Friday, September 30, 2011

വാട്ടർ ഡാൻസ്



പ്രായപൂർത്തി തെകഞ്ഞ് കൊല്ലം കൊറേ ആയിട്ടും ജോലിക്കൊന്നും പോകാതെ കൂട്ടുകാരനായ അശോകനുമൊന്നിച്ച്  കുറച്ച് പാർട്ടി പ്രവർത്തനം, ലേശം പഞ്ചാരയടി, ഇത്തിരി ഡ്രിങ്ക്സുമൊക്കെയായി ആമോദപൂർവ്വം ജീവിക്കുന്ന നല്ലോരു ചെറുപ്പക്കാരനാണ് ഹരീശൻ.  പാരമ്പര്യമായി തെയ്യം കെട്ടുന്ന കുടുംബമാണ് ടിയാന്റേത്.  അച്ഛനായ മാധവന് വയസ്സായി, തെയ്യം കെട്ടാനൊന്നും കഴിയാണ്ടുമായി.  ഹരീശനോട് കൂടെ പോയി സഹായിക്കാനും തെയ്യം കെട്ടാനും പലതവണ റിക്വെസ്റ്റ് ചെയ്തിട്ടും അവനത് ആക്സപ്റ്റ് ചെയ്തില്ല.  മോൻ തെയ്യം കെട്ടാൻ വരുന്നില്ലാന്ന് മൂപ്പർ വരുന്നോരോടും പോന്നോരോടും പായ്യാരം പറയാനും തുടങ്ങി.  അത് സഹിക്കാൻ വയ്യാണ്ടായപ്പോ കുലത്തൊഴിലേക്ക് ഇറങ്ങാമെന്ന് ഹരീശൻ അർദ്ധമനസ്സോടെ തീരുമാനിച്ചു.

ബേസിക്കലി തെയ്യം, അമ്പലം, കാവ് എന്ന പിന്തിരിപ്പൻ ഏർപ്പാടുകളോട് പാർട്ടി എതിരാണെങ്കിലും ഒരു നാടൻ കലാരൂപമെന്ന നിലക്ക് തെയ്യങ്ങളെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് പാർട്ടി സർകുലർ ഇറക്കിയതും ഹരീശന്റെ മനസ്സ് മാറ്റാന്നിടയാക്കി.  പണ്ടത്തെ കാലം പോലെയല്ല, ഇപ്പോൾ തെയ്യം കെട്ടുന്നതിന് കൂലിയായും വരവായും നല്ല കാശ് കിട്ടുന്നുണ്ട്. കൊല്ലത്തോളം ചോറ് വെക്കാനുള്ള അരി, വയറു നിറയെ കള്ള്‌, നാട്ടുകാരുടെ ബഹുമാനം, ആരെയും പേടിക്കാതെ പ്രിയമുള്ളവളുമാരുടെ കൈ പിടിക്കൽ ഇതൊക്കെ അഡീഷണൽ ബെനഫിറ്റ്സും.  സർവ്വോപരി എന്തിനും ഏതിനും അശോകന്റെ സാന്നിദ്ധ്യം കൂടി ഉറപ്പായപ്പോൾ തെയ്യം ഫീൽഡിൽ ഇറങ്ങാൻ ലേറ്റായതിൽ ലോസ്സ് ഓഫ് മെന്റാലിറ്റി തോന്നി.
  
മകളുടെ കല്യാണം നിശ്ചയിച്ചപ്പോൾ തന്നെ മുത്തപ്പൻ വെള്ളാട്ടം കഴിക്കണമെന്ന് തട്ടുപറമ്പിൽ രാഘവാട്ടൻ തീരുമാനിച്ചിരുന്നു.  കുറേ കാലം പല ആലോചനകളും വഴി മാറിപ്പോയതിനു ശേഷമാണ് ഈ ആലോചന ഫിക്സായത്.  മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടിക്കാമേ എന്ന് നേർച്ച നേർന്നത് കൊണ്ടായിരിക്കണം അതു വരെ വന്നതിലേക്കും വെച്ച് ഏറ്റവും നല്ല ആലോചനയായിരുന്നത്.  കല്യാണം കഴിഞ്ഞ് തൊട്ടടുത്ത ദിവസം വെള്ളാട്ടം.  കല്യാണ സൽക്കാരവും അന്നു വെക്കാം, കല്യാണത്തിന്റെ പന്തലുള്ളത് കൊണ്ട് വേറെ പന്തൽ ഇടണ്ട, ഒരു ചെലവിൽ എല്ലാം ഒത്തു പോകും.  അങ്ങനെയാണ് തെയ്യമില്ലാത്ത കാലത്ത് തെയ്യക്കാർക്ക് അന്നം കൊടുക്കുന്ന മുത്തപ്പൻ വെള്ളാട്ടം കെട്ടാൻ ആദ്യമായി ഹരീശൻ പണിക്കന് ജോബ് ഓർഡർ കിട്ടുന്നത്.

