Monday, January 31, 2011

ആദ്യ മദ്യാനുരാഗം

പത്ത് കൊല്ലം മുൻ‌പ്, ഒരു ബോൺ‌സായി പെണ്ണ് ടാറ്റാ.. ബൈ ബൈ.. പറഞ്ഞ് പോയപ്പോൾ ഉത്ഭവിച്ച അതിഭീകരമായ ഫീലിങ്ങ്‌സിൽ നിന്നും രക്ഷപ്പെടാനാണ് ഞാൻ ആദ്യമായി ബിയർ കഴിച്ച് ലോകത്തിലെ കോടാനുകോടി മദ്യപാനികളിൽ എളിയ ഒരു മെം‌ബറായത്.

കൂട്ടിക്കൊണ്ട് പോയി വാങ്ങിത്തന്ന് കുടിക്കെടാ.. കുടിക്ക്.. എന്ന് പറഞ്ഞ് ഊട്ടിയൊഴിച്ച് തരാൻ സുഹൃത്തുക്കളൊന്നും ഒപ്പം ഉണ്ടായിരുന്നില്ല. പ്രണയം പോലെ മദ്യവും ഏകാന്തതയിലാണ് പൂർണ്ണമായി അനുഭവിക്കാൻ കഴിയുക എന്നാണെന്റെ വിശ്വാസം. പരിചയമുള്ളവർ ആരുമുണ്ടാവില്ലെന്ന പ്രതീക്ഷയിൽ, ഇനി അഥവാ ഉണ്ടെങ്കിലും ജീവിതത്തേക്കാൾ വലുതല്ലല്ലോ മാനം എന്ന പുതിയ കണ്ടുപിടുത്തത്തിൽ നിന്നു കിട്ടിയ ധൈര്യത്തിന്റെ സപ്പോർട്ടിൽ ഇടം വലം നോക്കാതെ കണ്ണിലാദ്യം കണ്ടൊരു ബാറിൽ കയറി. ഒരു ഉത്സവപ്പറമ്പ് പോലെ നിറയെ ആൾക്കൂട്ടം. പോയി ഒരു മൂലയ്ക്ക് കാലിയായി കിടന്നൊരു സീറ്റിലിരുന്നു. സപ്ലയർ വന്നപ്പോൾ ബീയറിന് ഓർഡർ കൊടുത്തു. അയാൾ കുറേ പേരുകൾ പറഞ്ഞു. അതിൽ കേട്ട് പരിചയമുണ്ടായിരുന്ന കല്യാണിയെ ഞാൻ സെലക്ട് ചെയ്തു. ഓർമ്മിക്കാൻ എളുപ്പവും നൊസ്റ്റാൾജിക്കുമായ ഇമ്മാതിരി പേരിട്ടതിന് മല്യമൊതലാളിയെ സമ്മതിക്കണം.

ബിയറും ഒരു പ്ലേറ്റിൽ അച്ചാറുമായി സപ്ലയർ തിരികെ വന്നു. അച്ചാർ എനിക്ക് ഒട്ടും ഇഷ്ടമല്ലാത്തതിനാൽ അത് മേശയുടെ മൂലയിലേക്ക് ഉന്തി. കള്ളി ഡിസൈനിലുള്ള ഗ്ലാസ്സ് പിസ ഗോപുരം പോലെ ചെരിച്ച് ബീയർ അതിലൊഴിച്ച് ആ നല്ല മനുഷ്യൻ പോയി. നരച്ച കളറിൽ നിറയെ പോറലുകൾ വീണ ബീയർ കുപ്പി കണ്ടപ്പോൾ മരിച്ച് സ്വർഗത്തിൽ പോയ എന്റെ അച്ഛമ്മയെ ഓർത്തു പോയി. വയസ്സായി മുടി നരച്ച് മേല് നിറയെ ചുളിവുകൾ വീണ അവരുടെ പേരും കല്യാണി എന്നായിരുന്നു.

അച്ഛമ്മയെ പെട്ടെന്ന് തന്നെ മറന്ന്, ഗ്ലാസ്സ് എടുത്ത് ഐസ്‌ക്രീം പോലത്തെ പത ഊതിയകറ്റി വിരൽ കൊണ്ട് മൂന്ന് തുള്ളി തെറിപ്പിച്ച് പറശ്ശിനി മുത്തപ്പന് വീത്ത് കൊടുത്ത ശേഷം ബീയറിനെ ഉമ്മ വെച്ചു. വിചാരിച്ചത് പോലെ കുടിക്കാൻ അത്ര ടേസ്റ്റുണ്ടായിരുന്നില്ല. നല്ല ചവർപ്പും, നാവും പല്ലും വേദനിപ്പിക്കുന്ന തണുപ്പും. പറ്റുന്ന കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ പിന്നെ റിവേഴ്സിടുന്ന പരിപാടിയില്ലാത്തതിനാൽ കണ്ണും നാവും പൂട്ടി ആഞ്ഞ് വലിച്ച് പകുതിയോളം തീർത്തു. മുള്ളാണി വിഴുങ്ങിയത് പോലെ തൊണ്ടയിലെന്തൊക്കെയോ കുത്തിപ്പറിച്ച് കടന്നു പോയി. വായും നാവുമൊക്കെ തരിച്ചു. ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ കുടിക്കുന്നവരെ സമ്മതിക്കണം. ചുറ്റുമുള്ള മേശകളിൽ എസ്റ്റാബ്ലിഷ്ഡായ കഴിവുള്ള കുടിയൻ‌മാർ ഇരുന്ന് കഥകൾ പറയുന്നു, പിന്നേം പിന്നേം ഒഴിച്ചൊഴിച്ച് കഴിക്കുന്നു, പുക വലിക്കുന്നു, ചെറിയ കാര്യങ്ങൾ വലുതാക്കി പറയുന്നു. ഒരു എൽ.പി.സ്കൂളിൽ പോയത് പോലെ ഫുൾ ബഹളം. ഇത്രയും സന്തോഷമുള്ള മുഖങ്ങൾ വേറൊരിടത്തും അത് വരെ കണ്ടിട്ടില്ല.

