Wednesday, November 25, 2009

കിളിമാനം

ബസ്സ് പണിക്കാര്‍ നാട്ടിന്‍പുറങ്ങളിലെ ഗ്ലാമര്‍ താരങ്ങളാണ്. ഗള്‍ഫുകാരേക്കാള്‍ വെയ്റ്റാണിവര്‍ക്ക്. ഇവരോട് സൌഹൃദം കൂടാനും കല്യാണത്തിനും കുടിയലിനുമൊക്കെ ക്ഷണിക്കുവാനും എല്ലാവര്‍ക്കും ആവേശമാണ്. ആഘോഷ വീടുകളിലൊക്കെ ആളുകളെല്ലാം ഇവരുടെ ചുറ്റും ആയിരിക്കും. "ദാ.. ബസ്സുകാര് വന്നിട്ടുണ്ട്... അവര്‍ക്ക് വേഗം ചോറു കൊടുക്ക്.." എന്നും പറഞ്ഞ് വീട്ടുകാര് ഓടി നടക്കുന്നത് കാണാം. ഇവരെത്തിയാല്‍ എല്ലാവരുടേയും ശ്രദ്ധ പിന്നെ അങ്ങോട്ടാവും. ലേഡീസിന്റെ കാര്യം പ്രത്യേകം പറയാനുമില്ല. കരിമഷിയിട്ട മിസ്സൈലുകളും ലിപ്സ്റ്റിക്കിട്ട മെസ്സേജുകളും അവരുടെ ചുറ്റും കറങ്ങി നടക്കും.
ബസ്സ് പണിക്കാരെ ലീവിനു കണ്ടാല്‍ എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് കേള്‍ക്കാം. "എപ്പാ ഇറങ്ങിയെ..?" കേട്ടാല്‍ വിമാനത്തില്‍ നിന്നും ഇറങ്ങിയതാണെന്നു തോന്നും. നാട്ടിലെ പ്രണയ നായകന്‍മാര്‍ കൂടിയാണ് ബസ്സ് പണിക്കാര്‍. അതില്‍ തന്നെ ഡ്രൈവര്‍മാരായിരിക്കും കോടിപതികള്‍. ടിക്കറ്റില്‍ ഐലവ്യു എന്നെഴുതിക്കൊടുത്ത് പ്രണയം തുടങ്ങുന്നവരാണ് കണ്ടക്റ്റര്‍മാര്‍. തനിക്ക് തോന്നുന്ന ആളെ കയറ്റാന്‍ വേണ്ടി എവിടെ വെച്ച് എപ്പോഴും മണി മുട്ടാന്‍ റെഡിയാണ് ക്ലീനര്‍മാര്‍. ബസ്സോടുന്ന റൂട്ടിലെ ഓരോ സ്റ്റോപ്പിലും ഇവര്‍ക്ക് ലൈനുണ്ടായിരിക്കും. ഓരോ ബസ്സ് സ്റ്റോപ്പിലുമുള്ള ലൈനുകള്‍ക്ക് പുറമേ ഇവരില്‍ ചിലര്‍ക്ക് ബസ്സ് ഹാള്‍ട്ട് ചെയ്യുന്നിടത്ത് രാത്രി സംബന്ധവും ഉണ്ടാകാറുണ്ട്.
കണ്ണൂര്‍ ആശുപത്രി - കണ്ണാടിപ്പറമ്പ റൂട്ടില്‍ ഓടുന്ന വസന്ത ബസ്സിലെ ക്ലീനറാണ് കുട്ടന്‍. ഇരുപത്തിരണ്ട് വയസ്സ്, വെളുത്ത നിറം, മെലിഞ്ഞ ശരീരം. കരിഓയിലില്‍ വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ. നെറ്റിയില്‍ ബുള്‍സ് ഐ പോലൊരു വശീകരണപ്പൊട്ട്. വലത്തെ കൈയ്യില്‍ നാലിഞ്ച് വീതിയില്‍ കറുത്ത് നരച്ച ചരട്. മാര്‍ബ്ബിള്‍ പോലെ തേച്ച് മിനുക്കിയ പ്രീമിയര്‍ റബ്ബര്‍ ചെരുപ്പ്. മുടി പിറകോട്ട് ചീകിയൊതുക്കി കുറച്ച് ഭാഗം തൂക്കണാംകുരുവിയുടെ കൂടു പോലെ നെറ്റിയിലേക്ക് ഇട്ടിരിക്കും. ഇടയ്ക്കിടയ്ക്ക് മുടിയും മീശയും ചീകി, കുരുവിക്കൂട് വലിച്ച് തൂക്കമൊപ്പിക്കും.
പത്താം ക്ലാസ്സില്‍ തോറ്റതിന് ശേഷം ബസ്സ് കഴുകാന്‍ പോയി, ഇടയ്ക്ക് മെയിന്‍ ക്ലീനര്‍ ലീവാകുമ്പോള്‍ മണി മുട്ടാന്‍ പോയി അങ്ങനെ സ്ഥിരമായതാണ് കുട്ടന്‍. ജോലി കിട്ടിയപ്പോള്‍ കൈയ്യില്‍ കാശു വന്നു, സ്റ്റൈല്‍ വന്നു, സംസാരത്തില്‍ ഭാഷയും, ബാസ്സും വന്നു, സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി കേസ്കെട്ട്സ്.
ബസ്സുകാരു തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്ന അടിപിടി കുട്ടന്‍ ഇങ്ങനെയാണ് വിവരിക്കുക. "എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന്‍ പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന്‍ എന്നോട് കളിക്കാന്‍ ബന്ന്.. ഞാന്‍ പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?" ബസ്സ് പണിക്കാരുടെ സംസാരത്തിന്റെ ഒരു സാമ്പിള്‍ ടെക്സ്റ്റ് കൂടിയാണിത്.
