Wednesday, December 17, 2008

കടല്‍ കൌതുകങ്ങള്‍

പ്രണയിനിയുടെ കരിനീല കണ്ണുകള്‍ പോലെ ഒരിക്കലും കണ്ടു മതിയാവാത്തതാണ് കടല്‍. ഒരേ സമയം കാമുകിയും അമ്മയുമാണു കടല്‍. നാമേത് അവസ്ഥയിലാണെന്നു അതു തെളിയിച്ചു തരുന്നു. കരഞ്ഞു സങ്കടപ്പെട്ട് വരുന്ന കുട്ടിക്ക് അമ്മയുടെ മടിത്തട്ട് എന്ന പോലെ കടല്‍ എപ്പോഴും നിറയെ സാന്ത്വനവും സ്നേഹവും നല്‍കി ആശ്വസിപ്പിക്കുന്നു. കാമുകിയെപ്പോലെ കരുത്തും ഊര്‍ജ്ജവും പകരുന്നു.

ജീവിതത്തിലെ നിര്‍ണ്ണായക പ്രതിസന്ധികളില്‍ പരശ്ശതം സന്ദേഹങ്ങള്‍ക്ക് ആശ്വാസമേകി ആ മാതൃഭാവം എത്രയോ തവണ എനിക്ക് സാന്ത്വനമേകിയിട്ടുണ്ട്. ഉള്ളില്‍ കനം വെച്ച് നീറിനോവിക്കുന്ന ചിന്തകളുമായി മനസ്സിന്റെ സന്തുലിതാവസ്ഥയുടെ അങ്ങേയറ്റത്ത് ഒരാശ്വാസം തേടി വെള്ളായിയപ്പന്‍ പാഥേയം സമര്‍പ്പിച്ച ആ കടല്‍ത്തീരത്ത് ഏറെ നാളുകള്‍ ഞാന്‍ അലഞ്ഞിരുന്നു.

മോഹിക്കാന്‍ മാത്രം കഴിയുന്ന സുന്ദരിയെ ദൂരെ നിന്നു കണ്ട് സംതൃപ്തിയടയുന്നത് പോലെ കടലിനെ അകലെ നിന്നു കാണുന്നതാണു ഇഷ്ടം. പയ്യാമ്പലം തീരത്തെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും അനേക സമയം ചെലവഴിക്കും. കടലിന്റെ സംഗീതം കേട്ടും, തീരങ്ങളിലത് നീണ്ടുവിടര്‍ന്ന കൈകളാലെന്തിനോ പരതി നിരാശയോടെ തിരിച്ചു പോകുന്നതും നോക്കി നില്‍ക്കും.

കടലിന്റെ രാത്രി സൌന്ദര്യത്തെപ്പറ്റി സഹൃദയനായ ഒരു സുഹൃത്താണു ഒരിക്കല്‍ പറഞ്ഞത്. അതില്‍ പിന്നെ രാത്രികളിലും നിത്യ സന്ദര്‍ശകനായി. പകലും രാത്രിയും കടര്‍ശ ഒരു പോലെ മനോഹരി തന്നെ. പകര്‍ശ ദൃശ്യസമ്പന്നമെങ്കില്‍ രാവില്‍ സാരംഗി വാദനം. മലര്‍ന്നു കിടന്നു നക്ഷത്രങ്ങളേയും നോക്കി തിരമാലകളുടെ മേളപ്പെരുക്കങ്ങളില്‍ സ്വയമലിഞ്ഞങ്ങനെ എത്രയോ രാവുകള്‍!

മറീന, കന്യാകുമാരി, കോവളം, കൊച്ചി, കോഴിക്കോട്, മുഴപ്പിലങ്ങാട്, പയ്യാമ്പലം, ബേക്കല്‍ ഇങ്ങനെ കടല്‍ത്തീരങ്ങളില്‍ നിന്നുമുള്ള അവാച്യമായ അനുഭൂതികള്‍ക്ക് പുറമേ വ്യതിര്യക്തങ്ങളായ അനുഭവങ്ങളും അനവധി. അവയില്‍ ചിലത് പരസ്പരം മത്സരിച്ച് ഓടി മുന്നിലെത്തുന്നു; തിരമാലകളെന്ന പോലെ.