ചവർപ്പ് കാരണം ഒഴിവാക്കി പോയാലോ എന്ന് തോന്നിയെങ്കിലും ഡിഗ്രിക്ക് ഒരു പേപ്പർ എക്കണോമിക്സ് പഠിച്ചതിനാൽ ഒന്നൂടെ ട്രൈ ചെയ്യാമെന്ന് ഉറപ്പിച്ചു. ബാക്കി പകുതി കൂടി കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ വലിച്ച് കുടിച്ച് തീർത്ത് ഗ്ലാസ്സ് മേശയിൽ വെച്ചു. കുടിച്ചതും വയറിലുള്ളതെല്ലാം കൂടി റിട്ടേൺ വരുന്നത് പോലെ തോന്നി. വായിൽ കയ്പ്പും ചവർപ്പും. എന്തെങ്കിലും തിന്നണമെന്ന് ആഗ്രഹം തോന്നി. മൂലയിലേക്ക് മാറ്റിയ അച്ചാർ വിരലു കൊണ്ട് തൊട്ട് നാവിന്റെ സെന്റർ കോർട്ടിൽ വെച്ച് അകത്തേക്ക് വലിച്ചെടുത്ത് നാവ് കൊണ്ട് ‘ശ്… ടപ്പ്..’ എന്ന ഒച്ചയിട്ടു. അപ്പോൾ ആ ചവർപ്പൊക്കെ പോയി. രണ്ട് മൂന്ന് പ്രാവശ്യം കൂടി ചെയ്തപ്പോൾ നല്ല സുഖം തോന്നി. കൺപോളകൾ അടഞ്ഞ് ബോഡി വെയ്റ്റൊക്കെ കുറഞ്ഞു. ചുറ്റുമുള്ള ഒച്ചപ്പാടൊക്കെ ഇല്ലാതായി. അവിടെ എത്താൻ കാരണമായ വഞ്ചകിയുടെ മോന്തയും പേരും പോലും മറന്നു പോയി. വെറും ഒരൊറ്റ ഗ്ലാസ്സിൽ തീർക്കാവുന്ന പ്രശ്നത്തിനല്ലേ വെറുതെ ടെൻ‌ഷനടിച്ചതെന്നോർത്ത് എനിക്ക് കണ്ടമാനം ചമ്മലായിപ്പോയി. ഇത്രയും മാനസികോല്ലാസവും ധൈര്യവും കോൺഫിഡൻസും തരുന്ന സാധനം കണ്ട് പിടിച്ചവർക്ക് സ്തുതി, സ്തോത്രം, സമാധാനം…!

വളരെ ഈസിയായിട്ടാണ് കുപ്പിയിൽ ബാക്കിയുള്ള ഒന്നര ഗ്ലാസ്സ് തീർത്തതും അച്ചാർ പ്ലേറ്റ് കണ്ണാടി പോലെയാക്കിയതും. ഈ അച്ചാറൊക്കെ കണ്ടു പിടിച്ചയാളെ സമ്മതിക്കണം. നാവിൽ നവരസങ്ങളല്ലേ പൊട്ടി വിരിയുന്നത്. ഭക്ഷണത്തിന്റെയൊക്കെ രുചി ശരിയായി അറിയണമെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് കഴിക്കണം.
നാട്ടുകാരും വീട്ടുകാരുമറിഞ്ഞ് ഗംഭീരമായി വാളു വെച്ച് നടത്തേണ്ടിയിരുന്ന കള്ളുകുടി അങ്ങനെ ആരുമറിയാതെ തനിച്ച് ഉദ്ഘാടനം ചെയ്ത് തല പൊക്കിപ്പിടിച്ച് അഭിമാന പുളകിതനായി പുറത്തിറങ്ങി. ടൌൺ മുഴുവൻ വെർച്വൽ ടൂർ പോലെ എന്റെ രണ്ട് സൈഡിലൂടെയും ഒഴുകി നീങ്ങുന്നു. വിചാരിച്ചിടത്തേക്കല്ല, കാലുകൾ കൊണ്ട് പോകുന്നത്. മതിലിന്റെയോ കൈവരിയുടേയോ സഹായമില്ലാതെ നടക്കാൻ പറ്റുന്നില്ല. ഈ കോലത്തിൽ വീട്ടിലേക്ക് പോയാൽ അത് അവസാനത്തെ പോക്കായിരിക്കും. അതു കൊണ്ട് ഏതെങ്കിലും സിനിമക്ക് കയറി സമയം കളയാമെന്ന് വിചാരിച്ച് ഓട്ടോ പിടിച്ച് അങ്ങോട്ടേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ നാട്ടിലുള്ള രവിയും പുഷ്കരനും ക്യൂവിലുണ്ട്. പഹയൻ‌മാർക്ക് പിടി കൊടുക്കുന്നതിലും നല്ലത് ടി.വി.ചാനലിൽ ലൈവ് വരുന്നതാണ്. അവൻ‌മാർ കാ‍ണാതിരിക്കാൻ ക്യൂവിന്റെ പിറകിൽ മറഞ്ഞ് നിന്നു. ടിക്കറ്റെടുത്തയുടൻ രണ്ടും ടാക്കീസിലേക്ക് ഓടി. പടം തുടങ്ങാനൊന്നുമായിട്ടില്ല, എന്നാലും ആക്രാന്തം രണ്ടിന്റെയും കൂടെപ്പിറപ്പാണ്. ഞാൻ ടിക്കറ്റെടുത്ത് കയറി അവൻ‌മാർ കാണാതെ ആരുമില്ലാത്ത ഒരിടത്തിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ രണ്ട് സാമദ്രോഹികളും എന്തോ നിധി കണ്ടു പിടിച്ച മാതിരി ചിരിച്ച് കൊണ്ട് വന്ന് ഇടത്തും വലത്തുമായി വന്നിരുന്നു. ഇനി മാറാനും പറ്റില്ല. അത് കൊണ്ട് രണ്ടിന്റെയും കത്തി സഹിച്ചിരുന്നു.

ടാക്കീസിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. അലമ്പ് ആൾക്കാരും കച്ചറ ടീമും ഒച്ചപ്പാടുമൊന്നുമില്ല. ഡീസന്റായ ഫാമിലികളും മര്യാദക്കാരായ ആളുകളും മാത്രം. പടം തുടങ്ങിയ അൽ‌പ്പം കഴിഞ്ഞ് ചുരിദാറിട്ടൊരു യുവതിയും അവരുടെ ഭർത്താവാണെന്ന് ഡൌട്ടില്ലാതെ പറയാവുന്നൊരാളും രണ്ട് മക്കളും വന്ന് ഞങ്ങളുടെ മുന്നിലെ സീറ്റിലിരുന്നു.

