Thursday, January 31, 2013

കല്യാണം മുടക്കികൾ

നീലാണ്ടൻ ആശാരിയുടേയും ഭാര്യ മാധവിയമ്മയുടേയും ഒരേയൊരു ആഗ്രഹമായിരുന്നു മകൻ ജഗദീശന്റെ കല്യാണം.  പക്ഷേ കണ്ടമാനം പെണ്ണുകാണലുകൾ നടത്തിയിട്ടും ഗണപതികല്യാണം പോലെ ഒന്നും ശരിയായില്ല.  മുപ്പത്തിയഞ്ച് വയസ്സ് കം‌പ്ലീറ്റാക്കിയ, നീണ്ട് വെളുത്ത് കട്ടിമീശയുമുള്ളൊരു യുവജനപ്രസ്ഥാനമാണ് ജഗദീശൻ.  സിമന്റ് പൊടിയിൽ വെള്ളത്തുള്ളികൾ വീണത് പോലെ ചിക്കൻ പോക്സ് വന്നതിന്റെ ചില അടയാളങ്ങൾ മുഖത്തുണ്ട്.  എന്നാൽ ബ്യൂട്ടിസ്പോട്ട്സ് കൂടിപ്പോയത് കൊണ്ടാണ് കല്യാണം നടക്കാത്തതെന്ന് തോന്നുന്നില്ല.  കാരണം ചന്ദ്രന് കല പോലെ, ആമ്പലിന് മുള്ള് പോലെ, ചന്ദനത്തിന് പോട് പോലെ നല്ല സാധനങ്ങൾക്ക് ചെറിയ ഡാമേജുണ്ടായേക്കും എന്നാണല്ലോ.

പുകവലി, മദ്യപാനം, സ്ത്രീപീഠനം ഇങ്ങനത്തെ എന്തെങ്കിലും ഹോബി ഇല്ലാത്തയാളുകൾ അഴിമതിയില്ലാത്ത ഭരണം പോലെ അപൂർവ്വമാണല്ലോ.  മദ്യം കണ്ടാൽ ഐസ്ക്രീം മാതിരി അലിയുന്ന മലയാളി  മനസ്സായത് കൊണ്ട് ജഗദീശനും കുറച്ച് മദ്യപിക്കും.  കുറച്ചെന്ന് പറഞ്ഞാൽ എത്ര പെഗായിരിക്കുമെന്ന് മലയാളത്തിലെ ടി.വി.ചാനലുകൾ പോലെ എണ്ണിത്തീർക്കാൻ പറ്റില്ലാന്ന് മാത്രം.  ചെറുപ്പകാലം മുതലേ തുടങ്ങിയൊരു ശീലമായിരുന്നത്.  വിദ്യാലയത്തിൽ നിന്നും മൂപ്പർ നേരെ മദ്യാലയത്തിലേക്കായിരുന്നു പോയത്.  മദ്യപിക്കുന്ന സ്വന്തം പടം സ്ത്രീകൾ പോലും പോസ്റ്റുന്ന ഈ ഫേസ്ബുക്ക് കാലത്ത് കല്യാണം കഴിയാണ്ടിരിക്കാൻ മാത്രം അതത്രക്ക് വലിയ കുറ്റമൊന്നുമല്ലല്ലോ. 

