Sunday, June 20, 2010

ഷിവാസ് ഫ്രോഗല്‍

ഓര്‍ക്കുട്ടിലൂടെയാണ്‌ ഞാനും സൌദിയിലുള്ള ബിജു കൊട്ടിലയും പരിചയപ്പെട്ടത്. കാണാനൊരു പാവം പയ്യന്‍. പക്ഷേ, നെറ്റില്‍ കാണുന്നത് പോലെയല്ല നേരില്‍ കാണുന്നത്. അത് അനുഭവിച്ചപ്പോഴേ മനസ്സിലായുള്ളു. 'പൂര്‍വ്വാശ്രമത്തില്‍' അവനൊരു നാടക ഭ്രാന്തനായിരുന്നെത്രെ. എന്നും രാവിലെ എഴുന്നേറ്റയുടനെ കൊട്ടില അങ്ങാടിയിലിറങ്ങി നാടകം കളിക്കാമോ എന്ന്‌ ചോദിച്ച് ആളുകളുടെ പിറകെ നടക്കും. ഇതൊരു സ്ഥിരം ഏര്‍പ്പാടായപ്പോള്‍ നാട്ടുകാര്‍ ഇവനെ കണ്ടാല്‍ തന്നെ ഓടാന്‍ തുടങ്ങി. കൂടെ കളിക്കാന്‍ ആരെയും കിട്ടാഞ്ഞ് ബിജു ‘ഏകാംഗ’ നാടകം കളിക്കാന്‍ തുടങ്ങി. ഇനിയും ഇങ്ങനെ പോയാല്‍ കുതിരവട്ടത്ത് സ്ഥിരം സ്റ്റേജ് ആയിരിക്കുമെന്ന്‌ തോന്നിയ വീട്ടുകാര്‍ അറ്റകൈക്ക് ഗള്‍ഫിലേക്ക് കയറ്റി വിട്ടു.

നാട്ടില്‍ വന്നാല്‍ കാണണം കൂടണം എന്ന് ചാറ്റ് ചെയ്യുമ്പോള്‍ അവനെപ്പോഴും പറയാറുണ്ട്. കണ്ടില്ലെങ്കിലും കൂടിയാ മതി എന്നേ എനിക്കുള്ളു. നെറ്റില്‍ കാണുമ്പോള്‍ നാട്ടിലെത്തിയാല്‍ നമുക്ക് അത് ചെയ്യണം ഇത് ചെയ്യണം എന്നൊക്കെ എല്ലാരും പറയും. പക്ഷേ, നാട്ടില്‍ വന്ന് സാരിത്തുമ്പില്‍ എന്‍ഗേജ്ഡ് ആയാല്‍ പിന്നെ വിളിയും തെളിയും ഒന്നുമുണ്ടാവില്ല. അത് കൊണ്ട് അവന്റെ വര്‍ത്താനം ഞാനത്ര കാര്യമാക്കിയിരുന്നില്ല. എന്നാലും ‘കൂടണം’ എന്ന വാക്കിന്റെ മുന്നില്‍ മസില്‍ പിടിക്കാതിരിക്കുന്നതാണല്ലോ നല്ലത്. എപ്പോഴാ സ്റ്റൊമക്കിന്റെ ടൈം തെളിയുന്നതെന്ന് ആര്‍ക്കറിയാം. ഒരു എസ്റ്റാബ്ലിഷ്ഡ് ആയ കുടിയനല്ലെങ്കിലും മദ്യ ലോകത്തിനൊരു വാഗ്ദാനമായിരുന്നു ഞാന്‍. അതു കൊണ്ട് കൂടുമ്പോള്‍ ഗള്‍ഫ് നിലവാരം കീപ് ചെയ്യാന്‍ ഒരു ഷിവാസ് റീഗല്‍ കൊണ്ട് വരാന്‍ പറഞ്ഞു. പേരിലെ സ്ത്രൈണത കൊണ്ട് ഷിവാസ് റീഗൽ എനിക്കൊരു വീക്നെസ്സാണ്‌.

