Tuesday, November 3, 2015

പ്രഭാത സവാരി



ഗൾഫിൽ നിന്നും നാട്ടിൽ വന്ന് കൃത്യം അഞ്ചാം ദിവസം രാവിലെ അഞ്ച് മണികഴിഞ്ഞ്, ഒരു പ്രഭാതകൃത്യം നടത്തിയതിനു ശേഷം കരയിലടിഞ്ഞ സ്രാവിനെ പോലെ കട്ടിലിൽ കിടക്കുന്ന ഭാര്യയെ നോക്കിയപ്പോൾ കുന്നത്തെങ്ങിൽ സഹദേവനു കഠിനമായ നിരാശ തോന്നി.  വിവാഹശേഷം ഗൾഫിൽ നിന്നുള്ള ഓരോ വരവിനും താൻ ഡാറ്റാ സ്റ്റോറേജ് ഡിവൈസുകൾ പോലെ ചെറുതായും ഭാര്യ മൊബൈൽ ഫോൺ പോലെ വലുതായും മാറുന്നതിൽ അയാൾക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. കല്യാണത്തിനു മുൻപ് തടിച്ച പെണ്ണിനെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നതിൽ അത്ര തന്നെ ആത്മനിന്ദ തോന്നി.

ഒരു റിലാക്സിന് പുറത്തിറങ്ങി റോഡിലേക്ക് നോക്കിയപ്പോൾ പ്രഭാതസവാരിക്കായി ആണും പെണ്ണും മതഭേദമന്യേ ഇടതും വലതുമായി ഒഴുകുന്നു.  യുവതികൾ മുതൽ നെയ്മുറ്റിത്തികഞ്ഞവർ വരെ നടത്തുന്ന ആ രാഷ്ട്രസേവനത്തിൽ തെരുവുപട്ടികൾ പോലും ബഹുമാനിച്ച് ഒതുങ്ങി നിൽ‌പ്പുണ്ടായിരുന്നു.  രാവിലെ മുതൽ വറുത്തതും പൊരിച്ചതും കരിഞ്ഞതുമായി അഞ്ചാറുപേർക്കുള്ളത് ഒറ്റയ്ക്ക് അകത്താക്കി എന്നിട്ട് അമിത കലോറി കുറയ്ക്കാൻ ഇക്കൂട്ടർ പെടുന്ന കഷ്ടപ്പാടിൽ അയാൾക്കും താല്പര്യം തോന്നി.  പ്രഭാത സവാരിക്ക് പോയാൽ പണ്ട് പ്രണയിച്ചവരും പിന്നാലെ നടന്നവരുമായ ലേഡീസിനെ കാണാം, ഇനി അങ്ങനെ അല്ലാത്തവർ ആയാലും കുഴപ്പമില്ല രണ്ട് മാസത്തെ ലീവിൽ ഒരു എഞ്ജോയ്മെന്റ് ആകുമല്ലോ എന്ന് കരുതി സഹദേവനും നടക്കാൻ പോയാലോന്നൊരു ഉൾവിളിയുണ്ടായി.

അകത്ത് ചെന്ന് ഭാര്യയെ കുത്തിയും കുലുക്കിയും ഇളക്കിയും വിളിച്ചിട്ടും അവളിൽ പാടിക്കുന്നിന്റെ അടിത്തട്ടിൽ ഒരു എലിക്കുഞ്ഞ് തുള്ളിയ ഭാവം മാത്രമേ ഉളവാക്കിയുള്ളൂ എന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ച് ഒരു ജീൻസും ടീഷർട്ടുമിട്ട് കളകളമിളകുമൊരു അരുവി പോലെ പോകുന്ന ആ പെൺകൂട്ടത്തിൽ അയാളുമൊരു കുളിരും പുളകവുമായി അലിഞ്ഞുചേർന്നു.  അന്നേരം പീടിക വരാന്തയിൽ അഗാധമായ ഉറക്കത്തിലായിരുന്ന ടിപ്പു എന്ന കൊടിച്ചിപ്പട്ടി ഏതോ ഗൾഫുകാരൻ നടക്കാനിറങ്ങിയിട്ടുണ്ടല്ലോ എന്ന് കണ്ണുതുറക്കാതെ പ്രവചിക്കാൻ കാരണം ആ പഞ്ചാ‍യത്ത് മുഴുവൻ വ്യാപിച്ച ഗ്യാസ് ടാങ്കർ ലീക്കായത് പോലത്തെ സ്പ്രേ മണമായിരുന്നു.

