Sunday, March 28, 2010

പൊന്‍മുട്ടയിടുന്ന കറിവേപ്പില

നാട്ടിലെ വീട്ടുവളപ്പിലൊന്നും എത്ര വെച്ചുപിടിപ്പിച്ചിട്ടും പിടിക്കാത്ത ചെടിയായിരുന്നു കറിവേപ്പില.  പക്ഷേ പട്ടാളം നായരുടെ വീട്ടില്‍ നാലഞ്ച് വലിയ ചെടികളുണ്ട്.  നാട്ടുകാരൊക്കെ അവിടെ ചെന്നാണ്‌ കറിവേപ്പില പറിക്കുന്നത്.  നായര്‍ ആളൊരു പഞ്ചദുഷ്ടനാണ്‌.  ഇല പറിക്കാന്‍ പോയാല്‍ മൂപ്പരുടെ കണ്ണും മുഖവും വാടും.  പറിക്കണ്ടാന്നു വരെ ചിലപ്പോള്‍ പറയും.  പട്ടാളത്തില്‍ നിന്നും ഉയര്‍ന്ന പോസ്റ്റില്‍ റിട്ടയറായ ആളാണ്‌ ഇദ്ദേഹം. ആറടിയോളം ഉയരം, ഒരു ചുളിവു പോലും കണ്ടുപിടിക്കാനില്ലാത്ത ടി.ഷര്‍ട്ടും പാന്റ്സും. ചകിരി പിരിച്ചത് പോലുള്ള ചെമ്പന്‍ കൊമ്പന്‍ മീശ. സ്ലേറ്റ് പോലത്തെ കട്ടികണ്ണട, കൈയ്യിലൊരു നടവടി. തലയെടുത്ത് പിടിച്ചുള്ള സ്മാര്‍ട്ടായ നടത്തം, അഹങ്കാരത്തിന്റെ ആള്‍മരം.  ഇതാണ്‌ പട്ടാളം നായര്‍. കൂടുതല്‍ കാലവും പുറം നാട്ടിലായതിനാല്‍ സംസാരിക്കുമ്പോള്‍ മലയാളം മിക്സഡ് വിത്ത് ഇംഗ്ലീഷ് ആന്റ് ഹിന്ദി. നാട്ടുകാരുമായി അധികം ബന്ധമില്ലാത്തതിനാല്‍ സിറ്റുവേഷനനുസരിച്ച് പെരുമാറാന്‍ പോലും മൂപ്പര്‍ക്കറിയില്ല.  പട്ടാളം നായര്‍ വെരിഗുഡെന്ന പേരില്‍ ഫേമസ് ആവാനുള്ള കാരണവും ഇതൊക്കെ തന്നെ. 

ആല്‍ത്തറ മുക്കില്‍ ചായക്കട നടത്തുന്ന കാദര്‍ക്കയുടെ കടയില്‍ വെച്ചായിരുന്നു ആ പേരിടീല്‍ നടന്നത്.  ചായക്കട ഏതു നാട്ടിലേയും പോലെ സിമ്പോളിക്ക്.  ചായക്കും കടിക്കുമെല്ലാം നല്ല ചെലവുണ്ട്.  പക്ഷേ അതിനനുസരിച്ചുള്ള ഇന്‍കമിങ്ങ് മാത്രമില്ല.  കച്ചവടത്തിനു മാറ്റമൊന്നുമില്ലെങ്കിലും ഇരുന്നൂറു പേജിന്റെ പറ്റ് ബുക്ക് കാദര്‍ക്ക ഇടക്കിടക്ക് മാറ്റുന്നുണ്ട്.  ഒരു ദിവസം കാദര്‍ക്ക കച്ചോടത്തിന്റെ 'അഭിവൃദ്ധി'യോര്‍ത്ത് സങ്കടപ്പെട്ടിരിക്കുകയായിരുന്നു.  അപ്പോഴാണ്‌ പട്ടാളം നായര്‍ ടിപ്ടോപ്പായി ഒരു വാക്കിങ്ങ് സ്റ്റിക്കും പിടിച്ച് അവിടെയെത്തിയത്.

