Monday, July 23, 2012

ശോശാമ്മചേച്ചി, ഈ വാർഡിന്റെ രോമാഞ്ചം



ഒൻപതാം വാർഡിലെ മെംബർ ശോശാമ്മചേച്ചിയെ കണ്ടാൽ ഫ്രണ്ട് ബാക്ക് സൈഡ് ബോഡി പാർട്സ് പുറത്തേക്ക് തള്ളിയ ഒരു വെള്ള മാരുതി സ്വിഫ്റ്റ് പോലെ തോന്നും.  ചേച്ചി പോകുമ്പോൾ ആബാലവൃദ്ധന്മാരും കണ്ണും വായും അടക്കാൻ മറന്ന് സ്പന്ദമാപിനികളിൽ മർദ്ദം കൂടി അറ്റൻഷനായി നിൽക്കുമായിരുന്നു.  അക്കാര്യത്തിന് അവരെയൊന്നും കുറ്റം പറയാൻ പറ്റില്ല; തിരുവമ്പാടി ശിവസുന്ദരനെ പോലെ ചേച്ചിയെ ഒരു തവണ കണ്ടാലാരും മറക്കില്ല.

മെംബറാകുന്നതിന് മുൻപ് ചേച്ചിക്ക് ചേലേരി യു.പി.യിൽ ഉച്ചക്കഞ്ഞി വെക്കുന്ന പണിയായിരുന്നു.  ഉണ്ട കഞ്ഞിക്ക് നന്ദി കാണിക്കാത്ത ഉസ്കൂൾ പിള്ളേർ, കഞ്ഞിടീച്ചർ എന്ന എക്ക്ട്ട പേരിട്ട് വിളിക്കുമായിരുന്നു.  അന്ന് ഇത്രയൊന്നും പ്രശസ്തയായിരുന്നില്ലെങ്കിലും സ്കൂളിലായത് കൊണ്ട് നാട്ടിൽ സുപരിചിതയായിരുന്നു.  അതിനാൽ പഞ്ചായത്തിൽ മത്സരിക്കേണ്ടി വന്നപ്പോൾ നല്ല വോട്ടിന് ജയിക്കുകയും ചെയ്തു.  വെറും കഞ്ഞിടീച്ചറായി ഒതുങ്ങേണ്ടതല്ല തന്റെ ജീവിതമെന്ന് അന്നേ ചേച്ചി തെളിയിച്ചിരുന്നു.  ഒരു ദിവസം അപ്രതീക്ഷിതമായി സ്കൂളിൽ എ.ഇ.ഒ. വന്നപ്പോൾ ഇംഗ്ലീഷ് ടീച്ചറായ ഗീതടീച്ചർ ലീവ് ലെറ്റർ പോലും കൊടുക്കാതെ ആബ്സന്റായിരുന്നു.  ടീച്ചറുടെ പണി പോകുമെന്ന് എല്ലാവരും പേടിച്ചിരിക്കെ ശോശാമ്മചേച്ചി ഒരു പോംവഴി കണ്ടുപിടിച്ചു.  ചേച്ചി ഉടനെ ഗീതടീച്ചർ എന്ന ഭാ‍വേന ക്ലാസ്സിൽ പോയി “ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്..” എന്നൊക്കെ പറഞ്ഞ് ഗംഭീരമായി പഠിപ്പിക്കാൻ തുടങ്ങി.  ഇംഗ്ലീഷ് എടുക്കാനുള്ള വിവരമൊന്നും ഇല്ലാത്തതിനാൽ കൈയ്യിലുള്ള സിമ്പിൾ മാത്‌സ് ഇട്ട് ക്ലാസ്സ് സുഗമമായി കൊണ്ട് പോയി.  എ.ഇ.ഒ. ശോശാമ്മചേച്ചിയുടെ ടീച്ചിങ്ങ് ക്വാളിറ്റിയേക്കാൾ ക്വാണ്ടിറ്റി നോക്കിയത് കൊണ്ടാണോ എന്തോ ഗീതടീച്ചറുടെ പണി പോയില്ല.  അങ്ങനത്തെ ക്രിട്ടിക്കൽ സിറ്റ്വേഷൻ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തയായൊരു സ്വയംഭരണ സ്ഥാപനമായിരുന്നു ചേച്ചി.

പഞ്ചായത്ത് മെംബറായതിന് ശേഷം ചേച്ചിയുടെ രൂപത്തിലും സ്വഭാവത്തിലും സാംസങ്ങ് ഫോണിൽ ആൻ‌ഡ്രോയിഡ് അപ്ലിക്കേഷൻ വന്നത് പോലെ ഭയങ്കരമായ മാറ്റമുണ്ടായി.  സ്വതവേ ഫെയർ ആന്റ് ഫാറ്റിയായിരുന്ന ശരീരം വെള്ളത്തിലിട്ട അവിൽ പോലെ കൊഴുത്തു,  പ്രായം മുപ്പത്തിയാറിൽ നിന്നും ഒറ്റയടിക്ക് പത്ത് വർഷം കുറഞ്ഞു,  തലയെടുപ്പും നെഞ്ചെടുപ്പും കൂടി, മുഖത്ത് ഗൌരവവും മൂക്കിൽ കണ്ണടയും മുടിയിൽ ഹെന്നയും വന്നു.  നാലഞ്ച് പേർ പൊക്കിയാൽ തടി പൊന്തില്ലെങ്കിലും ചേച്ചി ഒരു സംഭവമാണെന്ന് ആരു പറഞ്ഞാലും പെട്ടെന്ന് പൊന്തും.  ജനകീയാസൂത്രണം സ്വന്തം കുടുംബത്തിലേക്ക് ആസൂത്രിതമായി അടിച്ചു മാറ്റുന്ന മെംബർമാർക്കിടയിൽ ചേച്ചി വ്യത്യസ്ഥയായിരുന്നു.  മീറ്റിങ്ങിൽ ചേച്ചി എണീറ്റ് നിന്ന് ഒരു ആവശ്യം ഉന്നയിച്ചാൽ പ്രസിഡന്റ് കാവുമാഷ് പിന്നെ മിണ്ടില്ല.  അത് കൊണ്ട് വികസന പദ്ധതികളെല്ലാം ഒൻപതാം നമ്പർ ബോർഡ് വെച്ച് ഓടിക്കൊണ്ടിരുന്നു.   