ലീവില്‍ ഇറങ്ങിയാലും ബസ്സിന്റെ കാര്യത്തില്‍ കുട്ടന്‍ ശ്രദ്ധാലുവാണ്. രാവിലെയും വൈകുന്നേരവും കോളേജുള്ള ദിവസങ്ങളില്‍ വീടിനടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ പോയി നില്‍ക്കും. ബസ്സുകള്‍ നിര്‍ത്തിയാല്‍ ഡ്രൈവറുടെ ഡോറും പിടിച്ച് റോഡില്‍ നിന്ന് വളരെ സീരിയസ്സായി സംസാരിക്കുന്നുണ്ടാകും. തൊട്ടുമുന്നില്‍ പോയ ബസ്സിനെപ്പറ്റിയുള്ള സമയവിവരം പറഞ്ഞ് കൊടുക്കാനെന്നാണ് വെപ്പ്. പക്ഷേ, ബസ്സിലെ പെണ്‍കുട്ടികളെ കളറടിക്കലാണ് കുട്ടന്റെ ഹിഡണ്‍ അജണ്ട. സംസാരിക്കുന്നത് ഡ്രൈവറോടാണെങ്കിലും മനസ്സും ശരീരവും ഹൃദയവും ലക്ഷ്യവും പിറകിലെ വര്‍ണ്ണക്കിളികളിലായിരിക്കും.
ലീവിലായിരുന്ന ഒരു ദിവസം ഉച്ചയ്ക്ക് കുട്ടന്‍ വീട്ടില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കമെഴുന്നേറ്റപ്പോള്‍ നാലു മണി. ബസ്സ് വരാറായി. വിമന്‍സ് കോളേജില്‍ നിന്നുള്ള കുളിരുകളൊക്കെ അതിലാണ് വരുന്നത്. കുട്ടന്‍ വേഗം മുഖം കഴുകി കണ്ണാടി നോക്കി കുരുവിക്കൂടൊക്കെ പിടിച്ച് റെഡിയാക്കി. ഡ്രെസ്സിടാന്‍ നോക്കിയപ്പോള്‍ അണ്ടര്‍വെയര്‍ കാണുന്നില്ല. അതും പരതി നടന്നാല്‍ ബസ്സ് അതിന്റെ പാട്ടിനു പോകും. അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ. എന്നും കരുതി സമാധാനിച്ച് ഷര്‍ട്ടും ലുങ്കിയുമിട്ട് വിത്തൌട്ടായി കുട്ടന്‍ ബസ്സ് സ്റ്റോപ്പിലേക്ക് വെച്ച് പിടിപ്പിച്ചു.
ബസ് സ്റ്റോപ്പിലെ രണ്ട് ബസ്സ് ഷെല്‍ട്ടറിലും ചെമ്മീന്‍ ചാകര പോലെ പെണ്‍പിള്ളേരുണ്ട്. കുട്ടന്‍ അവരുടെ അടുത്ത് പോയി നിന്നു മൊബൈല്‍ എടുത്ത് ഒന്ന് രണ്ട് ചങ്ങാതിമാരെ വിളിച്ച് "നീ ഏട്യാ ഉള്ളത്...? ഞാന്‍ എറങ്ങീറ്റാ ഉള്ളത്.. രണ്ട് ദിവസം കയിഞ്ഞ് കേരണം.." എന്നൊക്കെ സംസാരിച്ച് കൊണ്ട് നിന്നു. അപ്പോഴേക്കും ബസ്സ് വന്നു.
കുട്ടന്‍ ഡോറും പിടിച്ച് ഡ്രൈവര്‍ ജയേട്ടനുമായി സംസാരിക്കാന്‍ തുടങ്ങി. ഇടയ്ക്ക് കാലു കൊണ്ട് കോഴി ചികയുന്നത് പോലെ വെറുതെ റോഡില്‍ വരയുന്നുമുണ്ട്. അപ്പോഴാണ് ഒരു ബൈക്കില്‍ രണ്ട് ചെറുപ്പക്കാര്‍ ഹൈ സ്പീഡില്‍ വന്നത്. വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ബസ്സിനും കുട്ടന്‍ നിന്നതിനു ശേഷമുള്ള ഭാഗത്ത് കൂടി ബൈക്കിന് കഷ്ടിച്ച് പോകാനുള്ള സ്ഥലമേയുള്ളു. ചെറുപ്പക്കാരു പിള്ളേരല്ലേ അവര് ഹൈസ്പീഡില്‍ കുട്ടനെ മുട്ടിയുരുമ്മി പറപ്പിച്ച് വിട്ടു. അതൊരു വല്ലാത്ത പോക്കാണെന്നു എല്ലാവരും സമ്മതിച്ചു. കാരണം,
ആ പോക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ബാറില്‍ ഒരു സാധനം കുടുങ്ങിപ്പോയിരുന്നു. കുട്ടന്റെ ഡെസ്ക് ടോപ്പ് ഐറ്റംസ് മറക്കാനുള്ള ഏക തുണിയായ ലുങ്കി....! താന്‍ ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന്‍ ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന്‍ കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…
ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന്‍ തുടങ്ങി.
"ആട നിക്കടാ.. എന്റെ ലുങ്കി താടാ.." എന്നു പറഞ്ഞ് കുട്ടന്‍ ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില്‍ ഈസ്റ്റും പൊത്തിപിടിച്ച് ബൈക്കിന്റെ പിറകെ ഓടി…

