Monday, July 28, 2008

സാവോയിലെ ക്ളോസ് ഫ്രന്റ്

എന്റെ സുഹ്രുത്തായ സതീഷ് എന്ന മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് കാരണം ഞാന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് മുന്‍പെഴുതിയതോര്‍ക്കുമല്ലോ. ആ സതീഷിന്റെ വിടുവായത്തം കൊണ്ട് അവനുണ്ടായ ഒരു അനുഭവം.


ഐഡിയ മൊബൈലിന്റെ പോസ്റ്റ് പെയിഡ് വിങ്ങിലാണു സതീഷ് ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങുകാരുടേതായ സകല ജാഡകളും, കാണാന്‍ മോശമില്ലാത്തതിന്റെ അഹങ്കാരവും ആവശ്യത്തിലധികമുണ്ട്. വെളുത്ത് മെലിഞ്ഞു അഞ്ചരയടി ഉയരം, ടാക്കീസില്‍ സെക്കന്റ് ഷോ കാണാന്‍ ആള്‍ക്കാരെന്ന പോലെ അഞ്ചാറു രോമങ്ങള് താടിമീശയുടെ സ്ഥാനത്തുണ്ട്. മാര്‍ക്കറ്റിംഗ് മീറ്റിംഗിനു പോകുമ്പോഴും മാര്‍ക്കറ്റില്‍ മീനിനു പോകുമ്പോഴും ഷര്‍ട്ട് ഇന്‍ ചെയ്ത് ഷൂ ഇട്ട് അടിപൊളി ഡ്രെസ്സിലായിരിക്കും. നാട്ടിലെ സകല അമ്പലത്തിലും പൂജിച്ച ചരടുകള്‍ കൈയ്യില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വിയര്‍പ്പും ചെളിയുമേറ്റ് ചരടിന്റെ നിറമൊക്കെ പോയി അഴുക്ക് കട്ടപിടിച്ചിരിക്കും. അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.


ആണവകാര്യം മുതല്‍ ആട്ടിന്‍കാട്ടം വരെ എന്തിനെപറ്റിയും അഭിപ്രായം പറയും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായാലുമില്ലെങ്കിലും അറ്റാക്ക് ചെയ്ത് വന്നു പരിചയപ്പെട്ടു വധിക്കും. ഈ ലോകം ഒറ്റക്ക് ചുമലിലേറ്റുന്നതിനാല്‍ എപ്പോഴും അതീവ ഗൌരവം. ഒരു പണിയുമില്ലെങ്കിലും എപ്പോഴും തിരക്കു തന്നെ, മിനിമം മൂന്നു മൊബൈലെങ്കിലും കൈയ്യിലുണ്ടാവും. ചെവിയില്‍ നിന്നും ശരീരത്തിന്റെ പല ഭാഗത്തേക്കും ‘വയറിങ് ’ നടത്തിയിരിക്കും, കൂളിങ്ഗ്ലാസ് എവിടെ വെക്കണമെന്നറിയാത്തത്കൊണ്ട് ഒന്നുകില്‍ അതു നെഞ്ചോട് ചേര്‍ന്നു ഷര്‍ട്ടിന്റെ മുകളിലായി കൊളുത്തിയിട്ടിരിക്കും, അല്ലെങ്കില്‍ അതു തലയില്‍ വെച്ചിരിക്കും. ഗര്‍ഭിണിയുടെ വയറു പോലെ തടിച്ചു വീര്‍ത്തൊരു പേഴ്സും അതില്‍ കുറേ എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും കാണും, ചുമലിലൂടെ ഒരു ബാഗുമുണ്ടാവും.