എന്തൊക്കെ പറഞ്ഞാലും ശോശാമ്മചേച്ചി മെംബറായതിനു ശേഷമാണ് ആരും തിരിഞ്ഞു നോക്കാത്ത ഗ്രാമസഭയൊക്കെ വൻ ജനപങ്കാളിത്തമുള്ള മേളകളായി മാറിയത്.  ഗ്രാമസഭക്ക് വരണമെന്ന് ചേച്ചി പറഞ്ഞാൽ ആളുകൾ ലീവെടുത്ത് പോകും.  പാർട്ടിയുടെ പിരിവുറപ്പ് പദ്ധതി വന്നതോടെ തൊഴിലുറപ്പിന് പോകാതെ നടന്നവർ പോലും അതൊഴിവാക്കി ഗ്രാമസഭക്ക് പങ്കെടുക്കുമായിരുന്നു.  ജയിച്ചാൽ പിന്നെ പിരിവിന്‌ മാത്രം ജനങ്ങളെ ഓർക്കുന്ന പിരിവ്പക്ഷ മെംബർമാരെ പോലെയായിരുന്നില്ല അവർ.  പാവപ്പെട്ടവർക്ക് സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങളൊക്കെ അവർ തന്നെ മെനക്കെട്ട് ശരിയാക്കി കൊടുക്കും.  പ്രായമായ പെണ്ണുങ്ങൾക്കൊക്കെ ചെറുതായാലും ഒരു തുക പെൻഷനായി കിട്ടുമ്പോൾ വലിയ സന്തോഷമായിരിക്കുമല്ലോ.  കൂടാതെ അതിർത്തി തർക്കം, റോഡ് തർക്കം, വീട്ടുവഴക്ക് ഇതിലൊക്കെ പക്ഷം ചേരാതെ ഇടപെട്ട് പരിഹരിക്കും.  കല്യാണം, ചരമം തുടങ്ങി വീടുകളിൽ എന്ത് ചടങ്ങുണ്ടായാലും അവിടെ സജീവമായിരിക്കും.  കൊടിയുടെ കളർ നോക്കാതെ എല്ലാവരെയും സഹായിക്കുന്നത് കൊണ്ടും നന്നായി പെരുമാറുന്നത് കൊണ്ടും ചേച്ചിയുടെ ജനപ്രീതി സാധനങ്ങളുടെ വില പോലെ സെക്കന്റ് വെച്ച് കൂടിക്കൊണ്ടിരുന്നു.

നാട് നന്നാക്കാൻ നടക്കുന്നത് കൊണ്ട് ചേച്ചിക്ക് വീട്ടുകാര്യമോ ഭർത്താവിന്റെയോ മക്കളുടെ കാര്യമോ നോക്കാനൊന്നും നേരമില്ലായിരുന്നു.  ചേലേരിമുക്കിൽ അനാദിക്കച്ചവടം നടത്തുന്ന ചേച്ചിയുടെ ഭർത്താവ് പപ്പാട്ടന് ഈ ജനസേവനത്തിനൊന്നും സമയവും ഒട്ടും താൽ‌പ്പര്യവുമുണ്ടായിരുന്നില്ല.  ചേച്ചിയുടെ പ്രശസ്തി പപ്പാട്ടനും എൻ‌ജോയ് ചെയ്തത് കൊണ്ട് കുടുംബകലഹമൊന്നും ഉണ്ടായിരുന്നില്ല.  പക്ഷേ റീയൽ എസ്റ്റേറ്റ് മാർക്കറ്റ് പോലെ മുകളിലേക്ക് മാത്രം പോയിക്കൊണ്ടിരുന്ന ചേച്ചിയുടെ പോപ്പുലാരിറ്റി ഗ്രാഫിന് ഒരിക്കൽ ചെറിയൊരു ഇടിവുണ്ടായി.

ചേച്ചി വിളിച്ചാൽ ഏത് ഓട്ടോയും വണ്ടി നിർത്തി യാത്രക്കാരെ ഇറക്കി വിട്ട് ചേച്ചിക്ക് വേണ്ടി പൈസ വാങ്ങാതെ ഓടുമെങ്കിലും അയൽ‌വാസിയായ രമേശന്റെ ഓട്ടോയാണ് ചേച്ചി എന്നും വിളിക്കുന്നത്.  ഒരു കുറ്റവും പറയാനില്ലാത്ത സ്വഭാവമാണ് രമേശന്റേത്.  ഓട്ടോ വിളിക്കുന്നുണ്ടെങ്കിൽ അധികം പേരും ആദ്യം അവന്റെ വണ്ടിയാണ് വിളിക്കുക, അത് ഇല്ലെങ്കിൽ മാത്രമേ വേറെ വിളിക്കുകയുള്ളൂ.  മിതമായ ചാർജ്ജേ വാങ്ങൂന്ന് മാത്രമല്ല വെയ്റ്റിങ്ങിനൊന്നും കാശ് കൊടൂക്കണ്ട, അതിന് മുഖം കറുപ്പിക്കുകയുമില്ല.  ലോട്ടറി എടുത്ത് പൈസ കളയുകയോ കൂട്ടുകൂടി മദ്യപാനം നടത്തുകയോ ലിപ്സിന്നിടയിൽ ഹൻസ് വെച്ച് മിണ്ടാണ്ടിരിക്കുകയോ ചെയ്യില്ല.  നാട്ടിലെ പെൺകുട്ടികളെന്നല്ല, ആൺകുട്ടികളും അവനെപ്പറ്റി മോശമായി പറയില്ല.  കുട്ടി അച്ചി ഭേദമില്ലാതെ സകലമാന പെണ്ണുങ്ങളുടേയും ആരാധനാപാത്രവും ടംബ്ലറുമൊക്കെ ആയിരുന്നു രമേശൻ.  കെട്ട് പ്രായം നിറഞ്ഞ് കവിഞ്ഞിട്ടും പ്രത്യേകിച്ചൊരു കാരണമില്ലാതെ കല്യാണം കഴിക്കാതെ ആഢംബര നികുതി അടച്ചിരിക്കുന്ന ഒരു സുന്ദരകുമാരൻ.  വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കാൻ നിർബ്ബന്ധിച്ചും ഉപദേശിച്ചും മടുത്തു.  അവസാനം ഓട്ടോ സ്റ്റാൻ‌ഡിലെ സക്കീർ ‘വെള്ളിയാഴ്ച പൂള വാങ്ങാൻ പോയത് പോലെ ആകരുതെന്ന്’ പറഞ്ഞപ്പോഴാണ് കണ്ണു തുറന്നത്.  മാർക്കറ്റിൽ തിങ്കളാഴ്ചയാണല്ലോ പൂള എന്ന കപ്പ വില്പനക്കെത്തുക, അത് വെള്ളിയാഴ്ച ആകുമ്പോഴേക്കും ഏകദേശം തീരും, പിന്നെ ആരും വേണ്ടാണ്ട് തിരഞ്ഞ് മാറ്റിയിട്ടതേ ഉണ്ടാകൂ.  അത് പോലെ ലേറ്റായാൽ എല്ലാവരും നോക്കി ആരും കെട്ടാതിരുന്ന പെണ്ണിനെ കെട്ടേണ്ടി വരുമെന്നാണ് സക്കീർ എന്ന വെൽ‌വിഷറുടെ ഗുണോപദേശത്തിന്റെ സാരാംശം.

