Wednesday, November 20, 2013

ഒരു മൊബൈൽ ഫോൺ പ്രണയഗാഥ


ആരുമറിയാതെ മൂലയ്ക്ക് കിടന്നിരുന്നവരിൽ അടിമുടി മാറ്റമുണ്ടാക്കിയാകും ചില സുഹൃത്തുക്കൾ കടന്നു വരുന്നത്.  ശാന്തമായ ജീവിതം പുത്തൻ കൂട്ടുകെട്ടുകൾ മാറ്റിമറിക്കും.  അത്തരം കണ്ടുമുട്ടലുകൾ, കൂട്ടുകെട്ടുകൾ രണ്ട് പേരേയും പ്രശസ്തിയുടെ മലകയറ്റും.  ചുരുക്കിക്കെട്ടി പറയുകയാണെങ്കിൽ പുതുതായി രണ്ടു പേർ പരിചയപ്പെടുമ്പോൾ അത് വരെ ആരുമറിയാതിരുന്ന ചിലർ ലോകപ്രശസ്തരാകും.  ഉദാഹരണത്തിന് കർണൻ‌-ദുര്യോധനൻ, അഭിഷേക്-ഐശ്വര്യ,  സാംസംഗ്-ആൻ‌ഡ്രോയിഡ്. 

ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയന്റെ ലുക്കിലും ലൈക്കിലും മാറ്റം വരുത്തിയത് ഓഫീസിൽ സഹപ്രവർത്തകനായി വന്ന ജയപ്രകാശനായിരുന്നു.  കണ്ടുമുട്ടിയത് മുതൽ രണ്ടുപേരും നല്ല സുഹൃത്തുക്കളായി.  ഉയരം കുറഞ്ഞ്, അത് മേക്കപ്പ് ചെയ്യാൻ കറുപ്പ് അൽ‌പ്പം കൂടി, ഇൻ ചെയ്യാത്ത ഷർട്ടും, ചുമലിലൂടെ ഒരു ചോറുബാഗുമിട്ട് എണ്ണ തേക്കാതെ, ചീകാതെ പാറിയ മുടിയുമായി നടക്കുന്ന ബാഹുലേയനെ കണ്ടാലറിയാം ഒരു പ്രാരാബ്ധക്കാരൻ സർക്കാർ ജീവനക്കാരനാണെന്ന്.  പക്ഷേ ജയപ്രകാശൻ നേരെ വ്യത്യസ്തനാണ്.  ആഷ്പോഷ് ഡ്രസ്സിങ്ങും, കൈയ്യിൽ ഉരക്കുന്ന ഫോണും റീബോക്കിന്റെ ഷൂവും, അലൻസോളിയുടെ ഡ്രെസ്സുമായി ഒരു അടിപൊളി ജന്മം.  എപ്പോൾ നോക്കിയാലും ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ടാകും.  ബാഹുലേയന്റെ മേശ ഫയലുകളൊക്കെ ഭംഗിയായി അടുക്കി വെച്ച് നീറ്റ് ആന്റ് ക്ലീൻ ആണെങ്കിൽ ജയപ്രകാശന്റേത് ഫയലും കടലാസ്സുകളും നിറഞ്ഞ് അലങ്കോലമായി കിടക്കും.  ബാഹുലേയന് നിൽക്കാനും ഇരിക്കാനും ടോയിലറ്റിൽ പോകാൻ പോലും സമയമില്ലാണ്ടിരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ഫോൺ ഇൻ പ്രോഗ്രാം ആയിരിക്കും.  ബാഹുലേയൻ ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ ജയപ്രകാശൻ സബ്സിഡി വെട്ടിക്കുറച്ച് അഴിമതിയിൽ കേന്ദ്രീകരിക്കുന്ന സെൻ‌ട്രൽ ഗവൺ‌മെന്റിനെ പോലെ ജോലിയെടുക്കാതെ മറ്റുള്ള മേശകളിൽ പോയിരുന്ന് രാഷ്ട്രീയം പറഞ്ഞ് നേരംകൂട്ടി.  ആദ്യമൊക്കെ ജയപ്രകാശന്റെ ഫോൺ വിളികളൊക്കെ എന്തെങ്കിലും സീരിയസ്സായ കാര്യങ്ങൾക്ക് ആയിരിക്കുമെന്നാണ് ബാഹുലേയൻ കരുതിയത്.  കൊഞ്ചലും കുറുകലും ഓമനിക്കലും കണ്ടപ്പോഴാണ് ഇത് ഫോണോമാനിയ വിഭാഗത്തിൽപെട്ടൊരു വൈറസ് ബാധയാണെന്ന് മനസ്സിലായത്.
അന്നും പതിവ് പോലെ ബാഹുലേയൻ രാവിലേ വന്ന് കുത്തിയിരുന്ന് പണിയെടുക്കുമ്പോൾ ജയപ്രകാശൻ ഫോൺ ചെവിയിലൊട്ടിച്ച് സംസാരിച്ചു കൊണ്ട് വന്നു.

