Sunday, October 24, 2010

കുറിക്കല്യാണം ഒരു ചൊറക്കല്യാണം

തിരുവോണത്തിനും വിഷുവിനും എല്ലാവരും പച്ചക്കറി മാ‍ത്രം കഴിക്കുമ്പോൾ ഞങ്ങളുടെ നാട്ടുകാർ കോഴി ബിരിയാണിയും മീനുമൊക്കെ നല്ല ക്വാണ്ടിറ്റിയിൽ തട്ടും. മറ്റുള്ളവർ അരിയുണ്ട ഉണ്ടാക്കുമ്പോൾ ഞങ്ങൾ ബോംബുണ്ടാക്കി ഭരണിയിൽ സൂക്ഷിച്ച് വെക്കും. മറ്റുള്ള നാടുകളിൽ കല്യാണത്തിന് പെണ്ണിന്റെ കൂടാതെ സ്ത്രീധനമായി കിലോക്കണക്കിന് പൊന്നും, ചാക്ക് കണക്കിന് കാശും നിർബ്ബന്ധമാണെങ്കിൽ ഞങ്ങളുടെ നാട്ടിൽ പെണ്ണ് മാത്രം മതി. സ്ത്രീധന പരിപാടി ഇല്ല. ഇതു പോലെ ആചാരാനുഷ്ഠാനങ്ങളിലും സ്വതന്ത്ര ചിന്താഗതിയിലും ലോകത്തിന് മുന്നിൽ ഞങ്ങൾ ഫുള്ളി ഡിഫറന്റാണ്. ഞങ്ങളുടെ നാട്ടിൽ ഇപ്പോഴും ഭംഗിയായി നടക്കുന്ന അതിപുരാതന സാമ്പത്തിക കലാപരിപാടിയാണ് കുറിക്കല്യാണം. മറ്റുള്ള നാടുകളിൽ അധികം കാണാത്തൊരു അനുഷ്ഠാന കൊടുക്കൽ വാങ്ങൽ ആചാരമാണിത്. കല്യാണത്തിന് ക്ഷണിച്ച വീട്ടുകാർക്ക് അവനവനാൽ കഴിയുന്ന ഒരു തുക സമ്മാനമായി കൊടുക്കുന്നതിനെയാണ് കുറിക്കല്യാണം, പണപ്പയറ്റ് എന്നൊക്കെ പറയുന്നത്. കല്യാണ ശേഷമുള്ള ഫൈനാൻഷ്യൽ ടൈറ്റ് ലൂസാക്കാൻ ഈ ഫണ്ട് വളരെ സഹായിക്കും. ചിലർ നാടടച്ച് കല്യാണം ക്ഷണിക്കുന്നത് ഈ ഫിക്സഡ് ഡെപ്പോസിറ്റ് കണ്ട് കൂടിയാണ്.

കല്യാണ വീടിന്റെ ഇറയത്ത് ഒരു മേശയിട്ട് അതിൽ നിലവിളക്ക് കത്തിച്ച് വെച്ച് ഒരു പ്ലേറ്റിൽ ബീഡി, തീപ്പെട്ടി, മുറുക്കാൻ എന്നിവ റെഡിയാക്കി വെക്കും. അവിടെ നോട്ട് ബുക്കുമായി രൂപ തരുന്നയാളുടെ പേരുവിവരം എഴുതാൻ ഒരാൾ ഇരിക്കും. സദ്യ കഴിച്ച ശേഷം ഈ ക്യാഷ് കൌണ്ടറിൽ ആളുകൾ പണം കൊടുക്കും. മേശക്കിരിക്കുന്നയാൾ പേരു നോട്ട് ബുക്കിൽ എഴുതി വൈകുന്നേരം ഗൃഹനാഥന് കണക്ക് ടാലിയാക്കി പണം കൈമാറും. ഈ നോട്ട് ബുക്ക് വീട്ടുകാരന്റെ റഫറൻസ് ബുക്കാണ്. ഇങ്ങോട്ട് കല്യാണ വിളി വരുമ്പോൾ ഇതിൽ എഴുതി വെച്ചത് നോക്കി അതേ പണത്തൂക്കമോ കൂടുതലോ മടക്കി നൽകാം. പണം അടക്കുമ്പോൾ ഫ്രീ ഓഫറായി ബീഡിയോ സിഗരറ്റോ മുറുക്കാനോ മേശമേൽ നിന്നും എടുക്കാവുന്നതാണ്. വിലക്കൂടുതലായതിനാൽ സിഗരറ്റ് കുറച്ച് മാത്രമേ വാങ്ങിയിട്ടുണ്ടാവുകയുള്ളൂ. അത് നാട്ടിലെ വി.ഐ.പി.കൾക്ക് കൊടുക്കാനായി മേശക്കുള്ളിൽ പൂഴ്ത്തി വെച്ചിരിക്കും. വരുന്നയാൾ വി.ഐ.പി.ആണെങ്കിൽ സിഗരറ്റ് ചോദിക്കാതെ തന്നെ കൊടുത്തേക്കണം എന്ന് ആദ്യമേ വീട്ടുകാരൻ ഓര്‍ഡര്‍ കൊടുത്തിരിക്കും. ഐ.എ.പി.കൾക്ക് (ഇം‌പോർട്ടന്റ് അല്ലാത്ത പേഴ്സൻ) ബീഡി മാത്രമേ ഉണ്ടാവൂ. ചില ഐ.എ.പി.കൾ ബീഡി എടുക്കാതെ ഭയങ്കര പോസിലും ബാസിലും സിഗരറ്റില്ലേ എന്ന് ചോദിച്ച് വാങ്ങിക്കും.