നാണിച്ച് മന്ദഹാസനായി തല കുത്തോട്ടിട്ട് ടാർ റോഡിൽ വിരൽ കൊണ്ട് ഫോർ ഹയർ എന്നെഴുതി രമേശൻ സമ്മതം അറിയിച്ചപ്പോൾ ആലോചനകൾ ചൂടായി.  പെണ്ണ് കാണലുകൾ മുറക്കും മുറ തെറ്റിയും നടന്നു.  വെണ്ണ കൈയ്യിലുണ്ടായിട്ടും നെയ്യ് അന്വേഷിച്ച് നടന്നത് പോലെ നാട്ടിൽ തന്നെ ഇഷ്ടം പോലെ പെൺകുട്ടികളുണ്ടായിട്ടും കല്യാണം സെറ്റായായത് കുറച്ചകലെ മലപ്പട്ടം പഞ്ചായത്തിൽ നിന്നായിരുന്നു.  ശോശാമ്മച്ചേച്ചിയായിരുന്നു ആ അന്വേഷണത്തിന്റെ പ്രായോജക.   അതിനാൽ പോക്കുവരവും വിളിച്ച് അന്വേഷിക്കലും തുടങ്ങി കല്യാണത്തിന്റെ എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്തിയത് അവരായിരുന്നു.  പക്ഷേ കല്യാണം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുൻപ് പെണ്ണ് പിണങ്ങിപ്പോയത് ചേച്ചിക്കും കൂടി ക്ഷീണമായി.  നിങ്ങളല്ലേ പെണ്ണ് കാണിച്ച് കൊടുത്തേ എന്നിട്ടും ഇങ്ങനെ ആയിപ്പോയല്ലോ എന്ന് ഒന്ന് രണ്ട് സാമദ്രോഹികൾ പറയുകയും ചെയ്തു.  അല്ലെങ്കിലും ഇന്നത്തെ കാലത്ത് ഒരു കല്യാണാലോചനയിൽ ഇടപെടുന്നത് കള്ളവാറ്റ് അടിക്കുന്നത് പോലെയാണല്ലൊ; ഒന്നുകിൽ തരിപ്പാകും അല്ലെങ്കിൽ കണ്ണ് പോകും.  കിട്ടിയത് നല്ല ബന്ധമാണെങ്കിൽ അത് ആരും പറയില്ല, കഷ്ടകാലത്തിന് മോശമാണെങ്കിൽ മുഴുവൻ കുറ്റവും ആലോചന കൊണ്ടു വന്നയാളുടെ തലയിലിടും. 

കല്യാണം കഴിഞ്ഞത് ഞായറാഴ്ച, അടുത്ത വ്യാഴാഴ്ച രാവിലെ ബിന്ദു സ്യൂട്ട്കേസും ബാഗുമൊക്കെ എടുത്ത് ഞാൻ എന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങിപോയി.  രമേശൻ ഞെട്ടലില്ലാതെയും അവന്റെ വീട്ടുകാർ മുഴുനീള ഞെട്ടലോടെയും അത് കണ്ടു നിന്നു.  എന്താടാ പ്രശ്നം എന്ന് ചോദിച്ചപ്പോൾ എനിക്ക് അറിയില്ലാന്ന് പറഞ്ഞ് രമേശൻ ഓട്ടോ ഓടിച്ച് പോയി.  അമ്പരന്ന അച്ഛനുമമ്മയും ഒന്ന് രണ്ട് ബന്ധുക്കളെ കൂട്ടി മലപ്പട്ടത്ത് പോയി സംസാരിച്ചിട്ടും ബിന്ദു തിരികെ വന്നില്ല.  പൊതുവെ ഇങ്ങനത്തെ സത്സ്വഭാവി ചെക്കന്മാരുടെ ലൈഫിൽ കേറിവരുന്നത് തരികിട പെൺകുട്ടികൾ ആയിരിക്കുമല്ലോ.  അത് കൊണ്ട് നാച്വറലി എല്ലാവരുടെയും സംശയം ബിന്ദുവിലേക്ക് നീണ്ടു.  രമേശനോ ബിന്ദുവോ ആരോടും ഒന്നും തുറന്ന് പറയാതിരുന്നതിനാൽ എന്താണ് പ്രശ്നമെന്ന് ആർക്കും മനസ്സിലായതുമില്ല. 

