Wednesday, December 24, 2014

ആനന്ദചന്ദ്രൻ മാഷ് ഒരു ചോദ്യചിഹ്നമാ‍ായ വിധം



ആനന്ദചന്ദ്രൻ മാഷിനു അതൊരു ആനന്ദവെള്ളിയാഴ്ചയായിരുന്നു. 
പുതുതായി വാങ്ങിച്ച സ്കൂട്ടർ ഓടിച്ച് സ്കൂളിലേക്ക് പോകുകയെന്നത് മാഷിന്റെ എന്നുമുള്ള ആഗ്രഹമായിരുന്നു.  വണ്ടിയുടെ പകുതി കാഷ് മാഷിന്റേതും ആയിരുന്നെങ്കിലും ആർ.സി. ബുക്കിൽ ഭാര്യ വിനോദിനി ടീച്ചറുടെ പേരാണ് ഉണ്ടായിരുന്നത്.  മാഷും ടീച്ചറും രണ്ട് റൂട്ടിലുള്ള സ്കൂളുകളിലായതിനാൽ ഒന്നിച്ച് പോകുമ്പോഴെങ്കിലും വണ്ടി ഓടിക്കാനുള്ള അവസരവുമില്ല.  മാഷിന്റെ എല്ലാ കാര്യത്തിലും പൊതുവെയുള്ള തണുപ്പൻ സംശയ സമീപനങ്ങൾ, എന്ത് ചെയ്യുമ്പോഴും പല തവണ ആലോചിച്ച് മാത്രം ചെയ്യുക തുടങ്ങിയ രീതികൾ ടീച്ചർക്ക് ഒട്ടും പിടിക്കില്ല.  രണ്ട് മൂന്ന് ഷോറൂമുകളിൽ പോയി ലിസ്റ്റെടുത്ത് മത്സ്യത്തിനു വിലപേശുന്നത് പോലെ പേശിയിട്ടാണ് മാഷ് വണ്ടി ബുക്ക് ചെയ്യാൻ പോയത്.  തേഡ് പാർട്ടി ഇൻഷുറൻസ് പോരേ? ആർ.ടി. ഓഫീസിൽ കൊടുക്കുന്നതിൽ നിന്നും ഏജന്റിന്റെ കമ്മീഷൻ കുറച്ച് തന്നൂടേ ? ഗ്രിൽ‌സ് വെച്ചില്ലെങ്കിലും വണ്ടിക്ക് കുഴപ്പമില്ലല്ലോ ? മൈലേജ് എത്ര കിട്ടും ? ഇതൊക്കെ കേട്ട് ആഫീസിലിരിക്കുന്ന പെൺകുട്ടികൾ ചിരിക്കുന്നത് കണ്ട് ക്ഷമ നശിച്ച വിനോദിനി ടീച്ചർ നിങ്ങളൊന്ന് മിണ്ടാണ്ടിരിക്ക് എന്ന് പറഞ്ഞ്  മൊത്തം തുകയെടുത്ത് കൊടുത്ത് വണ്ടി ബുക്ക് ചെയ്ത് മടങ്ങുകയായിരുന്നു.
രണ്ടുപേർക്കും പണ്ടേ ലൈസൻസ് ഉണ്ടായിരുന്നെങ്കിലും സ്കൂട്ടർ ഓടിക്കാൻ പെട്ടെന്ന് ഏലായത് ടീച്ചറായിരുന്നു.  മാഷ് തപ്പിപ്പിടിച്ച് കാലുകൾ കുത്തി നിർത്തി നിർത്തി ഓടിക്കുന്നത് കണ്ടാൽ തന്നെ ആർക്കും തോന്നും അരപഠിപ്പ് ആണെന്ന്.  സ്കൂളിൽ പഠിപ്പിക്കുന്ന ചെക്കന്മാർ ബൈക്കിലും ബുള്ളറ്റിലും പറപ്പിച്ച് പോകുമ്പോൾ മാഷ് സകല ജംഗ്ഷനിലും ബ്ലോക്ക് ഉണ്ടാക്കുകയായിരിക്കും.  പിള്ളേരാണെങ്കിൽ മാഷിനെ തൊട്ട്തൊട്ടില്ലെന്ന മട്ടിൽ ഓടിച്ച് പേടിപ്പിച്ച് വിടുകയും ചെയ്യും.  ആയിടയ്ക്ക് ഒരു ദിവസം വണ്ടി ഒരു മതിലുമായി ചുംബനസമരം നടത്തിയതും കൂടിയായപ്പോൾ പിന്നെ വണ്ടിയൊന്ന് മാഷിനെക്കൊണ്ട് തൊടീക്കാൻ പോലും ടീച്ചർ സമ്മതിക്കാണ്ടായി.  മാഷിന്റെ പരിക്കിനേക്കാളും വണ്ടിയുടെ പെയിന്റ് പോയതായിരുന്നു ടീച്ചറെ വിഷമിപ്പിച്ചത്.  ഇമ്മാതിരി ഓടിക്കലായത് കാ‍രണം മാഷിനെ വണ്ടി തൊടീക്കാണ്ട് ടീച്ചർ പരമാവധി സ്വന്തമായി ഉപയോഗിച്ച് വന്നു.  വാങ്ങിയിട്ട് ഇന്നേ വരെ മാഷിനു വണ്ടി സ്കൂളിൽ കൊണ്ട് പോകാൻ പറ്റിയിട്ടില്ല. 
ഇന്ന് വിനോദിനി ടീച്ചർക്ക് അവരുടെ തറവാട്ടിൽ പോകേണ്ടി വന്നതിനാൽ വണ്ടി എടുക്കാതെയാണ് പോയത്.  ആ സുവർണാവസരം മുതലെടുത്ത് ഇന്ന് സ്കൂട്ടറിൽ സ്കൂളിലേക്ക് പോകാമെന്ന് ആനന്ദചന്ദ്രൻ മാഷ് തീരുമാനിച്ചു. 
എന്താ‍ണെന്നറിയില്ല വീടു മുതൽ സ്കൂൾ വരെ അന്നാദ്യമായി മാഷ് ഒരു നിർത്തലുമില്ലാതെ വണ്ടി ഓടിച്ചു.  സ്കൂളിലെത്തി ഒരു മരത്തിന്റെ കീഴിൽ വണ്ടി സുരക്ഷിതമായി വെച്ച് താക്കോലും കറക്കി സ്റ്റാഫ് റൂമിലെത്തി വണ്ടിയിലാണ് വന്നതെന്ന സന്തോഷം സഹമാഷന്മാരെ അറിയിച്ചു.  അവരൊക്കെ വന്ന് വണ്ടി കണ്ട്, കൊള്ളാം, നല്ലതാ, എത്ര മൈലേജ് കിട്ടും, എന്നൊക്കെ സാദാ വർത്താനങ്ങൾ പറഞ്ഞു.  ചിലർ എന്റെ വണ്ടിയുടെ അത്ര പോരാ, കളറില്ലാ, ടയർ ഉരുണ്ടിട്ടാണല്ലോ എന്നിങ്ങനെ അസൂയാധിഷ്ഠിതമായ ചിലത് കമന്റുകയും ചെയ്തു.  അവരങ്ങനെ വർത്താനിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഹെഡ്മാസ്റ്റർ ആനന്ദൻ മാഷിനെ അന്വേഷിക്കുന്നതായി വിവരം കിട്ടിയത്. 