"ഖാദറേ കച്ചവടമൊക്കെ എങ്ങനെയുണ്ട്..?" പട്ടാളം കുശലം ചോദിച്ചു.
കാദര്‍ക്ക: "ഓ എന്ത് പറയാനാ.. വളരെ മോശമാ.."
ഉടനെ നായര്‍, "ഗുഡ്..."
"ആള്‍ക്കാരൊക്കെ കടം പറഞ്ഞിട്ട് പിന്നെ തരുന്നില്ല.."
നായര്‍: "ഗുഡ്.."
കാദര്‍ക്ക സങ്കടത്തോടെ, "ഇങ്ങനെ പോയാല്‍ കട പൂട്ടേണ്ടി വരും.."
നായര്‍ ഉടനെ വളരെ കൂളായി, "വെരി ഗുഡ്.."

ഇതൊക്കെ കണ്ടും കേട്ടിരിക്കുകയായിരുന്നു ആനക്കൈയ്യന്‍ ഭാസ്കരനും എല്ലന്‍ കരുണനും.  പട്ടാളം നായര്‍ക്ക് വെരിഗുഡെന്ന പേര്‍ അവര്‍ സ്പോട്ടില്‍ തന്നെ ആധാരമാക്കി രജിസ്റ്റര്‍ ചെയ്തു.  ആനക്കൈയ്യന്‍ഭാസ്കരന്‍കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഷേപ്പിലൊരു സാധനമാണ്‌. മൂപ്പരുടെ കൈ ആനയുടെ തുമ്പിക്കൈ പോലെയാണ്‌. എല്ലന്‍കരുണനെപറ്റി പറയാന്‍ അധികമില്ല. കണ്ടാല്‍ എല്ലുകള്‍ കൊണ്ടുണ്ടാക്കിയൊരു ബോള്‍ പെന്‍ പോലെ. രണ്ടു പേരും എപ്പോ നോക്കിയാലും ചങ്കും മങ്കും പോലെ ഒന്നിച്ചായിരിക്കും.  സ്കൂളിന്റെ മുന്നിലൂടെ ഇവരു പോകുമ്പോ ശാരദ ടീച്ചര്‍പിള്ളേരെ പുറത്തിറക്കി നിര്‍ത്തും. 10 എന്നെഴുതിയത് കാണിക്കാന്‍‍.  സ്വത്ത്, സ്ഥല, മര കച്ചവടം, പൂഴി ഏജന്‍സി, കല്യാണം നടത്തല്‍-മുടക്കല്‍ ഇങ്ങനെ ഇന്നതാണ്‌ പണി എന്നൊന്നുമില്ലതടിയനങ്ങാത്ത എന്തു പണിയും ഇവര്‍അറ്റന്‍ഡ് ചെയ്യും.  

യാതൊരു എന്‍ഗേജ്മെന്റുമില്ലാത്ത ദിവസം ഇവരു ഫുള്‍ബിസിയായിരിക്കും.  നാടന്‍ പരദൂഷണങ്ങളൊക്കെ അന്നാണ്റിലീസ് ചെയ്യുന്നത്നാട്ടിലെ ലോകവിവരമൊക്കെ ട്രാന്‍സ്മിറ്റ് ചെയ്യുന്നത് ഈ രണ്ട് ബഹുജന പ്രസ്ഥാനങ്ങളാണ്‌.  രാവിലെ എട്ട് മണിയാവുമ്പോ ചായക്കടയിലെത്തി നാട്ടുകാരുടെ ആറും നൂറും പറയാന്‍ തുടങ്ങും.  വളരെ ഹാപ്പിയായ രണ്ട് മാതൃകാ ജീവിതങ്ങള്‍.   മെയിന്‍ ട്രാന്‍സ്മിഷന്‍ സെന്ററാണ്‌ കാദര്‍ക്കാന്റെ ചായക്കടഇവരറിയാതെ നാട്ടിലൊരു ലീഫ് പോലും അനങ്ങില്ല.