Sunday, November 15, 2009

ദേവദാരു പൂത്തു. പക്ഷേ...



പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ലല്ലോ. ചില പാട്ടുകള്‍ എത്ര കേട്ടാലും മതിയാവില്ല. എന്നാല്‍ എനിക്ക് ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരു പാട്ടുണ്ട്. അതാണീ പാട്ട്.

"ദേവദാരു പൂത്തു.. എന്‍ മനസ്സിന്‍ താഴ്വരയില്‍
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍.."

ഈ പാട്ട് റേഡിയോയില്‍ കേട്ടാല്‍ ഞാനത് ഓഫാക്കും. ചാനലിലാണെങ്കില്‍ ആ ചാനല്‍ മാറ്റും, ആരെങ്കിലും എന്റെ മുന്നില്‍ വെച്ച് പാടിയാല്‍ പാടിയവന്റെ കഴുത്തിനു പിടിക്കും. ഇതൊന്നുമല്ലെങ്കില്‍ ചെവി പൊത്തും. മാര്‍ക്സിസ്റ്റുകാര്‍ക്ക് മനോരമ പോലെ, കാബറെ ഡാന്‍സുകാരിക്ക് സാരി പോലെ അലര്‍ജ്ജിയാണ്‌ എനിക്കീ പാട്ട്.