പത്ത് നാനൂറ് പെണ്ണുകാണൽ കഴിഞ്ഞിട്ടും അതൊന്നും സർക്കാരിന്റെ ക്ഷേമ പദ്ധതികൾ പോലെ ലക്ഷ്യം കൈവരിച്ചില്ല.  കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരെ മുട്ടിയിട്ട് റോഡിലൂടെ നടക്കാൻ പറ്റാത്തത് പോലെ എവിടെ പോയാലും അവിടെയെല്ലാം കാണാൻ പോയ ഏതെങ്കിലും പെണ്ണുമുണ്ടാകുമെന്ന അവസ്ഥയായി.  വലിയ ഡിമാൻഡുകൾ ഇല്ലാതിരുന്നിട്ടും ആലോചനകളൊന്നും തിരികെ വരികയോ മോക്ഷപ്രാപ്തിയടയുകയോ ഉണ്ടായില്ല.  പെണ്ണിനെ ഇഷ്ടമായാൽ ജാതകം ചേരില്ല; ജാതകം ചേർന്നാൽ പെണ്ണിനെ ഇഷ്ടപ്പെടുകയുമില്ല.  സൈക്കിളിന്റെ പെഡൽ പോലെ ഒന്ന് ചവിട്ടുമ്പോൾ മറ്റേത് പൊന്തും എന്നുള്ള അവസ്ഥ.  എല്ലാം ഒത്തു; താൽപ്പര്യമാണെന്ന് വിവരമറിയിച്ചാൽ ആരും മറുപടിയുമായി തിരിച്ച് വരുന്നുമില്ല.  ഇങ്ങോട്ട് വന്നതിൽ അപൂർവ്വം ചിലത് അങ്ങാടിവരെ എത്തിയതായി റിപ്പോർട്ടുണ്ട്.  ഭ്രമണപഥത്തിൽ നിന്ന് തമോഗർത്തത്തിൽപ്പെട്ട ഗ്രഹങ്ങളെ പോലെ അതൊക്കെ പിന്നെ എങ്ങോട്ട് പോകുന്നെന്ന് ആർക്കുമറിയില്ല.   

അങ്ങാടിയിൽ നിന്നും കുറച്ചകലെ റോഡരികിൽ പൂട്ടിയിട്ട രണ്ട് മുറി പീടികയുടെ മുകളിൽ ഒരു ക്ലബ്ബുണ്ട്.  ക്ലബ്ബെന്നത് ഒരു സങ്കൽ‌പ്പം മാത്രമാണ്.  കള്ളുകുടി ചീട്ടുകളി എന്നിവക്കുള്ളൊരു ആവാസകേന്ദ്രമാണത്.  പണികഴിഞ്ഞ് വന്നാലും പണിയില്ലാത്ത ദിവസവും ജഗദീശന്റെ ക്യാമ്പ് ഓഫീസ് അവിടെയാണ്.  കള്ളിന്റെ കാര്യത്തിൽ അവൻ കർണ്ണനെ പോലെ ദാനശീലനാണ്; ആരു ചോദിച്ചാലും വാങ്ങിക്കൊടുക്കും.  അവന്റെ കൈയ്യിൽ നിന്ന് രണ്ട് പെഗ് കിട്ടാത്ത കുടിയന്മാർ നാട്ടിലുണ്ടാവില്ല.  കള്ളുണ്ടെങ്കിൽ ആളും വാളുമുണ്ടെന്നല്ലേ; അതിനാൽ എന്ത് കാര്യത്തിനും സഹായത്തിനായി കൂടെ ഒരു പട തന്നെയുണ്ടാകും.

വണ്ടിക്കാശിനും കൂടെ പോകുന്നവരുടെ കലവറ നിറക്കലിനുമായി രണ്ട് കല്യാണത്തിന്റെയെങ്കിലും പൈസ തീർന്നിട്ടും കാര്യമൊന്നും ഇല്ലാത്തതിനാൽ ക്രമേണ ജഗദീശനും അതിൽ താൽ‌പ്പര്യം കുറഞ്ഞു.  പെണ്ണുകാണലൊക്കെ വഴിപാട് പോലെയായി.  ഏതെങ്കിലും ആൾക്കൂട്ടത്തിൽ വെച്ച് കല്യാണക്കാര്യം പറയുമ്പോൾ അത് വരെ ഒച്ചയിട്ട് കൊണ്ടിരുന്നവൻ പിന്നെ വിലക്കയറ്റമെന്ന് കേട്ട പ്രധാനമന്ത്രിയെ പോലെ സൈലന്റാകും. 