            ജില്ലാ കലോത്സവത്തിന് പങ്കെടുക്കുന്ന കുട്ടികളുടെബാഡ്ജ് ആനന്ദചന്ദ്രൻ മാഷിനെ ഏൽ‌പ്പിച്ചിരുന്നു.  കലോത്സവത്തിന്റെ സ്കൂളിൽ പിള്ളേർ എത്തിയിട്ടും ബാഡ്ജ് കിട്ടിയില്ല.  സ്കൂട്ടർ ഓടിക്കാനുള്ള ആവേശത്തിൽ മാഷ് ബാഡ്ജ് എടുക്കാൻ മറന്നു പോയിരുന്നു.  വീട്ടിൽ പോയി അതെടുത്ത് ഉടനെ കലോത്സവം നടക്കുന്ന സ്കൂളിൽ കൊണ്ട് പോയി കൊടുക്കാൻ ഹെഡ്മാസ്റ്റർ പറഞ്ഞത് മാഷ് അനുസരിച്ചു.  ഒരിക്കൽക്കൂടി വണ്ടിയിലേറി പോകാമെന്നത് മാഷിനെ സന്തോഷത്തിലാക്കി. വണ്ടി എടുത്ത് ഗേറ്റിൽ എത്തിയപ്പോഴാണ് പിറകേ വീണടീച്ചറും സ്നേഹറാണിയെന്ന പത്താം ക്ലാസ്സിലെ വിദ്യാർത്ഥിനിയും ഓടി വന്നത്.
            “മാഷേ.. മാഷ് കലോത്സവത്തിനല്ലേ പോകുന്നേ.. ഒന്ന് ഈ കുട്ടിയെക്കൂടി കൊണ്ട് പോകുമോ.. ഇവൾ അവരൊക്കെ പോകുമ്പോ എത്താൻ ലേറ്റായി...”
            “ഓ അതിനെന്താ.. കുട്ടി കേറിക്കോ...”
            രാവിലത്തെ ആ തീ പോലത്തെ ചൂടിലും ആനന്ദൻ മാഷിന്റെ ഹൃദയത്തിൽ ഒരു കുളിർക്കാറ്റ് കടന്നുവന്നു.  സ്നേഹറാണി പേരു പോലെതന്നെ ഒരു റാണിയായിരുന്നു.  സ്റ്റാഫ് റൂമിൽ അധ്യാപികമാർ ഇല്ലാതിരിക്കുന്ന സമയങ്ങളിലെ മസാല ചർച്ചകളിൽ അവളെപ്പറ്റി മാഷന്മാർ പറയാറുണ്ടായിരുന്നു.  ടീച്ചർമാരുടെ ദരിദ്രമായ അംഗലാവണ്യങ്ങളിൽ സ്നേഹറാണിയുടെ സമ്പന്നശരീരത്തെ താരത‌മ്യം ചെയ്ത് മാഷന്മാർ ചില അശ്ലീലവാക്കുകൾ ഉപയോഗിച്ച് വർണിക്കുന്നത് ആനന്ദൻ മാഷും ലജ്ജയോടെ കേട്ടിരുന്നു.
            റോഡിലെ നിരവധിയായ കുഴികളിൽ വീണ് വണ്ടി മുന്നോട്ടായുമ്പോൾ സ്നേഹറാണിയുടെ ചൂടായ ശരീരം മേത്ത് വന്ന് പതിക്കുന്നതും കാലുകൾ ഇരുവശത്തുമിട്ട് ഇരുന്നതിനാൽ ദേഹത്തോട് ചേരുന്ന ചെറുപെൺകൊടിയുടെ തുടയുടെ ചൂടും ആനന്ദൻ മാഷ് അറിഞ്ഞതേയില്ല.  പുത്തൻ വണ്ടിയിൽ സുന്ദരിയായൊരു പെൺകുട്ടിയെയും ഇരുത്തി ഓടിക്കുന്ന ത്രില്ലിലായിരുന്നതിനാൽ അപകടമേഖലകളിലേക്ക് വണ്ടിയും ചിന്തയും പാളിയതേയില്ല.
            “നല്ല വെയിലല്ലേ.. കുട്ടി ആ ഷാൾ തലയിലിട്ടോളൂ...” ഓട്ടത്തിന്നിടയിൽ മാഷ് ശിഷ്യയുടെ കാര്യത്തിൽ ശ്രദ്ധിച്ചു.
            വീടിനടുത്തുള്ള അനാദിക്കടയുടെ അടുത്ത് നിർത്തി “ഇപ്പോ വരാം ഒരു സാധനം വാങ്ങിക്കട്ടെ..” എന്ന് പറഞ്ഞ് അതിനകത്തേക്ക് കയറിപ്പോയി.  കടക്കാരനുമായി മാഷ് എന്തോ സംസാരിക്കുന്നതും സാധനം വാങ്ങിക്കുന്നതും പോക്കറ്റിൽ എന്തോ തിരുകുന്നതും കടക്കാരൻ വൃത്തികെട്ട രീതിയിൽ നോക്കുന്നതും കണ്ട് സ്നേഹറാണി സ്കൂട്ടറിന്റെ അടുത്ത് നിന്നു.
            മാഷ് വന്ന് വീണ്ടും വണ്ടിയിൽ കയറി ഗേറ്റ് കടന്ന് വാതിൽ തുറന്ന് സോഫയിലിരുന്ന് ഫാനിട്ടു.  സ്നേഹറാണിയോട് ഇരിക്കാൻ പറഞ്ഞതും കൊണ്ടുവന്ന പ്ലാസ്റ്റിക് കൂടിൽ നിന്ന് പഴമെടുത്ത് കഴിക്കാൻ പറഞ്ഞതും കേട്ടതായി തോന്നിയില്ല. എന്തോ ചിന്തയിൽ‌പ്പെട്ട് ഉഴറുന്നത് പോലെ തോന്നിച്ചു.  ഭയങ്കര ചൂട് വിയർപ്പാറിയിട്ട് പോകാം, മാഷ് ഷർട്ട് അഴിച്ച് പറഞ്ഞു.  സ്നേഹറാണി എന്നിട്ടും ഒന്നും പ്രതികരിക്കാതെ കൂടുതൽ പരിഭ്രാന്തയായി നിന്നു.  ഫാനിന്റെ കാറ്റുണ്ടായിട്ടും വിയർത്ത് കുളിച്ച് നേർത്ത സ്കൂൾ യൂനിഫോം ശരീരത്തോട് ചേർന്നിരുന്നു.  അവളുടെ മുഖത്തെ ക്ഷീണവും പരിഭ്രാന്തിയും കണ്ട് ആനന്ദൻ മാഷ് അടുത്തേക്ക് നീങ്ങി..
            “എന്താ പറ്റിയത്
            “തൊടരുത്...” സ്നേഹറാണി അലറി.
            “എന്താ കുട്ടീ... എന്താ വല്ലാണ്ടായിരിക്കുന്നത്...?” മാഷിനൊന്നും മനസ്സിലായില്ല.
            “എന്നെ പീഢിപ്പിക്കാൻ കൊണ്ട് വന്നതല്ലേ... ആരും കാണാണ്ടിരിക്കാനല്ലേ തലയിൽ ഷാളിടാൻ പറഞ്ഞത് മാഷ് കടയിൽ പോയത് കോണ്ടം വാങ്ങാനല്ലേ...” അലറിക്കൂവി സ്നേഹറാണി പുറത്തേക്ക് കുതിക്കുമ്പോൾ ആനന്ദൻ മാഷ് ബോധാവസ്ഥ കടന്ന് നിലത്തേക്ക് പതിക്കുകയായിരുന്നു.
            പിറ്റേന്നത്ത പത്രങ്ങളിൽ ആനന്ദചന്ദ്രൻ മാഷ് ഒരു ചോദ്യചിഹ്നമായി കിടന്നു.

