Sunday, August 30, 2009

രാജേശ്വരിയുടെ കടുംകൈ

രാജീവന്റേയും രാജേശ്വരിയുടേയും വീടുകള്‍ അടുത്തടുത്ത് തന്നെയായിരുന്നു. രാജീവന്‍ രാവിലെ പല്ലു തേക്കാന്‍ വീടിന്റെ മുറ്റത്ത് നില്ക്കുമ്പോള്‍ രാജേശ്വരിയും പല്ലു തേച്ച് കൊണ്ട് അവളുടെ വീടിന്റെ മുന്നിലുണ്ടാവും. പല്ലു തേപ്പിന്നിടയ്ക്ക് രണ്ടു പേരും കൈകൊണ്ടും ബ്രഷ് കൊണ്ടും എയറില്‍ ഓരോരോ കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്യും. ആ തേപ്പ് ഒരു മണിക്കൂറൊക്കെ നീണ്ടു നില്‍ക്കുകയും ചെയ്യും. അങ്ങനെയായിരുന്നു അവര്‍ തമ്മില്‍ പ്രണയത്തിലായത്.

രാജേശ്വരിയുടെ വീട്ടുകാര്‍ സാമ്പത്തികമായി രാജീവനേക്കാള്‍ മെച്ചപ്പെട്ടവരായിരുന്നു. രാജീവനാണെങ്കില്‍ ഒരു മരക്കമ്പനിയില്‍ കണക്കെഴുത്താണ്‌ ജോലി. ശമ്പളം മോശമില്ല; മൊബൈല്‍ ഫോണ്‍ റീച്ചാര്ജ്ജ് ചെയ്യാനുള്ളത് കിട്ടും.

രാജേശ്വരിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ അവളുടെ വീട്ടുകാര്‍ ഒരു പാട് ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല. പ്രേമിക്കുന്നവരെ ഉപദേശിക്കുന്നത് പഞ്ചറായ ടയറില്‍ കാറ്റടിക്കുന്നത് പോലെയാണല്ലോ. രാജേശ്വരിയെ കുറേ ഉപദേശിച്ചിട്ടും അവള്‍ക്ക് മനംമാറ്റമുണ്ടായില്ല. ഇവളോടിനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായി. അങ്ങനെ തേച്ച് തേച്ച് പല്ലു തീരുന്നതിനു മുമ്പ് രണ്ടുപേരെയും കല്യാണം കഴിപ്പിച്ചു.

കല്യാണം കഴിഞ്ഞ് ആദ്യ നാളുകള്‍ എല്ലാവരുടേതും പോലെ വളരെ രസമായിരുന്നു. എങ്ങോട്ട് നോക്കിയാലും അവിടെയെല്ലാം ഊട്ടി അല്ലെങ്കില്‍ മൂന്നാര്‍..! കുറച്ച് പക്ഷേ, കുറച്ച് കഴിഞ്ഞപ്പോള്‍ എല്ലാം മുനിസിപ്പാലിറ്റി ഓടകള്‍ പോലെയായി തോന്നിത്തുടങ്ങി. വിരുന്നിനൊക്കെ പോയിക്കഴിഞ്ഞപ്പോള്‍ പോക്കറ്റ് ഉപ്പ് വെച്ച കലം പോലെയായി. ശമ്പള അഡ്വ്വാന്‍സ് ചോദിച്ചപ്പോള്‍ മുതലാളിയുടെ മുഖവും ബ്ലാക്ക് ഷേഡ് ആയി. (അതു പിന്നെ അഞ്ചാറ് മാസത്തെ ശമ്പളമൊക്കെ മുന്‍കൂറായി ആരു കൊടുക്കാനാ..) ബാറ്ററിക്ക് പുറമേ ബാലൻസും തീർന്നതു പോലെ രാജേശ്വരിയുടെ ബന്ധത്തില്‍ രണ്ട് കല്യാണവും അതിന്റെ കൂടെ വന്നു ചേര്‍ന്നു. അതൊക്കെ വളയും മോതിരവുമായി വലിയ സമ്മാനങ്ങള്‍ കൊടുക്കേണ്ടതായിരുന്നു.. നില്‍ക്കക്കള്ളിയില്ലാഞ്ഞ് അതു രാജേശ്വരിയുടെ ആഭരണങ്ങള്‍ പണയം വെച്ചു സോള്‍വാക്കി.

