Sunday, August 22, 2010

ക്രോസ് കൺ‌ട്രി റെയ്സ്

എന്റെ നാടായ ചേലേരി തെക്കേക്കരക്കാർക്ക് ഈ നന്ദി എന്ന് പറയുന്ന സാധനം എന്താണെന്ന് അറിയില്ല. കഴിവുള്ള മൻഷ്യന്മാരെ അവർ അംഗീകരിക്കുകയുമില്ല ബഹുമാനിക്കുകയുമില്ല. കാര്യമെന്തെന്ന് വെച്ചാ തെക്കേക്കരയെ വടക്കേക്കരയുമായി സംബന്ധിപ്പിക്കുന്ന കോൺക്രീറ്റ് പാലം ഉണ്ടാക്കിയത് ഞാനൊരൊറ്റ ആളിന്റെ കഠിനാദ്ധ്വാനം കൊണ്ടാണ്. എന്നിട്ടും പുതിയ പാലത്തിന്റെ ഉദ്ഘാടനം എന്നെ അറിയിച്ചത് പോലുമില്ല. ഈ തെക്കേക്കര ഗൂഗിൾ ബസ്സിനും ഒറിജിനൽ ബസ്സിനും പണ്ടൊരു ബാലികേറാമലയായിരുന്നു. അതിനു കാരണം തെങ്ങിന്റെ പാലം വഴി ബാലന്‍സ്‌ പിടിച്ച് ഓടുന്ന ഒരു ബസ്സ്‌ ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന സിം‌പിൾ റീസൺ ആണ്.

തെക്കേക്കരയെ പുറംലോകവുമായി കണക്റ്റ് ചെയ്യിക്കുന്ന ഹോട്ട് ലൈൻ ഒരു തെങ്ങിന്റെ പാലമാണ്. അതുമില്ലെങ്കിൽ ഇവരൊക്കെ പെഗ് അടിക്കാതെയും, പൊറോട്ട തിന്നാതെയും, ഫോൺ റീചാർജ്ജ് ചെയ്യാതെയും തെണ്ടിപ്പോയേനേ. അല്ലെങ്കിൽ ബസ്സ് കിട്ടാൻ അഞ്ച് കിലോമീറ്റർ നടന്ന് മാലോട്ട് എന്ന സ്ഥലത്തെത്തണം. ഇത്രയൊക്കെ കഷ്ടപ്പാടായിട്ടും നാട്ടുകാർക്കോ പഞ്ചായത്തുകാർക്കോ അതൊന്ന് മാറ്റി വാർപ്പിന്റെ പാലം ആക്കണമെന്ന് യാതൊരു താൽ‌പ്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ തന്നെ വേണ്ടി വന്നു എല്ലാരുടേയും കണ്ണു തുറപ്പിക്കാൻ. ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി.

എല്ലാ ഞായറാഴ്ചയും രാവിലെയും വൈകിട്ടും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. തെക്കേക്കരയിൽ അതിന് പറ്റിയ സ്ഥലമില്ലാത്തതിനാൽ വടക്കേക്കരയിലുള്ള തവളപ്പാറ പഞ്ചായത്ത് ഗ്രൌണ്ടിലാണ് കായിക പരിശീലനം. ഈ കായിക പരിശീലനം ചിലപ്പോൾ അടിപിടിയിലും സായുധ പരിശീലനത്തിലും എത്താറുണ്ട്. തെക്കേക്കര, വടക്കേക്കര, കൊളച്ചേരിപ്പറമ്പ് ഇവിടെയൊക്കെയുള്ള ചെക്കന്മാർക്ക് കഴിവിന്റെ മൂർച്ച കൂട്ടാൻ ആകെയുള്ളൊരു ഗ്രൌണ്ടാണ് അത്. ആദ്യം ഗ്രൌണ്ടിൽ എത്തുന്നവർ കുറ്റി അടിച്ച് വെക്കും. പിന്നെ ആ ടീമിൽ‌പ്പെട്ടവർക്കേ കളിക്കാൻ പറ്റൂ. ശേഷം വരുന്നവർക്ക് കളി കഴിയുന്നത് വരെ, വെയിറ്റ് ചെയ്തു വെയിറ്റ് കൂട്ടാം, അല്ലെങ്കിൽ ആദ്യമെത്തിയവരുമായി മാച്ച് കളിക്കാം. അല്ലാതെ ഗ്രൗണ്ടിലുള്ള ഒരു പുൽക്കൊടി എങ്ങാനും തൊടാമെന്ന് ചിന്തിച്ചാൽ അവന്റെ ബോഡിക്ക് പിന്നെ ഗ്രാസ്സിന്റെ റേറ്റ് പോലുമുണ്ടാവില്ല.

