Thursday, January 29, 2009

ബാലഗോപാലന്‍ കഴിവു തെളിയിച്ചു !

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഗാന്ധിയന്‍ എന്ന മാനിന്റെ ഞങ്ങളുടെ നാട്ടിലെ പ്രതിനിധിയാണു രാമന്‍ മാഷ്. ഒരു പച്ച പാവം. എല്‍.പി.സ്കൂളില്‍ നിന്നും റിട്ടയര്‍ ചെയ്തു. ഭാര്യ വനജ ചേച്ചി. ഏക മകന്‍ കലക്റ്ററേറ്റില്‍ പ്യൂണായ ബാലഗോപാലന്. കള്ളു കുടിക്കില്ല, ബീഡി വലിക്കില്ല, പെണ്‍പിള്ളേരെ നോക്കില്ല. അതു കൊണ്ട് നാട്ടിലെ ചെറുപ്പക്കാര്‍ ‘വേവു കുറവ്’ എന്നാണു ബാലഗോപാലനെ വിളിക്കുന്നത്. അതു ചുരുക്കി വി.കെ. എന്നും, ചിലപ്പോള്‍ വളരെ എന്നതിനു ഒരു വി. കൂടി കൂട്ടി വി.വി.കെ. എന്നും വിളിച്ചു പോന്നു.

ജോലി കിട്ടാത്തതിനാല്‍ ബാലഗോപാലന്റെ കല്യാണം കഴിഞ്ഞത് മുപ്പത്തിയാറാം വയസ്സിലായിരുന്നു. ലേറ്റായാലെന്താ ലേറ്റസ്റ്റാണു എന്നു പറഞ്ഞത് പോലെ വളരെ നല്ല ബന്ധമായിരുന്നു കിട്ടിയത്. ബാലഗോപാലന്റെ ഭാഗ്യമാണു രഞ്ജിനിയെ കല്യാണം കഴിക്കാന്‍ പറ്റിയതെന്നാണു എല്ലാവരും പറഞ്ഞത്. സുന്ദരി, ബി.എഡ്., ധാരാളം ഭൂസ്വത്ത്, അച്ഛന്‍ എക്സ്.മിലിട്ടറി, അമ്മ ഹൌസ് എക്സിക്യുട്ടീവ്, മൂന്നു പെണ്‍കുട്ടികളില്‍ ഇളയത്, ടൌണില്‍ രണ്ടു നില വീട്. മൂത്ത ചേച്ചിമാരെ കല്ല്യാണം കഴിച്ചത് ബാങ്ക് മാനേജരും ഗള്‍ഫുകാരനുമാണു.

രഞ്ജിനിക്ക് ആദ്യമൊക്കെ വന്ന നല്ല നല്ല ആലോചനകള്‍ കാശുള്ള എല്ലാ വീട്ടുകാരും ചെയ്യുന്നത് പോലെ പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ തള്ളിക്കളഞ്ഞിരുന്നു. പിന്നെ കുറേ കാലം കഴിഞ്ഞപ്പോള്‍ കല്യാണാലോചനയും കൊണ്ട് ആരും വരാതെയായി. ചേച്ചിമാരുടെ മക്കള്‍ ബ്ലൂടൂത്തില്‍ അഭിനയിക്കാന്‍ മാത്രം പ്രായമായി. അങ്ങനെ ചായ കുടിക്കാനൊന്നും ആരും വരാതെയായപ്പോഴാണു ബാലഗോപാലന്റെ ആലോചന വന്നത്. ഫൈനാന്‍ഷ്യലി മാച്ച് ലെസ്സാണെങ്കിലും, വയസ്സ് മുപ്പതായി. ഇനി എത്ര കാലമെന്നു വെച്ചാ കാത്തിരിക്കുക. അതുകൊണ്ട് ബാലഗോപാലനു കെട്ടിച്ചു കൊടുത്തു.

കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ രഞ്ജിനിയുടെ രണ്ടാമത്തെ ചേച്ചിയുടെ ഇളയ മകനായ ടിന്റു മോന്റെ ബേത്ത്ഡേ വന്നു. ബാലഗോപാലനും, രഞ്ജിനിയും അന്നു വൈകിട്ട് ചേച്ചിയുടെ വീട്ടിലെത്തി. ഗംഭീര പാര്‍ട്ടിയായിരുന്നു ചേച്ചിയും ഗള്‍ഫുകാരനായ ഭര്‍ത്താവും അറേഞ്ച് ചെയ്തത്.

