Monday, March 9, 2009

രണ്ടു സുഹൃത്തുക്കള്‍ക്കിടയില്‍ എന്റെ ജീവിതം

സഹദേവനു വേണ്ടിയുള്ള രണ്ടാം പെണ്ണു കാണലിന്റെ കഥ വളരെ രസകരമാണു. മുല്ലക്കൊടി എന്ന സ്ഥലത്ത് എഞ്ചിനീയറിങ്ങിനു പഠിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടെന്ന രഹസ്യ വിവരം കിട്ടിയതനുസരിച്ച് ഒരു ഞായറാഴ്ച സഹദേവനും, ഡൂഡുവും, ഞാനും കാറെടുത്ത് പുറപ്പെട്ടു. ഒരു നല്ല കാര്യത്തിനു മൂന്നു പേര് മാത്രം പോകുന്നത് ശുഭ ലക്ഷണമല്ല എന്നു എനിക്ക് തോന്നി. ഞാന്‍ അതു സഹദേവനോട് പറഞ്ഞു.

''എടാ.. മൂന്നു പേരു മാത്രം ഒരു വഴിക്കു പോകുന്നത് ശരിയല്ല. നമുക്ക് ഒരാളെ കൂടെ കൂട്ടാം..''
''അതൊക്കെ വെറും അന്ധവിശ്വാസമല്ലേ… എനിക്കതിലൊന്നും വിശ്വാസമില്ല.. എന്നാലും നിനക്ക് നിര്‍ബ്ബന്ധമാണെങ്കില്‍ ആരെയെങ്കിലും കൂട്ടിക്കോ..'' കല്ല്യാണം കഴിക്കുന്നതിനു മുമ്പത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ സഹദേവനും തികഞ്ഞ പുരോഗമനവാദിയായി.
''അല്ല, നീ വിശ്വാസത്തിനെയൊന്നും തള്ളി പറയണ്ട, ഇതിലൊക്കെ വലിയ ശാസ്ത്ര സത്യങ്ങളുണ്ട്. അതു കൊണ്ട് ഒരാളെ കൂടെ കൂട്ടാം.'' ഞാന്‍ പറഞ്ഞു.

അപ്പോഴേക്കും വണ്ടി അമ്പലത്തിന്റെ അടുത്തെത്തിയിരുന്നു. ഞായറാഴ്ച്ച ആയിരുന്നിട്ടും ഒറ്റയൊരുത്തനും അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കൂടെ എല്‍.പി.സ്കൂളില്‍ പഠിച്ച വേലായുധന്‍ മാത്രം ഒരു കാവി ലുങ്കിയും ഷര്‍ട്ടുമിട്ട് സന്യാസിയെപ്പോലെ ആല്‍ത്തറയില്‍ ഇരിപ്പുണ്ട്. വേലായുധന്‍ ഏഴാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി പല പല ജോലി ചെയ്ത് ഇപ്പോള്‍ നാട്ടില്‍ തന്നെ 'ഉയര്‍ന്ന നിലയില്‍' ജോലി ചെയ്യുന്നു. അതായത് കള്ളു ചെത്താണു തൊഴില്‍. അഞ്ചടി ഉയരം, പേട്ട ബസ്സിന്റെ കട്ട പോലത്തെ ശരീരം, ലൈഫ് വാറന്റിയുള്ള ബ്ലാക്ക് കളര്‍.

