Sunday, May 23, 2010

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മഞ്ഞചുരിദാറണിഞ്ഞ ഒരു സുന്ദരിയുമായി ഊട്ടി തടാകത്തിലൂടെ ബോട്ടിങ്ങ് നടത്തുകയായിരുന്നു ഞാന്‍‌. നല്ല തണുപ്പുണ്ടായിരുന്നു. കാറ്റടിച്ചപ്പോള്‍ അവളുടെ ഷാമ്പൂ വാഷ്ഡ് മുടിയിഴകളെന്റെ മുഖത്തൂടെ തഴുകി നീങ്ങി. അത് കോതിയൊതുക്കി നാണത്തോടെ അവളെന്നെ നോക്കി. ഞാനവളുടെ മുല്ലമൊട്ട് പോലത്തെ മൂക്കില്‍ പിടിക്കാന്‍ കൈകള്‍ നീട്ടി. അപ്പോഴാണ്‌ ഒരു ശബ്ദം. ഡും ഡും..

ഞാന്‍ തിരിഞ്ഞ് നോക്കി. എവിടുന്നാണീ ശബ്ദം.. മുറ്റത്ത് മൈനയൊന്നുമില്ലല്ലോ.. നോ ഐഡിയ. അതാ വാതില്‍ കുലുങ്ങുന്നു. ഇതാരാ ഊട്ടി തടാകത്തില്‍ ഡോര്‍ ഫിറ്റ്‌ ചെയ്തത്...? അയ്യോ ഇത് ഊട്ടിയല്ലല്ലോ, എന്റെ മുറിയാണ്..!

നാശം പിടിക്കാന്‍..! അമ്മയാണ്‌. ജീവിതത്തിലെ ആദ്യ ഹണിമൂണ്‍ നശിപ്പിച്ചു. തുടയുടെ ഇടയില്‍ ഫിക്സഡ് ഇട്ട (7 % ഇന്ററെസ്റ്റ് ആണേ..) കൈകളെടുത്ത് പുതപ്പ് വലിച്ച് മാറ്റി ക്ലോക്കിലേക്ക് നോക്കി. അയ്യോ.. ഏഴ് മണിയായി. ഏഴേ പതിനഞ്ചിനാണ്‌ പാസഞ്ചറിന്റെ റൈറ്റ് ടൈം. അത് കിട്ടിയില്ലെങ്കില്‍ ഓഫീസിലെത്താന്‍ വൈകും.

പട്ടാളക്കാരന്‍ പവിയുടെ പാര്‍ട്ടിയുണ്ടായിരുന്നു ഇന്നലെ. ഹാര്‍പിക് പോലത്തെ ഒരു സാധനം. ഓസിന്‌ കിട്ടിയാല്‍ മൂസ ഗ്രീസും കുടിക്കും എന്നാണല്ലോ ബനാന ടോക്ക്. വലിച്ച് കുടിച്ചു. കുടിക്കാന്‍ കഴിയാത്തത് വായിലാക്കി തുപ്പിക്കളഞ്ഞു. വഴിയില്‍ ഒന്ന്‌ രണ്ട് തവണ രാജാപാര്‍ട്ട് കെട്ടി, വാളു വീശിയ ശേഷം ഒരു വിധം വീട്ടിലെത്തി മുറിയില്‍ കയറി കുറ്റിയിട്ടത് ഓര്‍മ്മയുണ്ട്. പിന്നെ പരിധിക്ക് പുറത്തായി. രാവിലത്തെ ഹണിമൂണിന്റെയിടയില്‍ അമ്മ വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ്‌ ബോധം വീണത്.

മാനേജറുടെ വീര്‍ത്ത മോന്ത ഓര്‍ത്ത് ബാത്ത്‌റൂമിലേക്ക്‌ ഓടി. ഒരു വിധത്തില്‍ മുട്ടു ശാന്തി പോലെ സംഗതികളൊക്കെ ചെയ്തു. പുറത്ത് നിന്ന് ആദി താളത്തില്‍ അമ്മയുടെ വെടിക്കെട്ടും. ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് മൂക്കില്‍ പല്ല്‌ മുളച്ച ഒരു ബാച്ചിലറോട് അമ്മയ്ക്കൊക്കെ എന്തു വേണേലും പറയാമല്ലോ. കല്യാണം കഴിഞ്ഞ് ഒരു പെണ്ണിവിടെ കാലു കുത്തട്ടെ, കാണിച്ച് തരാം. എങ്ങനെയൊക്കെയോ പാന്റും ഷര്‍ട്ടും വാരി വലിച്ചുടുത്ത് പുറത്തിറങ്ങി. പുറത്ത് ഒരു മരുന്ന് ശീട്ടുമായി അമ്മ കാത്ത് നില്‍ക്കുന്നുണ്ട്. "വരുമ്പോ ഈ മരുന്നുകളെല്ലാം വാങ്ങണം.." അതും വാങ്ങി സ്റ്റേഷനിലേക്ക് ഓടി. ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ഓടി എത്തിയപ്പോഴേക്കും വണ്ടി മൂവായിക്കഴിഞ്ഞിരുന്നു. വണ്ടിയിലുള്ള കിങ്കരന്‍മാര്‍ ആര്‍പ്പ്‌ വിളിതുടങ്ങി. “കുയോ കുയോ ആ.. ആ.. ആ.. വാ..മോനേ.. വാ വാ…” അപ്പഴേക്കും വണ്ടിയുടെ സ്പീഡ് കൂടി. അവന്‍മാരുമായി വണ്ടി കടന്ന്‌ കളഞ്ഞു. പശ്ചാത്തല സംഗീതമായി ആ കുരങ്ങന്മാരുടെ ആര്‍പ്പ്‌വിളിയും.. “കുയോ… കുയോ…” തീവണ്ടി ഒരു തരത്തില്‍ പറഞ്ഞാല്‍ തെണ്ടിയാണ്. നമ്മള്‍ നേരത്തെ വന്നാല്‍ മൂപ്പര്‍ ലേറ്റാവും. നമ്മള്‍ ലേറ്റായാല്‍ മൂപ്പര്‍ കൃത്യ സമയത്ത്‌ വരും. സ്മാര്‍ട്ട് ബോയ്‌! ഇനിയിപ്പോ ഏതെങ്കിലും ബസ്സിന്‌ പോകുകയേ രക്ഷയുള്ളു. ഞാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് നീങ്ങി.


