Wednesday, February 29, 2012

ശാന്തേച്ചി പതിവ്രതയായിരുന്നു !
രണ്ടാമത്തെ കൊച്ച് ചിന്നുമോളുടെ ഹാപ്പി ബേത്ത്‌ മുതലാണ് മാധവേട്ടന് ഭാര്യ ശാന്തേച്ചിയുടെ 916 കാരറ്റ് പ്യൂരിറ്റിയെപ്പറ്റി ഡൌട്ട് തോന്നിത്തുടങ്ങിയത്.

ശാന്തേച്ചിയുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടാൽ ജൈവവളം മാത്രം ചേർത്ത നാടൻ നേന്ത്രവാഴക്കുല പോലെയും മാധവേട്ടനെ വയൽക്കരയിലെ തെങ്ങും പോലെയുണ്ടാകും.  അത്രക്ക് നല്ല മാച്ചായത് കൊണ്ട് എല്ലാ ആണുങ്ങളേയും പോലെ ഭാര്യയുടെ സൌന്ദര്യത്തിൽ അഭിമാനിയും മറ്റുള്ളവർ അത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ 24 അവർ അലർട്ടുമായിരുന്നെങ്കിലും സെക്കന്റ് ഡെലിവറി വരെ ശാന്തേച്ചിയുടെ പാതിവ്രത്യത്തിൽ  യാതൊരു ഡൌട്ടും ഉണ്ടായിരുന്നില്ല. 
 
ബേസിക്കലി പിതൃത്വ സംബന്ധമായ എല്ലാ സംശയങ്ങളും തുടങ്ങുന്നത് വർണ്ണവിവേചനം സംബന്ധിച്ചായിരിക്കുമല്ലോ.  മാധവേട്ടൻ ടാറിൻ കറുപ്പും ശാന്തേച്ചി എള്ളിൻ കറുപ്പും മകൻ വിഷ്ണു അവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ്റ്റാറ്റുമാണെങ്കിൽ ചിന്നുമോൾ മേഘക്കൂട്ടത്തിന്നിടയിലെ പൂർണ്ണ ചന്ദ്രിക പോലെയും.  ആ കളർ ചേഞ്ചിൽ മാധവേട്ടൻ ഡൌട്ട് അറ്റ് ഫസ്റ്റ് സൈറ്റ് ആയിപ്പോയി.  പിന്നങ്ങോട്ട് മോൾ വളരുന്നതനുസരിച്ച് കണ്ണ്, മൂക്ക്, പുരികം, ചെവി, മുടി, കൈ, കാൽ, നഖം ഇതൊക്കെ ഒത്ത് നോക്കി തന്നെപ്പോലെയല്ലെന്ന് പിറുപിറുക്കാൻ തുടങ്ങി.  ഓരോ ദിവസവും കുറ്റപ്പെടുത്തലും വഴക്കും വാക്കുതർക്കവും ഏറ്റുപിടിയുമായി ജകപൊക.  മാധവേട്ടന്റെ സ്നേഹം മുഴുവൻ പിന്നെ വിഷ്ണുവിനോടായിരുന്നു.  മോളെ എടുക്കില്ല, കരയുന്നുണ്ടെങ്കിൽ തിരിഞ്ഞ് നോക്കില്ല, മിഠായി വാങ്ങിക്കൊടുക്കില്ല, അസുഖം വന്നാൽ ഡോൿടറെ പോലും കാണിക്കില്ല. 
 
ആയിടക്ക് ശാന്തേച്ചിയുടെ ഗൾഫിലുള്ള അനിയൻ പെങ്ങളെ ഇടക്ക് വിളിച്ചോണ്ടിരിക്കാൻ എന്നും പറഞ്ഞ് ഒരു മൊബൈൽ ഫോണും കൊണ്ടു കൊടുത്തു.  അവനൊരു ആനപ്പൊട്ടനായിരിക്കണം,  ആരുടെയെങ്കിലും പെങ്ങളെ വിളിക്കുക എന്നല്ലാണ്ട് കോമൺ‌സെൻസുള്ളവൻ ഇന്നത്തെ കാലത്ത് സ്വന്തം പെങ്ങളെ വിളിച്ച് ടൈം വേസ്റ്റാക്കുമോ. ഏതായാലും മൊബൈൽ കൂടി ആയപ്പോൾ സംശയത്തിന്റെ കാര്യത്തിൽ മാധവേട്ടൻ സമ്പൂർണ്ണ സാക്ഷരനായി.  ഇന്നത്തെ കാലത്ത് സംശയ രോഗം ഉള്ളൊരാളുടെ ഭാര്യക്ക് മൊബൈൽ കിട്ടുകയെന്നത് വയറിളക്കമുള്ളവന് തുമ്മൽ പിടിപെട്ടത് പോലെയാണല്ലോ.
 