കൊളച്ചേരിപ്പറമ്പ് ടീമിലെ മണി, കരുണൻ, മൊയ്ദു, രാജു, വടക്കേക്കരയിലെ പുഷ്പൻ, ഗോപു എന്നവരൊക്കെ നല്ല തണ്ടും തടിയുമുള്ള ബാല്യക്കാരാണ്. ഈ കരുണനും മണിയുമൊക്കെ കല്ലു കൊത്താനും ലോഡിങ്ങിന്റെ പണിക്കുമൊക്കെ പോകുന്നതിനാൽ കൈകൾക്കൊക്കെ നല്ല തഴമ്പുണ്ട്. കീപ്പിങ്ങ് ഗ്ലൌവിന്റെ ആവശ്യമൊന്നും അവർക്കില്ല. നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.

ഒരു ദിവസം ഞങ്ങൾ കളിക്കാനെത്തിയപ്പോൾ നേരത്തെ എത്തിയ വടക്കേക്കരക്കാരും കൊളച്ചേരിപ്പറമ്പുകാരും തമ്മിൽ മാച്ച് കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കളി കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് തീരുമാനിച്ച് പുറത്തിരിക്കുമ്പോഴാണ് അമ്പയർ നിൽക്കാമോ എന്ന് എന്നോട് ചോദിച്ചത്. വെറുതെ ഇരിക്കണ്ടാന്ന് കരുതി ഞാൻ സമ്മതിച്ചു. ലവ്‌ലി റിക്വസ്റ്റുകൾ എപ്പോഴും എന്റെയൊരു വീക്നസാണ്. മാത്രമല്ല, അതിന്റെ പിറകിൽ വേറൊരു ലവ് അജണ്ട കൂടിയുണ്ട്. അമ്പയർ നിൽക്കുന്നതിന്റെ നേരെ എതിരെയുള്ള പറമ്പിലാണ് വടക്കേക്കരയുടെ രോമാഞ്ചവും തോലാഞ്ചവുമായ പ്രണയാഞ്ചവുമായ ഇന്ദുലേഖയുടെ വീട്. ഇന്ദുലേഖ ഞെരമ്പുകളില്‍ പ്രഷര്‍ കയറ്റുന്ന ഇരുപത് വയസ്സുള്ളൊരു സുന്ദരിയായ കിടാവാണ്. ഇന്ദുലേഖ എന്ന പേരു കേട്ടാല്‍ തന്നെ കൈയ്യിലെ രോമങ്ങളൊക്കെ കണ്‍‌തുറക്കും. അപ്പോ പിന്നെ അവളെ കണ്ടാലത്തെ കാര്യം പറയാനില്ലല്ലോ. കളിക്കിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കാനെന്നും പറഞ്ഞ് ഓരോരുത്തനായി മുങ്ങുന്നത് അവളെ കാണാനാണ്. തവളപ്പാറ ഗ്രൌണ്ടില്‍ ഇത്രമാത്രം പിള്ളേര്‍ ടെന്റടിക്കുന്നതിന്റെ പിറകിലെ ചേതോവികാരം ഇന്ദൂവികാരം കൂടിയാണ്.

കളിച്ച് അവളുടെ മുന്നില്‍ ഷൈൻ ചെയ്യാമെന്ന് വെച്ചാൽ ഒരു സിക്സർ അടിക്കാനുള്ള ഫിറ്റ്നസ്സൊന്നും നമ്മക്കില്ല. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ. അതു പോലെ അമ്പയറായി നിന്നാല്‍ എന്തെങ്കിലും ഗുണമുണ്ടായാലോ. അങ്ങനെ “റൈറ്റാം ഓവർ ദി വിക്കറ്റ്, റൌണ്ട് ദി വിക്കറ്റ് ” എന്നൊക്കെ ഇന്ദുലേഖ കേൾക്കാൻ വേണ്ടി പരമാവധി ഒച്ചയിൽ പറഞ്ഞ് ഞാന്‍ തുടങ്ങി. അതിനു മുൻപ് അമ്പയറായി നിന്നിട്ടില്ലാത്തത് കൊണ്ട് ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുകയും ചെയ്തു. ആദ്യ ഓവറിൽ എന്റെ അടുത്തൂടെ ബൌണ്ടറിയിലേക്ക് പോകുന്ന ബോള് ഫീൽഡ് നിൽക്കുകയാണെന്ന വിചാരത്തിൽ ഞാൻ ചാടിപ്പിടിച്ചു പോയി. ചമ്മി ശ്വാസകോശമായെങ്കിലും പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, കളി കഴിയാറായിട്ടും അവളെ മാത്രം കണ്ടില്ല.