“ഓക്കേഡാ.. ഞാൻ എത്തിയെടാ.. വെച്ചോട്ടേ.. ബൈ.. മം..മ്മ.”
സീറ്റിലിരുന്ന് അത് കട്ടാക്കി വേറേ ഡയൽ ചെയ്ത് സംസാരം തുടർന്നു, ബാഹുലേയൻ തലയുയർത്തി ഇതൊക്കെ നോക്കിയിരിക്കുകയായിരുന്നു.
“കുട്ടാ ഞാൻ എത്തിയെടാ.. എന്നാ പിന്നെ വിളിക്കാഡാ ബൈ.. മ്മ..“
“അല്ല ജയപ്രകാശാ ഓഫീസിലെത്തിയെന്ന് എത്ര ആളെയാ അറിയിക്കേണ്ടത്.. എല്ലാരെയും ഭയങ്കര കെയറിങ്ങാണല്ലോ..”
“ഹഹഹ.. ഇതൊക്കെ ഒരു സുഖമല്ലേ..”
“ഭാര്യ അറിഞ്ഞാൽ നല്ല സുഖമായിരിക്കും..”
“അങ്ങനെ അറിയില്ലല്ലോ.. അതൊക്കെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ പഠിക്കണം.. കക്കാൻ പഠിച്ചാൽ ഞേലാൻ പഠിക്കണം എന്ന് കേട്ടിട്ടില്ലേ..”
“എന്നാലും ഇതൊരു വഞ്ചനയല്ലേ.. .”
“സ്നേഹിക്കുന്നത് തെറ്റാണോ? സ്നേഹം ആഗ്രഹിക്കുന്നവർക്ക് അത് കൊടുക്കണം. .”
“വൈഫും ആഗ്രഹിക്കുന്ന ആർക്കെങ്കിലും കൊടുത്താലോ. സ്നേഹം
“കൊല്ലും ഞാൻ.. അത് വേറെ കാര്യം. .”
“അപ്പോ തനിക്കിതൊക്കെ പറ്റും അവർക്ക് പറ്റില്ല അല്ലേ. ഹഹഹ...”
“അതിപ്പോ. ഹി.. ഇതൊക്കെ നമ്മളുടെ സ്വകാര്യതയല്ലേ.. ജീവിക്കാൻ ഒരു രസത്തിന്..  ഇത് കണ്ടോ ഇന്ന് ഞാൻ പുതിയ ഡ്രെസ്സിട്ടല്ലേ വന്നത്.. വൈഫ് ഇത് തിരിഞ്ഞ് നോക്കിയത് പോലുമില്ല, എന്നാൽ എന്റെ മൂന്നു ഗേൾഫ്രന്റ്സ് അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു അവരതൊക്കെ ശ്രദ്ധിക്കും പിന്നെ, ഓഫീസിൽ വരാനൊക്കെയൊരു മൂഡുണ്ടാകും...”
പറഞ്ഞ് നിർത്തിയില്ല, അപ്പോൾ ഫോൺ ബെല്ലടിച്ചു.
“ഹായ്.. മോളൂ..  ഞാൻ ഓഫീസിലാ.. ങേ. ഇന്നു വൈകിട്ടോ.. ആയ്ക്കോട്ടേ.. കാണാം.. ഷുവർ.. ബസ് സ്റ്റോപ്പിൽ ബായ്.” ജയപ്രകാശൻ ഫോൺ വെച്ച് തക്കാളി കവിളുമായി ബാഹുലേയനോടായി പതുക്കെ പറഞ്ഞു.
“ഇന്ന് വൈകിട്ട് ഒരു അപ്പോയിന്റ്മെന്റുണ്ട്..  കലക്ട്രേറ്റിലെ രജനി. ഒരു ഷർട്ടും പാന്റ്സും വാങ്ങിച്ചിട്ടുണ്ടെന്ന് സ്നേഹത്തോടെ വാങ്ങിത്തരുമ്പോ എന്താ ചെയ്യുക.”

