Sunday, February 27, 2011

തനിപ്പകർപ്പ്

അമ്മായിയമ്മ മരുമകൾ റിലേഷൻഷിപ്പ് സർഫ് കുമിള പോലെയാണ്. പലപല നിറങ്ങളിൽ കാണാൻ നല്ല രസമായിരിക്കും. പക്ഷേ എപ്പോഴാ പൊട്ടുകയെന്ന് പറയാനാവില്ല. കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മായിയമ്മമാരുടെ ‘മോളേ..‘ന്നുള്ള വിളി കേട്ടാൽ പാലും തേനും വരെ നാണിച്ചു പോകും. ചില അമ്മായിയമ്മമാർക്ക് മകന്റെ ഭാര്യയോട് സ്വന്തം മോളേക്കാളും സ്നേഹമായിരിക്കും. മരുമകളെ കൊണ്ടുനടക്കാൻ കാലും വർണ്ണിക്കാൻ നാവും മതിയാവില്ല. മരുമക്കളും ഒട്ടും മോശമാക്കില്ല, ‘അമ്മേ…‘ന്ന് തികച്ചും വിളിക്കില്ല. പുറത്ത് പോയാൽ അമ്മായിയമ്മയ്ക്ക് പ്രത്യേകമായി എന്തെങ്കിലും വാങ്ങിയിരിക്കും. “അവിടത്തെയമ്മ ഇങ്ങനെയാണ്.. അവിടത്തെയമ്മ അങ്ങനെയാണ്..” എന്നിങ്ങനെ സ്വന്തം അമ്മയെ അമ്മായിയമ്മയുമായി കം‌പയർ ചെയ്ത്  കുറ്റം പറയുക വരെ ചെയ്യും. പക്ഷേ ഹണിമൂൺ കഷായമൂൺ ആവുന്നത് പോലെ അമ്മായിയമ്മ മരുമകൾ റൊമാൻസിനും അൽ‌പ്പായുസ്സായിരിക്കും.

ആനന്ദവല്ലിയും അമ്മായിയമ്മ ശാന്തമ്മയും കമ്പ്യൂട്ടറും മൌസും പോലെയായിരുന്നു. അമ്പലത്തിൽ പോകുമ്പോഴും റേഷൻ വാങ്ങാൻ പോകുമ്പോഴും എന്നു വേണ്ടാ, മുറ്റത്ത് ഇറങ്ങുന്നുണ്ടെങ്കിൽ ഒരുമിച്ചായിരിക്കും. രണ്ടുപേരേയും ഒന്നിച്ചല്ലാതെ കാണുന്നത് ബാത്‌റൂമിൽ പോകുമ്പോൾ മാത്രമാണ്. കെട്ടിയോനായ വിനോദന്റെ കൂടെ പോയതിനേക്കാൾ കൂടുതൽ അമ്മായിയമ്മയുടെ കൂടെയാണ് ആനന്ദവല്ലി പുറത്ത് പോയിട്ടുണ്ടാവുക. ആനന്ദവല്ലിയെക്കൊണ്ട് യാതൊരു പണിയും എടുപ്പിക്കില്ല, അവളുടെ മുടി ചീകിക്കൊടുക്കും, പേനെടുത്ത് കൊടുക്കും, നിലത്ത് വെക്കാതെ കൊണ്ട് നടക്കും. പരമ്പരാഗത അമ്മായിയമ്മ മരുമകൾ പോരുഗാഥകൾക്ക് കനത്ത വെല്ലുവിളിയായിരുന്നു ഇവർ രണ്ടു പേരും.

അവരുടെ സ്നേഹബന്ധത്തിന് പാര വെക്കാൻ പല സ്വന്തബന്ധുക്കളും ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. കണ്ണു കൊള്ളാതിരിക്കാൻ പോലും പേരിനൊരു വഴക്കോ മുഷിഞ്ഞൊരു സംസാരമോ രണ്ടു പേരും തമ്മിലുണ്ടായിട്ടില്ല. കുത്തിത്തിരിപ്പും പാരവെപ്പും മാത്രം ജീവിതോദ്ദേശ്യമാക്കി വേറൊന്നിലും ഇന്ററസ്റ്റില്ലാതെ കഴിയുന്ന അയലോക്കത്തെ ജാനുവമ്മ എന്ന ശകുനിയമ്മ മൂപ്പത്തിയുടെ സകല കഴിവുപയോഗിച്ച് ശ്രമിച്ചിട്ടും ഇവരെ തമ്മിൽ തെറ്റിക്കാൻ കഴിഞ്ഞില്ല. “ആ പരിപ്പ് ഇവിടെ വേവൂല്ല, ജാന്വേടത്തീ…” എന്ന് ശാന്തമ്മ തുറന്നടിക്കുകയും ചെയ്തു. നന്നായി ചമ്മിയെങ്കിലും, “എന്റെ ആവശ്യം വേണ്ടി വരും.. ഞാളിതെത്ര കണ്ടതാ“ എന്ന് മനസ്സിൽ പറഞ്ഞ് അവർ വിത്‌ഡ്രോ ചെയ്തു. ജാനുവമ്മ തോറ്റിടത്ത് പിന്നെ വേറാരും വർക്ക് ചെയ്തിട്ട് കാര്യവുമില്ല.

