Thursday, October 18, 2012

അന്തിച്ചെത്ത്


കള്ളു ചെത്തുകാരൻ സുരൻ ചാത്തോത്ത് വീടിന്റെ അടുക്കളഭാഗത്തെ തെങ്ങും ചെത്തി താഴെയിറങ്ങി ചുവട്ടിൽ കുറച്ച് വെള്ളമൊഴിച്ച് നിവർന്നപ്പോൾ വല്ലിയേച്ചി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.  ഇക്കണ്ട തെങ്ങുകളെല്ലാം കേറുമ്പോൾ മുറ്റത്തും പറമ്പിലുമെല്ലാം നോക്കിയിട്ടും ആളെ കണ്ടിരുന്നില്ല.  മഴയ്ക്ക് ശേഷം സന്ധ്യാരശ്മികളേറ്റ് നിൽക്കുന്ന റോസാപ്പൂവിനെപോലെ സുന്ദരിയായിരുന്നു വല്ലിയേച്ചി.  ചന്ദനക്കളറുള്ള നൈറ്റിയിൽ ഗോതമ്പ് നിറമുള്ള ശരീരവടിവ് വേർതിരിച്ചറിയാൻ പറ്റുന്നില്ല.  കെട്ടിവെച്ച മുടിയിൽ ഈറൻ മാറാൻ വെളുത്ത തോർത്ത് ചുറ്റിയിരിക്കുന്നു.  കരിമഷികൾ അതിരിട്ട വിടർന്ന കണ്ണിലെ കാന്തരശ്മികളെയും നനഞ്ഞ് തുടുത്ത ചെഞ്ചുണ്ടുകളിലെ തൂമന്ദഹാസത്തെയും നേരിടാനാവാതെ താഴോട്ട് നോക്കി.  നൈറ്റിയിൽ നിന്ന് പുറത്തേക്ക് പാവാടയുടെ വെൺഞൊറികൾ തലനീട്ടുന്നുണ്ടായിരുന്നു.  “ദോശക്ക് കൂട്ടാൻ കള്ള്” സ്റ്റീൽ ഗ്ലാസ്സ് നീട്ടിക്കൊണ്ട് അവർ പറഞ്ഞു.  ഇടതു കൈ ചെരപ്പയിലേക്ക് നീണ്ടപ്പോൾ വലതു കൈ ഗ്ലാസ്സിനായി നീട്ടി.  കൈ വിരലിൽ അറിയാതെന്ന പോലെ പിടിക്കാനായി സുരൻ നോട്ടം മനപൂർവ്വം മുഖത്തേക്കാക്കി.  ഗ്ലാസ്സിനൊപ്പം തണുത്ത് മൃദുലമായ വിരലുകളെ ഒന്നിച്ച് കൂട്ടിപ്പിടിച്ച് കള്ളൊഴിക്കുമ്പോഴാണ് അതിലൊരു കടലാസ്സ് കുറിപ്പ് കണ്ടത്.  “ഇന്ന് രാത്രി പത്ത് മണിക്ക് വരിക.”  


കാന്തത്തിന്റെമേൽ വീണ ഇരുമ്പ് പൊടി പോലെ രോമങ്ങൾ ആ സ്പോട്ടിൽ ഞാനോ നീയോ എന്ന് മത്സരിച്ച് എഴുന്നേറ്റ് നിന്നു.  