പണം കൊടുക്കുമ്പോൾ മിക്കവാറും എല്ലാവരും പേരും വീട്ടുപേരും കൌണ്ടറിൽ പറഞ്ഞ് ചേർപ്പിക്കുകയാണ് പതിവ്. അപൂർവ്വം ചിലർ രൂപ പേരെഴുതിയ കവറിലിട്ട് കൊടുക്കും. ഭക്ഷണം കഴിഞ്ഞ് പോകാൻ തുടങ്ങുന്നവരോട് “ലോഹ്യം ചെയ്തോ..?” എന്ന കുശലാന്വേഷണം ഇവിടെയൊക്കെ കേൾക്കാം. കല്യാണച്ചടങ്ങുകൾ പകുതിയായാൽ ചിലപ്പോള്‍ വീട്ടിലെ ഗൃഹനാഥനോ കാർന്നോന്മാരോ കൌണ്ടറിൽ ചെന്ന് കലക്ഷൻ എന്തായി എന്ന് മേശക്കിരിക്കുന്നവനോട് ചോദിക്കും. ആക്രാന്തോമാനിയക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വൈകിട്ട് വീഡിയോക്കാരനേയും പന്തലുകാരനേയും പിറ്റേന്നുള്ള വിരുന്നുമൊക്കെ മീറ്റ് ചെയ്യേണ്ടത് ഈ കാശ് കൊണ്ടാണ്.

സാമ്പത്തികമായി പിന്നോക്കമുള്ളവരുടെ വീടുകളിലേ ഈ കുറിക്കല്യാണം ഉണ്ടാകാറുള്ളു. അപൂർവ്വമായി ചില പണക്കാരും കല്യാണത്തിന് കാശ് വാങ്ങിക്കാറുണ്ട്. അത്തരത്തിലുള്ളൊരു പുണ്യ ജന്മമായിരുന്നു വില്ലേജാഫീസറായ കണ്ണക്കുറുപ്പ്. നാട്ടിലെ പേരു കേട്ടൊരു വറ്റിയാണ് മൂപ്പർ. പുള്ളിക്ക് ഒരു പെണ്ണും രണ്ട് ആൺ മക്കളുമാണ്. മക്കൾ രണ്ടും ഗൾഫിൽ നല്ല നിലയിലാണ്. ചിലർക്ക് എത്ര പേഴ്സന്റേജ് കാശ് കൂടുന്നുണ്ടോ അത്ര പേഴ്സന്റേജ് തന്നെ ആർത്തിയും കൂടുമല്ലോ. അതു പോലൊരു നല്ല മനുഷ്യനാണ് ടിയാൻ. ഗൾഫിൽ നല്ല ജോലിയുള്ള ഒരാളുമായി മകളുടെ കല്യാണം നിശ്ചയിച്ചു. പെങ്ങളുടെ കല്യാണത്തിനായ് സഹോദരന്മാർ രണ്ടു പേരും നാട്ടിലെത്തി. കല്യാണക്കാര്യങ്ങളും ഭക്ഷണക്കാര്യങ്ങളുമൊക്കെ തീരുമാനിക്കുന്ന ദിവസം മക്കളുമായി കുറുപ്പ് നന്നായി ഉടക്കി. തലേന്ന് പാർട്ടിക്ക് ബിരിയാണിയോടൊപ്പം സൈഡ് ഡിഷായ അച്ചാർ, സാലഡ്, ചമ്മന്തി എന്നിവയൊക്കെ വേണമെന്ന് മക്കളും അതൊന്നും വേണ്ടാ, ബിരിയാണി മാത്രം മതിയെന്ന് കുറുപ്പും വാശിപ്പിടി പിടിച്ചു. കുറേ പറഞ്ഞിട്ടും അച്ഛന്‍ അയയുന്നില്ലെന്ന് കണ്ട് മക്കൾ വിട്ടു കൊടുത്തു. അടുത്ത തർക്കം കല്യാണത്തിന് കാശു വാങ്ങുന്നതിനെപ്പറ്റിയായിരുന്നു.

