Thursday, February 25, 2010

മോഹനേട്ടന്‍

നല്ല തലവേദന കാരണം കോളേജില്‍ നിന്നും വരുമ്പോള്‍ അച്ഛന്റെ കടയില്‍ കയറുന്ന പതിവ് തെറ്റിച്ച് അന്നു ഞാന്‍ നേരെ വീട്ടിലേക്കായിരുന്നു പോയത്. പറമ്പിലേക്ക് കയറുമ്പോഴേ എന്തോ പന്തികേട് തോന്നി. ആരൊക്കയോ വീട്ടിന്റെ നടയിലും കോലായിലുമുണ്ട്. വീട്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. കോലായിലെ ചാരുകസേരയില്‍ അച്ഛന്‍ മുഖം താഴ്ത്തി ഇരിക്കുന്നു. അളിയനും ചെറിയേട്ടനും കോലായില്‍ നില്ക്കു‍ന്നുണ്ട്‌. അകത്തു നിന്ന് അമ്മയുടെയും ഏച്ചിയുടെയും അടക്കിപ്പിടിച്ച കരച്ചില്‍ കേള്ക്കാം‍. ഞാന്‍ കോലായിലേക്ക് ഓടിക്കയറി ചെറിയേട്ടനെ പിടിച്ചുകുലുക്കി ചോദിച്ചു. “എന്താ .. എന്താ പറ്റീത് ..?” അവന്‍ ഒന്നും പറയതെ ഒരു ഇൻലാഡ്‌ കവര്‍ എന്റെ കൈയില്‍ തന്നു. പച്ചമഷി കൊണ്ട്‌ തമിഴില്‍ എഴുതിയ ഒരു കത്ത്‌. തമിഴ് അറിയില്ലെങ്കിലും കാര്യങ്ങൾ ഏകദേശം മനസിലായി. മോഹനേട്ടനു എന്തോപറ്റിയിട്ടുണ്ട്‌. “എന്താ മോഹനേട്ടന്ന് പറ്റിയെ.?”


എന്റെ ഉച്ചത്തിലുള്ള ചോദ്യംകേട്ട്‌ അച്ഛന്‍ മുഖമുയര്ത്തി‍. ചുവന്ന് കലങ്ങിയ കണ്ണുകള്‍‍. അച്ഛന്‍ കരയുന്നത് ആദ്യമായാണു കാണുന്നത്‌. മോഹനേട്ടന്റെ പേരു പറയുമ്പോള്‍ തന്നെ രാക്ഷസത്തിരമാല പോലെ അമ്മയ്ക്ക് നേരെ ആഞ്ഞടുക്കാറുള്ള അച്ഛന്‍ തന്നെയോ ഇത്..! അകത്ത്‌ അയല്വ‍‌ക്കത്തെ പെണ്ണുങ്ങള്‍ ആരൊക്കെയോ വന്നിട്ടുണ്ട്‌. ‌ അതോടെ അമ്മയുടെ കരച്ചില്‍ ഉച്ചത്തിലായി. “എങ്ങനെയാ.. എന്റെ മോന്‍ വന്നാല്‍‍ അയിനോട് ഇവിടെ ആരെങ്കിലും ഒന്ന് ഉരിയാട്വോ.." അച്ഛനെയാ അമ്മ ഉദ്ദേശിച്ചത്‌. അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലിനെക്കാളും ‌അച്ഛന്റെ നിശബ്ദമായ കണ്ണീര്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അപ്പോഴാണു‍ ‘ഉപദേശി‘ ‍ നാണുഎട്ടൻ‍ വന്നുകയറിയത്. നാട്ടിലെ എല്ലാ പ്രശ്നത്തിലും സ്വമേധയാ ഇടപെടാനും വീറ്റോ ചെയ്യാനുംഅധികാരമുള്ള സെക്രട്ടറി ജനറല്. മൂപ്പര്‍ തന്റെ നീളന്‍ കുട ഇറയത്ത് തൂക്കിയിട്ട ശേഷം എല്ലാവരോടുമായി പറഞ്ഞു.


"ഏല്ലാ. . ഏയി.. എല്ലാരുമിങ്ങനെ കരഞ്ഞിരുന്നാൽ മതിയോ.. എയ് മ്മക്കൊന്ന് അവിടമ്പരെ ‌പൊയി നോക്കണ്ടേ.. എന്താ സംഭവിച്ചതെന്ന്‌ ആരിക്കെങ്കിലും അറിയൊ.. ബോഡി നാട്ടില്‍ എത്തിക്കണ്ടേ.. അങ്ങോട്ട് ബന്ധപ്പെടാന്ന്വെച്ചാല്‍ ‍ നമ്മള കൈയ്യില്‍ ഒരു അഡ്രസ്സുമില്ല …ന്നാ പിന്നെ പെട്ടന്ന് പോകാനുള്ള ഏര്‍പ്പാട് ചെയ്യാ.. ഇപ്പൊ പുറപ്പെട്ടാല്‍ തെക്കോട്ടെക്കൊരു വണ്ടി ഇണ്ട്‌. അയിന്‌ കയറി ഷൊർണ്ണൂര്‌ വരെ പോവ്വ.. ആടന്ന് സേലത്തെക്ക്‌. ഏതെങ്കിലും വണ്ടി കിട്ടും‌” പോകേണ്ട അളെയും മൂപ്പര്‍‌ തന്നെ തീരുമാനിച്ചു കഴിഞ്ഞു. ഞാനുംഅദ്ദേഹം തന്നെ), പ്രേമനും (ചെറിയേട്ടന്), ശങ്കരനും (അളിയന്). പിന്നെ എന്നെ നോക്കി ഏന്താ ഇഞ്ഞിപോരുന്നോ?


ധരിച്ച ഡ്രസ്സ് പോലും മാറ്റാതെ ഞങ്ങൾ നാലു പേരും പെട്ടെന്ന് തന്നെ ‌ ‌റെയില്‍‌വെ സ്റ്റേഷനില്‍ എത്തി. അപ്പോഴേക്കും വണ്ടി അനൌണ്‍‌സ് ‌ ചെയ്തു കഴിഞ്ഞിരിക്കുന്നു. ടിക്കറ്റ്‌ എടുത്ത്‌ ഒരു വിധം കയറിപ്പറ്റി. എന്റെ അടുത്തായിരുന്നു നാണുവേട്ടന്‍ ഇരുന്നത്. മൂപ്പര്‍‍ നല്ല മൂഡിലാണു‍. ഒരു ടൂര്‍‍ പോകുന്നതിന്റെ ഉഷാര്‍ മുഖത്ത് കാണാം. അപ്പോഴായിരുന്നു കാപ്പിക്കാരന്റെ വരവ്‌. നാണുവേട്ടന്‍ കാപ്പിക്കും പഴംപൊരിക്കും ഓര്ഡ‍ര്‍ നല്കി‍. ഞാനൊഴികെ എല്ലാവരും കഴിച്ചു. നാണുവേട്ടന്‍ എന്നോട് പറഞ്ഞു. "വല്ലതും കയിച്ചോടാ .. വെറുതെ പള്ള കാലിയാക്കണ്ട. പോയോല് പോയി. ഇഞ്ഞി എനി തടി കേടാക്കണ്ട.."


കാപ്പി കുടിച്ച്‌ കൊണ്ട് നാണുവേട്ടന്‍ തന്റെ വീരഗാഥകള്‍ പറയാന്‍ തുടങ്ങി, വണ്ടിക്ക് ചാടി മരിച്ച കണ്ണകുറുപ്പിന്റെ കുറുക്കന്‍ കടിച്ചോണ്ട്‌ പോയ കാല്‍ കുറ്റിക്കാട്ടില്‍ നിന്ന് നാണുവേട്ടനാത്രെ എടുത്തോണ്ട് വന്നത്‌. വെറും കൈയ്യാലെ കുറുപ്പിന്റെ കാലും പൊക്കി പിടിച്ച്‌ വരുന്നത് കണ്ട്‌ മഹസര്‍‍ തയ്യാറാക്കാൻ വന്നപോലീസുകാരന്‍‌ ബോധംകെട്ടു വീണുപോലും..‍ വണ്ടിയുടെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ നാണുവേട്ടന്‍‍ നന്നായി കഷ്ടപ്പെടുന്നുണ്ട്. പ്രേതകഥകളുടെ ദുര്‍ഗന്ധം കാരണം എനിക്ക്‌ ശ്വാസം മുട്ടി. തലവേദന കൂടി വന്നു. ഒരു സ്വസ്ഥത വേണമല്ലോ ഈശ്വരാ..! അപ്പോഴാണ് കുറച്ചു മുന്നോട്ടായി ഒരു സീറ്റ്‌ ഒഴിയുന്നത് കണ്ടത്. ഞാൻ അങ്ങോട്ട്‌ മാറി.