വല്ലിയേച്ചി മുപ്പത്തിയഞ്ച് വയസ്സുള്ളൊരു വലിയ ചേച്ചിയാണെന്നത് റെക്കോർഡ്സിൽ മാത്രമേയുള്ളൂ.  എന്ത് കണ്ടാലും അത്ര വയസ്സുണ്ടെന്നും സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടെന്നും ആരും പറയില്ല, അത്രക്ക് ഗ്ലാമറാണ്.   അത് കൊണ്ട് നാട്ടിലെ യൂത്ത്സിന്റെ ഇടയിൽ വല്ലിയേച്ചിക്ക് യമഹ RX 100 ബൈക്ക് പോലെ വലിയ ഡിമാൻഡായിരുന്നു. അവിടത്തെ തെങ്ങുകൾ ചെത്താൻ തുടങ്ങിയത് മുതലാണ് സുര വല്ലിയേച്ചിയുമായി പരിചയത്തിലാകുന്നത്.  ഒരേ നാട്ടിൽ ആയിരുന്നിട്ടും അതിനു മുൻപ് കണ്ടാൽ ചിരിക്കുമെന്നല്ലാതെ അധികം ലോഗ്യം ഉണ്ടായിരുന്നില്ല.  ചെത്താൻ പോയത് മുതൽ മിണ്ടിപ്പറഞ്ഞും കുശലം ചോദിച്ചും ദോശക്ക് കള്ളു കൊടുത്തും നന്നായി അടുത്തു.  അമ്മിക്കുട്ടി പോലത്തെ ഷേപ്പും കളറുമാണെങ്കിലും വല്ലിയേച്ചിക്കും സുരയോട് സംസാരിക്കാൻ താൽ‌പ്പര്യമായിരുന്നു.  തെങ്ങെല്ലാം ചെത്തി കഴിഞ്ഞാൽ രണ്ടുപേരും കുറേ നേരം അടുക്കള ഭാഗത്ത് സംസാരിച്ചിരിക്കുമായിരുന്നു.  ആദ്യമാദ്യം ഗൾഫ് ജോലിയുടെ ഭാവിയെപ്പറ്റിയും മക്കളുടെ പഠിത്തത്തെപ്പറ്റിയും എക്സ്പയറി ഡേറ്റ് കഴിയാറായി കിടക്കുന്ന അമ്മായിയമ്മയെപ്പറ്റിയുമൊക്കെ ആയിരുന്നെങ്കിൽ പിന്നീടത് അപ്പുറത്തെ വീട്ടിലെ ബിന്ദു മൊബൈലിൽ സംസാരിച്ചോണ്ട് പോകുന്നതിനെയും മൂന്ന് കുട്ടികളുള്ള സുമതി മാർബിൾ പണിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതിനെയും ബസ്സിൽ പെണ്ണിനെ കിളുമ്പിയതിന് കണ്ടക്ടർ ബാബുവിന് അടികിട്ടിയതും പോലുള്ള ഇന്ററെസ്റ്റിങ്ങ് കാര്യങ്ങളെ പറ്റിയായി.  ഭർത്താവ് നാട്ടിലില്ലാത്ത പെണ്ണുങ്ങളോട് മിണ്ടുമ്പോ ചെറുപ്പക്കാർക്കുണ്ടാകുന്ന ആവേശവും പെട്രോളൊഴിച്ച് തീയുടെ അടുത്ത് പോകാൻ പോലുമുള്ള ഹെൽ‌പ്പിങ്ങ് മെന്റാലിറ്റിയും സുരയിൽ നുരകുത്തിയിരുന്നെങ്കിലും അറിയാത്ത പുഴയാകുമ്പോ ആഴം അറിഞ്ഞിട്ട് ഇറങ്ങിയാ പോരേ എന്ന ചിന്തയായിരുന്നു പിന്നോട്ട് വലിച്ചത്.


തങ്ങൾക്കിടയിലുള്ള മഞ്ഞുമല തകർക്കാനും പ്രണയ പായക്കപ്പൽ ചാൽ മാറ്റി ഓടിക്കാനുമുള്ള അവസരം സുര പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തു.  ഏത് സങ്കടാവസ്ഥയിലും മനുഷ്യന്മാരെ ഹെല്പ് ചെയ്യുന്ന ദൈവങ്ങൾ തന്നെയാണ് ആ പ്രണയാർത്ഥിയേയും സഹായിച്ചത്.  അരി വെന്തോന്ന് അറിയാൻ ഒന്ന് രണ്ട് വറ്റെടുത്ത് ഞെക്കി നോക്കുന്നത് പോലെ പെൺ‌മനസ്സ് അറിയാൻ അവനൊരു ടെസ്റ്റ് നടത്തി.  അന്ന് സന്ധ്യക്ക് സംസാരിക്കുമ്പോൾ കാവിൽ പോകാറില്ലേന്ന് മനപൂർവ്വം ചോദിച്ചു.  “ഉണ്ടല്ലോ കഴിഞ്ഞയാഴ്ച കൂടി പോയിന്.. ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ പോകാൻ പറ്റൂ.“ അതും പറഞ്ഞ് സഡൻ ബ്രേക്കിട്ടു.  ആ നിർത്തിയിടത്ത് ഒരു നിഗൂഢസ്മിത ബസ് സ്റ്റോപ്പുണ്ടായിരുന്നു എന്നത് സുര കണ്ടുപിടിച്ചു.  പ്രതീക്ഷിച്ച തുടക്കം കിട്ടിയ അവനുടനെ “അതെന്താ പോകാത്തെ.. അതെന്താ പോകാത്തെ..” എന്ന് പറഞ്ഞ് ചൊറയാൻ തുടങ്ങി.  