ഇരുപത് ഓവറായിരുന്നു കളി. വടക്കേക്കര 15 ഓവറിൽ 90 റൺസിന് പുറത്തായി. കൊളച്ചേരിപ്പറമ്പുകാരുടെ ബാറ്റിങ്ങ് തുടങ്ങി. അവർ എളുപ്പത്തിൽ ജയിക്കുമെന്നാണ് എല്ലാരും വിചാരിച്ചത്. പക്ഷേ, വടക്കേക്കരക്കാരുടേത് കട്ടക്ക് നിന്ന ബൌളിങ്ങായിരുന്നു. അതു കൊണ്ട് കളി ഇരുപതാം ഓവർ വരെ നീണ്ടു. അവസാന ഓവറിൽ ജയിക്കാൻ 4 റൺസ് വേണം. ഒരു വിക്കറ്റ് മാത്രം കൈയ്യിൽ. ബാറ്റ് ചെയ്യുന്നത് കൊളച്ചേരിപ്പറമ്പിലെ മണിയാണ്. ബൌൾ ചെയ്യുന്നത് വടക്കേക്കര പുഷ്പനും. ആദ്യത്തെ മൂന്ന് ബോളും നല്ല ട്രിക്കിൽ പുഷ്പൻ എറിഞ്ഞു. മണിക്ക് തൊടാൻ കഴിഞ്ഞത് പോലുമില്ല. നാലാമത്തെ ബോൾ തേഡ് സ്ലിപ്പിലേക്ക് തട്ടിയിട്ട് മണി രണ്ട് റൺസെടുത്തു. അഞ്ചാമത്തെ ബോൾ… ജയിക്കാൻ രണ്ട് റൺസ്... ഇരുപത്തിരണ്ട് കളിക്കാരും കാണുന്നവരുമൊക്കെ ആകാംക്ഷാ കുലോത്തമന്മാരായി നിൽക്കുകയാണ്.

അപ്പോഴാണ് ഗ്രൌണ്ടിലെ ബഹളങ്ങളൊക്കെ കേട്ട് ഇന്ദുലേഖ വീടിന്റെ ടെറസ്സിൽ വന്ന് നിന്നത്. കറുത്ത ടൈറ്റ് ഫിറ്റ് ചുരിദാറിട്ട അവളെ കാണാന്‍ അന്ന് എക്സ്ട്രാ ഗ്ലാമറായിരുന്നു. അത് കണ്ടതും എന്റെ ശ്രദ്ധ പിന്നെ അങ്ങോട്ടായി. എന്നെ അമ്പയറായി നില്‍ക്കുന്നത് കണ്ട് അവള്‍ അത്ഭുതപ്പെട്ടോ എന്തോ, അവളു പെട്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പെട്ടു. കാരണം, അവളെ നോക്കിയ നിമിഷത്തിന്റെ വില അതി ഭയങ്കരമായിരുന്നു. ബോംബ് പൊട്ടിയത് പോലെ പതിനൊന്ന് ഔട്ടുകൾ കേട്ടാണ് മനസ്സ് തിരിച്ച് ഗ്രൌണ്ടിലെത്തിയത്. അപ്പോള്‍ കീപ്പർ ഗോപു ബോളുയർത്തിപ്പിടിച്ച് ക്യാച്ച്ഔട്ടിന് അപ്പീൽ ചെയുകയാണ്. എല്ലാവരും ഒന്നിച്ച് അപ്പീൽ ചെയുമ്പോൾ സംഗതി ശരിയായിരിക്കുമെന്ന ധാരണയില്‍ ഞാൻ കൈയുയർത്തി ഔട്ട് കൊടുത്തു.

പിന്നത്തെ കഥ ഒന്നും പറയണ്ട. വടക്കേക്കര കളിക്കാരൊക്കെ ഓടി വന്ന് പുഷ്പനെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടാൻ തുടങ്ങി. ബാറ്റ് ടച്ചില്ല്ലാ.. ടച്ചില്ലാ…ന്നും പറഞ്ഞ് മണി എന്റെ നേർക്ക് ഓടി വന്നു. അവനും നോൺ‌ സ്ട്രൈക്കർ ചെക്കനും അവരുടെ ടീമും ചേർന്ന് “ബാറ്റ് ടച്ചില്ലാണ്ട് നീ എന്തിനാടാ കൈ പൊന്തിച്ചത്..” എന്നും പറഞ്ഞ് എന്നെ പൊതിഞ്ഞു. സംഗതി അബദ്ധം പറ്റിയതാണെന്ന് എനിക്ക് തോന്നി. വടക്കേക്കരക്കാരെ വിളിച്ച് ഔട്ട് പിൻവലിക്കാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും അവരപ്പോഴേക്കും കുറ്റിയും പൊരിച്ച് ആഘോഷം തുടങ്ങിയിരുന്നു. കൊളച്ചേരിപ്പറമ്പുകാര്‍ എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ വളഞ്ഞ് നില്‍ക്കാന്‍ തുടങ്ങി. അത്രയും നേരം തീ പോലത്തെ വെയിൽ കൊണ്ട് ഗ്ലാമർലെസ്സ് ആയ ബേബിയാണ് ഞാനെന്ന് ഒരുത്തനും ഓർത്തില്ല. ഒരു തെറ്റൊക്കെ ഏത് അമ്പയര്‍ക്കും പറ്റുമല്ലോ. ഇത് ഇന്റര്‍നാഷണല്‍ കളിയൊന്നുമല്ലല്ലോ. ഒക്കെ പോട്ടെ, ഇന്ദുലേഖ അവളുടെ വീട്ടിൽ നിന്ന് ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്നുണ്ടെന്ന് എങ്കിലും അവർക്ക് ഓർമ്മിക്കാമായിരുന്നു.