ഒരു ദിവസം ആനക്കൈയ്യനും എല്ലനും ഇന്നു പണിയൊന്നുമില്ല എന്നാപ്പിന്നെ ആരെയെങ്കിലും പരദൂഷിക്കാമെന്ന് വെച്ചാ അതിനും ആരെയും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് ഡെസ്പായി  ഇരിക്കുകയായിരുന്നു. അപ്പോഴാണ്വെരിഗുഡ് നായരുടെ വീട്ടില്കറിവേപ്പില പറിക്കാന്‍പോയ നാണിയമ്മ അയാള്‍പറിക്കാന്‍സമ്മതിച്ചില്ലെന്നും പറഞ്ഞ് തിരിച്ച് പോകുന്നത് കണ്ടത്നൊട്ടയും നുണയും പറയാനൊരു മാറ്റര്‍കിട്ടിയ സന്തോഷത്തില്‍രണ്ടും വെരിഗുഡിനെ കുറ്റം പറയാന്‍തുടങ്ങി. പാവം നാണിയമ്മയോടിങ്ങനെ പെരുമാറാന്‍ വെരിഗുഡിനെപ്പോലൊരു ചെറ്റക്കേ പറ്റൂ എന്നും യാള്‍ക്ക് നാടുമായൊരു ബന്ധമില്ലാത്തതിന്റെ കുഴപ്പമാണിതെന്നും യാളോടൊക്കെ ദൈവം ചോദിക്കുമെന്നും അയാള്‌ തറയല്ല കൂതറയാണെന്നുമൊക്കെ രണ്ടുപേരും പറഞ്ഞു.  അപ്പോഴാണ്‌ സ്ഥലക്കച്ചവടവുമായി അവരെ കാണാന്‍ കുറച്ചാള്‍ക്കാര്‍ വന്നത്.  അതു കൊണ്ട് ചങ്കും മങ്കും അന്നത്തെ ദുഷിപ്പ് നിര്‍ത്തി അവരുടെ കൂടെ പോയി.

അന്ന് വൈകിട്ട് ആനക്കൈയ്യന്‍ വെരിഗുഡിന്റെ വീട്ടിലെത്തി.  കുറച്ച് വര്‍ത്തമാനം പറഞ്ഞതിനു ശേഷം പറഞ്ഞു.  


"അല്ല നായരേ, നിങ്ങളുടെ കറിവേപ്പില മരം കൊടുക്കുന്നോ.. നല്ല വില തരാം.."
"ങേ, കറിവേപ്പില അല്ലാതെ.. അതിന്റെ മരം ആരെങ്കിലും വാങ്ങുമോ..?" വെരിഗുഡ് ചോദിച്ചു.
"മരത്തിനല്ല നായരേ, അതിന്റെ വേരിനാണ്വില, കയറ്റി അയച്ചാല്‍നല്ല വില കിട്ടും.. കൊടുക്കുന്നോ.. ഒരു പാര്‍ട്ടിയുണ്ട്.."
"എന്തു കിട്ടും..?"
"ഒന്നിന്അയ്യായിരം വെച്ച് തരാം.."
"ങേ... " അത്ഭുതം കൊണ്ട് വെരിഗുഡ് വായ പൊളിച്ച് പോയി
"നിങ്ങള്പേപ്പറിലൊന്നും വായിക്കാറില്ലേ, നമ്മളെ നാട്ടിലെ വെള്ളകൂമനും ഇരുതല പാമ്പിനുമൊക്കെ ഗള്‍ഫില്‍ വലിയ ഡിമാന്റാണ്‌.  കറിവേപ്പിന്റെ വേരു കൊണ്ടാണ് വയാഗ്ര ഉണ്ടാക്കുന്നത് പോലും.."
"എന്നാ ശരി അഞ്ച് മരവും തരാം.. കാശ് എപ്പോ കിട്ടും..?"
"ഇന്നാ അഞ്ഞൂറു രൂപ അഡ്വാന്‍സ്. ബാക്കി മരം മുറിക്കുമ്പോള്തരും.."