ഒരു കുപ്പി ബിയറേ കഴിച്ചിരുന്നുള്ളൂ എങ്കിലും കന്നി മദ്യത്തിന്റെ ഇം‌പാക്റ്റ് വളരെ വലുതായിരുന്നു. അത്രയ്ക്കും സുഖം അതിന് മുൻപ് അനുഭവിച്ചിരുന്നില്ല. നിശബ്ദമായ എ.സി.തിയേറ്റർ, കമന്റും കൂക്കുവിളികളും അട്ടഹാസവുമില്ലാത്ത ഓഡിയൻസ്, തമാശകളുമായി കണ്ടിരിക്കാൻ പറ്റിയ ഒരു സിനിമ. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ സീറ്റിൽ ചാരിയിരുന്ന് കുത്തനെ വെച്ച് തരിച്ച കാലുകളെടുത്ത് മുന്നിലെ സീറ്റിൽ വെച്ചു. മുന്നിലിരിക്കുന്നവന്റെ ചുമലോളം കാൽ വെച്ച് ചാരിയിരുന്ന് സിനിമ കാണുന്നതാണ് പരമ്പരാഗതമായ ഫിലിം വ്യൂ പോയന്റ്.

അതു വരെ യാതൊരു കുഴപ്പവുമില്ലായിരുന്നു. നമ്മൾടെ ഉള്ളിലും വയറിലും ഫുൾ നിഷ്കളങ്കതയല്ലാതെ, ദൈവത്താണെ സത്യം യാതോരു വേണ്ടാതീനവും ഉണ്ടായിരുന്നില്ല. പക്ഷേ, എത്ര ഡീസന്റായാലും എന്തെങ്കിലും കിട്ടാൻ നമുക്ക് ഫിക്സ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിൽ അത് നമ്മക്ക് തന്നെ കിട്ടുമല്ലോ. ഒരു കോമഡി സീൻ കണ്ട് പൊട്ടിച്ചിരിച്ചപ്പോൾ കസേരയുടെ മിനുസം കാരണം കാലു വഴുതിപ്പോയി. നിലത്ത് വീണ് വേദനിക്കാതിരിക്കാൻ പെട്ടെന്ന് കാലമർത്തി. കസേരയുടെ ഗ്യാപ്പിന്റെ ഇടയിലെത്തി സേഫായി കാല് നിന്നു. ആ ഗ്യാപ്പ് വളരെ സോഫ്റ്റായിരുന്നു. ആ സോഫ്റ്റ് മുന്നിലെ ചുരിദാറിട്ട സുന്ദരിയുടെ ബാക്കുമായിരുന്നു. അപ്രതീക്ഷിതവും നിഷിദ്ധവുമായ സ്പർശനത്തിൽ അവൾ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി. ആ സ്പോട്ടിൽ പുകയായി മുകളിലേക്ക് പോയത് എന്റെ സ്വന്തം ആത്മാവായിരുന്നു.

“അളിയോ.. അളിയനാ പെണ്ണിനെ തോണ്ടി, അല്ലേ…!“ ക്ണാപ്പൻ പുഷ്കരന്റെ കമന്ററി കൂടിയായപ്പോൾ വയറിലെയും തൊണ്ടയിലെയും വെള്ളമൊക്കെ വറ്റിവരണ്ടു പോയി. ജീവിതത്തിൽ ആദ്യമായി ആ നിമിഷത്തിലായിരുന്നു ഭൂമി ജെ.സി.ബി.വെച്ച് തുരന്ന് താഴേക്ക് പോയെങ്കിലെന്നും ടാക്കീസ് ഇടിഞ്ഞ് പൊളിഞ്ഞ് വീണ് എല്ലാരും പണ്ടാരടങ്ങി പോട്ടേയെന്നും എനിക്ക് തോന്നിയത്..! പുളിവെള്ളമോ മോരോ കുടിക്കാതെ കുടിച്ചതെല്ലാം വാനിഷ്ഡായിപ്പോയി.

ഈയുലകത്തിലെ സകല കുഴപ്പങ്ങൾക്ക് പിറകിലും പെണ്ണുങ്ങളുണ്ടായിരിക്കുമെന്ന് പറയാറുണ്ടെകിലും, ഒരു സ്ത്രീയേയും സംശയത്തിന്റെ സ്പെയർ കൂടാതെ വിശ്വസിച്ച് സ്വയമർപ്പിച്ച് സ്നേഹിക്കരുതെന്ന് അനുഭവം പഠിപ്പിച്ചിട്ടുമുണ്ട് എന്നാലും,

അവാച്യവും അനർഗളവുമായ പ്രണയജ്വാലകളാൽ വിസ്മയിപ്പിക്കുന്നവളും, പൊൻ‌വിളക്കെന്നും സർവ്വംസഹയെന്നും മഹാലക്ഷ്മിയെന്നും, മൌനം കൊണ്ട് കീർത്തനം പാടുന്നവളെന്നും അക്ഷയ സ്നേഹത്തിന്റെ കേദാരമെന്നും വാഴ്ത്തപ്പെടുന്ന സ്ത്രീ ജന്മത്തിന്റെ പ്രതിനിധിയേ, അപ്രവചനീയവും, വിസ്മയകരവുമായ ഈ ലോകക്രമത്തിൽ എന്നെങ്കിലും ഒരിക്കൽ ഇത് വഴി വന്നാൽ…

നികൃഷ്ടനും നിന്ദ്യനും അസംസ്കൃതനും ഭൂമിയിലെ ചപല ജന്മങ്ങളിൽ ഒരുവനുമായ ഈ നിസ്വന്റെ ഹൃദയത്തിൽ നിന്നുള്ള അളവറ്റ കൃതജ്ഞതാ പുഷ്പങ്ങൾ..!

സ്ത്രീക്ക് മാത്രം സാധിക്കുന്ന അത്യപൂർവ്വവും അനിർവചനീയവുമായ ക്ഷമാസ്ഫുരണങ്ങളാൽ നീയന്ന് ജ്വലിപ്പിച്ചത് സ്വയം അണച്ചേക്കുമായിരുന്ന ഒരു ജീവനായിരുന്നു.

