Monday, May 30, 2011

തോരാ മഴയത്ത് ഒരു കുട്ടി...

ലീല ഇളയമ്മയുടെ മകൾ വിദ്യയുടെ കല്യാണത്തിനാണ് ഞാൻ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊളച്ചേരിയിലേക്ക് പോയത്. പണ്ട് ലീവ് ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും ഇവിടെ തന്നെയായിരുന്നു. ആ നാട്ടുകാരുമായിട്ട് പോലും അടുത്ത പരിചയവുമായിരുന്നു. അവിടെ നടക്കുന്ന എന്ത് പരിപാടിക്കും ചടങ്ങുകളിലും ആഘോഷത്തിലും സജീവമായിരുന്നു. വിദ്യയുടെ കല്യാണമായത് കൊണ്ട് വരാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഈ നാട്ടിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പറ്റുമെങ്കിൽ കല്യാണത്തിന് നിൽക്കാതെ അധികം ആരെയും കാണാതെ പെട്ടെന്ന് പോകാം എന്ന് കരുതി പത്ത് മണിയായപ്പോൾ തന്നെ അവിടെയെത്തി.

പന്തലിന്റെ മുന്നിൽ തന്നെ നിൽക്കുന്ന വീഡിയോക്കാരന്റെ ഇരയാവാതിരിക്കാൻ പറ്റിയില്ല. ഒരു വിധം അതിൽ നിന്നും രക്ഷപ്പെട്ട് ഇറയത്തേക്ക് കയറിയപ്പോൾ “ആരാ ഇത്…” എന്ന ആശ്ചര്യചിഹ്നവുമായി വിജേഷ് ഓടി വന്നു. വിദ്യയുടെ ചേട്ടനാണ്. എന്റെ അതേ പ്രായം. “എത്രയായെടാ കണ്ടിട്ട്…!” അവൻ എന്റെ വരവ് പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ആവേശം കണ്ട് പന്തലിൽ അവിടവിടായിരിക്കുന്ന ആളുകളൊക്കെ നോക്കുന്നുണ്ട്. അവൻ കൈ പിടിച്ച് അമ്മേ അമ്മേ.. എന്നും പറഞ്ഞ് അകത്തേക്ക് വലിച്ച് കൊണ്ടുപോയി. ഇളയമ്മ കുറേ പെണ്ണുങ്ങളുടെ നടുവിലാണ്. കണ്ടയുടനെ “എത്ര നാളായി കണ്ടിട്ട്.. അമ്മക്കിപ്പോ എങ്ങനെയുണ്ട്...“ എന്നിങ്ങനെ കൈ വിടാതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി. കുറച്ച് സമയം അതെല്ലാം കേട്ടിരുന്നു. പിന്നെ വിദ്യ എവിടെ എന്ന് ചോദിച്ച് താൽ‌പ്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

വിദ്യ നല്ല സുന്ദരിക്കുട്ടിയായി മാറിയിരുന്നു. ജീവിതത്തിലെ അനവദ്യ നിമിഷത്തിന്റെ സുവർണ്ണരേണുക്കളിൽ അധിക ലാവണ്യവതി. കണ്ടയുടനെ “ഏട്ടാ…” എന്ന് വിളിച്ച് ഓടി വന്നു. പണ്ട് ഈ വീട്ടിലും പറമ്പിലുമായി എത്രയോ നാൾ ഞങ്ങൾ ഒന്നിച്ച് കളിച്ചു നടന്നിരുന്നു. വിജേഷിനേക്കാളും എന്നെയായിരുന്നു അവൾക്ക് കാര്യം. അമ്മ തന്നയച്ച ചെറിയ വള അൽ‌പ്പം നിന്ദ്യാബോധത്തോടെ കൊടുത്തപ്പോൾ അതിടാനായി കൈയ്യിലെ കനകഭാരത്തിൽ നിന്നും അവൾ ചിലത് ഊരിമാറ്റി. ഇത്ര നാളും കാണാത്തതിന്റെ പരിഭവം പറയാൻ തുടങ്ങവെ വീഡിയോക്കാരൻ അതിക്രമിച്ചെത്തി. നല്ല ചൂടെടുക്കുന്നെന്ന് പറഞ്ഞ് അകത്തെ ബഹളത്തിൽ നിന്നുമിറങ്ങി.