''നമുക്ക് വേലായുധനെ കൂടെ കൂട്ടാം..''
''ഇവനോ, വേറെ ആരുമില്ലേ..'' വേലായുധനു ഗ്ലാമര്‍ കുറവായത് കാരണം സഹദേവനു തീരെ പിടിച്ചില്ല.
''ഇനി ആരെയെങ്കിലും പോയി വിളിച്ചു കൊണ്ടു വരുമ്പോള്‍ സമയം വൈകും. ഇന്നു കുറേ കേസ് അറ്റന്‍ഡ് ചെയ്യേണ്ടതാ..'' ഞാന്‍ പറഞ്ഞു.
''വേലായുധേട്ടനാകുമ്പോള്‍ ആരുടേയും കണ്ണും തട്ടില്ല..ഹ..ഹ..ഹ..'' ഡൂഡു പൊട്ടിച്ചിരിച്ചു.
''എന്നാ നിന്റെ ഇഷ്ടം പോലെ ചെയ്യു...'' സഹദേവന്‍ സമ്മതിച്ചു.
''വേലായുധാ, നീ ഇങ്ങു വാ ഒരു സ്ഥലം വരെ പോകാനുണ്ട്….'' ഞാന്‍ കാറിലിരുന്നു കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു.
അവന്‍ വേഗം ലുങ്കിയും മാടി കുത്തി ഓടി വന്നു പിറകില്‍ സഹദേവന്റെ അടുത്ത് ഇരുന്നു.
''എടാ, നമ്മള് സഹദേവനു പെണ്ണു കാണാന്‍ പോകുകയാ..'' കാര്‍ മുന്നോട്ടെടുക്കുന്നതിനിടയില്‍ ഞാന്‍ വേലായുധനോട് പറഞ്ഞു
'' അയ്യോ, ഞാന്‍ അടിയിലൊന്നും ഇട്ടിട്ടില്ല…'' വേലായുധന്‍ മടിച്ചു മടിച്ച് പറഞ്ഞു.
''ഓ, അതൊന്നും അവിടെ ആരും ചെക്ക് ചെയ്യാന്‍ പോകുന്നില്ല... ഹ.. ഹ.. ഹ... '' ഡൂഡു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.
''നീ പോയി ലുങ്കി മാറ്റി പേന്റ് ഇട്ടു വാ..'' സഹദേവന്‍ വേലായുധനോട് പറഞ്ഞു.
''പേന്റോ... ഞാനോ? ഞാനിതു വരെ പേന്റ് ഇട്ടിട്ടേയില്ല...'' വേലായുധന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
''കാവി ലുങ്കിയൊക്കെ മതി, ഇതും ഉടുത്ത് ഞങ്ങള് കോഴിക്കോട് വരെ പോകാറുണ്ട്, അല്ലേ വേലായുധാ...'' ഞാന്‍ പറഞ്ഞു.

മുഖം ഒട്ടും തെളിഞ്ഞില്ലെങ്കിലും പിന്നെ സഹദേവന്‍ ഒന്നും പറഞ്ഞില്ല. കുറച്ച് സമയത്തിനു ശേഷം ഞങ്ങള്‍ പെണ്ണു വീട്ടിലെത്തി. പഴയ ഓടിട്ട ഇരു നില വീട്. വരാന്തയില്‍ കയറി ബെല്ലടിച്ചു, പെണ്ണിന്റെ അച്ഛനാണ് വാതില്‍ തുറന്നത്. അയാളോട് വന്ന കാര്യം പറഞ്ഞു. ഉടനെ തന്നെ വരൂ, അകത്തിരിക്കാം എന്നു പറഞ്ഞു സ്വീകരിച്ച് അകത്തേ മുറിയിലേക്കിരുത്തി. ഞാനും ഡൂഡുവും വേലായുധനും ഒരു സോഫയിലാണു ഇരുന്നത്. സഹദേവന്‍ വേറെ കസേലയിലും. ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടു. പെണ്ണിന്റെ ആങ്ങളമാര്‍ രണ്ടും പട്ടാളത്തിലാണു. അച്ഛനുമമ്മയും ഗവണ്‍മെന്റ് ജോലിക്കാരും. അവര്‍ക്ക് സഹദേവനെ ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടു എന്നു മുഖങ്ങളിലെ തിളക്കം കണ്ടപ്പോള്‍ മനസ്സിലായി. സഹദേവനെ ആരും ഒരു കുറ്റവും പറയില്ല. ഒത്ത ഉയരവും കട്ടി മീശയുമായി ഫുള്‍ ഗ്ലാമര്‍ ആണു.

കുറച്ച് കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി ഒരു ട്രേയില്‍ ചായയുമായി വന്നു. വെളുത്ത് കൊലുന്നനെയുള്ള ശരീരം, അതി സുന്ദരി. ചുരിദാറാണു വേഷം. അവള്‍ പതുക്കെ നടന്നു വന്നു സഹദേവനു ചായ കൊടുത്തു, പിന്നെ ഞങ്ങള്‍ക്കു നേരെ ട്രേ നീട്ടി. എല്ലാവരും ചായ ഏടുത്തു. അവള്‍ പിന്തിരിഞ്ഞു വാതിലിന്റെ സമീപം ചെന്നു നിന്നു. ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ ഡൂഡുവിന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു വേണ്ടത് എല്ലാമില്ലേ എന്നു ശരിക്ക് നോക്കിക്കോളൂ. അവന്‍ ചമ്മിയ ചിരി ചിരിച്ചു. പെണ്‍കുട്ടി അവിടെ നിന്നും ഇടക്കിടക്ക് എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇനി എന്നെയെങ്ങാനുമാണോ ഇവള്‍ക്ക് ഇഷ്ടപ്പെട്ടത് ? ഏയ്, ഒരു മാതിരിയുള്ള പെണ്‍കുട്ടികള്‍ക്കൊനും അങ്ങനത്തെ തെറ്റ് പറ്റാറില്ലല്ലോ!!

പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാന്‍ സഹദേവനോട് പറഞ്ഞിട്ട് ഞങ്ങള്‍ മൂന്നു പേരും വരാന്തയിലേക്കിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ അവന്‍ തിരിച്ചു വന്നു. മുഖം പവര്‍കട്ട് കഴിഞ്ഞു കറന്റ് വന്നത് പോലെ. ഞാന്‍ പെണ്ണിന്റെ അച്ഛനോട് ജാതക കുറിപ്പിനു ചോദിച്ചു. അയാള്‍ അലമാരയില്‍ നിന്നും ദോശ ചുട്ടതു പോലെ ഫോട്ടോസ്റ്റാറ്റ് എടുത്ത് അട്ടിക്ക് വെച്ചതില്‍ നിന്നും ഒരെണ്ണം എടുത്തു തന്നു. വിവരം പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഞങ്ങള്‍ കാറില്‍ കയറി പുറപ്പെട്ടു.

''നീ വണ്ടി നേരെ ഏതെങ്കിലും ജ്യോല്‍സ്യരുടെ അടുത്തേക്ക് വിട്… ഇതു ശരിയാകുമെങ്കില്‍ വേറെ ഒന്നും നോക്കണ്ട.'' സഹദേവന്‍ സന്തോഷത്തില്‍ പറഞ്ഞു. ഞാന്‍ അടുത്തുള്ള ജ്യോത്സ്യന്റെ അടുത്തേക്ക് വണ്ടി വിട്ടു. ജാതകം നോക്കിയപ്പോള്‍ പത്തില്‍ ഏഴു പൊരുത്തം. എല്ലാവര്‍ക്കും വലിയ സന്തോഷമായി. വൈകിട്ട് ചുവപ്പു വെള്ളം വാങ്ങിത്തരാമെന്നു പറഞ്ഞു വേലായുധനെ ആല്‍ത്തറയില്‍ തന്നെ ഉപേക്ഷിച്ചു നേരേ സഹദേവന്റെ വീട്ടിലേക്ക് തിരിച്ചു.

അവിടെയെത്തി അച്ഛനുമമ്മയോടും പെണ്ണിനെ ഇഷ്ടപ്പെട്ടു എന്നും, ജാതകമൊക്കെ ഓ.കെ. ആണെന്നും അറിയിച്ചു. പിന്നെ കാര്യങ്ങളെല്ലാം നടന്നത് സെവാഗിന്റെ ബാറ്റിങ്ങ് പോലായിരുന്നു. പന്തു എറിയുന്നു, ബാറ്റില്‍ കൊള്ളുന്നു, ബോള്‍ ഗാലറിയിലേക്ക് പറക്കുന്നു. ബുധനാഴ്ച സഹദേവന്റെ അച്ഛനുമമ്മയും ബന്ധുക്കളും പെണ്ണിനെ ചോദിക്കാന്‍ പോകുന്നു, ഞായറാഴ്ച പെണ്ണിന്റെ അച്ഛനും ബന്ധുക്കളും വരുന്നു, ചെറുക്കനേയും വീട്ടുകാരേയും കാണുന്നു. പരസ്പരം വാക്കു കൊടുക്കുന്നു. അടുത്ത ഞായറാഴ്ച്ച കല്ല്യാണ നിശ്ചയം തീരുമാനിക്കുന്നു.

കാര്യങ്ങളൊക്കെ പെട്ടെന്നു റെഡിയായതില്‍ എല്ലാവരും വളരെ സന്തോഷിച്ചു. സഹദേവന്‍ നിശ്ചയത്തിന്റെ തലേന്നു ശനിയാഴ്ച വരാമെന്നു പറഞ്ഞു ഞായറാഴ്ച രാത്രി ബാംഗ്ലൂരിലേക്ക് പോകാന്‍ റെഡിയായി. യാത്രയാക്കാന്‍ ഞാനും കൂടെ പോയി.