വണ്ടിയുടെ കട കട കട താളത്തില്‍ ഞാന്‍‍ കണ്ണുകള്‍‍ അടച്ച്‌ ധ്യാനചിത്തനായിരുന്ന്‌ മോഹനേട്ടനെപറ്റിആലോചിച്ചു. ഓര്‍ക്കുമ്പോള്‍‍ ഒരു വണ്ടിയുടെ ശബ്ദമാണ്‌ തെളിയുന്നത്‌. വലിയ കളിപ്പാട്ടങ്ങള്‍‍ ഒന്നുംഇല്ലാതിരുന്ന ബാല്യത്തില്‍ ഏട്ടന്‍‍ കൊണ്ടു തന്ന അമൂല്യ സമ്മാനമായിരുന്നു താക്കോല്‍ കൊടുത്താല്‍ ഓടുന്ന തീവണ്ടി. അടുത്തകാലം വരെ അത് ഏട്ടന്റെ ഒരു ഓര്‍മ്മക്കുറിപോലെ ഷെല്‍ഫില്‍ കിടന്നിരുന്നു.പലപ്പൊഴും ‍ അമ്മ അതു നോക്കി നെടുവീര്‍പ്പിടുന്നത്‌ ഞാന്‍‍ കണ്ടിട്ടുണ്ട്.


ഞാനും മോഹനേട്ടനും തമ്മില്‍‍ പതിനാറു വയസിന്റെ വ്യത്യാസമുണ്ട്. ‍ ഏട്ടന്‍‍ പഠിക്കാന്‍ മിടുക്കനായിരുന്നു. കോളെജില്‍ പഠിക്കുന്ന കാലത്താണ്‌ പ്രശ്നങ്ങള്‍‍ തുടങ്ങിയത്. അച്ഛനെ ഒരു ദിവസം പ്രിന്‍സിപ്പാള്‍കോളേജിലെക്ക്‌ വിളിപ്പിച്ചു. തിരിച്ച് വീട്ടില്‍‍ എത്തിയ അച്ഛന്‍‍ പൊട്ടിക്കരഞ്ഞു. ഒരു പാവമായിരുന്ന അച്ഛന്‌ ഉള്‍ക്കൊള്ളാന്‍‍‍ പറ്റാത്ത എന്തോ “വലിയ അപരാധം” ഏട്ടന്‍‍ ചെയിതിട്ടുണ്ടാവാം. പിന്നീട്‌ അവനെ കോളേജില്‍ നിന്നും പറഞ്ഞ് വിട്ടു. അതിനു ശേഷാത്രെ ‍ നാടുവിട്ടത്. ഒരുപാട് അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. അമ്മ ദിവസങ്ങളോളം ജലപാനമില്ലാതെ അവനെ കാത്തിരുന്നു. പിന്നീട്‌ ഒരു ദിവസം മദ്രാസില്‍ നിന്ന് അമ്മയ്ക്കൊരു കത്ത് വന്നു. അതോടെ ജീവിച്ചിരിപ്പുണ്ടെന്ന്‌ മനസ്സിലായി. എല്ലാം പൊറുത്ത് അവനെ കൂട്ടികൊണ്ട് വരാന്‍‍ അച്ഛനും മൂത്തമാമനും പോയി. പക്ഷെ പോയവര്‍‍ വെറും കൈയ്യാലെയാണ്‌ തിരിച്ച് വന്നത്‌. അവനെ പുറം നാട്ടിലെങ്കിലും ജീവിക്കാന്‍ അനുവദിക്കണം എന്ന്‌ സ്വന്തം അച്ഛനോട്‌ അഭ്യര്‍ത്ഥിച്ചെത്രെ!‍


“പുകഞ്ഞ കൊള്ളി പുരക്ക് പുറത്ത്. ഓന്റെ പേരു പറഞ്ഞ് ബാക്കിയുള്ള കുട്ടികളെ കൂടി നീ ചീത്തയാക്കെണ്ട.. നിക്കങ്ങനെ ഒരു മോനില്ല” ഒരു ന്യായാധിപനെ പോലെ അച്ഛന്‍‍ അമ്മയോട് പ്രസ്താവിച്ചു. പിന്നീട് മോഹനേട്ടനെ പറ്റിയുള്ള സംസാരം വീട്ടില്‍ കുറവായിരുന്നു. മൂത്ത മകന്‍ വഴിതെറ്റിപോയതു കൊണ്ട് വളരെ കരുതലോടെയാണു‍ അച്ഛന്‍‍ ഞങ്ങളെ വളര്‍ത്തിയത്. അവന്‍‍ എടുത്ത ദുഃസ്വാതന്ത്ര്യത്തിന് ഞങ്ങളുടെ കുട്ടിക്കാലം ‍ കനത്ത വില നല്‍കേണ്ടി വന്നു.

വര്‍ഷത്തില്‍‍ ഒന്ന് രണ്ട് തവണയെങ്കിലും ചെമ്മീന്‍‍ എക്സ്പോര്‍ട്ടിന്റെ ആവശ്യത്തിന് എറണാകുളത്ത്‌ വന്നെന്ന വ്യാജേന പാത്തും പതുങ്ങിയും മോഹനേട്ടന്‍ അമ്മയെ കാണാൻ‍ എത്തുമായിരുന്നു. വന്നാൽ‍ അച്ഛന്റെ മുന്നില്‍ ഇറങ്ങില്ല. അച്ഛനും അങ്ങനെ ഒരാള്‍ വന്നതായേ ഭാവിക്കില്ല. വല്ലാത്ത ഒരു ദുര്‍വാശിയായിരുന്നു രണ്ട്പേര്‍ക്കും. ഇതിന്റെയിടയില്‍ പാവം അമ്മ ഒരു കണ്ണീര്‍പുഴപോലെ ഒഴുകി.


പക്ഷേ ഞങ്ങള്‍‍ കുട്ടികള്‍ക്ക്‌ ഏട്ടനെ വല്യ ഇഷ്ടമായിരുന്നു. നാടും നഗരവും ചുറ്റുന്ന ഹീറോ. അച്ഛനില്ലാത്ത സമയം നോക്കി ഞങ്ങള്‍ അവന്റെ അടുത്തു കൂടും. രജനീകാന്തിനെയും കമലഹാസനെയും പലപ്രാവശ്യം നേരിട്ട് കണ്ടിട്ടുണ്ടെത്രെ. മലയാളത്തിലെ പല നടീ നടന്മാരും ഏട്ടന്റെ അടുത്ത സുഹ്രുത്തുക്കളാണ്‌ പോലും. ഓരോ ഓരോ കഥകളും കേട്ട് ഞങ്ങളുടെ കണ്ണുകള്‍ മിഴിച്ച് മിഴിച്ച് വരും.


പിന്നീടെപ്പൊഴോ അവന്റെ നാട്ടിലേക്കുള്ള വരവുകള്‍‍ കുറഞ്ഞു. പിന്നെ പിന്നെ രാത്രി പലപ്പോഴായി കേള്‍ക്കുന്നഅമ്മയുടെ ദീര്‍ഘനിശ്വാസവും അച്ഛന്‍‍ കേള്‍ക്കാതെയുള്ള അമ്മയുടെ നേര്‍ത്ത കരച്ചിലുമായി മാറി ഞങ്ങള്‍ക്ക് മോഹനേട്ടൻ‍ .