Wednesday, January 19, 2011

പുതിയോത്ര


ചേലേരിക്കാരുടെ ദേശീയോത്സവമാണ് കൊളച്ചേരിപ്പറമ്പ് ഉരക്കുഴിപ്പാറയിലെ പുതിയോത്ര. പുതിയ ഭവവതി തിറ മഹോത്സവം എന്നത് ഒതുക്കത്തിൽ ചുരുക്കിപ്പറയുന്നതാണ് പുതിയോത്ര. സാധാരണ അമ്പലങ്ങളെയോ കാവുകളെയോ പോലെ വലിയ കെട്ടിടങ്ങളോ ചുറ്റുമതിലുകളോ പ്രതിഷ്ഠയോ നിത്യ പൂജയോ ഒന്നുമില്ല. മേൽക്കൂരയില്ലാത്ത നാലു ചുവരുകളും മരയഴി ഇട്ട വാതിലും മുന്നിൽ കാട്ടുകല്ലുകൾ അടുക്കി വെച്ചൊരു തേക്കാത്ത തറയും മുറ്റത്ത് രണ്ട് ചെമ്പകമരങ്ങളും ഒരു ആൽ മരവുമുണ്ട്. അത്രമാത്രം.

ചേലേരി വയൽ കടന്ന് കനാലിന്റരികിലൂടെ കുത്തനെയുള്ള മൊട്ടക്കുന്ന് കയറിയാൽ പുതിയോത്ര കാവിലെത്താം. ചുറ്റും അണ്ടിത്തോട്ടവും പഴയ കൽ‌പ്പണകളും മാത്രമുള്ളൊരു കാട്ടുമൂലയിലാണ് കാവ്. മുന്നിലായി മഴക്കാലത്ത് മാത്രം കൃഷി ചെയ്യുന്ന ചെറിയൊരു വയലുണ്ട്. അതിന്റപ്പുറം കൊളച്ചേരിയാണ്. പുതിയോത്ര ഉത്സവമായാൽ കാവും പരിസരവും കാട്ടുചെടികൾ വെട്ടിക്കളഞ്ഞും ചെത്തിക്കോരിയും വൃത്തിയാക്കും. കണ്ടാൽ പേടിയാവുന്ന വിജനമായ ആ സഥലം കുരുത്തോലച്ചമയങ്ങളും, ട്യൂബ് ലൈറ്റും, ചന്തകളും, മൈക്ക് സെറ്റ് പാട്ടും, ആൾപ്പെരുമാറ്റവുമൊക്കെയായി പൊടുന്നനെ രൂപം മാറി കല്യാണ വീട് പോലെ സുന്ദരമായിത്തീരും. വായ്ക്കോട്ട് കൊണ്ട് ചെത്തിക്കോരിയ നിലത്തൊക്കെ ചെമ്പകപ്പൂക്കൾ വീണ് കിടപ്പുണ്ടാകും. സൂക്ഷിച്ച് നടന്നില്ലെങ്കിൽ പകുതി ചെത്തിയ കുറുന്തോട്ടി കാലിൽ തറിച്ചേക്കും. തെയ്യം കാണാൻ ദൂരെ ജോലി ചെയ്യുന്നവരും, ബന്ധുക്കളും, നാട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോയവരുമൊക്കെ തലേന്ന് തന്നെ എത്തും. അവർ ബസ്സിറങ്ങി വീടുകളിലേക്ക് പോകുമ്പോൾ ആളുകൾ “തെയ്യായിറ്റ് വെരുന്നതായിരിക്ക്വല്ലേ..?” എന്ന് ലോഹ്യം ചോദിക്കും.

“ആപ്പാ.. അതെ..” എന്ന് മറുപടിയും കേൾക്കും. തെയ്യമായി വരുന്നതല്ല, തെയ്യം ആയത് കൊണ്ട് അത് കാണാൻ വരുന്നതാണ്.

കുട്ടിക്കാലത്ത് കൃസ്തുമസിന് സ്കൂൾ പൂട്ടിയാൽപ്പിന്നെ പുതിയോത്രക്ക് ആവേശത്തോടെ കാത്തിരിക്കുമായിരുന്നു. നല്ല തണുപ്പുള്ള പുലർകാലത്ത് ചൂട്ടും കത്തിച്ച് മഞ്ഞ് വീണ പുൽനാമ്പുകളെ മുടിപ്പകുപ്പ് പോലെ വിഭജിക്കുന്ന ഒറ്റവഴിയിലൂടെ തണുത്ത് വിറച്ച് അമ്മയുടെയും അടുത്ത വീട്ടുകാരുടെയും കൂടെ പുതിയോത്രമൊട്ടയിലേക്ക് പോകും. അവിടെത്തിയാൽ തെയ്യം കാണാനൊന്നുമായിരുന്നില്ല തിരക്ക്. പുതിയോത്രക്ക് മാത്രമായി കെട്ടിയുണ്ടാക്കുന്ന ‘ചന്ത’യിൽ നിന്നും കളിപ്പാട്ടങ്ങളായ തോക്ക്, പുലി നഖമാല, ഒരു പാത്രത്തിൽ കൊത്തുന്ന രണ്ട് കോഴികളുടെ കളിപ്പാട്ടം, കാറുകൾ, ബലൂണുകൾ, സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ പോസ്റ്ററുകൾ, കലണ്ടറുകൾ ഇവയൊക്കെ വാങ്ങലായിരുന്നു പ്രധാന ഉദ്ദേശ്യം. പുതിയോത്രപ്പറമ്പ് നിറയെ ആളുകളായിരിക്കും. മുത്തുമാലകളും കുപ്പിവളകളും, ചാന്തും, കൺ‌മഷീം, ചൊറവളയും വാങ്ങാൻ നിൽക്കുന്ന ലേഡീസിനെ ചുറ്റിപ്പറ്റി തിരിഞ്ഞുകളിയും മാടിക്കെട്ടുമായി കുറേ വാലന്റൈൻസുണ്ടാകും. സമീപത്ത് താമസിക്കുന്ന മുസ്ലീങ്ങളും ഉത്സവത്തിന് കാര്യമായ സംഭാവന കൊടുക്കുകയും രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് തെയ്യം കാണാൻ നിൽക്കുകയും ചെയ്യും. അവർക്കിതൊക്കെ കൌതുകകരമായ കാഴ്ചയാണ്. മാത്രവുമല്ല, കൊള്ളിക്കിഴങ്ങ്, ഓം‌ലറ്റ്, കാപ്പി കച്ചവടമൊക്കെ നടത്തുന്നത് മിക്കവാറും ഇവരായിരിക്കും. പാതിരാത്രിക്ക് ചൂട് വെല്ലക്കാപ്പി ഊതിക്കുടിച്ച് തണുപ്പിനെ ഓടിക്കുമ്പോൾ അതിനേക്കാളൊരു ടേസ്റ്റൻ സാധനം വേറെയില്ലെന്ന് തോന്നിപ്പോകും.