ഫ്യൂസായ ബൾബിന്റെ സ്വിച്ച് തപ്പി നടക്കുന്നതിൽ കാര്യമില്ലെങ്കിലും കല്യാണം നടക്കാത്തതിന്റെ നേര് നേരത്തെ അറിയാൻ എല്ലാവർക്കും ക്യൂരിയോസിറ്റി ഉണ്ടാകുമല്ലോ.  അതിനായി നാട്ടിലെ അസൂയക്കാരായ സദാചാരക്കാർ പലവിധത്തിലും അദ്ധ്വാനിച്ചു.  പ്രണയമുണ്ടോ മറ്റെന്തെങ്കിലും ബന്ധമുണ്ടോ എന്നൊക്കെ ഡാറ്റാസ് പെറുക്കിയെടുത്ത് അരിച്ചു നോക്കി.  ആൽക്കഹോൾ ഉള്ളിലുണ്ടെങ്കിൽ ദർശനം കിട്ടിയ വെളിച്ചപ്പാടാണെങ്കിലും അല്ലാത്തപ്പോൾ വായിൽ കൈയ്യിട്ടാൽ പോലും കടിക്കാത്ത പച്ചപ്പാവം എന്ന ഏകാഭിപ്രായമായിരുന്നു എല്ലാവർക്കും. 

തികച്ചും നിഷ്കളങ്കൻ എന്നതായിരുന്നു ജഗദീശന്റെ ജനിതകപരമായ പ്രത്യേകത.  വായിൽ തോന്നിയത് വിളിച്ച് പറയുന്ന നിഷ്കളങ്കനായത് കൊണ്ട് തളിപ്പറമ്പിലെ ഒരു വീട്ടിൽ പെണ്ണുകാണാൻ പോയപ്പോൾ ഒരു സംഭവമുണ്ടായി.  പോയി മടുത്തതിനാൽ ഒരു വക ഒപ്പിക്കാൻ കൊള്ളുമെങ്കിൽ ജഗദീശൻ ഓകെ പറയുമായിരുന്നു.  പക്ഷേ സ്ത്രീരൂപങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത, തുണിയിൽ ചുറ്റിയ പുകയിലക്കെട്ട് പോലത്തെ പെൺകോലം കണ്ട് എല്ലാവരും ഡെസ്പായി.  പക്ഷേ അതൊന്നും ആരും അപ്പോൾ പറയാതെ പിന്നെ വിളിച്ച് ജാതകം കൊണ്ടില്ലാന്ന് പറയുകയാണ് പതിവ്.  അങ്ങനെ ജാതകകുറിപ്പ് വാങ്ങി വിവരം ഫോണിൽ അറിയിക്കാമെന്ന മര്യാദ വാക്കും പറഞ്ഞ് കൂടെ പോയവർ എഴുന്നേറ്റു.  അപ്പോൾ ജഗദീശൻ നിഷ്കളങ്കമായി പെണ്ണിന്റെ മുന്നിൽ വെച്ച് അമ്മയോട് ചോദിച്ചു. “ഇവിടെ അടുത്ത് വേറെ പെൺ‌കുട്ടികളുണ്ടോ..?”    

തളിപ്പറമ്പുകാർ നല്ല മനുഷ്യരായത് കൊണ്ട് പെണ്ണുകാണാൻ പോയവർ കേടു കൂടാതെ തിരിച്ച് വന്നു. 