വണ്ടിയിലും ലോറിയിലും ബസ്സിലുമൊക്കെ മാറി മാറി സഞ്ചരിച്ച് കാലത്ത് ആറ് മണി ആവുമ്പോഴേക്കും ഞങ്ങള്‍ സേലത്ത് എത്തിച്ചേര്‍ന്നു. വല്ലാത്ത ഒരു പൊടിക്കാറ്റ് അവിടങ്ങളിലൊക്കെ പാറി നടക്കുന്നുണ്ടായിരുന്നു. ഒരു വരണ്ട കാലാവസ്ഥ. തൊട്ടടുത്ത കോവിലില്‍ നിന്നു ഗോവിന്ദരാജിന്റെ ഓ മുരുഹാ…മുരുഹാ.. അലയടിച്ച് വരുന്നുണ്ട്. ആ ഗാനം എന്നില്‍‍ ഭക്തിയല്ല കൊണ്ടുവന്നത്. കനമുള്ള ഒരു കാര്‍മേഘകൂട്ടം നെഞ്ചിലേക്ക് ഉരുണ്ട്‌ കൂടിയതു പോലെ. കണ്ണീര്‍ കിനിഞ്ഞിറങ്ങി. എവിടെയാണ്‌ എന്റെ ഏട്ടന്‍‍ കിടക്കുന്നത്? മോർച്ചറിയിലോ ഈശ്വരാ.. ആ കാഴ്ച ഇപ്പോൾ കാണണമല്ലൊ! ഞങ്ങളെ റോഡരികില്‍ നിര്‍ത്തി നാണുവേട്ടൻ‍ ഒന്ന്‌ കറങ്ങി വന്നു പറഞ്ഞു.. "വാ ഒരു മലയാളീന്റെ ചായക്കടയുണ്ട് അങ്ങോട്ട് പോവ്വാ.." ഞങ്ങള്അനുസരിച്ചു.

‌ ‍

ഹോട്ടല്‍‍ സ്വാമി വിലാസം എന്ന് ഇംഗ്ലീഷില്‍‍ എഴുതി കെട്ടിതൂക്കിയ ബോര്‍ഡ്‌. ഒന്ന്‌ രണ്ട് നീളന്‍‍ ബെഞ്ച് നിരത്തിയിട്ട ഒരു കരിപിടിച്ച ചായക്കട. നാണുവേട്ടൻ‍ നാല്‌ ചായക്ക് ഓഡര്‍ നല്കി ‍ മുതലാളിയെ പരിചയപ്പെട്ടു. പാലക്കാട്ടുകാരൻ രാജൻ. പിന്നെ കൂടുതല്‍‍ വളച്ച്കെട്ടില്ലാതെ‌ കാര്യത്തിലേക്ക് കടന്നു. മോഹനേട്ടന്റെ പേരു പറയുമ്പോഴേക്കും അയാള്‍ക്ക്‌ ആളെ മനസിലായി. " നമ്മ മോഹണ്ണനാ.. തെരിയും തെരിയും. ഇതൊക്കെ അവരുടെ ഏരിയാ.." ആ പറഞ്ഞ "ഏരിയാ" എന്താണെന്ന്‌ ഞങ്ങള്‍ക്ക്‌ പിടികിട്ടിയില്ല. പിന്നീടുള്ള സംഭാഷണത്തില്‍‍ അത്‌ പുറത്തായി. മോഹനേട്ടന്‍‍ ആ ഏരിയായിലുള്ള ഒരു ദാദയാണ്‌ പോലും. ചെറിയ പരിഭ്രമത്തോടെ നാണുവേട്ടൻ‍ കൈയ്യിലുള്ള കത്ത്‌ അയാളെ ഏല്‍പ്പിച്ചു. കത്ത്‌ വായിക്കവെഅവിശ്വസനീയമായ എന്തോ പോലെ നെറ്റി ചുളിഞ്ഞ്‌ വരുന്നത്‌ ‌ കാണാമായിരുന്നു. പൊട്ടിച്ചിരിച്ച്‌ കൊണ്ടാണു വായന അവസാനിപ്പിച്ചത്‌. “ഇതു നിങ്ങളെ ആരോ പറ്റിച്ചതാ.. മോഹണ്ണന്‍‍ ഇന്നലെ വൈകീട്ടും ഇവിടെ വന്ന് ചായ കഴിച്ച് പോയതാ.”

‍ ‍‌‌

ഞങ്ങൾ നാലുപേരും മുഖത്തോട്‌ മുഖം നോക്കി. നാണുവേട്ടൻ ഞാന്‍ അപ്പൊഴേ പറഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ശരിവെച്ചു. മുതലാളി അകത്തേക്ക്‌ നോക്കി ഉച്ചത്തിൽ ഒരു നീട്ടിവിളി. "ഡൈ സെൽവം.." അകത്ത്നിന്ന്‌ ഉടുമ്പിനെ പോലത്തെ ഒരു അണ്ണൻകുട്ടി ഇറങ്ങിവന്നു‌. “ഡൈ നീ സീഗ്രം പോയി നമ്മ മോഹണ്ണനെ കൂപ്പിട്ട്വാ. ഇവങ്ങളൊക്കെ മോഹണ്ണ റിലാറ്റീവ്സ്‌..”ഞങ്ങളെ ബഹുമാനപുരസ്സരം നോക്കിയ ശേഷം ചെക്കന്‍ ഒരുസൂചിതുമ്പിയെ പോലുള്ള മൊപ്പഡിൽ ചാടിക്കയറി‍ പറന്നു പോയി. ഞങ്ങള്‍ക്ക്‌ ആകാംക്ഷ കൊണ്ട് ഒന്നും മിണ്ടാനായില്ല. ഇരിപ്പുറക്കുന്നില്ല. കുറച്ച് കഴിഞ്ഞ് ആ മോപ്പഡ് കടയുടെ മുന്നില്‍‍ വന്നു നിന്നു. ഞാന്‍ പിന്നിലിരിക്കുന്ന ആളെ സൂക്ഷിച്ച്‌ നോക്കി. ഒരപരിചിതന്‍‍.. മെലിഞ്ഞ ഒരു എല്ലിന്‍കൂട്‌. താടിയും മുടിയും തെങ്ങിന്റെ വേരിറങ്ങിയതുപോലെ. പക്ഷേ ചോര ചുവപ്പിച്ച കണ്ണുകളില്‍‍ ഒരു പരിചയം, രക്ത ബന്ധത്തിന്റെ എന്തോ ഒരു മിന്നലാട്ടം. ഞാന്‍‍ അടുത്തു പോയി കണ്ണിലേക്ക്‌ നോക്കി. അതെ.. മോഹനേട്ടന്‍!‍

‌ ‌ ‌‍‍

കാല്‍വെള്ളയില്‍‍ നിന്ന്‌ ഒരു തെരുപ്പ്‌ മുകളിലോട്ട്‌ കയറി തലയിലെത്തി ഒന്ന് മിന്നി. ഒരു നിമിഷം..! മരിച്ച്‌ പോയഏട്ടനെ ജീവനോടെ കണ്ടെത്തിയ സന്തോഷമോ സങ്കടമോ തോന്നിയില്ല. ഒരു മരവിപ്പ്‌..! ഇതായിരുന്നോ ഏട്ടന്‍‍? ഇതിന്‌ വേണ്ടിയായിരുന്നോ ഇത്രേടം വരെ വന്നത്‌? ചാരായത്തിന്റെ ഹാങ്ങ്ഓവറില്‍ മോഹനേട്ടന്റെ കാലുകള്‍‍ ഉറക്കുന്നില്ല. അണ്ണന്‍ചെക്കന്‍‍ താങ്ങി പിടിച്ചിട്ടുണ്ട്. കുറച്ച്‌ നേരം ഞങ്ങളെ നോക്കിയതിനു‌ ശേഷം ഏട്ടന്‍‍ ഒന്ന്‌ അമര്‍ത്തി കണ്ണടച്ചു തുറന്നു. ഞങ്ങളെ മനസിലായി എന്ന്‌ തോന്നുന്നു. നാണുവേട്ടന്‍‍ വന്ന കാര്യങ്ങള്‍പറഞ്ഞു. കത്ത് വായിക്കാന്‍‍ കൊടുത്തു. അത്‌ വായിച്ച ശേഷം കടക്കാരനോടായി, "രാജാ.. ഇത് അന്ത സെല്‍‌വനുടെ വേല… മ്മ് ..” എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ മോഹനേട്ടന്‍ തലയാട്ടി.