അഞ്ഞൂറു രൂപ അഡ്വാന്‍സ് കൊടുത്ത് വാക്കാല്‍ കച്ചോടം ഉറപ്പിച്ച് ആനക്കൈയ്യന്‍ പോയിവെരിഗുഡിന്സന്തോഷം കൊണ്ട് അന്ന് ഉറക്കം വന്നില്ലവെറുതെ നാട്ടുകാര്‍പറിച്ചു കൊണ്ട് പോകുന്ന ചപ്പിനല്ലേ ഇരുപത്തിയഞ്ചായിരം രൂപ കിട്ടാന്‍പോകുന്നത്.   അതു മുറിച്ചാല്‍പിന്നെ വീട്ടില്‍ നാട്ടുകാരായ കണ്ട്രികളുടെ ശല്യവുമുണ്ടാവില്ല

പിറ്റേന്ന് വെരിഗുഡ്കറിവേപ്പില മരത്തിനെ നോക്കി പുഞ്ചിരിച്ച് കോലായിലിരിക്കുമ്പോഴാണ്അപരിചിതനായ ഒരാള്‍പടി കടന്ന് വരുന്നത് കണ്ടത്വന്നയാളുടെ പേര് ശങ്കു. പരിചയപ്പെടുത്തിയതിനു ശേഷം അയാള്‍നേരെ കാര്യത്തിലേക്ക് കടന്നു.  


"നിങ്ങളുടെ കറിവേപ്പില മരം കൊടുക്കുന്നോ..?"
"അയ്യോ അതു കൊടുത്ത് പോയല്ലോ..."
"എത്രക്ക്..?"
"അയ്യായിരം .."
"അതില്‍കൂടുതല്‍തന്നാലോ..?" ശങ്കു വില കൂട്ടി.
"എത്ര തരും..?" വെരിഗുഡിന് ആര്‍ത്തിമൂത്തു.
"ഒറ്റ വില.. ഒരെണ്ണത്തിന്പത്തായിരം തരും..." 
"ശരി. ശരി.. " വെരിഗുഡ് ആക്രാന്തത്തോടെ സമ്മതിച്ചു. അപ്പോഴാണ്ആനക്കൈയ്യനോട് അഡ്വാന്‍സ് വാങ്ങിയ കാര്യം ഓര്‍മ്മിച്ചത്.
"പക്ഷേ, ഞാന്‍ഒരാളോട് അഡ്വാന്‍സ് വാങ്ങിപ്പോയല്ലോ.."
"അതു തിരിച്ച് കൊടുത്താ മതി.. ഇതൊക്കെ നാട്ടില്‍ നടപ്പുള്ളത് തന്നെ.. കച്ചോടാവുമ്പോ ഇതൊക്കെയുണ്ടാവും...” 

ഇത്രയധികം കാശ് അധികം കിട്ടുമെന്നോര്‍ത്തപ്പോ വെരിഗുഡ് സമ്മതിച്ചു.  
"ഞങ്ങള്മറ്റന്നാള്‍വരുംഅപ്പോഴേക്കും ഒരു കാര്യം ചെയ്യണംമരമെല്ലാം പൊരിച്ച് അതിന്റെ വേരു കഴുകി ഉണക്കി വെക്കണം..."  അതും പറഞ്ഞ് ശങ്കു പോയി.

വെരിഗുഡ് ഉടനെ കാദര്‍ക്കയുടെ കടയിലെത്തി.  ആനക്കൈയ്യനും എല്ലനും അന്നത്തെ ബ്രേക്കിങ്ങ് ന്യൂസായ കൊല്ലന്‍ രാജപ്പന്റെ ഭാര്യ സരസുവിന്റെ ചുറ്റിക്കളി എയര്‍ ചെയ്യുകയായിരുന്നു.  വെരിഗുഡ് ആനക്കൈയ്യനെ വിളിച്ച് മാറ്റി നിര്‍ത്തി പറഞ്ഞു. "ഇന്നാ തന്റെ അഡ്വാന്‍സ്.. ഞാന്‍സാധനം വേറെയാള്‍ക്ക് സെയില്‍ ചെയ്തു." 

ആനക്കൈയ്യന്‍ സമ്മതിച്ചില്ല. മൂപ്പര്‍ ചൂടായി പറഞ്ഞു. "അതെന്ത് കച്ചോടാ നായരേ.. ആണുങ്ങള്‌ വാക്ക് പറഞ്ഞാ വാക്കല്ലേ.." 