പക്ഷേ ചില സിനിമാ നടിമാരുടെ മധുവിധു പോലെ ആനന്ദവല്ലി-ശാന്തമ്മ ലവ് അഫയേഴ്സ് അധികം നീണ്ടു നിന്നില്ല. അവരെ പിരിച്ചത് ജാനുവമ്മയോ ബന്ധുക്കളോ മറ്റ് അസൂയാലുക്കളായ അയലോക്കക്കാരോ അല്ലായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ നാലാം മാസം ആനന്ദവല്ലി ഛർദ്ദിച്ചതിനു ശേഷമാണ് ശാന്തമ്മയും വല്ലിയും തമ്മിൽ ചെറിയ ഉരസലുകൾ തുടങ്ങിയത്. ആനന്ദവല്ലി സന്താനവല്ലിയാകാനുള്ള സിഗ്നൽസ് കാണിച്ചതും വിനോദൻ ആളാകെ മാറി. ലോകത്ത് ആദ്യമായി ഗർഭം ഉണ്ടായ പോലത്തെ കളിയായിരുന്നു പിന്നെ വിനോദന്റേത്. വല്ലിയുടെ വ്യാക്കൂൺ തീർക്കാനും ഗർഭശുശ്രൂഷക്കുമായി അവൻ ഫുൾ‌ടൈം വല്ലിയുടെ കൂടെ തന്നെയായി. ആഫീസിൽ നിന്നെത്തിയാൽ വല്ലിയുടെ പിന്നിൽ നിന്നും മുന്നിൽ നിന്നും മാറില്ല. തിന്നാനും കുടിക്കാനും കൊറിക്കാനുമായി ഒരുപാട് സാധനങ്ങൾ വാങ്ങിക്കൊണ്ടിടും. ചോറുണ്ണുമ്പോൾ ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കും. അടുക്കളപ്പണിയെടുക്കുന്നത് പോയിട്ട് കയറാൻ പോലും സമ്മതിക്കില്ല.

വിനോദന്റെ ഓവറായ ഭാര്യാസ്നേഹം ശാന്തമ്മയ്ക്ക് ഒട്ടും പിടിച്ചില്ല. അവർക്കും ഉണ്ടായിരുന്നല്ലോ ഒരു ഗർഭകാലം. ആ സമയത്ത് കെട്ടിയോനായ ഗോപാലാട്ടൻ അവരെ തിരിഞ്ഞ് നോക്കിയിരുന്നില്ല. അങ്ങനെയൊക്കെ അൽപ്പം വീതി കുറഞ്ഞ് (നേറോ മൈൻഡ്) ചിന്തിച്ചപ്പോൾ ശാന്തമ്മയുടെ മനസ്സിൽ ചെറിയ കാറ്റും കോളുമൊക്കെ ഫോം ചെയ്തു. ആയിടക്ക് രണ്ട് ദിവസം ശാന്തമ്മ സുഖമില്ലാതെ കിടന്നപ്പോൾ വിനോദൻ അതിനെപ്പറ്റി അന്വേഷിച്ചത് പോലുമില്ല. അതും കൂടി ആയപ്പോൾ ശാന്തമ്മ ഒരു സൈഡിലൂടെ കൊള്ളിച്ച് ചില കമന്റുകൾ എയ്ത് വിടാൻ തുടങ്ങി. ഇടക്കിടക്ക് പുച്ഛത്തിൽ ആരോടെന്നില്ലാതെ എന്നാൽ കറക്റ്റ് ഒബ്ജക്റ്റിൽ ചില ഡയലോഗുകൾ, ആമാശയം തുടച്ച് കോരിയൊരു കാറൽ, എക്സ്ട്രാ ലെങ്ങ്ത്തിലും സൌണ്ടിലും തുപ്പൽ, വിനോദൻ കെട്ടിക്കൊണ്ട് വരുന്ന പാക്കറ്റുകൾ കാണുമ്പോൾ എൻ‌.സി.പി.ക്കാരുടേത് പോലെ (ശരദ് പവാർ, എ.സി.ഷൺ‌മുഖദാസ്) ചിറികോട്ടൽ അങ്ങനെയൊക്കെ.

