Thursday, May 17, 2012

വൈശികം

വർധമാനഗിരിയുടെ മുകളിലെ ഉരുണ്ട കരിങ്കൽ ശിലകൾക്കിടയിൽ കാലുറപ്പിച്ച് വളർച്ച മുരടിച്ചൊരു വനസ്പതിയുടെ ശാഖിയിൽ മുറുകെ പിടിച്ച് ഹരിത കമ്പളം പോലെയുള്ള താഴ്‌വരയിലേക്ക് സൂക്ഷിച്ച് നോക്കി. ഗോല മലയ്ക്കും കർന വനത്തിനും ചമന താഴ്‌വരക്കുമപ്പുറത്ത് നിന്ന് പീതവർണ്ണ പതാകയേന്തി ദേവപുരം ലക്ഷ്യമിട്ട് മാഗധ രാജ്യത്തിന്റെ രഥങ്ങൾ വരുന്നുണ്ടോ കൊമ്പ് കുഴൽ വാദ്യഘോഷങ്ങളും നായാട്ട് നായ്ക്കളുമായ് ആർത്തലച്ച് ഭേരി മുഴക്കി കാടും നാടുമിളക്കി പൊടിപടർത്തി നാഗരികർ കുതിക്കുന്നുണ്ടോ.... കൂട്ടമായ് പറക്കുന്ന പതംഗങ്ങൾ പോലെയുള്ള അന്തിമേഘങ്ങൾക്ക് ചെമപ്പ് ചാന്ത് പകർന്ന് സൂര്യൻ എരിഞ്ഞടങ്ങാറായി.  ഇല്ല, ഇന്നുമില്ല...  താഴ്ന്ന് വന്നൊരു മേഘക്കീറ്‌ ഉത്തരീയം തട്ടിമാറ്റി ദേഹത്തെ തഴുകി തണുപ്പിച്ച് കടന്നു പോയി.  പിറകെ കാറ്റിന്റെ അടുക്കുകൾക്കിടയിലൂടെ മൂവനാപുരത്തെ ശ്രീകൃഷ്ണക്ഷേത്രത്തിലെ ശംഖൊലി കേട്ടു.  സന്ധ്യാ പൂജയ്ക്ക് സമയമാ‍യി.  ഇപ്പോ വിളിക്കുമെന്ന് ഓർത്തതേയുള്ളൂ. അപ്പോഴേക്കും “ആവണീ” എന്ന വിളി പാറക്കെട്ടുകൾക്ക് താഴെ നിന്നും തേടിവന്നു.  ഇനിയും നിന്നാൽ കൂട്ടുകാരികൾ വിട്ട് പോയ്ക്കളയും.  കറുത്തിരുണ്ട കരിങ്കൽക്കൂട്ടങ്ങൾ പിടിച്ച് ശ്രദ്ധാപൂർവ്വം ഇറങ്ങി.  അൽ‌പ്പം താഴെ ഗുഹ പോലുള്ള ഒഴിഞ്ഞ സ്ഥലത്ത് അവർ; നിപുമയും, നവമിയും, മാനവിയും,പിയൂലയും ധൃതി കൂട്ടി നിൽക്കുന്നുണ്ട്.

“ആരാധനക്ക് സമയായി ഇന്ന് വഴക്ക് കിട്ടിയത് തന്നെ..”  മാനവിയും സഖിമാരുമൊക്കെ ദ്വേഷ്യത്തിലാണ്.  എന്നേക്കാൾ ഇളപ്പമാണെല്ലാവരും എന്നാലും വർത്തമാനമൊക്കെ കടുപ്പം.  ഇപ്പോൾ ഒന്നും പറയണ്ട, വർധമാനഗിരി കയറാൻ ഇനി വന്നില്ലയെങ്കിലോ.  ഞങ്ങളുടെ ദേശമായ ദേവപുരത്തെ പടിഞ്ഞാറേ അതിർത്തിയിലാണ് വർധമാനഗിരി.  ഇതിന്റെ മുകളിൽ കയറിയാൽ ദൂരെ ചമന സമതലത്തിലൂടെ ദേവപുരത്തേക്ക് വരുന്ന ദ്ദൂതൻ‌മാരെയും വണിക്കുകളേയും യാത്രികരേയും അകലെ നിന്നേ കാണാം.  പൌർണ്ണമി നാൾ അടുത്തതിനാൽ മല കയറാൻ വീണ്ടും വീണ്ടും തോന്നൽ ഉദിക്കുന്നു.  തനിച്ച് വരാൻ ഭയമായതിനാൽ കൂട്ടുകാരികളെ മോദകവും വെണ്ണയുമൊക്കെ കൊടുത്ത് പ്രലോഭിപ്പിച്ച് കൊണ്ട് വരും.  ധൃതിയിൽ കാട്ടുവഴിയിലൂടെ ഓടിയിറങ്ങുന്ന അവരുടെ പിന്നാലെ ഒന്നും പറയാതെ അനുഗമിച്ചു.  വീട്ടിലെത്തി ആരെയും കാണാതെ മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങളുമെടുത്ത് നേത്രായനിയിൽ മുങ്ങിക്കയറി.  ചുറ്റുപാടും ഇരുട്ടിൻ കരിമ്പടം പുതച്ചിരിക്കുന്നു. സന്ധ്യ ആയതിനാൽ സ്ത്രീകൾ കുറവ്.  ആരോടും സംസാരിക്കാൻ നിന്നില്ല.  അമ്മയുടെ വഴക്ക് ഉറപ്പാണ്.  കുളക്കരയിലെ കൂവളത്തിന്റെ ഇരുൾമറയിൽ ഈറൻ മാറ്റി ധൃതിയിൽ വീട്ടിലേക്ക് കുതിച്ചു. 