പ്രൈസ് ബോർഡ് കളിയും, ചട്ടികളിയുമാണ് വേറെ അട്രാക്ഷൻസ്. തെയ്യപ്പറമ്പിൽ നിന്നും കുറച്ച് മാറി പെട്രോമാക്സ് കത്തിച്ച് വെച്ച് നാലഞ്ച് ആൾകൂട്ടങ്ങൾ ഇരുട്ടിൽ കാണാം. ഒന്നു മുതൽ ആറു വരെ എഴുതിയ ചതുരക്കട്ട ഒരു സെറാമിക് പ്ലേറ്റിലിട്ട് കറക്കും, അതേ നമ്പരുകളെഴുതിയ താഴെ വിരിച്ച ഷീറ്റുകളിൽ കാശു വെക്കാം. കട്ട വീണ നമ്പറുള്ള കള്ളിയിൽ വെച്ചയാൾക്ക് ഇരട്ടി കിട്ടും. തെയ്യപ്പറമ്പുകളിൽ ഏറ്റവും ആളു കൂടുന്ന സ്ഥലമാണിത്. ഇവരിൽ നിന്നും കമ്മിറ്റിക്കാർ ചട്ടിപ്പിരിവ് എന്ന് പറഞ്ഞ് ഉത്സവചെലവിലേക്ക് കാശ് പിരിക്കാറുണ്ട്. ചിലപ്പോൾ കാശ് വെച്ച് കളിക്കുന്ന ഇവരെ പിടിക്കാൻ പോലീസുകാർ വരും. അപ്പോൾ എല്ലാരും കൈയ്യിൽ കിട്ടിയതൊക്കെ വാരി ഇരുട്ടിലൂടെ ഒരോട്ടമാണ്. പോലീസിനെ എപ്പോഴും പ്രതീക്ഷിക്കുന്നത് കൊണ്ട് കളി നടത്തുന്നവർ ഷീറ്റ് മടക്കി ഓടാനുള്ള പൊസിഷനിൽ നോട്ടുകളൊക്കെ കൈയ്യോടെ ഷീറ്റിന്റെ അടിയിൽ പൂഴ്ത്തിവെച്ചാണ് ഇരിക്കുക. കച്ചറ ടീമിനെ ഒതുക്കാൻ ഇവരുടെ കൂടെ തണ്ടും തടിയുമുള്ള സഹായികളുമുണ്ടാവും.

ഞങ്ങൾ പിള്ളേർ കൈയ്യിലുള്ള കാശൊക്കെ തീർത്താൽ പിന്നെ തെയ്യത്തിനു മുഖത്തെഴുതുന്നിടത്തും തോറ്റം പാട്ടു നടക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കും. തെയ്യത്തിന് മുൻ‌പായി അതിന്റെ ഐതീഹ്യം ഒറ്റച്ചെണ്ടകൊട്ടി മൈക്കിന്റെ മുന്നിൽ നിന്ന് പാടുന്നതാണ് തോറ്റം പാട്ട്. തെയ്യത്തിന് പോയാൽ തീർച്ചയായും കാണേണ്ടൊരു കാഴ്ചയാണ് മുഖത്തെഴുത്ത്. മഷിക്കൂട്ടുകളുപയോഗിച്ച് ഈർക്കിലി കൊണ്ട് നാടൻ ഫേസ്‌ പെയിന്റർമാരുടെ കരവിരുതുകൾ മുഖങ്ങളിൽ രൌദ്ര വിസ്മയങ്ങൾ തീർക്കുന്നുണ്ടാകും. അത് കണ്ട് കണ്ണുമിഴിച്ച്, അരികിൽ ചാഞ്ഞു വീണുറങ്ങുന്ന കുഞ്ഞുശരീരങ്ങളിൽ തട്ടിയും തട്ടാതെയും പെരങ്ങി കുറേ സമയം നിൽക്കും. തണുപ്പ് സഹിക്കാഞ്ഞാൽ പുരപ്പുല്ല് നിറഞ്ഞ പറമ്പിൽ ചുള്ളിക്കമ്പും കടലാസ്സുമൊക്കെ ഇട്ട് തീകൂട്ടി അതിനു ചുറ്റുമിരിക്കും. നാട്ടിലെ ചെക്കൻ‌മാരൊക്കെ ബീഡി വലിച്ചും കള്ളുകുടിച്ചും മച്യൂരിറ്റി തെളിയിക്കുന്നത് പുതിയോത്രക്കാണ്. പണ്ടുകാലത്ത് പെണ്ണുകാണലുകൾ നടക്കുന്ന സ്ഥലങ്ങളായിരുന്നു തെയ്യക്കാവുകൾ. കാലമൊരുപാട് വറൈറ്റി സാധ്യതകൾ കല്യാണാലോചനാ സംരംഭങ്ങൾക്ക് പ്രദാ‍നം ചെയ്തെങ്കിലും, ഇന്നും ആൺ‌പെൺ കണ്ടുമുട്ടലിന്റെ ഇടങ്ങൾ തന്നെയാണ് തെയ്യപ്പറമ്പുകൾ.