‍ ‍‍‍

പിന്നെ കുറേനേരം അവനെ നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. പ്രായമായ അച്ഛനും അമ്മയുംജലപാനമില്ലാതെ കണ്ണീരൊഴുക്കുന്നതിനെ പറ്റിയൊക്കെ പറഞ്ഞു. എല്ലാം കേട്ടിട്ടും മോഹനേട്ടന്റെ വിളറിയ മുഖത്ത്‌ ‌ഒരു വികാരവും കണ്ടില്ല. എല്ലാറ്റിനോടും "പിന്നേ വറാം" ‌എന്ന ഒറ്റവാക്കില്‍ പറഞ്ഞൊഴിഞ്ഞു. അവസാനം ഗത്യന്തരമില്ലാതെ ഇനി നീ ചത്താലും നാട്ടില്‍‍ നിന്ന്‌ ആരും വരില്ല എന്ന്‌ പറഞ്ഞ് പിരിയേണ്ടി വന്നു ഞങ്ങള്‍ക്ക്‌. വരാന്‍ നേരം മോഹനേട്ടന്‍‍ എന്റെ ചുമലില്‍‍ സ്നേഹപൂര്‍വ്വം കൈ വെച്ചു. ഞാന്‍ ആ തണുത്ത കൈ തട്ടികളഞ്ഞു. ചിരിച്ച് കൊണ്ട് “ഹൊ ഹൊ നിനക്കും തിമിറാ.." എന്ന് മോഹനേട്ടന്‍ പറഞ്ഞു. അത്രയ്ക്ക്‌ വേണ്ടിയിരുന്നില്ലെന്ന്‌ പിന്നീടെനിക്ക്‌ തോന്നി.

‌ ‌‍‌‌

പോയതു പോലെ തിരിച്ചും കിട്ടിയ വാഹനങ്ങളില്‍‍ തൂങ്ങിപിടിച്ച്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചു. എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക്‌ സന്തോഷമായി. "ന്റ മോന്‍‍ ജിവനോടെ ഇണ്ടല്ലോ മുത്തപ്പാ" അവന്റെ വിശേഷങ്ങള്‍‍ അമ്മ നിര്‍ത്താതെ ചോദിച്ചു. കളവ്‌ പറയാന്‍‍ സ്വതവെ മിടുക്കനായ എനിക്കു വാക്കുകള്‍ക്ക്‌ പഞ്ഞമുണ്ടായില്ല. പക്ഷേ അച്ഛന്‍‍ ഒന്നും ചോദിച്ചില്ല. അത്‌ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമായി. പിന്നീടങ്ങോട്ട്‌ അച്ഛന്‍‍ പുറത്തൊന്നും പോവാതായി. കൂടുതലൊന്നും സംസാരിക്കതെയായി. വല്ലതും പറയുന്നെങ്കില്‍‍ എന്നോട്‌ മാത്രം. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ ഒരു കുറ്റവാളിയേപ്പോലേ അച്ഛന്‍ മുറിക്കുള്ളില്‍‍ തന്നെ ദിവസങ്ങള്‍‍ തള്ളിനീക്കി.‌


‌‍‍‍

തീരെ വയ്യാതായപ്പോള്‍ അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. വീടും ആശുപത്രിയുമായി എന്റെ ദിവസങ്ങള്‍ ചുരുങ്ങി. എന്നെ കണ്ടില്ലെങ്കില്‍ അച്ഛന്‍‍ വല്ലാതെ അസ്വസ്ഥനാവുമായിരുന്നു. അതു കൊണ്ട് അച്ഛന്റെ അരികില്‍‍ നിന്ന്‌ ഞാന്‍‍ മാറിയില്ല. ദിവസങ്ങള്‍ പലതും പോയിമറഞ്ഞു. ഈ തിരക്കിനിടെ ഞങ്ങള്‍ മോഹനേട്ടനെ മുഴുവനായും മറന്ന്‌ പോയിരുന്നു. മഴപെയ്ത്‌ തോര്‍ന്ന്‌ മാനം തെളിഞ്ഞ ഒരു കര്‍ക്കിടക സന്ധ്യയ്ക്ക് അച്ഛന്‍‌ മോഹനേട്ടനെപറ്റി എന്തോ അവ്യക്തമായി ചോദിച്ചു. നിമിഷങ്ങള്‍ കൊണ്ട്‌ അതൊരു തേങ്ങലായി. പിന്നെ എന്റെ മടിയില്‍‍ കിടന്ന്‌ എന്നെന്നേക്കുമായി ‌ വിടപറഞ്ഞു.

‍ ‌‍‍‌

പതിനാറാം നാള്‍ ചടങ്ങുകളൊക്കെ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കടയുടെ താക്കോല്‍‍ അമ്മ ഏല്‍പ്പിച്ചു. അപ്പോള്‍‍ അമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അച്ഛനെ മനസില്‍‍ ധ്യാനിച്ച്‌ താക്കോല്‍‍ വാങ്ങി ഞാന്‍‍ മുറ്റത്തേക്കിറങ്ങി. അലക്ക്‌ കല്ലിമ്മേലില്‍‌ ഒരു ബലിക്കാക്ക അലമുറയിട്ട്‌ കരയുന്നു. അതു കേട്ട് അകത്ത് നിന്ന്‌ അമ്മ വിളിച്ച് പറഞ്ഞു. "അയിന എറിഞ്ഞ്‌ പായിക്കെടാ ദുരിതം തീര്‍ന്നില്ലേ മുത്തപ്പാ..”

‌ ‍

ഞാന്‍‍ കടയിലെത്തി പൂട്ട് തുറന്ന് ആദ്യത്തെ നിരപ്പലക മാറ്റിവെച്ചു. പെട്ടെന്ന്‌ നിരപലകള്‍ക്കിടയില്‍‍ നിന്ന് കുറേ ദിവസമായി കാത്തിരിക്കുന്നത്‌ പോലെ ഒരു നീല ഇന്‍ലാന്‍ഡ് എന്റെ കാലിലേക്ക്‌ ചാടി വീണു. ഞാനത് പൊട്ടിച്ച്‌ വായിച്ചു. ഉള്ളടക്കം ഇതായിരുന്നു. “മോഹണ്ണന്‍ മരിച്ച് പോയി.. ഒരു ഏക്സിഡന്റ് ആയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. കുറച്ചു ദിവസം മോര്‍ച്ചറിയില്‍‍ വച്ചു. പിന്നെ ഇവിടെ തന്നെ മറവ്‌ ചെയ്തു…എന്ന്‌ രാജന്‍ ‍" നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ ഞാന്‍ കത്തിലെ ദിവസങ്ങള്‍ കൂട്ടിനോക്കി…


അച്ഛനും മോഹനേട്ടനും ഒരേ ദിവസമാണ്‌‌ മരിച്ചത്‌.. ആരായിരുന്നു ആദ്യം...! മരണത്തില്‍‍ ആര് അരെയാണു തോല്‍പ്പിച്ചത്‌? ആരുടെ വാശിയാണ്‌ വിജയിച്ചത്‌!
‌............................................................

(ഇതൊരു അനുഭവമല്ല, കഥ മാത്രമാണ്‌.)

Tuesday, February 16, 2010

തുള്ളിമരുന്ന്

ഒന്നര വര്‍ഷത്തിന്നിടയ്ക്ക് മൂന്നാമത്തെ തവണ ദിവാകരന്‍ ദൂഫായില്‍ നിന്നും വന്ന് നേരെ പോയത് മൊയ്ദീന്‍ ബാഷയുടെ യൂനാനി ക്ലിനിക്കിലേക്കായിരുന്നു. ദിവാകരനും മൊയ്ദീന്‍ ബാഷയും അത്രയ്ക്ക് ക്ലോസാണെന്നു കരുതണ്ട. ദിവാകരനും പൈല്‍സുമാണ്‌ ക്ലോസ് ഫ്രന്റ്സ്. കന്നിമൂലയിലെ പ്രോബ്ലം കൊണ്ട് ദിവാകരന്‍ കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ഒരു പാട് മരുന്നുകള്‍ കഴിച്ചു. ബട്ട്, നോ ചെയ്ഞ്ച്. നാട്ടില്‍ നിന്ന്‌ ചികിത്സിക്കുമ്പോള്‍ മാറ്റമുണ്ടാവും. പക്ഷേ ഗള്‍ഫിലെത്തി കുറച്ച് കഴിഞ്ഞാല് ആസ്സ് ആസ് യൂഷ്വല്‍ ആവും. അതു കൊണ്ട് ഇടയ്ക്കിടയ്ക്ക് ലീവെടുത്ത് നാട്ടിലേക്ക് വരേണ്ടി വരും.
വല്ല പ്രഷറോ, അറ്റാക്കോ, ഷുഗറോ എന്തിന്‌ എച്ച്.ഐ.വി. ആണെങ്കില്‍ തന്നെ നാലാളോട് പറയാനൊരു ഗമയൊക്കെ ഉണ്ടായിരുന്നു. കോയന്‍ ബോക്സിന്റെ കാര്യമായത് കൊണ്ട് ആളുകളോട് പറയാനും മടി. അസുഖം കാരണം കല്യാണം കഴിക്കാന്‍ പോലും താല്‍പര്യമില്ലെന്നായി.