കരുണന്റേയും മണിയുടേയുമൊക്കെ ഒരു കൈയ്യിൽ നിന്ന് തന്നെ എന്റെ ഫുൾ ബോഡിക്കുള്ള മെറ്റീരിയൽ‌സ് കിട്ടും. അതുകൊണ്ട് അവിടെ അധിക സമയം നിന്നാൽ എന്നെ അടിച്ച് പൊറുക്കി വാരിക്കെട്ടേണ്ടി വരുമെന്നൊരു ഇന്നർകാൾ എനിക്കുണ്ടായി. പേടിച്ചിട്ടൊന്നുമല്ല, നമ്മളായിട്ട് അവരുടെ കൈക്ക് പണിയുണ്ടാക്കണ്ടല്ലോ. ഇന്ദുലേഖയുടെ വീടും, കപ്പണകളും തൈക്കുണ്ടുകളും ഫസ്റ്റ് ലാപ്പിൽ ഫിനിഷ് ചെയ്ത് ഞാനോടി. “നിക്കട ആട.. നിക്കടാ ആട..” എന്നും പറഞ്ഞ് കുറ്റിയും ബാറ്റുമായി കൊളച്ചേരിപ്പറമ്പ് മൊത്തം എന്റെ പിറകെ. ഒരു പാവം അമ്പയറെ കുറേ പേർ ചെയ്സ് ചെയ്യുന്നത് കണ്ട നാട്ടുകാരൊക്കെ അന്തം വിട്ടു നിന്നു. “എന്താടാ ബാറ്റില്ലാതെ റൺസെടുക്കാനോടുന്നത്..?” എന്ന് ചോദിച്ച കുന്നുമ്മലെ ബാലാട്ടന് “ഇന്ന് ക്രിക്കറ്റില്ല, മാരത്തോണാ..” എന്ന് നോൺ സ്റ്റോപ്പായി ഓട്ടത്തിന്നിടയിൽ റിപ്ലൈ കൊടുത്തു.

തവളപ്പാറ, വടക്കേക്കര കൺ‌ട്രികൾ ക്രോസ്സ് ചെയ്ത് ഞാൻ റെയ്സ് നിർത്തിയത് ഫിനിഷിങ്ങ് പോയന്റായ തെക്കേക്കര പാലത്തിന്റെയടുത്ത് എത്തിയ ശേഷം മാത്രാ‍യിരുന്നു. കടന്ന ഉടനെ പാമ്പൻപാലം തള്ളി നീറ്റിലിറക്കി. പിന്നെ കുറച്ച് ദൂരെ പോയി തിരിഞ്ഞ് നോക്കി. ടീം കൊളച്ചേരിപ്പറമ്പ് തോടിന്റെ അപ്പുറം നിന്ന് തെറി വിളിക്കുകയും ഒരുളൻ കല്ല് പൊറുക്കി എറിയുകയും ചെയ്യുന്നുണ്ട്. ഏറ് കൊള്ളാത്ത ദൂരത്തിൽ സേഫായി നിന്ന് “ധൈര്യമുണ്ടെങ്കിൽ ഇക്കരെ വാടാ..” എന്ന് ഞാനവരെ വെല്ലു വിളിച്ചു. ഒരുത്തനും വന്നില്ല. അല്ല പിന്നെ, എന്നോടാ കളി..!

അടുത്ത മാസം പഞ്ചായത്തുകാർ വാർപ്പിന്റെ പാലമുണ്ടാക്കി തെക്കേക്കര രാഷ്ട്രത്തിന് സമർപ്പിച്ചു. ആ ഒരു മാസം മുഴുവൻ നാട്ടുകാരുടെ വായിൽ എന്റെ പേരു മാത്രമായിരുന്നു. മുന്നിലും പിന്നിലും രാഷ്ട്രീയ ബ്ലോഗ് കമന്റുകളിൽ പോലുമില്ലാത്ത കുറേ ഡാഷ് വേഡ്സ് ഉണ്ടെന്ന് മാത്രം. അത് പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസവും അഞ്ച് പത്ത് കിലോമീറ്ററൊക്കെ കഷ്ടപ്പെട്ട് നടക്കുമ്പോൾ ആരായാലും തെറി വിളിച്ച് പോകും.

എന്തായാലും എന്റെ തടിരക്ഷിക്കൽ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോൾ അക്കൂട്ടർക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.

Monday, August 9, 2010

എന്റെ ആദ്യ ബ്ലോഗ് മീറ്റ്

തൊടുപുഴയിലും ചെറായിയിലും നടന്ന ബ്ലോഗ് മീറ്റുകളിൽ ഞാൻ പങ്കെടുത്തിരുന്നില്ല. അന്ന് ബ്ലോഗർമാരുമായി എനിക്ക് വലിയ പരിചയമില്ലാത്തതായിരുന്നു അതിന്റെ മെയിൻ റീസൺ. അനോണിയായിരുന്ന് തോന്നിയതൊക്കെ എഴുതാമെന്നുള്ളതും വീട് വിട്ട് ഒരു രാത്രി പോലും മാറി നിൽക്കാൻ കഴിയാത്ത വിധം ഷെർലക്ക്ഹോംസിക്ക് ആണ് ഞാനെന്നതും അറ്റാച്ച്മെന്റ്സ്.