കൊലുസ്സിന്റെ ശബ്ദം പോലുമുണ്ടാക്കാതെ പിൻ‌വാതിലിലൂടെയാണ് കയറിയത്.  അമ്മയെ എവിടെയും കാണുന്നില്ല.  ചീനു അമ്മൂമ്മയുടെ സന്ധ്യാ പ്രാർത്ഥനകൾ മുന്നിൽ നിന്നു കേൾക്കുന്നുണ്ട്.  മട്ടുപ്പാവിലെ ക്രീഡാമുറിയുടെ വാതിൽ അടഞ്ഞിരിക്കുന്നു.  ഹാവൂ.. അമ്മയ്ക്ക് വിരുന്നുകാരുണ്ട്, വഴക്ക് കിട്ടുമെന്ന് പേടിക്കണ്ട.  “എന്താ വൈകിയത് ആവണീ..” വീട്ടുകാര്യങ്ങൾ ചെയ്യുന്ന ദാസി മല്ലികയാണ്.  “വർധമാനഗിരിയിൽ പോയിരുന്നു.. വിരുന്നുകാരൻ ആരാണ് മല്ലീ..”  “ജംബുപുരത്തിലെ ഒരു പ്രഭുവാണ്.. മോൾ വരൂ ഭക്ഷണം കഴിക്കാം..”  അവളുടെ കൂടെ പോയി ഭക്ഷണം കഴിച്ച ശേഷം മുന്നിലേക്ക് പോയി.  ഭവനത്തിലേക്കുള്ള കയറ്റപ്പടികൾക്ക് താഴെ കുതിരവണ്ടിയുണ്ട്.  അമ്മയുടെ കൂടെയുള്ള പ്രഭുവിന്റേതാകും.  അതിന്റെ വണ്ടിക്കാരൻ കുതിരയെ തൊട്ട് മിനുക്കി നടക്കുന്നുണ്ട്.  ‌വിളക്കിന്റെ മുന്നിലിരുന്ന് ചീനൂമ്മ പ്രാർത്ഥന ചൊല്ലുകയാണ്.  ഏറ്റു ചൊല്ലി ശാഖിനിയും മാലിവമുണ്ട് മുന്നിൽ.  അവരുടെ പിറകിൽ പോയി ശബ്ദമുണ്ടാക്കാതെ ഇരുന്നു.  “എത്തിയോ” ചീനൂമ്മയുടെ മുഖം തെളിഞ്ഞിട്ടില്ല.  കുറച്ച് നാളുകളായി ഈ ദ്വേഷ്യം തുടങ്ങിയിട്ട്.  എന്നെ കുലത്തൊഴിലിന് വിടാൻ അമ്മ സമ്മതിക്കാത്തതിന്റേതാണ്.  സീമന്തിനി ഇളയമ്മയുടെ മകൾ നിതാരിണി എന്റെയും ഇളയതാണ്, അവൾ ഇപ്പോൾ സ്വന്തമായി ധനം സമ്പാദിക്കുന്നുണ്ട്.  കൂടെ കളിച്ചു വളർന്നവരൊക്കെ വരുമാനം ഉണ്ടാക്കിത്തുടങ്ങി.  പലരുടേയും മാംഗല്യവും കഴിഞ്ഞു.  ചീനൂമ്മ കുറേ നാളായി ഇതും പറഞ്ഞ് വഴക്ക് കൂടുന്നു.  അമ്മ സമ്മതിക്കില്ല.  എന്നെ യുവരാജാവിനെക്കൊണ്ട് കന്യാച്ഛേദം നടത്തിക്കുമെത്രെ.  അത് അമ്മയുടെ നെടുനാളത്തെ ആഗ്രഹമാണ്.  പണ്ട് എന്റെ കുട്ടിക്കാലത്ത് മാകൈ വനത്തിൽ നായാട്ടിന് വന്ന മഹാരാജാവിന്റെ കൂടെ അമ്മ ഒരു രാത്രി പങ്കിട്ടിരുന്നെത്രെ.  അമ്മയുടെ പാട്ടിലും നൃത്തത്തിലും പരിചരണത്തിലും സപാഠ്യത്തിലും അക്ഷരമുഷ്ടികാ കഥനത്തിലും സം‌പ്രീതനായ മഹാരാജാവ് കുംഭം നിറയെ പണവും ആഭരണങ്ങളും കൃഷി ചെയ്യാൻ വയലുകളും പതിച്ച് നൽകുകയുണ്ടായി.  അങ്ങനെയാണ് ദേവപുരത്ത് ഞങ്ങൾ കൂട്ടരേക്കാൾ നല്ല സ്ഥിതിയിലെത്തിയത്. 