ശാന്തേച്ചിക്ക് കാൾ വന്നാ ഓടിപ്പോയി എടുക്കുക, മിസ്സ് കാൾ വന്നാ തിരിച്ച് വിളിച്ച് വിളിച്ചവന്റെ മാതാപിതാക്കളുടെ ക്ഷേമാന്വേഷണം നടത്തുക, ആഫീസിൽ നിന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ച് എൻ‌ഗേജാവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക, ഓരോ ദിവസവും കാൾ ഡീറ്റെയിൽ‌സ് നോക്കുക, സേവ് ചെയ്യാത്ത നമ്പർ ഉണ്ടെങ്കിൽ അതാരാ എന്തിനു വിളിച്ചു എന്ന് ചോദിക്കുക, തുടങ്ങി സർവ്വത്ര സംശയം.  അത് മൂത്ത് മൂത്ത് പിരിവുകാരനും, പാൽക്കാരനും, പത്രക്കാരനും, കേബിളുകാരനും, ഗ്യാസുകാരനും ആ വീട്ടിന്നടുത്തൂടെ പോലും പോകാൻ പറ്റാണ്ടായി.  മൂപ്പരുടെ ഭാഗ്യത്തിന് അവിടെ ഫേസ്ബുക്കോ, പ്ലസ്സോ, ബ്ലോഗോ, ഓർക്കൂട്ടോ ഉണ്ടായിരുന്നില്ല.  ഉണ്ടെങ്കിൽ പാവം കൺ‌ട്രോൾ കിട്ടാതെ തട്ടിപ്പോയേനേ.

ആസ് യൂഷ്വൽ എല്ലാ ഭാര്യമാരെയും പോലെ മാധവേട്ടൻ പറയുന്നതിനു കൌണ്ടർ പറഞ്ഞ് അടി കൂടുമെങ്കിലും കുറേ നാൾ കഴിയുമ്പോൾ ഇതൊരു കോൾഡ് വാർ ആയി കെട്ടടങ്ങുമെന്ന് കരുതി ശാന്തേച്ചി സമാധാനിച്ചെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ ഒരിഞ്ച് പോയിറ്റ്, അരയിഞ്ച് പോലും കുറഞ്ഞില്ല.  ക്ഷമിക്കുന്നതിന്റെ ബൌണ്ടറി റോപ്പും പരസ്യപ്പലകയും കഴിഞ്ഞപ്പോൾ ശാന്തേച്ചി അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ട് സംഭവ വികാസങ്ങൾ അറിയിക്കുകയും ഈ പ്രശ്നത്തിൽ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ ഇടപെടേണ്ടി വരില്ലെന്ന് പറഞ്ഞു.  അതോടെ കുടുംബത്തിനകത്തെ പ്രശ്നങ്ങൾ നീ നാട്ടിലറിയിച്ച് നാണക്കേടാക്കിയില്ലേ എന്ന് പറഞ്ഞ് അഭിമാൻ മാധവേട്ടൻ ശാന്തേച്ചിയെ എടുത്തിട്ട് പെരുമാറി.  അവർ വലിയവായിൽ നിലവിളിച്ചു കൊണ്ട് ചിന്നുമോളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ഓട്ടോ പിടിച്ചു (ബജാജ്, പെട്രോൾ).  വിഷ്ണുവിനെ കൂട്ടാൻ ആവത് ശ്രമിച്ചെങ്കിലും മാധവേട്ടൻ സമ്മതിച്ചില്ല.

കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ ശാന്തമ്മച്ചേച്ചിയുടെ ദുരവസ്ഥ ആഭ്യന്തര പ്രശ്നമെന്നതിൽ നിന്നും ഒരു അന്താരാഷ്ട്ര വിഷയമായി മാറിയെന്ന് മനസ്സിലാക്കിയ അവരുടെ അച്ഛൻ ബന്ധുക്കളെ വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു.  മധ്യസ്ഥത്തിന് വന്നവരോട് മാധവേട്ടൻ ഒന്നേ പറഞ്ഞുള്ളൂ.  മകനെ എനിക്കു വേണം, അവളുടെ മോളെ എനിക്ക് വേണ്ട, ബന്ധം പിരിയാനല്ല ഒടിയാനും തയ്യാറാണ്, ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ടാ ഞാൻ ഡൈവോഴ്സ് കേസ് കൊടുക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് ഇടനിലക്കാരെ അപമാനിച്ച് മടക്കി. 
 
അവർ ഇറങ്ങിയ ഉടനെ മാധവേട്ടൻ തന്റെ പഴയ ക്ലാസ്സ്‌മേറ്റായ സദാനന്ദൻ വക്കീലിന്റെയടുത്ത് പോയി ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാൻ പറഞ്ഞു.  അണ്ടിയാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കമുണ്ടായാൽ പോലും അതിന്റെ വക്കാലത്ത് എടുത്ത് ഫീസ് കൃത്യമായി സംഘടിപ്പിക്കുന്നയാളായിരുന്നു പ്രസ്തുത വക്കീൽ.  എല്ലാ തോറ്റമ്പി വക്കീലന്മാരെയും പോലെ അയാളും കേസു ജയിക്കും എന്നതിനു 101% ഗാരന്റി പറയുകയും ഒപ്പം താൻ മുമ്പ് വാദിച്ച കേസുകളുടെ റഫറന്‍സ് നിരത്തുകയും ചെയ്തു.  ഒരു കുടുംബം തകർന്നാലെന്താ തന്റെ കുടുംബം രക്ഷപ്പെടുമെന്ന പോളിസിക്കാരനായ അങ്ങേർ കോം‌പ്രമൈസാക്കാൻ പോലും നോക്കാതെ നോട്ടീസ് റെഡിയാക്കി.   ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലല്ലേ ഈ കേസ് കൊടുക്കേണ്ടതെന്നൊരു ഡൌട്ട് മാധവേട്ടന്റെ മനസ്സിൽ ഉദിച്ചപ്പോൾ തലയിണക്ക് പകരം വെക്കുന്ന മരക്കുട്ട പോലത്തെ പുസ്തകം മറിച്ച് നോക്കി സദാനന്ദൻ വക്കീൽ അല്ലെന്ന് കൺ‌‌ഫേം ചെയ്തു. 
     
