Monday, April 29, 2013

ബാഗ്പൈപ്പർ കുന്നുമ്മൽ എറമുള്ളാൻ

 കുന്നുമ്മൽ എറമുള്ളാൻ നാട്ടിലെ മുഴുവൻ ആണുങ്ങളുടേയും പേടിസ്വപ്നമായിരുന്നു.  ആണുങ്ങളുടെ മാത്രം!

അങ്ങനെ പേടിക്കാൻ എറമുള്ളാ ഒരു ഗുണ്ടയോ കള്ളു കുടിയനോ ആഭാസനോ തെമ്മാടിയോ ആയിരുന്നില്ല.  ഒരു സാധാരണ മലഞ്ചരക്ക് പാട്ടകച്ചവടക്കാരൻ.  അന്നാട്ടിലെ കുരുമുളകും തേങ്ങയും അടക്കയും കശുവണ്ടിയും എല്ലാം പാട്ടമെടുക്കുന്നത് മൂപ്പരാണ്.  ചുരുങ്ങിയ കാലം കൊണ്ട് ആ വകയിൽ ധാരാളം സമ്പാദിച്ച് കൂട്ടുകയും ചെയ്തിട്ടുണ്ട്.  കച്ചവടക്കാരന്റെ ശരീരത്തിനുള്ളിൽ പ്രണയാതുരമായൊരു മനസ്സുള്ള സ്നേഹ ഗായകനായിരുന്നു എറമുള്ളാൻ.  അത് തന്നെയായിരുന്നു ആണുങ്ങൾക്കെല്ലാം മൂപ്പരെ പേടിയാകാനുള്ള കാരണവും. 

പറിച്ച് വിറ്റാൽ കൂലി കൊടുക്കാൻ പോലും തികയാത്തതിനാൽ ആളെ വെച്ച് പണിയെടുപ്പിക്കാൻ പറ്റില്ല.  പറിക്കാതിരുന്നാൽ തേങ്ങ തലയിൽ വീഴാനും മതി.  പാട്ടം കൊടുത്താൽ കച്ചറയില്ല്ല.  പണിക്കാരുടെ പിറകെ നടക്കണ്ട, ഉണക്കണ്ട, പൊളിക്കണ്ട, വണ്ടി പിടിച്ച് കെട്ടിക്കൊണ്ട് പോയി വിൽക്കണ്ട.  അതിനാൽ മിക്കവരും തെങ്ങും അണ്ടിമാവും കുരുമുളകുമൊക്കെ എറമുള്ളാന് പാട്ടത്തിന് കൊടുക്കുകയാണ് പതിവ്.  പക്ഷേ എറമുള്ളാൻ സ്വന്തം വീട്ടിലോ പുരയിടത്തിലോ വരുന്നത് കണ്ടാൽ ആണുങ്ങളുടെ ഹാർട്ട് മെഷീന്റെ വേഗം കൂടൂമായിരുന്നു.  അതിന്റെ കാരണം സ്ത്രീകളെ വളച്ച് വശത്താക്കാനുള്ള അയാളുടെ അസാമാന്യമായ കഴിവായിരുന്നു.

