുന്നൂറ്‌ കമന്റ് കിട്ടിയാൽ വിശ്വസാഹിത്യകാരൻ ആയെന്നല്ലേ നീയൊക്കെ വിചാരിക്കുന്നത്. നെറ്റെന്താ നിനക്ക് സ്ത്രീധനം കിട്ടിയതാണോടാ @#$%^%.”  

ഒരു കുത്ത് ഇട്ടാൽ പോലും കൊട്ടക്കണക്കിന് കമന്റുകളും ലൈക്കുകളും ഏറ്റുവാങ്ങാറുള്ള സീനിയർ നെറ്റിസൺ കം ബ്ലോഗർ രവിപാറക്കോടൻ ഓടിയ വഴിയിലൂടെയായിരുന്നു മുനിസിപ്പാലിറ്റിക്കാർ പിന്നീട് പുതിയ റോഡ് നിർമ്മിച്ചത്.