എന്റെ മഹത്തായ പ്രീഡിഗ്രി സെക്കന്റിയര്‍. കോളേജിലെ കലോത്സവ ദിവസം. അന്നാണീ പണ്ടാറടക്കാനുള്ള പാട്ട് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. പാടുന്നത് ശ്രീദേവി. മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. വട്ട മുഖി, നീണ്ട മുടി അതിന്റെ അറ്റത്ത് തുളസിത്തറ, പച്ചപാവാട ആന്റ് ഗ്രീന്‍ ബ്ലൌസ്സ്. ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.

അവളും സെക്കന്റിയര്‍ ആണെങ്കിലും വേറെ ക്ലാസ്സിലാണ് പഠിക്കുന്നത്. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും തോന്നാത്ത ഒരു ഇദ് പാട്ട് കേട്ടതിന് ശേഷം എനിക്കവളോട് തോന്നി. "എന്തിനധികം പറയുന്നച്ഛാ, ചന്തു ചതിച്ച ചതിയാണച്ഛാ..." എന്നു ചങ്ങമ്പുഴ കുമാരനാശാന്‍ പാടിയത് പോലെ, ആ പാട്ട് എന്നെ ചതിച്ചു. കഷ്ടപ്പെട്ട് സംരക്ഷിച്ച് വന്ന എന്റെ കന്യകാത്വം നഷ്ടപ്പെട്ടു. ഞാന്‍ അനുരാഗ വികാര തരളിത മുഗ്ധലോല പുഷ്പനായി. എന്റെ രാവുകള്‍ അവളുടെ രാവുകളായി. മീന്‍സ് സ്ലീപ് ലെസ്സ്. സോണിയുടെ 90ന്റെ കാസറ്റില്‍ രണ്ടു സൈഡിലും ഞാന്‍ ദേവദാരു കുത്തിനിറച്ചു കേള്‍ക്കാന്‍ തുടങ്ങി. രാവിലെയും, സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോഴും എല്ലാ നേരവും വീട്ടില്‍ ദേവദാരു പൂത്തു വിടര്‍ന്നു. പാടിപ്പാടി നാഷണലിന്റെ മോണോ ടേപ്പ് റിക്കാര്‍ഡറിന്റെ ഹെഡ് തയഞ്ഞ് തീരാറായി.

അപ്പോഴാണ് പാട്ട് കാരണം പഠിക്കാന്‍ പറ്റുന്നില്ല എന്ന് എന്റെ ചേട്ടന്‍ ദേവദാസന്‍ പരാതിപ്പെട്ടത്. അതു കേട്ടയുടനെ ബൂര്‍ഷ്വാസികളായ അച്ഛനുമമ്മയും കാസറ്റെടുത്ത് അടുപ്പിലിട്ടു. നിന്ദ്യവും ക്രൂരവുമായ ഈ കാടന്‍ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് ഞാന്‍ രാവിലത്തെ ക്വാട്ടയായ പത്ത് ദോശ ബഹിഷ്കരിച്ചു. കുറേ കഴിഞ്ഞ് അമ്മ പശുവിനെ കെട്ടാന്‍ പോയ തക്കത്തിന് ഓരോന്നായി ചുരുട്ടി വായിലൂടെ ലോക്കറിലേക്ക് തട്ടി.

ചേട്ടന്‍ എന്റെ കോളേജില്‍ തന്നെ ഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ഇവനെക്കൊണ്ട് എനിക്കെപ്പോഴും ചീത്ത കേള്‍ക്കാനേ നേരമുള്ളു. ഞാന്‍ കളിക്കാന്‍ പോകുന്ന നേരത്ത് ഇവന്‍ ഇരുന്ന് പഠിക്കുകയായിരിക്കും. അപ്പോ കേള്‍ക്കാന്‍ തുടങ്ങും, “ഏട്ടനെ നോക്കെടാ, അവനിരുന്നു പഠിക്കുന്നത് കണ്ടില്ലേ, നിനക്കെപ്പോഴും കളിച്ച് നടന്നാ മതി.. പോയി പഠിക്കെടാ..” ലെവന്‍ ഒരു പഠിപ്പിസ്റ്റാണ്. ഞാനാണെങ്കില്‍ പരമ്പരാഗത കുടില്‍ വ്യവസായമായ കോപ്പിയടി കൊണ്ട് കടന്ന്കൂടുന്നവനും. സ്കൂളിലും കോളേജിലും ഇവന്റെ പേര്‍ എപ്പോഴും തിരുത്തിക്കുറിക്കലാണ് എന്റെ പണി. "നിന്റെ ചേട്ടന്‍ എന്തു നന്നായി പഠിക്കുമായിരുന്നു.. നീ എന്താ ഇങ്ങനെ ആയിപ്പോയത്..?" എന്നത് മാഷന്മാര്‍ എനിക്ക് എല്ലാ ദിവസവും തരുന്ന ഗുഡ് സര്‍ട്ടിഫിക്കറ്റാണ്.