കേക്ക് കട്ട് ചെയ്തതിനു ശേഷം ഗള്‍ഫുകാരന്‍ അകത്ത് പോയി നാലഞ്ച് ഫുള്ളും കുറേ ഗ്ലാസുകളും കൊണ്ടു വന്നു മേശമേല്‍ വെച്ചു. കുപ്പികളുടെ തിളക്കം ആണുങ്ങളുടെ കണ്ണിലും പ്രതിഫലിച്ചു. കുപ്പിയില്‍ നിന്നും ചുവപ്പ് ദ്രാവകം ഗ്ലാസ്സുകളില്‍ ഒഴിച്ച് ലിവര്‍ അടിച്ചു പോകാതിരിക്കാന് അല്‍പ്പം വെള്ളവും ചേര്‍ത്ത ശേഷം ഗള്‍ഫുകാരന്‍ ആദ്യത്തെ ഗ്ലാസ്സ് എടുത്ത് ബാലഗോപാലന്റെ നേരെ നീട്ടി.

''അയ്യോ എന്താ ഇതു.. എനിക്ക് വേണ്ട.. ഞാന്‍ കഴിക്കില്ല.''

ബാലഗോപാലന്‍ ബോംബ് കണ്ടതു പോലെ ഞെട്ടി മാറി. ആണുങ്ങളും പെണ്ണുങ്ങളും പിള്ളേരുമടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു കളിയാക്കാന്‍ തുടങ്ങി.

''ഇന്നത്തെ കാലത്ത് അല്‍പ്പം കഴിക്കാത്തവരുണ്ടോ? എന്താ ഇതു ബാലഗോപാല.. ഷെയിം.''

ബാലഗോപാലന്‍ ഒരു വിഡ്ഡിച്ചിരിയും ചിരിച്ചു നില്‍ക്കെ, രഞ്ജിനി വന്നു കൈ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് പറഞ്ഞു.

''ബാലുവേട്ടാ എന്റെ മാനം കെടുത്തരുത്... ആണുങ്ങളായാല്‍ കുടിക്കണം... പ്ലീസ്.. അല്ലെങ്കില്‍ നാണക്കേടാണു… കഴിക്കണം… ഇതു നിങ്ങളുടെ നാട്ടിന്‍പുറമല്ല ടൌണാണു…''

അവസാനത്തെ വാക്കു കേട്ടപ്പോ ബാലഗോപാലന്റെ ചോര തിളച്ചു ഇരുമ്പായി. അവന്‍ നൂറു മീറ്റര്‍ ഓട്ടക്കാരനെ പോലെ ഓടി വന്നു നിറച്ചു വെച്ചിരിക്കുന്നതില്‍ നിന്നും രണ്ടു ഗ്ലാസ്സ് ഏടുത്ത് എല്ലാവരും കണ്ണു മിഴിച്ചിരിക്കെ വണ്‍ ബൈ വണ്‍ ആയി അണ്ണാക്കിലേക്ക് കമിഴ്ത്തി. ഞണ്ടിന്റെ മാളത്തില്‍ വെള്ളം കയറുന്നത് പോലെ.

എല്ലാവരും കുടിക്കാന്‍ തുടങ്ങിയിരുന്നു. പെണ്ണുങ്ങളില്‍ ചിലര് ബീയര്‍ കഴിക്കുന്നു. ബാലഗോപാലന്‍ നല്ല രസം തോന്നി. മൊത്തം ഒരു ലാഘവത്തം. ഒരു ചമ്മലുമില്ലാതെ ആരോടും സംസാരിക്കാന്‍ പറ്റുന്നു. മനുഷ്യന്മാര്‍ക്കെന്തിനാ കാലുകള്‍ എന്നൊക്കെ തോന്നാന് തുടങ്ങി. അവനു രണ്ടെണ്ണം കൂടി അടിച്ചു.