രാവിലെ തുടങ്ങി അടുത്ത ദിവസം പുലർച്ചെ വരെ എത്തുന്നതാണ് തെയ്യച്ചടങ്ങുകൾ. മേലേരി തുള്ളൽ, കോഴിയെ അറക്കൽ, തിളക്കുന്ന അപ്പം വാരൽ, കായക്കഞ്ഞി, കാഴ്ചവരവ്, കലാ പരിപാടികൾ ഇതൊക്കെയാണ് ഉണ്ടാവുക. പുതിയ ഭഗവതി തെയ്യത്തിന് പുറമേ വീരൻ, വിഷ്ണുമൂർത്തി, ഭദ്രകാളി, വീരാളി എന്നീ തെയ്യങ്ങളുമുണ്ടാകും. ചെമ്പകത്തിന്റെയോ പുളിയുടേയോ പച്ചവിറക് കൊണ്ടാണ് ഒരാൾ പൊക്കത്തിൽ മേലേരി കൂട്ടുന്നത്. മേലേരിക്ക് ചുറ്റും കൂടി നിന്ന് ആളുകൾ ഫ്രണ്ടും ബാക്കും മാറിമാറി കാണിച്ച് തണുപ്പകറ്റുന്നത് കാണാം. തീയ്യസമുദായത്തിൽ‌പ്പെട്ട ചെറുപ്പക്കാർക്കാണ് തീത്തുള്ളാനുള്ള അവകാശം. അവർ കൊടും തണുപ്പത്ത് ഒറ്റത്തോർത്ത് മുണ്ടുടുത്ത് കുളിച്ച് വന്ന് “ഓ…ഹേ…യ്…” എന്ന് വിളിച്ച് തീക്കനലുകൾ തട്ടിത്തെറുപ്പിച്ച് മൂന്നു റൌണ്ട് ഓടും. അതിനു ശേഷമാണ് പുതിയ ഭഗവതി തെയ്യം ഇറങ്ങുന്നത്. പുതിയോതിയുടെ തെയ്യത്തിന് നാലു പന്തങ്ങളുണ്ടാകും. കുറച്ച് നേരം ആടിക്കഴിയുമ്പോൾ തീപ്പന്തത്തിന്റെ ചൂട് കാരണം പുതിയോതിയുടെ കൈയ്യിലെ ഓട്ടുവളകൾ ചൂടാവും. അപ്പോൾ സഹായികളായ ബന്ധുക്കൾ വെള്ളം മുക്കിയ തുണി കൊണ്ട് ഇടക്കിടക്ക് കൈ നനച്ച് കൊടുക്കും.

പുതിയോതി കത്തിച്ച് കൊടുത്ത കുത്ത് വിളക്കുമായി വെളിച്ചപ്പാട് അൽ‌പ്പം അകലെയുള്ള മായൻകുന്നിലേക്ക് പോകലാണ് പിന്നെയുള്ളൊരു ആചാരം. ആരോടും മിണ്ടാതെയും എവിടെയും നിൽക്കാതെയും തനിയെ പോയി മായൻ‌കുന്നിലെ കൽ‌വിളക്കിൽ തീ കൊളുത്തി അത് പോലെ മടങ്ങി വരണം. കൂരാപ്പി ഇരുട്ടിലൂടെ തണുപ്പും സഹിച്ച് ഒറ്റയ്ക്ക് കാട്ടു വഴിയിലൂടെ മായൻകുന്നിലേക്ക് പോകുന്ന വെളിച്ചപ്പാടിനെ സമ്മതിക്കാതെ വയ്യ. അവിടെ പോയി തിരിച്ച് വന്നാൽ മാത്രമേ എന്തെങ്കിലും ഉരിയാടാൻ പോലും പറ്റൂ. അത്രയ്ക്ക് പ്രാധാന്യമുള്ള കടുപ്പപ്പെട്ടൊരു ആചാരമാണ് മായൻ കുന്നിൽ വിളക്ക് വെക്കാൻ പോകൽ.

എല്ലാ പുതിയോത്രക്കും തെയ്യവും തോറ്റവും പോലെ സ്ഥിരമായി അടിപിടിയും ഉണ്ടാകും. ആചാരാനുഷ്ഠാനവുമായി യാതൊരു ബന്ധവുമില്ലെങ്കിലും തല്ല് ഇല്ലാത്തൊരു പുതിയോത്ര ഉണ്ടാവില്ല. ഒരു കൊല്ലക്കാലത്തെ വൈരാഗ്യങ്ങൾ പറഞ്ഞും അടിച്ചും തീർക്കുന്നത് പുതിയോത്രക്കായിരിക്കും. നാട്ടിൽ പുതിയ ദാദമാർ ഉദയം ചെയ്യുന്നതും പലരുടേയും പല്ലു കൊഴിയുന്നതും വിസ്മൃതരാകുന്നതും അന്നാണ്. അടി തുടങ്ങി എന്ന് കേട്ടാൽ പിന്നെ ആളുകളൊക്കെ ചുറ്റും പൊതിഞ്ഞ് കൂടും. അപ്പോൾ തല്ലുന്നവർക്ക് ആവേശം കയറും.

ചീരൻ ആണ് നാട്ടിലെ പ്രധാന തല്ലുകാരൻ. എല്ലാ പുതിയോത്രക്കും മൂപ്പർ അടിയുണ്ടാക്കിയിരിക്കും. അതിനിപ്പോ വെല്യ കാരണങ്ങളൊന്നും വേണ്ട. മൂപ്പർക്കിഷ്ടമല്ലാത്ത എന്തെങ്കിലും കാര്യം, അത് ശരിയായാലും തെറ്റായാലും മൂപ്പർ ഉടക്കും. കാണാൻ അത്ര വലിയ ഗുണ്ടാ ലുക്കൊന്നുമില്ലെങ്കിലും ഉള്ളിൽ കഴിക്കുന്ന വെളുത്തതും ചുവന്നതുമായ മിക്സ്ഡ് ടോണിക്കിന്റെ സപ്പോർട്ടിൽ മൂപ്പർ കുഴപ്പങ്ങളുണ്ടാക്കും. കമ്മിറ്റിക്കാരെയും കാണുന്നവരെയുമെല്ലാം ചീത്ത വിളിക്കും. ചട്ടി കളിച്ച് മൂപ്പരുടേ കാശ് പോയാൽ എല്ലാത്തിനേയും പേടിപ്പിച്ച് ഓടിക്കും. പുതിയോത്ര പറമ്പിനടുത്തുള്ള വയലിലിട്ട് ചീരൻ ഒരുപാട് പേരെ തച്ച് വലിച്ചിട്ടുണ്ട്. മൂപ്പർക്കിട്ട് രണ്ടെണ്ണം കൊടുക്കണമെന്ന് പലരും ആഗ്രഹിച്ചെങ്കിലും ജന്മസിദ്ധമായ ധൈര്യത്തിന്റെയും ദേശപാരമ്പര്യമായ ഒത്തൊരുമയുടെയും കുറവുണ്ടായതിനാൽ ഒരിക്കലുമത് നടന്നില്ല.