കോവളം ബീച്ചില്‍ കച്ചവട കാഴ്ചകളാണു കൂടുതല്‍. നാട്ടുകാരേക്കാള്‍ അല്പ വസ്ത്രധാരികളായ വിദേശികളും. വെറുതെ ചുറ്റിത്തിരിയുമ്പോഴാണു ആ കാഴ്ച കണ്ടത്. തിരക്കില്‍ നിന്നകന്ന് സ്വര്‍ണ്ണത്തലമുടിയുള്ള അതിസുന്ദരിയായ ഒരു യുവതി കമിഴ്ത്തി വെച്ച വീണ പോലെ പൂഴിയില്‍ കിടക്കുന്നു. നഗ്നമായ മാറിടം കുഴികുത്തി മൂടിയിരിക്കുകയാണു. പുറവടിവില്‍ നിന്നുയര്‍ന്നു നില്ക്കുന്നത് ഒരു ടവ്വല്‍ കൊണ്ട് മറച്ചിരിക്കുന്നു. നേരെ മുന്നിലായി അല്‍പ്പമകലെ ഒരു തോണിയുടെ മറപറ്റി കുറേപേര്‍ അവള്‍ എഴുന്നേല്ക്കുന്നത് കാത്തിരിക്കുന്നു. തല പൊക്കുമ്പോള്‍ കുഴിച്ചിട്ടിരിക്കുന്നതിന്റെ എന്തെങ്കിലും ഭാഗം കാണാതിരിക്കില്ലല്ലോ!

കിലോമീറ്ററുകളോളം നീളത്തില്‍ വെണ്മണല്‍ വിരിച്ചു നില്‍ക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍-ബീച്ച് ആണു. മറ്റു സ്ഥലങ്ങളില്‍ കലിതുള്ളി സംഹാര രൂപിണിയായി ആര്‍ത്തലക്കുന്ന കടല്‍ ഇവിടെ നാണംകുണുങ്ങിയൊഴുകുന്ന ഒരു പുഴ പോല് ശാന്തനിശബ്ദയാണു. പട്ടുപാവാടയുടുത്ത് പഞ്ചാരമണലിനെ തഴുകി നടക്കുന്ന കൌമാരക്കാരിയെപ്പോലെ കടല്‍ കുഞ്ഞലകളിളക്കി അലസമായൊതുങ്ങി നില്‍ക്കുന്നു. അവളെ ഉമ്മവെക്കാനായി കതിരവന്‍ തന്റെ പ്രണയശോണിമയാര്‍ന്ന മുഖം താഴ്ത്തുന്നു.

ഡ്രൈവിങ്ങ് പഠിപ്പിച്ചു തരുമോ എന്ന കൂട്ടുകാരിയുടെ ആഗ്രഹ പ്രകാരമാണു സായന്തനത്തില്‍ അവളേയും കൂട്ടി കാറില്‍ അവിടേക്ക് പോയത്. കറുത്ത ഗ്ലാസുകള്‍ മറതീര്‍ത്ത കാറിനുള്ളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. സ്റ്റീയറിംഗിലും ഗിയര്‍ ലിവറിലും എന്റെ കൈകള്‍ അവളുടെ സുന്ദരമായ നീണ്ടു മെലിഞ്ഞ കൈകളെ പലവട്ടം തൊട്ടുരുമ്മി. അവളില്‍ നിന്നുമുയര്‍ന്ന സ്ത്രീ ഗന്ധം എന്നില്‍ അശുഭ വിചാരങ്ങള്‍ക്ക് മുളയേകി. അരക്കെട്ടിന്റെ വിളികള്‍ക്ക് കരുത്ത് കൂടുതലായിരുന്നു. ഒരു ഞൊടിയിട അറിയാതെ കൈകളെ സ്പര്‍ശിച്ചകന്ന മാറിടത്തിലെ പൂമൊട്ടുകള്‍ സഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും അറുത്തുമാറ്റി. ഞാന്‍ ഹാന്‍ഡ് ബ്രേക്ക് പിടിച്ച് വണ്ടിനിര്‍ത്തി. ഇടത്തു കൈയ്യാലവളുടെ കൈപിടിച്ച്, വലത് തോളിലൂടെ കൈയ്യിട്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ആ മുഖം എന്റെ നേര്‍ക്കടുപ്പിച്ച് പരമ കോടിയിലെത്തിയ ഹ്രുദയ താളത്തില്‍ ഉമിനീര്‍ വറ്റി പരുത്ത ശബ്ധത്തില്‍ അവളുടെ നീള്‍മിഴികളിലേക്ക് നോക്കി വിറയലോടെ ചോദിച്ചു.

''നിനക്ക് … നിനക്കൊന്നും തോന്നുന്നില്ലേ….?''
എന്റെ കണ്ണുകളില്‍ കണ്ണുകള്‍ ചേര്‍ത്ത് നിശ്ചലയായി അവള്‍ പറഞ്ഞു.
''ഇല്ല; എനിക്കൊന്നും തോന്നുന്നില്ല.''