ബാഹുലേയന്റെ മുഖത്ത് അത്ഭുതത്തിന്റെയും അസൂയയുടെയും കൊളാഷ് രൂപപ്പെട്ടു.   അന്ന് വൈകുന്നേരം ഓഫീസ് വിട്ട് ബാഹുലേയനും ജേപ്പിയുടെ ബൈക്കിൽ പോയി.  ഒരു വളവ് കഴിഞ്ഞപ്പോൾ ദൂരെ ചുരിദാറിട്ട തടിച്ചൊരു യുവതി വെയിറ്റിങ്ങ് ഷെൽറ്റർ നിറഞ്ഞ് നിൽക്കുന്നത് കണ്ടു.  അവളെ കണ്ടതും ബാഹുലേയനെ അവിടെ പിടിച്ചിറക്കി ജയപ്രകാശൻ അങ്ങോട്ടേക്ക് പോയി.  ശേഷം അവൾ ബൈക്കിൽ കയറി കാലുകൾ ഇരുവശത്തുമായി കവച്ചു വെച്ച് ഒട്ടിയിരുന്നു.  മുന്നിൽ നിന്നും നോക്കുമ്പോൾ ജയപ്രകാശന്റെ തലക്ക് ചുറ്റും ഒരോ തലയിണ വെച്ചത് പോലെയുണ്ടായിരുന്നു.  ബൈക്ക് തിരിച്ച് ബാഹുലേയന്റെ അടുത്തൂടെ പോയപ്പോൾ ജയപ്രകാശൻ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.  ആ പോക്ക് പിന്നിൽ നിന്നും കണ്ടു നിന്നപ്പോൾ ബാഹുലേയൻ സ്വമേധയാ പറഞ്ഞുപോയി. 

“മരത്തടിയിൽ പൂഴിച്ചാക്ക് വെച്ചത് പോലെയുണ്ട്

പിറ്റേന്ന് ജയപ്രകാശൻ പുതിയ ഡ്രെസ്സുമിട്ടാണ് വന്നത്.  ബാഹുലേയന്റെ നോട്ടം കണ്ടപ്പോൾ ജയപ്രകാശൻ പറഞ്ഞു.
“ഇത് ഇന്നലത്തെ ലെവൾ വാങ്ങിത്തന്നതാ..”
“ഉം മനസ്സിലായി..”
“നീയും ഇങ്ങനെ വല്ല സെറ്റപ്പും ഉണ്ടാക്ക്..”
“അതെങ്ങനെ..” ജയപ്രകാശന്റെ തലേന്നത്തെ പ്രകടനം ബാഹുലേയന്റെ മനസ്സിലെ സദാചാര മൺ‌കോട്ടകളെ ഇളക്കിയിരുന്നു.
“അതിനൊക്കെ വഴിയുണ്ട്..”
“എനിക്കങ്ങനത്തെ പെണ്ണുങ്ങളെ ഒന്നും പരിചയമില്ലല്ലോ. മാത്രമല്ല, എനിക്കിങ്ങനെ ഒലിപ്പിച്ച് സംസാരിക്കാനൊന്നും അറിയില്ല..”
“അതൊക്കെ ഞാൻ ശരിയാക്കിത്തരാം. സംസാരത്തിന്റെ കാര്യത്തിൽ പേടിക്കണ്ട. താനേ പഠിച്ചോളും. ആദ്യം കുറച്ചാളുകളുടെ നമ്പർ സംഘടിപ്പിക്കണം.”
“അതെങ്ങനെ..?”
“ഒരു വഴിയുണ്ട്. വാലന്റൈൻസ് ഡേ അല്ലേ വരുന്നത്.. അന്ന് ഏതെങ്കിലും ന്യൂസ്പേപ്പറിൽ ഒരു ആശംസ കൊടുക്കണം. നിന്റെ നമ്പർ വെച്ച്, പിന്നെ പെൺപിള്ളേരും പെണ്ണുങ്ങളും ഇങ്ങനെ മിസ്സ് അടിച്ചോണ്ടിരിക്കും. അതിൽ തിരിച്ച് വിളിച്ച് നല്ല കേസ് മാത്രം എടുക്കുക.”
“അപ്പോ ആണുങ്ങൾ വിളിച്ചാലോ?”
“നിനക്കവരെ ആണ് വേണ്ടതെങ്കിൽ...”
“അയ്യോ അങ്ങനെയല്ല.. ഞാൻ പറഞ്ഞെന്നേയുള്ളൂ..”
“എന്നാ പേപ്പറെടുത്ത് ഒരു ആശംസ എഴുത്..”
“അയ്യോ.. എനിക്കറിയില്ല..”
“പൊട്ടാ.. ഞാൻ പറയുന്നത് പോലെ അങ്ങോട്ടെഴുത്..”