''എടാ അവളുടെ നമ്പര്‍ അറിയില്ലല്ലോ.. ഒന്നു വിളിക്കാന്‍ കൊതിയാവുന്നു.'' ബസ്സില്‍ കയറുന്നതിനു മുമ്പ് അവന്‍ വിഷമത്തോടെ പറഞ്ഞു.
''അതു നിശ്ചയത്തിന്റെയന്നു വാങ്ങാമെടാ, അതു കഴിഞ്ഞാല്‍ പെണ്ണു നമ്മളുടേതല്ലെ, പിന്നെ ഇഷ്ടം പോലെ വിളിക്കാമല്ലോ.. ഒരാഴ്ചയല്ലേ ഉള്ളു, നീ ഷെമി..'' ഞാന്‍ അവനെ ആശ്വസിപ്പിച്ചു.
''എന്നാ പിന്നെ നമുക്ക് ശനിയാഴ്ച കാണാം...'' സഹദേവന്‍ ബസ്സിലേക്ക് കയറി സ്റ്റെപ്പില്‍ നിന്നു പറഞ്ഞു.
''നീ കുപ്പി കൊണ്ടു വരാന്‍ മറക്കണ്ട, നമുക്ക് നിശ്ചയം അടിച്ചു പൊളിക്കണം, മുഴുവന്‍ ഫ്രന്റ്സിനോടും നീ തന്നെ വിളിച്ചു പറയണം കേട്ടൊ..''
''അതെല്ലാം ഏറ്റു.. നീ പറ്റുമെങ്കില്‍ അവളെ... പെണ്ണിനെ... കണ്ട് ഞാന്‍ അന്വേഷിച്ചതായി പറയണേ..'' സഹദേവന്‍ ബസ്സ് മൂവ് ചെയ്യുന്നതിനിടയില്‍ പറഞ്ഞു.
''ഓക്കേടാ...'' കുറുക്കനെയാണല്ലോ സഹദേവാ നീ നിന്റെ കോഴിക്കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ചതെന്നു മനസ്സിലോര്‍ത്ത് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.

പറഞ്ഞത് പോലെ ശനിയാഴ്ച രാവിലെ തന്നെ അവന്‍ എത്തി. ഞാനും അവനും കൂടി കടത്തി കൊണ്ടു വന്നിരുന്ന കുപ്പികള്‍ ഡൂഡുവിന്റെ കണ്ണില്‍പെടാത്ത സ്ഥലത്തേക്ക് മാറ്റി. വെറുതേ ചെറുപ്പക്കാരുടെ ചങ്ക് വാട്ടണ്ട. അന്നു പകല്‍ വേലായുധനെ ഉള്‍പ്പെടെ കുറേ സുഹ്രുത്തുക്കളെ കണ്ടു കല്യാണ നിശ്ചയത്തിനു ക്ഷണിച്ചു. പൊകേണ്ട വണ്ടികളൊക്കെ അറേഞ്ച് ചെയ്തു.

രാത്രി ഞങ്ങള്‍ രണ്ടു പേരും കൈത്തോടിന്റെ മുകളില്‍ പാലത്തിലിരുന്നു ചെറിയ തോതില്‍ ബീയറിങ്ങ് നടത്തുകയായിരുന്നു. അപ്പോള്‍ സഹദേവന്‍ പറഞ്ഞു.

''നീ വേലായുധനെ കൂടി വിളിക്ക്.. ഒരു കമ്പനിക്ക്, അവന്‍ കൂടെ ഉണ്ടായിരുന്നല്ലോ അവളെ കാണാന്‍ പോകുമ്പോള്‍.''
''അതു കുഴപ്പമില്ല അവനെ ഞാന്‍ വിളിച്ചിരുന്നു. ഇന്നെന്തോ തിരക്കാണു നാളെ തീര്‍ച്ചയായും ഉണ്ടാകുമെന്നു പറഞ്ഞു. പിന്നെ.. അവനു ബീയറൊക്കെ എന്താവാനാ... '' ഞാന്‍ കടല കൊറിക്കുന്നതിനിടയില്‍ പറഞ്ഞു.