കല്യാണം കഴിക്കാത്തൊരു കന്യകനായത് കൊണ്ടായിരിക്കണം ബിജു നാട്ടില്‍ വന്നയുടനെ വിളിച്ചു. ഞായറാഴ്ച പെങ്ങളുടെ കല്യാണമാണെന്നും അതിന്‌ തീര്‍ച്ചയായും വരണമെന്നും അന്നു ഷീവാസ് റീഗല്‍ പൊട്ടിക്കാമെന്നും പറഞ്ഞു. കാലി കീശയും തപ്പി ഇന്നത്തെ കുപ്പം (കുപ്പി + അപ്പം) എങ്ങനെ സംഘടിപ്പിക്കുമെന്നോര്‍ത്ത് ടെന്‍ഷനടിച്ചിരിക്കുന്ന എനിക്കും സുഹൃത്ത് പപ്പനും മാര്‍ച്ച് മാസത്തിലെ മഴ പോലെയായിരുന്നു ആ വിളി. ഫിറ്റ് കരിയറില്‍ ഷിറി കഴിച്ചിട്ടില്ലെന്ന ഒരു ദോഷം ഇതോടെ തീരുമെന്ന് ഞാന്‍ കരുതി. ഏഴ് മണിക്ക് ചെല്ലാനാണ്‌ അവന്‍ പറഞ്ഞതെങ്കിലും ഞങ്ങള്‍ രണ്ടും അഞ്ച് മണിക്ക് തന്നെ സ്പോട്ടിലെത്തി. ഉസ്കൂള്‍ കുട്ടികള്‍ വരെ കഴിവ് തെളിയിക്കുന്ന കാലമാണ്‌. നമ്മളെങ്ങാനും ലേറ്റായത് കൊണ്ട് സാധനം കിട്ടാതെ പോകരുതല്ലോ. കുപ്പി മാടി മാടി വിളിക്കുമ്പോള്‍ പോകാന്‍ വൈകിയാല്‍ കുപ്പി കോപം കിട്ടും. അത് മദ്യപാനത്തിലെ എല്‍.ഐ.സി. പോളിസിയാണ്‌.

അഞ്ച് മണി മുതല്‍ കാത്ത് നിന്നിട്ടും അവന്റെ യാതോരു വിവരവുമില്ല. ആറര ആയപ്പോള്‍ ഉറുമ്പ് മുട്ടയും കൊണ്ട് വരുന്നത് പോലെ ഒരു ബൈക്ക് അവനെയും കൊണ്ട് വന്നു. പ്രൊഫൈലില്‍ കാണുന്നത്ര വൃത്തികേടൊന്നുമില്ലായിരുന്നു നേരില്‍ കാണാന്‍. ഒരു പ്രോബ്ലമുള്ളത് എന്താണെന്ന് വെച്ചാല്‍ ബൈക്കോടിക്കുമ്പോ കയറു കൊണ്ട് അവനെ ബൈക്കില്‍ കെട്ടി വെക്കുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ ചിലപ്പോള്‍ കാറ്റു പിടിച്ച് അറബിക്കടലില്‍ എത്തിപ്പോകും. അമ്മാതിരി ബോഡി ഷെയ്പ്പ്.

"നീ എവിടെയാ ഇഷ്ടാ ഇത്ര നേരവും..?" ഞാന്‍ ചോദിച്ചു.

"ഹോ.. ഒന്നും പറയണ്ടഡാ, ഞാന്‍ സിവിലില്‍ സാധനം വാങ്ങിക്കാന്‍ പോയതാ.. ആട മരണത്തിരക്ക്.. "

"അപ്പോ നീ ഷിറി കൊണ്ടു തരുമെന്ന് പറഞ്ഞിട്ട്.."

"നിനക്ക് കാറ്റുണ്ടോ? അതൊക്കെ വെറുതെ പറഞ്ഞതല്ലേ... നക്കി എന്നിറ്റല്ലേ പുട്ട് ചുടല്‍..? വേണേല്‍ ഇതും കുടിച്ചിട്ട് പോടാ.."

അപ്പോ അത് ശരി. സിവിലിലെ കൂതറ സാധനം കുടിക്കാനായിരുന്നല്ലേ ഇത്രയും ദൂരത്ത് നിന്നും വന്നത്..? മനസ്സില്‍ പൊട്ടിയത് ലഡുവല്ല, പാവമൊരു കന്യകയായ ഷിവാസ് റീഗലിന്റെ ബോട്ടിലായിരുന്നു. ഗള്‍ഫിനെപറ്റി പറയാറുണ്ടല്ലോ, പണ്ടത്തെ ഗള്‍ഫൊന്നുമല്ല ഇപ്പോള്‍ എന്ന്‌. പണ്ടത്തെ ഗള്‍ഫുകാരുമല്ല ഇപ്പോള്‍. അതാ ശരി.