ബാഹുലേയൻ ഒരു കടലാസ്സെടുത്ത് എഴുതാൻ റെഡിയായി.  ജയപ്രകാശൻ പറഞ്ഞ് തുടങ്ങി.

“എന്റെ പ്രിയപ്പെട്ട നിനക്ക്.. ഈ സുന്ദര കോമള സുരഭില ശീതള മാതള പ്രണയദിനത്തിൽ നിനക്ക് മാത്രം എന്റെ ഒരായിരം പ്രണയദിന വാടാ റോസാമലരുകൾ.. നമുക്കൊന്നിച്ച് അരുണവർണ ശോഭളമായ പ്രണയത്തിന്റെ പൂന്തേൻ നുകരാം മതി.. ബാക്കി നിന്റെ ഫോൺ നമ്പർ എഴുത്.. ഇനി ഇത് പേപ്പറിൽ കൊണ്ട് കൊടുക്കണം..”
“അയ്യേ.. ഇത് വെറും പൈങ്കിളി അല്ലേ
“എടാ മണ്ടാ ഈ പ്രേമം എന്ന് പറഞ്ഞാൽ തന്നെ പൈങ്കിളി അല്ലേ.. നീ നിന്റെ ബുദ്ധിജീവി ലൈൻ വെച്ച് വല്ലതും എഴുതിയിട്ടാൽ വല്യ സാഹിത്യം പറയുന്നവൾ പോലും തിരിഞ്ഞ് നോക്കില്ല..”

ബാഹുലേയൻ മനസ്സില്ലാ മനസ്സോടെ ജയപ്രകാശൻ പറഞ്ഞത് പോലെ പത്രത്തിന്റെ വാലന്റൈൻസ് ഡേ ആശംസാ കോളത്തിൽ പരസ്യം ചെയ്തു.  ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി പതിനാലാം തിയതി രാവിലെ രണ്ടു പേരും ഓഫീസിലെത്തി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഫോൺ തുരുതുരാ അടിക്കാൻ തുടങ്ങി.  ബാഹുലേയൻ പരിഭ്രമത്തോടെ ഫോണെടുത്ത് ഹലോ.. എന്ന് പറയുന്നു.. കട്ടാവുന്നു. ആവർത്തിക്കുന്നു. ജയപ്രകാശൻ ഇതൊക്കെ കണ്ട് അടക്കാനൊന്നും നിക്കാതെ ആസ്വദിച്ച് ചിരിക്കുന്നു.  പിന്നത്തെ ബാഹുലേയന്റെ ദൈനംദിന പ്രവൃത്തികൾ ഒരു സീൻ ഓർഡറിൽ എഴുതുന്നതായിരിക്കും നല്ലത്. 

സീൻ 1 പകൽ - ഇൻഡോർ
ഓഫീസിലിരുന്ന് ഫോൺ ചെയ്യുന്ന ബാഹുലേയൻ, ഫയലുകൾ കൂമ്പാരമായി കിടക്കുന്നു, പിന്നെയും വന്ന് വീഴുന്നു. അമ്മി കുമ്മായമായാൽ പോലും അറിയാതെ പൂപ്പുഞ്ചിരിയുമായി ഫോണിൽ സംസാരിക്കൽ മാത്രം.

സീൻ 2 പകൽ - ഇൻഡോർ
ഓഫീസിന്റെ വേറേ ഭാഗം. 
ബാഹുലേയൻ ചിരിച്ച് സംസാരിച്ച് കൊണ്ട് സ്വയം മറന്നു നടക്കുന്നു. തിരിച്ചും നടക്കുന്നു. ആവർത്തനം, തനിയാവർത്തനം.

സീൻ 3 പകൽ - ഔട്ട് ഡോർ
റോഡരികിലെ ഒരു സ്ഥലം. 
ബാഹുലേയൻ ഒരു ചെടിയുടെ അടുത്ത് നിന്ന് ചെടി നുള്ളിക്കൊണ്ട് സംസാരിക്കുന്നു. കുറേ കഴിഞ്ഞ് ചെടിയുടെ ഇല മുഴുവൻ താഴെ കിടക്കുന്നു കമ്പുകൾ മാത്രം ബാക്കിയായി അസ്ഥികൂടം പോലത്തെ പാവം ചെടി.