മുറ്റത്തിന്റെ മൂലയ്ക്കിരുന്ന് വെറുതെ പത്രത്തിൽ തലയിട്ടു. അതൊരു മറയാണ്. വായിക്കുന്നതായിട്ട് ആളുകളേ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും ആലോചിച്ചിരിക്കാം. കുറച്ച് നേരം കൂട്ടണമല്ലോ ആരെയും കാണാനും മിണ്ടാനുമൊന്നും വയ്യ. ചിന്തകൾ പാറിപ്പറന്ന് പഴയ കാലത്തിലേക്ക് പോയി. ഇടക്കെപ്പോഴോ വിജേഷ് നീ ചായ കുടിച്ചോ എന്ന് ചോദിച്ചു. കുടിച്ചെന്നോ ഇല്ലെന്നോ എങ്ങനെയോ തലയാട്ടി.

കുട്ടിക്കാലം മുതൽ ഇടക്കിടക്ക് ഇവിടെ വരാറുണ്ടെങ്കിലും അതൊരു ശീലവും ഒഴിവാക്കാൻ പറ്റാത്തതുമാവാൻ കാരണം ഇന്ദുലേഖയായിരുന്നു. ഇന്ദുലേഖ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. ഇവിടന്നു രണ്ട് മൂന്ന് വീടിന്റപ്പുറത്താണ് അവളുടെ വീട്. അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. അച്ഛനാണെങ്കിൽ എപ്പോഴും തണ്ണിയടിച്ച് നടക്കുന്നൊരാൾ. അവളെ വളർത്തുന്നതും പഠിപ്പിക്കുന്നതുമൊക്കെ അമ്മാവനായിരുന്നു. പണ്ട് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന എന്റെ യാത്രകൾ സ്ഥിരമാകുന്നതിന്റെ കാരണം ഇന്ദുലേഖയാണെന്ന് ആദ്യം ഊഹിച്ചത് വിദ്യയായിരുന്നു. ഞങ്ങൾ മൂന്നുപേരും മാത്രമുണ്ടായിരുന്ന ഒരു ദിവസം അവളെന്റെ രഹസ്യത്തിന്റെ മറ വലിച്ച് നീക്കി എന്റെ ദുരുദ്ദേശം പുറത്താക്കി. അനുകൂല വാക്കിന്നായി ടെൻഷനടിച്ച് നിൽക്കേണ്ട സാഹചര്യം അതു ഒഴിവായിക്കിട്ടി. ശേഷം പ്രണയത്തിന്റെ സുദിനങ്ങളായിരുന്നു.

