Monday, October 31, 2011

ആദ്യ രാത്രി ശിവരാത്രി



“സോനാ സോനാ.. നീ ഒന്നാം നമ്പർ..”
എന്ന പാട്ട് ഓൺ ചെയ്താൽ ആദ്യം കിട്ടുന്ന വിധത്തിൽ സി.ഡി.യിൽ സെറ്റ് ചെയ്ത് മുറിയിൽ അക്ഷമനായി നടക്കുകയാണ് സോമദാസൻ.  അതിന്റിടക്ക് ഒന്നു രണ്ട് പ്രാവശ്യം കിടക്കവിരിയുടെ ഇല്ലാ ചുളിവുകൾ നിവർത്തി മുല്ലപ്പൂക്കൾ എല്ലാ ഏരിയയിലേക്കും പെറുക്കി വെച്ചു.  ഈ മുല്ലപ്പൂവുകൾക്കൊക്കെ പണ്ടേ ഇത്ര മണമുണ്ടായിരുന്നോ എന്ന് അവനു തോന്നി.   ക്ലോക്കിൽ നോക്കി സമയം പോകുന്നില്ലെന്ന് കണ്ട് ഒരിക്കൽ കൂടി ബാത്ത്‌റൂമിൽ പോയി പേസ്റ്റെടുത്ത് വായിൽ കവിൾ കോളി തുപ്പി, വായ്നാറ്റമില്ലെന്ന് കൈ വെച്ച് ടെസ്റ്റ് ചെയ്ത് ഉറപ്പിച്ചു.

അപ്പോൾ രണ്ട് മൂന്ന് ഫോണുകൾ വന്നു.  ഗൾഫിലെ റൂം മേറ്റ്സും സുഹൃത്തുക്കളുമാണ്.  എല്ലാ പണ്ടാരങ്ങൾക്കും അറിയേണ്ടത് ഒറ്റക്കാര്യമാണ്.  “എന്തായെടാ.. തുടങ്ങിയോ.. എവിടെ വരെ ആയി..?” ഇവൻ‌മാർക്കൊന്നും യാതൊരു ജോലിയുമില്ലേ, എന്ന് പറഞ്ഞ് സോമൻ ഫോൺ ഓഫാക്കി മേശയിൽ വെച്ചു.  സമയം പത്തു മണി കഴിഞ്ഞു.  അവളിങ്ങോട്ട് വരാണ്ട് എന്തോന്ന് തുടങ്ങാനാ..?

വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും സോനയായിരിക്കുമെന്ന് കരുതി ഉള്ളതിലേക്ക് വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് പാട്ട് വെക്കാനായി റിമോട്ടിൽ വിരലമർത്തി നിന്നു.  എപ്പോഴും അടുക്കളയിൽ അടുപ്പും വെപ്പും മാത്രം നോക്കി ജീവിക്കുന്ന വെല്ല്യേച്ചിയാണ് പുറത്തൂടെ ഇടക്കിടക്ക് ഉലാത്തുന്നത്.  ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?  ഈ സോന ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് വേഗം ഇങ്ങോട്ട് വന്നൂടേ.   

കമ്പ്യൂട്ടറൊക്കെ പഠിച്ച് ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല.  നമ്മളാണെങ്കിൽ വെറും പത്താം ക്ലാസ്സും.  വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി.  ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം.  അവിടെ ലെബനീസ് റെസ്റ്റോറന്റിൽ സെയിൽ‌സ്മാനാണെന്ന് ആരും അറിഞ്ഞിട്ടില്ല, ചോദിക്കുന്നവരോട് സെയിൽ‌സ് മാനേജരാണെന്നാണ് പറയാറ്.  ഒന്ന് രണ്ട് അക്ഷരം കൂടിപ്പോയെന്ന് വെച്ച് അതൊരു വലിയ കുറ്റമൊന്നുമല്ലല്ലോ.  റോളയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.   