നമ്മുടെ നാട് അണ്‍ലിമിറ്റഡ് ആണല്ലോ, സോ ലിമിറ്റഡ്‌ സ്റ്റോപ്പ് ബസ്സ്‌ സാധാരണ ഞങ്ങളുടെ നാട്ടില്‍ നിര്‍ത്താറില്ല. അഥവാ നിര്‍ത്തിയാല്‍ തന്നെ ഒന്നുകില്‍ സ്റ്റോപ്പിന്ന്‌ അര കിലോമീറ്റര്‍ അപ്പുറം അല്ലങ്കില്‍ ഇപ്പുറം. ‍ നമ്മള്‍ ഓടി എത്തുമ്പോഴേക്കും ബസ്സ്‌ റ്റാറ്റാ എന്നു മാത്രമല്ല, ബിര്‍ല അംബാനി എന്നു കൂടി പറഞ്ഞു കഴിഞ്ഞിരിക്കും. ഇതൊരു നാടന്‍ ഗെയിം ആയി ഞങ്ങള്‍ കുറെക്കാലമായി അംഗീകരിച്ചു പോരുന്നു. പക്ഷേ ഗപ്പൊന്നും ഇല്ല. സ്ഥിരമായി ലിമിറ്റഡ് ബസ്സിന്ന്‌ പോകുന്നവനെ കണ്ടാലറിയാം. നല്ല കട്ട കട്ടയാ ബോഡി.


സാരിചുറ്റിയ ഒരു രൂപമെങ്കിലും കൈകാണിച്ചാലേ സാധാരണ ബസ്സ് നിര്‍ത്തൂ. ബസ്സ്റ്റോപ്പിലാണെങ്കില്‍‍ വേറെ ആരും ഇല്ല. ഇന്നത്തെകാര്യം കട്ടപ്പൊക തന്നെ. അകലെ നിന്നൊരു ബസ്സ് കൊടുങ്കാറ്റ്‌ പോലെ പറന്ന് വരുന്നുണ്ട്. രണ്ടും കല്‍പിച്ച്‌ ഞാന്‍ റോഡിന്റെ നടുവിലേക്ക് നീങ്ങി നിന്നു. മുഖം കൊണ്ടും കൈകള്‍ കൊണ്ടും നവരസങ്ങള്‍ ആവാഹിച്ച് കാണിച്ചു. സംഗതി ഏറ്റു. സ്റ്റോപ്പിന്ന് കുറച്ച്‌ മുന്നോട്ടായി ബസ്സ്‌ നിന്നു. ഞാന്‍ പറന്ന്‌ ബസ്സിന്റെ മുന്‍ ഡോറിലൂടെ അകത്തേക്ക് ലാന്‍ഡ് ആയി. ബസ്സില്‍ വലിയ തിരക്കൊന്നുമില്ല. സീറ്റിങ്ങ് യാത്രക്കാരേയുള്ളു. ഫ്രന്റ്‌ ഡോറിന്ന്‌ പിന്നിലായി രണ്ടാമത്തെ വരിയില്‍ ഒരു സീറ്റ് ഒഴിവുണ്ട്. ഞാന്‍ വേഗം സീറ്റിലേക്ക് ചാടിവീണു. ചാടി വീഴേണ്ട തിരക്കൊന്നും ഇല്ല. പക്ഷേ എല്ലാറ്റിനോടും ഒരു ആക്രാന്തം നമ്മളുടെ കൂടപ്പിറപ്പായിപ്പോയില്ലേ. .

തൊട്ടടുത്തുള്ള സീറ്റില്‍ ഒരു കിഴവന്‍ ചാരിക്കിടന്നുറങ്ങുന്നു. കുറച്ച് ദൂരം പോകേണ്ടതല്ലേ ഒരു ആശ്വാസത്തിനായി ഞാന്‍ ‍വലത് ഭാഗത്തിരിക്കുന്ന സ്ത്രീ പക്ഷം നോക്കി. ഹോ.. നിലവിളക്ക് കത്തിച്ച്‌, മുകളില്‍ CFL ഫിറ്റ്‌ ചെയ്തതു പോലത്തെ ഒരു മാന്‍ മിഴിയാള്‍. നെറ്റിയില്‍ മഞ്ഞള്‍ വരയും ചന്ദനനിറത്തിലുള്ള ചൂരിദാറും. രാവിലെ ഹണിമൂണിന്‌ കൂടെയുണ്ടായ അതേ ഹീറോയിന്‍! ഞാന്‍ ഒന്നുകൂടി ഇടംകണ്ണിട്ട് ആ സുന്ദരിയെ നോക്കി. എന്തൊരത്ഭുതം..! അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു..!

അങ്ങനെ ഒരു അബദ്ധം ഇന്നേ വരെ പെണ്ണായ് പിറന്നവള്‍ക്കൊന്നും തോന്നിയിട്ടില്ലല്ലോ. എന്നോടായിരിക്കില്ല. ഞാന്‍ അരികിലിരിക്കുന്ന കിളവനെ നോക്കി. ടിയാന്‍ നല്ല ഉറക്കമാ. തിരിഞ്ഞും മറിഞ്ഞും സഹയാത്രികരെ നോക്കി. അവരില്‍ ആരോടെങ്കിലുമാണോ ചിരിച്ചത്‌? ‌പക്ഷേ അവരൊക്കേ ഏതോ ലോകത്താണ്‌. അപ്പോള്‍ ചിരിച്ചത് എന്നോട് തന്നെയാണ്‌!! എന്റെ ശ്വാസഗതി കൂടി, നെഞ്ചത്ത് പഞ്ചവാദ്യം തുടങ്ങി. തിരിച്ച്‌ ചിരിക്കാത്തത്‌ മോശമായിപ്പോയി. എന്നെപറ്റി ആ കുട്ടി എന്തു കരുതിയിരിക്കും..! ഞാന്‍‍ മസില്‍ കുറച്ച്‌ അവളെ നോക്കി ചിരിച്ചു. പക്ഷേ അത്‌ ഒരു മാതിരി പക്ഷാഘാതം വന്ന്‌ മോന്ത കോച്ചിപ്പോയത് പോലെയായിരുന്നു. ഞാനവളെ ഒന്നൂടെ നോക്കി. അവളപ്പോഴും ചിരിക്കുന്നുണ്ട്. ആശ്വാസമായി പിണക്കമൊന്നും ഇല്ലല്ലൊ.