ആഗ്രഹ സാക്ഷാത്കാരത്തിനും സ്വന്തം കാലിൽ നിൽക്കാനും ഗൾഫ് മോഹങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പറമ്പിന്നതിരിലെ നിറമിഴികളിൽ നിന്നും ബലമായ് കണ്ണിനെ പറിച്ചെടുത്ത് കാത്തിരിക്കാമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ കനത്ത ബാധ്യതകളുമായി മസ്കറ്റിലേക്ക്. അതൊരു തട്ടിപ്പ് വിസയായിരുന്നു. എത്തിയത് കെട്ടിടം നിർമ്മിക്കുകയും പൊളിക്കുകയും ചെയ്യുന്നൊരു കൺ‌സ്ട്രക്ഷൻ ടീമിന്റെ കൂടെയായിരുന്നു. പോയ ഉടനെ വാരിയെടുത്ത് വരാമെന്ന് കരുതി കണ്ട സ്വപ്നങ്ങളുടെ കൂടെ മനസ്സും തകർന്നിരുന്നു. ലീവു പോലുമില്ലാതെ രാവു പകൽ കഠിനമായ ജോലിയും, അതിനു കൃത്യമായ വരുമാനവുമില്ല. ഫോൺ ചെയ്യാൻ കിലോമീറ്ററുകൾ പോകണം. നാട്ടിലേക്കും വീട്ടിലേക്കുമുള്ള വിളികൾ അപൂർവ്വമായിരുന്നു. ഇളയമ്മയുടെ വീട്ടിൽ വിളിച്ചപ്പോൾ ഒരിക്കൽ മാത്രം ഇന്ദുലേഖയെ കിട്ടിയിരുന്നു. പിന്നെ വിളിച്ചപ്പോഴൊന്നും അവളവിടെ ഇപ്പോ പോകാറില്ലെന്നാണറിഞ്ഞത്. ഏകദേശം ഒരു വർഷം ആയപ്പോൾ വിദ്യയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞത്. നാട്ടിൽ തന്നെയുള്ള സുധാകരൻ എന്നൊരാളുമായി ഇന്ദുലേഖ ഒളിച്ചോടി കല്യാണം കഴിച്ചു. അപ്രതീക്ഷിത നടുക്കത്തിൽ ജീവിതത്തോടുള്ള സകല താൽ‌പ്പര്യവും ഇല്ലാതായി. അതോടെ അവളേയും ആ നാട്ടിനെ തന്നെയും കഠിനമായി വെറുത്തു. പക്ഷേ രണ്ടു വർഷത്തിന് ശേഷം ഇന്ദുലേഖയുടെ മരണ വാർത്ത എന്നെ ഞെട്ടിച്ചു. കനലായ് നീറിപ്പുകഞ്ഞിരുന്ന പകയും വെറുപ്പും അതോടെ ഇല്ലാതായെങ്കിലും പത്ത് വർഷത്തിന്നിടയിൽ നാട്ടിൽ വന്നു പോയ ചുരുങ്ങിയ ദിവസങ്ങളിൽ ഒരിക്കലും ഇവിടേക്ക് മനപൂർവ്വം വന്നതേയില്ല.

“ഹലോ.. ഓർമ്മയുണ്ടോ..?” അടുത്ത് നിന്നൊരു കുശലാന്വേഷണം എന്നെയുണർത്തി. സുമോദാണ്. പണ്ടത്തെ ഗ്യാങ്ങിൽ പെട്ടൊരാൾ.

“ഹായ്.. എന്തൊക്കെയാ.. സുഖമല്ലേ.. എന്താ ചെയ്യുന്നേ..” എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഞാൻ കോപ്രറ്റീവ് ബാങ്കിലാ… സുഖം.. എവിടെയാ ഇപ്പോ..” അവൻ ചോദിച്ചു. അപ്പോഴേക്കും ആളുകൾ ധാരാളമായി വരാൻ തുടങ്ങിയിരിരുന്നു. ഞങ്ങൾ പുറത്തിറങ്ങി പറമ്പിലേക്ക് നീങ്ങിനിന്നു. സുമോദ് പോയി വെപ്പുകാരുടെ അടുത്ത് നിന്നും രണ്ട് കസേരകളെടുത്ത് കൊണ്ട് വന്നു. അവിടെയിരുന്നു കൊണ്ട് ഞങ്ങൾ പഴയ ചങ്ങാതിമാരെക്കുറിച്ച് സംസാരിച്ചു. സ്വാഭാവികമായും അത് ഇന്ദുലേഖയിലെത്തി.