അങ്ങനെ പ്രശ്നം അണ്ണാച്ചിമാർക്കും കീറാൻ പറ്റാത്ത മരക്കുട്ട പോലെയായിരിക്കുമ്പോൾ ശോശാമ്മ ചേച്ചി ഇടപെട്ടു.  തൊട്ടടുത്ത വീട്ടിൽ ഒരു പ്രശ്നമുണ്ടായിട്ട് അത് പരിഹരിച്ചില്ലെങ്കിൽ പിന്നെ നാട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്നതിൽ കാര്യമില്ലല്ലോ.  തന്റെ മെംബർ ജീവിതത്തിൽ ആദ്യമായി നടത്തിയ കല്യാണം ഉപ്പ് വെച്ച കലം പോലെ ആയിപ്പോയതിൽ അവർക്കും നല്ല സങ്കടമുണ്ടായിരുന്നു.  ബിന്ദുവിന്റെ വീട്ടിൽ പോയി നേരിൽ കണ്ട് സംസാരിച്ചാൽ പ്രശ്നം തീരുമെന്ന് വിചാരിച്ച് സക്കീറിന്റെ വണ്ടി വിളിച്ചുവരുത്തി.  ഇറങ്ങാൻ നേരത്ത് ഇളയ മകൻ ധനുഷ് എൽ.കെ.ജി., “ബിന്ദ്വേച്ചീന്റെ വീട്ടിൽ ഞാനും വരുന്നേ..”ന്നും പറഞ്ഞ് നിലവിളിച്ചതിനാൽ അവനെയും കൂട്ടേണ്ടി വന്നു.  ബിന്ദുവിന്റെ വീട്ടിലെത്തി ചേച്ചി ഓട്ടോയിൽ നിന്നിറങ്ങുന്നത് കണ്ടപ്പോൾ ഓട്ടോറിക്ഷ ഓട്ടോറിക്ഷയെ പ്രസവിച്ചോയെന്ന് കണ്ടവർക്ക് തോന്നി.  ദൌത്യസേന ചെന്ന് കേറുമ്പോൾ ബിന്ദു ആരോടോ ഫോണിൽ മിണ്ടിപ്പറഞ്ഞ് ആനന്ദ ബിന്ദുവായി നിൽക്കുകയായിരുന്നു; ചേച്ചിയെ കണ്ടയുടനെ സന്തോഷം കളഞ്ഞ് ഒരു ദു:ഖ ബിന്ദുവായി മാറി.  പെണ്ണുങ്ങൾ തമ്മിൽ സംസാരിക്കട്ടേന്ന് വെച്ച് സക്കീറും ബിന്ദുവിന്റെ വീട്ടുകാരും പുറത്തിരുന്നു, ഗ്രഹണത്തിന്റന്ന് കണ്ട സൂര്യനെയും ശുക്രനേയും പോലെ ശോശാമ്മചേച്ചിയും ധനുഷ് എൽ.കെ.ജി.യും മുറിയിലേക്ക് പോയി.  ഒരു ഫോർമാലിറ്റിക്ക് അൽ‌പ്പം പഞ്ചായത്ത് കാര്യങ്ങളും, രണ്ട് പെണ്ണുങ്ങൾ കണ്ടു മുട്ടിയാലുള്ള സംഭവത്തിന് പേരുദോഷം വരാതിരിക്കാൻ കുറച്ച് പരദൂഷണവും ചർച്ചിച്ചതിനു ശേഷം ചേച്ചി പെട്ടെന്ന് വന്ന കാര്യത്തിലേക്ക് ചാടിക്കടന്നു. 

“എന്താ ബിന്ദൂ പ്രശ്നം, നീ എന്തിനാ പിണങ്ങി വന്നത്..?”
“അത്.. ചേച്ചീ.. ഞാൻ എങ്ങനെയാ പറയുക

“നീ എന്തുണ്ടെങ്കിലും എന്നോട് പറയ് മോളെ,, നമ്മക്ക് പരിഹരിക്കാം.. ചട്ടീം കലോമാകുമ്പോ തട്ടീം മുട്ടീമൊക്കെ ഇരിക്കൂലേ.. കലമ്പൊക്കെ എല്ലാടത്തും നടക്കുന്നതല്ലേ..”

അങ്ങനെയൊക്കെ ഒരുപാട് പറഞ്ഞിട്ടും എല്ലാം കേട്ട് നിന്നതല്ലാതെ ബിന്ദു നയം വ്യക്തമാക്കിയില്ല. പറഞ്ഞ് പറഞ്ഞ് ചേച്ചിയുടെ വായിലെ വെള്ളവും വറ്റി, ധനുഷിന്റെ മുന്നിൽ വെച്ച മിച്ചറും തീർന്നു, മണിക്കൂർ സൂചി വട്ടത്തിൽ ഒരു വട്ടം ഓടി; എന്നിട്ടും വന്ന കാര്യം തീരുമാനമായില്ല.  ശോശാമ്മ ചേച്ചിയല്ലേ ആള്, രണ്ടിലൊന്ന് ആക്കാതെ മടങ്ങില്ലെന്ന് ഉറപ്പ്.  ചേച്ചിയുടെ നിരന്തര നിബ്ബന്ധത്തിന്റെ അവസാനം ബിന്ദു കുറേ ആലോചിച്ച് മടിച്ച് മടിച്ച് പറഞ്ഞു. 

“അത്.. ചേച്ചീ.. പിന്നെ.. രമേശാട്ടൻ ഒരാണല്ല.. ചേട്ടന് അത് …… ഇല്ല”

രമേശന്റെ ആരൂഢസ്ഥാനത്തിന്റെ അപചയത്തിനെപ്പറ്റി പറഞ്ഞത് കേട്ട് ഞെട്ടിയ ശോശാമ്മ ചേച്ചി അവരുടെ ചുറ്റും ഡിസ്കവറി ചാനലിൽ നീലത്തിമിംഗലത്തിന്നടുത്ത് പരൽ മീനിനെ പോലെ ഓടി കളിക്കുകയായിരുന്ന ധനുഷിനെ പിടിച്ച് ബിന്ദുവിന്റെ നേർക്ക് തിരിച്ച് നിർത്തി ആവേശ-വികാര ഭരിതയായി പറഞ്ഞു..