ഞാന്‍ അവളുടെ മുഖം ‌സേര്‍ച്ച്‌‌ ചെയ്തു നോക്കി. സ്ക്കൂളില്‍ വെച്ചോ കോളേജില്‍ വെച്ചോ ബസ് സ്റ്റോപ്പിലോ, എത് ഡയറക്ടറിയില്‍ വെച്ചായിരുന്നു പരിചയം? പക്ഷേ "വെരി സോറി ഡാ.. സേര്‍ച്ച് ഐറ്റം നോട്ട് ഫൌണ്ട്.." മുജ്ജന്മത്തിലെവിടെയോ ആയിരിക്കും ഈ അപ്സരസിനെ കണ്ടത്. എന്തായാലും ഇന്ന്‌ വണ്ടി കിട്ടാത്തത് നന്നായി. കരിയോയില്‍ പൊലത്തെ റമ്മിനും അത് ഒഴിച്ച് തന്ന പവിക്കും ഇന്ത്യന്‍ റെയില്‍‌വേക്കും താങ്ക്‌സ്. തല പെന്റുലം കണക്കെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ട് ഞാന്‍ അവളെ തന്നെ നോക്കി. അവളും എന്നെ നോക്കി ചിരിച്ച്‌ കൊണ്ടിരുന്നു. അവളുടെ രണ്ട് കൈകളിലും ഒരുപാട് മന്ത്രചരടുകള്‍ കെട്ടിയിട്ടുണ്ട്. അമ്മയാണെന്ന്‌ തോന്നുന്നു കൂടെയുള്ളത്. അവര്‍ മകളുടെ ഒരു കൈ മുറുകേ പിടിച്ച് പാതി മയക്കത്തിലാണ്‌. പാവം അമ്മ. പ്രായപൂര്‍ത്തിയായ മകളെകുറിച്ചുള്ള ആധികൊണ്ടായിരിക്കും കൈനിറയെ ചരട് കെട്ടിയത്. അമ്മേ.. അമ്മ പേടിക്കേണ്ട നിങ്ങളുടെ മകള്‍ക്ക് ഞാനുണ്ട്. ഇവള്‍ എന്റെ പെണ്ണാണ്‌. എനിക്ക് ഉച്ചത്തില്‍ വിളിച്ച്‌ പറയാന്‍‍ തോന്നി.

ഞാന്‍ കൈകള്‍ കൊണ്ട്‌ ചില ആംഗ്യങ്ങളൊക്കെ കാട്ടി. അവളപ്പോഴും പുഞ്ചിരിച്ചു. ഹോ.. നീ എന്നെ കൊല്ലല്ലേ പൊന്നേ.. ഞാന്‍ അപ്പൂപ്പന്‍ താടിപോലെ മേലോട്ട് പൊങ്ങിപോയി. സ്വപ്നം മാത്രം കണ്ടത് കൊണ്ട് കാര്യമില്ലല്ലോ. സ്ഥലമെത്തിയാല്‍ അവള്‍ ഇറങ്ങിപ്പോവും. അതിനു മുമ്പ് അവളുമായി ഒരു കമ്യൂണിക്കേഷന്‍ മീഡിയ ഉണ്ടാക്കി വെക്കണം. ബീ പ്രാക്ടിക്കല്‍.. ക്വിക്ക്. പോക്കറ്റില്‍ വല്ല കടലാസ്സുമുണ്ടോ എന്ന്‌ നോക്കി. ഒന്നുമില്ല. ആകെയുള്ളത് അമ്മ മരുന്ന് വാങ്ങാന്‍ തന്ന ശീട്ടാണ്. മരുന്നൊക്കെ പിന്നെയും വാങ്ങാം. ഇവളെ പിന്നെ കിട്ടില്ലല്ലോ. അതിന്റെ പിറകില്‍ എന്റെ മൊബൈല്‍ നമ്പരെഴുതി തിരിഞ്ഞും മറഞ്ഞും നോക്കി ആരും കാണാതെ വിറച്ച് വിറച്ച് അതവളുടെ മടിയിലേക്കിട്ടു.

യാതൊരു ഭാവപകര്‍ച്ചയുമില്ലാതെ എന്തോ ഒരു അത്ഭുതവസ്തു കിട്ടിയത് പോലെ അവള്‍ ആ കടലാസ്‌ തിരിച്ചും മറിച്ചും നോക്കിയ ശേഷം വായിലേക്കിട്ട് ആട്‌ പ്ലാവില ചവക്കുന്നത് ചവച്ചു. ഓ, നമ്പര്‍ ബൈഹാര്‍ട്ടാക്കി വേറെ ആരും കാണാതിരിക്കാന്‍ അത് നശിപ്പിക്കുകയാണല്ലേ. എന്തൊരു ബുദ്ധി..! എന്തൊരു ബുദ്ധി..! എനിക്കവളെയോര്‍ത്ത് അഭിമാനം തോന്നി. ഇവള്‍ തന്നെ എന്റെ ഭാവി വധു. ഞാന്‍ ഉറപ്പിച്ചു. പെട്ടെന്ന് അവളെന്നെ തറപ്പിച്ച് നോക്കി ഒറ്റ തുപ്പല്‍..! മുഖം മുഴുവന്‍ പേപ്പര്‍ തുപ്പല്‍ സ്പ്രേയുമായി ഞാന്‍ അന്തം വിട്ട് നിന്നു. എനിക്കൊന്നും മനസ്സിലായില്ല. എന്തോ പന്തികേട് ഫീല്‍ ചെയ്തു. മുങ്ങിക്കോ എന്ന് തലയിലൊരു മെസേജ് കിട്ടി. പക്ഷേ അതിനു മുമ്പ് അവള്‍ എഴുന്നേറ്റ്‌ ‌എന്റെ ഷര്‍ട്ടില്‍ കയറിപ്പിടിച്ച് അലറി. "നീ ആണോടാ അരുണ്‍..? പട്ടീ.. ചതിയാ.. *$*!X**@*..."