വെരിഗുഡ് അതൊന്നും എനിക്ക് കേള്‍ക്കണ്ടാ എന്നും പറഞ്ഞ് കാശെടുത്ത് കൊടുത്ത് സ്ഥലം വിട്ടു.  വാക്കിനു വ്യവസ്ഥയില്ലാത്ത ഇയാളോടിക്കെ കച്ചോടം ചെയ്യാന്‍പോയ എന്നെ പറഞ്ഞാ മതിയെന്ന് പിറുപിറുത്ത് കൊണ്ട് ആനക്കൈയ്യന്‍അഡ്വാന്‍സ് തിരിച്ച് വാങ്ങി.

വെരിഗുഡ് ഉടനെ വീട്ടിലെത്തി ഒരു ജോലിക്കാരനെ കൊണ്ട് അഞ്ച് മരവും കുഴിച്ചെടുത്ത്  മണ്ടയ്ക്ക് മുറിച്ചെടുത്ത് വേരുകള്‍കഴുകി വൃത്തിയാക്കി ഉണക്കാന്‍വെച്ചുഎന്നിട്ട് ശങ്കുവിനേയും കാത്തിരുനു കാത്തിരിപ്പ് ഒരാഴ്ച നീണ്ടുശങ്കു വന്നില്ലരണ്ടാഴ്ചയായി.. ഒരു മാസമായി. ശങ്കുവിന്റെ അഡ്രസ്സില്ലകറിവേപ്പിലയുടെ വേരു ഉണങ്ങി എക്സിബിഷന്‍ ഹാളിലെ വേരുപ്രതിമ പോലെ മുറ്റത്ത് കിടന്നുക്ഷമ നശിച്ച വെരിഗുഡ് ആനക്കൈയ്യനെ കണ്ട് അയ്യായിരം രൂപക്ക് തരാമെന്നു പറഞ്ഞുപക്ഷേ ആനക്കൈയ്യന്‍ പഴയ കച്ചവടം മറന്നിട്ടില്ലായിരുന്നു. 

"അയ്യോന്റെ നായരേ, നിങ്ങളുമായിറ്റ് യാതൊരു കച്ചോടവുമില്ല." 

വെരിഗുഡ് ഗ്രൌണ്ടോളം താഴ്ന്നു.  വില പാതാളത്തോളം താഴ്ത്തി.  പക്ഷേ ആനക്കൈയ്യന്‍ ഒറ്റ വാക്കില്‍ ചാപ്റ്റര്‍ ക്ലോസ് ചെയ്ത് കൊണ്ട് പറഞ്ഞു.  "നിങ്ങള്‌ വെറുതെ തരാമെന്നു പറഞ്ഞാ പോലും ഇനി എനക്ക് വേണ്ട." 

"എന്റെ മരവും കാശും ഒക്കെ പോയല്ലോ ദൈവമേ.." വെരിഗുഡ് തല ഡൌണ്‍ ‌ലോഡാക്കി നടന്നു. മുഖ്യമന്ത്രിയുമായി സ്മാര്‍ട്ട് സിറ്റിയുടെ ചര്‍ച്ച കഴിഞ്ഞ് പോകുന്ന അറബിയുടേത് പോലെയായിരുന്നു മൂപ്പരുടെ ഫേസ്ബുക്ക്.  
പടം വര‍: എം.ആര്‍.രാജീവ് (മാതൃഭൂമി, കണ്ണൂര്‍)