“അങ്ങനെ പറയരുത് ബിന്ദൂ... ഈ കുഞ്ഞിമോന്റെ മുഖത്ത് നോക്കി, അത് മാത്രം പറയരുത്

Monday, July 9, 2012

എ ‘സ്പിരിച്വൽ’ ഫാമിലി


ഭാഷാപണ്ഡിതരായ ചില നാട്ടുകാരുടെ അഭിപ്രായത്തിൽ ചേലേരി എന്ന സ്ഥലപേരിന്റെ അർത്ഥം ചേല് ഏറിയ സ്ഥലം, അതായത് മോസ്റ്റ് ബ്യൂട്ടിഫുൾ ഏരിയ എന്നാണ്.  പക്ഷേ ഓപ്പറേഷൻ കഴിഞ്ഞയിടത്ത് സ്റ്റിച്ചിട്ടത് പോലെ പഴശ്ശി ജലസേചന കനാൽ കീറിമുറിച്ച ചേലേരി വില്ലേജിന് അങ്ങനെ പറയാനും മാത്രം ഗ്ലാമറൊന്നുമില്ല.  കോഴി ഗേൾഫ്രന്റും ബോയ്ഫ്രന്റും തമ്മിൽ എഗ് ഉൽ‌പ്പാദനത്തിനു വേണ്ടി നടത്തുന്ന ട്വന്റി ട്വന്റി മാച്ചിനും ചേലുകൂടൽ എന്ന് പറയാറുണ്ട്.  അങ്ങനെ ചേലുകൂടൽ ഏറിയ സ്ഥലമാണ് ഇതെന്ന് നാറാത്ത്, മയ്യിൽ ഭാഗത്തുള്ള ചില കൺ‌ട്രികൾ ആരോപിക്കുന്നുണ്ട്.  ആ പറച്ചിലിനു ഓലയുടെയോ കല്ലെഴുത്തിന്റെയോ ഗുഹയെഴുത്തിന്റെയോ സ്ക്രീൻഷോട്ടിന്റെയോ ലിങ്കിന്റെയോ സപ്പോർട്ടിങ്ങ്സ് ഇല്ലാത്തതിനാൽ ആദ്യത്തേത് മാത്രമാണ് ശരി.

ഏത് കാര്യത്തിലും “ഓ.. എന്തിനാപ്പാ ബേണ്ടാ‍ത്ത പണിക്ക് പോന്നെ..” എന്ന ടൈപ്പ് പിന്നോക്ക ചിന്താഗതി കാരണം ഒന്നാം പാനിപ്പത്ത് യുദ്ധത്തിലോ ഇന്ത്യാ പാക് യുദ്ധത്തിലോ സ്വാതന്ത്ര്യസമരമോ പോലുള്ള എറച്ചിക്ക് മണ്ണ് പെരങ്ങുന്ന ഒരു പരിപാടിക്കും ഞങ്ങളുടെ നാട്ടിലെ ആരും പങ്കെടുത്തിട്ടില്ല.  തൊള്ളായിരത്തി നാൽ‌പ്പത്തിയേഴിനു മുൻപുണ്ടായൊരു റോഡ് മാത്രമാണ് വികസന മാതൃക.  വില്ലേജാപ്പീസും റേഷൻ കടയുമാണ് കേരള സർക്കാരുമായി ബന്ധിപ്പിക്കുന്ന രണ്ടേരണ്ട് സ്ഥാപനങ്ങൾ.  അഞ്ച് കൊല്ലം കൂടുമ്പം വിസിറ്റ് വിസക്ക് വരുന്ന സ്ഥാനത്തിന് ആർത്തിയുള്ളവർ പോലും ഇങ്ങോട്ടേക്ക് കടക്കാറില്ല.  എന്ന് വെച്ച് ഇവിടെ മഹാൻ‌മാർ ജനിച്ചിട്ടില്ലെന്ന് കരുതണ്ട.  വളരാനുള്ള സാഹചര്യങ്ങൾ ഒട്ടുമില്ലാഞ്ഞിട്ടും നാടിന്റെ പേരും പെരുമയും ഉയർത്തിയ, ലോകത്തിന് മുന്നിൽ അഭിമാനപുരസ്സരം കാഴ്ചവെക്കാൻ പറ്റുന്ന, ചില മഹത് വ്യക്തികൾ ഇവിടെ ജനിച്ചിട്ടുണ്ട്.  അതിൽ ഫസ്റ്റ് പേഴ്സനാണ് കുഞ്ഞാമന്റെ മകൻ സുശീലൻ.  നന്നായി അദ്ധ്വാനിക്കുകയും അത് പോലെ കഴിക്കുകയും ചെയ്യുന്ന ഒരു സാദാ മലയാളിയാണ് കുഞ്ഞാമൻ.  മാണി കോൺഗ്രസ്സിന്റെ എംബ്ലം പോലെ കുഞ്ഞാമന് രണ്ട് മക്കളാണ്.  മൂത്ത മകൻ പ്രശാന്തനും, നാടിന്റെ രോമാഞ്ചവും യുവജന നൂറുകളുടെ അഭിമാനവുമായ സുശീലനും. 

കുഞ്ഞാമന് വെള്ളം തുള്ളി അകത്ത് ചെന്നാൽ അപ്പോ തന്നെ പാട്ട് പാടണം.  “കണ്ണുനീർ തുള്ളിയെ സ്ത്രീയോടുപമിച്ച..” എന്ന ഒറ്റപ്പാട്ട് മാത്രമേ പാടൂന്ന് മാത്രം.  എവിടെങ്കിലും ഇരുന്നാ പിന്നെ സെൽഫ് എടുക്കില്ലാന്ന് മാത്രമല്ല ബാക്കിയുള്ളോര് പിടിച്ച് പൊക്കണമെന്നൊരു സൈഡ് ഇഫൿട് കൂടിയുണ്ട്.  പക്ഷേ എത്ര ഫിറ്റായാലും എക്സസ്സായി ഒരു തെറിവാക്ക് ആ നാവിൽ നിന്നും വീഴില്ല.  പണ്ടത്തെ കുടിയന്മാരുടെ ഒരു ഗുണമാണല്ലോ അത്.  വല്ലാണ്ട് മുഷിഞ്ഞാൽ “ഞാൻ കള്ള് കുടിക്കും, പച്ചേങ്കില് കള്ള് എന്നെ കുടിച്ചിട്ടില്ല..” എന്ന കിണ്ണംകാച്ചിയ ഡയലോഗ് ഇടക്കിടക്ക് പറയും; അത്രമാത്രം.  സൊസൈറ്റിക്ക് ബാധ്യതയല്ലാത്ത മാന്യനും തറവാടിയും നിഷ്കളങ്കനുമായ ഒരു കുടിയൻ ആയിരുന്നു ടിയാൻ. 