ഞങ്ങൾക്കിപ്പോൾ നല്ല ജോലിയൊക്കെയായല്ലോ കാശൊന്നും വാങ്ങിക്കണ്ടാന്ന് മക്കൾ രണ്ടും അച്ഛനോട് ആവുന്നത് പറഞ്ഞ് നോക്കി. പോടാ, ഞാൻ കൊടുത്തതൊക്കെ തിരിച്ച് വാങ്ങിക്കണ്ടേ എന്നും പറഞ്ഞ് കണ്ണക്കുറുപ്പ് പിള്ളേരെ എതിർത്തു. ഈ പ്രശ്നത്തിൽ മക്കളുമായി കുറേ വാക്കുതർക്കവുമുണ്ടായി. അവസാനം ബന്ധുക്കളൊക്കെ ഇടപെട്ടപ്പോൾ കുറുപ്പ് ചെറിയൊരു വിട്ടുവീഴ്ചക്ക് സമ്മതിച്ചു. മേശയിട്ട് പിരിക്കുന്ന പരിപാടി ഒഴിവാക്കി അതിനു പകരം കൈയ്യിൽ വാങ്ങിക്കാം. ഭക്ഷണം കഴിച്ച് പോകുമ്പോൾ “എന്നാ ഞാൻ പോട്ടേ..” എന്ന് പറഞ്ഞ് ആദ്യമേ കവറിൽ കരുതിയ തുക രഹസ്യരേഖ കൈമാറുന്നത് പോലെ, ഗൃഹനാഥന്റെ കൈയ്യിൽ കൊടുക്കുന്ന പരിപാടിയാണിത്. കൈപൊത്തൽ എന്നും പറയാറുണ്ട്. എന്തെങ്കിലും ആവട്ടെ, മേശയിട്ട് പിരിക്കുന്നത് ഉണ്ടാവില്ലല്ലോ എന്ന് കരുതി സമാധാനിച്ച് മക്കൾ പിന്നീടൊന്നും പറഞ്ഞില്ല.

പക്ഷേ കല്യാണത്തിന്റെയന്ന് കുറുപ്പ് അന്നേ വരെ നാട്ടിൽ ഇറങ്ങിയിട്ടില്ലാത്തൊരു പുതുമ കൂടി ചെയ്തു. ഇറയത്തൊരു സ്റ്റൂളിട്ട് അതിൽ കുറേ കവറുകളും പേനയും വെച്ചു. വരുന്നവർക്ക് അതിൽ കാശ് ഇട്ട് പേരെഴുതി മൂപ്പരുടെ കൈയ്യിൽ കൊടുക്കാം. മേശ കാണാത്തത് കൊണ്ട് കാശ് വാങ്ങുന്ന പരിപാടിയില്ലെന്ന് വിചാരിച്ച് കാശ് കൊടുക്കാതെ പോയാലോ. കവർ കൊണ്ടു വരാത്തവർ അവിടെ നിന്നും കവറെടുത്ത് പേരെഴുതി കുറുപ്പിന്റെ കൈയ്യിലേൽ‌പ്പിച്ച് മടങ്ങി. കുറുപ്പ് അതൊക്കെ കൈയ്യോടെ പാന്റിന്റെ പോക്കറ്റിലിട്ടു. പോക്കറ്റ് നിറയുമ്പോൾ കൊണ്ട് പോയി അകത്തേ മേശയിലിട്ട് പൂട്ടും.

ഈ കണ്ണക്കുറുപ്പിനെ പണ്ടേ നാട്ടിലെ ചെറുപ്പക്കാരായ സുരക്കും ടീമിനും ഇഷ്ടമല്ല. അവരുമായി ഒട്ടും സ്വരച്ചേർച്ചയിലല്ല അങ്ങേര്. വില്ലേജാഫീസിൽ എന്തെങ്കിലും സർട്ടിഫിക്കറ്റിന് പോയാൽ പരമാവധി നടത്തിക്കും. അഞ്ച് പൈസയുടെ ഒരു ഉപകാരം ആർക്കും ചെയ്യില്ല. കല്യാണത്തിനൊക്കെ പോയാൽ മൂപ്പർ സഹായിക്കാനൊന്നും കൂടില്ല. ഒരു കസേലയിലിരുന്ന് അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ് എന്ന് അളുക്ക് പറയും അത്രമാത്രം. പക്ഷേ മക്കളുമായി അവരൊക്കെ നല്ല കമ്പനിയാണ്. മക്കളെ ഓർത്താണ് ചെറുപ്പക്കാരൊക്കെ കല്യാണത്തിന് ശർമ്മിക്കാൻ വന്നത് തന്നെ. ഇവിടെയൊന്നും ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഏർപ്പാടാ‍ണല്ലോ ഇതെന്ന് കുറുപ്പിന്റെ കവറു പരിപാടി കണ്ട് സുര ചങ്ങാതിയായ മനുവിനോട് പറഞ്ഞു. “എടാ മനു നീയാ കാലിക്കവറ് കണ്ടോ? നമ്മക്കതങ്ങ് അടിച്ചുമാറ്റിയാലോ?”