ഇതേ പോലെ പോയാല്‍ കട്ടപ്പുക ആകുമെന്നു രാജീവനു മനസ്സിലായി. അതു കൊണ്ട് ഗള്‍ഫിലേക്ക് പോകാമെന്നു അവന്‍ തീരുമാനിച്ചു. അതനുസരിച്ച് ഒരു ഏജന്റുമായി സംസാരിക്കുകയും ചെയ്തു. പക്ഷേ, എല്ലാ പുതുക്കക്കാരികളായ ഭാര്യമാരെ യും പോലെ രാജേശ്വരിയും ഗള്‍ഫില്‍ പോകുന്നതിനെ ശക്തമായെതിര്‍ത്തു. പോകുന്നെങ്കില്‍ എന്നെയും കൂടെ കൊണ്ടു പോകണമെന്നു നിര്‍ബ്ബന്ധിച്ചു. രാജീവന്റെ കാര്യം തന്നെ ഒന്നും ശരിയായില്ല; അതിനിടയ്ക്കാണു എന്നെയും കൂടെ കൊണ്ട് പോകണമെന്നു പറഞ്ഞ് അവള്‍ കുഴപ്പണ്ടാക്കുന്നത്. വെറുതെയല്ല പെണ്ണുങ്ങള്‍ക്ക് കഴുത്തോളമേ ബുദ്ധിയുള്ളു എന്നു പറയുന്നത്!

വിസയൊക്കെ ശരിയായാല്‍ അവളെ പറഞ്ഞു സമ്മതിപ്പിക്കാമെന്നു കരുതി രാജീവന്‍ പിന്നെ കൂടുതല്‍ തര്‍ക്കിക്കാനൊന്നും നിന്നില്ല.

ഒരു ദിവസം രാത്രി ഏജന്റ് ഫോണില്‍ വിളിച്ച് നാളെ രാവിലെ ഇന്റര്‍വ്യുവിനു ചെല്ലണമെന്നു പറഞ്ഞു. രാജീവന്‍ ഉടനെ മുറിയില്‍ ചെന്ന് പാസ്സ് പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളുമൊക്കെ എടുത്ത് മേശമേല്‍ വെച്ച ശേഷം കുളിക്കാന്‍ പോയി. രാജേശ്വരി കഞ്ഞിക്കലം പോലെ മുഖവുമാക്കി കട്ടിലില്‍ ഇരിക്കുന്നുണ്ടായിരുന്നു.

രാജീവന്‍ തിരികെ മുറിയിലെത്തിയപ്പോള്‍ മുറിയില്‍ നിറയെ പുകപടലങ്ങള്‍..! എന്താ സംഭവിച്ചതെന്നു കരുതി പേടിച്ച് നോക്കുമ്പോ പാസ്സ്പോര്‍ട്ടതാ കിടന്ന് കത്തുന്നു… അടുത്ത് തീപ്പെട്ടിയുമെടുത്ത് കറുത്തമ്മയായി രാജേശ്വരി നില്‍ക്കുന്നു..

പ്രണയവിവാഹത്തിനെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായമറിയണമെന്നുണ്ടെങ്കിൽ രാജീവനോട് ചോദിച്ചാൽ മതി. അവൻ വയറ് നിറച്ചും ഉപദേശിച്ചു തരും.. പ്രേമിച്ച് വിവാഹിക്കുന്നത് പോയിട്ട് അവനിപ്പോ പല്ലു തേക്കുന്നത് പോലും ഇഷ്ടമല്ല.