Monday, December 22, 2014

ചുംബന സമരം



പൊട്ടിയാണോ പൊട്ടാതെയാണോ എന്നറിയില്ല, അന്നും പ്രഭാതം വിരിഞ്ഞു.  പത്രക്കാരനും പാൽക്കാരനും വന്നുപോയതിനു പിന്നാലെ വീടുകളിൽ അടുക്കളകൾ കണ്ണുതുറന്നു.  വിറകിലും ഗ്യാസിലും കറന്റിലുമായി ചായയും പലഹാരങ്ങളും ഉണ്ടായിത്തുടങ്ങി.  ജോലിക്ക് പോകുന്നവർ അതൊക്കെ വെട്ടിവിഴുങ്ങിയ ശേഷം അവരവരുടെ കർമ്മകാണ്ഡങ്ങളിലേക്ക് നീങ്ങിത്തുടങ്ങി.  വിനോദ്പന്നക്കാ‍ടൻ എന്ന ഉന്നക്കായ പോലെ യൌവനം നിറഞ്ഞ സുന്ദരനും സൽ‌സ്വഭാവിയായ ചെറുപ്പക്കാരൻ അച്ഛൻ അദ്ധ്വാനിച്ച് കൊണ്ട് വന്നതും അമ്മ ഉണ്ടാക്കിയതുമായ ഭക്ഷണ പദാർത്ഥങ്ങൾ കയ്യൊതുക്കത്തോടെ കലവറനിറക്കൽ നടത്തി കുളിച്ച് കണ്ണാടിക്ക് മടുപ്പുണ്ടാകുന്ന വിധം പലവട്ടം നോക്കി മുഖവും മുടിയും മിനുക്കി ജീൻസും ടീഷർട്ടുമണിഞ്ഞ് സൂക്ഷ്മം എട്ടു മണിയോടെ ചേലേരിമുക്കിലെ ബസ് സ്റ്റോപ്പിലെത്തി കിഴക്കോട്ടുള്ള കപ്പാലത്തിന്റടുത്തെ ഇടവഴി നോക്കി കണ്ണും നട്ട് വെള്ളവും വളവും ചേർത്ത് വിനീതവിധേയനായി വിനീതയെ കാത്തുനിന്നു.
എട്ടരയ്ക്കുള്ള ബസ്സിനു കണ്ണൂർ ടൌണിലൊരു സ്ഥാപനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമറായി ജോലിക്ക് പോകുന്ന അഞ്ചടി രണ്ടിഞ്ചും അതിനൊത്ത തടിയോ അളവുകളോ ഇല്ലാത്തതും എന്നാ‍ൽ അഹങ്കാരവും വികാരവുമെല്ലാംകൊണ്ട് കോടിപതിയായ വിനീതയെന്ന സുഭഗയെ കണ്ണും മെയ്യും ഭാവിയും ഭൂതവും വർത്തമാനവും കളഞ്ഞ് പന്നക്കാടൻ പ്രേമിക്കാൻ തുടങ്ങിയിട്ട് നടപ്പ് വർഷം പത്ത് തികഞ്ഞു.  പ്ലസ്ടൂ ക്ലാസ്സിൽ വിനീതയെ നോക്കിയിരുന്ന് പഠിക്കാൻ മറന്നപ്പോഴും തൽഫലമായി പരീക്ഷയ്ക്ക് അന്തംവിട്ട് നിന്നപ്പോഴും രണ്ട് കൊല്ലവും എല്ലാ വിഷയങ്ങളും തോറ്റ്  വെറുതെയിരുന്നപ്പോഴും അച്ഛനമ്മമാരുടെ കൊണം പിടിക്കില്ലെടാ എന്ന ആശീർവാദം കേട്ട് മൈൻഡാക്കാതെയിരുന്നപ്പോഴും മൊബൈൽ ചാർജ്ജ് ചെയ്യാനും പെഗ്ഗിങ്ങിനും കൊറിയോഗ്രാഫിക്കുമായി സെയിൽ‌സ്മാനായും റെപ്പായും അസിസ്റ്റന്റായും മാറിമാറി ജോലികൾ ചെയ്തപ്പോഴും ഒരേയൊരു ലക്ഷ്യവും മാർഗവും വിനീതയെന്ന തങ്കവിഗ്രഹം മാത്രമായിരുന്നു.  പത്ത് കൊല്ലം ഒരുത്തിയെ മാത്രം പ്രേമിക്കുകയെന്നതിന്റെ തീവ്രത അത്രതന്നെയുണ്ടായിരിക്കണം തിരിച്ചിങ്ങോട്ടും.  അമ്മിക്കല്ലു പോലത്തെ അവളുടെ തിരുഹൃദയം ഒരു മില്ലീമീറ്റർ പോലും തയഞ്ഞില്ല.  പ്ലസ്ടൂവിനു പഠിക്കുമ്പോൾ പന്നക്കാടന്റെ സ്നേഹയെഴുത്ത് വായിക്കുക പോലും ചെയ്യാതെ മുഖത്തേക്ക് ചുരുട്ടിയെറിഞ്ഞ മുതൽ ഒരുതവണ തമാശക്ക് പോലും അവന്റെ ഫയൽ പുട്ടപ്പ് ചെയ്തേക്കാമെന്ന് വിനീതയ്ക്ക് തോന്നിയിട്ടില്ല.  എന്നിട്ടും പന്നക്കാടൻ വിനോദിന്റെ ലവ്വിന് ഒരു കെ.ബി. ഡാറ്റയുടെ കുറവ് പോലും ഉണ്ടായിട്ടില്ലെന്നത് പ്രണയ ചരിത്രത്തിന്റ ചുമരിൽ തങ്കലിപികളിൽ.. പോട്ടെ, വലിയ വിലയല്ലേ..  ഒരു ഫ്ലെക്സ് ബോർഡെങ്കിലും വെക്കാമായിരുന്നു. 
പിറകിൽ നടക്കുന്നവനെ വെർതെയെങ്കിലും തിരിഞ്ഞ് നോക്കുകയെന്നത് പെണ്ണിനെ നിർമ്മിച്ച കാലം മുതൽക്ക് അതിന്റെ ബ്രെയിനിൽ ഫീഡ് ചെയ്തിരിക്കുന്ന വസ്തുതയാണല്ലോ.  പ്രായഭേദമന്യേ അക്കൂട്ടത്തിലാരും അതിനൊരു അപനിർമ്മിതിയല്ല.  എന്നിട്ടും മുന്നിലും പിന്നിലും നടന്നിട്ടും സൈഡിലും കടയുടെ മുകളിൽ നിന്നു നോക്കിയിട്ടും വിനീതയുടെ മുഖത്ത് തസ്ലീമ നസ്രീന്റെ ‘ലജ്ജ‘യോ എം.ടി.യുടെ ‘ഒരു ചെറു പുഞ്ചിരി‘യോ പ്രിയദർശന്റെ ‘ആക്രോശ്’ പോലെയൊക്കെ എന്തെങ്കിലുമുണ്ടായില്ലെന്നത് പോട്ടെ ഇങ്ങനെയൊരുത്തൻ ഉണ്ടെന്നു പോലും ആ പ്രണയവിരോധിനി നടിച്ചില്ല്ല.  എന്നാൽ വീട്ടുകാർ കൊണ്ട് വരുന്ന കല്യാണാലോചനകളിൽ ഏതിലെങ്കിലും ടിക്ക് ചെയ്യാനും നിന്നില്ല.  അങ്ങനെയങ്കിൽ പന്നക്കാടന്റെ ഭാവിയും ജീവിതവും സമയവുമെങ്കിലും നന്നായേനെ.  അവളെന്നെ കെട്ടിയില്ലെങ്കിൽ ഞാൻ പപ്പായമരത്തിന്റെ ഏറ്റവും താഴത്തെ ഏറ്റവും ചെറിയ തണ്ടിൽ തൂങ്ങി തൂങ്ങിച്ചാകുമെന്ന് പന്നക്കാടൻ പെഗടിച്ച് പട്ടാപ്പകൽ പരസ്യമായി പലരോടും പറഞ്ഞിരുന്നു.  അതും കാണാനും വിനീത അവസരമുണ്ടാക്കിയില്ല.  അവൾ ആരെയും കെട്ടുകയുമില്ല; കെട്ടാൻ തയ്യാറായി നിൽക്കുന്നവനെയൊട്ട് വിടുകയുമില്ല.  അറുത്ത കൈക്ക് ഒരു തുള്ളി ഡെറ്റോൾ ഒഴിച്ചു കൊടുക്കാത്ത കഠോര ഹൃദയത്തിന്റെ സോൾ ഓണർ.