കാര്യം ദിവാകരനും അറബിയും തമ്മില്‍ ഷക്കീല പടവും ഹൌസ്ഫുള്‍ ബോര്‍ഡും പോലെ ക്ലോസ്സ് റിലേഷനാണെങ്കിലും, ലീവ് തരുമ്പോള്‍ അങ്ങേരുടെ മുഖത്തിനിത്തിരി ഗ്ലാമര്‍ കുറവായിരുന്നെന്ന്‌ ദിവാകരനു തോന്നി. അതു കൊണ്ട് ഇനിയും ലീവെടുത്താല്‍ പിന്നെ ചിലപ്പോ അങ്ങോട്ട് പോകേണ്ടി വരില്ല. സോ, അണ്ടര്‍ഗ്രൌണ്ട് പ്രോബ്ലം ഈസ് ടെറിബിള്‍.

പക്ഷേ ബാഷയുടെ യൂനാനി ചികിത്സ ഒരാഴ്ച നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല. ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’ പോലെ തന്നെ മോണിങ്ങ് സെഷന്‍.

അങ്ങനെ ദിവാകരന്‍ ആകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോഴാണ്‌ ഒരു ദിവസം വൈകിട്ട് ടൌണില്‍ വെച്ച് പഴയൊരു പരിചയക്കാരനായ മാധവനെ കണ്ടത്. കണ്ടയുടനെ മാധവന്‍ ഗള്‍ഫുകാരോടുള്ള പെര്‍മനെന്റ് ത്രീ ക്വസ്റ്റ്യന്‍സ് ചോദിച്ചു.

"എപ്പോഴാ വന്നത്..?"
"എപ്പോഴാ പോണ്ടേ?"
"നമ്മക്കൊന്ന് കൂടണ്ടേ.?"

എല്ലാ ഗള്‍ഫ്കാരേയും പോലെ തറവാടിയായത് കൊണ്ട് തേഡ് ക്വസ്റ്റ്യന്‌ ദിവാകരനും എഗ്രീ ചെയ്തു. അമ്മയെ തല്ലട്ടെ എന്ന് ചോദിച്ചാല്‍ പോലും ഒരു പാട് അഭിപ്രായങ്ങളുള്ള നാട്ടില്‍ ഇതിനു മാത്രം ഒരൊറ്റ ആന്‍സ്വറല്ലേയുള്ളു. സോ, രണ്ട് പേരും അടുത്തുള്ള ബാറിലേക്ക് ഗമിച്ചു. താഴെയുള്ള കൌണ്ടറില്‍ നിന്ന് സ്റ്റാന്റിങ്ങ് അടിച്ചാ പോരേ എന്ന് ദിവാകരന്‍ ചോദിച്ചെങ്കിലും ഹേയ് അതൊക്കെ ലോക്കല്‍സിന്റേതാണെന്ന് മാധവന്‍ പറഞ്ഞു. (മൂപ്പര്‍ എന്നും അവിടെന്നാണ്‌ അടിക്കുന്നത്. പക്ഷേ അന്യന്റെ ചെലവില്‍ അടിക്കുമ്പോ അന്തസ്സായി അടിക്കണമെന്നല്ലേ.)

ദിവാകരന്‍ രണ്ടെണ്ണം അടിക്കുമ്പോഴേക്കും മാധവന്‍ നാലെണ്ണത്തിന് അകത്തേക്ക് എന്ട്രി കൊടുത്തിരുന്നു. സാധനം വര്‍ക്ക് തുടങ്ങിയപ്പോള്‍ ദിവാകരന്‍ തന്റെ അധോമണ്ഡല പ്രശ്നത്തെപ്പറ്റി പറഞ്ഞു. അപ്പോള്‍ മാധവന്‍ തനിക്ക് പരിചയമുള്ള ഒരു നാട്ടു വൈദ്യനുണ്ടെന്നും അയാളീ കേസില്‍ സ്പെഷ്യലൈസ്ഡാണെന്നും പറഞ്ഞു. പുള്ളിക്ക് ചികിത്സിച്ച ആളുകളുടെ മുഖം കണ്ടാല്‍ ചിലപ്പോള്‍ മനസ്സിലാവില്ല. പക്ഷേ, ദുരന്ത സ്ഥലം കണ്ടാല്‍ ഇന്നയാള്‌ ആണെന്നു പറയും. അത്രയ്ക്ക് എക്സ്പര്‍ട്ടാണ്‌.
എന്നാല്‍ സൂണര്‍ ദി ബെറ്റര്‍, എന്ന് പറഞ്ഞു ദിവാകരന്‍ വൈദ്യരെ കാണാന്‍ പോയി. മാധവന്‍ ഇന്നത്തെ വാട്ടറിങ്ങ് കുശാലായി നാളെയും വല്ല ദിര്‍ഹംവാലയെ കൊണ്ട് തരണേ എന്നു പ്രാര്‍ത്ഥിച്ച് വീട്ടിലേക്ക് പോയി.

രണ്ട് പേരും പിന്നെ കണ്ടത് ഒരാഴ്ച കഴിഞ്ഞാണ്‌. വൈദ്യനെ കാണിച്ചിട്ടെന്തുണ്ട് എന്ന് മാധവന്‍ ചോദിച്ചു. ദിവാകരന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു.

"എന്റെ മാധവേട്ടാ.. നിങ്ങളെ അന്ന് കണ്ടത് കൊണ്ട് രക്ഷപ്പെട്ടു. ആ വൈദ്യന്‍ ഭയങ്കര കൈപ്പുണ്ണ്യമുള്ള ആളാണ്‌ കേട്ടൊ.. മൂപ്പര്‍ ഒരു കൊഴലീന്ന് എന്തോ തുള്ളിമരുന്ന് നാലഞ്ച്ച് തുള്ളി അതിന്റെ ഉള്ളില്‍ ഉറ്റിച്ചിന്‌..! എന്റെ ദൈവമേ..! വേദന കൊണ്ട് ഒരു വിധമായിപ്പോയി. നിക്കാനും ഇരിക്കാനും വയ്യാരുന്നു കുറേ സമയം.. സൂക്കേട് മുഴുവനായും മാറി.. ഞാന്‍ ഈയാഴ്ച തന്നെ ഗള്‍ഫിലേക്ക് തിരിച്ച് പോകുവാണ്‌.”

ശേഷം രണ്ടു പേരും പിരിഞ്ഞു. പിറ്റേ ദിവസം മാധവന്‍ വൈദ്യരെ കണ്ടു. ദിവാകരന്റെ അസുഖം മാറിയെന്ന് പറയാന്‍ തുടങ്ങുന്നതിനു മുമ്പായി വൈദ്യര്‍ ഇങ്ങോട്ട് കയറി പറയാന്‍ തുടങ്ങി.

"അല്ല, മാധവാ നീ അയച്ച ആളില്ലേ.. ഓനെന്ത് ചങ്ങായി ആണ്‌..? ഞാന്‍ ഓനെ പരിശോധിക്കാന്‍ തൊടങ്ങുമ്പോ കറന്റ് പോയി. പിന്നെ ഞാനൊരു മെഴുകുതിരി കത്തിച്ച് ആട നോക്കുമ്പോ ആ ചങ്ങായി പേടിച്ചോടിക്കളഞ്ഞു..."