“അത് പിന്നെ, ഒന്നൂല്ല
“പറയ്.. എന്താ പോകാത്തെ..?” സുര പതമുള്ളിടത്ത് പാതാളമാക്കാൻ തുടങ്ങി.
“ഒന്നൂല്ലാ, പോകാൻ പറ്റൂല്ല
“അതെന്താ പോകാൻ പറ്റാത്തെ..?” സുര വിടാതെ നിബ്ബന്ധിച്ചു കൊണ്ടിരുന്നതിനാൽ അവർക്ക് എന്തെങ്കിലും പറയാതെ രക്ഷയില്ലെന്നായി.
“അത്.. എനിക്ക്.. ആയിന്” വല്ലിയേച്ചിയിൽ സ്ത്രീസമ്പൂർണ്ണ ഭാവത്തിന്റെ കോഹിന്നൂർ രത്നമുണ്ടെന്ന അഭിമാനവും ആൺചെക്കനോട് അക്കാര്യം പറയുവാനുമുള്ള നാണവികാരവും ഒരേസമയം ഓളം വെട്ടി.
“എന്താ ആയത് വല്ല്യേച്ചീ?” സംഗതി പിടികിട്ടിയെങ്കിലും സന്തോഷമടക്കി സുര പൊട്ടൻ കളിച്ചു. “നിനക്കറീല്ല ഛീ” എന്നൊക്കെ പറഞ്ഞ് വല്ലിയേച്ചി പിന്നെയും ഉരുണ്ടു.  എന്നാൽ മൂത്രം പിടിച്ച് കയറുക എന്നത് പോലെ സുര ചോദിച്ചോണ്ടിരുന്നു.  ഒരു രക്ഷയുമില്ലാതായപ്പോ “എനിക്ക് പിരിയഡാണ്..” എന്ന് പറഞ്ഞ് വല്ലിയേച്ചി ആപ്പിൾ കടിച്ച ഹവ്വയേച്ചിയായി.  


ഓപ്പൺ ടോക്കിന് തടസ്സമായി നിന്നിരുന്ന ‘ഓറെന്തെങ്കിലും ബിജാരിച്ചാലോ’ എന്ന ഫോർമാലിറ്റിയുടെ ചെങ്കൽ മതിലായിരുന്നു അന്നേരം ചടപടോന്ന് ഇടിഞ്ഞ് പൊളിഞ്ഞ് വീണത്.


പിന്നീട് സംഭാഷണത്തിൽ ഡീപ് ബ്ലൂ വേഡ്സും ആരും കാണാതെ വല്ലപ്പോഴും അത്യാവശ്യം ബോഡി ടച്ചിങ്ങും പതിവായി.  എന്നിട്ടും ആൺ-പെൺ സൌഹൃദങ്ങളിൽ സംഭവിക്കേണ്ടുന്ന മിനിമവും മാക്സിമവുമായ ഉൽ‌പ്പാദനപരമായ ആ കാര്യം മാത്രം നടന്നിരുന്നില്ല.  പല തവണ ചോദിച്ചിട്ടും അതിനുള്ളൊരു സമ്മതപത്രം കിട്ടിയില്ല.  സൌന്ദര്യം, നിറം, വിദ്യാഭ്യാസം, ജോലി, വയസ്സ് തുടങ്ങിയവയിൽ തന്റെ നിലവാരം കുറവായത് കൊണ്ടായിരിക്കുമോ? ആറ്റിറ്റ്യൂഡ് ഉണ്ടായിട്ടും അവരേക്കാൾ ആൾറ്റിറ്റ്യൂഡ് കുറവായത് കൊണ്ടാണോ? കട്ടബോഡിയും കട്ടിമീശയും കട്ടക്ക് വെള്ളമടിയും കാളരാഗത്തിൽ പാടാനും കഴിവുള്ള എന്നെ ഇഷ്ടമല്ലേ? നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായ ഇമ്മാതിരി സൌഹൃദങ്ങൾ എനിക്കും പറ്റില്ലേ? ഇനി ഞാനൊരു കന്നിസ്വാമി ആയത് കൊണ്ടായിരിക്കുമോ? എന്നൊക്കെ സംശയങ്ങൾ മധുരക്കള്ള് പോലെ സുരമനസ്സിൽ നുരഞ്ഞ് പതഞ്ഞു പൊന്തി.  ക്ഷമകെട്ട് എന്നെ ഇഷ്ടമല്ലേ എന്നൊരു ദിവസം ചോദിക്കുകയും ചെയ്തു. അയ്യോ അങ്ങനെയല്ല, എനിക്കും ഇന്ററെസ്റ്റുണ്ട് പക്ഷേ, പെട്ടെന്ന് പറ്റില്ല, സമയമാകട്ടെ ഒരു ദിവസം രാത്രി വീട്ടിലേക്ക് വിളിക്കാമെന്ന് വല്ലിയേച്ചി വാക്ക് കൊടുത്തു.  അതിന്റെ ആശ്വാസത്തിൽ പിന്നീടുള്ള സംസാരങ്ങളിൽ എരിവും പുളിയുമായി മസാല കൂടുതലായിരുന്നു.  എത്ര മണിക്ക് എങ്ങനെ ഏത് റൂട്ടിലൂടെ വരണം എന്ന് പോലും പ്ലാൻ ചെയ്തിട്ടും ഡേറ്റ് മാത്രം കിട്ടിയില്ല.  അത് സസ്പെൻസാണ്, പറയില്ലാന്നായിരുന്നു അവരുടെ അഭിപ്രായം.  പെണ്ണുങ്ങൾക്ക് ഇക്കാര്യത്തിലൊക്ക് തനത് ശീലങ്ങളുണ്ടല്ലോ ക്ഷമിക്കാതെ വഴിയില്ല.  ചെമ്പ് നിറയെ ബിരിയാണി ഉണ്ടാക്കിയിട്ട് അതിന്റടുത്ത് മണവും കേട്ട് വെള്ളമൂറി നിൽക്കേണ്ടി വരുന്നത് പോലെയായി സുരന്റെ സ്ഥിതി.  അത് വിവരിക്കാൻ പത്മരാജനെയോ വിഷ്വൽ ചെയ്യാൻ ഭരതനെയോ കൊണ്ട് പോലുമാകുമായിരുന്നില്ല.