അറബിയുടെ കാലു പിടിച്ച് കിട്ടിയ മൂന്നിൽ രണ്ടു മാസം മുഴുവൻ പെണ്ണുകാണാൻ പോയി തീർത്തു.  അവിടെ ഇരിക്കുമ്പോ വിചാരിക്കും പെൺപിള്ളേരൊക്കെ ഗൾഫെന്ന് കേട്ടാൽ ഓടി വരുമെന്ന്.  കാലം പോയി ഇപ്പോ പത്തിൽ പത്തും തോറ്റ പെണ്ണു പോലും ഗൾഫിലേക്ക് കൊണ്ടു പോകുമോ എന്നാ ചോദിക്കുന്നേ.  ചാനലുകാരെക്കൊണ്ടും പത്രക്കാരെക്കൊണ്ടും കിട്ടിയ ഗുണമാ അതൊക്കെ.  കണ്ണാടി പോലത്തെ റോഡുകളും അടിപൊളി മാളുകളും കോം‌‌പ്ലക്സുകളുമൊക്കെ കാണിച്ച് ഇവറ്റകളുടെ ബ്രെയിനൊക്കെ അവൻ‌മാർ വൈറ്റ് വാഷ് ചെയ്തു കളഞ്ഞു.  
രണ്ട് മാസം കൊണ്ട് നാൽ‌പ്പത്തി മൂന്ന് പെണ്ണു കാണൽ നടത്തിയെങ്കിലും അതിൽ പകുതി മുക്കാലും പെങ്ങൻ‌മാരും അളിയൻ‌മാരും നാട്ടുകാരും ചേർന്ന് സംയുക്തമായി തട്ടിമാറ്റി.  ബാക്കി കാൽ പെണ്ണുവീട്ടുകാരും.  നല്ല സുന്ദരി പെൺ‌പിള്ളേരുടെ ആലോചനയൊക്കെ നിസ്സാര കാര്യങ്ങൾക്ക് പെങ്ങൻ‌മാർ വേണ്ടാന്നു പറയുന്നത് കേട്ട് ഒന്നും മിണ്ടാനാവാണ്ട് വിഷമിച്ചിരുന്നിട്ടുണ്ട്.  പെണ്ണിന്റെ അച്ഛനുമമ്മയും വയസ്സന്മാരാ, ഒറ്റ മോളായിപ്പോയി, അല്ലെങ്കിൽ എല്ലാം പെണ്ണുങ്ങളായിപ്പോയി, മുടി കുറവ്, പല്ലിന് ഗ്യാപ്പുണ്ട്, തടി കുറഞ്ഞാ കുഴപ്പം, കൂടിയാ കുഴപ്പം, സൌണ്ട്, നടത്തം, സംസാരം ഇങ്ങനെ ഓരോ കായിക ക്ഷമതാ പരീക്ഷകൾ നടത്തുമ്പോഴും ആലോചനകൾ തട്ടി വീണു കൊണ്ടിരുന്നു.  പെങ്ങന്മാരുടെ ഡിമാൻഡുകൾക്ക് മുന്നിൽ സ്വന്തം ആഗ്രഹങ്ങൾക്ക് ഒരു ഫേസ് വാല്യു ഉണ്ടായിരുന്നില്ല.  ഒന്നും പറയാനും പറ്റില്ലല്ലൊ, കെട്ടിയിട്ട് ഇവിടെ ആക്കി പോകേണ്ടതല്ലേ.  വീട്ടുകാർക്ക് ഇഷ്ടമല്ലാത്തതിനെ ഇവിടാക്കി എങ്ങനെ മനസ്സമാധാനത്തിൽ അവിടെ കഴിയാനാ.

സോനയെ ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു.  നിഷ്കളങ്കയായ നാടൻ ബേഡ്.  ഇത് ലാസ്റ്റ് പെണ്ണുകാണലാണ്, ഇനി പെണ്ണുകാണാൻ പോകില്ല, (അതിനു സമയവുമുണ്ടായിരുന്നില്ല) വേണമെങ്കിൽ ഇതിനെ കെട്ടാം എന്ന് പറഞ്ഞ് നിർബ്ബന്ധിച്ചപ്പോ അളിയൻ‌മാർക്കും പെങ്ങൻ‌മാർക്കും ഡിമാൻ‌ഡുകൾ പുറത്തെടുക്കാൻ പറ്റിയില്ല.  കൂടുതൽ പഠിച്ചു പോയെന്ന പരാതി കേൾക്കാൻ നിന്നില്ല.  പെണ്ണിന്റെ വീട്ടുകാർക്ക് കെട്ടിച്ച് തരുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെ ഇവർക്കെന്താ.  “മോളെ ഗൾഫിലേക്ക് കൊണ്ടു പോക്വോ..“ എന്ന് നിയുക്ത അമ്മായിഅപ്പൻ ചോദിച്ചപ്പോൾ ഫ്ലാറ്റിലെ എട്ട് പേർക്കുള്ളതും, പന്ത്രണ്ടു പേർ ഇടതിങ്ങിപ്പാർക്കുന്നതുമായ മുറിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് “ഓ.. കൊണ്ടു പോകും..” എന്ന് പുറത്തും “എയർപോർട്ട് വരെ..” എന്ന് മനസ്സിലും പറഞ്ഞു.  