അപ്രകാരത്തിങ്കൽ, തന്റെ ഭാര്യയായ ശാന്തയെന്ന ഫെമിനയുടെ സ്വഭാവം തീരെ ശരിയല്ലെന്നും റൂട്ട് മാറിയ വാക്കിങ്ങുകാരിയാണെന്നും അവർക്ക് ഹൃദയവും ടൈമും പാസ്സ് ചെയ്യാൻ വേറാരോ ഉണ്ടെന്നും ഞാൻ അവളുടേതെന്നും അവൾ എന്റേത് കൂടിയെന്നും പറയുന്ന മക്കൾ രണ്ടും യഥാർത്ഥത്തിൽ എന്റേതല്ലെന്നും മറ്റാരുടേതോ ആണെന്നും ആ രക്തത്തിൽ എനിക്ക് പങ്കില്ലെന്നും തെളിയിക്കാൻ ഒരു ഡി.എൻ.എ.ടെസ്റ്റ് നടത്തി വിവാഹമോചനം തരണമെന്നും കോടതിയിൽ ഹരജി നൽകി.  ജീവനാംശം കൊടുക്കാതിരിക്കാനും ഭാവിയിൽ അലിഗേഷൻസ് ഇല്ലാതിരിക്കാനും വിഷ്ണുവിന്റെ പരിശോധന കൂടി നടത്തണമെന്ന അപേക്ഷ സദാനന്ദൻ വക്കീൽ സ്‌പെഷ്യലായി ഉൾപ്പെടുത്തി. മൂപ്പർക്ക് കാഞ്ഞ ബുദ്ധിയാണല്ലോ.   നോട്ടീസ് കിട്ടിയപ്പോൾ, അത്രക്ക് സംശയമുള്ളവനാണെങ്കിൽ പോട്ടെ, എന്റെ മോൾക്ക് ഒരു സർട്ടിഫിക്കറ്റിന്റെ ഉറപ്പിൽ അങ്ങനെ ഒരു ബന്ധം വേണ്ടേ വേണ്ട എന്ന് ശാന്തമ്മേച്ചിയുടെ അച്ഛൻ കട്ട് ആന്റ് ഡ്രൈ ആയി പറഞ്ഞെങ്കിലും ഏതൊരു മഹിളാമണിക്കും മൂല്യവത്തായ മണിയായ പാതിവ്രത്യത്തിനെ ചൊല്ലിയുള്ള അപമാനം ശാന്തേച്ചിക്ക് സഹിക്കാനായില്ല.  അവർ എഴുന്നേറ്റ് നിന്ന് ചിന്നുമോളുടെ തലയിൽ വിരലുകളോടിച്ച് പറഞ്ഞു. “അച്ഛാ, അഗ്നിശുദ്ധി തെളിയിച്ച സീതാദേവിയെപ്പോലെ അയാളുടെ മുന്നിൽ ഞാൻ എന്റെ പാതിവ്രത്യം തെളിയിക്കും.. അച്ഛൻ അതിന് സമ്മതിക്കണം..”  ആ ഡയലോഗ് കലാമണ്ഡലം വനജേടത്തിയുടെ നൃത്ത സംഗീത നാടകത്തിലായിരുന്നെങ്കിൽ  അവരുടെ തലയിൽ അപ്പോൾ അന്തരീക്ഷത്തിൽ നിന്നും ഫ്ലവേഴ്സ് വീഴേണ്ടതായിരുന്നു.  പകരം തട്ടിൻ പുറത്ത് നിന്നും കുറച്ച് ഇല്ല്‌ട്ടക്കരി വീണു.  കാലത്തിനൊത്ത മാറ്റം, അല്ലാണ്ട് ആ സീനിന് ബോറുകേടൊന്നുമില്ലായിരുന്നു.