'ഹായ്, ടാ.., അവന്‍ വിളിച്ചാരുന്നു, ഞാന്‍ കാണത്തില്ല, കസ്റ്റമറെ കോണ്ടാക്റ്റ് ചെയ്തു, നാളെ ഞാന്‍ ട്രിവാന്‍ഡ്രത്താണു, ഫ്രൈഡെ ബാംഗ്ലൂരിലായിരിക്കും.. ' ഇങ്ങനെ പ്രിന്റ് ഭാഷയിലും ഒരു പ്രീഡിഗ്രി ഫെയില്‍ഡിനെക്കൊണ്ടാവുന്നത്ര ഇംഗ്ലീഷ് കലര്‍ത്തിയുമേ സംസാരിക്കു. മലയാളത്തോടും സ്വന്തം നാടിനോടും തീരാത്ത പുച്ഛം. ഒരു നേഴ്സിനെ കല്യാണം കഴിച്ചു അവളുടെ ‘ഭാര്യയായി’ അമേരിക്കയ്ക്കു പോകണമെന്നാണു അന്ത്യാഭിലാഷം. സ്വന്തം ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്ന ‘സദുദ്ദേശ്യ’ത്തിനു വേണ്ടി, ആരെയും വിളിച്ചില്ലെങ്കിലും ഞെട്ടിപ്പിക്കുന്നൊരു ബില്ല് മാസാമാസം വരുന്ന ഒരു കണക്ഷന്‍ അടുത്ത സുഹ്രുത്തുക്കളെപോലും പിടിപ്പിക്കുവാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവന്‍. അച്ഛനുമമ്മയും പോലും ‘കസ്റ്റമറാ’യിരിക്കും.


കടം വാങ്ങിയാല്‍ പറഞ്ഞ തീയ്യതിക്ക് തിരിച്ചു കിട്ടുമെന്ന യാതൊരു ഭയവും വേണ്ട. കാരണം മൂപ്പര് പണം തിരിമറിയുടെ രാജാവാണു. മിക്ക ബാങ്കുകളിലും ലോണ്‍ ഉണ്ട്. പങ്ച്വാലിറ്റിയാണു മൂപ്പരുടെ ‘വീക്ക്നെസ്സ്’. എവിടെയെങ്കിലും പോകണമെങ്കില്‍ പറഞ്ഞ സമയം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞാലേ അവനെത്തൂ. ടൌണിലെ എല്ലാ വി.ഐ.പി. കളേയുംപറ്റി പറയുമ്പോള്‍ ‘ഓ.. അതെന്റെ ക്ളോസ് ഫ്രന്റാ..’ എന്നു പറയും. യാതൊരുവിധ പരിചയമില്ലെങ്കിലും ഒരു വെയിറ്റിനു വേണ്ടി എല്ലാവരേയും അറിയുമെന്നു പറയുന്നതാണു. അവനെ നന്നായി അറിയുന്നത്കൊണ്ട് ഞങ്ങളതൊന്നും മെമറിയില്‍ സേവ് ചെയ്യാറില്ല. പൊങ്ങച്ചത്തിനു വേണ്ടി എന്തു കോലവും കെട്ടും. ആരെന്തു പറഞ്ഞാലും യാതൊരു ഉളുപ്പുമില്ല. മൂന്നു ബിഗ് 'ബി' കള്‍ക്കു വേണ്ടിയാണു ജീവിക്കുന്നതു തന്നെ. ബൈക്ക്, ബാര്‍, ബില്ല്.


ഇങ്ങനെയൊക്കെയാണെങ്കിലും ആളു വളരെ ഉപകാരിയാണു. കള്ളു കുടിക്കാനും കളറടിക്കാനും എന്നു വേണ്ട ഏതു കാര്യത്തിനും മുന്നിലുണ്ടാവും. വെറുതെ പൊക്കിവെച്ചാ മതി ആര്‍ക്കു വേണ്ടിയും എവിടെപ്പോകാനും ബൈക്കുമെടുത്ത് റെഡിയായിരിക്കും. അതുകൊണ്ട് തീരെ ഒഴിവാക്കാനും പറ്റില്ല.