ആദ്യമാദ്യം വല്ലിക്ക് കാര്യം പിടികിട്ടിയില്ല. പിന്നെ തള്ളയുടെ ഏനക്കേട് മനസ്സിലായപ്പോൾ വിനോദന്റെ പരസ്യമായ സ്നേഹാക്രാന്തങ്ങൾക്ക് അവൾ വിലക്കേർപ്പെടുത്തി. മിണ്ടലും പറയലും തലോടലും ഓമനിക്കലുമെല്ലാം ബെഡ്‌റൂമിനുള്ളിൽ മാത്രമായി ക്ലിപ്തപ്പെടുത്തി. ആനന്ദവല്ലിക്ക് ഇടക്ക് ചിക്കൻഫ്രൈ കഴിക്കാൻ കൊതി മൂക്കുമ്പോൾ വിനോദൻ പാഴ്സൽ വാങ്ങി രഹസ്യമായി മുറിയിൽ കൊണ്ട് കൊടുക്കും. തിന്നതിന് ശേഷം വെയ്‌സ്‌റ്റ് ശാന്തമ്മ കാണാതെ പറമ്പിന്നതിരിലെ കുറ്റിക്കാട്ടിൽ കളയും. ഒരു ദിവസം ശാന്തമ്മ വെറുതെ പറമ്പിലൂടെ നടക്കുമ്പോൾ കോഴിക്കാലിന്റെ തിരുശേഷിപ്പുകൾ കണ്ടു. അന്നായിരുന്നു ലോകത്തെ ഏറ്റവും പ്രാചീന യുദ്ധമായ അമ്മായിയമ്മപ്പോരിന്റെ പ്രാദേശിക എഡിഷൻ ആ വീട്ടിൽ ഔദ്യോഗികമായി തുടക്കം കുറിച്ചത്. എതിർത്ത് നിൽക്കാൻ ഒരു വാക്കിന്റെ തരി പോലുമില്ലാത്തതിനാൽ വിനോദനും വല്ലിയേയും ആദ്യ അങ്കത്തിൽ തന്നെ ശാന്തമ്മ വെട്ടി നിരത്തി കിടത്തിക്കളഞ്ഞു. അതിനു ശേഷം രണ്ടുപേരുടേയും അമ്മയുമായുള്ള ഇടപെടലുകൾ വെറും ഔപചാരികതയ്ക്ക് വേണ്ടി മാത്രമായി മാറി.

അമേരിക്കയെ പോലെ എവിടെയെങ്കിലും കുഴപ്പമുണ്ടാക്കാൻ ചാൻസുണ്ടോന്ന് നോക്കി നടക്കുകയാണല്ലോ ജാനുവമ്മ. അയലോക്കത്ത് നിന്നും ചെറിയൊരു പുകയുടെ സ്മെൽ‌ കിട്ടിയതും അവർ രംഗത്തെത്തി കുഴിച്ച് വലുതാക്കാൻ തുടങ്ങി. ശാന്തമ്മയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ബില്യൺ ഡോളർ തെറി വാക്കുകളും പോർ അടവുകളും ആവശ്യത്തിന് സപ്ലൈ ചെയ്യാമെന്ന കരാർ നാവാൽ ഒപ്പിടുകയും ചെയ്തു. വല്ലി ബെഡ് റൂമിൽ റെസ്റ്റെടുക്കുമ്പോൾ പുറത്ത് ശാന്തമ്മയും ജാനമ്മയും പണ്ട് അവർ ഗർഭശ്രീമതിമാരായിരിക്കുമ്പോൾ നെല്ല് കുത്തിയതും, കട്ട ഉടച്ചതും, മൂരാൻ പോയതുമൊക്കെ അവൾ കേൾക്കാനായി ഒച്ചത്തിൽ പറയും. അമ്മായിയമ്മമാർ എന്ത് പറഞ്ഞാലും കെട്ടിച്ച് കൊണ്ട് വരുന്ന പെണ്ണ് ഭൂമിയോളം ക്ഷമിക്കണമെന്നല്ലേ പഴഞ്ചൊല്ല്. പക്ഷേ ആനന്ദവല്ലി ക്ഷമയുടെ നിറകുടം പോയിട്ട് സ്പൂൺ പോലുമായിരുന്നില്ല. അവളും ഇൻ‌ഡയരക്റ്റായി കൌണ്ടർ അറ്റാക്ക് നടത്തും. ഒന്ന് കൊളത്തിക്കിട്ടാത്തതിനാൽ അതൊന്നും വലിയ വിപ്ലവങ്ങളായി പരിണമിച്ചില്ല. അങ്ങനെ രണ്ട് പേരും പരമ്പരാഗതവും പരിപാവനവുമായ അമ്മായിയമ്മ-മരുമകൾ ബന്ധത്തിന്റെ പേരും പോരും നിലനിർത്തി. അപ്പോഴേക്കും ഏഴാം മാസമായത് കൊണ്ട് താൽക്കാലികമായ വെടി നിർത്തൽ ഉടമ്പടിയിൽ വല്ലി പ്രസവിക്കാനായി സ്വന്തം വീട്ടിലേക്ക് പോയി.