അങ്ങനെ കുറേനാളായി കാത്ത് കാത്തിരുന്ന ക്ഷണമായിരുന്നു സന്ധ്യക്ക് ഗ്ലാസ്സിൽ കുറിപ്പ് രൂപത്തിൽ കരഗതമായത്.


അപ്പൂപ്പൻ താടിയുടേത് പോലെയായിരുന്നു സുരന്റെ പിന്നത്തെ കാര്യങ്ങൾ.  മനസ്സൊരു വഴിക്കും, കാലൊരു വഴിക്കും ബോഡി വേറൊരു വഴിക്കും കാറ്റിനങ്ങനെ പോകുന്നു.  നിൽക്കുകയാണോ നടക്കുകയാണോന്ന് അറിയുന്നില്ല, ആരാണ് എതിരെ വരുന്നതെന്നോ ആരാണ് മിണ്ടുന്നതെന്നോ അറിയുന്നില്ല.  കുളിക്കുമ്പോ വെള്ളം കോരി കിണർ വറ്റിയതും സോപ്പ് തീർന്നതുമറിഞ്ഞില്ല.  തെങ്ങിൻ ചൂരും കള്ളിന്റെ മണവും പോകാൻ ചേരിക്കുച്ചിട്ട് തേച്ച് തേച്ച് തൊലിപൊട്ടിച്ചു. നഖം മുതൽ തലവരെ വൃത്തിയാക്കിയിട്ടൊന്നും മതിയാവുന്നില്ല, ഷേവ് ചെയ്തിട്ടും ചെയ്തിട്ടും തൃപ്തിയാകുന്നുമില്ല.  വായ് നാറാതിരിക്കാൻ ഒരു ട്യൂബ് പേസ്റ്റ് മുഴുവനുമെടുത്ത് പല്ലു തേച്ചു, ഏമ്പക്കം വിടുമ്പോൾ മണം വന്നാലോ, അതു കൊണ്ട് കുറച്ച് വിഴുങ്ങുകയും ചെയ്തു. ഫസ്റ്റ് ഇമ്പ്രഷൻ ബെസ്റ്റ് ഇമ്പ്രഷൻ ആയില്ലെങ്കിൽ ചിലപ്പോളത് ലാസ്റ്റ് ഇമ്പ്രഷനും ആയേക്കാമല്ലോ.  അതുകൊണ്ട് മണത്തിന്റെയും വൃത്തിയുടേയും കാര്യത്തിൽ നിബ്ബന്ധമായും ഐ.എസ്.ഒ. നിലവാരം പുലർത്തണം.  പിൻഭാഗത്ത് കൈ എത്താത്തതിനാൽ ഒരു പാട്ട കുട്ടിക്കൂറ പൌഡർ ബെഡ്ഷീറ്റിൽ കുടഞ്ഞിട്ട് അതിൽ വീണുരണ്ടു.  ലിപ്സ് മൃദുലമാകാൻ ഇടക്കിടക്ക് തുപ്പൽ കൊണ്ട് ഡ്രിപ്പ് ഇറിഗേഷൻ നടത്തി.  എവിടെയെങ്കിലും പോകുമ്പോ ഇടുന്ന പുത്തൻ അയിഷ അണ്ടർവെയറും അലക്കി ഇസ്തിരിയിട്ട് വെച്ച കാവിമുണ്ടും ഷർട്ടുമിട്ടു. അമ്പലത്തിന്റെ പുറത്ത് നിൽക്കുന്ന ചെരുപ്പിന്റെ റോളാണ് അണ്ടർവെയറിനെങ്കിലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് കിടക്കട്ടെയെന്ന് വെച്ചു.  പതിനൊന്ന് മണിയാണ് മീറ്റിങ്ങ് ടൈം.  അത് വരെ സമയം കളയാൻ ചോയിപ്പുറത്തെ വിനോദന്റെ കല്യാണത്തിനു പോകാം.  വീട്ടിൽ നിന്ന് രാത്രി മുങ്ങേണ്ടുന്ന പൊല്ലാപ്പും ഒഴിവാക്കാം.  അവിടന്ന് ഒരു പത്തരക്ക് ശേഷം ഇറങ്ങിയാ മതി.  വല്ലിയേച്ചിയുടെ വീടിന്റെ മുൻഭാഗത്ത് പഞ്ചാ‍യത്ത് റോഡാണ്, അതിലൂടെ കയറാൻ പറ്റില്ല, ആരെങ്കിലും കണ്ടേക്കും.  വയലിലൂടെ പോയി വീടിന്റെ അടുക്കള ഭാഗത്ത് കയറാം, രാത്രി അതിലൂടെയൊന്നും ആരും വരാനില്ല.  വയലരികിൽ തന്നെയാണ് വീട്, അതിനാൽ നേരെപോയി കയറാം. പതിനൊന്നാകുമ്പോൾ അടുക്കള വാതിൽക്കൽ നിൽക്കുമെന്നാണ് പറഞ്ഞത്.  വല്ലിയേച്ചിയേയും കൂട്ടി വയലിലേക്ക് ചാഞ്ഞ തെങ്ങിന്റെ മുകളിൽ കെട്ടിപ്പിടിച്ച് കിടക്കണം, രണ്ട് ലിറ്റർ കള്ള്‌ കിട്ടുന്ന തെങ്ങാണ്.  ടൈറ്റാനിക്ക് പടത്തിലെ പോലെ കുറേ സമയം അങ്ങനെ കാറ്റുമേറ്റ് സംസാരിച്ച് കിടക്കണം ശോ..!!!