യുവരാജാവിന് എന്നെ ഇഷ്ടപ്പെട്ടാൽ കൊട്ടാരത്തിൽ കൊണ്ട് പോയി രാജ്ഞിയായി വാഴിക്കുമെന്നാണ് അമ്മ പറയുന്നത്.  അതി സുന്ദരനാണെത്രെ കുമാരൻ.  പതിനാലു കലകളും ഭരണവും തർക്കവും ആയോധനവും പഠിച്ചവൻ.  രാജ്യഭരണം പോലും ഇപ്പോൾ നടത്തുന്നത് യുവരാജാവാണെന്നാണ് സൂതന്മാരുടെ വർത്തമാനങ്ങൾ.  പൌർണ്ണമി ദിവസം മാകൈയിൽ നായാട്ടിന് കൊട്ടാരവാസികൾ വരാറുണ്ട്.  ദേവപുരത്താണ് അവരുടെ കൈനിലകൾ കെട്ടുന്നത്.  രാജാവിനും മന്ത്രിമാർക്കും കാഴ്ചവെക്കാൻ സുന്ദരിമാരെ തേടി രാജതോഴൻ‌മാർ ദേവപുരത്ത് എത്തും.  ഇവിടെയുള്ള സ്ത്രീകൾക്കും പുരുഷൻ‌മാർക്കും വർഷം കഴിയാനുള്ളത് കിട്ടും.  അന്ന് രാജകുമാരന് സമർപ്പിക്കാനാണ് ഋതുമതിയായിട്ടും അമ്മ എന്നെ ദേശത്താർക്കും കൊടുക്കാതെ നിർത്തിയിരിക്കുന്നത്.  രാജകുമാരനൊന്നും വരില്ലാന്ന് പറഞ്ഞ് ചീനൂമ്മ അമ്മയുമായി ശണ്ഠയുണ്ടാക്കും.  നാട്ടുകാര്യസ്ഥൻ വീരകർണനും ഗ്രാമമുഖ്യൻ ഗോദലനും ക്ഷേത്ര പൂജാരി ഭാവേന്ദ്രനുമൊക്കെ എന്റെ കൂടെ ശയിക്കണമെന്ന് പറഞ്ഞ് രജസ്വല ആയത് മുതൽ പല തവണ വന്നിട്ടുണ്ട്.  അമ്മയുടെ അടുത്ത് അവരുടെ ഭത്സനങ്ങളൊന്നും പോവില്ല.  അമ്മയ്ക്ക് വശീകരണ കലകൾ ഹൃദിസ്ഥമാണ്.  സ്പൃഷ്ടമോ വിദ്ധകമോ നിമിതകമോ മാല്യഗ്രഹണമോ ചൂഡാമണിയോജനയോ പ്രയോഗിച്ച് അവരെയൊക്കെ ആകർഷിച്ച് വരുതിയിലാക്കി സന്തോഷിപ്പിക്കും.  ആ വൃത്തികെട്ടവൻ‌മാരെ എനിക്കിഷ്ടമല്ല.  അവരുടെ കൂടെ ശയിക്കേണ്ടി വന്നാൽ പിന്നെ നേത്രായനിയിൽ മരിക്കുന്നത് തന്നെ നല്ലത്.  എനിക്ക് അമ്മയെയും വംശക്കാരെയും പോലെ അനേക പരിഗ്രഹയാകണ്ട, ഏകപരിഗ്രഹയായാൽ മതി.  ഒരൊറ്റ പുരുഷൻ, അത് മതി.  ഞങ്ങളുടെ കുലപ്പെരുമക്കും ആചാരത്തിനും വിഘാതമാണത്.  ഒരിക്കൽ ഇത് പറഞ്ഞപ്പോൾ ചീനൂമ്മ എന്നെ ശകാരിച്ച് തളർത്തിക്കളഞ്ഞു.  എന്നാലും ഞാൻ പിൻ‌മാറില്ല. 

മാലിവൻ ഉറക്കം തൂങ്ങി തലകുമ്പിട്ട് പോയി, പാവം.!  ചീനൂമ്മ അത് കണ്ട് തലക്കൊരു കിഴുക്ക് വെച്ചു കൊടുത്തു.  അവൻ ഞെട്ടി എന്തൊക്കെയോ ചൊല്ലാൻ തുടങ്ങി.  ഹഹ.. അവന്റെ കളി കണ്ടാൽ ചിരിച്ച് പോകും.  അവനെന്റെ കുഞ്ഞി അനുജനാണ്.  നല്ല രസമാണ് അവന്റെ കൂടെ കളിക്കാൻ.  പക്ഷേ ചീനൂമ്മക്കും അമ്മക്കും അച്ഛനും അവനെ ഇഷ്ടമല്ല.  ആൺ‌കുട്ടികളെ കൊണ്ട് കുടുംബത്ത് ഉപകാരമുണ്ടാകില്ലെത്രെ.  ഞങ്ങളുടെ കുലത്തിലെ എല്ലാ കുടുംബത്തിലെയും പോലെ അച്ഛൻ കൃഷിയും കാര്യങ്ങളും നടത്തി കഴിയുകയാണ്.  അമ്മയാണ് എല്ലാം നോക്കി ഭരിക്കുന്നത്.  പെൺ‌കുട്ടി ആയിരുന്നെങ്കിൽ രജസ്വല ആയയുടൻ ധനം സമ്പാദിക്കാമല്ലോ.  ദേശത്തെല്ലാം പെൺകുഞ്ഞ് പിറന്നാൽ ഉത്സവമാണ്.  ഏതെങ്കിലും വീട്ടിൽ നിന്നും കുരവയും ഡോലക്കിന്റെ കൊട്ടലും കേട്ടാൽ ഉറപ്പിക്കാം അവിടെ പെൺ‌കാലു വന്നെന്ന്.   