പന്നക്കാടൻ അങ്ങനെ വിനീതയെ കാത്ത് സമയത്തെ കുത്തിക്കൊന്ന് കൊണ്ടിരിക്കുമ്പോൾ ഷെൽറ്ററിലേക്ക് യാത്രയയപ്പിനു പൂവാലന്മാരും കടാക്ഷങ്ങളേറ്റു വാങ്ങാനായി തരുണീമണികളും ഒറ്റയ്ക്കും കൂട്ടമായും വന്നു.  പന്നക്കാടന്റെ നിൽ‌പ്പ് അവർക്കൊരു പുതുമയല്ലാത്തതിനാൽ പെണ്ണുങ്ങളാരും അവനെ മൈൻഡാക്കാറില്ല.  പൂ‍വാലൻ ചങ്ങായിമാർ ജസ്റ്റ് ഒന്ന് വിഷ് ചെയ്ത് താന്താങ്ങളുടെ കേസുകെട്ടുകളോട് വിഷ്വൽ ക‌മ്യൂണിക്കേഷനിൽ ഏർപ്പെടാൻ തുടങ്ങി.  എട്ടു ഇരുപതായപ്പോൾ കപ്പാലത്തിന്റെയടുത്ത് നിന്നും വിനീത ബഹിരാകാശയാത്രികയെപ്പോലെ ചുമലിലൊരു ബാഗും തൂക്കി ഫോണിൽ സംസാരിച്ച് കൊണ്ട് പ്രത്യക്ഷപ്പെട്ടു.  അവളുടെ തലവെട്ടം കണ്ടപ്പോൾ ചാണകമിടാൻ റെഡിയാകുന്ന പശുവിനെപ്പോലെ പന്നക്കാടൻ ഉണർന്നു.  മുടിയൊക്കെ ഒന്നൂടെ ചീകി ചുണ്ടിൽ ജലസേചനം നടത്തി ടീഷർട്ട് പിടിച്ചിട്ട് അറ്റൻഷനായി നിന്നു.  കാമുകിയാണെങ്കിൽ നടന്ന് ബസ്‌സ്റ്റോപ്പിലെത്തിയിട്ടും ബസ്സിൽ കേറുന്നത് വരെയും ഫോൺ വിളി നിർത്തിയുമില്ല, മറ്റാരേയും ശ്രദ്ധിച്ചുമില്ല.  
“ഈ പണ്ടാരക്കാലി ആരോടാ ഇത്രയും സംസാരിക്കുന്നത്...” ബസ്സ് പോയപ്പോൾ പന്നക്കാടൻ സ്വയം പറഞ്ഞു.
“അവൾക്ക് വേറെ ഒരുത്തനുണ്ട് ഫേസ്ബുക്കിൽ ഒന്നിച്ചിരിക്കുന്ന ഫോട്ടോ ഇട്ട് കണ്ടിട്ടുണ്ട്...” ഷെൽറ്ററിൽ ചാരിയിരുന്നു കൊണ്ട് കണ്ണൻ പറഞ്ഞു.
“അത് ആ ഷാജിമേനോനല്ലേ...”
“അവനെ നിനക്കറിയുമോ.. എന്നിറ്റാ പിന്നേം ഓളുടെ പിറകെ നടക്കുന്നത്...”
“അവനെ ഞാൻ ഒരിക്കൽ എഫ്.ബി.യിൽ പോയി തെറി പറഞ്ഞതാ.. അവനെ മാത്രമല്ല, അവളുടെ ഫോട്ടോ ലൈക്കുന്ന എല്ലാവനേയും..”
“എന്നിട്ടോ...”
“എന്തുണ്ടാകാൻ.. അവളെന്നെ ബ്ലോക്കി... അത്രന്നെ..” ഷെൽറ്ററിലൊരു കൂട്ടച്ചിരി മുഴങ്ങി.
“വേറെ ഐ.ഡി.യുണ്ടാക്കിയാ പോരേ
“അതൊക്കെ നോക്കിയതാ.. കൊറേ അനോണി ഐ.ഡി.യുണ്ടാക്കി റിക്വസ്റ്റ് അയച്ച് നോക്കി ഒന്നും ആക്സപ്റ്റ് ചെയ്തില്ല..”
“നിന്റെ സ്റ്റാൻഡേർഡ് അല്ലേടാ അനോണിക്കുമുണ്ടാകൂ അവൾക്ക് വേഗം പിടികിട്ടും...”
ചങ്ങാതിമാരുടെ ആക്കിച്ചിരിക്കൽ കേട്ട് ഞാനിതെത്ര കണ്ടതാ എന്ന ഭാവത്തിൽ പന്നക്കാടൻ അനങ്ങാതിരുന്നു.  അന്നേരം മൊബൈലിൽ ഉരച്ച് കൊണ്ടിരുന്ന ദീപുവാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞത്.
“എടാ ഇത് കണ്ടോ കണ്ണൂർ ടൌൺ സ്ക്വയറിൽ ഈ ഞായറാഴ്ച ചുംബന സമരം നടക്കുന്നു... ആരാ സംഘാടകർ എന്നറിയുമോ..
“ആരാ...”
“വിനീത ആന്റ് ഷാജിമേനോൻ...”
“അയ്യോ...” പന്നക്കാടൻ ഞെട്ടി ഒരു സപ്പോർട്ടിനു ഷെൽറ്ററിന്റെ തൂണിൽ ബോഡിയെ സമർപ്പിച്ചു.
“സത്യമാണോ..!!!”
“ദാ നോക്ക്..”
വിശ്വാസമാകാതെ നോക്കിയപ്പോൾ ശരിയാണ് കാമുകിയും കൂട്ടുകാരനും ഒന്നിച്ചുള്ള ഫോട്ടോയും അപ്ഡേറ്റുമുണ്ട്.  ലൈക്കും ഷെയറും കമന്റുമായി എഫ്.ബി. മൊത്തം അത് ആഘോഷിക്കുന്നു.  തെറിവിളികൾക്കും ഡിസ്‌ലൈക്കുകൾക്കുമൊക്കെ വിനീത കൃത്യമായി മറുപടി കൊടുത്ത് ലോകം മൊത്തം തങ്ങളുടേത് മാത്രമാക്കിയിരിക്കുന്നു. 
റോഡ് കുളമായാലും റേഷനരിയുടെ വില കൂട്ടിയാലും ബസ്ചാർജ്ജ് കൂട്ടിയാലും കറന്റ് പോയാലും ബസ്സിൽ ആരേലും ശല്യപ്പെടുത്തിയാലും പ്രതികരിക്കാത്ത വിനീത ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുമെന്നോ സംഘടിപ്പിക്കുമെന്നോ അവരാരും ഒരിക്കലും പ്രതീക്ഷിച്ചില്ല.  പന്നക്കാടനെ സംബന്ധിച്ചിടത്തോളം അതൊരു കനത്ത തിരിച്ചടിയായിരുന്നു.  അവന്റെ അവസ്ഥയിൽ രസം കണ്ട ചങ്ങാതിക്കൂട്ടങ്ങൾ പിന്നെയും കമന്റുകളെയ്ത് രസിച്ചുകൊണ്ടിരുന്നു.
“നോക്കിയാടാ.. അവൾടെ പോസ്റ്റിനൊക്കെ എന്തോരം ലൈക്കണ്... ഇതിനു തന്നെ രണ്ടായിരം കഴിഞ്ഞു...”
“ഇവരുടെ ഒടുക്കത്തെ ലൈക്കാണ്.. ഞാനന്ന് ബൈക്കിൽ നിന്ന് വീണപ്പോ ഒരുത്തൻ ഓടി വന്നു.. ഞാൻ കരുതി അവനെന്നെ എണീപ്പിക്കാനാണെന്ന്.. അവൻ ഫോണെടുത്ത് എന്റടുത്ത് നിന്ന് ഒരു സെൽഫി എടുത്ത് ഉടനെ സ്ഥലം വിട്ടു... അതിന് അവനും കിട്ടി പത്തഞ്ഞൂറ് ലൈക്ക്...”