അപ്പോഴേക്കും കം‌പ്ലീറ്റ് കൈവിട്ട് പോയിരുന്നു. പിന്നില്‍ നിന്ന് കുറച്ച് കുണ്ടന്മാര്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെന്ന വണ്ണം മുന്നിലേക്ക് ഓടിവന്നു. സര്‍ക്കിളിട്ട ആദ്യാക്ഷര പടത്തിന്റെ ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അടുത്ത ഷോ തുടങ്ങുന്നത് വരെ പോസ്റ്ററും നോക്കി നില്‍ക്കുന്നവരൊക്കെ ഇങ്ങനത്തെ കാര്യത്തില്‍ ഭയങ്കര സദാചാരക്കാരാവുമല്ലോ. ഇതിനും മാത്രമെന്ത് പുണ്യമാ ഈ പെണ്ണുങ്ങളൊക്കെ ചെയ്തിരിക്കുന്നത് എന്റെ ആണ്‍ ദൈവങ്ങളെ.. ഇത്ര നേരവും ഈ ലോകത്തേയല്ല എന്നത് പോലെ ഇരുന്നവരാ. എന്തൊരു ശുഷ്കാന്തിയാണിപ്പോള്‍. കുടക്കമ്പി പോലത്തെ എന്നെ അവരു ഈസിയായി കൈകാര്യം ചെയ്യാന്‍ തുടങ്ങി. ബോഡി വെയ്റ്റ് കംപ്ലീറ്റ് പോയി. ചെവിയിലൂടെ തീവണ്ടി പോകുന്നു. കണ്ണില്‍ നിന്ന് പൊന്നീച്ചകള്‍ പറക്കുന്നു. ഇത്രയേറേ പൊന്നീച്ചകള്‍ എന്റെ കണ്ണില്‍ ഉണ്ടായിരുന്നോ. “അവനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്ക്‌.. ബസ്സ്‌ നിര്‍ത്തൂ.. ബസ്സ്‌ നിര്‍ത്തൂ.. ഞരമ്പ്‌ രോഗിയായിരിക്കും..” ബസ്സില്‍ നിന്നും മുറവിളി, ആക്രോശം, കൂട്ടച്ചിരി. ബസ്സ് സഡന്‍ ബ്രേക്കിട്ട് നിന്നു. പെട്ടെന്ന് അവളുടെ അമ്മ ചാടിവീണ്‌ അവളെ പിടിച്ച് മാറ്റി പറഞ്ഞു. “അയ്യോ സുഖമില്ലാത്ത കുട്ടിയാ.. അയാളെ ഒന്നും ചെയ്യല്ലേ…”

അത് കേട്ടപാടേ എന്റെ ബോഡി റീബില്‍‌ഡിങ്ങ് ചെയ്ത് കൊണ്ടിരുന്നവര്‍ ഞണ്ട് മാളത്തിലേക്ക്‌ വലിയുന്നത് പോലെ പിന്നിലേക്ക് വലിഞ്ഞു. ഞാന്‍ എങ്ങനെയൊക്കെയോ എഴുന്നേറ്റ്‌ പുറത്തേക്ക്‌ ചാടി. ബസ്സ് എന്നെ കടന്ന് പോയി. പിറകിലിരിക്കുന്ന ആരൊക്കെയോ കൂവിയോ.. ഏയ് തോന്നിയതായിരിക്കും. കീറിയ കുപ്പായവുമായി പ്രാഞ്ചി പ്രാഞ്ചി നാട്ടിലേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു. ചക്കപ്പശയില്‍പ്പെട്ട ഈച്ചയെപ്പോലെ എന്ത് കൊണ്ടാ നരന്മാരിങ്ങനെ നാരികളില്‍ ആകൃഷ്ടരാവുന്നത്..!

Sunday, May 16, 2010

ക്ലീനര്‍ കുഞ്ഞിമോന്‍

പാദാരവിന്ദങ്ങളില്‍ നിന്ന് കേശാരവിന്ദം വരെ കൃത്യം അഞ്ചടി ഉയരം. തറവാട്ടില്‍ പിറന്ന കള്ളിമുള്ള്‌ ചെടി പോലും അസൂയയോടെ നോക്കുന്ന കുറ്റിമുടി, സൈക്കിളിന്റെ ഡോം പോലത്തെ തല, വരിയില്‍ ക്യു നില്‍ക്കാതെ പുറത്തേക്ക് നോക്കുന്ന ഫ്രണ്ട് റോയിലെ പല്ലുകള്‍, മോണ കൂടി പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നിഷ്കളങ്കമായ ചിരി. അതാണ്‌ കുഞ്ഞിമോന്‍ അഥവാ സ്മാള്‍ സണ്‍. ചേലേരി അമ്പലം - കണ്ണൂര്‍ ആസ്പത്രി റൂട്ടിലോടുന്ന സജിത ബസ്സിലെ ക്ലീനര്‍. നാടന്‍ പണിക്ക് പോകുന്ന ഗോപാലാട്ടന്റേയും പാറു ഏച്ചിയുടെയും ഒരേയൊരു മകന്‍.