ഈ വെള്ളാട്ടം എന്ന് പറഞ്ഞാൽ ശരിക്കും വാട്ടർ ഡാൻസ് തന്നെയാ‍ണ്.  മുത്തപ്പന്റെ പ്രധാന വഴിപാട് കള്ളോ, വാറ്റോ, ഫോറിനോ ആയ വിവിധ തരം മദ്യങ്ങളാണ്.  കെട്ടിയാടിക്കുന്ന വീട്ടിൽ സാധനം ഇഷ്ടം പോലെ അവൈലബിൾ ആയത് കൊണ്ട് വെള്ളാട്ടവും, പരികർമ്മിയും മടയനും വാദ്യക്കാരും വീട്ടുകാരും നാട്ടുകാരുമെല്ലാം അന്ന് ഫിറ്റായിരിക്കും.

വിചാരിച്ചത് പോലെ വെള്ളാട്ടം കാണാൻ നല്ല ആളുകളുണ്ടായിരുന്നു.  സ്വന്ത ബന്ധുക്കളും ചെക്കന്റെ ബന്ധുക്കളുമായി നല്ലൊരു ആൾക്കൂട്ടം.  നാട്ടിലെ കല്യാണപ്രായമായ പെൺ‌കുട്ടികളുമൊക്കെ കൂടിയതിനാൽ ഹരീശൻ നല്ല പെർഫോർമൻസായിരുന്നു.  അശോകനാണ് മടയൻ.  മുത്തപ്പനു വീത്ത് എന്നും പറഞ്ഞ് ആളുകൾ വെളുപ്പും ചോപ്പുമായി ഇന്ധനം ഇടക്കിടക്ക് കൊണ്ടു കൊടുക്കുന്നത് കഴിച്ച് ഹരീശനും അശോകനും മാക്സിമം ഫിറ്റാണ്. 

അമ്പും വില്ലുമെയ്ത് തേങ്ങ പിളർക്കുന്ന ചടങ്ങാണ് വെള്ളാട്ടത്തിന്റെ ഹൈലൈറ്റ്.  ഒറ്റ അമ്പിന് തേങ്ങ കൃത്യം രണ്ടായി പിളരും.  അങ്ങനെ സംഭവിച്ചാൽ നടത്തുന്ന വീട്ടുകാർക്ക് ഭയങ്കര സന്തോഷമായിരിക്കും.  അവരത് കാലാകാലം മേനി പറഞ്ഞ് നടക്കുകയും ചെയ്യും.  അമ്പെടുത്ത് വില്ലിന്റെ ചരടിൽ കോർത്ത് കുറേ പ്രാവശ്യം ഉന്നം നോക്കി മുറ്റത്തൂടെ അങ്ങോട്ടുമിങ്ങോട്ടും ദ്രുതതാളത്തിൽ നടക്കുകയാണ് ഹരീശൻ.  വാദ്യക്കാർ ചെണ്ടപ്പുറത്ത് അർമാദിച്ച് കൊട്ടുകയാണ്, ആളുകളൊക്കെ തേങ്ങക്ക് അമ്പെയ്യുന്നത് കൊള്ളുമോ തേങ്ങ കറക്റ്റായി പിളരുമോ എന്ന് കാണാൻ ആകാംക്ഷയോടെ കാത്ത് നിൽക്കുകയാണ്.  പക്ഷേ തേങ്ങക്ക് ഉന്നം വെക്കുന്നതിനു മുൻപ് ഹരീശന്റെ കൈ വഴുതി അമ്പ് റിലീസായി അശോകന്റെ കാലിൽ തറിച്ചു.  തരിപ്പായാലെന്താ വേദന അറിയാണ്ടിരിക്കുമോ?  ഹരീശൻ മാലോകരാകെ വണങ്ങുന്ന ദൈവമാണ് എന്നൊന്നും ഓർക്കാതെ അശോകൻ പ്രാണ വേദനയോടെ  വിളിച്ചു പറഞ്ഞു പോയി.  “ഏട നോക്കിയാടാ എയ്യുന്നത് നായിന്റെ മോനേ..?”