സുര- “വേണ്ടെടാ അയാൾക്കിട്ട് ഒരു പണി കൊടുക്കാം.”

കുറുപ്പിന്റെ കുറുക്കൻ‌കണ്ണ് തെറ്റിയ നേരത്ത് സുരയും മനുവും ഒരു കവറെടുത്ത് പ്ലാൻ ചെയ്ത സ്റ്റോറി ബോർഡനുസരിച്ച് തിരക്കിന്നിടയിലൂടെ അത് കുറുപ്പിന്‌ കൊടുത്ത് ലോഹ്യം ചെയ്തു.

കല്യാണമൊക്കെ ഗംഭീരമായി കഴിഞ്ഞു. സന്ധ്യ കഴിഞ്ഞപ്പോൾ കുറുപ്പ് കവറുകളൊക്കെ അടുക്കി വെച്ച് പൊളിച്ച് നോക്കാൻ തുടങ്ങി. ആദ്യ കവർ പൊളിച്ചു. അതിൽ പണമൊന്നുമുണ്ടായിരുന്നില്ല. പകരമൊരു കത്ത്. അത് വായിച്ച കുറുപ്പ് ഞെട്ടി പുറകോട്ട് മലച്ചു. മൂപ്പർ പഴയ ആളല്ലേ, പുതുതായി റിലീസ് ചെയ്ത തെറിയൊക്കെ എങ്ങനെ അറിയാനാ !

“ഫ.. തെണ്ടീ, -------മോനേ.., പട്ടീ.., x@#$ X@#$ ..... മ… കു…, കോഴി ----- പോലത്തെ നിന്റെ അച്ഛന്റെ അച്ചാർ… ”

പിന്നീടുള്ള ജീവിതത്തിലൊരിക്കലും മനം പിരട്ടൽ കാരണം കുറുപ്പിന് അച്ചാർ കഴിക്കാൻ പറ്റിയിട്ടില്ല.

കയറില്ലാതെ കെട്ടിയിടുന്ന പരിപാടിയാണ് കല്യാണവീട്ടിലെ മേശക്കിരിക്കൽ ജോലി. രാവിലെ ഇരുന്നാൽ വൈകുന്നേരമേ എഴുന്നേൽക്കാൻ പറ്റൂ എന്നത് കൊണ്ടും, ചാറ്റിങ്ങും ചുറ്റിക്കളിയും വെള്ളമടിയുമൊന്നും നടക്കില്ലെന്നത് കൊണ്ടും ‘ആങ്കുട്ടികളൊന്നും‘ ഈ ഡ്യൂട്ടി എടുക്കില്ല.നാട്ടിലെ അത്യാവശ്യം പഠിപ്പുള്ളതും ചുറ്റിക്കളിയൊന്നുമില്ലാത്ത മര്യാദക്കാരാണ് ഈ പണിക്ക് നിൽക്കുന്നത്. പെണ്ണിനും ചെക്കനും പെണ്ണിന്റനിയത്തിക്കും വീഡിയോക്കാരനും മേശക്കിരിക്കുന്നവനും കല്യാണ വീട്ടിൽ ഒരേ സ്റ്റാറ്റസാണ്. ഓരോ ഏരിയയിലും ഉഴിഞ്ഞിട്ടത് പോലെ സ്ഥിരമായി എഴുതാന്‍ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യനുണ്ടാകും. നാട്ടിലെ സകല ജീവജാലങ്ങളുടേയും പേരുകൾ അവന് ബൈഹാർട്ടായിരിക്കും.

സുനിക്കുട്ടനാണ് ഞങ്ങളുടെ ഏരിയയിലെ സ്ഥിരം എഴുത്ത്കാരൻ. ആളൊരു പശുവാണ്. സിം‌പിൾ, ഹമ്പിൾ ആന്റ് റിലയബിൾ. സഹകരണ ബാങ്കിലെ ബിൽ കലക്റ്ററാണ്. സുനിക്കുട്ടനെക്കൊണ്ട് ജീവിതത്തിലും മേശക്കിരിക്കലിലും യാതൊരു പരാതിയും ഉണ്ടായിട്ടില്ല. വൈകുന്നേരം കലക്ഷൻ ക്ലോസ് ചെയ്യുമ്പോൾ കിറുകൃത്യമായി പൈസ വീട്ടുകാരെ ഏൽ‌പ്പിക്കും. എത്ര തിരക്കുണ്ടായാലും കണക്കിൽ ഒരുറുപ്യ പോലും വ്യത്യാസമുണ്ടാവില്ല. പക്ഷേ, ഗോപാലൻപിള്ളയുടെ മകൾ അനിതയുടെ കല്യാണത്തിന് മേശക്കിരുന്നപ്പോൾ അവനാദ്യമായി പണാപഹരണ വിവാദത്തിലകപ്പെട്ടു.