ആനന്ദവല്ലിയ്ക്ക് ഉണ്ടായതൊരു ആൺ‌കുഞ്ഞായിരുന്നു. വിനോദനും വല്ലിയും കറക്റ്റ് ഓഫ്‌വൈറ്റായിരിന്നിട്ടും കുഞ്ഞിന് കറുപ്പ് നിറമായിരുന്നു. കുഞ്ഞിന്റെ കളർ കുറഞ്ഞത് കണ്ടതും ശാന്തമ്മയുടെ മുഖത്തിന്റെ കളറും കുറഞ്ഞു. “ഞാൻ അങ്ങനെയാ.. എല്ലാം തൊറന്ന് പറയും അതോണ്ട് ആരും ഒന്നും ബിജാരിക്കല്ലേ...“ എന്ന മുൻ‌കൂർ ജാമ്യത്തിൽ ശാന്തമ്മ അത് പറയുകയും ചെയ്തു. അവരുടെ വർത്താനം ഒട്ടും ഇഷ്ടമായില്ലെങ്കിലും ആശുപത്രിയായത് കൊണ്ട് വല്ലിയും വീട്ടുകാരും തിരിച്ചൊന്നും പറഞ്ഞില്ല.

പ്രസവവും റെസ്റ്റും മരുന്നും പേരുവിളിയുമൊക്കെ കഴിഞ്ഞ് വല്ലിയേയും കുഞ്ഞിനേയും തിരികെ കൂട്ടിക്കൊണ്ട് വന്നു. ജാനുവമ്മയും അയലോക്കത്തെ പെണ്ണുങ്ങളും കുഞ്ഞിനെ കാണാൻ വന്നു. കുഞ്ഞിന് നിറം കുറവാണെന്ന ന്യൂസ് ശാന്തമ്മയിൽ നിന്നും കിട്ടിയതിനാൽ കണ്ടയുടനെ ജാനുവമ്മ ബാറ്റിങ്ങ് പവർപ്ലേ എടുത്തു. “ഇപ്പം ഏട്യങ്കിലും ഉണ്ടാ കറത്തെ കുട്ടി..! ഇദെന്ത്ന്നാന്നപ്പാ ഈ കുട്ടി മാത്രമിങ്ങനെ..! വിനൂനെ കാണാൻ എന്ത് നല്ല കളറാണ്… “ കുടുംബം കലക്കലിൽ വെൽ എക്സ്‌പർട്ടായിരുന്ന സഖ്യകക്ഷികളൊക്കെ അതിനെ പിന്താങ്ങി. കുട്ടിക്ക് വിനോദന്റെയത്ര നിറമില്ലെന്നും മൂക്കും താടിയും കൈയ്യും നഖവും പുരികവുമൊന്നും ഒന്നും അവന്റേത് പോലെയല്ലെന്നും അവരൊക്കെ തറപ്പിച്ചും ഉറപ്പിച്ചും ആശ്ചര്യമസാല ചേർത്ത് അപ്പറോമിപ്പറോം പറഞ്ഞു. അതൊക്കെ കേട്ടാൽ പിന്നെ ശാന്തമ്മയ്ക്കല്ല, തറവാട്ടിൽ പിറന്ന ഏത് അമ്മായിയമ്മക്കും വെറുതെ നിൽക്കാൻ പറ്റില്ലല്ലോ.

“എനക്കും തോന്നീനപ്പാ... ഇത് വിനോദന്റെ കുട്ടിയേ അല്ലാന്ന്… ആരതാന്ന് ആരിക്കറിയാപ്പാ… എന്റെ മോന്റെ വിധി ഇതായല്ലോ എന്റെ കടലായി കൃഷ്ണാ…” താടിക്ക് വലത് കൈ കൊണ്ട് എർത്തിങ്ങ് നടത്തി ശാന്തമ്മ വിലപിച്ചു. അവരുടെ സങ്കടത്തിൽ കഴിയുന്നത്ര പെട്രോളും മണ്ണെണ്ണയും മിക്സ് ചെയ്ത്, തീ എന്ന് പറഞ്ഞാൽ മാത്രം കത്തിപ്പോകുമെന്ന അവസ്ഥയിലാക്കിയിട്ട് ജാനമ്മയും കോറസും നിറമനസ്സുമായി പിന്നെയും പിന്നെയും വരാമെന്ന ഉറപ്പിൽ വീടിന്റെ പടികടന്നു പോയി.