Sunday, March 7, 2010

കറന്റ് മുടക്കിയ കല്യാണം

കുഞ്ഞമ്പുമാഷിന്റെ മകള്‍ ലക്ഷ്മി സെറ്റ് സാരിയുടുത്ത് അമ്പലത്തില്‍ നിന്നും ദീപാരാധന തൊഴുത് ഇറങ്ങുന്നത് കണ്ടപ്പോള്‍ ഹരിദാസന്‍ കെ.എസ്..ബി.ക്കാരെ നാലഞ്ച് തെറി പറഞ്ഞു. ലക്ഷ്മിയുടെ കല്യാണം കഴിഞ്ഞതില്‍ പിന്നെ അതൊരു പതിവാണ്. ലക്ഷ്മിയെ കാണണ്ട അവളുടെ പേര് കേട്ടാല്‍ പോലും ഹരിദാസന് കെ.എസ്..ബി.ക്കാരെ തെറി പറയും. ലക്ഷ്മിയും കെ.എസ്..ബി.ക്കാരും തമ്മിലെന്താ റിലേഷന്‍? ഹരിദാസന്റെയും ലക്ഷ്മിയുടേയും ഉറപ്പിച്ച കല്യാണം മുടക്കിയ വില്ലന്മാരാണ് കെ.എസ്..ബി.ക്കാര്. തന്റേതല്ലാത്ത കുറ്റത്തിന് ലക്ഷ്മിയെപ്പോലൊരു നല്ല കിടാവിനെ നഷ്ടപ്പെടേണ്ടി വന്നതിന്റെ സങ്കടത്തിലാണ് ഹരിദാസന്‍ കറന്റ് കമ്പനിക്കാരെ ചീത്ത വിളിക്കുന്നത്. ഇലക്ട്രിസിറ്റിക്കാര് ഒരു കല്യാണം മുടക്കുന്നത് ലോക വിവാഹ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

നാട്ടില്‍ തന്നെ സിമന്റ്, കമ്പി എന്നിവയുടെ ബിസിനസ്സായിരുന്നു ഹരിദാസന്. അതും നടത്തി ഹാപ്പിയായി ജീവിക്കുമ്പോഴാണ് കല്യാണം കഴിക്കണമെന്നു തോന്നിയത്. സുഖമായിട്ട് കഴിയുന്ന ചെറുപ്പക്കാരുടെ സിസ്റ്റം തകര്‍ക്കാനുണ്ടാക്കിയ വൈറസ്സാണല്ലോ കല്യാണം. അപ്പൂപ്പന്‍ താടി പോലെ പറമ്പിലും പൂവുകളിലുമൊക്കെ പാറിപ്പറന്ന് നടന്നിരുന്ന എത്രയെത്ര ചെറുപ്പക്കാരാണ് കല്യാണ മണ്ടത്തരത്തില്‍ ലൈഫ് വെയിസ്റ്റ് ലൈഫാക്കിയത്! കല്യാണമെന്നാല്‍ ഓവറായി കള്ളു കുടിച്ചത് പോലെയാണ്. അടിച്ചത് കൂടുതലായാല്‍ രാവിലെ പറയും ഇനിയൊരിക്കലും കുടിക്കില്ലെന്ന്. പക്ഷേ വൈകുന്നേരമാവുമ്പോഴേക്കും വീണ്ടും അടിക്കാന്‍ തുടങ്ങും.

അങ്ങനെ ഹരിദാസന്‍ കുറച്ച് പെണ്ണുകാണലൊക്കെ നടത്തി. ജാതകത്തിലെ പ്രോഗ്രാമ്മിങ്ങ് ശരിയല്ലാത്തത് കൊണ്ട് അതൊന്നും ഫിക്സായില്ല. അപ്പോഴാണ് ഹരിദാസന്റെ വീടിന്റെ ഒരു സ്റ്റോപ്പ് അപ്പുറത്തുള്ള കുഞ്ഞമ്പു മാഷിന്റെ മോള് ലക്ഷ്മിയുടെ പേരു ആരോ ഓര്മ്മിപ്പിച്ചത്.

ലക്ഷ്മി അതി സുന്ദരിയാണ്. ഗിരീഷ് പുത്തഞ്ചേരിയെഴുതി രവീന്ദ്രന്‍ ട്യൂണിട്ട് യേശുദാസ് പാടിയ പാട്ട് പോലെ. നിലാവുള്ള രാത്രിയില്‍ പുഴക്കരയില്‍ മലര്‍ന്ന് കിടക്കുന്നത് പോലെ. അവളെ കാണുന്നത് പോലുമൊരു അനുഭൂതിയാണു‍. ഏഴു തിരിയിട്ട് തെളിയിച്ച വിളക്ക് പോലും ലക്ഷ്മിയുടെ മുന്നില്‍ തോറ്റ് പോകും. സ്വഭാവമാണെങ്കില്‍ പ്രത്യേകിച്ച് പറയാനുമില്ല. ഗോള്‍ഡ് പോട്ടിനെന്തിനാ ബ്യൂട്ടി സ്പോട്ട്..!

