Saturday, June 8, 2013

അന്നൊരിക്കൽ ഒരു നാട്ടിൽ…

കെരണ്ട് പണിക്കാരൻ ദാമു സന്ധ്യക്ക് കുളി കഴിഞ്ഞ് കാവിലുങ്കിയും കുപ്പായവുമിട്ട് വയലിന്റെ കരയിലൂടെ കമ്പിൽ അങ്ങാടിയിലേക്ക് നടക്കുമ്പോഴാണ് ആ വിവരം അറിഞ്ഞത്.

കമ്പ പിടിച്ച് നല്ലോണം തളർന്നിരുന്നു.  റഹീം ഹോട്ടലിൽ പോയി ഒരു ബീഫ് ബിരിയാണി അടിച്ചാലേ ഒരു ഓതാറ്‌ കിട്ടൂ.  തൊരന്ന് കെട്ടൽ സീസണായതിനാൽ ദിവസം ആയിരം രൂപക്ക് യാതൊരു കളിയുമില്ല.  അതോണ്ട് ഒന്നോ രണ്ടോ ബിരിയാണി അടിക്കുന്നതിൽ മനസ്സ് വിഷമിക്കണ്ട കാര്യമില്ല.  ചൂട് ബിരിയാണി തിന്നുന്നതോർത്ത് നടക്കുമ്പോഴാണ് വയലിന്റെ കരയിലൂടെ തലയിൽ കൊലച്ചിൽ കെട്ടുമായി പാറുഏച്ചി വരുന്നത് കണ്ടത്.  ഓർക്ക് പോകാൻ വരമ്പിന്റെ ഓരത്തേക്ക് മാറി നിന്നു.  ലോഹ്യത്തിനൊന്നും നിൽക്കാതെ വെറുതെ ചിരിച്ച് നടക്കുമ്പോഴാണ് പാറുഏച്ചി അത് പറഞ്ഞത്.

കേട്ടതിൽ പിന്നെ ബിരിയാണിയൊക്കെ മനസ്സിൽ നിന്നും പോയിരുന്നു.  നടക്കുകയല്ല ഓടുക തന്നെയായിരുന്നു.  പോതിയത്തെപറമ്പും ഉസ്മാന്റെ വീടിന്റട്ത്തെ കേറ്റവും മമ്മദ്ന്റെ അനാദിപ്പീട്യയുമൊക്കെ വളരെ പെട്ടെന്നായിരുന്നു തീർന്നത്.  “നീ ഏട്യാടോ വെച്ചത് എടുക്കാൻ പോന്നത് പോലെ പോകുന്നേ” മമ്മദ് പിറകിന്ന് വിളിച്ചു ചോദിച്ചു.  “ഏയ് ഏടിയൂല്ലപ്പ  നടക്കുന്നതിന്നിടയിൽ തിരിഞ്ഞ് നോക്കാണ്ടാണ് ഉരിയാടിയത്.

കമ്പിൽ അങ്ങാടിയിൽ ചെന്ന് നോക്കുമ്പോ ഒരൊറ്റ ബസ്സൂല്ല.  മയ്യിൽ ആസ്പത്രീലാന്നാന്ന് പാറു ഏച്ചി പറഞ്ഞത്.  അങ്ങോട്ടേക്ക് ഇനി പോകണമെങ്കിൽ അര മണിക്കൂർ കഴിഞ്ഞ് കോമളം ബസ്സ് വരണം.  അത് ബ്രേക്ക് ആണ് ഇണ്ടോന്ന് അറിയില്ലാന്ന് ബസ് സ്റ്റോപ്പില് നിക്കുന്ന ഒരാള് പറയുന്നത് കേട്ടു.  ഒരു അത്യാവശ്യത്തിന് നോക്കുമ്പോ ഒരൊറ്റ ബസ്സുമുണ്ടാകൂല്ല.  ഓട്ടോറിക്ഷ പിടിക്കാമെന്ന് വിചാരിച്ച് ആട പോയി നോക്കിയപ്പോ അതുമില്ല.  സാധാരണ ആ വാകമരത്തിന്റെ ചോട്ടിൽ നെറയെ ഓട്ടോകൾ ഉണ്ടാകും.  വഴിയേ പോകുന്ന ആളുകളെ കുറ്റം പറഞ്ഞും ഇന്നലെ കള്ള് അടിച്ച് ഓവറായതിനെപ്പറ്റി പറഞ്ഞും ഓട്ടോക്കാർ കൂട്ടം കൂടി നിൽക്കുന്നതാണ്.  ഇന്നെന്തോ ക്രിക്കറ്റ് കളിയുള്ളതോണ്ട് എല്ലോനും നേരത്തെ സ്റ്റാൻഡ് വിട്ടു.  ഓർക്കും ഇപ്പോ നല്ല പൈസയാണപ്പ.  എട്ത്താ തീരാത്ത പണിയുണ്ട്.  രാത്രി കഷ്ടപ്പെട്ട് ഓടണ്ട കാര്യമൊന്നുമില്ല.  എല്ലാരിക്കും മൊബൈൽ ആയത് കൊണ്ട് സ്റ്റാന്റിൽ കൊണ്ടക്കണ്ട കാര്യോമില്ല.  വിളിച്ച് പറഞ്ഞാ സ്ഥലത്തെത്തിക്കൊള്ളും.