മട്ടുപ്പാവിലെ ക്രീഡാ മുറിയുടെ വാതിൽമണികൾ ചിലച്ചു.  എഴുന്നേറ്റ് ഓടി മുറിയിൽ കയറി വാതിലടച്ചു.  വിരുന്നുകാരുടെ മുന്നിൽ പെട്ടു പോകരുതെന്ന് അമ്മയുടെ ആജ്ഞയാണ്.  പെട്ടാൽ എന്താ ഉണ്ടാവുകയെന്ന് പറയാനേ വയ്യ.  എന്നാലും അമ്മയെ എതിർക്കാനുള്ള ധൈര്യമൊന്നും അവർക്കുണ്ടാവില്ല.  ചെമ്പഴുക്ക നിറവും ഇളം നീല മിഴികളും കടുംചുവപ്പ് ചുണ്ടുകളുമായി ദേശത്തെ ഏറ്റവും സുന്ദരിയാണ് എന്റെയമ്മ മധുരമണി.  മൂന്ന് മക്കളുടെ അമ്മയാണെന്ന് ആരും പറയില്ല.  അത് മാത്രമല്ല, അമ്മയെ പോലെ ശ്രുതിമധുരമായി പാടി നൃത്തം ചെയ്യാൻ അടുത്തൊന്നും ഒരു പെണ്ണില്ല.  ചുറ്റുമുള്ള വീടുകളിലൊന്നും വിരുന്നുകാർ ഇല്ലെങ്കിലും അമ്മയുടെ അറപ്പുര വാതിൽ അടഞ്ഞിരിക്കും.  അത് കൊണ്ട് നാട്ടിലെ പെണ്ണുങ്ങൾക്ക് അമ്മയോട് കുശുമ്പാണ്.  അമ്മയുടെയത്ര സൌന്ദര്യമൊന്നും എനിക്ക് കിട്ടിയിട്ടില്ല പോലും.  ജോഗിതിമാരും നട്ടുവനുമാണ് ദേശത്തെ കുട്ടികളെ കലകൾ പഠിപ്പിക്കുന്നത്.  എന്നെ ഗാനവും നൃത്തവും ആലേഖ്യവും ഭക്ഷ്യക്രിയയും സൂചിവാനവും വീണാവായനയും വൈജയവിദ്യയും മാനസകാവ്യക്രയവും നിമിത്തജ്ഞാനവുമെല്ലാം പഠിപ്പിച്ചത് അമ്മ തന്നെയാണ്.  പക്ഷേ അമ്മയുടെ ശിക്ഷണം ഇത്തിരി കടുപ്പം തന്നെയാണ്.  മൂത്ത പുളിങ്കൊമ്പ് എണ്ണയിൽ മുക്കി കനലിൽ കാച്ചി ലോഹം പോലെയാക്കി പഠനമുറിയിൽ വെച്ചിട്ടുണ്ട്.  പിഴവ് പറ്റിയാൽ അതിനെക്കൊണ്ട് നല്ല ശിക്ഷ കിട്ടും.  ആലിംഗനം, ചുംബനം, നഖലേഖനം, ദന്തച്‌ഛേദ്യം, പ്രഹണനം, സംവേശനം, സീൽകൃതം ഇങ്ങനെ സുരതകലകളുടെ വിവരണം കേൾക്കുമ്പോ അയ്യേ.. നാണം കൊണ്ട് ഞാൻ മുഖം പൊത്തും.  അമ്മയുടെ ചൂരൽ അപ്പോ ഉയരും.