അതാണെങ്കില്‍ അത്. ഇത്രയുമായ സ്ഥിതിക്ക് തിരിച്ച് പോകുന്നത് ശരിയല്ലല്ലോ. അല്ലെങ്കിലും സിവില്‍ സ്നേഹം സര്‍വ്വ സ്നേഹാല്‍ മഹത്തരം എന്നല്ലേ കവി വാക്യം. പോരാത്തതിന്‌ ഞാന്‍ ‘വന്ന വഴി’ മറക്കുന്നവനുമല്ല. എന്നൊക്കെ പറഞ്ഞ് ഷിവാസ് റീഗലിനെയും ധ്യാനിച്ചിരിക്കുന്ന എന്റെ പിഞ്ച് മനസ്സിനെ ആശ്വസിപ്പിച്ച് ഞങ്ങള്‍ കല്യാണ വീട്ടിലെത്തി. കല്യാണ വീടെന്നല്ല നാലാള്‌ കൂടുന്നിടത്ത് എവിടെ പോയാലും നമ്മളൊക്കെ എന്തെങ്കിലും കളര്‍ സെന്‍സുണ്ടോ എന്നല്ലേ നോക്കുക. ഇവിടെ ഫ്ലവര്‍ഷോ പോലെയായിരുന്നു. എങ്ങോട്ട് നോക്കിയാലും ലവണ തൈലത്തിന്റെ ബോട്ടില്‍ പോലത്തെ പതിനെട്ടുകാരികള്‍, A1 SKC പോലത്തെ മുപ്പത്കാരികള്‍. ഏതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യണമെന്നൊരു കണ്‍ഫ്യൂഷന്‍ മാത്രേ ഉണ്ടായിരുന്നുള്ളു. ഇത്രയും നല്ല നാട്ടുകാരികളുണ്ടെങ്കില്‍ ആരെങ്കിലും ഗള്‍ഫില്‍ പോകുമോ? രാവിലെ ബസ് സ്റ്റോപ്പില്‍ പോയി നാലഞ്ച് പെണ്‍പിള്ളേരെ കോളേജിലേക്ക് ബസ്സ് കയറ്റി വിട്ടാല്‍ എല്ലാ വിഷമങ്ങളും ഇല്ലാതാവില്ലേ..? ആ ഒരു സന്തോഷം ഏതെങ്കിലും ഫിലിപ്പൈന്‍ ലെബനീസ് ബൊമ്മകളെ കണ്ടാല്‍ കിട്ടുമോ? (ഫിലി, ലെനി ചക്കരക്കുടങ്ങളെ കാണാത്ത അസൂയ കൊണ്ട് പറയുന്നതാണെന്ന് ആരും തെറ്റിദ്ധരിക്കല്ല്..)

അപ്പോഴേക്കും വെല്ലത്തിന്‌ ഈച്ച പറ്റിയത് പോലെ കുറേ നാട്ടുകാര്‍ അവന്റെ ചുറ്റും കൂടി. പലരും അവനെ കുറേ കാലത്തിനു ശേഷം അന്നാണ്‌ കാണുന്നത്. കണ്ടയുടനെ "ഡാ സുഖമല്ലേ..” എന്നതിന്‌ പകരം "ഡാ ഒന്നുമില്ലേ.." എന്നു മാത്രമാണ്‌ നല്ലവരായ ആ നാട്ടുകാര്‍ ചോദിച്ചത്. ഒക്കെ ശരിയാക്കാമെന്ന്‌ പറഞ്ഞ് അവന്‍ പോയി. ഞങ്ങള്‍ ഫ്ലവര്‍ഷോ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് അവന്‍ ഞങ്ങള്‍-തീര്‍ത്ഥാടകരേയും (തീര്‍ഥം തേടുന്നവര്‍) കൂട്ടി കല്യാണ വീട്ടില്‍ നിന്നും പുറത്തേക്ക് നടന്നു. കല്യാണ പെണ്ണിനെയും വീട്ടുകാരെയുമൊക്കെ പരിചയപ്പെട്ടില്ലല്ലോ എന്ന് അപ്പോഴാണ്‌ ഓര്‍മ്മിച്ചത്. അത് കുഴപ്പമില്ല പിന്നെ ആവാമെന്നു അവന്‍ പറഞ്ഞു. തിരിച്ച് വരുമ്പോള്‍ സംസാരിക്കാന്‍ പറ്റുന്ന കോലത്തിലായിരിക്കുമോ എന്തോ എന്നാണ്‌ ഞാന്‍ ആലോചിച്ചത്.

ഇരുട്ടിലൂടെ കുറച്ച് ദൂരം നടന്ന്‌ ചെറിയൊരു വീടിന്റെ അടുക്കള ഭാഗത്തെത്തി. പ്രതീക്ഷിച്ചതിന്‌ വിപരീതമായി ലേഡീസ് ആരുമുണ്ടായിരുന്നില്ല. അടുക്കള വരാന്തയുടെ അരമതിലിലെ അമ്മിക്കല്ലിന്റെയടുത്ത് ഞങ്ങളെയും കാത്ത് രണ്ട് വോഡ്കാ ഫുള്‍യൌവനങ്ങള്‍ പുഞ്ചിരിയോടെ കുത്തിയിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടയുടനെ എല്ലാവരുടെയും മുഖം കപ്പല്‍ കണ്ട സോമാലിയന്‍ കൊള്ളക്കാരുടേത് പോലെ തെളിഞ്ഞു. എത്രയും വേഗം തുടങ്ങിയാല്‍ അത്രയും പെട്ടെന്ന്‌ കിക്ക് ആവും എന്നു പറഞ്ഞ് ബിജു വോഡ്കയില്‍ നാരങ്ങനീരും വെള്ളവും ചേര്‍ത്ത് വിതരണം ചെയ്തു. അതിനിടയില്‍ ഞങ്ങളെ അവര്‍ക്കൊക്കെ പരിചയപ്പെടുത്തി. കുറ്റം പറയരുതല്ലോ. നല്ല കൃത്യമായ സെര്‍വ്വിങ്ങ്. വളയര്‍പ്പാനെ (ശംഖുവരയന്‍ പാമ്പ്) വളയിടാന്‍ പഠിപ്പിക്കേണ്ടല്ലോ.