അതിലൊന്നും ഇത്ര വിഷമിക്കാനില്ല. കാരണം കോട്ടി കളിക്കാനോ, ക്രിക്കറ്റ് കളിക്കാനോ, അടിപിടിയുണ്ടാക്കാനോ, തിരക്കുള്ള ബസ്സില്‍ മുന്‍ വാതിലില്‍ കയറാനോ, പഞ്ചാരയടിക്കാനോ പോലും അവനെക്കൊണ്ട് പറ്റില്ല. അതൊക്കെ നമ്മള് നന്നായി സ്കോര്‍ ചെയ്യുന്ന ഫീല്‍ഡാണ്. കോളേജില്‍ ഒന്നാമതായത് കൊണ്ടും കാണാന്‍ സുന്ദരനായത് കൊണ്ടും, പെണ്‍‌പിള്ളേരൊക്കെ അവന്റെ ഫാന്‍സാണ്. പക്ഷേ അവനാണെങ്കില്‍ പെണ്‍പിള്ളേരോട് മിണ്ടില്ല, ചിരിക്കില്ല, അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി ഓരോ ലൈന്‍ ഉണ്ടാക്കിയേനെ. എന്തു ചെയ്യാനാ, ഡ്രൈവിങ്ങ് അറിയുന്നവന്‌ കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

ലവ് ജിഹാദുകാര്‍ കാസറ്റ് കത്തിച്ചെങ്കിലും, എന്റെ പ്രണയ താജ്മഹലിന്റെ ഒരു ചെങ്കല്ലിന് പോലും കേട് വന്നില്ല. കോളേജിലെത്തിയാല്‍ പിന്നെ ശ്രീദേവി വരുന്നതും നോക്കി നില്ക്കലാണ് എന്റെ പ്രൈം ജോബ്. അവള്‍ വരുന്നു, എന്നോട് ചിരിക്കുന്നു, പോകുന്നു, വൈകുന്നേരം വീണ്ടും കാണുന്നു, ചിരിക്കുന്നു, അവളുടെ പിറകെ മണത്ത് ബസ്സ് സ്റ്റോപ്പ് വരെ പോകുന്നു. ഡിറ്റോ.. ഡിറ്റോ.. അഹാ.. അനുരാഗത്തിന്റെ സുന്ദര ദിനങ്ങള്‍! പക്ഷേ എന്നും ഇങ്ങനെ വെറുതെ ചിരിച്ച് നടന്നാല്‍ പോരല്ലോ. പ്രേമം എന്നു വെച്ചാല്‍ ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില് ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില് പോണം കുട മറച്ച് പിടിക്കണം. ഹൊയ്യാരാ... ഹൊയ്യാര ഹൊയ്യാ.. രാപ്പാടീ... അതൊക്കെ ഓര്‍ത്തപ്പോ തന്നെ രോമരാജിയും രാജന്മാരുമൊക്കെ സിനിമാറ്റിക് ഡാന്‍സ് തുടങ്ങി. സോ, അവളോട് ഐലവ്യു പറഞ്ഞ് കാര്യങ്ങള്‍ക്കൊക്കെ സ്പീഡാക്കണമെന്ന് ഞാന്‍ ഡിസൈഡിച്ചു. അതിന്‌ ലൌ ലെറ്റര്‍ കൊടുക്കുക എന്ന ഒരൊറ്റ പുരാതന മാര്‍ഗ്ഗമേ ധൈര്യവാനായ എന്റെ മോണിറ്ററില്‍ തെളിഞ്ഞുള്ളു.