അകത്തെ മുറിയിൽ ആനന്ദവല്ലി ഇതൊക്കെ കേട്ട് ചൂടായി പതച്ച്, തിളച്ച് പൊന്തി മറിയാൻ പാകത്തിൽ നിൽക്കുകയായിരുന്നു. സ്വാർത്ഥതാ വാഹകസംഘം പോയതും സെന്റർഹാളിന്റെ ചുവരിൽ കിടക്കുന്ന കാലം ചെയ്ത ഗോപാലാട്ടന്റെ ചില്ലിട്ട ഫോട്ടോ വലിച്ച് പറിച്ചെടുത്ത് ശാന്തമ്മയുടെ മുന്നിലെറിഞ്ഞ് പൊളിച്ച് കൊണ്ട് ആനന്ദവല്ലി അലറി.

“തള്ളേ… കൊറേ നേരായി ഞാൻ ഷെമിക്കുന്നു… ഇയാളെ പോലെന്നെയാണോ നിങ്ങളെ മോൻ.. അതോ അങ്ങേതിലെ രാഘവൻ നമ്പ്യാരുടേത് പോലെയോ…? പോട്ടേ പോട്ടേന്ന് വെച്ച് നിക്കുമ്പോ വെർതേ മേത്ത് കേരി കളിക്ക്വാ അല്ലേ… എന്റെ കാലിന്റെടേല് ഫോട്ടോസ്റ്റാറ്റ് മെഷിനൊന്നുമല്ല നിങ്ങള് പറയുന്ന പോലെ പെറാൻ…”

ചിത്രം: നാടകക്കാരൻ

Sunday, February 13, 2011

വാലന്റൈൻസ് ഡേ ഗിഫ്റ്റ്സ്

ടൌണിലെ പ്രശസ്തമായ സ്വാശ്രയ കോളേജിൽ എം.ബി.എ.ക്ക് പഠിക്കുന്നവരാണ് ഷീന ഷൺ‌മുഖനും, മെർലിനും, സബീനയും. അടുത്ത സുഹൃത്തുക്കളും ഒരേ ഹോസ്റ്റലിൽ ഒരേ മുറിയിൽ താമസിക്കുന്നവരുമാണ് ഈ ത്രിപുര സുന്ദരികൾ. മെർലിനും സബീനയും അടങ്ങിയൊതുങ്ങിയ സ്വഭാവക്കാരാണെങ്കിൽ ജസ്റ്റ് ഓപ്പസിറ്റാണ് ഷീന. നിറയെ വറൈറ്റി കാമുകൻ‌മാരുമായി ഒരു അടിപൊളി ലൈഫ്.

ഒരു വാലന്റൈൻ‌സ് ഡേ വൈകുന്നേരം…

മുറിയിൽ കടന്നയുടൻ ഷീന കൈയ്യിലുള്ള ബാഗും പ്ലാസ്റ്റിക് കവറും കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. ലാപ് ടോപ്പിൽ ചാറ്റ്പൂജ ചെയ്തിരിക്കുന്ന മെർ‌ലിനും ഒരു പുസ്തകം വായിക്കുകയായിരുന്ന സബീനയും അന്തം വിട്ട് ചോദ്യരൂപത്തിൽ നോക്കി. ചിരി നിർത്താതെ ഷീന കവറെടുത്ത് കാണിച്ചു കൊടുത്തു.

“എന്താടീ അത്..?” മെർലിൻ.

“ഇന്ന് വാലന്റൈൻസ് ഡേയല്ലേ… മൂന്ന് കൊരങ്ങൻ‌മാരുടെ ഗിഫ്റ്റുകളാണിത്…”

“ഒരു ദിവസം മൂന്ന് പേരുടെ കൂടെയോ..! എന്നെക്കൊണ്ട് വയ്യ ഇതൊന്നും കേൾക്കാൻ..” സബീന.

“വാലന്റൈൻസ് ഡെ ഒരു ദിവസമല്ലേയുള്ളൂ.. അതോണ്ട് മൂന്നെണ്ണമേ പറ്റിയുള്ളൂ..”

“എന്തൊക്കെയാ ഇദ്.. കാണട്ടെ…” മെർലിനും സബീനയും ചോദിച്ചു.