ഇത്തവണ മീറ്റിനെ സംബന്ധം ചെയ്യണം എന്ന് തീരുമാനിച്ചത് നന്ദകുമാർ, മനോരാജ്, പ്രവീൺവട്ടപ്പറമ്പത്ത് ഇത്യാദി ചുള്ളന്മാരുടെ സ്നേഹപുരസ്സരമായ ക്ഷണം കാരണമായിരുന്നു. കുറച്ച് പുസ്തകവുമെടുത്ത് പോരേ എന്ന ഹരീഷിന്റെ പ്രലോഭനവും പിറകെയെത്തി. അത് കേട്ടപ്പോ പണ്ട് ഉത്സവ നോട്ടീസിൽ പരിപാടിക്ക് ശേഷം പായസദാനം ഉണ്ടായിരിക്കുന്നതാണ് എന്ന് കണ്ടത് പോലെ മനം കുളിർത്തു.

തലേന്ന് തന്നെ വന്നോളൂ എന്റെ ഫ്ലാറ്റിൽ കൂടാം എന്ന് നന്ദകുമാർ പറഞ്ഞതനുസരിച്ച് ഞാൻ ശനിയാഴ്ച 2.30ന് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സിന്റെ ഏണിയില്‍ തൂങ്ങി രാത്രി എട്ടരയോടെ എറണാകുളത്തെത്തി. പുറത്തിറങ്ങിയപ്പോള്‍ പ്രവീൺ ബൈക്കുമായി കാത്തിരിപ്പുണ്ടായിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുന്നത്, വളരെ ചുരുങ്ങിയ പ്രാവശ്യം മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നിട്ട് പോലും പെട്ടെന്ന് പരസ്പരം തിരിച്ചറിഞ്ഞു. നന്ദേട്ടന്റെ ഫ്ലാറ്റിലെത്തിയപ്പോൾ ടിവിയിലും നന്ദന്റെ തലയിലും ‘തലപ്പാവ്’. നന്ദന്‍ നളനായും തോന്ന്യാസി കാഴ്ചക്കാരനായും ഇരിക്കുന്നു. സംസാരമൊക്കെ പിന്നെ എന്ന് പറഞ്ഞ് ഭാണ്ഡക്കെട്ടുകൾ അവിടെ വെച്ച് ഞാനും പ്രവീണും പുറത്തിറങ്ങി. ബൈക്കിൽ എറണാകുളം കറങ്ങലായിരുന്നു ഉദ്ദേശം. പ്രവീൺ ഒരു ഒന്നൊന്നര വിടലായിരുന്നു. (ഞാനുദ്ദേശിച്ചത് ബൈക്കിന്റെ കാര്യമാണേ.) തൊണ്ടിന്മേൽ തവള പോലെ പേടിച്ച് വിറച്ച് ഞാൻ പിറകിലിരുന്നു. യാതൊരു കൺ‌ട്രോളുമില്ലാതെ ഫുൾ റിസ്കിൽ എമ്പതിൽ വിടാനൊക്കെ കഴിയുമെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. നേർച്ച നേർന്ന് എന്റെ കുറേ കാശ് പോയിക്കിട്ടി.

മഴവിൽ‌പ്പാലവും ബോട്ട്ജെട്ടിയുമൊക്കെ കാവ്യാമാധവന്റെ കണ്ണുകൾ പോലെ കണ്ടാലും കണ്ടാലും മടുക്കാത്തതായിരുന്നു. രാത്രി ആയതിനാൽ ഒട്ടും തിരക്കുണ്ടായിരുന്നില്ല. ശാന്തം, സുന്ദരം, ഭദ്രം. അവിടെയുണ്ടായിരുന്ന സിനിമാതാരം സുജകാർത്തികയോട് ഞങ്ങൾ മിണ്ടാൻ പോയില്ല. അവരെങ്ങാനും സ്പീച്ച് ഹിസ്റ്ററി സേവ് ചെയ്താലോ.