Monday, August 10, 2009

പ്രണയാഗ്നിയില്‍ ഒരാള്‍

എന്റെ ക്ലോസ് ഫ്രന്റായിരുന്നു ഒരു എക്സ്പോര്‍ട്ടിങ്ങ് സ്ഥാപനത്തില്‍ മെര്‍ചന്‍ഡൈസറായി ജോലി ചെയ്യുന്ന സീമ. നന്നായി വായിക്കുമെന്നതിനാല്‍ ഞാന്‍ അവള്‍ക്ക് പുതിയ പുസ്തകങ്ങള്‍ ഇടയ്ക്ക് കൊണ്ടു കൊടുക്കാറുണ്ട്. (ഒരു മാതിരിപ്പെട്ട പെണ്‍പിള്ളേരുമായി കമ്പനിയാകാന്‍ പുസ്തകങ്ങള്‍ മതീന്നെ..) അവളുടെ സഹപ്രവര്‍ത്തകയാണ് പ്രിയംവദ. വെളുത്ത് മെലിഞ്ഞ് സുന്ദരിയാണ് പ്രിയംവദ. ഞാന്‍ പുസ്തകങ്ങള്‍ കൊടുക്കാന്‍ സീമയുടെ ആഫീസില്‍ പോകുമ്പോള്‍ അവളുടെ കൂടെ എപ്പോഴും പ്രിയംവദയുമുണ്ടാവും. അങ്ങനെ പ്രിയംവദയും എന്റെ നല്ല സുഹൃത്തായി മാറി.

ആയിടയ്ക്ക് അവരുടെ കൂടെ ജോലി ചെയ്യുന്ന ശിവദാസന്‍ എന്നൊരു ചെറുപ്പക്കാരനു പ്രിയംവദയോട് കടുത്ത റൊമാന്റിക് ഫീവര്‍ തുടങ്ങി. ആഫീസില്‍ വെച്ചും വീട്ടിലെത്തിയാല്‍ ഫോണ്‍ വിളിച്ചും ശിവദാസന്‍ പ്രിയംവദയെ ഫോളോ ചെയ്യാന്‍ തുടങ്ങി. പക്ഷേ അവള്‍ക്ക് അവനെ ഇഷ്ടമല്ലായിരുന്നു. ശിവദാസനെ എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കാന്‍ പ്രിയംവദ സീമയുടെ സഹായം തേടി. അതനുസരിച്ച് പ്രിയംവദക്കൊരു ലൈന്‍ ഉണ്ടെന്നും നീ വെറുതെ മെനക്കെടേണ്ടെന്നും സീമ ശിവദാസനോട് പറഞ്ഞു. അതാരാണെന്നു പറയണമെന്നു പറഞ്ഞ് ശിവദാസന്‍ ശല്ല്യപ്പെടുത്തിയപ്പോള്‍ സീമ എന്റെ പേര്‍ പറഞ്ഞു. അങ്ങനെ തല്‍ക്കാലം ശിവദാസന്‍ ഒതുങ്ങി.

ഇക്കാര്യങ്ങളൊക്കെ സീമ എന്നോട് പറയാറുണ്ടായിരുന്നു. ഒരു രസത്തിനു വേണ്ടി അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നു ഞാനും സമ്മതിച്ചു. ഒരു സുന്ദരിയുടെ കാമുകനായി അഭിനയിക്കുന്നതില്‍ നമുക്കെന്ത് നഷ്ടം! (ജീവിതത്തില്‍ ഭര്‍ത്താവായിട്ട് വരെ അഭിനയിക്കേണ്ടി വരുമല്ലോ!)