പുതിയ ഇരകളെ വലയിലാക്കുന്നതിനു വേണ്ടി ഇടക്കിടക്ക് അവന്‍ കാസര്‍ഗോഡ് പോകാറുണ്ട്. എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ടീമുണ്ടാവുമല്ലോ. അതുപോലെ കണ്ണൂര്‍-കാസര്‍ഗോഡ് പാസഞ്ചറിലും നാലാം നമ്പര് കമ്പാര്‍ട്ട്മെന്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന 10 പേരടങ്ങിയ ഒരു ടീമുണ്ട്. ഈ ടീമുമായി സതീഷ് നല്ല കമ്പനിയാണു. അവരുടെ രണ്ടുവരി സീറ്റില്‍ വേറെ ആരുമിരിക്കില്ല. പത്രം വായിച്ചും അതിലെ 'തമാശകള്‍' പറഞ്ഞു പൊട്ടിച്ചിരിച്ചും അവരുടെ കൂടെയുള്ള യാത്ര രസകരമായിരുന്നു. ഇടയ്ക്ക് ആരെങ്കിലും വീട്ടില് നിന്നും ഭക്ഷണം കൊണ്ടുവരും. എല്ലാവരും ഒന്നിച്ചിരുന്നു അതു കഴിക്കും. കുറേ മാസങ്ങള്‍ കൂടുമ്പോള്‍ ഏതെങ്കിലും ബാറില്‍ വെച്ച് പാര്‍ട്ടി നടത്തും. പലര്‍ക്കും നാട്ടിലേതിനേക്കാള്‍ അടുത്ത ഫ്രന്റ്സ് ട്രെയിനിലാണു. ഫിഷറീസില് വര്‍ക്ക് ചെയുന്ന ജോണേട്ടന്‍, കലക്റ്ററേറ്റിലെ രവീന്ദ്രന്‍, വാട്ടര് അതോറിറ്റിയിലെ രാജേഷ് എന്നിവരായിരുന്നു അവരുടെ കണ്‍വീനര്‍മാര്.


ഒരു ദിവസം സതീഷ് ചെവിയില്‍ ബ്ലൂടൂത്ത് ഫിറ്റ് ചെയ്താണു ട്രെയിനിലെത്തിയത്. ജോണേട്ടനു ബ്ലൂടൂത്ത് കണ്ട് ഇതെന്താണിവന്റെ ചെവിയില്‍ പിടിപ്പിച്ചതെന്നു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു. 'അല്ല സതീഷേ... നിനക്ക് കേള്‍വിശക്തി കുറവാണോ? ശ്രവണ സഹായി പിടിപ്പിച്ചല്ലൊ'. ജോണേട്ടനു ബ്ലൂടൂത്തിനെപ്പറ്റി അറിയാത്തത് കൊണ്ട് പറഞ്ഞതാണെങ്കിലും എല്ലാവരും പൊട്ടിച്ചിരിച്ചു. സതീഷ് കാറ്റഴിച്ചുവിട്ട ബലൂണ് പോലെയായി.


'അല്ല.. നമ്മുടെ പാര്‍ട്ടി എപ്പോഴാണു?' സതീഷ് വിഷയം മാറ്റാനായി ചോദിച്ചു.
'അതു ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സാവോയ് ബാറില്‍ വെച്ചു.' രവീന്ദ്രന്‍ പറഞ്ഞു.
' അയ്യോ സാറ്റര്‍ഡെ എനിക്കു എറണാകുളത്ത് മീറ്റിംഗാണു. അതും കഴിഞ്ഞു ഞാന്‍ സണ്‍ഡെ ഈവനിംഗിലേ എത്തുകയുള്ളു' സതീഷ് പറഞ്ഞു.
'എന്താ ചെയ്യുക, എല്ലാവര്‍ക്കും സൌകര്യമുള്ള ദിവസമാ അന്നു. പിന്നെ അടുത്തൊന്നും ആരും ഫ്രീയല്ല.' ജോണേട്ടന്‍ പറഞ്ഞു.
'അയ്യോ പ്ലീസ് മാറ്റിവെക്കു.. എനിക്കു മീറ്റിംഗുള്ളത് കൊണ്ടല്ലെ. അല്ലേല്‍ ഞാന്‍ വന്നേനെ..' താനില്ലെങ്കില്‍ പരിപാടി മാറ്റിവെക്കുമെന്നാണു സതീഷ് കരുതിയത്. പക്ഷേ അവര്‍ വഴങ്ങുന്നില്ല. ഒരു രക്ഷയും കാണാഞ്ഞ് അവന്‍ പറഞ്ഞു.

