Tuesday, December 29, 2015

ഊതിക്കൽ..

നല്ല നിലാവുള്ള രാത്രി, സുന്ദരമായ റോഡ്, കാറിൽ അല്പം മദ്യപിച്ച് സുന്ദരിയായ പുത്തൻ ഭാര്യയെ തൊട്ടു തലോടിയും കിന്നാരം പറഞ്ഞുമുള്ള യാത്ര.. ഇതൊക്കെ അനുഭവിച്ച് വീട്ടിലെത്താനുള്ള തിരക്കിൽ പോകുകയാണ് വക്കീൽ രാമകൃഷ്ണൻ.
ആ സുന്ദര നിമിഷങ്ങളെ നശിപ്പിച്ച് എടങ്ങേറാക്കാനായിട്ടാണ് ചെക്കിങ്ങ് നടത്തുന്ന പോലീസുകാർ കൈനീട്ടിയത്. അന്നേരം രാമകൃഷ്ണൻ വക്കീലിന്റെ സകല ഫിറ്റും ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞു.
കല്യാണം കഴിഞ്ഞ് അധികനാളായിട്ടില്ല, പുതുക്കക്കാരി ഭാര്യ ബീനയേയും കൂട്ടി ഒരു പാർട്ടി കഴിഞ്ഞ് വരികയാണ്. അവൾ കാണാതെ മൂന്നാലെണ്ണം വീശിയിട്ടുണ്ട്. കള്ളടിക്കലും പോലീസ് പിടിക്കലുമൊക്കെ മദ്യപാനജീവിതത്തിൽ സാധാരണമാണ്. ഭാര്യയുള്ളപ്പോ ആദ്യമായാണടിച്ചത്. അവന്മാർ ഊതിച്ചാൽ ഇവളെന്ത് വിചാരിക്കും.. എന്നോർത്ത് വക്കീലിന്റെ ഉള്ളുകാളി.
കാർ നിർത്തിയതും ഇറങ്ങാൻ പോലും സമ്മതിക്കാതെ പോലീസ് പഴയകാല മൊബൈൽ പോലത്തെ ഒരു സാധനമെടുത്ത് നീട്ടി ഊതാൻ പറഞ്ഞു. എത്ര മെല്ലെ ഊതിയിട്ടും പോലീസിന്റെ മെഷിൻ ഒച്ചയുണ്ടാക്കാനും വക്കീലിന്റെ നെഞ്ചിലെ മെഷീൻ പടപടാന്ന് അടിക്കാനും തുടങ്ങി.
“ഞാൻ കഴിച്ചിട്ടില്ല.. ഈ മെഷിൻ കമ്പ്ലയിന്റായിരിക്കും.. ഞാനൊരു വക്കീലാ.. നിങ്ങളെ പണി ഞാൻ തെറിപ്പിക്കും.. ഇത് കേടാണ്...” വക്കീൽ പിടിച്ച് നിൽക്കാൻ അവരോട് ചൂടായി.
“സാർ.. ഇത് കേടൊന്നുമല്ല.. “
“ഹേയ്.. അല്ലാണ്ട് ഇങ്ങനെ വെരാൻ സാധ്യതയില്ല...”
“എന്നാ വൈഫിനെക്കൊണ്ട് ഊതിക്കട്ടെ സാർ...”
“ഓ ആയ്ക്കോട്ടെ...” രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ വക്കീൽ.
ഭാര്യ ഊതിയതും ഫയർ എഞ്ചിന്റെ സൌണ്ടിൽ വിസിലടിക്കാൻ തുടങ്ങി...
ദയനീയമായി വൈഫിനെ നോക്കി വക്കീൽ പറഞ്ഞു..
“യൂ റ്റൂ... ബീനാ.....”

സ്പെഷൽ..!