ശാന്തേച്ചി ഡി.എൻ.എ.ടെസ്റ്റിന് സമ്മതപത്രം നൽകിയതും കാര്യങ്ങൾ പിന്നെ പതിവ് ഇന്ത്യൻ കോടതി ശൈലിയിൽ കേസ്, ഹീയറിങ്ങ്, കൌൺസലിങ്ങ് അങ്ങനെ മുറക്ക് നടന്നു.  കോടതിയിലും ഹൈദരാബാദിൽ ടെസ്റ്റിന് പോയപ്പോഴുമായി പലതവണ കണ്ടുമുട്ടിയെങ്കിലും ഒരക്ഷരം കക്ഷികൾ തമ്മിൽ മിണ്ടിയില്ല.  വിഷ്ണുവിനാണെങ്കിൽ പാർട്ടി പിളരുമ്പോൾ ഭരണ കക്ഷിക്കൊപ്പം നിൽക്കുന്ന എം.എൽ.എ.യെ പോലെ നല്ല കോളായിരുന്നു.  മാധവേട്ടൻ അവന്റെ മുഖ്യതാൽ‌പ്പര്യങ്ങളായ പഠിക്കാതിരിക്കൽ സിനിമ കണ്ടുകൊണ്ടിരിക്കൽ ഏഴ് അപ്പ്, ഐസ്ക്രീം, ബിരിയാണി എന്നീ വസ്തുവകകൾ കഴിച്ചു കൊണ്ടിരിക്കൽ എന്നിവ സന്തോഷപൂർവ്വം ചെയ്തു.  അവനെ എന്നും പുറത്ത് കൊണ്ട് പോകും, മാറുന്ന മാറുന്ന സിനിമ കാണിക്കും, പുതിയ കുപ്പായം, കളിപ്പാട്ടം, സൈക്കിൾ എന്ന് വേണ്ട പറയുന്നതെന്തും വാങ്ങിക്കൊടുത്ത് പുന്നാരിച്ച് കൊണ്ട് നടന്നു.  കൊടുത്തില്ലെങ്കിൽ അവൻ അമ്മേ കാണണേന്നും പറഞ്ഞ് കരയും.  അങ്ങനെ തിരികെ കൊണ്ടാക്കേണ്ടി വന്നാപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ.  അത് കൊണ്ട് ചെക്കൻ പറഞ്ഞതെല്ലാം അനുസരിച്ചു.  എല്ലാം കൂടി എൿസ്ട്രാക്റ്റ് ഫയലാക്കി പറഞ്ഞാൽ ലീഗിന്റെ അഞ്ചാം‌മന്ത്രി ട്യൂണിനനുസരിച്ച് പാടുന്ന സീയെമ്മിനെ പോലെയായി മാധവേട്ടൻ.

ടെസ്റ്റിന്റെ വിധി വരുന്ന ദിവസം കോടതിയിലേക്ക് പോകാൻ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു.   സ്ഥിരമായി ടി.വിയിലെ ന്യൂസവർ പൈങ്കിളി ചര്‍ച്ചകൾ പരസ്യമടക്കം കാണുന്നതിനാൽ കേസ് ജയിച്ചാൽ എന്തു പറയണം എന്നൊക്കെ പ്രിപ്പയേഡായിരുന്നു.  വിധി എതിരായിരുന്നാൽ സ്വന്തം വീട്ടിലും നാട്ടിലും അപമാനിതയാകുമല്ലോ എന്നോർത്ത് ടെൻഷനടിച്ച് നിക്കുകയായിരുന്നു ശാന്തേച്ചി.  ഈ കേസും കൂടി തോറ്റാൽ അരി വാങ്ങാൻ വക്കീൽ പണി വിട്ട് വല്ല പൂഴിവണ്ടിക്കും എസ്‌കോർട്ട് പോകേണ്ടി വരുമെന്നായിരുന്നു സദാനന്ദൻ വക്കീലിന്റെ മനസ്സിൽ.  അമ്മാതിരി കരിയർ റെക്കോർ‌ഡായിരുന്നു ചങ്ങാതിക്ക്.  ഇതിലൊന്നും പ്രത്യേകിച്ച് യാതോരു കാര്യവുമില്ലെങ്കിലും ഡി.എൻ.എ. ടെസ്റ്റായത് കൊണ്ട് ഇക്കിളി കഥകൾ എന്തെങ്കിലും ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് കണ്ടമാനം മലയാളികളും തടിച്ചു കൂടി.  ടെസ്റ്റിൽ അച്ഛൻ വേറെയാളാണെന്നെങ്ങാനും വിധിച്ചാൽ അത് ആരായിരിക്കും, എപ്പോഴായിരിക്കും, എങ്ങനെ ആയിരിക്കും, എത്ര വട്ടം ആയിരിക്കും, എവിടെ വെച്ചായിരിക്കും, ശോ.. അദ് എന്തൊരു ഇദ് ആയിരിക്കും..! എന്നൊക്കെ ആലോചിച്ച് നീർവാണമടിക്കാനായ് അവരൊക്കെ കാത്തു നിന്നു.

സ്തുത്യർഹ സേവനത്തിന് അംഗീകാരപ്പൂച്ചെണ്ടുകൾ പ്രതീക്ഷിച്ച് സദാനന്ദൻ വക്കീൽ..! 
വഞ്ചിക്കപ്പെടുന്ന ആണുങ്ങളുടെ മാനം കാക്കാൻ പോരാടുന്ന മാധവേട്ടൻ...!! 
പാതിവ്രത്യത്തിനു നേരെയുള്ള ഭർത്താവെന്ന സാമ്രാജ്യത്വ അധിനിവേശ കൊടുങ്കാറ്റിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാലാമുഖിയായ് ശാന്തേച്ചി.!!!