“നീയും പോയ്ക്കോടാ‍.. ചെലപ്പോ അവളു നിന്നെ ഉമ്മ വെച്ചാലോ...” കണ്ണൻ പന്നക്കാടനെ ഒന്നു മോഹിപ്പിക്കാൻ നോക്കി.
“പിന്നെ മുട്ട തരാത്ത പാത്തുവാണ് കോയീനെ തരുന്നത്....”  ദീപു.
ഒരു യഥാർത്ഥ കാമുകന്റെ വിഷമം അറിയാത്ത മനുഷ്യപ്പറ്റില്ലാത്ത കൂട്ടുകാർ അവനെക്കണ്ട് ആസ്വദിച്ച് ചിരിക്കുകയായിരുന്നു.   ഇതൊക്കെ കണ്ട് തടി ക്ഷീണിച്ച പന്നക്കാടൻ ഒന്നും മിണ്ടാതെ കീശയിൽ കൈയ്യിട്ട് ഒരു അഞ്ഞൂറ് എടുത്ത് ഷാജിയുടെ കൈയ്യിൽ കൊടുത്ത് തംസപ്പിന്റെ എംബ്ലം വായുടെ മുകളിലേക്ക് കാണിച്ചു.  വൈകീട്ട് പോരേ എന്ന ചോദ്യത്തിനു ഇപ്പോ തന്നെ വേണം എന്ന് ആംഗ്യത്തിൽ മറുപടിയും കിട്ടി.  അരിയോ മരുന്നോ വാങ്ങാൻ പറഞ്ഞാൽ അനുസരിക്കാത്ത ആ പൊന്നോമന മക്കൾ ഉടനെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് ബിവറേജസിന്റെ പടിക്കലേക്കോടി.  മഹാന്മാർ മരിച്ച് കഴിഞ്ഞാൽ അവരുപയോഗിച്ച കട്ടിലൊക്കെ മുറിയിൽ സ്മാരകമായി വെക്കുന്നത് പോലെ പന്നക്കാടന്റെ ബോഡി മാത്രം ഷെൽറ്ററിൽ തളർന്നു കിടന്നു.
അന്നുമുതൽ ടി.വി. ന്യൂസിൽ പ്രധാന വാർത്ത ചുംബനസമരമായിരുന്നു.  മീൻ‌കുട്ടയുടെ ചുറ്റും നിൽക്കുന്ന കാക്കകളെ പോലെ വിനീതയേയും ഷാജിമേനോനെയും പൊതിഞ്ഞ് ചാനലുകാർ ഇന്റർവ്യൂ ചെയ്ത് ആഘോഷിക്കുന്നത് കണ്ട് പന്നക്കാടന്റെ ഹൃദയം ബലൂൺ പോലെ പൊട്ടി.  ഭാര്യയും ഭർത്താവിനെയും പോലെ ഒന്നിച്ചിരുന്ന് ബൈറ്റ് കൊടുക്കുന്നത് കണ്ടപ്പോൾ പന്നക്കാടനു തന്റെ പത്ത് വർഷം തുലച്ചതിൽ അന്നാദ്യമായി നിരാശതോന്നി.  “ എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ ഇരുപത്തിയഞ്ച് പൈസയുള്ള കാലം മുതൽക്ക് ഞാൻ നിനക്ക് പൈങ്കുറ്റിക്ക് റസീറ്റാക്കുന്നതല്ലേ.. നിനക്ക് ബീത്ത് തരാണ്ട് ഒരു തുള്ളി ഞാൻ ഇറക്കാറുണ്ടോ.. എന്നിറ്റും എന്നെയിങ്ങനെ ചതിക്കണ്ടാരുന്നു...”  ചങ്കോ നെഞ്ചോ ഹാർട്ടോ ഉള്ളതെല്ലാം പൊട്ടിത്തകർന്ന് കൊണ്ട് നടത്തിയ ആ വിലാപം മുത്തപ്പൻ കേട്ടിരിക്കില്ല. കുന്നത്തൂർ ഉത്സവത്തിന്റെ സമയമല്ലേ മുത്തപ്പൻ അന്നേരം കുന്നത്തൂർപ്പാടിയിലായിരുന്നു.
ഞായറാഴ്ച എന്നൊരു ദിവസം ഉണ്ടാകണ്ടാ എന്നായിരുന്നു പന്നക്കാടന്റെ ഒരേയൊരു പ്രാർഥന.  വല്ല സുനാമിയോ ഭൂമി കുലുക്കമോ വന്ന് എല്ലാം നശിച്ച് പോകാൻ അവൻ ചുറ്റുപാടുമുള്ള അമ്പലങ്ങളിലെ ദൈവങ്ങൾക്ക് റിക്വസ്റ്റ് അയച്ചു.  ഒരാളുമത് കേട്ടില്ല.  ഞായറാഴ്ചയുണ്ടായി.  ഉണരണ്ടാന്ന് വിചാരിച്ചിട്ടും പന്നക്കാടന്റെ കണ്ണുകൾ ഓട്ടോമാറ്റിക്കായി തുറന്നു പോയി.  ഓരോ നിമിഷവും ഓരോ യുഗം പോലെ കടന്നു പോയി. ഉച്ചകഴിഞ്ഞ് ചുംബനസമരക്കാർ പറഞ്ഞ സമയമായി.  പോകണ്ടാന്ന് വിചാരിച്ചിട്ടും വിനീതയെ കാണാതിരിക്കാനോ അവിടെ പോകാതിരിക്കാനോ പന്നക്കാടനു ആയില്ല.  നാലുമണിക്ക് ആ മഹാപുരുഷാരത്തിന്റെ മുന്നണിയിൽ പന്നക്കാടനും ഉണ്ടായിരുന്നു.  തലച്ചോറിന്റെ സ്ഥാനത്ത് ക്യാമറഫോണുമായി ജനക്കൂട്ടവും, വിവേകത്തിന്റെ സ്ഥാനത്ത് ഓ.ബി.വാനുമായി ചാനലുകാരും പൊല്ലാപ്പ് എങ്ങനെയും തീർന്നു കിട്ടിയാലെന്ന് കരുതി സാദാ പോലീസുകാരും തങ്ങൾക്ക് കിട്ടാത്തത് കാക്കപ്പുള്ളിയുള്ളവന് കിട്ടുന്നതിന്റെ അസൂയയുമായി സദാചാരപോലീസുകാരും ഉമ്മംകൊടുക്കലുകാരെ കാത്ത് നിന്നു.
അൽ‌പ്പം കഴിഞ്ഞപ്പോൾ സ്ലേറ്റ് പോലത്തെ കണ്ണടയും കൊട്ടിയൂരെ ഓടപ്പൂപോലത്തെ മുടിയും ചെത്തിക്കൂർപ്പിച്ച പെൻസിൽ പോലത്തെ ഫ്രണ്ടും ബെൻഡ്പൈപ്പ് പോലത്തെ ബാക്കുമായി കുറച്ച് പെൺപിള്ളേരും ഉണ്ടാക്കിയിട്ട് ഇന്നേവരെ അലക്കിയിട്ടില്ലാത്ത നരച്ച് പുളിച്ച ജീൻസും ‘കിസ്സും ഞങ്ങ.. കിസ്സും ഞങ്ങ..‘ എന്നെഴുതിയ ടീഷർട്ടും കുടക്കമ്പിയിൽ മച്ചിങ്ങ കുത്തിവെച്ചത് പോലത്തെ കണ്ണടയുമിട്ട കുറേ ഫ്രീക്കന്മാരും പ്ലക്കാർഡുകൾ പിടിച്ച് വന്നു.  മുന്നിൽ തന്നെയുണ്ട് വിനീതയും ഷാജിമേനോനും.  അവരങ്ങിനെ നിന്ന് “നമ്മ കെട്ടിപ്പിടിക്കും ഉമ്മവെക്കും നിങ്ങ എന്താ ആക്ക്വാ...” എന്നൊക്കെ ഇംഗ്ലീഷിൽ പറയുന്നത് നോക്കി പാ‍വം പന്നക്കാടൻ സങ്കടത്തോടെ നിന്നു.   