സുശീലന് ഇരുപത് വയസ്സ് ആകുന്നതേയുള്ളൂ.  പഠിച്ചു കഴിഞ്ഞു എന്ന് പത്ത് തോറ്റപ്പോൾ അവൻ പറഞ്ഞത് കൊണ്ട് പിന്നെ പഠിക്കാൻ പോയിട്ടില്ല.  അവിടെ എത്തിയപ്പോ തന്നെ അവന്റെ വായിൽ നിന്നും പത വന്നു.  പഠിക്കുന്ന കാലത്ത് സോഷ്യൽ‌സ്റ്റഡീസിലും ഫിസിക്സിലും കെമിസ്ട്രിയിലും താൽ‌പ്പര്യമില്ലെങ്കിലും ബയോളജിയിൽ അവന് ഫുൾ ഇന്ററസ്റ്റായിരുന്നു.  പ്രത്യുൽ‌പ്പാദനത്തിന്റെ പ്രായോഗിക പരിശീലനത്തിന് ബയോളജി പഠിപ്പിക്കുന്ന സാവിത്രി ടീച്ചറുടെ വീട്ടിൽ തന്നെ പോകുകയും ഒളിഞ്ഞ് നോക്കുമ്പോൾ കൈയ്യുംകാലുമോടെ പിടിക്കപ്പെടുകയും പ്രസ്തുത പാർട്സുകൾ ഒടിക്കപ്പെടുകയും അക്കാദമിക് ഗ്രാഫ് ചുളിയപ്പെടുകയുണ്ടായി.  ബ്രാഹ്മണൻ എന്ന പദം വിഗ്രഹിച്ച് സമാസം പറയുകയെന്ന ചോദ്യത്തിന് ബ്രാ മണക്കുന്നവൻ ആരോ ബ്രാഹ്മണൻ എന്ന് പറഞ്ഞതിന് ക്ലാസ്സിൽ നിന്നും പുറത്താക്കപ്പെട്ടത് അനേകം ഗെറ്റൌട്ടുകളിലെ ഒരു ഫലിതബിന്ദു മാത്രമായിരുന്നു.  പരാജയകരമായ സ്കൂളിങ്ങിനു ശേഷം സുശീലൻ അച്ഛന്റെ പാത പിന്തുടർന്ന് സൽ‌പ്പുത്രനാണെന്ന് തെളിയിച്ചു.  ബാക്കിയൊക്കെ ടാർ റോഡായത് കാരണം അച്ഛൻ പോയ മദ്യാലയത്തിലേക്കുള്ള പാത മാത്രമേ ആ സൽ‌പുത്രന് ഫോളോ ചെയ്യാനായുള്ളൂ.  അച്ഛന്റെ ആക്റ്റിവിറ്റീസിന്റെ ട്രൂകോപ്പിയായത് കൊണ്ട് ഡേറ്റ് ഓഫ് ബർത്ത്, മിഡിൽ ബർത്തായ ട്വന്റി ഇയേഴ്സ് എത്തിയപ്പോഴേക്കും സുശീലന്റെ പെരുമ ചേലേരി വില്ലേജിന്റെ ബൌണ്ടറികൾ കടന്നിരുന്നു.

രണ്ടാളുടെ നീളമുണ്ട്, നല്ല വണ്ണം, നല്ല മധുരം, തടിക്ക് മാത്രം ചെറിയൊരു കേടുണ്ട് എന്ന് കരിമ്പിനെക്കൊണ്ട് പറഞ്ഞത് പോലെയാണ് സുശീലന്റെ അവസ്ഥ.  കാണാൻ സുന്ദരൻ, സൽ‌സ്വഭാവി, ടൈറ്റ് ചുരിദാറിട്ട പെണ്ണുങ്ങളുടെ മുഖത്തെന്നല്ല മറ്റെവിടെയും നോക്കില്ല, ഒരു വാക്ക് മോശമായി പറയില്ല.  പക്ഷേ, മദ്യം ശരീരത്തിന്റെ മധ്യഭാഗത്ത് കയറിയാൽ സുശീലൻ കൺ‌വേർട്ടഡ് ആയി ദുശ്ശീലനാകും.  പിന്നെ തറയല്ല, കുയ്യാട്ടയാണ്.  ആരെന്നോ എന്തിനെന്നോ നോക്കില്ല തെറി തുടങ്ങും, നാച്വറലി അത് ഉന്തും പിടിയിലും പിന്നെ സംഘട്ടനത്തിലുമെത്തും.  ഡ്യൂപ്പില്ലാത്തതിനാൽ അടിപിടിയുടെ ആഫ്‌റ്റർ ഇഫക്റ്റായി ബോഡിയിൽ ബാർ‌കോഡ് പോലെ മുറിവിന്റെ കലകളും ഉണ്ടായി.  കുഞ്ഞാമൻ ഉണ്ടാക്കിയ പൂവർമാൻ ഇമേജ് മുഴുവൻ സുശീലൻ ചെറിയ കാലം കൊണ്ട് നെരപ്പാക്കി.  സന്മനസ്സുള്ള ചിലർ ഫ്രീ ആയി ഉപദേശിച്ചിട്ടും അവന്റെ സ്വഭാവത്തിൽ ഒരു കെ.ബി. പോലും മാറ്റമുണ്ടായില്ല.    

നാട്ടിലെ മുഖ്യ പൌരനായിരുന്നു ചേലേരി യൂ.പി.യിൽ നിന്നും റിട്ടയർ ചെയ്ത വാസുമാഷ്.  പിരിഞ്ഞതിനു ശേഷം പൊതുവെയുള്ള ട്രെൻഡ് പ്രകാരം എൽ.ഐ.സി. ഏജൻസിയും കുറച്ച് സ്വത്ത് കച്ചോടവും അമ്പലം വിഴുങ്ങലുമായി നടക്കുകയാണ് കക്ഷി.  താൻ പറഞ്ഞത് ആരും അനുസരിക്കുമെന്നൊരു ഓവർ കോൺഫി മൂപ്പർക്കുണ്ട്.  ഒരു ദിവസം സുശീലനെ പറ്റി ഒരു പരാതി സമർപ്പിക്കാൻ കുഞ്ഞാമൻ വാസുമാഷിനെ കണ്ടു. 