ആകാശത്തോളമുയര്‍ന്ന പൌരുഷഗോപുരങ്ങള്‍ തകര്‍ന്ന് ഞാന്‍ വെറുമൊരു കീടമായി നിലം പതിക്കെ, കടല്‍ അതിന്റെ ഏറ്റവും സുന്ദരവും വശ്യവുമായ നിശാഭാവത്തിലേക്ക് കടക്കുകയായിരുന്നു.

ഓരോ നിമിഷവും ഓരോ ശ്വാസത്തിലും എന്റെയുള്ളില്‍ നിറഞ്ഞു നിന്നിരുന്ന മുഖം സ്വന്തമായെന്നഹങ്കരിച്ച നാളുകളൊന്നില്‍ കൂട്ടുകാരൊത്ത് ഒരു വൈകുന്നേരം ഞാന്‍ ബേക്കല്‍ തീരത്തെത്തി. തീരത്തെ പൂഴി മണലില്‍ അവളുടെ പേരു ഞാന് വെറുതെ കൈവിരലാല്‍ എഴുതിവെച്ചു. ഒരു ചെറുതിര വന്നു അതു മായ്ച്ചു കളഞ്ഞപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. കുറച്ച് ദൂരെ വീണ്ടും ഞാനാ പേരു കുറിച്ചു. ഒരു തിരമാലയില്‍ അതും ഒഴുകിപ്പോയി. പിന്നെയും രണ്ട് പ്രാവശ്യം അതെല്ലാം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വാശിയായി. ഒരിക്കലും തിര കയറിവരാത്തത്ര ദൂരത്ത് ആ പേരു വീണ്ടുമെഴുതി. അത്ഭുതപ്പെടുത്തി ഒരു കനത്ത തിര അതും കൊണ്ടുപോയി. കുറച്ച് നാളുകള്‍ക്ക് ശേഷം തിര പോലെ അവളും എന്നില്‍ നിന്നും തിരിച്ചൊഴുകിപ്പോയി.

ശേഷം അധമവഴികളിലേക്കെന്റെ ജീവിതദിശ മാറ്റിവിട്ട കൊടുങ്കാറ്റിന്റെ വരവറിയിച്ച ആ കടല്ത്തീരത്തേക്ക് പിന്നീടൊരിക്കലും പോകാന്‍ തോന്നാത്തതെന്തേ?

അപ്രതീക്ഷിത തിരകളില്‍പ്പെട്ട് കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ ഊര്‍ന്നു പോയി ജീവിത നടന കാഴ്ചകളില്‍ സ്വയം അന്ധനായി മാറുമ്പോള് ഒരു നാള് തീര്ച്ചയായും ഞാന്‍ കടല്‍കാഴ്ച്ചകള്‍ കാണാന്‍ പോകും; അവസാനമായി. എല്ലാ വ്യാകുലതകളേയും ഒരു കുളിര്‍ക്കാറ്റിനാലെന്ന പോലെ തഴുകിയെടുത്ത് തന്റെ അജ്ഞാത സ്നേഹതീരങ്ങളിലേക്ക് ആലിംഗനം ചെയ്തു കൊണ്ടുപോകുന്ന ആ നിത്യ പ്രണയിനി തന്റെ ആയിരം കൈകളാല്‍ എന്നെയും സ്വീകരിക്കുമായിരിക്കും. തീര്‍ച്ച.

27 comments:

  1. ഒരിക്കലും തിര കയറിവരാത്തത്ര ദൂരത്ത് ആ പേരു വീണ്ടുമെഴുതി. അത്ഭുതപ്പെടുത്തി ഒരു കനത്ത തിര അതും കൊണ്ടുപോയി. കുറച്ച് നാളുകള്‍ക്ക് ശേഷം തിര പോലെ അവളും എന്നില്‍ നിന്നും തിരിച്ചൊഴുകിപ്പോയി.
    ആ വരികള്‍ മനസ്സില്‍ തട്ടി.

    തേങ്ങ എന്റെ വക
    എന്നെയും ആ പഴയ കടല്‍ തീരത്ത് കൊണ്ടു പോയതിനു നന്ദി

    ReplyDelete
  2. കടല്‍ത്തീരവും പ്രണയവും കൂട്ടിക്കലര്‍ത്തിയ ഈ പോസ്റ്റിന് ഒരു പ്രത്യേക ഫീല്‍ ഉണ്ട്... വായനക്കാരെ കടല്‍ത്തീരത്തേയ്ക്ക് ആകര്‍ഷിയ്ക്കുന്ന എന്തോ ഒന്ന്.

    ReplyDelete
  3. “ തിര പോലെ അവളും എന്നില്‍ നിന്നും തിരിച്ചൊഴുകിപ്പോയി. “

    മനോഹരമായ എഴുത്ത്

    ReplyDelete
  4. കുമാര്‍ജി,
    തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ് ഇപ്രാവശ്യം അല്ലെ? നന്നായിട്ടുണ്ട്, എഴുത്തിനു ഒരു സുഖമുണ്ട്. തുടരുക.