'സാവോയിലെ ഗുണ്ട, കുട്ടപ്പന്‍ എന്റെ ക്ലോസ് ഫ്രന്റാണു. അവന്റെ റൂം വേണമെങ്കില്‍ ഞാന്‍ അറേഞ്ച് ചെയ്തു തരാം. എന്നെയും കൂട്ടണം.' ബാറുകളിലുണ്ടാകുന്ന തല്ലുകള്‍ അടിച്ചും ഒതുക്കിയും തീര്‍ക്കുവാന്‍ ബാര് മുതലാളിമാര്‍ ഓരോ ഗുണ്ടകളെ കാശും കള്ളും പിന്നെന്തൊക്കെയോ കൊടുത്ത് വളര്‍ത്തും. അക്കൂട്ടത്തിലൊരാളായിരുന്നു സതീഷ് തന്റെ ക്ലോസ്ഫ്രന്റാണെന്നു പറയുന്ന കുട്ടപ്പന്‍. പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ അവനിയാളെ കണ്ടിട്ടു പോലുമില്ല. പക്ഷേ പെണ്ണു കാണാന്‍ ചെറുക്കനെത്തുമെന്നു പറഞ്ഞ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്ന പെണ്ണിനെപ്പോലെ കള്ളു കുടിക്കാന്‍ ആക്രാന്തം മൂത്തിരിക്കുന്ന അവന്‍മാരെയുണ്ടോ ഇളക്കാന്‍ പറ്റുന്നു. നാലാം നമ്പര്‍ ടീം ഒറ്റശബ്ദത്തില്‍ പറഞ്ഞു. 'നിന്റെ മീറ്റിംഗ് വേണേല്‍ മാറ്റിക്കോ'.

'എങ്കില്‍ നിങ്ങള്‍ പാര്‍ട്ടി നടത്തുന്നതൊന്നു കാണാമല്ലോ ഞാന്‍ കുട്ടപ്പനോട് പറഞ്ഞ് നിങ്ങളുടെ പാര്‍ട്ടി കലക്കും..' സതീഷ് ചിരിച്ചുകൊണ്ട് അവരെ വെറുതെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞു.

നല്ല തണ്ടും തടിയുമുള്ള രാജേഷ് ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റിക്കൊണ്ട് പറഞ്ഞു. 'നിന്റെ കുട്ടപ്പനേക്കാളും വലിയ ഗുണ്ടയാ ഞാന്‍. ആരെ വേണേലും കൂട്ടി വാ.'

'എന്നെ കൂട്ടാതെ പാര്‍ട്ടി നടത്താനോ… എന്നാലതൊന്ന് കാണണമല്ലോ.. എനിക്കിന്നു കാഞ്ഞങ്ങാടാണു ഡ്യൂട്ടി. അതുകൊണ്ട് ഞാനിവിടെ ഇറങ്ങുകയാണു. അപ്പോ നമുക്കു അടുത്തയാഴ്ച്ച കാണാം.. ' സതീഷ് അവരെ വെല്ലുവിളിച്ച് അവിടെയിറങ്ങി.


അവന്ന്‍ വെറുതെ വിടുവായത്തം പറയുന്നതായത്കൊണ്ട് ആരുമത് കാര്യമാക്കിയില്ല. മുന്‍നിശ്ചയമനുസരിച്ച് വീട്ടില്‍ ലൈസന്‍സുള്ള കുടിയന്‍മാര്‍ ഭാര്യമാരോടൊന്നും പറയാതെയും ആ മന്ദബുദ്ധികള്‍ ഞായറാഴ്ച്ചയായിട്ടും എവിടെയാ പോകുന്നതെന്നു ചോദിച്ചപ്പോ ഒന്നും മിണ്ടാതെ നോക്കിപ്പേടിപ്പിച്ചും, ലൈസന്‍സില്ലാത്ത കുടിയന്മാര് യൂനിയന്റെ മീറ്റിംഗുണ്ടെന്നു കള്ളം പറഞ്ഞും ഞായറാഴ്ച്ച 11 മണിക്കു തന്നെ ബാറില്‍ ഹാജരായി.