സീൻ 4 പകൽ - ഔട്ട് ഡോർ
ഒരു മൈതാനം 
ബാഹുലേയൻ കൈയ്യിലെ ആയിരം രൂപ ചുരുട്ടിക്കൊണ്ട് സംസാരിക്കുന്നു.  ലജ്ജാവിവശൻ.. ഇടക്ക് നോട്ട് കടിക്കുന്നു.. സംസാരിക്കുന്നു കുറേ കഴിഞ്ഞ് നോക്കുമ്പോൾ ആയിരം രൂപ തുണ്ടുതുണ്ടുകളായി താഴെ.

സീൻ 5 പകൽ - ഇൻഡോർ
വീട്
ബാഹുലേയൻ തലയിലും മീശയിലും പോരാഞ്ഞ് നെഞ്ചത്തും ഡൈ ചെയ്യുന്നു. ബോഡി സ്പ്രേകൾ പൂശുന്നു, തെങ്ങിനു കമ്പിയിട്ടത് പോലെ ബെൽറ്റിട്ട് ഡ്രെസ്സ് ഇൻ‌സൈഡ് ചെയ്യുന്നു.

സീൻ 6 പകൽ - ഇൻഡോർ
ഓഫീസ് 
ജയപ്രകാശൻ ജോലിചെയ്യുമ്പോൾ ബാഹുലേയൻ സംസാരിച്ച് കൊണ്ട് വരുന്നു. മൈൻഡാക്കുന്നില്ല. ഇൻസൈഡ്, നല്ല വസ്ത്രങ്ങൾ ഹെയർ സ്റ്റൈൽ പോലും മാറ്റിയിരിക്കുന്നു.  വാ പൊളിച്ച് നിൽക്കുന്ന ജയപ്രകാശൻ സ്വമേധയാ പറഞ്ഞു. “ഇത് തെയ്യം കെട്ടിയത് പോലായല്ലോ.. കെട്ടുന്നതിനു മുൻപ് തെയ്യക്കാരൻ കൈക്കോറെ തൊഴും, കെട്ടിയാൽ കൈക്കോറ് തിരിച്ചും..”

പകൽ മുഴുവൻ ഫോൺ വിളികൾ, രാത്രി ഭാര്യയുടെ കണ്ണു വെട്ടിച്ച് എസ്.എം.എസ്. അയക്കൽ, വീട്ടിലെത്താറാവുമ്പോൾ കാൾ ഹിസ്റ്ററിയും ഇൻബോക്സും ക്ലീൻ ചെയ്യൽ, പരമാവധി ഫ്രീ കിട്ടുന്ന ഓഫറിന് പണം നോക്കാതെ ചാർജ്ജ് ചെയ്യൽ ഇങ്ങനെ ബാഹുലേയൻ ആളാകെ മാറിപ്പോയി.  കൂടെ നടക്കുന്നവന്റെ എല്ലാ സ്വഭാവവും കടലാസ്സിൽ വീണ മഷി പോലെ ബാഹുലേയനിലേക്കും പടർന്നു.  അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഓഫീസിലേക്ക് പോകുമ്പോൾ ഫോണെടുക്കാൻ മറന്നത്.  ബസ്സിൽ കയറി ഓഫീസിലെത്താനാവുമ്പോഴാണ് ഓർമ്മവന്നതും.  വീട്ടിലാണെങ്കിൽ ഭാര്യയുണ്ട്, അവളെങ്ങാനും കണ്ടാൽ തീർന്നു ജീവിതം.  ഓഫീസിലെത്തി ഓടിപ്പോയി ജയപ്രകാശനോട് വിവരം പറഞ്ഞു.