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഏതാനും പുസ്തകങ്ങള്‍ സീമയ്ക്ക് കൊടുക്കുവാന്‍ വേണ്ടി ഒരു ദിവസം ഞാന്‍ അവരുടെ ആഫീസിലേക്ക് പോയി. റിസപ്ഷനില്‍ ഇരുന്ന് സീമയോടും പ്രിയംവദയോടും അല്‍പ്പ സമയം സംസാരിച്ചു. നിങ്ങള്‍ സംസാരിക്ക്, ഞാനിപ്പോ വരാമെന്നും പറഞ്ഞ് സീമ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി. പ്രിയംവദ എന്റെ തൊട്ടടുത്ത് ഇരുന്ന് എ.അയ്യപ്പന്റെ കവിതകള്‍ മറിച്ചു നോക്കുകയായിരുന്നു. “ഈ വരികള്‍ കൊള്ളാമല്ലേ..” എന്നു പറഞ്ഞ് അവള്‍ പുസ്തകം എന്റെ നേര്‍ക്ക് നീട്ടി. ഞാന്‍ എത്തി നോക്കി.

“നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിക്ക് പ്രേമകാവ്യമായിരുന്നു.
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ചഞെരമ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
അതിന്റെ സുതാര്യതയില്‍
ഇന്നു നിന്റെ മുഖം കാണാം…”

“അതെയതേ..” എന്നു പറയാന്‍ അവളുടെ നേര്‍ക്ക് നോക്കിയപ്പോള്‍ ചുരിദാറിന്റെ ഇടയിലൂടെ ബ്രാ പുറത്തായത് കണ്ടു. ഞാന്‍ അവളോട് പറഞ്ഞു.

“പക്ഷേ, ഞാന്‍ കണ്ടത് നിന്റെ മുഖമല്ല…”

“ങേ…..” അവള്‍ സാകൂതം എന്റെ നേര്‍ക്ക് നോക്കി.

“നിന്റെ സെക്കന്റ് പേപ്പറാ….” ഞാന്‍ അവളുടെ നെഞ്ചത്ത് നോക്കി പറഞ്ഞു.

“ശോ…. ..” അവളു പുസ്തകം കൊണ്ടെന്റെ തലക്കൊരു കിഴുക്ക് തന്ന ശേഷം ഷാള്‍ പിടിച്ച് നേരെയിട്ടു നാണിച്ച് ചുവന്നു നിന്നു. ഞാന്‍ പൊട്ടിപൊട്ടിചിരിച്ചു.

പെട്ടെന്നാണ് വാതില്‍ക്കല്‍ സീമയും ഒരാളും നില്‍ക്കുന്നത് ഞാന്‍ കണ്ടത്. സീമ മുന്നോട്ട് വന്നു എന്നെ പരിചയപ്പെടുത്തി. “കുമാര്‍ജീ…ഇതാണ് ശിവദാസ്…..”

ഞാന്‍ എഴുന്നേറ്റ് അവനു കൈ കൊടുത്തു. തണുത്ത് മരവിച്ച് മൃദുലമായ കൈ. നിര്‍ജ്ജീവമായ വിളറിയ മുഖം. വെളുത്ത് മെലിഞ്ഞ ശരീരം. “ഹലോ…” ഞാന്‍ പറഞ്ഞു. അവന്‍ നിര്‍വ്വികാരമായി പതുക്കെ തലകുലുക്കി. പ്രിയംവദയ്ക്ക് അവനൊട്ടും മാ‍ച്ചല്ല എന്ന് ആരും പറയും. അതു കൊണ്ടാവണം അവളും അവനെ നിരസിക്കുന്നത്.

“എന്തായിരുന്നു രണ്ടു പേരും തമ്മിലൊരു പ്രണയ സല്ലാപം…?” സീമ ചോദിച്ചു.

“ഹേയ്.. ഞങ്ങള്‍ വെറുതെ..” ഞാനും പ്രിയംവദയും പറഞ്ഞു.

സീമ പിന്നെയും എന്നെയും പ്രിയയേയും തമ്മില്‍ ചേര്‍ത്ത് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ പോട്ടേയെന്നും പറഞ്ഞ ശിവദാസന്‍ പോയി. ശരിയെന്ന് ഞാന്‍ തലകുലുക്കി. കുറച്ച് കഴിഞ്ഞ് ഞാനും മടങ്ങി. അന്നു രാത്രി തികച്ചും അപ്രതീക്ഷിതമായി ശിവദാസന്‍ എന്നെ ഫോണില്‍ വിളിച്ച് പ്രിയംവദയുമായി ഇഷ്ടത്തിലാണോ എന്നു ചോദിച്ചു. ഞാന്‍ അതെയെന്നും പറഞ്ഞു. ഉടനെ അവന്‍ ഫോണ്‍ വെക്കുകയും ചെയ്തു.