അപ്പോള്‍ എന്റെ മൊബൈല്‍ അടിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ വേലു കാളിങ്ങ്. ഈ പന്നിക്ക് മുടിഞ്ഞ ആയുസ്സാണല്ലോ എന്നു വിചാരിച്ച് കൊണ്ട് ഞാന്‍ അറ്റെന്റ് ചെയ്തു
.
''എടാ, നീ ഏട്യാ ഉള്ളത്..?'' കേരള മലയാളി ഏറ്റവും കൂടുതല്‍ പറയുകയും കേള്‍ക്കുകയും ചെയ്യുന്ന വാക്കുകള്‍ അവന്‍ ചോദിച്ചു. ഞാന്‍ സ്ഥലം പറഞ്ഞു.
''നീ ഒരു പതിനൊന്നു മണി ആവുമ്പോള്‍ കാറുമെടുത്ത് അമ്പലത്തിന്റെ അടുത്ത് വരണേ, അത്യാവശ്യമായി ടൌണ്‍ വരെ പോകാനുണ്ട്.'' അവന്‍ പറഞ്ഞു.
''എന്താ കാര്യം?''
''അതെന്റെ ഒരു സുഹൃത്തിനെ കൂട്ടാനാണു..''
''വരാം'' ഞാന്‍ പറഞ്ഞു. തരിപ്പായിരിക്കുമ്പോള്‍ വിളിച്ചാല്‍ ഞാന്‍ താലിബാനിലേക്ക് വരെ പോകും.
“ശെരി.. എന്നാ പതിനൊന്നു മണിക്ക്.. പറഞ്ഞ പോലെ. …'' അതും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
''ഞാനും കൂടി വരണോടാ..?'' സഹദേവന്‍ ചോദിച്ചു.
''ഏയ്.. ഇന്നു നീ സുഖമായി ഉറങ്ങിക്കോ.. നാളെ മുതല്‍ ഉറങ്ങാതെ ഫോണ്‍ വിളിക്കേണ്ടതല്ലേ..''
അപ്പോള്‍ സഹദേവന്റെ മുഖത്തിനാണോ മുകളിലെ ചന്ദ്രനാണോ കൂടുതല്‍ ഷൈനിങ്ങ് എന്നു എനിക്ക് സംശയമായി.
''എടാ, കല്യാണം ഈ മാസം തന്നെ നടത്താന്‍ നീ അച്ഛനോട് പറയണേ..''
''അതൊക്കെ ഞാനേറ്റു.. നീ നോക്കിക്കോ.. ഈ കല്യാണം എന്റെ ഫുള്‍ ഉത്തരവാദിത്തത്തിലായിരിക്കും.'' കാലു ഉറപ്പിക്കാന്‍ പാടു പെട്ടെങ്കിലും ഞാന്‍ ഡയലോഗ് ഒട്ടും കുറച്ചില്ല.

സഹദേവന്‍ നിലത്ത് മലര്‍ന്നു കിടന്ന് ആകാശം നോക്കി പുഞ്ചിരിച്ചു. ഇവനു വട്ടായോ… കല്യാണം തീര്‍ച്ചപ്പെടുത്തിയപ്പോള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ അതു കഴിഞ്ഞാല്‍ എങ്ങനെ ആയിരിക്കും എന്റെ ദൈവമേ. എവിടെയോ കിടക്കുന്ന ഏതോ പെണ്ണിനെയോര്‍ത്ത് സ്വപ്നം കാണുന്നു മണ്ടന്‍. അല്ലേ പോട്ടെ.. ചിലപ്പോള്‍ ഇത് പാവത്തിന്റെ അവസാനത്തെ ചിരിയായിരിക്കും. കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ മനസ്സറിഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും പറ്റിയെന്നു വരില്ലല്ലോ.