എറമുള്ളാന് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടാൽ അവളെ തന്റെ ഇംഗിതത്തിന് വിധേയമാക്കുമെന്ന കാര്യം ഉറപ്പാണ്.  ബലാൽക്കാരമായോ നിർബ്ബന്ധിച്ചോ പീഢിപ്പിക്കുന്ന പരിപാടിയൊന്നും ഇല്ല.  പക്ഷേ മൂപ്പരുടെ മുഖത്ത് നോക്കി നിരസിക്കാൻ പറ്റാത്ത എന്തോ പ്രത്യേകത ആ നോട്ടത്തിലും സംസാരത്തിലും ഇടപെടലിലും ഉണ്ടെന്നാണ് സ്ത്രീകളുടെ അനുഭവം.  അനേകം കാമുകിമാരുള്ള പലരേയും പോലെ എറമുള്ളാനെയും കാണാൻ അത്രക്ക് വലിയ ഗ്ലാമറൊന്നുമില്ല.  ഒരു നാൽ‌പ്പത്തിയഞ്ച് വയസ്സുണ്ടാകും,  ഇരു നിറത്തിൽ നീണ്ട് മെലിഞ്ഞൊരു ശരീരം, കുറച്ച് കഷണ്ടി കയറിയ തലമുടി, എപ്പോഴും ക്ലീൻഷേവ്, പഞ്ചാര പുഞ്ചിരി, വെള്ള ഷർട്ടും കള്ളിമുണ്ടും വേഷം.  കുരുമുളക് പാട്ടത്തിന് കൊടുക്കുന്നോ.. അണ്ടി പാട്ടത്തിന് കൊടുക്കുന്നോന്ന് ചോദിച്ച് ഏത് വീട്ടിലും എപ്പോഴും കയറി ചെല്ലാമല്ലോ.  എറമുള്ളാൻ വരുന്നത് കണ്ടാൽ വീട്ടിലോ വളപ്പിലോ കയറ്റാതെ പുറത്ത് നിർത്തി സംസാരിക്കുകയാണ് അയാളുടെ സ്വഭാവം അറിയുന്നവർ ചെയ്യുന്നത്.  ഏതെങ്കിലുമൊരു വീട്ടിലേക്ക് എറമുള്ളാൻ കേറുന്നത് കണ്ടാൽ അത് റോങ്ങിനാണെന്ന് ആരും തെറ്റിദ്ധരിക്കണ്ട, എന്നാൽ അകത്ത് നിന്ന് ഇറങ്ങുന്നത് കണ്ടാൽ അത് കാര്യം നടത്തി ഇറങ്ങുന്നതായിരിക്കുമെന്ന് ഉറപ്പിക്കാം.  പൂട്ടിയിട്ട വീടുകളും, അണ്ടിക്കാടുകളും പറമ്പുകളും കപ്പണകളുമുള്ള വിജനമായ സ്ഥലങ്ങളായിരുന്നു എറമുള്ളാൻ കാസനോവയുടെ കേളീവിപിനങ്ങൾ.

ഇങ്ങനെ നാട്ടിലെ പെണ്ണുങ്ങളെ കൈകാര്യം ചെയ്ത് നടക്കുന്നത് പെണ്ണു കെട്ടാത്തത് കൊണ്ടായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട.  അസംഖ്യം അൺ‌ഓതറൈസ്ഡ് ഭാര്യമാർക്കും ഡി.എൻ.എ. സാക്ഷ്യമില്ലാത്ത മക്കൾക്കും പുറമേ മൂപ്പർക്ക് സ്വന്തമായി ഒരു ഭാര്യയും അതിൽ അഞ്ചാറ്‌ മക്കളുമുണ്ട്.  സ്വന്തം പിച്ചിലും വിദേശപിച്ചിലും ഒരുപോലെ ശോഭിക്കുന്നയാളാണ് എറമുള്ളാനെന്ന് ആർക്കും സംശയമില്ല.

ബാഗ്പൈപ്പറുടെ പാട്ട് കേട്ട് പിന്നാലെ പോയ കുട്ടികളെ പോലെ പെണ്ണുങ്ങളെല്ലാം അനായാസം എറമുള്ളാന്റെ കമ്പോസിങ്ങിന് അനുസരിച്ച് ചുവടു വെക്കുന്നത് എന്ത് കൊണ്ടെന്നതിനെപ്പറ്റി പലേ അഭിപ്രായങ്ങളും നാട്ടുകാർക്കിടയിലുണ്ടായിരുന്നു.  മൂപ്പർക്ക് രണ്ടാളുടെ കപ്പാസിറ്റിയുണ്ടെന്നും പ്രൊഡക്ഷൻ ടൂളിന്റെ പ്രത്യേകതയാണെന്നും കാക്കപ്പുള്ളിയുണ്ടെന്നും വശീകരണ മന്ത്രം അറിയാമെന്നും ആകർഷണ ഏലസ്സ് അരയിലുണ്ടെന്നുമൊക്കെ പലരും പറഞ്ഞു.  നിത്യോപയോഗ സാധനങ്ങളുടെ വില കുന്നോളം പൊന്തുമ്പോഴും സിനിമാനടിയുടെ ഡൈവോഴ്സിനെപ്പറ്റി ചർച്ച ചെയ്യുന്നത് പോലെ ആൾക്കാർ അവർക്കിഷ്ടപ്പെട്ട കാര്യങ്ങൾ പറഞ്ഞ് നടന്നു.  മൂപ്പരുടെ ഈ പ്രത്യേക കഴിവിൽ അസൂയയുള്ള ആണുങ്ങൾ സ്വകാര്യമായി ചോദിച്ചെങ്കിലും  തന്റെ അതിന്റെ സീക്രട്ട്സ് എറമുള്ളാൻ ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല.  അങ്ങനെ രഹസ്യമായ ശക്തികളൊക്കെ ദാനം ചെയ്യാൻ മൂപ്പർ കർണനൊന്നുമല്ലല്ലൊ.