നിങ്ങൾ ശാസിച്ചോളൂ ഞാൻ നേരെയാകില്ലാന്ന് പറയുന്ന അച്ചുമ്മാന്നേ പോലെ കുരുത്തംകെട്ട രോമങ്ങൾ പിന്നെയും ചാടിയെണീറ്റ് സ്റ്റെഡിയായി നിന്നു.


കല്യാണവീട്ടിലെത്തിയ സുരയുടെ അവസ്ഥ നിലാവത്തിറക്കി വിട്ട കോഴിയുടേത് പോലായിരുന്നു.  ബോഡിയും കൺ‌ട്രോൾ സ്റ്റേഷനും തമ്മിലുള്ള ബന്ധം കം‌പ്ലീറ്റ് വിഛേദിക്കപ്പെട്ടിരുന്നു.  ആലോചന വേറെയിടത്തായതിനാൽ കല്യാണത്തിന്റെ ഒരുക്കങ്ങളിലോ സദ്യവട്ടങ്ങളിലോ കോൺസൻ‌ട്രേഷൻ കൊടുക്കാനേ പറ്റിയില്ല.  പരിചയക്കാർ ചിരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പ്രതികരിക്കാൻ പറ്റുന്നില്ല.  എന്തെങ്കിലും പണി എടുക്കണ്ടേന്ന് വിചാരിച്ച് പച്ചക്കറി മുറിക്കാൻ ഇരുന്നെങ്കിലും കടലവണ്ണത്തിൽ മുറിക്കേണ്ടതിനെ അവിയലിന്റെ അളവിലും സാമ്പാറിന് മുറിക്കേണ്ട വെണ്ടക്ക, ഉപ്പേരിക്ക് പോലെയും തറിച്ച് മുറിച്ച് ആളുകളുടെ കോമഡിസ്റ്റാറായി.  അതിന്നിടയില് കത്തിയൊന്ന് പാളി ചോരവന്നപ്പോൾ മുറിക്കൽ നിർത്തി എഴുന്നേറ്റു, ഒരു ശുഭകാര്യത്തിന് പോകുമ്പോൾ ചോര കാണുന്നത് നല്ല ലക്ഷണമെന്നോർത്ത് സമാധാനിച്ചു.  സാധാരണ കല്യാണ വീടുകളിലെത്തിയാൽ നമുക്ക് പറ്റിയ പെൺകുട്ടികളുണ്ടോന്ന് പരതാറുണ്ടെങ്കിലും കടലാസ്സ്പുഷ്പങ്ങൾ പോലെ കുട്ടികളുണ്ടായിട്ടും, തായമ്പൊയിലിലെ മഞ്ജു ഇങ്ങോട്ട് ചിരിച്ചിട്ടും മൈൻഡാക്കിയില്ല.  ഏത് കല്യാണത്തിനു പോയാലും നാലു പെഗെങ്കിലും ചോപ്പ് വെള്ളം അടിക്കുന്നതായിരുന്നു.  ഇത്തവണ ചങ്ങാതിമാർ വായിൽക്കൊണ്ട് മുട്ടിച്ചിട്ടും പിടിച്ച് വലിച്ചിറ്റും വേണ്ടാന്ന് പറഞ്ഞു. രണ്ട് വട്ടം ചോറു വാങ്ങി കുത്തിക്കയറ്റാറുണ്ടെങ്കിലും വായെത്തുന്നിടത്ത് മനസ്സെത്താത്തതിനാൽ ഒരു മണി വറ്റ് ഇറക്കാനായില്ല.  അതിന്നിടയിൽ കുടിക്കാൻ കൊണ്ട് വെച്ച കഞ്ഞിവെള്ളം കണ്ട് ‘പായസം വേണ്ടാ..’