പത്തു മണി ആകാറായപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങി. സഹദേവനെ അവന്റെ വീട്ടിലാക്കി, ഞാന്‍ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചു കാറുമെടുത്ത് പതിനൊന്നു മണി ആയപ്പോള്‍ അമ്പലത്തിനു അടുത്തെത്തി. അവിടം വിജനം. ആല്‍ത്തറയിലും ആരുമില്ല. വേലായുധനെ വിളിച്ചു. ഫോണ്‍ എടുക്കുന്നില്ല. പെട്ടെന്നു സൈഡിലെ ഡോര്‍ ആരോ തുറന്നു. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ വേലായുധനാണു.
''പോകാം....'' അവന്‍ പറഞ്ഞു.
''നീ പേടിപ്പിച്ചു കളഞ്ഞല്ലോടാ..'' ഞാന്‍ പറഞ്ഞു.
''ഉം..'' അവന്‍ മൂളി.
ഞാന്‍ കാര്‍ മുന്നോട്ടെടുത്തു. അവന്‍ ഒന്നും പറയുന്നില്ല. ജംഗ്ഷനിലെത്തി ടൌണിലേക്ക് തിരിക്കാന്‍ തുടങ്ങിയപ്പോള്‍ വേലായുധന്‍ പറഞ്ഞു.
''അങ്ങോട്ടല്ല, വലത്തേക്ക് തിരിക്ക്..''
''എന്തിനാടാ ഇങ്ങോട്ടേക്ക് പോകുന്നത്..?''
''...അതു.. പിന്നെ.. വേറൊരു കാര്യമുണ്ട്, നീ വണ്ടി വിടു.. പറയാം..''
ഞാന്‍ വണ്ടി വിട്ടു. അവന്‍ പറഞ്ഞു തുടങ്ങി.
''എടാ, എനിക്കൊരു ലൈന്‍ ഉണ്ട്.. അവളെ കാണാനാണു നമ്മള് പോകുന്നത്..''
''ഉയ്യെന്റെ ദൈവമേ, നിനക്കോ..? ഹ.. ഹ.. ഹ.. '' എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല. ആരോടും മിണ്ടാതെ, മുഖത്തടിച്ചാല്‍ പോലും അതും വാങ്ങി പോകുന്ന, ഒരു ഫിഗറുമില്ലാത്ത ഇവനും പ്രേമമോ.
''അതിനെന്തിനാടാ ഈ രാത്രിയില്‍ പോകുന്നത്..?''
''അവളെ ഒന്നു കാണണം. ചെറിയ ഒരു പ്രശ്നമുണ്ട്.. അവളുടെ വീട്ടുകാര്‍ക്ക് ഞങ്ങളുടെ ബന്ധം ഇഷ്ടമല്ല… നീ ഒന്നു സഹായിക്കണം... വേറെ ആരോടും പറയാന്‍ കഴിയില്ല, അതാ നിന്നെ വിളിച്ചത്..''
''അത്രേ ഉള്ളൂ, അതു നമുക്ക് പറഞ്ഞ് ശരിയാക്കാം… ഞാനൊക്കെ ഇല്ലേടാ, കള്ളു കുടിക്കാന്‍ മാത്രമല്ലല്ലോ ചങ്ങാതിമാര്‍..” ഞാന്‍ പറഞ്ഞു.