പിള്ള ഒരു പുലിജന്മമാണ്. മക്കളെ വളർത്തിയത് അടിക്ക് അടി, കലമ്പിന് കലമ്പ്, പേടിപ്പിക്കലിന് പേടിപ്പിക്കൽ അങ്ങനെ എല്ലാ വാത്സല്യങ്ങളും നൽകിയാണ്. പിള്ളയ്ക്ക് രണ്ടും പെൺ മക്കളാണ്. മൂത്ത മകൾ അനിതയും, കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യയും. കല്യാണം കഴിഞ്ഞ് പാർട്ടിയൊക്കെ പോയി വൈകുന്നേരമായപ്പോൾ പതിവ്‌ പോലെ സുനിക്കുട്ടൻ കലക്ഷൻമണി റെഡിമണിയായി പിള്ളയെ ഏൽ‌പ്പിച്ചു. ഇരുന്നൂറ് പേജിന്റെ ബുക്കിൽ ഒരു വരക്കും രണ്ട് വരക്കും ഇടയിലുള്ള കനത്ത എമൌണ്ട് കണ്ടപ്പോൾ പിള്ളക്ക് സന്തോഷമായി. കണക്കൊക്കെ ബോധിച്ച് സുനിക്കുട്ടൻ പോകാൻ എഴുന്നേൽക്കുമ്പോൾ പിള്ള ചോദിച്ചു. “അല്ല സുനീ, ആ കവർ എന്താ ഇവിടെ വെക്കാത്തെ..?”

തന്റെ ഷർട്ടിന്റെ പോക്കറ്റിലെ കൺസീൽഡ് കവറിനെപ്പറ്റി അപ്പോഴാണ് സുനിക്കുട്ടൻ ഓർത്തത്. “അത് പിന്നെ, ഇത് ഇവിടത്തെ കവറല്ല, എന്റെ പേഴ്സണലാണ്..” സുനിക്കുട്ടൻ അബദ്ധം പറ്റിയത് പോലെ പരിഭ്രമിച്ച് പറഞ്ഞു.

“ഈ കവർ രാവിലെ നിന്റെ പോക്കറ്റിൽ കണ്ടിറ്റില്ലല്ലോ..” സുനിക്കുട്ടന്റെ മുഖത്തെ ടെൻഷൻ കണ്ട് പിള്ളക്കെന്തൊക്കെയോ അവിശ്വാസ സിഗ്നൽ‌സ് കിട്ടി.
“ഗോപാലേട്ടാ.. ഇതെന്റെ കവറാ, ഇവിടെ വെക്കേണ്ടതല്ല…” സുനിക്കുട്ടൻ പറഞ്ഞു.
“നീ കവറ് കാണിച്ചാട്ടെ..” പിള്ള ഉച്ചത്തിൽ പറഞ്ഞു. അത് കേട്ട് പന്തലിലുണ്ടായിരുന്ന ചില നാട്ടുകാരും, ബന്ധുക്കളുമൊക്കെ അവിടേക്കെത്തി.
“അത് പറ്റില്ല, കാണിക്കാൻ പറ്റില്ല…” സുനിക്കുട്ടൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.

അപ്പോഴേക്കും ബന്ധുക്കളിലൊരാൾ സുനിക്കുട്ടന്റെ പോക്കറ്റിൽ നിന്ന് ബലമായി കവറെടുത്തു. അതിന്റെ പുറത്ത് പേരൊന്നും എഴുതിയിരുന്നില്ല. “അത് ശരി, പേരെഴുതാത്തത് കൊണ്ട് നീ നിന്റെ പോക്കറ്റിലിട്ടു അല്ലേ..? ഇദ് നല്ല കനമുണ്ട്.. കൊറേ പൈസയുണ്ടാവും. അതോണ്ട് അടിച്ച് മാറ്റാമെന്ന് കരുതി അല്ലേ…?” കവറെടുത്ത കംസൻ കയര്‍ത്തു.
“ഇതെത്ര കാലമായെടാ തുടങ്ങിയിട്ട്…?” സുനിക്കുട്ടന്റെ ഷർട്ടിൽ പിടിച്ച് വേറൊരുത്തൻ പറഞ്ഞു. താൻ വർഷങ്ങളായി കൊണ്ട് നടന്നിരുന്ന അഭിമാനം മാനഭംഗപ്പെട്ടതോർത്ത് സുനിക്കുട്ടന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
“പൊന്നേട്ടന്മാരേ, തല്ലല്ലേ… അതില്‍ നിങ്ങളുദ്ദേശിക്കുന്നത് പോലെ രൂപയല്ല..”
“നീ മിണ്ടണ്ടാ… ഞാൻ നോക്കട്ടെ...” എന്ന് പറഞ്ഞ് സുനിക്കുട്ടൻ തടയാൻ ശ്രമിച്ചത് കൂട്ടാക്കാതെ പിള്ള കവർ പൊളിച്ചു.