പതിവുപോലെ 2 പെഗ് മാത്രം മതി, അര്‍ജന്റായി പോകാനുണ്ടെന്നു പറഞ്ഞ് തുടങ്ങുകയും 1 ഫുള്ള്, 2 ഫുള്ള്, 3 ഫുള്ള് എന്നിങ്ങനെ ബ്രാണ്ടിക്കുപ്പികള്‍ ഗള്‍ഫുകാര്‍ നാട്ടില്‍ വരുന്നത് പോലെ തടിച്ച് വീര്‍ത്ത് സുന്ദരക്കുട്ടപ്പന്‍മാരായി ടേബിളിലേക്ക് വരികയും കുറച്ച് നാള്‍ കഴിഞ്ഞ് വീട്ടിനും നാട്ടിനും ബാധ്യതയാവുന്നത് പോലെ ടേബിളിന്റെ മൂലയിലേക്കും പിന്നെ നിലത്തേക്കും വലിച്ചെറിയപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കോഴിയുടെ ഭൌതിക ദേഹാവശിഷ്ടങ്ങള്‍, എന്റെ ദേഹത്ത് ഇനിയെന്തേലും ബാക്കിയുണ്ടോ ദുഷ്ടന്‍മാരേ എന്ന ആന്‍സ്വര്‍ലെസ്സ് ക്വസ്റ്റ്യനോടെ മേശമേല്‍ വിറകുകൊള്ളികള്‍ അട്ടിയിട്ടതുപോലെ കിടന്നു.


രണ്ടെണ്ണം അകത്ത് ചെന്നാല്‍ ആരോടെങ്കിലും ഒന്നു കൊളുത്തണമെന്നു ആണായി പിറന്ന ഏതൊരു കുടിയനും തോന്നുമല്ലോ. തികച്ചും നാച്വറല്‍! (തോന്നാത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അത് ഡ്യൂപ് മദ്യമായിരിക്കും. ബാറോ ബ്രാന്റോ മാറ്റി നോക്കുക.) അതു പോലെയുള്ള ഒരു നല്ല മനുഷ്യനായിരുന്നു രാജേഷ്. വെരി നൈസ് ഫെലോ. ‘ഒരു ചില്ലിചിക്കന്‍ കൊണ്ടു വരാന്‍ പറഞ്ഞിട്ടു നേരമെത്രയായെടാ.. നമ്മളെന്താ കാശു തന്നെയല്ലേടാ എണ്ണിതരുന്നത്.. പുളിങ്കുരുവാണോ? നീ അപ്പുറത്തെ ടേബിളില് ശരിക്കു സര്‍വ്വ് ചെയ്യുന്നുണ്ടല്ലോ..’ എന്നു പറഞ്ഞ് രാജേഷ് സപ്ലയറോട് ചൂടായി. അവനത് കേട്ട് മിണ്ടാതിരുന്നാ പോരേ.. പക്ഷേ അവന്‍ എന്തോ പിറുപിറുത്തു. അതു കേട്ട രാജേഷ് വളരെ പതുക്കെ.. ടി.വി.യിലെ ക്രിക്കറ്റ് കമന്റടിക്കാരന്‍ പറയുന്നത് പോലെ ബാറ്റിന്റെ മിഡിലില്‍ തന്നെ പന്തു സ്വീകരിച്ചു… അവന്റെ ചെവിക്കുറ്റി നോക്കി ഒന്നു പൂശി. ആ പാവം ബാലന്‍സ് തെറ്റി അടുത്തുള്ള ടേബിളില് ചെന്നുവീണു. പിന്നെ അവിടെ കുടിച്ചു കൊണ്ടിരിക്കുന്നവന്‍മാരും രാജേഷുമായി ഉന്തും തള്ളുമായി. സോള്‍വ് ചെയ്യാന്‍ പോയ ജോണേട്ടനും രവിയുമായും അവന്‍മാര് വഴക്കായി.


അപ്പോള്‍ സൂര്യന്‍ തോറ്റുപോകുന്ന കറുപ്പുള്ള ഒരു തടിയന്‍ അജാനുബാഹു, കരിങ്കുറ്റിയാന്‍ അവരുടെ അടിപിടിയില്‍ ഇടപെടാനെത്തി. രാജേഷിനു തടിയന്റെ വരവ് ഒട്ടും പിടിച്ചില്ല. നമ്മള്‍ കള്ളുകുടിയന്‍മാര്‍ തമ്മില്‍ പല പ്രശ്നവുമുണ്ടാകും. നീ ഇതിലിടപെടേണ്ട എന്നും പറഞ്ഞു രാജേഷ് അവനിട്ടൊന്നു കൊടുത്തു. അത്രേള്ളു.. പിന്നെ……
…….കരിമരുന്നുപ്രകടനത്തില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയതു പോലെ അടിയുടെ പൂരമായിരുന്നു. രാജേഷിനും രവീന്ദ്രനും ടീമിനു മുഴുവനും ഡി.ഏ., അലവന്‍സ്, ബോണസ് അരിയേഴ്സ് അടക്കം മൊത്തമായി കിട്ടി.