*     *     *     *
ഇന്ന് അമ്പലത്തിൽ എന്താണിത്ര ആൾക്കൂട്ടം! പൌർണ്ണമി അടുത്തത് കൊണ്ടായിരിക്കും.  ഈ ദേശത്തൊന്നും കാണാത്ത ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തോന്നുന്നു.  ദീപാരാധനക്ക് ക്ഷേത്ര നട അടക്കാനായില്ലല്ലോ.   നിപുമയും, നവമിയും, മാനവിയും,പിയൂലയുമൊക്കെ നാട്യമണ്ഡപത്തിൽ ഇരുന്ന് ശ്ലോകം ചൊല്ലുകയാണ്.  മണ്ഡപത്തിലെ കരിങ്കൽത്തൂണുകളിലെ ജീവൻ തുടിക്കുന്ന ശിൽ‌പ്പങ്ങൾ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു.  ദേവദാസിമാരുടെ ആട്ടം കാണാൻ ഗന്ധർവ്വന്മാർ തൂണിൽ പ്രതിമകളായി  ഒളിഞ്ഞിരിക്കുന്നതാണ് അവയെന്നാണ് പുരാണം.  ചീനൂമ്മയുടെ അമ്മയുടെ കാലത്ത് ക്ഷേത്രത്തിലെ പൂജയും കാര്യങ്ങളും ഞങ്ങളുടെ പെണ്ണുങ്ങളായിരുന്നെത്രെ നിർവ്വഹിച്ചിരുന്നത്.  അന്ന് വളരെ ബഹുമാനവും സ്ഥാനവുമുണ്ടായിരുന്നു എല്ലായിടത്തും.  അവർ മരിച്ചാൽ അമ്പലത്തിലെ ദേവന്റെ മാല അണിയിക്കും.  അമ്പലത്തിലെ അടുക്കളയിലെ അടുപ്പിൽ നിന്നായിരിക്കും അവരുടെ ചിതയ്ക്കുള്ള തീ എടുക്കുന്നത്.  ചന്ദനമരം കൊണ്ടാണ് മൃതശരീരം ദഹിപ്പിക്കുന്നത്.  വിശേഷ ദിവസങ്ങളിൽ വലിയ ആളുകളുടെ വീട്ടിലേക്ക് ക്ഷണിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യാറുണ്ടായിരുന്നെത്രെ.  അങ്ങനെ പണ്ടത്തെ പ്രൌഢിയേപ്പറ്റി പറഞ്ഞാൽ തീരില്ല ചീനൂമ്മക്ക്. കൊട്ടാര സമമായ മണിമാളികയിൽ അനേക ദാസികളുമായി സകല സൌഭാഗ്യങ്ങളോടും കൂടെ കഴിയണ്ടവരായിരുന്നു.  പിന്നീട് ക്ഷേത്ര മതിൽക്കെട്ടിനു പുറത്തേക്ക് വലിച്ചെറിയപ്പെട്ടതും സ്ഥാനമാനങ്ങളും ബഹുമാനവുമൊക്കെ ഇല്ലാതായതും വരുന്നവർക്കും പോകുന്നവർക്കുമൊക്കെ വിശപ്പടക്കാനുള്ള ഒരു ഇടത്താവളമായി മാറിയതുമൊക്കെ പതം പറഞ്ഞിരിക്കും ചില നേരത്ത്.  അന്നത്തെ ആളുകൾ എത്ര ഭാഗ്യവതികൾ..!  ഇന്നും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു..  കൃഷ്ണനെ കഴുകി കുളിപ്പിച്ച് പട്ടുവസ്ത്രങ്ങളും ചന്ദനവും കളഭവുമൊക്കെ പൂശി നിത്യപൂജകൾ നടത്തി എന്നും ക്ഷേത്രത്തിൽ  തന്നെ കഴിയാമായിരുന്നു. 

യുവരാജാവ് നായാട്ടിന് വരണേ എന്നും അദ്ദേഹത്തിന് എന്നിൽ പ്രിയം തോന്നണേ എന്നും കൃഷ്ണനോട് ഉള്ളുരുകി പ്രാർത്ഥിച്ച് തൊഴുത് നടയിറങ്ങുമ്പോഴാണ് ധൃതിപിടിച്ച് ഒരു സംഘം ആളുകൾ കയറിപ്പോകുന്നത് കണ്ടത്.  ദേവപുരത്തുകാരല്ല മറുനാട്ടുകാരാണെന്ന് തോന്നുന്നു.  അതിലൊരു യുവാവ് നോക്കുന്നത് എന്നെ തന്നെയാണല്ലോ.  ദൃഢതയാർന്ന പാദങ്ങൾ കനത്തിൽ വെച്ച് നടക്കുമ്പോഴും ഒപ്പമുള്ളവരുടെ വാക്കുകൾക്ക് ശിരസ്സനക്കുന്നുണ്ടെങ്കിലും കണ്ണടക്കാതെ തന്നിലേക്ക് മാത്രമാണയാ‍ളുടെ ശ്രദ്ധ.  വിടർന്ന നെറ്റിയിൽ ഗോരോചനക്കുറി, പിന്നിലേക്ക് ചീകിയൊതുക്കിയ ചുരുൾമുടികൾ, വെളുത്ത് വൃത്തിയുള്ള മേൽ‌വസ്ത്രങ്ങളും ദോത്തിയും, ഉരുക്ക് പോലെയുള്ള ദേഹം, നീണ്ട ബാഹുക്കൾ.  കാന്തശക്തിയുള്ള ആ മിഴികളുടെ കരുത്തിൽ തോറ്റ് പിന്തിരിയാതിരിക്കാനായില്ല.  ഇത്ര സുമുഖനും ആകർഷവാനുമായ യുവാവിനെ ഈ ദേശത്തൊന്നും കണ്ടിട്ടില്ല.  ക്ഷേത്ര വാതിൽ കടക്കുന്നത് വരെ അദ്ദേഹം തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു.  അൽ‌പ്പം മുന്നിലെത്തിയിരുന്ന നിപുമ ‘വായോ‘ എന്ന് വിളിച്ചപ്പോഴാണ് സ്വയം മറന്ന നിമിഷങ്ങൾക്ക് അറുതിയായത്. 