“എന്റെ ജേപ്പീ ഒരു പ്രശ്നമുണ്ടായി..”
“എന്താ ഏതെങ്കിലും പെണ്ണിന്റെ ഭർത്താവ് കണ്ടുപിടിച്ചോ..”
“അതല്ല, ഞാനിന്ന് ഫോണെടുക്കാൻ മറന്നു പോയി..”
“അതിനെന്താ..”
“വൈഫ് വീട്ടിലുണ്ട്. ആരെങ്കിലും വിളിച്ചാൽ അവളെടുത്താലോ..”
ജയപ്രകാശൻ മനപൂർവ്വം കളിപ്പിക്കുന്നു : “വിളിച്ചാൽ ഫോണെടുക്കാൻ മറന്നതെന്ന് പറയും ഇവിടത്തെ ലാൻ‌ഡ്ഫോണിൽ വിളിക്കാൻ പറയു..”
“എടാ.. അത്.. മറ്റേ മഞ്ജുവോ, രാഗിണിയോ.. സീനത്തോ മറ്റോ വിളിക്കും. അവരെങ്ങാനും എന്തെങ്കിലും പറഞ്ഞാലോ..”
“ഓ.. അങ്ങനെ. അവളുമാരുടെയൊക്കെ സ്വന്തം പേരിലാണൊ സേവ് ചെയ്തത്..?”  
ബാഹുലേയൻ നാണിച്ച് കൊണ്ട്, “ഗ്യാസ് ഏജൻസി, വർക്ക് ഷോപ്പ്, എക്കൌണ്ടന്റ് എന്നൊക്കെയാ. പിന്നെ ഒന്ന് നിന്റെ പേരിലും...”
“ങേ.. എടാ കള്ളാ... ഒക്കെ പഠിച്ച് വെച്ചിരിക്കുകയാ അല്ലേ ഉം ഒരു കാര്യം ചെയ്യ്..വൈഫിനോട് അതെടുത്ത് ഓഫാക്കാൻ പറയ്..”
“ഓഫാക്കാൻ പറഞ്ഞാൽ അവളെന്ത് കരുതും..”
“അതും പ്രശ്നമാ അല്ലേ.. ഉം എന്നാൽ.. അവളുമാരോട് അമ്മയാണെന്ന് പറഞ്ഞാൽ പോരേ..”
“അത് പറയാം.. പക്ഷേ വൈഫിനോടെന്ത് പറയും.. എടുക്കാണ്ടിരിക്കുമ്പോ ഇവളുമാർ മെസേജ് അയച്ചാലോ.. അങ്ങോട്ട് വിളിച്ച് പറയാമെന്നു വെച്ചാ ഒരുത്തിയുടേയും ഫോൺ നമ്പറും ഓർമ്മയില്ലല്ലോ ആകെ പുലിവാലായല്ലോ എന്റെ ദൈവമേ.. എന്നെക്കൊണ്ടൊന്നിനും വയ്യ..”
അതും പറഞ്ഞ് ബാഹുലേയൻ തളർന്ന് ഇരുന്നു, ജയപ്രകാശൻ ചിരിക്കുന്നു.
“എടാ ഒരു വഴിയുണ്ട്, പണ്ട് എനിക്കിങ്ങനെ ഒരു മെസേജ് വന്നിരുന്നു.. കഷ്ടകാലത്തിന് അത് ഭാര്യയുടെ കൈയ്യിലാ കിട്ടിയത്.  കുട്ടാ ഉറങ്ങിയോ.. ഉമ്മ എന്നും പറഞ്ഞ് ഒരു മോള് അയച്ചതാ.. ഞാൻ പെട്ടെന്ന് പേടിച്ചു. ഭാര്യയാണെങ്കിൽ എന്നെ ചതച്ച് കൊല്ലാൻ നിൽക്കുകയാ.. അപ്പോ എനിക്കൊരു ബുദ്ധി തോന്നി, ഞാൻ ഉടനെ ചിരിക്കാൻ തുടങ്ങി. ഒരു രണ്ട് മൂന്ന് മിനിറ്റ് നീണ്ട ചിരി. ആ ചിരിക്കിടയിൽ ഞാൻ ഒരു ഐഡിയ ഉണ്ടാക്കി.. അത് എന്റെ ഒരു സുഹൃത്ത് എന്നെ പറ്റിക്കാൻ അയച്ചതാണെന്ന് പറഞ്ഞ് അവളെ വിശ്വസിപ്പിച്ചു
“അപ്പോ അവൾ അവനോട് ചോദിച്ചില്ലേ..?”
“ അതൊക്കെ ഞാൻ പിറ്റേന്ന് അവനെ പറഞ്ഞ് റെഡിയാക്കിയില്ലേ. ഇനി എപ്പോഴെങ്കിലും കണ്ടാൽ അവൻ സാക്ഷി പറഞ്ഞോളും.. ഇത്രയേ ഉള്ളൂ ഇവളുമാരുടെയൊക്കെ കാര്യം. പെണ്ണല്ലേടാ വർഗം.. അത്രയ്ക്കൊന്നും തല വർക്ക് ചെയ്യില്ല.. നമ്മൾ നന്നായി ആക്റ്റ് ചെയ്താൽ മതി..”
“അതെ അല്ലേ…”
“അത്രേള്ളൂന്നേ..”