പ്രധാന ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയോളമായിരുന്നു.  ഒരു പീഠത്തിലിരുന്ന് കിരീടത്തിലെ തെച്ചിപ്പൂവും തുമ്പപ്പൂവും പറിച്ചെടുത്ത് അനുഗ്രഹം കൊടുക്കുകയാണ് ഹരീശൻ.  റിട്ടേൺസായി ഒറിജിനൽ ഇന്ത്യൻ റുപ്പീസ് അശോകൻ അസിസ്റ്റന്റ് കലക്റ്റ് ചെയ്യുന്നുമുണ്ട്.  അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഹരീശന്റെ നിലവിലെ ലൈനുകളിലൊരാളായ വനജയെ കണ്ടത്.  വനജ കാണാൻ തരക്കേടില്ലാത്തൊരു പീസാണ്.  ഹരീശനാണെങ്കിൽ തെയ്യം കെട്ടാൻ തുടങ്ങിയതിൽ പിന്നെ വനജയെ ശരിക്ക് കാണാൻ പറ്റിയിട്ടില്ല.  അത് കൊണ്ട് വനജയ്ക്ക് ഇത്തിരി കൂടുതൽ അനുഗ്രഹം കൊടുത്തേക്കാം എന്ന് കരുതി അവളുടെ കൈ പിടിച്ചതും, കൃത്യമായി കറന്റു പോയി ചുറ്റും നല്ല ഇരുട്ടായി. 
കറന്റ് വന്നപ്പോൾ ഹരീശൻ മുത്തപ്പനു കൂട്ടായി മഞ്ഞക്കുറിയും മുഖത്തെഴുത്തുമായി വനജ മുത്തപ്പനുമുണ്ടായിരുന്നു.

കുറിയും അനുഗ്രഹം കൊടുക്കലുമൊക്കെ കഴിഞ്ഞ് വെള്ളാട്ടത്തിന്റെ അവസാന സ്റ്റേജിലെത്തി.  ഇനി ഒരു റൌണ്ട് ആടിക്കഴിഞ്ഞ് ചെണ്ടകൊട്ടലിന്റെ ക്ലൈമാക്സിൽ കിരീടം ഊരി പീഠത്തിൽ വെക്കലാണ് ലാസ്റ്റ് ചടങ്ങ്.  അതും കൂടി കഴിഞ്ഞാൽ ഹരീശൻ ഫ്രീയാവും.  വരന്റെ വീട്ടുകാരും നാട്ടുകാരുമൊക്കെ പോയി.  രാഘവാട്ടന്റെ ഫാമിലിയും അടുത്ത ബന്ധക്കളുമേയുള്ളൂ.  അന്നേരം മുറ്റത്തിന്റെ മൂലക്ക് കൂട്ടിൽ ബന്ധനസ്ഥനായ അനിരുദ്ധനെ പോലെ കിടക്കുകയായിരുന്ന കിട്ടു എന്ന നായ വയലന്റായി കുരക്കാൻ തുടങ്ങി. 

ചെണ്ടകൊട്ടലിന്റെ ഒച്ചയുടെ ഒരു ഗ്യാപ്പിൽ ഹരീശൻ കിട്ടുവിന്റെ കഷ്ടപ്പാട് കൊണ്ടുള്ള ഒച്ചപ്പാട് കേട്ടു.  ഹരീശൻ ഉടനെ കൂടിന്റെ മുന്നിൽ പോയി ഉറഞ്ഞാടിക്കൊണ്ട് അരുളി ചെയ്തു.  “എന്റെ വാഹനത്തെ എന്തിനാണ് ബന്ധിച്ചിരിക്കുന്നത്. തുറന്നു വിടൂ. ഹൂം. തുറന്നു വിടൂഏഴീ
അത് കേട്ടപ്പോൾ രാഘവേട്ടന്റെ മോൻ ജിക്കു കൂട് തുറന്നു കൊടുത്തു.  തുറന്നതും കിട്ടുപ്പട്ടി ഹരീശന്റെ നേർക്ക് ഒറ്റച്ചാട്ടം.  അപകടത്തിന്റെ സ്മെൽ അടിച്ച ഹരീശൻ തിരിഞ്ഞ് ഓടാൻ ശ്രമിച്ചെങ്കിലും കിട്ടു അവന്റെ പിൻ ഭാഗത്തെ ‘ധ’ എന്ന ഏകാക്ഷരത്തെ ഒറ്റക്കടിക്ക് കൂട്ടക്ഷരമാക്കി മാറ്റി.