രണ്ടായിരത്തിയഞ്ചിലെ പുതിയോത്ര പോലെ രസമുള്ളൊരു പുതിയോത്ര പിന്നെ ഉണ്ടായിട്ടില്ല. അറുപത്തിയഞ്ചിലെ വെള്ളപ്പൊക്കം, മമ്മൂട്ടിയുടെ നായർ സാബ്, മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ട്, സിൽക്കിന്റെ ലയനം എന്നൊക്കെ പറയുന്നത് പോലെ രണ്ടായിരത്തിയഞ്ചിലെ പുതിയോത്രയെന്ന് പറയുമ്പോ ആളുകൾക്കൊക്കെ ഒരു കോരിത്തരിപ്പാണ്. അതിനു മുൻപും പിൻപും അടിയുണ്ടായിട്ടുണ്ടെങ്കിലും അന്നത്തെ അടിയെന്ന് വെച്ചാൽ അതൊരു ഗംഭീര സംഭവമായിരുന്നു. അടിയെന്ന് കേട്ടാൽ പേടിക്കുന്നവർ പോലും അന്ന് അടിക്കാൻ മുന്നിലുണ്ടായിരുന്നു. അത്തവണയാണ് രാമൻ വെളിച്ചപ്പാടിന്റെ മകൻ ഷിബു ആദ്യമായി വെളിച്ചപ്പാടായതും മായൻ‌കുന്നിൽ വെച്ച് ദിവ്യദൃഷ്ടി കിട്ടിയതും. വെളിച്ചപ്പാടാവുന്നതിന് മുൻപ് ഷിബു ലേഡീസിലും ടോഡീസിലും മാത്രം ഇന്ററെസ്റ്റുള്ളൊരു പക്കാ ചെറു വാലിയക്കാരനായിരുന്നു. നാട്ടിലെ ആണുങ്ങളെപ്പറ്റി ഒട്ടും അറിയില്ലെങ്കിലും ലേഡീസിന്റെയെല്ലാം കം‌പ്ലീറ്റ് ഡീറ്റെയിൽ‌സ് ഷിബുവിനറിയാം. അവന് എന്തിന്റെ സൂക്കേടാണെന്ന് പെണ്ണുങ്ങൻ‌മാർക്കുമറിയാം. പാരമ്പര്യം തുടരാൻ അച്ഛൻ നിർബ്ബന്ധിച്ചത് കൊണ്ടും മോശമില്ലാത്ത കാശ് കിട്ടുമെന്നുള്ളത് കൊണ്ടുമാണ് തുള്ളലുകളും സ്റ്റെപ്പുകളുമൊക്കെ ഒതുക്കത്തിൽ പഠിച്ച് അവൻ പാർ‌ട്ട് ടൈം വെളിച്ചപ്പാടായത്. എന്നിട്ടും ആദ്യ കെട്ടലിൽ തന്നെ മായൻ‌കുന്നിൽ വെച്ച് പരദേവതയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടി കിട്ടി ഒരു ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തി ചേലേരിയിലും പുറനാട്ടിലും അതിപ്രശസ്തനാവുകയും ചെയ്തു.

അക്കൊല്ലം കമ്മിറ്റിക്കാർ സമാധാനപരമായൊരു തിറ ആഗ്രഹിച്ച് ചീരനെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. തെയ്യമൊക്കെ ഗംഭീരമായിരുന്നെങ്കിലും അടിയൊന്നും ഇല്ലാത്തതിനാൽ പഴയ ഒരു ഇദ് കിട്ടിയില്ല. പുതിയോതി കീയുന്നത് വരെ ഒരു ചെറിയ അടിപിടി പോലുമുണ്ടായിരുന്നില്ല. തല്ലുണ്ടാക്കണ്ട ചീരൻ തെയ്യത്തിന്റെയൊപ്പരം കാര്യക്കാരനായി നടക്കുകയാണ്. ചീരനില്ലാതെ എന്ത് തല്ല്‌ ! തല്ലില്ലാതെ എന്ത് പുതിയോത്ര !

“ഗുണം വരട്ടേ പൈതങ്ങളേ…. ഞാൻ കനിഞ്ഞരുളും പൈതങ്ങളെ….. “ എന്ന് അരുളി ചെയ്ത് പുതിയോതി ഉറഞ്ഞ് തുള്ളുന്നതിന്റെയടുത്ത് ആളുകൾ നേർച്ചയായി കൊണ്ട് വരുന്ന വെളിച്ചെണ്ണ വാങ്ങി പന്തത്തിന് ഒഴിച്ച് ഷൈൻ ചെയ്ത് നിൽക്കുകയാണ് ചീരൻ. തെയ്യത്തിന്റെയടുത്ത് ഭക്തവൽ‌സലനായി നിൽക്കുന്ന ചീരനെ കണ്ടാൽ റാഷമോൺ സിനിമയുടെയും കിന്നാരത്തുമ്പിയുടെയും സി.ഡി.കൾ അടുത്തടുത്ത് വെച്ചത് പോലെയുണ്ട്. മൂപ്പർക്ക് ലൈഫിൽ അത് വരെ ഇല്ലാത്ത പരിപാടിയായിരുന്നു അതൊക്കെ. നാട്ടുകാരൊക്കെ ബഹുമാനിക്കുന്നു, കമ്മിറ്റിക്കാരൊക്കെ വന്ന് ഓരോ കാര്യത്തിലും അഭിപ്രായം ചോദിക്കുന്നു, പെണ്ണുങ്ങളൊക്കെ കൌതുകത്തോടെ നോക്കുന്നു. ആകെ മൊത്തം സംഗതികൾ രസായി തോന്നി. രാവിലെ മുതൽ കള്ളുകുടിക്കാതെയും അടിപിടി ഉണ്ടാക്കാതെയും ചീത്ത വിളിക്കാതെയും നിന്നത് കൊണ്ട് മൂപ്പർ ഒട്ടും എനർജെറ്റിക് ആയിരുന്നില്ല. എന്തെങ്കിലും ഉള്ളിൽ ചെന്നാലല്ലേ ഒരു ധൈര്യം കിട്ടുകയുള്ളൂ. ഈ ചടങ്ങുകളുമായി ബന്ധപ്പെടുന്നവർക്ക് അതൊന്നും കഴിക്കാനും പാടില്ല. പക്ഷേ,ഗാന്ധിയേയും ശ്രീശാന്തിനെയും പോലുള്ള വലിയ വലിയ മഹാന്മാർ വരെ വികാരങ്ങൾക്ക് മുൻപിൽ തോറ്റ് മാച്ച് ഫീ കട്ടായിട്ടുണ്ട്. പിന്നെയാണ് വെറുമൊരു ഗുണ്ടയായ ചീരൻ..! പുകവലിക്കാനുള്ള കഠിനമായ ടെൻ‌ഡൻസിയെ അതിജീവിക്കാൻ മൂപ്പർക്ക് സാധിച്ചില്ല. തലേന്നു മുതൽ സുകുമാരകലകൾ ഒന്നുമില്ലാതെ തണുപ്പ് സഹിച്ച് നിൽക്കുകയല്ലേ. അവസാനം ക്ഷമകെട്ട് ചീരൻ ഒരു കാര്യം ചെയ്തു. മടിയിൽ നിന്നൊരു സിഗരറ്റെടുത്ത് പുതിയോതിയുടെ പന്തത്തിൽ വെച്ച് കത്തിച്ച് ആഞ്ഞ് വലിച്ചു.