റിട്ടയേഡ് സ്കൂള്‍ മാഷായ അച്ഛനും അമ്മയും അനിയനുമടങ്ങുന്നതാണ് കുടുംബം. കുഞ്ഞമ്പു മാഷ് ആള് നമ്മളേപ്പോലെ ഡീസന്റല്ല. കറന്‍സി നോട്ടില് കാണുന്നയാളെ പോലെയാണ് മാഷിന്റെ ലൈഫ്. മദ്യപാനം പുകവലി എന്നിവ ഉപയോഗിക്കില്ലെന്ന് മാത്രമല്ല, അമ്മാതിരി പാനികളെ കാണുന്നത് തന്നെ വെറുപ്പുമാണ്.

ഹരിദാസന്റെ ആലോചന കുഞ്ഞമ്പു മാഷിനും ഇഷ്ടമായി. ഹരിദാസനെ ആരും കുറ്റം പറയില്ല. കാണാനും മോശമില്ല. അടുത്ത സുഹൃത്തുക്കളുമായി ആരുമറിയാതെ വല്ലപ്പോഴും ഇത്തിരി മദ്യപാനിക്കും. കോളേജിലൊന്നും പഠിക്കാത്തതിനാല്‍ ലേഡീസില്‍ ഒട്ടും ഇന്ററസ്റ്റില്ല. അത് കൊണ്ട് ഒറ്റ സിം ഉള്ള മൊബൈല്‍ മതി. അധികം റീചാര്‍ജ്ജ് ചെയ്യുകയും വേണ്ട ആര്‍ക്കും ചാര്‍ജ്ജ് ചെയ്തു കൊടുക്കാനുമില്ല.

പെണ്ണുകാണലും പോക്കുവരവുമൊക്കെ പെട്ടെന്ന് കഴിഞ്ഞു. കൊടുക്കല് വാങ്ങലുകളും, പാരവെയ്പ്പും ഇല്ലാത്തതിനാല് കാര്യങ്ങളൊക്കെ പെട്ടെന്ന് മൂവ് ആയി. ഞായറാഴ്ച കല്യാണ നിശ്ചയവും അടുത്ത മുഹൂര്ത്തത്തില് കല്യാണവും നടത്താന് തീരുമാനമായി.

കല്യാണം നിശ്ചയിച്ചതിന് ചെലവ് ചെയ്യാത്തവരുണ്ടാകില്ലല്ലോ. അതു കൊണ്ട് അന്ന് രാത്രി കൂട്ടുകാര്‍ക്ക് നല്ല കോളായിരുന്നു. കല്യാണം ശരിയായതിന്റെ സന്തോഷത്തില്‍ ഹരിദാസനും, ഓസീയാര്‍ ഓസി കിട്ടിയതിനാല്‍ കൂട്ടുകാരും നല്ല കട്ടയ്ക്കാണ് അടിച്ചത്. തീരുമ്പോള്‍ രാത്രി പതിനൊന്ന് മണിയായി. വീടു വരെ കൊണ്ട് വിടാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും ഫിറ്റായാല്‍ പിന്നെ ആരെ പേടിക്കാനാ. അത് കൊണ്ട് വേണ്ടാന്നു പറഞ്ഞു ലുങ്കി അപ്സ്റ്റെയറിലേക്ക് മാടിക്കെട്ടി നടന്നു.

കുറച്ച് ദൂരം നടന്നപ്പോള്‍ കൂരാപ്പി ഇരുട്ട് കാരണം ഹരിദാസന് റോഡേത് കുഴിയേത് എന്നു മനസ്സിലാകാതെയായി. ഓരോ ജംഗ്ഷനിലും വലിയ മെര്‍ക്കുറി ലൈറ്റുകളുള്ളതിനാല്‍ അവിടെ നല്ല വെളിച്ചമുണ്ട്. അതു കഴിഞ്ഞാല്‍ കുറേ ദൂരം ഇരുട്ടത്ത് നടക്കണം. തലയിലും റോഡിലും ലോകം മുഴുവന്‍ ഇരുട്ടില്‍. മൂന്നാമത്തെ ലൈറ്റിന്റെ മുന്നിലാണ് വീട്. അതു കൊണ്ട് ലൈറ്റ് ലക്ഷ്യമാക്കി നടന്നു. ഇടയ്ക്ക് ലക്ഷിയെ ഓര്‍ത്തപ്പോള്‍ 'ലക്ഷ്മീ വാ വാ.. 'ലക്ഷ്മീ വാ വാ.. നീയെന് സൌഭാഗ്യം..' എന്ന പാട്ടും പാടി. പാട്ട് ഫസ്റ്റ് നൈറ്റില് പാടിയാല്‍ ലക്ഷ്മിക്കൊരു ഇമ്പ്രഷനും തനിക്കൊരു കമ്പ്രഷനുമായിരിക്കുമെന്ന് ഹരിദാസന് തോന്നി.