“നിങ്ങള് നോക്ക് അപ്പോഴേക്കും ഞാനൊന്ന് ഫ്രെഷായിട്ട് വരാം.” ഷീന അതും പറഞ്ഞ് ചുരിദാറിന്റെ പാന്റ്സും ടോപ്പും അഴിച്ച് കട്ടിലിലേക്ക് എറിഞ്ഞ് “സിൽ‌സിലാ ഹേ സിൽ‌സിലാ ഹേ…” എന്ന് പാടി ബാത്‌റൂമിലേക്ക് നടന്നു.

“ഇങ്ങനെയൊരു നാണമില്ലാത്ത സാധനം…” അവളുടെ അനാട്ടമി കണ്ട് സബീന കണ്ണുപൊത്തി.

കുളിച്ച് വന്ന് ഒരു നൈറ്റിയെടുത്തിട്ട് സഹമുറിയകളുടെ നടുവിലിരുന്ന് ഷീന ഗിഫ്റ്റുകൾ കാണിച്ച് കൊടുക്കാൻ തുടങ്ങി. ആദ്യത്തേത് ഒരു വാച്ച് ആയിരുന്നു. “ഇദ് എബിയുടേതാ.. അവനെ അറിയില്ലേ, എം.സി.ഏക്ക് പഠിക്കുന്ന… അച്ഛനുമമ്മയും ഗൾഫിൽ നല്ല സെറ്റപ്പിലാ... എന്റെ വോഡാഫോൺ നമ്പർ അവന്റേതാ. അവന് കൊടുത്ത ടൈം രാവിലെ എട്ട് മുതൽ പതിനൊന്ന് വരെയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് അവന്റെ കൂടെയായിരുന്നു...”

“ഇതാരുടേതാ ഈ ചുരിദാർ..?”

“റെജിയുടേതാ.. ഒരു മൊബൈൽ കമ്പനി റെപ്പാ.. വീട്ടിൽ വല്യ കാശൊന്നുമില്ല എന്നാലും അവന്റെ ശമ്പളം മുക്കാലും എനിക്കെന്നെ ചെലവാക്കുന്നുണ്ട്… എന്റെ ഐഡിയ ഫോൺ അവനെ മാത്രം വിളിക്കാൻ വാങ്ങിത്തന്നതാ… ഫോൺ വിളിക്ക് അവനും ചെലവില്ല.. അയ്യായിരം മിനിറ്റ് ഫ്രീയുണ്ട്…”

“അവനെപ്പോഴായിരുന്നു മോളേ ഡ്യൂട്ടി..?” മെർലിൻ.

“പതിനൊന്നര മുതൽ ടു.തേർട്ടി വരെ. ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് എബിയോട് പതിനൊന്നരക്ക് എന്നെ ബസ് സ്റ്റാൻ‌ഡിൽ വിടാൻ പറഞ്ഞു.… അപ്പോ ആ തെണ്ടിക്ക് എന്റെ കൂടെ മണപ്പിച്ച് ബസ് സ്റ്റാൻഡിലും വരണമെന്ന്.. ഓനെ ഒഴിവാക്കാൻ ഞാൻ പെട്ട പാട്…! ഒടുക്കം ബസ് സ്റ്റാൻഡിൽ അങ്കിളുണ്ട് നിന്നെ എന്ത് പറഞ്ഞാ പരിചയപ്പെടുത്തുക എന്നൊക്കെ പറഞ്ഞപ്പോൾ അവനൊന്ന് ഒതുങ്ങി.. അല്ലേലും അവനെപ്പോഴും സംശയമാ.. ഇടക്കിടക്ക് വിളിക്കും. പൊട്ടൻ.. ഇന്ന് തന്നെ ഞാൻ റെജിയുടെ കൂടെ ബൈക്കിൽ പോകുമ്പോ അത് കണ്ട് അവൻ വിളിച്ചു. അങ്കിളിന്റെ മോനാണെന്ന് പറഞ്ഞ് ഞാൻ രക്ഷപ്പെട്ടു… അവൻ ഇത്തിരി ഡേഞ്ചറാ...”

“ആരാ വിളിച്ചതെന്ന് റെജി ചോദിച്ചില്ലേ…?” സബീന.