    ReplyDelete
  5. kollam vyathyasthamaaya post. :)

    ReplyDelete
  6. കടലിനെ പറ്റിയുള്ള വിചാരങ്ങൾ നന്നായി.

    ReplyDelete
  7. നന്ദി, ഈ സുഖമുള്ള വായന തന്നതിന്.

    ReplyDelete
  8. മനസ്സില്‍ വല്ലാതെ തട്ടുന്നല്ലോ.

    തികച്ചും വ്യത്യസ്ഥവും.

    ആശംസകള്‍.

    ReplyDelete
  9. കാണണമെന്ന് തോന്നുമ്പോഴൊക്കെ കടലിനെ തേടിയെത്താവുന്നിടത്ത് ഞാനൊരിക്കലും താമസിച്ചിട്ടില്ല.. എന്നാലും കിട്ടാവുന്ന അവസരങ്ങളിലെല്ലം ഞാന്‍ ഓടിയെത്തും..

    രാത്രിയിലെ കടലിന്റെ ഭംഗി വിവരിക്കാനാവില്ലല്ലെ... ആസുരമാണത്... ഒരിക്കല്‍ മാത്രം ഞാനും അത് ആസ്വദിച്ചിട്ടുണ്‍റ്റ്.. മറീനബീച്ചില്‍ .. പത്തുമണികഴിഞ്ഞിട്ടും എന്തൊരു തിരക്കാരുന്നു അവിടെ..

    ReplyDelete
  10. ഒരുപാടിഷ്ടപ്പെട്ടു കടൽ കൌതുകങ്ങൾ

    ReplyDelete
  11. പൌര്‍ണ്ണമി രാവില്‍ കടല്‍തീരത്ത് പൂഴിമണലില്‍ മലര്‍ന്നു കിടന്ന് തിരകളുടെ സാന്ത്വനരാഗങ്ങളില്‍ പന്ത്രണ്ടാം യാമത്തിന്റെ കുളിരുകോരുന്നത് വരെ മേഘങ്ങള്‍ പൂര്‍ണ്ണചന്ദ്രനെ തഴുകി കടന്നുപോവുന്നത് കണ്ണുതുറന്നു നോക്കിയിരിക്കുക...പിന്നെ അറിയാതെ നിലാവ് അസ്തമിക്കുവോളം മയങ്ങുക. ഇതിനേക്കാള്‍ വല്യ ഒരനുഭൂതി ഞാനനുഭവിച്ചിട്ടില്ല. കടലും തിരയും തീരവും അതെന്തൊക്കെയോയാണ്.

    ReplyDelete
  12. കടല്‍ കൌതുകങ്ങള്‍ ഇഷ്ടപ്പെട്ടു..

    ReplyDelete
  13. വ്യത്യസ്തമായ പോസ്റ്റ് നന്നായി കുമാര്‍ജീ ആശംസകള്‍

    ReplyDelete
  14. ജീവിത കാഴ്ചകള്‍ലില്‍ അന്ധനല്ലതാകട്ടെ..കൂടുതല്‍ കടല്‍ കാഴ്ചകളിലേക്ക് സ്വാഗതം...ത്രിശ്ശൂരിന്റെ പടിഞ്ഞാറ് സ്നേഹത്തീരത്ത് നിന്നും ...

    ReplyDelete
  15. കുമാരേട്ടാ,വരികള്‍ മനസ്സില്‍ തട്ടുന്നു.ഇഷ്ടപ്പെട്ടു.

    ReplyDelete
  16. ''പ്രണയിനിയുടെ കരിനീല കണ്ണുകള്‍ പോലെ ഒരിക്കലും കണ്ടു മതിയാവാത്തതാണ് കടല്‍.''

    മാഷേ, ഇതു കൊത്തി.........
    ആവര്‍ത്തിക്കുന്നു, അമ്പരപ്പിച്ചു.
    മുരളിക.

    ReplyDelete
  17. തല പൊക്കുമ്പോള്‍ കുഴിച്ചിട്ടിരിക്കുന്നതിന്റെ എന്തെങ്കിലും ഭാഗം കാണാതിരിക്കില്ലല്ലോ!
    നന്നായി
    പക്ഷെ ഒത്തിരി നന്നായത്‌ ഈ വിത്യസ്തമായ പോസ്റ്റും ഈ മനോഹരമായ എഴുത്തും

    ReplyDelete
  18. എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  19. narmmavum seriousum orupole vazhangunnu.. abhiprayam parayanulla alonnumilla njan. ennalum enikku ee blog nalla ishtamayi..

    onnu vayichu chirichu kazhinjal next vayichu mood aake marunnu..

    ReplyDelete