മാധവൻ ഫാന്റം ഗുഹ പോലെ വായ പൊളിച്ച് നിന്നു.

Monday, February 8, 2010

സ്വപ്നം പോലെ, ഡയാന സാന്ദ്ര...



ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം മെയില്‍ ചെക്ക് ചെയ്യുമ്പോഴാണ്‌ ചാറ്റ് ബോക്സില്‍ പച്ചയില്‍ ഡയാന സാന്ദ്ര എന്ന പേരു കണ്ടത്. മുന്‍പ് പരിചയമില്ലാത്തൊരു പേരായിരുന്നു അത്. പതിവ് പോലെ ഒരു ഹലോ ടൈപ്പി കൊടുത്തു. റബ്ബര്‍ പന്ത് ചുമരിനെറിഞ്ഞ പോലെ തിരിച്ചുമൊരു ഹായ് പറന്നു വന്നു. ഒരു ചാറ്റ് ജീവിയുടെ പതിവ് ചോദ്യങ്ങളുമായി "ഹൌ ആര്‍യു?, വാട്ട് ആര്‍യു ഡുയിങ്ങ്? വേര്‍ ആര്‍ യു?" എന്നൊക്കെ അടിച്ചു കൊടുത്തു. അതിനൊക്കെ കൃത്യമായ മറുപടിയും കിട്ടി. അവള്‍‌ മലയാളിയാണ്‌. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍. കോഴിക്കോടാണ്‌ സ്വന്തം സ്ഥലം. അച്ഛനും അമ്മയും നാട്ടില്‍ കോളേജ് ലക്ചര്‍മാര്‍. ഒരേയൊരു മകള്‍.

ഞങ്ങള്‍ കുറേ സമയം ചാറ്റ് ചെയ്തു. അതിന്നിടയില്‍ ഇംഗ്ലീഷ് ഉപേക്ഷിച്ച് മംഗ്ലീഷിലേക്ക് മാറി. വായിച്ച പുസ്തകങ്ങളെപ്പറ്റിയും, സിനിമകളെപ്പറ്റിയും സംസാരിച്ചപ്പോള്‍ ഇഷ്ടങ്ങളൊക്കെ ഒന്നായിരുന്നു. സ്നേഹമോ കടുത്ത സൗഹൃദമോ വിവരിക്കാനറിയാത്ത എന്തോ ഒന്ന് ഞങ്ങളില്‍ നിറഞ്ഞ് കൊണ്ടിരുന്നു. ദിവസവും മണിക്കൂറോളം ചാറ്റ് ചെയ്യാന്‍ തുടങ്ങി. പരസ്പരം ഷെയര്‍ ചെയ്യാത്തതായി ഒരു കാര്യവുമില്ലെന്നായി.

ടെസ്റ്റ് ക്രിക്കറ്റ് പോലത്തെ ഓഫീസ് സമയങ്ങള്‍ ഡയാനയുടെ വരവോട് കൂടി ട്വെന്റി ട്വെന്റി പോലെ ആസ്വാദ്യമായി.

പക്ഷേ എത്ര തവണ പറഞ്ഞിട്ടും അവളുടെ ഫോണ്‍ നമ്പര്‍ തരികയോ, എന്റേത് കൊടുത്തിട്ടും തിരിച്ച് വിളിക്കുകയോ ചെയ്തില്ല. അതു മാത്രം എന്നെ വിഷമിപ്പിച്ചിരുന്നുവെങ്കിലും അവളുടെ സാന്നിദ്ധ്യം ജീവവായു പോലെ എന്നെ മോഹിപ്പിച്ചത് കൊണ്ട് നിര്‍ബ്ബന്ധിച്ചില്ല. പ്രൊഫൈലിലാണെങ്കില്‍ ഫോട്ടൊയും ഉണ്ടായിരുന്നില്ല. അവളെങ്ങനെ ആയിരിക്കുമെന്നതിനെപ്പറ്റി യാതൊരു ഊഹവുമെനിക്കില്ലായിരുന്നു.

പക്ഷേ, തികച്ചും അപ്രതീക്ഷിതമായി കഴിഞ്ഞ ഡിസംബറിലൊരു ദിവസം ഉച്ച കഴിഞ്ഞ സമയത്ത് ഡയാനയുടെ മധുരസ്വരം എന്നെ തേടിയെത്തി.

"ഹെലോ... ഞാന്‍ സാന്ദ്രയാ‍.. ഇപ്പോ നിങ്ങളുടെ ടൌണിലുണ്ട്.."
അത്ഭുതം കൊണ്ട് എനിക്ക് പെട്ടെന്നൊന്നും പറയാനായില്ല.
"എവിടെ..? എന്താ ഒന്നും പറയാതെ പെട്ടെന്ന്‌.."
"അതൊരു സസ്പെന്‍സായിരിക്കട്ടെയെന്ന്‌ വിചാരിച്ചു... ഞാനിപ്പോ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിന്റെയടുത്തുണ്ട്.."
"എന്നാ ഞാന്‍ അങ്ങോട്ട് വരാം. അവിടെ നില്‍ക്കു.. "
ശരിയെന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വെച്ചു.

ഞാന്‍ ആകെ ടെന്‍ഷനിലായി. ആദ്യമായി കാണുന്നതിന്റെ ഒരു പരിഭ്രമവും വിറയലും കൂടപ്പിറപ്പായ അപകര്‍ഷതാ ബോധവും. ആഫീസിലാണെങ്കില്‍ നല്ല തിരക്കാണ്‌.  ആരെങ്കിലും സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുകയാണെന്നു പറഞ്ഞാലേ രക്ഷപ്പെടാന്‍ പറ്റൂ. ഞാന്‍ സാറിന്റെ ക്യാബിനിലെത്തി.

"സാര്‍, എനിക്കൊന്ന് കുറച്ച് സമയത്തേക്ക് പുറത്ത് പോണം.."
"അയ്യോ.. ഇപ്പോഴോ.. എന്താ പ്രശ്നം..?"
"അത്... ഒരു സുഹൃത്ത് സുഖമില്ലാതെ ആശുപത്രിയിലാണ്‌.."
"ഏത് സുഹൃത്ത്...?" ആവശ്യമില്ലാത്ത ചോദ്യം ചോദിച്ച് സമയം കളയുന്നത് മൂപ്പരുടെ സ്ഥിരം പരിപാടിയാണ്‌.
"ഞാന്‍ വരുന്ന ബസ്സിലെ ക്ലീനര്‍ കുട്ടന്‌ ആക്സിഡന്റായി ആശുപത്രിയിലാണ്‌. സീരിയസ്സാണ്‌. ഞാന്‍ പോയി കണ്ടിട്ട് വേഗം വരാം.."

ആശുപത്രി കേസ്സായത് കൊണ്ട് മൂപ്പര്‍ പിന്നെ അധികം പറയാന്‍ നിന്നില്ല. ഔട്പാസ്സ് ഒപ്പിട്ട് തന്നു. ഞാന്‍ അതു സെക്യൂരിറ്റിയില്‍ കൊടുത്ത് പഞ്ചിങ്ങ് മെഷീന്‌ വിരല്‍ കൊണ്ടൊരുമ്മ കൊടുത്ത് ബസ്സ് സ്റ്റോപ്പിലേക്ക് വിട്ടു.

അവളെ കാണാന്‍ എങ്ങനെയായിരിക്കുമെന്നോര്‍ത്ത് എന്റെ ദേഹമാസകലം വിറക്കാന്‍ തുടങ്ങി. എന്നെ അവള്‍ക്ക് ഇഷ്ടപ്പെടുമോ ആവോ..? പത്ത് കൊല്ലം മുമ്പുള്ള പടമാണല്ലോ പ്രൊഫൈലില്‍. ഇന്നത്തെ എന്നെയും അതും കണ്ടാല്‍ അധികം വ്യത്യാസമൊന്നും തോന്നില്ല, ഒരു അകന്ന ബന്ധുവാണെന്നെങ്കിലും തോന്നിയേക്കും.