ഇന്ത്യയുടെ ലോകകപ്പ് ഫുട്ബോൾ ശ്രമങ്ങൾ പോലെ ഇങ്ങനത്തെ അനേക പാഴ്ശ്രമങ്ങൾക്ക് ശേഷം പെണ്ണുകാണലൊക്കെ മതിയാക്കി നിരാശനായി കാന്തത്തിൽ ഇരുമ്പ് പൊടി വീണത് പോലെ കുറ്റിത്താടിയും വെച്ച് ആശാരിപ്പണിയും വെള്ളമടിയുമായി സന്തോഷ ജീവിതം നയിക്കുകയായിരുന്നു ടിയാൻ.  അപ്പോഴാണ് ആയിടക്ക് വെറുതെ ഒരു പ്രതീക്ഷയുമില്ലാതെ പോയി കണ്ടൊരു ആലോചന ശരിയായത്.  കാണാൻ തരക്കേടില്ലാത്ത പെണ്ണും നല്ല ചുറ്റുപാടുമൊക്കെയായതിനാൽ ഇതും നടക്കില്ലാന്ന് കരുതി ഉപേക്ഷിച്ചതായിരുന്നു.  എന്നാൽ അപ്രതീക്ഷിതമായി പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്ത് നിന്നും സമ്മതവാർത്ത വരികയും കല്യാണാലോചന ചൂടാവുകയും ചെയ്തു.  പോക്കുവരവുകൾക്കും ആലോചനകൾക്കും പരസ്പരധാരണക്കും ശേഷം കല്യാണം ഉറപ്പിച്ചു.

കടവത്ത് തോണി അടുത്തതിനു ശേഷം ജഗദീശന്റെ സ്വഭാവം ആകെ മാറിപ്പോയി.  മുൻപ് കള്ള്‌ കുടിച്ച് ക്ലബ്ബിൽ തന്നെ ഓഫാകുന്നവൻ ഇപ്പോൾ പാതിരക്കെങ്കിലും വീട്ടിൽ പോകാൻ തുടങ്ങി.  പണ്ട് താമരയെ പോലെ മൂക്കറ്റം വെള്ളത്തിൽ കഴിഞ്ഞിരുന്നവൻ ഇപ്പോൾ ആമ്പലിനെപ്പോലെ കഴുത്തെങ്കിലും പുറത്ത് കാട്ടുന്ന വിധത്തിലേക്ക് പുരോഗമിച്ചു.  എല്ലാ ദിവസവും കൃത്യമായി പണിക്ക് പോകുന്നു, എല്ലാരോടും അങ്ങോട്ട് ലോഹ്യം പറയുന്നു, വൈകുന്നേരം ക്ലബ്ബിൽ ഡ്രിങ്ക്സ് ഒഴുക്കുന്നു, അടിക്കുന്നു, അർമാദിക്കുന്നു.  എല്ലാ കല്യാണ രോമാഞ്ചങ്ങളോടെയും കൂടി ഒരുങ്ങുമ്പോഴാണ് കല്യാണത്തിന് ജസ്റ്റ് ഒരാഴ്ച മുൻപ് ഞായറാഴ്ച വൈകുന്നേരം രണ്ട് സുഹൃത്തുക്കളുമായി ഒരു ചെറുപ്പക്കാരൻ കാറിൽ ജഗദീശനേയും അന്വേഷിച്ച് വന്നത്.  അങ്ങാടിയിൽ നിന്ന് ജഗദീശനെപ്പറ്റി ചോദിച്ചയുടനെ രണ്ട് ഭാഗത്തു നിന്നുമുള്ള പീടികകളിൽ നിന്നായി ഒരു ലോഡ് ആളുകൾ “ഞാൻ കാണിച്ച് തരാം.. ഞാൻ കാണിച്ച് തരാം..” എന്ന് പറഞ്ഞ് കാറിൽ ഇടിച്ച് കയറി.  ജഗദീശന്റെ നാട്ടിലുള്ള പൊതുജനസമ്മിതി കണ്ട് വന്നവർ അത്ഭുതപ്പെട്ടു.  ഗുഡ്‌സ് ഓട്ടോയിൽ വാഴക്കുലകൾ നിറച്ചത് പോലെ ആ വണ്ടി മന്ദം മന്ദം ക്ലബ്ബ് ലക്ഷ്യമാക്കി നീങ്ങി.  ക്ലബ്ബിന്റെ താഴെയെത്തിയപ്പോൾ വഴികാട്ടികൾ എല്ലാവരും ചാടിയിറങ്ങി മുകളിലേക്ക് നോക്കി കോറസ്സായി വിളിച്ചുകൂവി.  “ഓയ്.. ജഗദീശോ.. ഇദാടാ നിന്നെക്കാണാൻ രണ്ട് ചങ്ങായിമാർ വന്നിറ്റ്ണ്ട്..”