സുനിക്കുട്ടൻ പറഞ്ഞത് പോലെ അതിൽ കാശൊന്നുമായിരുന്നില്ല. “പ്രിയപ്പെട്ട സുനിയേട്ടാ…” എന്ന് തുടങ്ങുന്നൊരു ലൌ ലെറ്ററായിരുന്നു അത്. കത്ത് വായിച്ച് തുടങ്ങിയപ്പോൾ പിള്ളയുടെ മുഖത്ത് ഹാസ്യം, ശൃംഗാരം, കരുണം തുടങ്ങിയ നവരസങ്ങൾ ഒന്നൊന്നായി വരാൻ തുടങ്ങി. പക്ഷേ, ടെയിൽ എൻഡിൽ കത്തെഴുതിയ ആളുടെ പേരു വായിച്ചതിനു ശേഷം പിള്ളയുടെ മുഖത്തെയും ശരീരത്തെയും വൺ ആന്റ് ഓൺലി രസം രൌദ്രം മാത്രമായിരുന്നു.

“…. എന്ന് സ്വന്തം, വിദ്യ.”

Monday, October 11, 2010

നാരായണൻകുട്ടിയുടെ കുപ്പായം

ഗൾഫുകാർക്ക് കൂട്ടുകാരെന്നാൽ എൽ.പി.സ്കൂളിലെ ഉപ്പ്മാവു പോലെയും, പത്താം ക്ലാസ്സ് പാസ്സായത്ത് പോലെയും ഫസ്റ്റ് ലവ് പോലെയും നൊസ്റ്റാൾജിക് ആണ്. ബാല്യകാല സൌഹൃദം പോലും കാലമേറെയായിട്ടും മലബാർ സിമന്റിട്ട് സൂക്ഷിക്കുന്നവരാണ് മിക്കവരും. അത്രയ്ക്ക് ആത്മാർത്ഥത അവരുടെ ഭാര്യമാർക്ക് ഉണ്ടാകണമെന്നില്ലല്ലോ. മുണ്ടേരിപൊയിലിലെ നാരായണൻകുട്ടിയെന്ന പാവം പ്രവാസിയുടെ അനുഭവം അതാണ്.

നാരായണന്‍കുട്ടി ഗള്‍ഫിൽ നിന്ന് വന്നു എന്ന് കേട്ടയുടനെ പവിത്രനും വിജയനും ബാലനും കുട്ടിയുടെ വീട്ടിൽ അറ്റന്‍ഡന്‍സ് കൊടുത്തു. ഈ ട്രിപ്പിൾ മൂര്‍ത്തികൾ നാരായണന്‍കുട്ടിയുടെ ക്ലോസ് ഫ്രന്റ്സാണ് എന്ന് പറഞ്ഞാ അവരുടെ അടുപ്പം മനസിലാവില്ല. ക്ലോസറ്റ് ഫ്രണ്ട് എന്ന് സൂപ്പർലെറ്റീവില് പറഞ്ഞാലേ ശരിയ്ക്കും മനസിലാവൂ. നാരായണന്‍കുട്ടി ഗള്‍ഫിൽ പോകുന്നതിന് മുന്‍പ് ഇവര് വലിയ ചങ്ങാതിമാരായിരുന്നു. ഗൾഫിൽ പോയി വലിയ കാശുകാരനായതിന്റെ അഹങ്കാരമൊന്നും നാരായണന്‍കുട്ടി കാണിച്ചില്ല. ഓരോ കുപ്പായത്തിന്റെ തുണിയും, സ്പ്രേയും, കുട്ടികള്‍ക്ക് പേനകളുമായി കുറേ സമ്മാനങ്ങൾ മൂന്നു പേര്‍ക്കും കൊടുത്തു.

ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല. പക്ഷേ ഒരൊറ്റ പെഗ് കൊടുത്താൽ ഭയങ്കര സന്തോഷമായിരിക്കും. വേറെന്ത് സാധനം കൊടുത്താലും ആളുകള് കുറ്റം പറയും. നാരായണന്‍കുട്ടി അക്കാര്യത്തിലും ആണ്‍കുട്ടിയായിരുന്നു. സാധനം കൊണ്ടു വന്നിട്ടുണ്ട് വൈകുന്നേരം പഞ്ചായത്ത് ഗ്രൌണ്ടിൽ കൂടാം എന്ന് ഉറപ്പ് കൊടുത്തു. വൈകുന്നേരത്തെ ജലപാനവുമോര്‍ത്ത് സന്തോഷവാന്മാരായി സാധനങ്ങളുമെടുത്ത് മൂവർ സംഘം അവരവരുടെ ജോലിക്ക് പോയി.

വൈകുന്നേരം പറഞ്ഞത് പോലെ സാധനവുമായി നാരായണന്‍കുട്ടി ഗ്രൌണ്ടിലെത്തി. പവിത്രൻ ഓട്ടോയെടുത്ത് പോയി എക്സ്ട്രാസും വാങ്ങി വന്നു. നാലു പേര്‍ക്കും നാലു വര്‍ഷത്തെ നാനാവിധ പരദൂഷണങ്ങൾ പറയാനുണ്ടാകുമല്ലോ. അതൊക്കെ സംസാരിച്ച് തീരുമ്പോൾ പത്ത് മണിയായി. സമയം പോയതും വാട്ടർ ബോട്ടിൽ കാലിയായതും അറിഞ്ഞില്ല. എല്ലാവരും നല്ല പെന്‍ഡുലങ്ങളായിരുന്നു. കൂട്ടത്തിൽ പൂക്കുറ്റിയായത് നാരായണന്‍കുട്ടി മാത്രമായിരുന്നു. കുട്ടിയുടെ സ്റ്റാൻഡിങ്ങ് എബിലിറ്റിയിൽ ഡൌട്ടുള്ളത് കൊണ്ട് എല്ലാവരും കൂടി ആട്ടോയിൽ നാരായണന്‍കുട്ടിയെ വീട്ടിലെത്തിച്ചു. വാതിൽ തുറന്നത് കുട്ടിയുടെ ഭാര്യ വസുമതിയായിരുന്നു. കുട്ടിയേയും സുമതിയേയും കണ്ടാൽ വലിയൊരു മരം മുറിച്ചിട്ട് അതിന്റെ മുകളിലിരുന്ന് ആശാരി ചിപ്ലി പിടിക്കുന്നത് പോലെയുണ്ട്. അത്രയ്ക്ക് മാച്ചാണ്. നാരായണന്‍കുട്ടി ഫോർ വീൽ ഡ്രൈവ് ആയിട്ടാണ് വന്നതെന്ന് വസുമതിക്ക് മനസ്സിലായി. സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തികളുടെ അന്തരാത്മാവിനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കുട്ടിയെ താങ്ങിപ്പിടിച്ച് അകത്താക്കി അവൾ വാതിലടച്ചു.

പിറ്റേന്ന് വൈകുന്നേരവും ഗ്രൌണ്ടിൽ എല്ലാവരും കൂടി. ഇന്നലെ ഓവറായതിനാൽ വസുമതിയുടെ വായിൽ നിന്നും നല്ലോണം കേട്ടു അത് കൊണ്ട് ഇന്ന് അധികം വേണ്ട എന്ന് പറഞ്ഞാണ് നാരായണൻ കുട്ടി തുടങ്ങിയത്. ആ പറഞ്ഞത് ആദ്യ പെഗ് കഴിഞ്ഞപ്പോൾ ചരിത്രത്തിന്റെ ഭാഗമായി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കുട്ടി വീണ്ടും പാമ്പിൻ കുട്ടിയായി. വീട്ടിൽ കൊണ്ട് വിട്ടാൽ മതി വാതിൽ തുറക്കാൻ നില്‍ക്കണ്ടാ അത് വസുമതിക്ക് ഇഷ്ടമാവില്ലാ എന്ന് കുട്ടി പറഞ്ഞെങ്കിലും ആണുങ്ങളായാൽ ഇത്തിരി അല്ല നല്ലോണം അടിക്കും അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. കുടുംബത്തിരിക്കുന്ന പെണ്ണുങ്ങൾ അതിൽ ഇടപെടരുത്. അവളോട് പറഞ്ഞ് മനസ്സിലാക്കിയിട്ട് തന്നെ കാര്യം എന്നൊക്കെ തീരുമാനിച്ച് മൂന്നു പേരും കുട്ടിയെ വീട്ടിലാക്കാൻ പോയി.