എല്ലാവരും എന്തായിരിക്കും വരാൻ പോകുന്നതെന്നോർത്ത് വെള്ളം പോലും ഇറക്കാതെ, സ്വരം വ്യഞ്ജനം ചില്ല് തുടങ്ങി ഒരക്ഷരം പോലും മിണ്ടാതെ, ഹാർട്ട് മെഷീന്റെ വർക്കിങ്ങ് സൌണ്ട് മാത്രം കേൾപ്പിച്ച് വിറയലോടെ നിന്നു.  അപ്പോൾ മജിസ്‌ട്രേറ്റ് വന്നു. ഗൾഫുകാരൻ പെട്ടി തുറക്കുന്നിടത്ത് ബന്ധുക്കൾ കൂടി നിൽക്കുന്നത് പോലെ ആളുകളൊക്കെ മുറിക്ക് ചുറ്റും പൊതിഞ്ഞു.  ഒരില പോയിറ്റ് തൂവൽ പോലും വീണാൽ കേൾക്കാവുന്നത്ര നിശബ്ദമായി.  സീൽ ചെയ്ത കവർ പൊട്ടിച്ച് മജിസ്‌ട്രേറ്റ് ടെസ്റ്റ് റിസൾറ്റ് വായിച്ചു. ഇന്ത്യ ലോകകപ്പിൽ ബ്രസീലിനെ ആറു ഗോളിനു തോൽ‌പ്പിച്ചെന്നത് പോലെ ആരും പ്രതീക്ഷിക്കാത്ത റിസൾറ്റായിരുന്നു അത്.

ലേറ്റസ്റ്റ് എഡിഷൻ ചിന്നുമോൾ മാധവേട്ടന്റെ മകൾ തന്നെ!!  അത് കേട്ട്  പൊന്നു പോലത്തെ ഭാര്യയെ വെറുതെ ഇത്രകാലം സംശയിച്ചല്ലോ എന്ന വിഷമത്തിൽ നല്ല ചമ്മലോടെ മാ‍ധവേട്ടൻ ശാന്തേച്ചിയെ നോക്കി.  അവരാണെങ്കിൽ അന്തരാത്മാവിൽ ആവിർഭവിച്ച ആനന്ദബിന്ദുക്കളുടെ ആന്ദോളനവും ഹൃദയത്തിലുണ്ടായ  അഭിമാന ദുന്ദുഭിയും ആരെയും കാട്ടാതെ പുതുതായി ഒന്നുമുണ്ടായില്ലെന്ന മട്ടിൽ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു.  സദാനന്ദൻ വക്കീൽ ഒരു കുടുംബം പിരിക്കാൻ പറ്റാത്ത നിരാശയിൽ ഇനിയുള്ള കാലം പൂഴിവണ്ടിക്ക് എസ്‌കോർട്ട് പോയി ജീവിക്കാമെന്ന് ഉറപ്പിച്ചു. നിലം കുഴിച്ച് താഴേക്ക് പോകാൻ ഒരു മെഷീൻ കൊണ്ടരായിരുന്നു എന്ന് മാധവേട്ടന്  തോന്നി.  എല്ലാ കണ്ണുകളും റിപ്പബ്ലിക് ഡേ പരേഡിനു ഗവർണറെ നോക്കുന്ന പട്ടാളക്കാരെ പോലെ ശാന്തേച്ചിയിലേക്ക് നീളുമ്പോൾ മജിസ്‌ട്രേറ്റ് അടുത്ത റിസൾറ്റ് വായിച്ചു.  

ഫസ്റ്റ് എഡീഷൻ വിഷ്ണുവിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് മാധവേട്ടനല്ല!!!

അത് കേട്ട് മാധവേട്ടൻ ചാനലുകാരുടെ ഓ.ബി.വാനിന്റെ ആന്റിന പോലെ തല ഉയർത്തി വായ പൊളിച്ച് ശാന്തേച്ചിയെ നോക്കി സ്റ്റക്കായി നിന്നു...  മനസ്സിന്റെ കോടതിയിൽ ഇനി എടുക്കില്ലെന്നു പറഞ്ഞ് മടക്കിയ പഴയൊരു കേസ് വീണ്ടും പൊന്തി വന്നതറിഞ്ഞ് ശാന്തേച്ചിയുടെ ഹാർട്ടിന്റെ മെയിൻ സെക്ഷനും അതേ സമയം സ്റ്റക്കായി...