താലികെട്ടാൻ പെണ്ണും ചെക്കനും എത്തുന്നതിന് മുൻപേ തന്നെ സദ്യ നടക്കുന്ന ഹാളിന്റെ മുന്നിൽ ജനക്കൂട്ടം തമ്പടിച്ചിരുന്നു. വാതിൽ തുറന്നതും ബണ്ട് പൊട്ടിയത് പോലെ തള്ളിക്കയറിയ വയറുകൾക്കിടയിലൂടെ ലോകമഹായുദ്ധം കഴിഞ്ഞാണ് രമേശൻ ഒരു സീറ്റ് ഒപ്പിച്ചെടുത്തത്. ആസനം വെക്കാനുള്ള ആക്രാന്തത്തിന്നിടയിൽ ഒരു കസേരക്ക് രണ്ട് അവകാശികളൊക്കെ സംഭവിക്കുന്നുണ്ടായിരുന്നു. സീറ്റ് കിട്ടിയവരൊക്കെ ‘എന്തിനാപ്പാ ഇവരൊക്കെ ഇങ്ങനെ ഉന്തിക്കേറി വരുന്നത്.. ഡീസന്റായിക്കൂടേ..’ എന്ന് പറഞ്ഞ് മാന്യതയുടെ വക്താക്കളായി. കിട്ടാത്തവർ ഫോണെടുത്ത് അർജന്റ് കോൾ വിളിച്ച് ചമ്മൽ മറച്ചു.
വിളമ്പുകാർ വെണ്ടയ്ക്ക് വളമിടുന്നത് പോലെ ഓരോ ഇലകളിൽ ഐറ്റംസ് നിക്ഷേപിച്ച് കൊണ്ട് തങ്ങളുടെ പണികൾ ചെയ്ത് പോയ്ക്കൊണ്ടിരുന്നു. വായിലെ വെള്ളം മറക്കാൻ ഒരു കഷണം കായവറവ് എടുത്ത് ചവച്ച് കൊണ്ടിരിക്കുമ്പോഴാണ് രമേശൻ തന്റെ പഴയൊരു പരിചയക്കാരൻ മസിൽ പിടിച്ച് വിളമ്പുകാരനായി വരുന്നത് കണ്ടത്.

“എടാ.. ബിജൂ നീ എങ്ങനെയാടാ ഇവിടെ...”
“രമേശാ.. ഞാൻ പെണ്ണിന്റെ അയലോക്കക്കാരനാടാ.. നീയോ..”
“ഞാൻ ചെക്കന്റെ കേറോപ്പിൽ വന്നതാ... നിനക്ക് സുഖമല്ലേ..“
“അതേടാ..”
“ഞാനിത് വിളമ്പിയിട്ട് വരട്ടെ പിന്നെ കാണാം കേട്ടോ..”
അത് പറഞ്ഞ് ബിജു അതിനകം പിന്നിലായിപ്പോയ തന്റെ റോൾ നിർവ്വഹിക്കാനായി നീങ്ങി. അപ്പോൾ രമേശൻ പറഞ്ഞു.
“അല്ല, ബിജൂ ഇപ്രത്ത് വിളമ്പിയ കൂമ്പ് വറവ്
നീ എനിക്ക് വിളമ്പിയിട്ടില്ല കേട്ടോ...”
രമേശന്റെ അപ്പുറത്തെ ഇല നോക്കിയ ബിജു ഒരു ഇന്റർനാഷണൽ ഞെട്ടൽ ഞെട്ടി. എന്നിട്ട് പതുക്ക രമേശനോട് പറഞ്ഞു.
“എടാ മിണ്ടണ്ടാ.. അത് എന്റെ വായിൽ നിന്ന് തെറിച്ച് പോയ ഹൻസാ..”