പവിത്രൻ ഓട്ടോയിൽ തന്നെ നിന്നു. വിജയനും ബാലനും കുട്ടിയെ നടുക്കാക്കി വാഴക്കുലക്ക് സപ്പോര്‍ട്ട് കൊടുക്കുന്നത് പോലെ അപ്പുറവും ഇപ്പുറവും നിന്നു. വസുമതി വാതിൽ തുറന്നു. മൂന്നു പേരും പരസ്പരം തോളിൽ തൂങ്ങി വിക്കറ്റുകൾ പോലെ നില്‍ക്കുന്നത് കണ്ടപ്പോൾ തന്നെ വസുമതിക്ക് കാര്യങ്ങൾ ഡെ ലൈറ്റ് പോലെ ക്ലിയറായി. വിജയൻ “അതേയ്… വസുമതീ… നാരായണൻ ഇത്തിരി കുടിച്ചു കേട്ടോ..” പ്രിപ്പയർ ചെയ്ത് കൊണ്ട് വന്ന ഡയലോഗ് പറയാൻ തുടങ്ങി. അതിൽ അ മാത്രമേ ഔട്ട്പുട്ട് ആയുള്ളൂ. അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അതിന്റെ ശക്തിയിൽ മൂന്നു വിക്കറ്റുകളും ക്ലീൻ ബൌള്‍ഡായി. നാരായണന്‍കുട്ടി മുന്നോട്ടും വിജയനും ബാലനും പിറകോട്ടും.

പിറ്റേന്ന് വൈകുന്നേരം മൂവർ സംഘം കുട്ടിയെ ഗ്രൌണ്ടിൽ കാണാഞ്ഞ് അന്വേഷിച്ച് വീട്ടിലേക്ക് പോയി. നാരായണന്‍‌കുട്ടി ഒരു ലുങ്കി മാത്രമുടുത്ത് ഇറയത്ത് ഇരിക്കുന്നുണ്ടായിരുന്നു. വസുമതിയെ പേടിച്ച് വീട്ടിൽ കയറാൻ ആര്‍ക്കും ധൈര്യമുണ്ടായില്ല. അവർ മതിലിന് പുറത്ത് റോഡിൽ നിന്ന് സിഗ്നൽ കൊടുത്തു. അത് കേട്ട് കുട്ടി വസുമതി കാണാതെ അവരുടെ അടുത്തേക്ക് ചെന്നു.

“അല്ല, ഇന്ന് പരിപാടിയൊന്നും വേണ്ടേ…?” പവിത്രൻ ചോദിച്ചു.
“അയ്യോ, എന്റെ മോനെ, ഇനി അതൊന്നും നടക്കൂല, ഇന്നലെ അടിച്ചതിന് അവളെന്നെ നിര്‍ത്തി പൊരിച്ചു. ഇനി പുറത്തെങ്ങും ഒറ്റയ്ക്ക് വിടൂല്ല… ഒരു രക്ഷയുമില്ല.” കുട്ടി സങ്കടത്തോടെ പറഞ്ഞു. ദാഹജലം മോഹിച്ച് വന്നവർ ഡെസ്പായി.

“അല്ല.. നീ ഇതെന്താ വലിയ ചെയിനൊക്കെ ഇട്ട് നടക്കുന്നേ, ആരെ കാണിക്കാനാ, ഇതൊക്കെ.. ബോറാണ് കേട്ടോ…” നാരായണന്‍കുട്ടിയുടെ കഴുത്തിലെ അണലിയെ പോലത്തെ ചെയിൻ കണ്ട് വിജയൻ പറഞ്ഞു.

“ഹേയ്.. അതൊന്നുമല്ല, ഞാന്.. അത് പിന്നെ.. നല്ല ചൂടല്ലേ അത് കൊണ്ട് കുപ്പായം ഇടാഞ്ഞതാണ്…” കുട്ടി തപ്പിത്തടഞ്ഞ് പറഞ്ഞു.

“ഈ മഴക്കാലത്ത് ചൂടോ.. ഹഹഹ..“ എല്ലാവരും അത് കേട്ട് പൊട്ടിച്ചിരിച്ചുപോയി.
“അതൊന്നുമല്ല മാല കാണിക്കാൻ തന്നെയാ നീ ഷര്‍ട്ടിടാതെ നടക്കുന്നെ..”പവിത്രൻ കളിയാക്കി.

“അതൊന്നുമല്ലടാ.. സത്യം പറയാലോ, അവള് ഷര്‍ട്ടും ബനിയനുമൊക്കെ അലമാരയിൻ വെച്ച് പൂട്ടീന്. ഷര്‍ട്ട് ഇട്ട് പുറത്ത് പോയാല് പിന്നേം കള്ളു കുടിച്ചാലോന്ന് പറഞ്ഞ്..” നാരായണന്‍കുട്ടി നാണിക്കുട്ടിയായി മൊഴിഞ്ഞു.

ആത്മാർത്ഥ സൌഹൃദത്തിന്റെ വിലയൊക്കെ ഈ പെണ്ണുങ്ങൾ എങ്ങനെ അറിയാനാണ്..!