എനിക്ക് ആവേശം കയറി. ഒന്നുമില്ലെങ്കിലും ഈ സമയത്ത് അവന്‍ എന്നെ ഓര്‍ത്തുവല്ലോ, ചങ്ങാതിമാരായാല്‍ ഇങ്ങനെ വേണം. സുഹൃത്തുക്കളെ മറന്നു പോകരുത്. ഇവനു പറ്റിയ ലോക്കല്‍ കേസ് ഏതെങ്കിലും ആയിരിക്കും. വല്ല കോളനി ടൈപ്പോ മറ്റോ. ഏതെങ്കിലും ആവട്ടെ, ഞാനൊക്കെ എത്ര നാളായി ഓരോ പെണ്ണിന്റെ പിറകെ നടക്കുന്നു. ഒരുത്തിയും മൈന്റ് ചെയ്തില്ലല്ലോ. ആ കണക്കിനു ഇവന്‍ ആളു ഭയങ്കരന് തന്നെ. മിണ്ടാതിരുന്നു കാര്യം ഒപ്പിച്ചു കളഞ്ഞു. ഇങ്ങനെ ഓരോ കാര്യങ്ങള്‍ ഓര്‍ത്തു കൊണ്ട് ഞാന്‍ വണ്ടി ഓടിക്കുകയായിരുന്നു. പെട്ടെന്നു അവന്‍ നിര്‍ത്താന്‍ പറഞ്ഞു. ഞാന്‍ വണ്ടി സ്ലോ ആക്കി.
''ദാ ആ റോഡിലൂടെ പോണം..''
ഞാന്‍ ഇടത് ഭാഗത്ത് കണ്ട ഒരു കട്ട് റോഡിലേക്ക് കാര്‍ തിരിച്ചു. രണ്ടു വശത്തും ഒരാള്‍ പൊക്കമുള്ള മതിലാണു. അല്‍പ്പദൂരം ഓടിയപ്പോള്‍ കാടു പിടിച്ചു കിടക്കുന്ന ഒരു പറമ്പിനടുത്തെത്തി. ''വണ്ടി ഇവിടെ കയറ്റി ഇട്...'' ഞാന്‍ കാട്ടു പൊന്തകളുടെ മറവിലേക്ക് വണ്ടി പാര്‍ക്ക് ചെയ്തു. വേലായുധന്‍ ഇറങ്ങി വന്ന വഴിയില്‍ കൂടി നടക്കാന്‍ തുടങ്ങി. പിറകേ ഞാനും. ചുറ്റും നിശബ്ധത. ആ പരിസരത്തൊന്നും ആരും ഇല്ല. കുറച്ച് നടന്നപ്പോള്‍ നേരത്തേ കണ്ട മതിലുകളുടെ അടുത്തെത്തി. വേലായുധന്‍ ഇടതു വശത്തുള്ള മതിലില്‍ ഏന്തി വലിഞ്ഞു കയറി. പിന്നെ എന്നെയും കൈ പിടിച്ച് കയറ്റി. എന്നിട്ട് ശബ്ദമുണ്ടാകാതെ നടന്നു. പിറകിലായി ഞാനും. ഒരു പഴയ ഇരു നില ഓടിട്ട വീടിന്റെ പിന്‍വശത്താണു ഞങ്ങള്‍ ചെന്നെത്തിയത്. വയറിലുണ്ടായിരുന്ന ധൈര്യ സംഭരണിയൊക്കെ ആവിയായിപ്പോയി. മോശമില്ലാത്ത രീതിയില്‍ വിറക്കാനും തുടങ്ങി. അല്ലെങ്കിലും ഈ ബീയറിനെക്കൊണ്ടൊക്കെ ഇപ്പോള്‍ എന്താവാനാ…!

'' ഏടാ, ഇതെന്തിനാ ഈ വഴിക്ക് പോകുന്നത്? എന്താ മുന്‍വശത്ത് കൂടി പോയാല്‍? അതോ നീ ഇനി മറ്റേ പരിപാടിക്കാണോ പോകുന്നത്..?'' ഞാന്‍ പേടിയോടെ ചോദിച്ചു.
''നീ മിണ്ടാതിരി..'' എന്നു പറഞ്ഞു അവന്‍ പോക്കറ്റില്‍ നിന്നും മൊബൈലെടുത്ത് റിങ്ങ് ചെയ്തു. അപ്പോള്‍ മുകളിലത്തെ മുറിയിലെ ജനലില്‍ ഒരു ലൈറ്റ് കത്തി കെട്ടു. അതൊരു സിഗ്നലാണെന്നു എനിക്ക് മനസ്സിലായി.
''എടാ, ചൊറയാകുമോ.. എനിക്ക് പേടിയാവുന്നു..'' ഞാന്‍ വേലായുധന്റെ ചെവിയില്‍ പറഞ്ഞു.

അവന്‍ ഒന്നും പറയാതെ വീടിന്റെ പിറകിലുള്ള ഒരു വലിയ മാവിന്റെ ചുവട്ടിലേക്ക് നീങ്ങി, എന്നോട് കുനിഞ്ഞു നില്‍ക്കാന്‍ പറഞ്ഞു. എന്നിട്ട് എന്റെ പുറത്ത് ചവിട്ടി മാവിലേക്ക് കയറി. ഞാന്‍ മുകളിലേക്ക് നോക്കി. മാവിന്റെ ശിഖരങ്ങള്‍ വീടിന്റെ മേല്‍ക്കൂരയുടെ മുകളിലൂടെ പടര്‍ന്നു പന്തലിച്ചു നിന്നിരുന്നു. അവന്‍ ചാഞ്ഞു കിടന്നിരുന്ന ഒരു കവരത്തിലൂടെ കയറി ലൈറ്റ് കത്തിയ മുറിയുടെ മുകളിലെത്തി. മൂന്നു നാലു ഓടുകളെടുത്ത് നീക്കി. അതിലൂടെ ഒരു പെണ്ണിന്റെ കൈകള്‍ ഉയര്‍ന്നു വന്നു. അവന്‍ അതില്‍ പിടിച്ചു അവളെ പൊക്കി മരക്കൊമ്പിലേക്ക് വലിച്ച് കയറ്റി.