സ്മാർട്ടാണ്, ചുള്ളനാണ്, നല്ല സംഘാടകനാണ് എന്നതൊക്കെ സത്യമാണെങ്കിലും വന്ന വഴി മറക്കുന്നവനാണ് വട്ടപ്പറമ്പിൽ. കൊച്ചിയിലെ റോഡുകൾ അനോണി ബ്ലോഗ് തുടങ്ങി വേറൊരുത്തനെ പൂട്ടിക്കുന്നത് പോലെ എനിക്ക് നിസ്സാരമാണ് എന്ന് പറഞ്ഞ് മൌസെടുത്തില്ല; അവന് വഴി തെറ്റി. അവസാനം ഞാൻ തന്നെ ബൈക്ക് ഓടിക്കേണ്ടി വന്നു സേഫ് ആയി നന്ദന്റെ ഫ്ലാറ്റിലെത്താൻ. ജുനൈദ് അപ്പോഴേക്കും അവിടെ ഹാജർ വെച്ചിരുന്നു. ഞങ്ങൾ ആദ്യമായാണ് കാണുതും പരിചയപ്പെടുന്നതും. പേര് പറഞ്ഞപ്പോള്‍ ഏറെ നേരം നീണ്ടു നിന്നൊരു ആലിംഗനമായിരുന്നു എനിക്ക് കിട്ടിയത്.

മീറ്റിന്റെ തലേന്നുള്ള മീറ്റാണ് മീറ്റ് എന്ന് പണ്ടത്തെ ബ്ലോഗ് മീറ്റുകളിൽ ആരൊക്കെയോ പറഞ്ഞത് ഞാൻ വായിച്ചിട്ടുണ്ട്. അത് അന്വര്‍ത്ഥമാക്കിയ ഒരു രാവായിരുന്നു പിന്നെ നന്ദന്റെ ഫ്ലാറ്റിൽ. ചർച്ചകളും തമാശകളും അനുഭവ വിവരണങ്ങളും പാരവെപ്പും പാട്ടും കളിയുമായി പുലർച്ചെ വരെ അത് നീണ്ടു. നന്ദന്റെ കൈപ്പുണ്യം സ്വാദിഷ്ടമായ ഭക്ഷണമായി ഞങ്ങളുടെ ജഠരാഗ്നി ശമിപ്പിച്ചു. ഇടയ്ക്ക് പുലർച്ചെ മൂന്നര ആയപ്പോൾ മുരളികൃഷ്ണ ആഗമിച്ചു. പുള്ളി തലേന്ന് റോമയുടെ കൂടെയായിരുന്നെത്രെ. തെറ്റിദ്ധരിക്കല്ല്, അവൻ എഡിറ്ററായ ഓൺലൈൻ പത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണേ.

നാലു പേരെ ഒരു ഓട്ടോയിൽ എങ്ങനെ കയറ്റാം എന്ന അന്താരാഷ്ട്ര ക്രമ പ്രശ്നത്തിൽ ഇടപെട്ടതിനാൽ ഞങ്ങൾ മീറ്റിനെത്താൻ അൽ‌പ്പം വൈകി. യൂസുഫ്പ തന്ന രജിസ്ട്രേഷൻ ഫോമിൽ പേരും നക്ഷത്രവും ജാതകവും ല.സ.ഗു.വും എഴുതി. പെട്ടെന്ന് ഒരു വിളി കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ചെരപ്പയുമായി കള്ളുചെത്തുകാരനെ പോലെ ക്യാമറയുമായി ഹരീഷ് തൊട്ടരുകിൽ. മൂപ്പരെന്നെ കെട്ടിപ്പിടിച്ച് ശ്രീകൃഷ്ണപ്പരുന്തിൽ മോഹൻലാലിനെ വിളിക്കുന്നത് പോലെ “കുമാരേട്ടാ...” എന്ന് വ്രീളാവിവശനായി വിളിച്ചു. ആ തടിയന്റെ കൈയ്യിൽ നിന്ന് ഊരാൻ പെട്ട പാട് എനിക്കേ അറിയൂ. നമ്മളാ ടൈപ്പല്ലെന്ന്‌ ഇഷ്ടനറിയില്ലല്ലോ. ഹരീഷിന്റെ പിറകെ ഇസ്മായിലിനേയും പ്രവീണി(ചിതല്‍)നേയും മനോരാജിനേയും പാവപ്പെട്ടവനേയും സുമേഷ് മേനോനേയും പരിചയപ്പെട്ടു. അവരോട് സംസാരിക്കുന്ന ഗ്യാപ്പിൽ രജിസ്ട്രേഷൻ ഫീസ് കൊടുക്കാതെ മുങ്ങാൻ നടത്തിയ ശ്രമം യൂസുഫ്പ പിറകെ വന്ന് പൊളിച്ചു. (മനുഷ്യന്മാർക്ക് ഇത്രയും ആർത്തി പാടില്ല. ഹും..!)