കിട്ടേണ്ട താമസം എല്ലാവരും രണ്ട് റൌണ്ട് വെടിവെപ്പ് നടത്തി. മദ്യമാപിനി അനങ്ങിത്തുടങ്ങി. മണ്‍പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാ മതിയല്ലോ. സിവിലും നല്ല പെര്‍ഫോര്‍മന്‍സായിരുന്നു. ഞങ്ങള്‍ക്ക് ഒഴിക്കുന്നതിന്റെ ഇടയില്‍ ബിജുവും നന്നായി വീശുന്നുണ്ട്. അടിക്കുന്നവനില്ലെങ്കിലും ഒഴിക്കുന്നവന്‍ ഔചിത്യം പാലിക്കണമെന്ന കാര്യം അവന്‍ ഓര്‍ത്തില്ല. ബിജു പ്രൊമോട്ട് ആയി അയ്യപ്പബിജു ആയി. ബോഡി വെയ്റ്റ് താങ്ങാന്‍ കാലുകള്‍ക്ക് പുറമെ കൈകളുടെ സപ്പോര്‍ട്ട് കൂടി വേണ്ടി വരുമെന്ന് തോന്നി.

പോളിങ്ങ് മൂന്നാം ഘട്ടത്തിലേക്ക് കടന്നു. എന്റെ ഊഴം എത്തി. അവന്‍ എന്റെ ഗ്ലാസ്സില്‍ പെഗ് ഒഴിച്ചതും കറന്റ് പോയി. അല്ലെങ്കിലും എന്റെ ടൈം ബെസ്റ്റ് ടൈം ആണല്ലോ.

"നാരങ്ങ എവിടെ...?" ബിജു ചോദിച്ചു.

"ആ അരമതിലിലുണ്ട്" ആരോ പറഞ്ഞു. ബിജു ഇരുട്ടത്ത് തപ്പി നാരങ്ങ എടുത്ത് പിഴിഞ്ഞു. "ഇത് തോട്ടയാക്കീറ്റില്ലേ..? നീരു വരുന്നില്ലല്ലോ" അവന്‍ ആടിക്കൊണ്ട് പറഞ്ഞു. "ഇന്നാ.. ഇത് കൊണ്ട് ആക്കിക്കോ.." ഞാന്‍ ബൈക്കിന്റെ കീ കൊടുത്തു. അവനത് കൊണ്ട് ഹോള്‍സാക്കി ഗ്ലാസ്സില്‍ പിഴിയാന്‍ തുടങ്ങി.

"നാരങ്ങ കൂടിയാലും വോഡ്ക കുറക്കണ്ട.." ഞാന്‍ പറഞ്ഞു.

അവന്‍ വെള്ളമൊഴിച്ച് ഗ്ലാസ്സ് എനിക്ക് തന്നു. ഞാനത് ഒറ്റ വലിക്ക് നാവിന്റെ പടിഞ്ഞാറേ നടയിലേക്ക് തട്ടി. ഇമ്മാതിരി സാധനങ്ങള്‍ സിപ്പ് ചെയ്ത് പ്രൊഡക്ഷന്‍ ലേറ്റാക്കാതെ ഫാക്റ്ററിയിലേക്ക് നേരിട്ടയക്കുന്നതാണ്‌ എന്റെയൊരു രീതി.

"എന്തോ ടേസ്റ്റ് വ്യത്യാസം പോലെ.." ഗ്ലാസ്സ് താഴെ വെച്ച് ഞാന്‍ പറഞ്ഞു.

"നീ ഫിറ്റ് ആയതോണ്ടാഡാ.." ബിജു പറഞ്ഞു.

"ഫുഡ് ഇല്ലാഞ്ഞിട്ടായിരിക്കും… ആ ടച്ചിങ്ങ്സെടുത്ത് നാക്കിന്റെ മര്‍മ്മത്തില്‍ വെക്ക്…" ഏതോ നല്ല ശമരിയാക്കാരന്‍ പറഞ്ഞു.

അപ്പോഴേക്കും കറന്റ് വന്നു. മിക്സ്ച്ചര്‍ എടുക്കാന്‍ കൈ നീട്ടിയപ്പോഴാണ്‌ ആ നെഞ്ചുളുക്കുന്ന കാഴ്ച്ച കണ്ടത്. കുപ്പിയുടെയും നാരങ്ങയുടേയും അടുത്ത്... പോളോ മുട്ടായി പോലെ തുളയുമായി... ഒരു ചൊറിത്തവള ചത്തു മലര്‍ന്ന് കിടക്കുന്നു...