വിധി കേൾക്കാൻ വന്നഏതോ നാട്ടുകാരൻ പതുക്കെ പറഞ്ഞു. “ശാന്തേച്ചി പതിവ്രതയായിരുന്നു.. പാതി  വ്രത!!!“

Tuesday, February 21, 2012

ഉച്ചാര


കൂർത്ത നഖങ്ങൾ മറച്ച് പിടിച്ച്, ചോരക്കണ്ണുകൾ തുറിച്ച് കാട്ടാതെ, നിശബ്ദനായി, ക്രൂരമായൊരു ലക്ഷ്യം മനസ്സിലിട്ട് കാറ്റ് ശ്രീക്കുട്ടിയുടെ ബസ്സിറങ്ങിയത് മുതൽ കൂടെ തന്നെയുണ്ടായിരുന്നു.  എവിടെയും ഏത് സമയത്തും കാണാമെന്നതും ഇപ്പോ കണ്ടിടത്ത് പിന്നെ കാണാണ്ടാവുമെന്നതും കൊണ്ടായിരിക്കും അയാൾക്ക് കാറ്റ് എന്ന പേരു പതിഞ്ഞത്.  ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടന്നപ്പോൾ കാറ്റും അവളുടെ പിറകെ പോകാൻ തുനിഞ്ഞു.  വഴിയിലൂടെ കുറച്ചാളുകൾ വരുന്നത് കടപ്പോൾ കാറ്റ് വഴി തിരിഞ്ഞ് പോയി.

അടക്കിപ്പിടിച്ച വിതുമ്പലുമായി, ഒരു ചെറു മുനയാൽ പൊട്ടിച്ചിതറാവുന്ന സങ്കടവുമായി ശ്രീക്കുട്ടി വീട്ടിലേക്കോടി കയറി. വെയിൽ കൊണ്ട് മുഖം കരുവാളിച്ചിരുന്നു, മിഴിയിതളുകളിൽ തോരാമഴക്കൂട്ടം.  യാത്രാക്ഷീണം കൊണ്ട് തളർന്നിരുന്നു.  വന്നയുടനെ പുസ്തകക്കെട്ട് എവിടെയോ വലിച്ചെറിഞ്ഞ് ബാത്‌റൂമിലേക്കോടി.

“മോളെന്താ ഇന്ന് നേരത്തേ വന്നേ..?” കട്ടിലിൽ അനങ്ങാനാവാതെ കിടക്കുന്ന വൃദ്ധ ഒച്ചപ്പാട് കേട്ട് വിളിച്ചു ചോദിച്ചു.  മരുന്നിന്റെയും തൈലത്തിന്റെയും അസഹ്യമായ ദുർഗന്ധം അവർക്ക് ചുറ്റും നിറഞ്ഞിരുന്നു. യൂനിഫോം മാറ്റാതെ വൃദ്ധയുടെ അടുത്ത് ഒരു സ്റ്റൂളിൽ ഇരുന്ന് ശ്രീദേവി മുറിയിലെ ദുർഗന്ധം പോലത്തെ മൌനത്തെ മറികടന്ന് കട്ടിലിലെ അർദ്ധപ്രാണനോട് മിണ്ടിത്തുടങ്ങി.

സ്കൂൾ ബാത്‌റൂമിൽ വെച്ചാണ് നടുങ്ങി ഞെട്ടിവിറച്ചു കൊണ്ട് അവൾ ആ തീച്ചൂളയിലേക്ക് എറിയപ്പെട്ടത്.  സഹപാഠികളാൽ ടീച്ചറുടെ അടുത്തേക്ക് കുറ്റവാളിയെപ്പോലെ ആനയിക്കപ്പെടുമ്പോൾ ഭയത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടെന്ന് അവളറിയുകയായിരുന്നു.  തീരെ പ്രതീക്ഷിക്കാത്ത സമയത്ത് ഒട്ടും അറിയാതിരുന്ന കാര്യങ്ങളിൽ എറിയപ്പെടേണ്ടി വന്നതിന്റെ അസ്വസ്ഥതകൾ കുറച്ചായിരുന്നില്ല.  കൂട്ടുകാരികളുടെ കളിയാക്കലുകൾ വലിയ പാപമെന്തോ സംഭവിച്ചെന്ന് തോന്നിപ്പിച്ചു.  കുറച്ച് സാന്ത്വന വാക്കുകളുമായി ടീച്ചർ അവളെ വീട്ടിലേക്കയച്ചു.

മെലിഞ്ഞ് വിറകു കൊള്ളി പോലത്തെ കൈ കൊണ്ട് ശ്രീദേവിയുടെ കൈയ്യിൽ വിരലോടിച്ച് ചീയ്യേയിയമ്മ ചെറുമകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“ഈ കുട്ടിക്കെന്തെങ്കിലും പറഞ്ഞ് കൊടുക്കാൻ ഈട ആരുല്ലല്ലാ എന്റെ മുത്തപ്പാ..”  ശയ്യാവലംബിയായ ആ വൃദ്ധ നിറഞ്ഞകണ്ഠങ്ങളോടും കണ്ണുനീർ പൊഴിച്ചു കൊണ്ടും പതം‌പൊറുക്കി കരയാൻ തുടങ്ങി.  അവളുടെ കണ്ണുകളും അതിനോട് ചേർന്നു.

“നിന്റെയമ്മ വരട്ടെ, മോള് പേടിക്കണ്ട, കരയല്ല മോളേ.. മോള് ബെല്യ പെണ്ണായി.. അതോണ്ടാ അങ്ങനെ ഇണ്ടായേ..”