ചാറ്റിലും ഫോണിലുമായി പരിചയപ്പെട്ട അക്ഷരങ്ങളുടെയും വാക്കുകളുടെയും ഉടമകളെ പരിചയപ്പെടലായിരുന്നു പിന്നീട്. ബ്ലോഗിലെ അങ്കച്ചേകവർന്മാർ എത്ര സൌമ്യരും സഹൃദയരുമാണെന്ന നേര് വെളിപ്പെടുകയായിരുന്നു. പരിചയപ്പെടുത്തി സംസാരിച്ചവര്‍ സെല്‍ഫ് ബൂസ്റ്റ് ചെയ്യാതെ മിതത്വം പാലിച്ചു എന്നത് വളരെ ആശ്വാസകരമായിരുന്നു. ഷെരീഫ് കൊട്ടാരക്കര സാറിന്റെ സ്പീച്ച് ഇന്നത്തെ ബ്ലോഗിന്റെ അവസ്ഥയെക്കുറിച്ചായതിനാല്‍ എല്ലാവരും അതീവ ശ്രദ്ധയോടെയാ‍ണത് കേട്ടത്. മൈക്ക് കിട്ടാതിരിക്കാന്‍ മുങ്ങാന്‍ ഞാനൊരു ശ്രമം നടത്തിയെങ്കിലും പാവപ്പെട്ടവന്‍ കണ്ടുപിടിച്ചതിനാല്‍ അത് പൊളിഞ്ഞു. അകാലത്തിൽ ഞങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ ജ്യോനവൻ,രമ്യആന്റണി എന്നവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരു മിനിറ്റ് നേരം മൌനപ്രാർഥനയും നടത്തി. സജീവേട്ടന്റെ കാര്‍ട്ടൂണ്‍ വരയും കലാ പരിപാടികളും ഫോട്ടോകളെടുക്കലുമായി സമയം പോയതറിഞ്ഞതേയില്ല. മുരുകൻ കാട്ടാക്കടയുടെ ‘രേണുക‘ എന്റെ ഹൃദയത്തിന്റെ ഉള്ളിലായിരുന്നു പോയി തറച്ച് പണ്ടാരടങ്ങിയത്. ഇടയ്ക്ക് ഗൾഫിൽ നിന്നും നാടകക്കാരൻ, എറക്കാടൻ, ഹംസ എന്നിവരുടെ ഫോൺ വിളികളും വന്നു.

ചാണ്ടിക്കുഞ്ഞ് എന്ന സിജോയ് റാഫേലിന്റെ ഫ്ലാറ്റിൽ പോകേണ്ടിയിരുന്നതിനാൽ ഞാനും ജയൻ ഡോക്റ്ററും ചിതലും തോന്ന്യാസിയും എല്ലാവരോടും യാത്ര പറഞ്ഞ് മീറ്റ് തീരുന്നതിന് അൽ‌പ്പം നേരത്തേ മുങ്ങി. ബ്ലോഗ് പോസ്റ്റുകള്‍ പോലെ തന്നെ അനായാസവും സുഖകരമായിരുന്നു ചാണ്ടിച്ചന്റെ ഡ്രൈവിങ്ങും. അവിടെ ഞങ്ങളെ കെവിനാച്ചനും ഷിജിയും ചേർന്ന് സ്വീകരിച്ചു. ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ ഷിജിക്കും മകൻ കെവിനാച്ചനു പോലും ഞങ്ങളൊക്കെ സുപരിചിതരായിരുന്നു. തലമുറകൾക്കിടയിലൂടെ നെറ്റ് വഴി ബ്ലോഗ് പോയ പോക്കേ..!

ചാണ്ടിക്കുഞ്ഞിന്റെ ഫ്ലാറ്റിൽ ഞങ്ങൾ ഫുൾ ബിസിയായിരുന്നു. ഷിജിയോടും കെവിനാച്ചനോടും അധികം സംസാരിക്കാൻ പറ്റിയില്ല. കാരണം ട്രെയിൻ വരാന്‍ അല്‍പ്പം സമയമേ ഉണ്ടായിരുന്നുള്ളൂ‍. അതിന്നിടയില്‍ ഷിജി ഒരുക്കിയ സ്പെഷ്യല്‍ ഫുഡ് ഐറ്റംസ് തീർക്കണമായിരുന്നല്ലോ. ആയുര്‍വേദമായിട്ടും ജയന്‍ ഡോക്റ്റര്‍ ചിക്കന്‍ ഫ്രൈ എല്ലു പോലും ബാക്കി വെച്ചില്ല. ചാണ്ടിക്കുഞ്ഞ് ആള് ഭയങ്കര സുന്ദരനൊക്കെ ആയിരുന്നെങ്കിലും ഫ്ലാറ്റ് ഒട്ടും നീറ്റിലല്ല മെയിന്റെയിൻ ചെയ്യുന്നത്. ആരെങ്കിലും ഡൈനിങ്ങ് റൂമിന്റെ ചുമരിൽ എക്സ് റേ ഫിലിം ഫ്രെയിം ചെയ്ത് വെക്കുമോ. ഇത്രേം വലിയ ഫ്ലാറ്റിൽ ഇങ്ങനെ ചെയ്ത് വെച്ചത് ഒരു ഭംഗികേടല്ലേ. അത് പറഞ്ഞപ്പോൾ കിച്ചനിൽ നിന്ന് “എന്റെ കർത്താവേ…” എന്ന് ഷിജിയുടെ എക്സ്ക്ലമേറ്ററി കേട്ടു. ചാണ്ടിക്കുഞ്ഞ് തലയ്ക്കടിയേറ്റത് പോലെ ഇരിക്കുന്നതും കണ്ടു.