ഇനിയിപ്പോ എന്താ ചെയ്യ്‌വാ.. ഒരൊറ്റ ഓട്ടോയും ജീപ്പ് പോലുമില്ല.  എത്രേം പെട്ടെന്ന് പോകണ്ടതാണ്.  അന്നേരമാണ് ഓത്തിക്കണ്ടി ഷാജി സൈക്കിളും ചവിട്ടി വരുന്നത് കണ്ടു.  അതുമെടുത്ത് പോയാലോ.  അഞ്ചെട്ട് കിലോമീറ്ററുണ്ട്.  എന്നാലും പോകാണ്ടിരിക്കാൻ വയ്യല്ലോ.  “ഷാജീ നിന്റെ സൈക്കിളൊന്ന് താ.. എനക്ക് ഒരു സ്ഥലം വരെ പോണം  “ഏയ്.. ദാമുഏട്ടാ.. എനക്ക് വേഗം വീട്ടില് പോണ്ടതാ” ചെക്കനൊന്ന് മടിച്ചു.  “നീ നടന്നിറ്റ് പോയ്ക്കോ എനക്ക് അത്യാവശ്യാന്ന്.. ഇത് ഞാൻ രാത്രി വീട്ടില് കൊണ്ടന്നോളാം  ചെക്കൻ പറ്റില്ലാന്നോക്കെ പറയ്ന്ന്ണ്ട്.  അതൊന്നും കേൾക്കാൻ നിക്കാണ്ട് അതിന്റെ മേലെയുണ്ടായിരുന്ന സഞ്ചി എടുത്ത് കൊടുത്ത് സൈക്കിൾ ഉന്തി ഓടിക്കയറി ആഞ്ഞ് ചവിട്ടി.

മയ്യിൽ ആസ്പത്രീന്റെ മുന്നിൽ എത്തുമ്പോ ഇരുട്ടായിരുന്നു.  സൈക്കിളൊരു മൂലക്ക് വെച്ച് ചുറ്റും നോക്കി.  കൊറേ കൊല്ലായിറ്റ് ഇന്നാ സൈക്കിള് ചവിട്ടിയത്.  തളർന്ന് നായി ആയിന്.  തൊടേന്റെ മസിലൊക്കെ വേദനിക്കാൻ തൊടങ്ങീറ്റ്ണ്ട്.  വയറ്റിലാന്നെങ്കില് ഒരു വസ്തു ഇല്ല.  വെശന്ന് കൊടല് കരിയ്ന്ന്.  എന്തെങ്കിലും കയിച്ചിറ്റ് സരസൂനെ കണ്ടാൽ മതിയോ.. അല്ലേങ്കില് വേണ്ട.. കണ്ടിറ്റ് തിന്നാം. ഓൾക്കും ചായയോ മറ്റോ വാങ്ങേണ്ടി വന്നാലോ.  കൂടെ നിക്കാൻ ആരും വന്നില്ലെങ്കിൽ ഇന്ന് ഇവിടെ നിന്നാലോ.. ആദ്യം ഏത് വാർഡിലാണ് ഉള്ളതെന്ന് നോക്കാം.  തല കറങ്ങി വീണു എന്നല്ലേ പാറുഏച്ചി പറഞ്ഞത്.  എന്താണ് പറ്റിയത് ആവോ.. ഇപ്പോളത്തെ തലകറക്കമൊക്കെ ശ്രദ്ധിക്കണം..  ചെലപ്പോ കാഷ്വാലിറ്റിയിലാകും.  അത്ര നേരല്ലേ ആയുള്ളൂ കൊണ്ടന്നിറ്റ്..  എന്നിറ്റും കാഷ്വാലിറ്റിന്റെ മുന്നിൽ  പാർട്ടിയുടെ പണ്ടത്തെ ജാഥക്കുള്ള ആളുണ്ട്.  കൊറേ ഓട്ടോറിക്ഷയും ബൈക്കുമൊക്കെ അവിടെയും ഇവിടെയും നിർത്തിയിട്ടിരിക്കുന്നു.   എല്ലാരും കേഷ്വാലിറ്റീന്റെ മുന്നിൽ പൊതിഞ്ഞ്കൂടി നിൽക്കുകയാണ്.  നാട്ടുകാർ മൊത്തമുണ്ടല്ലോ.  മാധവൻ മാഷും മെംബർ ചന്ദ്രാട്ടനും ഡ്രൈവർ ഉണ്ണിയും വടിയും കുത്തി നടക്കുന്ന കുന്നുമ്മലെ ഒതേനാട്ടനും വരെയുണ്ട്. ഞാൻ മാത്രം എത്താൻ ലേറ്റായിപ്പോയല്ലോ..  ഛേ...  അവരുടെ മുഖത്ത് നോക്കാനും ചമ്മല്.  ഇത്രയും ആളുകള് ഉണ്ടെന്ന് അറിയുഎങ്കില് വരണ്ടാരുന്നു  മൂലക്ക് മാറി നിക്കാം. എന്താ വിവരമെന്ന് നൊക്കട്ടെ.

ഒരു നാട്ടിലെ മുഴുവൻ ആൺപിറന്നവന്മാരും വോട്ടെണ്ണുന്ന സ്കൂളിലെന്ന പോലെ കാഷാലിറ്റിക്ക് മുന്നിൽ ഉദ്വേഗഭരിതരായി കാത്ത് നിൽക്കുമ്പോൾ വെള്ളയുടുപ്പിട്ട ഒരു സമാധാനപ്പിറാവ് പുറത്ത് വന്ന് ഉച്ചത്തിൽ ചോദിച്ചു.  “സരസുവുമായിറ്റ് ബന്ധപ്പെട്ടവർ ആരെങ്കിലുമുണ്ടോ..?”

പൊടുന്നനെ കാഷ്വാലിറ്റിയുടെ പരിസരം ഉത്സവം കഴിഞ്ഞ പൂരപ്പറമ്പ് പോലെ വിജനമായി!!!