ഭക്ഷണം കഴിച്ചശേഷം രണ്ടുപേരും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. മുറ്റത്തിറങ്ങി രഞ്ജിനി ഓട്ടോക്കാരനു കാശു കൊടുത്തു വിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ബാലഗോപാലന് കുത്തിയിരുന്നു ശര്‍ദ്ദിക്കുന്നതാണു. ശബ്ദം കേട്ട് രാമന്‍ മാഷ് പുറത്തേക്ക് വന്നു. “എന്താ പറ്റിയത്?’’ മാഷ് ചോദിച്ചു. ''അതു.. അച്ഛാ,.. ഭക്ഷണം പിടിച്ചില്ലാന്നു തോന്നുന്നു...'' രഞ്ജിനി പറഞ്ഞു.

രാമന്‍ മാഷ് ഒന്നു മണത്തു നോക്കി, എന്നിട്ട് കുനിഞ്ഞ് ബാലഗോപാലന്റെ പുറം തടവിക്കൊടുത്തു കൊണ്ട് പറഞ്ഞു.

''മോനേ, ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല...''

Thursday, January 22, 2009

ഐ.ടി.പ്രോബ്ലംസ്

ശിവരാമന്‍ സാറിന്റെ കമ്പ്യൂട്ടറില്‍ നെറ്റ് കണക്ഷന്‍ കൊടുത്തത് കണ്ടപ്പോള്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞത് പൂര്‍വ്വികനു പൊതിയാ തേങ്ങ കിട്ടിയത് പോലെ എന്നാണു. കാരണം മൂപ്പര്‍ക്ക് കമ്പ്യൂട്ടറിലൊന്നും താല്‍പര്യവും ഒട്ടും തന്നെ വിശ്വാസവുമില്ല. കമ്പ്യൂട്ടറില്‍ ഡാറ്റ ചെയ്യുന്നതിനൊപ്പം തന്നെ ലെഡ്ജര്‍ ബുക്കും കീപ് ചെയ്യുന്ന ആളാണു. സ്റ്റേറ്റ്മെന്റുകള്‍ പ്രിന്റ് എടുത്താല്‍ ശരിയാണോ എന്നു കാല്‍കുലേറ്റര്‍ കൊണ്ട് ചെക്ക് ചെയ്തു നോക്കും. പഴയ മാര്‍ക്സിസ്റ്റുകാരന്റെ കമ്പ്യൂട്ടര്‍ വിരുദ്ധ പ്രേതം ഇപ്പോഴും വിട്ടു പോവാത്ത ഒരാള്‍.

പത്തമ്പത് വയസ്സായി, മുടിയൊക്കെ നരച്ചു. എങ്കിലും ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ സഹായത്താല്‍ പ്രായം തോന്നിക്കാത്ത കാര്‍കൂന്തല്‍. മോഹന്‍ലാലിനെപ്പോലെ എന്നു പറഞ്ഞു കേള്‍ക്കാന്‍ മനപ്പൂര്‍വ്വം അല്‍പ്പം ചെരിഞ്ഞേ നടക്കു. ഇന്‍സൈഡ് ചെയ്ത ഷര്‍ട്ടിനുള്ളില്‍ മുല്ലപ്പെരിയാര്‍ ഡാം കണക്കെ ഇപ്പോപൊട്ടുമെന്ന അവസ്ഥയില്‍ വീര്‍ത്ത ബലൂണ്‍ പോലെയുള്ള വയര്‍. ആ ബെല്‍റ്റിന്റേയും വയറിന്റേയും ത്യാഗം കണ്ടാല്‍ ഒരു മൊട്ടു സൂചിയെടുത്ത് കുത്തി കാറ്റഴിച്ചു വിടാന്‍ തോന്നും.

സാര്‍ ഒരു ഒന്നാന്തരം മലപ്പുറം കത്തിയാണു. കത്തിക്ക് ഭംഗി കൂട്ടുവാനായി ടണ്‍ കണക്കിനു തങ്കത്തില്‍ പൊതിഞ്ഞ പൊങ്ങച്ചവുമുണ്ട്. അടിയന്തിരാവസ്ഥയോടു പ്രതിഷേധിക്കാന്‍ എടുത്ത് ചാടിയപ്പോള്‍ തല വീടിന്റെ കട്ടിളയില്‍ ഇടിച്ചപ്പോളുണ്ടായ പാട് ഇപ്പോഴും എന്റെ ആസനത്തിലുണ്ട് എന്നു ഇടയ്ക്കിടയ്ക്ക് പറയും. കൊള്ളാവുന്ന പെണ്ണുങ്ങളെ കണ്ടാല്‍ പിടിച്ചു നിര്‍ത്തി സംസാരിക്കുക മാത്രമാണ് മെയിന്‍ ഹോബി.