വീട്ടിലേക്ക് തിരികെ എത്തിയത് എങ്ങനെയായിരുന്നെന്ന് ഓർമ്മയില്ല. മനസ്സിലും ശരീരത്തിനും ഭാരമില്ലാതായി.  അത് വരെ ഇല്ലാതിരുന്നൊരു അനുഭവമായിരുന്നു.  ഉൾപ്പുളകപ്പൂക്കളുടെ തേരിലായിരുന്നു പിന്നെയുള്ള നിമിഷങ്ങൾ.  എന്തോ അജ്ഞാതമായ വർണങ്ങൾ സ്വപ്നങ്ങൾ.. ഭാവനകൾ.. തോന്നലുകൾ.. പാതിരാത്രി കഴിഞ്ഞിട്ടും നിദ്ര അടുക്കാതെ പിണക്കം തന്നെ.  പിന്തിരിഞ്ഞ് പോകുന്ന ആൺസ്വരൂപന്റെ തിളങ്ങുന്ന മിഴികൾ മാത്രം ഉള്ളിൽ.. രാവിലത്തെ നൃത്തപാഠങ്ങളിൽ അത് വരെ പറ്റാത്ത പിഴവുകൾ സംഭവിച്ചു.  അമ്മയുടെ വഴക്ക് കിട്ടുന്നതിനു മുൻപ് ഒട്ടും വയ്യെന്ന് പറഞ്ഞ് അന്നത്തേത് നിർത്തി.  വരച്ച് തുടങ്ങിയൊരു ചിത്രം പൂർത്തിയാക്കാൻ നോക്കി പരാജയപ്പെട്ടു.  മനസ്സ് സമ്പൂർണ്ണമായി ആ യുവാവിന് കീഴ്‌പ്പെട്ടിരിക്കുന്നു.  ഇനി എന്നെങ്കിലും കാണുമോ..  വൈകുന്നേരം ക്ഷേത്രത്തിൽ കാണുമായിരിക്കും.  പോയി നോക്കാം. അതിന്റെ ആശ്വാസത്തിൽ പിന്നെ നിമിഷങ്ങൾക്ക് വേഗത പോരാതെയായി തോന്നി. 

സൂര്യകിരണങ്ങൾക്ക് മങ്ങലേറ്റപ്പോൾ തന്നെ കൂട്ടുകാരികളെ കൂട്ടി നേത്രായനിയിൽ പോയി സ്നാനം നടത്തി.  അവരെ തിരക്ക് കൂട്ടി പെട്ടെന്ന് ക്ഷേത്രത്തിലേക്ക് നയിച്ചു.  നൃത്തമണ്ഡപത്തിലും ചുവർചിത്രങ്ങൾ നോക്കിയും കുറേ സമയം കഴിച്ചുകൂട്ടി.  എവിടെയും അയാളെ കണ്ടില്ല.  ആൾക്കൂട്ടത്തിലും പ്രദക്ഷിണ വഴിയിലും എല്ലാം സൂക്ഷ്മമായി വീക്ഷിച്ചെങ്കിലും ആ കോമളരൂപം മാത്രം ഇല്ലായിരുന്നു.  സന്ധ്യാ ആരാധന പൂജ കഴിഞ്ഞ് പ്രസാദം വാങ്ങി തിടപ്പള്ളിയിലെ വെള്ളോട്ട് കണ്ണാടി നോക്കി നെറ്റിയിൽ തൂകി തിരിയുമ്പോൾ തൊട്ടു പിന്നിൽ!  ഞെട്ടി വിറച്ചുപോയി.. “നാം മാഗധത്തിലെ യുവരാജാവ് സുപർണ്ണദത്തൻ.. നീ ആര്..” മുഴങ്ങുന്ന വാക്കുകൾ.  ഇരച്ചുകയറിയ രക്തഛവി ശിരസ്സിന്റെ ഭാരം കൂട്ടിയോ... മുഖം പൊന്തിയില്ല.  “അടിയൻ.. ദേവപുരത്തെ ഒരു ദേവ പദ ദാസിയാണ് മധുരമണിയെന്നാണ് മാതാവിന്റെ നാമം” വിറച്ച് കൊണ്ട് പറഞ്ഞൊപ്പിച്ചു.  “ഉം” ഗാംഭീര്യമധുരമാർന്ന ആ മൂളലിന്റെ നിശബ്ദത നീണ്ടു നിന്നപ്പോൾ പതുക്കെ മുഖമുയർത്തി.  കണ്ണുകൾ തമ്മിൽ അടയാതെ അനേക നിമിഷങ്ങൾ അതോ യുഗങ്ങളൊ!! 