ബസ്സ് യാത്രക്കാര്‍ക്കെല്ലാം കുഞ്ഞിമോനെപറ്റി വളരെ നല്ല അഭിപ്രായമാണ്‌. എവിടെ നിന്നും ആരു കൈ കാണിച്ചാലും കുഞ്ഞിമോന്‍ മണി മുട്ടി ബസ്സ് നിര്‍ത്തിക്കൊടുക്കും. ബസ്സ് ജീവനക്കാരുടെ മുഖമുദ്രയായ നാരീ-നീരു കേസുകെട്ടിലും, വേണ്ടാത്ത കൂട്ടുകെട്ടുകളിലും കുഞ്ഞിമോന്‌ ഇന്ററസ്റ്റുണ്ടായിരുന്നില്ല. ബസ്സ് ഇറങ്ങിയാല്‍ വീട്, വീട് ഇറങ്ങിയാല്‍ ബസ്സ്… അത് മാത്രമുള്ള മാതൃകാ ജീവിതം. കുഞ്ഞിമോന്റെ ഫാന്‍സായി കോളേജ് കുമാരികള്‍ മുതല്‍ എല്‍കെ.ജി. കുഞ്ഞിങ്ങള്‍ വരെയുണ്ട്. ഡ്രൈവര്‍ കമ്മാരേട്ടനേക്കാളും, കണ്ടക്റ്റര്‍ മുസ്തഫയേക്കാളും കുഞ്ഞിമോന്‍ ജനകീയനാണ്‌. അതു കൊണ്ട് എസ്.എം.എസ്സും കൂടുതലാണ്‌.

സ്കൂളില്‍ പഠിക്കുമ്പോള്‍ കുഞ്ഞുമോന്‍ ഒരു പബ്ലിക് കാരിയറായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ല എന്ന ഒരു കുറവ് മാത്രം. സ്കൂളിലെത്തിയാല്‍ ഉച്ചക്കഞ്ഞിയുടെ പ്രൊഡക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷനും കറന്റ്, വാട്ടര്‍, ഫോണ്‍ ബില്ലടക്കാനും, വീട്ടു സാധനങ്ങള്‍ വാങ്ങിപ്പിക്കാനും വരെ മാഷന്‍മാരും ടീച്ചര്‍മാരും കുഞ്ഞിമോനെ ഉപയോഗപ്പെടുത്തി. വീട്ടിലെത്തിയാല്‍ പശുവിനെ തീറ്റാനും കുളിപ്പിക്കാനും അയല്‍പക്കക്കാര്‍ക്ക് ഓരോരോ സഹായങ്ങള്‍ ചെയ്യാനുമുണ്ടാകും. എന്നാലും പ്രത്യേകിച്ച് റിട്ടേണ്‍സ് ഒന്നും പ്രതീക്ഷിക്കാതെ കുഞ്ഞിമോന്‍ അതൊക്കെ സസന്തോഷം ചെയ്തു കൊടുക്കുമായിരുന്നു. ഇതിന്റെയിടയില്‍ പഠിക്കല്‍ എന്നൊരു സംഭവത്തിന്‌ വലിയ പ്രസക്തിയില്ലല്ലോ.

ഇങ്ങനെയുള്ള പൊതുപ്രവര്‍ത്തകര്‍ എപ്പോഴും അക്കാഡമിക് കാര്യങ്ങളില്‍ പിന്നോട്ടായിരിക്കുമല്ലോ. നാച്വറലി, കുഞ്ഞുമോനും അങ്ങനെ തന്നെ. മൂന്ന് വര്‍ഷം ഒരു ക്ലാസ്സിലിരുന്നാല്‍ സീനിയോരിറ്റിയുള്ളത് കൊണ്ട് ഓട്ടമാറ്റിക്കായി അടുത്ത ക്ലാസ്സിലേക്ക് പാസ്സാകുമല്ലോ. അങ്ങനെ കുഞ്ഞിമോനും തട്ടിമുട്ടി ഓരോ ക്ലാസ്സുകള്‍ കടന്ന്‌ കൂടി. അക്കൊല്ലം തോറ്റ പിള്ളേര്‍ക്ക് വീട്ടില്‍ നിന്നും "കുഞ്ഞിമോന്‍ പോലും പാസ്സായി... എന്നിട്ടും നീ എന്താ പാസ്സാകാത്തേ..." എന്നു ചോദിച്ചായിരുന്നു അടി. കുഞ്ഞിമോന്‍ ആയിരുന്നു ബെഞ്ച്മാര്‍ക്ക് എന്ന് സാരം. ക്ലാസ്സില്‍ അപൂര്‍വ്വമായി ഹാജരായ ദിവസം മാഷന്‍മാര്‍ എന്തെങ്കിലും ചോദ്യം ചോദിച്ചാല്‍ തന്നെ യാതൊരു ഉത്തരവും കിട്ടില്ല. വെറുതെ എഴുന്നേറ്റ് നിന്ന് തന്റേ ട്രേഡ്മാര്ക്കായ ചിരി ചിരിക്കും. തല്ലിയാല്‍ അവര്‍ എന്നെ മൈന്‍ഡാക്കുന്നു എന്നതിനാല്‍ ഒന്നു കൂടി ഹാപ്പിയാകും. കുഞ്ഞിമോന്‍ പഠിപ്പ് നിര്‍ത്തി ബസ്സില്‍ ക്ലീനറായി കരിയര്‍ തുടങ്ങാന്‍ കാരണം ഏഴാം ക്ലാസ്സില്‍ മൂന്നാമതും തോറ്റത് കൊണ്ടായിരുന്നില്ല, അക്കൊല്ലത്തെ ഇലക്ഷന്‌ മാഷന്‍മാരുടെ കൂടെ വോട്ട് ചെയ്യേണ്ടി വന്നത് കൊണ്ടാണ്.

ബസ്സില്‍ കയറി മാസങ്ങള്‍ കൊണ്ട് തന്നെ കുഞ്ഞിമോന്‍ ജോലിയില്‍ എക്സ്പര്‍ട്ടായി. ജോലി കിട്ടി കാശൊക്കെ വന്നിട്ടും ഒട്ടും അഹങ്കാരമുണ്ടായിരുന്നില്ല വന്ന വഴി മറന്നതുമില്ല. ഡ്യൂട്ടി ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍ പഴയത് പോലെ പശുവിനെ തീറ്റാന്‍ പോകും, അയല്‍പക്കക്കാര്‍ക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കും. ടീച്ചര്‍മാരെയൊക്കെ എവിടെ വെച്ച് കണ്ടാലും നല്ല ബഹുമാനവും വളരെ പ്ലീസിങ്ങ് ആയ പെരുമാറ്റവുമായിരുന്നു. അത് അംബിക ടീച്ചര്‍ക്ക് നേരില്‍ ബോധ്യമായതാണ്‌. ഒന്നും കൂടെ ബോധ്യപ്പെടണം എന്ന് ഇനി യാതൊരുവിധ ആഗ്രഹവും ഇല്ല താനും. ടീച്ചര്‍മാരെ ഇങ്ങനെ റെസ്പെക്റ്റ് ചെയ്ത ഒരു ശിഷ്യന്‍ ലോക വിദ്യാഭ്യാസ ബഹുമാന ചരിത്രത്തില്‍ ആദ്യത്തേതായിരിക്കും.