പിറ്റേന്ന് ആഫീസിലെത്തി കുറച്ച് കഴിഞ്ഞയുടനെ എനിക്ക് സീമയുടെ ഫോണ്‍ വന്നു. ശിവദാസന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു !! തലക്കടിയേറ്റതു പോലെ ഞാന്‍ തരിച്ചിരുന്നു പോയി. കുറേ നേരത്തേക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല. വെറുമൊരു തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യം പ്രതീക്ഷിക്കാത്ത ഒരു ദുരന്തത്തിലാണ് കൊണ്ടെത്തിച്ചത്.

ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചിരുന്നെന്നും അവൾ നിരസിച്ച ദു:ഖം സഹിക്കാന്‍ പറ്റാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നെന്നും ശിവദാസന്‍ കത്തെഴുതി വെച്ചിരുന്നു. പ്രിയംവദയായിരുന്നു അതെന്ന് ഞങ്ങളല്ലാതെ വേറെയാരുമറിഞ്ഞില്ല. അതു കൊണ്ട് ആരോപണങ്ങളില്‍ നിന്നും അവള്‍ രക്ഷപ്പെട്ടു.

ചാരം മൂടിയ കനലുകള്‍ പോലെയായിരുന്നു ശിവദാസന്‍. അവന്‍ ഇങ്ങനെ കടുംകൈ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല. ശിവദാസന്റെ തീവ്രപ്രണയത്തെ ആദരിക്കുമ്പോള്‍ തന്നെ അവന്‍ അത്രയ്ക്ക് ചെയ്യേണ്ടിയിരുന്നില്ല എന്നാണെനിക്ക് തോന്നിയത്. ഇതു പോലെ തീവ്രമായ പ്രണയാനുഭവം എനിക്കുമുണ്ടായിരുന്നു. അവള്‍ നിഷ്കരുണം ഒഴിവാക്കിയിട്ടും, എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയില്ല. പെണ്‍ മനസ്സിലൊരിടം പിടിച്ചു വാങ്ങേണ്ട ഒന്നല്ലല്ലോ.

പ്രണയം പോലെ മഹത്തായ അനുഭൂതി വേറെയില്ല. മോഹിച്ചവളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതും തെറ്റല്ല. പക്ഷേ, പ്രണയത്തിന്റെ പുറംമോടിയില്‍ മയങ്ങി, പ്രതിസന്ധികളില്‍ സ്വയം തകരരുത്. പ്രണയമെന്നത് കാറ്റും കോളും നിറഞ്ഞ കടലിലൂടെയുള്ള ഏകാന്തമായ ഒരു യാത്ര എന്നല്ലേ. പെണ്ണിനേയും പ്രണയത്തേയും സമചിത്തതയോടെ കൈകാര്യം ചെയ്യാനറിയാത്തവരുടെ ജീവിതം ശിവദാസന്റേത് പോലെ സ്വയമുരുകി ഇല്ലാതാവുകയെയുള്ളു. ആണില്‍ നിന്നും വ്യത്യസ്തമായി പെണ്ണിനു എന്തെങ്കിലും പ്രത്യേകതയുള്ളത് അവരുടെ ശരീരസൌന്ദര്യമാണു. അതുവെച്ച് അവള്‍ പുരുഷനെ നിഷ്കരുണം അപമാനിക്കുകയും കീഴടക്കുകയും ചെയ്യുന്നു. എത്ര ജന്മം ശ്രമിച്ചാലും മനസ്സിലാക്കാന്‍ പറ്റാത്തതാണ് സ്ത്രീ മനസ്സ്.