വെറും രണ്ട് ദിവസത്തെ നടത്തത്തിന്റെ ഫലമായി സഹദേവൻ ഒരു യുവതിയുമായി നോക്കാനും ചിരിക്കാനും ഐമെയിലൊക്കെ അയക്കാനും തുടങ്ങി.  തത്ഫലമായി ഭാര്യയോട് തോന്നിത്തുടങ്ങിയ വെറുപ്പ് ഇല്ലാണ്ടാവുകയും ചെയ്തു.  നാലഞ്ച് പേരടങ്ങിയ ഒരു പെൺകൂട്ടത്തിലെ ഏറ്റവും സുന്ദരിയും ഏറ്റവും പിന്നിൽ നടക്കുന്നവളുമായിരുന്നു സഹദേവന്റെ മാനസികോല്ലാസത്തിനു കാരണം. വളവും തിരിവും നിറഞ്ഞ ഏരിയയിൽ എത്തുമ്പോൾ രണ്ടുപേരും പലപ്പോഴും ഒന്നിച്ചാകുമെങ്കിലും രാവിലത്തെ ഇലപൊഴിയും നിശബ്ദതയിൽ സഹവാക്കിയുടെ പേരുപോലും ചോദിക്കാൻ കോ ദേവനായില്ല്ല.  അതെങ്ങനെ തരണം ചെയ്യണമെന്ന ആലോചനയുടെ വെളിമ്പുറത്താണ് ഒരു വളവിൽ വെച്ച് ആരും കാണാതെ സഹദേവൻ മൊബൈൽ ഫോൺ നമ്പറെഴുതിയ ഒരു സ്ലിപ്പ് ആ വോട്ടർക്ക് നൽകിയത്.  അതിസുന്ദരമായ ഒരു ചിരിയോടെയും പ്രതീക്ഷാനിർഭരമായ നോട്ടത്തോടെയും വാങ്ങിക്കൊണ്ടുപോയിട്ടും ഒരു മിസ്സ് കാൾ പോലും അവൾ അടിച്ചില്ലെന്നത് സഹദേവന്റെ അന്തരാളത്തെ പകലും രാത്രിയും പൊള്ളിച്ചു നിരാശാഭരിതനായ കാമുകനാക്കി.  ഇന്ററെസ്റ്റില്ലെങ്കിൽ പോട്ടെ നടത്തം നാളെ മുതൽ റൂട്ട് മാറ്റിവിടാമെന്നും പോയവൾ പോകട്ടെ പോടീയെന്നും ആ നിത്യപ്രണയൻ കടുപ്പത്തിൽ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ നടത്തത്തിനു ഒരുങ്ങുമ്പോൾ ആന കുളിച്ച് എണീക്കുന്നത് പോലെ കഷ്ടപ്പെട്ട് തിരുശരീരം ഉയർത്തി ഭാര്യയും നടത്ത സന്നദ്ധത അറിയിച്ചു.  വരൂ നായികേ നിത്യം നടക്കാൻ വരൂ നായികേ..’ എന്ന് പറഞ്ഞ് സഹദേവനും ആ തീരുമാനത്തെ ലൈക്കി.
ഇന്നലത്തെ സ്ലിപ്പ് പ്രവൃത്തിക്ക് പ്രതികരണമില്ലാത്തതിനാൽ ദിശമാറി നടക്കാമെന്ന തീരുമാനത്തെ ആ റോഡ് മുഴുവൻ കുണ്ടും കുഴിയുമാണ്.. ഇപ്രത്തേക്ക് നടക്കാം..’ എന്ന വൊയ്ഫിന്റെ സുപ്രീം കോടതി വിധിയെ ആ ഉത്തമ ഭർത്താവ് നിരങ്കുശം അംഗീകരിച്ചു.   

അൽ‌പ്പദൂരം നടക്കുമ്പോഴേക്കും തന്റെ പ്രണയിനി ഏകയായി നടക്കുന്നത് കാമുകദേവൻ കണ്ടെങ്കിലും ഭാര്യ കൂടെയുള്ളതിനാൽ പ്രാണഭയമുള്ള ആ പുരുഷൻ തലപോലും തിരിക്കാതെ നടന്നു.  അന്നേരം പിന്നിൽ നിന്നും ഒരു ബൈക്ക് വരുന്നത് കണ്ട് ട്രാഫിക് നിയമത്തെ പറ്റി ബോധ്യമുള്ള ആ ഗൾഫുകാരൻ ഒഴിഞ്ഞു നിന്നെങ്കിലും, അത് നേരെ വന്ന് മുന്നിൽ ചവിട്ടി നിർത്തുകയും മരത്തടിയിൽ പൊരിച്ചാക്ക് വെച്ചത് പോലത്തെ രണ്ട് തടിമാടന്മാർ ചാടിയിറങ്ങുകയും സഹദേവന്റെ ഷർട്ടിൽ പിടിച്ച് പൊക്കി എയറിൽ സം‌പ്രേഷണം ചെയ്യാനും തുടങ്ങി.  എന്തിനാ എന്നെ തല്ലുന്നതെന്ന് ചോദിച്ച് വായിലെ നാവിന്റെ എനർജിയും വെള്ളവും പല്ലിന് തേയ്മാനവും വരുത്തേണ്ടി വന്നില്ല, “നീ എന്തിനാടാ നമ്മളെ പെങ്ങൾക്ക് നിന്റെ നമ്പർ കൊടുത്തത്.. ഡോഗിന്റെ മോനേ... നായിന്റെ സണ്ണേ... @#$%&..”

ആന പനമ്പട്ട തുമ്പിക്കൈയ്യിൽ എടുത്ത് തിന്നാനുള്ള ആക്രാന്തത്തിൽ തലകുലുക്കി നടക്കുന്നത് പോലെ ഭാര്യയുടെ കൈപ്പിടിയിൽ വീട്ടിലേക്ക് പോകുമ്പോൾഇങ്ങനെയൊരു ദുർവിധി ഒരാൾക്കും ഉണ്ടാക്കരുതേ എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ..” എന്നൊരു ഒച്ച കേട്ടത് അശരീരി ഒന്നുമല്ലായിരുന്നു, തെങ്ങിൻ മുകളിൽ നിന്നും മോണിങ്ങ് ചാറ്റ് നടത്തിയിരുന്ന ചെത്തുകാരൻ സുരന്റേതായിരുന്നു.