വീട്ടിലെത്തി കോളിങ്ങ് ബെല്ലടിച്ചു. വാതില്‍ തുറന്നു. മദ്യപിച്ചതിനാല്‍ വാതില്‍ തുറന്ന് തന്നതാരെന്ന് പോലും നോക്കാതെ മുഖം കുനിച്ച് ചുമരിനൊക്കെ സപ്പോര്‍ട്ട് കൊടുത്ത് നേരെ റൂമിലെത്തി. ലുങ്കി അഴിച്ചെറിഞ്ഞ് കട്ടിലിലേക്ക് വീണു. അപ്പോള്‍ കട്ടിലില് നിന്നാരോ അലറിക്കൊണ്ട് ചാടിപ്പിടഞ്ഞെണീറ്റു. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. ഹരിദാസന്റെ കണ്ണ് മഞ്ഞളിച്ചു. നിലാവത്ത് ഇറക്കിവിട്ട കോഴിയെപ്പോലെയായിരുന്നു അവന്. ഒന്നും മനസ്സിലായില്ല. കഷ്ടപ്പെട്ട് കണ്ണ് തുറന്ന് നോക്കിയപ്പോള്‍ ലക്ഷ്മിയുണ്ട് മുറിയില്‍ പേടിച്ച് വിറച്ച് നില്ക്കുന്നു!

ലക്ഷ്മി എങ്ങനെയാണപ്പ തന്റെ വീട്ടിലെത്തിയത്..? ഹരിദാസന്റെ ബ്രെയിനിലൊന്നും തെളിഞ്ഞില്ല. ആല്ക്കഹോളിക് വൈറസ്സ് തലയിലെ പ്രോഗ്രാമൊക്കെ താറുമാറാക്കിയിരുന്നല്ലോ. അവന്‍ ചോദിച്ചു. "കരളേ.. നമ്മളെ കല്യാണമെപ്പാ കയിഞ്ഞേ.. എന്റെ ലുങ്കിയോട്ത്തൂ..? അയ്യോ.. ഫസ്റ്റ് നൈറ്റും കയിഞ്ഞോ..?"

കുഞ്ഞമ്പുമാഷ് ഭാവി മരുമകന്റെ ലീലാ വിലാസങ്ങള്‍ കണ്ട് വാതില്ക്കല്‍ തന്നെ നില്പ്പുണ്ടായിരുന്നു. രാത്രി വിട വാങ്ങുന്നതിന് മുമ്പേ മാഷ് ഹരിദാസന്റെ ചീട്ട് കീറി. തന്റെ റെയ്ഞ്ച് കട്ടായതല്ല, കെ.എസ്..ബി.ക്കാര് ചെയ്ത ചതിയാ എന്നൊക്കെ നേരിട്ടും ദൂതന്മാരു മുഖേന പറഞ്ഞിട്ടും കുഞ്ഞമ്പുമാഷ് അലിഞ്ഞില്ല. ലക്ഷ്മിയാണെങ്കില്‍ പനിച്ച് കിടപ്പായിരുന്നു.


വീടിന്റെ മുന്നിലെ ലൈറ്റ് കേടായതിനാല്‍ കത്തുന്നുണ്ടായിരുന്നില്ല. ഹരിദാസന് അതറിയാതെ നടന്ന് എത്തിയത് ലക്ഷ്മിയുടെ വീട്ടിലായിരുന്നു..! പാവം.. ഹരിദാസന്‍! ജസ്റ്റ് പോസ്റ്റ് മിസ്സ്