ശിവദാസന്റെ അപ്രതീക്ഷിത മരണം ഏറെക്കാലം ഞങ്ങളെ മൂവരെയും തീരാദു:ഖത്തിലാഴ്ത്തി. മന:പൂര്‍വ്വം അവനെ കളിയാക്കാനോ വേദനിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്ന്‍ സമാശ്വസിച്ച് ദൈവസന്നിധിയില്‍ മാപ്പപേക്ഷിച്ച് ഞങ്ങള്‍ പതുക്കെ അതൊക്കെ മറന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പ്രിയംവദ വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി.

വല്ലപ്പോഴും ഗൾഫിൽ നിന്നും അവളുടെ മിസ്സ്കാള്‍ കാണുമ്പോള്‍ ശിവദാസന്റെ നിര്‍വ്വികാര മുഖം എന്റെ മനസ്സിലുണരുന്നു. പ്രണയാഗ്നിയില്‍ സ്വയം ശിരസ്സ് സമര്‍പ്പിച്ചവന്റെ ഓര്‍മ്മപ്പെടുത്തലോടെ.


* * * * * * * *
“തിരികെ പ്രേമിക്കാത്ത പെണ്ണിനെ പ്രേമിപ്പോനേ
ശരിക്കും പ്രേമത്തിന്റെ രുചിയറിയൂ..” (യൂസഫലി കേച്ചേരി.)

Monday, August 3, 2009

കാമ മോഹിതം

കൂട്ടുകാരായ സോമന്റെയും സന്തോഷിന്റേയും ഒപ്പം മൊബൈലില്‍ ഫോണില്‍ അന്ന് റിലീസായ ഒരു കുത്ത് വീഡിയോ കാണുകയായിരുന്നു ആട്ടോ ഡ്രൈവര്‍ പ്രശാന്തന്‍. അപ്പോഴാണു ഫോണ്‍ റിങ് ചെയ്തത്. ഇതാരാപ്പ ഒരു പരിചയമില്ലാത്ത നമ്പറ് എന്നു പറഞ്ഞ് അവന്‍ ഫോണെടുത്തു സംസാരിക്കാന്‍ തുടങ്ങി. അവന്റെ മുഖം തക്കാളി പോലെ ചുവക്കുന്നത് കണ്ടപ്പോ തന്നെ ഏതോ പെണ്ണായിരിക്കും വിളിച്ചതെന്നു സോമനും സന്തോഷിനും മനസ്സിലായി. ഫോണ്‍ കട്ട് ചെയ്തയുടനെ അവര്‍ ചോദിച്ചു.

“ആരാടാ വിളിച്ചത്?“
“ അതില്ലേ.. രമേച്ചിയാ..” പ്രശാന്തന്‍ നാണത്തോടെ പറഞ്ഞു.
“ഏതു രമേച്ചി..? നീ പറയാറുള്ള, മറ്റേ പട്ടാളക്കാരന്റെ ഭാര്യയോ? ടൌണില്‍ ജോലിയുള്ള..?”
“അതെന്നെ..” പ്രശാന്തന്‍ മടിച്ചു മടിച്ചു പറഞ്ഞു.
“എന്തിനാടാ വിളിച്ചത്..? പറ..”
“അത്.. അവരുടെ വീട്ടിലെ സോഫാ റിപ്പയര്‍ ചെയ്യാനാ... നമ്മളുടെ സതീശന്റെ സോഫാ സെറ്റി റിപ്പയര്‍‌ ചെയ്യുന്ന കടയില്‍ ഞാന്‍ ഇരിക്കുന്നത് അവര്‍ കണ്ടിന് പോലും.. അതോണ്ടാ വിളിച്ചത്”
“ആയിക്കോട്ടേ.. നീ കുറേ കാലമായില്ലേ അവരുടെ നമ്പറിനു വേണ്ടി നോക്കുന്നു.. ഇതൊരു ചാന്‍‌സാ മോനേ മുറുക്കെ പിടിച്ചോ. നല്ല കിണ്ണന്‍ പീസാണു. ഭര്‍‌ത്താവ് സ്ഥലത്തില്ല.. അവര്‍ക്ക് ഗവണ്മെന്റ് ജോലിയാ.. അതോണ്ട് കാശിനും ബുദ്ധിമുട്ടില്ല നിന്റെ ടൈം തെളിഞ്ഞു മോനേ...” സന്തോഷ് പ്രശാന്തനെ പ്രോത്സാഹിപ്പിച്ചു പറഞ്ഞു.