Wednesday, June 2, 2010

ലങ്കോട്ടിമുക്ക്


ജിംനേഷ്യത്തില്‍ പോയി കട്ട ബോഡി ഉണ്ടാക്കുകയെന്നത് പത്ത്പതിനെട്ട് വയസ്സ് തികഞ്ഞാല്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഒരു ആഗ്രഹമാണല്ലോ. പെണ്‍കുട്ടികളുടെ മുന്നിലൂടെ തോലു പോലത്തെ ബനിയനിട്ട് ചെത്താന്‍, ഉത്സവപ്പറമ്പിലൂടെ കക്ഷത്തില്‍ ഇഷ്ടിക വെച്ചത് പോലെ നടക്കാന്‍, ഒരു കഷ്ണം പേപ്പര്‍ മസില്‍ പിടിച്ച് കഷ്ടപ്പെട്ട് എടുക്കാന്‍, ഉടക്കുന്ന ടീമിനോട് കൊളത്താന്‍ അങ്ങനെ പല മോഹങ്ങളും അതിന്റെ പിന്നിലുണ്ടാകും. എങ്കിലും കല്ല്യാണ സൌഗന്ധികമടക്കമുള്ള ചരിത്ര ഹിസ്റ്ററികളില്‍‌ സംഭവിച്ചത് പോലെ ലേഡീസിനെ ഇം‌പ്രസ്സ് ചെയ്യാനാണ് പ്രധാനമായും ആണ്‍കുട്ടികള്‍ ജിം നോമ്പ് എടുക്കുന്നത്.

എല്ലുകളെല്ലാം കാണുന്ന ടിഷ്യൂ പേപ്പര്‍ പോലത്തെ ട്രാന്‍സ്പരന്റ് ബോഡിയും ചോദ്യചിഹ്നം പോലത്തെ ഷെയ്പ്പും ഒന്നു ഇംപ്രൂവ് ചെയ്യണമെന്ന്‌ എനിക്ക് തോന്നിയതിന്റെ പിന്നിലെ ചേതോവികാരവും നാരീവിചാരം തന്നെയായിരുന്നു. കട്ട ബോഡിയുള്ള ജിമ്മന്‍മാരെ കണ്ടാല്‍ പിന്നെ എന്നെപ്പോലെയുള്ള ത്രെഡ്സിനെ (മീന്‍സ് നൂലന്‍)യൊന്നും ലേഡീസ് തീരെ മൈന്‍ഡ് ചെയ്യില്ല. അത് കൊണ്ട് പഞ്ചാര മാര്‍ക്കറ്റില്‍ നില നില്‍ക്കണമെങ്കില്‍ ബോഡി മെയിന്റനന്‍സ് അത്യാവശ്യമായിരുന്നു.

എവിടെയെങ്കിലും പോകുമ്പോള്‍ അപ്പോക്കിനൊരു സ്മൂത്ത്നെസ്സ് കിട്ടാന്‍ വഴിയിലൊക്കെ പച്ച കളേഴ്സ് തിരയുന്നത് എന്റെയൊരു ശീലമായിരുന്നു. അങ്ങനെയാണ്‌ ജിമ്മില്‍ പോകുന്ന വഴിക്ക് താമസിക്കുന്ന കനകമണിയെ കണ്ടത്. കനകമണി ഉയരം കുറഞ്ഞ് ഇരുനിറത്തില്‍ കാണാന്‍ മോശമില്ലാത്തൊരു പീസാണ്‌. തടിച്ച ശരീരവും മെലിഞ്ഞ് ചെറിയ കാലുകളുമായി കണ്ടാലൊരു വാലു മുറിച്ച അരണയുടെ ലുക്കുണ്ട്. എങ്കിലും വേറെ നല്ല കളറുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ കനകമണിയില്‍ ഞാന്‍ തൃപ്തനായി.