സുധാകരന് ഒരു ചെറിയ പ്ലൈവുഡ് കമ്പനിയിൽ കണക്കെഴുത്തായിരുന്നു ജോലി. കല്യാണം കഴിഞ്ഞ ആദ്യ കാലത്ത് അവളുടെ അച്ഛനുമൊത്ത് ആ ചെറിയ വീട്ടിൽ കഴിഞ്ഞു. അവന്റെ വീട്ടുകാർ അവരോട് തീരെ അടുപ്പമില്ലായിരുന്നു. അവർക്കൊരു ആൺ‌കുട്ടിയുണ്ടായി. ആ കുട്ടിക്ക് ജനിച്ചതു മുതൽ മൂത്രാശയ സംബന്ധിയായ അസുഖങ്ങളായിരുന്നു. ഇടക്കിടക്ക് ഹോസ്പിറ്റലിൽ പോകണം അഡ്മിറ്റാകണം. ആകെ സാമ്പത്തിക ബുദ്ധിമുട്ടും വിഷമങ്ങളുമായി സുധാകരൻ കഷ്ടപ്പെടാൻ തുടങ്ങി. അതുമിതും പറഞ്ഞ് അവൻ അവളെ കലമ്പാൻ തുടങ്ങി. അവന്റെ സ്വഭാവത്തിലുള്ള മാറ്റം അവൾക്ക് സഹിക്കാൻ പറ്റിയതേയില്ല. ഒരിക്കൽ ചെക്കപ്പിന് പോയപ്പോൾ കൂടിയ ചെലവുള്ളൊരു ഓപ്പറേഷൻ ഉടനെ ചെയ്യണം എന്ന് പറഞ്ഞു. അന്ന് അവർ രണ്ടുപേരും നല്ലോണം വാക്കു തർക്കമുണ്ടായി. മോനെപ്പറ്റിയുള്ള സങ്കടവും വഴക്കിട്ടതിലുള്ള വിഷമവും അവളെ ആകെ തളർത്തിയിരുന്നു. വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ പ്രഷർ കുറഞ്ഞ് കറങ്ങി വീണപ്പോൾ എവിടെയോ തല ഇടിച്ച് മരിക്കുകയായിരുന്നു.

അവളുടെ ജീവിതം ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയാനൊട്ട് ശ്രമിച്ചതുമില്ല. പാവം എന്ന് മനസ്സുരുവിട്ടു. അവളുടെ നിഷ്കളങ്കസുന്ദര മുഖം ഓർത്തിരിക്കുമ്പോൾ റോഡിൽ ഒരു പുതിയ കാർ വന്നു നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരനും ഭാര്യയും ഏകദേശം നാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ഇറങ്ങി. അയാൾ കാർ പാർക്ക് ഡോർ അടച്ചെന്നൊക്കെ നോക്കി തൃപ്തി വരുത്തി കുട്ടിയുടെ കൈ പിടിച്ച് കല്യാണ വീട്ടിലേക്ക് കയറി. എവിടെയോ കണ്ട നല്ല ഓർമ്മ എന്ന് മനസ്സിൽ കരുതിയപ്പോൾ സുമോദ് “സുധാകരനാ…” എന്ന് പതുക്കെ പറഞ്ഞു.

“അവൻ വേറെ കല്യാണം കഴിച്ചോ…?”

“ഉം.. അവൾ മരിച്ച് ഒരു കൊല്ലം തികഞ്ഞില്ല.. അവന്റെ വീട്ടുകാരുമായി യോജിപ്പായി അവർ അവനൊരു സ്കൂളിൽ ജോലി ശരിയാക്കിക്കൊടുത്തു..”

“അത് അവളുടെ കുട്ടിയാണോ… ഇന്ദൂന്റെ…?” കൌതുകം ഉള്ളിലൊതുങ്ങിയില്ല.

“ഹേയ്.. അത് ആൺ കുട്ടിയല്ലേ.. അവന് ഇവളേക്കാളും വയസ്സുണ്ട്…”

അപ്പോഴേക്കും അവർ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്തൂടെ പന്തലിൽ നിന്നും പുറത്തേക്ക് വന്ന ആരോടോ സംസാരിക്കാൻ തുടങ്ങി.

“അല്ലാ മാഷേ കാർ വാങ്ങിയതിന്റെ ചെലവ് കിട്ടിയില്ല കേട്ടൊ…”

“അതൊക്കെ ചെയ്യാം മോഹനേട്ടാ… എപ്പോഴാ വേണ്ടേന്ന് പറഞ്ഞാ മതി..” സന്തോഷവും അഭിമാനവും നിറഞ്ഞിരുന്നു സുധാകരന്റെ ശബ്ദത്തിൽ.

“മോളെ ഇപ്രാവശ്യം ചേർക്കുന്നുണ്ടോ… നിങ്ങളെ സ്കൂളിലായിരിക്കൂലേ..” അയാൾ മകളുടെ താടിപിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്.. ഇവളെ മോണ്ടിസോറീലാ ചേർത്തെ.. എൽകേജീല്.. നമ്മള ഉസ്കൂളിലെ സ്തിതിയൊക്കെ നിങ്ങക്കറീലേ മോനേട്ടാ....”