ന്ന് പറഞ്ഞ് ആളുകളുടെ ചിരി പിന്നെയും വാങ്ങിക്കൂട്ടി.  പോയിറ്റ് ചെയ്യേണ്ടുന്ന കാര്യങ്ങളെയും ആരെങ്കിലും കണ്ടാലോന്ന് പേടിച്ചും ഒരഞ്ചാറ് കൊല്ലത്തേക്കുള്ള ടെൻഷൻ മുഴുവനും ഒറ്റയടിക്ക് അനുഭവിച്ചു.  ഗെയിലിന്റെ ഗ്യാസ് പൈപ്പ് പോലത്തെ ഉറപ്പുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ടെൻഷൻ കാരണം ചോരഞെരമ്പുകളൊക്കെ എപ്പോഴോ പൊട്ടിത്തെറിച്ചേനേ!


അവസാനം രാത്രിയിലെ ക്ലോക്കിന്റേത് പോലെ നെഞ്ചിൽ നിന്നുള്ള ഒച്ചപ്പാടിനെയും ടെൻഷനെയും ഫുൾ വോ‌ള്യത്തിലാക്കി സമയം പത്തര മണിയായി.  

ആളുകളുടെയും ചങ്ങാതിമാരുടെയും ശ്രദ്ധയിൽപ്പെടാതെ വിറകാലുകളുമായി കല്യാണവീട്ടിൽ നിന്ന് പതുക്കെ ഇടവഴിയിലേക്കിറങ്ങി.  അവിടവിടെയായി വാട്ടർസപ്ലൈക്കാർ കൂട്ടം കൂടിയിരുന്ന് കുപ്പിയും മനസ്സും പങ്ക് വക്കുന്നുണ്ട്. കാവിമുണ്ടും കറുപ്പ് ഷർട്ടുമായതിനാൽ (അതൊക്കെ രാത്രിയാത്രയിലെ പ്ലാനിങ്ങാണ്) പെട്ടെന്നാരുടെയും ശ്രദ്ധയിൽ പെടില്ല, പോരാത്തതിന് നല്ല കൂരിരുട്ടും.  ഫുൾമൂൺ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടായേനേ.  ഇടവഴി നേരെ ചെന്നവസാനിക്കുന്നത് വയലിലേക്കാണ്.  വയലിന്റെ കൃത്യം നടുക്ക് നിന്നും ഇടത്തേക്കുള്ള വരമ്പിലൂടെ നേരെ നടന്നാൽ എത്തുന്നത് തെക്കേക്കര അങ്ങാടിയിലേക്കാണ്.  വരമ്പിന്റെ പകുതിയെത്തി ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ചിറയിലേക്ക് കയറിയാൽ കറക്റ്റായി വല്ലിയേച്ചിയുടെ അടുക്കള ഭാഗത്തെത്തും.  വീട്ടിൽ മക്കളും അമ്മായിയമ്മയും ഉറങ്ങിക്കാണും, അവിടെത്തിയാൽ പിന്നെയൊന്നും പേടിക്കാനില്ല. വയൽ കടക്കുമ്പോൾ ആരെങ്കിലും വന്നാൽ മാത്രമേ പ്രശ്നമുള്ളൂ, അത് മാത്രമാണ് ഈ സാഹസിക യാത്രയിലെ കാൽക്കുലേറ്റഡ് റിസ്ക്.  