പ്രസംഗം നിർത്തി അവർ പരസ്പരം നോക്കി ചുംബിക്കാൻ റെഡിയായി നിൽക്കെ ഫ്ലഡ്ലൈറ്റുകൾ പോലെ ക്യാമറകളും പലമാതിരി മൊബൈലുകളും പൊന്തിവന്നു.  ഫ്രീക്കന്മാർ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുമൊത്ത് ചുംബിക്കാൻ തയ്യാറായി നിന്നു.  മെലിഞ്ഞ് കറുത്ത ഭംഗിയില്ലാത്ത രണ്ട് പെൺകുട്ടികൾ കിസ്സാൻ ആരെയും കിട്ടാണ്ട് നിൽക്കുന്നുണ്ടായിരുന്നു.  അത് പിന്നെ കർണാടകയുടെ പുത്തൻ എ.സി. കോച്ച് ഉള്ളപ്പോൾ കട്ടപ്പുറത്ത് കേറ്റാറായ 74 മോഡൽ കെ.എസ്.ആർ.ടി.സി.യിൽ ആരും കേറില്ലല്ലോ. സദാചാരസംരക്ഷകർ അടീടാ പിടീടാ ഓടടാ എന്നൊക്കെ പറഞ്ഞ് ഇളകാൻ തുടങ്ങി.  ഷാജിമേനോനും വിനീതയും ഉമ്മവെക്കാനൊരുങ്ങവേ റേഡിയേറ്ററിലെ വെള്ളം പോലെ തിളച്ച് മറിഞ്ഞ് നിന്ന പന്നക്കാടൻ ഒറ്റച്ചാട്ടത്തിനു ചാടിവീണ് വിനീതയെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അപ്പോൾ തന്നെ കടന്നൽക്കൂട്ടത്തിനിട്ട് കല്ലെറിഞ്ഞ പോലെ സദാചാരക്കാർ ഇളകിവന്ന് പന്നക്കാടനെ പഞ്ഞിക്കിടാൻ തുടങ്ങി.  അപ്രതീക്ഷിതമായ സംഭവവികാസപരിണാമങ്ങളിൽ ഞെട്ടിത്തരിച്ചു പോയ വിനീതയെ ആരൊക്കെയോ ചേർന്ന് അവിടെ നിന്നും രക്ഷപ്പെടുത്തി.
പന്നക്കാടൻ വിനീതയുടെ ചുണ്ട് ആട് പ്ലാവില കടിച്ച് പറിക്കുന്നത് പോലെ കടിച്ച് നിൽക്കുന്ന ചാനൽ വാർത്തകൾ കാണാനും കേൾക്കാനും പന്നക്കാടനു യോഗമുണ്ടായില്ല, അവൻ അന്നേരം കാലും കൈയ്യുമൊടിഞ്ഞ് ബോധമില്ലാണ്ട് ആശുപത്രിയിൽ കിടക്കുകയായിരുന്നു.  പിറ്റേന്നത്തെ പത്രങ്ങളിലെ കളർ ഫോട്ടോകൾ നോക്കികിടക്കുമ്പോൾ ചിരിയാണോ കരച്ചിലാണോ ആ വീർത്ത മുഖത്തിപ്പോ എന്ന് സംശയിച്ച ദീപു ചോദിച്ചു.  “എന്തിന്റെ ആവശ്യായിരുന്നെടാ.. വെറുതെ പോയി അടി വാങ്ങിച്ചു...”
“എന്റെ പത്ത് കൊല്ലത്തെ ആഗ്രഹമായിരുന്നെടാ അവളെയൊന്ന് ഉമ്മ വെക്കണമെന്ന്... ഇങ്ങനെയെങ്കിലും അത് സാധിച്ചല്ലോ...”  പന്നക്കാടന്റെ പ്രേമഭ്രാന്തിന് ഒരു കുഴൽക്കിണറിന്റെയത്രക്കും ആഴം ഉണ്ടായിരുന്നു.
അടികൊണ്ട് കൂട്ടംതെറ്റിയ ഉമ്മ ടീംസ് പിന്നെ ഒത്തുചേർന്നത് പിറ്റേന്നായിരുന്നു. 
“നീ എന്താഡാ ആകെ മൂഡോഫ്...” വിനീത ഷാജിമേനോനോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല...”
“അത് കഴിഞ്ഞതിൽ പിന്നെ ഇത് വരെ നീ എന്നെ വിളിച്ചില്ലല്ലോഡാ...”
“ടയേഡ് ആയിരുന്നു അതോണ്ടാ..”
“കാര്യങ്ങൾ നമ്മൾ വിചാരിച്ച പോലെയല്ലല്ലോഡാ നടന്നത്...”
“നിന്റെ ചുണ്ടെന്താ മുറിഞ്ഞത്
“അത്. ഇന്നലെ ആ പട്ടി..”
“ഉം...........”
“ആ നായിന്റെമോൻ എല്ലാം നശിപ്പിച്ചുഡാ... “
“.........”
 “എന്താ മിണ്ടാത്തെ.. നിനക്കെന്തോ ഉണ്ട്.. അവൻ ഉമ്മ വെച്ചത് നിനക്ക് ഇഷ്ടപ്പെട്ടില്ല അല്ലേഡാ..?”
“ഇല്ല..”
“ഒരുമ്മയല്ലേ ഇത്ര കൊല്ലമായിട്ടും അവനെന്റെ മനസ്സിൽ തൊടാൻ പറ്റിയില്ലല്ലോഡാ.. നീ പറഞ്ഞിട്ടല്ലേ ഞാൻ ഈ പരിപാടിക്ക് വന്നത്ഡാ ഇതൊന്നും ഇഷ്ടമല്ലെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേഡാ
“അതിനിത് ഞാൻ പ്ലാൻ ചെയ്തതല്ലല്ലോ..”
“പിന്നെഡാ!!???”
“ഇതൊരു ഇവന്റ് മാനേജ്മെന്റ് പ്രോഗ്രാമായിരുന്നു.. ഇതിന്റെ പിറകിൽ വേറെ ആളുകളുണ്ട്.. മാധ്യമങ്ങൾക്കൊരു വിഷയം വേണമല്ലോ ചർച്ചിക്കാനും ആഘോഷിക്കാനും ആവർത്തിക്കാനും.. പെൺ‌മസാലയാണെങ്കിലല്ലേ ആളുകൾക്ക് താൽ‌പ്പര്യമുണ്ടാകൂ.. അതിനു വേണ്ടി ചിലർ പ്ലാൻ ചെയ്തത്
“നീ ഇത്രയ്ക്ക് ചീപ്പാകുമെന്ന് ഞാൻ കരുതിയില്ല്ല എന്നെ പ്രണയിച്ചതും ആരെങ്കിലും പറഞ്ഞിട്ടാണൊ...?”
“.............”
“നീ ആയത് കൊണ്ടാണ് ഞാനിതിനൊക്കെ വന്നത് പോട്ടേ, ഇനി നമ്മളുടെ കല്യാണക്കാര്യം വെച്ച് താമസിപ്പിക്കരുത്...”
“.............”
“ഞാൻ വീട്ടിൽ പറയാൻ പോക്വാ...”
“..............”
“എന്താ മിണ്ടാത്തേ...”
“ഒന്നുമില്ല, ഒരു തലവേദന.... നാളെ കാണാം...”
അന്നേരം പിരിഞ്ഞ ശേഷവും പിറ്റേന്നും പലതവണ ഷാജിമേനോനെന്ന കാമുകനെ വിനീത നിരന്തരം വിളിച്ചെങ്കിലും കാൾ അറ്റൻഡ് ചെയ്യപ്പെടുകയുണ്ടായില്ല.  അവസാനം തീരെ ചുരുങ്ങിപ്പോയ ഒരു മെസേജ് കിട്ടി.
‘....ലോകർ അറിയെ ചുംബിക്കപ്പെട്ട ഒരു പെണ്ണിനെ കെട്ടാൻ എന്റെ വീട്ടുകാർ സമ്മതിക്കുന്നില്ല. നമുക്ക് പിരിയാം...‘

ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ പന്നക്കാടന്റെ കൈപിടിച്ച് നവലിബറൽ ഫാസിസ്റ്റ്-സദാചാരപോലീസ്-വിരുദ്ധ ചേരിയുടെ നായികയായിരുന്ന വിനീതയുമുണ്ടായിരുന്നു.

Thursday, December 11, 2014

നാളെ കേൾക്കാനിടയുള്ള വാർത്തകൾ


നാളെ ഒരു പക്ഷേ വായിക്കാനിടയാകുന്ന വാർത്തകളുടെ ഒരു ലിസ്റ്റ്.  വെറും ഭാവന (സിനിമാനടിയല്ല, ഒറിജിനൽ ഭാവന) മാത്രം.

കാസർഗോഡ് നടന്ന വംശീയ സംഘർഷത്തിൽ 120 ഓളം പേർ കൊല്ലപ്പെട്ടു.  ഹിന്ദുക്കൾക്ക് മാത്രമുള്ള സർക്കാർ ബസ്സിൽ ഒരു അന്യമതസ്ഥൻ കയറിയതിനെ തുടർന്നാണ് കാസർഗോഡ് കഴിഞ്ഞയാഴ്ച സംഘട്ടനമുണ്ടായത്.  സംഭവത്തിൽ പ്രതിപക്ഷനേതാവ് ആലിക്കുഞ്ഞികുട്ടി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

സിസ്റ്റർ അഭയ കേസ് ഇനി പുതിയ സി.ബി.ഐ. ടീം അന്വേഷിക്കും.  ഇത് ഈ കേസിലെ ഇരുപതാമത്തെ ടീമാണ്.  മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ കൊടുത്ത റിവ്യു പെറ്റീഷനിലാണ് ഈ വിധി.