വിത്ത് ദി ഹെല്‍പ്പ് ഓഫ് മൈ ക്ലാസ്സ്മേറ്റ് പപ്പന്‍, ഞാനൊരു ലെറ്റര്‍ തയ്യാറാക്കി. അത് അവള്‍ക്ക് കൊടുക്കാന്‍ വേണ്ടി ഞങ്ങള്‍ രണ്ട് ദിവസം കോളേജിലെ ഏണിപ്പടിയുടെ മുകളില്‍ രാവിലെ തന്നെ കാത്ത്നിന്നു. രണ്ട് തവണയും അവളുടെ കൂടെ വേറെ കുറേ കാട്ടുകാലികളും ഉണ്ടായിരുന്നു. അതു കൊണ്ട് കൊടുക്കാന്‍ പറ്റിയില്ല. അവള്‍ ചിരിച്ചു, തിരിഞ്ഞ് നോക്കി പിന്നേം ചിരിച്ചു സ്ലോമോഷനില്‍ നടന്ന്പോയി.

മൂന്നാമത്തെ ദിവസം അവള്‍ തനിച്ചാണ്‌ വന്നത്. പപ്പന്‍ തൂണിന്‌ മറഞ്ഞ്നിന്നു എന്നോട് പറഞ്ഞു. “ദാടാ, അവള്‌ വെള്ള ചുരിദാറാ ഇട്ടത്, വെള്ള നല്ല ലക്ഷണമാ,, ഇന്ന് തന്നെ കൊടുക്കണം.." ഞാന്‍ പതുക്കെ ഏണിപ്പടി ഇറങ്ങി. പേടിച്ച് വിറക്കുന്ന കൈവരിക്ക് എന്റെ ബോഡി കൊണ്ട് സപ്പോര്‍ട്ട് കൊടുത്തു. അവള്‍ പുഞ്ചിരിച്ച് പടികള്‍ കയറി വരുന്നുണ്ടായിരുന്നു. ഈ കത്ത് കൊടുക്കുക എന്നതൊക്കെ പറയാന്‍ എളുപ്പമാണ്. കൊടുക്കാന്‍ നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്‍ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.

എന്റെ നെഞ്ച് കിടന്ന് പിടക്കാന്‍ തുടങ്ങി. (അതിനൊക്കെ എന്തിന്റെ കേടാ..?) തൊണ്ടയില്‍ വെള്ളം വറ്റി.. കക്കൂസില് പോകാന്‍ മുട്ടുന്നു.. ആകെ മൊത്തം സം ടോട്ടല്‍ വിറക്കാന്‍ തുടങ്ങി... കൈയ്യിലെ രോമങ്ങളൊക്കെ ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നേറ്റ് നിന്നു. ശ്രീദേവി, എന്റെ ഫ്യൂച്വര്‍ വൈഫ്, സ്വപ്ന ദേവത, ഹൃദയാരാമത്തിന്റെ രോമാഞ്ചം.. ഒരു വെള്ളക്കുതിരയെപ്പോലെ പടികള്‍ കയറി വന്ന് എന്റെ അടുത്തെത്തി. ഞാന്‍ മനസ്സിന്റെ ഏതൊക്കെയോ ഫോള്‍ഡറില്‍ നിന്നും ധൈര്യം ഡൌണ്‍ലോഡ് ചെയ്ത് കത്തെടുക്കാനായി കൈ പൊന്തിച്ചു.. ബിഫോര്‍ ദാറ്റ്, അവള് ഒരു കത്തെടുത്ത് എനിക്ക് നേരെ നീട്ടി. അതു ശരി.. ഇവള് ആളു കൊള്ളാമല്ലോ.. ഞാന്‍ അങ്ങോട്ട് കൊടൂക്കുന്നതിന് മുമ്പ് ഇങ്ങോട്ടേക്കോ? നാണിച്ച് കാലു കൊണ്ട് സിമന്റില്‍ തറ പറ എന്നെഴ്തി ഞാനത് വാങ്ങി. ആ പൊട്ടന്‍ പപ്പന്‍ എന്റെ സൌഭാഗ്യം കണ്ട് അസൂയപ്പെട്ടിരിക്കുന്നുണ്ടാവും.. പ്രൊഫൈലില്‍ സ്റ്റാറ്റസ് കമ്മിറ്റഡ് എന്ന് ചെയ്ഞ്ച് ചെയ്യുന്ന കല്ല്യാണപ്പെണ്ണിനെ പോലെ കോരിത്തരിച്ച് ഞാന്‍ നില്‍ക്കെ, അവളുടെ ഡയലോഗ് കേട്ട് ഞാന്‍ ഞെട്ടി..

"കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."

അത് എന്റെ കൈയ്യിലിട്ട് അവള്‍ സ്റ്റെപ്പ് കയറിപ്പോയി. ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.

ഹര്‍ത്താല്‍ ദിവസത്തിലെ ട്രാഫിക് അയലന്റ് പോലെ നിശ്ശബ്ധശൂന്യ നിര്‍വ്വികാരനായി ഞാന്‍ നില്ക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ടില്‍ പപ്പന്റെ കാളരാഗം കേട്ടു..

"ദേവദാസന്‍ തൂങ്ങി… ശ്രീദേവീന്റെ മനസ്സിന്‍ കൊമ്പത്ത്..."

കണ്‍സൊലേഷന്‍ തോട്ട്:- പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്‌. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.

Sunday, November 1, 2009

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .

ക്ലാസ്സിലെ സീനിയര്‍ മെംബേഴ്സിനാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ക്ക് രണ്ട് പിരിയഡ് കഴിഞ്ഞ് ഉപ്പുമാവുണ്ടാക്കാന്‍ പോകാം. മാഷന്മാരുടെ ചൂരല്‍ പ്രയോഗങ്ങളില്‍ നിന്നും രക്ഷനേടുകയുമാവാം.

“ആരാ ഉപ്പുമാവുണ്ടാക്കാന്‍ പോകുന്നത്..?” എന്നു കുഞ്ഞമ്പുമാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്നും അജി, അച്ചപ്പന്‍ സന്തോഷ്, വെറിയന്‍ രാജന് തുടങ്ങിയവര്‍ ധീരജവാന്മാരായി എഴുന്നേറ്റ് പോകും. രണ്ടു മൂന്നു വര്‍ഷങ്ങളായി മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണികളായി സെയിം ക്ലാസ്സില്‍ സെയിം ബെഞ്ചില്‍ സെയിം പൊസിഷനില്‍ വിലസുന്ന ചെറുപ്പക്കാരാണിവര്‍.

അടുത്ത പിരിയഡിലെ ചോദ്യങ്ങളില്‍ നിന്നും അതിനുശേഷം ഉറപ്പായി പ്രതീക്ഷിക്കാവുന്ന അടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാനും ഉപ്പുമാവുണ്ടാക്കാന്‍ എഴുന്നേറ്റ് നിന്നാല്‍ തന്നെ പ്രയോജനമില്ല. “നീ പോണ്ട, ആട ഇരിക്ക്” എന്നു പറഞ്ഞ് ഇരുത്തിക്കളയും കണ്ണില് ചോരയില്ലാത്ത മാഷന്മാര്‍. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.

ഉപ്പുമാവ് ഉണ്ടാക്കുന്ന ഓയില്‍ അമേരിക്കയില്‍ നിന്നും സപ്ലൈ ചെയ്യുന്നതാണ്. പത്ത് ലിറ്റര്‍ കൊള്ളുന്ന ചെറിയ ഇരുമ്പ് ടിന്നുകളിലായിരിക്കും ഈ ഓയില്‍ സൂക്ഷിച്ചിരിക്കുക. ഉപ്പുമാവുണ്ടാക്കിയതിന് ശേഷം കാലിയാകുന്ന ഈ ടിന്നുകള്‍ ചെറിയ പൈസയ്ക്ക് കുട്ടികള്‍ക്ക് വാങ്ങാവുന്നതാണ്. ഈ ടിന്നുകള്‍ കൊണ്ട് പല ഉപയോഗങ്ങളുണ്ട്. വെള്ളം നിറച്ച് വെക്കാം, മണ്ണെണ്ണ വാങ്ങാം, ഒരു വശം മുറിച്ച് കളഞ്ഞ് പഴയ റബ്ബര്‍ ചെരുപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടിയുണ്ടാക്കാം. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

ഒരു മണി ബെല്ല് അടിച്ചാല്‍ തേനീച്ചക്കൂടിളകിയ പോലെ നൂറു കണക്കിന് കാലിവയറുകള്‍ കഞ്ഞിപ്പുരയുടെ നേര്‍ക്ക് സകല ബഞ്ചും ഡെസ്കും കടന്നുതുള്ളി ഓടും. ചിലപ്പോള്‍ ഏതെങ്കിലും ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നുണ്ടാകും. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.