വയലിന്റെ നടുക്കെത്തി നാലുപാടും കറങ്ങി വല്ലയിടത്തു നിന്നും വെളിച്ചം വരുന്നുണ്ടോന്ന് നോക്കി.  ഇല്ല, അപ്പോ മിഷൻ അന്തിക്കേറ്റ് തുടങ്ങാം.  ചുറ്റുപാടും ഞാറ് നടാൻ വേണ്ടി ചളി കുഴച്ചിട്ടിരിക്കുന്ന വയലും വലക്കണ്ണികൾ പോലത്തെ വരമ്പും മാത്രം. കൃഷിയൊക്കെ ഇപ്പോ പത്രത്തിലെ കാർഷികരംഗം പേജുകളിൽ മാത്രമാണെങ്കിലും കുടുംബശ്രീക്കാരൊക്കെ ഉള്ളത് കൊണ്ട് പണികൾ ചിലയിടത്തൊക്കെ നടക്കുന്നുണ്ട്.  ഇരുവശത്തും തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ ചിറകളും അതിന്റപ്പുറം ഇടക്കിടക്ക് ചില വീടുകളും.  ലൈറ്റൊന്നും കാണുന്നില്ല, എല്ലാവരും ഉറങ്ങീന്ന് തോന്നുന്നു, ഇനി പേടിക്കാനേയില്ല.  വായ നാറാതിരിക്കാനും ധൈര്യത്തിനും കരുതിയിരുന്ന മുട്ടായി എടുത്ത് വായിലിട്ട് ചവച്ചു.  ഇരുട്ടായിരുന്നിട്ടും ടോർച്ച് എടുക്കാത്തത് മനപൂർവ്വമാണ്, അതാകുമ്പം ആരെങ്കിലും കാണും.  മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കുനിഞ്ഞ് വരമ്പിൽ മാത്രം ശ്രദ്ധിച്ച് നടന്നു.  ഞെക്കി ഞെക്കി മൊബൈലിൽ എണ്ണിയാലൊടുങ്ങാത്ത അക്കങ്ങൾ മുളക്കാൻ തുടങ്ങി.  കുറച്ച് നടന്നപ്പോൾ ബസ്ക്ലീനർ വാസുവിന്റെ വീടിന്റെ കിണറ്റുകരയിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടു.  മൂപ്പർ ബസ്സ് ഹാൾട്ടാക്കി വന്ന് കുളിക്കുകയാണ്.  കുറച്ച് സമയം മൊബൈൽ രണ്ട് കൈകൊണ്ടും പൊത്തിപ്പിടിച്ച് അനങ്ങാണ്ട് നിന്നു.  കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ വെളിച്ചമില്ലെങ്കിലും പോകാൻ പറ്റുമെന്നായി. ഒച്ചയുണ്ടാക്കാണ്ട് മെല്ലെ നടന്നു.  വീട് കടന്നപ്പോൾ ധൈര്യമായി.  ഇനി അഞ്ചാറ് കണ്ടം കൂടി കഴിഞ്ഞാൽ രക്ഷപ്പെട്ടു.  അവിടന്ന് ഇടത്തേക്ക് തെറ്റിയാൽ വല്ലിയേച്ചിയുടെ വീടായി. ഓറ്‌ കാത്തിരിക്കുകയാകും ഇപ്പോൾ..! ലിറ്റർ കണക്കിന് ചോര ഒന്നായി തിളച്ച് പതച്ച് മറിയാൻ തുടങ്ങി