ആവശ്യമില്ലാത്തൊരു നീരുറവയുടെ ഒഴുക്ക് ഉള്ളിലൂടറിഞ്ഞ് അവൾ അസ്വസ്ഥയായി. ആരോടെങ്കിലും പറയാതെ വയ്യെന്ന അവസ്ഥയിൽ ഒറ്റപ്പെടലിന്റെ വേദനയും അറിയുകയായിരുന്നു. അമ്മ ടൈം ടേബിളനുസരിച്ച് മണി അടിക്കുന്നൊരു അലാറമാണ്. ടിഫിൻ കഴിച്ചോ, കുളിച്ചോ, ട്യൂഷനു പോയില്ലേ എന്നൊക്കെ സമയാസമയത്ത് ഓർമ്മിപ്പിക്കാനുള്ള വസ്തു.  അമ്മ വന്നിട്ടെന്തു പറണം എന്നുമവൾക്കറിയില്ല.

വൈകുന്നേരമായപ്പോൾ അമ്മ ആഫീസ് വിട്ട് വന്നു. അടക്കിപ്പിടിച്ചൊരു വിതുമ്പലിന്റെ തള്ളലിൽ  അവൾ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.  ചീയ്യേയിയമ്മ അവിടെ കിടന്ന് ഓരോന്ന് പറയാൻ തുടങ്ങി.  അവരതൊന്നും ശ്രദ്ധിക്കാതെ മുറിയിൽ കയറി ഡ്രെസ്സ് മാറ്റിയ ശേഷം ശ്രീക്കുട്ടിയെ വിളിച്ച് ബാഗിൽ നിന്നുമൊരു നാപ്‌കിൻ പാഡ് എടുത്ത് അവൾക്ക് കൊടുത്തു.  “സ്കൂളിലെ കൌൺസലിങ്ങ് ടീച്ചർ പറഞ്ഞ് തന്നിട്ടില്ലേ.. അത് പോലെ ചെയ്താ മതി..”  ശേഷം കിച്ചനിലേക്ക് പോയി മൊബൈലെടുത്ത് നൈറ്റിക്കുള്ളിൽ വെച്ച് ഇയർ ഫോണെടുത്ത് ചെവിയിൽ കടത്തി സംസാരിച്ചു കൊണ്ട് ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി.  അമ്മ വേറൊരു ആളാകുന്നതും സംഭാഷണങ്ങളിൽ പൂത്തുലയുന്നതും ഫോൺ വിളികൾ നടക്കുന്ന നേരങ്ങളിൽ മാത്രമാണ്.  അടുത്ത കാലത്തായി അത് മാത്രമാണ് അമ്മയുടെ ജീവിതം.  അവർ ചെയ്യുന്നതും നോക്കി തികച്ചും യാന്ത്രികമായിരിക്കുമ്പോൾ താൻ വലുതാവേണ്ടിയിരുന്നില്ലെന്നു മാത്രം അവൾ ഓർത്തു.  ചിയ്യേയിയമ്മ മാത്രം ആ ദിവത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടു.  ഇതിങ്ങനെയൊന്നുമല്ല വേണ്ടിയിരുന്നതെന്ന് പരാതിപറഞ്ഞു, ആരും കേൾക്കാനില്ലാത്ത അവരുടെ വിലാപങ്ങൾ ചുമരുകൾ ഏറ്റെടുത്തു.  തണുപ്പുള്ള ആ രാത്രി പരിചയമില്ലാത്ത  ചില വികാരങ്ങൾ കൂടി ശ്രീക്കുട്ടി അറിയാൻ തുടങ്ങി.  എന്തിനോ ആഗ്രഹിക്കുന്ന മനസ്സ്. നിറമുള്ള ചില സ്വപ്നങ്ങൾ.. സപ്തവർണ്ണങ്ങളുള്ള പൂക്കളും അവാച്യമായ സുഗന്ധവും..

തൊട്ടടുത്ത ദിവസം പകൽ.  അന്ന് കാവിലെ തെയ്യമായിരുന്നു. കുരുത്തോലകളാൽ അലങ്കരിച്ച കാവും പരിസരവും ആളുകളെക്കൊണ്ടും വാണിഭചന്തകളെക്കൊണ്ടും നിറഞ്ഞിരുന്നു.  ദ്രുതതാളത്തിൽ വാളും ചിലമ്പുമായി തെയ്യം ഉറഞ്ഞാടി.  ശ്രീക്കുട്ടി മുറിയിൽ അച്ചമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു.

“ഇതെന്ത് തെയ്യാ അമ്മമ്മേ കാവിൽ ?”