“മാഷ് ഒന്ന് വീട് വരെ വരണം.. സുശീലന് എന്നെ തീരെ വിലയില്ല..”
മാഷ് : “നീ ഇങ്ങനെ ഏതു നേരവും കുടിക്കുന്നത് കൊണ്ടാകും..” 
കുഞ്ഞാമൻ : “ഹേയ് അതൊന്നുമാവില്ല, ഞാൻ ജനിച്ചപ്പോ തൊട്ട് തുടങ്ങിയതാ കുടി...“
മാഷ് : “എടോ.. നീ ഇങ്ങനെ എപ്പോഴും കുടിച്ച് നടക്കുന്നത് അവന് നാണക്കേടായിരിക്കും.. അവനൊരു ചെറുപ്പക്കാരനല്ലേ..”
കുഞ്ഞാമൻ : “പണി കയിഞ്ഞ് വരുമ്പം ഞാൻ കൊറച്ച് കുടിക്കുമെന്ന് മാഷക്ക് അറിയാമല്ലോ.. കാറാട്ട് ഷാപ്പിൽ എനക്ക് പറ്റായിരുന്നു,   ഞാൻ ഒരാഴ്ച അടിക്കുന്നത് അവൻ ഒരു ദിവസം കൊണ്ട് അടിച്ച് പറ്റ്ബുക്ക് നിറച്ചപ്പോ കള്ള് നിർത്തി പെഗ് ആക്കി.  ബിവറേജിൽ ക്യു നില്‍ക്കുന്നത് പ്രശാന്തന് നാണക്കേടാന്ന് പറഞ്ഞതോണ്ട് ഇപ്പോ ആളെ വിട്ട് വാങ്ങിപ്പിച്ച് വീട്ടിൽ കൊണ്ട് പോയാണ് അടിക്കുന്നത്.  ആ കുപ്പിയാ അവനെടുത്ത് മറിച്ചു കളഞ്ഞത്..  അവനു തീരെ അനുസരണയില്ല.. ബിയർ ആണേൽ മടിയിൽ വെക്കാം, ബിവറേജസ് ആയാലോ.. മാഷേ.."

“അങ്ങനെയാണോ..? എന്നാ വാ ചോദിച്ചിട്ട് തന്നെ കാര്യം..”  എന്ന് പറഞ്ഞു കുഞ്ഞാമനും മാഷും സുശീലനെ കാണാൻ പോയി.  പച്ചയ്ക്കായത് കൊണ്ട് മാഷിനെ കണ്ടപ്പോൾ സുശീലൻ കടയുടെ ഷട്ടർ ഇടുന്നത് പോലെ കാവിമുണ്ടിന്റെ മാടിക്കെട്ട് അഴിച്ചിട്ട് ബഹുമാനപ്രകടനം നടത്തി.
  
വാസു മാഷ് ചെന്നയുടനെ ചോദിച്ചു, “നിനക്കെന്താ സുശീലാ അച്ഛനെ ഒരു വിലയുമില്ലാത്തെ?“
സുശീലൻ : “അങ്ങനെയൊന്നുമില്ല മാഷേ
മാഷ് : “നിന്നെ ഇത്ര വരെ വളർത്തിയില്ലേ? പഠിപ്പിച്ചില്ലേ? ഇപ്പോഴും പണിയെടുത്ത് പോറ്റുന്നില്ലേ.. നിങ്ങളുടെ കാര്യങ്ങൾക്കൊന്നും ഒരു മുടക്കോം വരുത്തുന്നില്ലല്ലോ..?“ 
സുശീലൻ : “ആ എന്റെ കാര്യത്തിന് മുടക്കമുണ്ട്..”
മാഷ് : “എന്ത് മുടക്കം..?” 
സുശീലൻ : “ഇത്ര നാളും നല്ല സാധനം വാങ്ങി അടിച്ചോണ്ടിരുന്ന അച്ഛൻ ഇപ്പൊ കൂതറ റമ്മാ വാങ്ങി വെക്കുന്നത്.. വെള്ളമടിക്കാൻ പൈശ കൊടുക്കണ്ടാന്നുള്ളതാ അച്ഛനെക്കൊണ്ട് ആകെയുള്ള ഉപകാരം.. ഇപ്പോ അതും പറ്റാണ്ടായി..”

ഈ പോത്തിന്റെ ചെവിയിൽ വേദമോതുന്നത് ബീയറിൽ വെള്ളം ഒഴിച്ച് കുടിക്കുന്നത് പോലെ വേസ്റ്റാണെന്ന് വെളിപാടുണ്ടായ വാസുമാഷ് മേലാൽ കുഞ്ഞാമന്റെയെന്നല്ല ഒരു കുടിയന്റെയും തർക്കങ്ങളിൽ ഇടപെടില്ലാന്ന് ഓൺ ദി സ്പോട്ടിൽ ഡിസൈഡ് ചെയ്ത് ആ സ്പോട്ടിൽ നിന്ന് സ്കൂട്ടായി.

പക്ഷേ ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രശാന്തൻ ഒരു പരാതിയുമായി വാസുമാഷിനെ കാണാൻ വന്നു.  സുശീലനുണ്ടാക്കുന്ന കുഴപ്പങ്ങൾക്ക് പുറമേ കല്യാണം കഴിഞ്ഞ് മൂന്നാല് കൊല്ലമായിട്ടും കുട്ടികൾ ആയില്ലെന്നൊരു സങ്കടം കൂടി അവനുണ്ട്.  പരാതി സുശീലനെപ്പറ്റിയായത് കൊണ്ട് ഇടപെടാൻ മാഷ് മടിച്ചെങ്കിലും പ്രശാന്തന്റെ തിളക്കമാർന്ന സി.വി. ഓർത്ത് മനസ്സിൽ ചെറിയൊരു ദോളനമുണ്ടായി.  പ്രശാന്തൻ മദ്യപിക്കില്ല, പുകവലിക്കില്ല, ഭാര്യയല്ലാണ്ട് വേറെ ചീത്ത കൂട്ടുകെട്ടുകളുമില്ല.  ഓട്ട് കമ്പനിയിലെ ജോലിയും നോക്കി സുഖമായി കഴിയുന്നു.  അവന്റെ ഭാര്യയോട് സുശീലൻ അപമര്യാദയായി പെരുമാറിയെന്ന് കേട്ടപ്പോൾ സ്ത്രീപീഠനമായത് കൊണ്ട് ഇടപെടണമെന്ന് വാസുമാഷ് ഉറപ്പിച്ചു.  മാഷാണെന്ന് വെച്ച് വീൿനെസ്സ് ഉണ്ടായിക്കൂടെന്നില്ലല്ലോ.  സിംഗിളായി കളിച്ചാൽ ഒരു ടൂർണമെന്റിലും രണ്ടാം റൌണ്ട് കാണാത്ത ഇന്ത്യൻ ടെന്നീസ് കളിക്കാർ മിക്സഡ് ഡബിൾസിൽ ഏത് കപ്പും പൊക്കുന്നത് പോലെ ലേഡീസുണ്ടെങ്കിൽ ചിലർക്കൊരു പ്രത്യേക ഉണർവ്വാണല്ലോ.  പോരാത്തതിന്‌ പത്രങ്ങളിൽ ഇന്നത്തെ പീഢന കോളവും ചാനലുകളിലെ പീഢന ന്യൂസ് ബുള്ളറ്റിനും ദിവസവും കാണുന്നുമുണ്ട്.  മഹാശ്വേതാദേവിയും സാറാജോസഫും സുഗതടീച്ചറുമൊക്കെ വരുന്നതിനു മുൻപ് ഇടപെട്ടാൽ പത്രത്തിൽ പേരു വരുമെന്നോർത്ത് കോരുകയും ന്യൂസ് അവറിൽ വിഷ്വൽ‌സ് വരുമെന്നോർത്ത് തരിക്കുകയും ചെയ്ത വാസുമാഷ് പ്രശാന്തനെയും കൂട്ടി ഇമ്മീഡിയറ്റായി സുശീലനെ കണ്ടു. 