ഒരു ഗുണ്ട ഡീസന്റാവുന്നത് സമൂഹം അത്ര പെട്ടെന്ന് അംഗീകരിക്കില്ലല്ലോ. ചീരൻ ചെയ്തത് കണ്ട് അവിടെയുണ്ടായിരുന്ന നാട്ടു മനുഷ്യർ പെട്ടെന്ന് കാട്ടുമനുഷ്യരായി മാറി. ഒരു മടക്കു പിച്ചാത്തി പോലും കൈയ്യിൽ ഇല്ലാത്ത നേരം നോക്കി പണ്ട് കർണ്ണനെ തട്ടിയത് പോലെ വെള്ളമടിക്കാത്തതിനാൽ നിരായുധനായ ചീരന്റെ മേൽ താണ്ഡവത്തിനായി ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. വന്നവർ വന്നവർ എടുത്തിട്ട് പെരുമാറി. ചീരന്റെ ജീവനുള്ള ബോഡി അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി വലിച്ച് വയലിലെ മൺ‌കട്ടകൾ ലെവൽ ചെയ്തു. എന്നിട്ടും അവിടെ കൂടിയവരിൽ കുറച്ചാൾക്ക് ഇടപെടാൻ അവസരം കിട്ടിയില്ല.

അപ്പോഴായിരുന്നു ഷിബു വെളിച്ചപ്പാട് മായൻ‌കുന്നിൽ വിളക്കും കൊളുത്തി തിരിച്ച് വരുന്നത്. സ്വീകരിച്ച് കൊണ്ടു വരാൻ കോമരവും കാര്യക്കാരും വാദ്യക്കാരും ചീരനെ കായിത്തോലു പോലെ വയലിൽ ഉപേക്ഷിച്ച് നാട്ടുകാരും അങ്ങോട്ട് പോയി. കാവിൽ കയറിയ ഉടനെ ഷിബു വാളും ചിലമ്പുമൊക്കെ ഇളക്കി തുള്ളി വിറച്ച് ഇങ്ങനെ അരുളി ചെയ്തു. “ദൈവങ്ങളേ.…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… നാട്ട് പരദേവതേ… സുഖം ലാ… ജാനൂന്… സുഖം ലാ… ജാനൂന്…..”

തെയ്യസിലബസ്സിലിൽ ഇല്ലാത്ത വിചിത്രമായ വെളിച്ചപ്പെടുത്തൽ കേട്ട് ആർക്കും ഒന്നും മനസ്സിലായില്ല. അപ്പോൾ ഷിബു കാൽ ചിലമ്പുകൾ കുലുക്കി, മണി കെട്ടിയ വാൾ മായൻ‌കുന്നിന്റെ താഴേക്ക് ചൂണ്ടി ഒന്നൂടി ദൈവവിളി റിപ്പീറ്റ് ചെയ്തു. “…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… ജാനൂന്… പനീ… ജാനൂന്…. പനീ...”

ഷിബു വെളിച്ചപ്പാട് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി. മായൻ‌കുന്നിലേക്ക് പോകുന്നതിന്റെ വഴിക്കുള്ള, സുന്ദരിയും മദാലസയും ചേലേരിയുടെ രോമാഞ്ചവും മോറോവർ മങ്ങലം കഴിയാതെ ഒറ്റയ്ക്ക് താമസിക്കുന്നവളുമായ ജാനുവിന്റെ വീടിനെ നോക്കിയാണ് ഷിബു വെളിച്ചപ്പാട് അരുളിപ്പാട് നടത്തിയത് എന്ന് കണ്ട് എല്ലാരും അങ്ങോട്ടേക്ക് ഓടി. വീട്ടിലെത്തിയപ്പോ അവരൊക്കെ അത്ഭുതപ്പെട്ടുപോയി. കാരണം ജാനു അവിടെ പനിച്ച് വിറച്ച് ബോധമില്ലാതെ കിടപ്പായിരുന്നു !!

ദിവ്യദൃഷ്ടിയിൽ ഒരു ജീവൻ രക്ഷാ പ്രവചനം നടത്തിയതിനും കാവിന്റെ പേരും പെരുമയും വർദ്ധിപ്പിച്ചതിനും ഷിബുവിന് എന്തെങ്കിലും കൊടുക്കണമെന്ന് കൂടി നിന്നവരൊക്കെ തീരുമാനിച്ചു. വെളിച്ചപ്പാടിന്റെ ഉടയാടകൾ അഴിച്ചതും ചീരനെ കൈവെക്കാൻ ചാൻസ് കിട്ടാത്തവർ ആ വിഷമം ഷിബുവിന്റെ മേൽ തീർത്തു.

മാർബിളിട്ട നിലത്തൂടെ ആട് നടക്കുന്നത് പോലെ ഉരുണ്ട് പിരണ്ടെണീറ്റ് നടക്കുമ്പോൾ "എന്തെങ്കിലും കൊണം ചെയ്യുന്നോരെ ഈറ്റ്ങ്ങൾക്കൊന്നും കണ്ടൂടാ.." എന്നായിരുന്നു ചീരനും ഷിബുവും പറഞ്ഞത്.

പടം വര : സ്നേഹ