ഒരു ദിവസം ടീച്ചര്‍ സ്കൂള്‌ വിട്ട് കുഞ്ഞിമോന്റെ വീട്ടിന്നടുത്തുള്ള വയലിലൂടെ നടന്ന് പോകുകയായിരുന്നു. ഒരു ലുങ്കി മാത്രമുടുത്ത് പശുവിനെ തീറ്റുകയായിരുന്നു കുഞ്ഞിമോന്‍. ടീച്ചറെ കണ്ടയുടനെ കുഞ്ഞിമോന്‍ തിരക്കിട്ട് ലുങ്കിയുടെ മാടിക്കെട്ടഴിച്ചു. അത്രയ്ക്ക് ധൃതി കൂട്ടണ്ടായിരുന്നു. കാരണം, വലിച്ച് താഴ്ത്തുമ്പോള്‍ ലുങ്കി മൊത്തം അഴിഞ്ഞ് പോയി. മൈക്കലാഞ്ചലോയുടെ ദാവീദിന്റെ കറക്റ്റ് പോസ്സായിരുന്നു അത്. സംഗതികള്‍ മൊത്തം പുറത്തായത് അറിയാതെ അവന്‍ ടീച്ചറുടെ മുഖത്ത് നോക്കി നിഷ്കളങ്കമായി ചിരിച്ചു. അപൂര്‍വ്വ രീതിയിലുള്ള ബഹുമാനിക്കലിന്റെ ഫലമായി വെളിച്ചം കണ്ട ചെരിവില്ലാത്ത പേഴ്സന്റേജ് ചിഹ്നം കണ്ട് അംബിക ടീച്ചര്‍ പൊട്ടിച്ചിരിച്ച് ഓടിപ്പോയി.

ബസ്സ് യാത്രക്കാര്‍ക്ക് സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്ത് സഹായിക്കുക, പെണ്ണുങ്ങളുടെയും വയസ്സായവരുടെയും സ്ഥിരം മണ്ഡലത്തില്‍ അതിക്രമിച്ച് ഇരിക്കുന്നവരെ അനുനയിപ്പിച്ച് എഴുന്നേല്‍പ്പിക്കുക, എല്ലാവരേയും ഏട്ടാ, എന്നു വിളിച്ച് നന്നായി പെരുമാറുക അങ്ങിനെ കുഞ്ഞിമോന്‍ ചേലേരിയിലൊരു സ്റ്റാര്‍ ആയി വിലസുമ്പോഴാണ്‌ നാട്ടുകാരു തന്നെ അവനെ എടുത്തിട്ട് പെരുമാറിയത്. അതുമൊരു നല്ല കാര്യം ചെയ്തതിന്‌…!

അല്ലെങ്കിലും ചെറിയൊരു തെറ്റ് കാണുമ്പോള്‍ ചിലര് പഴയതെല്ലാം മറക്കുമല്ലൊ. അത് വരെ കുഞ്ഞിമോന്‍ ചെ യ്ത് കൊടുത്ത എല്ലാ ഉപകാരവും അവരൊക്കെ തത്ക്ഷണം മറന്നു. ലോകത്തിലെ എല്ലാ മാനനഷ്ടങ്ങള്‍ക്കും പിന്നിലെ ചുമരിലൊരു പെണ്ണിന്റെ ഫോട്ടം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടാകുമല്ലോ. അത് പോലെ കുഞ്ഞിമോന്റെ മാനം കളയാനായി ഒരു തരുണി കൈക്കുഞ്ഞുമായി ഒരു ദിവസം ബസ്സില്‍ കയറി. ഉച്ച കഴിഞ്ഞ സമയം ആയതിനാല്‍ ബസ്സില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. വെളുത്ത് തുടുത്ത് നല്ല സൌന്ദര്യമുള്ളൊരു യുവതിയായിരുന്നു അത്. സീറ്റിലിരുന്നു കുറച്ച് കഴിഞ്ഞയുടനെ അവളുടെ കുഞ്ഞ് അമ്മിഞ്ഞയ്ക്കായി കരയാന്‍ തുടങ്ങി. ഒരു രക്ഷയുമില്ലാഞ്ഞ് അവള്‍ സാരി കൊണ്ട് മറച്ച് പിടിച്ച് ബ്ലൌസ്സ് തുറന്ന്‌ കുഞ്ഞിന്‌ മുല കൊടുക്കാന്‍ തുടങ്ങി. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി കുടി തുടങ്ങി.

കുറച്ച് കഴിഞ്ഞപ്പോള്‍ ക്ഷീണം കൊണ്ടോ എന്തോ അവളും കുഞ്ഞും എങ്ങനെയോ ഉറങ്ങിപ്പോയി. കാറ്റടിച്ച് സാരി നീങ്ങി നെഞ്ചിലെ സിങ്കിള്‍ പീസ് പുറത്തായി. അവനവന്റെ അമ്മയും പെങ്ങളുമല്ലാത്തതിനാല്‍ യാത്രക്കാരായ കലാസ്വാദകര്‍ അതിലിത്തിരി ടെംപറേച്ചര്‍ കണ്ടെത്തി. അവരെല്ലാം മസില്‍ പിടിച്ച് ഡീസന്റാണെന്ന ഭാവേന പാര്‍ട്സ് ഓഫ് പീസിലേക്ക് കാക്കനോട്ടം നോക്കി.