ആളുകളുടെ കണ്ണു കൊണ്ടിട്ടോ പ്രാക്ക് കൊണ്ടിട്ടോ എന്നറിയില്ല. ഒരു ദിവസം രാത്രി ചോറ് തിന്ന ശേഷം മുറ്റത്ത് പോയി വായ കഴുകി നിവർന്ന എറമുള്ളാൻ പിറകോട്ടേക്ക് മലർന്ന് വീണ് പിന്നെ അനങ്ങിയില്ല.  ഭാര്യാമക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മൂപ്പരെ പൊക്കിയെടുത്ത് ഭാസുരേന്ദ്രൻ ഡോക്ടറുടെ വീട്ടിലേക്കോടി.  അന്നത്തെ കലക്ഷൻ കാശ് എണ്ണി ലോക്കറിൽ വെച്ച് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു ഭാസുരേന്ദ്രൻ ഡോക്ടർ.  നല്ല വരവായതിനാൽ മൂപ്പർ ഭാര്യ ലളിതശ്രീയുമായി ഒരു സ്നേഹ കലാ പ്രകടനത്തിന് കീ കൊടുത്ത് റെയ്സിങ്ങ് കൂട്ടാൻ തുടങ്ങുമ്പോഴായിരുന്നു വാതിൽ ബെല്ലടിച്ചത്.  പാതിരാത്രിയായാലും മഹാലക്ഷ്മി വന്നാൽ കൈ നീട്ടണമെന്ന ഐഡിയക്കാരനായിരുന്ന ഡോക്ടർ ചാടിയെണീറ്റ് ക്ലിനിക്കിലേക്ക് പോയി.  വണ്ടിയിൽ നിർബ്ബന്ധിച്ച് വിളിച്ച് കയറ്റി വഴിക്കിറക്കി വിട്ടത് പോലെ പാതിരതിയിൽ കലിയിളകിയ ലളിതശ്രീ ഇതിയാളുടെ സ്ഥിരം പരിപാടിയാണെന്ന് പറഞ്ഞ് ഡോക്ടറുടെ ഫോണെടുത്ത് വലിച്ചെറിഞ്ഞു.