ആ നിൽ‌പ്പ് അവസാനിച്ചത് മാലിവൻ വന്ന് ഉത്തരീയത്തിൽ പിടിച്ച് വലിച്ചപ്പോഴാണ്.  പിന്തിരിയാനും പിരിയാനും മനസ്സുണ്ടായതേയില്ല.  ക്ഷേത്രാങ്കണത്തിലെത്തി എവിടെയെന്ന് നോക്കിയപ്പോൾ അല്പം അകലെയായി പിന്തുടരുന്നു.. ശരീരം മുഴുവൻ ഒരു കുളിർക്കാറ്റ് വന്ന് മൂടി.  കാത്ത് കാത്തിരുന്ന ദിവസങ്ങൾ വന്നു ചേർന്നപ്പോൾ എങ്ങനെ പെരുമാറണം എന്നറിയുന്നില്ല.  യുവരാജാവ് കിരീടമോ അംഗവസ്ത്രങ്ങളൊ സേവകർ പോലുമില്ലാതെ വേഷപ്രച്ഛന്നനായി എഴുന്നള്ളിയതെന്തേ..?  രാജഭരണത്തിൽ ഛലിതകയോഗവും പെടുന്നുണ്ടല്ലോ. അങ്കണവും വാണിഭപ്പുരകളും കഴിഞ്ഞ് ഗൃഹത്തിലേക്കുള്ള വഴി തിരിയാനായപ്പോൾ ശ്രദ്ധിച്ചു.  ഉണ്ട് പിറകിൽ തന്നെ..  കൂട്ടുകാരികൾ അവരുടെ വഴിയിലേക്ക് തിരിഞ്ഞു.  വീടിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ഒന്നൂടെ നോക്കി.. ഇങ്ങോട്ടേക്ക് തന്നെയാണല്ലോ കൃഷ്ണാ.. അമ്മ പറഞ്ഞു തന്ന വശീകരണ പാഠങ്ങളൊന്നും അപ്പോൾ ഓർമ്മ വന്നില്ലെങ്കിലും യുവരാജാവ് തന്നിൽ അനുരക്തനായെന്നു തോന്നുന്നു.  വിറയലവസാനിക്കാതെ വീടിന്റെ കൽക്കെട്ടുകൾ കയറി.  ചീനൂമ്മയുടെ പ്രാർഥനാശബ്ദം കേൽക്കുന്നുണ്ട്.  വീതിയേറിയ നെറ്റിയിൽ വലിയ ചെങ്കുങ്കുമപ്പൊട്ടും കഴുത്തിൽ പൊന്നശോകപ്പൂമാലയും കടും നിറത്തിലുള്ള ചേലയുമിട്ട് അമ്മ തളത്തിന്റെ വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ട്. ആശ്വാസമായി..  ധൃതിയിൽ നടന്ന് വാതിലിനു മറഞ്ഞു നിന്നു.  ആദ്യമായാണ് ഒരു യുവാവിനെ ഇങ്ങനെ ആഗ്രഹത്തോടെ നോക്കുന്നത്.  നാണിച്ച് വാതിൽ ദേഹം ചേർത്തു നിന്നു.  അമ്മയോടെന്താവും അദ്ദേഹം പറയുന്നത്? രാജകുമാരനിതാ എന്നിൽ ഭ്രമിച്ച് ഗൃഹാങ്കണത്തിൽ.. എന്റെ മിടുക്ക് ഇന്നെങ്കിലും കാണട്ടെ. കുലത്തൊഴിലിൽ സാമർഥ്യമില്ലാത്തവളല്ലെന്ന് മനസ്സിലാക്കട്ടെ.  അമ്മയ്ക്ക് സന്തോഷമാകും തീർച്ച.  എത്ര നാളത്തെ കാത്തിരിപ്പാണ്. ചീനൂമ്മ എന്തു പറയുമിനി? ഇന്ന് നടക്കാൻ പോകുന്ന കന്യാഛേദത്തെയോർത്ത് തളർന്നുപോയ ശരീരം വാതിൽ‌പ്പാളിയിൽ ചാരി കാത് കൂർപ്പിച്ചു.  

അമ്മയോട് എന്തോ സംസാരിക്കുകയാണ്. അമ്മ ഇന്ന് എന്നത്തേക്കാളും സുന്ദരിയായിരിക്കുന്നു..! നെയ്‌‌വിളക്കിന്റെ വെളിച്ചത്തിൽ ചെമ്പട്ടിട്ട സന്ധ്യാ‍ർക്കനെ പോലെ ജ്വലിക്കുന്നു.  നേപഥ്യവിരുത് തെളിയിക്കാൻ പുതുവസ്ത്രങ്ങൾ, പൊൻ‌കുങ്കുമം കൊണ്ട് വിശേഷകച്‌ഛേദ്യം, ശംഖിന്റെ കർണപത്രം, അരുണ ദശനവസനാംഗമിട്ട ചൊടികളും നഖങ്ങളും, മുല്ലപ്പൂ കൊണ്ട് ശിരസ്സിൽ ചൂഡാമണിയോജന.. അദ്ദേഹത്തിനോട് എന്തിനാണിത്രയധികം സന്തോഷിച്ച് പറയുന്നത്.. ആൺ‌പിറന്നവർ ആരും ഭ്രമിച്ചു പോകുന്ന സംസാരമാണ് അമ്മയ്ക്ക്. ആ എന്നുമുള്ള വിരുന്നുകാരനെ പോലെ അകത്തേക്ക് ക്ഷണിക്കുകയാണല്ലൊ അമ്മ...  എന്നെ ശ്രദ്ധിക്കുന്നതേയില്ല.  എന്റെ കൃഷ്ണാ..!!  യുവാവിന്റെ തീക്ഷ്ണ നയനങ്ങളിലും കാ‍മമാണോ? മായാജാലത്തിലെന്ന പോലെ വിടർന്ന നയനങ്ങളുമായി അമ്മയുടെ പിന്നാലെ അകത്തേക്ക് കടക്കുകയാണ്.  ഒരു നിമിഷം ആ മിഴികളെന്റെ നേർക്ക് തങ്ങി നിന്നു, പിന്നെ അമ്മയുടെ പിന്നാലെ പടികൾ ചവിട്ടി മട്ടുപ്പാവിലെ ക്രീഡാഗൃഹത്തിലേക്ക് നടന്നു. അറപ്പുരയുടെ വാതിൽ മണികൾ നടുക്കമുണർത്തി പിടഞ്ഞു. നെഞ്ചിലൂടെ കീറിമുറിച്ച് പോയ ശരം പകർന്നത് അടങ്ങാത്ത തീക്കനലുകളായിരുന്നു... സ്പന്ദനം പോലുമില്ലാതെ ഒന്നും ചെയ്യാനാവാതെ കരിങ്കൽ ശില പോലെ നിശ്ചലമായി നിൽക്കാനേ കഴിഞ്ഞുള്ളൂ. 