കമ്പില്‍ അങ്ങാടിയിലെ ഒരു പഴഞ്ചന്‍ കെട്ടിടത്തിന്റെ മുകളിലാണ്‌ യൂനിവേഴ്സല്‍ ജിം. ദേഹം നിറയെ നെയ്യപ്പം പൊങ്ങിച്ച് നില്‍ക്കുന്ന കരിങ്കുരങ്ങിനെ പോലത്തെ ഒരു നീഗ്രോയുടെ പടം വാതില്‍ക്കല്‍ തന്നെ കൊതിപ്പിക്കാന്‍ വെച്ചിട്ടുണ്ട്. ഉള്ളിലാണെങ്കില്‍ തുരുമ്പ് പിടിച്ച ഡംബല്‍സും വെയ്റ്റ് ബാറുമൊക്കെ ചിതറിക്കിടന്ന് ഒരു ആക്രിക്കട പോലെയുണ്ട്. എല്ലാ അല്‍പ്പജ്ഞാനികളെയും പോലെ ഇന്‍സ്ട്രക്ടര്‍ നാസര്‍ക്കയ്ക്കും തന്നോട് തന്നെ വലിയ ആത്മവിശ്വാസമായിരുന്നു. ഷോട്ട്പുട്ട് ബോളില്‍ മണ്ണിര പറ്റിയത് കണക്കെ ഞെരമ്പ് പൊന്തി മസിലുരുട്ടി നില്‍ക്കുന്ന ഒരാളുടെ ഫോട്ടോ കണ്ട് വണ്ടറടിച്ച് നിന്ന എന്നോട് നാസര്‍ക്ക പറഞ്ഞു. "ഓന്‍ ഈടെ കളിച്ചതാ.. ഒറ്റ മാസം കളിച്ചാല്‍ നിനക്കും ഇത് പോലെയാകാം." അയാളെ തന്നെയല്ലേ റാംബോ പടത്തിലും കണ്ടതെന്ന്‌ ബുദ്ധിപരമായ ഒരാലോചന മനസ്സിലുദിച്ചെങ്കിലും ആ ഡയലോഗ് തന്ന കോണ്‍ഫിഡന്‍സ് ഒരു പത്തഞ്ഞൂറ് കിലോ വരും.

പീടികയില്‍ സാധനം വാങ്ങിയതില്‍ നിന്ന് ഇസ്കിയ ബ്ലാക്ക് മണിയും, വിഷുവിനു കൈനീട്ടം കിട്ടിയ വൈറ്റ് മണിയും ചേര്‍ത്ത് കൂട്ടിവെച്ച നൂറു രൂപ നാസര്‍ക്കക്ക് കൊടുക്കുമ്പോള്‍ എന്റെ മനസ്സില്‍ നീര്‍ക്കോലി അനകോണ്ടയായി മാറുന്ന സുവര്‍ണ്ണ നാളുകളായിരുന്നു. കളിക്കുമ്പോള്‍ ലങ്കോട്ടിയും ബര്‍മുഡയും ബനിയനും നിര്‍ബ്ബന്ധമാണെന്ന് കാശ് വാങ്ങി നാസര്‍ക്ക പറഞ്ഞു. ലങ്കോട്ടി എന്ന ഇന്ത്യന്‍ ടൈ എനിക്കൊട്ടും പരിചയമുണ്ടായിരുന്നില്ല. എങ്കിലും ഒറ്റപ്പായ്ക്കില്‍ നിന്ന് സിക്സ് പാക്കിലേക്ക് മാറുന്നതിന്‌ വേണ്ടി ഞാന്‍ രണ്ട് കേരള സമ്രാട്ട് ലങ്കോട്ടികള്‍ സംഘടിപ്പിച്ച് രാത്രി മുഴുവനും പടക്കുറുപ്പന്‍മാര്‍ കച്ച മുറുക്കുന്നത് പോലെ ഉടുത്ത് പ്രാക്റ്റീസ് ചെയ്തു.

ജിമ്മിലെ ആദ്യ ദിവസം ആദ്യരാത്രി പോലെയായിരുന്നു. ഓരോ ഐറ്റവും പറഞ്ഞതിന്റെ ഇരട്ടി ചെയ്തു. ജിമ്മനായതിന്റെ അഭിമാനത്തില്‍ കനകമണിയുടെ വീട്ടിന്റെ മുന്നിലൂടെ ആകാശം നോക്കി നടന്നു. അന്ന് രാത്രി ഉറങ്ങാനേ പറ്റിയില്ല. ഇടക്കിടക്ക് എഴുന്നേറ്റ് കൈ പിടിച്ച് മസിലു വരുന്നുണ്ടോ എന്നു നോക്കി. അറ്റ്‌ ലീസ്റ്റ് മസില്‍ വരുന്ന സൌണ്ടെങ്കിലും കേട്ടാ മതിയാരുന്നു. പക്ഷേ വന്നത് മേലു വേദനയും നീര്‍ക്കെട്ടുമായിരുന്നു. അതു കൊണ്ട് പിറ്റേന്ന് അനങ്ങാന്‍ പറ്റിയില്ല. ഓരോ അടി നടക്കാനും കൈ കൊണ്ട് കാലെടുത്ത് പിടിച്ച് വെക്കേണ്ടി വന്നു. മൂലക്കുരു വന്നയാളെ പോലെയായി നടത്തം. ലക്ഷ്യം മാര്‍ഗത്തെ ഈസിയാക്കുമെന്നാണല്ലോ പ്രമാണം. ഉദ്ദേശശുദ്ധി നല്ലതായതിനാല്‍ പോക്ക് നിര്‍ത്താന്‍ തോന്നിയില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വേദനയൊക്കെ മാറി. എക്സര്‍സൈസുകളൊക്കെ രസമായി. മാത്രമല്ല കനകമണി ഞാന്‍ പോകുന്ന അതേ സമയത്ത് തന്നെ കാത്ത് നില്‍ക്കുന്നുമുണ്ടാവും. ഞങ്ങള്‍ തമ്മില്‍ കണ്ണുകള്‍ കൊണ്ട് ചില ട്രാന്സാക്ഷന്‍സ് നടത്താനും തുടങ്ങി. പോക്കുവരവിനൊക്കെ ഒരു സുഖം തോന്നി. പക്ഷേ വീടിനടുത്തുള്ള ജംഗ്ഷനില്‍ രാവു പകല് വെറുതെയിരിക്കുന്ന ചങ്ങാതിമാര്‍ എന്റെ പേരു ജിമ്മു എന്നാക്കി. അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. ജിമ്മില്‍ പോയാല്‍ എന്തൊക്കെ ഭൌതിക നേട്ടങ്ങളുണ്ടെന്ന് അവന്‍മാര്‍ക്ക് അറിയില്ലല്ലോ.