കല്യാണം കഴിഞ്ഞാ പിന്നെ ഇവരതും പറഞ്ഞ് കേസ് കൊടുക്കാനൊന്നും വരില്ലല്ലോ.  ആദ്യ ചാൻസിനു തന്നെ അവൾക്ക് മാതൃദേവോ മന്ത്രം പഠിപ്പിച്ചു കൊടുക്കണം.  പിന്നെ കൊച്ചിനേം നോക്കി ഓമനത്തിങ്കൾ കിടാവോ മന്ത്രം ജപിച്ച് ഇവിടിരുന്നോളും.  എപ്പോഴെങ്കിലും കണാമുണാന്ന് മിണ്ടാൻ വന്നാ അപ്പോ കാണിച്ചു കൊടുക്കാം.  കൊണ്ടു പോണം പോലും.. അവളുടെ അച്ഛന്റെ  ഈ ഗൾഫൊക്കെ എപ്പോഴാ ഉണ്ടായേ.. അതുണ്ടാകുന്നതിനു മുമ്പും ആളുകൾ കല്യാണം കഴിച്ചിട്ടില്ലേ

പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കം കേട്ടപ്പോൾ കേരളത്തിലെ സകല അമ്മായിയപ്പൻ‌മാരോടും തോന്നിയ ദ്വേഷ്യം ഐസ് പോലെ അലിഞ്ഞു.  ആദ്യരാത്രിയിൽ പെണ്ണ് മുറിയിലേക്ക് വരുന്ന സമയത്തുള്ള കാലൊച്ചയും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൌണ്ട്..! ഹോ.. ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തനൊന്ന് കേട്ടിട്ടില്ല.  ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു.  സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു.  ഇവളിതു വരെ സാരിയും ആഭരണങ്ങളുമൊന്നും അഴിച്ചു വെച്ചിട്ടില്ലേ? അതിനു മെനക്കെടുന്ന സമയവും നഷ്ടമായല്ലോ ദൈവമേ...  ആകെ ഒരാഴ്ചത്തെ ടൈമേയുള്ളൂ.  കല്യാണത്തിനു ചെലവായ മൂന്നു ലക്ഷം അതിന്റെയിടക്ക് എങ്ങനെ മൊതലാക്കാനാ.   ഒരു രാത്രിയിൽ കിട്ടുന്ന എട്ട് മണിക്കൂർ മൂന്നു ലക്ഷം കൊണ്ട് വെച്ച് കൂട്ടി നോക്കിയാൽ മിനിറ്റിനു നൂറു രൂപയോളം വരും.  അപ്പോ ഒരു മിനിറ്റ് ലേറ്റായാ ഹൺ‌ഡ്രഡ് മണീസാ പോകുന്നത്.

സോനയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അതു വരെ ലോണെടുത്ത് വെച്ച ധൈര്യമൊക്കെ ഒലിച്ചു പോയി.  എന്തൊക്കെയോ പഠിച്ച് മെട്രോ സിറ്റിയിൽ ടെക്കിയായി ജോലി ചെയ്യുന്ന പെണ്ണാണ്.  എന്ത് പറയണം, അവളുടെ രീതികളൊക്കെ എങ്ങനെയാണ്, എന്തെങ്കിലും നാക്കെടുത്ത് വളച്ച് ചളമായാലോ അങ്ങനെയൊക്കെ ചിന്തിക്കാൻ തുടങ്ങിയപ്പോ വയറിലെ ലോലെയറിൽ നിന്നൊരു കാൾ വന്നു, കൈകാലുകളിൽ തെങ്ങിൻ പൂക്കുലാദി വിറ ബാധിച്ചു.  ഇരിക്ക് എന്നൊക്കെ പറയാൻ നോക്കിയെങ്കിലും ഒരക്ഷരം പുറത്തേക്ക് വന്നില്ല.  അവൾ കളിയാക്കി ചിരിക്കുന്നുണ്ടോ.. ഹേയ്.. കൈ രണ്ടും കട്ടിലിൽ കുത്തിപ്പിടിച്ച് അടങ്ങ് വിറേ.. അടങ്ങ് വിറേ.. എന്ന് പറഞ്ഞെങ്കിലും അത് അങ്ങനെ അടങ്ങുന്ന ടൈപ്പൊന്നുമല്ലായിരുന്നു.  ആദ്യരാത്രി കണ്ടു പിടിച്ചതിൽ പിന്നെ ഉണ്ടായിട്ടുള്ള എല്ലാ നൈറ്റിലും വിറയും ഉണ്ടായിരുന്നു.  അത് രണ്ടും ഒരമ്മ പെറ്റ മക്കളാ.