കൺ‌മുന്നിൽ നിമിഷമാത്രയിൽ വീട്ടിൽ ഒരു ഉത്സവാഘോഷങ്ങൾ സൃഷ്ടിക്കപ്പെട്ടു.  മല്ലിക വിശേഷ ഭക്ഷണങ്ങളും പാനീയങ്ങളും ഉണ്ടാക്കാൻ അങ്ങുമിങ്ങും ധൃതിപ്പെട്ട് ഓടി നടക്കുന്നു, വിശേഷ വർത്തമാനം ചുറ്റുപാടുമെത്തിക്കാൻ ഇടക്ക് അയൽ‌വക്കത്തേക്കും കുതിക്കുന്നു , ചീനൂമ്മ പ്രാർഥന നിർത്തി ഓടി വന്ന് “മോള് മിടുക്കിയാണല്ലോ..” എന്ന് പറയുന്നു, വീടിന്റെ പുറത്ത് അസൂയപ്പെട്ട മിഴികൾ എത്തി നോക്കുന്നു..  നടുക്കമായിരുന്നു ആദ്യമെങ്കിൽ പിന്നെ ഒന്നും തോന്നാതെ ശൂന്യമായി മനസ്സ്.  കടുത്ത പ്രാർഥനകൾക്കും നീണ്ട കാത്തിരിപ്പിനുമൊടുവിൽ കൃഷ്ണനെ പോലൊരു കൂട്ടുകാരൻ വന്നിട്ടും അത് സ്വന്തമായി അനുഭവിക്കാൻ ഭാഗ്യമില്ലാതയാല്ലോ..! പരപരിഗ്രഹണം ഇഷ്ടമല്ലെന്നറിഞ്ഞിട്ടും എന്തേ അമ്മ മാറി തന്നില്ല..? രാജകുമാരന്റെ ശരീരത്തിലോ കിട്ടാൻ പോകുന്ന സമ്പത്തിലോ എന്തിലാണ് അമ്മ മകളെ പോലും മറന്നത്..  അതോ ദാസികളുടെ കൂടെപ്പിറപ്പായ  ഒരിക്കലും തീരാത്ത കാമനയിലോ

മട്ടുപ്പാവിൽ നിന്നും സുന്ദരഗാന വാദനങ്ങൾ, ചിലങ്കയുടെ ദ്രുതചലനങ്ങൾ, വളകളുടെ പൊട്ടിച്ചിരികൾ, ചേലാഞ്ചലത്തിന്റെ മർമ്മരങ്ങൾ എന്തൊക്കെയോ കേൾക്കുന്നു ഒന്നും, ഒന്നുമേ അറിഞ്ഞില്ല. ഏത് ക്രമമായിരിക്കും അമ്മ? ഘടിതകം.. ക്ഷീര നീരകം.. തിലതാണ്ഡൂലം.. അവപീഡിതകം.. നഖലേഖനം, ദന്തച്ഛേദ്യം.. പ്രഹണനം....? ഛേ.. തല പെരുക്കുന്നു സമനില നഷ്ടപ്പെട്ടെങ്കിൽ..! ഒന്നും കേൾക്കാൻ വയ്യ പോകാം.. എവിടേക്കെങ്കിലും…  ന്തിന്‌ ഇനിയും.. ആർക്ക് വേണ്ടി..കാത്തിരിക്കണം..?  ക്ഷത്രിയർക്ക് എണ്ണമറ്റ പരിഗ്രഹണവും സംഭോഗങ്ങളുമാകാം. അവരുടെ അന്തപ്പുരങ്ങളിലുള്ളവർക്കോ.. ആർക്കും ദാഹവും ക്രോധവും മോഹവും അലിയിപ്പിക്കാൻ സ്ത്രീ ഒരു നദിയാണോ..  പുരുഷൻ പരസ്ത്രീഗമനം നടത്തുന്നത് പോലെയല്ല എല്ലാ സ്ത്രീകളും. 

കാതുകൾ പൊള്ളിക്കുന്ന ബഹളങ്ങൾക്കും ആഘോഷങ്ങൾക്കും ഇടയിൽ നിന്നും പോകാം. ആരോടും പറയണ്ടാ.. ആരും അറിയുകയും വേണ്ട..  സാന്ത്വന സ്പർശങ്ങളുമായ് നേത്രായനി കാത്ത് നിൽക്കുന്നുണ്ടാകും. അതിലെ താമരപ്പൂക്കളുടെ മിഴികൾ തഴുകിയടക്കാൻ പുലരിയിൽ ഓടിയെത്തുന്ന അർക്കകിരണങ്ങൾക്ക് പ്രതീക്ഷിക്കാത്തൊരു സമ്മാനമായിരിക്കും ഈ ശരീരം. വിട..