പെട്ടെന്നാണ് കുറച്ച് മുന്നിലൊരു മങ്ങിയ വെളിച്ചം കണ്ടത്


ഒന്ന് പതറി സർവ്വാംഗം വിറച്ചു.. ആരാണതെന്നറിയില്ല, എന്തിനാ രാത്രി ഈ ഭാഗത്ത് വന്നതെന്ന് ചോദിച്ചാൽ എന്താ പറയുക! ആലോചിച്ച് നിൽക്കാൻ സമയമില്ല, സഡൻ ആക്ഷൻ നടത്തേണ്ട സമയമാണിത്..  വേഗം വയലിലേക്കിറങ്ങി. മുട്ടോളം ചെളിയാണ്, നാട്ടി നടാൻ വേണ്ടി ഒരുക്കിയിട്ടതാണ്.  കാർട്ടൂണിൽ ടോം ജെറിയെ പിടിക്കാൻ ക്ലോം.. ക്ലോം.. എന്ന് ഒച്ചയുണ്ടാക്കി നടക്കുന്നത് പോലെ കാലു പൊക്കി നീട്ടിവെച്ച് കണ്ടത്തിന്റെ നടുവിലെത്തി അനങ്ങാതെ മണങ്ങി നിന്നു.. എതിരെ വന്നയാൾ സഞ്ചിയും തൂക്കി ആടിയാടി നടന്നു പോയി.. പീടികക്കാരൻ രാഘവേട്ടൻ കട പൂട്ടി കള്ളുംകുടിച്ച് വരികയാണ്.  പണ്ടാരക്കാലനു വരാൻ കണ്ട നേരം!  കാലു മുഴുവൻ ചെളിയായി.. ഇനി ഇതൊക്കെ വൃത്തിയാക്കണ്ടേ.  വരമ്പിലേക്ക് നടക്കാൻ നോക്കി. കാലു ചെളിയിൽ പൂണ്ടിരിക്കുകയാണ്.  പണ്ട് രാത്രിസേവയിൽ ഓടുമ്പോൾ എടുക്കാൻ മറന്ന ചെരിപ്പ് നോക്കി ലോക്കൽ ഷെർലക്ഹോംസുമാർ ഒരാളെ പൊക്കിയിരുന്നു.  അത് കൊണ്ടാണ് കക്കൂസിൽ പോകുമ്പം ഇടുന്ന തയഞ്ഞ സ്പഞ്ചിന്റെ ചെരിപ്പ് ഇട്ടത്.  വലിച്ച് നോക്കി, കിട്ടുന്നില്ല, ആഞ്ഞ് വലിച്ചു.. വള്ളിപൊട്ടി ചെരിപ്പവിടെ നിന്നു, കാലിങ്ങ് പോന്നു. അതെടുക്കാൻ കുനിഞ്ഞപ്പോൾ മൊബൈൽ ഫോൺ തവള തുള്ളുന്നത് പോലെ പോക്കറ്റിൽ നിന്നും താഴേക്ക് വീണു..!  കൈയിട്ട് തപ്പി നോക്കി.. അതോടെ കൈയ്യിലും ചെളിയായി..  കുറേ തിരഞ്ഞിട്ടും കിട്ടിയില്ല,  മാവിൽ മുങ്ങിയ പഴം‌പൊരി ആയ സ്ഥിതിക്ക് ഇനിയത് കിട്ടിയിട്ടും കാര്യമില്ല.  പോട്ടെ, അതൊക്കെ ഇഷ്ടപ്പെട്ടാൽ വല്ലിയേച്ചി തന്നെ വാങ്ങിത്തരും, അവരുടെ കൈയ്യിൽ നല്ല കാശുണ്ട്.  ആദ്യം വന്ന കാര്യം നടക്കട്ടെ എന്നോർത്ത് കാലു വലിച്ച് നടക്കാൻ നോക്കി.. അനക്കാൻ പറ്റുന്നില്ല..  ശക്തിയോടെ വലിച്ചെടുത്ത് മാറ്റി ചവിട്ടിയപ്പോൾ കാലു ആഴത്തിലേക്ക് പൂണ്ട് പോയി.. പെട്ടെന്ന് ബാലൻസ് തെറ്റി സ്ലിപ്പായി മുഖമടച്ച് വയലിൽ വീണു!! എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് എഴുന്നേറ്റപ്പോൾ മേലാസകലം ചെളിയിൽ കുളിച്ച് മസാലമുക്കിയ കടല പോലെയായി.  കാലു പൊന്തിച്ചെടുക്കാനും നടക്കാനും കുറേ ശ്രമിച്ചു നോക്കി.. പൊന്തുന്നേയില്ല.. മുട്ടോളം ചെളിയിൽ പൂണ്ടിരിക്കുന്നു...!  


ആ ഒരൊറ്റ രാത്രികൊണ്ട് സുരൻ അലുവാലിയയേക്കാൾ കൂടുതൽ കേരളത്തിലെ നെൽകൃഷിയെ വെറുക്കുന്നവനായി മാറി!!


രാവിലെ ബസ്സിലേക്ക് പോകുന്ന വാസുവേട്ടനാണ് അതാദ്യം കണ്ടത്.. ചളിക്കണ്ടത്തിന്റെ നടുഭാഗത്ത്  കാനായികുഞ്ഞിരാമന്റെ കരവിരുത് പോലെ ഒരു ക്ലേമോഡലിങ്ങ് പ്രതിമ നിൽക്കുന്നു!!!


ന്തിച്ത്ത് സീസൺ -2 ഇവിടുടരുന്നു...