സ്കൂളിൽ പഠിക്കുമ്പോൾ പ്രോഗ്രസ്സ്കാർഡ് ഒപ്പിടാൻ അച്ഛന്റട്ത്ത് പോകുന്നത് പോലെയായിരുന്നു ബാഹുലേയൻ വീട്ടിലേക്ക് പോയത്. ഭാര്യ രൂപറാണിയെ ഫേസ് ചെയ്യുന്നത് വിചാരിക്കുമ്പോ വീട്ടിലേക്ക് പോകണോ കടലിലോ മറ്റോ പോയി ചത്താലോന്ന് ആലോചിച്ചു.  മട്ടന്നൂരിന്റെ ചെണ്ട പോലത്തെ നെഞ്ചുമായി എങ്ങനെയോ വീട്ടിൽ ചെന്നു കയറി.  രൂപറാണിയെ എവിടെയും കാ‍ണുന്നില്ല. പതുക്കെ നടന്ന് ബെഡ്‌റൂമിൽ എത്തിയപ്പോൾ അതാകെ അലങ്കോലമായി വാരിവലിച്ചിട്ടിരിക്കുകയാണ്. തിരഞ്ഞ് നോക്കുമ്പോൾ മൊബൈൽ നിലത്ത് കവറും ബാറ്ററിയുമൊക്കെ ഇളകി വെവ്വേറെയായി കിടക്കുന്നു..  എല്ലാം മനസ്സിലാക്കിയ ഭാര്യ ദ്വേഷ്യം പിടിച്ച് മുറിയിലെ സാധനങ്ങളൊക്കെ അലങ്കോലമാക്കി ഫോണും വലിച്ചെറിഞ്ഞിരിക്കുകയാണ്..!!  അതൊക്കെ കണ്ടപ്പോൾ വീട് മൊത്തം തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ ബാഹുലേയനു തോന്നി, എഞ്ചിൻ കട്ടായ ബോഗി പോലെ മൂപ്പർ ഒരു കൺ‌ട്രോളുമില്ലാതെ ആടിയാടി ചുമരും പിടിച്ച് നിന്നുപോയി... രൂപറാണി എല്ലാം അറിഞ്ഞ സ്ഥിതിക്ക് അഭിനയത്തിനൊന്നും ഇനി ചാൻസില്ല.

അപ്പോൾ കുളിച്ച് മുടിയിൽ തുവർത്ത് കെട്ടിയിട്ട് ഭാര്യ വന്ന് വാതിൽക്കൽ നിന്നു. അവളൊന്നും മിണ്ടുന്നതിനു മുൻപ് ബാഹുലേയൻ ഓടിപ്പോയി കാൽക്കൽ വീണു പറയാൻ തുടങ്ങി.

“ഇനി ഒന്നും ഉണ്ടാവില്ല, തെറ്റുപറ്റിപ്പോയി.. മാപ്പ്.. ”
“ങേ..”
“എനിക്ക് മാപ്പ് തരണം.. ഇനി ഒരിക്കലും ആവർത്തിക്കില്ല..”
“നിങ്ങളെന്താ ഈ പറയുന്നത്..”
“ഞാൻ വലിയ തെറ്റാ ചെയ്തത്.. മാപ്പ് തരണം.”
“നിങ്ങൾക്കിതെന്ത് പറ്റി.. വട്ടായോ..”

താൻ വിചാരിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബാഹുലേയന് തോന്നി.  മൂപ്പർ ഉടനെ അടവ് മാറ്റി താഴെ വീണ് കിടക്കുന്ന ഫോൺ കാണിച്ച് ചോദിച്ചു. “അത് ഇതെന്താ ഇങ്ങനെ വലിച്ച് വാരിയിട്ടത്..”
“ അയ്യോ ഇതെങ്ങനെ താഴെ വീണു.. നിങ്ങളിന്ന് ഇത് കൊണ്ട് പോയില്ലാരുന്നോ..! ഞാൻ മുറിയൊക്കെ ഒന്ന് വൃത്തിയാക്കിയതാ..”

അബദ്ധത്തിലാണെങ്കിലും താഴെവീണ് ഫോൺ ഓഫായതിനാൽ മെസേജുകളോ ഫോൺ വിളികളോ വന്നില്ലെന്ന് മനസ്സിലായ ബാഹുലേയന്റെ ആശ്വാസം എഴുതി ഫലിപ്പിക്കാനാവില്ലായിരുന്നു.