ഡോക്ടർ ക്ലിനിക്ക് തുറന്നതും എറമുള്ളാൻ ദൌത്യ സംഘം വാതിൽ തുറന്ന് അകത്തേക്ക് തിക്കിക്കയറി.  അതിഷ്ടപ്പെടാതിരുന്ന ഡോക്ടർ രോഗിയെ സൈഡ് ബെഡിൽ കിടത്തിയിട്ട് പുറത്ത് പോകാൻ കടുപ്പത്തിൽ തന്നെ പറഞ്ഞു.  വന്നവന്മാർ ഡോക്ടറുടെ മൂഡ് ഒട്ടും ശരിയല്ലെന്ന് കണ്ട് വേഗം അനുസരിച്ചു.  പിക്കപ്പ് ലോറിയിലെ വാർപ്പ്കമ്പി പോലെ ബെഡും കവിഞ്ഞ് പുറത്തേക്ക് കാലും നീട്ടി കിടക്കുന്ന എറമുള്ളാനെ കണ്ട് പഹയൻ ഇത്ര വേഗത്തിൽ തട്ടിപ്പോയോന്ന് ഡോക്ടർ ആശ്ചര്യപ്പെട്ടു.  നെഞ്ച് അനങ്ങുന്നുമില്ല, ശ്വാസമെടുക്കുന്നുമില്ല പൾസ് വിറക്കുന്നുമില്ല, ആള് ശ്യാമസുന്ദര കേരകേദാര ഭൂമി വിട്ട് പോയെന്ന് ഡോക്ടർക്ക് മനസ്സിലായി.  എന്നാലും തീ കൊടുക്കാൻ നേരത്ത് മരിച്ചവൻ എണീറ്റ് ജ്യൂസ് കുടിക്കാൻ ഓടുന്ന സംഭവമൊക്കെ കേട്ടതിനാൽ കൈ കൊണ്ട് നെഞ്ചത്ത് അഞ്ചാറിടി ഇടിച്ചു.  എന്നിട്ടും അനക്കമില്ലെന്ന് കണ്ടപ്പോൾ മരിച്ചു ബോഡി കൊണ്ട് പോയ്ക്കോ എന്ന് വന്നവരോട് പറയാൻ നീങ്ങി.  പെട്ടെന്നാണ് എറമുള്ളാന്റെ പേരിൽ കേൾക്കുന്ന വശീകരണ സംഗതികളുടെ രഹസ്യം ഒന്ന് പരിശോധിച്ചാലോന്ന് അങ്ങേർക്ക് തോന്നിയത്.  ഡോക്ടറാണെങ്കിലും അയാളും വികാരവും ആകാംക്ഷകളുള്ളൊരു മനുഷ്യനല്ലേ, പോരാത്തതിനു മലയാളിയും.  മൂപ്പർ എറമുള്ളാന്റെ കള്ളിമുണ്ട് താഴ്ത്തി അപൂർവ്വങ്ങളിൽ അപൂർവ്വമായ സൃഷ്ടിയാണോന്ന് ചെക്ക് ചെയ്യാൻ മധ്യപൂർവ്വേഷ്യയിൽ നോക്കി.  അപ്പോഴാണ് ഒരു പ്രത്യേകത തരം ഏലസ്സ് അരയിൽ കണ്ടത്.  എറമുള്ളാന്റെ ഇതുവരെ ആരും കണ്ടിട്ടില്ലാത്തതും അറിയാത്തതുമായ രാസക്രീഡാ രഹസ്യം കണ്ടെത്തിയ സന്തോഷത്തിൽ ഭാസുരേന്ദ്രൻ ഡോക്ടർ ഏലസ്സ് മുറിച്ചെടുത്ത ശേഷം വന്നവരെ വിളിച്ച് ബോഡി കൊണ്ടു പോയ്ക്കൊള്ളാൻ പറഞ്ഞു.

വന്നവർ പോകുന്നതും ഗേറ്റും വാതിലുമടക്കുന്നതും കേട്ട് കുറേ കഴിഞ്ഞിട്ടും ഭർത്താവിനെ കാണുന്നില്ലല്ലോന്ന് വിചാരിച്ച് കിടക്കാനായില്ലേന്ന് പിറുപിറുത്താണ് ലളിതശ്രീ ക്ലിനിക്കിന്റെ വാതിലിൽ പോയി എത്തി നോക്കിയത്.  അപ്പോൾ ഭാസുരേന്ദ്രൻ ഡോക്ടർ എന്തോ സാധനം തിരിച്ചും മറിച്ചും നോക്കി ആകാംക്ഷയോടെ ഇരിക്കുകയാണ്.

“ആ കേസ് എന്തായി?” ലളിതശ്രീ മടുപ്പോടെ ചോദിച്ചു.
“അയാൾ മരിച്ചു പോയി” ഡോക്ടർ തിരിഞ്ഞ് നോക്കാതെ അതിൽ തന്നെ ശ്രദ്ധിച്ച് മറുപടി കൊടുത്തു.
“എന്താ നോക്കുന്നേ..?”
“ഇതയാളുടെ ഒരു സാധനമാണ്

അതെന്താണ് ഇത്ര കാര്യമായിട്ട് നോക്കാനെന്ന് വിചാരിച്ച് ലളിതശ്രീ അങ്ങോട്ടേക്ക് പോയി.  ഡോക്ടർ തിരിച്ചും മറിച്ചും നോക്കുന്ന സാധനം  കണ്ടതും അവർ ദേശീയഗാനം ചൊല്ലുമ്പോൾ കൈ നെഞ്ചത്ത് വെക്കുന്നത് പോലെ വെച്ച് നിന്ന് ഞെട്ടിത്തരിച്ച് പറഞ്ഞുപോയി 

“ഉയ്യെന്റപ്പാ.. ഇത് നമ്മളെ എറമുള്ളാനിക്കാന്റെ ഏലസ്സല്ലേ..!!! ഓറ് മരിച്ചുപോയോ?”ആ ഒരൊറ്റ ചോദ്യം മതിയായിരുന്നു ഭാസുരേന്ദ്രൻ ഡോക്ടറുടെ ജീവിതം മാറ്റാൻ!