അപ്പോൾ വിളറി വെളുത്ത് മെലിഞ്ഞൊരു ഒരു ആൺ‌കുട്ടി ഓടി വന്ന് സുധാകരന്റെ കൈ പിടിച്ചു. നിറം മങ്ങിയ കുപ്പായവും ട്രൌസറുമായിരുന്നു അവനിട്ടത്. കുറ്റി തലമുടി, കുഴിയിലാണ്ട കണ്ണുകൾ, ക്ഷീണിച്ച ശരീരം. സുധാകരൻ കൈ വിടുവിക്കാൻ ശ്രമിക്കെ അവൻ പറഞ്ഞു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”

അതു കണ്ടതും സുധാകരന്റെ ഭാര്യ മകളേയും വലിച്ച് ചവിട്ടിക്കുലുക്കി വീട്ടിലേക്ക് നടന്നു. സുധാകരൻ മുഖം കറുപ്പിച്ച് ഉം.. എന്ന് പറഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് മാറ്റി മുന്നോട്ടേക്ക് നടന്നു.

എനിക്കൊന്നും മനസ്സിലായില്ല അപ്പോൾ സുമോദ് പറഞ്ഞു. ഇന്ദുലേഖ മരിച്ചതിന് ശേഷം സുധാകരനെ അവന്റെ വീട്ടുകാർ മനം‌മാറ്റി തിരിച്ചു കൊണ്ടു പോയി. സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി കാശ് ചെലവാക്കരുതെന്ന് ആയിരുന്നു അവരുടെ സ്റ്റാൻ‌ഡ്. അമ്മ മരിച്ചും പോയി, അച്ഛനാണെങ്കിൽ തിരിഞ്ഞു നോക്കാറുമില്ല. നിർഭാഗ്യവാനായ ആ കുട്ടിയെ അവളുടെ അമ്മാവനാണ് നോക്കി വളർത്തുന്നത്. കൈക്കോട്ട് പണിക്കാരനായ അയാളുടെ വീട്ടിലെ സ്ഥിതിയും വളരെ മോശമാണ്. ഭാര്യയും മക്കളുടേയും കൂടെ സുഖമില്ലാത്ത ഇവനെയും നോക്കണം. ആ പാവം കുറേ സ്വത്തുക്കളുണ്ടായിരുന്നതൊക്കെ വിറ്റാണ് ഇവനെ ചികിത്സിക്കുന്നത്. എന്നാലും സ്വന്തം മക്കളെപ്പോലെ തന്നെ നോക്കുന്നുണ്ട്.

“വാ കല്യാണപാർട്ടി വന്നു…” ആരുടെയോ വാ‍ക്കുകൾ ചെവിയിൽ തട്ടി ഉള്ളിലൊതുങ്ങാതെ കടന്നു പോയി. ഒന്നും കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നില്ല. പ്രളയം വന്നെന്നെ മൂടിയിരുന്നു. ആർത്തിരമ്പുന്ന തിരമാലകളിൽ ഉള്ളും പുറവും പെയ്ത് കൊണ്ടിരുന്നു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….” ആ വാക്കുകൾ മനസ്സിൽ കീറിമുറിച്ച് പ്രതിദ്ധ്വനിച്ച് കൊണ്ടേയിരുന്നു.
എന്തെല്ലാമാണ് ചില ജന്മങ്ങൾക്ക് വേണ്ടി ഈശ്വരൻ ഒരുക്കി വെക്കുന്നത്? ഈ സ്വ സ്പന്ദനത്തെ തിരസ്കരിച്ചുകൊണ്ട് ഏത് സുഖത്തിനു പിറകിലാണ് അവന്റച്ഛന്റെ യാത്ര? ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?

പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, കൊടും പാപം ചെയ്ത് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.

ഉള്ളിൽ നിറയുന്ന കൊടുങ്കാറ്റിന്റെ അസഹ്യമായ ഇരമ്പലുകൾ സഹിക്കാനാവാതെ എവിടെയെങ്കിലും തല ഇടിച്ച് പിളർക്കാനായി ഞാൻ ഇറങ്ങിയോടി.