പ്രശാന്തന്റെ നാട്ടിലെ ചെറുപ്പക്കാരുടെ ഒരു വീക്ക്നെസ്സായിരുന്നു രമച്ചേച്ചി . അതി സുന്ദരി, വെളുത്ത് നിറം, നല്ല ഉയരം. വീട്ടിലാണെങ്കില്‍ സ്കൂളില്‍ പഠിക്കുന്ന മകനും മകളുമേയുള്ളു. അവനെന്നും ഓട്ടോസ്റ്റാന്‍‌ഡിലേക്ക് വരുന്ന വഴിയിലാണ് അവരുടെ വീട്. ഒന്നു രണ്ടു തവണ ഓട്ടോയില്‍ കയറിയിട്ടുമുണ്ട്. പക്ഷേ കൂടെ ആളുണ്ടായിരുന്നതിനാല്‍ അന്ന് കൂടുതല്‍ സംസാരിക്കാനും നമ്പര്‍ വാങ്ങിക്കാനും കഴിഞ്ഞില്ല.

മിസ്സ് കാള്‍ കൊടുക്കാന്‍ വിചാരിച്ചയാള്‍ ഇങ്ങോട്ട് വിളിക്കുന്നത് പോലെ ഇപ്പോള്‍ അവരായിട്ട് സഹായമാവശ്യപ്പെടുകയും ചെയ്തു. പ്രശാന്തന് സന്തോഷം കൊണ്ട് നില്‍ക്കണോ ഇരിക്കണോ തുള്ളിച്ചാടണോ ഫുള്ളു വാങ്ങി അടിച്ച് വാ‍ളു വെക്കണോ ഏതാ ആദ്യം ചെയ്യേണ്ടതെന്നു പിടികിട്ടിയില്ല. അവനു അപ്പോള്‍ തന്നെ ഒരു ഗുഡ്സ് ഓട്ടോ പിടിച്ച് രമചേച്ചിയുടെ വീട്ടിലെത്തി പുറത്ത് വരാന്തയില്‍ മാറ്റി ഇട്ടിരുന്ന സോഫകളെടുത്ത് താ‍ങ്ങിപ്പിടിച്ച് സതീശന്റെ കടയിലെത്തിച്ചു. അയ്യായിരം രൂപ ആവും എന്നു സതീശന്‍ പറഞ്ഞു. അതൊന്നും പ്രശ്നമല്ല രണ്ടു ദിവസം കൊണ്ട് റെഡിയാക്കി തരണമെന്നു പറഞ്ഞു. സതീശന്‍ സമ്മതിച്ചു.

പിന്നെയുള്ള രണ്ടു ദിവസം എങ്ങനെ കഴിച്ചു കൂട്ടി എന്നു പ്രശാന്തനു മാത്രമേ അറിയൂ. രണ്ടു ദിവസവും അവന്‍ കടയില്‍ തന്നെ കുത്തിയിരുന്ന് സതീശനെ കൊണ്ട് പണിയെടുപ്പിച്ചു. എന്നിട്ട് മൂന്നാം ദിവസം പലരില്‍ നിന്നായി കടം വാങ്ങിയ അയ്യായിരം രൂപയും എണ്ണിക്കൊടുത്ത് സന്ധ്യയോടെ സോഫകള്‍‌ ഒരു ഗുഡ്സില്‍ കയറ്റി രമച്ചേച്ചിയുടെ വീട്ടിലെത്തിച്ചു. “പ്രശാന്താ.. ഇരിക്കേ.. ഞാന്‍ കുളിക്കുവാ ഇപ്പം വരാട്ടോ..” എന്നു രമച്ചേച്ചി അകത്തു നിന്നും വിളിച്ചു പറഞ്ഞു. അവനും ഗുഡ്സിന്റെ ഡ്രൈവറും കൂടി സോഫകള്‍ അകത്തേക്ക് പിടിച്ചിട്ടു. കാശു കൊടുത്ത് അയാളെ പറഞ്ഞു വിട്ട ശേഷം പ്രശാന്തന്‍ അകത്ത് പോയി സോഫയിലിരുന്നു. മക്കളെ കാണുന്നില്ല. മുകളിലത്തെ നിലയില്‍ പഠിക്കുകയായിരിക്കും.