കനത്ത പോളിങ്ങ്

നടിമാരുടെ കണ്ണീർ കൊണ്ട് ടി.വി. വരെ നനഞ്ഞ് പോകുന്ന ആ സന്ധ്യാ നേരത്താണ് ചിട്ടിക്കമ്പനി മാനേജർ ഭാഗ്യനാഥന്റെയും മെഡിക്കൽ കോളേജിലെ നഴ്സ് റീനയുടെയും കുടുംബത്തിൽ കണ്ണീർച്ചാലുകൾ ഒഴുകിയത്. എല്ലാവരുടെയും അംഗീകാരവും അസൂയയും ഏറ്റുവാങ്ങിയ ആ മാതൃകാ കുടുംബം അന്ന് വേർപിരിയാനുള്ള തീരുമാനത്തിൽ എത്തി, അല്ല എത്തിപ്പെടുകയായിരുന്നു. ഭാഗ്യനാഥന്റെ കൂടെ ബൈക്കിൽ വന്ന ഒരു സുന്ദരിയായിരുന്നു കാരണം. വാതിൽ തുറന്നതും പുറത്ത് ഭർത്താവിന്റെ കൂടെ അപരിചിതയായൊരു സുന്ദരി പുറപ്പെട്ട് വന്നത് പോലെ ലഗേജുമായി നിൽക്കുന്നത് കണ്ടപ്പോൾ റീനയിൽ പണ്ട് താൻ കൈയ്യോടെ പിടിച്ച പല കേസുകെട്ടുകളുടെയും സംശയങ്ങൾ കനലുകളായെരിഞ്ഞു. അതിന്റെ ഷോക്കിൽ അവളിൽ നിന്നും വിലാപങ്ങളുതിർന്നു.
“നിങ്ങളിത്രക്ക് മോശമാണെന്ന് ഞാനറിഞ്ഞില്ല, ഞാനുള്ള സമയത്ത് ഒരുത്തീനെ കൂട്ടി വന്നെങ്കിൽ എനക്ക് നൈറ്റുള്ളപ്പോ നിങ്ങളെന്തെല്ലാം ചെയ്തിറ്റ്ണ്ടാകും.. ഇതല്ലേ എപ്പോം കമ്പ്യൂട്ടറിന്റെ മുന്നില് നിക്കുന്നത്.. ബാക്കി സമയം ഫോൺ വിളിയും.. ഞാനട്ത്ത് വരുമ്പം ഓഫാക്കും.. നിങ്ങളെ പല കളിയും ഞാൻ പിടിച്ചതല്ലേ.. മെയിലയക്കലും.. വാട്സാപ്പും...എനിക്കെല്ലാമറിയാം.. എന്റെ കഷ്ടകാലത്തിനാ ഞാനീ കല്യാണത്തിന് സമ്മതിച്ചേ.. വേണ്ടാ വേണ്ടാന്ന് വീട്ടുകാരെല്ലാം എത്ര പറഞ്ഞതാ... എന്റെ വിധി ഗുരുവായൂരപ്പാ..”
“ നീ ഒച്ചയാക്കല്ല റീനേ.. ആൾക്കാർ കേക്കും..”
“കേക്കട്ട് എല്ലാരും കേക്കട്ട്, നാട്ടുകാരും ബന്ധുക്കളും എല്ലാമറിയട്ട്.. വൃത്തികെട്ടവൻ.. നാണമില്ലാത്തോൻ.. എന്റെ വീട്ടില് പറ്റൂല ഇതൊന്നും.. ഞാനും പൈസ തന്നിറ്റ്ണ്ടാക്കിയ വീടല്ലേ ഇത്.. പോയ്ക്കോ.. ഓളൊപ്പരം പോയ്ക്കോ..“
“നീ എന്നെ പറയാൻ വിട്..”
“വേണ്ടാ നിങ്ങളൊന്നും പറയണ്ട... ഞാനും മോനുമല്ലേ നിങ്ങക്ക് ശല്യം.. വാ മോനേ.. നമ്മക്ക് ചാകാം... നമ്മളിപ്പോ കെരണ്ടിലു തുള്ളിച്ചത്ത് തരാം.. പിന്നെ ആരിക്കൊപ്പരെങ്കിലും നിന്നോ..”
“നീ മോന്റെ കൈ വിട്.. ഞാൻ പറയുന്നത് കേക്ക്..”
“ഇല്ലാ.. എനിക്കൊന്നും കേക്കണ്ടാ... ഞാനിപ്പം ചാകും...”
“എടീ.. ഇത് എന്റെ ഓഫീസിലു പണ്ട് വർക്ക് ചെയ്ത കുട്ടിയാ...”
“ആയ്ക്കോട്ടേ.. അപ്പം ഇത്ര കാലം നിങ്ങളിവളെ മനസ്സിലു കൊണ്ട് നടക്ക്വാരുന്നല്ലേ.. അപ്പം പണ്ട് ഫോൺ വന്നത് ഏതോളെയാ..”
“എടീ.. ഇവൾ നമ്മളെ സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാടീ... അവിടെ താമസ സൌകര്യമില്ലാത്തോണ്ട് ഇങ്ങോട്ട് കൂട്ടിയതാ..”
..............
“അയ്യോ.. എന്നാ നേരത്തെ പറഞ്ഞൂടേ..”
“പറയാൻ നീ വിട്ടിറ്റ് വേണ്ടേ... ഫോൺ വിളിച്ചപ്പം എടുത്തുമില്ല..”
“സോറീ... കേട്ടോ.. ഞാൻ.. ഒന്നും ബിജാരിക്കല്ലേ ഇവളേ..”
ഇടികൊണ്ട തെങ്ങ് പോലെ നിൽക്കുന്ന വിരുന്നുകാരി പെൺകുട്ടി പറഞ്ഞു..
“വോട്ടെടുപ്പിനു മുൻപേ കനത്ത പോളിങ്ങായിപ്പോയീ ചേച്ചീ...”