കുറച്ച് കഴിഞ്ഞപ്പോൾ അഴിഞ്ഞ് പോയ കാവിലുങ്കി വാരിപ്പൊത്തി, കോണിപ്പടിയിറങ്ങി ആടിയാ‍ടി ജഗദീശൻ വന്നു.  മുടിയൊക്കെ പാറിപ്പറന്നിരിക്കുന്നു, ടച്ചിങ്ങ്സിന്റെ ഭൌതികാവശിഷ്ടങ്ങൾ മീശയിൽ തോരണം ചാർത്തിയിട്ടുണ്ട്, ഫുൾകൈ ഷർട്ടിന്റെയുള്ളിൽ കൈ ഇടാൻ മറന്നതിനാൽ ഒറ്റക്കൈയ്യനെ പോലെയുണ്ട്.  വെള്ളമടിയുടെ സന്തോഷം നശിപ്പിച്ചതിന്റെ അരിശത്തിൽ ജഗദീശൻ ഇറങ്ങിയ ഉടനെ അലറി.  “എന്താൺഡാ.. ആരിക്കാടാ ജഗദീശനെ കാണേണ്ടത്?”

അവന്റെ ഒച്ചകേട്ട് ഗൾഫുകാർ പെട്ടി തുറക്കുന്നിടത്ത് പിള്ളേർ വട്ടംചുറ്റി നിൽക്കുന്നത് പോലെ ചങ്ങാതിമാരെല്ലാം കാര്യമറിയാൻ ചുറ്റും കൂടി.  കാണാൻ വന്നവർക്ക് ആ ലൊക്കേഷനോ അഭിനേതാക്കളേയൊ ഡയലോഗോ തീരെ പിടിച്ചില്ല.  “വാ നമ്മക്ക് അപ്രത്ത് മാറി നിന്ന് സംസാരിക്കാം
” എന്ന് പറഞ്ഞ് ജഗദീശനേയും കൂട്ടി അവർ അൽ‌പ്പം മാറിനിന്നു.  എന്തെങ്കിലുമാകട്ടെ, പറഞ്ഞ് തുലക്കെന്ന് പിറുപിറുത്ത് അവനും അവരെ പിന്തുടർന്നു.  ജഗദീശന്റെ ചുറ്റും നിന്ന് വന്നവരിൽ ഒരാൾ പറഞ്ഞു.

"ഞാൻ ഇന്നാണ് എത്തിയത്, കാര്യങ്ങളെല്ലാം അവളെ വിളിച്ചപ്പോൾ പറഞ്ഞു... ഒന്ന് നേരിട്ട് കാണാൻ വന്നതാ..."

അത് കേട്ടതും ജഗദീശൻ ഇടിതട്ടിയ തെങ്ങ് പോലെ നിന്നു പോയി.  ഇത്രയും നാൾ വിഷമിച്ചിട്ട് അവസാനം ഒന്ന് ഒത്ത് വന്നപ്പോൾ ദയയില്ലാത്ത ദൈവം വീണ്ടും തനിക്കിട്ട് പണി തരികയാണല്ലോ എന്നാലോചിച്ചതും അവശേഷിച്ചിരുന്ന നൂല് പോലത്തെ നിയന്ത്രണവും തെറ്റി.  കെട്ടാൻ പോകുന്ന പെണ്ണിന്റെ കാമുകനോട് സഹതാപം കാണിക്കാൻ സൂചികുത്താൻ പോലും സ്ഥലം അവന്റെ മനസ്സിലുണ്ടായിരുന്നില്ല.  അലറിക്കൊണ്ട് അവൻ പറഞ്ഞു.