തടിയന്റെ കൈയ്യില്‍ നിന്നും ‘സ്റ്റാന്റിങ്ങില്‍' രണ്ടെണ്ണം ഇരുകവിളുകളിലും ഈക്വലായി പടപടാന്നു വാങ്ങി, അവന്‍ മറ്റുള്ളവരില്‍ ‘കോണ്‍സന്‍ട്രൈറ്റ്’ ചെയ്ത സമയം ഓടി രക്ഷപ്പെട്ട് മൂലയിലുള്ള ഒരു മേശയുടെ അടിയില്‍ അഭയം പ്രാപിച്ച ജോണേട്ടന്‍ തനിക്കു മുന്‍പേ അവിടെ സ്ഥാനം പിടിച്ച ഒരുത്തനോട് ചോദിച്ചു. ‘അതാരാ.. ആ തടിയന്‍..?’ അവന്‍ പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു..

'ശ്..ശ്..അതാണു കുട്ടപ്പന്‍…!!!'

* * * *
'ഹായ് ഡാ.. പറയെടാ.. ഞാനിന്നലെ രാത്രിയെത്തി... ആ കുഴപ്പമില്ല.. ഓക്കേടാ.. പിന്നെ വിളിക്കാം.. ബൈ..' സതീഷ് സംസാരം നിര്‍ത്തി നാലാം നമ്പര് ടീം ഇരിക്കുന്ന സീറ്റിന്റെ പാസ്സേജിലെത്തി. സാധാരണ സതീഷിനു സീറ്റ് കൊടുക്കാന്‍‍ എല്ലാവര്‍ക്കും ഇഷ്ടമാണു. ഇന്നെന്തോ ആരുമൊന്നും മിണ്ടുന്നില്ല. ഉറക്കക്ഷീണം പോലെ എല്ലാവരുടെയും മുഖം വീര്‍ത്തു കെട്ടിയിരിക്കുന്നു. ചിലര്‍ കൈയ്യിലും മുഖത്തും ബാന്‍ഡ് എയിഡ് ഒട്ടിച്ചിട്ടുമുണ്ട്.

സതീഷ് ചോദിച്ചു. 'എന്താ ആരുമൊന്നും മിണ്ടാത്തത്?'
'...................................................'
'പാര്‍ട്ടി എങ്ങനെയുണ്ടാരുന്നു...?'
'...................................................'
രാജേഷിന്റെ ഇടത് കൈയ്യില് ബാന്‍ഡേജിട്ടത് കണ്ട് സതീഷ് ചോദിച്ചു. 'അല്ല.. രാജേഷേ ഇതെന്താ പറ്റിയത്..?'

ആരുമൊന്നും സതീഷിനോട് മിണ്ടുന്നില്ല. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുന്നു. കുറേ ചോദിച്ചിട്ടും ഇവന്‍മാരെന്താ ഒന്നും മിണ്ടാത്തതെന്നു സതീഷിനു മനസ്സിലായതുമില്ല.


കുറേ നേരം കഴിഞ്ഞിട്ടും ആരും മൈന്‍ഡാക്കാത്തത് കണ്ടപ്പോള്‍ സതീഷിനു എന്തോ ഒരു പന്തികേട് ഫീല്‍ ചെയ്തു. അവനും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി അവിടെ തന്നെ നിന്നു. വണ്ടി കളനാട് സ്റ്റേഷന്‍ എത്താറായി. മൂന്നു മിനിട്ടു നേരം ഒരു തുരങ്കത്തിലൂടെയാണു വണ്ടി പോകേണ്ടത്. പെട്ടെന്നു രവീന്ദ്രന്‍ ജനലരികിലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൈ കൊടുത്ത് സതീഷിനോട് പറഞ്ഞു. 'വാ സതീഷേ ഇരിക്കു..'
'കണ്ടോ.. എന്നോട് രവിയേട്ടനേ സ്നേഹമുള്ളു.. ഇറങ്ങാറായെങ്കിലും കുറച്ചു നേരമിരിക്കാം..' സതീഷ് വളരെ സന്തോഷത്തോടെ രവീന്ദ്രന്റെ കൈ പിടിച്ചു.