“ഈ ആൺ‌മണ്ടൻ‌മാരെ പറ്റിക്കാൻ വളരെ എളുപ്പമാ.. എന്നെ വിശ്വാസമില്ലല്ലല്ലോന്നും പറഞ്ഞ് കരയുന്നത് പോലെ ആക്കിയാ മതി… പിന്നൊന്നും പറയില്ല. അമ്മ സത്യം അച്ഛൻ സത്യം, ഒണ്ടാകാൻ പോണ കൊച്ച് എന്നൊക്കെ സത്യം ചെയ്ത് പറഞ്ഞാ അതും വിശ്വസിച്ച്, പാലേ.. വാവേ.. മിൽ‌മേ.. ന്നൊക്കെ വിളിച്ച് പിന്നേം പിറകെ വന്നോളും. എന്നിട്ടും അടുക്കാത്തോനെ വിട്ട് കളയുന്നതാ നല്ലത്.. അവന്റെയൊക്കെ തലയിൽ എന്തെങ്കിലും ഉണ്ടാകും.. കൊറച്ച് ഗട്‌സ് ഉള്ളതിനെ പ്രേമിക്കാത്തതാ സേഫ്.. നമ്മളെ പോറ്റാൻ പൊട്ടൻ‌മാരെത്ര കിടക്കുന്നു വരി വരിയായി… പിന്നെ ലഞ്ച് സൂപ്പറായിരുന്നു, ഞാൻ ശരിക്കും വെട്ടി വിഴുങ്ങി”

ഷീന ചുരിദാർ മേത്ത് ചേർത്ത് പിടിച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ചരിഞ്ഞും മറിഞ്ഞും നോക്കുമ്പോൾ സബീന, “മൂന്ന് മണി മുതൽ അഞ്ച് മണി വരെയുള്ള ഷിഫ്റ്റിന്റെത് നോക്കട്ടെ….” എന്നു പറഞ്ഞ് മൂന്നാമത്തെ ഗിഫ്റ്റ് പാക്ക് തുറന്നതും, “അയ്യോടീ…” എന്ന് അത്ഭുതപ്പെട്ടു.

“അത് അനുപേട്ടന്റെ വക മോതിരമാ... അറിയില്ലേ… പത്രത്തിൽ ജോലി ചെയ്യുന്ന..? എയർടെൽ നമ്പർ മൂപ്പരുടേതാ. ഭാര്യയും മക്കളുമുണ്ട്. എന്നാലുമെന്നോട് ഭയങ്കര സ്നേഹാ… എനിക്കും ഇങ്ങേരെയാ കൂടുതലിഷ്ടം… ഈ കല്യാണം കഴിച്ചവൻ‌മാരെ പ്രേമിക്കുന്നതാ നമ്മക്ക് നല്ലത്.. കെട്ടണംന്ന് പറയില്ല, എവിടെ പോണെങ്കിലും വിളിച്ച് പറഞ്ഞാ മതി, ഭാര്യേം മക്കളേം പോലും വിട്ട് കാറെടുത്ത് വരും… യാതോരു റിസ്കുമില്ല… കാശിനും വിഷമമില്ല. ഇദ് ഞാൻ കൊറേ നാള് കൊണ്ട് പോക്വല്ലോ…”

ഷീനയുടെ ഡയലോഗുകൾ കേട്ട് മടുത്ത് മെർലിൻ കട്ടിലിലേക്ക് ചാഞ്ഞു. അത് കണ്ട് ഷീന ചോദിച്ചു. “ഇവക്കെന്താ ഒരു ക്ഷീണം..? എന്ത് പറ്റിയെടീ, മാവേലി വന്നോ നിനക്ക്…?”

മെർലിൻ ലജ്ജയോടെ “ഛീ…” എന്ന് മുഖം തിരിച്ചിട്ട് പറഞ്ഞു “എടീ ഇതൊന്നും അത്ര നല്ലതല്ല, പ്രണയമൊക്കെ ആവാം ഒരാളോട് സിൻസിയറായി..”

“ഓ.. നീ അത്രക്ക് ഡീസന്റാവണ്ടാ… ഒക്കെ എനിക്കറിയാം. നിന്റെ ചാറ്റൽ മഴ എന്തായി?” അത് ഷീനക്ക് തീരെ പിടിച്ചില്ല

“അത് നിന്നെ പോലെ തമാശയൊന്നുമല്ല., ദിസീസ് എ മച്വേഡ് റിലേഷൻ… ഞങ്ങൾ സീരിയസാണ്. അത്തരം കാര്യങ്ങളേ സംസാരിക്കാറുമുള്ളൂ…” മെർലിൻ ചൊടിച്ചു.