സകുടുംബം കാണാവുന്ന സിനിമകൾ ഉണ്ടാക്കണമെന്ന് സാംസ്കാരിക നായകൻ സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.  തിരുവനന്തപുരത്ത് സ്വന്തം വെങ്കല പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെട്രോൾ വില പുതുക്കി. കേരളത്തിൽ 500 രൂപയോളം ആകും.

ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില 110 ആയി ഇടിഞ്ഞു.

വടകരയിൽ സർക്കാർ ഇറച്ചിവെട്ട് പരിശീലന കേന്ദ്രം കൊടിസുനീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഗുജറാത്ത് സംസ്ഥാനം അംബാനിക്ക് വിറ്റതിൽ അഴിമതിയുണ്ടെന്ന ആരോപണം പ്രധാനമന്ത്രി മോഡി നിഷേധിച്ചു.  ആരോപണം ഉന്നയിച്ചവർ അടുത്തുള്ള ആർമി ഓഫീസിൽ ഹാ‍ജരായി തെളിവ് നൽകിയാൽ ഒരു തെളിവുമില്ലാതെ അവസാനിപ്പിച്ച് തരാമെന്ന് അദ്ദേഹം പറഞ്ഞു.

ചി.കെ.എം. അഖിലേന്ത്യാ സെക്രട്ടറി കെ.ആർ.പി.ക്ക് പ്രതിപക്ഷ നേതാവ് മായാ‍വതിയെ ഇന്നും കാണാൻ പറ്റിയില്ല.  അടുത്ത ഇലക്ഷനിൽ പാർട്ടിക്ക് മത്സരിക്കാൻ എവിടെയെങ്കിലും ഒരു സീറ്റിന് വേണ്ടി ഒരാഴ്ചയായി കാത്തു നിൽക്കുകയായിരുന്നു ഇദ്ദേഹം.

കോട്ടൂരിയൻ അച്ചനേയും സിസ്റ്റർ ജസീനയേയും വാഴ്ത്തപ്പെട്ടവരായി വത്തിക്കാനിൽ ജോൺപോൾ അഞ്ഞൂറാമൻ പ്രഖ്യാപിച്ചു.

ഹൈക്കോടതിയിലെ ഒരു ജഡ്ജി ചാനൽ വാർത്തകൾ കണ്ട് വിധി പ്രഖ്യാപിച്ചു.  കടുത്ത ജോലിഭാരം കാരണമാണ് ഇത്തരമൊരു വിധി പ്രഖ്യാപനത്തിനു മുതിർന്നതെന്ന് അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ നായിക പഴയകാല മലയാള നായികയായിരുന്ന സനുഷയുടെ മകൾ.

കുറുവങ്കര നമ്പ്യാർ തറവാട് ചാനൽ എൻ.എസ്.എസ്. പ്രസിഡണ്ട് നായർ ഉദ്ഘാടനം ചെയ്തു. 


തീയേറ്ററുകളുടെ പുറം ചുവരുകളിൽ ഇതൊരു ന്യൂജനറേഷൻ സിനിമ പ്രദർശിപ്പിക്കുന്ന സ്ഥലം എന്ന് ബോർഡ് വെക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.  അത് വഴി പോകുന്നവർക്ക് ചെവിയിൽ വെക്കാൻ പഞ്ഞിയും പ്രസ്തുത ബോർഡിന്നരികിൽ വെക്കേണ്ടതാണ്.

മൊബൈൽ ഫോണിൽ മിസ് കാൾ അടിച്ചതിനാൽ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി യുവാവിനെ തേടിയെത്തി.  അബദ്ധത്തിൽ നമ്പർ മാറി റിങ്ങ് ചെയ്തു പോയതായിരുന്നു ഈ യുവാവ്.

എസ്.എം.എസ്. അയച്ചാൽ കുപ്പി വീട്ടിലെത്തിക്കുന്ന സംവിധാനവുമായി ബിവറേജസ് കോർപ്പറേഷൻ.

സദാചാര പോലീസിനെതിരെ മറൈൻ ഡ്രൈവിൽ പരസ്യമായി ശാരീരിക ബന്ധം ചെയ്യുമെന്ന് ഫക്ക് ഓഫ് ലവ് ഫേസ്ബുക്ക് കൂട്ടായ്മ.  പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.  എന്നാൽ പ്രസ്തുത സൈറ്റ് അപേക്ഷകരുടെ തള്ളിക്കയറ്റം കാരണം ജാമായിരിക്കുകയാണ്.

ഫരിത  എം.എൽ.എ., ഡി.എൻ.പ്രഹ്ലാദൻ കടൽ കയ്യേറിയും കായൽ നികത്തിയും വനം കയ്യേറിയും റിസോര്‍ട്ടുകൾ നിര്‍മ്മിച്ചതിനെപറ്റി തെളിവില്ലെന്ന് ആരോപണ വിധേയമായ  റിസോര്‍ട്ടിൽ താമസിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കി.  പ്രദേശത്തെ അഞ്ചു സെന്റ് ഭൂമിയിൽ കൂരകെട്ടി താമസിക്കുന്ന വീട്ടുകാർ ഒരു കക്കൂസ് പണിതതിനെതിരെ നടപടിയെടുക്കുവാനും സംഘം ശുപാര്‍ശ ചെയ്തു. 

സവിത എസ്.നാണിയുടെ ക്ലിപ്പ് കണ്ടതിന്റെയും കൈമാറ്റം ചെയ്തതിന്റേയും പേരിൽ കേസെടുത്ത  25000000 പേരെ സ്വന്തം ജാമ്യത്തിൽ വിട്ടു.

തത്വം പറഞ്ഞാൽ ഭരണത്തിലെത്തില്ലെന്നും അധികാരമാണ് എല്ലാത്തിലും വലുതെന്നും മുഖ്യമന്ത്രി കെ.പി.വനരാജൻ പറഞ്ഞു.  മുൻ സെക്രട്ടറി മാവിലായി അജയന്റെ തണലിലല്ലേ താങ്കൾ വളർന്നതെന്ന പത്രക്കാരുടെ ചോദ്യത്തിന് എന്ത് മാവിലായി ഏത് അജയൻ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

ശബരിമലയിലെ ഭക്തജനത്തിരക്ക് കാരണം വേറേതെങ്കിലും ജില്ലയിൽ സമാന മാതൃകയിൽ ഒരു ക്ഷേത്രം പണിയുന്നത് പരിഗണിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി പിടിവാശി പരമൻ പറഞ്ഞു.  കാടുകളുള്ള ഒരു ജില്ല കണ്ടെത്തുന്നതിനും പദ്ധതി പഠിക്കുന്നതിനുമായി നൂറംഗ സംഘത്തിനെ വിദേശത്തേക്ക് അയക്കുമെന്ന് മന്ത്രി പറഞ്ഞു.

യേശുദാസിന് മികച്ച ഗായകനുള്ള ലെവിസ് ജീൻസ് പുരസ്കാരം.  എല്ലാം ജഗദീശ്വരന്റെ അനുഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.