അപ്പോഴേക്കും വണ്ടി തുരങ്കത്തില്‍ കടന്നു. കമ്പാര്‍ട്ട്മെന്റില്‍ ഇരുട്ടായി. രവീന്ദ്രന്‍ സതീഷിന്റെ കൈ പിടിച്ചു വലിച്ച് തല കുനിച്ച്പിടിച്ച് കാലുമടക്കി അവന്റെ അടിവയറിലൊന്നു കൊടുത്തു. അടുത്തത്.. രാജേഷ് തന്റെ വലതു കൈ കൊണ്ട് മുതുകില്‍.. പിന്നെ എല്ലാവരും അവരുടെ സങ്കടങ്ങള്‍ അവന്റെ ശരീരത്തില്‍ തടവിതീര്‍ത്തു. സതീഷ് അവരുടെ കാലുകള്‍ക്കിടയിലേക്കു മൂക്കു കുത്തി വീണു. 'ഏയ്.. എന്താ പ്രശ്നം.. അയ്യോ.... എന്റമ്മേ.. യ്യോ..' സതീഷിന്റെ കരച്ചില്‍ ട്രെയിനിന്റെ ഒച്ചപ്പാടിലമര്‍ന്നുപോയി.

വണ്ടി തുരങ്കം കഴിഞ്ഞു. വെളിച്ചം വന്നു. എല്ലാവരും ഇറങ്ങാനായി വാതില്‍ക്കലേക്കു നടന്നു. സതീഷ് മാത്രം കാലിയായ സീറ്റുകള്ക്കിടയില് ജനാലയുടെ കീഴെ ബോഗിയും ചാരി, ഉലഞ്ഞ മുടിയുമായി, തലയും കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവനൊന്നും മനസ്സിലായില്ല. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുമ്പോള്‍ രാജേഷ് പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് അവന് ഓര്‍ത്തെടുക്കുകയായിരുന്നു.

'നായിന്റെ മോനേ.. നീ ഞങ്ങളെ കുട്ടപ്പനെക്കൊണ്ട് തല്ലിക്കും അല്ലേടാ..'

32 comments:

  1. GOOD COMDY WORKS!!!
    KEEP IT UP..

    ReplyDelete
  2. ഹ ഹ. പാവം സതീശ്. ഈ ചങ്ങാതിയ്ക്ക് അബദ്ധങ്ങളേ പറ്റിയിട്ടുള്ളൂ? ;)

    “വെറുതെ പൊക്കിവെച്ചാ മതി ആര്‍ക്കു വേണ്ടിയും എവിടെപ്പോകാനും ബൈക്കുമെടുത്ത് റെഡിയായിരിക്കും. അതുകൊണ്ട് തീരെ ഒഴിവാക്കാനും പറ്റില്ല.”

    ഇതു പോലെ ഒരു സുഹൃത്ത് ഞങ്ങള്‍ക്കും ഉണ്ട് കേട്ടോ. :)

    ReplyDelete
  3. ഹഹ..

    രസികന്‍ പോസ്റ്റ്..

    ചരടിന്റെ പ്രയോജനം..നമിച്ചു ചുള്ളാ..

    ഇത്തരം കഥാപാത്രങ്ങള്‍ എല്ലായിടത്തും ഉണ്ട്.

    ReplyDelete
  4. നന്നയിട്ടൊണ്ടു കെട്ടോ!!! അവസാനം ശരിക്കും ചിരിച്ചു......

    ReplyDelete
  5. ഹ ഹ ഹ നന്നായി രസിച്ചു..ചിരിച്ചു പോയി...

    ReplyDelete
  6. കോഴിയുടെ ഭൌതിക ദേഹാവശിഷ്ടങ്ങള്‍, എന്റെ ദേഹത്ത് ഇനിയെന്തേലും ബാക്കിയുണ്ടോ ദുഷ്ടന്‍മാരേ എന്ന ആന്‍സ്വര്‍ലെസ്സ് ക്വസ്റ്റ്യനോടെ മേശമേല്‍ വിറകുകൊള്ളികള്‍ അട്ടിയിട്ടതുപോലെ കിടന്നു. ..

    ഹഹഹഹ ..