“ആണോ… ഇന്റർനെറ്റിലോ..? അങ്ങനത്തെ ആളുകളോ… ഹഹ.. എങ്കിൽ അവനെയൊന്ന് കാണട്ടെ…”

“കാണിച്ച് തരാം.. നീ കക്ഷിയെ വളക്കരുത്… “

“അയ്യോ.. വേണ്ടായേ.. ഇപ്പോ തന്നെ എന്റെ ഡയറക്ടറി ഫുള്ളാ.. തൽക്കാലത്തേക്ക് പുതിയ അപ്പോയിന്റ്മെന്റൊന്നുമില്ല. അല്ലെങ്കിലും ഇനി ഒരു രാഷ്ട്രീയക്കാരനെയേ ഞാൻ പിടിക്കൂ, അതായാൽ വല്യ നേതാവാകുമ്പോ പണ്ട് പീഢിപ്പിച്ചെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താലോ… നീ അവന്റെ പടം കാണിച്ച് താ…”

മെർ‌ലിൻ ഫേസ്‌ബുക്കിൽ അവളുടെ കൂട്ടുകാരന്റെ പ്രൊഫൈൽ കാണിച്ചു. അത് കണ്ടതും ഷീന തലയറഞ്ഞ് ചിരിക്കാൻ തുടങ്ങി. കാര്യം പറയെടീന്നും പറഞ്ഞ് മെർ‌ലിൻ ചൂടായി.

“എടീ ഇവൻ നിന്നെ എങ്ങനെ ആദ്യം പരിചയപ്പെട്ടെന്ന് ഞാൻ പറയട്ടെ..?”

ഒട്ടും ഇഷ്ടപ്പെടാതെ മുഖം ചുളിച്ച് മെർലിൻ അവളെ നോക്കി.

“എടീ… ഇവൻ നിന്നോട് ഇങ്ങനെയല്ലേ ഫസ്റ്റിൽ പറഞ്ഞേ…., മാഡം, നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.. പത്ത് വർഷത്തിന് മുൻ‌പ് ലളിത കലാ അക്കാദമി ഹാളിൽ ചിത്ര പ്രദർശനം കാണാൻ വന്ന മൂന്ന് പെൺകുട്ടികളിൽ ഒന്ന് നിങ്ങളായിരുന്നോ… അപ്പോ നീ പറഞ്ഞു അല്ലെന്ന്.. അപ്പോ അവൻ…, അല്ലെന്നോ.. ഓ.. ഞാൻ തെറ്റിദ്ധരിച്ചതായിരിക്കും.. ബൈ ദി ബൈ.. നമുക്ക് നല്ല ഫ്രന്റ്സായിക്കൂടേ… എടീ തൃശൂരുള്ള നിന്നോടും കണ്ണൂരുള്ള എന്നോടും അവനത് തന്നെയാ പറഞ്ഞത്… അക്കാദമി ഹാൾ ടൌൺ ഹാളായെന്ന് മാത്രം… ഇതവന്റെ സ്ഥിരം നമ്പറാ.. അവന്റെയൊരു ചേരി കളഞ്ഞ തേങ്ങ പോലത്തെ താടിയും ഇളിഞ്ഞൊരു ചിരിയും.. ശരിയല്ലേടീ… അങ്ങനെ അല്ലേ പറഞ്ഞത്..? പറ…”

ചമ്മലോടെ മെർ‌ലിൻ മുഖം കുനിച്ചിരുന്നു. ഷീനയും സബീനയും പൊട്ടിപ്പൊട്ടിച്ചിരിക്കെ, മെർലിൻ ‘റിമൂവ് ദിസ് ഫ്രന്റ്’ ബട്ടണിൽ ക്ലിക്കി.

ഒരു മാസത്തിന് ശേഷം ഹോസ്റ്റൽ മുറിയിലെ ഒരു ദിവസം രാവിലെ …..

എഴുന്നേറ്റയുടനെ ഷീന ബാത്‌റൂമിലേക്ക് ഓടി ഛർദ്ദിക്കാൻ തുടങ്ങി. അൽ‌പ്പം കഴിഞ്ഞ് ക്ഷീണിച്ച് തളർന്ന് വന്ന് കട്ടിലിലിരുന്നു. “എന്ത് പറ്റിയെടീ…” അവളുടെ പുറകിൽ തടവിക്കൊടുത്ത് കൊണ്ട് സബീനയും മെർലിനും ചോദിച്ചു. ഷീന ഒന്നും മിണ്ടാതെ കണ്ണുംതള്ളി ഇരുന്നു. കുറേ തവണ കുത്തിക്കുത്തി ചോദിച്ചിട്ടും അവൾ ഒന്നും പറഞ്ഞില്ല.

മെർലിനും സബീനയും പരസ്പരം നോക്കി. “ഇദും വാലന്റൈൻസ് ഡേ ഗിഫ്റ്റാണെന്ന് തോന്നുന്നു…” മെർലിൻ പറഞ്ഞു.

“അതെ, മേ ബീ.. നാലാമത്തെ ഗിഫ്റ്റ്…” സബീന പൂരിപ്പിച്ചു.