"എഡാ‍ നായിന്റെ മോനെ, നീ ഓൾക്ക് വയറ്റിലുണ്ടാക്കിക്കൊഴുത്തു എന്നു പഴഞ്ഞാലും എനക്കൊരു $@$മില്ല... ഞാൻ ഈല്ന്ന് ഒഴിയൂല്ല.. നീ പോയി വേറെ ആളെ നോക്കെടാ പട്ടീ.."
“അല്ല, അങ്ങനെയല്ല
“നീ പോടാ… #$@%..  നിന്റെ @#$%&*

ജഗദീശന്റെ ഒച്ചത്തിലുള്ള വർത്താനവും അലർച്ചയും കേട്ടപ്പോൾ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ ചാടിവീഴുന്ന ആഡ്‌വെയറുകളെയും മാൽ‌‌വെയറുകളേയും പോലെ ചങ്ങാതിമാരെല്ലാം ഓടിവന്നു.  വിഷയമെന്താണെന്ന് നോക്കാതെ കമന്റിടുന്ന സോഷ്യൽ മീഡിയക്കാരെ പോലെ അവരൊക്കെ ചേർന്ന് വന്നവർക്കിട്ട് പെരുമാറാൻ തുടങ്ങി.  അതൊക്കെ കണ്ടപ്പോൾ ജഗദീശനും ട്രോളിങ്ങ് നിരോധനം നീക്കിയ ബോട്ടുകാരനെപ്പോലെ നല്ല ആവേശത്തിലായി.  ഇത്ര നാളും മുടങ്ങിപ്പോയതിന്റെ എല്ലാ ദ്വേഷ്യവും തീർക്കാൻ പറ്റിയ ഒരവസരമായിരുന്നത്.  വന്നവരുടെ പുറം കോൺഗ്രസുകാർ വേണ്ടി ബുക്ക് ചെയ്ത മതിലു പോലായി.  അടിക്കുന്ന കൈകൾ റെസ്റ്റെടുത്ത ഇടവേളയിൽ വന്നവർ ഓരോരുത്തരായി രക്ഷപ്പെട്ട് ഓടിപ്പോയി കാറിൽ കയറി പറപ്പിച്ച് വിട്ടു.  വീടെടുക്കുന്നയാൾക്ക് പൂഴി കിട്ടിയത് പോലെ ജഗദീശന്റെ സന്തോഷം പാകിസ്ഥാനും ചൈനയും നേപ്പാളും ബംഗ്ലാദേശും കടന്നുപോയി.  വിജയാഘോഷത്തിനായി രണ്ട് ഫുള്ള് വാങ്ങാൻ ബിവറേജസിലേക്ക് ഒരു ബൈക്ക് അന്നേരം സ്റ്റാർട്ടായി.  പവേർഡ് ബൈ ജഗദീശൻ സൺ ഓഫ് നീലാണ്ടൻ ആശാരി. 

പക്ഷേ മോൻ കെട്ടിക്കൊണ്ട് വരുന്ന പെണ്ണിന്റെ കൈയ്യിൽ നിന്ന് ഒരു ഗ്ലാസ്സ് കട്ടൻ ചായ കുടിക്കാനുള്ള യോഗം മിസ്റ്റർ ആൻഡ് മിസിസ്സ് നീലാണ്ടൻ ആശാരിമാർക്ക് എന്നിട്ടും ഉണ്ടായിരുന്നില്ല.  ഉറപ്പിച്ചിരുന്ന ആ കല്യാണവും അകാലചരമമടഞ്ഞു.  ഇത്തവണ മുടക്കിയവനെ ജഗദീശനും കൃത്യമായും വ്യക്തമായും അറിയാമായിരുന്നു, പക്ഷേ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു...

പെണ്ണിന്റെ ഗൾഫിലുള്ള ചേട്ടൻ നാട്ടിലെത്തിയ ഉടനെ നിയുക്ത അളിയനെ കാണാൻ വന്നേക്കുമെന്ന് വെള്ളമടിച്ച് പൂക്കുറ്റിയായിരിക്കുന്ന പാവം ജഗദീശൻ എങ്ങനെ അറിയാനാണ്...!!!