ഒടുവില്‍ കുളി കഴിഞ്ഞ് തലയില്‍ ഒരു വെള്ള തുണിയും ചുറ്റി, ചിരിച്ചു കൊണ്ട് രമേച്ചി കടന്നു വന്നു.

“പ്രശാന്താ, കുറേ സമയായി ഇല്ലേ..”
“ഏയ്.. സാരമില്ല..” അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എത്രയാ പൈസ..??”
“അതു കുഴപ്പമില്ല.. ഞാന്‍ കൊടുത്തിന്…”
“അയ്യോ.. അതു വേണ്ട.. എത്രയാണെന്നു പറ.. ”
“അല്ല, ചേച്ചി തന്നാ മതി…” പല വിധത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഇനിയും നടക്കേണ്ടതിനാല്‍ ഇക്കാര്യത്തില്‍ നിര്‍ബ്ബന്ധം പിടിക്കേണ്ടെന്ന് അവന്‍ കരുതി.

രമേച്ചി അകത്തു പോയി ആയിരം രൂപ എടുത്ത് പ്രശാന്തന് കൊടുത്തിട്ട് പറഞ്ഞു.

“പ്രശാന്തന്റെ ചങ്ങാതി ആയത് കൊണ്ട് അധികമൊന്നും പൈസ ആയിട്ടുണ്ടാവില്ല അല്ലേ…?”
അത് കണ്ട് പ്രശാന്തന്റെ ചങ്കു പിടച്ചു. നാലായിരം പോയത് തന്നെ എന്നവന്‍ ഉറപ്പിച്ചു. എങ്കിലും സത്യം പറഞ്ഞാല്‍ അവര്‍ക്ക് എന്നോടുള്ള ഇഷ്ടം കുറയുമോ, ഉദ്ദേശലക്ഷ്യങ്ങള്‍ നടക്കാതെ പോകുമോ എന്നവന്‍ ഭയന്നു. അതു കൊണ്ട് ഇത്രമതി എന്നു അവന്‍ പറഞ്ഞു.

പിന്നീട്, “എന്തൊക്കെയുണ്ട് വിശേഷങ്ങള്‍…?” എന്നു ചോദിച്ച് രമേച്ചി അവന്റെ തൊട്ടടുത്ത സീറ്റില്‍ വന്ന് ഇരുന്നു. ഏതോ സോപ്പിന്റെ സുഗന്ധം അവനിലേക്കൊഴുകി. നനഞ്ഞൊട്ടിയ മാക്സിക്കിടയിലൂടെ കാണുന്ന അവരുടെ ശരീരസുഭഗത പ്രശാന്തനില്‍ ആസക്തിയുളവാക്കി.

അവന്‍ ധൈര്യം സംഭരിച്ച് പതുക്കെ കൈ എടുത്ത് രമേച്ചിയുടെ തുടയുടെ മേലെ വെച്ചു.

രമേച്ചി അവന്റെ കൈ പിടിച്ചു തിരികെ വെച്ചുകൊണ്ടു പറഞ്ഞു.

“പ്രശാന്താ.. അദവിടെ വെച്ചേക്ക്...”

അനന്തരം നാലായിരം രൂപ എങ്ങനെയുണ്ടാക്കാമെന്നു ചിന്തിച്ച് വിഷമിച്ച് പ്രശാന്തന്‍ തലയും കുനിച്ച് പുറത്തേക്കിറങ്ങി.