ഈ പോക്ക് പോയാല്‍ ബസ്സില്‍ നിന്നും ആരും ഇറങ്ങില്ലെന്ന്‌ മനസ്സിലാക്കിയ കുഞ്ഞിമോന്‍ അവരുടെ അടുത്ത് പോയി ബേബീസ് ഡോള്‍ ഔട്ട് ആയ കാര്യം പറയാനൊരുങ്ങി. വിളിക്കാനൊരുങ്ങിയപ്പോള്‍ അവന്‍ കണ്‍ഫ്യൂഷ നിലായി. അവരോടെന്താണ്‌ പറയുക,.? അത് മാത്രല്ല, വിളിച്ചാല്‍ അവരുടെ ഉറക്കം തടസ്സപ്പെടുകയും ചെയ്യുമല്ലോ. വെറുതെ ആ പാവത്തിനെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി അവന്‍ ആ സിങ്കിള്‍ പീസ് കൈ കൊണ്ടെടുത്ത് ബ്ലൌസ്സിനുള്ളിലേക്ക് കയറ്റി വെച്ചു. പഴുത്ത പപ്പായ കൊട്ടയില്‍ എടുത്ത് വെക്കുന്നത് പോലെ ഫുള്‍ കെയര്‍ഫുള്‍..!

ഇന്നത്തെ കാലത്ത് ആര്‍ക്കും ഒരു നല്ല കാര്യവും ചെയ്യരുതെന്ന്‌ കുഞ്ഞിമോനറിയില്ലല്ലോ. അവളുടെ നിലവിളി കേട്ടപ്പോള്‍ യാത്രക്കാര്‍ കുഞ്ഞിമോന്റെ മേത്ത് കൊലവിളി നടത്തി പുറം ചെണ്ടപ്പുറമാക്കി. പെണ്ണുങ്ങളുടെ കണ്ണ്‌ നനഞ്ഞാല്‍ ചൊവ്വയില്‍ നിന്നു വരെ ആളെത്തുമല്ലോ. ഉപകാരിയായ ഒരു ക്ലീനറെ രക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.

അല്ലെങ്കിലും ചില നാട്ടുകാരിങ്ങനെയാ. താങ്ക് ലെസ്സ് പീപ്പിള്‍സ്..!


--------

കുമാര സംഭവങ്ങള്‍ എവിടെ കിട്ടുമെന്ന് പലരും മെയില്‍ ചെയ്തിരുന്നു. അതു കൊണ്ട് ആ വിവരം ഒരിക്കല്‍ കൂടി താഴെ കൊടുക്കുന്നു.

മാതൃഭൂമി ബുക്സിന്റെ താഴെ കൊടുത്തിരിക്കുന്ന എല്ലാ ഷോറൂമുകളിലും പുസ്തകം ലഭിക്കുന്നതാണ്‌.

യു.എ.ഇ.യില്‍ വില്‍പ്പനയ്ക്ക് സഹായിക്കുന്നവര്‍ :
സജീവ് ഏടത്താടന്‍ (വിശാല മനസ്കന്‍) ഫോണ്‍ : 050 5449024
ലതീഷ് (ലഡുകുട്ടന്) ഫോണ്‍ : 971-554431001
എറക്കാടന്‍ ഫോണ്‍ : 97155 7030886


Wednesday, May 5, 2010

കുമാരസംഭവങ്ങള്‍ പുസ്തക രൂപത്തില്‍

പ്രിയ സുഹൃത്തുക്കളെ,

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ബ്ലോഗില്‍ ഞാനെഴുതിയ കഥകളില്‍ നിന്നും തിരഞ്ഞെടുത്തവ കുമാരസംഭവങ്ങള്‍ എന്ന പേരില്‍ പുസ്തകമായി ഇറങ്ങിയ വിവരം എല്ലാവരെയും അറിയിക്കുന്നു. പയ്യന്നൂരിലെ ഡിസംബര്‍ പബ്ലിഷേഴ്സാണ്‌ പ്രസാധകര്‍. നിങ്ങള്‍ ഓരോരുത്തരും തന്ന പ്രോത്സാഹനങ്ങളും അനുഗ്രഹങ്ങളുമാണ്‌ ഒരിക്കലും ഒരു കഥ പോലുമെഴുതാത്ത എന്നെ പ്രിന്റ് മീഡിയയിലും എത്തിച്ചതെന്ന്‌ നന്ദിയോടെ ഓര്‍മ്മിക്കട്ടെ.

ബ്ലോഗ് എന്ന മാധ്യമത്തിന്റെ ഭാഗമാവുക എന്നതില്‍ കവിഞ്ഞ് യാതൊരു ഉദ്ദേശവുമില്ലാതെ സുഹൃത്തുക്കളോട് ഒരു തമാശ പറയുന്നത് പോലെ എഴുതിയിട്ടവയാണ്‌ ഇവയെല്ലാം. നാട്ടിലേയും ആഫീസിലേയും സുഹൃദ് സംഭാഷണങ്ങളില്‍ നിന്നും പഴയ ഓര്‍മ്മകളില്‍ നിന്നും, അനുഭവത്തില്‍ നിന്നും അടിച്ച് മാറ്റി ഭാവന ചേര്‍ത്ത് എഴുതിയതാണ്‌ മിക്ക കഥകളും. ലോകത്തിന്റെ അറിയാ കോണുകളില്‍ ഉന്നതസ്ഥാനീയരായി കഴിയുന്ന നിങ്ങളെ രസിപ്പിച്ചു എന്നത് തന്നെ വലിയ സന്തോഷം.

കണ്ണൂരില്‍ ലൈബ്രറി കൌണ്‍സിലിന്റെ പുസ്തക പ്രദര്‍ശനം നടക്കുന്നതിനാല്‍ പെട്ടെന്നാണ്‌ പുസ്തകം ഇറക്കാന്‍ തീരുമാനിച്ചത്. കഥകള്‍ തിരഞ്ഞെടുക്കാനും, യൂനിക്കോഡ് ഐ.എസ്.എമ്മിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാനും ഡിസൈനിങ്ങിനുമായി ഒരു ദിവസമേ വേണ്ടി വന്നുള്ളു. ഒരാഴ്ച പ്രിന്റിങ്ങിനും. ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരു പുസ്തകം ഇറങ്ങുന്നത് അപൂര്‍വ്വമായിരിക്കും. അവതാരികയോ പ്രകാശനമോ ഈ ചെറിയ സംരംഭത്തിന് ഇല്ല.