ചിലപ്പോ ചെറിയ വിറയലൊക്കെ കാണുമെന്ന് മുൻ‌കൂട്ടി കണ്ടത് കൊണ്ടാവണം സുരേഷ് രണ്ട് പെഗ് അടിക്കാൻ പറഞ്ഞത്.  ഹേയ് എനിക്കതിന്റെ ആവശ്യമൊന്നുമില്ല എന്നൊക്കെ ഡയലോഗ് അടിച്ചെങ്കിലും അഥവാ വേണ്ടി വന്നാലോ എന്നു കരുതി സ്മിനോഫ് വോഡ്ക സെവനപ്പിന്റെ ബോട്ടിലിൽ വാട്ടർ മിക്സ് ചെയ്ത് വെച്ചിരുന്നു.  കണ്ടാൽ പച്ച വെള്ളമാണെന്നേ ആരും കരുതൂ.  അതേതായാലും നന്നായി.  പതുക്കെ നടന്ന് അലമാര തുറന്ന് ഏഴപ്പിന്റെ പച്ച ബോട്ടിലെടുത്ത് കുടിക്കാൻ തുനിയുന്നതിനു മുൻപായി “വെള്ളം വേണോ..” എന്ന് സോനയോട് മര്യാദയുടെ ഭാഷയിൽ ചോദിച്ചു.  അവൾ ഉത്തരം പറയുന്നതിനു മുൻപായി വാതിലിൽ മുട്ടു കേട്ടു.  ദേ പിന്നേം നൂറു രൂപ പോയി എന്നു പറഞ്ഞ് ബോട്ടിൽ മേശമേൽ വെച്ച് വാതിൽ തുറന്നു നോക്കി.  ഇളയ പെങ്ങൾ ഒരു ഗ്ലാസ്സ് പാലും കൊണ്ട് നാണിപ്പെങ്ങളായി നിൽക്കുന്നു.  ഈ പണ്ടാരത്തിനൊക്കെ വരാൻ കണ്ട നേരം!  ഇവളുടെ ആദ്യരാത്രിയിലല്ല ഒരു രാത്രിയിലും ഞാൻ വാതിലിൽ മുട്ടാൻ പോയിട്ട് ആ പഞ്ചായത്തിൽ പോലും പോയിട്ടില്ലല്ലോ. കോമൺസെൻസ് വേണമെടീ പൊതുവിജ്ഞാനം.. എന്ന് മനസ്സിൽ പറഞ്ഞ് കൈ നീട്ടി മിൽമ ഗ്ലാസ്സ് വാങ്ങിയപ്പോൾ കാലിന്റെടയിലൂടെ ഓട്ടോറിക്ഷ പോലെ എന്തോ അകത്തേക്ക് പാഞ്ഞു.  നോക്കുമ്പോ അവളുടെ പൊട്ടിത്തെറിച്ച ചെക്കൻ ഓടി കട്ടിലിൽ കയറിത്തുള്ളുന്നു.  പിടിക്കാൻ കിട്ടുന്നതിനു മുൻപ് കുരുത്തംകെട്ടവൻ ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ വിരിച്ചതൊക്കെ അലങ്കോലമാക്കി.  വല്ല വിധേനയും അതിനെ പിടിച്ച് പുറത്താക്കി വാതിലടച്ച് തിരിഞ്ഞ് നോക്കിയപ്പോൾ സോനാ രാജകുമാരി സെവൻ‌അപ്പിന്റെ ബോട്ടിൽ വായിലേക്ക് കമിഴ്ത്തി മടമടാന്ന് കുടിക്കുന്ന എക്സ്ക്ലൂസിവ് ഹാർട്ട് ബ്രേക്കിങ്ങ് വിഷ്വലാണ് കണ്ടത്!!