നാലരയ്ക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസ്സ് പിടിക്കേണ്ടത് കൊണ്ട് സ്കോർപ്പിയോവിൽ ഞങ്ങളെ സൌത്ത് സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്ത് ചാണ്ടിക്കുഞ്ഞ് ബൈ പറഞ്ഞു. ഇന്റർസിറ്റി ട്രെയിനിൽ കൊട്ടോട്ടിയും, ഇസ്മായിൽ കുറുമ്പടിയും ഞങ്ങൾക്ക് കൂട്ടുണ്ടായിരുന്നു. അത് കൊണ്ട് നേരം പോയതറിഞ്ഞതേയില്ല. ഞാൻ കണ്ണൂരിലെത്താൻ പതിനൊന്ന് മണി കഴിഞ്ഞു. അവിടെയൊരു കഷ്ടകാലം പതിവു പോലെ കാത്തിരിപ്പുണ്ടായിരുന്നു. കെട്ടിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ ഭംഗിയായി മുങ്ങിയ കാമുകിയെ പോലെ ബൈക്ക് ഒരത്യാവശ്യം വന്നപ്പോള്‍ എനിക്കിട്ട് പണി തന്നു.

നട്ടപ്പാതിരക്ക് വിയർത്ത് കുളിച്ച് നായി കടിച്ച റൊട്ടി പോലത്തെ കുണ്ടുംകുഴിയുമായ റോഡിലൂടെ പത്ത് കിലോമീറ്റര്‍ ബൈക്കും തള്ളി നടക്കുമ്പോൾ അതൊന്നുമെനിക്കൊരു വിഷമമായി തോന്നിയതേ ഇല്ല. ബ്ലോഗിലൂടെ എന്റെ കൈത്തരിപ്പുകളും മോഹങ്ങളും മണ്ടത്തരങ്ങളും വായിച്ച് സ്നേഹിച്ച് പ്രോത്സാഹിപ്പിച്ച വിവിധ നാടുകളിൽ കഴിയുന്ന ചിലരെ കാണാനും പരിചയപ്പെടാനും അവരുടെ സ്നേഹ-സമ്മാന-ആതിഥ്യങ്ങൾ കൈക്കൊള്ളാനും കഴിഞ്ഞത് എത്രയോ വലിയ കാര്യമാണ്. അസൂയാര്‍ഹമായ രീതിയില്‍ ബ്ലൊഗ് ചെയ്യുന്ന പലരേയും നേരില്‍ കണ്ട് കാണാന്‍ പറ്റിയത് തന്നെ ഭാഗ്യം. ബ്ലോഗും മീറ്റും ഒന്നും ഇല്ലായിരുന്നെങ്കില്‍ ഇസ്മായിലിനെ, ചാണ്ടിക്കുഞ്ഞിനെ, ചിതലിനെ, ഹാഷിമിനെ, സാദിക്ക് കായംകുളത്തിനെ എങ്ങനെ കാണാനാണ്!! എങ്കില്‍ എത്ര വലിയ സൌഹൃദ തണലായിരുന്നേനേ എനിക്ക് നഷ്ടമാവുക..!!!

ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ, കാരണം..

ഐ മിസ്സ്...

ക്യാപ്റ്റന്‍ഹഡോക്ക്, വിശാലേട്ടന്‍, അരവിന്ദ്, ഹംസ, ശ്രീ, അരുണ്‍കായംകുളം, എറക്കാടന്‍, കണ്ണനുണ്ണി, ചിത്രകാരന്‍,കുറുപ്പ്, മനുജി, ഹാരൂണ്‍ക്ക................... വരാന്‍ പറ്റാത്ത എല്ലാവരേയും.

*****

മത്സരം:- താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. എല്ലാ ചോദ്യങ്ങൾക്കും ശരിയുത്തരം തരുന്നവർക്ക് എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും കൊറിയറിൽ ഇ-മെയിൽ ചെയ്യുന്നതായിരിക്കും.

ചോദ്യം നമ്പർ 1. പടം വരക്കാനായി കസേലയിലിരുന്ന എന്നോട് എഴുന്നേറ്റ് സ്ഥലം കാലിയാക്ക് എന്ന് സജ്ജീവേട്ടൻ പറഞ്ഞത് എന്ത് കൊണ്ട്?

ചോദ്യം നമ്പർ 2. രണ്ട് വർഷമായി ഒരു പോസ്റ്റും ഇടാതെ ബ്ലോഗ് മീറ്റിൽ മാത്രം പങ്കെടുക്കുന്ന ബ്ലോഗർ ഏത്?

ചോദ്യം നമ്പർ 3. ചാണ്ടിയുടെ ഫ്ലാറ്റിലെ ടൂറിന്‍ കച്ചയിലെ യേശുദേവന്റെ ചിത്രം കണ്ട് “ഇതെന്തിനാപ്പാ എക്സ് റേ ഫിലിം തൂക്കിയിട്ടിന്..?” എന്ന് ചോദിച്ചതാര് ?