ദിവസം കഴിയുംതോറും എന്റെ മനസ്സില്‍ കനക വിചാരം, അന്നവിചാരം പിന്നെ ജിമ്മു വിചാരം മാത്രമായി. നെഞ്ചിന്റെ ഇടതും വലതും രണ്ട് ബ്രാക്കറ്റുകള്‍ വരുന്നതും പെങ്കുട്ട്യോളൊക്കെ താരാരാധനയോടെ നോക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നില്‍ പാര്‍ട്ടി പതാക പോലെ പാറിപ്പറക്കുന്ന ലങ്കോട്ടി കണ്ടെന്റെ അന്തരംഗം അഭിമാനപൂരിയും പൊറോട്ടയുമായി. അതുമിട്ട് കനകമണിയുടെ അരയില്‍ ചുറ്റിപ്പിടിച്ച് വില്ലനെ അടിച്ച് നെരത്തുന്ന സീന്‍ (ജസ്റ്റ് റിമംബര്‍ വി.ഐ.പി.ജട്ടി) പുലര്‍ക്കാല സ്വപ്നത്തില്‍ പൂന്ത് വിളയാടി.

ഒരു ദിവസം സന്ധ്യയ്ക്ക് ഞാന്‍ ജിമ്മിലെ ഇരുമ്പ് പണിയും കഴിഞ്ഞ് വരികയായിരുന്നു. കനകമണിയുടെ വീടിന്നടുത്തെത്തിയപ്പോള്‍ അവള്‍ വീടിന്റെ ഇറയത്തിരിക്കുന്നത് കണ്ടു. എന്താണെന്നറിയില്ല, എനിക്ക് അതുവരെയില്ലാത്ത വിധം അതികഠിനമായ ദാഹം തോന്നി. കൂടെ വേറെയാരുമില്ല. വെള്ളം ചോദിക്കാന്‍ പറ്റിയ കാലാവസ്ഥ. (സത്യായിറ്റും അത് ഒറിജിനല്‍ ദാഹമായിരുന്നു.) ഒത്താലൊരു ഐ.ലവ്യു. ഇല്ലേലൊരു ഗ്ലാസ്സ് പച്ചവെള്ളം എന്ന ഹമ്പിള്‍ അമ്പീഷ്യന്‍സുമായി ഞാന്‍ മുറ്റത്തേക്ക് കയറി. അവളെന്നെ കണ്ട് എഴുന്നേറ്റു. എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനു മുമ്പ് മുറ്റത്തിന്റെ മൂലയില്‍ നിന്നൊരു മുരള്‍ച്ച കേട്ടു. സീതയ്ക്ക് ലക്ഷ്മണനെ പോലെ കനകമണിയുടെ അച്ഛന്‍ അവള്‍ക്ക് കാവലിന്‌ നിര്‍ത്തിയ ക്ലിച്ചോ എന്ന പട്ടിയായിരുന്നു അത്. ഈ ക്ലിച്ചോപട്ടിയുടെ അമ്മ ചൊക്ലിപ്പട്ടി പണ്ട് ടൌണില്‍ നിന്നും കറങ്ങിത്തിരിഞ്ഞ് വന്ന ഏതോ അല്‍സേഷ്യനുമായി സംബന്ധം ചെയ്താണ്‌ ക്ലിച്ചോ ഉണ്ടായത്. അങ്ങനെ നല്ല തറവാടിക്ക് പിറന്നത് കൊണ്ട് നാട്ടുകാര്‍ ചൊക്ലി എന്ന പേരു മോഡിഫൈ ചെയ്ത് ക്ലിച്ചോ എന്നാക്കിയതാണ്‌.