ഇ-മെയില് ഐ.ഡി. പോലുമില്ലാത്ത സാറിന് അതൊക്കെ പഠിപ്പിച്ചു കൊടുത്തത് ഞാനായിരുന്നു. അതു കൊണ്ട് എനിക്ക് ഇന്റര്‍വെല്‍ സമയങ്ങളില്‍ മൂപ്പരുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാമെന്നായി. കുറച്ച് കാര്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞപ്പോള്‍ മൂപ്പര്‍ കല്ല്യാണം ഉറപ്പിച്ച കാമുകിയെപ്പോലെ എന്നെ മൈന്റാക്കാതെയായി. ഞാന്‍ കമ്പ്യൂട്ടര്‍ നോക്കാന്‍ ചെന്നാല്‍ ഫുള് ഗൌരവത്തില്‍ ആ വര്‍ക്ക് ചെയ്തോ? അല്ലെങ്കില്‍ ഇതു ചെയ്തു വാ എന്നു പറഞ്ഞു ഒഴിവാക്കും. ആയിടയ്ക്കു ഒരു ചെറിയ തെറ്റ് പറ്റിയതിനു അയാളെന്നെ കുറേ വഴക്കും പറഞ്ഞു. അതു കൊണ്ട് ദുഷ്ടാ തന്നെ പിന്നെ കണ്ടോളാം എന്നു പറഞ്ഞു ഞാനും അങ്ങോട്ട് പോകാതായി.

ഒരു ദിവസം ഉച്ചയ്ക്ക് ''കുമാര്‍.. കുമാര്‍..'' എന്നു സാറിന്റെ പരിഭ്രാന്തനായ വിളി കേട്ടു. ഞാന്‍ ഓടിചെന്നു നോക്കിയപ്പോ സാറു സി.ആര്‍.ടി. മോണിറ്ററും പൊത്തിപ്പിടിച്ച് അന്തം വിട്ട് കണ്ണും തള്ളി നില്‍ക്കുകയാണു. കമ്പ്യൂട്ടറിന്റെ പിന്നിലത്തെ വയറില്‍ നിന്നും ഷോക്കടിച്ചതാണെന്നു തോന്നുന്നു. സാറിനെ രക്ഷിച്ചാല്‍ എന്റെ പേരു നാളത്തെ പത്രത്തില്‍ വരും, കമ്പനിയില്‍ യോഗം കൂടി എന്നെ അഭിനന്ദിക്കും അതൊക്കെ ഒര്‍ത്തപ്പോള്‍ കൈയ്യിലെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് റീമിടോമി കളിക്കാന്‍ തുടങ്ങി. ഞാന്‍ ഉടനെ ഒരു തടിയന് ലെഡ്ജറെടുത്ത് സാറിന്റെ രണ്ടു കൈയ്യിലും ഫുള് ഫോഴ്സില്‍ ആഞ്ഞടിച്ചു. “എന്റമ്മേ..” എന്നലറി സാറു പിടിവിട്ട് സീറ്റിലേക്ക് വീണു.

''അയ്യോ.. ഷോക്കടിച്ചതൊന്നുമല്ല... ഇത് ക്ലോസാക്കാന്‍ പറ്റുന്നില്ല.. ഇതൊന്നു ക്ലോസ്സ് ആക്ക്.. വേഗം.. വേഗം.. '' സാര്‍ വേദന കൊണ്ട് പുളഞ്ഞ് കമ്പ്യൂട്ടറിലേക്ക് നോക്കി ദൈന്യതയോടെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോ മോണിട്ടര്‍ നിറയെ തുണിയില്ലാത്ത പാവപ്പെട്ട ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും ഫോട്ടോകള്‍ നിറഞ്ഞിരിക്കുന്നു!!!