ടെന്‍ഷനടിച്ച് ഞാന്‍ ബസ് സ്റ്റാന്‍റ്റ് കവാടത്തിലെ പൂത്ത് നില്‍ക്കുന്ന മരത്തിന്റെ കീഴില്‍ നിന്നു. അനേകം പെണ്‍കുട്ടികള്‍ മുന്നിലൂടെ പോയ്ക്കൊണ്ടിരുന്നു. പെട്ടെന്ന് തൊട്ടടുത്ത് നിന്നും ഹെലോ എന്നോരു ശബ്ദം കേട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. അതി സുന്ദരിയായ ഒരു യുവതി ചിരിച്ച് കൊണ്ട് നില്‍ക്കുന്നു. ഏതെങ്കിലും ഓഫീസിനെപ്പറ്റിയോ മറ്റോ അന്വേഷിക്കാന്‍ വന്നതായിരിക്കും. "എന്താ...?" ഞാന്‍ താല്‍പ്പര്യമില്ലാതെ ചോദിച്ചു.

"മനസ്സിലായില്ലേ.....? ഞാനാ മാഷേ, സാന്ദ്ര..."

ആയിരം അമിട്ടുകള്‍ തലയില്‍ പൊട്ടി വിരിഞ്ഞു. സകല പ്രതീക്ഷകള്‍ക്കുമപ്പുറത്തെ ബ്യൂട്ടിയായിരുന്നു അവള്‍. വെളുത്ത് വട്ട മുഖം, ചന്ദനപൊട്ട്, കരിമഷിയെഴുതിയ വലിയ വിടര്‍ന്ന കണ്ണുകള്‍. മഞ്ഞ ചുരിദാറും ടോപ്പും, ഇളം മഞ്ഞ നിറമുള്ള നേരിയ ഷാള്‍ പിന്‍ ചെയ്യാതെ അലസം നെഞ്ചിലൂടെ ഇട്ടിരിക്കുന്നു. കൈയ്യിലൊരു പൊളിതീന്‍ കവറും ചെറിയൊരു വാനിറ്റി ബാഗും. നനുത്ത രോമരാജികളിടതൂര്‍ന്ന കൈകള്‍ക്കാണോ പൊന്‍വളകള്‍ക്കാണോ കൂടുതല്‍ തിളക്കം! വാക്കുകള്‍‌ക്കും വര്‍ണ്ണനകള്‍ക്കുമതീതമായൊരു സൌന്ദര്യം.

ഞാനൊന്നും പറയാതെ അന്തം വിട്ട് നിന്നു. ഭ്രാന്തന്‍ ചിന്തകളില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. "ഒരു കാപ്പി കഴിച്ചാലോ..?" അവളു ചോദിച്ചു. തലകുലുക്കി സമ്മതിച്ച് മുന്നിലുള്ള കോംപ്ലക്സിലേക്ക് മന്ദബുദ്ധിയെ പോലെ ഞാന്‍ നടന്നു. കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടില്ല. നല്ലൊരു ഷര്‍‌ട്ടും പാന്റ്സും, ഷൂ പോലുമിടാതെ വന്നതില്‍ ഞാനെന്നെ തന്നെ ശപിച്ചു.

ഞങ്ങള്‍ കോഫി ഷോപ്പിലെത്തി. ഒരു മേശയ്ക്ക് ചുറ്റും കുറെ ചെറുപ്പക്കാര്‍ ഇരുന്ന് സംസാരിക്കുന്നു. മയിലിന്റെ കൂടെ ചിമ്പാന്‍സിയെപ്പോലെ ഒരുത്തന്‍ വരുന്നത് കണ്ടാവണം അവര്‍ തുറിച്ച് നോക്കാന്‍ തുടങ്ങി. അവള്‍ റോഡിന്നഭിമുഖമായിട്ട ചെയറിലിരുന്നു. ഞാനുമവളുടെ തൊട്ടടുത്തിരുന്നു. എനിക്കൊന്നും പറയാന്‍ തോന്നിയില്ല. രണ്ട് കാപ്പി വന്നു. ഞാന്‍ വെറുതെ ബസ്സ് ടിക്കറ്റും തിരുമ്മിയിരുന്നു. അവള്‍ കോഫി കപ്പെടുത്ത് ചൂടാറ്റിക്കൊണ്ടിരുന്നു.

പെട്ടെന്ന് ഷോപ്പിന്റെ വാതില്‍ തുറക്കുന്നത് കണ്ട് ഞാനങ്ങോട്ട് നോക്കി. കയറി വരുന്നയാളെ കണ്ട് ഞാന്‍ ഞെട്ടി. അതു കുട്ടനായിരുന്നു..! ഒരു കാവി മുണ്ടും മാടിക്കുത്തി വാതില്‍ തുറന്ന്‌ പിടിച്ച് പുറത്ത് നിന്നും ആരെയോ വിളിക്കുകയാണ്‌. മിക്കവാറും അത് നാട്ടിലുള്ള ഏതൊ കച്ചറ ടീമായിരിക്കും... എന്നെ ഇവിടെ വെച്ച് കണ്ടാല്‍ അതു മതി പിന്നെ അവന്‍മാര്‍ക്ക്. ഞാന്‍ പെട്ടെന്ന്‌ ബസ്സ് ടിക്കറ്റ് താഴെ ഇട്ട് അതെടുക്കാനെന്ന പോലെ കുനിഞ്ഞു. കുട്ടന്റെ കൂടെ കയറി വന്നത് സ്കൂള്‍ യൂനിഫോമിട്ട ഒരു പെണ്‍കുട്ടിയായിരുന്നു. അവന്‍ കൂളായി വന്ന്‌ ഞങ്ങളേയും കടന്ന്‌ മൂലയിലുള്ള ഒരു ഏണിപ്പടിയിലൂടെ മുകളിലേക്ക് കയറിപ്പോയി. മുകളില്‍ മുറിയുള്ളത് എനിക്കറിയില്ലായിരുന്നു.

"എന്താ ഒരു പരിഭ്രമം? ചാറ്റ് ചെയ്യുന്നത് പോലെയൊന്നുമല്ലല്ലോ നേരില്‍ കാണുമ്പോള്?" ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അവള്‍ ചോദിച്ചു.

"ആ പോയവന്‍ എന്റെ നാട്ടിലുള്ളതാ.. അവന്‍ ഐ.സി.യു.വിലാണെന്ന് പറഞ്ഞാ ഓഫീസിന്ന് ഇറങ്ങിയത്..." ഞാനൊരു ചമ്മലോടെ പറഞ്ഞു.
അത് കേട്ട് ഐസ് കട്ട പൊട്ടിച്ചിതറുന്നത് പോലെ അവള്‍ പൊട്ടിപൊട്ടിച്ചിരിച്ചു. പിന്നെ പറഞ്ഞു. “കൂട്ടുകാരന്‍ ഇവിടെ സ്ഥിരമാണെന്നു തോന്നുന്നു.. നല്ല എക്സ്പീരിയന്‍സ്.."

അതെയെന്ന് ഞാനും മൂളി. കാപ്പി കുടിച്ച് ഞങ്ങള്‍ പുറത്തിറങ്ങി. "തിരക്കുണ്ടോ.. ബീച്ചില്‍ പോയാലോ..?" ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു.

"ഇന്നു വേണ്ട.. അര മണിക്കൂര്‍ കൂടിയേ ഉള്ളൂ ട്രെയിനിന്‌.. നമുക്ക് നടക്കാം. സ്റ്റേഷനിലെത്തും വരെ സംസാരിക്കാമല്ലോ.."
"എന്താ നേരെയുള്ള കസേരയില്‍ ഇരിക്കാതിരുന്നത്..?" അവള്‍ ചോദിച്ചു. "ഒന്നുമില്ല.." അവളത് പറഞ്ഞപ്പോഴാണ്‌ ഞാനതേപറ്റി ആലോചിച്ചത് തന്നെ. പരിഭ്രമത്തില്‍ അവള്‍ക്കഭിമുഖമായി ഇരിക്കാന്‍ മറന്നു പോയിരുന്നു.

ടൈലുകളൊട്ടിച്ച് മോടി പിടിപ്പിച്ച ഫുട്പാത്തിലൂടെ ഞങ്ങള് നടന്നു. വഴിയിലുടനീളം മഞ്ഞപ്പൂക്കള്‍ വീണു കിടന്നിരുന്നു. അവളല്‍പ്പം മുന്നിലായിരുന്നു. ഞാന്‍ അവളുടെ മൃദുലമായ പാദങ്ങള്‍ നിലത്തമര്‍ന്ന് ചെമക്കുന്നതും പിന്നെ വെളുക്കുന്നതും നോക്കി നടന്നു. അവള്‍ തിരിഞ്ഞ് എന്താ ഒന്നും പറയാത്തെ എന്നു ചോദിച്ചു.