പുസ്തക സാക്ഷാത്കരണത്തില്‍ നന്ദി പറഞ്ഞാല്‍ തീരാത്തത്ര പേരുകളുണ്ട്. എങ്കിലും ചിലവ പറയാതിരിക്കാനാവില്ല തന്നെ. പുസ്തകമാക്കി ഇറക്കണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ച ബായെന്‍, ചിത്രകാരന്‍, വിശാലമനസ്കന്‍ എന്നീ ബ്ലോഗര്‍മാരോടും യുവ ചെറുകഥാകൃത്ത് വി.സുരേഷ് കുമാര്‍, എം.കെ.സുരേഷ് ബാബു, പുസ്തകം ഡിസൈന്‍ ചെയ്ത പി.പി.രാജീവന്‍ എന്നിവരോടും, എന്നെ പോലൊരു തുടക്കക്കാരന്റെ പുസ്‌തകം ഏറ്റെടുത്ത ഡിസംബര്‍ പബ്ലിഷേഴ്‌സിലെ ശ്രീ ജയദേവന്‍ കരിവെള്ളൂരിനുമുള്ള നന്ദി അറിയിക്കട്ടെ. ചിത്രങ്ങള്‍ വരച്ച് തന്ന കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനും, മാതൃഭൂമിയിലെ കെ.വി.എം.ഉണ്ണിക്കും, ചോമ്പാലയിലെ ചാം രാജീവിനും കൂടാതെ പുസ്തകം ഗള്‍ഫില്‍ വില്‍ക്കാന്‍ സഹായിച്ച വിശാലമനസ്കന്‍ സജീവേട്ടന്‍, പുസ്തകം അവിടെ എത്തിക്കാന്‍ മാത്രം (സത്യായിറ്റും) ലീവെടുത്ത് നാട്ടില്‍ വന്ന ലഡുക്കുട്ടന്, പി.ഡി,എറക്കാടന്‍ കൂടാതെ മാതൃഭൂമി ബുക്സിലെ സെയില്‍‌സ് മാനേജര്‍ ഷിജു ഫിലിപ്പിനും എന്റെ അഗാധമായ നന്ദിയും കടപ്പാടും അറിയിക്കട്ടെ.

മലയാളം ബ്ലോഗിങ്ങിനെ മറ്റു ഭാഷകളില്‍ നിന്നും ബഹുദൂരം മുന്നിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച ആദ്യകാല പ്രവര്‍ത്തകര്‍ക്കും ബ്ലോഗര്‍മാര്‍ക്കും, അതിനെ മലയാള സാഹിത്യത്തിന്റെ പൂമുഖത്തിരുത്തിയ വിശാലമനസ്കനും, കുമാരസംഭവങ്ങളെ പരിചയപ്പെടുത്തി പോസ്റ്റുകളിട്ട ചിത്രകാരന്‍, എറക്കാടന്‍ എന്നിവരോടും, കമന്റുകള്‍ വഴിയും മെയില്‍ വഴിയും ഫോണിലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി.

പുസ്തകം ഇതിനകം വാങ്ങിയ എല്ലാ സുഹൃത്തുക്കള്‍ക്കും, പ്രത്യേകിച്ച് ബ്ലോഗര്‍മാരായ ആഷ്‌ലി, മിനി ടീച്ചര്‍, സജിത്ത്, ശ്രീശോഭിന്‍, മനോരാജ്, നന്ദകുമാര്‍, കൊട്ടോട്ടിക്കാരന്‍, നാടകക്കാരന്‍, ശാന്ത കാവുമ്പായി, ഹാരൂണ്‍ക്ക, സ്മിത, കൂടാതെ രസികന്‍ ടിപ്പുകളും ഹെഡ്ഡിങ്ങുകളും തന്ന് സഹായിച്ച് കൊണ്ടിരിക്കുന്ന പ്രതിഭാധനരായ ബ്ലോഗ് സുഹൃത്തുക്കും‍, ഒരിക്കലും എഴുതാന്‍ കഴിയാത്ത അനേകം കഥകള്‍ വാരി വിതറി സ്വപ്നം പോലെ കടന്നു പോയ സാന്ദ്രക്കും.... നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഈ എളിയ സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി...

ബ്ലോഗ് തുടങ്ങിയ കാലം മുതലും പുസ്തക രൂപാന്തരത്തിനും എന്നെ പിന്തുണച്ച പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രിയ സുഹൃത്തിന്‌ ഒരായിരം നന്ദി...

വായനയുടെ വസന്തവും അക്ഷര മുത്തുകളും തന്നനുഗ്രഹിച്ച യന്ത്ര സരസ്വതിക്ക് പ്രണാമങ്ങളര്‍പ്പിക്കുന്നതോടൊപ്പം ബ്ലോഗിലെ അനേകായിരം സുമനസ്സുകള്‍ക്കും, ചേലേരിയിലെ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍ക്കുമായി കുമാരസംഭവങ്ങള്‍ സമര്‍പ്പിക്കുന്നു.

എല്ലാവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്,

കുമാരന്‍.
kumarmbi@gmail.com


മാതൃഭൂമി ബുക്സിന്റെ താഴെ കൊടുത്തിരിക്കുന്ന എല്ലാ ഷോറൂമുകളിലും പുസ്തകം ലഭിക്കുന്നതാണ്‌.


ഓൺലൈനിൽ വാങ്ങാൻ :
http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=7533

യു.എ.ഇ.യില്‍ വില്‍പ്പനയ്ക്ക്  സഹായിക്കുന്നവര്‍ :
സജീവ് ഏടത്താടന്‍ (വിശാല മനസ്കന്‍) ഫോണ്‍ : 050 5449024
ലതീഷ് (ലഡുകുട്ടന്) ഫോണ്‍ : 971-554431001
എറക്കാടന്‍ ഫോണ്‍ : 97155 7030886