സോനേ അത് കുടിക്കരുതെന്ന് പറഞ്ഞെങ്കിലും വേഡ്സ് സ്പീക്കറിലേക്ക് ഔട്ട്പുട്ടായില്ല, തടയണമെന്ന് ആഗ്രഹിച്ചെങ്കിലും കാലുകൾ നീങ്ങിയില്ല.  ദേഹത്ത് കൂടിയിരുന്ന വിറയൽ ബാധയൊക്കെ പമ്പയും സന്നിധാനവും പത്തനംതിട്ടയും കടന്നു.  പാൽ ഗ്ലാസ്സ് എവിടെയോ വെച്ച് ഒരു സപ്പോർട്ടിനായി കട്ടിലിലിരുന്ന് വിളിച്ചു.

“സോനേ..”
“ഈ സാധനം കൊള്ളാമേ.. ഞാൻ ലൈക്കിയേ..”

ആ വല ഭാഷ സോമദാസനു പിടികിട്ടിയില്ല.  അവൻ കം‌പ്ലീറ്റ് ബ്ലാങ്കായി നിർവ്വികാരപരബ്രഹ്മദാസനായി നിൽക്കെ സോന ബോട്ടിൽ പകുതിയാക്കി കട്ടിലിലേക്ക് പിടിയാനയെപ്പോലെ ചെരിഞ്ഞു.  എല്ലാ പ്ലാനിങ്ങും പിഴച്ചു പോയ സോമദാസൻ പതുക്കെ വിളിച്ചു. 
“മോളേ

“ഫ..!!! ആരാടാ നിന്റെ മോള്.. ഇരിക്കണ ഇരിപ്പ് കണ്ടാലും മതി.. കോന്തൻ.. എത്ര രൂപേന്റെ സാരിയാടാ നീ വാങ്ങിയ കല്യാണ സാരി..? അയ്യായിരം ഉറുപ്പ്യേന്റെ സാരിയും വാങ്ങീറ്റ് എന്നോട് പറഞ്ഞ് മുപ്പതിനായിരത്തിന്റേതാന്ന്ന്ന്.. അത് പോട്ടെ.. പൊന്നു കൊറവാണെന്ന് എന്നോട് ! ഇത്രയും പൊന്ന് കൊണ്ടന്ന എന്നോട് നിന്റെ പെങ്ങൻ‌മാർ പറയ്യാ.. അവളുടെയൊക്കെ മേത്തെന്താ ഉള്ളേ.. ഒരു നൂ‍ലു പോലത്തെ താലി.. എല്ലാത്തിനും ഞാൻ വെച്ചിറ്റ്ണ്ട്  നിന്റെ അമ്മയും കണക്കാ തള്ളേന്റെ മുഖത്തിനൊരു തെളിച്ചമില്ലല്ലോ.. എനിക്ക് കളറു കുറവാണ് പോലും..!  തള്ളക്ക് ഞാൻ കൊടുത്തോളാ..  ഒറ്റ മാസം ഞാനീട നിക്കും, അയിന്റെടക്ക് എന്നെ ഗൾഫിലേക്ക് കൊണ്ടൊയില്ലേങ്കില്.. ങാ.... എന്നിട്ട് മാത്രം എന്നെ തൊട്ടാ മതി അല്ലാണ്ട് എന്തെങ്കിലും വിചാരിച്ച് മണപ്പിച്ച് ഇങ്ങോട്ട് വന്നാ.. കാണിച്ച് തരും സോനയാരാണെന്ന്… ഗുഡ് നൈ..

രാത്രിയുടെ അന്ത്യയാമങ്ങളിൽ മിനിറ്റുകൾ ആസ് യൂഷ്വൽ മണിക്കൂറുകൾക്ക് വഴിമാറവെ, ഇളകുന്ന കടൽ നോക്കി കരയിൽ കുത്തിയിരിക്കുന്ന മുക്കുവനെ പോലെ, സോനയുടെ അരികെ താടിക്ക് കൈ കൊടുത്ത് നിശ്ചലം കണ്ണടക്കാൻ പോലും കഴിയാതെ അനങ്ങാതിരിക്കുമ്പോൾ സോമദാസന്റെ ചെവിയിൽ ഈ പാട്ടുകൾ അലയടിച്ചു.

“ഏഴു സുന്ദര രാത്രികൾ ഏകാന്ത സുന്ദര രാത്രികൾ..
വികാര തരളിത ഗാത്രികൾ വിവാഹ പൂർവ്വ രാത്രികൾ..”