Saturday, April 30, 2016

എ ലേറ്റ് മാൻ

മറ്റെല്ലാ ദിവസങ്ങളേയും പോലെയല്ലായിരുന്നു തായക്കണ്ടി ഒതാനേട്ടന്റെ മോൻ പ്രശാന്തന് അന്നേ ദിവസം. എന്നിട്ടും സാധാരണയിൽ നിന്നും ഒരു മണിക്കൂറോളം ലേറ്റായിട്ടാണ് തല പൊന്തിയത്. അതും പുറത്ത് ചങ്ങാതിമാർ കാറുമായി അന്വേഷിച്ച് വന്നപ്പോൾ അമ്മ പാറുവേച്ചി വാതിൽ അടിച്ച് പൊളിച്ചതിനാൽ മാത്രം. “എന്താമ്മേ..” ന്ന് പറഞ്ഞ് ചൂടായപ്പോളാണ് ഇന്ന് തന്റെ തട്ടിക്കൊണ്ട് വരൽ കല്യാണമാണല്ലോയെന്ന പകൽവെളിച്ചം പോലത്തെ ഞെട്ടിപ്പിക്കുന്ന ദു:ഖസത്യത്തിലേക്ക് പ്രശാന്തൻ കടന്നത്.
തലേന്നേ വീട്ടിൽ പറഞ്ഞ് പെർമിറ്റ് എടുത്തും താലിമാലബൊക്കെ വണ്ടിസാക്ഷികളെല്ലാം അറേഞ്ച് ചെയ്ത് വന്നപ്പോൾ പാതിരാവായിരുന്നു. ആയത് കൊണ്ടാണ് ഉറങ്ങിപ്പോയതെന്ന് തോന്നിയാൽ തെറ്റാണത്. ആളൊരു കുഴിമടിയനാണ്. അല്ലെങ്കിലും പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ ഇരിക്കുന്നവർക്കാണല്ലോ പ്രേമിക്കാൻ സമയമുള്ളത്.
പത്തരക്കും പതിനൊന്ന് മണിക്കുമാണ് മുഹൂർത്തം. മുഹൂർത്തം ശുഭയാണൊ മഞ്ജുവാണോ ഗീതയാണോ എന്നൊക്കെ വരുന്ന പെണ്ണാണല്ലോ തീരുമാനിക്കേണ്ടത്.
പത്തര മണി ആയതേയുള്ളൂ, അമ്പലത്തിലേക്ക് എമ്പതിൽ പോയാൽ കാൽമണിക്കൂറേയുള്ളൂ, ടൈമുണ്ട് എന്നത് കൊണ്ട് മടിപിടിച്ചിരുന്നില്ല, ക്ലോസറ്റിലിരുന്ന് പല്ലുതേപ്പും കുളിയുമടക്കം ത്രീ ഇൻ ഒൺ രീതിയിൽ കേവലം അഞ്ച് മിനിട്ട് കൊണ്ട് ചെയ്ത് തീർത്തു. പുറത്തിറങ്ങിയപ്പോൾ ചങ്ങാതിമാർ ഇലക്ഷൻ ജയിച്ച സ്ഥാനാർത്ഥിയെപ്പോലെ പൊക്കി കൊണ്ട് കാറിലിരുത്തി. മെല്ലെപ്പോയാൽ മതിയെന്നിട്ടും ഡ്രൈവർ എമ്പതും കഴിഞ്ഞ് നൂറിലാണ് വിട്ടത്, പക്ഷേ തടസ്സം ഒരു ആക്സിഡന്റിന്റെ രൂപത്തിൽ കാട്ടാമ്പള്ളി റോഡിനു കുറുകെ കിടക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും ബ്ലോക്ക് തീരാൻ ചാൻസില്ലെന്നത് കൊണ്ട് സ്റ്റെപ്പ് റോഡ് വഴി പത്ത് കിലോമീറ്റർ വളഞ്ഞ് പിന്നെയും രാവിലത്തെ യാത്രാത്തിരക്കുകളിൽ പെട്ട് അമ്പലത്തിൽ എത്തിയപ്പോൾ ടൈം പതിനൊന്ന് പി.എം. ഓവർ.
താലിമാലബൊക്കെകളെടുത്ത് വരനും ചങ്ങാതിമാരും ഓടി അമ്പലത്തിലേക്ക് കേറാനൊരുങ്ങുമ്പോൾ പ്രതിശ്രുത വധു അതാ മറ്റൊരുത്തനൊത്ത് വിവാഹിതയായി ഇറങ്ങി വരുന്നു..!
പ്രശാന്തനെ കണ്ടതും അവൾ ആദ്യം പൊട്ടിത്തെറിച്ചും പിന്നെ ലജ്ജാവതിയുമായി ഇങ്ങനെ പറഞ്ഞു. “കാണാൻ പറയുമ്പോഴും സിനിമക്ക് പോകാനായാലും എവിടെ പോകാനായാലും എപ്പോഴെങ്കിലും നീ സമയത്തിന് വന്നിട്ടുണ്ടോ... ഇതും അങ്ങനെയാകുമെന്ന് എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് ഞാൻ രമേശാട്ടനോടും കൂടി വരാൻ പറഞ്ഞിരുന്നു.. നിന്നെ കാണാഞ്ഞപ്പോ ഞങ്ങൾ കല്യാണം കഴിച്ചു..”
മനുഷ്യർ ഉണ്ടാക്കിയ വണ്ടികൾക്ക് സ്റ്റെപ്പിനി ഉണ്ടെങ്കിൽ ന്യൂജനറേറ്റർ കാലത്ത് മനുഷ്യർക്കും അതുണ്ടാകുമെന്ന് പ്രശാന്തൻ അറിയേണ്ടതായിരുന്നു.

1 comment:

  1. പ്രതീക്ഷിച്ചത്‌ പോലെ തന്നേ!!!


    (അമ്പലത്തിലേക്ക് എമ്പതിൽ പോയാൽ കാൽമണിക്കൂറേയുള്ളൂ, ടൈമുണ്ട് എന്നത് കൊണ്ട് മടിപിടിച്ചിരുന്നില്ല, )

    ഈ വാചകം കലക്കി.

    ReplyDelete