എത്രയോ ദിവസങ്ങള്‍ ഞാന്‍ അതു വഴി പോയിട്ടുണ്ട്! അന്നൊന്നും ഈ ക്ലിച്ചോ ഒട്ടും ഡെയ്ഞ്ചറായിരുന്നില്ല. എന്റെ വരവിനു പിന്നിലെന്തോ നിഗൂഢ ലക്ഷ്യമുണ്ടെന്ന് ആ പട്ടി തെണ്ടി തെറ്റിദ്ധരിച്ചു. അവന്റെ നോട്ടവും ഭാവവും അത്ര പന്തിയല്ലെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് പിടികിട്ടി. അവന്‍ ബൌ ബൌ എന്ന് പട്ടിഭാഷയിലും എന്തേ എന്തേ എന്ന് മലയാളത്തിലും ചോദിച്ച് എഴുന്നേറ്റു. മുന്നോട്ട് വെച്ച കാലു പിന്നോട്ടെടുത്ത് ഞാന്‍ വീട്ടിലേക്ക് കത്തിച്ച് വിട്ടു. ഫോളോഡ് ബൈ ക്ലിച്ചോ.

ജിമ്മില്‍ പോവാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ഫിറ്റ്നെസ്സ് ടെസ്റ്റായിരുന്നു ആ ഓട്ടമത്സരം. പണി തരുമെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിച്ച് കൊണ്ട് തൊട്ട് പിന്നിലായി ക്ലിച്ചോയും. പെട്ടെന്ന് നിശ്ചയിച്ച പരിപാടി ആയതിനാല്‍ ലുങ്കിയും ബനിയനുമല്ലാതെ ട്രാക്ക് സ്യൂട്ടൊന്നും ഇടാന്‍ ടൈം കിട്ടിയില്ലല്ലോ. ആദ്യ ലാപ് പിന്നിട്ടപ്പോ തന്നെ ലുങ്കി ഇമ്മാതിരി പരിപാടിക്ക് ഞാനില്ലാന്നും പറഞ്ഞ് വഴിയിലിറങ്ങി. കടിക്കുന്ന പട്ടിയുടെ മുന്നില്‍ മാനത്തിന്റെ വില തേങ്ങയുടെ വില പോലെയല്ലേ. പോകുന്നവനെയൊന്നും പിടിച്ച് നിര്‍ത്താന്‍ നില്‍ക്കാതെ ലങ്കോട്ടി… അതല്ലേ എല്ലാം എന്ന് വിശ്വസിച്ച് ഞാനോടി. ഓടിയോടി വീടിനടുത്തുള്ള ജംഗ്ഷനിലെത്താറായി. ഭാഗ്യം! അമ്പക്കമ്പനിയൊന്നും അവിടെ ഉണ്ടായിരുന്നില്ല. നെക്ക് ആന്റ് നെക്ക് പോരാട്ടത്തിനൊടുവില്‍ ക്ലിച്ചോ എന്റെ തൊട്ടടുത്തെത്തി. അപ്പോഴേക്കും കവചകുണ്ഡലങ്ങളെ മറച്ചിരുന്ന ലങ്കോട്ടി അഴിഞ്ഞു പോയി. ഇതു വരെ കാണാത്ത സാധനമായിരുന്നതിനാല്‍ (ലങ്കോട്ടിയാണേ…) ക്ലിച്ചോ അതിന്റെ വാലില്‍ പിടിച്ചു അല്ല, കടിച്ചു. അതോടെ ഞാന്‍ അര്‍ദ്ധ നഗ്നനായ ഫക്കീറായി. ക്ലിച്ചോ അതു കടിച്ചും ചവിട്ടിയും ഇതെന്തു സാധനമെന്ന് ഡൌട്ട്ഫുള്‍ ആയി നിന്ന ഗ്യാപ്പില്‍ ഞാന്‍ ഫ്രണ്ട് ബാക്ക് നോക്കാതെ വീട്ടിലേക്ക് പറപ്പിച്ച് വിട്ടു. കണ്‍സോലേഷന്‍ പ്രൈസ് കിട്ടിയത് കൊണ്ട് ക്ലിച്ചോ അവിടെ വെച്ച് ഓട്ടം നിര്‍ത്തി.

പിറ്റേന്ന് ജംഗ്ഷനിലെ ടെലഫോണ്‍ പോസ്റ്റില്‍ ആ ലങ്കോട്ടി പറന്ന്‌ കിടക്കുന്നത് കണ്ടു. ചങ്ങാതിമാരായ സാമദ്രോഹികള്‍ ഒപ്പിച്ച പണിയാണ്‌. അതിന്‌ ശേഷമാണ്‌ ചേലേരി അമ്പലം റോഡ് എടക്കൈത്തോട് റോഡിലേക്ക് ചേരുന്ന ജംഗ്ഷന്‍ ലങ്കോട്ടിമുക്കെന്ന പേരില്‍ വിശ്വവിഖ്യാതമായത്.