“അല്ല, നിങ്ങളെന്തിനാ മാപ്പ് പറഞ്ഞേ..”
ബാഹുലേയൻ ഒന്ന് പതറിക്കൊണ്ട് ആലോചിച്ച് : “അത്.. അത്.. ഞാനിന്ന് ഒരു ബീയർ കഴിച്ചു..”
“ഓ.. കേട്ടാൽ തോന്നും ഇത് ആദ്യമായിട്ടാന്ന് പുതിയ എന്തെങ്കിലും ബ്രാൻഡ് ഇറങ്ങീട്ട്ണ്ടോ..?”

കാര്യങ്ങൾ സോൾവായതിന്റെ ആശ്വാസത്തിൽ ബാഹുലേയൻ കട്ടിലിരുന്ന് ഷർട്ടിന്റെ ബട്ടൺസ് അഴിച്ച് നെഞ്ചിലേക്ക് കുറച്ച് എയർ അടിച്ചു.  അപ്പോൾ ഭാര്യ താഴെ വീണു കിടന്ന ഫോണെടുത്ത് കവറും ബാറ്ററിയുമൊക്കെ ഇട്ട് ഓൺ ചെയ്യുകയായിരുന്നു.  തീറ്റയിട്ടപ്പോൾ അക്വേറിയത്തിലെ ഗപ്പിമീനുകളെ പോലെ അഞ്ച് പത്ത് മെസേജുകൾ ഒച്ചപ്പാടുണ്ടാക്കി ഓടിക്കിതച്ച് വന്നു നിന്നു.  അത് വായിച്ച രൂപറാണി കോപറാണിയായി ബാഹുലേയനെയല്ല ഇന്ത്യാ മഹാരാജ്യം തന്നെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി.  ‘എവിടാഡാ.. മുത്തേ.. കരളെ.. ലിവറേ.. കണ്ണാ‍.. പൊന്നൂ വാവേ.. പിണക്കാണോഡാ കുട്ടാ’ എന്നൊക്കെയുള്ള മെസേജുകൾ കണ്ട ബാഹുലേയന്റെ ബോഡി നിശ്ചലമായി.  “ആരാണിവൾ? നിങ്ങളിത്തരക്കാരനായിരുന്നല്ലേ.. എന്തിനാ എന്നെ ചതിച്ചത്..” എന്നൊക്കെ പറഞ്ഞ് കോപറാണി അലറാൻ തുടങ്ങി.   പേടിച്ച് വിറക്കാൻ പോലുമാകാതെ നിൽക്കുമ്പോൾ ബാഹുലേയന്റെ മനസ്സിൽ പെട്ടെന്ന് ജയപ്രകാശൻ പറഞ്, ചിരിച്ച് പിന്നെ കഥയുണ്ടാക്കിയ ഐഡിയ ഫ്ലാഷ്ബാക്കായി വന്നു.  ഉടനെ അതു പോലെ ചിരിക്കാൻ ബാഹുലേയനും ശ്രമിച്ചു.. 

പക്ഷെ ചിരിക്ക് പകരം വന്നത് കരച്ചിലായിരുന്നു..  എത്ര ശ്രമിച്ചിട്ടും പുള്ളിക്ക് ചിരിക്കാനായതേയില്ല, വലിയ വായിൽ കരച്ചിലോട് കരച്ചിൽ മാത്രം. കാര്യങ്ങൾ പിടികിട്ടിയ രൂപറാണി ജഡ പറിച്ച് നിലത്തടിച്ച് താണ്ഡവമാടിയ പരമശിവനെ പോലെ ഫോണെടുത്ത് നിലത്തെറിഞ്ഞ് ഒന്നലറി..  മുട്ട ചുമരിനു കൊണ്ട് പൊത്തിച്ചിതറുന്നത് പോലെ ഫോൺ ഛിന്നഭിന്നമായി.. പിന്നെ അവൾ ബാഹുലേയന്റെ നേരെ തിരിഞ്ഞു..

എല്ലാം കഴിഞ്ഞപ്പോൾ കിണറ്റിലെ തൊട്ടി പോലെയായിരുന്നു ബാഹുലേയന്റെ രൂപം.. അല്ല കോലം.
ഇപ്പോൾ ബാഹുലേയൻ മൊബൈൽ ഫോൺ പോയിട്ട് ലാൻ‌ഡ് ഫോൺ പോലും കൈ കൊണ്ട് തൊടാറില്ല.