“അദ് ഉച്ചാരത്തെയ്യാ.. പണ്ട് എന്റെയൊക്കെ ചെറുപ്പത്തില് രണ്ടാം വെള കയിഞ്ഞ് വയലും പറമ്പുമൊക്കെ മൂന്ന് ദെവസം കൈക്കോട്ടും മാച്ചിയും തൊടാണ്ട് നിക്കും
കൊത്തലും കെളക്കലും ഒന്നുല്ല.. അകോം മിറ്റോം വരെ മാച്ചി കൊണ്ട് തൊടീക്കൂല.. വെള്ളമെട്ത്ത് വെച്ച് കെരണ്ട് വരെ ഓലകൊണ്ട് മൂടി ബെക്കും.. കൈക്കോട്ടും ബായ്ക്കോട്ടും നേങ്ങോലുമെല്ലാം നെലം തൊടാണ്ട് വെക്കും.. മൂന്നാമത്തെ ദിവസം കാവിൽ തെയ്യം കെട്ടിക്കീഞ്ഞിറ്റേ പിന്നെ കൃഷിപ്പണി തുടങ്ങൂ.. അതൊക്കെ പണ്ടല്ലേ, ഇപ്പോ തെയ്യം മാത്രമുണ്ട് ബാക്കിയൊക്കെ പോയില്ലേ..”

കൂട്ടുകാരികളൊക്കെ കാവിൽ വളയും പൊട്ടും കൺ‌മഷിയുമൊക്കെ വാങ്ങി നടക്കുകയായിരിക്കും.  ഇനി എന്നത്തേയും പോലെ കാവിൽ പോകാൻ പറ്റില്ലല്ലോ.  ഭൂമീ ദേവിയെപ്പോലെ താനും ഇപ്പോൾ ഉച്ചാര ആയി.  സമയത്തിന്റെ കരുണ അനുസരിച്ചായിരിക്കും ഇനി എല്ലാ സന്തോഷങ്ങളും.  തെയ്യത്തിന്റെ അട്ടഹാസവും ചെണ്ടയുടെ കൊട്ടലും മുഴങ്ങിക്കൊണ്ടിരുന്നു.  ചീയ്യേയ്യിയമ്മ ഓരോന്ന് അങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.  കഥകൾ കേട്ട് അവൾ ഉറങ്ങിപ്പോയി.
മൂത്ത മരങ്ങൾ പോലും വാടിത്തളർന്നു പോയ ആ നട്ടുച്ച വെയിലിൽ ചുവന്നു തുടുത്തൊരു കണ്ണ് അവളിലൂടെ ഇഴയുന്നുണ്ടായിരുന്ന. ആരാരുമറിയാതെ...   


കാറ്റ് പരിസരം നോക്കി ആരുമില്ലെന്നുറപ്പ് വരുത്തി നിശബ്ദനായി വന്ന്  പതുക്കെ അവളെ കോരിയെടുത്ത് അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.  കറുത്ത് ബലിഷ്ഠവും പ്രാകൃതവുമായ ആ കൈകളിൽ കിടന്ന് പിടക്കാനോ ഒന്നു വിതുമ്പാനോ പോലുമാകാതെ അവൾ പിടഞ്ഞു.  അർദ്ധസുഷുപ്തിയിലായിരുന്ന ആ പിഞ്ചു ശരീരത്തിൽ അതിന്റെ ദൃംഷ്ടകളും നഖങ്ങളുമാഴ്ത്തി.   പേടിസ്വപ്നമാണോ സത്യമാണോ എന്നറിയാതെ സ്തംഭിച്ചു പോയ് അവളുടെ നെഞ്ചിടിപ്പ് പോലും അൽ‌പ്പ നേരം നിശ്ചലമായിരുന്നു.  പേടിയും ശാരീരിക വേദനകളും സഹിക്കാനാവാതെ അവൾ നിലവിളിക്കാനും കൈകാലിട്ടടിക്കാനും തൂടങ്ങി.  കള്ളും വിയർപ്പും കുളിക്കാത്തതിന്റെ ചൂരും എല്ലാം ചേർന്നൊരു വൃത്തികെട്ട മണം അയാൾക്കുണ്ടായിരുന്നു.  ഛർദ്ദിക്കാൻ തോന്നി വായ് തുറന്നപ്പോൾ പരുപരുത്ത കൈത്തലം കൊണ്ട് വായ് മൂടപ്പെട്ടു.  എത്രയോ ഇരട്ടി ഭാരക്കൂടുതൽ കൊണ്ട് എല്ലുകൾ നുറുങ്ങുന്നത് പോലെ.. വസ്ത്രങ്ങൾ പറിച്ചു കീറപ്പെട്ട് എല്ലാ പ്രതിരോധങ്ങളും ക്ഷയിച്ച്.. ബോധം നഷ്ടപ്പെട്ട്.. അവൾ നിശ്ചലമായി

എല്ലാം കണ്ട് അനങ്ങാൻ പറ്റാതെ കിടന്നിരുന്ന ചീയ്യേയിഅമ്മയുടെ ഭയാക്രാന്തമായ നിലവിളിയും നേർത്ത് നേർത്ത് നിലച്ചു.

അകലെ കാവിൽ ചെണ്ടമേളങ്ങൾ നിലച്ചു, ഉച്ചാര തെയ്യം ആട്ടമവസാനിപ്പിച്ചു, ഭക്തർക്ക് മഞ്ഞക്കുറി കൊടുത്ത്, ആളുകൾ ചന്തയിൽ നിന്നും മൺ‌കലവും വെള്ളരിക്കയുമൊക്കെ വാങ്ങി വീടുകളിലേക്ക് പോയി.

വിശപ്പടങ്ങിയ കാറ്റും തിരിച്ചു പോയി.