ഉപ്പുമാവ് ഉണ്ടാക്കിയ ദേശസ്നേഹികള്‍ തന്നെയാണ് സപ്ലൈ ചെയ്യുന്നതും. അവിടെ ക്രമസമാധാന പരിപാലനത്തിന് അനന്തന്‍ മാഷോ ഗിരിജ ടീച്ചറോ വടിയെടുത്ത് നില്‍പ്പുണ്ടാകും. ഉപ്പുമാവ് വാങ്ങുന്നത് വാട്ടിയ വാഴയിലയിലോ, ഉപ്പില ചപ്പിലോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തിലോ ആയിരിക്കും. ചിലര്‍ രാവിലെ വീട്ടിലെ അടുപ്പില്‍ വെച്ച് വാട്ടിയെടുത്ത വാഴയില മടക്കി നോട്ട്പുസ്തകത്തില്‍ വെച്ചിട്ടുണ്ടാകും. വേറെ ചിലര്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഉപ്പിലമരത്തിന്റെ ഇല പറിച്ചെടുത്ത് പുസ്തകത്തില്‍ വെക്കും. ഇതൊന്നുമില്ലെങ്കില്‍ പാഠപുസ്തകത്തിലോ കൈയ്യിലോ വാങ്ങിക്കും. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്.

വരി നില്ക്കുന്ന എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ ചീനച്ചട്ടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ ചീനച്ചട്ടിയുടെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. ഒരാള്‍ക്ക് ഓരോ കയില് അത്രേ ഉണ്ടാവൂ. അതു തന്നെ എല്ലാര്‍ക്കും കിട്ടുകയുമില്ല. അപ്പോഴേക്കും ഉപ്പുമാവ് കഴിയാറായിട്ടുണ്ടാകും. അന്നേരം അച്ചപ്പന്‍ സന്തോഷോ, വെറിയന്‍ രാജനോ ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി ചീനച്ചട്ടിയില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!

എന്റെ ക്ലാസ്സില്‍ കുട്ടിരാമന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു അവാര്‍ഡ് ടൈപ്പ്. കീറിത്തുടങ്ങിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൌസറും. പാറിപ്പറക്കുന്ന തലമുടി. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കും. ഉച്ച സമയമാവുമ്പോഴാണ് അവനില്‍ വല്ല ചലനവും കാണുന്നത് തന്നെ. മാഷന്മാര് വല്ല ചോദ്യവും ചോദിച്ചാല്‍ വെറുതെ എഴുന്നേറ്റ് നില്ക്കും , യാതൊരു വികാരവുമില്ലാതെ കിട്ടുന്ന അടിയും വാങ്ങി ഇരിക്കും. ഏസ് യൂഷ്വല്‍ ആള്‍വെയ്സ്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവന്റേത്. അച്ഛനുമമ്മയും അന്നന്ന് കൂലിപ്പണിയെടുത്ത് കൊണ്ട് വരുന്നതില്‍ നിന്നു അരിയും സാമാനങ്ങളും വാങ്ങിയിട്ട് വേണം ആറു മക്കളടങ്ങിയ ആ വീട്ടില്‍ ചോറു വെയ്ക്കാന്‍. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്കൂളില്‍ പോയാല്‍ കിട്ടുന്ന ഒരു നേരത്തെ ഉപ്പുമാവിന്റെ വില എത്ര രൂപയില്‍ ഒതുക്കാനാവും..!

ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ കുട്ടിരാമനുമുണ്ടായിരുന്നു. "വാരിക്കോ.." എന്ന അച്ചപ്പന്‍ സന്തോഷിന്റെ അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം കുട്ടിരാമനും ചട്ടിയില്‍ കൈയിട്ടു. അക്രാന്തത്തോടെ ഉപ്പുമാവിന്നായി പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കുട്ടിരാമനും ആവത് ശ്രമിച്ചു. കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ഉപ്പുമാവെന്നു കരുതി അവന്‍ കുട്ടിരാമന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ കുട്ടിരാമന്‍ ചട്ടിയിലേക്ക് കോയന്‍ ബോക്സ് മുകളിലാക്കി തലയും കുത്തി വീണു. അവന്‍ ചട്ടിയില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. സന്തോഷും രാജനും കൂടി കുട്ടിരാമന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.

തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

"വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.