സിസ്റ്റം ഹാങ്ങ് ആയിപ്പോയതിനാല്‍ മൂപ്പര്‍ക്ക് സൈറ്റുകള്‍ ക്ലോസാക്കാന് കഴിഞ്ഞില്ല. ആരെങ്കിലും കയറി വന്നാലോ എന്നു പേടിച്ച് ടെന്‍ഷനടിച്ച് മൂപ്പര്‍ മോണിട്ടര് പൊത്തി മറച്ച് പിടിച്ച് എന്നെ വിളിച്ചതായിരുന്നു.

എന്റെയൊരു മിസ് അണ്ടര്‍സ്റ്റാന്റിങ്ങ്!!!

Wednesday, January 14, 2009

കുഞ്ഞുവായിലെ വെല്യ വര്‍ത്താനങ്ങള്‍

എന്റെ പെങ്ങളുടെ മകനാണു യു.കെ.ജി.യില്‍ പഠിക്കുന്ന ജിത്തു മോന്‍. മഹാ കുസൃതിയാണു അവന്‍. ഇടയ്ക്ക് ലീവ് കിട്ടുന്ന ദിവസങ്ങളില്‍ അവന് ഞങ്ങളുടെ വീട്ടിലേക്ക് വരും. അവനുണ്ടെങ്കില്‍ നല്ല രസമാണു. നേരം പോകുന്നതറിയില്ല. എപ്പോഴും വഴക്കു കിട്ടാന്‍ എന്തെങ്കിലും ഒപ്പിച്ചു കൊണ്ടിരിക്കും.

ഒരു ദിവസം ഞാന്‍ ടി.വി.യില്‍ നല്ല ഏതോ പ്രോഗ്രാം നോക്കി സോഫയില്‍ ഇരി ക്കുകയായിരുന്നു. അവന്‍ കുറേ സമയമായി എന്തോ പറയാന്‍ വേണ്ടി ''മാമാ.. മാമാ.. '' എന്നു വിളിച്ചു കൊണ്ടിരുന്നു. പ്രോഗ്രാമില്‍ മാത്രം ശ്രദ്ധിച്ചിരുന്നതിനാല്‍ ഞാനത് കേട്ടില്ല. അവന്‍ മടിയില്‍ കയറി ബഹളം തുടങ്ങിയപ്പോ ഞാന്‍ ചോദിച്ചു.

''ങാ.. എന്താ മോനേ പറയ്..''
''അതില്ലേ മാമാ.. ഇന്നലെ എനിക്കൊരു പെന്ന് റോഡ്ന്നു വീണു കിട്ടിയല്ലോ.'' അവന്‍ കൊഞ്ചികൊണ്ട് പറഞ്ഞു.
''ഓ.. ഇതാണോ ഇത്ര വലിയ കാര്യം!'' ഞാന്‍ പറഞ്ഞു.

അപ്പോള്‍ കുശുമ്പോടെ അവന്‍ പറഞ്ഞു. ''എനിക്കൊരു സ്വര്‍ണ്ണ മാലയാണു കിട്ടിയിരുന്നെങ്കില് മാമനെനിക്ക് വെല്യ സ്വീകരണം തരുമായിരുന്നല്ലോ.. ''

ഒരിക്കല്‍ അവനും ഞാനും കൂടി കാറില്‍ പോകുകയായിരുന്നു. റോഡില്‍ വെച്ച് ഒരു ബൈക്കുകാരന്‍ വന്നു കാറില്‍ ഇടിച്ചു. ഞങ്ങളുടെ ഭാഗത്ത് ഒരു തെറ്റുമുണ്ടായിരുന്നില്ല. എന്നിട്ടുമയാള് വെറുതെ എന്നോട് കയര്ക്കാന് തുടങ്ങി. എനിക്കും നല്ല ദേഷ്യം വന്നു. ഞാനും ശബ്ദമുയര്ത്തി സംസാരിക്കാന് തുടങ്ങി.

അപ്പോള്‍ ജിത്തുമോന്‍ കാറിന്റെ ഡോറിലൂടെ തല പുറത്തേക്കിട്ട് ''ഇങ്ങോട്ട് വാ..''എന്നു പറഞ്ഞു എന്നെ വിളിച്ചു. അവന്റെ വിളി സഹിക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ അവനോട് എന്താണെന്നു ചോദിച്ചു. അവന്‍ ആവേശത്തില് പറഞ്ഞു. ''മാമാ.. മാമാ.. നായിന്റെ മോനേ എന്നു വിളി...''