ഞാന്‍ എന്താ കഴിക്കുന്നത്.. എത്ര മണിക്കാ ഉറങ്ങുന്നത്.. എന്നിങ്ങനെയുള്ള വലിയ വലിയ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അവള്‌ കൈയ്യിലെ പ്ലാസ്റ്റിക്ക് പാക്കറ്റ് നെഞ്ചോടടുക്കിപ്പിടിച്ച് ചെറു ചിരിയോടെ അതിനു മറുപടി പറഞ്ഞു. ഇത്രയും സുന്ദരിയുടെ കൂടെ നടക്കുന്നത് തന്നെ ഒരു അനുഭവമാണ്. ആഫീസിലുള്ള വല്ലവനും ഞങ്ങളെ കണ്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. പരിചയമുണ്ടെന്ന് തോന്നിയ ഒരു മുഖം എതിരെ വരുമ്പോഴൊക്കെ ഞാന്‍ വളരെ അടുത്ത സുഹൃത്തിനെ പോലെ മുപ്പതിനാലും പുറത്താക്കി ചിരിച്ചു.

പോലീസ് മൈതാനത്തിന്റെയടുത്ത് സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് തിരിയുന്ന സ്ഥലത്ത് കുപ്പിവളകളും മറ്റും‌ വില്‍ക്കുന്ന ഒരു ചെറിയ വഴിവാണിഭക്കടയുണ്ടായിരുന്നു. അവളത് കണ്ടപ്പോള്‍ നിന്നു. കുപ്പിവള വേണോ എന്ന് ഞാന്‍ ചോദിച്ചു. അവളൊന്നും പറയാതെ ചിരിച്ച് നിന്നു. ഞാനയാളോട് കുപ്പി വളകളെടുക്കാന്‍ പറഞ്ഞു. അവള്‍ കൈയ്യിലെ സ്വര്‍ണ്ണവളയൂരി ബാഗിലിട്ട് രണ്ട് കൈകളും അയാള്‍ക്ക് നേരെ നീട്ടിപ്പിടിച്ചു. താമരത്തണ്ട് പോലെയുള്ള ആ കൈകളിലയാള്‍ രണ്ട് സെറ്റ് വളകളിട്ടു കൊടുത്തു. അതിനെ വെറുതെ ഇടയ്ക്കിടയ്ക്ക് കിലുക്കി ശബ്ദം കേള്‍പ്പിച്ച് അവള്‍ നടന്നു.

സ്റ്റേഷനിലേക്കുള്ള ചെറിയ റോഡും കഴിഞ്ഞ് ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലേക്കുള്ള ഫ്ലൈഓവറിലേക്ക് കയറി. ട്രെയിന്‍ വരാന്‍ ഇനിയും സമയമുണ്ട്. ഞങ്ങള്‍ ഫ്ലൈ ഓവറില്‍ തന്നെ നിന്നു. ട്രെയിനുകളില്‍ നിന്നും അരിച്ചാക്ക് പൊട്ടിച്ചിതറിയ പോലെ ആളുകള്‍ പുറത്തേക്കിറങ്ങി പോകുന്നതും, ട്രെയിനുകള്‍ ചാണക പുഴുക്കളെ പോലെ പതുക്കെ നിരങ്ങി നീങ്ങുന്നതും കാണാമായിരുന്നു. ഞങ്ങളുടെ പിറകിലൂടെ ആളുകള്‍ ധൃതിപിടിച്ച് പോയ്ക്കൊണ്ടിരുന്നു. അവളെന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു. ഞാന്‍ അവളുടെ മുഖ ഭാവങ്ങള്‍ നോക്കി ഒന്നും പറയാതെ നിന്നു. നീണ്ട് നേരിയ മുടിയിഴകള്‍ കാറ്റില്‍ എന്റെ മുഖത്തേക്ക് തഴുകി വീണപ്പോള്‍ മയില്‍പ്പീലികൊണ്ടുഴിഞ്ഞ പോലെ തോന്നി. അതില്‍ നിന്നുമുയര്‍ന്ന പെര്‍ഫ്യൂമിന്റെ ഹൃദ്യമായ സുഗന്ധം എന്നെ ഏതോ മായിക ലോകത്തേക്കുയര്‍ത്തി. ഞാനൊന്നും പറയാത്തത് കണ്ട് അവള്‍ പെട്ടെന്ന് നിര്‍ത്തി എന്നെ നോക്കി. എന്റെ നോട്ടം കണ്ട് അവള്‍ നാണിച്ചു മുഖം കുനിച്ചു. നിശബ്ധമായ തടാകത്തിലൊരു ഇല വീണത് പോലെ ചേതോഹരമാമൊരു നുണക്കുഴി അപ്പോള്‍ ആ കപോലങ്ങളില്‍ മൊട്ടിട്ടു.

ഫ്ലൈ ഓവറിന്റെ ഇരുമ്പ് കൈവരികളില്‍ തൊട്ട് നില്‍ക്കുന്ന മാന്തളിര്‍ പോലത്തെ ആ കൈകളിലൊന്ന് തൊടാന്‍ ഞാന്‍ മോഹിച്ചു. "അയ്യോ,, ട്രെയിന്‍ വന്നു.." എന്ന് അവള്‍ വിഷമത്തോടെ പറഞ്ഞു. അവള്‍ പോകുകയാണെന്നതെന്നെ വിഷമിപ്പിച്ചു. ഉള്ളില്‍ സങ്കടത്തിരകള്‍ ഇരമ്പാന്‍ തുടങ്ങി. ഞാന്‍ ഒന്നും പറയാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പോള്‍ കൈയ്യിലുണ്ടായിരുന്ന പാക്കറ്റ് അവളെനിക്ക് നേരെ നീട്ടി.

"എന്താ ഇത്..?" ഞാന്‍ ചോദിച്ചു.
"ഇന്നു ധനുമാസത്തിലെ തിരുവാതിരയല്ലേ..? നിന്റെ ജന്‍മദിനം..?" ഒരു കുസൃതിച്ചിരിയോടെ അവളെന്നെ വീണ്ടും വിസ്മയിപ്പിച്ചു. ആശംസാ വാക്കുകളുടെ കൂടെ ജീവിതത്തിലെ ആദ്യ ജന്‍മദിന സമ്മാനം അവളെനിക്ക് തന്നപ്പോള്‍ എന്തിനോ കണ്ണ്‌ നിറഞ്ഞ് പോയി…

വ്യര്‍ഥ ജീവിതത്തില്‍ ഇങ്ങനെയൊരു സുന്ദര മുഹൂര്‍ത്തം ഒരുക്കി വെച്ചത് ഏത് പൂര്‍വ്വജന്‍മപുണ്യമായിരുന്നു..!

പിന്നെ ഒന്നും മിണ്ടാതെ ഞങ്ങള്‍ തോളുരുമ്മി പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിന്‍ വിടാറായിരുന്നു. സജലങ്ങളായ മിഴികളോടെ അവള്‍ വണ്ടിയില്‍ കയറി. ട്രെയിന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങി. ട്രെയിനിന്റെ കൂടെ അല്‍പ്പസമയം ഞാന്‍ വെറുതെ നടന്നു. അവള്‍ വാതിലിന്റെയടുത്ത് നിന്ന് ചെമ്പകപ്പൂവ് പോലെയുള്ള കൈത്തലം പുറത്തേക്കിട്ട് വീശിക്കൊണ്ടിരുന്നു. കൈ വീശിക്കൊണ്ട് ഞാനുമവളെ കണ്ണെടുക്കാതെ നോക്കി നിന്നു. അകലെ എത്തിയപ്പോള്‍ അവളുടെ ഇളം മഞ്ഞ ഷാള്‍ മാത്രം പുറത്തേക്ക് ഇളകിപ്പറക്കുന്നത് കണ്ടു. ഒരു വളവ് കഴിഞ്ഞപ്പോള്‍ അതും കാണാതെയായി.