    കിടിലന്‍ പോസ്റ്റ് കുമാരാ... :)

    ReplyDelete
  7. അണ്ടിയോടടുക്കുമ്പോള്‍ മാങ്ങ പുളിയറിയിക്കുന്നുവല്ലോ കുമാരാ.....

    കുടിവിട്ട് ഷാപ്പില്‍ കെടത്തമാക്കിയപോലായല്ലോ

    ReplyDelete
  8. നന്നായി ആസ്വദിച്ചു....

    ReplyDelete
  9. ക്ലൈമാക്സ്സ് കലക്കി മച്ചു

    ReplyDelete
  10. ഹ കൊള്ളാം

    പാവം സതീശ് കുട്ടപ്പനെ അറിയുക പോലും ഇല്ലായിരിക്കും

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. ഹ ഹ രസിച്ചു മാഷേ

    ആശംസകൾ

    ReplyDelete
  13. നന്നായിട്ടുണ്ട്.....
    നന്‍മകള്‍ നേരുന്നു....
    സസ്നേഹം,
    മുല്ലപ്പുവ്..!!

    ReplyDelete
  14. കമന്റുകളെഴുതി എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും അഗാധമായ നന്ദി...

    ബ്ലോഗിലെ പുലിയായ തമനുവിനു പ്രത്യേകിച്ചും

    ReplyDelete
  15. ചിരിപ്പികന്നതിനോട് ഒപ്പം തന്നെ ഇതില്‍ ഒരു ഗുണപാഠവും ഉണ്ട് കേട്ടോ. :)

    ReplyDelete
  16. ഹഹഹ ഈ പോസ്റ്റ് എനിക്കങ്ങു ക്ഷ പിടിച്ചു . സാവോയ് ബാറില്‍ എന്നല്ല കണ്ണൂരില്‍ ഏതു കുടിയനോട് ചോദിച്ചാലും കുട്ടപ്പന്റെ കൈയ്യുടെ ചൂട് അറിഞ്ഞ കഥ പറയാന്‍ കാണും. ഈയുള്ളവന് ഒരിക്കല്‍ ആ മാന്യദേഹത്തെ കാണാന്‍ ഉള്ള അവസരം ഉണ്ടായി. അത് വരെ അലമ്പന്‍ എന്ന് കേട്ടുകേള്‍വി മാത്രം ഉള്ള ആള്‍ നേരില്‍ കണ്ടപ്പോള്‍ എത്ര ശാന്തന്‍ സൌമ്യന്‍ !പക്ഷെ ഒടക്കിയാലല്ലേ വെവരം അറിയുക !
    പിന്നെ സതീഷ് എന്ന കഥാപാത്രം.! ഒരു ടിപ്പിക്കല്‍ ഹച്ച്, അല്ലെങ്കില്‍ എയര്‍ടെല്‍ എക്സിക്ക്യൂട്ടീവ്. വര്‍ണനകള്‍ എല്ലാം മനോഹരം. എല്ലാ മൊബൈല്‍ സതീശന്മാര്‍ക്കും ഒരേ സ്വഭാവം ആണോ ദൈവമേ നീ കൊടുത്തത് എന്ന് തോന്നിപ്പിക്കും വിധം ഉള്ള വര്‍ണന. എനിക്കറിയാം ഇത് പോലെ ഉള്ള ഒരുപാട് സതീശന്മാരെ. അത് കൊണ്ട് തന്നെ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങിപ്പോയി [:D]
    അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.
    ഇത് കലക്കി :)

    ReplyDelete
  17. വായിച്ചതിനും കമന്റടിച്ചതിനും വളരെ വളരെ നന്ദി

    ReplyDelete
  18. നാട്ടിലെ സകല അമ്പലത്തിലും പൂജിച്ച ചരടുകള്‍ കൈയ്യില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വിയര്‍പ്പും ചെളിയുമേറ്റ് ചരടിന്റെ നിറമൊക്കെ പോയി അഴുക്ക് കട്ടപിടിച്ചിരിക്കും. അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.


    കണ്ണൂരില്‍ ബോംബുണ്ടാക്കുന്നത് ഇയാളാണോ ....ചിരി ബോംബ്‌ ... :]

    ReplyDelete
  19. എല്ലായിടത്തും കാണാം ഇതുപോലൊരു കഥാപാത്രം…!

    ReplyDelete