“നീയെന്താടാ പ്രശാന്തന്റെ ഭാര്യയോട് മോശമായി പറഞ്ഞത്..?” വാസുമാഷ് റഫ് ആന്റ് ടഫ്.
“ഞാനൊന്നും പറഞ്ഞില്ല മാഷേ..” സുശീലൻ കാം ആന്റ് ക്വയറ്റ്.
പ്രശാന്തൻ : “ഇവൻ അവളുറങ്ങാൻ പോകുമ്പം വേണ്ടാത്ത വർത്താനം പറഞ്ഞു മാഷേ..”
മാഷ് : “നീ എന്താടാ പറഞ്ഞത്?”
സുശീലൻ : “ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ല..”
പ്രശാന്തൻ : “രാത്രി കിടക്കാൻ പോകുമ്പം ഇവൻ വൃത്തികേട് പറഞ്ഞിന് മാഷേ..”
സുശീലൻ : “ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞിറ്റില്ല..”
പ്രശാന്തൻ : “പറഞ്ഞിന്..”
മാഷ് : “നിർത്ത്.. നിർത്ത്.. അവൾ ഉറങ്ങാൻ പോകുമ്പം നീ എന്താ പറഞ്ഞതെന്ന് പറയ്..”
സുശീലൻ : “ഓള് അമ്മയോട് ഞാൻ ഉറങ്ങാൻ പോകട്ടേന്ന് പറഞ്ഞപ്പം..”
മാഷ് : “പറഞ്ഞപ്പം
സുശീലൻ നിഷ്കളങ്കൻ : “അപ്പോ ഞാൻ പറഞ്ഞു, കുറേ കാലമായല്ലോ ആട കിടക്കുന്നേ.. എന്നിറ്റ് വിശേഷമൊന്നും ഇല്ലല്ലോ.. ഇനി ഇവിടെ കിടന്ന് നോക്ക് എന്ന്.. അത്രേള്ളൂ‍..”

പുട്ട് തൊണ്ടയിൽ കുടുങ്ങിയത് പോലെ സ്റ്റക്കായി കണ്ണ് തള്ളിയ വാസുമാഷ് ഉപദേശ ഫീൽഡിൽ ഫ്യൂച്വർ ഇല്ലാണ്ടായിപ്പോകുമല്ലോ എന്നോർത്ത് ഡെസ്പുമായി.  അപ്പോഴാണ് മുറ്റത്ത് ആടു പാമ്പേ ആടാടു പാമ്പേ എന്ന മോഡലിൽ നിൽക്കുന്ന കുഞ്ഞാമനെ കണ്ടത്.

“എന്താ കുഞ്ഞാമാ ഇത്..! നിങ്ങളെയൊക്കെ വിശ്വസിച്ചല്ലേ ആ പെങ്കുട്ടീന്റെ അച്ഛനുമമ്മയും പ്രശാന്തന് കെട്ടിച്ച് കൊടുത്ത് വീട്ടിലേക്കയച്ചത്.. എന്നിട്ട് ഇങ്ങനെയാണോ അതിനോട് പെരുമാറേണ്ടത്.. അങ്ങനെയൊക്കെ പറയാൻ പാടുണ്ടോ.. തെറ്റല്ലേ അവൻ പറഞ്ഞത്..?”

കുഞ്ഞാമൻ : “അതെ മാഷേ തെറ്റാണ്.., ഞാൻ അപ്പോ തന്നെ അവന് പറഞ്ഞ് കൊടുത്തിന്..”

മാഷ് സന്തോഷവാനായി : “അത് നന്നായി.. അങ്ങനെയൊന്നും പറയരുതെന്ന് പറഞ്ഞ് കൊടുത്തു അല്ലേ.. നന്നായി.  ആട്ടെ എന്താ പറഞ്ഞത്..?”

പതയാതിരിക്കാൻ ചെരിക്കുന്ന ബിയർ ഗ്ലാസ്സിനെ പോലെ മാഷിന്റെ അടുത്തേക്ക് ചെരിഞ്ഞു കൊണ്ട് കുഞ്ഞാമൻ, “ശ്, മാഷേ ആല മാറ്റിക്കെട്ടീന്ന് വെച്ച്  മച്ചിപ്പശു ചെന പിടിക്കൂലല്ലോ..”
                                                                                                                                                                                                                           ടീച്ചറില്ലാത്ത ക്ലാസ്സ് റൂമിൽ പെട്ടെന്ന് ഹെഡ് മാസ്റ്റർ വന്നത് പോലെ, സിനിമക്കിടയിൽ ബിറ്റ് ഇട്ടത് പോലെ, ബിവറേജസ് ക്യൂവിലേത് പോലെ, ഒരു ബ്രഹ്മാണ്ഡ നിശ്ശബ്ദത അവിടെയുണ്ടായി.  ആ മൌന മല ബ്രേക്ക് ചെയ്ത് വാസുമാഷ് പറഞ്ഞു.  “..എവിടെയോ പോകാനുണ്ട്, ഞാൻ പോട്ടേ” ഇംഗ്ലീഷ് സിനിമ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് പോലെ ചുണ്ട് അനങ്ങി കുറേ കഴിഞ്ഞാണ് മാഷിന്റെ സൌണ്ട് കേട്ടത്.

നാട്ടുകാരുടെ വലിയൊരു സംശയമായിരുന്നു സുശീലൻ എന്താ ദുശ്ശീലനായത് എന്നത്.  അന്നത്തോടെ ആ ഡൌട്ട് ക്ലിയർ ചെയ്യപ്പെട്ടു.  മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്നത് പോലെ, പുല്ലു മൂത്താൽ വടിയുമാവില്ലല്ലോ.