എന്നിട്ട് രണ്ടു പേരും പതുക്കെ കൊമ്പുകളില് ശ്രദ്ധാപൂര്‍വ്വം പിടിച്ചു നടന്നു താഴേക്കു ഇറങ്ങി വന്നു. ഒരാള്‍ പൊക്കത്തിലെത്തിയപ്പോള്‍ വേലു താഴേക്ക് ചാടി. എന്നിട്ട് അവളെ പിടിച്ചിറക്കി ''വേഗം വാ..'' എന്നു എന്നോട് പറഞ്ഞു റോഡിലേക്ക് നടന്നു. എന്തൊക്കെയാ സംഭവിക്കുന്നതെന്നു മനസ്സിലാവാതെ യാന്ത്രികമായി ഞാനും അവരെ അനുഗമിച്ചു. മതിലിന്നടുത്തെത്തിയപ്പോള്‍ വേലായുധന്‍ കാറെടുത്ത് കൊണ്ടു വരാന്‍ പറഞ്ഞു. ഞാന്‍ മതില്‍ ചാടിയിറങ്ങി ഓടിപോയി കാര്‍ കൊണ്ടു വന്നു മതിലിന്റെ അടുത്ത് നിര്‍ത്തി. അവര്‍ കാറില്‍ കയറി. ഞാന്‍ കാര്‍ കത്തിച്ചു വിട്ടു. വിറ തീരാത്തത് കൊണ്ട് എനിക്കൊന്നും സംസാരിക്കാനും പറ്റിയില്ല. അവരും ഒന്നും മിണ്ടുന്നില്ല. നാട്ടിലെത്തിയപ്പോള്‍ അല്‍പം സമാധാനമായി. ആല്‍ത്തറയ്ക്ക് സമീപം വണ്ടി നിര്‍ത്തി ഉള്ളിലെ ലൈറ്റ് ഇട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു കൊണ്ട് ചോദിച്ചു.

''എങ്കിലും വേലായുധാ...'' അത്രയേ പറഞ്ഞുള്ളൂ...
ആ തുറന്ന വായ എനിക്ക് അടക്കാന്‍ പറ്റിയില്ല….
കാരണം അവിടെ ദോശക്കല്ലില്‍ അരിമാവു ഒഴിച്ച പോലെ വേലുവിന്റെ നെഞ്ചില്‍ ചാരി ഇരിക്കുന്നത് അവളായിരുന്നു...

അവള്‍…! സഹദേവന്റെ പ്രതിശ്രുത വധു..!!. നാളെ കല്ല്യാണ നിശ്ചയം കഴിയേണ്ടവള്‍..!!!
* * *
പിറ്റേന്ന് വളപട്ടണം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് അവര്‍ രണ്ടു പേരുടേയും കല്ല്യാണം കഴിഞ്ഞു. വേലായുധനും അവളും പണ്ടേ സ്നേഹത്തിലായിരുന്നു പോലും. സഹദേവനുമായുള്ള കല്ല്യാണ ആലോചന ഫിക്സ് ആയപ്പോഴാണു അവള്‍ ഇക്കാര്യം പറയുന്നത്. വേലായുധനുമായുള്ള ബന്ധം അവളുടെ വീട്ടുകാര്‍ക്ക് ആലോചിക്കാന്‍ തന്നെ പറ്റില്ലായിരുന്നു. എത്ര പറഞ്ഞിട്ടും അവളുടെ മനസ്സ് മാറില്ല എന്നായപ്പോള്‍ അവളെങ്ങാനും ഒളിച്ചോടിപ്പോയാലോ എന്നു പേടിച്ച് വീട്ടു തടങ്കലില്‍ ആക്കിയതായിരുന്നു. ഇക്കാര്യമൊന്നും അറിയാതെയാണു തട്ടിക്കൊണ്ടു പോകാന്‍ ഞാന്‍ കൂട്ടു നിന്നത്.

പ്രണയം ഏതു മരക്കൊമ്പിലൊക്കെ തളിരണിയുമെന്നു ആരറിഞ്ഞു!!